Tuesday, October 31, 2017

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ
ചൊടിയിണകളിൽ കുങ്കുമംപൂശവേ,
നടവഴിയിലൂടന്നു മന്ദമായ് പാറിയാ
മധുനുകരുവാ,നാർത്തിപൂണ്ടെന്മനം ..
പതിയേവന്നൊരാ കാറ്റിലാമോദത്താൽ
ചിരിപകർന്നു നീയെന്നെ വിളിച്ചതും
പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ
നിൻപ്രണയത്തിലണയാൻകൊതിച്ചതും ..
കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ
മൃദുകരാംഗുലി ലാളനമേല്ക്കവേ
ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ
മുഴുവനായന്നു നീയെനിക്കേകിയോ?...
ഉഴലുമെന്നുടെ ഹൃത്തിനൊരായിരം
സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ ..
ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ
പാടേമറന്നു നാം വാരിപ്പുണർന്നുവോ?
വന്നൊരാ പേമാരിതൻ തള്ളലിൽ
ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ ..
പിരിയുകില്ലിനി നാമൊരുനാളിലും
എന്നനിൻവാക്കും പാഴ്വാക്കായിതോ?...
ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ
ആകസ്മികമാം ചിന്തകളിലുരുവാം
നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ
ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!!
- ജോയ് ഗുരുവായൂര്‍
ഈ കവിതയ്ക്ക് നമ്മുടെ പ്രിയ സുഹൃത്ത്‌ ശ്രീ. റോയ് നമ്പീശന്‍ എഴുതിയ തനതായ ശൈലിയിലുള്ള ആസ്വാദനവും ഇതിനോടൊപ്പം ചേര്‍ക്കുന്നു. നന്ദി. റോയ്..
Roy Nambeesan: നുമ്മടെ കരിവണ്ട് നടവഴിയിലൂടെ മെല്ലെ പറക്കുമ്പോഴാണ് പ്രണയ വര്‍ണ്ണമായ് കുങ്കുമം പൂശിയ ചെമ്പരത്തിയെ കരിവണ്ട് കണ്ടത്.
പൊതുവേ ആക്രാന്തക്കാരനായ കരിവണ്ടിന് തേന്‍ കുടിക്കാന്‍ കൊതി സഹിക്കാന്‍ വയ്യാതെയായ്.
മെല്ലെ വീശുന്ന കാറ്റില്‍ തലയാട്ടി ചിരിച്ച് ചെമ്പരത്തി വിളിച്ചപ്പോള്‍
അപ്പുറത്ത് ഉജാലയുടെ പരസ്യം പോലെ തൂവെള്ള വസ്ത്രം ധരിച്ച പിച്ചിപ്പൂവിനെ കണ്ട് കൊതിയുണ്ടെങ്കിലും പിച്ചിപ്പൂവിനെ അവഗണിച്ചാണ് കള്ളന്‍ ശ്രീകൃഷ്ണനായ കരിവണ്ട് ചെമ്പരത്തിയുടെ അടുത്തെത്തിയത്.
കൃഷ്ണവര്‍ണ്ണമായ കറുപ്പുനിറവും, കാഠിന്യമുള്ളതുമായ കരിവണ്ടിന്‍റെ മുഖം ചെമ്പരത്തി മൃദൂവായ കൈവിരലുകളാല്‍ ലാളിക്കുമ്പോഴും ചെമ്പരത്തിയുടെ ഹൃദയത്തിലുള്ള സ്നേഹം മുഴുവനും ചെമ്പരത്തി തന്നോയെന്ന് കരിവണ്ടിന് സംശയമുണ്ട്.
അല്ലേലും ഈ ആണുങ്ങളിങ്ങനെയാ എപ്പോഴും സംശയമായിരിക്കും ഒടുക്കത്തെ സംശയം.
ആ സംശയവും പേറി കരിവണ്ട് ഉഴലുമ്പോഴും നുമ്മടെ ചെമ്പരത്തി ചുംബനം കൊണ്ട് പൊതിഞ്ഞ് വാരിപ്പുണരുമ്പോഴും
സ്വയം മറന്ന് രണ്ട് പേരും വാരിപ്പുണര്‍ന്നുവോ എന്ന സംശയത്തിലാണ് കരിവണ്ട്.
അതെന്നാലും അങ്ങനെയാ ഏത് പൂവിനെ കണ്ടാലും ഓടി ചെല്ലുന്ന ഈ ശ്രീകൃഷ്ണന്‍ വണ്ടിന്‍റെ സംശയം ഒരു കാലത്തും മാറൂലാ.
മഴയൊക്കെ ഒരുമിച്ച് നനഞ്ഞ് പിരിയില്ലാ എന്ന് ചെമ്പരത്തി കൊടുത്ത വാക്കും നുമ്മടെ ശ്രീകൃഷ്ണന്‍ കരിവണ്ടിന് വിശ്വാസമായിട്ടില്ല. അല്ലെങ്കിലും ഈ ആണുങ്ങളെ വിശ്വസിപ്പിക്കാന്‍ വല്യപാടാ, എന്താ കാരണം ഒരു മടിയുമില്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാതെ ഈ പെണ്ണുങ്ങള്‍ ഠപ്പേന്ന് കള്ളം പറഞ്ഞ് കളയും.
എല്ലാം കഴിഞ്ഞ് കരിവണ്ട് യാത്രയും പറഞ്ഞ് പോയി കഴിഞ്ഞപ്പോഴാണ് ചെമ്പരത്തി ചിന്തിച്ചത്. ദൈവമേ ഈ വണ്ട് കാണിച്ച സ്നേഹമൊക്കെ സത്യമാണോ, അപ്പോള്‍ ചെമ്പരത്തിയുടെ മനസ് പറഞ്ഞൂ.
കരിവണ്ട് ആളൊരു കള്ളനാ അവനെ വിശ്വസിക്കാന്‍ കൊള്ളൂലാ. ശ്രീകൃഷ്ണനായ അവന്‍ സകല പൂക്കളുടെയും അടുത്ത് പോയ് ഈ സ്നേഹവും കാട്ടി ചതിച്ച് തേന്‍ കുടിക്കുന്നവനാ കരിവണ്ട് ചതിയനാ.
ചെമ്പരത്തിയുടെ ഇത്തരം ചിന്തകളില്‍ നിന്നുയര്‍ന്ന നീരസം കാരണം കരിവണ്ട് ഹൃദയം തുറന്ന് കാട്ടിയിട്ടും ഇത് ചെമ്പരത്തിപ്പൂവാണെന്ന് പറഞ്ഞ അവസ്ഥയായ് കരിവണ്ടിന്.
പാവം കരിവണ്ട് എന്താലേ.
ഇഷ്ടം എഴുത്ത് ജോയേട്ടാ,
മനോഹരമായ് ഈ കവിതയും, ചിന്തയും

No comments:

Post a Comment