Tuesday, October 11, 2016

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..
ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പുറകിലെ സീറ്റിലിരുന്ന രണ്ടുമലയാളി സഹപ്രവര്‍ത്തകര്‍ ഉണക്കമീന്‍ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. തലേദിവസം കഴിച്ച ഉണക്കമാന്തള്‍ (നങ്ക്) ഫ്രൈയുടെ രുചി ഇപ്പോഴും നാക്കില്‍നിന്നും പോയിട്ടില്ലാപോലും!.. എമിരേറ്റ്സ് വിമാനം ദുബായ്എയര്‍പോര്‍ട്ടില്‍ ക്രാഷ്ലാന്‍ഡ്‌ ചെയ്തപ്പോള്‍ തിക്കിത്തിരക്കി വിമാനത്തില്‍നിന്നിറങ്ങാന്‍ തിടുക്കംകൂട്ടിയ മലയാളികള്‍ നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകളും ഉണക്കമീനും ബീഫ്ഫ്രൈയുമൊക്കെ വാരി, നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് പുറത്തേക്കുചാടിയത് മറ്റൊന്നുകൊണ്ടും ആയിരുന്നില്ലാ. സ്നേഹത്തില്‍പ്പൊതിഞ്ഞ് അമ്മയും, ഭാര്യയും, സഹോദരിസഹോദരന്മാരും സുഹൃത്തുക്കളുമൊക്കെ തന്നുവിടുന്ന നാടന്‍വിഭവങ്ങള്‍, ഒരു സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ എന്നപോലെ മരുഭൂമിയില്‍ ജോലിചെയ്യുന്ന പ്രവാസികളേസംബന്ധിച്ച് ജീവതുല്യം ആകുന്നു. ഏതു ഫേസ്ബുക്ക് / വാട്സാപ്പ് 'ട്രോളന്മാര്‍' പരിഹസിച്ചാലും ജീവന്‍തന്നെപോയാലും, നുമ്മ പ്രവാസികള്‍ അതൊന്നും ഒരുകാരണവശാലും വിടമാട്ടേ...
വിഷയത്തിലേക്ക് വരാം.. മേല്പ്പറഞ്ഞ സംഭാഷണം കേട്ടുകൊണ്ടിരിക്കേയാണ് കുറച്ചുദിവസം മുമ്പ് ഒരു കന്യാകുമാരിക്കാരന്‍ സുഹൃത്ത് നാട്ടില്‍നിന്നും വന്നപ്പോള്‍ കൊണ്ടുവന്നുതന്നിരുന്ന ഉണക്കമാന്തളുകളില്‍ കുറച്ച് റഫറിജറേറ്ററില്‍ ഇരിക്കുന്നുവല്ലോ എന്നൊരുചിന്ത ഉണ്ടായത്. എനിക്കുള്ള ഭക്ഷണം കമ്പനിവക ആയതിനാല്‍ അപൂര്‍വ്വമായേ റൂമില്‍ പാചകംചെയ്യാറുള്ളൂ. റൂമുകളില്‍ പാചകം അനുവദനീയവുമല്ലാ. പിന്നേ, വല്ലപ്പോഴും നാടന്‍മത്തിക്കറി, കപ്പ, ബീഫ്, സാമ്പാര്‍ എന്നിവയൊക്കെ കഴിക്കണമെന്ന കലശലായ പ്രലോഭനം ഉണ്ടാവുന്ന അവസരങ്ങളില്‍ രഹസ്യമായി ഇവ ഉണ്ടാക്കിക്കഴിക്കുവാന്‍ ഒരു ഹോട്ട്പ്ലേറ്റും അല്ലറചില്ലറ പാത്രങ്ങളും മസാലപ്പൊടികളൊക്കെ നുമ്മ കരുതിയിട്ടുമുണ്ട്.
ഇന്ന് ഉണക്കമീന്‍കൂട്ടി രണ്ടുപിടി ചോറ് കഴിച്ചിട്ടുതന്നേ കാര്യം എന്നചിന്തയില്‍ റൂമില്‍ എത്തിയപാടേ കുറച്ച് മീനെടുത്ത് കഴുകിവൃത്തിയാക്കി മുളകെല്ലാംതേച്ച്, ഒളിപ്പിച്ചുവച്ചിട്ടുള്ള ഹോട്ട്പ്ലേറ്റ് എടുത്തുപ്ലഗ് ചെയ്ത് അതില്‍ ഫ്രൈപാന്‍ വച്ച് ചൂടാക്കി. അപ്പോഴാണ്‌ ഒരു പ്രതിസന്ധി തലപൊക്കിയത്. എണ്ണ ഒരുതുള്ളിപോലും എടുക്കാനില്ലാ. ഹോട്ട്പ്ലേറ്റ് ഓഫ്‌ ചെയ്ത് റൂം മുഴുവന്‍ എണ്ണയ്ക്കായി പരതി. നോ രക്ഷ. ഇനിയിപ്പോ കടയില്‍പ്പോയി വാങ്ങാനൊന്നും വയ്യാ.. നാടന്‍ഉരുപ്പടി കളയാനും തോന്നുന്നില്ലാ. ഡിങ്കനോട് പ്രാര്‍ത്ഥിക്കുക തന്നേ. എന്തേലുംവഴി കാണിച്ചുതരാതിരിക്കില്ല.
അത്ഭുതം.. ഐഡിയ കിട്ടി!.. ഡിങ്കന് സ്തോത്രം..
വീണ്ടും ഫ്രൈപാന്‍ ചൂടാക്കി. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു. തിളയ്ക്കുന്ന വെള്ളത്തിലേക്ക് മീന്‍ ഇട്ട് ഒരല്പനേരം മൂടിവച്ച് വേവിച്ചു. അതാ.. വെള്ളമെല്ലാംവറ്റി, മാന്തള്‍ഫ്രൈ (ഫ്രൈ എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോസ്റ്റ് എന്നും പറയാം) റെഡി.
പിന്നീടാണ് ഈ വിഭവത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്ന എണ്ണ ഒഴിവാക്കാം. എണ്ണയില്‍ പൊരിക്കുമ്പോള്‍ പുറത്തേക്ക് പ്രവഹിക്കുന്ന ഗന്ധം ഒഴിവാക്കാം. അതുകൊണ്ട് പ്രധാനമായി രണ്ടുഗുണം വേറെയുമുണ്ട്. ക്യാമ്പിലെ സുരക്ഷാഉദ്യോഗസ്ഥന്മാര്‍ക്ക് പാചകം നടക്കുന്നുവെന്ന് ഒരു പുടിയും കിട്ടൂലാ.. പിന്നേ, അയല്‍വാസികളായ ഉണക്കമീന്‍കൊതിയന്മാരുടെ കൊതിപറ്റുകയുമില്ല.ബാക്കിവരുന്ന എണ്ണ ഒഴിച്ചുകളയുന്നതുമൂലമുള്ള പരിസരമലിനീകരണം ഒഴിവാക്കാം. എണ്ണയുടെ കാശും ലാഭം... എന്തേ?....
എന്നോടാ കളി... ഹും
(ചുമ്മാ...)

ആര്‍ക്കാണ് തെറ്റ് പറ്റിയത്?!..

സ്നേഹമാണഖിലസാരമൂഴിയില്‍ 
എന്ന് പ്രഖ്യാപിച്ച കുമാരനാശാനോ?
സ്നേഹിക്ക ഉണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും
എന്ന് പാടിയ വള്ളത്തോളിനോ?
രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍
ആഹ്വാനം ചെയ്ത രക്തസാക്ഷികള്‍ക്കോ?
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
എന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനോ?
സദാചാരസംരക്ഷണത്തിനായ് മുറവിളികൂട്ടിയ
നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ക്കോ?
ക്ഷമയും സഹനവുമാണ് ഏറ്റവും ശക്തമായ
ആയുധങ്ങളെന്നുകാണിച്ചുതന്ന മഹാത്മജിക്കോ?
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നു
ആവര്‍ത്തിച്ചുദ്ഘോഷിച്ച ഗുരുവര്യര്‍ക്കോ?
തന്നെപ്പോലെത്തന്നേ മറ്റുള്ളവരേയും
സ്നേഹിക്കണമെന്നുരചെയ്ത ക്രിസ്തുവിനോ?
മറ്റുള്ളവരുടെ വിശപ്പകറ്റിമാത്രം ഭുജിക്കുക
എന്നരുളിയ മുഹമ്മദ്‌ നബിക്കോ?
അഹിംസയാണ് ലോകത്തിലേറ്റവും ശ്രേഷ്ഠം
എന്ന് പഠിപ്പിച്ച ശ്രീബുദ്ധനോ?
അഹംബ്രഹ്മാസ്മി എന്ന് പഠിപ്പിക്കുന്ന
ബ്രഹദാരണ്യകോപനിഷത്തിനോ?
തലപോകിലും ധര്‍മ്മച്യുതിയരുതേയെന്ന്
ഉദ്ഘോഷിക്കുന്ന പൗരാണികഗ്രന്ഥങ്ങള്‍ക്കോ?
തെറ്റുകള്‍ ചെയ്‌താല്‍ മോക്ഷം ലഭിക്കില്ലെന്നു
ഭീഷണിപ്പെടുത്തിയ ആത്മീയാചാര്യര്‍ക്കോ?
അതോ, മേല്പ്പറഞ്ഞതൊക്കെ ജീവിതത്തില്‍
ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന പാവംമനുഷ്യര്‍ക്കോ?
ആര്‍ക്കാണിന്ന് തെറ്റുപറ്റിക്കൊണ്ടിരിക്കുന്നത്?!!...
എന്നുമെപ്പോഴും ഞാന്‍ അന്വേഷിക്കുന്ന പൊരുള്‍....
- ജോയ് ഗുരുവായൂര്‍

ദൈവാലയപ്രവേശനത്തിന് തടസ്സം നില്ക്കുന്ന ആര്‍ത്തവം!

സ്ത്രീകളുടെ അശുദ്ധി.. അതൊരു മുടന്തന്‍ന്യായം മാത്രമാണ് എന്നാണു എന്‍റെ അഭിപ്രായം. ദൈവവിശ്വാസികളേ.... ദൈവം പുരുഷന്മാരെ സൃഷ്ടിച്ചപോലെ സ്ത്രീകളേയും സൃഷ്ടിച്ചു. സ്ത്രീകളില്‍ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടാവുമെന്ന് അറിയാതെയായിരിക്കില്ലല്ലോ സര്‍വ്വജ്ഞാനിയായ ദൈവം അവരെ സൃഷ്ടിച്ചിരിക്കുക? അപ്പോള്‍ അത് സ്വാഭാവികം മാത്രം. അതിനെ അശുദ്ധിയായി കണക്കാക്കുന്നത് തന്നേ ദൈവനിഷേധം ആവുന്നു. ആര്‍ത്തവം അശുദ്ധമാണെങ്കില്‍ മലമൂത്രവിസര്‍ജ്ജനം അതിലും വലിയ വൃത്തികേട്‌ ആകുന്നു... മലമൂത്രവിസ്സര്‍ജ്ജനം എന്ന അസുഖം ഇല്ലാത്തവരുണ്ടെങ്കില്‍ മാത്രം ഇനി ദേവാലയങ്ങളില്‍ പോയാല്‍ മതി.. എന്തേ?

മല്ലിയില വാങ്ങാന്‍വന്ന സായിപ്പ്

ഇന്നലെ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏതാനും സാധനങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ വളരെ സൂക്ഷ്മതയോടെ മല്ലിയിലകള്‍ പെറുക്കി പോളീത്തീന്‍ സഞ്ചിയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന ഒരു സായിപ്പിനെ ശ്രദ്ധിക്കുകയുണ്ടായി. കാണാന്‍ ബഹുകേമന്‍. ഏതോ കമ്പനിയില്‍ നല്ല പൊസിഷനില്‍ത്തന്നെയായിരിക്കും ജോലി ചെയ്യുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ മല്ലിയിലകള്‍ നല്ലതുനോക്കി തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ചെയ്തതുകണ്ട് അന്തംവിട്ടുപോയി. മല്ലിയിലയുടെ തണ്ടുകളെല്ലാം കൂട്ടിപ്പിടിച്ച് കൈകൊണ്ട് മുറിച്ചുകളയുന്നു. തണ്ടിന്‍റെ ഭാരം ഒഴിവാക്കി, കൊടുക്കുന്ന പൈസയ്ക്ക് പരമാവധി മുതലാക്കുകയെന്ന തന്ത്രം! "സായിപ്പുമാരിലും എച്ചികളോ?!" എന്ന് 'ചിത്രം' സിനിമയില്‍ മോഹന്‍ലാല്‍ അടിച്ച ഡയലോഗാണ് ഓര്‍മ്മവന്നത്.
തുച്ഛമായ വിലയുള്ള മല്ലിയില വാങ്ങുന്നതില്‍വരേ ഇത്രയും ലാഭനഷ്ടക്കണക്കുകള്‍ നോക്കുന്ന ആ സായിപ്പ്, ജീവിതത്തില്‍ ഒരുപാട് ലാഭം ഉണ്ടാക്കിയിരിക്കുമെന്ന് മനസ്സില്‍ക്കരുതി. പൊതുവേ പറയുകയാണെങ്കില്‍ ഇദ്ദേഹത്തിന്‍റെ ഈ ചെയ്തിയില്‍ മറ്റൊരു വാസ്തവം ഒളിച്ചിരിക്കുന്നുണ്ട്. ആളുകള്‍ എത്രമാത്രം പണക്കാരാകുന്നുവോ അത്രമാത്രം പിശുക്കരുമായി മാറുന്നു.
നല്ല കാര്യങ്ങള്‍ക്കുവേണ്ടി തനിക്കുനേരെ നീളുന്ന സഹായഹസ്തങ്ങളെ അവഗണിക്കുന്നവരാണ് ധനികരില്‍ ഏറിയപങ്കും. പത്തുപൈസ പോക്കറ്റില്‍നിന്നും നഷ്ടപ്പെടുകയെന്നാല്‍ അവര്‍ക്ക് നെഞ്ചുവേദന വരുന്നതിനുതുല്യവും. സംഭാവനകള്‍ പിരിക്കുന്നവരെ കണ്ടാല്‍ ഒഴിഞ്ഞുമാറുവാനുള്ള തത്രപ്പാടും. ധനികരെ കാടടച്ച്‌ വെടിവക്കുന്നില്ലാ.. നല്ല ധനികരും ഉണ്ട്. കഷ്ടപ്പാട് അനുഭവിച്ച് വളര്‍ന്നുവലുതായ ധനികര്‍ക്കേ മനസ്സില്‍ 'അലിവ്' എന്ന ഗുണം ഉണ്ടായിരിക്കുകയുള്ളൂ.
ഇവിടെ ഗള്‍ഫില്‍ ജോലിചെയ്യുന്ന ചില മഹാന്മാരുടെ സ്വഭാവം കണ്ടാല്‍ നമ്മള്‍ അമ്പരക്കും. നല്ല തസ്തികകളില്‍ ജോലി ചെയ്യുന്ന പലരിലും മാസാനവസാനമാവുമ്പോഴേക്കും പത്തിന്‍റെ പൈസ കാണില്ല. കിട്ടുന്ന ശമ്പളം ഏകദേശം പൂര്‍ണ്ണമായുംതന്നേ നാട്ടിലേക്ക് ചവിട്ടിവിടും. കൈയിലുള്ള തുച്ഛമായ പണം അരിഷ്ടിച്ച് ചിലവഴിക്കും. അവസാനം, നിസ്സാരശമ്പളക്കാരായ ലേബര്‍മാരില്‍നിന്നും ഉളുപ്പില്ലാതെ അമ്പതോ, നൂറോ ഒക്കെ കടംവാങ്ങി മാസം തള്ളിനീക്കും. ഇങ്ങനെ എച്ചിത്തരം കാണിക്കുന്ന കുറേപേരെ ഞാന്‍ കണ്ടിട്ടുണ്ട്. നായ നടുക്കടലില്‍പ്പോയാലും നക്കിയേ കുടിക്കൂ എന്നത് എത്ര വാസ്തവം!
കൈയില്‍ പൈസയേറുമ്പോള്‍ അതിനനുസരിച്ച് പിശുക്കും കൂടുന്ന ഈ പ്രതിഭാസത്തിന് കാരണം എന്തായിരിക്കും? ഭാവിയില്‍ ഒരു പണക്കാരനാവാന്‍ യോഗമുണ്ടാവുകയാണെങ്കില്‍ ചിലപ്പോള്‍ സ്വയം മനസ്സിലാവുമായിരിക്കും അല്ലേ?
എല്ലാവര്‍ക്കും ശുഭദിനം ആശംസിക്കുന്നു.
- ജോയ് ഗുരുവായൂര്‍

നിന്നിലെ ഞാന്‍!

നിന്നിലെ ഞാന്‍!

നിന്‍റെ നോക്കിലും വാക്കിലും
ഉടലിലും എന്നോടുള്ള
നിന്‍റെ പ്രണയത്തെ 
ഞാന്‍ തിരഞ്ഞുനടക്കുന്നു.
മനോഹരമായ കണ്ണുകളുടെ
ഓരോ ഇമവെട്ടലിലും
ചുണ്ടില്‍നിന്നുതിരുന്ന
മധുരമൊഴികളിലും
അതിന്‍റെ ഗദ്ഗദങ്ങളെങ്കിലും
കാണാതിരിക്കില്ലല്ലോ.
ഉടലിനേക്കാള്‍ എപ്പോഴും
തലഭാഗത്ത് കൂടുകൂട്ടാനാണ്
പൊതുവേ പ്രണയങ്ങള്‍
ഇഷ്ടപ്പെടുന്നതെങ്കിലും
നിന്‍റെയോരോ
ഉടലളവുകളില്‍പ്പോലും
ഞാനെന്‍റെ പ്രണയക്കൂടുകള്‍
തേടിനടക്കാറുണ്ട്.
- ജോയ് ഗുരുവായൂര്‍

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!
വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

വിശ്വാസമെന്നാല്‍...


വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ, 
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
വ്യക്തിത്വം വ്യക്തിയോടും,
ഒടുവില്‍...
ഞാൻ നിന്നോടും,
നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍