Tuesday, December 8, 2015

അടിയൊഴുക്കുകള്‍ (ചെറുകഥ)

എന്തായിരിക്കും അര്‍ച്ചനക്കു തന്നോടു പറയാനുണ്ടായിരിക്കുക? കല്ലുത്തിപ്പാറയില്‍ കൂട്ടുകാരിയായ അര്‍ച്ചനയെ കാത്തിരിക്കുമ്പോള്‍ ഗോള്‍ഡി ചിന്തിച്ചു.
താഴെ കണ്ണെത്താദൂരം പരന്നുകിടക്കുന്ന കോള്‍പ്പാടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്ലിന്‍റെ നേരിയ ഗന്ധവും പേറിവരുന്ന ഇളംതെന്നല്‍ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. അനിര്‍വ്വചനീയമായൊരു അനുഭൂതിയാണ് സന്ധ്യാനേരങ്ങളില്‍ പ്രകൃതി ലാസ്യനൃത്തമാടുന്ന കല്ലുത്തിപ്പാറയില്‍ ഇരിക്കുമ്പോള്‍ ലഭിക്കുക. കോളേജില്ലാത്ത ദിവസങ്ങളില്‍ പ്രിയ കൂട്ടുകാരി അര്‍ച്ചനയുമായുള്ള സൊറ പറച്ചിലിനായി സ്ക്കൂട്ടിയുമെടുത്തു ഇറങ്ങുമായിരുന്നു. പഠിപ്പു കഴിഞ്ഞതില്‍പ്പിന്നെ ആ പതിവു മുടങ്ങി. കോളേജിന്റെ പടിയിറങ്ങിയതില്‍പ്പിന്നെ അര്‍ച്ചനയുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നുമില്ല.   വളരെക്കാലത്തിനു ശേഷം തികച്ചും അപ്രതീക്ഷിതമായി അര്‍ച്ചനയുടെ കാള്‍ വരികയും അവള്‍ക്കു അത്യാവശ്യമായി ഒന്നു കാണണമെന്നു അപേക്ഷിച്ചതുമനുസരിച്ചു വന്നതായിരുന്നു ഗോള്‍ഡി.
ഗോള്‍ഡിയുടെ കോളേജിലെ ഒരേയൊരു സുഹൃത്തായിരുന്നു അര്‍ച്ചന. അര്‍ച്ചനയ്ക്കും ഗോള്‍ഡിയോടു ഒരു സാധാരണ കൂട്ടുകാരിയെന്നതിനേക്കാള്‍ക്കവിഞ്ഞ അടുപ്പമായിരുന്നു. മനസ്സിനെ മഥിക്കുന്ന ഏതു ചിന്തകളും പ്രശ്നങ്ങളും വിഷയഭേദമില്ലാതെ അവര്‍ ചര്‍ച്ച ചെയ്തിരുന്നതിന്‍റെ പ്രധാനവേദിയായിരുന്നു പ്രശാന്ത സുന്ദരവും വിജനവുമായ കല്ലുത്തിപ്പാറ. പണ്ടു ശ്രീകൃഷ്ണ ഭഗവാന്‍ പശുക്കളെ മേച്ചു കൊണ്ടു ആ പാറയുടെ മുകളിലൂടെ നടന്നു പോയതിന്‍റെ പാടുകളാണ് കല്ലില്‍ക്കൊത്തിവച്ചപോലെ അവ്യക്തമായി ഇപ്പോഴും അതില്‍ കാണുന്നതെന്നാണ് ജനവിശ്വാസം. രണ്ടു മൂന്നു വലിയ കാല്പ്പാടുകളും അതിനു മുന്നില്‍ കയര്‍ കിടന്നപോലെയുള്ള ഒരു അടയാളവും. കാല്ക്കുത്തിപ്പാറ എന്നതു ലോപിച്ചു കല്ലുത്തിപ്പാറ എന്നായി മാറിയതാണ്.  
"എന്താണാവോ അര്‍ച്ചന വരാന്‍ ഇത്രയും വൈകുന്നത്?" ഗോള്‍ഡി വാച്ചില്‍ നോക്കി അക്ഷമയായി. സ്ക്കൂട്ടിയുടെ ഡാഷ് ബോര്‍ഡില്‍ നിന്നും വറുത്ത കടലയുടെ പാക്കറ്റ് എടുത്തുകൊണ്ടു വന്നു അതും കൊറിച്ചുകൊണ്ടു പാറയുടെ മുകളില്‍ പച്ചക്കുട വിടര്‍ത്തിനിന്ന പുളിമരച്ചോട്ടില്‍ അവളിരുന്നു.
എപ്പോഴും അര്‍ച്ചനയെക്കുറിച്ചു ആലോചിക്കുമ്പോള്‍ മറ്റൊരു മുഖവും ഗോള്‍ഡിയുടെ മനസ്സില്‍ തെളിയും.. നിഷാന്ത്..  അതോടെ അവളുടെ മുഖത്തു വിഷാദവും പരക്കും. 
"എടോ.. ഒന്നുകൂടി ഒതുക്കി അല്പ്പം സംവേദനക്ഷമതയും ഉള്‍ക്കാഴ്ച്ചയുമൊക്കെ സമ്മേളിപ്പിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു താ.. മാഗസിന്‍ നാലു ദിവസത്തിനുള്ളില്‍ പ്രിന്റിങ്ങിനു വിടേണ്ടതാ.." കോളേജ് മാഗസിനിലേക്കു വേണ്ടി അര്‍ച്ചന കൊടുത്തിരുന്ന ചെറുകഥ തിരിച്ചു കൊടുത്തു കൊണ്ടു നിഷാന്ത് പറഞ്ഞു.
കോളേജ് യൂണിയന്‍ എഡിറ്ററായിരുന്നു ഒന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നിഷാന്ത്. മാഗസിനിലേക്കുള്ള രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് കണ്ടാണ്‌ അര്‍ച്ചന ഒരു ചെറുകഥയെഴുതി പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍ ഇട്ടിരുന്നത്. ചുറുചുറുക്കോടെ കാമ്പസ് മുഴുവന്‍ ഓടി നടക്കുന്നത് കാണാറുണ്ടെങ്കിലും നിഷാന്തുമായി അതിനു മുമ്പ് ഒരിക്കല്‍പ്പോലും അര്‍ച്ചന സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
"എന്താടോയിത്.. തന്നോടു ഞാന്‍ പറഞ്ഞതല്ലേ.. എഴുത്തില്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ച്ച വേണമെന്ന്.. ഇതെന്താ... കഥയുടെ ചില ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലും ചിലവ മൊബൈല്‍ പോലുമില്ലാതിരുന്ന കാലഘട്ടത്തിലുമാണ് എന്നു തോന്നിപ്പോവുമല്ലോ?.. എഴുതുമ്പോള്‍ എഴുത്തുകാര്‍ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെ സഞ്ചരിക്കണം. അവര്‍ നടന്നുപോകുന്ന കാലൊച്ചകള്‍ സശ്രദ്ധം കേള്‍ക്കണം. എന്നാലേ ഞാനീപ്പറഞ്ഞ സംഗതികള്‍ എഴുത്തിലുണ്ടാവൂ.. അര്‍ച്ചനക്കു നല്ല കഴിവുണ്ട്. അതു ചെറുതായൊന്നു മിനുക്കിയെടുക്കേണ്ട കാര്യമേയുള്ളൂ കേട്ടോ.. " ചില വ്യത്യാസങ്ങളൊക്കെ വരുത്തി കഥ തിരിച്ചേല്പിച്ചതു വായിച്ചു നോക്കി നിഷാന്ത് അര്‍ച്ചനയോടു പറഞ്ഞു.
"നിഷാന്ത്.. എന്നെക്കൊണ്ടു ഇത്രയൊക്കേ സാധിക്കൂ... ഞാനൊരു വല്ല്യ എഴുത്തുകാരിയൊന്നുമല്ലാട്ടോ.. കഴിഞ്ഞ വര്‍ഷത്തെ മാഗസിനില്‍ എന്‍റെയൊരു കഥ വന്നിരുന്നു. അതുകൊണ്ടു ഇപ്രാവശ്യവും ഒന്നു ശ്രമിച്ചൂന്നു മാത്രം.. കൊള്ളില്ലെങ്കില്‍ കൊടുക്കേണ്ടാട്ടോ.. എനിക്കു യാതൊരു വിഷമവുമില്ലാ.. " അല്പം അപകര്‍ഷത ബോധം അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നത് അവന്‍ ശ്രദ്ധിച്ചു.
"ഹേയ്.. താനെന്താടോ കൊച്ചു കുട്ടികളുടെപ്പോലെ.. ഈ കഥയും തീമും സൂപ്പറാണ്. അവതരണത്തില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തിയാല്‍ സംഗതി മിന്നും.. "
"എന്നെക്കൊണ്ടൊന്നും വയ്യാ.. സാറേ.. ഇനി സാറു തന്നേ എന്താ വേണ്ടെന്നു വച്ചാല്‍ ചെയ്തോളൂ. എന്‍റെ കഴിവിന്‍റെ പരമാവധിയാ ഇത്" ഹാസ്യാത്മകമായി അര്‍ച്ചന പറയുന്നത് കേട്ട് നിഷാന്ത് അടുത്തു നിന്നിരുന്ന ഗോള്‍ഡിയെ നോക്കി പുഞ്ചിരിച്ചു.
"ഓക്കേ.. അര്‍ച്ചനയ്ക്കു വിരോധമില്ലെങ്കില്‍ ഞാന്‍ തന്നെ ഇതിലൊന്നു പണിതു നേരെയാക്കാം. എന്താണു താന്‍ എഴുതിയിരുന്നതെന്നും അതില്‍ ഞാന്‍ വരുത്തിയ മാറ്റങ്ങളുമെന്നു പിന്നീടു സൂക്ഷിച്ചു നോക്കി മനസ്സിലാക്കുക.. പിന്നീട് അതേപോലെത്തന്നെ തനിക്കെഴുതാന്‍ സാധിക്കും" ചെറുകഥയുമായി നിഷാന്ത് പോയി.
അതായിരുന്നു അവരുടെ ബന്ധത്തിന്‍റെ തുടക്കം. അര്‍ച്ചനയെന്ന എഴുത്തുകാരിയുടെ മനസ്സില്‍ പിന്നീടു വന്ന കഥകളിലെ നായകനായി നിഷാന്ത് അവതരിച്ചു തുടങ്ങാന്‍ അധികം കാലതാമസമെടുത്തില്ല. നല്ലൊരു എഴുത്തുകാരനും ക്രിക്കറ്റ് കളിക്കാരനും തമാശക്കാരനും സത്സ്വഭാവിയും സുമുഖനുമായ നിഷാന്തിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണങ്ങളൊന്നും ആര്‍ക്കും ഉണ്ടാവില്ല. കോളേജില്‍ അവനു ആരാധകര്‍ കൂടിക്കൂടി വന്നു. എല്ലാവരോടും തുറന്ന സമീപനം പുലര്‍ത്തുന്ന നിഷാന്തിനോടു ലിംഗഭേദമില്ലാതെ എല്ലാവരും അടുത്തിടപഴകി. പിന്നീടു വന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും വന്‍ഭൂരിപക്ഷത്തോടെ നിഷാന്ത് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അക്കൊല്ലത്തെ മാഗസിന്‍ കമ്മിറ്റിയില്‍ അര്‍ച്ചനയുമുണ്ടായിരുന്നു. അവര്‍ത്തമ്മിലുള്ള അടുപ്പം അങ്ങനെ അരക്കിട്ടുറപ്പിച്ച പോലെയായി.
സൂര്യനു കീഴെയുള്ള ഏതു കാര്യവും ജാള്യമോ അപകര്‍ഷതാബോധമോ ഇല്ലാതെ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. കുടുംബമായി ജീവിക്കാനുള്ള യോഗമുണ്ടെങ്കില്‍ അതു അവര്‍ തമ്മിലായിരിക്കും എന്നുള്ള തീരുമാനം വരെ അവരെടുത്തു. നിഷാന്തിനെക്കുറിച്ചുള്ള ചിന്തകളില്‍ വിവശയായി അര്‍ച്ചനയുടെ പല രാത്രികളും നിദ്രാവിഹീനങ്ങളായി. പഠിപ്പില്‍ ശ്രദ്ധ കുറഞ്ഞു. ഉറങ്ങാതെ ആരോഗ്യം ക്ഷയിച്ചു വന്നു. ഒരു നിമിഷം പോലും അവന്‍റെ സാമീപ്യമില്ലാതെ കഴിയാനാവാത്ത അവസ്ഥ. ഇതൊന്നും മനസ്സിലാക്കാതെ നിഷാന്ത് തന്‍റെ സ്വതസിദ്ധമായ ജീവിതശൈലിയില്‍ത്തന്നെ തുടര്‍ന്നു.
പ്രിയ കൂട്ടുകാരികളുടെ കല്ലുത്തിപ്പാറയിലിരുന്നുള്ള ഓരോ ചര്‍ച്ചകളിലും നിഷാന്ത് നിറഞ്ഞുനിന്നു. നിഷാന്ത് ഒരു ലഹരിയായി അര്‍ച്ചനയുടെ മനസ്സില്‍ പടര്‍ന്നുകഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ഗോള്‍ഡി മനസ്സിലാക്കി.
അവര്‍ത്തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയപ്പോഴും ഒരിക്കലും പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാതിരുന്ന നിഷാന്തിനു ആദ്യമൊന്നും അതു തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. യാതൊരു നിഗൂഢതകളുമില്ലാത്ത ജീവിതമായിരുന്നു അവന്റേത്.   പ്രണയിതാക്കളുടെയിടയില്‍ സാധാരണമായ സൗന്ദര്യപ്പിണക്കങ്ങള്‍പ്പോലും ഉണ്ടാവാറില്ലാത്ത അവരുടെ ബന്ധത്തില്‍ അപ്രതീക്ഷിതമായി പിണക്കങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി. അവളുടെ സംശയങ്ങളായിരുന്നു എല്ലാത്തിനും ആധാരം. കോളേജിലെ ഒരു പെണ്‍കുട്ടിയുമായും ഇടപഴകാനോ സംസാരിക്കാനോ പോയാല്‍ അതുമതി അവനുമായി വഴക്കടിക്കാന്‍. എന്തിന്, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയതായി ചേര്‍ന്ന ഒരു സുന്ദരി ലക്ചററുടെ പേരുവരെ എടുത്തു പറഞ്ഞു അവനുമായവള്‍ വഴക്കുണ്ടാക്കി. ഇനി മറ്റൊരു കാരണവും കിട്ടിയില്ലെങ്കിലും പഴയ ആരോപണങ്ങള്‍ ഒന്നിനുപിറകേ മറ്റൊന്നായി പ്രയോഗിച്ചു കൊണ്ടു അവനെ അവള്‍ സ്വൈര്യം കെടുത്തും. മനസ്സാ വാചാ കര്‍മ്മണാ ഈ ആരോപണങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നിഷാന്ത്, തന്നെ അനാവശ്യമായി സംശയിക്കരുതേയെന്നു അവളോടു പല പ്രാവശ്യം കരഞ്ഞു പറഞ്ഞു. കാരണം അവളെ ഉപേക്ഷിക്കാന്‍ ഒരിക്കലും അയാള്‍ക്കു സാധിക്കുമായിരുന്നില്ല. അത്രമേല്‍ അവനവളെ സ്നേഹിച്ചിരുന്നു. അവള്‍ക്കു അവനോടുള്ള കടുത്ത പോസ്സസീവ്നസ് കൊണ്ടാണു ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നവന്‍ വിശ്വസിച്ചു. 
പ്രശ്നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വന്നതല്ലാതെ അവളുടെ സംശയങ്ങള്‍ക്കു യാതൊരു കുറവുമുണ്ടായില്ല. അതില്‍ വിഷമിച്ചു നിഷാന്ത് പാടേ നിഷ്ക്രിയനായി. ഒരു വേണ്ടാതനവും ചെയ്യാത്ത താന്‍ അവളുടെ മനസ്സില്‍ വെറുമൊരു വഞ്ചകനാണല്ലോ എന്ന ചിന്തയില്‍ അവന്‍ സദാ ഉരുകി. വിശ്വാസമില്ലെങ്കില്‍പ്പിന്നെ സ്നേഹത്തിനു എന്തര്‍ത്ഥം?   ഉറക്കം കിട്ടാത്ത രാത്രികളില്‍ മദ്യത്തില്‍ ശരണം തേടിത്തേടി അവസാനം ശരിക്കുമൊരു മദ്യപാനിയായി അവന്‍ മാറി. ജീവിതത്തിലെ അടുക്കും ചിട്ടകളുമെല്ലാം വിട പറഞ്ഞു. പക്ഷേ എന്തായിരുന്നു നിഷാന്തിന്റെ ആ മാറ്റത്തിനുള്ള കാരണമെന്നു ഗോള്‍ഡിക്കൊഴികേ ഒരാള്‍ക്കുമറിയില്ലായിരുന്നു. അര്‍ച്ചനയും നിഷാന്തുമായുള്ള പ്രണയബന്ധത്തെക്കുറിച്ചറിയുന്ന ഏകവ്യക്തിയായിരുന്നു അവള്‍. നിഷാന്ത് നല്ലവനാണെന്നു ഒരുപാടു പ്രാവശ്യം അര്‍ച്ചനയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഗോള്‍ഡി പറയുന്നതൊന്നും സ്വീകരിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.
ഓരോ കണ്ടു മുട്ടലുകളിലും ഫോണ്‍ സംഭാഷണങ്ങളിലും ഓരോരോ പെണ്‍കുട്ടികളുമായി അവനെ ബന്ധപ്പെടുത്തി അര്‍ച്ചന സംസാരിക്കുന്നതു നിഷേധിച്ചു നിഷേധിച്ചു നിഷാന്ത് മാനസികമായി തകര്‍ന്നു. ഒരിക്കലും അസഭ്യം പറയാറില്ലായിരുന്ന അവന്‍റെ വായിലൂടെപ്പിന്നെ അവള്‍ക്കു നേരെ അസഭ്യവര്‍ഷങ്ങള്‍ പെയ്തിറങ്ങാന്‍ തുടങ്ങി. ഗോള്‍ഡിയോടു നിഷാന്തിനെക്കുറിച്ചു നല്ലതുമാത്രം പറയാറുള്ള അര്‍ച്ചനയില്‍ നിന്നും അവനെക്കുറിച്ചുള്ള പരാതികളുടെ പ്രവാഹമായി. ആ പ്രണയബന്ധത്തിന്‍റെ തകര്‍ച്ച അപ്പോഴേ ഗോള്‍ഡി മനസ്സില്‍ക്കണ്ടിരുന്നു. ജീവിതത്തിലെ സമാധാനം ഏകദേശം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരവസ്ഥയില്‍ അവന്‍ തന്നെ അവളോടു പറയുകയായിരുന്നു. "ഇനി നിനക്കു നിന്‍റെ വഴി.. എനിക്കു എന്റേയും." അര്‍ച്ചനയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷവും ആ പഴയ വ്യക്തിത്വം വീണ്ടെടുക്കുവാന്‍ നിഷാന്തിനു കഴിഞ്ഞില്ല. സമനില തെറ്റിയവനെപ്പോലെയായി മാറി അവന്‍.
ദൂരേ നിന്നും കുന്നുകയറി ആരോ വരുന്നുണ്ട്. അര്‍ച്ചന തന്നെയായിരിക്കുമെന്നു കരുതി ഗോള്‍ഡി എഴുന്നേറ്റു നിന്നു സൂക്ഷിച്ചു നോക്കി. അതേ അവള്‍ത്തന്നേ.
വന്നവഴി പുഞ്ചിരിച്ചു കൊണ്ടു പഴയ കൂട്ടുകാരിയെ ആലിംഗനം ചെയ്തതിനു ശേഷം അവള്‍ ചോദിച്ചു..
"നീ വന്നിട്ട് ഒത്തിരി നേരമായോ?"
"പിന്നല്ലാതെ.. ഒരു അരമുക്കാല്‍ മണിക്കൂറായിക്കാണും"
"സോറി ഡാ.. വിചാരിച്ച പോലെ ബസ്സ് കിട്ടിയില്ല. ഇറങ്ങുന്ന തിരക്കില്‍ ചാര്‍ജ്ജു ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ എടുക്കാനും വിട്ടു പോയി"
"അതൊക്കെ പോട്ടേ.. ആളെ ടെന്‍ഷനടിപ്പിക്കാതെ ആദ്യംതന്നെ നിനക്കു പറയാനുണ്ടെന്നു പറഞ്ഞതങ്ങു വേഗം പറയൂ.." ഗോള്‍ഡി ജിജ്ഞാസയോടെ അര്‍ച്ചനയുടെ മുഖത്തേക്കു നോക്കി.
"ഗോള്‍ഡി.. കോളേജില്‍ പഠിക്കുമ്പോള്‍ നീയെന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ? നമ്മള്‍ ചര്‍ച്ച ചെയ്യാത്ത ഒരു കാര്യവും ഉണ്ടായിരുന്നുമില്ലാ. എന്നാല്‍ വ്യക്തിപരമായ ഒരു കാര്യം ഞാന്‍ ബോധപൂര്‍വ്വം നിന്നില്‍ നിന്നും മറച്ചു വച്ചിരുന്നു" കുറ്റബോധത്തോടെ അവള്‍ ഗോള്‍ഡിയെ നോക്കി.
'ങേ.. എന്താണത്?" അവിശ്വസനീയതയോടെ അര്‍ച്ചനയെ നോക്കി ഗോള്‍ഡി ചോദിച്ചു.
"ഇനിയൊരിക്കലും തുറക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരദ്ധ്യായമായിരുന്നു അത് എന്നതുകൊണ്ടായിരുന്നു ഞാന്‍ നിന്നോടു അക്കാര്യത്തെക്കുറിച്ചു ആദ്യമേ പറയാതിരുന്നത്. നിഷാന്തുമായി അടുക്കുന്നതിനും മുമ്പ് എനിക്കൊരാളുമായി വളരെയടുത്ത പ്രണയബന്ധമുണ്ടായിരുന്നു. രണ്ടു പേരുടേയും ആദ്യപ്രണയമായിരുന്നതിനാല്‍ ഞങ്ങള്‍ പരസ്പ്പരം മതിമറന്നു സ്നേഹിച്ചു. ഒരു വിശുദ്ധപ്രണയത്തിന്‍റെ മതില്‍ക്കെട്ടിനപ്പുറത്തേക്കും എഴുതാന്‍ കഴിയുന്ന ഒരു പ്രേമകാവ്യമായിരുന്നു ഞങ്ങളുടെ ബന്ധം. രണ്ടു ജാതിയിലുള്ളവരാണെങ്കിലും എന്തുതന്നെ വന്നാലും ഒരുമിച്ചൊരു ജീവിതത്തിനായി ഞങ്ങള്‍ പ്രതിജ്ഞയെടുത്തിരിക്കുമ്പോഴാണ് അതു സംഭവിച്ചത്.." അര്‍ച്ചന നിറുത്തി. 
"ദൈവമേ വിശ്വസിക്കാനേ കഴിയുന്നില്ലല്ലോ നീ പറയുന്നതൊന്നും..." ഗോള്‍ഡി അന്തം വിട്ടു നിന്നു.
"കൂട്ടുകാരോടൊത്തു അമര്‍നാഥ് യാത്രപോയ പ്രമോദിനെ മഞ്ഞുമലകള്‍ക്കിടയിലെവിടെയോ കാണാതായി. മാസങ്ങള്‍ക്കു ശേഷവും യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോള്‍ അവന്‍ മരിച്ചു കാണുമെന്നു എല്ലാവരും വിധിയെഴുതി. പക്ഷേ അവനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നു ആരും അറിഞ്ഞില്ല. നീണ്ട രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു അവന്‍ തിരിച്ചു വന്നു" അതു പറയുമ്പോള്‍ അര്‍ച്ചന ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
"എപ്പോഴാണ് അവന്‍ നിന്നെക്കാണാന്‍ വന്നിരുന്നത്?!.." ഗോള്‍ഡി ചോദിച്ചു.
"ഞാനും നിഷാന്തുമായി ആദ്യ വഴക്കുണ്ടായതിന്‍റെ തലേ ദിവസം വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഞാന്‍ ബസ്സിറങ്ങുമ്പോള്‍ എന്നെയും കാത്തു അവിടെ നിന്നിരുന്ന അവനെക്കണ്ടു ഞാന്‍ അന്തംവിട്ടു. പിന്നീട് ടൌണിലെ പാര്‍ക്കിലിരുന്നു ഉണ്ടായതെല്ലാം അവന്‍ വിവരിക്കുമ്പോള്‍ എന്‍റെ മനസ്സ് നിഷാന്തിനെ ഓര്‍ത്തു ഭ്രാന്തമാവുകയായിരുന്നു. ആരെത്തഴയുമെന്ന ചിന്തയില്‍ ഞാനാകെത്തകര്‍ന്നു പോയി. അവസാനം നിഷാന്തിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നു." അവളുടെ കണ്ണുകളില്‍ നിന്നും തുള്ളികള്‍ അടര്‍ന്നു വീണു.
"എങ്കിലും എന്‍റെ അച്ചൂ.. നീയാ പാവത്തിനെ..... കഷ്ടം..." ഗോള്‍ഡി ചോദിച്ചു.
"ഗോള്‍ഡി.. പ്രമോദ് വെറുമൊരു പാവമാണ്. ആ ഒരവസ്ഥയില്‍ ഞാനവനെ ഒഴിവാക്കിയിരുന്നെങ്കില്‍ അവന്‍ ഒരുനിമിഷം പോലും ജീവിച്ചിരിക്കില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. എന്നില്‍  അവനുള്ള പ്രതീക്ഷകള്‍ അത്രയ്ക്കായിരുന്നു. തടവിലുണ്ടായിരുന്ന കാലമത്രയും സമനില തെറ്റാതെ അവന്‍ പിടിച്ചു നിന്നതു എന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മാത്രമായിരുന്നു. നിഷാന്ത് മാനസികമായി പ്രമോദിനേക്കാള്‍ ബോള്‍ഡ് ആണ്. ആദ്യമുള്ള വിഷമങ്ങള്‍ മാറിക്കഴിയുമ്പോള്‍ പതിയേ എല്ലാം സാധാരണഗതിയിലായിക്കോളും എന്നു ഞാന്‍ കണക്കു കൂട്ടി" അര്‍ച്ചന ബാഗില്‍ നിന്നും വെള്ളത്തിന്‍റെ കുപ്പിയെടുത്തു അല്പ്പം വെള്ളം കുടിച്ചു കുപ്പി ഗോള്‍ഡിക്കു നേരെ നീട്ടി.
"എന്‍റെ അച്ചൂ... ഇതൊക്കെ കേട്ട് എന്‍റെ തല കറങ്ങുന്നു. എന്തൊക്കെയാണ് ഞാനീ കേള്‍ക്കുന്നേ.. നിനക്കു എന്നോടെങ്കിലും അന്നിതൊക്കെയൊന്നു പറയാമായിരുന്നു... പക്ഷേ നീയെന്നെ അല്പ്പം പോലും വിശ്വസിച്ചില്ലല്ലോ.." കുറച്ചു ഗൌരവത്തോടെ ഗോള്‍ഡി പറഞ്ഞു.
"ഗോള്‍ഡി നീയെന്നോടു ക്ഷമിക്കണം.. അപ്പോഴത്തെയെന്റെ മാനസികാവസ്ഥ എന്നെ അതിനനുവദിച്ചില്ല. ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നില്ലേ ഞാന്‍?.. പിന്നെ ഇക്കാര്യം എങ്ങനെയെങ്കിലും നിഷാന്തിന്റെ ചെവിയിലെത്തിയാല്‍ സംഗതി ആകെ കുഴഞ്ഞുമറിയുകയും ചെയ്യും" അര്‍ച്ചന ദയനീയമായി ഗോള്‍ഡിയെ നോക്കി.
"ഹും.. എന്നിട്ട്?.."
"നമ്മുടെ കോഴ്സ് കഴിയാറായ സമയമായിരുന്നല്ലോ അത്.. കോഴ്സ് കഴിയുന്നതിന്‍റെ പിറ്റേ ദിവസംതന്നെ ഡല്‍ഹിയിലേക്കു ഒളിച്ചോടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനിടയില്‍ എന്നെയുമായുള്ള ബന്ധം നിഷാന്ത് അവസാനിപ്പിച്ചിരുന്നു. പ്രമോദിന്‍റെ ഒരു സുഹൃത്തിന്‍റെ സംരക്ഷണത്തില്‍ ഞങ്ങള്‍ കുറച്ചു ദിവസം ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു. ഇടയ്ക്കിടെ നിഷാന്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നില്‍ കുറ്റബോധം നിറച്ചിരുന്നെങ്കിലും പ്രമോദിന്‍റെ മുന്നില്‍ അക്കാര്യം മറച്ചു വച്ചു. എന്‍റെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. ഹണിമൂണിനായി ഹിമാചല്‍പ്രദേശിലെ പാലന്‍ഖേതിലേക്കു പോകുന്ന വഴിയുണ്ടായ റോഡപകടത്തില്‍ പ്രമോദ് എന്നെ എന്നെന്നേക്കുമായി വിട്ടു പോയി" മുഖം പൊത്തിക്കരഞ്ഞു കൊണ്ടു അര്‍ച്ചന ഗോള്‍ഡിയുടെ ചുമലിലേക്കു ചാഞ്ഞു.
"അച്ചൂ.. കരയാതെ... പ്ലീസ്.. നീ കരഞ്ഞാല്‍ എന്റേയും കണ്ട്രോള്‍ പോകും.. പ്ലീസ്.. പറയൂ.. പിന്നെന്തുണ്ടായി " അവളുടെ പുറത്തു തട്ടിക്കൊണ്ടു ഗോള്‍ഡി പറഞ്ഞു.
"ഗത്യന്തരമില്ലാതെ ഞാന്‍ വീട്ടിലേക്കു മടങ്ങിവന്നു. മാനസികപിരിമുറുക്കത്തില്‍ അവശയായ എന്നെ വീട്ടുകാര്‍ അമ്മാവനു പരിചയമുള്ളൊരു ഡോക്ട്ടര്‍, ചെന്നൈയില്‍ നടത്തുന്ന ഒരു മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോയാക്കി. ഏകദേശം ഏഴെട്ടു മാസത്തോളം ഞാന്‍ അവിടെയായിരുന്നു."
"എന്തായിനി നിന്‍റെ പരിപാടി? നിഷാന്തിനെ കാണാന്‍ ശ്രമിക്കുന്നുണ്ടോ?" ഗോള്‍ഡി ചോദിച്ചു.
"ഗോള്‍ഡീ.. ഞാന്‍ അവനെക്കുറിച്ചു രഹസ്യമായി അന്വേഷിച്ചു. അവനിപ്പോള്‍ ആകെ നിയന്ത്രണം വിട്ട അവസ്ഥയിലാണ്. ക്രിമിനല്‍ കേസുകളില്‍ വരെ പ്രതിയായി ആകെ നശിച്ചൊരു ജീവിതമാണ് ഇപ്പോഴവന്റെ. മാത്രമല്ലാ ഏതൊക്കെയോ വഴിപിഴച്ച ബന്ധങ്ങളും ഇപ്പോഴവനുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.. വേണ്ടാ ഗോള്‍ഡീ ഉള്ള സമാധാനം ഇനിയും കളയാന്‍ എനിക്കു വയ്യാ.. ആത്മഹത്യ ചെയ്യാനുള്ള ധൈര്യവും തോന്നുന്നില്ല. എന്നെ നീയൊന്നു സഹായിക്കണം. നിന്‍റെ ചേട്ടന്‍റെ ബാംഗളൂരിലുള്ള കമ്പനിയിലോ മറ്റോ എനിക്കൊരു ജോലി തരപ്പെടുത്തിത്തരാമോ? ശമ്പളമൊന്നും കൂടുതല്‍ വേണ്ടാ ചുരുങ്ങിയ രീതിയില്‍ ജീവിക്കാനുള്ളത് മാത്രം മതി" അപേക്ഷാ ഭാവത്തോടെ അര്‍ച്ചന.
"ജോലിക്കൊന്നും വിഷമമുണ്ടാവില്ലാ.. പക്ഷേ.. അച്ചൂ നീ കാരണം നല്ലൊരു മനുഷ്യന്‍റെ ജീവിതം തകര്‍ന്നില്ലേ?... എന്തുതന്നെ സംഭവിച്ചാലും നീയവനെയൊന്നു ചെന്നു കാണണമെന്നാണ് എന്‍റെ അഭിപ്രായം. വേണമെങ്കില്‍ ഞാനും നിന്‍റെ തുണയ്ക്കു വരാം. ചിലപ്പോള്‍ നിന്നെക്കാണുമ്പോള്‍ അവന്‍ എല്ലാം മറന്നു ജീവിതത്തിലേക്കു തിരിച്ചു വരാനും മതിയല്ലോ. അവനിങ്ങനെയായത് നിന്നോടുള്ള അഗാധമായ സ്നേഹമൊന്നുകൊണ്ടു മാത്രമാണെന്നു നീ മറക്കരുത്" ഗോള്‍ഡി ഉപദേശിച്ചു.
അതുകേട്ടു കണ്ണുനീര്‍ വാര്‍ക്കുന്ന നയനങ്ങളോടെ അല്പ്പനേരം ഗോള്‍ഡിയെ തറച്ചുനോക്കിയതിനു ശേഷം അവള്‍ പറഞ്ഞതു സമ്മതമാണെന്ന മുഖഭാവത്തോടെ അര്‍ച്ചന അവളെ ആലിംഗനം ചെയ്തു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment