Wednesday, May 7, 2014

"ഗുരു"

നാണിക്കേണ്ടതില്ല നീയണിഞ്ഞയാ- 
ശുഭ്ര വസ്ത്രമിങ്ങൂരി വയ്ക്കാന്‍..

മടിക്കേണ്ടതില്ല..തൂങ്ങിക്കിടക്കുമാ   
വര്‍ണ്ണച്ചേലകളണിയുവാന്‍..
 
സുരഭിയോ കാവിയോ ചെമലയോ 
മെച്ചമാണവയെല്ലാമൊന്നിനൊന്ന്. 

വേണ്ട മകനേയിനി വേണ്ടയൊട്ടും 
മനസ്സിലപകര്‍ഷത തന്‍ ചീളുകള്‍. 

പിഴുതെറിയൂ ഹൃത്തില്‍ മുള പൊട്ടും 
കാരുണ്യത്തിന്‍റെ കൂണുകള്‍ 

വറ്റിക്കൂ നിന്‍ കരളില്‍ രക്തി തന്‍   
കുളിരു നിറച്ചീടുമുറവകള്‍. 

കൊട്ടിയടയ്ക്കൂ ഇരുചെവികളും..   
രോദനങ്ങളിനിയവയ്ക്കന്ന്യമാകാന്‍. 

കുത്തി നിറയ്ക്കൂ ഭത്സനങ്ങള്‍ നിന്‍   
ചിലമ്പിച്ചിലച്ചീടും ജിഹ്വയില്‍ 
 
വടിവാള്‍പ്പിടികള്‍ തന്‍ തഴമ്പേറ്റൂ 
രുധിരം നുകരാനായ് മുഷ്ടിയില്‍ 

എണ്ണിപ്പഠിക്കൂ ചുരുങ്ങിയതൊ-
രമ്പത്തിയൊന്നക്കമെങ്കിലും..
 
തുന്നി വയ്ക്കൂ കീശകള്‍ ഉതിരമണിയും 
ഗാന്ധിത്തലകള്‍ കൂട്ടിവയ്ക്കാന്‍ 

മറന്നീടല്ലേ മകനേയെന്താകിലും 
ദക്ഷിണ വച്ചിഹ നമിയ്ക്കുവാന്‍.

- ജോയ് ഗുരുവായൂര്‍   

പൊരുത്തം

"കിച്ചാ.. എത്ര നേരായീ കഞ്ഞി വെളമ്പി വെച്ച് വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."   

"നിക്ക്യ്  വേണ്ട നെന്‍റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്‍റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."
    
അകത്തു നിന്നും ദേവയാനിയമ്മയുടെ വിളി കേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍ കെട്ടിയിരുന്ന മുഷിഞ്ഞ തോര്‍ത്ത് അഴിച്ച് ദേഷ്യം തീര്‍ക്കാനെന്ന പോലെ ഒന്ന് ശക്തിയായി കുടഞ്ഞ് വീണ്ടും തലയില്‍ മുറുക്കിക്കെട്ടി പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥനായി ഇരുന്നു. 

"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ ങ്ങക്ക് പറ്റ്യേ? രാമന്‍ വാര്യര് വന്നു പോണ വരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ ന്നിപ്പൊ ന്താ പറ്റ്യേ?.. വെര്‍തെ ന്‍റെ തല പ്രാന്ത് പിടിപ്പിക്കണ്ട.. വന്നു കഞ്ഞി കുടിക്കൂന്നേയ്..." 

"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ..  കേമന്മാര് വല്ലോരും വീട്ട്യെ വന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണു കാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്‍റെ ഒരു മയക്കല്.. ന്‍റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്‍റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"

"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി..  അര മണിക്കോറു മുമ്പ് ങ്ങള് ചായ കുടിച്ചൂലോ ന്നു വെച്ചിട്ടല്ലേ ഞാന്‍ രാമന്‍ വാര്യര്‍ക്ക് മാത്രം  ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേ വരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്നു കഞ്ഞി കുടിച്ചോളീന്‍.. ഞാന്‍ ന്‍റെ തണ്ടലൊന്നു ചായ്ക്കട്ടെ.. നേരം വെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ്‌ നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തു കിട്ട്യാ മത്യാര്‍ന്നൂ.."

"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്‍റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ക്ക്യ്പ്പൊ കാണ്വേം വേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്‍റെ കാര്യോം നോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."

കൃഷ്ണന്‍കുട്ടി അപകര്‍ഷതയില്‍ നിന്നുണ്ടായ കോപം കൊണ്ട് വിറച്ച് അരയില്‍ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത് ഒരു ബീഡിക്ക് തീകൊളുത്തി അകലെ ഇരുള്‍ മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായി നോക്കി കട്ടിളകള്‍ ചിതലരിച്ചു തുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്‍റെ ഉപാസകനെ പോലെ  ഇരുന്നു. വരാന്‍ പോകുന്ന മഴയുടെ മുന്നോടിയായി പാടങ്ങളില്‍ നിന്നും തവളകളുടെ കരച്ചില്‍ ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു. 

ബാല്യകാലം മുതലേ ഒരുമിച്ചു കളിച്ചു വളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേ മുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്‍റെ പ്രധാന ചേരുറവകള്‍ നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി പോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോ ദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും വിരഹം പ്രണയമായും വീണ്ടും തളിര്‍ത്തു പുഷ്പ്പിക്കാന്‍ ക്ഷണിക വേളകളേ വേണ്ടി വരാറുള്ളൂ എന്നു മാത്രം. 

കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്‍റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തെങ്കിലും കൃഷ്ണന്‍കുട്ടി നഖശിഖാന്തം തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയിലായപ്പോള്‍ അച്ഛന്‍ ഒരു നിബന്ധനയില്‍ ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍ പത്തു പൊരുത്തം ഉണ്ടെങ്കില്‍ മാത്രം വേളി നടത്താം. 

ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയ മതിപ്പായിരുന്നു.  

സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടു ജാതകങ്ങളും എടുത്തു കണിയാന്‍ ഭാസ്ക്കരന്റെ വീട്ടിലേക്കു ചെന്നു. എന്നാല്‍ യുവ മിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെത്തന്നെ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞു നില്‍ക്കുന്നത് കണ്ടു കണിയാന്‍ നെറ്റി ചുളിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.  
            
വിഷണ്ണനായി മടങ്ങുന്ന വഴിയില്‍ കണ്ടുമുട്ടിയ ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു ആ ഉപായം പറഞ്ഞു കൊടുത്തത്. ഒരു കുപ്പി ആവി പറക്കുന്ന വാറ്റു ചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളം മതിയായിരുന്നു. 

രണ്ടു പേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണം കഴിഞ്ഞ് ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരി പിറന്നപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നു പോയി... ജീവിതത്തിന്‍റെ തനിയാവര്‍ത്തനമെന്ന പോലെ അവളെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി വന്ന ചെറുക്കനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടെയും കൃഷ്ണന്‍കുട്ടിയുടെയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടി വന്നപ്പോള്‍ ദേവയാനിയും മുന്നോട്ടു വച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു. 

ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന്‍ കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചു ജാതകങ്ങള്‍ വാങ്ങി കൃഷ്ണന്‍കുട്ടി ദേവയാനിയറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാലം ചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക് പണ്ടത്തെപ്പോലെ പൊരുത്തമുണ്ടാക്കിത്തരാന്‍ വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനു കൊടുക്കേണ്ടി വന്നത് അന്ന് അയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന്‍റെ സ്ഥാനത്തു അഞ്ഞൂറ് ഉറുപ്പികയായിരുന്നു. 

തന്റെതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെത്തന്നെയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചു ദൂരെയാണെങ്കിലും വിവാഹം കഴിഞ്ഞ് മകളും മരുമകനും സര്‍വ ഐശ്വര്യങ്ങളോടു കൂടിത്തന്നെ ജീവിക്കുന്നു എന്ന അറിവ്ത് ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയുകയും ചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തു പ്രസക്തി.   

മകളുടെ വിവാഹത്തിനു ശേഷം വീണ്ടും അവര്‍ ഒറ്റയ്ക്കായിട്ട് ഇപ്പോള്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ചട്ടിയും കലവും പരസ്പ്പരം തട്ടിമുട്ടാത്ത ഒരു ദിവസത്തിനു പോലും അപ്പോഴും അവരുടെ ഇടയിലൂടെ കടന്നു പോകാനായിരുന്നില്ല. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും അവ  തകരുകയോ അവയില്‍ വിള്ളലുകള്‍ വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അതിശയം. പാറക്കല്ലുകള്‍ നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹ നദി പ്രതിബന്ധങ്ങളെയെല്ലാം സ്വയം തട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.   

'ഹും.. ഇന്നവളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം.. എന്നത്തെയും പോലുള്ള ഒരു അവഗണനയല്ല ഇന്നു അവള്‍ ചെയ്തിരിക്കുന്നത്.. ആ വാര്യരുടെ മുന്നില്‍ അവള്‍ തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കു ഇനിയും മനസ്സിലായിട്ടില്ല.. അവള്‍ക്കു വേണ്ടി താന്‍ ജീവന്‍ വരെ പണയം വച്ച് കടുത്ത സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരി പോലും വീഴാതെ ഇതേ വരെയും താന്‍ ഞാന്‍ കാത്തിട്ടുമുണ്ട്.. ആ തന്നെയവള്‍............. ഈ അവഗണന തനിക്ക് സഹിക്കാന്‍ വയ്യ.. നാളെ അവള്‍ തന്‍റെ ശവം തന്നെ കണി കാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതി വരികയുള്ളൂ.. കിച്ചന്‍ ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ല..ഹും..' 

ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു. സ്വയം മരണത്തിനു കീഴടങ്ങി തന്‍റെ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 

മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയ കാര്യങ്ങള്‍ വരെ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയില്‍ എത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അതാണല്ലോ അവരുടെ ബാല്യകാലം മുതലുള്ള പൊരുത്തവും..വയസ്സ് അറുപത്തി രണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [പൊസസ്സീവ്നസ്] കഴിയുന്ന മറ്റൊരു ജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ല. തങ്ങള്‍ക്കു വേണ്ടി അവര്‍ സ്വയം നിര്‍മ്മിച്ച അവരുടെ മാത്രം ലോകത്തില്‍ അവര്‍ ഏദെന്‍ തോട്ടത്തിലെ ആദത്തേയും ഹവ്വയേയും പോലെ കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ ഇത്രയും പക്വതയും വിവരവുമുള്ള മറ്റൊരു ജോഡിയും വേറെ ഇല്ല താനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍. 

സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലു പോലും അയവ് വന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ എന്ന ബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെ തട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തു കഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് വന്ന യജമാനനെ കണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്‍റെ നെറ്റിയില്‍ കൈ കൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകി. 

"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു.    

പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് നോക്കി. ദേവയാനി ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും കോപ്പയിലേക്ക് പകരുന്നു. ഈ പാതിരാ നേരത്ത് അവള്‍ കഞ്ഞിയുണ്ടാക്കി കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതം നിരീക്ഷിച്ചു. 

കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്ക് പോകുന്നു. എന്തായിരിക്കും ഇനി ദേവു ചെയ്യാന്‍ പോകുന്നത് എന്നു ചിന്തിക്കുന്നതിനും മുമ്പ് വിളി കേട്ടു.

"കിച്ചാ.. കിച്ചാ.. തെവ്ടെ പ്പോയി കിടക്കാ?.. കിച്ചാ.. കിച്ചാ.. "   

പടിപ്പുരയിലേക്ക്‌ ഓടിച്ചെന്നു അവിടെയെല്ലാം വീക്ഷിച്ചു കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിക്ക് രൂപാന്തരം പ്രാപിച്ച് ഒരു കരച്ചിലിന്‍റെ ഈണമായി. 

'വിളിക്കട്ടെ അവള്‍.. വിളിച്ചു വിഷമിക്കട്ടെ.. എന്നെ വക വയ്ക്കാത്തവളല്ലേ.. ഒന്നു വട്ടം കറങ്ങട്ടെ.. " 

അയാള്‍ മനസ്സില്‍ പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര്‍ ആ മുറ്റം നനയ്ക്കുന്നത് ആലോചിക്കാന്‍ വരെ അയാള്‍ക്ക്‌ ത്രാണിയില്ലായിരുന്നു. 

"എന്താ ദേവൂ... ഞാനിവ്ടെ... പയ്യിന്.........."  

അപകര്‍ഷത സ്ഫുരിച്ച ആ സ്വരം കേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന് കൃഷ്ണന്‍കുട്ടിയുടെ കരം ഗ്രഹിച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു.. 

"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക് ന്‍റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞി വെളമ്പി വച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍ മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്‍റെ പൊന്നല്ലേ ... വായോ... അറിയ്വോ.. ദേ.. വരെ  ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍.."

സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്‍റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.

"നീയ് കഞ്ഞ്യുടിച്ചോ?.. നിന്‍റെ കഞ്ഞിക്കോപ്പ എവിട്യാ?.. " 

കണ്ണുകള്‍ തുടച്ചു കൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു                

"ഇല്ല്യാ.. ന്താ ഒരു കോപ്പ പോരേ?..  ഇക്ക്യു കിച്ചനന്നെ കോര്യന്നാല്‍ മതി... ന്നാലെ ഇപ്പൊ ന്‍റെ വെശ്പ്പ്  മാറൂ..." 

ഈര്‍ക്കില്‍ കൊണ്ട്  കുത്തി പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി അയാള്‍ക്ക്‌ നേര്‍ക്ക്‌ നീട്ടുമ്പോള്‍ തുടുത്ത മുഖത്തോടെ ദേവയാനി പറഞ്ഞു.

- ജോയ് ഗുരുവായൂര്‍ 

വെറുതെ ഒരു ഭര്‍ത്താവ്???????...

നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി ഗ്രാമാതിര്‍ത്തിയിലെ തരിശു നിലങ്ങള്‍ നികത്തിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ കെട്ടിട സമുച്ചയം. അതിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ പണി നടന്നു കൊണ്ടിരിക്കുന്ന നിലയില്‍ നിന്നും കോണിപ്പടികള്‍ ഇറങ്ങി താഴെ എത്തി പോക്കറ്റിലെ തൂവാലയെടുത്ത് മുഖത്തും നെറ്റിയിലും പൊടിഞ്ഞ വിയര്‍പ്പ് ഒപ്പുന്നതിനിടയിലാണ് മൊബൈല്‍ ശബ്ദിച്ചത്.
"ഹും എന്തേയിതു വരെ വിളിക്കാഞ്ഞേ?.. എവിട്യാണാവോ ഈ കറങ്ങി നടക്കണേ?.. ഈയിടെ കുറച്ചു കൂടുന്നുണ്ട്ട്ടോ.. ഇനി നുണയൊന്നും എന്നോട് എഴുന്നെള്ളിക്കാന്‍ നിക്കണ്ടാ.. "
ഭാവന....
ജോലി കഴിഞ്ഞ വഴി വീട്ടിലേക്കു വിളിച്ച് വരുമ്പോള്‍ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കാറുള്ളതാണ്. ഇന്ന് ക്ലയന്റ് ഇന്‍സ്പെക്ട്ടര്‍മാരുടെ ഇന്‍സ്പെക്ഷന്‍ കഴിയാന്‍ അര മണിക്കൂര്‍ വൈകി. അവര്‍ കൂടെത്തന്നെ ഉള്ളപ്പോള്‍ ഭാര്യയെ വിളിച്ച് ഉപ്പിന്‍റെയും മുളകിന്‍റെയുമൊക്കെ വിവരങ്ങള്‍ തിരക്കുന്നതെങ്ങനെ? അതും നന്ദിനി കണ്‍സ്ട്രക്ഷന്‍റെ സീനിയര്‍ പ്രോജക്റ്റ് മാനേജര്‍ ആയ സോമശേഖരന്‍ നായര്‍.. നാണക്കേട്‌.
"ഭവീ.. അത് ഞാന്‍... ക്ലൈന്റ്... "
"മതീ വെളമ്പിയത്.. ഇനിക്കറിയാം എന്താ പറയാന്‍ പോണേന്ന്.. വല്ലാണ്ട് തപ്പിപ്പിടിക്കണ്ടാ.. നാളെ ഞാറാഴ്ച്ച്യാണെന്നു വല്ല ബോധോംണ്ടോ?.. രാഖിയും കെട്ട്യോനും കുട്ട്യോളും ഒക്കെ വരാന്നു പറഞ്ഞത് മറന്നു പോയോ ആവോ?.. എവടെ?.. ഒക്കെ ഈ ഞാനോര്‍മ്മിപ്പിച്ചാല്‍ അവടൊരാള്‍ ചെയ്യും.. അല്ലെങ്കില്‍ സ്വാഹാ.. എന്നായിനി നിങ്ങള്‍ക്കൊരു ബുദ്ധീം ബോധോംക്കെ ഉണ്ടാവാ.. ന്‍റെ ഈശ്വരാ.. എങ്ങനെയാണാവോ ഇങ്ങേര് ഈ എഞ്ചിനീയറിംഗൊക്കെ പാസ്സായേ.. കഷ്ടം.."
"ന്‍റെ ഭവീ.. ഞാന്‍ മറന്നിട്ടില്ല.. നീ തോക്കില്‍ കേറി വെടി വയ്ക്കാതെ .. ചിക്കന്‍ പുലാവ് വയ്ക്കാനുള്ള സാധനങ്ങളും പിന്നെ പുഡിംഗ് ഉണ്ടാക്കാനുള്ള മിക്സും ഒക്കെ വാങ്ങാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്.. വാങ്ങി വരാം പോരേ?.. "
"ഭവീ.. കുവീ... ന്നാ പിന്നെ കറങ്ങി നടക്കാതെ അതൊക്കെ വാങ്ങി വേഗംങ്ങട് പോരേ.. ങാ പിന്നേയ്.. വരണ വഴി ഇന്നലെ സൌമ്യെടെ കടേല് സൈസാക്കാന്‍ കൊടുത്ത ആ ചുരിദാര്‍ വാങ്ങാന്‍ മറക്കണ്ടാ.. ഇനി അതും മറന്നോണ്ടിങ്ങട് വാ.. വന്നവഴി ഞാന്‍ തിരിച്ചോടിക്കും.. പറഞ്ഞേക്കാം ഹും.. നാളെ അവരൊക്കെ വരുമ്പോള്‍ പഴയതുമിട്ടു നിക്കാന്‍ എന്നെക്കിട്ടില്ല.."
ഈര്‍ഷ്യയോടെ ഫോണ്‍ കട്ട് ചെയ്ത് സാധാരണയില്‍ കവിഞ്ഞ ഊക്കോടെ തന്‍റെ പഴഞ്ചന്‍ സ്കൂട്ടറിന്‍റെ കിക്കറില്‍ ആഞ്ഞൊരു ചവിട്ട്.. പാവം ബജാജ് സ്കൂട്ടര്‍... അപ്രതീക്ഷിതമായി ചെകിടത്ത് ഒരടി കിട്ടി ഞെട്ടിത്തരിച്ചെന്നോണം സൈലന്‍സറിലൂടെ ഏറുപടക്കം പൊട്ടുന്ന ഒരു ശബ്ദവും പുറപ്പെടുവിച്ചു കൊണ്ട് സ്റ്റാര്‍ട്ടായി കട്ടപ്പുകയും തുപ്പി നിന്നു വിറച്ചു. പിറുപിറുത്തു കൊണ്ട് ഒരു മയവുമില്ലാതെ ഗിയര്‍ വലിച്ചിട്ട് ഫോര്‍മുല വണ്‍ റേസില്‍ പങ്കെടുക്കുന്നവരുടെ പോലെ എഞ്ചിനീയര്‍ സോമശേഖരന്‍ പൊട്ടിപ്പൊളിഞ്ഞ ആ റോഡിലൂടെ മാര്‍ക്കറ്റ് ലക്ഷ്യമാക്കി വെടിച്ചില്ല് കണക്കെ പാഞ്ഞു.
റെയില്‍വേ ഗുമസ്തനായിരുന്ന രാജഗോപാലന്‍ നായരുടെ ആറുമക്കളില്‍ ഏക ആണ്‍തരിയായിരുന്നു സോമശേഖരന്‍. മുതിര്‍ന്ന മൂന്നു പെണ്മക്കളെയും വസ്തുവകകള്‍ പണയം വച്ചും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തുമൊക്കെ അച്ഛന്‍ വിവാഹം കഴിപ്പിച്ചു അയച്ചു. സോമശേഖരനെ ഒരു സിവില്‍ എഞ്ചിനീയറാക്കുകയെന്നത് രാജഗോപാലന്‍ നായരുടെ ജീവിതാഭിലാഷമായിരുന്നു. കടബാദ്ധ്യതകള്‍ ഫണം വിരിച്ചു മുന്നില്‍ നിന്ന് ആടിക്കൊണ്ടിരുന്നിട്ടും ആ ലക്ഷ്യത്തില്‍ നിന്നും അദ്ദേഹം പിന്മാറിയില്ല. സോമശേഖരന്‍ എഞ്ചിനീയറിംഗ് നല്ല മാര്‍ക്കോടെ പാസ്സായി ഒരു ഇടത്തരം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. കടങ്ങള്‍ വീട്ടാനുള്ള സമ്മര്‍ദ്ദങ്ങള്‍ എറിവന്നപ്പോള്‍ രാജഗോപാലന്‍ നായര്‍ കണ്ടുപിടിച്ച പോംവഴിയായിരുന്നു നല്ല സ്ത്രീധനം വാങ്ങി സോമശേഖരനെ വിവാഹം കഴിപ്പിക്കുകയെന്നത്. തരക്കേടില്ലാത്ത ഒരു നായര്‍ തറവാട്ടില്‍ നിന്നുമുള്ള വിവാഹാലോചന തരപ്പെടുത്തി അവരില്‍ നിന്നും ഭീമമായ ഒരു തുക സ്ത്രീധനവും വാങ്ങി സോമശേഖരന്റെ വിവാഹം നടത്തി കടബാദ്ധ്യതകള്‍ ഏറിയ പങ്കും വീട്ടി ആശ്വസിക്കുമ്പോള്‍ ആയിരുന്നു രംഗബോധമില്ലാത്ത കോമാളിയായി വന്ന അകാലമരണം രാജഗോപാലനെ കീഴടക്കിയത്.
സര്‍വീസില്‍ നിന്നും പിരിയാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെയുള്ള മരണം ആയതിനാല്‍ രാജഗോപാലന്‍ നായരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ വച്ച് നീട്ടിയ ക്ലാര്‍ക്ക് ജോലി പഠിപ്പ് കഴിഞ്ഞ് നിന്നിരുന്ന തന്‍റെ അവിവാഹിതയായ സഹോദരിക്ക് സോമശേഖരന്‍ നല്‍കി. അതോടെ അവള്‍ക്കു നല്ല വിവാഹാലോചനകള്‍ വരികയും വിവാഹവും കെങ്കേമമായി നടക്കുകയും ചെയ്തു. പിന്നെയുള്ളത് ഒരു സഹോദരി.. പഠിക്കാന്‍ മിടുക്കിയായ അവള്‍ സ്കോളര്‍ഷിപ്പോടെ ബാംഗളൂരിലെ ഒരു ഗവേഷണ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ അവളുടെയും വിവാഹം കഴിപ്പിച്ച് അയക്കേണ്ടതുണ്ട്.
കുടുംബത്തില്‍ കുമിഞ്ഞു കൂടിയ പ്രാരാബ്ദങ്ങള്‍ എളുപ്പവഴിയില്‍ കൈകാര്യം ചെയ്തു പരിഹരിക്കുവാന്‍ വിവാഹക്കമ്പോളത്തില്‍ നല്ല വിലയ്ക്ക് വില്‍ക്കപ്പെട്ട സോമശേഖരന്‍ ഫലത്തില്‍ തന്‍റെ അടിമജീവിതത്തിലേക്ക് കാല്‍വയ്പ്പ്‌ നടത്തുകയായിരുന്നു. സ്ത്രീധനമായി കിട്ടിയ വന്‍തുകയും കുറെ ആഭരണങ്ങളും സഹോദരിമാരുടെ വിവാഹം നടത്താനുള്ള തുകയ്ക്കായി പണയം വച്ചിരുന്ന വസ്തുവകകളുടെ ആധാരം വീണ്ടെടുക്കാനും മറ്റു സാമ്പത്തീക ബാദ്ധ്യതകള്‍ തീര്‍ക്കാനുമൊക്കെ ഉപയോഗിച്ചതിനാല്‍ ഇപ്പോള്‍ സോമശേഖരന്‍ ഭാര്യയോട് അധികം തറുതലയൊന്നും പറയാന്‍ മുതിരാത്ത അവരുടെ ഉത്തരവുകള്‍ ശിരസ്സാവഹിക്കുന്ന ഒരു അടിമയാകുന്നു. സഹികെട്ട് എന്തെങ്കിലും അവളോട്‌ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ തന്‍റെ അച്ഛന്‍ തന്ന സ്ത്രീധനത്തിന്‍റെ കാര്യം എടുത്തിട്ട് സോമശേഖരന്റെ നാക്കിനെ പുറത്തേക്കു നീട്ടിയപോലെ തന്നെ ഞൊടിയിടയില്‍ അകത്തേക്ക് തള്ളിവിടാനും ഭാവനയ്ക്ക് നന്നായി അറിയാം..
സ്വന്തം കുടുംബത്തിനും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി, ജീവിതം തന്നെ പണയവസ്തുവാക്കേണ്ടി തനിക്കു വന്ന ഈ നിസ്സഹായാവസ്ഥ മൂലം സഹോദരിമാര്‍ അടക്കമുള്ള സ്വന്തം ആളുകളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന പഴികള്‍ അതിലേറെ അസ്സഹനീയം..
"അവന്‍ വെറുമൊരു പെണ്‍കോന്തനാ... "
തന്‍റെ ദുര്‍വിധിയെ പഴിച്ചു കൊണ്ട് യാന്ത്രീകമായി സോമശേഖരന്‍ കടകള്‍ കയറിയുമിറങ്ങിയും സാധനങ്ങള്‍ വാങ്ങി.
സ്കൂട്ടറിലേക്ക് കയറാനൊരുങ്ങുമ്പോള്‍ ആണ് ഭാര്യയെ ഒന്നുകൂടി വിളിക്കാം എന്ന് തോന്നിയത്. അല്ലെങ്കില്‍ ഇനിയും വല്ലതും വാങ്ങാനായി അവളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ തനിക്കു ഉടനെ തന്നെ തിരിച്ചു വരേണ്ടി വരും. ഇപ്പോള്‍ വച്ച വാഴ ഇപ്പോള്‍ തന്നെ കുലയ്ക്കണം എന്ന ശാഠ്യം ആണവളുടെ. പെട്രോളിന്റേയും സമയത്തിന്റേയും വില അവള്‍ക്കറിയില്ല.
"ഭവീ... എല്ലാം വാങ്ങിക്കഴിഞ്ഞു.. ഇനിയെന്തെങ്കിലും വാങ്ങാനുണ്ടോ? ഞാന്‍ ഇവിടെ നിന്നും പുറപ്പെടാന്‍ പോവാണ് "
"ഹൂ.. ഇപ്പോഴും അവിട്യന്നെ നിക്കാണോ? ഒന്നു വേഗം വരാന്‍ നോക്കാതെ.. മോന് ടീച്ചര്‍ ഒരു പ്രോജെക്റ്റ്‌ ചെയ്യാനായി കൊടുത്തിട്ടുണ്ട്... എന്നെക്കൊണ്ടൊന്നും വയ്യാ അവനു പറഞ്ഞു കൊടുക്കാന്‍.. അച്ഛനെയും കാത്തവന്‍ നിക്കാന്‍ തുടങ്ങിയിട്ട് നേരമെത്ര്യായീന്നറിയോ? വന്നു വന്നിപ്പോള്‍ വീട്ടിലേക്കു വരണംന്നുള്ള ചിന്തയേ ഇല്ല്യാതായിരിക്കുന്നു.. ഹും.."
വിളിച്ചതൊരു പാരയായല്ലോ ഭഗവാനേ എന്നു സ്വയം പഴിച്ച് വീട്ടിലേക്ക്.. പോകുന്ന വഴിക്ക് സൗമ്യയുടെ ടൈലറിംഗ് ഷോപ്പില്‍ വെട്ടിച്ചുരുക്കി ഫേഷന്‍ ആക്കാന്‍ കൊടുത്തിരുന്ന പുതിയ ചുരിദാര്‍ വാങ്ങാന്‍ വേണ്ടി കയറിയപ്പോള്‍ സൌമ്യ അവിടെ ഇല്ല. അല്‍പ്പനേരം കാത്തു നില്‍ക്കാന്‍ അവിടത്തെ ജോലിക്കാരി പറഞ്ഞപ്പോള്‍ അവിടെയുള്ള ബെഞ്ചില്‍ ഇരുന്നു.
അരമണിക്കൂറായിട്ടും കാണാതിരുന്നപ്പോള്‍ വീണ്ടും അയാളുടെ ഫോണില്‍ ഭാവനയുടെ വിളി വന്നു.
"എന്താ മനുഷ്യാ നിങ്ങള്‍ എവിടെ പോയി കിടക്ക്വാ?.. "
"ഭവീ ഞാന്‍ സൗമ്യയുടെ കടയില്‍ ഇരിക്കുകയാണ്... അവള്‍... "
"ങാ .. അത് ശരി.. എനിക്ക് മുമ്പേ ഒരു സംശയം തോന്നിയതാ... എന്താ അവളുമായി ഇത്ര ആടല്‍?.. അവളെ കാണുമ്പോഴൊക്കെ ഒരു കുഴച്ചിലും പറച്ചിലും... എനിക്കൊന്നും മനസ്സിലാവ്ണില്ല്യാന്ന് കരുതണ്ടാ... ഹും.."
"അല്ല ഭവീ... അവളിവിടെ ഇല്ലാ.. ഇപ്പൊ വരും... ഇത് വാങ്ങിയില്ലെങ്കില്‍ പിന്നെയും എനിക്ക് തിരിച്ചു വരേണ്ടി വരില്ല്യെ? അതോണ്ട്.... "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനും മുമ്പേ ഭാവന ദേഷ്യത്തോടെ ഫോണ്‍ കട്ട് ആക്കി.
'ഹോ.. ഇന്ന് തന്‍റെ ദിവസം മോശം തന്നെ... ഈ പോകുന്ന പോക്കില്‍ സ്കൂട്ടറില്‍ വല്ല പാണ്ടി ലോറിയും തട്ടി ചത്താലും വേണ്ടില്ലാ..' അയാള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.
വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ പതിവ് പോലെ ഗേറ്റ് അടഞ്ഞു തന്നെ കിടക്കുന്നു. അകത്തു നിന്നും ടീവി സീരിയലിന്‍റെ ശബ്ദം.. അകത്തു നിന്നും ആരെങ്കിലും വന്നു ഗേറ്റ് തുറക്കാനായി ഹോണ്‍ അടിച്ചു പോയാല്‍ തീര്‍ന്നു..
"പിന്നേ.. ഇവിടെ വേലക്കാരെ വല്ലോരേം വച്ചിട്ടുണ്ടോ ഹോണടിക്കുമ്പോള്‍ വന്നു തുറക്കാന്‍... വേണെങ്കില്‍ തുറന്നു വന്നാല്‍ മതി..."
തന്നോടുള്ള അവളുടെ ശീല്‍ക്കാരം കേട്ട് ഉമ്മറത്ത് പുസ്തകത്തിലേക്ക് തല താഴ്ത്തിയിരിക്കുന്ന നന്ദു മോന്‍ പോലും അപ്പോള്‍ ഒന്നു തലയുയര്‍ത്തി നോക്കില്ല.
സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ വച്ച് ഗേറ്റ് തുറന്നു അകത്തു കയറി. സ്കൂട്ടര്‍ അകത്തേക്ക് കടത്തി ഗേറ്റ് അടച്ചു. സഞ്ചികളിലെ സാധനങ്ങള്‍ അകത്തേക്ക് ഒറ്റയ്ക്ക് തന്നെ കൊണ്ട് പോകണം. അത് കൂടാതെ എല്ലാം അതാതിന്‍റെ പാത്രങ്ങളില്‍ നിക്ഷേപിക്കേണ്ട ജോലിയും ഉണ്ട്. ടീവി സീരിയലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭാവന അനങ്ങാപ്പാറ പോലെയാണ്. ആന വിരണ്ടു വരുന്നു, അല്ലെങ്കില്‍ ഭൂമി കുലുങ്ങുന്നു, അതുമല്ലെങ്കില്‍ ആരെങ്കിലും വടിയായി എന്ന് കേട്ടാല്‍ വരെയും ആ ഇരിപ്പിന് വലിയ മാറ്റം ഉണ്ടാവില്ല.
പതിവുപോലെ തീന്‍ മേശയില്‍ തണുത്തൊരു ഗ്ലാസ് കാപ്പിയും അതിനടുത്ത് കാപ്പി കുടിച്ച് കഴുകാതെ വച്ച രണ്ടു ഗ്ലാസുകളും. ഭാവന നന്നായി കാപ്പിയും ചായയും ഒക്കെ ഉണ്ടാക്കും.. പക്ഷെ അവള്‍ക്കു നല്ല മൂഡ്‌ തോന്നണം എന്ന് മാത്രം. ഉണ്ടാക്കുമ്പോള്‍ മകനും തനിക്കും കൂടി മൂന്നു ഗ്ലാസ് ഉണ്ടാക്കും.. അവര്‍ അത് കുടിച്ചു ഗ്ലാസ് മേശയില്‍ തന്നെ വച്ച് അവരുടെ പരിപാടികളില്‍ വ്യാപൃതരാവും. സോമശേഖരന്‍ എത്തുമ്പോഴേക്കും കാപ്പി തണുത്തു പച്ചവെള്ളം പോലെ ആയിരിക്കും എങ്കിലും "ഇതാണ് വെള്ളക്കാരോക്കെ കഴിക്കുന്ന കോള്‍ഡ് കോഫീ" എന്ന ഭാവേന ഒരൊറ്റ വലിയ്ക്കത് അകത്താക്കുകയാണ് ശീലം.
വലിയ പാചകറാണിയൊക്കെയാണ് ഭാവനയെങ്കിലും അടുക്കളയില്‍ കയറുന്നത് സോമന് വയ്യാതാകുമ്പോള്‍ മാത്രം.. അല്ലെങ്കില്‍ അവളുടെ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളും ബന്ധുക്കളും ഒക്കെ വരുമ്പോള്‍.. അവള്‍ ഉണ്ടാക്കിയ ഒരു ഐറ്റം പോലും രുചിയുള്ളതായി അയാള്‍ക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല. പാചകം ചെയ്യുമ്പോള്‍ രുചിയ്ക്കും കഴിക്കുന്നവരുടെ സംതൃപ്തിയ്ക്കും വേണ്ടി മസാലക്കൂട്ടുകള്‍ക്കൊപ്പം അല്‍പ്പം സ്നേഹം കൂടി ചേര്‍ക്കണം എന്നത് ഹോട്ടല്‍ മാനേജ്മെന്റ്റ് കോഴ്സില്‍ ചിലപ്പോള്‍ അവളെ പഠിപ്പിച്ചിരിക്കില്ല.
ഭാര്യയും മകനും ഭാര്യവീട്ടില്‍ പോയ ദിവസങ്ങളില്‍ സോമന് ആശ്വാസം ആണ്. ടോയിലറ്റിലെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബ്രാണ്ടിക്കുപ്പിയില്‍ നിന്നും രണ്ടെണ്ണം വീശി, തൊടിയില്‍ നിന്നും കാ‍ന്താരി മുളക് പൊട്ടിച്ചു ശകലം ഉപ്പും പുളിയും ചേര്‍ത്തു തെരങ്ങി നല്ല ചൂട് കഞ്ഞിയുടെ കൂട്ടത്തില്‍ തൃപ്തിയോടെ കഴിക്കുമ്പോള്‍ അയാള്‍ മനസ്സില്‍ തെളിയുന്ന ഗതകാല ഗൃഹാതുരതകളുടെ വളഞ്ഞു പുളഞ്ഞ ചുരങ്ങളിലൂടെ അനന്തമായി യാത്ര ചെയ്യും.
അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കില്‍ എച്ചില്‍ പാത്രങ്ങള്‍ക്ക് ഒരു കുറവുമില്ല. ഡ്രസ്സ്‌ മാറ്റി വന്ന് അതൊക്കെ കഴുകുന്ന നേരത്ത് സീരിയലിന്‍റെ ഏതെങ്കിലുമൊരു ഇടവേളയില്‍ ഭാവന സോമന്‍റെ അടുത്തു വരും.
"ഇന്നെന്താണാവോ തട്ടിക്കൂട്ടുന്നേ?.. മോന് ഇന്ന് മീന്‍ കറി മതി എന്ന് പറയുന്നു. അന്നത്തെ പോലെ എരിവ് കൂടുതല്‍ വേണ്ടാ.. മനുഷ്യര്‍ക്ക്‌ കഴിക്കാനുള്ളതാണെന്ന ബോധം വേണം.. ഹും.." എന്നിങ്ങനെ സോമനോട് എന്തെങ്കിലും പറയും. പിന്നെ കുറച്ചു ഉള്ളിയും പച്ചമുളകും ഇഞ്ചിയും ഒക്കെ എടുത്തു ടീവി ഹാളില്‍ പോയിരുന്നു അവ തൊലി കളഞ്ഞതിനു ശേഷം ഒരു കറി വച്ച ഭാവത്തോടെ അത് തീന്‍ മേശയില്‍ കൊണ്ട് വന്നു വച്ച് അവള്‍ വീണ്ടും ടീവീ പ്രോഗ്രാമുകളില്‍ അല്ലെങ്കില്‍ ഫോണ്‍ വിളികളില്‍ മുഴുകും.
ഒമ്പത് മണിക്കുള്ളില്‍ ഭക്ഷണം തയ്യാറായിരിക്കണം. പാചകം കഴിഞ്ഞ് തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്ക് കയറുമ്പോള്‍ എതിരേല്‍ക്കുന്നത് മുഷിഞ്ഞ തുണികള്‍ കുത്തി നിറച്ച ബക്കറ്റുകള്‍ ആയിരിക്കും. എല്ലാ ദേഷ്യവും സങ്കടവും ആ തുണികളോട് തീര്‍ക്കുന്നത് പോലെ അവ നല്ലവണ്ണം കുത്തിക്കഴുകും. കുളിയും കഴിഞ്ഞു അടുക്കള മുറ്റത്തെ അഴയില്‍ തുണികള്‍ വാര്‍ക്കാനിടുന്ന നേരത്ത് ചില ദിവസങ്ങളില്‍ വീണ്ടും അവള്‍ പ്രത്യക്ഷപ്പെടും. അയല്‍പക്കത്തെ അടുക്കള മുറ്റത്ത് ഉലാത്തുന്ന തരുണീമണികളിലെങ്ങാനും ഇദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഉടക്കുന്നുണ്ടോ എന്നറിയാന്‍ ഒരു മിന്നല്‍ പരിശോധന.
അത്താഴം കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വരുമ്പോഴേക്കും ഭാവന കിടപ്പുമുറിയില്‍ ശയനം തുടങ്ങിയിരിക്കും. തന്നിലെ പൌരുഷത്വത്തെ അവള്‍ സ്വമനസ്സാല്‍ അംഗീകരിക്കുന്ന ചില അപൂര്‍വ്വ യാന്ത്രീക നിമിഷങ്ങള്‍ അവള്‍ക്കു സമ്മാനിച്ച ശേഷം തിരിഞ്ഞു കിടക്കുമ്പോള്‍ അവളുടെ തടിച്ചു കൊഴുത്ത ശരീരത്തില്‍ നിന്നുമുയരുന്ന കൂര്‍ക്കം വലികള്‍ ഒരു പശ്ചാത്തല സംഗീതം പോലെ അയാളുടെ നിദ്രാദേവി കടാക്ഷത്തിനു വിഘാതം സൃഷ്ടിച്ചു കൊണ്ട് ഭീകരമായി ഉയരുന്നുണ്ടാവും..
- ജോയ് ഗുരുവായൂര്‍

മഴയൊന്നിങ്ങെത്താനായ്...

മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
മാമലയേറിയിറങ്ങിയണഞ്ഞീടും തെന്നലി-
ലുലയുമോലകള്‍ തന്‍ ശീല്ക്കാരങ്ങള്‍..
വട്ടമിട്ടുന്മത്തരായി മലര്‍വാടികളില്‍,
മൂളിപ്പാറി മദിച്ചീടും വര്‍ണ്ണത്തുമ്പികള്‍..
മാനത്തെയിരുള്‍ കണ്ടു പാറല്‍ നിര്‍ത്തി,
കലപില കൂട്ടി കൂട്ടിലണയും പറവകള്‍..
പുറ്റുകള്‍ പൊട്ടിച്ചു പറക്കുമീയലുകള്‍..
തവളകള്‍ മുറവിളി കൂട്ടും വയലേലകള്‍..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
പരല്‍മീന്‍ തുടിപ്പിനായ് മരുവും തോടുകള്‍
കവിഞ്ഞൊഴുകാന്‍ മോഹിച്ചീടുമരുവികള്‍
പൊട്ടി മുളയ്ക്കാന്‍ മണ്ണിലുറങ്ങും വിത്തുകള്‍
മാരിയിലണയാന്‍ ജ്വലിച്ചീടുമീ ഗ്രീഷ്മവും..
വേഴാമ്പല്‍ മനവുമായ് നീറിയ പാടങ്ങള്‍..
മാരിയിലാറാടാന്‍ മോഹിക്കും സസ്യങ്ങള്‍..
സ്വര്‍ണ്ണച്ചാമരം വീശാന്‍ കണിക്കൊന്നകള്‍..
കാറ്റിലാടി സ്വാഗതമോതാന്‍ മാമ്പഴങ്ങള്‍..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
കടലാസു തോണിയിറക്കിക്കളിക്കുവാന്‍,
വെമ്പീടും പൈതലിന്‍ ഉത്കണ്ഠകള്‍..
നിലമുഴുതീടുവാന്‍ വിത്തു വിതയ്ക്കുവാന്‍,
കാത്തങ്ങിരുന്നീടും സാധുവാം കര്‍ഷകര്‍..
കൈക്കുടന്നയില്‍ കുളിര്‍ കോരിക്കൊണ്ടും
കാര്‍മേഘ ശകലങ്ങള്‍ക്കിടയില്‍ കളിച്ചീടും
വരുണ കുമാരാ.. മാരിവില്ലിന്നേഴു നിറങ്ങള്‍
നെറ്റിയില്‍ തിലകമാക്കിയിങ്ങു ദ്രുതമണയൂ..
മഴയൊന്നിങ്ങെത്താനായ് ഞാന്‍ കൊതിച്ചു
ഒരു മഴവില്ലു കാണാന്‍ കൊതി ച്ചൂ...
- ജോയ് ഗുരുവായൂര്‍

നീലക്കുറിഞ്ഞികള്‍ പൂത്ത രാവില്‍...


ഗ്രീക്ക് നഗരമായ എദെന്‍സിലെ ഒരു കത്തീഡ്രല്‍ ചര്‍ച്ചിന്‍റെ സെമിത്തേരിയിലെ കല്ലറ ഭേദിച്ച് ഒരു സൈദ്ധാന്തികന്റെ അസ്വസ്ഥമായ ആത്മാവ് ആര്‍ഷ ഭാരത സംസ്കൃതികള്‍ നേരിട്ട് അനുഭവവേദ്യമാക്കുന്നതിനു വേണ്ടി ഭാരതം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു...
************************************
"ജയന്‍ മാഷേ.. സത്യം പറഞ്ഞാല്‍ ഈ നിമിഷങ്ങളില്‍ എന്നിലുണരുന്നത് അധമ വികാരമായ അസൂയയാണ്. മാഷിനെപ്പോലൊരു മഹാനുഭാവന്‍റെ ഭാര്യാപദം അലങ്കരിക്കാന്‍ യോഗമുണ്ടായ അമ്പിളിച്ചേച്ചിയെ ഞാന്‍ ഭാഗ്യവതി എന്നു വിളിച്ചോട്ടേ?.."
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു കിടക്കുന്ന നീലഗിരിയുടെ താഴ്വരയിലുള്ള ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ ശയിച്ച ജയദേവന്റെ നെറ്റിയില്‍ പുറത്തെ മരംകോച്ചുന്ന തണുപ്പിലും പൊടിഞ്ഞ ചെറു വിയര്‍പ്പുകണങ്ങള്‍ കൈകൊണ്ടു തുടച്ചു കൊണ്ട് രേഷ്മ പറഞ്ഞു.

"എന്‍റെ രേഷ്മാ..പൂത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍ക്ക് കുട പിടിക്കുന്നൊരു നീല നിലാവില്‍ കണ്ടുമുട്ടണം എന്നത് എന്നും നിന്‍റെ മനസ്സിനെ മദിപ്പിച്ചിരുന്ന ഒരു സ്വപ്നമായിരുന്നു. അതിന്‍റെ പൂര്‍ണ്ണതയുടെ ഭാഗമായി നിന്നിലലിഞ്ഞു കിടക്കുന്ന ഈ നിമിഷങ്ങളെ എനിക്ക് അഭിശപ്തമെന്നേ വിളിക്കാനാവുന്നുള്ളൂ പ്രായത്തില്‍ എന്‍റെ മകളെക്കാളും രണ്ടു മൂന്നു വയസ്സ്.. അത്രയല്ലേ ഒള്ളൂ നിനക്ക്?.. ഹോ കഷ്ടം... ഓര്‍ക്കുമ്പോഴേ ഞാന്‍ തകര്‍ന്നു പോകുന്നു പ്രിയ സുഹൃത്തേ.."
"എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നേ?.. വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ. തിങ്ക്‌ പോസിറ്റീവ്.. മാഷിന്‍റെ ചിന്തകളും ചെയ്തികളും - ഒരു അവലോകനം എന്ന സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് മറന്നുവോ?.. 'നമ്മളറിയാതെ നമ്മളില്‍ ഒന്നും സംഭവിക്കുന്നില്ല....നമ്മള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നമ്മളെ നന്നായി അറിയുന്നു. നമ്മുടെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് നമ്മള്‍ ചെയ്യേണ്ടത്. അതാണ്‌ നമ്മുടെ ശരി. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നിയേക്കാം...നമ്മുടെ പ്രവൃത്തി മൂലം മറ്റുള്ളവര്‍ സന്തോഷഭരിതരാവുന്നുണ്ടെങ്കില്‍ അതാണ്‌ യഥാര്‍ത്ഥ പുണ്യ പ്രവൃത്തി'... ഇതൊക്കെ എഴുതിയ മഹാപ്രതിഭയ്ക്ക് ഇത്രയും ഖിന്നനാകാന്‍ സാധിക്കുമോ?.. കഷ്ടം,.. ഇന്ന് എന്‍റെ മനസ്സാക്ഷി ഏറ്റവും കൂടുതല്‍ സന്തോഷിച്ച അപൂര്‍വ്വ നിമിഷങ്ങള്‍ എനിക്കേകിയത് എന്‍റെ മാഷല്ലേ?.. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ച ഈ അസുലഭ നിമിഷങ്ങള്‍ക്ക് ഞാന്‍ മാഷിനോട് കടപ്പെട്ടിരിക്കുന്നു."
"രേഷ്മാ.. സ്വന്തം തത്വശാസ്ത്രങ്ങള്‍ പരാജയപ്പെടുന്ന ബലഹീന നിമിഷങ്ങളും മനുഷ്യ മനസ്സിനെ ചിലപ്പോഴൊക്കെ കീഴ്പ്പെടുത്തി ഭരിക്കാറുണ്ട്. മനസ്സാക്ഷിക്കുത്ത് എന്നൊക്കെ വിളിക്കുന്ന പശ്ചാത്താപ ചിന്തകള്‍ ഏതു നിമിഷവും പ്രത്യയ ശാസ്ത്രങ്ങളാല്‍ ജീവിക്കപ്പെടുന്ന അമാനുഷ്യ മനസ്സുകളെയും പിടിച്ചുലച്ചേക്കാം. അതിനൂതനമായ ചിന്തകളും ആശയങ്ങളും സ്വപ്നം കാണുകയും എഴുത്തുകളിലൂടെ പ്രസരിപ്പിക്കുകയും ചെയ്യുന്ന മനസ്സുകള്‍ അത് സമൂഹത്തില്‍ പ്രാവര്‍ത്തികമാകപ്പെടുന്ന സായൂജ്യ സന്ദര്‍ഭങ്ങള്‍ സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അതേ ആശയസംഹിതകള്‍ പത്തി വിടര്‍ത്തി തന്നിലേക്ക് തന്നെ പാഞ്ഞടുക്കുന്ന വേളയില്‍ അവര്‍ പതറിപ്പോകുന്നു. ഇപ്പോള്‍ ഞാനും അത്തരം ഒരു മാനസീക നിസ്സഹായാവസ്ഥയെ തരണം ചെയ്യാന്‍ പാടുപെട്ടു കൊണ്ടിരിക്കുന്നു. കണ്ടില്ലേ എന്‍റെ ഹൃദയം ശക്തമായി മിടിക്കുന്നത്‌?... എന്‍റെ കൈകാലുകളില്‍ നേരിയൊരു വിറയല്‍ ബാധിച്ചിരിക്കുന്നതായും ഞാനറിയുന്നു."
"മാഷേ.. ഇന്റര്‍നെറ്റ്‌ എന്ന മാസ്മരീക ലോകത്തില്‍ അവിചാരിതമായി കണ്ടുമുട്ടി ഇതേ വരെ ഹൃദയവും മനസ്സും പങ്കിട്ടവരാണ് നമ്മള്‍. മാഷിന്‍റെ എഴുത്തുകളെയായിരുന്നു അവയുടെ രചയിതാവാരെന്നു ഓര്‍ക്കാതെ ഞാന്‍ പ്രണയിച്ചിരുന്നത്. ആ ഓരോ വരികളും അസംതൃപ്തമായ എന്‍റെ മനസ്സ് തേടി നടന്ന അമൂല്യ സൂക്തങ്ങളായിരുന്നു!... അറിഞ്ഞോ അറിയാതെയോ അനവസരോചിതമായി എന്‍റെ മനസ്സിനെ ഞാന്‍ ആ മാസ്മരീകത വഴിഞ്ഞൊഴുകുന്ന കുറിപ്പുകള്‍ക്ക് അടിമപ്പെടുത്തി. ലൌകീക ജീവിതം എന്ന ആശയം എന്നേ മനസ്സില്‍ നിന്നും തുടച്ചു നീക്കിയിരുന്നവള്‍ ആയിരുന്നു ഞാന്‍. എന്തിനാണ് മറ്റൊരാളുടെ നിയതിക്ക് അടിമപ്പെട്ടു നമ്മുടെ മാത്രമായ സ്വതന്ത്ര ചിന്തകളെ ചങ്ങലക്കിട്ടു കൊണ്ട് പാരതന്ത്ര്യത്തിന്‍റെ പടുകുഴിയിലേക്ക് സ്വയം അവരോഹിതരാവുന്നത്? ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ക്ഷണികമായ ഈ ജീവിത യാത്രയില്‍ ആര്‍ക്കും വ്യക്തിത്വം പണയം വച്ചു കൊടുത്തുകൊണ്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മാഷിന്‍റെ പൂര്‍ണ്ണകായ വ്യക്തിത്വത്തിന് സ്വയം വിധേയയായി ഇതേ വരെ എന്നെ നയിച്ച ചില തത്വശാസ്ത്രങ്ങള്‍ മോഹലാസ്യപ്പെട്ടു കിടക്കുന്ന ഈ നിമിഷം വരെ.... കാലങ്ങളായി മനസ്സിന്‍റെ മൂശയില്‍ ഉരുക്കിയെടുത്ത എന്‍റെ ആശയങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചെന്നു ഞാന്‍ ഇപ്പോഴും കരുതുന്നില്ല. കാലത്തിനനുസരിച്ച് ആശയങ്ങളും തത്വസംഹിതകളും മാറേണ്ടതുണ്ട്. ഒന്നുകില്‍ അവ സ്വയം തന്നെ മാറും അല്ലെങ്കില്‍ നാം തന്നെ മാറ്റണം. എനിക്ക് തെല്ലും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല മറിച്ച് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഞാന്‍ തടങ്കലിലാക്കി വച്ച എന്‍റെ ലൌകീക മോഹങ്ങളെ ആവശ്യത്തിലധികം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നോ എന്നിലെ സ്വേച്ഛാധിപതി എന്നു ഞാനിപ്പോള്‍ സംശയിക്കുന്നു. ദേഹവും ദേഹിയും രണ്ടു വിഭിന്ന മാനസീക ധ്രുവങ്ങളില്‍ നിന്നും പതിയേ ആകര്‍ഷിതരായി സമീപസ്ഥരായി ഒന്നൊന്നില്‍ അലിഞ്ഞു ചേരുന്ന നിമിഷങ്ങളാണ് മനുഷ്യജീവിതത്തിലെ ധന്യ നിമിഷങ്ങള്‍ എന്നു വാഴ്ത്താവുന്നവ. ദേഹത്തിന്‍റെ ആവശ്യങ്ങള്‍ അപ്പോള്‍ ദേഹിയുടെയും സാക്ഷാല്‍ക്കാരം തേടുന്ന ആഗ്രഹങ്ങളായി മാറുന്നു. പിന്നെ ആ കൂട്ടുകെട്ടിനെ നയിക്കുന്നത് ദേഹിയായിരിക്കും. സമാനതകള്‍ തേടിയുള്ള ഒരു അശ്വമേധം.. എന്‍റെ ദേഹവും ദേഹിയും ഇന്ന് അങ്ങയുടെ അസംതൃപ്തമായിരുന്ന ദേഹദേഹിദ്വയങ്ങളുടെ ശക്തമായ കരവലയത്തിലമര്‍ന്നു ഒത്തിരി സന്തോഷിക്കുന്നു. നന്ദി.. നന്ദി.."
"രേഷ്മാ.. മനശ്ശാസ്ത്രത്തില്‍ നിനക്ക് ഡോക്ട്ടറേറ്റ് തന്ന സര്‍വകലാശാലയെ വാഴ്ത്തട്ടെ. വസ്തുതകളോടുള്ള കാര്യമാത്രപ്രസക്തമായ നിന്‍റെ ഈ സമീപനം തന്നെയാണ് എന്നെ നിന്‍റെ അപൂര്‍വ്വവ്യക്തിത്വമാകുന്ന ആ മൃഗതൃഷ്ണയില്‍ ആശ്വാസം കൊള്ളുന്ന ഒരു മരുപ്രവാസിയാക്കിയത്. പക്ഷേ ഒന്ന് മാറി നിന്നു ചിന്തിച്ചു നോക്കിയാല്‍ ധര്‍മ്മിഷ്ടരായി യുദ്ധം ചെയ്തിരുന്ന കൌരവരെ അധര്‍മ്മത്തിന്റെ പാതയിലൂടെ അടിച്ചമര്‍ത്തുകയിരുന്നു ധര്‍മ്മസംസ്ഥാപനത്തിന്റെ മിശിഹാമാരായിരുന്ന പാണ്ഡവര്‍ ചെയ്തത് എന്ന് മനസ്സിലാവും. അധര്‍മ്മം എന്നും അധര്‍മ്മം തന്നെ. ധര്‍മ്മത്തില്‍ മാത്രം വിശ്വസിച്ചു ജീവിതം മുന്നോട്ടു നീക്കുന്നവര്‍ക്ക് അതിന്‍റെ മൂല്യച്യുതികള്‍ സമ്മാനിക്കുന്നത് കൊടിയ അസംതൃപ്തി തന്നെയായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ രോദനം കേട്ടില്ലെന്നു നടിക്കാന്‍ ഒരു ധര്‍മ്മിഷ്ടര്‍ക്കും സാധ്യമല്ല. എന്‍റെ മനോമുകുരത്തിലൂടെ ഇപ്പോള്‍ ഓടിമറയുന്ന മുഖങ്ങള്‍ അമ്പിളിയുടെയും അനിതയുടെയുമാണ്. എന്നില്‍ നിന്നും അവര്‍ പഠിച്ച ധര്‍മ്മശാസ്ത്രങ്ങള്‍ ഇപ്പോള്‍ എന്‍റെ നേരെത്തന്നെ പല്ലിളിച്ചു കാട്ടുന്നു. അതാണ്‌ ഒരു വിറയലായി എന്‍റെ കൈക്കാലുകളെ ബാധിച്ചിരിക്കുന്നത്.... പക്ഷേ.. നിസ്വാര്‍ത്ഥമായ മനസ്സുള്ളവര്‍ ആരുണ്ട്‌ ഈ ലോകത്തില്‍? എല്ലാവരും താന്താങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി അഹോരാത്രം പാഞ്ഞു കൊണ്ടിരിക്കുന്നു. ആ പോക്കില്‍ രക്തസാക്ഷികളാവുന്നവരെ തിരിഞ്ഞു നോക്കി സഹതപിക്കാന്‍ മിനക്കെടുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തിക്ക് വിളംബവും വിഘ്നവും നേരിടാം. സ്നേഹമയനായ നല്ലൊരു ഭര്‍ത്താവും അച്ഛനും എന്ന അവരുടെ സങ്കല്‍പ്പങ്ങള്‍ അവരുടെ മനസ്സിന്‍റെ സ്വാര്‍ത്ഥത തന്നെയല്ലേ വെളിവാക്കുന്നത്? ജീവിതകാലം മുഴുവന്‍ എന്‍റെ വ്യക്തിത്വത്തിന് വശംവദരായി മിഥ്യയുടെ അടിമ ജീവിതം നയിക്കുന്ന അവരുടെ അന്ധമായ ആത്മവിശ്വാസത്തില്‍ തളയ്ക്കപ്പെട്ട ഒരു അടിമ തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഞാനും?.. ഞാനാകുന്ന വടവൃക്ഷത്തിന്റെ തണലില്‍ അവര്‍ക്ക് സുഖമായി സമാധാനത്തില്‍ ജീവിക്കണം എന്നതിലുപരിയായി എന്താണ് എന്‍റെ മനസ്സാക്ഷിയുടെ വിശപ്പ്‌ മാറ്റാന്‍ അവശ്യയുക്തമായത് എന്ന് അവരും അന്വേഷിക്കുന്നില്ല എന്നതല്ലേ ഇന്ന് ഇവിടെ നീയുമായി ആയിരിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ എന്‍റെ ദേഹിയെ നിര്‍ബന്ധിതമാക്കിയത്?"
"കൊട് കൈ മാഷേ.. എന്‍റെ മാഷിന് അല്‍പ്പാല്‍പ്പമായി സാമാന്യ ബോധം തെളിഞ്ഞു വരുന്നുണ്ട്.. ഹ ഹ ഹ.. നൈമിഷികമായ നമ്മുടെ ഈ ജീവിതത്തില്‍ സത്യം പറഞ്ഞാല്‍ ധര്‍മ്മം അധര്‍മ്മം എന്നിങ്ങനെ യാതൊന്നും ഇല്ല. എല്ലാ പ്രവൃത്തികളും സമയാസമയം സംഭവിച്ചു കൊണ്ടിരിക്കേണ്ടത്‌ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഒരാള്‍ക്ക്‌ അധര്‍മ്മമായി തോന്നിക്കുന്നതു ചിലപ്പോള്‍ മറ്റൊരാളുടെ ധര്‍മ്മമായിരിക്കാം. ആരോപിതരുടെ വീക്ഷണകോണില്‍ നിന്നും ഒന്നു ചിന്തിച്ചു നോക്കൂ.. ധര്‍മ്മ ലംഘനത്തില്‍ വേദനിക്കുന്നൊരു ഒരു ആത്മാവിനെ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. ജീവിതം അഭിമുഖീകരിക്കുന്ന എന്തു പ്രശ്നമായാലും അതൊക്കെ സംഭവിക്കേണ്ട നേരത്തു തന്നെ സംഭവിക്കേണ്ടുന്ന വസ്തുതകളാണ് അല്ലാതെ നമ്മുടെ മനസ്സാക്ഷിക്ക് മുറിവുണ്ടാക്കാന്‍ വേണ്ടി ഉപരിതലീകരിക്കുന്ന പ്രതിഭാസങ്ങളല്ല എന്ന തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ നമ്മുടെ ജീവിതമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ ആര്‍ക്കുമാവില്ല."
"രേഷ്മാ.. നീ പറയുന്നത് ശരി തന്നെ. മനസ്സില്‍ തത്വസംഹിതകള്‍ ഉണ്ടാക്കുവാനും അതിനെ പരിപാലിക്കുവാനും ചര്‍ച്ച ചെയ്തു കയ്യടി നേടുവാനും വളരെ എളുപ്പമായിരിക്കാം. എന്നാല്‍ നാമായിരിക്കുന്ന സാമൂഹ മനസ്സാക്ഷിക്ക് അതിനെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാനും ന്യായീകരിക്കാനും സാധിക്കുമെന്ന് നമുക്ക് കരുതാനാവില്ല. ആര്‍ഷ ഭാരത സംസ്കാരം നിഷ്കര്‍ഷിക്കുന്ന പരിമിതികളില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമേ ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാനാവൂ. അല്ലാത്തവര്‍ക്ക് സാമൂഹ്യ സദാചാര സംരക്ഷകരുടെ ഭത്സനങ്ങള്‍ക്ക് പാത്രീഭവരാകേണ്ടി വരും. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ സ്വാര്‍ത്ഥമായ ചിന്തകളും ചെയ്തികളും സഹജീവികളുടെ സ്വൈര്യജീവിതത്തിനു ഒരു തരത്തിലും കല്ലുകടിയാവാതിരിക്കാന്‍ ശ്രമിക്കണം."
രാത്രി അതിന്‍റെ അവസാന യാമത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന ആ വേളയിലും രേഷ്മയുടെ നനുനുത്ത കൈവിരലുകള്‍ അവിടെയവിടെയായി വെള്ളി രോമങ്ങളുടെ പ്രഭാവമുള്ള ജയദേവന്റെ നെഞ്ചില്‍ പരതി നടന്നു. പുഞ്ചിരിച്ചു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ മുഖത്ത് അനസ്യൂതം ഹിമകണങ്ങള്‍ കുടഞ്ഞെറിഞ്ഞു കൊണ്ട് പ്രഭാതകിരണങ്ങള്‍ നീലഗിരിയെ തഴുകാനെത്തും മുമ്പേ അവരെ സുഷുപ്തിയില്‍ നിന്നുമുണര്‍ത്തി ഉന്മേഷഭരിതമാക്കാന്‍ നീലവാനം ശ്രമിച്ചു കൊണ്ടിരുന്നു.
"അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്യപ്പെടുമ്പോള്‍ കാല്‍പ്പനീകമായ സിദ്ധാന്തങ്ങള്‍ മെനഞ്ഞ് അവയുടെ പുറംതോടിനുള്ളില്‍ സ്വയം മറഞ്ഞിരുന്നു ന്യായീകരണങ്ങള്‍ കണ്ടെത്തുക എന്നത് മനുഷ്യമനസ്സില്‍ മാത്രം കണ്ടുവരുന്ന ഒരു അതുല്യ പ്രതിഭാസമാണ്".
നീലഗിരിയിറങ്ങി വന്ന കുളിര്‍ക്കാറ്റില്‍ ആകസ്മീകമായി അവിടെ ഒഴുകിയെത്തിയ ആ ഗ്രീക്ക് സൈദ്ധാന്തികന്റെ ആത്മാവ് മുരണ്ടു.
- ജോയ് ഗുരുവായൂര്‍

'വിഷ്ണുലോകം'

വിഷ്ണു ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും?...
കോയമ്പത്തൂരിലെ ടീച്ചേര്‍സ് ട്രെയിനിംഗ് സെന്‍ററിന്‍റെ വളപ്പിലെ പടര്‍ന്നു പന്തലിച്ച ഒരു വയസ്സന്‍ പുളിമരത്തിന്‍റെ ചുവട്ടിലിരുന്നു ശ്യാമ വ്യാകുലപ്പെട്ടു. ഇന്നേക്ക് രണ്ടു ദിവസമായിരിക്കുന്നു വീട്ടില്‍ നിന്നും പോന്നിട്ട്.. ബ്രേക്ക് ടൈമില്‍ ഒക്കെ വിഷ്ണുവിനെ ബന്ധപ്പെടാറുണ്ടെങ്കിലും മനസ്സിനെന്തോ അകാരണമായ ഒരു അസ്വസ്ഥത..
എപ്പോഴും സംസാരിച്ചു ഫോണ്‍ വയ്ക്കുമ്പോള്‍ വിഷ്ണു പറയും
"ശ്യാമൂ.. നീ ടെന്‍ഷന്‍ അടിക്കാതെ കോഴ്സ് കമ്പ്ലീറ്റ് ചെയ്യൂ.. എന്നെക്കുറിച്ച് നീ വിഷമിക്കണ്ടാ.. ഞാന്‍ ഓഫീസ് കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ കാണും.. പേടിക്കണ്ട.. "
അത് കേള്‍ക്കുന്നതോടെ ശ്യാമയുടെ ചങ്കിടിപ്പ് കൂടും.
"ആ പറഞ്ഞതില്‍ എന്തോ കള്ളത്തരം ഇല്ലേ?.. ഞാന്‍ എങ്ങനെയെങ്കിലും ഒന്ന് വീട്ടില്‍ നിന്ന് മാറിക്കിട്ടാന്‍ കാത്തിരിക്കുകയാണ് അവന്‍. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ?.. എത്ര പറഞ്ഞാലും കേള്‍ക്കില്ല ആ മുടിയുടെ നീളം ഒക്കെ ഒന്ന് കുറയ്ക്കാന്‍.. കേള്‍ക്കില്ല ജന്തു.. അടിപൊളി പെണ്‍കുട്ട്യോളെ വളയ്ക്കാനല്ലാതെ എന്തിനാ അവന്‍ അങ്ങനെയൊക്കെ വിഡ്ഢിവേഷം കെട്ടണേ ഹും.. ഞാന്‍ ഇല്ലെങ്കില്‍ അണിഞ്ഞൊരുങ്ങലും കറക്കവുമൊക്കെ ഒത്തിരി കൂടും.. ഛെ.. അതിനു വളം വച്ചു കൊടുക്കാന്‍ കുറെ കൂട്ടുകാരും.. ജന്തുക്കള്‍... വീട്ടില്‍ ലാന്‍ഡ്‌ ലൈന്‍ ഫോണില്ലാത്തതിന്റെ കുഴപ്പം ഇപ്പോഴാണ് മനസ്സിലാകുന്നത്‌." ശ്യാമയുടെ മനസിന്‍റെ തീച്ചൂളയില്‍ സംശയങ്ങള്‍ ജ്വലിക്കുന്നതിന്റെ പൊള്ളലേറ്റ് വീട് വിട്ടതില്‍ പിന്നെ അവളെന്നും ശരിക്കും ഉറങ്ങാതെ നേരം പുലരുവോളം തിരിഞ്ഞും മറിഞ്ഞും കിടക്കും .
വിഷ്ണുവിന്‍റെ സൌകുമാര്യവും ആളുകളോട് ഇടപഴകുമ്പോഴുള്ള ചുറുചുറുക്കും ആണ്‍-പെണ്‍ തരം തിരിവില്ലാത്ത സൌഹൃദസംഭാഷണങ്ങളും വലിയ സുഹൃത് വൃന്ദവും സാഹിത്യവാസനയും പാടാനുള്ള കഴിവും ഒക്കെയായിരുന്നു ശ്യാമയെ അവനോടു അടുപ്പിച്ചതും അത് വിവാഹബന്ധം വരെ എത്തിയതും . ഇപ്പോള്‍ അതേ ഗുണഗണങ്ങള്‍ തന്നെ അവളെ ഏതു നിമിഷവും വേട്ടയാടാനും തുടങ്ങിയിരിക്കുന്നു.
ശ്യാമയുടെ അറിവില്ലാതെ അല്ലെങ്കില്‍ അവളോട്‌ ബന്ധപ്പെടാത്ത ഒരു നിമിഷം പോലും വിഷ്ണുവിന്‍റെ ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് ശഠിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം സദാ അവന്‍റെ സ്മരണയില്‍ അവന്‍റെ ഒരു നിഴലായി അവനില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് ഇന്നവള്‍ ജീവിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ആരുടേയും സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വളര്‍ന്ന്, ഒരു സുപ്രഭാതത്തില്‍ എല്ലാം ഒരാളില്‍ നിന്നു തന്നെ അളവില്ലാതെ ചൊരിഞ്ഞു കിട്ടിയപ്പോള്‍ അവള്‍ ഒരു മായീക ലോകത്തിലകപ്പെട്ട പോലെയായിത്തീര്‍ന്നിരുന്നു. ഏതു നിമിഷവും ഈ സൌഭാഗ്യങ്ങള്‍ തന്നില്‍ നിന്നും തട്ടിയെടുക്കപ്പെടും എന്നൊരു ഭീതി ഉപബോധ മനസ്സില്‍ എപ്പോഴും അവളെ ചൂഴ്ന്നു നിന്നു.
***********************************************************************************
ബി എഡ് കോളേജിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കണ്ണെടുത്താല്‍ കണ്ടു കൂടാത്ത സ്വഭാവ വിശേഷങ്ങളുള്ള വിഷ്ണുവിനെ ശ്യാമയ്ക്കും ഭയങ്കര വെറുപ്പായിരുന്നു. മനുഷ്യരുടെ സൌന്ദര്യവും ധനവും അല്ല കറകളഞ്ഞ വ്യക്തിത്വമാണല്ലോ അവരെ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും ഇട വരുത്തുന്നത്. സാമ്പത്തീകമായും ആരോഗ്യപരമായും എല്ലാം തികഞ്ഞ വ്യക്തിയായ വിഷ്ണുവിനു ഇല്ലാതിരുന്നതും അത് തന്നെ.
ബി എഡ് കോളേജിലുണ്ടായ ഒരു ദുരന്തമായിരുന്നു വിഷ്ണുവിനെക്കുറിച്ചുള്ള എല്ലാവരുടെയും ധാരണ തന്നെ തിരുത്തപ്പെടാന്‍ ഇടയാക്കിയത്. അന്നൊരു വാലന്റൈന്‍ ഡേ ആയിരുന്നു. പ്രേമനൈരാശ്യത്തില്‍ കോളേജ് കൊമ്പൌണ്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സുഹറയെ മറ്റെല്ലാവരും നിസ്സഹായരായി നോക്കി നില്‍ക്കെ ജീവന്‍ പണയം വച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ആ സംഭവം.. ആ വീരകൃത്യം, കണ്ണില്‍ ചോരയില്ലാത്ത തെമ്മാടി, വഷളന്‍ എന്നിങ്ങനെ എല്ലാവരും കരുതിയിരുന്ന വിഷ്ണുവിനെ എല്ലാവരുടെയും മനസ്സില്‍ ഒരു ബിഗ്‌ സീറോയില്‍ നിന്നും ഒരു ബിഗ്‌ ഹീറോ ആയി മാറ്റി. ആ സംഭവത്തിനു ശേഷം വിഷ്ണുവിന്‍റെ സ്വഭാവഗുണങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരുന്നവരുടെ നേതാവ് ആയിരുന്ന പൊങ്ങച്ചക്കാരി സുഹറയുടെ പ്രേമാഭ്യര്‍ത്ഥനകളൊക്കെ വിഷ്ണു അവജ്ഞയോടെ അവഗണിച്ചു. എല്ലാവരുടെയും തന്നോടുള്ള മനോഭാവം മാറ്റിമറിച്ചുവെങ്കിലും അതൊന്നും മുതലെടുക്കാന്‍ തുനിയാതെ വീണ്ടും പഴയ ആ 'വിദ്ധ്വംസക' പ്രവര്‍ത്തനങ്ങളുമായി അവന്‍ തുടര്‍ന്നു. പക്ഷെ പിന്നീട് ആരുടെ ഭാഗത്തു നിന്നും വിമര്‍ശങ്ങള്‍ ഒന്നും അവനെ തേടിയെത്തിയില്ല.
"എടീ.. ഞാന്‍ നിന്നെ കെട്ടട്ടേ?.."
കോഴ്സ് അവസാനിക്കുന്ന ദിവസത്തെ സെന്റ്‌ ഓഫ് പാര്‍ട്ടിയിലെ ആര്‍മാദിക്കലുകള്‍ അരോചകമായി തോന്നിയപ്പോള്‍ കാമ്പസിലന്‍റെ മൂലയിലുള്ള ഒരു കൊച്ചു ആല്‍മരച്ചുവട്ടില്‍ ഏകയായി ഇരുന്ന് ചിന്തകളുടെ കയങ്ങളിലേക്ക് പാഞ്ഞു പോകുകയായിരുന്ന ശ്യാമ, അവിചാരിതമായി കേട്ട ആ ചോദ്യം കേട്ട് ചിന്താധരണിയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഉന്മാദം തുളുമ്പുന്ന കണ്ണുകളുമായി വിഷ്ണു ... അവന്‍റെ വായില്‍ നിന്നും നിര്‍ഗമിച്ചു കൊണ്ടിരുന്ന മദ്യത്തിന്‍റെ ദുര്‍ഗന്ധം കാറ്റില്‍ ലയിച്ച് ശ്യാമയുടെ നാസാരന്ദ്രങ്ങളിലേക്ക് തുളച്ചു കയറിയത് അവളില്‍ വെറുപ്പും ഓക്കാനവും ഉണ്ടാക്കി.
"വിഷ്ണൂ.. എന്തായിതൊക്കെ?.. ഛെ മോശം..ട്ടോ.. ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് ഇടപഴകുന്നത്?.." അമ്പരപ്പിനെ നിയന്ത്രിച്ചു കൊണ്ട് അവള്‍ അവനോടു ചോദിച്ചു.
"ഹ ഹ ഹ ഹ ഹ ഹ കൊള്ളാം കുഞ്ഞേ.. പിന്നെ എങ്ങനെ പെരുമാറണംന്നാ... കുട്ടീ... കുട്ടിയെ ഞാന്‍ വിവാഹം കഴിച്ചോട്ടേ.. കുട്ടിയെന്നെ പ്രേമിക്കുമോ?.. എന്നൊക്കെ ചോദിക്കണമായിരുന്നോ?... ഹഹഹാഹ ഈ വിഷ്ണുവിനതൊന്നുമറിയില്ല കുഞ്ഞേ.. മനസ്സിലുള്ളത് വിഷ്ണു തുറന്നു ചോദിക്കും ഏതു ദൈവം തമ്പുരാനോടായാലും.. ഹും.. ഞാന്‍ ചോദിച്ചതിന് ഉത്തരം പറയൂ.. "
തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു ഒറ്റയാനായ വിഷ്ണുവിന്‍റെ വാക്കുകള്‍ ഇടിമുഴക്കം പോലെ ഒഴുകിയത് അകത്തു നടക്കുന്ന പാര്‍ട്ടിയിലെ ആക്രോശങ്ങളില്‍ അലിഞ്ഞു പോയതിനാല്‍ മറ്റാരും കേട്ടില്ല. വിഹ്വലതയോടെ ശ്യാമ എന്ത് ചെയ്യണമെന്നറിയാതെ ചെകുത്താനും കടലിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയില്‍ നിന്നു വിറച്ചു. സമ്മതം എന്ന് പറയാന്‍... മരിക്കുകയാണെങ്കില്‍ കൂടി തന്‍റെ മനസ്സാക്ഷി സമ്മതിക്കില്ല എന്നാല്‍ സമ്മതമല്ല എന്ന് പറഞ്ഞാലുണ്ടാകുന്ന പ്രതികരണം താങ്ങാനും മനസ്സിനു ശേഷിയില്ല. തല കുമ്പിട്ടു മൗനമായി നിന്നു. കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ കുടുകുടാ ഒഴുകി മാറിടം നനച്ചു.
"ഓക്കേ.. സാരമില്ല.. എന്നോട് പൊറുക്കണം കുഞ്ഞേ... വിവരമില്ലാതെ ചോദിച്ചു പോയതാ... ബോധം വേണ്ടേ.. ബോധം..... ഫോര്‍ എ ബ്ലഡി മൂമെന്റ്റ് ഐ ഫോര്‍ഗോട്ട് ദാറ്റ്‌, ഐ ആം എ ബാസ്റ്റര്‍ഡ്... സോറി.. ഞാന്‍ ഇതേ വരെ തേടി നടന്ന എന്‍റെ ജീവിത പങ്കാളിയെ കണ്ടപ്പോള്‍ ഒന്നു ഇതേ പറ്റി തിരക്കണം എന്ന് തോന്നി.. അത്രയേ ഉള്ളൂ... ഇതേ വരെ ചോദിക്കാന്‍ പറ്റിയില്ല.. പേടിച്ചിട്ടൊന്നുമല്ല.. എന്‍റെ കൃഷികളൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും സമയമങ്ങ് പോയിക്കഴിയും.. ഇന്ന് അവസാന ദിവസമാണെന്ന് അറിഞ്ഞ് ഇത് ചോദിക്കാനിനി നാളെ മുതല്‍ ഇവിടെ നിന്നെക്കാണില്ലലോ എന്നു വിചാരിച്ചു വന്നതാണേ.. പൊയ്ക്കോളാം.. വീണ്ടും സോറി... എഗയിന്‍ ആന്‍ഡ്‌ എഗയിന്‍ സോറി.. സോറി .. സോറി.." അല്‍പ്പ നേരത്തെ മൗനത്തിനു ശേഷം കൈ കൂപ്പി കൊണ്ട് ആടിയാടി വിഷ്ണു പിന്നോക്കം നടന്നു പോകുന്നത് അസ്തപ്രജ്ഞയായി ശ്യാമ നോക്കി നിന്നു.
"എടാ പോത്തേ.. ഇങ്ങനെയാണോടാ ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്?.. ഛെ... മോശം മോശം.. ഡാ ആദ്യം അവള്‍ക്കൂടെ തോന്നണ്ടേ നീയൊരു യോഗ്യന്‍ ആണെന്ന്?.. അത് കഴിഞ്ഞ് പ്രേമാഭ്യര്‍ത്ഥന.. ആ താത്തക്കുട്ടിയെ കിണറ്റില്‍ നിന്നും കരകയറ്റി ഉണ്ടാക്കിയ ചില്ലറ പേരും നീയിപ്പോ കളഞ്ഞു കുളിച്ചില്ലേ? എനിക്ക് ഇപ്പോള്‍ നിന്നെ ചവിട്ടിക്കൊല്ലാന്‍ തോന്നുന്നു."
അച്ഛനമ്മമാരേക്കാള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉറ്റ സുഹൃത്ത് റോബിന്‍ പറയുന്നത് തലേ ദിവസത്തെ മദ്യപാനത്തിന്റെ കെട്ടു വിട്ടിരുന്നില്ലെങ്കിലും വിഷ്ണു അക്ഷോഭ്യനായിയി തെല്ലൊരു കുറ്റബോധത്തോടെ കേട്ട് കൊണ്ട് കിടക്കയില്‍ മലര്‍ന്നു കിടന്നു. കോളേജിലേക്ക് പോകാനുള്ള സൌകര്യത്തിന് വേണ്ടി അടുത്തു തന്നെയുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരനോടൊത്ത്‌ താമസിച്ചു വരികയായിരുന്നു അവന്‍. ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയാറുള്ള ദിനംപ്രതിയുള്ള റോബിന്റെ ഉപദേശങ്ങള്‍ പോലെയല്ല അന്ന് വിഷ്ണുവിന്‍റെ മനസ്സില്‍ ആ വാക്കുകള്‍ തറച്ചത്.
ഒരിക്കലും ഒരു വൈവാഹിക ജീവിതം ഉണ്ടാവില്ല എന്ന് ദൃഡനിശ്ചയം എടുത്തതായിരുന്നു...പക്ഷെ കൂട്ടത്തില്‍ കൂടി അടിച്ചു പൊളിക്കാത്ത, ആരോടും അങ്ങനെ മിണ്ടാത്ത, ആ ഞാവല്‍പ്പഴക്കണ്ണുകള്‍ എങ്ങനെയോ തന്‍റെ ആ തീരുമാനത്തെ തിരുത്തി. അവളുടെ മുഖത്തു വിളങ്ങിയിരുന്ന സ്ഥായിയായ ആ വിഷാദ ഭാവം.. ഇനി അതാണോ തന്നെ അവളിലേക്ക്‌ ആകര്‍ഷിച്ചത്? ഇതിനു മുമ്പ് ഒരിക്കല്‍ പോലും അവളോട്‌ സംസാരിച്ചതുമില്ല.. ആകെ നേരില്‍ കണ്ടതോ.. ആറോ ഏഴോ പ്രാവശ്യം മാത്രം.. അന്നൊക്കെ മറ്റുള്ളവര്‍ തന്നെ തന്‍റെ ഓരോ വേലത്തരങ്ങളെക്കുറിച്ച് പരിഹസിച്ചു സംസാരിച്ചു ചിരിക്കുബോള്‍ ശ്യാമ മാത്രം ആ ചിരിയില്‍ പങ്കു ചേരാതിരുന്നത് എന്ത് കൊണ്ടായിരുന്നുവോ ആവോ?.. ആരുടേയും കാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യപ്പെടാത്ത ഒതുങ്ങിക്കഴിയാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു കുട്ടിയാണ് ശ്യാമ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
അപ്രതീക്ഷിതമായി തന്‍റെ വ്യക്തിത്വത്തിലേറ്റ ഒരു ആഘാതമായായിരുന്നു ശ്യാമയുടെയും റോബിന്റെയും വാക്കുകള്‍ വിഷ്ണുവിന് അനുഭവപ്പെട്ടത്.
"എന്താണ് താനിങ്ങനെയായിപ്പോയത്? എന്താണ് തനിക്കൊരു കുറവുള്ളത്? പണക്കാരായ അച്ഛനമ്മമാര്‍, ജീവിത സൌകര്യങ്ങള്‍.. പിന്നെന്താണ് തന്നെ ഇങ്ങനെയാക്കിത്തീര്‍ത്തത്?"
രാവിലെ എഴുന്നേറ്റ് മുഹമ്മദിക്കായുടെ ചായക്കടയിലെ ബഞ്ചിലിരുന്നു ചായ മൊത്തിക്കുടിക്കുമ്പോള്‍ ആണ് ആ ചിന്തകള്‍ക്ക് ഉത്തരം അവനെത്തേടി വന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിഷ്ണുവിന്റെ ദിവസം ആരംഭിക്കുന്നത് ആ ബെഞ്ചില്‍ നിന്നാണ്. ഇക്കാ സ്നേഹവും ചേര്‍ത്തുണ്ടാക്കുന്ന ആ ചായ കഴിച്ചാല്‍ ഒരു പ്രത്യേക ചുറുചുറുക്ക് തന്നെ.
അതേ.. എല്ലാവര്‍ക്കും ഇല്ലാത്തതായ എല്ലാം ഉള്ള തനിക്കു എല്ലാവര്‍ക്കും ഉള്ളതായ ഒരു സംഗതിയുടെ കുറവുണ്ട്. സ്നേഹം.. അത് മാത്രം ബിസിനസ് പ്രമുഖരായ അച്ഛനമ്മമാരില്‍ നിന്നു വരെ തനിക്കു ജനിച്ചേ മുതല്‍ ലഭിച്ചിട്ടില്ല.. ചോദിക്കുമ്പോഴൊക്കെ മറുവാക്കു ചോദിക്കാതെ അവര്‍ പണം എടുത്തു തരുമ്പോള്‍ അതിനെ അവരുടെ സ്നേഹമായി താന്‍ തെറ്റിദ്ധരിച്ചു. അടികലശല്‍ ഉണ്ടാക്കി പോലീസ് പൊക്കുമ്പോള്‍ വക്കീലിനെ വിട്ടു ജാമ്യത്തിലെടുക്കുന്ന നിമിഷം അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങളില്‍ താന്‍ അഹങ്കരിച്ചു. ഇന്ന് താന്‍ അഹങ്കാരത്തിന്റെ ഒരു ആള്‍രൂപമായി മാറിയിരിക്കുന്നു. സത്യത്തില്‍ ഈ ചായ തരുന്ന മുഹമ്മദിക്ക തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം പോലും തന്‍റെ മാതാപിതാക്കള്‍ തന്നോട് പ്രകടിപ്പിച്ചിട്ടുണ്ടോ? ഇല്ല ഒരിക്കലുമില്ല.. പരിചാരകരുടെ ദത്തുപുത്രനെ പോലെയാണ്‌ താന്‍ വളര്‍ന്നത്‌.. അതേ.. അത് തന്നെയാണ്‌ താന്‍ ഇങ്ങനെ ആവാനുള്ള പ്രധാന കാരണം.
ഒരു നിഗൂഡ പ്രതിഭാസത്തിന്‍റെ ചുരുളഴിച്ച ശാസ്ത്രജ്ഞനെ പോലെ പിറുപിറുത്തു കൊണ്ട് അവന്‍ ചായക്കടയില്‍ നിന്നുമിറങ്ങി റൂമിലേക്ക്‌ നടന്നു. ഈ ചെറുക്കന് എന്ത് സംഭവിച്ചു എന്ന വേവലാതിയില്‍ മുഹമ്മദിക്ക വിഷ്ണുവിനെ അവന്‍ വളവു തിരിഞ്ഞു അപ്രത്യക്ഷമാകുന്നത് വരെയും ഇമ വെട്ടാതെ നോക്കി നിന്നു.
******************************************************************
"ഹലോ മാഷേ.. എന്താ.. എന്താ ചെയ്യണേ ആവോ?"
ഈമെയിലില്‍ ഒരു ലേഖനം ഡ്രാഫ്റ്റ് ചെയ്തു കൊണ്ടിരുന്ന വിഷ്ണുവിന്‍റെ മൊബൈലില്‍ ശ്യാമയുടെ കോള്‍.
"എന്താ ന്‍റെ ശ്യാമൂ... നീയിതേ വരെ കിടന്നുറങ്ങിയില്ലേ? മണി പതിനൊന്നായല്ലോ? അര മണിക്കൂര്‍ മുമ്പല്ലേ നമ്മള്‍ സംസാരിച്ചത്?.. നിനക്കെന്തേ ..വട്ടായോ?.. നാളെക്കഴിഞ്ഞാല്‍ നീയിങ്ങു എത്തുകയല്ലേ?.. 'തെറ്റിദ്ധാരണകളുടെ ഉറവിടം'' എന്ന ഒരു ലേഖനം ഡ്രാഫ്റ്റ്‌ ചെയ്യുകയായിരുന്നു ഞാന്‍..ഒന്ന് കിടന്നുറങ്ങു കുഞ്ഞേ.." ഭാവന മുറിഞ്ഞ ഈര്‍ഷ്യ വിഷ്ണുവിന്‍റെ സ്വരത്തില്‍ നിഴലിച്ചു.
"ഹും.. അത് ശരി.. അപ്പോള്‍ എഴുത്തൊക്കെ വീണ്ടും തുടങ്ങി അല്ലേ?.. ഞാനുള്ളപ്പോള്‍ ഇതൊന്നും കുറേ കാലമായി ഉണ്ടായിരുന്നില്ലല്ലോ.. ഇപ്പോള്‍ ആരാ ഇതൊക്കെ എഴുതാന്‍ വേണ്ടി ഉപദേശിച്ചേ ആവോ?.. അവളായിരിക്കും അല്ലേ.. ആ വിദ്യാ... ഞാന്‍ നേരത്തെ വിളിച്ചപ്പോള്‍ അവളുടെ ഫോണ്‍ ബിസിയായിരുന്നു.. അവിടത്തേയും... ഓക്കേ ഓക്കേ.. എഴുതൂ.. എഴുതൂ.. ഞാനൊന്നും പറയുന്നില്ല..കണ്ണാ.. നിന്നെ വിശ്വസിച്ചു കോഴ്സിന് വന്ന ഞാന്‍ വെറുമൊരു വിഡ്ഢി.. "
"എന്‍റെ പൊന്നു ശ്യാമൂ.. എന്തൊക്കെയാണ് നീയീ പറയുന്നേ... ശ്ശൊ എനിക്ക് വട്ടാകുന്നൂ... അര മണിക്കൂര്‍ മുമ്പ് എത്ര സന്തോഷത്തില്‍ വര്‍ത്തമാനം പറഞ്ഞു പിരിഞ്ഞതാ നമ്മള്‍.. പെട്ടെന്ന് ഇപ്പോള്‍ നിനക്കെന്തു പറ്റി?.. ഹോ.. എനിക്ക് വയ്യായേ.. ഞാനിപ്പോ ടെന്‍ഷനെടുത്തു ചാവും.. ഹെന്‍റെ അമ്മേ.."
"എന്തെങ്കിലുമായിക്കോ.. ഞാന്‍ ശല്യം ചെയ്യുന്നില്ല... ലേഖനമോ കഥയോ നോവലോ മഹാഭാരതമോ എന്താച്ചാ നേരം വെളുക്കോളം ഉറങ്ങാതെയിരുന്നു എഴുതിക്കോളൂ.. സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവളെ ഫോണ്‍ വിളിച്ചു ചോദിച്ചോളൂട്ടോ.. വല്ല്യ ആരാധകനല്ലേ?.. ആയിക്കോളൂ.. ഞാനൊരു തടസ്സമാവുന്നില്ല.."
"ശ്യാമൂ .. ശ്യാമൂ... "
ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം..
പെട്ടെന്നുണ്ടായ അമര്‍ഷത്തോടെ മൊബൈല്‍ ചുമരിലേക്കു വലിച്ചെറിഞ്ഞു തകര്‍ത്ത്, എഴുതിത്തീരാറായ ആ ലേഖനം ഡിലീറ്റ് ചെയ്ത്, കാലങ്ങളായി തുറക്കാതെ വച്ചിരുന്ന മദ്യം സൂക്ഷിക്കുന്ന ഷെല്‍ഫില്‍ നിന്നും ഷീ വാസ് റീഗലിന്‍റെ കുപ്പിയെടുത്ത് രണ്ടു ലാര്‍ജ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി വിഷ്ണു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.
- ജോയ് ഗുരുവായൂര്‍

ദേവദാസ്

ബോംബെയുടെ നെക്ലേസ് എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവ് അവസാനിക്കുന്നിടത്തെ കടലിലേക്ക്‌ നീണ്ടു കിടക്കുന്ന കരിങ്കല്‍ത്തിട്ടയില്‍ ദേവദാസ് ഇരുന്നു.
നരിമാന്‍ പോയിന്റിലെയും കഫെ പരേഡിലേയും കൊളാബയിലെയും കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളിലെ ഭൂരിഭാഗം ജനലുകളേയും അന്ധകാരം ബാധിച്ചു കഴിഞ്ഞു. തിളച്ചു പഴുത്തു ചുവന്ന സൂര്യന്‍ നാഭിയിലൂടെ ഇറങ്ങിപ്പോയതിന്‍റെ വേദനയില്‍ പുളഞ്ഞ് അറബിക്കടലിന്‍റെ തിരമാലകള്‍ മരണ വെപ്രാളത്തോടെ ഓടിവന്നു തിട്ടയിലെ ഭീമാകാരങ്ങളായ കരിങ്കല്ലുകളില്‍ തല തല്ലിച്ചാവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ഇന്ന് വെള്ളിയാഴ്ച.. നഗരവാസികള്‍ക്ക് വീക്കെന്‍ഡ്. ജീവിതം കരുപ്പിടിപ്പിക്കാനും നില നിര്‍ത്താനുമായുള്ള അഞ്ചു ദിവസത്തെ പരക്കം പാച്ചിലിന് ഇനി രണ്ടു ദിവസത്തെ പരോള്‍..
"എന്തിനെനിക്കീ മണ്ണിലൊരു പാഴ്ജന്മം? വന്നീടുകെൻപ്രിയാ ഇന്നെന്നരികിലായ്…"
മൊബൈല്‍ റിംഗ് ചെയ്യുന്നതു കേട്ട് ബാഗില്‍ നിന്നുമത് തപ്പിയെടുത്തു. നിസ്സാര്‍ ഭായ് വിളിക്കുന്നു.
ദേവാ.. നീയെപ്പോഴെത്തും?.. ഞങ്ങള്‍ കല്‍പ്പന ബാറില്‍ തന്നെ കാണും. അന്നത്തെ പോലെ വൈകിക്കാതെ, ഞങ്ങള്‍ അടിച്ചു കോണ്‍ തെറ്റുന്നതിനും മുമ്പിങ്ങു വന്നേക്കണം.. ഹും.. ഞാന്‍ അഗസ്റ്റിന് കൊടുക്കാം.."
"ടോ... തനിക്കു മാത്രമേ ഉള്ളൂ ഈ ഓഫീസും ജോലിയുമൊക്കെ?... ഞങ്ങളും ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളില്‍ തന്നാ ജോലി ചെയ്യുന്നേ.. തനിക്കു മാത്രമെന്താ സമയത്തിനിറങ്ങാന്‍ ഇത്രേം മടി?.. " വീക്കെന്‍ഡ് പാര്‍ട്ടി തുടങ്ങാനുള്ള വെമ്പലില്‍ അഗസ്റ്റിന്‍.
"ഞാനിപ്പോള്‍ വരാമെടോ.. നിങ്ങള്‍ തുടങ്ങിക്കോ.. നിങ്ങളുടെ സൂചിയനങ്ങിത്തുടങ്ങുമ്പോഴേക്കും ഞാനങ്ങെത്തിക്കോളാം..നിങ്ങള്‍ക്ക് തന്നെ കുടിക്കാനുള്ളതാണ് എന്ന ബോദ്ധ്യത്തില്‍ സാവധാനത്തില്‍ വീശിയാല്‍ മതീട്ടോ.. ആക്രാന്തം വേണ്ടാ...ഹ ഹ ഹ" കൂട്ടുകാരുടെ വെപ്രാളം കേട്ടിട്ട് ദേവദാസിനു ചിരി വന്നു.
എന്താ ചെയ്യാ.. അവരങ്ങനെയാ.. തന്നെപ്പോലെ പ്രാരാബ്ദങ്ങള്‍ ഒക്കെ ചുരുങ്ങിയ രീതിയിലെങ്കിലും അവര്‍ക്കും ഉണ്ട്. ബോംബെ നഗരത്തില്‍ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടു പെടുമ്പോഴും കുടുംബത്തെ വിട്ടു താമസിക്കുനതിന്റെ മനോവിഷമം മാറ്റുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ഉള്ളത് കൊണ്ട് ഓണം എന്ന പോലെ അവര്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു.
ഒരു കണക്കിന് ഇവരൊക്കെ എത്ര ഭാഗ്യവാന്മാര്‍.. ജീവിതത്തിന്‍റെ ഒരു വിധ സമ്മര്‍ദ്ദങ്ങളും സ്ഥിരമായി ഏറ്റെടുക്കാനുള്ള മനസ്സ് ദൈവം അവര്‍ക്ക് കൊടുത്തില്ല. അപ്പോഴപ്പോഴത്തെ പ്രതിസന്ധികള്‍ ഏതു വിധേനയും തരണം ചെയ്ത് സൂര്യനസ്തമിക്കുമ്പോഴേക്കും എല്ലാം മറന്നു സമാധാനത്തോടെ ഉറക്കത്തെ പുല്‍കുന്നവര്‍. അതിനും വേണം ഒരു ഭാഗ്യവും ദൈവാനുഗ്രഹവുമൊക്കെ..
തന്നെപ്പോലുള്ള ഹതഭാഗ്യര്‍ എന്നും ജീവിത സമ്മര്‍ദ്ദത്തില്‍ തന്നെ. എന്തായിരിക്കും അതിനു കാരണം?.. വ്യക്തമായ ജീവിത വീക്ഷണം ഊട്ടിയുറപ്പിക്കാതെ തന്നെ വളര്‍ത്തിയ മാതാപിതാക്കളും അദ്ധ്യാപകരും കാരണവന്മാരും മതപ്രബോധകരും അടങ്ങുന്ന തന്‍റെ വളര്‍ന്നു വന്ന ജീവിത സാഹചര്യം തന്നെയായിരിക്കുമോ തന്നെ ഈയവസ്ഥയിലേക്ക് തള്ളി വിട്ടത്?..
ഒരു ദരിദ്ര കുടുംബത്തിലാണ് ജനനമെങ്കിലും ഒരു പാട് കഴിവുകള്‍ തലച്ചോറില്‍ ഊട്ടിയുറപ്പിച്ചു തന്നെയാണ് ദൈവം തന്നെ ഈ ഭൂമിയിലേക്ക്‌ അവതരിപ്പിച്ചത് എന്ന് ഓരോ കാലഘട്ടത്തിലേയും പ്രവൃത്തികളില്‍ നിന്നും തനിക്കും തന്‍റെ ചുറ്റിലുള്ളവര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ഇനി, തന്‍റെ സ്ഥായിയായ അനുകമ്പയും സഹകരണ മനോഭാവവും സഹിഷ്ണുതത്വവും ആയിരിക്കുമോ തന്നെ ജീവിത നിലവാര പുരോഗമന പാതയില്‍ നിന്നും എന്നും പിറകിലോട്ടു വലിച്ചിട്ടുള്ള ഘടകങ്ങള്‍?
ബാല്യത്തില്‍ കളിപ്പാട്ടങ്ങള്‍ക്കും നല്ല ഉടുപ്പുകള്‍ക്കും ഭക്ഷണത്തിനും വേണ്ടി വാശി പിടിക്കാതെ ദരിദ്രരായ തന്‍റെ മാതാപിതാക്കളുടെ മനസ്സിലൊരു കാരമുള്ളാകാതെ താന്‍ ജീവിതം ആരംഭിച്ചു. വല്ലപ്പോഴുമൊക്കെ തന്നെ മടിയിലിരുത്തി കഥകള്‍ പറഞ്ഞു തന്നിരുന്ന അമ്മയും മുത്തശ്ശിയും മുത്തച്ഛനുമൊക്കെയായിരുന്നു അന്നു തനിക്കു ആദ്യമായി ജീവിത വീക്ഷണം പകര്‍ന്നു തന്നിരുന്നവര്‍. തിന്മയെ നന്മ കൊണ്ടും സംയമനം കൊണ്ടും സഹിഷ്ണുതാ മനോഭാവം കൊണ്ടും സഹനം കൊണ്ടും നേരിടുക എന്ന ധര്‍മ്മശാസ്ത്രങ്ങള്‍ അന്നേ മനസ്സില്‍ വേരുറച്ചു. അതേ.. അധര്‍മ്മത്തെ ധര്‍മ്മം കൊണ്ട് നേരിടുക, നിസ്സഹായരെ കൂടുതല്‍ ചവിട്ടിത്താഴ്ത്താതെ അവരോടു അനുകമ്പ കാണിക്കുക, പക്ഷഭേദം കൂടാതെ എല്ലാ സഹജീവികളെയും സ്നേഹിക്കുക..
പള്ളിക്കൂടത്തില്‍ എത്തിയപ്പോള്‍ ഒരു മാതൃകാ വിദ്യാര്‍ത്ഥിയായി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മനം കവര്‍ന്നു. എന്ത് കാര്യത്തിനും ദേവദാസ് എന്ന ആ മെലിഞ്ഞ വിദ്യാര്‍ത്ഥിയുടെ ഇടപഴകല്‍ അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. വിദ്യാലയത്തിനു വേണ്ടി രാവും പകലും സാധിക്കാവുന്നതില്‍ കൂടുതല്‍ സഹകരണങ്ങള്‍ ചെയ്തു. പ്രതിഫലമായി അന്നു പത്താം ക്ലാസിലെ പഠിപ്പു കഴിഞ്ഞു പിരിയുന്ന നേരത്ത് ഒരു പ്രശംസാപത്രവും 101 രൂപയും കിട്ടിയപ്പോള്‍ മനസ്സില്‍ സംതൃപ്തിയുടെയും ആഹ്ലാദത്തിന്റെയും അമിട്ടുകള്‍ പൊട്ടി.
"മിടുക്കന്‍.. നന്നായി വരട്ടേ.." അദ്ധ്യാപകര്‍ വന്നു തോളില്‍ തട്ടി പറഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകി. വീട്ടിലെത്തിയ വഴി അച്ഛന്‍ ആ പൈസ വാങ്ങി രോഗം വന്ന പശുവിനെ ചികിത്സിക്കാന്‍ മൃഗാശുപതിയില്‍ കൊണ്ടുപോയപ്പോള്‍ അതില്‍ നിന്നും ഒരു മിട്ടായി പോലും തനിക്കു വാങ്ങിത്തരാന്‍ അച്ഛന്‍ തുനിഞ്ഞില്ലല്ലോ എന്നു പോലും താന്‍ ചിന്തിച്ചില്ല. അടുത്ത തുലാവര്‍ഷത്തില്‍ പെയ്ത മഴയില്‍ പുര ചോര്‍ന്നൊലിച്ചപ്പോള്‍ ഒരു നിധി പോലെ സൂക്ഷിക്കാനേല്‍പ്പിച്ച ആ പ്രശംസാപത്രം കുതിര്‍ന്നു നശിച്ചത് ആരും ഗൌനിച്ചുമില്ല.
കോളേജിലെത്തിയപ്പോള്‍ തന്‍റെ ശാന്ത സ്വഭാവവും സൌഹൃദ മനോഭാവവും സഹപാഠികളെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്ട്ടികളോടും അനുഭാവമില്ലാതിരുന്ന തന്‍റെ ചിത്രരചനാ പാടവത്തിനെ കുട്ടിരാഷ്ട്രീയനേതാക്കള്‍ കലാലയത്തിലെ ചുമരുകളില്‍ ഉപയോഗപ്രദമാക്കി. തിരഞ്ഞെടുപ്പുകാലം വന്നാല്‍ രാത്രിയും പകലും കട്ടന്‍ ചായയും പരിപ്പുവടയും തന്നു തന്നെക്കൊണ്ട് അവര്‍ ചുമരെഴുതിച്ചു. രാഷ്ട്രീയഭേദമെന്നെ സഹായഹസ്തങ്ങളുമായി ഞാന്‍ ഓടിനടന്നു പ്രവര്‍ത്തിച്ചു. പക്ഷേ, ഒരു വര്‍ഷവും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ തന്‍റെ പേര് ഉള്‍പ്പെടാതിരുന്നത് ഒരിക്കലും താന്‍ ശ്രദ്ധിച്ചില്ല.
അതിനിടയില്‍ സഹോദരിമാരുടെ വിവാഹം കഴിച്ചയയ്ക്കാന്‍ വീടിരിക്കുന്ന സ്ഥലം ഒഴികെ എല്ലാം അച്ഛന്‍ വിറ്റു. അതിലൊന്നും തനിക്കു യാതൊരു എതിര്‍പ്പോ നഷ്ടബോധമോ തോന്നിയില്ല. അതിനെക്കുറിച്ച് അച്ഛനോട് ചോദിച്ചു പോലുമില്ല. ഇന്നു അവരൊക്കെ നല്ല നിലയില്‍ എത്തിയിരിക്കുന്നു. ഇങ്ങനെ ഒരു സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വരെ അവര്‍ക്ക് അറിയുമോ ആവോ.. അമ്മയുടെ മരണശേഷം ഇളയ സഹോദരി വന്ന് അമ്മയുടെ ആഭരണങ്ങളൊക്കെ അച്ഛന്റെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു പോയി എന്ന് സരസ്വതി പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായിട്ടും തനിക്കൊരു പണത്തൂക്കം പൊന്ന് വാങ്ങിത്തരാന്‍ പോലും തനിക്കായിട്ടുണ്ടോ എന്നവള്‍ ചോദിക്കുമ്പോഴൊക്കെ നിസ്സഹായത തളം കെട്ടിയ ഒരു പുഞ്ചിരി മാത്രമായിരുന്നു എന്നും മറുപടിയായി തനിക്കു കൊടുക്കാനുണ്ടായിരുന്നത്.
അച്ഛന്റെ മരണശേഷം അവളും കുട്ടികളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു. പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി താനിവിടെ ഈ മെട്രോ സിറ്റിയിലും..
അയല്‍പ്പക്കത്തെ ഡാനിച്ചായന്‍ ആണ് ഡിഗ്രീ പാസ്സായ ഉടന്‍ തന്നെ ഈ നഗരത്തിലേക്ക് താന്‍ എത്തിപ്പെടാന്‍ കാരണഭൂതനായത്. അച്ഛനും അമ്മയും വേലയെടുക്കാന്‍ പറ്റാത്ത രീതിയില്‍ ആരോഗ്യം ക്ഷയിച്ചിരിക്കുന്ന കാലമായിരുന്നു അത്. പഠനം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിവൃത്തിയില്ലാതെ അദ്ദേഹം മുന്നോട്ടു വച്ച വാഗ്ദാനം സ്വീകരിച്ചു. വീട്ടില്‍ തീ പുകയാതിരുന്ന ദിനങ്ങളിലൊക്കെ ഡാനിച്ചായന്റെ പുരയിടത്തില്‍ വിളയുന്ന ചക്കയും മാങ്ങയും തേങ്ങയും കൂവ്വയുമൊക്കെയായിരുന്നു ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗം. ഡാനിച്ചായന്റെ അമ്മയായ മേരിയമ്മയ്മ്മും ഭാര്യയായ റോസ ചേടത്തിക്കും അയല്‍പ്പക്കക്കാരായ ഞങ്ങളോട് അത്രയ്ക്കും സഹാനുഭൂതിയായിരുന്നു.
ബോംബെയില്‍ കാലു കുത്തിയതിന്‍റെ പിറ്റേ ആഴ്ചയില്‍ തന്നെ ഒരു ചെറിയ ജോലി തരമായി. ഡാനിച്ചായന്‍ താമസിക്കുന്ന മുറിയില്‍ തന്നെ എന്നെയും വാടക വാങ്ങാതെ അദ്ദേഹം താമസിപ്പിച്ചു. അതിനു പ്രതിഫലമെന്നോണം താന്‍ അവിടത്തെ പാചകം മൊത്തമായി ഏറ്റെടുത്തു. ഇച്ചായന്‍ ജോലി കഴിഞ്ഞെത്തുമ്പോഴേക്കും ഭക്ഷണം റെഡി ആയിരിക്കും. ഒരിക്കല്‍ പോലും ഇച്ചായന് അതൃപ്തികരമായ ഒരു കാര്യവും തന്നില്‍ നിന്നും ഉണ്ടായിട്ടില്ല. അതല്ലേ ഈ വയസ്സാന്‍ കാലത്തും ആന്‍ഡമാനില്‍ കുടുംബസമേതം താമസിക്കുന്ന ആ മഹാനുഭാവന്‍ വല്ലപ്പോഴുമെങ്കിലും തന്നെ ഫോണില്‍ വിളിക്കുന്നത്‌. പാവം മനുഷ്യന്‍.. അദ്ദേഹം തന്നെയാണ് യഥാര്‍ഥത്തില്‍ തനിക്ക് ജീവിക്കാനൊരു വഴിയുണ്ടാക്കിത്തന്നത് എന്ന് ഒരിക്കലും മറക്കാനാവില്ല.
പിന്നീട് എത്രയോ കമ്പനികളില്‍ മാറി മാറി താന്‍ ജോലി ചെയ്തു.. എല്ലായിടത്തും മേധാവികളുടെ പ്രശംസയ്ക്ക് താന്‍ അര്‍ഹനായിരുന്നു. അന്നന്നത്തെ ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കാതെ തനിക്കൊരു സമാധാനമില്ലല്ലോ. പക്ഷെ ഒരിക്കലും ഒരു പ്രൊമോഷന്‍ തന്നെ തേടി വന്നില്ല എന്നതും വാസ്തവം. ഒരു കമ്പനിയുടെയും വാര്‍ഷീക യോഗത്തില്‍ തന്‍റെ പേര് പരാമര്‍ശിച്ചതായും താന്‍ ഓര്‍ക്കുന്നില്ല. പ്രൊമോഷന്‍ കൊടുത്താല്‍ പിന്നെ താന്‍ ചെയ്തിരുന്ന ജോലികള്‍ അത്രയ്ക്കും കൃത്യതയോടെ ചെയ്യാന്‍ മറ്റൊരാളെ കിട്ടില്ല എന്നായിരുന്നു മിക്കവരുടെയും മനസ്സിലിരുപ്പ് എന്ന് മനസ്സിലായിട്ടും എനിക്ക് അവരോടു സഹതാപമല്ലാതെ വെറുപ്പൊന്നും തോന്നിയിരുന്നില്ല.
എല്ലാവരും അവരവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി യത്നിക്കുന്നു. അല്ലാതെ നമ്മെ ബോധപൂര്‍വ്വം ചവിട്ടിത്താഴ്ത്തുന്നതൊന്നും അല്ലല്ലോ. തനിക്കു വിധിച്ചത് തനിക്കു തന്നെ സമയമാകുമ്പോള്‍ കിട്ടും എന്നു മനസ്സിനെ വീണ്ടും വീണ്ടും താന്‍ പഠിപ്പിച്ചു കൊണ്ടിരുന്നു. "തനിക്കു ചെണ്ടയുടെ യോഗമാണെടോ.." എന്നു പറഞ്ഞു സഹപ്രവര്‍ത്തകര്‍ പരിഹസിക്കുമ്പോഴും അവരുടെ ബോധശ്യൂന്യതയില്‍ താന്‍ സഹതപിച്ചു. ഒരിക്കലും ആരെയും പഴിക്കാന്‍ തനിക്കായിരുന്നില്ലല്ലോ. നമ്മുടെ പ്രശ്നങ്ങളുടെ ഉറവിടം നാം തന്നെയാണ് എന്നതില്‍ താനിന്നും ഉറച്ചു വിശ്വസിക്കുന്നു.
ഈ ഭൂമിയില്‍ മനുഷ്യാവതാരമെടുത്ത തനിക്കു ചെയ്യാനുള്ള കര്‍മ്മം ഈ ജീവിതവഴികളിലൂടെ തന്നെ പൂര്‍ത്തികരിക്കപ്പെടും. ഓരോ മനുഷ്യനും ഓരോ അവതാരങ്ങള്‍ ആണ്. എല്ലാ അവതാരങ്ങള്‍ക്കും ഉണ്ടാവുമല്ലോ ഒരു ആഗമനോദ്ദേശ്യം.. ഓരോ കാലഘട്ടത്തിലും ധര്‍മ്മത്തിന്‍റെ പാതയില്‍ ചരിക്കുന്ന ഈ അവതാര പുരുഷന്‍ ആ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാവും. കുറുക്കുവഴി ഒരിക്കലും ശാശ്വതമാവില്ല. ക്ഷണികമായ കാര്യങ്ങള്‍ക്ക് പുറകെ പായുന്നവരുടെ മനസ്സിലാണ് ദുഷ്ചിന്തകളും സ്വാര്‍ത്ഥതയും കുടിലതകളും കൂടു കെട്ടപ്പെടുന്നത്.
വീണ്ടും മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി...
ശ്ശൊ..ദൈവമേ.. ദേ അവര്‍ വീണ്ടും വിളിക്കുന്നു.. താനിതിനിടയില്‍ അറബിക്കടലിന്റെ ആഴങ്ങള്‍ തേടിപ്പോയ ഒരു തകര്‍ന്ന നൌക പോലെ എപ്പോഴോ തന്നെത്തന്നെ എവിടെയോ നഷ്ടപ്പെടുത്തി... ഛെ മോശമായി.. ചെല്ലാമെന്നു പറഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു... കടല്‍ക്കാക്കകളെല്ലാം കടലിനെ പൊതിഞ്ഞ ഇരുളിന്‍റെ    പാളികളിലേക്ക് ചേക്കേറിയിരിക്കുന്നു. പാറക്കല്ലില്‍ ആഞ്ഞടിക്കുന്ന തിരകളുടെ ശബ്ദത്തില്‍ നഗരത്തില്‍ അലയടിച്ചിരുന്ന മറ്റു ശബ്ദങ്ങള്‍ ലയിച്ചു ചേര്‍ന്നുവോ?.
"താനിത് എവിടെയാടോ?.. തന്‍റെ ആ 'ഹമേം തുംസെ പ്യാര്‍ കിത്തനാ.. യേ ഹം നഹി ജാന്‍ത്തേ..' കേള്‍ക്കാന്‍ ഇതാ നിസ്സാര്‍ ഭായ് കയറു പൊട്ടിക്കുന്നു.. ഒന്നിങ്ങട്‌ വേഗം വാ മനുഷ്യാ..." അഗസ്റ്റിന്‍റെ കുഴഞ്ഞ ശബ്ദം..
പാട്ടു പാടാനുള്ള തന്‍റെ കഴിവ് ഈ ജീവിത സായാഹ്നത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്കെങ്കിലും ആയല്ലോ.. ഒരു ഗായകനാവണം എന്ന തന്‍റെ അഭിലാഷം ഇങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കുന്നല്ലോ.. നമ്മുടെ സാന്നിദ്ധ്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന സന്തോഷം ആസ്വദിക്കാന്‍ സാധിക്കുക എന്നതും വലിയൊരു ഭാഗ്യമല്ലേ? സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അറിയാത്തതും ശ്രമിക്കാത്തതുമാണ്‌ മനുഷ്യരുടെ സകല ദുഖങ്ങള്‍ക്കും മാനസീക പിരിമുറുക്കത്തിനും കാരണമാകുന്നത്.
കരിങ്കല്‍ത്തിട്ടയിലൂടെ നടന്ന് റോഡിലേക്ക് എത്തിയതറിഞ്ഞില്ല. എതിരെ നിന്നും വന്നിരുന്ന ഒരു ടാക്സിക്ക് കൈ കാണിച്ചു ദേവദാസ് അതില്‍ കയറി.
- ജോയ് ഗുരുവായൂര്‍