Tuesday, October 31, 2017

അയാള്‍ അങ്ങനെയാണ്..

കവിതയാണെന്നും പറഞ്ഞു അയാള്‍ കുറിക്കുന്നതൊന്നും സത്യത്തില്‍ എനിക്ക് മനസ്സിലാവാറില്ല.. എന്നാല്‍ അര്‍ത്ഥം ചോദിച്ചാലോ.. തികച്ചും അവ്യക്തമായേ പറയൂ.. നമ്മള്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാവുന്ന തരത്തില്‍. മിക്കവാറും ഒരു ചോദ്യമായിരിക്കും ഉത്തരമായി തരിക.. അയാളുടെ കവിതകള്‍ വായിക്കുന്നവരോ.. വാഹ് വാഹ് എന്നും പറഞ്ഞു കമന്റുകള്‍ ഇടുമ്പോള്‍ തന്‍റെ നീണ്ട താടിയില്‍ത്തഴുകി അയാളിരുന്നു പുഞ്ചിരിക്കും.. കൊടികുത്തിയ വീരജന്മങ്ങള്‍ വരേയുണ്ട് ഈ "വാഹ് വാഹ്" ടീമില്‍.. ദൈവമേ ഇവര്‍ക്കൊന്നും യാതൊരു വിവരവുമില്ലേ എന്ന് പലപ്പോഴും ഓര്‍ത്തു പോകാറുണ്ട്.. പിന്നെ തോന്നും.. ചിലപ്പോള്‍ എന്‍റെ വിവരക്കുറവുകൊണ്ടാവാം എഴുതിയതൊന്നും മനസ്സിലാവാത്തേയെന്നും.
"സാറേ എനിക്കൊരു ത്രെഡ് വന്നു... ഒരു നാലുവരിയെഴുതി.. ഒന്നുനോക്കിത്തരാമോ?" ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
"അതിനെന്താ... തരൂ... " അദ്ദേഹം
"അനിവാര്യമായ പോക്കില്‍ പകലിനോട് പിണങ്ങി,
അര്‍ക്കനവന്‍ കടലില്‍ചാടി ആത്മഹത്യ ചെയ്തു.
അനിവാര്യതയില്‍ പകലോനെ പിരിഞ്ഞ ദുഖത്തില്‍
കണ്ണുകള്‍ ചുവപ്പിച്ചുകൂമ്പി, പകലും ശ്യാമാവൃതമായി."
"വാഹ് വാഹ്.. ഡിയര്‍ ഇത് കൊള്ളാം കേട്ടോ... എന്നാല്‍ ഇതിങ്ങനെയല്ലാ ആധുനിക ലോകത്തേക്ക് സംവദിക്കേണ്ടത്.. ഒരല്പസമയം കഴിഞ്ഞു വരൂ.. ഞാന്‍ എഴുതിത്തരാം.. "
"അനാവൃതമായ അഹങ്കാരത്തിന്റെ
മൂല്യച്യുതിയില്‍ അവന്‍ പോയി
പാവം നാടോടിപ്പെണ്ണ് എന്ത് ചെയ്യാന്‍..
അവള്‍ കരിമ്പടം പുതച്ചുറങ്ങി. "
"സര്‍ അപ്പോള്‍ പകല്‍, സന്ധ്യ, രാത്രി.. ഇതൊക്കെ ആളുകള്‍ക്ക് മനസ്സിലാവേണ്ടേ?.. "
"അതവര്‍ മനസ്സിലാക്കണം.. നിന്‍റെ മനസ്സില്‍ അതുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകാതിരിക്കില്ലാ?.. ആളുകള്‍ ചിന്തിക്കട്ടെ.. ഇങ്ങനെ വേണം എഴുതാന്‍.. അല്ലാതെ നമ്മള്‍ ഒരിക്കലും സംഗതികളെ അനുവാചകര്‍ക്കു തുറന്നുകൊടുക്കരുത്. കവിത വായിച്ച് അവര്‍ അവരെക്കുറിച്ചും ഈ സമൂഹത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ ചിന്തിക്കണം. നമ്മള്‍ എഴുത്തുകാര്‍ വെറും വിഡ്ഢികള്‍ അല്ലായെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.. അതായത്, വായനക്കാരുടെ ചിന്താമണ്ഡലങ്ങളെ ഉദ്ദീപിക്കുകയെന്നതാണ് നമ്മുടെ കടമ.
"എന്നാലും.. നമ്മള്‍ എഴുതുന്നത്‌ അവരെ നേരിട്ട് മനസ്സിലാക്കിപ്പിക്കുകയായിരിക്കില്ലേ എഴുത്തുകാരുടെ വിജയം?"
"നോ നോ... നിങ്ങളെപ്പോലുള്ളവരാണ് സാഹിത്യത്തെ തടങ്കലില്‍ ഇടുന്നത്.. സാഹിത്യം അനര്‍ഗ്ഗളമായി പ്രവഹിക്കട്ടെ... പണ്ഡിതനും പാമരനും കവിതകള്‍ എഴുതട്ടെ, ആയ രീതിയില്‍ ജനങ്ങള്‍ ആസ്വദിക്കട്ടെ.. പക്ഷേ, പിടുത്തം കൊടുക്കാന്‍ പാടില്ലാ.. എന്താണ് നമ്മളുടെ മനസ്സിലെന്ന്.. അതാണ്‌ നമ്മള്‍ ശ്രദ്ധിക്കേണ്ടത്.. അതാണ്‌ ആധുനിക കവിത.. അതായത്..
പുഴകള്‍ ഒഴുകി പടിഞ്ഞാറോട്ട് പോകുന്നു
നമ്മളും അങ്ങനെത്തന്നേ...
ഇടയ്ക്കൊരു പുഴ കിഴക്കോട്ടോഴുകുന്നു..
അതാണ്‌ ഇന്നാ കല്മണ്ഡപത്തില്‍
മാലയിട്ടിരിക്കുന്നത്...
"ഇത് പിന്നേം കൊള്ളാം.. എന്റീശ്വരാ... ഇനി നിന്നാല്‍ ശരിയാവില്ലാ.. വിട്ടുപിടിക്കാം..."
- ജോയ് ഗുരുവായൂര്‍

പ്രണയമൊരുദാത്തവികാരമാണുപോലും!..

പ്രണയമൊരുദാത്തവികാരമാണുപോലും.. 
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു
അന്തര്‍മുഖരായ രണ്ടുപേരേവീതം,
അത് ലോകത്തിന് സമ്മാനിക്കുന്നു.
നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ്
പ്രണയങ്ങള്‍ പൂത്തുലയുന്നത്.
വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ,
ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു..
ദിവസം ചെല്ലുംതോറും കണ്ണുകളില്‍
തിമിരം കുത്തിനിറയ്ക്കുകയും
സമീപത്തുള്ള സംഭവങ്ങളേവരേ
കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു
സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും
പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.
നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു
വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു
തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,
മറുചിന്തകളെ തടങ്കലിലാക്കുന്നു.
അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,
രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു.
തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം
പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും.
കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?
പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍
മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍
കുത്തിയൊഴുകുന്ന പുഴയാണവര്‍
സൗഹൃദം പൂക്കുന്ന മനസ്സാണവര്‍
മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍
അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ
അവരുടെ ചിന്തകള്‍ക്ക് പരിധികളും
അവര്‍ക്ക് സഹജീവികളെ കാണാം
അവരുടെ വിഷമതകള്‍ തൊട്ടറിയാം
സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം
കാണുന്നവരെയെല്ലാം സുഹൃത്താക്കാം.
സ്വതന്ത്രമായ ആശയവിനിമയങ്ങള്‍..
ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..
സുഖം സുഖകരം സുഖലയ പൂരിതം
പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന
പ്രണയമൊരുദാത്തവികാരം തന്നേയോ?!
- ജോയ് ഗുരുവായൂര്‍

ഫാസ്റ്റ്ഫുഡ്

സമയമില്ലാ... ഒന്നിനും സമയമില്ലാ...
അടുപ്പില്‍ തീയൂതാനും മില്ലില്‍പോയി അരിപൊടിപ്പിക്കാനും തേങ്ങയരച്ച് ചമ്മന്തിയുണ്ടാക്കാനൊന്നും ദേ.. എന്നോട് പറഞ്ഞേക്കരുത്.
ജോലിക്കുപോകുന്നവഴി, ഫാസ്റ്റ്ഫുഡ് കോര്‍ണറില്‍നിന്ന് മെക്സിക്കന്‍ നൂഡില്‍സും അമേരിക്കന്‍ ബര്‍ഗ്ഗറും കെന്റക്കി ചിക്കനും അറബിക് ഷവര്‍മ്മയും ചൈനീസ് ഫ്രൈഡ്റൈസും ഹോട്ട്ഡോഗും മാറിമാറി, സോസുകളില്‍ കുളിപ്പിച്ച്, ഓഫീസ്ബാഗ് കാലിനിടയില്‍ തിരുകിവെച്ചുകൊണ്ട് നിന്നനില്പ്പില്‍ കഴിച്ച്, കോളകൊണ്ട് കുലുക്കുഴിഞ്ഞ്, ടിഷ്യൂകൊണ്ട് ചുണ്ടുംകൈയും തുടച്ചും ശീലിച്ചു.
ഫാസ്റ്റ്ഫുഡ് ഒന്നൊന്നര സംഭവംതന്നേ!.. അതിവേഗം ബഹുദൂരം....
കാര്‍സിനോജനുകള്‍ വലിച്ചെടുത്ത് ഉന്മാദികളായ കോശങ്ങള്‍ താന്തോന്നികളായി വളര്‍ന്നുകൊണ്ടിരുന്നു.
അഡിനോകാര്‍സിനോമസ്... ഒടുവില്‍, ഈ പോക്കിരിത്തരങ്ങളോട് ആമാശയം പ്രതിഷേധിച്ചത് ഇങ്ങനെയായിരുന്നു.
- ജോയ് ഗുരുവായൂര്‍

കാട്ടുകള്ളി!..

ലോകത്തിലെ ഏറ്റവുംവലിയ
ഒളിച്ചുകളിക്കാരിയാണവളെന്നു,
ഞാന്‍ പറയും...
നിദ്രയുടെ,
നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍,
മനസ്സിനെ മദിപ്പിച്ചുകൊണ്ട്,
കള്ളിയെപ്പോലൊരു വരവാണ്...
വിലാസമെഴുതിയെടുക്കാനോ,
വരച്ചിടാനോ, ഒരു,
പേനയോ, കടലാസ്സോ കിട്ടില്ല...
തലയിണക്കരികിലിവവെച്ച്,
വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ,
അവള്‍ വരികയുമില്ലാ...
ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍
കുരുക്കിയിടാന്‍ ശ്രമിച്ചാലോ,
സൂര്യനുദിക്കുന്നതിലുംമുന്നേ,
ഊര്‍ന്നുപോയുമിരിക്കും..
പിടികൊടുക്കുന്നവളല്ലാ താനെന്ന,
അഹംഭാവവുംപോരാതെ,
നമ്മെ ഞെട്ടിച്ചുകൊണ്ടൊരു
സുപ്രഭാതത്തില്‍,
മറ്റുള്ളവരുടെ ഭാവനകളിലൂടെ,
ഇറങ്ങിവന്ന്,
നമ്മളെ പരിഹസിക്കാനും,
അവള്‍ക്കൊരു മടിയുമില്ലാ...
ഇനി പറയൂ...
എന്തുചൊല്ലിയവളെ വിളിക്കണം?..
- ജോയ് ഗുരുവായൂര്‍

പൊരുത്തം

"കിച്ചാ.. കഞ്ഞിവെളമ്പിവെച്ച് എത്രനേരായീ വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."
"നിക്ക്യ് വേണ്ട നെന്‍റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്‍റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."
അകത്തുനിന്നു ദേവയാനിയമ്മയുടെ വിളികേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍കെട്ടിയിരുന്ന മുഷിഞ്ഞതോര്‍ത്തഴിച്ച്, ദേഷ്യംതീര്‍ക്കാനെന്നപോലെ ഒന്നുശക്തിയായികുടഞ്ഞ് വീണ്ടും തലയില്‍മുറുക്കിക്കെട്ടി, പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥതയോടെ ഇരുന്നു.
"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ..ങ്ങക്ക് പറ്റ്യേ? രാമന്‍വാര്യര് വന്നുപോണവരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ..ന്നിപ്പൊ, ന്താ പറ്റ്യേ?.. വെര്‍തെ ന്‍റെ തല പ്രാന്തുപിടിപ്പിക്കണ്ട.. വന്ന് കഞ്ഞികുടിക്കൂന്നേയ്..."
"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ.. കേമന്മാര് വല്ലോരും വീട്ട്യേവന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണുകാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്‍റെ ഒരു മയക്കല്.. ന്‍റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്‍റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"
"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി.. അരമണിക്കോറു മുമ്പ് ങ്ങള് ചായകുടിച്ചൂലോന്നുവെച്ചിട്ടല്ലേ ഞാന്‍ രാമന്‍വാര്യര്‍ക്ക് മാത്രം ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേവരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്ന്‍ കഞ്ഞികുടിച്ചോളീന്‍.. ഞാന്‍ ന്‍റെ തണ്ടലൊന്നു ചായ്ക്കട്ടേ.. നേരംവെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ്‌ നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തുകിട്ട്യാ മത്യാര്‍ന്നൂ.."
"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്‍റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ഇനിക്കിപ്പോ കാണ്വേംവേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്‍റെ കാര്യോംനോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."
കൃഷ്ണന്‍കുട്ടി അപകര്‍ഷതയില്‍ നിന്നുണ്ടായ കോപംകൊണ്ടുവിറച്ച് അരയില്‍നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത്, ബീഡിക്ക് തീകൊളുത്തി. അകലേ ഇരുള്‍മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായിനോക്കി, കട്ടിളകള്‍ ചിതലരിച്ചുതുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്‍റെ ഉപാസകനെപോലെ അയാള്‍ ഇരുന്നു. വരാന്‍പോകുന്നമഴയുടെ മുന്നോടിയായി, പാടങ്ങളില്‍നിന്നു തവളകളുടെ കരച്ചില്‍ ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു.
ബാല്യകാലംമുതലേ ഒരുമിച്ചുകളിച്ചുവളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേമുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്‍റെ പ്രധാനചേരുവകള്‍ നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടിപോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും, വിരഹം പ്രണയമായും, വീണ്ടും തളിര്‍ത്തുപുഷ്പ്പിക്കാന്‍ ക്ഷണികവേളകളേ വേണ്ടിവരാറുള്ളൂ എന്നുമാത്രം.
കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്‍റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തു. എന്നാല്‍, കൃഷ്ണന്‍കുട്ടി തന്‍റെ നിലപാടില്‍ നഖശിഖാന്തം ഉറച്ചുനിന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായപ്പോള്‍ ഒരു നിബന്ധനയില്‍ അച്ഛന്‍ ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍പത്തു പൊരുത്തം ഉണ്ടെങ്കില്‍മാത്രം വേളിനടത്താം.
ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയമതിപ്പായിരുന്നു.
സകലദൈവങ്ങളേയും മനസ്സില്‍ധ്യാനിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടുജാതകങ്ങളും എടുത്ത് കണിയാന്‍ ഭാസ്ക്കരന്റെ വീട്ടിലേക്കുചെന്നു. എന്നാല്‍ യുവമിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെതന്നേ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞുനില്ക്കുന്നത് കണ്ട് കണിയാന്‍ നെറ്റിചുളിച്ചു തുറിച്ചുനോക്കി. കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.
വിഷണ്ണനായി മടങ്ങുന്നവഴിയില്‍ ആ ഉപായം പറഞ്ഞു കൊടുത്തത് ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു . ഒരു കുപ്പി ആവിപറക്കുന്ന വാറ്റുചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളമായിരുന്നു. ദേവയാനിവരേ അറിയാത്ത സത്യം.
രണ്ടുപേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണംകഴിഞ്ഞ് ചട്ടിയുംകലവുംപോലെ തട്ടിയുംമുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരിപിറന്നപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നുപോയി... ജീവിതത്തിന്‍റെ തനിയാവര്‍ത്തനമെന്നപോലെ, മകളേ വിവാഹം കഴിച്ചുതരണം എന്ന ആവശ്യവുമായിവന്ന ചെറുക്കനോട് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ, ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടേയും കൃഷ്ണന്‍കുട്ടിയുടേയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടിവന്നപ്പോള്‍ ദേവയാനിയും മുന്നോട്ടുവെച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു.
ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന്‍ കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി ആ ജാതകങ്ങള്‍ കൈപ്പറ്റി. ദേവയാനിപോലുമറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കാലംചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക്, മുമ്പ് ചെയ്തിരുന്നതുപോലെ നല്ല പൊരുത്തമുണ്ടാക്കിക്കിട്ടാന്‍വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനുകൊടുക്കേണ്ടിവന്നത് അന്നയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന് പകരം അഞ്ഞൂറ് ഉറുപ്പികയായിരുന്നു.
തന്റേതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെതന്നേയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചുദൂരെയാണെങ്കിലും വിവാഹംകഴിഞ്ഞ് മകളുംമരുമകനും സര്‍വ്വ ഐശ്വര്യങ്ങളോടുകൂടിതന്നേ ജീവിക്കുന്നു എന്ന അറിവ്, ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍നിന്നു മായ്ച്ചുകളയുകയുംചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തുപ്രസക്തി.
മകളുടെ വിവാഹാനന്തരമിപ്പോള്‍ ഇരുപത്തിനാലുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ചട്ടിയുംകലവും തമ്മില്‍ തട്ടിമുട്ടാതേ, ഒരുദിവസത്തിനുപോലും അപ്പോഴും അവരുടെയിടയിലൂടെ കടന്നുപോകാനാവുമായിരുന്നില്ലാ. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും അവ തകരുകയോ, അവയില്‍ വിള്ളലുകള്‍വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അത്ഭുതം. പാറക്കല്ലുകള്‍നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹനദി പ്രതിബന്ധങ്ങളെയെല്ലാം സ്വയംതട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.
'ഹും.. ഇന്നവളെ ഒരുപാഠം പഠിപ്പിച്ചിട്ടുതന്നേ കാര്യം.. എന്നത്തേയുംപോലുള്ള ഒരു അവഗണനയല്ലാ ഇന്നവള്‍ തന്നോടുചെയ്തിരിക്കുന്നത്.. ആ വാര്യരുടെമുന്നില്‍ അവള്‍ തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലേ?.. അവള്‍ക്കുവേണ്ടി താന്‍ ജീവന്‍വരേ പണയംവെച്ച് സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരിപോലും വീഴാതെ ഇതേവരെയും കാത്തിട്ടുമുണ്ട്.. ആ തന്നേയവള്‍............. ഈ അവഗണന സഹിക്കാനാവുന്നില്ലല്ലോ തേവരേ.... നാളെ അവള്‍ തന്‍റെ ശവംതന്നേ കണികാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതിവരികയുള്ളൂ.. കിച്ചന്‍ ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലാ..ഹും..'
ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍സൃഷ്ടിച്ചു. സ്വയം മരണത്തിനുകീഴടങ്ങിക്കൊണ്ട്, തന്‍റെ ഭാര്യയെ ഒരുപാഠംപഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയകാര്യങ്ങള്‍വരേ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയിലെത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ലാ. അതാണല്ലോ ബാല്യകാലം മുതലുള്ള അവരുടെ പൊരുത്തവും..വയസ്സ് അറുപത്തിരണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [Possessiveness] കഴിയുന്ന മറ്റൊരുജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ലാ. തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വയംനിര്‍മ്മിച്ച, അവരുടേമാത്രംലോകത്തില്‍ കലഹിച്ചുംസ്നേഹിച്ചും, ഏദെന്‍ തോട്ടത്തിലെ ആദത്തേയും ഹവ്വയേയുംപോലെ അവര്‍ കഴിഞ്ഞു. എന്നാല്‍, മറ്റുള്ളവരുടെമുന്നില്‍ ഇത്രയേറെ പക്വതയും വിവരവുമുള്ള മറ്റൊരുജോടിയും വേറെയില്ലാതാനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍.
സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലുപോലും അയവുവന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ... എന്നബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെതട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തുകഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് കടന്നുവന്ന യജമാനനെകണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്‍റെ നെറ്റിയില്‍, കൈകൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകി.
"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദംകൊണ്ട് വാക്കുകള്‍മുറിഞ്ഞു.
പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദംകേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് പാളിനോക്കി. ദേവയാനി, ആവിപറക്കുന്ന കഞ്ഞിയുംചമ്മന്തിയും കോപ്പയിലേക്കുപകരുന്നു. ഈ പാതിരാനേരത്ത് അവള്‍ കഞ്ഞിയുണ്ടാക്കിക്കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതംനിരീക്ഷിച്ചു.
കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്കുപോകുന്നു. എന്തായിരിക്കുമിനി ദേവു ചെയ്യാന്‍പോകുന്നത് എന്നുചിന്തിക്കുന്നതിനുംമുമ്പ് അവള്‍ വിളിക്കുന്നത് കേട്ടു.
"കിച്ചാ.. കിച്ചാ.. ദെവ്ടെപ്പോയിക്കിടക്കാ?.. കിച്ചാ.. കിച്ചാ....... "
പടിപ്പുരയിലേക്ക്‌ ഓടിച്ചെന്ന് അവിടെയെല്ലാം നോക്കിയിട്ടും കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിയുടെ ഭാവത്തിനു രൂപാന്തരംപ്രാപിച്ച് കരച്ചിലിന്‍റെ ഈണമായി.
'വിളിക്കട്ടേ അവള്‍.. വിളിച്ചു വിഷമിക്കട്ടേ.. എന്നെ വകവയ്ക്കാത്തവളല്ലേ.. ഒന്നു വട്ടംകറങ്ങട്ടേ.. "
അയാള്‍ മനസ്സില്‍പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര്‍ ആ മുറ്റംനനയ്ക്കുന്നത് ആലോചിക്കാന്‍വരേ അയാള്‍ക്ക്‌ ത്രാണിയില്ലായിരുന്നു.
"എന്താ ദേവൂ... ഞാനിവ്ടേ.... പയ്യിന്.........."
അപകര്‍ഷത സ്ഫുരിച്ച ആ സ്വരംകേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന്, കൃഷ്ണന്‍കുട്ടിയുടെ കൈകള്‍ പിടിച്ചുകൊണ്ട് വിങ്ങിക്കരഞ്ഞു..
"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക്, ന്‍റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞിവെളമ്പിവെച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്‍റെ പൊന്നല്ലേ ... വായോ... ഇതേവരെ ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍..അറിയ്വോ.."
സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്‍റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.
"നീയ് കഞ്ഞ്യുടിച്ചോ?.. നിന്‍റെ കഞ്ഞിക്കോപ്പ എവിട്യാ?.. "
കണ്ണുകള്‍ തുടച്ചുകൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു
"ഇല്ല്യാ.. നമ്മക്കൊരു കോപ്പ പോരേ?.. ഇക്ക്യു കിച്ചനന്നേ കോര്യന്നാല്‍ മതി... ന്നാലേ ഇപ്പൊ ന്‍റെ വെശ്പ്പ് മാറൂ..."
ഈര്‍ക്കില്‍കൊണ്ട് കുത്തി, പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കിച്ചനുനേരെ നീട്ടുമ്പോള്‍ തുടുത്തമുഖത്തോടെ ദേവു പറഞ്ഞു.
- ജോയ് ഗുരുവായൂര്‍

ദേ.. മാവേലി വീണ്ടും!...

ഇത്തവണ മാവേലി പാതാളത്തില്‍നിന്ന് കേരളത്തിലേക്ക് പ്രസ്ഥാനംതുടങ്ങിയവഴി, ഒരു തുരങ്കം ദൃഷ്ടിയില്‍പ്പതിഞ്ഞു. തന്‍റെ വരവ് സുഗമമാക്കാന്‍ പ്രജകള്‍ ഒരുക്കിവച്ച കുറുക്കുവഴിയായിരിക്കും അതെന്നാണ്‌ പാവം മാവേലി കരുതിയത്‌. എന്നാല്‍, ബാങ്ക് കൊള്ളയടിക്കാന്‍വേണ്ടി കള്ളന്മാര്‍ തുരന്നുവച്ചതായിരുന്നുവത്. തോരാത്ത മഴമൂലം തുരങ്കത്തില്‍ മുട്ടുവരെ വെള്ളവും.
അഴുക്കുപറ്റാതെയിരിക്കാന്‍ ഉടുപ്പെല്ലാം മുട്ടോളം പൊക്കിപ്പിടിച്ചുകൊണ്ട് മാവേലിത്തമ്പുരാന്‍ ഒരുവിധം പുറത്തുകടന്നപ്പോള്‍ ഒരു കുഞ്ഞുതുമ്പച്ചെടി തന്നെനോക്കി പുഞ്ചിരിക്കുന്നതാണ് കണ്ടത്. മഹാബലിയുടെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. തന്‍റെ പ്രിയപ്പെട്ട പുഷ്പം.. "നിന്‍റെ കൂട്ടുകാരൊക്കെ എവിടേ?" എന്ന ചോദ്യത്തിന് മറുപടിയൊന്നുംപറയാതെ അതൊന്നു കണ്ണുചിമ്മികാണിക്കുകമാത്രം ചെയ്തു.
വിജനമായ വഴികളിലൂടെ സഞ്ചരിക്കവേ അവിടെയുമിവിടെയുമൊക്കെ ഒറ്റയ്ക്കുംതെറ്റയ്ക്കുംകാണായ മുക്കുറ്റിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ ഇത്യാദികളോട് കിന്നാരംചൊല്ലുമ്പോഴും അവയിറുക്കാന്‍ കുട്ടികളെയൊന്നും കാണാതിരുന്നത് ഇത്തിരി ശങ്കപരത്തി. ഒറ്റയടിപ്പാത തരണംചെയ്ത് ടാറിട്ട റോഡിലെത്തിയവഴി ചീറിപ്പാഞ്ഞുപോയ ഒരു വാഹനം മാവേലിയുടെ വസ്ത്രത്തില്‍ ചെളിവെള്ളം തെറിപ്പിച്ചു.
"പാവം എന്നെ കണ്ടുകാണില്ല.. " അപ്പോഴും നന്മനിറഞ്ഞ ആ മനസ്സിന് രോഷംകൊള്ളാനായില്ല.
കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചോലകണ്ടു. അതിലെ വെള്ളത്തില്‍ ഉടുപ്പൊന്നു കഴുകിക്കളയാമെന്നു കരുതി. എന്നാല്‍ ഉടുപ്പ് വെള്ളത്തില്‍മുക്കിയെടുത്തപ്പോളാണ് പണിപാളിയവിവരം മനസ്സിലായത്‌. വെള്ളത്തിലെ, ഓയിലും ഗ്രീസും മറ്റുരാസപദാര്‍ത്ഥങ്ങളുമൊക്കെ തുണിയില്‍പ്പിടിച്ച്, അവസ്ഥ പഴയതിനേക്കാള്‍ മോശമാക്കി. ഇനി കിരീടവും ആഭരണവുമൊന്നും ഈ മുഷിഞ്ഞ വസ്ത്രവിധാനത്തിനുചേരില്ലായെന്നുരുതി, അതും ആടകളുമൊക്കെയൂരി തന്‍റെ ഭാണ്ഡത്തിലാക്കി ഒരു മരച്ചില്ലയില്‍ തൂക്കിയിട്ട്, കൌപീനധാരിയായി നടപ്പുതുടര്‍ന്നു.
നടന്നുനടന്ന്‍ പട്ടണത്തിലെത്തിയപ്പോള്‍ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു വസ്ത്രക്കട കണ്ടു. അവിടെ കയറിനോക്കിയപ്പോള്‍ തനിക്കിണങ്ങുന്ന ഒരു സംഗതിയും കണ്ടില്ല. ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള്‍, സേല്‍സ്മേന്‍ ഒരു ജീന്‍സും ടീഷര്‍ട്ടും മഹാബലിയെ പിടിപ്പിച്ചു. ഗത്യന്തരമില്ലാതെ അത് ധരിച്ച്, വീണ്ടും യാത്ര..
നോക്കുന്നിടത്തെല്ലാം തന്‍റെ ഫ്ലെക്സ്ബോര്‍ഡുകള്‍മാത്രം!.. പ്രജകള്‍ക്ക് തന്നോടുള്ള സ്നേഹംകണ്ട് രാജാവിന്‍റെ മനസ്സുനിറഞ്ഞു. പക്ഷേ, വീടുകളുടെ മുറ്റത്തൊന്നും പൂക്കളങ്ങള്‍ കാണുന്നില്ല. ഇതെന്തൊരു മറിമായം? കഴിഞ്ഞതവണ വരുമ്പോള്‍, ചില വീടുകളുടെ മുറ്റങ്ങളിലെങ്കിലും പൂക്കളങ്ങള്‍ കാണാമായിരുന്നു. തിരുവോണമായിട്ട്, ഒരു പ്രജയേയും മുറ്റത്തും പറമ്പുകളിലുമൊന്നും കാണുന്നില്ല. ഊഞ്ഞാലാട്ടമില്ലാ, കുരവകളില്ലാ.. പകരം കേള്‍ക്കാനാവുന്നത് പട്ടികളുടെ കുരകള്‍മാത്രം. മിക്കവാറും എല്ലാ വീടുകളേയും ശ്മശാനമൂകത ഗ്രസിച്ചപോലെ.
നടക്കുംതോറും മാവേലിയില്‍ ഒരു സംശയം പിടിമുറുക്കിക്കൊണ്ടിരുന്നു. ഇനിയെങ്ങാനും താന്‍ അബദ്ധത്തില്‍, പാതാളത്തില്‍നിന്നു നേരത്തെ പുറപ്പെട്ടിരിക്കുമോ? ഓണം എന്നൊരു പ്രതീതിയേ തനിക്ക് അനുഭവപ്പെടുന്നില്ലല്ലോ!
ഓലക്കുടയുമായി നടന്നുവരുന്ന ആധുനികവസ്ത്രധാരിയെ ബൈക്കുകളിലെത്തിയ കോളേജുകുമാരന്മാര്‍ പരിഹസിച്ചു. തന്നെ പരിഹസിക്കുന്നതാണെന്നു മനസ്സിലാക്കാതെ അദ്ദേഹം അവരുടെകൂടെ സെല്ഫിക്കു പോസ് ചെയ്തു. മാത്രമല്ലാ, അവരാവശ്യപ്പെട്ടതുപ്രകാരം അവരുടെകൂടെ ബൈക്കില്‍കയറി യാത്രയാവുകയുംചെയ്തു.
മാവേലിക്ക് കുറച്ചുകാശുംകൊടുത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനുമുന്നിലെ വരിയില്‍നിറുത്തി, ഉടനേവരാമെന്നുപറഞ്ഞ് കുമാരന്മാര്‍ മുങ്ങി.
എന്താണ് ഇവിടെ കൊടുക്കുന്നതെന്ന് തൊട്ടുമുന്നിലുള്ള ആളോടുചോദിച്ചപ്പോള്‍ അയാളൊന്നു ചിരിക്കുകമാത്രംചെയ്തു. ഭാഷയറിയാത്ത ആ ബംഗാളി എങ്ങനെ മറുപടി പറയാനാ?.. പക്ഷേ, പരിസരവീക്ഷണത്തില്‍നിന്ന് ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നത് കുപ്പികളാണെന്നും ചിലര്‍ അതിലെ ദ്രാവകം കഴിച്ച്, സന്തോഷചിത്തരാവുന്നതുമൊക്കെ മഹാബലി കണ്ടുപിടിച്ചു.
അങ്ങനെയൊടുവില്‍ക്കിട്ടിയ രണ്ടുമൂന്നു കുപ്പികളുമായി അടുത്തുള്ള മരത്തണലില്‍ കുമാരന്മാരെകാത്തുള്ള ഇരിപ്പായി. ദാഹിച്ചപ്പോള്‍ ഒരു കുപ്പിതുറന്ന് മടുമടായെന്നു രണ്ടുകവിള്‍ ദ്രാവകമങ്ങ് അകത്തോട്ടിറക്കി. അന്നക്കുഴല്‍ പൊള്ളിച്ചുകൊണ്ട് മദ്യം താഴോട്ടിറങ്ങിയപ്പോള്‍ തിരുമേനി എരിപിരികൊണ്ടു. വല്ല വിഷവുമാണോയതെന്ന ചിന്തയും അസ്വസ്ഥതയുളവാക്കി.
രണ്ടുമിനിറ്റിനുള്ളില്‍ മഹാബലിത്തമ്പുരാന്‍ ഫോമിലായി. ഹായ് എന്തൊരു സുഖം!... പിള്ളേരെയാണെങ്കില്‍ കാണാനുമില്ല. താമസിയാതെ ആ കുപ്പി മുഴുവനായും കുടിച്ചുതീര്‍ത്ത് ആശാനവിടെ കിടപ്പായി. തിരികേവന്ന കുമാരന്മാര്‍, നാലുതെറിയുംപറഞ്ഞ്, ശേഷിച്ച കുപ്പികള്‍മാത്രമെടുത്ത് മാവേലിയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.
ഉറക്കെ എന്തൊക്കെയോ പിച്ചുംപേയുംപറഞ്ഞുകിടന്നിരുന്ന മാവേലിയെ പോലീസ് പൊക്കി. ചോദിച്ച തിരിച്ചറിയല്‍രേഖകളോ ആധാര്‍കാര്‍ഡോ ഒന്നുമില്ലാത്ത മാവേലിയെ തീവ്രവാദിയായി മുദ്രകുത്തി, അവര്‍ ലോക്കപ്പിലടച്ചു.
രണ്ടുമൂന്നു മണിക്കൂര്‍കഴിഞ്ഞ് സുബോധമുണ്ടായപ്പോള്‍ ഒടുക്കത്തെ വിശപ്പ്‌. മരച്ചുവട്ടില്‍ കിടന്നിരുന്ന താനെങ്ങനെ, മൂത്രംമണക്കുന്ന ഈ മുറിയിലെത്തിയെന്നോര്‍ത്തു പാവം അത്ഭുതപ്പെട്ടു.
പോലീസുകാര്‍ ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടവയറും കൊമ്പന്‍മീശയുമുള്ള ഒരു പോലീസുകാരന്‍ മാവേലിയുടെ വേഷമണിയാന്‍ പാടുപെടുന്നു.
"ശൂ.. ശൂസ്... " മാവേലി ആ പോലീസുകാരനെ സ്വരമുണ്ടാക്കിവിളിച്ചു.
"എന്തെടോ തനിക്ക്?.. " പോലീസുകാരന്‍ വന്നുമുരണ്ടു.
"എന്നെ തുറന്നുവിടൂ.. ഞാന്‍ കാണിച്ചുതരാം എങ്ങനെയാണ് വേഷം ധരിക്കേണ്ടതെന്ന്‍.. ദേ.. കിരീടവും ആഭരണങ്ങളൊന്നും അങ്ങനെയല്ലാ.." മാവേലി സവിനയം പറഞ്ഞു.
"ഒന്നുപോടോ.. ഇയാളാരാ മാവേലിയുടെ ചമയക്കാരനോ?.. ചവിട്ടുകിട്ടേണ്ടെങ്കില്‍ അവിടെയടങ്ങിക്കിടന്നോ.." പോലീസുകാരന്റെ പ്രതികരണം മാവേലിത്തമ്പുരാനെ ഒട്ടൊന്നുവേദനിപ്പിച്ചു.
"മാവേലി നാടുവാണീടുംകാലം.. മാനുഷ്യരെല്ലാരുമൊന്നുപോലേ.."
പോലീസോണം പൊടിപൊടിക്കുന്നതിനകമ്പടിയായി താന്‍ രാവിലെകഴിച്ച ദ്രാവകത്തിന്റെയതേ മണവും അന്തരീക്ഷത്തില്‍ പടരുന്നത് മാവേലി ശ്രദ്ധിച്ചു. നല്ല തിമിര്‍പ്പിലായ പോലീസുകാരെ ഒരുവിധത്തില്‍പാട്ടിലാക്കി, നമ്മുടെ തമ്പുരാന്‍ ലോക്കപ്പില്‍നിന്നു തടിതപ്പി.
വിശന്നുകുടലുകരിയുന്നു... ആകെ കൈയിലുണ്ടായിരുന്ന ഓലക്കുട, പോലീസുകാര്‍ വാങ്ങിയെടുത്തിരുന്നതിനാല്‍ നട്ടുച്ചവെയിലില്‍ അദ്ദേഹം പൊരിഞ്ഞു. അതാ ഒരു വീട്ടില്‍നിന്ന് ആഹാരപദാര്‍ത്ഥങ്ങളുടെ സുഗന്ധം ഒഴുകിവരുന്നു. ഇരുമ്പുഗേറ്റില്‍ തട്ടിയപ്പോള്‍ വീടിന്‍റെ ഉമ്മറത്തുനിന്ന ഒരു ചെറുക്കന്‍ വിളിച്ചുകൂവി"
"അച്ഛാ.. ദേ ഒരു ബംഗാളിവന്നിരിക്കുന്നു
"വല്ലോം കൊടുത്തു പറയഞ്ഞച്ചേരെ സുമതീ.. " കുടുംബനാഥന്‍റെ സ്വരം.
അല്പസമയത്തിനുള്ളില്‍ ഒരു പ്ലാസ്റ്റിക്സഞ്ചിയില്‍ കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരു വേലക്കാരന്‍വന്നു.
"അതേയ്.. ഞാനാരാണെന്നു മനസ്സിലായോ?.. ഞാന്‍ മാവേലിയാ.. മാവേലി.. " തിരുമേനി, വേലക്കാരനെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു.
"ആഹാ നിങ്ങളാണല്ലേ ഈ മാവേലിയെന്നുപറയുന്ന സാധനം?!... കൊള്ളാലോ?.. വട്ടാണല്ലേ?.. ഇതുകൊണ്ട്, വേഗം സ്ഥലംവിട്ടോളൂ.. അല്ലെങ്കില്‍ മൊതലാളിയുടെ കൈയില്‍ തോക്കുണ്ട്.. ആശാന്‍ നല്ല ഫിറ്റാ.. ചിലപ്പോള്‍ കാച്ചിക്കളയും.. "
പാവം തമ്പുരാന്‍, മറുത്തൊന്നുംപറയാതെ, കത്തുന്നവയറോടെ ഒരു മരത്തണല്‍ നോക്കിനടന്നു.
ഒരു മണവുംരുചിയുമില്ലാത്ത ഭക്ഷണം. ഉള്ള കറികള്‍ കൂട്ടിക്കുഴച്ച്, ഒരുരുള വായില്‍വയ്ക്കാന്‍ തുനിയുമ്പോഴേക്കും...
"സാറേ വിശന്നിട്ടുവയ്യാ.. വല്ലോംതരണേ..."
മുഷിഞ്ഞ വസ്ത്രധാരികളായ ഒരു സ്ത്രീയും കുഞ്ഞും തൊട്ടടുത്തുനിന്നു യാചിക്കുന്നു. മാവേലിയുടെ കണ്ണുനിറഞ്ഞു. വിശപ്പെല്ലാം നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.
അമ്മയും കുഞ്ഞും ആ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത്, നിര്‍ന്നിമേഷനായി തമ്പുരാന്‍ അല്പനേരം നോക്കിനിന്നു.
വിഷണ്ണനായി അദ്ദേഹം തിരികേനടന്നു.
മരത്തില്‍ തൂക്കിയിട്ടിരുന്ന വസ്ത്രാഭരണങ്ങളടങ്ങിയ ഭാണ്ഡം അപ്രത്യക്ഷമായിരിക്കുന്നു. മഹാബലിത്തമ്പുരാന് വിശ്വസിക്കാനേ ആയില്ലാ!.. അദ്ദേഹം നിലത്തുകുത്തിയിരുന്നു വിതുമ്പി.
ആടയാഭരണങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടോ, ജീന്‍സും ടീഷര്‍ട്ടും ധരിച്ച് പാതാളജനങ്ങളെ മുഖംകാണിക്കേണ്ടിവരുമെന്നതിലുള്ള വിഷമംകൊണ്ടോ ആയിരുന്നില്ലാ, മറിച്ച്, എള്ളോളം കളവും പൊളിവചനങ്ങളും കേട്ടുകേള്‍വിപോലുമില്ലായിരുന്ന തന്‍റെ രാജ്യത്തിനു സംഭവിച്ച ദുരവസ്ഥയെ ഓര്‍ത്തായിരുന്നു തമ്പുരാന്‍ വിതുമ്പിക്കരഞ്ഞിരുന്നത്.
- ജോയ് ഗുരുവായൂര്‍..
(ഇതില്‍ക്കൂടുതല്‍ നുണപറയാന്‍ എനിക്കുമേലാ.. പറഞ്ഞേക്കാം.. ങാ..‍)

ഹിറ്റ്‌ലര്‍ ഗോവിന്ദന്‍ (മരിക്കാത്ത ഓര്‍മ്മകള്‍ - 2)

"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന്‍ വരുന്നേയ്‌....."
ഇത് കേട്ടപാതി, കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴിമണ്ണില്‍കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചുബാലന്‍ ചകിതനായി, കിട്ടിയിടത്തേക്ക് ജീവനുംകൊണ്ടോടിയൊളിക്കുന്നു...
ബാല്യത്തില്‍, എന്‍റെ കുഞ്ഞുമനസ്സിലിടംപിടിച്ചിരുന്ന ഏറ്റവുംക്രൂരനായിരുന്ന വില്ലനായിരുന്നു, ചെത്തുകാരന്‍ഗോവിന്ദേട്ടന്‍... കഷണ്ടിത്തല, ‘ക്ലീന്‍ഷേവ്’, അരയില്‍വരിഞ്ഞുടുത്ത കറുത്തപാളത്തോര്‍ത്തുമുണ്ട്, അരപ്പട്ടയില്‍തിരുകിയ നല്ലവീതിയുള്ള ചേറ്റുകത്തിയും, കയറുകൊണ്ടുപിരിച്ചുവച്ചിരിക്കുന്ന മൃഗാസ്ഥിനിര്‍മ്മിതമായ കൊട്ടുവടി, കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്തകള്ളുകുടുക്ക, പോരാതെ, മുഖത്തെപ്പോഴും വിളങ്ങുന്ന ക്രൌര്യഭാവം.. ഒരു നാലുവയസ്സുകാരനെ വിഹ്വലനാക്കാന്‍ ഇവ മാത്രമായിരുന്നില്ലാ ഹേതു... പറയാം...
ഒരു ദിവസംരാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ഡ്രോയിംഗ്ബുക്കില്‍ കാര്യമായെന്തോ ‘ഹോംവര്‍ക്ക്‌’ ചെയ്യുന്നതിനിടയില്‍, എന്‍റെ അപ്പച്ചനെ (അച്ഛന്‍) കാണാന്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കുവന്നു. അപ്പച്ചന്‍റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു ഗോവിന്ദേട്ടന്‍ . അമ്മകൊടുത്ത കട്ടന്‍ചായ രണ്ടുപേരുമിരുന്നിങ്ങനെ ഊതിയൂതികുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരേനോക്കി അപ്പച്ചനോടുചോദിച്ചു.
"ജോസേ.. ഇവനെയിതേവരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അവന് നാലുവയസ്സുകഴിഞ്ഞതല്ലേയുള്ളൂ.. അടുത്തകൊല്ലം ഒന്നില്‍ ചേര്‍ക്കാമെന്നു കരുതിയിരിക്കുകയാണ്" അപ്പച്ചന്‍റെ മറുപടികേട്ട് പുള്ളിക്കാരന്‍ എന്നെ ചൂഴ്ന്നൊരുനോട്ടം. എനിക്കതില്‍ അപാകമൊന്നും തോന്നിയുമില്ല.
അവരുടെശ്രദ്ധ വീണ്ടും സംസാരത്തിലേക്കായപ്പോള്‍ ഞാന്‍ പതിയേ എഴുന്നേറ്റ്, തിണ്ണമേല്‍ ഗോവിന്ദേട്ടന്‍ അഴിച്ചുവച്ചിരുന്ന അരപ്പട്ടയില്‍തിരുകിയ ചേറ്റുകത്തിയെടുത്ത്, ചുമ്മാ പരിശോധിക്കാനൊരു ശ്രമംനടത്തി. മൂര്‍ച്ചയുള്ളകത്തി കുട്ടികള്‍ കൈകാര്യംചെയ്യുന്നതിലെ അപകടംമണത്തറിഞ്ഞ അപ്പച്ചന്‍ എന്നെ ശകാരിച്ചുകൊണ്ട് അടുത്തേക്കുവന്നു. പിന്നേ, വളരെ ഗൌരവത്തില്‍ എന്‍റെചെവിയില്‍ ഒരുകാര്യം മന്ത്രിച്ചു. ശക്തമായൊരു ഉള്‍ക്കിടിലമായിരുന്നു അതെനിക്ക് സമ്മാനിച്ചത്‌.
അതെന്തായിരുന്നെന്നോ?!...........
ഗോവിന്ദേട്ടന്‍ ആ വലിയകത്തി കൊണ്ടുനടക്കുന്നത്, ചെറിയകുട്ടികളുടെ ചുക്കാണി മുറിക്കാനാണെന്നും, ചെറിയകുട്ടികളെ എവിടേക്കണ്ടാലും അപ്പോള്‍ത്തന്നെ ഓടിച്ചുപിടിച്ച് 'സംഗതി' ഒപ്പിച്ചുകളയുന്നത് അയാളുടെയൊരു നേരമ്പോക്കാണെന്നും.,,. സാധനം കൈമോശംവരേണ്ടായെങ്കില്‍ ആ പരിസരത്തൊന്നും ചുറ്റിനില്ക്കാതെ പെട്ടെന്നുതന്നേ വീടിനകത്തേക്കു വിട്ടോളൂ എന്നുമായിരുന്നു ആ സ്വകാര്യംപറച്ചിലിന്റെ പൊരുള്‍. അപ്പച്ചന്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതിനുംമുമ്പേ ഞാന്‍ വീടിനകത്തേക്ക് 'സ്കൂട്ടായി'..
യഥാര്‍ത്ഥത്തില്‍, അതേവരെ ഗോവിന്ദേട്ടനൊരു സാധാരണക്കാരനാണെന്നതിനുപരിയായി എനിക്ക് പേടിസ്വപ്നമൊന്നുമായിരുന്നില്ലാ.
കള്ള് ചെത്തുന്നതിന്റെ രീതിയും, കുണ്ടാമണ്ടികളുമൊന്നും ബാലനായിരുന്ന എനിക്കറിയാമായിരുന്നില്ലാ. പരശുരാമന്‍ മഴുവുമായിനടക്കുന്നതുപോലെ, സദാ ഈ... കത്തിയും അരയില്‍ത്തിരുകി എന്തിനാണിയാള്‍ നടക്കുന്നതെന്നും അറിയില്ലായിരുന്നു. അപ്പച്ചന്റെ വായില്‍നിന്നും വീണ, ഇടിത്തീപോലുള്ള ആ വാക്കുകള്‍, നിഷ്ക്കളങ്കമായ മനസ്സില്‍, ഗോവിന്ദേട്ടന്‍റെ പ്രതിരൂപത്തിന് ഒരു വില്ലന്‍പരിവേഷമേകി. അപ്പോള്‍മുതല്‍ തുടങ്ങിയതായിരുന്നു ആ ഗോവിന്ദഭയം..
പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കേ വീട്ടുപടിക്കലോട്ടായിരിക്കും എന്‍റെയൊരുകണ്ണ്. എപ്പോഴാണ് ഈ കുരിശ് വരുന്നതെന്നുപറയാന്‍പറ്റില്ലല്ലോ. വളരേ വീതികുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദ്ധമായി സൈക്കിള്‍ചവിട്ടിക്കൊണ്ടുവരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ത്തട്ടി (കഷണ്ടിത്തല) ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍, കൊള്ളിയാനുകള്‍പ്പോലെ വന്നുപതിച്ചിരുന്നത്‌ എന്‍റെ പിഞ്ചുഹൃദയത്തിലായിരുന്നു... അയാളുടെനിഴല്‍ കണ്ടമാത്രയില്‍, എത്ര താത്പര്യമുള്ള കളിയായാലും നിറുത്തി, തന്ത്രപൂര്‍വ്വം സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറിയിരിക്കും. ആ ദുഷ്ടന്‍റെ കണ്ണില്‍പ്പെട്ടാലത്തെഗതി ഓര്‍ക്കാനേവയ്യാ.. ചാരിത്ര്യം നഷ്ടപ്പെട്ടിട്ട് പിന്നെ പറഞ്ഞിട്ടുകാര്യമില്ലല്ലോ... മാത്രമല്ലാ, എന്റെമനസ്സിലെ ധാരണയെ ഊട്ടിയുറപ്പിക്കുന്നവിധത്തില്‍ ഒന്നുരണ്ടുപ്രാവശ്യം പുള്ളിക്കാരന്‍ "നിക്കടാ അവിടേ.." എന്നുപറഞ്ഞ് എന്നെ വിരട്ടിയോടിപ്പിച്ചിട്ടുമുണ്ട്.
സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ ദൈവത്തിനുകൊടുക്കുന്ന പതിവ് 'പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍' അന്നൊക്കെയുണ്ടായിരുന്ന സ്ഥിരം ‘ഐറ്റം’ ആയിരുന്നു, "ദൈവമേ.. ഗോവിന്ദേട്ടന്റെ കണ്ണില്‍പ്പെടാതെയെന്നെകാത്തുകൊള്ളേണമേ" എന്നത്.
അങ്ങനേ, ദിവസങ്ങളുംമാസങ്ങളും വര്‍ഷങ്ങളുമൊക്കെയിങ്ങനേ കടന്നുപോയിട്ടും, എന്‍റെമനസ്സിലെ വില്ലന്‍റെ രൂപംമായ്ക്കാന്‍ ആ മനുഷ്യനായില്ലാ. വല്ലാത്തൊരു അലോസരമായിത്തന്നേ അയാള്‍ എന്‍ മനസ്സില്‍ ജീവിച്ചുകൊണ്ടിരുന്നു.
ഞാന്‍ മൂന്നാംക്ലാസിലേക്ക് ജയിച്ചുവന്നപ്പോഴുണ്ട്... ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും അതേക്ലാസ്സില്‍!.. അവളുടെ അച്ഛനെ എനിക്ക് ഭയങ്കരപേടിയാണെന്നവിവരം ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലവള്‍ പരത്തിയത് എനിക്കന്നൊക്കെയൊരു ‘പ്രെസ്ടീജ് ലൂസിംഗ് ഇഷ്യൂ’ തന്നേയായിരുന്നു. അവളുടെ പറച്ചിലില്‍ കഴമ്പുള്ളതുകാരണം പ്രത്യാരോപണത്തിനോ പ്രതിരോധത്തിനോ ഉള്ള യാതൊരുവകുപ്പും എനിക്കുണ്ടായിരുന്നുമില്ലാ. ഭാഗ്യം.... ഒരുപക്ഷേ പറയാന്‍നാണിച്ചിട്ടാവാം എന്‍റെ 'ഗോവിന്ദഭയത്തിന്‍റെ' മൂലകാരണം അവളാരോടും പറഞ്ഞിരുന്നില്ല. അതുകൂടി അവള്‍ വെളിവാക്കിയിരുന്നെങ്കില്‍പ്പിന്നേ സ്കൂളിലെ പഠിപ്പുതന്നേ എനിക്കു നിറുത്തേണ്ടിവന്നേനെ.
കുട്ടികളെ കാണുന്നതുതന്നേ കലിപ്പായ ഗോവിന്ദേട്ടന്‍ എന്തുകൊണ്ട് സമപ്രായമുള്ള അയാളുടെ മകള്‍ സൂര്യയെ ആക്രമിക്കുന്നില്ലാ?! പലപ്പോഴും എന്‍റെ ചിന്താമണ്ഡലത്തില്‍ ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. പിന്നെയാണ് അതിന്‍റെ ഗുട്ടന്‍സ് എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! സൂര്യയൊരു പെണ്‍കുട്ടിയാണ്.. ഞാനഭിമുഖീകരിക്കുന്ന ഈ ഗുരുതരപ്രശ്നം അവള്‍ക്കു 'അപ്ലിക്കബിളേയല്ലാ'.. ഒരു ആണ്‍കുട്ടിയായി ജനിച്ചത്, ഇത്തരം കശ്മലന്മാരുടെ കശാപ്പുകത്തിക്ക് ഇരയാവാനാണോ ദൈവമേ?.. കുഞ്ഞുമനസ്സില്‍ വേവലാതി.
ഞാന്‍ ആറാംതരത്തിലെത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലം സിദ്ധിച്ചിരുന്നുവെങ്കിലും ഗോവിന്ദേട്ടന്റെ മുന്നില്‍, നേരെചെന്ന് ചാടിക്കൊടുത്ത് പണിവാങ്ങാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തിയിരുന്നു. പെട്ടെന്ന് 'ദേ ഗോവിന്ദേട്ടന്‍ വരുന്നു' എന്നുപറഞ്ഞ് എന്നെ ഭയചകിതനാക്കുകയെന്നത് മുതിര്‍ന്ന കളിക്കൂട്ടുകാരുടെ ഒരു ഹോബിയായിരുന്നു. ഞങ്ങള്‍ കളിക്കുന്നനേരത്ത് കള്ളുചെത്തിനായി ഗോവിന്ദേട്ടന്‍ വരുന്നതുകണ്ടാല്‍ വല്ല മരത്തിന്റെയോ മറ്റോ മറവില്‍ പതുങ്ങിനിന്നുകൊണ്ട് ഞാനയാളെ വീക്ഷിക്കും. തെങ്ങില്‍ അയാള്‍ പകുതിദൂരം കയറിക്കഴിഞ്ഞാല്‍, ഞാന്‍ ധൈര്യം സംഭരിച്ച് പുറത്തുവന്ന്, കളി പുനരാരംഭിക്കും. പക്ഷേ, അപ്പോഴും എന്‍റെയൊരുദൃഷ്ടി തെങ്ങിന്റെ മുകളിലോട്ടുതന്നേയായിരിക്കും. പുള്ളിക്കാരന്‍ തിരിച്ച് ലാന്‍ഡ്‌ ചെയ്യുമ്പോഴേക്കും അവിടേനിന്നും വലിഞ്ഞുകളയണമല്ലോ.
ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടികടിച്ചു. അതിന് പട്ടിയെ പഴിക്കാനൊട്ടുംതന്നെയെനിക്കു തോന്നിയില്ല. തെങ്ങിന്‍ചുവട്ടില്‍ തീയിട്ടുകത്തിച്ച ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടികിടന്നിരുന്ന പട്ടിയുടെ പള്ളയിലേക്കായിരുന്നു, ചെത്തിയിറങ്ങുന്നവഴി പുള്ളിക്കാരന്‍ ചാടി 'ക്രാഷ് ലാന്‍ഡിംഗ്' ചെയ്തത്. ആ ഭീകരാവസ്ഥയില്‍ ലോകത്തിലെ ഏതുപട്ടിയായാലും ഇങ്ങനെയല്ലാതെയെങ്ങനെ പ്രതികരിക്കാനാ?.. പാവം മൃഗം.. നിരന്തരം എന്നെ പേടിപ്പിക്കുന്നതിന് ദൈവം അതിയാനുകൊടുത്തൊരു ശിക്ഷയായിരിക്കണം ആ കടിയെന്നും എനിക്ക് തോന്നി. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നതിലിത്തിരി സന്തോഷവും.
എന്റെ കളിക്കൂട്ടുകാരനായിരുന്ന സുരേഷാണെനിക്കു കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന്‍, ഞങ്ങള്‍ മാധവേട്ടനെന്നു വിളിക്കുന്നയാള്‍ക്കു തെങ്ങ് മുറിക്കലാണു ജോലി. ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു.
ഒരുദിവസം അവന്‍പറഞ്ഞു.. ഗോവിന്ദേട്ടന്‍ തെങ്ങില്‍ക്കയറി കള്ളുചെത്തിക്കൊണ്ടിരിക്കുമ്പോള്‍, താഴെ ചിതറിക്കിടക്കുന്ന ഉണക്കയിലകളില്‍ ചറപറായെന്ന് ചിതറിവീണുകൊണ്ടിരിക്കുന്ന പൂക്കുലച്ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമൊപ്പം ഇറ്റുവീഴുന്ന ദ്രാവകകണങ്ങള്‍ പൂക്കുലയില്‍നിന്നുപൊഴിയുന്ന കള്ളിന്‍തുള്ളികള്‍ ആണത്രേ! അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി, ഒരുദിവസം ഞങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ കിടന്നിരുന്ന ഒരു ഉണങ്ങിയ പ്ലാവിലയില്‍ പറ്റിയിരുന്ന 'ഡി' ദ്രാവകം വിരല്‍കൊണ്ടുതൊട്ട് നാക്കില്‍വച്ചുരുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവുമതിനില്ലായിരുന്നെന്നു മാത്രമല്ലാ ഒരു വൃത്തികെട്ട ചവര്‍പ്പും. വളരേ നാളുകള്‍ക്കുശേഷമാണ് ആ ദ്രാവകത്തിന്റെ 'കെമിക്കല്‍ കോമ്പിനേഷന്‍' അറിഞ്ഞ് ഞങ്ങള്‍ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ലാ.. തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടുതുപ്പുന്നതായിരുന്നു!!!...
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി.. ബിരുദധാരിയായ എനിക്ക് ബോംബെയിലെ ടെല്‍ക്കോയില്‍ (ഇന്നത്തെ ടാറ്റാ മോട്ടോര്‍സ്) ഉദ്യോഗം ലഭിച്ചു. ഒരിക്കല്‍ അവധിക്കുനാട്ടില്‍വന്ന സമയത്ത് കവലയില്‍വച്ചുകണ്ടുമുട്ടിയ കൂട്ടുകാരനുമായി സംസാരിച്ചുനില്ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പുറകില്‍നിന്നാരോ എന്‍റെ പിടലിക്ക് ശക്തമായി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍...
"നിന്നെയിപ്പോഴാണെന്റെ കൈയില്‍ക്കിട്ടിയത്.. ഛെ.. ഞാന്‍ കത്തിയെടുക്കാനും മറന്നല്ലോ" എന്നു പറഞ്ഞുകൊണ്ട് സുസ്മേരവദനനായി പുള്ളിനില്ക്കുന്നു.
പണ്ടുണ്ടായിരുന്ന ഭയാശങ്കകള്‍ നിമിഷനേരംകൊണ്ട് മനസ്സിലൂടെ മിന്നിമറഞ്ഞു. അന്നെന്നെ ഭയപ്പെടുത്തുമായിരുന്നെങ്കിലും, മനസ്സില്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും വാത്സല്യം ചൊരിയുകയുംചെയ്തിരുന്ന ഗോവിന്ദേട്ടന്‍, എന്നെ സ്നേഹപുരസരം ആലിംഗനംചെയ്തു.
"വല്ല്യ ആളായല്ലോഡാ നീ.. ഗോവിന്ദേട്ടനിപ്പോ ചെത്തൊക്കെനിറുത്തി.. വയസ്സായില്ലേ?.. നിന്നെയിനി കാണാന്‍പറ്റുമെന്നു വിചാരിച്ചതേയല്ലാ.. സുഖം തന്ന്യല്ലേ നിനക്ക്?"
പ്രായവും അസുഖവും അദ്ദേഹത്തെ പരിക്ഷീണനാക്കിയിരിക്കുന്നു. പേഴ്സില്‍നിന്നും ഏതാനും കറന്‍സികളെടുത്ത് ഗോവിന്ദേട്ടന്‍റെ കുപ്പായക്കീശയില്‍ തിരുകുമ്പോള്‍ ആ കണ്ണുകള്‍ സ്നേഹംകൊണ്ട് നിറഞ്ഞുതുളുമ്പുന്നത് ഞാന്‍കണ്ടു.
കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചുപ്രതിഫലിച്ച സൂര്യകിരണങ്ങള്‍ ഹൃദയത്തിലേക്ക് സ്നേഹവാത്സല്യങ്ങളുടെ രൂപത്തില്‍ തുളച്ചുകയറുന്നതായി എനിക്കുതോന്നി.
- ജോയ് ഗുരുവായൂര്‍

അമ്മ

"അമ്മേ.. എന്നെ ഉപേക്ഷിച്ചുപോകല്ലേ എന്‍റെയമ്മേ... "
ഒരു പിന്‍വിളി.....
റെയില്‍വേപ്ലാറ്റ്ഫോമിലെ സിമന്‍റ്ബഞ്ചില്‍ക്കിടത്തിയിരുന്ന ചോരക്കുഞ്ഞിനെ അവസാനമായൊന്നുനോക്കി, തിരിഞ്ഞുനടക്കാന്‍തുനിഞ്ഞ അവള്‍ക്ക് ഒരടിപോലും മുന്നോട്ടുവയ്ക്കാനായില്ല. ശാന്തമായുറങ്ങിയിരുന്ന ആ കുഞ്ഞിനെയവള്‍ വാരിയെടുത്തു മാറോടണച്ചു.
"എന്‍റെ മോനെവിട്ട് അമ്മയെങ്ങും പോവില്ലാട്ടോ.. "
ട്രെയിനുകള്‍ വന്നുംപോയുമിരുന്നു.. ആര്‍ത്തലയ്ക്കുന്ന കൊതുകളില്‍നിന്നുരക്ഷിക്കാന്‍ കുഞ്ഞിന്‍റെ ദേഹമവള്‍ തുണികള്‍ക്കൊണ്ടുപൊതിഞ്ഞു.
എണ്ണമില്ലാത്തയെത്രയോ ദിനരാത്രങ്ങള്‍.. ബസ്റ്റാന്‍ഡുകളുടേയും റെയില്‍വേ പ്ലാറ്റ്ഫോമുകളുടേയും കൂരകള്‍ക്കടിയില്‍...
തന്നെ ചെളിക്കുണ്ടിലേക്കെറിഞ്ഞുകടന്നുപോയ ആ ഭൂതകാലംതന്നെയായിരിക്കില്ലേ തന്നെപ്പോലെ, പിതൃത്വമവകാശപ്പെടാന്‍കഴിയാത്ത തന്‍റെ മകനെയും വിഴുങ്ങാന്‍ അക്ഷമമായി കാത്തിരിക്കുന്നുണ്ടാവുക?..
അരുത്.. അതനുവദിക്കരുത്... ഇവനുമൊരു രാജ്യപൗരനാണ്. ശോഭനമായ ഭാവി കാല്ക്കീഴിലാക്കാനുള്ളവന്‍.. സമൂഹത്തിന്‍റെ പാപക്കറപുരണ്ട, ഈ മാതൃത്വത്തിന്‍റെ തണലില്‍വളരുന്ന ഒരു തെരുവുതെണ്ടിയായി നീ വളരാതിരിക്കാന്‍, ഈ അമ്മയ്ക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലാ.. ചോരക്കുഞ്ഞുങ്ങളെ തെരുവിലുപേക്ഷിക്കുന്ന അമ്മമാരെ കണ്ണില്‍ച്ചോരയില്ലാത്തവരെന്നു ലോകം മുദ്രകുത്തുന്നു. ഇന്ന്, തനിക്കു മനസ്സിലാവും സ്വശരീരത്തില്‍നിന്നടര്‍ന്നുവന്ന ആ ജീവനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരു മാതാവിന്‍റെ മാനസികാവസ്ഥ.
പൊന്നുമോനേ.. വളര്‍ന്നുവലുതാവുമ്പോള്‍ നീയുമെന്നെ ശപിക്കുമെന്ന് അമ്മയ്ക്കറിയാം. നീയെന്നെ ശപിച്ചുകൊണ്ടിരിക്കണം.. എന്നാലേ ഈ അമ്മയുടെ ആത്മാവിനു ശാന്തിലഭിക്കുകയുള്ളൂ. എന്‍റെ ജീവിതത്തിലേക്ക് സമൂഹമൊഴുക്കുന്ന അഴുക്കുകളുടെ ഗുണഭോക്താവായിജീവിക്കാന്‍ എന്‍റെ മകനെ ഞാനനുവദിക്കില്ല. ഈ അമ്മയോട് ക്ഷമിക്കുക..
നന്മയുടെ ഉറവകള്‍വറ്റാത്ത, ഏതെങ്കിലുമൊരു മനസ്സിലെ പുണ്യം നിനക്ക് തുണയേകട്ടേ...
തന്‍റെ ജീവാംശത്തേയും പേറിക്കൊണ്ട് അകന്നുപോകുന്ന തീവണ്ടിയെനോക്കി ഗദ്ഗദത്തോടെ അവളിരുന്നു.
- ജോയ് ഗുരുവായൂര്‍

മഴയിലൊരു 'ആര്‍മ്മാദിക്കല്‍'

ശ്രീകൃഷ്ണകോളേജ് ഗുരുവായൂരില്‍ അഞ്ചുകൊല്ലം മേഞ്ഞുനടന്ന് കിട്ടിയ ഫസ്റ്റ് ക്ലാസ് ശാസ്ത്രബിരുദത്തിന്‍റെ ചൂടാറുന്നതിനുംമുന്‍പ് ഉണ്ടായ ഒരു മഴയനുഭവം പങ്കുവയ്ക്കട്ടേ.. എഴുതാന്‍ മാത്രമായി ഒന്നുമില്ല അതിലെങ്കിലും മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സ്വകാര്യാനുഭവമാണിത്.
കോളേജ് കുമാരനൊക്കെയായിട്ടും ബൈക്കൊന്നും വാങ്ങിത്തരാനുള്ള സുമനസ്സ് അപ്പച്ചന് ഉണ്ടായിരുന്നില്ല. പിശുക്കല്ലാ, അപകടമുണ്ടാക്കുമോയെന്ന ഭയമായിരുന്നു അതിനുപുറകിലെന്ന് അറിയാമായിരുന്നതുകൊണ്ട് അതിനുവേണ്ടി വാശിപിടിക്കാനും നിന്നില്ലാ. ആ 20 വയസ്സിലും എന്‍റെ ഹീറോ, എന്‍റെ 'ഹീറോ റേഞ്ചര്‍' സ്പോര്‍ട്സ്-സൈക്കിള്‍ ആയിരുന്നു. അതില്‍ക്കയറി പോകാത്ത ഇടങ്ങളില്ലാ, ചെയ്യാത്ത അഭ്യാസങ്ങളില്ലാ.. കാണാത്ത ഉത്സവങ്ങളില്ലാ...
ജൂലൈ മാസത്തിലെ ഏതോ ഒരു ദിവസം.. ഞാനും എഡ്വിനും ശ്രീകൃഷ്ണ കോളേജ് പരിസരത്തുള്ള മറ്റം എന്ന സ്ഥലത്ത് താമസിക്കുന്ന എന്‍റെ സഹപാഠികളായ സത്യദാസ്, സാജു എന്നിവരുടെ വീട്ടിലേക്ക് ചുമ്മായൊരു സന്ദര്‍ശനം നടത്താനുള്ള തീരുമാനമെടുത്തു. ഒരുതൊഴിലുമില്ലാതെ വീട്ടില്‍വെറുതേയങ്ങനെ (ചൊറിയുംകുത്തി അല്ലാ..) ഇരിക്കുകയല്ലേ... (ഈ പറഞ്ഞ സാജു രണ്ടുവര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി). എഡ്വിന്‍ എന്‍റെ കൗമാരസുഹൃത്തും അയല്‍വാസിയും ഇന്നും ഈ പ്രവാസലോകത്തില്‍ ഊഷ്മളമായ സൗഹൃദസാഹോദര്യം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.
ഞാന്‍ എന്‍റെ റേഞ്ചറിലും അവന്‍ അവന്‍റെ കുന്തമുനയായ ഹെര്‍ക്കുലീസിലും.. യാത്രതുടങ്ങി, അല്പസമയത്തിനുള്ളില്‍ അതേവരെ പ്രശാന്തസുന്ദരമായി നിന്നിരുന്ന പ്രകൃതിയുടെ നിറംമാറി. നിമിഷനേരംകൊണ്ട് ഒരു അട്ടഹാസത്തോടെ മഴ, ഞങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. "തീയില്‍ക്കുരുത്തവര്‍ മഴയത്ത് വാടുമോ?!.." ഹെഹെഹെ.. ഞങ്ങളോടാ കളി.. പാടവരമ്പത്തിലൂടെയുള്ള ഷോര്‍ട്ട്കട്ട് ഒഴിവാക്കി, മൂന്നാലുകിലോമീറ്റര്‍ അധികമുള്ള ടാര്‍റോഡിലൂടെതന്നെ പോകാന്‍ തീരുമാനിച്ചു. ഇടയ്ക്കിടെ ഇടി കുടുങ്ങുന്നുണ്ടായിരുന്നു. ഇടിമിന്നലെന്നു കേട്ടാല്‍ എന്‍റെ പ്രിയസുഹൃത്തിന് ഒന്നൊന്നര പേടിയായിരുന്നു. എന്നാല്‍, മഴകൊണ്ട്‌ മദംപൊട്ടിയ ആശാന്‍, വളരേ ഉത്സാഹത്തോടെ മഴയെ കീറിമുറിച്ചുപോകുന്നതുകണ്ടപ്പോള്‍ എന്നിലെ ആവേശവും കത്തിപ്പിടിച്ചു. അരികന്നിയൂര്‍കയറ്റം ഞങ്ങള്‍ പുല്ലുപോലെ ചവിട്ടിമെതിച്ചുകയറി. വല്ലാത്തൊരു ഊര്‍ജ്ജമാണ് മഴ നല്കുന്നതെന്ന് അപ്പോള്‍ തോന്നി.
അങ്ങനെ, ഒരുതുള്ളിപോലും പാഴാക്കാതെ മഴകൊണ്ട്, ഞങ്ങള്‍ മേല്പ്പറഞ്ഞ വീടുകളില്‍പ്പോയി അവരുമായി കുശലാന്വേഷണം നടത്തി, അവര്‍ തന്ന സ്നേഹമെല്ലാം അനുഭവിച്ച്, തമാശകളെല്ലാം തകര്‍ത്ത്, മടക്കയാത്രക്കുള്ള ഉദ്യമം ആരംഭിച്ചു. അന്തരീക്ഷം വീണ്ടും 'പ്രശാന്തന്‍' .. അതിനാല്‍ പാടത്തുകൂടെ തിരിച്ചുപോകാമെന്നു കരുതി. സാജുവിന്‍റെ അമ്മതന്ന ഉശിരന്‍ കട്ടന്‍കാപ്പിയുടെ ഊര്‍ജ്ജം ഞങ്ങളിലപ്പോള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അപ്പോഴും ഉണങ്ങാന്‍ മടിച്ച്, ദേഹത്തോടൊട്ടിപ്പിടിച്ച് കുളിരാര്‍ന്ന കിന്നാരങ്ങള്‍ പറയുന്നുണ്ടായിരുന്നു.
ഇടവഴികളിലൂടെയെല്ലാം ചീറിപ്പാഞ്ഞ്, ഞങ്ങളുടെ 'ഫെരാരികള്‍' പാടശേഖരങ്ങള്‍ തുടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ആകാശത്ത് കരിമ്പൂതങ്ങളുടെ വാകച്ചാര്‍ത്ത്. ഒരൊന്നൊന്നര ഇടി. ഞാന്‍ എഡ്വിന്‍റെ മുഖത്തോട്ടൊന്നുനോക്കി. അവനത്‌ ആസ്വദിക്കുന്നതുപോലെ എനിക്ക് തോന്നി. പുതുമഴ കണ്ട ഈയാംപാറ്റയുടെ മനസ്സായിരിക്കാം ചിലപ്പോള്‍ അവന് അന്നേരമെന്ന് എനിക്ക് തോന്നി. പൂര്‍വ്വാധികം ആവേശത്തോടെ അവന്‍ എനിക്കുമുന്നില്‍ തെളിഞ്ഞുകൊണ്ടിരുന്ന നേര്‍ത്ത വരമ്പുകളിലൂടെ കുതിച്ചുപാഞ്ഞു. മഴത്തുള്ളികള്‍ ഹര്‍ഷാരവത്തോടെ ഞങ്ങളെ ആവേശഭരിതരാക്കി.
സ്വര്‍ണ്ണവര്‍ണ്ണത്തോടെ നെല്ല് വിളഞ്ഞുകിടക്കുന്ന കണ്ടാണിശ്ശേരി പാടങ്ങളിലൂടെ ഞങ്ങള്‍ റോക്കറ്റ് പോലെ പായുകയാണ്. ചിലയിടങ്ങളില്‍ ഒന്നും ചിലപ്പോള്‍ രണ്ടും അടി പരമാവധിവീതിയുള്ള വരമ്പുകള്‍ ചവച്ചുതുപ്പി ഹെര്‍ക്കുലീസും റേഞ്ചറും അഭ്യാസികളെപ്പോലെ അതിവേഗത്തോടെ മുന്നേറുന്നു. മഴത്തുള്ളികള്‍ കാഴ്ചനശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം അരമണിക്കൂറോളംവേണം ടാറിട്ട, ഗുരുവായൂര്‍റോഡിലേക്ക് എത്തുവാന്‍. മഴയേക്കാള്‍വേഗത്തില്‍ സൈക്കിള്‍ ഓടിക്കുവാനുള്ള ത്വര!.. ഒരുതരം ഭ്രാന്തുപോലെ..
നീര്‍ക്കോലികളും വരാലുകളും നെല്ക്കതിരുകളുടെ താഴെ പുളകംകൊണ്ട് ആര്‍മ്മാദിക്കുന്ന കാഴ്ചകള്‍ കണ്ണിന് കുളിരേകി. വരമ്പുകളുടെ ജന്മിമാരെന്നപ്പോലെനിന്ന് കൈകള്‍ ഉയര്‍ത്തി മസിലുപിടിച്ചുകാണിച്ച, ചില മണ്ടന്‍ഞണ്ടുകള്‍ സൈക്കിള്‍ടയറുകള്‍ക്ക് ഇരകളായി. അതുകണ്ട് പരിഹാസമോടെ 'പേക്രോം' പറയുന്ന തവളകള്‍. സൂക്ഷ്മനയനങ്ങളില്‍ അതൊക്കെ വിരുന്നുകാഴ്ചകളായി. മഴ ആര്‍ത്തലച്ചുകൊണ്ടിരുന്നു.
വിശപ്പും ക്ഷീണവും ഞങ്ങളെ ആക്രമിക്കുവാന്‍തുടങ്ങി.. മണി ഉച്ച പന്ത്രണ്ടര ആയിക്കാണും.. പോകുന്ന വഴിയോരങ്ങളിലെ വീടുകളില്‍നിന്നും ഉള്ളിവഴറ്റിയതിലേക്ക് വേവിച്ച ചേന ചേരുന്ന സുഗന്ധവും, നല്ല മീന്‍കറി വേപ്പിലയിട്ടുകാച്ചുന്ന നറുമണവുമെല്ലാം മൂക്കില്‍വന്നടിച്ചാല്‍പ്പിന്നെ മനുഷ്യന്‍റെ നിയന്ത്രണം പോവില്ലേ..
മഴ നിര്‍മ്മിച്ച മൂടല്‍മഞ്ഞിനപ്പുറം പാടങ്ങള്‍ക്കുനടുവില്‍ ഒരോലപ്പുരയുടെ സാന്നിദ്ധ്യം ദൃശ്യമായി. അതൊരു ചായക്കടയായിരിക്കാം.. എന്‍റെ കൂട്ടുകാരന്‍റെ മനസ്സ് മന്ത്രിക്കുന്നത് എന്തായിരിക്കുമെന്ന് അന്നും ഇന്നും എനിക്കറിയാം. ആ കൂരയുടെ മുന്നില്‍ ഹെര്‍ക്കുലീസ് നിന്നു. പിറകേ എന്‍റെ റേഞ്ചറും..
ധാരണ തെറ്റി. അതൊരു കള്ളുഷാപ്പ് ആയിരുന്നു. പക്ഷേ അവിടെ കച്ചവടക്കാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലാ. കച്ചവടക്കാരനെകണ്ട് ഞങ്ങള്‍ അത്ഭുതംകൂറി. സുധാകരേട്ടന്‍!... ഞാന്‍ ഡിഗ്രീ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠിക്കാന്‍, ചില സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന്റെ അടുത്ത് വാടകയ്ക്കൊരു മുറിയെടുത്തുതാമസിച്ചിരുന്നതിന്റെ അടുത്ത മുറിയിലെ അന്തേവാസിയായിരുന്നു സുധാകരേട്ടന്‍.
കള്ളുഷാപ്പിന്റെ (കള്ളിന്‍റെ/ചാരായത്തിന്റെ കടകള്‍ക്ക് 'ഷാപ്പ്' എന്നും മറ്റുള്ള കടകള്‍ക്ക് 'ഷോപ്പ്' എന്നും പറയുന്നവരാണ് മലയാളികള്‍!) കുശിനിയില്‍നിന്ന്‍ ഏതോ ഒരു കറിയുടെ മനംമയക്കുന്ന സുഗന്ധം.
"എന്ത്ര.. ഇങ്ങളിപ്പോ ഈ വഴിക്ക്?" സുധാരേട്ടന്‍
"ഒക്കെ പിന്നെ പറയാം.. ആദ്യം എന്തേലുമിങ്ങട് തിന്നാനെടുക്ക്.." നോം..
മുതിരാ... മുരിങ്ങയിലയിട്ട് വേവിച്ച്, ചുവന്നുള്ളി മൂപ്പിച്ച്, രണ്ട് പ്ലേറ്റ് അങ്ങട് വെച്ചു. ഹെന്റമ്മേ.. ഒടുക്കത്തെ രുചി..
"ഒരു കുപ്പി കള്ള്.. എടുത്താലോ... " സുധാരേട്ടന്‍
ഞാനും എഡ്വിനും പരസ്പരം ഒന്നുനോക്കി.. ആ മഴയത്ത്, നനഞ്ഞുകുളിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരു ഗ്ലാസ് കള്ള് അകത്താക്കാനുള്ള ആഗ്രഹം ഞങ്ങള്‍ക്ക് അപ്പോള്‍ ജനിച്ചിരുന്നു. വയസ്സ് 20 അല്ലേ.. വോട്ടവകാശവും അതിലപ്പുറവും ആയിട്ടുമുണ്ട്. പക്ഷേ, പ്രശ്നം ആ ആശയക്കുഴപ്പമായിരുന്നില്ലല്ലോ.. കൈയില്‍ കൂടുതല്‍ കാശില്ല. ഞങ്ങളുടെ മനോഗതം അറിഞ്ഞപോലെ സുധാകരേട്ടന്‍ ഒരുകുപ്പി കള്ള് കൊണ്ടുവന്ന് ഡെസ്ക്കില്‍ വച്ചു.
"ഡാ.. കഴിച്ചോടാ.. കാശൊക്കെ പിന്നെ കണക്കാക്കാം.. അല്ലെങ്കിലും ഈ കാശൊക്കെകൊണ്ട് മനുഷ്യന്‍ എവിടെ പോവാനാ.. ത് സൂപ്പര്‍ സാനാ... എല്ലാര്‍ക്കും കൊടുക്കില്ലാ ഞാന്‍.. ഇങ്ങളൊക്കെ ഇന്‍റെ പിള്ളേര് അല്ലേ.. കാശിനെക്കുറിച്ചൊന്നും വിയ്യാരിക്കണ്ടാ.."
ഞങ്ങള്‍ വീണ്ടും "അങ്ങടുമിങ്ങടും" ഒന്ന് നോക്കി.. ഗ്ലാസ്സുകളിലെ കള്ള് പോയവഴി അറിഞ്ഞില്ലാ.. ഹെഹെഹെ....
നന്ദി..
- ജോയ് ഗുരുവായൂര്‍..

ഹൂ... അവളുടെയാ നില്പ്പ്!.... [A]🤣

ജീവിതാനുഭവങ്ങളിലൂടെ - 4
പള്ളിമുറ്റത്തെ വോളിബോള്‍കളി കഴിഞ്ഞ് കൂട്ടുകാരൊത്തിരുന്നു സൊറപറയുന്ന ചില സായാഹ്നങ്ങളില്‍ അലക്സേട്ടന്‍ അതിഥിയായെത്താറുണ്ട്.
അലക്സേട്ടനെന്നു പറഞ്ഞാല്‍ വെളുത്തുസുമുഖനും അന്നാട്ടിലെ പേരുകേട്ട തറവാട്ടിലെ സന്തതിയും ബ്രാന്‍ഡഡ് കുടിയനും സര്‍വ്വോപരി, ഒരു കിടിലന്‍ തമാശക്കാരനും. അതിനാല്‍, ഞങ്ങളോട് കത്തിവയ്ക്കാനായി രണ്ടെണ്ണംവീശിയുള്ള അങ്ങേരുടെ വരവില്‍ ഞങ്ങള്‍ക്ക് യാതൊരതൃപ്തിയുമുണ്ടായിരുന്നില്ലതാനും. ഞങ്ങളേക്കാള്‍ പത്തിരുപത്തിയഞ്ചു വയസ്സോളം മുതിര്‍ന്നതാണെങ്കിലും മാനസികമായി ഞങ്ങളോളമേ പുള്ളിക്കു വളര്‍ച്ചവന്നിട്ടുള്ളൂവെന്നു ചിലപ്പോഴൊക്കെ തോന്നിപ്പോകും. അദ്ദേഹത്തിന്‍റെ ചില ശൈലികളും പ്രയോഗങ്ങളുമൊക്കെ കേട്ടാല്‍ ആരായാലും ചിരിച്ചുചിരിച്ച് മണ്ണുകപ്പും.
മനുഷ്യര്‍ക്ക്‌ എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, ഭൂതം, പ്രേതം, ഒടിയന്‍, മായാവി, ഇത്യാദികളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു, അന്ന് അലക്സേട്ടന്‍ കടന്നുവരുമ്പോള്‍ ഞങ്ങള്‍.
"എന്തൂട്ടാണ്ടാ പൊട്ടന്മാരേ.. ഇരുന്ന് കിണിക്കുന്നത്?..."
ഇങ്ങനെയെന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടായിരിക്കും പുള്ളിയുടെ കടന്നുവരവ്. അടിച്ചതിന്‍റെ ഡോസ് കൂടുതലാണെങ്കില്‍, സംബോധനയില്‍ കണ്ണുപൊട്ടുന്ന തെറിയും കടന്നുകൂടിയേക്കാം.. അലക്സേട്ടനല്ലേയെന്നുകരുതി ഞങ്ങളതു ചിരിച്ചുതള്ളും.
"അലക്സേട്ടാ.. ഈ ഒടിയന്‍, യക്ഷി, മറുത എന്നിങ്ങനെയുള്ള സംഗതികള്‍ ശരിക്കുമുണ്ടോ? ഏട്ടന്‍ അങ്ങനെ വല്ലതിനേം കണ്ടിട്ടുണ്ടോ?.."
ഞങ്ങള്‍ അദ്ദേഹത്തെ വാചാലനാക്കാനുള്ള ശ്രമംതുടങ്ങി.
"മറുതയല്ലാ.. മൈ!@#$ ആണുള്ളത്... നിങ്ങക്കുവല്ല വട്ടുണ്ടോടാ പിള്ളേരേ?.. "
ഒരു പ്രത്യേക ശൈലിയിലുള്ള അങ്ങേരുടെ മറുപടികേട്ട് ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹം തുടര്‍ന്നു.....
"ങാ... അതുപറഞ്ഞപ്പോഴാണ് കൊറേദിവസം മുന്‍പുണ്ടായൊരു സംഭോം ഓര്‍മ്മവന്നത്.. പറഞ്ഞാല്‍ നിങ്ങള് വിശ്വസിക്കില്ല്യാ..."
"പറയൂ അലക്സേട്ടാ... കേള്‍ക്കട്ടേ.." ഞങ്ങള്‍ പുള്ളിക്ക് ആവേശംപകര്‍ന്നു.
"ഞാനേയ്.. മ്മ്ടെ ബാബുബാറില്‍നിന്ന് രണ്ടെണ്ണംവീശി ഗുരുവായൂര്ന്നു സൈക്കിളില് വര്യായിരുന്നു."
"വെറും രണ്ടെണ്ണമോ.. അതുകള അലക്സേട്ടാ... " മനോജ്‌ ഇടപെട്ടു. രണ്ടിലൊതുക്കാന്‍ പുള്ളിക്ക് സാധിക്കില്ലായെന്നു എല്ലാര്‍ക്കും അറിയാലോ..
"ഡാ.. #$%^.. ഞാനിപ്പൊ ആ കഥ പറയണോ വേണ്ടേ?.." പുള്ളിയുടെ സ്വതസിദ്ധമായ പരിഭവം... ഞങ്ങള്‍ വീണ്ടുമദ്ദേഹത്തെ അനുരന്ജിപ്പിച്ചു..
"രാത്രിയൊരു പത്തുപന്ത്രണ്ടരയായിക്കാണും.. മ്മ്ടെ നെന്മിനി മനയുണ്ടല്ലോ, അയിനടുത്തുള്ള പാമ്പിങ്കാവിന്‍റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച!... "
പറച്ചിലില്‍ 'ബ്രേക്ക്' കൊടുത്ത്, അത്ഭുതംകൂറുന്ന മിഴികളോടെ അലക്സേട്ടന്‍ എല്ലാവരേയും മാറിമാറി തുറിച്ചുനോക്കി, സ്തബ്ധനായതുപോലെ ഏതാനും നിമിഷങ്ങള്‍ ഇരുന്നു. അടിച്ചുപൂക്കുറ്റിയാണ്.. ഇരുന്നയിരിപ്പില്‍ ഉറങ്ങിപ്പോയാലോയെന്നുകരുതി, ഞാന്‍ പുള്ളിയെ ഒന്നുകുലുക്കി. പെട്ടെന്ന് ഒരു സ്വപ്നലോകത്തില്‍നിന്നും മടങ്ങിവന്നതുപോലെ അദ്ദേഹം വീണ്ടും പറച്ചിലാരംഭിച്ചു. മനസ്സ്, ഫ്ലാഷ്ബാക്ക് ചികയാന്‍പോയതായിരുന്നിരിക്കണം.
"യെന്തൊരു ചന്തം!.. യെന്തൊരു വെളുപ്പ്‌!... യെന്തൊരു ഐശ്വര്യം!.... "
"എന്തൂട്ടാ അലക്സേട്ടാ.." ആകാംക്ഷയോടെ ഞങ്ങള്‍. പ്രതികരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വീണ്ടും പുള്ളി "ബ്രേക്ക്" ഇട്ടാലോ..
"എടാ അവളുടെ ആ നില്പ്പ് കണ്ടാല്‍ ആരുമൊന്നു മോഹിച്ചുപോകും.. "
ങേ!.. യക്ഷിയൊന്നും ഇല്ലായെന്നുപറഞ്ഞ പുള്ളി ഇപ്പറയുന്നത് യക്ഷിയെക്കുറിച്ചാണോ അതോ നഗരത്തിരക്കുകള്‍കഴിഞ്ഞുമടങ്ങുന്ന വല്ല നിശാസഞ്ചാരിണിയെക്കുറിച്ചോ?.. ഞങ്ങള്‍ പരസ്പരംനോക്കി.
"ഹോ.. യെന്തൊരു ഷേപ്പ്.. നിറഞ്ഞുതുളുമ്പുന്ന നിതംബം... കുണുങ്ങിയുള്ള നില്പ്പ്... മൊത്തത്തില്‍ ഒരാനച്ചന്തം.. "
ഞങ്ങളെല്ലാവരുടെയും കണ്ണുതള്ളിപ്പോയി...
"എടാ.. എന്തൂട്ടാണ്ടാ ഈ നിതംബം എന്നുവെച്ചാല്‍?.." ജിജോ എന്നോടുചോദിച്ചു. എനിക്കും അതിനെക്കുറിച്ച് വലിയ പിടിയുണ്ടായിരുന്നില്ല. പക്ഷേ, അലക്സേട്ടനതില്‍ ഇടപെട്ടു.
"ഡാ.. നിതംബംന്ന് പറഞ്ഞാല്‍ മൊല... എന്തിനാടാ ങ്ങളൊക്കെ സ്കൂളില്‍ പോണേ.. പൊട്ടന്മാര്... ബ്ലഡി ഫൂള്‍സ്.."
'ഹോ.. അതാണ്‌ ആ സംഗതിയല്ലേ' എന്നമട്ടില്‍ ഞങ്ങള്‍ അക്ഷമരായി പുള്ളിയുടെ വാഗ്ധോരണിക്കായി കാതോര്‍ത്തു.
"അവളുടെ ആ ഇടുപ്പ് കാണണം.. മുന്‍പെങ്ങും ഞാനങ്ങനെ കണ്ടിട്ടേയില്ലാ.. കൊഴുത്തുരുണ്ട തുടകള്‍..... മിനുമിനുത്ത കൈകള്‍... "
ഈ വിവരങ്ങള്‍ കേട്ട് എല്ലാ കുമാരന്മാരുടേയും വായില്‍ നിര്‍ജ്ജലീകരണംനടന്നു. കണ്ണുകള്‍ തുറിച്ചുതുറിച്ചുവന്നു.. ശ്വാസോച്ഛ്വാസങ്ങള്‍ ത്വരിതമായി..എല്ലാരും അക്ഷരാര്‍ത്ഥത്തില്‍ അങ്ങേരുടെ നേരെനോക്കി വാപൊളിച്ചിരിക്കുകയാണ്. അതുകണ്ട് അദ്ദേഹത്തിനു ഹരംകയറിയതുപോലെ..
"ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡിലിട്ട്, മെല്ലെ അവളുടെ അടുത്തേക്കു മന്ദംമന്ദം ചെന്നു. എന്നെ കണ്ടപ്പോളവളുടെയൊരു കുണുങ്ങല്‍ കാണണം.. ഞാനങ്ക്ടുമിങ്ക്ടുമൊക്കെയൊന്നു നോക്കി.. ഒരു മനുഷ്യജീവിയെപോലും കാണാനില്ലാ..."
"എന്നിട്ട്!......" എല്ലാവരും അക്ഷമരായി ഒരൊറ്റസ്വരത്തില്‍..
"ഞാനവളുടെ നെറ്റിയില്‍ ചുംബിച്ചു.. ആ മൃദുലമായ കവിളുകളില്‍ പതിയേ തലോടി.. അതോടെ അവളെന്നോടു ചേര്‍ന്നുനിന്നു.. "
അത്യന്തം ഉദ്വേഗഭരിതരായ കുമാരന്മാരിരുന്നു ഞെളിപിളികൊള്ളാന്‍ തുടങ്ങി. ഹൃദയങ്ങള്‍ മുഴക്കുന്ന പെരുമ്പറശബ്ദം അവിടെ നിറഞ്ഞു.
"ന്‍റെ കൂടെ പോരണോടീ.. അവളുടെ തോളില്‍തട്ടിക്കൊണ്ട്, ആ കാതില്‍ ഞാന്‍ ചോദിച്ചു.. "
"ശ്ശോ... ന്‍റെ അലക്സേട്ടാ... ഒന്നുവേഗം പറഞ്ഞുതുലയ്ക്കൂ.."' ജോഷിയുടെ കണ്ട്രോള്‍ പോയിത്തുടങ്ങി.
"പക്ഷേ, കുറ്റബോധമെന്നെ വല്ലാതെ പിടികൂടിക്കൊണ്ടിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍പ്പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും... "
പുള്ളി സിനിമാഡയലോഗുപോലെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കേള്‍വിക്കാര്‍ അടുത്തരംഗത്തിനായി വിറയോടെ കാതോര്‍ക്കുകയായിരുന്നു.
"സുന്ദരിയായ നീയിങ്ങനെ രാത്രീലൊക്കെ റോഡില്‍നിന്നാല്‍ വല്ലോരും പിടിച്ചോണ്ടുപോകില്ലേ?.. എല്ലാരും ന്‍റെ പോലെ നല്ലോരായിരിക്കില്ലാട്ടാ... വാ.. എവിടെയാ നിന്‍റെവീട്?.. അലക്സേട്ടന്‍ കൊണ്ടാക്കിത്തരാം... കുറുമ്പി..."
"ഛെ.. കളഞ്ഞുകുളിച്ചല്ലോ അലക്സേട്ടാ.... ഏട്ടന് പേടിതോന്നിക്കാണുമല്ലേ?.. വല്ല്യ ധൈര്യശാലിയാണെന്ന് വീമ്പടിക്കണ കാണാലോ.. ഇപ്പോളെന്തായി.. അയ്യേ.. മോശം മോശം.." പ്രതീക്ഷിച്ച ക്ലൈമാക്സ് ലഭിക്കാതെ നിരാശനായ തോമസ്‌, പുള്ളിയെ പരിഹസിച്ചു.
"അതേടാ... എനിക്ക് പേടിതന്നെയാ.. അലക്സേട്ടന്‍ കള്ളുകുടിക്കും തല്ലുണ്ടാക്കും.. ന്നാലും തെണ്ടിത്തരോന്നും ചെയ്യൂലാട്ടോ.. ഒന്നു പോയേടാ ചെക്കാ.. "
അലക്സേട്ടന്‍ കലിപ്പുറോളിലായി... ഞാനും ജോസുംകൂടെ തന്ത്രപരമായി അദ്ദേഹത്തെ പാട്ടിലാക്കിക്കൊണ്ട് ചോദിച്ചു..
"സത്യത്തില്‍ അവള്‍ ആരായിരുന്നു?.. ഏതു വീട്ടിലേയാ? ഇനി വല്ല ഭ്രാന്തിയോവല്ലോമായിരിക്കുമോ? പറയൂ ചേട്ടായീ.. പ്ലീസ്.. "
എല്ലാരുടേയും കാതുകള്‍ അലക്സേട്ടന്‍റെ ചുണ്ടുകളിലേക്ക്‌ ഫോക്കസ് ചെയ്യപ്പെട്ടു.
"ഒരു പശു... അല്ലാതെന്താ?.. തൊഴുത്തീന്ന് കെട്ടഴിഞ്ഞുപോന്നതായിരിക്കും.. ങാ.. ഞാനേതായാലും അപ്പുറത്തുകണ്ട വീടിന്‍റെ തൊഴുത്തില് അയിനെ കെട്ടിയിട്ട് ഇങ്ങട് പോന്നു.. അല്ലാപ്പിന്നെ.. മനുഷ്യനുവേറെ പണീല്ല്യേ?.."
അതുകേട്ട്, കാറ്റുപോയ ബലൂണുകള്‍പോലെ കുമാരന്മാര്‍ കിടക്കുന്നതു ഗൗനിക്കാതെ തന്‍റെ സൈക്കിളില്‍കയറി അലക്സേട്ടന്‍ അപ്രത്യക്ഷനായി.
തുടരും...
- ജോയ് ഗുരുവായൂര്‍

"ശ്ശോ.. ഈ അപ്പാപ്പനെക്കൊണ്ട് തോറ്റൂ!!..." (മരിക്കാത്ത ഓര്‍മ്മകള്‍ -1)

ചില പ്രിയപ്പെട്ട വ്യക്തികളും അവരുള്‍പ്പെടുന്ന നമ്മുടെ ജീവിതാനുഭവങ്ങളും ഒരിക്കലും നമ്മള്‍ മറക്കുകയില്ലാ. സ്നേഹസ്വരൂപനായിരുന്ന എന്‍റെ അപ്പാപ്പനും (Grand Father) ഞാനും ഒരുമിച്ച് തരണംചെയ്ത ചില "ആശുപത്രിപ്രതിസന്ധികള്‍" ആണ് ഈ എഴുത്തിനാധാരം.
ഞാന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി. സഹപാഠികളുടെ കണ്ണിലുണ്ണിയും ഹീറോയും അല്ലറചില്ലറ പഞ്ചാരയുമൊക്കെയായി വിലസുന്ന കാലം. കോളേജില്‍പോക്ക് വെറും പഠിപ്പിനുമാത്രമായാല്‍അതിനെന്തു രസം?
റാണി ബസ്സ്. കോളേജുസ്റ്റോപ്പ്‌വഴിപോകുന്ന ആകെയുള്ള ആ ബസ്സായിരുന്നു ഗുരുവായൂര്‍ഭാഗത്തുനിന്നുവരുന്ന കുട്ടികളുടെ പ്രധാന ഉപാധി. അതില്‍ കയറിപ്പറ്റിയാല്‍ത്തന്നേ കോളേജില്‍ ഹാജര്‍കിട്ടിയയൊരു പ്രതീതിയായിരുന്നു. കോളേജുപിള്ളേരുടെ ശല്യവും ബഹളവുംകാരണം സാധാരണക്കാരായ യാത്രക്കാര്‍വരേ ആ ബസ്സിന്‍റെ രാവിലത്തെ ട്രിപ്പില്‍ കയറാറുണ്ടായിരുന്നില്ലാ. കണ്ടക്ടറും ഡ്രൈവറും വര്‍ഷങ്ങളായുള്ള നിത്യപരിചയംകൊണ്ട് കുട്ടികളുടെ വേലത്തരങ്ങളോട് താദാത്മ്യപ്പെടുകയും ചെയ്തിരുന്നു. കോളേജ്സ്റ്റോപ്പ്‌ എത്തുന്നതുവരേ, മണിയടിക്കലും 'റൈറ്റ്' പറയലുമൊക്കെയായി ബസ്സിന്റെ കമ്പ്ലീറ്റ് കണ്‍ട്രോള്‍ കോളേജുകുമാരന്മാരുടെ കൈയിലായിരിക്കും. ഇതിനിടയില്‍, അന്നത്തെ കാലത്ത് കൊടുത്തിരുന്ന കണ്സഷന്‍ചാര്‍ജ് ആയ പത്തുപൈസവരേ കൊടുക്കാതെ തടിതപ്പാന്‍നോക്കുന്ന വിദ്വാന്‍മാരും ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് എന്റെ അപ്പാപ്പനായ സാക്ഷാല്‍ അന്തപ്പന്‍മാപ്പിള, വീടിന്‍റെ തട്ടിന്‍മുകളിലേക്കുള്ള കോണിപ്പടികയറുന്നതിനിടയില്‍ കാലുപതറി ഉരുണ്ടുപിരണ്ട് ഡീസന്റായിത്തന്നേ വീണ് കൈയും തോളെല്ലുമൊക്കെ ഫ്രാക്ചറായി കോളേജിന്‍റെയടുത്തുതന്നെയുള്ള ഒരു പാരിഷ്ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാവുന്നത്. അപ്പാപ്പനന്ന് പ്രായം നന്നേ കുറവായിരുന്നു. വെറും എഴുപത്തിയഞ്ചു വയസ്സ്. നാട്ടിലറിയപ്പെടുന്ന വ്യക്തിയും, പണ്ടത്തെ സിലോണ്‍ പ്രവാസിയും കൊപ്രവെട്ട് വ്യവസായം കാര്യക്ഷമമായി നടത്തിവന്നിരുന്ന ആളുമായിരുന്നു അദ്ദേഹം. ഒന്നാംതരം കണിശക്കാരനും അതേസമയം പരമരസികനും. എന്നോട് മറ്റുള്ള കുട്ടികളില്‍നിന്നൊരു വേറിട്ടസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
വിവരമറിഞ്ഞ് വിഷണ്ണനായി ഞാന്‍ ആശുപത്രിയില്‍ചെല്ലുമ്പോള്‍ ആശുപത്രിമുറ്റത്ത്‌ അപ്പാപ്പന്‍റെ മൂത്തസന്തതിയായ എന്‍റെ അപ്പച്ചനും (father) ഇളയപ്പന്മാരുമായി എന്തോ ഗൂഢാലോചന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഗൗനിക്കാതെ നേരെ അപ്പാപ്പനെ കിടത്തിയ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.
എന്നേക്കണ്ടവഴി അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പൊടിഞ്ഞ കണ്ണുനീര്‍ എന്‍റെ കൈകള്‍കൊണ്ട് തുടച്ചുമാറ്റി ഞാന്‍ പറഞ്ഞു
"സാരല്യപ്പാപ്പാ ഇതൊക്കെ പെട്ടെന്നുതന്നേ മാറിക്കോളും.. സമാധാനമായി കിടന്നോളൂ.. ആദ്യം അപ്പാപ്പന്‍ ഈ ചായ അങ്കട് കുടിക്ക്, ഒരുഷാറൊക്കെ വരട്ടേ.." ഞാന്‍ ഫ്ലാസ്ക് തുറന്ന് ഒരു കപ്പില്‍ ചായയൊഴിച്ച് അദ്ദേഹത്തിനുനേരെ നീട്ടി.
"ടാ.. ആദ്യം നീയ്യ്‌ ഒരു കാര്യംചെയ്യ്... ദേ ആനിക്കണ കുരുത്തം കെട്ട ചെക്കനുണ്ടല്ലോ... അവന്‍റെ ചെവ്ട് പിടിച്ച്, അസ്സലായൊരുതിരുമ്മങ്കട് കൊട്. കൊറേനേരായവന്‍ ന്‍റെ പ്ലാസ്റ്ററിട്ട കൈ ഞാത്തീട്ട ഈ സ്റ്റാന്‍ഡില്‍ കെടന്ന്‍ സര്‍ക്കസ്സുകളിക്ക്ണൂ... അസത്ത്"
മക്കളും മരുമക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഒന്നുംകഴിക്കാതിരുന്ന അപ്പാപ്പന്‍, ഞാന്‍ കൊടുത്തചായ പ്രസന്നവദനനായി, കട്ടിലിന്റെ ക്രാസിയില്‍ചാരിയിരുന്ന് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗൂഢാലോചനകഴിഞ്ഞ് അപ്പച്ചനും രണ്ടനിയന്മാരും അവിടേക്ക് കടന്നുവന്നത്.
"ദേ അപ്പന്‍ ചായ കുടിക്ക്ണൂ..! നമ്മള് എത്രകൊടുത്തുനോക്കീതാ... കണ്ണുവരെ തൊറന്ന്വോ?.. ജോയി കൊടുത്തപ്പോള്‍ നോക്ക്..ദേ കുടിച്ചു!..." വല്യളേപ്പന്‍ അതുപറഞ്ഞപ്പോഴേ അവരുടെ ഗൂഢാലോചനയുടെ ഉദ്ദ്യേശ്യശുദ്ധി എനിക്ക് ഏകദേശം പിടികിട്ടി. രാത്രികളില്‍ സ്ഥിരമായി ഹോസ്പിറ്റലില്‍ ഈ പാവമെന്നെ നിറുത്തണം. അവര്‍ക്ക് വീട്ടില്‍പ്പോയി മുക്രയിട്ടുറങ്ങണം..
"മോനെ നീ പോയി വല്ലതും കഴിച്ചിട്ട് വാടാ.. ഞങ്ങള്‍വ്ടെ വെയിറ്റ് ചെയ്യാം".. കീശയില്‍നിന്ന്‍ ഒരു നൂറിന്‍റെ ഒടിയാത്തനോട്ടെടുത്ത് എന്റെകൈയിലേക്കുവെച്ചുതന്ന് അപ്പച്ചന്‍ പറഞ്ഞു. കൈക്കൂലിതന്ന്, എന്നെ പാട്ടിലാക്കാനുള്ള അപ്പച്ചന്‍റെ സൂത്രം മനസ്സിലാക്കിയഞാന്‍ പറഞ്ഞു.
"എന്തിന്.. ഏയ്‌ വേണ്ടാ.. ഞാന്‍ വീട്ടില്‍പോയി കഴിച്ചോളാം..."
"ജോയിക്കുട്ടാ... ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ പൊന്നുമോനേ.. ഞങ്ങക്കൊക്കെ നാളെ ജോലിക്കുപോണ്ടേ?.. അപ്പാപ്പനാണെങ്കില്‍ നീതന്നേ കൂടെനില്ക്കുന്നതാ ഇഷ്ടവും.. ." എന്നെ പ്രതീക്ഷാനിര്‍ഭരമായിനോക്കുന്ന അപ്പാപ്പന്‍റെമുന്നില്‍ എളേപ്പന്‍റെ ന്യായീകരണത്തിനു തടയിടാന്‍ ഞാന്‍ അശക്തനായിരുന്നു. അപ്പാപ്പനും ഞാനുമായുള്ള ഇരിപ്പുവശം പരമാവധി മുതലെടുത്തുകൊണ്ടായിരുന്നു അവരുടെ സംസാരങ്ങളും.. അല്ലെങ്കിലും എനിക്ക് അപ്പാപ്പനെ അസ്വസ്ഥതകളുടെ ഇരയാക്കി വിട്ടുപോകാന്‍ കഴിയുമായിരുന്നില്ലെന്നത് വേറൊരുകാര്യം.
"രാത്രിയിലെന്തേലും പ്രശ്നമുണ്ടായാല്‍ നീ ഫോണ്‍ ചെയ്യണം.."
എന്നെ പറ്റിച്ച സന്തോഷത്തില്‍ മൂവര്‍സംഘം നടന്നകലുന്നത് തെല്ലൊരീര്‍ഷ്യയോടെ നോക്കിനില്ക്കാനേ എനിക്കുകഴിഞ്ഞുളളൂ. പിന്നേ, അപ്രതീക്ഷിതമായി പോക്കറ്റില്‍ വന്നുവീണ നോട്ടിന്‍റെ കാര്യമാലോചിച്ചപ്പോള്‍ കുറച്ചൊരാശ്വാസം തോന്നി.. കാരണം, നിധികാക്കുന്ന ഭൂതങ്ങളായിരുന്നിട്ടും, അത്യാവശ്യങ്ങള്‍ക്കല്ലാതെ, ഒരു പത്തിന്‍റെ പൈസപോലും, കോളേജുകുമാരനായ തനിക്കുതന്നിരുന്നില്ലാ എന്നതുതന്നേ. അമ്മയേ മണിയടിച്ചുവാങ്ങുന്ന പൈസ കൊണ്ടായിരുന്നു കോളേജുപടിക്കലെ അച്ചുനായരുടെ ചായക്കടയിലെ ഒന്നൊന്നര കാപ്പിയും കിടിലന്‍ ഉണ്ടപ്പൊരിയും (ക്രിക്കറ്റ്ബോള്‍ പോലെയിരിക്കുന്ന പലഹാരം), പിന്നെ ഖാദര്‍ക്കാന്‍റെ കടയിലെ നല്ല എരിയന്‍പരിപ്പുവടയുമൊക്കെ വാങ്ങിയടിക്കാന്‍ സാധിച്ചിരുന്നത്.
അങ്ങനേ, അന്നുമുതല്‍ കുറച്ചുദിവസത്തേക്ക് എന്‍റെ രാത്രിശയനം അപ്പാപ്പന്‍റെ കട്ടിലിനടിയിലെ ആറടി തറയിലായി. ഇടക്കിടേ ഓരോ തമാശയും കാര്യങ്ങളുമൊക്കെ പറയുന്ന അപ്പാപ്പനുമായുള്ള സഹവാസം സന്തോഷകരമായിരുന്നെങ്കിലും, എണീറ്റുനടക്കാന്‍ സാദ്ധ്യമല്ലാതിരുന്ന അപ്പാപ്പന്‍റെ "ഡ്രെയിനേജ് & സീവറേജ് ഡിപ്പാര്‍ട്ട്മെന്റ്" ചുമതല, ക്ലീനിംഗ് & പല്ല്തേപ്പിക്കല്‍ ഡ്രൈവ്, സലയ്ന്‍ഡ്രിപ്പ്കുപ്പി തീരുന്നതെപ്പോഴാണെന്ന് ജാഗരൂകനായി നിരീക്ഷിക്കല്‍, രാത്രിയില്‍ ഇടക്കിടേ കേള്‍ക്കുന്ന, വാര്‍ഡിലെ ഗുരുതരാവസ്ഥക്കാരായ രോഗികളുടെ പല ഡെസിബലിലുമുള്ള അപസ്വരങ്ങള്‍, പലവിധം മരുന്നുകളുടെ മനംമടുക്കുന്ന ഗന്ധമുള്ള ആശുപത്രി ശ്യൗച്യാലയത്തില്‍ ദേഹശുദ്ധിവരുത്താനുള്ള മടുപ്പുകാരണം രാത്രിയിലുള്ള കുളി ഒഴിവാക്കേണ്ടിവരുന്നത്.. ഇതൊക്കെ അസഹ്യമായി തോന്നിയിരുന്നു. സര്‍വ്വോപരി, ശ്രീകൃഷ്ണയിലെ ബോട്ടണിക്ലാസ്സില്‍ പഠിക്കുന്ന നിഷയുടെ ഇളയമ്മയും അവിടത്തെ ഹെഡ്നഴ്സുമായിരുന്ന ഏലിയാമ്മയുടെ പരിഹാസം കലര്‍ന്നനോട്ടവും..(പ്രത്യേകിച്ച്., മേല്പ്പറഞ്ഞ 'ഡിപ്പാര്‍ട്ട്മെന്റ്' ജോലി ചെയ്യുന്ന നേരങ്ങളില്‍). നിഷ നമുക്കിട്ട് പണിതിട്ടുണ്ടാവുമല്ലോ..
ഇടയ്ക്ക് വരാറുള്ള കമ്പൌണ്ടെര്‍ കൃഷ്ണദാസന്‍. "എന്താ കാര്‍ന്നോരെ സുഖല്ലേ?.." എന്നുംപറഞ്ഞ്, അപ്പാപ്പന്‍റെ പ്ലാസ്റ്ററിട്ട കൈയൊന്നു പിടിച്ചുനോക്കും..
"കാര്‍ന്നോര് നിന്‍റെ അപ്പന്‍" അപ്പാപ്പന്റെ സ്ഥിരംമറുപടി കേള്‍ക്കാനെന്നോണം അയാള്‍ വരാറുണ്ടായിരുന്നു. അപ്പാപ്പന് ആളും തരോമൊന്നുമില്ലാ.. വായില്‍ത്തോന്നുന്നത് അപ്പോഴേ അടിച്ചുവിടും...
ജീവിതത്തിലാദ്യമായി അടങ്ങിയൊതുങ്ങിയനങ്ങാതെ കിടക്കാന്‍വിധിക്കപ്പെട്ട അപ്പാപ്പന്‍റെ ശാരീരികാവസ്ഥക്കും മാനസികാവസ്ഥക്കും അല്പാല്പമായി വന്നുതുടങ്ങിയ പ്രതികൂലമായ മാറ്റം എന്നെ അതിലും കുഴപ്പത്തിലാക്കി. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞതിനുശേഷം എപ്പോഴെങ്കിലും ഉണര്‍ന്നാല്‍പ്പിന്നേ അപ്പാപ്പന് സ്ഥലകാലബോധം ഉണ്ടാവില്ലാ.. ഉറക്കേ സംസാരിക്കുകയും പഴയ നാടന്‍പാട്ടുകള്‍ പാടുകയും ഇടക്കൊക്കെ നല്ല സ്വയമ്പന്‍, നാടന്‍തെറികളുടെ അകമ്പടിയോടെയുള്ള ഡയലോഗുകളും ഒക്കെക്കൂടി ആ അവസ്ഥയെന്നെ അങ്കലാപ്പിലാക്കിയിരുന്നു.
കൂനിന്മേല്‍കുരുവെന്നപോലെ, അപ്പാപ്പന് മൂത്രതടസ്സം അനുഭവപ്പെട്ട്, ട്യൂബിട്ടതോടെ ശരിക്കും അടിയന്തിരാവസ്ഥയിലെന്നോണമായി കാര്യങ്ങള്‍. കട്ടിലിനടിയിലായാണ് യൂറിന്‍ബാഗ് തൂക്കിയിട്ടിരിക്കുന്നതെന്നതിനാല്‍, രാത്രി കട്ടിലിനടിയില്‍കിടക്കുമ്പോള്‍ ഇടയ്ക്കിടെ അതിന്‍റെ ലെവല്‍ മോണിട്ടര്‍ചെയ്യാന്‍ എനിക്ക് ഈസിയായി സാധിക്കുമായിരുന്നുവെങ്കിലും, അപ്പാപ്പന്‍ രാത്രിയില്‍ ബോധമില്ലാതെ പാടുന്ന നാടന്‍പാട്ടുകളും പറയുന്ന തമാശകളുമൊക്കെ ഏല്യാമ്മ എന്ന BBC വഴി വള്ളിപുള്ളിവിടാതെ ‘സെയിം വേര്‍ഷനില്‍’ത്തന്നേ കോളേജില്‍പഠിക്കുന്ന നിഷവഴി കോളേജില്‍ പാട്ടാവുന്നത് എന്നെ ഒട്ടൊന്നു അരിശംപിടിപ്പിച്ചിരുന്നു. കോളേജില്‍ നല്ലൊരു ഇമേജുള്ള എനിക്ക് തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥ. രാത്രിയില്‍ മരുന്നുകൊടുക്കാന്‍ വരുന്നനേരത്ത് സ്ഥലകാലബോധമില്ലാതെ അപ്പാപ്പന്‍ അവരെ പബ്ലിക്കായി വിളിക്കുന്ന തെറികള്‍ക്കുള്ള മധുരപ്രതികാരമെന്നനിലയ്ക്കായിരിക്കും ഏല്യാമ്മ ഈ കുത്സിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എനിക്കുതോന്നി.
രാത്രിയില്‍ അപ്പാപ്പന്‍ 'മിസൈല്‍വര്‍ഷം' തുടങ്ങുന്ന നിമിഷംതന്നേ, ഞാന്‍ പുതപ്പ് തലവഴി വലിച്ചുമൂടി, ഞാനാ നാട്ടുകാരനേയല്ലായെന്നമട്ടില്‍ നിശ്ശബ്ദനായി കിടക്കും.
കോളേജുകുമാരനും അസോസിയേഷന്‍സെക്രട്ടറിയുമായ എന്നെ താറടിച്ചുകാണിച്ച്, നാളുകളായി കോളേജില്‍ ഞാന്‍സമ്പാദിച്ച പേരും ഗ്ലാമര്‍പരിവേഷവും കുറയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ എല്യാമ്മയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തിരിച്ചടികൊടുത്തേ മതിയാവൂ എന്നുഞാന്‍ മനസ്സിലുറപ്പിച്ചു...
രാത്രിയില്‍ സുബോധമില്ലാതെകിടന്നിരുന്ന അപ്പാപ്പന്‍റെ പൃഷ്ഠത്തില്‍ അപ്രതീക്ഷിതമായി സൂചികയറിയപ്പോഴുണ്ടായ ഞെട്ടലും വേദനയും ദേഷ്യവുംകൊണ്ട് അപ്പാപ്പന്‍ ഇന്‍ജക്ഷനെടുത്ത എല്യാമ്മയെ മുട്ടന്‍തെറി വിളിച്ചു. കട്ടിലിനടിയില്‍ കിടന്നിരുന്നഞാന്‍ ഉറങ്ങിയഭാവം നടിച്ചു.
"ദേ വല്യപ്പനാണെന്നുവെച്ച് വായേത്തോന്നീത് വിളിച്ചാലുണ്ടല്ലോ.. എടുത്തൊരു കുത്തങ്ങട് വച്ചുതരൂന്നോര്‍ത്തോ" എന്നുപറഞ്ഞ് തിരിച്ചുപോകാനൊരുങ്ങിയ എല്യാമ്മയെ, കട്ടിലിനടിയില്‍ ഉറക്കത്തിലാണെന്നവ്യാജേന കിടന്നഞാന്‍ കാലുവച്ച് വീഴ്ത്താന്‍നടത്തിയ ശ്രമത്തില്‍നിന്നുമവര്‍ അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയെന്നുമാത്രമല്ലാ... "ചെക്കാ.. വേണ്ടാട്ടോ.." എന്നുപറഞ്ഞ് ഹൈഹീല്‍ചെരുപ്പുവച്ച് എന്‍റെ കണങ്കാലില്‍ ഭീകരമായൊരുചവിട്ടും.. പ്രതികരിക്കാനൊന്നുംനില്ക്കാതെ കാലുവലിച്ചുപുതപ്പിനകത്താക്കി, അപ്പാപ്പന്‍റെ നാലഞ്ച് മാസ്റ്റര്‍പീസ്‌തെറികള്‍ നിശബ്ദമായി എല്യാമ്മക്കായി തൊടുത്തുവിട്ടുകൊണ്ട് വേദനകടിച്ചമര്‍ത്തികിടന്നു.; "ന്റമ്മോ എന്തൊരുചവിട്ട്...ഹുഹുഹു.. കണ്ണില്‍നിന്നു പൊന്നീച്ചപാറി . "നിനക്കുഞാന്‍ വെച്ചിട്ടുണ്ടെടീ എല്യാമ്മേ..ഇതിനൊക്കെ പകരംചോദിച്ചില്ലെങ്കില്‍ എന്‍റെപേര് ...ങാ അല്ലെങ്കില്‍വേണ്ടാ... നിന്‍റെപേര് നിന്‍റെ പട്ടിക്കിട്ടോ ശൂര്‍പ്പണഖേ..."
ഒരു ബഹളംകേട്ടാണ് മറ്റൊരുരാത്രിയില്‍ ഞാനുണര്‍ന്നത്‌. തൊട്ടടുത്തകട്ടിലില്‍, ഉടനീളംപ്ലാസ്റ്ററിട്ട വലതുകാലുമായി കിടന്നിരുന്ന തിരോന്തരംകാരനായ ജയന്‍ചേട്ടന്‍ കലിപ്പുണ്ടാക്കുന്നു. കണ്ണുതിരുമ്മിക്കൊണ്ട്, "എന്താ ജയേട്ടാ പ്രശ്നം?" എന്നുഞാന്‍ ചോദിച്ചു..
"ഡേയ്... എന്തിരഡേയിത്... നെന്റെ അപ്പാപ്പനെ ഒടനെ ഇവിടന്നു മാറ്റിക്കോണം.. തള്ളേ.. കണ്ടില്ലേ ഉടായിപ്പുകള്.. " വലതുകൈപ്പത്തി എന്റെനേരെ നീട്ടിക്കാണിച്ചുകൊണ്ട് കോപമടക്കാനാവാതെ അയാള്‍ വിറച്ചു. നല്ലകട്ടിയുള്ള പശപോലെ എന്തോ കൈയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്താണതെന്നു ഞാന്‍ തിരക്കി.
രാത്രി ഉറക്കത്തില്‍ എന്തോ ഒന്ന് കവിളില്‍ വന്നുപതിച്ചു. വല്ല പല്ലിയോമറ്റോ ആണെന്നുകരുതി അയാള്‍ കൈകൊണ്ടു തടവിനോക്കിയപ്പോഴാണ് തൊട്ടടുത്തുകിടന്ന അപ്പാപ്പന്‍ സുബോധമില്ലാതെ കാറിത്തുപ്പിയ സ്വയമ്പന്‍ പീരങ്കിയുണ്ടയാണ് അതെന്നു മനസ്സിലായത്‌.
"കെളവനൊരു വിചാരോണ്ട്, അങ്ങേരേതാണ്ട് തെറിവിളിയില്‍ എം എ പാസ്സായിട്ടോണ്ടെന്ന്. കറാമ്പറപ്പുകള്‍കാണിച്ചാല്‍ ന്‍റെതള്ളേ.. കെളവനാന്നൊന്നും നോക്കൂല ഞാന്‍"
ഇത് കേട്ട് വാര്‍ഡിലുയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ സ്വയം ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. അപ്പാപ്പനോ, ഞാനൊന്നറിഞ്ഞില്ല്യെ രാമനാരായണ എന്ന രീതിയില്‍ കണ്ണുമടച്ചു നിര്‍വ്വികാരനായി തിരിഞ്ഞുകിടക്കുന്നു. ഉടനേ അവിടേനിന്ന് തടിതപ്പി പുറത്തുപോയി, ആരുംകാണാതെ മനസ്സുതുറന്ന് ആവോളംചിരിച്ച് സായൂജ്യമടഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഒരു 'സ്ക്രീന്‍' ഇടയ്ക്കുവച്ച് ഏല്യാമ്മ ആ പ്രോബ്ലം പരിഹരിച്ചിരുന്നു. ഹോ.. നാളെയിനി കോളേജിന്റെപടി ചവിട്ടുകയേവേണ്ടാ.. കഷ്ട്ടം.
അപ്പാപ്പന്റെ മനോബലവും എല്ലാവരുടെയും പ്രാര്‍ത്ഥനയുംകൊണ്ട് ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെട്ടെങ്കിലും ഡ്രെയിനേജ് ഡിപ്പാര്‍ട്ട്മെന്റ് ഇനിയും പ്രവര്‍ത്തനസജ്ജമാകാതെകിടന്നു. എഴുന്നേറ്റുനടക്കാമെന്നായതോടെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ജോലികളെല്ലാം ഡയറക്റ്റ് ആയി അദ്ദേഹത്തിനുതന്നേ ചെയ്യണമെന്ന വാശികൂടിയായപ്പോള്‍ ഞാന്‍ വീണ്ടുംകുടുങ്ങി. ടോയിലറ്റ് ലകഷ്യമാക്കി മുമ്പേനടക്കുന്ന അപ്പാപ്പന്റെ പുറകെ മൂത്രസഞ്ചിയുമായി, ശ്രീ കൃഷ്ണാകോളേജിലെ അസോസിയേഷന്‍ സെക്രട്ടറി... അപാകമായ ആ മാനസികാവസ്ഥയില്‍ എന്നെസംബന്ധിച്ചതൊക്കെ .... വലിയൊരു ‘പ്രസ്റ്റീജ് ഇഷ്യൂ’ തന്നെയായിരുന്നു.
ആത്മരോഷം തീര്‍ക്കാന്‍ ഫാദര്‍ജിയുടേയും എളേപ്പന്മാടേയും കൈയില്‍നിന്നുവാങ്ങുന്ന ദിവസപ്പടിയുടെ കനംകൂട്ടി. എന്നെ അനുനയിപ്പിച്ചുനിറുത്താന്‍ പോക്കറ്റില്‍നിന്നു "വക്കന്‍" ഇറക്കുകയല്ലാതെ അവര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ലാ. നനഞ്ഞിടം കുഴിക്കുന്ന പരിപാടിയായിരുന്നെങ്കിലും ഐ വാസ് ടോട്ടലി ഹെല്പ്ലെസ്.
മോങ്ങുന്ന പട്ടിയുടെ മണ്ടയില്‍ തേങ്ങ വീണപോലെ ഒരുസംഭവം ഉണ്ടായി. ഒരുദിവസം അപ്പാപ്പന്‍ ബാത്ത് റൂമില്‍ പോകുന്നനേരം മൂത്രസഞ്ചിയുംപിടിച്ച് ഞാന്‍ പുറകേയുണ്ട്... കര്‍ത്താവേ പരിചയക്കാരാരും ഇതുകാണരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നടക്കവേ, അദ്ദേഹത്തിന് വഴിയില്‍ക്കണ്ടവരോടെല്ലാം ലോഹ്യംപറയണം. പെട്ടെന്നതാ മുന്നില്‍ ചിരിച്ചുകൊണ്ട് നിഷ!...ഏലിയാമ്മനേഴ്സിനെ കാണാന്‍വന്നതായിരിക്കും.
എന്നേനോക്കി പരിഹാസച്ചിരിയുതിര്‍ക്കുന്ന അവളേനോക്കി ഞാന്‍ വിഷണ്ണനായിനില്ക്കുമ്പോള്‍ അപ്പാന്റെ ഒരു ചോദ്യം... "എടാ ഇവള് നിന്റെ ലൈന്‍ ആണോടാ?,,"
"ന്‍റെ അപ്പാപ്പാ.. ഒന്ന് വേഗം നടക്ക്‌...ബാത്ത് റൂമിലും ഇനി ക്യൂ നില്ക്കേണ്ടി വരും" എന്ന് പറഞ്ഞു അപ്പാപ്പനെ മുന്നോട്ടു നടത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് അവള്‍ മുന്നില്‍കയറിനിന്നു.
"ആഹാ.. ഇതാണല്ലേ ജോയീടെ അപ്പാപ്പന്‍?.. ആള് ചുള്ളനാണല്ലോ... " അതില്‍ സുഖിച്ച്, അല്പമൊരു ഗമയില്‍ അപ്പാപ്പന്‍ അവളെനോക്കി പുഞ്ചിരിച്ചു. .പിന്നേയുമെന്തോക്കെയോ അപ്പാപ്പന്‍ അവളോട്‌ സംസാരിച്ചു. അതില്‍ രസംപിടിച്ച് കുറ്റിയടിച്ചപോലെ അവളും. അന്ന് ക്യാമറാമൊബൈലും ഫേസ്ബുക്കും വാട്സാപ്പുമൊന്നുമില്ലാതിരുന്നത് ഭാഗ്യം!
ഒരു ദിവസംരാത്രി, അതിഭീകരമായ ഒരലര്‍ച്ചകേട്ടാണ് ഞാന്‍ കട്ടിലിനടിയില്‍നിന്നു ചാടിയെഴുന്നേറ്റത്. വലിയവായില്‍ അലറിക്കൊണ്ട്‌, ഓടുന്നമൂരിയെ പെട്ടെന്ന് മൂക്കയറില്‍ വലിച്ചുനിറുത്തിയപോലെ അതാ നില്ക്കുന്നു അപ്പാപ്പന്‍. മൂത്രംപോകാനിട്ട ട്യൂബ്, കട്ടിലിനോട് ബന്ധിച്ചിരുന്നത് ഓര്‍ക്കാതെ മൂപ്പിലാനങ്ങട് ബാത്രൂമിലേക്ക് നടന്നു... അപ്പാപ്പന്റെ കട്ടിലുമായുള്ള 'വടം വലി' കണ്ട്, ഞാന്‍ ഞെട്ടി. കുടുങ്ങിയല്ലോ കര്‍ത്താവേ.. ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഞാന്‍ പ്രജ്ഞയറ്റുനില്ക്കവേ എല്യാമ്മയുടെ നേതൃത്വത്തിലുള്ള നഴ്സുകൂട്ടം ഓടിവന്ന് അപ്പാപ്പനെ പിടിച്ച് പതിയേ കട്ടിലില്‍കിടത്തി കണക്കിന് ശകാരിക്കുകയും ചെയ്തു. ഏതാണ്ട് സ്വബോധംവീണ്ടെടുത്ത അപ്പാപ്പന്‍ അന്നെരമൊരു സൂപ്പര്‍ ഡയലോഗ് അടിച്ചു..
"മക്കളെ.. നിങ്ങളെയിതേപോലെ വല്ലോരും കുടുക്കിട്ടുവലിക്കുമ്പോഴേ ,അതിന്‍റെ ബുദ്ധിമുട്ടറിയൂ." വേദനകൊണ്ടാണ്‌ അദ്ദേഹമത് പറഞ്ഞതെങ്കിലും ഒരു വലിയ പൊട്ടിച്ചിരി ആ വാര്‍ഡില്‍ ഉയര്‍ന്നു. "ശ്ശോ.. ഈ അപ്പാപ്പനേകൊണ്ട് തോറ്റൂ..." എന്നുപറഞ്ഞ് നാണത്തോടെ നഴ്സുകൂട്ടം ഓടിപ്പോയി.
- ജോയ് ഗുരുവായൂര്‍

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

*പെരിങ്കുരികില്‍ = പരുന്ത്
എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം
നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.
മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.
നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.
കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.
മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.
തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.
സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.
കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.
തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..
- ജോയ് ഗുരുവായൂര്‍