Wednesday, August 20, 2014

കൂതറ

ദുബായ് ജബല്‍അലിയിലെ 'ഇബ്ന്‍ ബത്തൂത്ത' എന്ന പടുകൂറ്റന്‍ ഷോപ്പിംഗ്‌ വില്ലേജില്‍ ഒരു വെള്ളിയാഴ്ച്ച കൂട്ടുകാരനുമൊത്തു ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു പോകാനൊരുങ്ങുമ്പോളാണ് ഞാനയാളെ ശ്രദ്ധിച്ചത്..
ഒരു കാതില്‍ വെള്ളിക്കടുക്കനും കഴുത്തില്‍ പരന്നയിനം സ്വര്‍ണ്ണമാലയും, കയ്യില്‍ സില്‍വര്‍ ബ്രേസ് ലറ്റും, ദേഹത്തോടോട്ടിക്കിടക്കുന്ന ഇളം പച്ച ടീ ഷര്‍ട്ടും.. വയലറ്റ് ബര്‍മുഡയും.. പോരാതെ മുടിയെല്ലാം നീട്ടി പോണി ടെയില്‍ ആക്കി റബ്ബര്‍ ബാന്‍ഡ് ഇട്ടു വച്ചിരിക്കുന്നു.. ഒറ്റനോട്ടത്തില്‍ ഒരു കാപ്പിരിയുടെ മട്ട്...
ചുറ്റും നില്‍ക്കുന്നവരെ കണ്ടാല്‍ അല്‍പ്പം മുമ്പ് ഭാരതത്തില്‍ നിന്നും ഇറക്കുമതി ചെയ്ത പാവം മനുഷ്യജന്മങ്ങള്‍ ആണെന്ന് മനസ്സിലാവും.. അവര്‍ അയാളുടെ ഡയലോഗുകള്‍ കേട്ട് അന്തം വിട്ടു കുന്തം പിടിച്ച പോലെ അതിശയോന്മുഖരായി നില്‍ക്കുന്നു.
ഇതെന്തു കഥ!....പെട്ടെന്നെനിക്ക് സ്കൂളില്‍ ഒപ്പം പഠിച്ച സോഡാക്കുപ്പി സുനിലിനെയാണ് ഓര്‍മ്മ വന്നത്. മുഖം ഏതാണ്ട് അതേ പോലെത്തന്നെയുണ്ട്. പത്തിരുപതു വര്‍ഷം മുമ്പൊരിക്കല്‍ കണ്ടതാണ്. ചെറുപ്പത്തിലേ അവന്‍റെ മുഖത്തിനു എന്തെങ്കിലുമൊരു പ്രത്യേകതയുണ്ടായിരുന്നുവോ എന്നെനിക്കോര്‍മ്മയില്ല.. പക്ഷെ സമീപകാല സ്വപ്നങ്ങളില്‍ വരെ പല്ലുന്തിയ അവന്‍റെ മുഖദര്‍ശനം ഒന്നോരണ്ടോ പ്രാവശ്യം സിദ്ധിച്ചിരുന്നതായി ഓര്‍ത്തു.
എത്ര വളര്‍ന്നു വലുതായാലും കൈമോശം വന്ന ആ മധുരതരമായ കുട്ടിക്കാലത്തേക്ക് സ്വപ്നത്തിലൂടെയെങ്കിലും ഒരു വേള മടങ്ങിപ്പോകാത്തവര്‍ ആരുംതന്നെയുണ്ടാവില്ലല്ലോ.
എന്തായാലും പുള്ളിയെ ഒന്നു പരിചയപ്പെടണം എന്നു മനസ്സു മന്ത്രിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ സാജുവിനെ അന്നേരം പര്‍ച്ചേസ് ചെയ്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് അങ്ങോട്ടു ചെന്നു.
"ഹായ്.. ഹൌ ആര്‍ യു?".. ഹസ്തദാനം ചെയ്യാനായി വലതുകൈ നീട്ടിക്കൊണ്ടു ഞാന്‍ ചോദിച്ചു.
ഒപ്പമുള്ളവരോട് ഇംഗ്ലീഷ് കലര്‍ന്ന ഹിന്ദിയില്‍ ഘോരഘോരം എന്തൊക്കെയോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടു വലിയ പുള്ളി ചമഞ്ഞു നിന്നിരുന്ന കക്ഷി പെട്ടെന്നു സംസാരം നിര്‍ത്തി ഒരു നിമിഷം എന്നെ ശ്രദ്ധിച്ചു.
അയാള്‍ക്ക്‌ നേരെ നീട്ടിപ്പിടിച്ച എന്‍റെ കരം അല്‍പ്പനേരം വായുവില്‍ത്തന്നെ വിശ്രമിച്ചു.
പെട്ടെന്നു സ്ഥലകാലബോധം വീണ്ടെടുത്ത ഭ്രാന്തനെപ്പോലെ എന്തൊക്കെയോ നിഗൂഢ ഭാവങ്ങള്‍ ചാലിച്ച പുഞ്ചിരി തൂകിക്കൊണ്ട് അയാള്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ് തന്നു.
"ഹെലോ.. മൈ ഡിയര്‍.. ഐയാം വെരി മച്ച് ഫൈന്‍... ഹൌ ആര്‍ യു?.. ബൈ ദി ബൈ വാട്ട് ഈസ്‌ യുവര്‍ നെയിം?.."
അതിനു ശേഷം വ്യാകരണത്തെ പാടേ അവഹേളിച്ചു കൊണ്ട് ഏതൊക്കെയോ ഇംഗ്ലീഷ് വാക്കുകളും അറബിക് ശകലങ്ങളും ഒക്കെ തമ്മില്‍ യോജിപ്പിച്ച് വളരെ 'ഒഴുക്കോടെ'ത്തന്നെ എന്തൊക്കെയോ എന്നോടു വച്ചു കാച്ചി. വര്‍ത്തമാനഭൂതഭാവികളില്ലാത്ത വാക്കുകളാല്‍ പടച്ചുവിട്ട ആ ചോദ്യങ്ങളുടെ അര്‍ത്ഥം പിടികിട്ടാതെ ഞാന്‍ അന്തം വിട്ടു നിന്നു. ദൈവമേ പണി പാളിയോ?!..
അയാളുടെ 'ഇംഗ്ലീഷി'ല്‍ ഉള്ള 'ആഷ്പൂഷ്' കേട്ട് ഒപ്പമുള്ളവരും ഒരുതരം ആരാധനാഭാവത്തോടെ സ്തബ്ദരായി നില്‍ക്കുന്നു. ഇംഗ്ലീഷ് ചുവയുള്ള ആ അജ്ഞാത ഭാഷയില്‍ ഞെളിഞ്ഞു നിന്നുകൊണ്ട് ഡയലോഗുകള്‍ കാച്ചിമുക്കി അയാള്‍ എന്നെ കൊല്ലുകയാണ്.
നാവിറങ്ങിപ്പോയവനെപ്പോലെ ഞാനും..
ആ തിരുസ്വരൂപം തൊട്ടടുത്തു കണ്ടപ്പോള്‍ത്തന്നെ എന്‍റെ മനസ്സില്‍ തികട്ടി വന്നത് ഒരു സിനിമയില്‍ നടന്‍ അശോകന്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ  സുഹൃത്തിനോട് ചോദിച്ച ചോദ്യമായിരുന്നു.. "നീ സാബുവല്ലേടാ?.."
അതേ.. ഇതവന്‍ തന്നെ!..  തന്‍റെയൊപ്പം പത്താം ക്ലാസ് വരെ പഠിച്ച സോഡാക്കുപ്പി... ഒരു സംശയവുമില്ല.. മനസ്സിലുറപ്പിച്ചു.
'ഒരു നിമിഷം' എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഞാനവനെ ഒരു സൈഡിലേക്ക് വിളിച്ചു നിര്‍ത്തി പച്ച മലയാളത്തില്‍ ചോദിച്ചു..
"നീ സുനിലല്ലേഡാ?... "
സിനിമകളില്‍ നടന്‍ ജഗതി ചമ്മുന്നതു പോലെയുള്ള ഒരുതരം ജാള്യത പെട്ടെന്ന് അവനിലൂടെ കടന്നുപോയതായി തോന്നി. കൂടെയുള്ളവരെ ഒന്നു തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവനെന്നെ മാളിന്റെ ഒരു മൂലയിലേക്ക് കൈ പിടിച്ചു നടത്തിക്കൊണ്ട് പഴയ സിനിമയിലെ ജഗതിയുടെ ഒരു ഡയലോഗ് അടിച്ചു.
"ദയവു ചെയ്തു നാറ്റിക്കരുതേ.."
"എന്തിനാ ഞാന്‍ നിന്നെ നാറ്റിക്കുന്നേ.. നീയിപ്പോഴേ ഒരു നാറിയ വേഷത്തില്‍ത്തന്നെയാണല്ലോ?.." കിട്ടിയ അവസരം അവനെയൊന്നു വാരാനായി ഞാനും ഉപയോഗിച്ചു.
"നീയാ ജോഷ്യല്ലേ? .. ഇനിക്കു നന്നെക്കണ്ടപ്പ്ളെ സംശയം തോന്നീട്ടാ.. നനക്കൊരു മാറ്റോല്ല്യല്ലോ!.... അതന്നേ.. കപ്പലണ്ടി ജോഷി.. ഹ ഹ ഹ"..
"ഡാ കോപ്പേ.. ഞാന്‍ ജോയ് ആണ്.. ബി.എസ്.എ ജോയ്.." [അക്കാലത്ത് എന്‍റെ ക്ലാസ്സിലെ കുട്ടികളില്‍ BSA സൈക്കിള്‍ എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്‍റെ പേരില്‍ അപരന്മാരും ക്ലാസില്‍ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തിരിച്ചറിയാനായി എനിക്ക് അവരിട്ട പേരായിരുന്നു BSA ജോയ് എന്ന്].
"ഹോ ഹോ.. നീയോ.. നീയെപ്പോ ഇവിടെയെത്തീ?!!.. ആളാകെ മാറിയല്ലോ?..നീ പണ്ടേ നാടുവിട്ടു പോയീതല്ലേ ബോംബെയ്ക്ക്?.. നീ ബോംബേലെ ഏതോ അധോലോക രാജാവാണെന്നൊ മറ്റോ ഒരിക്കല്‍ നാട്ടില് വച്ച് കണ്ടപ്പോള്‍ മ്മ്ടെ കതിനാ ചന്ദ്രന്‍ പറഞ്ഞു. ഹ ഹ ഹ.. അവനിവിടെവിട്യോ ണ്ട് ട്ടാ.. സ്വര്‍ണ്ണക്കടേല് സേല്‍സ്മാനോ മറ്റോ ആണെന്ന് തോന്നുന്നു. നമ്മുടെ ബീഡിക്കാരന്‍ മൊയ്തീനിക്കയുടെ മകന്‍ വഴ്യാ .. ഞാനിവിടെത്തീത്.. ഇപ്പൊ പത്തുപയിനഞ്ചു വര്‍ഷായി വ്ടെ.."
"ഓഹോ.. അത് ശരി.. അപ്പൊ എന്താ നിന്‍റെ ഇപ്പോഴത്തെ എടവാട്?.. ഫാമിലിയൊക്കെ ഇവിടെയുണ്ടോ?.."
"അതൊന്നും പറയണ്ടാ മാഷേ.. ഓരോ തരികിടയുമായി ഇങ്ങനെ പോണൂഷ്ടാ.... ഇപ്പള് ഒരു കണ്‍സ്ട്രട്ഷന്‍ കമ്മനീല് റിക്രൂട്ടിംഗ് അസ്സിസ്റ്റണ്ട് ആണ്. ഇന്നലെ ബോംബേന്നും കേറിവന്ന ലേബര്‍മാരാണ് അവ്ടെ നിക്കണത്.. രണ്ടു മൂര്യോളൊഴികെ ബാക്ക്യൊക്കെ തമിഴന്മാരും ആന്ധ്രാക്കാരും.. അവറ്റങ്ങള്‍ക്ക് വല്ലാണ്ട് ഭാഷോളൊന്നും അറിയില്ല്യാ.. പുതീതായി വരണോര്യൊക്കെ ചട്ടം പഠിപ്പിച്ചു ചെയ്തു ലൈനില്‍ കൊണ്ടരണം... വല്ല്യ കുരിശാ... ന്‍റെ ഫാമില്യോക്കെ നാട്ടില്‍ത്തന്നെ.. രണ്ടു കുട്ട്യോളും ഒരു ഭാര്യയും.. അച്ഛന്‍ സൈക്കിളില്‍ ലോറിടിച്ചു കാഞ്ഞപ്പോള്‍ കച്ചോടം നിന്നു. ലോറിക്കാരു കൊറച്ചു കാശും തന്നു..പിന്ന്യൊന്നും നോക്കീലാ ഇങ്ങട് ചാടി.. ഹ ഹ ഹ ഹ ഹ.."
അച്ഛന്‍ അപകടമരണത്തെക്കുറിച്ച് പറഞ്ഞതു കൊണ്ടാണോ അവനില്‍ ആ പൊട്ടിച്ചിരിയുണ്ടായത് എന്ന് തോന്നിപ്പോയി..
"ഓക്കേ സുനില്‍.. ലെറ്റ്‌ യു ബീ വിത്ത്‌ ദേം.. ഞാന്‍ പോട്ടെ.. പിന്നെക്കാണാം.. അവിടെ കൂട്ടുകാരന്‍ വെയിറ്റ് ചെയ്യുന്നു.."
"ഓക്കേ ഡാ.. ബൈ ബൈ.. ഹാവ് എ നൈസ് ഡേ.. നൈസ് ടു മീറ്റ്‌ യു.. ഗുഡ് നൈറ്റ്‌.."
"ഹോ.. മറന്നു.. നിന്‍റെ മൊബൈല്‍ നമ്പര്‍ തരൂ.. നിന്നെ ഞാന്‍ പിന്നെയെപ്പോഴെങ്കിലും വിളിക്കാം..."
"ഹാ.. എന്‍റെ നമ്പര്‍.. അത് പിന്നേ.. ഈയൊരു കാര്യം ചെയ്യ്‌.. നന്‍റെ നമ്പര്‍ താ .. ഞാന്‍ ഒന്നു ഫ്രീയായിട്ട് നന്നെ വിളിക്കാം.. ന്താ..പോരേ?.." പെട്ടെന്നെന്തോ ആലോചിച്ച പോലെ ഒന്നു പരുങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു.
"ശരി.."
ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്ത് യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
ടാക്സിയിലിരിക്കുമ്പോള്‍ ഫ്ലാഷ് ബാക്ക്....
അപ്പു മാഷ് ടെ സ്കൂള്‍.. പുതിയ ഹെഡ് മാസ്റ്ററായി ചാര്‍ജെടുത്ത ദിവാകരന്‍ മാഷാണ് ഉച്ചയൂണിന്റെ ഇടവേളയ്ക്കു ശേഷം 10A യില്‍ ഇംഗ്ലീഷ് ക്ലാസ്സെടുക്കാന്‍ വരുന്നത്. എന്നും അദ്ദേഹം വന്നയുടനെ കഴിഞ്ഞ ദിവസം പഠിപ്പിച്ച പാഠത്തെ ആസ്പദമാക്കി പത്തു മാര്‍ക്കിന്റെ ഒരു പരീക്ഷയുണ്ട്. അതില്‍ അഞ്ചു മാര്‍ക്കില്‍ക്കുറവു കിട്ടിയവരുടെ ചന്തിയില്‍ നിന്നും പൊന്നീച്ച പറക്കും.. അതാണ്‌ പതിവ്.
സുനിലിന്‍റെ അച്ഛന്‍, വീട്ടില്‍ സോഡയുണ്ടാക്കി ചാരായഷാപ്പുകളില്‍ സപ്ലൈ ചെയ്യുന്ന വരുമാനം കൊണ്ടാണ് അവര്‍ ഉപജീവനം നടത്തിയിരുന്നത്.. ഉയരവും നിറവും താരതമ്യേന വളരെ കുറവായിരുന്ന സുനിലിനു അങ്ങനെ സോഡാക്കുപ്പി എന്നു ക്ലാസ്സില്‍ പേരും വീണു.
സംഗതികള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വിരുതന്മാരില്‍ വിരുതനായിരുന്നു സുനില്‍.. കോപ്പിയടി വീരന്‍.. എല്ലാ പരീക്ഷയിലും അവന്‍ എങ്ങനെയെങ്കിലും കോപ്പിയടിച്ചു ജയിക്കാനുള്ള മാര്‍ക്ക് വാങ്ങിയിരിക്കും.. തൊട്ടടുത്തിരുന്നിരുന്ന ഞാനായിരുന്നു കോപ്പിയടിയുടെ മുഖ്യ ശ്രോതസ്സ്.. എന്നെ രാവിലെക്കണ്ട വഴി അവന്‍ ചോദിക്കും..
"ഡാ ഇന്നലെയെടുത്തതൊക്കെ നീ പഠിച്ചിട്ടില്ലെഡാ.. എന്ത്യേ ഹോം വര്‍ക്ക്?.. "
ഹോംവര്‍ക്കെല്ലാം അവനിരുന്നു കോപ്പിയടിക്കും.. പരീക്ഷകളും.. ഒരു ദിവസം ഒരേ തെറ്റ് രണ്ടാളുടെയും ഉത്തരക്കടലാസ്സില്‍ ഒരേപോലെ കണ്ടതിനു അവന്‍ മൂലം എനിക്ക് അടിയും കൊണ്ടിട്ടുണ്ട്. ഞാനൊക്കെ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നു കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ അവന്‍ പെഡലില്‍ കാലെത്താത്ത സൈക്കിളിന്‍റെ കേരിയറില്‍ സോഡയുടെ പെട്ടി, സൈക്കിള്‍ ട്യൂബ് കൊണ്ട് വലിച്ചു കെട്ടിമുറുക്കി വച്ച്, ഷാപ്പുകള്‍ തോറും കയറിയിറങ്ങുന്നത് ആലോചിക്കുമ്പോള്‍ അവനെ കോപ്പിയടിക്കാന്‍ അനുവദിക്കുന്നതില്‍ എന്‍റെ മനസ്സ് ന്യായീകരണം തേടും. ആ പാവത്തിന് പഠിക്കാനുള്ള സാഹചര്യമില്ലല്ലോ.
എന്നാല്‍ പഠിക്കാതെ വരുന്നത് കൊണ്ടും ക്ലാസ്സില്‍ എന്നും എന്തെങ്കിലുമൊക്കെ കൂതറ പരിപാടികള്‍ ഒപ്പിക്കാറുള്ളതു കൊണ്ടും ദിവസേന ഒരു അടിയെങ്കിലും വാങ്ങാതെ സുനില്‍ വീട്ടില്‍പ്പോകാറില്ല എന്നതാണ് രസം. അതു കൃത്യമായി വാങ്ങിയില്ലെങ്കില്‍ അവനും ദിവസം തൃപ്തികരമാവില്ല എന്നു തോന്നും.
ആരുമായും അടുത്ത സൗഹൃദം അവനുണ്ടായിരുന്നില്ല. ഇന്ന് സുഹൃത്തായവര്‍ നാളെ അവന്‍റെ ശത്രുക്കളായിരിക്കും. തിരിച്ചും... അതാണ്‌ സോഡാക്കുപ്പി.
ജീവിത സാഹചര്യങ്ങളായിരിക്കാം പ്രായോഗിക ജീവിതത്തില്‍ എല്ലാവരേയും കവച്ചു വയ്ക്കുന്ന മിടുക്ക് ചെറുപ്പം മുതലേ അവനു പ്രദാനം ചെയ്തിരിക്കുക. ഇതൊക്കെയായാലും ആളൊരു വെടിപ്പായിരുന്നില്ല. പ്രത്യേകിച്ചൊരു ധാര്‍മ്മികബോധവുമില്ലാത്ത മനസ്സ്. ആരെയും വിശ്വാസവുമില്ല.
അന്ന് കണ്ടുമുട്ടിയിട്ട് ഇന്നേക്ക് അഞ്ചാറു മാസമായിട്ടും അവന്‍റെ കോള്‍ ഇനിയും എന്‍റെ മോബൈലിനെ കരയിപ്പിച്ചിട്ടില്ല എന്ന് അത്ഭുതത്തോടെ ഓര്‍ത്തു. അതിനിടയില്‍ എത്രയോ തവണ താനവനെ ഓര്‍ത്തു... 20 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ ഒരു കൂട്ടുകാരന് സ്വന്തം മൊബൈല്‍ നമ്പര്‍ കൊടുക്കാന്‍ പോലും വിശ്വാസമില്ലാത്തവന്‍.. ഭയങ്കരം തന്നെ മനുഷ്യരുടെ മനോഗതങ്ങള്‍..
കൂതറ എവിടെപ്പോയാലും കൂതറ തന്നെ!..
എന്‍റെ അന്തരംഗം മന്ത്രിച്ചു.
- ജോയ് ഗുരുവായൂര്‍

പ്രബോധനവും പ്രവൃത്തിയും


ധര്‍മ്മബോധം
സാമാന്യബോധമുള്ള ഏതൊരു വ്യക്തിയും താന്‍ സദാ സധര്‍മ്മിയാണെന്ന വിചാരത്തില്‍ തന്നെ ആയിരിക്കും ജീവിക്കുന്നുണ്ടായിരിക്കുക എന്നതിന് ഒരു തര്‍ക്കവും ഇല്ല. തന്‍റെ സര്‍വ്വ ചിന്തകളേയും ചെയ്തികളേയും, അവ സമൂഹത്തിനു മുമ്പില്‍ തെറ്റായാലും ശരിയായാലും, ന്യായീകരിക്കാനും അവയുടെ സംസ്ഥാപനത്തിനു വേണ്ടി വാദിക്കാനും, ഓരോ വ്യക്തിയുടെ മനസ്സിലും മനസ്സാക്ഷി എന്ന ശക്തനായൊരു അഭിഭാഷകന്‍ ഉണ്ട്.
മഹര്‍ഷിമാര്‍, ആത്മീയാചാര്യന്മാര്‍, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍, ഗുരുക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പ്രബോധനങ്ങള്‍ വഴി ധാര്‍മ്മികതയേയും ലോകത്തിലെ നാനാവിധ സംഗതികളെക്കുറിച്ചും വിവിധങ്ങളായ വിദ്യകളെക്കുറിച്ചും നമ്മള്‍ കേള്‍ക്കുകയോ അഥവാ അവ സ്വായത്തമാക്കുകയോ ചെയ്യുന്നു. എന്നാല്‍ സ്വാംശീകരണത്തിന്‍റെ തോത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും
പ്രബോധകരുടെ ഉദയം
വസ്തുതകളോടുള്ള സൂക്ഷ്മനിരീക്ഷണാത്മകമായ സമീപനവും അവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അല്ലെങ്കില്‍ ക്രാന്തദര്‍ശികളായ വ്യക്തികളുടെ ജീവിത രീതികളുടെ സ്വാധീനവും തലമുറകളായി കൈമാറി വരുന്ന അറിവുകളും വിശ്വാസങ്ങളും, കൂടാതെ സ്വജീവിതത്തില്‍ നിന്നും അനുദിനം ഉള്‍ക്കൊള്ളുന്ന പാഠങ്ങളും യുക്തികളും ക്രോഡീകരിച്ചു കൊണ്ട്, അവയില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ പൊതുജനത്തിന് ഫലപ്രദമായി പങ്കു വയ്ക്കാനുള്ള കഴിവ് ഒരു വ്യക്തിക്ക് സ്വായത്തമാകുന്നതോടെ ഒരു പ്രബോധകന്‍ / പ്രബോധക ഉദയം ചെയ്യുകയായി.
പ്രബോധന പരിധികള്‍
വിഷയത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണത്തില്‍ അധിഷ്ഠിതമായ ജ്ഞാനം ഒരു ജനത സഹവസിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തു വേണം അവര്‍ക്കു പങ്കു വച്ചു കൊടുക്കേണ്ടത്. ഉദാഹരണത്തിന്, ഭാരതത്തിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രബോധനം അമേരിക്കയില്‍ ഫലവത്തായിക്കൊള്ളണമേന്നില്ല. അപക്വമായ അറിവുകള്‍ പങ്കുവയ്ക്കാന്‍ ഒരിക്കലും തുനിയരുത്. സങ്കീര്‍ണ്ണമായ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും വസ്തുനിഷ്ഠമായും തത്വാധിഷ്ഠിതമായും ശരിയാണെന്ന് സ്വയം ബോദ്ധ്യപ്പെട്ട വസ്തുതകള്‍ ആയിരിക്കും ജ്ഞാനിയായ ഒരു പ്രബോധകന്‍ സമൂഹത്തിനു വിളമ്പിക്കൊടുക്കാന്‍ ശ്രമിക്കുക.
പ്രബോധകര്‍ പ്രബോധനങ്ങളുടെ സംരക്ഷകര്‍?
പ്രബോധകന്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ കാവല്‍ക്കാരനാണ്‌ അല്ലെങ്കില്‍ സംരക്ഷകനാണ് എന്നു ചിന്തിക്കുന്നത് തന്നെ തെറ്റാണ്. തന്‍റെ പഠനം കൊണ്ട് തനിക്കു ഗ്രാഹ്യമായ കാര്യങ്ങള്‍ സമൂഹത്തിനു പങ്കു വച്ച് കൊടുക്കുന്നു എന്ന കാരണം കൊണ്ട് പ്രബോധകന്‍ ആ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിന്‍റെ വക്താവായിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.
ഉദാഹരണമായി അഹിംസയെക്കുറിച്ചും ധര്‍മ്മ സംസ്ഥാപനത്തെക്കുറിച്ചും മഹദ് വ്യക്തികളുടെ ജീവിതരീതികളെക്കുറിച്ചും ഒക്കെ പ്രബോധനം നടത്തുന്ന ഒരു അദ്ധ്യാപകന്‍ അവയെല്ലാം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നു ആര്‍ക്കും ശഠിക്കാനാവില്ലല്ലോ. അദ്ദേഹം നല്ല രീതിയില്‍ തനിക്കു ഗ്രാഹ്യമായ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. സ്വീകര്‍ത്താക്കളുടെ ആ വസ്തുതകളോടുള്ള സമീപനത്തിന്‍റെ ഗാഡത അനുസരിച്ച് അവരുടെ ചിന്താമണ്ഡലത്തില്‍ ഉണ്ടാകുന്ന ചലനങ്ങള്‍, തദ്വാരാ അവരെ ആ പ്രബോധനങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രേരിതരാക്കുന്നു. ഒരു പക്ഷെ ഗുരുവിനേക്കാള്‍ നന്നായി ഗുരു പകര്‍ന്നു തന്ന ആശയത്തിന്‍റെ വക്താവായി ജീവിക്കാന്‍ ശിഷ്യര്‍ക്ക് കഴിഞ്ഞെന്നും വരാം. ക്രിക്കറ്റ് ടീമിന്‍റെ കോച്ച് അനുദിനം ടീം അംഗങ്ങള്‍ക്കു നല്‍കുന്ന പ്രബോധനം അനുസരിച്ച് അവര്‍ കളിയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നു വച്ച് ഇത്രയും ക്രാന്തദര്‍ശിയായ കോച്ചിനു തന്നെ കളിക്കളത്തില്‍ ഇറങ്ങി മികച്ച രീതിയില്‍ കളിച്ചു കൂടേ? എന്ന് ചോദിച്ചാല്‍ അത് നടക്കുന്ന കാര്യമാണോ? കളിക്കളത്തില്‍ [അനുശാസനങ്ങളുടെ കര്‍മ്മ മണ്ഡലം] ചിലപ്പോള്‍ അദ്ദേഹം വെറും വട്ടപ്പൂജ്യം ആയിരിക്കാം.
പ്രബോധകരും മനുഷ്യര്‍ത്തന്നെ.
മഹത്തായ ആശയങ്ങളും ധാര്‍മ്മിക ശാസനങ്ങളും തത്ത്വചിന്തകളും വിളമ്പുന്ന പ്രബോധകരും മനുഷ്യര്‍ തന്നെയാണ് എന്നു നമ്മള്‍ മറക്കരുത്. അവരുടെ കര്‍മ്മമണ്ഡലങ്ങളിലും മനുഷ്യസഹജമായ പാളിച്ചകള്‍ നമ്മുക്ക് കാണാന്‍ സാധിച്ചേക്കാം. എന്ന് കരുതി അവരുടെ മഹത്തായ പ്രബോധനങ്ങള്‍ക്ക്‌ ഒരിക്കലും മൂല്യച്യുതി സംഭവിക്കുന്നില്ല. പ്രബോധകന്‍ പ്രബോധനങ്ങള്‍ക്ക്‌ വശംവദനായി മാത്രമേ ജീവിക്കാവൂ, അല്ലാത്ത പക്ഷം അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ല എന്ന് ശാഠ്യം പിടിക്കുന്നതില്‍ ഒരു കഴമ്പും ഇല്ല. അങ്ങനെയെങ്കില്‍ ദൈവത്തിന്‍റെ മഹത്വം വിളമ്പുന്ന ആത്മീയാചാര്യന്മാരൊക്കെ ദൈവസമാനം ആയിത്തന്നെ ജീവിക്കേണ്ടതല്ലേ? ഗാന്ധിസവും ബുദ്ധിസവുമൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും ഒക്കെ ആ സിദ്ധാന്തങ്ങള്‍ക്ക് നൂറു ശതമാനം വശംവദരായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടേ?
അതൊന്നും അനായാസം സാധ്യമായ കാര്യമല്ല. ദൈവത്തിന്റെയും മഹത് വ്യക്തികളുടേയും തത്ത്വങ്ങളും ധര്‍മ്മങ്ങളും സമൂഹത്തിനു കാര്യക്ഷമമായി പകര്‍ന്നു കൊടുക്കുക, അവയെപ്പറ്റി അവരില്‍ അവബോധം വളര്‍ത്തുക എന്നതാണ് പ്രബോധകരുടെ പ്രധാന ദൗത്യം. അല്ലാതെ പഠിപ്പിക്കുന്ന കാര്യങ്ങളുടെ ഒരു ഉത്തമ മാതൃകയായി സമൂഹത്തില്‍ വിരാജിക്കല്‍ അല്ല. അനുശാസനങ്ങള്‍ ശ്രവിക്കുന്ന ശ്രോതാക്കള്‍ ചിലപ്പോള്‍ പ്രബോധകനെക്കാള്‍ മികച്ച രീതിയില്‍ അവയെ പിന്തുടര്‍ന്നെന്നും വരാം.
ഒരു കൊച്ചു കഥയോടെ ഈ ലേഖനം അവസാനിപ്പിക്കാം..
അഹിംസയും അക്രമരാഹിത്യവും പ്രബോധിപ്പിച്ചു വന്നിരുന്ന ഒരു മഹാനായ മഹര്‍ഷി വര്യന്‍ ഒരു ആല്‍മരത്തിനു കീഴേ ധ്യാനമഗ്നനായി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് മരത്തില്‍ നിന്നും തന്‍റെ നീണ്ട ജടയില്‍ വീണ ഒരു കട്ടുറുമ്പ് അതില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്ര ശ്രമം നടത്തുന്നത് മഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആ കുഞ്ഞു പ്രാണിയുടെ പ്രാണസങ്കടം കണ്ടു ദയാപരനായ മഹര്‍ഷിയുടെ മനസ്സലിഞ്ഞു. കൈ കൊണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ അതിന്‍റെ കുഞ്ഞു കാലുകള്‍ക്ക് ക്ഷതമേറ്റെക്കാം എന്ന ചിന്തയില്‍ അതിനെ രക്ഷപ്പെടുത്താനുള്ള ഒരു ഉപായത്തിനായി മഹര്‍ഷി ചുറ്റും തിരഞ്ഞു.
ആല്‍മരച്ചുവട്ടില്‍ത്തന്നെയുള്ള ഒരു വലിയ കട്ടുറുമ്പിന്‍ കൂട് കണ്ടപ്പോള്‍ മഹര്‍ഷിയുടെ കണ്ണുകള്‍ ഉപായം കണ്ടുപിടിച്ച സംതൃപ്തിയില്‍ തിളങ്ങി. കൂട്ടില്‍ നിന്നും കട്ടുറുമ്പുകള്‍ വരിവരിയായി മരത്തിലേക്ക് കയറിപ്പോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച.
നിമിഷനേരത്തെ ചിന്തയില്‍ എടുത്ത തീരുമാനത്തില്‍ മഹര്‍ഷി തന്‍റെ നീണ്ട ജട ഉറുമ്പിന്‍ക്കൂട്ടത്തിലേക്ക് അടുപ്പിച്ചു കൊണ്ടു പറഞ്ഞൂ..
"മകനേ.. ഇതാ നിന്‍റെ കൂട്ടുകാര്‍.. സന്തോഷത്തോടെ അവരുടെ അടുത്തേക്ക്‌ ഇറങ്ങിപ്പോയ്ക്കോളൂ.."
പിന്നെ എന്താണ് സംഭവിച്ചിരിക്കുക എന്ന് ഊഹിക്കാമല്ലോ.. നൂറുക്കണക്കിന് കട്ടുറുമ്പുകള്‍ മഹര്‍ഷിയുടെ ജടയില്‍ നിമിഷനേരം കൊണ്ട് കയറിപ്പറ്റി ഛന്നംപിന്നം കടിയങ്ങു തുടങ്ങി. വിരണ്ടുപോയ മഹര്‍ഷി മറ്റൊന്നും ചിന്തിക്കാതെ അവയെ ശപിച്ചുകൊണ്ട് രണ്ടുകൈ കൊണ്ടും ജടയെ ശക്തിയായി തിരുമ്മി നൂറുകണക്കിന് ഉറുമ്പുകളുടെ ഘാതകനായി.
ആ നിമിഷം അദ്ദേഹത്തിന്‍റെ അഹിംസാ ശാസനങ്ങള്‍ എവിടെപ്പോയി? ജ്ഞാനം ഒരു നിമിഷത്തേക്ക് നശിച്ചുവോ? ഉറുമ്പിന്‍ക്കൂട്ടിലല്ലാതെ സമീപസ്ഥലത്ത് ജട വച്ചു ഉറുമ്പിനു ഇറങ്ങിപ്പോകാനുള്ള വഴിയോരുക്കാനുള്ള വിവേകം എന്തുകൊണ്ട് അദ്ദേഹത്തിനു ഉണ്ടായില്ല?
ഇങ്ങനെയൊക്കെ ചോദിക്കുന്ന യുക്തിവാദികള്‍ ഒന്നു മനസ്സിലാക്കുന്നില്ല....ആത്യന്തികമായി എല്ലാവരും ഒരു സാധാരണ മനുഷ്യന്‍ ആണെന്ന സത്യം..
- ജോയ് ഗുരുവായൂര്‍

പ്രായമാവണം........


പ്രായമാവണം
നമുക്ക് പ്രായമാവണം
അരുമ മക്കള്‍ക്കു നേരുകള്‍ ‍
ചൊല്ലിക്കൊടുക്കാനു-
മവരിലറിവിന്‍ ദീപം തെളിയിക്കാനും
വിവേകമാവോളം പകര്‍ന്നിട്ടവരെ
ഉല്‍പതിഷ്ണുക്കളാക്കാനും
പ്രായമാവണം
നമുക്ക് പ്രായമാവണം

ചേട്ടനെന്നും ചേച്ചിയെന്നും,
മക്കളാലച്ഛനമ്മയെന്നും വിളിക്കപ്പെടാനു-
മവരെ സംരക്ഷിച്ചീടാനു-
മവരാല്‍ സംരക്ഷിക്കപ്പെടാനും,
സ്നേഹിക്കപ്പെടാനുമല്ലെങ്കി-
ലവരാല്‍ നിഷ്ക്കാസിതരാവാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
ചാരുകസേരയിലിരുന്നു
ഒട്ടിയ കവിളകത്തു വെറ്റില തിരുകി
മുറ്റത്തെ മൂലയില്‍ നില്‍‍ക്കുന്ന
മൂവാണ്ടന്‍ മാവിന്‍ തൊലിയിലെ
വിണ്ടുകീറലുകള്‍ നോക്കി
കൈവിട്ടു പോയോരാ മധുരമാം
ചെറുപ്പകാലമയവിറക്കീടാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
പേരക്കുട്ടികളുടെ കുഞ്ഞുമുഖങ്ങളില്‍ ‍
കഥകള്‍ ചൊല്ലി പുഞ്ചിരി വിടര്‍ത്താനും
കാലം പഠിപ്പിച്ച പാഠങ്ങള്‍ നിരന്തര-
മവരെ പഠിപ്പിച്ചു യോഗ്യരാക്കാനും
സുമനസ്സുകളുടെ ചെയ്തികളാ-
ലെന്നുമഞ്ചിതരായീടുവാനും
അപക്വമതികള്‍ തന്‍ വേലകള്‍
ശാന്തമായ് ക്ഷമിച്ചീടാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
കഥകളില്‍ ഗൃഹാതുരത നിറയ്ക്കും
മുത്തച്ഛനും മുത്തശ്ശിയുമെല്ലാമിഹ
അരങ്ങൊഴിയാതിരിക്കാനും
അനാരോഗ്യത്തിലകന്നീടുന്ന
രക്തബന്ധങ്ങളെ തിരിച്ചറിയാനും
ആതുരശുശ്രൂഷയനസ്യൂതം തുടരുന്ന
ആതുരാലയങ്ങള്‍ നിലനിന്നുപോകാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
ഒടുവില്‍ യമരാജന്‍ ചുഴറ്റി വരും
പാശവൃത്തത്തിലകപ്പെടാനും
മോടിയുള്ള ഭിത്തിയിലെ
തിളങ്ങുന്ന ചട്ടക്കൂടിനകത്തു
പ്ലാസ്റ്റിക് ഹാരമണിഞ്ഞു
പ്രൌഡിയോടിരിക്കാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
- ജോയ് ഗുരുവായൂര്‍

തിരക്കിനിടയിലൊരു കുട റിപ്പയര്‍!.. : നര്‍മ്മ മുകുളങ്ങള്‍ - 11

 
1990 ല്‍ ബോംബെ മഹാനഗരത്തില്‍ അരങ്ങേറിയ, സാധാരണക്കാരില്‍ സാധാരണക്കാരുടെ ഒരു കഥ. മൂക്കുപൊത്തി വായിക്കേണ്ട മറ്റൊരു നര്‍മ്മാനുഭവവുമായി ഞാനിതാ നിങ്ങളുടെ മുന്നില്‍.. നേരിട്ടുള്ള അനുഭവം അല്ല. എന്‍റെ ചേട്ടന്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്. പ്രധാന കഥാപാത്രത്തെ നേരിട്ടറിയാം. 

എന്‍റെ അടുത്ത ബന്ധുവിന് സാന്താക്രൂസ് ഈസ്റ്റിലെ [കലിന] ചേരിപ്രദേശത്ത്‌ രണ്ടു പലചരക്കു കടകള്‍ ഉണ്ടായിരുന്നു. കോട്ടയം അയ്യാപ്പാസിന്‍റെ പരസ്യം പോലെ പുറത്തു നിന്നു നോക്കുമ്പോള്‍ വളരെ ചെറിയ കടകള്‍ ആണെന്നേ തോന്നൂ എങ്കിലും ആ കടകളില്‍ ലഭ്യമല്ലാത്ത ഒരു പലചരക്കു സാധനങ്ങളും ഇല്ല.

പഞ്ചാബികളും ഭയ്യാമാരും മറാത്തികളും ചെറിയ ചെറിയ കൂരകള്‍ പോലുള്ള വീടുകള്‍ കെട്ടി തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം. റൌഡികളുടെ വിഹാര രംഗവും. ഇവര്‍ രാത്രി രണ്ടുമണിക്കും മൂന്നു മണിക്കുമൊക്കെ വന്നു കടയുടെ വാതിലില്‍ മുട്ടി ഉറങ്ങിക്കൊണ്ടിരിക്കുന്ന പണിക്കാരെ വിളിച്ചുണര്‍ത്തി കട തുറപ്പിച്ചു കരയുന്ന കുട്ടികള്‍ക്ക് മിഠായിയും ഐസ് ക്രീമുമൊക്കെ എടുപ്പിച്ചു കൊടുപ്പിക്കും. സാധനം വാങ്ങി ശുക്രിയ [നന്ദി] എന്നുപറഞ്ഞു ഒരു പോക്കും..  മനുഷ്യരുടെ ഉറക്കവും പോകും കാശും ഇല്ല. ഒന്നും മിണ്ടാനും നിവൃത്തിയില്ല. വാളും തോക്കും ഒക്കെയാവും ഉത്തരം പറയുക. 

കടയിലെ തിരക്കു കണ്ടാല്‍ ആരും അന്തം വിട്ടു പോകും. ഒരു കടയില്‍ രണ്ടു മൂന്നു പേര്‍ക്ക് നിന്നു തിരിയാനുള്ള സ്ഥലമേ ഉള്ളൂ. ഒരു രൂപയ്ക്ക് മുളക് പൊടി, ചായപ്പൊടി, അമ്പത് പൈസയ്ക്ക് മല്ലി, ഇരുന്നൂറു ഗ്രാം അരി, പത്തു പൈസയ്ക്ക് മിഠായി ഇത്യാദി ചെറിയ ചെറിയ കച്ചവടങ്ങള്‍ ആണെങ്കിലും ജോലിക്കാര്‍ക്ക് തിരക്കോട് തിരക്ക് തന്നെ എപ്പോഴും. ഇത്തരം ചില്ലറക്കച്ചവടത്തില്‍ നിന്നും വരുമാനം ഏറും. മേല്‍പ്പറഞ്ഞ പോലുള്ള ടീമുകള്‍ ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ കാശും കൊടുക്കില്ല എന്നിരുന്നാലും കച്ചവടം ലാഭം തന്നെ.

എല്ലാവര്‍ക്കും പെട്ടെന്ന് പെട്ടെന്ന് സാധനങ്ങള്‍ കിട്ടണം. കണ്ണൊന്നു പാളിയാല്‍ തെണ്ടിച്ചെക്കന്മാര്‍ മിഠായി ഭരണികളില്‍ കയ്യിട്ടു കിട്ടിയതും എടുത്തു മുങ്ങും. വളരെ ശ്രദ്ധയോടെ നിന്നില്ലെങ്കില്‍ ഒരു രക്ഷയുമില്ല. ഒരാള്‍ക്ക്‌ നാലു കണ്ണുകള്‍ ഉണ്ടെങ്കിലും മതിയാവാത്ത സ്ഥിതി. ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് തിരക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ  ഒരാള്‍ മാത്രമേ ഉള്ളൂ എങ്കില്‍ കട തുറക്കാതെ അടച്ചിടുകയാണ് പതിവ്.

"മുജേ ദേ ദോ... മുജേ പഹലേ ദേ ദോ.." [എനിക്ക് ആദ്യം തരൂ] എന്നിങ്ങനെ സാധനം വാങ്ങാന്‍ വരുന്നവര്‍ ചെവിയില്‍ മൂട്ട പോയ പോലെ പറഞ്ഞു കൊണ്ടേയിരിക്കും. അതിനിടയില്‍ സാധനങ്ങള്‍ കൊടുത്തതിന്‍റെ വിലയായ അമ്പതു പൈസ, എഴുപത്തഞ്ചു പൈസ, പത്തു പൈസ, ഒരു രൂപ തുടങ്ങിയവ മനക്കണക്ക് കൂട്ടി വാങ്ങി പെട്ടിയില്‍ ഇടുകയും വേണം.. ആകെക്കൂടി ഒരു ജഗപൊഗ തന്നെ എപ്പോഴും. വര്‍ഷങ്ങളായി മായം ചേര്‍ക്കാത്ത സാധനങ്ങള്‍ ലഭിക്കുന്ന കട എന്ന ഖ്യാതി നേടിയിട്ടുള്ളതിനാല്‍ കൊണ്ട് ആളുകള്‍ മറ്റൊരു കട തേടി പോകുകയും ഇല്ല.

ആയിടയ്ക്കായിരുന്നു എന്‍റെ ചേട്ടന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കാനായി ബോംബെയിലെക്കെത്തി ആ ബന്ധുവീട്ടില്‍ താമസമാക്കുന്നത്. വെറുതേയിരിക്കുന്ന സമയങ്ങളില്‍ കടയില്‍ പോയി നില്‍ക്കും. പണിക്കാരായ പയ്യന്മാര്‍ക്ക് ഒരു സഹായവുമാവും ഭാഷ കൈകാര്യം ചെയ്യാന്‍ പഠിക്കുകയും ചെയ്യാമല്ലോ.

അങ്ങനെയിരിക്കെ ഒരു മഴദിവസം  വീട്ടില്‍ നിന്നും കുറച്ചകലെയുള്ള രണ്ടാമത്തെ കടയിലേക്ക് ചേട്ടന്‍ ചെല്ലുമ്പോള്‍ രാജു എന്ന പയ്യനെ കടയില്‍ കണ്ടില്ല. എവിടെയെന്നു തിരക്കിയപ്പോള്‍ പണിക്കാരന്‍ പറഞ്ഞു ദേ താഴെയിരുന്നു കുട നന്നാക്കുന്നു എന്ന്.

"ങേ തിരക്കിനിടയില്‍ കുട നന്നാക്കുകയോ? ഇത്രേം ആളുകള്‍ മുന്നില്‍ നിന്നു തിക്കിത്തിരക്കുന്ന നേരത്താണോ അവന്‍റെ ഒരു കുട റിപ്പയര്‍? "

"വേറെ രക്ഷയില്ലാത്തത് കൊണ്ടാ മാഷേ.. "

ചേട്ടനൊന്നും മനസ്സിലായില്ല. കടയുടെ അകത്തേക്കു വലിഞ്ഞു നോക്കിയപ്പോള്‍ രാജു ഒരു കുടയും നിവര്‍ത്തി നിലത്തിരുന്നു അതിന്‍റെ വില്ലുകള്‍ നേരെയാക്കുന്നു. ആളെ കാണാനില്ല. കുട മാത്രം കാണാം.

അകത്തേക്കു കടന്നപ്പോള്‍ ആണ് സംഭവത്തിന്‍റെ നിജസ്ഥിതി മനസ്സിലായത്‌.   മണിക്കൂറുകളോളം ആയത്രേ രാജു കടുത്ത മൂത്രശങ്കയില്‍ ഇടതടവില്ലാതെ ജോലി ചെയ്യുന്നു. അടുത്തടുത്തു കടകള്‍ മാത്രമായതിനാല്‍ മൂത്രമൊഴിക്കാന്‍ കുറെ ദൂരത്തേക്കു പോകേണ്ട അവസ്ഥയും.ചേട്ടന്‍ എത്താതെ കടയില്‍ നിന്നും ഒരു മിനുട്ട് പോലും മാറിനില്‍ക്കാനും സാധിക്കില്ല. അത്രയ്ക്കും തിരക്ക്.

ഗത്യന്തരമില്ലാതെ രാജു കണ്ടുപിടിച്ച മാര്‍ഗ്ഗം ആയിരുന്നു ആ കുട റിപ്പയര്‍.  ഒരു കാലിക്കുപ്പിയെടുത്ത്  കുടയും നിവര്‍ത്തി താഴെയിരുന്ന് കുപ്പിയിലേക്ക്‌ സംഗതി ഒപ്പിക്കുക എന്ന മഹത്തായ പോംവഴി. സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് കുടയുടെ കമ്പി ശരിയാക്കുകയാണെന്നേ തോന്നൂ. എങ്ങനേണ്ട് എങ്ങനേണ്ട്.. ഈ ഐഡിയ?... [ഞാനിവിടെ ഇല്ലാ... ഞാനീ നാട്ടുകാരനേ അല്ലാ...]      
- ജോയ് ഗുരുവായൂര്‍ 

എന്നുമൊരു നിഴലായ്...


"അച്ചായാ ഒന്നിങ്ങോട്ടു നോക്കൂന്നേ.. മതി ഉറങ്ങീത്.. ഒടുക്കത്തെ ഈ ഉറക്കഭ്രാന്ത്.."
"നീയൊന്നടങ്ങെന്‍റെ മറിയേ... പ്ലീസ്.. ഒരു പത്തു മിനിറ്റ്... "
"ഹോ.. പിന്നേ.. ഒരു പത്തു മിനുറ്റ് കൂടി ഒറങ്ങീട്ട് എന്ത് മല മറിക്കാനാ.. അച്ചായോ ഒന്നു കണ്ണു തുറക്കൂന്നെ.."
"രാവിലെത്തന്നെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിനക്കൊന്നു നിര്‍ത്തിക്കൂടെ മറിയേ.. നിന്നെ കെട്ടിയ അന്ന് മുതല്‍ തുടങ്ങിയതല്ലേ രാവിലെയുള്ള നിന്‍റെയീ ചൊറിച്ചില്‍..."
"അല്ല അച്ചായോ.. ഇന്നല്ലേ ചാച്ചന്റെ ശ്രാദ്ധം.. പള്ളിയില്‍ കര്‍മ്മങ്ങളൊക്കെ ഇപ്പൊ തുടങ്ങും.. ഓര്‍മ്മയുണ്ടോ അത്?.. "
"ഹോ.. ശരിയാണല്ലോ.. എന്‍റെ ചാച്ചന്‍ ജീവിച്ചിരിക്കുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം വളരെ നല്ലവനായിരുന്നു എന്ന സംഗതി ഒരു വാസ്തവം തന്നെ.. പക്ഷെ മരിക്കുന്നത് വരെ 'എന്‍റെ മോനേ' എന്ന് ഒരിക്കല്‍പ്പോലും പുള്ളിക്കാരന്‍ സ്നേഹത്തോടെ എന്നെ വിളിച്ചിട്ടില്ല."
"തുടങ്ങി ന്യായവാദങ്ങള്‍.. എന്തൊക്കെയായാലും അച്ചായന്‍റെ പിതാവാണല്ലോ.. ആ ഒരു ബഹുമാനമെങ്കിലും വേണ്ടേ.."
"അതൊക്കെ പോട്ടേ.. നീ നമ്മുടെ മക്കളുടെ കാര്യം തന്നെ ഒന്ന് നോക്കൂ.. എത്രകാലമായി നമ്മളിവിടെ ദുരിതവും അനുഭവിച്ചു കഴിയുന്നു.. വല്ലപ്പോഴുമെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ അവര്‍ക്ക് തോന്നുന്നുണ്ടോ?.. അല്ലാ എനിക്ക് മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ.. "
"ങാ.. ഇനി അതില്‍ പിടിച്ചു കയറിക്കോ.. ഒക്കെ നിങ്ങളുടെ വളര്‍ത്തു ദോഷം തന്നെയെന്നേ ഞാന്‍ പറയൂ.. ചാച്ചനെ കണ്ടല്ലേ മക്കള്‍ പഠിക്കുക..'
"ഡീ മറിയേ.. അപ്പൊ നീയവര്‍ക്ക് ആരുമായിരുന്നില്ല അല്ലേ?.. തള്ള വളര്‍ത്തിയാ തൊള്ളയേ വളരൂ എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്.. അതാപ്പോ മക്കള്‍ക്ക്‌ സംഭവിച്ചത്.. അല്ലാതെ അവര്‍ വഴി തെറ്റിയതിനു എന്നെ നീ പഴിക്കണ്ടാ..."
"അയ്യടാ.. അതാ എരണം കേട്ട മൂധേവികളുടെ തലയണമന്ത്രം കൊണ്ടാ.. എന്‍റെ സണ്ണിക്കുട്ടനും ബോബിക്കുട്ടനും എത്രയോ നല്ലവരായിരുന്നു. ഈ നശിച്ചവര്‍ വന്നു കയറിയതിന്റെ പിറ്റേന്നു മുതല്‍ അവര്‍ക്ക് അമ്മച്ചിയേയും ചാച്ചനെയും പിടിക്കാതെയായി... അതിനു പിന്നെ എന്നെയാണോ പഴിക്കുന്നേ?.."
"അതേയ്.. ഒരു കാര്യോണ്ട്.. നീ മരുമക്കളെ മക്കളെപ്പോലെ കാണാതെ ശത്രുക്കളായി കണ്ടതു കൊണ്ടാ അവരിപ്പോ നിന്നെ ഗൌനിക്കാതായത്.. അതോണ്ട് പാവം ഈ ഞാനും അവര്‍ക്കപ്പോള്‍ വെറുക്കപ്പെട്ടവനായി.."
"അയ്യോ.. എന്‍റെ പുണ്യാളച്ചോ.. കണ്ടില്ലേ ഇതിയാന്‍ പറയുന്നത്?.. ഞാന്‍ കാരണം അതിയാനും കഷ്ടപ്പാടായീന്നു.. അയ്യോ . ഞാനിതെങ്ങനെ സഹിക്കും എന്‍റെ കര്‍ത്താവേ...എന്‍റെ സമാധാനം പോയേ.."
'എടീ.. ഒച്ച വയ്ക്കാതെ.. വല്ലോരും കേള്‍ക്കും.. അതാ ഞാന്‍ പറഞ്ഞേ.. നിനക്ക് രാവിലെത്തന്നെ എന്നെ ചൂടാക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ.. അല്ലെങ്കിലേ ആളുകളുടെ പറച്ചില്‍ നമ്മള്‍ എപ്പോഴും വഴക്കില്‍ ആണെന്നാ.."
"അതു പിന്നെ അച്ചായന്‍ എന്‍റെ ചങ്കില്‍ കുത്തുന്ന വര്‍ത്താനം പറഞ്ഞാല്‍പ്പിന്നെ ഞാന്‍ എന്നാ ചെയ്യും?.. കെട്ടിക്കൊണ്ടു വന്നയന്നു മുതല്‍ സുഖത്തിലും ദുഃഖത്തിലും അച്ചായന്‍റെ നിഴലുപോലെ നിന്നവളല്ലേ ഞാന്‍.. ആ എന്നെയിപ്പോള്‍ അച്ചായന്‍ ആരുമല്ലാതാക്കി.. അയ്യോ.. എനിക്ക് സങ്കടം താങ്ങാന്‍ വയ്യേ.. അയ്യോ.."
"ഛെ ഛെ.. പോട്ടെടീ മറിയേ.. എനിക്ക് ദേഷ്യം വന്നപ്പോ ഞാനൊന്നു പറഞ്ഞതല്ലേ.. നീയെന്തിനാ അതിനു കരയുന്നേ.. എന്‍റെ സ്വഭാവം നിനക്കു ഇതേ വരെ മനസ്സിലായില്ലാ എന്നുണ്ടോ.. ഹും.. പോട്ടെ.. സാരമില്ലാ.. നീയൊന്നു സമാധാനപ്പെട്.."
"ങ്ങും.. എന്നാലും അച്ചായന്‍ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ.. ചിന്തിച്ചല്ലോ.."
"ഓ എന്‍റെ പൊന്നേ... ഒന്ന് സമാധാനിക്കെടീ.. എന്നും എന്‍റെ വായിലിരിക്കുന്നത് കേള്‍ക്കാതെ നിനക്കൊരു സ്വൈര്യവുമുണ്ടാവില്ല.. നിന്നെ കെട്ടിക്കൊണ്ടു വന്നയന്നു മുതല്‍....."
"ദേ പിന്നേം.. എനിക്കറിയാം അച്ചായാ.. അന്നേ മുതല്‍ ഞാനൊരു ശല്യമായിരുന്നു നിങ്ങള്‍ക്ക്... വേണ്ടെങ്കില്‍ അപ്പോഴേ പറഞ്ഞയയ്ക്കാമായിരുന്നില്ലേ?.. പറയൂ.. ഇപ്പൊ പറയൂ ഞാന്‍ പൊക്കോളാം.. അയ്യോ എനിക്കാരുമില്ലല്ലോ കര്‍ത്താവേ.. "
"ഛെ ഒന്ന് മിണ്ടാതിരി.. ദേ ആരൊക്കെയോ പടികടന്നു ഇങ്ങോട്ട് വരുന്നു. ഹോ പാതിരിയുമുണ്ടല്ലോ.. നീയവിടെ അടങ്ങിയിരി.. എന്താ അവരുടെ പരിപാടിയെന്ന് നോക്കാം.. "
കാര്‍മ്മികന്‍: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരന്‍ പ്ലാമറ്റത്തെ കുഞ്ഞുവറീത് റാഫേലിനെ നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
സമൂഹം: ആമ്മേന്‍
"കണ്ടോ അച്ചായോ.. ദേ അവര്‍ പോയി.. നമ്മുടെ സണ്ണിക്കുട്ടനും ബോബിക്കുട്ടനും ഒക്കെ നമ്മളെ മറന്നു അച്ചായാ.. നമ്മളിവിടെയിങ്ങനെ കിടക്കുന്നുവെന്ന ഒരു ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒരു മെഴുകുതിരിയെങ്കിലും... പോട്ടെ പോകുന്നതിനും മുമ്പ് ഒന്നിവിടേക്കു തിരിഞ്ഞെങ്കിലും നോക്കുമെന്നു ഞാന്‍ മോഹിച്ചു അച്ചായാ.."
"എന്‍റെ മറിയേ... മക്കളെ കണ്ടും മാമ്പൂ കണ്ടും ഒരിക്കലും മോഹിക്കരുത് എന്നു ദേ.. ആ കിടക്കുന്ന എന്‍റെ ചാച്ചന്‍ പറയുന്നത് നീയും ഒത്തിരി കേട്ടിട്ടില്ലേ?... അതോണ്ട് നീ വിഷമിക്കണ്ടാ.. നിന്‍റെ കൂടെയെന്നുമെപ്പോഴും ഞാനില്ലേ.. നീ എന്നോട് പറയാറുള്ളതു പോലെ.... എപ്പോഴും ഒരു നിഴലായിട്ട്.. നമ്മളെ പിരിക്കാന്‍ ഇനി ഈ ഭൂമിയിലെ ആര്‍ക്കു സാധിക്കും?.. നമ്മളെ കാണാനും മെഴുകുതിരികളും പൂക്കളുമായി ഇനിയും അവരിവിടെ വരും.. നമ്മുടേതായ ദിവസങ്ങള്‍ അവര്‍ കലണ്ടറില്‍ കൃത്യമായി വട്ടമിട്ടു വച്ചിട്ടുണ്ട്."
"അച്ചായോ.. എന്‍റെ പൊന്നേ.."
- ജോയ് ഗുരുവായൂര്‍

വിശ്വാസവിശ്വാസങ്ങള്‍


മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
നിഗൂഡമാം തമോഗര്‍ത്തങ്ങളില്‍ നിന്നും
നുരഞ്ഞു പതഞ്ഞൊഴുകീടുമീയവിശ്വാസം
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലധിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍ തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം
ക്ഷോഭിച്ചു വശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം
ചുററത്തില്‍പ്പടുത്ത കല്‍പ്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ചു
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം
വിവേകത്തെ വിജ്ഞാനം കൊണ്ടു തളച്ചു
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്ത മുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും
ചരിത്രം തീയിട്ടെരിച്ചു കളയുമീയവിശ്വാസം
നാളുകള്‍ തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം
വിചിന്തന വിരോധിയാണീയവിശ്വാസം
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍ മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം
സങ്കല്‍പ്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
- ജോയ് ഗുരുവായൂര്‍

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സര്‍വ്വസാധാരണമല്ലാത്ത വാക്കുകളുടെ അര്‍ത്ഥം താഴെക്കൊടുക്കുന്നു 

ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക

ഒരു പ്രേതത്തിന്‍റെ ആത്മകഥ


"ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍" 

"വെരി ഗുഡ് ആഫ്റ്റെര്‍ നൂണ്‍"

ജീപ്പ് ഹൈവേയുടെ ഓരത്തേക്കു ഒതുക്കിയിട്ട് എസ്. പി. അലക്സ്‌ ജോസ് മൊബൈലില്‍ വന്ന കോളിനു പ്രതികരിച്ചു. 

"സര്‍.. ദിസ്‌ ഈസ്‌ മാലിനി ഫ്രം സര്‍ഗ്ഗധാര ആര്‍ട്സ് ഫോറം.. വീ വുഡ് ലൈക്‌ ടു ജസ്റ്റ്‌ റിമൈന്‍ഡ് യു എബൌട്ട്‌ യുവര്‍ പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ ഔര്‍ ഈവനിംഗ് പ്രോഗ്രാം.." 

"യെസ് മാലിനി.. ഐ റിമെംബര്‍... നവ് ഐ ആം ഓണ്‍ മൈ വേ ടു അഹമ്മദാബാദ്.. ജസ്റ്റ്‌ ഡോണ്ട്  വറി.. ഐ വില്‍ ബി ദേര്‍ ഓണ്‍ ടൈം"

സര്‍ഗ്ഗധാര സംഘടിപ്പിക്കുന്ന നവാഗത എഴുത്തുകാരെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു പോയി എന്ന കാരണത്താല്‍ മാത്രമായിരുന്നു താന്‍ തിരക്കുകള്‍ക്കിടയിലും സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്ക്  ഇറങ്ങിപ്പുറപ്പെട്ടത്. വര്‍ക്കി സാറിന്‍റെ മകളും സര്‍ഗ്ഗധാരയുടെ പ്രധാന സംഘാടകരില്‍ ഒരുവളുമായ ആന്‍സിയുടെ ക്ഷണം എങ്ങനെ തള്ളിക്കളയും. അവളുടെ അമ്മയുടെ കൈപുണ്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന വിഭവങ്ങള്‍ എത്രയോ വട്ടം താന്‍ ആസ്വദിച്ചിരിക്കുന്നു. 

പോലിസ് റസ്റ്റ്‌ ഹൌസില്‍ എത്തുമ്പോള്‍ മൂന്നര മണി. പുറത്തെ ചൂടില്‍ നിന്നും അകത്തെ ശീതളിമയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ വിശപ്പെല്ലാം വിട്ടു മാറി. ഏഴുമണിക്കാണ് ടൌണ്‍ ഹാളില്‍ എത്തേണ്ടത്. അതുവരെ തല്‍ക്കാലം വിശ്രമിക്കാം. 

കുളി കഴിഞ്ഞു കിടക്കയിലേക്ക് ചായുമ്പോഴാണ് ലൈബ്രറിയില്‍ നിന്നും എടുത്തു ബാഗില്‍ വച്ചിരുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ചു ഓര്‍ത്തത്. കയ്യെത്തിച്ച് ബാഗെടുത്തു പുസ്തകങ്ങളില്‍ ഒരെണ്ണമെടുത്തു തുറന്നു.  

"ഒരു പ്രേതത്തിന്‍റെ ആത്മകഥ" എഴുതിയത് നീലിമ 

'കൊള്ളാലോ ഇത്?.. പ്രേതങ്ങള്‍ക്കും ആത്മകഥയോ?! ഇതു തന്നെ വായിച്ചു കളയാം'.  അലക്സ് വായനാതല്‍പ്പരനായി കിടക്കയില്‍ ചമ്മണപ്പടിയിട്ടിരുന്നു. 

ആമുഖം   

[ഇതൊരു ആത്മകഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ യഥാര്‍ത്ഥമല്ല. നീലിമ എന്നതും എന്‍റെ തൂലികാനാമം മാത്രം] 

'ഞാന്‍ ആത്മഹത്യ ചെയ്തതല്ല, 
നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതാണ്.                  
യഥാര്‍ത്ഥത്തില്‍ ഞാന്‍ മരിച്ചിട്ടില്ല 
നിങ്ങളുടെ ഇടയില്‍ത്തന്നെ ജീവിക്കുന്നു. 
ഒരു വെല്ലുവിളിയായി........

കൂട്ടുകാരുമൊത്ത് തുമ്പികളെ പിടിച്ചു രസിച്ചും മഞ്ചാടിക്കുരു പെറുക്കിയും കുയിലുകളെ കളിയാക്കി ചൂളമടിച്ചും പാടവരമ്പിലൂടെ തുള്ളിച്ചാടി പള്ളിക്കൂടത്തിലേക്കു പോകുന്ന ഒരു വര്‍ണ്ണാഭമായ കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. 
 
തറവാടിന്റെ പടിയിറങ്ങിയാല്‍ പിന്നെ സമത്വസുന്ദരമായ സൗഹൃദത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ആ കുട്ടിക്കാലം. ഗ്രേസിയും അവളുടെ ചേട്ടന്‍ കുഞ്ഞൂഞ്ഞും സുബൈറും ഷാജിയും സുമലതയും ഒക്കെ വര്‍ണ്ണഭേദങ്ങളില്ലാതെ കളിച്ചും ഭുജിച്ചും ഇടപഴകിയിരുന്ന ആ കാലം മാത്രമാണ് ഇന്നും എന്‍റെ ഓര്‍മ്മച്ചെപ്പില്‍ സന്തോഷത്തിനു വക നല്‍കാനായി നീക്കിയിരിപ്പുള്ളൂ.

പള്ളിക്കൂടം വിട്ടു വരുന്ന വഴി തോടു കുറുകെ കടക്കുമ്പോള്‍ വലിയ തൂവാല കൊണ്ട് പരല്‍ മത്സ്യങ്ങളെ പിടിച്ചു അവയെ ചില്ല് ഭരണികളില്‍ ഇട്ടു വളര്‍ത്തുന്ന കൂട്ടുകാര്‍... മാന്തോപ്പുകളിലെ മാവുകളില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി  പങ്കുവച്ചു കഴിച്ചു രസിച്ചിരുന്ന ആ സുവര്‍ണ്ണ കാലം... കൂട്ടിലടച്ച കിളിയെപ്പോലെ ഇല്ലത്തു കഴിഞ്ഞിരുന്ന തനിക്കു ഇന്നും അതൊക്കെ വിസ്മയകരമായ ഓര്‍മ്മകള്‍ തന്നെ. 

ഇല്ലത്തിന്‍റെ പടി കടക്കുന്നതോടെ തന്‍റെ മേല്‍ മൂകതയുടെ മൂടുപടം വീഴും. എന്‍റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതില്‍പ്പിന്നെ ഞാനും അമ്മയും ആ ഇല്ലത്തു ഒരു അധികപ്പറ്റ് തന്നെയായിരുന്നു. കാറ്റു പോലും പടികടന്നു വരാന്‍ മടിക്കുന്ന ആ തറവാട്ടില്‍ ശരിക്കും ഞങ്ങള്‍ വിമ്മിഷ്ടപ്പെട്ടു ജീവിച്ചു. 

വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ പാത്രം കഴുകി കൈ തുടച്ച ആര്‍ദ്രമായ കൈത്തലങ്ങള്‍ കൊണ്ട് അമ്മ നെറ്റിയില്‍ തലോടുന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അടുക്കളയില്‍ നിന്നുള്ള കരിയും പുകയും കൊണ്ടു കരുവാളിച്ച എന്‍റെ അമ്മയുടെ മുഖത്തു ഒരു പുഞ്ചിരി പോലും വിരിയുന്നത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല. 

രാത്രിയുടെ അവസാനയാമങ്ങളില്‍ തട്ടിന്‍ മുകളിലുള്ള ഞങ്ങളുടെ കിടപ്പുമുറിയില്‍ ഉയരാറുള്ള ശീല്‍ക്കാരങ്ങളും പതിഞ്ഞ മുരള്‍ച്ചകളും അമ്മയുടെ ദീനവിലാപങ്ങളും ഒക്കെ മിക്ക ദിവസവും യക്ഷിക്കാവിലകപ്പെട്ട പ്രതീതിയാണ് ഉളവാക്കിയിരുന്നത്.   നെറ്റിയിലെ വിയര്‍പ്പു തുടച്ചു ഇറങ്ങിപ്പോകുന്ന പ്രമാണിമാരെ അരണ്ട വെളിച്ചത്തില്‍ മുറിയുടെ മൂലയ്ക്ക് വിരിച്ച തഴപ്പായയില്‍ കിടന്നു പുതപ്പിനിടയിലൂടെ അടക്കിപ്പിടിച്ച വിഹ്വലതയോടെ ഏറുകണ്ണിട്ടു ഞാന്‍ നോക്കും. 

വ്യവസായ പ്രമുഖന്മാരായ തറവാട്ടു കാരണവന്മാര്‍ക്ക് സുഭദ്രയെ എന്നിട്ടും പുച്ഛമായിരുന്നു. തന്നെ വളര്‍ത്തി വലുതാക്കുന്നതു വരെ എങ്ങനെയെങ്കിലും  ജീവിക്കണം എന്നതു മാത്രമായിരുന്നു അമ്മയുടെ ജീവിത ലക്‌ഷ്യം. 

"മോള്‍ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. ഇന്നു രാത്രി തന്നെ നീ പട്ടണത്തിലുള്ള റോസ് സിസ്റ്ററുടെ അടുത്തേക്കു പോണം.. തെങ്ങു കയറാന്‍ വരുന്ന ചങ്കരന്റെ മകനോട്‌ ഞാന്‍ എല്ലാം പറഞ്ഞു ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവന്‍ പാതിരാത്രി ഓട്ടോ റിക്ഷയുമായി മൂന്നും കൂടിയ വഴിയില്‍ കാത്തു നില്‍ക്കും. ആരും കാണാതെ ഞാന്‍ നിന്നെ അവിടെ കൊണ്ടെത്തിക്കാം."

"എന്താ അമ്മയീപ്പറയുന്നേ?.. അമ്മയെവിട്ടു എനിക്കെവിടെയും പോകണ്ടാ.. ഞാന്‍ പോവൂല.. ഞാന്‍ പോവൂല."    

"ന്‍റെ കുട്ട്യേ.. നീ പോയില്ലെങ്കില്‍ വല്ല്യ അപകടമാണ്. ന്‍റെ മോളെ ഞാന്‍ ഇത്രേം കാലം കാത്തു രക്ഷിച്ചതിന് ഒരു ഫലോം ഇല്ല്യാണ്ടാവും.. ന്‍റെ കുട്ടി അമ്മ പറയുന്നത് കേള്‍ക്കൂ.. എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്ന് കരുതിയാല്‍ മതി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടല്ല്യെ കുട്ട്യേ..ഈ കത്ത് നീ സിസ്റ്ററമ്മയ്ക്ക് കൊടുക്കണം. എന്‍റെ കൂട്ടുകാരിയായിരുന്നു. അവള്‍. പറയാനുള്ളതൊക്കെ ഞാന്‍ ഇതില്‍ എഴുതിയിട്ടുണ്ട്." 

അമ്മ എന്‍റെ നെറ്റിയില്‍ ചുംബിച്ചു കരഞ്ഞു പറയുന്നത് കേട്ട് പത്തൊമ്പതുകാരിയായ ഞാന്‍ അസ്തപ്രജ്ഞയായി നിന്നു. 

സിസ്റ്റര്‍ റോസ് കത്തുവായിച്ചു വികാരാര്‍ദ്രയായി എന്നെ ആലിംഗനം ചെയ്തു. 

ആ അനാഥാലയത്തില്‍ നിന്നു കൊണ്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. കളിക്കൂട്ടുകാരനായിരുന്ന കുഞ്ഞൂഞ്ഞിനെ അവിചാരിതമായി ഒരു ദിവസം കണ്ടു മുട്ടിയത്‌.  

പാര്‍ക്കിന്‍റെ വിജനമായൊരു മൂലയിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് മനസ്സിലെ ഭാരം മുഴുവന്‍ കുഞ്ഞൂഞ്ഞിന്റെ മടിയില്‍ ഇറക്കി വച്ച് ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. കുഞ്ഞൂഞ്ഞ് പിന്നെ നിത്യസന്ദര്‍ശകനായി. അമ്മയുടെയും എന്‍റെയും ഇടയിലെ ഒരു വാര്‍ത്താവിനിമയക്കണ്ണിയായി അവന്‍ വര്‍ത്തിച്ചു. 

അവിവാഹിതനായ അവന്‍ ജാതിമതചിന്തകളെയെല്ലാം തൃണവല്‍ക്കരിച്ചു കൊണ്ട് എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അമ്മയോടക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ താല്‍പ്പര്യമായിരുന്നു. ജീവിതത്തില്‍ വസന്തം മടങ്ങി വന്നുവെന്നു കരുതിയപ്പോഴാണ് ജാതിക്കോമരങ്ങള്‍ ഫണമുയര്‍ത്തി വിഷം ചീറ്റിത്തുടങ്ങിയത്. 

കുഞ്ഞൂഞ്ഞിന്റെ സമ്പന്നരായ വീട്ടുകാരും ബന്ധക്കാരും ആ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തു. വിദ്യാഭ്യാസം കഴിഞ്ഞു തൊഴില്‍ രഹിതനായി നിന്നിരുന്ന കുഞ്ഞൂഞ്ഞിനെ വീട്ടുകാര്‍ കുറച്ചു ദിവസം വീട്ടു തടങ്കലില്‍ വച്ച് പിന്നീട് ഗുജറാത്തിലെ അമ്മാവന്‍റെ വീട്ടിലേക്കു നാടുകടത്തി. സിസ്റ്റര്‍ റോസിന്റെ നിസ്സഹായാവസ്ഥ കണ്ടു ഞാന്‍ മഠം വിട്ടിറങ്ങി. സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനവും തന്റേടവും ഞാനതിനകം നേടിയെടുത്തിരുന്നു. തന്‍റെ പേരില്‍ വരുന്ന കത്തുകള്‍ സൂക്ഷിച്ചു വച്ചു തനിക്കു തരണം എന്ന ഒരേയൊരപേക്ഷ സ്വീകരിച്ചതിനു ഞാനിന്നും സിസ്റ്റര്‍ റോസിനെ നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചു ജോലിക്കു പോകാന്‍ തുടങ്ങി. 

ഒരു ഇടവേളയ്ക്കു ശേഷം കുഞ്ഞൂഞ്ഞിന്റെ കത്ത് എനിക്ക് ലഭിച്ചു. അതില്‍ ഹൃദയഭേദകമായ ഒരു വാര്‍ത്തയുമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ എന്‍റെ അമ്മ...... കരച്ചിലിനൊടുവില്‍ സമാധാനമായിരുന്നു തോന്നിയത്. എങ്കിലും അവസാനം ഒരുനോക്കു കാണുവാനെങ്കിലും സാധിച്ചില്ലല്ലോ എന്ന ദുഃഖം കുറേ നാള്‍ മനസ്സിനെ അലട്ടി. 

കുഞ്ഞൂഞ്ഞിന്റെ കത്തുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നു. ഒന്നിനും മറുപടി അയച്ചില്ല. അവന്‍ പാവമായിരുന്നു. എല്ലാവരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ നടുവില്‍ ശ്വാസം കഴിക്കാന്‍ വരെ സാധിക്കാത്ത അവസ്ഥയില്‍ അകപ്പെട്ട, ചെറുപ്പം മുതലേ അനുസരണയിലും അച്ചടക്കത്തിലും വളര്‍ന്ന ഒരു പാവം കുട്ടി. അവന്‍റെ ജീവിതം ഞാന്‍ കാരണം നരകിക്കരുത് എന്ന ഉറച്ച തീരുമാനമായിരുന്നു മറുപടി എഴുതാന്‍ എന്നെ തടസ്സപ്പെടുത്തിയിരുന്നത്. നീണ്ട ആറുവര്‍ഷം അവന്‍റെ കത്തുകള്‍ തന്നെ തേടിയെത്തി. ഗുജറാത്തില്‍ അവനു നല്ല ജോലി കിട്ടി എന്നൊക്കെ അറിഞ്ഞു മനസ്സ് സന്തോഷിച്ചു. എന്നെങ്കിലും ഒരു മറുപടി ലഭിക്കും എന്നുള്ള പ്രതീക്ഷ അസ്തമിച്ചപ്പോഴായിരിക്കണം കത്തുകളുടെ വരവ് നിന്നത്. എന്നെയല്ലാതെ മറ്റാരെയും ഒരു കാരണവശാലും ഈ ജീവിതത്തില്‍ വിവാഹം കഴിക്കില്ല എന്നായിരുന്നു പതിനാലു വര്‍ഷം മുമ്പ് ലഭിച്ച അവന്‍റെ അവസാന കത്തിന്‍റെ രത്നച്ചുരുക്കം. എന്നിട്ടും എന്‍റെ മനസ്സിളകിയില്ല. 

സഹമുറിയത്തിയായ കോളേജു വിദ്യാര്‍ത്ഥിനി അഹല്യയായിരുന്നു കഥകള്‍ എഴുതാനായി എന്നെ നിര്‍ബന്ധിപ്പിച്ചത്. എന്‍റെ എഴുത്തുകളെല്ലാം മാധ്യമങ്ങളും വായനക്കാരും ഹൃദയത്തില്‍ സ്വീകരിച്ചു. പല പ്രശസ്തരുമായും എന്‍റെ രചനാശൈലിയെ ചിലര്‍ ഉപമിച്ചു. എന്നാല്‍ എന്‍റെ ശൈലി അന്നും ഇന്നും എന്റേതു മാത്രം. അത് നീറുന്ന ഹൃദയത്തിന്‍റെ നൊമ്പരങ്ങളാണ്.. സമൂഹത്തിലെ നികൃഷ്ടജീവികളോടുള്ള പകയുടെ ബഹിര്‍സ്ഫുരണങ്ങളാണ്. 

ഇതെന്‍റെ നൂറാമത്തെ കഥയാണ്‌. ഇതിലെ നായിക ഞാന്‍ തന്നെയാവണം എന്നെനിക്കൊരു അതിമോഹം. 

ശ്രദ്ധിച്ചാല്‍ മനസ്സിലാവും, തട്ടിന്‍പുറത്തു കട്ടപിടിച്ച നിശയുടെ നിശബ്ദതയെ ഭഞ്ജിച്ചു അന്നുയര്‍ന്നിരുന്ന എന്‍റെ അമ്മയുടെ വിതുമ്പലുകളും പേറിക്കൊണ്ടു പ്രയാണം തുടങ്ങിയ എന്‍റെ തൂലികയില്‍ നിന്നിപ്പോള്‍ ഗര്‍ജ്ജനങ്ങള്‍ മാത്രമാണ് നിര്‍ഗ്ഗമിക്കുന്നതെന്ന്. ഇല്ലാ.. ഈ തൂലികയൊരിക്കലും ഇനി വിതുമ്പില്ല. ഋതുഭേദങ്ങള്‍ ആവോളം ശക്തിപകര്‍ന്ന എന്‍റെ തൂലിക സൃഷ്ടിക്കുന്ന കൊടുങ്കാറ്റില്‍ പകല്‍മാന്യരുടെ മൂടുപടങ്ങള്‍ അനുദിനം അഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. അത് കണ്ടു ഞാനും എന്‍റെ അമ്മയുടെ ആത്മാവും എന്നും സന്തോഷിക്കുന്നു. ജീവന് തന്നെ ഇപ്പോള്‍ ഭീഷണിയുള്ളത് കൊണ്ടാണ് ആത്മകഥ ഈ നാല്‍പ്പതാം വയസ്സില്‍ തന്നെ എഴുതണം എന്നു മനസ്സ് പറയുന്നതെന്നു തോന്നുന്നു. ഇനിയൊരിക്കല്‍ അതിനായില്ലെങ്കിലോ?     

എനിക്ക് ആരോടും വ്യക്തിപരമായ പ്രതികാരം ഇല്ല. ജീവിക്കാനെനിക്കു മോഹവുമില്ല. സമൂഹത്തിലെ മുഖം മൂടികള്‍ ആണ് എന്‍റെ ശത്രുക്കള്‍. അവര്‍ ഏതു മേഖലയില്‍ ഉള്ളവരായാലും..ഇന്ന് നീലിമയുടെ തൂലികയെ അവര്‍ ഭയക്കുന്നു. അത് തന്നെയാണ് എന്‍റെ ജന്മസായൂജ്യം... എന്‍റെ ജീവിത ലക്‌ഷ്യം.. ആരുടെയെങ്കിലും അടിമയായി ജീവിതകാലം മുഴുവന്‍ ഹോമിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്‍റെ തൂലികയുടെ പടയോട്ടം എന്‍റെ വ്യക്തിത്വം പേറുന്ന ശരീരം മണ്‍ത്തരികള്‍ക്ക് അന്നമാവുന്നത് വരെ തുടരും. എന്‍റെ യഥാര്‍ത്ഥ മുഖം ഇനിയും മറയ്ച്ചു വയ്ക്കാന്‍ ഞാനൊട്ടു ആഗ്രഹിക്കുന്നുമില്ല.

കുഞ്ഞൂഞ്ഞ്.. അവനാണ് എന്‍റെ മനസ്സില്‍ ചിലപ്പോഴെങ്കിലും മൃദുലവികാരങ്ങളുടെ  ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഒരേയൊരു വ്യക്തിത്വം. എത്രയോ ആത്മാര്‍ത്ഥമായി അവനെന്നെ സ്നേഹിച്ചിരുന്നു. കത്തുകള്‍ക്കു മറുപടി അയയ്ക്കാതെ ഞാന്‍ അവനെ വഞ്ചിക്കുകയായിരുന്നില്ലേ?.. ആ ഹൃദയം എത്രമാത്രം തകര്‍ന്നിരിക്കും.. എന്നിട്ടും പ്രതീക്ഷ വിടാതെ അവന്‍ കുറെ നാള്‍ കത്തുകളയയ്ക്കുന്നത് തുടര്‍ന്നു. തന്‍റെ മനസ്സില്‍ അവനെക്കുറിച്ചുള്ള ചിന്തകള്‍ എന്താണെന്ന് അവനറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത നിസ്സഹായാവസ്ഥയില്‍ അവനെയെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ തന്നെ. 

വായനാപ്രിയനായ അവന്‍ ഈ കഥ വായിക്കാതിരിക്കില്ല. ഇത് അവനയച്ച കത്തുകള്‍ക്കുള്ള മറുപടിയും കൂടിയാണ്. കുഞ്ഞൂഞ്ഞേ, ദയവായി ക്ഷമിക്കെടാ.. ഉള്ളിന്റെയുള്ളില്‍ ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു. നിന്നെപ്പോലെ ഈ സമൂഹത്തിലെ എല്ലാ പുരുഷന്മാരും ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഇപ്പോഴും മനസ്സില്‍ ആഗ്രഹിച്ചു പോകുന്നുണ്ട് എന്നറിയാമോ? എനിക്ക് ഈ ലോകത്തില്‍ വിശ്വാസമുള്ള ഒരേയൊരു പുരുഷജന്മം നീ മാത്രമാണ്. നീ സമാധാനമായി ജീവിക്കുന്നുണ്ട് എന്ന ഉറച്ച വിശ്വാസമാണ് എന്‍റെ കുറ്റബോധത്തെ അല്‍പ്പമെങ്കിലും കുറയ്ക്കുന്നത്. താമസിയാതെത്തന്നെ ഈ കഥപുസ്തകം നിന്നെത്തേടിയെത്തട്ടെ. ഇതിന്‍റെ താളുകളില്‍ നീ ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നിനക്ക് കാണാം.' 

"എന്‍റെ താത്രിക്കുട്ടീ...................... "      

അലക്സിന്‍റെ ഹൃദയം സമ്മിശ്രവികാരങ്ങളാല്‍ വിങ്ങി. മനസ്സിന്‍റെ തേങ്ങലുകള്‍ കണ്ണില്‍ നിന്നുല്‍ഭവിച്ച നീര്‍ച്ചാലുകളായി ഒഴുകി വീണ് പുസ്തകത്താളുകള്‍ ആര്‍ദ്രമാക്കി. 

- ജോയ് ഗുരുവായൂര്‍ 

പ്രേമോദാരനായ്‌...


പ്രണയിനിയുടെ നനുനനുത്ത അധരങ്ങളില്‍ നിന്നും ഇറ്റു വീണ 'മധുകണം' പോലെ കറുകച്ചെടിയുടെ ചെറുശാഖയില്‍ ‍പറ്റിപ്പിടിച്ചിരുന്ന ഒരു മഞ്ഞുതുള്ളിയെ സസൂക്ഷ്മം ശാഖയോടെ ഇറുത്തെടുത്തു തന്റെ നയനങ്ങളില്‍ വീഴിക്കാന്‍ നടത്തിയ വിഫലശ്രമം വിനോദിനെ തെല്ലൊരു അപകര്‍ഷത ബോധത്തിലേക്ക്‌ തള്ളിയിട്ടു. നന്നായി മൂത്തു പഴുത്തൊരു മൂവാണ്ടന്‍ മാങ്ങ അണ്ണാന്‍ കൊത്തി താഴെക്കിട്ടത് ഭാഗ്യത്തിന് ദേഹത്തു വീണില്ല. സൂര്യപ്രകാശരശ്മികളെ ഒരെണ്ണം പോലും താഴേക്കു വിടില്ല എന്ന വാശിയോടെ പടര്‍ന്നു പന്തലിച്ചു കൊണ്ട് നില്‍ക്കുന്ന മാവിന്‍റെ ശിഖരങ്ങളില്‍ ചാടി നടന്നു ചില്‍ ചില്‍ എന്നു ചിലയ്ക്കുന്ന അണ്ണാറക്കണ്ണനോട്  അവനു ഈര്‍ഷ്യ തോന്നി.  
 
തൊടിയില്‍ തെങ്ങ് കയറുന്ന ജോലിക്കാര്‍ എന്തൊക്കെയോ ചോദിച്ചതൊന്നും അവന്‍ കേട്ടില്ല. മനസ്സും ദേഹവുംതളരുന്നതു പോലെ.. ഈ മാവിന്‍ച്ചുവട്ടില്‍ തന്നെ കുറച്ചു നേരം കൂടി കിടക്കാം.. കായലിനഭിമുഖമായുള്ള തൊടിയിലേക്ക്‌ ഒഴുകി വന്നിരുന്ന കുളിര്‍ക്കാറ്റിനു അവന്‍റെ നെറ്റിയില്‍ പൊടിഞ്ഞിരുന്ന വിയര്‍പ്പുകണങ്ങളെ ബാഷ്പീകരിക്കാനായില്ല..

അല്ലെങ്കിലും തന്‍റെ ഹൃദയനൊമ്പരങ്ങള്‍ മനസ്സിലാക്കാന്‍ ആരുമില്ല. ബാംഗ്ലൂരിലേക്ക് പോകുന്ന വിവരം മുന്‍കൂട്ടി തന്നെയൊന്നറിക്കാമായിരുന്നു അവള്‍ക്ക്. ഇനി എന്‍റെ പ്രണയം അവള്‍ ഇതേ വരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്നുണ്ടാവുമോ? ചിലപ്പോള്‍ അവളുടെ മിലിട്ടറിക്കാരന്‍ ആങ്ങളയെ ഭയന്നിട്ടായിരിക്കും.. നീചന്‍... രാവും പകലും മലയും കാടും മേടുമൊക്കെ നിരങ്ങി നടക്കുന്നവന് പ്രണയം എന്ന വികാരത്തിന്‍റെ വില എങ്ങനെയറിയാന്‍?..അയാള്‍ക്കെന്തിന്റെ കേടാണാവോ എന്‍റെ ഈശ്വരാ.. ശാന്തിയോടെ അവധിക്കാലം കഴിച്ചു കൂട്ടിയിരുന്ന അവളെയിപ്പോള്‍ ബാംഗ്ലൂര്‍ കാണിക്കാന്‍ കൊണ്ട് പോകാന്‍ മാത്രം അവിടെ എന്തിരിക്കുന്നു. അവള്‍ടെ അനിയന്‍ ഉണ്ടല്ലോ കുട്ടന്‍.. ആ കൊടിഞ്ഞികുത്തു തന്നെയായിരിക്കും ഈ പോക്കിന്റെ സൂത്രധാരന്‍.. എങ്കിലും തന്നോടൊരു വാക്ക് മിണ്ടാതെ അവള്‍ പൊയ്ക്കളഞ്ഞല്ലോ.

ഏതു വണ്ടിക്കാണാവോ എങ്ങനെയൊക്കെയാണാവോ അവര്‍  പോയത്.. മിലിട്ടറിക്കാരന്‍ അല്ലേ ആ പിശുക്കന്‍...റിസര്‍വേഷന്‍ ഒന്നും ചെയ്തിട്ടുണ്ടാവില്ല. അവള്‍ക്കു സ്ത്രീകളുടെകൂട്ടത്തില്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടിയോ ആവോ. ഇല്ലെങ്കിലും അയാള്‍ക്കെന്താ.. കാടും മലയും നിരങ്ങി നടക്കുന്നവന് ഇതൊക്കെയൊരു പുത്തരിയാവുമോ? അവളെ എന്നും കാണാലോ എന്നു കരുതി മദ്രാസിലെ അമ്മാവന്‍റെ വീട്ടില്‍ പോയി കുറച്ചു ദിവസം നില്‍ക്കാന്‍ അമ്മ പറഞ്ഞപ്പോള്‍ താന്‍ ഒഴിവുകഴിവു പറഞ്ഞു പോയുമില്ല.  .. ഹോ.. ഭ്രാന്ത് പിടിക്കുന്നു.... എല്ലാത്തിനേം തല്ലിക്കൊല്ലേണ്ട സമയമായിരിക്കുന്നു.. മിക്കവാറും താന്‍ തന്നെ ഒരു ദിവസം അത് ചെയ്യും.. ഹും.. വിവരമില്ലാത്തവര്‍.. 

രാവിലെ പാലുമായി അവള്‍ക്കു പകരം അവളുടെ അമ്മ ഒരു അപശകുനം പോലെ പടി കടന്നു വരുന്നത് കണ്ടപ്പോഴേ നെഞ്ചൊന്നു പിടച്ചു. .
 
"സിന്ധു എന്ത്യേ?.. അവള്‍ക്കു സുഖല്ല്യേ?.."
 
"അവളും കുട്ടനും ഇന്ന് പൊലര്‍ച്ചയ്ക്കെ സുധീറിന്റെ ഒപ്പം ബാംഗളൂരിലേക്ക് പോയല്ലോ   മോനേ..  ഇനി ഒരാഴ്ച്ച കഴിഞ്ഞേ വരൂ .. അമ്മായി കുറെ നാളായി ഞങ്ങളങ്ങോട്ടൊന്നും ചെല്ലില്ല്യാന്നു പറഞ്ഞു പരിഭവിക്കുന്നു.. ഇപ്പോഴാണെങ്കില്‍ വേനലവധിയ്ക്ക് കോളേജും പൂട്ടിയിരിക്കുന്നു.. സുധീരനും ലീവില്‍ വന്ന നേരമല്ലേ... അവനും പോയിട്ടില്ല ഇതേ വരെ അവരുടെവീട്ടില്‍..” അവളുടെ അവളുടെ അമ്മ പറഞ്ഞത് നടുക്കത്തോടെയാണ് കേട്ടത്.

"അവരൊക്കെ നല്ല സന്തോഷത്തോടെ തന്നെയായിരുന്നോ പോയത്?.."
 
"പിന്നേ.. സുധീര്‍ ഇന്നലെ രാത്രി രാവിലത്തെ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍  പിള്ളേരൊക്കെ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയല്ലായിരുന്നോ.. തീവണ്ടീലാണ് പോണേന്നു പറഞ്ഞപ്പോ അവള്‍ക്കും വല്ല്യ താല്‍പ്പര്യായി.. ഇതേവരെ അവള്‍ അതില്‍ പോയിട്ടില്ലല്ലോ.. "

'ഹും.. അപ്പോള്‍ ഒക്കെ നല്ല തൃപ്തിയോടെത്തന്നെയാണ് പോയിരിക്കണേ.. ശവങ്ങള്‍.. ഇവിടെയൊരുത്തന്‍ വെഷമിച്ചു ഇരിക്കണുണ്ട് എന്നൊരു ബോധോം ഇല്ലാതെ.. ഹും.. തീവണ്ടി കണ്ടപ്പോള്‍ ബാക്കിയുള്ളവരെ മറന്നു.. ന്‍റെ നെഞ്ചിലെ തീ ആര് കാണാന്‍.. ഇങ്ങട് വരട്ടെ.. ശെരിയാക്കിക്കൊടുക്കാം..' സിന്ധുവിന്റെ അമ്മ ഒഴിഞ്ഞ പാല്‍പ്പാത്രവുമായി പടികടന്നു പോകുമ്പോള്‍ വിനോദിന്‍റെ മനസ്സില്‍ അമര്‍ഷം നുരഞ്ഞു പൊന്തി. അവള്‍ക്കു കൊടുക്കാനായി സൂക്ഷിച്ചു വച്ചിരുന്ന പഴുത്ത മൂവാണ്ടന്‍ മാങ്ങ അവന്‍ തൊടിയിലേക്ക്‌ വലിച്ചെറിഞ്ഞു.

പോക്കാക്കില്ലത്തെ സുബൈര്‍ പറഞ്ഞത് ഇനി നേരാണോ ദൈവേ.. അവള്‍ക്കു തന്നോട് ഇനി പ്രണയം ഇല്ലായിരുന്നിരിക്കുമോ?.. എല്ലാം തന്റെ തോന്നലുകള്‍ മാത്രമായിരുന്നുവോ.. ഹേയ്... വേണ്ട.. വേണ്ടാത്തതൊന്നും ചിന്തിക്കണ്ട.. ഒരിക്കലും അങ്ങനെ വരാന്‍ വഴിയില്ല.. അല്ലെങ്കില്‍ അവള്‍ പാല് കൊണ്ട് വരുമ്പോഴൊക്കെ തന്നോട് പുഞ്ചിരിക്കുകയും ആരും കാണാതെ താന്‍ കൊടുക്കുന്ന കണ്ണി മാങ്ങകളും ചോക്കലേറ്റുകളുമൊക്കെ അവള്‍ സ്നേഹഭാവത്തോടെ സ്വീകരിക്കുമോ? മാത്രമല്ല ഒരു ദിവസം അവളുടെ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം മറ്റാരും ശ്രദ്ധിക്കാത്ത വിധത്തില്‍ പാവാടയില്‍ ഒളിപ്പിച്ചു വച്ച് കൊണ്ട് വന്നു തനിക്കു തരികയും ചെയ്തു... അപ്പോള്‍ സ്നേഹം ഇല്ലാ എന്ന് പറയുന്നത് വെറുതെയാ.. അവളുടെ ആങ്ങള ആ കൊരങ്ങന്‍ ആയിരിക്കും ഇതൊക്കെ ഒപ്പിച്ചു വച്ചത്.. ഇനി തന്‍റെ സൈക്കിള്‍ എടുക്കാനായി ഇങ്ങു വരട്ടെ.. കാണിച്ചു കൊടുക്കാം.. ഹും..

"വിനൂ..  മോനെ വിനൂ..   ഈ ചെക്കന്‍ എവിടെപ്പോയി കെടക്കാ... വിനൂ..' 
 
അമ്മ നീട്ടിവിളിക്കുന്ന സ്വരം അതാ അടുത്തടുത്തു വരുന്നു.. 
 
ദൈവമേ.. എന്തൊരു അന്തമില്ലാത്ത കിടപ്പാ താനീ കിടക്കണേ.. അതിരാവിലെ തെങ്ങുകയറ്റക്കാര്‍ വന്നപ്പോള്‍ അതു നോക്കാന്‍ വേണ്ടി അമ്മ തൊടിയിലേക്കു  പറഞ്ഞയച്ചിട്ടു താനിവിടെ നട്ടുച്ച വരേയും.. ഹോ.. കാണാതെ പാവം പേടിച്ചു കാണും... 
 
കായല്‍ക്കാറ്റിനോടു പിണങ്ങി നിശ്ചലമായ ഏതോ ചില്ലയിലിരുന്നു കൊണ്ട് അണ്ണാറക്കണ്ണന്‍ അപ്പോഴും ചിലയ്ച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.   

- ജോയ് ഗുരുവായൂര്‍
 
[വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുത്തിന്‍റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങിയ സമയത്ത് രചിച്ചത്] 

അപ്രശസ്ത രാജ്യങ്ങളിലൂടെ - 5 : അരൂബ

വെനിസ്വലയുടെ വടക്കന്‍ തീരത്തു നിന്നും 27 കിലോമീറ്ററോളം ദൂരെയായി കരീബിയന്‍ കടലിന്‍റെ ലെസ്സര്‍ ആന്റില്ലസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേവലം 33 കിലോമീറ്ററുകള്‍ മാത്രം നീളമുള്ള ഒരു കൊച്ചു ദ്വീപു രാഷ്ട്രമാണ് പണക്കാരായ വിനോദസഞ്ചാരികളുടെ പറുദീസയായ അരൂബ. തൊട്ടടുത്തു കിടക്കുന്ന ബോണൈർ, കുറകാവോ എന്നീ ദ്വീപുകൾക്കൊപ്പം അരൂബയെ ലീവാഡ് ആന്റില്ലീസിലെ എ.ബി.സി. ദ്വീപുകൾ എന്നു വിളിക്കാറുണ്ട്. വിസ്തീര്‍ണ്ണം 178.91 ച. കി. മി. ഓറന്‍ജസ്റ്റഡ് ആണ് തലസ്ഥാനം.

ഏകദേശം ഒരു ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയില്‍ അറുന്നൂറോളം വജ്രക്കച്ചവടവും മറ്റും ചെയ്തു വരുന്ന ഇന്ത്യക്കാരും ഉണ്ടെന്നു പറയപ്പെടുന്നു.

കരീബിയന്‍ ജനതയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കരീബിയന്‍ ദ്വീപുകളില്‍ നിന്നും പലായനം ചെയ്ത അരാവക്ക് ആദിവാസി സമൂഹത്തിലെ ആളുകളാണ് ആദ്യമായി ഈ ദ്വീപില്‍ താമസമാരംഭിച്ചത്‌. 1499 സ്പാനിഷ് യാത്രികനായ അലോണ്‍സോ ഒജേഡാ ആയിരുന്നു അവിടം സന്ദര്‍ശിച്ച ആദ്യത്തെ യൂറോപ്പുകാരന്‍. അദ്ദേഹം അവിടെ ഒരു കോളനി സ്ഥാപിച്ചു. അവിടത്തെ അന്തേവാസികളെ അവര്‍ അവരുടെ ഹിസ്പ്പാനിയോളയില്‍ ഉള്ള ഖനികളില്‍ കൊണ്ടുപോയി അടിമവേല എടുപ്പിച്ചു. 1636 ല്‍ ഹോളണ്ട് ഈ ദ്വീപിന്‍റെ നിയന്ത്രണം ഏറ്റെടുത്തു എന്നാല്‍ 1799 മുതല്‍ 1816  വരെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ കൈപ്പിടിയില്‍ ആയിരുന്നു ഈ ദ്വീപ്‌.

വിനോദസഞ്ചാരത്തിനു പേരുകേട്ട അറുബ 'ലോസ് വേഗാസ് ഓഫ് കരീബിയ' എന്നും അറിയപ്പെടുന്നു.  തെക്കേ അമേരിക്കക്കാരും യൂറോപ്യന്‍മാരും കരീബിയക്കാരും അടങ്ങുന്ന സമൂഹത്തില്‍ 81% റോമന്‍ കത്തോലിക്കര്‍ ആണുള്ളത്. 'അരൂബ ദുഷി ടെറ' [അരൂബ പ്രിയപ്പെട്ട രാജ്യം] എന്നു തുടങ്ങുന്നതാണ് അവരുടെ ദേശീയ ഗാനം.

ഡച്ചും പാപ്പിയമെന്റോയും ആണ് ഔദ്യോഗിക ഭാഷകള്‍.   നാണയം അറൂബിയൻ ഫ്ലോറിൻ (എ.ഡ്ബ്ല്യൂ.ജി). ഒരു അറൂബിയൻ ഫ്ലോറിൻ 33.75 രൂപയാണ്.

ഹോളണ്ട് ആണ് ഈ രാജ്യത്തിന്‌ എല്ലാ വിധ സഹായവും നിര്‍ബാധം നല്‍കിക്കൊണ്ടിരിക്കുന്നത്.  കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ നാലു രാജ്യങ്ങളിലൊന്നാണ് അരൂബ. നെതർലാന്റ്സ്, കുറകാവോ സിന്റ് മാർട്ടൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച് പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭ‌ജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്.

കരീബിയനിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അരൂബയിൽ താരതമ്യേന വരണ്ട കാലാവസ്ഥയാണുള്ളത്. കള്ളിമുൾച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളാണിവിടെ. ഈ കാലാവസ്ഥ വിനോദസഞ്ചാരത്തെ സഹായിക്കുന്നുണ്ട്. 179 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം. ഉയർന്ന ജനസാന്ദ്രതയാണിവിടെ ഉള്ളത് [ലോക രാഷ്ട്രങ്ങളില്‍ 22 ആമത്]. 2010-ലെ സെൻസസ് അനുസരിച്ച് 101,484 ആൾക്കാരാണ് ഇവിടെ താമസിക്കുന്നത്.

ജനകീയ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന സ്റ്റാറ്റൻ ആണ് നിയമനിർമ്മാണസഭ. 21 അംഗ സഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു. നെതർലാന്റ്സ് രാജാവിന്റെ പ്രതിനിധിയായ ഗവർണറാണ് രാഷ്ട്രത്തലവന്റെ ചുമതല നിർവഹിക്കുന്നത്. വില്ലെം അലക്സാണ്ടര്‍ രാജാവും, ഫ്രെഡിസ് റെഫൺജോൾ ഗവര്‍ണ്ണറും മൈക്ക് എമാന്‍ പ്രധാനമാന്ത്രിയുമാകുന്നു.

നിയമനിർമ്മാണസഭ എസ്റ്റേറ്റ്സ് ഓഫ് അറൂബ എന്നറിയപ്പെടുന്നു.
സ്വർണ്ണഖനനം, പെട്രോളിയം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനമാർഗ്ഗങ്ങൾ.

1972 ല്‍ ബെറ്റിക്കൊ ക്രോര്‍സ് എന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ആണ് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന ആശയം ജനങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. 1986 ല്‍ അരൂബയെ ഒരു സ്വതന്ത്ര രാഷ്ട്രമായി  കിംഗ്ഡം ഓഫ് നെതർലാന്റ്സ് അംഗീകരിച്ചെങ്കിലും പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടാന്‍ അവര്‍ക്ക് 1996 വരെ കാത്തിരിക്കേണ്ടി വന്നു.

മനോഹരമായ കടല്‍ത്തീരങ്ങള്‍ കൊണ്ടും ഭൂപ്രകൃതികള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും [കൂടിയ ചൂട് പരമാവധി 30 ഡിഗ്രീ] അനുഗ്രഹീതമാണ് അരൂബ.  .

ഫിഫ ലോകക്കപ്പ് റാങ്കിങ്ങില്‍ 120 താമതാണ് അരൂബ. 120 കോടി ജനങ്ങളുള്ള ഇന്‍ഡ്യയുടെ റാങ്ക് 154 ആണെന്ന് ഓര്‍ക്കണം.  

പ്രധാനമായും ആര് നഗരങ്ങള്‍ ആണ് ഉള്ളത്. തലസ്ഥാനമായ ഓറന്‍ജസ്റ്റഡ്,പാരഡെറ, സാന്‍നിക്കൊളസ്, നൂര്‍ഡ്, സാന്റാക്രൂസ്, സാവനെറ്റ എന്നിവയാണ് അവ.        


ഒരു തിരക്കും ഇല്ലാതെ അവര്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന ഒരു വലിയ നഗരത്തിന്‍റെ വലിപ്പം മാത്രം ഉള്ള ഈ രാജ്യം സമാധാനത്തിനും സത്യത്തിനും പേരു കേട്ടതാണ്.
പട്ടണങ്ങള്‍

ജനങ്ങള്‍

സംസ്ക്കാരം

സസ്യജാലങ്ങള്‍
കള്ളിമുള്‍ച്ചെടികള്‍ നിറയെ കാണപ്പെടുന്ന പ്രദേശം. തെങ്ങും കരിമ്പനയും എഴിലംപാലയും ഇടയ്ക്കിടെ കാണപ്പെടുന്നു. 

വിനോദസഞ്ചാരം
ജീവജാലങ്ങള്‍
ചിത്രശലഭങ്ങള്‍, പ്രാണികള്‍
കടല്‍ ജീവികള്‍ 

ചന്തകള്‍ 
ഭക്ഷണം 
കോഴിയുടെ തുടയും നെഞ്ചിന്‍ ഭാഗവും പിന്നെ കോഴിമുട്ടയും ചേര്‍ത്തുണ്ടാക്കുന്ന കേഷിയേന എന്ന് പേരായ ആഹാര പദാര്‍ത്ഥമാണ് അരൂബക്കാരുടെ പ്രിയ ഭക്ഷണം. താഴെ ഇടത്ത് വശത്ത് ആദ്യം കൊടുത്ത ഇനം.    
പൂക്കള്‍
ഇനിയും കുറെ വിവരങ്ങളും ചിത്രങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഈ ബ്ലോഗിന്‍റെ പരിമിതിയില്‍ അവ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നില്ല. ക്ഷമിക്കുക.
- ജോയ് ഗുരുവായൂര്‍
[ഇതിലെ വിവരങ്ങള്‍ക്ക് ഭാഗികമായി മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്. ചിത്രങ്ങള്‍ക്ക് ഗൂഗിള്‍നോടും]  

സ്വയം എരിഞ്ഞടങ്ങുന്നവര്‍


"സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ വിളിക്കുകയും, നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും..."

"ആമ്മേന്‍.. കര്‍ത്താവേ, അനുഗ്രഹിക്കേണമേ"

"കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കേണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ ജീ മഹിമയോടുകൂടെ ഉയിര്‍പ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും..."

"ആമ്മേന്‍... കര്‍ത്താവേ, അനുഗ്രഹിക്കേണമേ".

"സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരനെ നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും..."

"ആമ്മേന്‍..."

"മനുഷ്യാ നീ മണ്ണാകുന്നു.. മണ്ണിലേക്ക് തന്നെ മടങ്ങുന്നുവെന്നോര്‍ത്തു കൊള്‍കാ..."   

പുരോഹിതന്‍ കുന്തിരിക്കത്തിന്‍ മണികള്‍ കുഴിയിലേക്കും ശവശരീരത്തിലെക്കും  വിതറി ആശിര്‍വദിച്ചു നെറ്റിയില്‍ കുരിശും വരച്ച് മരണാനന്തര കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചു സെമിത്തേരിക്കു പുറത്തു പോയി. 

റീത്തുകളെല്ലാം എടുത്തു മാറ്റി ശവപ്പെട്ടി അടച്ചു കയറുകള്‍ കൊണ്ട് കെട്ടി അത് കുഴിയിലേക്ക് താഴ്ത്തപ്പെടുമ്പോള്‍ രമേഷിന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഉരുണ്ടു വീണു. 

"അവന്‍റെ ശല്യം തീര്‍ന്നു. അലക്സ് ഇതാ ഓര്‍മ്മയായിരിക്കുന്നു.. " 

----------------------------------------------------------------------------------------------------------------------

"ഛെ.. എന്താ രമേഷ് ഇത്?... എപ്പോള്‍ നോക്കിയാലും നിനക്ക് ഈ പഠിക്കണം പഠിക്കണം എന്ന വിചാരമേ ഉള്ളൂ?.. കഷ്ടം.. നിന്നെപ്പോലുള്ളവരെ കണ്ടിട്ടാ ഈ പുസ്തകപ്പുഴു എന്ന പ്രയോഗം തന്നെ മലയാളത്തില്‍ ഉണ്ടായതെന്നു തോന്നുന്നു... ഹ ഹ ഹ ഹ "

രമേഷ് വായിച്ചു കൊണ്ടിരുന്ന രസതന്ത്രം പുസ്തകം പിടിച്ചു വാങ്ങിക്കൊണ്ട്  സഹപാഠിയും ഹോസ്റ്റലിലെ സഹമുറിയനുമായ അലക്സ്.

"എടാ അലക്സേ.. പരീക്ഷയ്ക്കിനി ഒരാഴ്ച്ചയല്ലേ ഉള്ളൂ.. നിന്നെപ്പോലെ കൂര്‍മ്മബുദ്ധി ദൈവം തന്നിരുന്നെങ്കില്‍ എനിക്കിതില്‍ ഏതുനേരവും കമിഴ്ന്നു കിടക്കേണ്ട യാതൊരാവശ്യവും ഉണ്ടായിരുന്നില്ല... നീയൊക്കെ ദൈവാനുഗ്രഹം ഉള്ളോനാടാ..." മന്ദഹസിച്ചു കൊണ്ട് രമേഷ്.

"രമേഷ്..എല്ലാത്തിനും ഒരു സമയം ഉണ്ട്.. നീ കിടന്നു ഇങ്ങനെ മരിച്ചു പഠിച്ചോണ്ടൊന്നും ഒരു കാര്യോല്ലാ... റസ്റ്റ്‌ എടുക്കേണ്ട നേരത്ത് റസ്റ്റ്‌ എടുക്കണം.. ഭക്ഷണം കഴിക്കേണ്ട നേരത്ത് അത് ചെയ്യണം.. ഉറങ്ങേണ്ട നേരത്ത് ഉറങ്ങണം.. എന്നാലൊക്കെയേ വായിക്കുന്നതൊക്കെയുയം നിന്‍റെ തലയില്‍ കേറൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ ഏതുനേരവും... അവനവന്‍റെ കടമകള്‍ മര്യാദയ്ക്കു ചെയ്യാതെ എന്തിനും ഏതിനും പഴിക്കാനൊരാളുണ്ട്.. ദൈവം.. കഷ്ടം.. "  

അലക്സ് നിമിഷനേരം കൊണ്ട് ഒരു ഉപദേശകനായി  

"സോറി അലക്സ്.. നീ പറയുന്നതൊന്നും എന്‍റെ തലയില്‍ കേറില്ല.. പരീക്ഷയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ എന്‍റെ നെഞ്ചു കിടുങ്ങുന്നു"

"ഓക്കേ. പട്ടിയുടെ വാല് കുഴലിലിട്ടു പിന്നെയും നേരെയായേക്കാം.. പക്ഷെ നിന്‍റെ കാര്യം....ഹ ഹ ഹ...  ങാ.. അതൊക്കെ പോട്ടെ.. ഡാ നാളെയല്ലേടാ നമ്മുടെ നിഷയുടെ പിറന്നാള്‍?.. നമ്മള്‍ എന്തെങ്കിലും ഒരു ഗിഫ്റ്റ് അവള്‍ക്കു വാങ്ങിക്കൊടുക്കെണ്ടേ.. ക്ലാസ് മേറ്റ്, ഫ്രണ്ട്സ് എന്നൊക്കെ പറഞ്ഞു ഇങ്ങനെ ഡയലോഗ് അടിച്ചു നടന്നാല്‍ മാത്രം മതിയോ?.. "

"ആണോ അലക്സ്?.. ഞാനതങ്ങു മറന്നു.. ആകെ ടെന്‍ഷന്‍.. വീട്ടില്‍ അമ്മയ്ക്കു നല്ല സുഖല്ലാ... പോരാത്തതിന് പരീക്ഷയും.. ഒക്കെക്കൂടി... "

"ഹും.. രൂപയുടെ കാര്യമോര്‍ത്തു നീ പേടിക്കണ്ടാ.. എന്‍റെ പിറന്നാളിനു ഡ്രസ്സ്‌ വാങ്ങാനായി ട്രീസാമ്മ സ്പെഷ്യലായി അയച്ചിരുന്ന രൂപ ഞാന്‍ തൊടാതെ വച്ചിട്ടുണ്ട്. ഡ്രസ്സ്‌ വാങ്ങാന്‍ പോകുന്ന നേരമാണ് എനിക്ക് നിഷയുടെ പിറന്നാളിനെക്കുറിച്ച് ഓര്‍മ്മ വന്നത്.. അപ്പോള്‍ അവള്‍ക്കൊരു ഗിഫ്റ്റ് ഇതോണ്ട് വാങ്ങാമെന്നു കരുതി മടങ്ങി വന്നു.. ഷീ ഈസ്‌ വെരി നൈസ് ഡാ.. അവള്‍ക്കു എന്നെപ്പോലെ അധികമാരുമില്ലാ.. നമ്മളൊക്കെയാണ് അവള്‍ക്കു ഏറ്റവും അടുത്ത ബന്ധുക്കള്‍ " 

"അലക്സ്.. നീ മൂഡോഫ് ആവല്ലേ.. ഞാനിതാ വന്നു കഴിഞ്ഞൂ.. പറയൂ എവിടെ നിന്നാ ഗിഫ്റ്റ് വാങ്ങേണ്ടേ?.. "

---------------------------------------------------------------------------------------------------------------------

അലക്സ്.. അവനൊരു അനാഥനാണ്.. പിറന്നപടി കര്‍ണാടക-ഗോവ അതിര്‍ത്തിയായ കാണ്‍കോണിലെ ഒരു വിജനമായ ബസ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യജന്മം.. റെയില്‍വേ സ്റ്റേഷനടുത്തുള്ള ബാറിന്‍റെ സമീപത്തു, നല്ല എരിവും സ്വാദിഷ്ടവുമായ കറികള്‍ വില്‍ക്കുന്ന സ്റ്റാള്‍ നടത്തിയിരുന്ന ട്രീസ ആന്‍റി, രാത്രി തന്‍റെ കടയടച്ചു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്.  

ട്രീസയ്ക്കു വിവാഹപ്രായമെത്തി നില്‍ക്കുന്ന കാലയളവില്‍, മലയാളിയായ അമ്മയുടേയും ഗോവക്കാരനായ അച്ഛന്റേയും അപകടമരണത്തിനു ശേഷം, ഒറ്റത്തടിയായി വിധിയോടു മല്ലിട്ടു ജീവിച്ചു വന്നിരുന്ന അവര്‍ക്ക്, അവനൊരു മകനായി. മദ്ധ്യവയസ്ക്കയായിരുന്ന ട്രീസയുടെ ജീവിതത്തിലേക്ക് സന്തോഷം മടങ്ങി വന്നു. കുടിയനായിരുന്ന അച്ഛനെ, അയാള്‍ മരിച്ചിട്ട് ഇരുപതു വര്‍ഷമായിട്ടും അവര്‍ക്ക് വെറുപ്പായിരുന്നു. എന്നാല്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പര്യായമായിരുന്ന തന്‍റെ അമ്മയോടുള്ള ആദരസൂചകമായി, ആ സംസ്ക്കാരത്തില്‍ത്തന്നെ അലക്സിനെ വളര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. 

അലക്സ് എല്ലാ കാര്യങ്ങളിലും മിടുമിടുക്കനായിരുന്നു .. അമ്മ എന്നു പറഞ്ഞാല്‍ അവന്‍ ജീവന്‍ കളയും.. ട്രീസാമ്മ അവന്‍റെ യഥാര്‍ത്ഥ അമ്മയല്ല എന്നവന്‍ അറിഞ്ഞത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു എങ്കിലും അതവനില്‍ ഒരു വിഷമവും ഉണ്ടാക്കിയിരുന്നില്ല. ബന്ധം കൊണ്ടല്ല കര്‍മ്മങ്ങള്‍ കൊണ്ടാണ് സ്നേഹം ഉണ്ടാകുന്നത് എന്ന് അവനെ ഉപദേശിച്ചത്, അടുത്ത കൂട്ടുകാരനായ രമേഷായിരുന്നു.   

നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്ത, എപ്പോഴും ചിരിക്കുന്ന മുഖവുമായി സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്ന, ചുറുചുറുക്കുള്ള പ്രകൃതമായിരുന്നു  അലക്സിന്... ക്ലാസ്സില്‍ ആണെങ്കിലും സ്പോര്‍ട്സില്‍ ആണെങ്കിലും എപ്പോഴും ഒന്നാമന്‍. കോളേജ് വോളിബോള്‍ ടീമിന്‍റെയും ക്രിക്കറ്റ് ടീമിന്‍റെയും നായകപദവി ഒരുമിച്ചലങ്കരിക്കുന്ന അരോഗദൃഡഗാത്രന്‍.  

മണിപ്പാല്‍ യൂണിവേര്‍സിറ്റിയിലെ മൈക്രോബയോളജി കോഴ്സില്‍ സഹപാഠിയായിരുന്ന നിഷയെ അവനു തുടക്കം മുതലേ ഇഷ്ടമായിരുന്നു. സെന്റ്‌. ആന്‍സ് ഓര്‍ഫനേജിലെ അന്തേവാസിയും കൂടിയായിരുന്ന സുന്ദരിയായ നിഷയോട് അവനടുപ്പം തോന്നിയത്, അവളൊരു അനാഥ ആയതുകൊണ്ടും ആയിരിക്കാം. ആരും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അവള്‍. ഒറ്റ നോട്ടത്തില്‍ ഒരു തന്റേടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തിടപഴകുന്നവര്‍ക്ക് അവളൊരു നല്ല മനുഷ്യസ്നേഹിയാണെന്ന് മനസ്സിലാവും.

അവളുമായുള്ള അടുപ്പം അലക്സിനു ഒരു തരം ഭ്രാന്തിലേക്ക് നയിച്ചിരുന്നുവോ, എന്നു പലപ്പോഴും രമേഷിനു തോന്നിയിട്ടുണ്ട്. തന്‍റെ ജീവനേക്കാള്‍ ഉപരി അവനവളെ സ്നേഹിച്ചിരുന്നു. യാതൊരു ദുസ്സ്വഭാവങ്ങള്‍ക്കും അടിമയല്ലാതിരുന്ന അലക്സ് ഒരു ലഹരിയായി അവളെ എന്നും മനസ്സില്‍ ഉപാസിച്ചു. പക്ഷെ, അനാഥാലയത്തിന്‍റെ നിയന്ത്രണങ്ങളില്‍ വളരുന്ന അവളുമായി സംഗമിക്കാന്‍, കോളേജില്‍ വച്ചു മാത്രമേ അവനു സാധിച്ചിരുന്നുള്ളൂ. 
പതിയെപ്പതിയെ അലക്സിന്‍റെ ശുഭാപ്തി വിശ്വാസം സ്ഫുരിക്കുന്ന പ്രവൃത്തികള്‍ എല്ലാം തുലോം കുറഞ്ഞു. എന്തിനും ഏതിനും രമേഷിന്റെ ഉപദേശം തേടുന്ന ഒരുതരം മാനസികാവസ്ഥ.

മറ്റുള്ളവരുടെ മുന്നില്‍ നല്ല ബോള്‍ഡ് ആയ നിഷ പക്ഷെ അവനു മുന്നില്‍ ഒരു തൊട്ടാവാടിയും പരിഭവക്കാരിയും ആയിരുന്നു. എന്നും വൈകുന്നേരങ്ങളില്‍ അവളുമായുള്ള പിണക്കങ്ങളുടെ കഥ പറയാനേ അവനു നേരമുള്ളൂ..  രമേഷിനെ അവനു നല്ല വിശ്വാസമായിരുന്നു. രമേഷ് എന്ത് പറഞ്ഞാലും അലക്സ് ഹൃദയത്തില്‍ ആവാഹിച്ചു മനസ്സിലാക്കുകയും അനുസരിക്കുകായും ചെയ്യും. ക്ഷിപ്രകോപിയും എന്നാല്‍ ലോലഹൃദയനുമായ അലക്സിന്‍റെ, അവളുമായുള്ള എല്ലാ പിണക്കങ്ങളും, രമേഷിന്റെ തന്ത്രപരമായ ഇടപെടലുകള്‍ കൊണ്ട് എപ്പോഴും പരിഹരിക്കപ്പെടും. 

"രമേഷ്.. നീയില്ലായിരുന്നെങ്കില്‍.. എന്‍റെ മണ്ടന്‍ചിന്തകളെക്കുറിച്ച് എന്നെ നീ ബോധാവാനാക്കിയിരുന്നില്ലെങ്കില്‍‍.. നിനക്കും അവള്‍ക്കും എന്നെ നഷ്ടമായേനേ.. ഇന്നലെ വൈകീട്ട് റെയില്‍വേ ട്രാക്കിനടുത്തു ഇരിക്കുമ്പോഴാണ് നീ പറഞ്ഞതൊക്കെ എന്‍റെ തലച്ചോറിലേക്ക് ഇടിമിന്നല്‍ പോലെ കടന്നു വന്നത്. പാവം നിഷ.. ഞാനെന്തൊരു ക്രൂരന്‍ ആണല്ലേ.. രാവിലെകാണുമ്പോള്‍ എന്നെക്കുറിച്ചാലോചിച്ചു ആകെയൊരു പരുവത്തിലായിരുന്നെടാ അവള്‍.. എന്നെ കണ്ടതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. അതില്‍  എന്‍റെ എല്ലാ പരിഭവവും ഒലിച്ചു പോയി...താങ്ക്യൂ ഡാ.. താങ്ക്യൂ വെരി മച്ച്".

"ഡാ.. അവള്‍ നിനക്കുള്ളവള്‍ ആണെങ്കില്‍ നിനക്കു തന്നെ കിട്ടും.. അലക്സേ.. നിന്നെ വല്ലാതെ അഹങ്കരിപ്പിക്കാന്‍ വേണ്ടി പറയുകയല്ല.. നീ ശരിക്കും ഒരു ബെസ്റ്റ് പയ്യനാടാ.. ഇത്രയും ഡീസന്റ് ആയി നിന്നെ വളര്‍ത്തിയെടുത്തതിനു നിന്‍റെ അമ്മയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഷീ ഈസ്‌ ഗ്രേറ്റ്.. "  രമേഷിന്റെ വാക്കുകള്‍ കേട്ട് അലക്സിന്‍റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തെളിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഇരുപതാം തീയതി ക്രിസ്തുമസ് വെക്കേഷനുവേണ്ടി കോളേജ് അടയ്ക്കുന്ന ദിവസം, ക്രിസ്തുമസ് പപ്പയായി വേഷമിട്ട് ക്ലാസുകളില്‍ പോയി ക്രിസ്തുമസ്സിന്റെ മംഗളങ്ങള്‍ നേരാനായി, അലക്സ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നേരത്തായിരുന്നു, അവന്‍റെ അമ്മയുടെ മരണവിവരം രമേഷിന്റെ മൊബൈലിലേക്ക് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നത്‌. അവരുടെ അയല്‍വാസിയും, കാണ്‍കോണിലെ അലക്സിന്‍റെ വസതി സന്ദര്‍ശിക്കുമ്പോഴൊക്കെ സൗഹൃദം പുലര്‍ത്തിയിരുന്ന ആളുമായിരുന്ന നല്ല അയല്‍ക്കാരന്‍,  ഡൌഗ്ലസ്‌ അങ്കിളിന്റെ വാക്കുകള്‍ രമേഷിനു തലച്ചോറു മരവിക്കുന്ന പ്രതീതിയുണ്ടാക്കി.  

അലക്സാണെങ്കില്‍ ആകെ  ആഘോഷത്തിമിര്‍പ്പിലും..  

പൊട്ടിച്ചിരിച്ചു കൊണ്ട് ക്ലാസുകള്‍ തോറും കയറിയിറങ്ങി, താമാശകളും കുസൃതികളും ഗോഷ്ടികളും കാണിച്ചു കറങ്ങിനടന്ന അലക്സിന്റെയും കൂട്ടുകാരുടെയും കൂട്ടത്തില്‍, പൊട്ടാന്‍ വെമ്പുന്നൊരു അണക്കെട്ടു പോലെ, സമ്മര്‍ദ്ദമേറിയ ഹൃദയവുമായി രമേഷ് അസ്തപ്രജ്ഞനായി നടന്നു. 

ട്രീസ ആന്റിയുടെ വിയോഗം സ്വാഭാവികമായും അലക്സിനെ തളര്‍ത്തി. അവന്‍ പിന്നെ അവധിക്കാലങ്ങള്‍ ചെലവഴിക്കാന്‍ കാണ്‍കോണില്‍ പോകാതെയായി. രമേഷിന്റെയൊപ്പം അവന്‍റെ വടക്കാഞ്ചേരിയില്‍ ഉള്ള വസതിയിലെക്കാണ് പോകാറ്. രമേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവനൊരിക്കലും ഒരു അന്യന്‍ ആയിരുന്നില്ല. 

നിഷയുടെ സാമീപ്യം അവനു ഒത്തിരി ആശ്വാസങ്ങള്‍ പകര്‍ന്നു കൊടുത്തു. പക്ഷെ അവര്‍ തമ്മിലുള്ള അടിപിടികള്‍ക്ക് അപ്പോഴും രാമരാവണയുദ്ധത്തിന്‍റെ ചൂടായിരുന്നു. ഇങ്ങനെയൊരു ജോഡി ഈ ലോകത്തിലേ ചിലപ്പോള്‍ ഉണ്ടാവില്ല. ഇന്നു പരസ്പ്പരം 'കൊന്നുകൊലവിളിച്ചവര്‍' നാളെ നളദമയന്തിമാരെപ്പോലെ കൂട്ടായി നടക്കും. 

"എന്നും മനുഷ്യനു ഒരു സ്വൈര്യവും തരില്ലാന്നു വച്ചാല്‍.. ചാവും ഞാനിപ്പോ ചാവും.. എന്നല്ലാതെ നിനക്കൊന്നും പറയാനില്ലേ?.. എന്നാ പോയി ചാവ്.. എനിക്ക് മടുത്തു നിന്‍റെ പ്രശ്നങ്ങള്‍ കേട്ടു കേട്ട്.. പോയി പണി നോക്ക്.. ഇനി നീ ഇതും പറഞ്ഞു എന്‍റെ കണ്‍വെട്ടത്തു കാണരുത്.. ഹും.."  

പതിവുപോലെ അവളെക്കുറിച്ചു പരാതിയുമായി വന്ന അലക്സിനോട് ഒരിക്കല്‍ രമേഷ് അസഹ്യതയോടെ പറഞ്ഞു. ദുര്‍ബലഹൃദയനായ അവനിലത് മ്ലാനതയുണ്ടാക്കി..

പിന്നെയും ദിവസങ്ങള്‍ കടന്നു പോയി.. ചുറുചുറുക്കുള്ള അലക്സിന്‍റെ പ്രകൃതങ്ങളില്‍ മാറ്റങ്ങള്‍ ദര്‍ശിക്കപ്പെട്ടപ്പോള്‍ രമേഷ് കാര്യം തിരക്കി.. 

"എനിക്ക് ഈ ലോകത്തില്‍ ഇപ്പോള്‍ ആകെയുള്ളത് നീയും പിന്നെ നിഷയുമാണ്.. രണ്ടുപേരും ഇപ്പോള്‍ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണോ എന്നൊരു ശങ്ക..  ദൈവമേ.. എന്തിനു നീയെന്നെ ഒരു അനാഥനാക്കി സൃഷ്ടിച്ചു?.. എനിക്കൊന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു."

"എടാ.. നിനക്ക് ഞങ്ങളോടുള്ള സ്നേഹം അമിതമാവുന്നതുകൊണ്ട് നിനക്കു ചുമ്മാ തോന്നുന്നതാണ് അതൊക്കെ.. ഛെ ഛെ മോശം.. നിന്നെപ്പോലെ കാര്യബോധമുള്ളവര്‍ ഒരിക്കലും ഇങ്ങനെയാവരുത് ട്ടോ.. എന്തിനും ഏതിനും ഒരു ലിമിറ്റ് വയ്ക്കണം.. ഇനി അത് ഏതു തരത്തിലുള്ള സ്നേഹബന്ധമായാല്‍ പോലും.. പണത്തിനോടും സ്ഥാനമാനങ്ങളോടും മാത്രമല്ല മനുഷ്യന് അതിമോഹമുള്ളത്.. സ്നേഹത്തോടും പരിചരണത്തോടും അങ്ങനെത്തന്നെയാണ്. നിന്‍റെ പ്രോബ്ലം ഇപ്പോള്‍ അതാണ്‌.. അടങ്ങിയിരി അവിടെ.. നല്ല അടി കിട്ടേണ്ടെങ്കില്‍.. ഹും.."     

അലക്സ് വിങ്ങിപ്പൊട്ടുന്നത്‌ കണ്ട് രമേഷ് സ്വാന്തനിപ്പിച്ചു. എന്നിട്ടും അലക്സിന്‍റെ മുഖത്ത് പഴയപോലുള്ള പ്രസരിപ്പ് പ്രകടമായിരുന്നില്ല. 

അലക്സിനു മേല്‍ നിഷയ്ക്ക് അതിതീവ്രമായ പോസ്സസ്സീവ്നസ് ആയിരുന്നു. സ്വതവേ ഒരു ലാഘവബുദ്ധിയും പരോപകാരിയുമായിരുന്ന അലക്സ്, കൂട്ടുകാരുടെ പല കാര്യങ്ങളിലും നിരന്തരം ഇടപഴകുമ്പോള്‍ പലപ്പോഴും അവളെ ഗൌനിക്കാന്‍ മറന്നുപോകും.. അതായിരുന്നു അവളുടെ പരിഭവങ്ങളുടെ പ്രധാന വിഷയം. ഓര്‍ക്കാനായി മറ്റാരുമില്ലാത്ത അവളാണെങ്കില്‍, അതൊക്കെ വളരെ ഗൗരവത്തോടെ എടുത്ത് അലക്സിനെ പരിഭവങ്ങള്‍ നിറഞ്ഞ കുത്തുവാക്കുകള്‍ കൊണ്ട് പൊറുതിമുട്ടിക്കും.. എന്നാല്‍, നിഷ്ക്കളങ്കനായ അലക്സില്‍ അത് ദേഷ്യവും വിഷമവും ഉണ്ടാക്കും. നിയന്ത്രണം വിട്ടു അവനും അവളോട്‌ കണ്ണില്‍ ചോരയില്ലാത്ത പോലെ സംസാരിക്കും.. അവസാനം.. രമേഷിന്റെ അടുത്തു വന്നു കുമ്പസാരിക്കും. അതായിരുന്നു അലക്സിന്‍റെ പതിവ്. 

കോളേജിലെ സ്പോര്‍ട്സ് ഇന്‍ചാര്‍ജും തങ്ങളുടെ ഫിസിക്സ്‌ പ്രൊഫസ്സറുമായിരുന്ന തോമസ്‌ സാറായിരുന്നു പാതിരാത്രിയില്‍ വിളിച്ചു തന്നോട് ഇങ്ങനെ പറഞ്ഞത്.. 

"രമേഷ്.. സോറി ടു ടെല്‍ യു.. ഔര്‍ അലക്സ് ഈസ്‌ നോ മോര്‍.. പോലീസ് ഫൌണ്ട് ഹിസ്‌ ഡെഡ്ബോഡി ഓണ്‍ റെയില്‍വേ ട്രാക്ക് നിയര്‍ കങ്കനാടി റെയില്‍വേ സ്റ്റേഷന്‍."          
പെട്ടെന്നു മനസ്സില്‍ തെളിഞ്ഞ മുഖം നിഷയുടെയായിരുന്നു... കഷ്ടം അവള്‍ക്കിനി ആരുണ്ട്?..  അനാഥാലയത്തിലെ ചുമരുകളും അന്തേവാസികളും മാത്രം.

ഒരു ആയിരം വട്ടമല്ല താനവനോട് പറഞ്ഞിരിക്കുന്നത്.. നിഷയ്ക്ക് ഒരിക്കലും അവനെ വെറുക്കാന്‍ കഴിയില്ല.. അവനോടുള്ള തീവ്രമായ സ്നേഹത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ ആയിരുന്നു അവളുടെ അനുദിനമുള്ള വഴക്കുകള്‍... എന്നൊക്കെ. കഴുത... അപ്പോള്‍ ഒക്കെ മൂളിക്കേട്ടു കൊണ്ട് സമ്മതിക്കും.. പിറ്റേ ദിവസം വൈകുന്നേരമാവുമ്പോഴേക്കും തഥൈവ..!

അലക്സിനെപ്പോലുള്ള ഒരു സഖാവിനെ ലഭിച്ചതില്‍ നിഷ അത്യധികം സംതൃപ്തയും അഭിമാനപൂരിതയുമായിരുന്നു. പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ലായിരുന്ന ജീവിതത്തില്‍, അപ്രതീക്ഷിതമായ ഒരു വേനല്‍മഴ പോലെ പ്രതീക്ഷകള്‍ പെയ്തിറങ്ങിയപ്പോള്‍, അതൊരിക്കലും നിലയ്ക്കരുതെന്ന ചിന്തയില്‍, അവള്‍ അലക്സിനെ മാത്രം ധ്യാനിച്ചു കൊണ്ട് കഴിഞ്ഞു കൂടി. അലക്സിന്‍റെ ചെറിയൊരു അവഗണന പോലും നിഷയ്ക്ക് അസഹ്യമായിരുന്നു. അപ്പോള്‍ത്തന്നെ ശക്തമായി അത് പ്രതിഫലിപ്പിക്കും. 

എന്നാല്‍, നിഷയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ഉടലെടുക്കുന്നത്, തനിക്കു അവളോടുള്ള സ്നേഹത്തില്‍, അവള്‍ക്കുള്ള സംശയങ്ങളില്‍ നിന്നാണ് എന്ന ചിന്തയായിരുന്നു അലക്സില്‍ ഉണ്ടാക്കിയിരുന്നത്. അതിലവന്‍ തകര്‍ന്നു പോകുന്നു.   

ഓര്‍ഫനേജില്‍ മൊബൈല്‍ അനുവദനീയമല്ലാത്തതിനാല്‍ കോളേജ് സമയം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ യാതൊരു നിവൃത്തിയും ഇല്ലാതിരുന്നതാണ്, മിക്ക ദിവസവും വൈകീട്ട് നിസ്സാരകാര്യങ്ങള്‍ക്കു പിണങ്ങിപ്പിരിയുന്ന ഇരുവര്‍ക്കും, രാത്രി മുഴുവന്‍   ദുഃഖിച്ചു കഴിയാന്‍ ഇടവരുത്തിയിരുന്നത്. മാനസിക സമ്മര്‍ദ്ദത്തിന്‍റെ ഏതോ ഒരു മൂര്‍ദ്ധന്യനിമിഷം, ഇപ്പോഴിതാ അവന്‍റെ ജീവിതം തന്നെ അപഹരിച്ചിരിക്കുന്നു.     

അതെ, മൃദുല വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെടുന്നവര്‍ സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികള്‍ക്കു സമാനര്‍ തന്നെ!      

- ജോയ് ഗുരുവായൂര്‍

തനിയാവര്‍ത്തനത്തിന്‍റെ പൊരുള്‍ തേടി..

"ദോസ്തോ.. ദേഖോ.. മേരാ ഗാവ് ആഗയാ"

കോളേജ് ബസ്സ്‌ ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍ അലോക് ഠാക്കൂര്‍ വിളിച്ചു കൂവി.

മൂന്നു ദിവസം കഴിഞ്ഞാല്‍ അലോകിന്റെ ജ്യേഷ്ഠന്‍റെ വിവാഹമാണ്.. അന്ന് കോളേജിനു അവധിയില്ല. അതുകൊണ്ട് ഞായറാഴ്ച്ച തന്നെ സഹപാഠികള്‍ അലോകിന്റെ വീട് സന്ദര്‍ശിച്ച് വരന് ആശംസകള്‍ നേരാമെന്നു കരുതി കോളേജ് ബസ്സില്‍ അയാളുടെ വസതിയിലേക്ക് യാത്ര പുറപ്പെട്ടതാണ്..

അതിര്‍ത്തി കടന്നു അര കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ഒരു പുഴ കണ്ടു. അതിനു കുറുകെയുള്ള പാലത്തിലൂടെയാണ് ബസ്സ്‌ അപ്പോള്‍ പോയിരുന്നത്.. അതുകണ്ട് പെട്ടെന്ന് സ്വാതിയുടെ കണ്ണുകള്‍ അതിശയം കൊണ്ട് വിടര്‍ന്നു.

"ദൈവമേ.. ഇത് എന്‍റെ വീടിന്‍റെ മുന്നിലൂടെ ഒഴുകുന്ന തൂതപ്പുഴയല്ലേ?!.." തൂതപ്പുഴയുടെ അതേ മനോഹാരിതയോടെ ഒഴുകുന്ന ആ പുഴ കണ്ടു സ്വാതി ഡ്രൈവറോട് ബസ്സ്‌ നിര്‍ത്താന്‍ പറഞ്ഞു.

"ക്യാ ഹുവാ സ്വാതി?..  ക്യൂ.. ബസ്സ്‌ രോക്ത്തെ?.." അലോകും സഹപാഠികളും ഒന്നടങ്കം ചോദിച്ചു.

"ഇതേ പോലുള്ള ഒരു പുഴ എന്‍റെ ഗ്രാമത്തിലുമുണ്ട്‌.. ഇത് കണ്ടു എനിക്ക് വിശ്വാസമേ ആവുന്നില്ല.. ഈ വടക്കേ ഇന്ത്യയിലും ഇങ്ങനെയൊരു പുഴയുണ്ടെന്നുള്ളത് ഒരത്ഭുതം തന്നെ!" അവള്‍ ഹിന്ദിയില്‍ സഹപാഠികളോട് വിശദീകരിച്ചു.

പാറക്കല്ലുകള്‍ നിറഞ്ഞ കൈവഴികളിലൂടെ മാലിന്ന്യക്കറയേതുമില്ലാതെ പതിവ്രതയായ ഒരു കൊലുസ്സിട്ട സുന്ദരിയെപ്പോലെ കുണുങ്ങിയൊഴുകുന്ന ആ പുഴയുടെ സൌന്ദര്യം അല്‍പ്പനേരം ആസ്വദിച്ച ശേഷം വീണ്ടും യാത്രയാരംഭിച്ചു.

പ്രകൃതി ഭംഗികള്‍ നിറഞ്ഞ വഴിയിലൂടെ കുറച്ചു ദൂരം കൂടി പോയപ്പോള്‍ അതിപുരാതനമായ ഒരു സൂര്യക്ഷേത്രം ദൃശ്യമായി.

"മൈ ഗോഡ്.. ഇത് വാഴാനിക്കാവ് മുത്തപ്പന്റെ അമ്പലം പോലെത്തന്നെയുണ്ടല്ലോ?!.. " വീണ്ടും സ്വാതി അത്ഭുത പരതന്ത്രയായി അടുത്തിരുന്ന അലോകിനോട് കാര്യം പറഞ്ഞു..

"സ്വാതീ ഈസ്‌ ഇറ്റ്‌?!..  അഭി ഗാഡി നഹി രോക്കേഗാ..ഹം കോ അഭി ബഹൂത് ദൂര്‍ ജാനാ ഹെ.. ബാദ് മെ കഭി ആക്കര്‍ ദേഖേംഗെ.." സ്വാതിയുടെ ഭാവം കണ്ടു അലോക് പറഞ്ഞു.  

ഇപ്പോള്‍ വണ്ടി നിര്‍ത്തിയാല്‍ എത്താന്‍ വൈകുമെന്നും അതൊക്കെ പിന്നീട് വന്നു കാണാമെന്നും അലോക്. വണ്ടി മുന്നോട്ടു പോകുംതോറും തന്‍റെ നാടായ കൊത്തല്ലൂരിന്റെ തനിയാവര്‍ത്തനങ്ങള്‍ കണ്ട് സ്വാതി അവിശ്വസനീയതയോടെ അതെല്ലാം സത്യമോ മിഥ്യയോ എന്നറിയാതെ സീറ്റില്‍ തരിച്ചിരുന്നു.    

അലോക് ഠാക്കൂര്‍....

ബീഹാറിലെ ഒരു ജമീന്ദാര്‍ ആയ ജയ്ദീപ് ഠാക്കൂറിന്‍റെ മൂന്നു ആണ്മക്കളില്‍  നടുവിലത്തെ മകന്‍. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും കഴിഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ സ്വാതിയുടെ സഹപാഠി. അലോകിന്റെ സ്വഭാവം വടക്കേ ഇന്ത്യക്കാരുടെ സ്വഭാവത്തില്‍ നിന്നും തികച്ചും  വേറിട്ടു നില്‍ക്കുന്നത് സ്വാതി തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. തന്‍റെ ജ്യേഷ്ഠസഹോദരന്‍റെ വിവാഹത്തിനു എല്ലാ സഹപാഠികളേയും വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ അലോകിന്റെ വീട് സന്ദര്‍ശിക്കാന്‍ സ്വാതിയ്ക്കും അവസരം ലഭിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളും കാഴ്ച്ചകളുമായിരുന്നു അവിടെ സ്വാതിയെ കാത്തിരുന്നിരുന്നത്. കൊത്തല്ലൂരിലെ  തന്‍റെ വീടിനുള്ളത്‌ പോലെ നീണ്ടൊരു പൂമുഖം.. ഗേറ്റ് കടന്നു പോകുമ്പോള്‍ ഇടതു വശത്തായി ഒരു കല്‍ക്കിണര്‍.. വീട്ടുമുറ്റത്ത് പേരറിയാത്ത വലിയൊരു മരം തണല്‍ വിരിക്കുന്നു. തന്‍റെ വീട്ടില്‍ വലിയൊരു മൂവാണ്ടന്‍  മാവാണ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്.  

അലോകിന്റെ അച്ഛന്‍ ഒറ്റ നോട്ടത്തില്‍ ഒരു ഗൌരവക്കാരനാണെന്ന് തോന്നുമെങ്കിലും അടുത്തിടപഴകിത്തുടങ്ങിയാല്‍ തന്‍റെ അച്ഛനെ പോലെ ഒരു പരമരസികന്‍ തന്നെ. ആ തലപ്പാവ് ഊരുകയാണെങ്കില്‍ ഏകദേശം ഒരു മലയാളിയുടെ ഛായ തന്നെ!..   കുശലം പറയാനെത്തിയ അമ്മ പെരുമാറ്റത്തില്‍ തന്‍റെ അമ്മയുടെ പോലെ  ഒരു സ്നേഹപ്രതീകം തന്നെ.

സ്വാതിയില്‍ ശക്തമായ ഗൃഹാതുരതകളുണര്‍ത്തിയ ഒരു സന്ദര്‍ശനം ആയിരുന്നു അത്. തന്‍റെ ജന്മനാടായ കൊത്തല്ലൂരില്‍ നിന്നും അതിവിദൂരമായൊരു നാട്.. വ്യത്യസ്ഥമായ കാലാവസ്ഥയും ഭാഷയും സംസ്കാരവും.. അവിടെ കേരളത്തില്‍ നിന്നും പറിച്ചു നട്ടത് പോലെ ഒരു കുടുംബം!...  ഒട്ടും അന്ന്യഥാബോധം തോന്നിയില്ല. നാട്ടിലെപ്പോലെ തെങ്ങും വാഴയും കുരുമുളകും തൊടിയില്‍ തഴച്ചു വളരുന്നു.

ചായയ്ക്ക് കടിയായി അന്ന് അലോകിന്റെ അമ്മ കൊണ്ടുവന്ന പലഹാരം കണ്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.. നല്ല ഏത്തപ്പഴം കൊണ്ടുണ്ടാക്കിയ പഴംപൊരി!..

******************************************************************

"തുജ്സെ കുച്ച് പൂച്ച്നാ ഹേ" [എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്]

പുരാതന ഭാരതത്തിലെ വിശ്വവിഖ്യാതമായിരുന്ന സര്‍വ്വകലാശാലയായിരുന്ന നളന്ദയെ ബീഹാറിലെ രാജ്ഗിറില്‍ പുനര്‍നിര്‍മ്മിച്ചതിലെ സാമൂഹ്യശാസ്ത്ര വിഭാഗം മ്യൂസിയത്തിലെ മേശയുടെ ഇരുവശവുമായി  ഇരുന്ന് ഉച്ചഭക്ഷണത്തിന്‍റെ പൊതികള്‍ തുറക്കുന്നതിനിടയില്‍ അലോക് സ്വാതിയോടു പറഞ്ഞു.

"ബോലോനാ യാര്‍.. ക്യാ ബാത്ത് ഹെ?" [പറയൂ പ്രിയസുഹൃത്തെ എന്താണ് കാര്യം?]

അലോക് ചോദിച്ച കാര്യങ്ങളിലേറെയും സ്വാതി കുറച്ചു കാലമായി അലോകിനോട് ചോദിക്കണം എന്നു കരുതി വച്ചിരുന്നവയായിരുന്നു.
അലോകുമായി താനടുത്തത് എത്രയോ വേഗത്തിലായിരുന്നു!....

മറുനാട്ടില്‍ മലയാളി സംസ്കാരവുമായി അടുത്തിടപഴകിയെന്ന വണ്ണം ഭക്ഷണരീതികളിലും സ്വഭാവങ്ങളിലും വരെ ജീവിച്ചു വരുന്ന അലോകും അവന്‍റെ കുടുംബവും.. അതേ.. അത് തന്നെയാണ് സോഷ്യോളജി ഗവേഷണ വിദ്യാര്‍ത്ഥിനിയായി ജോയിന്‍ ചെയ്തിട്ട് മൂന്നുമാസങ്ങള്‍ക്കകം തന്നെ ബീഹാറിയായ അലോകുമായി താനിത്രയും അടുക്കാന്‍ കാരണമായിരിക്കുക.  

അലോകിനോട് മനോവിസ്മയങ്ങളെല്ലാം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ കുടുംബത്തെക്കുറിച്ചറിയാന്‍ അവനു വ്യഗ്രതയായി.. ഒരു കുടുംബത്തിന്‍റെ സവിശേഷതകള്‍ അതേപടി മറ്റൊരു വിദൂര സ്ഥലത്ത് എങ്ങനെ ഉടലെടുക്കുന്നു? എന്ന വിഷയത്തെ ആസ്പദമാക്കി കൂട്ടായ ഒരു ഗവേഷണം നടത്തിയാലോ എന്ന അലോകിന്റെ ആശയത്തോട് അവള്‍ക്കു താല്‍പ്പര്യം ജനിച്ചു.

തീവണ്ടി കേരളത്തിന്‍റെ അതിര്‍ത്തിയ്ക്കുള്ളില്‍ പ്രവേശിച്ചതില്‍പ്പിന്നെ അലോക് ജനവാതിലില്‍ നിന്നു മാറിയിട്ടേയില്ല. ഒരു കൊച്ചു കുഞ്ഞിന്‍റെ കുതൂഹലതയോടെ അവന്‍ കേരളക്കാഴ്ചകള്‍ കണ്ട് ആ ഹരിതാഭയുടെ കുളിര്‍ തന്‍റെ മനസ്സിലും കരളിലും ആവോളം കോരി നിറച്ചുകൊണ്ടിരുന്നു.  

ഔര്‍ കിത്നാ ദൂര്‍ ഹോഗാ തേരാ ഗാവ് കേലിയെ? [ഇനിയും എത്ര ദൂരമുണ്ട് നിന്‍റെ ഗ്രാമത്തിലേക്ക്?]

ബസ്.. ഹോഗയാ അഭി പാലക്കാട് ആയേഗാ.. ബാദ് മെ ആനേവാല ഷോര്‍ണ്ണൂര്‍  സ്റ്റേഷനില്‍ ഹം ഉത്തരേംഗെ..  [ഇപ്പോള്‍ പാലക്കാട് വരും.. പിന്നെ വരുന്ന ഷോര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നമുക്ക് ഇറങ്ങാം] മന്ദഹസിച്ചു കൊണ്ട് സ്വാതി പറഞ്ഞു.

അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടം അവള്‍ക്കു നേരെ എറിഞ്ഞു മന്ദഹസിച്ചു കൊണ്ട് അവന്‍ വീണ്ടും പുറത്തെ മായക്കാഴ്ച്ചകളിലേക്ക് മടങ്ങി.  

"അല്ലാ...  ആരായീ വരണേ.. "

പടി കടന്നു വരുന്ന സ്വാതിയേയും അലോകിനേയും കണ്ട് പൂമുഖത്തിരുന്നു മുറുക്കാന്‍ മുറുക്കിയിരുന്ന മുത്തശ്ശി ആശ്ചര്യം കലര്‍ന്ന സ്വരത്തില്‍ ഉറക്കെ പറഞ്ഞു.. അത് കേട്ട് അകത്തു നിന്നും അച്ഛനും അമ്മയും അനിയനും പുറത്തേക്ക് വന്നു.

"നീ നാളെയെത്തുമെന്നല്ലേ പറഞ്ഞിരുന്നേ.. ഇന്നെത്തുന്ന വിവരം അറിയിച്ചിരുന്നെങ്കില്‍ സ്റ്റേഷനിലേക്ക് ഞാന്‍ വരുമായിരുന്നല്ലോ കുട്ടീ.."  

"അതേയ്.. ഞാന്‍ നിങ്ങള്‍ക്കൊരു സര്‍പ്രൈസ് തരാമെന്നു വച്ചല്ലേ അച്ഛാ വിളിച്ചു പറയാഞ്ഞേ.. എന്തേ.. ശരിക്കും ഞെട്ടിയില്ലേ ഇപ്പോള്‍?...."

"ഹോ നിന്റെയൊരു സര്‍പ്രൈസ്.. " എന്നു പറഞ്ഞു അച്ഛന്‍ അവളുടെ ചെവിയില്‍ പിടിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവള്‍ കുസൃതിയോടെ വഴുതിമാറി അമ്മയുടെ പിറകിലൊളിച്ചു. അത് കണ്ടു അലോക് പൊട്ടിച്ചിരിച്ചു.

അനിയന്‍ ഓടി വന്നു ബാഗുകള്‍ എല്ലാം വാങ്ങി പൂമുഖത്തേക്ക്‌ വച്ചു.    

ആ പഴയ തറവാട്ടു വീട് കണ്ട് അലോക് ആശ്ചര്യവാനായി.. തന്‍റെ വീടുമായുള്ള അതിന്‍റെ സാദൃശ്യവും അതിലെ അന്തേവാസികളുടെ സ്നേഹമസൃണമായ പെരുമാറ്റവും എല്ലാം ഒരു നിമിഷത്തേക്ക് അവനെ പാട്നയ്ക്കടുത്തുള്ള   ഖജ്പുരയിലെ തന്‍റെ കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. സ്വാതി പറഞ്ഞിരുന്നതുപോലെ ഇത്രയും സദൃശമായ അനുഭവങ്ങള്‍ കണ്ടു അലോക് കോരിത്തരിച്ചു.

"കൈസേ ഹോ ആപ്? സഫര്‍ കൈസേ ഥാ?"  

റെയില്‍വേ ഉദ്ദ്യോഗസ്ഥനായ സ്വാതിയുടെ അച്ഛന് ഹിന്ദി വശമായിരുന്നതിനാല്‍ അലോകിനോട് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

അലോക് സ്വാതിയുടെ അച്ഛനമ്മമാരുടെയും മുത്തശ്ശിയുടെയും കാലുകള്‍ തൊട്ടു വന്ദിച്ചു തന്‍റെ ഭവ്യത പ്രകടമാക്കിയപ്പോള്‍ അവര്‍ക്കെല്ലാം അവനോടുള്ള മതിപ്പ് വര്‍ദ്ധിച്ചു.    

ഒരു അന്ന്യഭാഷക്കാരനായിരുന്നിട്ടും ഏതോ ജന്മാന്തരത്തിന്റെ ബാക്കിപത്രം എന്ന പോലെ അലോകിനെ അവര്‍ ഹൃദയത്തില്‍ സ്വീകരിച്ചു. അവരോടു സ്വതന്ത്രമായി ഇടപെടാന്‍ അലോകിനും കഴിഞ്ഞു.

കാപ്പി കുടി കഴിഞ്ഞ് ചുറുചുറുക്കുള്ള ഒരു കുട്ടിയെപ്പോലെ അലോക് പുരയിടവും തൊടിയുമെല്ലാം ഓടി നടന്നു കണ്ടു. കവുങ്ങുകളുടെ ചുവട്ടില്‍ വീണു കിടന്ന വെള്ളയ്ക്കകള്‍ അവന്‍ കൌതുകത്തോടെ ശേഖരിച്ചു അവയെ സൂക്ഷ്മമായി വീക്ഷിച്ച് ഭംഗി ആസ്വദിച്ചു. സംശയനിവാരണങ്ങള്‍ നടത്തിക്കൊണ്ടു ഒരു നിഴല്‍ പോലെ സ്വാതിയും അവനോടു കൂടെ ഉണ്ടായിരുന്നു.

പിറ്റേ ദിവസം അതിരാവിലെത്തന്നെ കല്ലുത്തിപ്പാറയിലുള്ള തറവാട്ടു ക്ഷേത്രത്തിലേക്ക്  തന്‍റെ സ്കൂട്ടിയില്‍ അലോകിനെയും കയറ്റിക്കൊണ്ട് സ്വാതി    
പോയി.

ആ പരബ്രഹ്മ മൂര്‍ത്തിക്ഷേത്രം കണ്ട് അലോക് അമ്പരന്നു. നിര്‍മ്മിതിയില്‍ ഏകദേശം ഒരേപോലുള്ള തന്‍റെ കുലക്ഷേത്രത്തിലും പരബ്രഹ്മ മൂര്‍ത്തി തന്നെ എന്നത്  അതിശയത്തോടെ ഓര്‍ത്തു.

പാറക്കെട്ടുകള്‍ അതിരിടുന്ന ക്ഷേത്രക്കുളത്തിലെ തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ചെറിയൊരു വിറയലോടെ പടവുകള്‍ കയറി വരുന്ന അലോകിനെ നോക്കി അവള്‍ മന്ദഹസിച്ചു.    
 
"താലാബ് കി പാനി ബഹൂത് ട്ടണ്ടാ ഹൈ" [കുളത്തിലെ വെള്ളത്തിനു ഭയങ്കര തണുപ്പാണ്] അവന്‍ അതിനു മറുപടിയെന്നോണം ചിരിച്ചു കൊണ്ടു പറഞ്ഞു  

തൊഴുതു പ്രസാദവും വാങ്ങി നെറ്റിയില്‍ കളഭം ചാര്‍ത്തി അവര്‍ അവിടത്തെ ഏറ്റവും ഉയരമുള്ള ഒരു പാറയുടെ മുകളിലോട്ടു കയറി അവിടെ ഇരുന്നു.

താഴെയുള്ള വയലേലകളെ പുല്‍കി വരുന്ന ഇളംകാറ്റ് അവരെ തഴുകിക്കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു.

"സ്വാതി... യേ പ്രോജക്റ്റ് ഹം കൊ അച്ചീ തരഹ് കര്‍പ്പായാ തോ..വോ ജരൂര്‍ സോഷ്യോളജി സ്റ്റഡീസ് കേലിയെ ഹമാരി തരഫ് സെ എക് ബഹൂത് മഹത്ത്വപൂര്‍ണ്ണ്‍  സംഭാവന ഹി ഹോഗാ.. ലോഗ് ഹം കൊ ഇത്തനാ താരിഫ് കരേഗാ പൂച്ചോ മത്.. ഹ ഹ ഹ ഹ ഹ" [ഈ പ്രോജക്റ്റ് നമുക്ക് നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചാല്‍ അത് സോഷ്യോളജി പഠനത്തിനു അതൊരു മഹത്തരമായ സംഭാവന തന്നെയായിരിക്കും എന്നതിനു സംശയമില്ല. ഈ നേട്ടത്തില്‍ ആളുകള്‍ നമ്മെ ഭയങ്കരമായി പ്രശംസിക്കുകയും ചെയ്യും]    

"ഹ ഹ ഹ അലോക്.. സബ് ഭഗവാന്‍ കി കൃപാ സെ അച്ചി തരഹ് ഹി ഹോനേ ദോ.. ഹം ഭി ഉസ്ക്കേലിയെ കഠിന്‍ പ്രയത്ന് കരേംഗേ.."  [എല്ലാം ഭഗവാന്‍റെ കൃപ കൊണ്ട് നല്ല രീതിയില്‍ നടക്കട്ടെ.. അതിനു വേണ്ടി നമ്മളും കഠിന പ്രയ്തനം ചെയ്യാം..]    

കിഴക്ക് വെണ്‍മേഘ ശകലങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ബാലസൂര്യന്‍ ഇതു ശ്രവിച്ചെന്ന പോലെ പുറത്തേക്കു മുഖം കാണിച്ചു പുഞ്ചിരിച്ചു.  

അവരുടെ ആഗമാനോദ്ദ്യേശം അറിയിച്ചപ്പോള്‍ സ്വാതിയുടെ അച്ഛന്‍ തങ്ങളുടെ തറവാടിന്റെ ചരിത്രം അറിയാന്‍ സാദ്ധ്യതയുള്ള ശങ്കുമൂപ്പനെ  പോയി കാണാന്‍ ഉപദേശിച്ചു. മുതുവെട്ടാന്‍ മലയിലെ ഒരു കുന്നിന്‍റെ മുകളിലെ കൂരയിലാണ് നൂറില്‍പ്പരം വയസ്സുള്ള  മൂപ്പന്റെ ഏകാന്തവാസം. സന്ധ്യമയങ്ങും നേരത്ത് അങ്ങോട്ടു തിരിച്ചു.

ചുക്കിച്ചുളുങ്ങിയ തോലിനുള്ളില്‍ കൂനിക്കൂടിയ ആ മനുഷ്യരൂപം ഒരു പ്രേതാത്മാവിനെ അനുസ്മരിപ്പിച്ചു. അച്ഛന്‍ പറഞ്ഞതനുസരിച്ച് ഒരു കുപ്പി റമ്മും ഒരു കെട്ടു പുകയിലയും അദ്ദേഹത്തിനു സമ്മാനിച്ചപ്പോള്‍ സന്തോഷാത്മകമായി അയാളുടെ കണ്ണുകള്‍ തിളങ്ങി.  

കുപ്പി തുറന്നു ആര്‍ത്തിയോടെ കുറച്ചു മദ്യം മൊത്തിക്കുടിച്ചുകൊണ്ട് മൂപ്പന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി മൂരി നിവര്‍ന്നിരുന്നു.

അദ്ദേഹത്തിന്‍റെ അവ്യക്തമായ സംസാരം മനസ്സിലാക്കിയെടുക്കാന്‍ സ്വാതിക്ക് നന്നേ പാടുപെടേണ്ടി വന്നു.

പണ്ട് തങ്ങളുടെ പുലിക്കാട്ടില്‍ തറവാടിന്റെ കാര്യസ്ഥനായിരുന്നുവത്രേ മൂപ്പന്റെ മുത്തച്ഛനായ താമു ആശാന്‍. അദ്ദേഹത്തിന്‍റെ കൂടെ ജോലിക്ക് വരുമായിരുന്നു ശങ്കു മൂപ്പന്‍..

സ്വാതിയുടെ മുതുമുത്തച്ഛനായ ചന്ദ്രശേഖരന്‍ ഒരു അന്ന്യമതസ്ഥയെ പ്രണയിച്ചു. അന്നത്തെ കാലത്ത് കൊലപാതകക്കുറ്റത്തേക്കാള്‍ കൊടിയ കുറ്റകൃത്യമായിരുന്നത്രേ അതൊക്കെ. നാട്ടുപ്രമാണിമാര്‍ അതിഘോരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കുവാശാന്റെ അച്ഛനായ പരമനായിരുന്നു തന്‍റെ കാളവണ്ടിയില്‍ കയറ്റി രായ്ക്കുരാമാനം അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്.   പിന്നീട് വളരെ നാളത്തേക്ക് ഒരു വിവരവുമില്ല. കുറെ കാലം കഴിഞ്ഞു അവര്‍ പരമനെ കാണാന്‍ സമ്മാനങ്ങളുമായി വന്നപ്പോള്‍ പരമന്‍ അകാലചരമം പൂകിയിരുന്നു.

"ദേ.. ആ പെട്ടിയിലുണ്ട്‌ അവരന്നു കൊണ്ടുവന്ന സാധനങ്ങള്‍.. " മൂപ്പന്‍ ഇരുളിന്‍റെ മറയിലിരുന്ന ഒരു മരപ്പെട്ടി ചൂണ്ടിക്കാണിച്ചു.

ആകാക്ഷയോടെ അവര്‍ അത് തുറന്നു നോക്കി.. ബീഹാറിലെ പരമ്പരാഗതമായ കരകൌശലകലയുടെ പ്രതീകങ്ങളായ ഏതാനും വസ്തുക്കള്‍ക്കിടയില്‍ ഒരു ദമ്പതിമാരുടെ ഛായ ചിത്രവും..

അത് കണ്ടു അലോക് അമ്പരന്നു.. അതേ ചിത്രം തന്‍റെ വീടിന്‍റെ നിലവറയിലും അവന്‍ കണ്ടിരുന്നുവെന്നതാണ് ആ അമ്പരപ്പിന് കാരണമായത്‌.

"സ്വാതീ.. ബഹൂത് ഹോഗയാ.. വാപ്പസ് ചലേ.. " [സ്വാതീ.. ആവശ്യത്തില്‍ കൂടുതലായി ഇനി മടങ്ങിപ്പോകാം.. അലോക് സ്വാതിയോടു പറഞ്ഞു.

തനിയാവര്‍ത്തനത്തിന്റെ പൊരുള്‍ തേടിയിറങ്ങിയ ഇരുവരുടെ മനസ്സിലും ഒരു സമസ്യ വീണ്ടും ബാക്കിയായി.. രണ്ടു നാടുകളും തമ്മിലുള്ള ഭൂമിശാസ്തപരമായ അപൂര്‍വ്വ സമാനത !..  

- ജോയ് ഗുരുവായൂര്‍