Friday, September 29, 2017

പഴികേള്‍ക്കാന്‍ പാവം ന്യൂജി (NewG)

ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രത്തില്‍വന്ന എന്‍റെ ലേഖനം
------------------------------------------------------------------
പഴികേള്‍ക്കാന്‍ പാവം ന്യൂജി (NewG)
====================================
‘ന്യൂജി’യെന്ന് ചുരുക്കപ്പേരിട്ടുവിശേഷിപ്പിക്കുന്ന പുതിയതലമുറയുടെ ചെയ്തികളെ എപ്പോഴും പഴിക്കുകയെന്നത് പഴയതലമുറയുടെ ശീലമായിമാറിയിരിക്കുന്നു. തലനിരച്ച ഈ പഴയതലമുറയേയും ന്യൂജിയെന്നു വിശേഷിപ്പിക്കുന്ന പുതിയതലമുറയേയും ബന്ധിപ്പിക്കുന്നകണ്ണിയായി വര്‍ത്തിക്കുന്നത് ഇരുപതാംനൂറ്റാണ്ടിലെ 1960-1985 കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച തലമുറയാണ് . ഏകദേശം ഇക്കാലത്താണ് ഭാരതത്തില്‍ വാര്‍ത്താവിനിമയ, സാങ്കേതികരംഗങ്ങളുടെ പുരോഗമനങ്ങള്‍ക്ക് നാന്ദികുറിച്ചുതുടങ്ങിയത് എന്നുപറയാം. പഴയതലമുറയെ അപേക്ഷിച്ച്, പുതിയതലമുറയ്ക്കു വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങളെ മനസ്സിലാക്കാനും വേണ്ടവിധത്തിലവ ഉള്‍ക്കൊള്ളാനും സ്വാഭാവികമായും ഈ മദ്ധ്യവര്‍ത്തിതലമുറയിലെ ആളുകള്‍ക്കാണ് സാധിക്കുക.
മദ്ധ്യവര്‍ത്തിതലമുറയിലെ തുടക്കക്കാര്‍, ടെലിഫോണ്‍ എന്ന പ്രതിഭാസത്തെപ്പോലും അത്ഭുതപരതന്ത്രരായാണ് വീക്ഷിച്ചിരുന്നത്‌. അനേകം മൈലുകള്‍ക്കപ്പുറമുള്ള വ്യക്തികളുമായി സംസാരിച്ച് ആശയവിനിമയംനടത്താന്‍ സാധിക്കുകയെന്നത് അവരുടെ ചിന്തകള്‍ക്കുമപ്പുറമുള്ള ഒരു സൗകര്യം തന്നെയായിരുന്നു. അതിനുമുമ്പ്, ത്വരിതഗതിയില്‍ വിവരങ്ങളറിയുവാന്‍ ‘കമ്പിത്തപാല്‍’ എന്നറിയപ്പെടുന്ന ടെലെഗ്രാം(Telegram) സംവിധാനമായിരുന്നു ശരണം. കമ്പിയല്ലാതെ, വിദൂരങ്ങളിലുള്ള വ്യക്തികള്‍ത്തമ്മില്‍ ആശയവിനിമയം നടത്താനുണ്ടായിരുന്ന ഏക ഉപാധിയായിരുന്നു അഞ്ചല്‍ആപ്പീസ്(Post Office)വഴി വിതരണംചെയ്യപ്പെട്ടിരുന്ന കത്തുകള്‍. പണ്ട്, ശിപായിമാര്‍(Postmen) ഓടിനടന്നാണ് രാവിലെമുതല്‍ വൈകുന്നേരംവരെ കത്തുകള്‍ വിതരണംചെയ്തിരുന്നത്. കത്തുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരെ വിളിച്ചിരുന്നത് അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ എന്നായിരുന്നു. ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് (Angelus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. മദ്ധ്യവര്‍ത്തിതലമുറയുടെ (1960-1985) കാലത്താണ് കത്തുകള്‍ വിതരണംചെയ്യാന്‍ പോസ്റ്റ്‌മാന്മാര്‍ സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങുന്നത്. ഇന്നത് മോട്ടോര്‍ബൈക്കില്‍ എത്തിനില്ക്കുന്നു
കാലം പുരോഗമിക്കുന്നതിനനുസരിച്ച്‌, പൊതുവിതരണസംവിധാനങ്ങളിലും പുരോഗതികള്‍ വന്നുകൊണ്ടിരുന്നു. പഴയതലമുറയില്‍ തലച്ചുമടായും കാവുകള്‍ ഉപയോഗിച്ചും, മത്സ്യം, മുട്ട, പച്ചക്കറികള്‍ തുടങ്ങിയ നിത്യോപയോഗപദാര്‍ത്ഥങ്ങളുടെ വീടുവീടാന്തരമുള്ള കച്ചവടം നടത്തിയിരുന്നുവെങ്കില്‍, ഇന്നത് നടക്കുന്നത് മോട്ടോര്‍വാഹനങ്ങളിലാണ്. 1965 ലാണ് ഇന്‍ഡ്യയില്‍ ആകാശവാണിയുടെ ഭാഗമായി ടെലിവിഷന്‍ പ്രചാരത്തില്‍വരുന്നത്. പഴയതലമുറയും മദ്ധ്യവര്‍ത്തിതലമുറയും ഹര്‍ഷാരവങ്ങളോടെയായിരുന്നു വിസ്മയംവാരിവിതറിയിരുന്ന ടിവിയെ എതിരേറ്റിരുന്നത്. വീടുകളുടെ മേല്ക്കൂരകളില്‍ ഉയര്‍ന്നുനിന്നിരുന്ന ടി.വി ആന്റിനകള്‍ അക്കാലത്ത് പ്രൌഡിയുടെ ലക്ഷണവും കൗതുകകരമായ കാഴ്ചയുമായിരുന്നു. പില്ക്കാലത്ത്, ചാനലുകളുടെയും അവയിലെ സീരിയലുകളുടെയുമെല്ലാം അതിപ്രസരത്തില്‍മുഴുകി, ജനം അതിനുമുന്നില്‍നിന്നുമാറാത്ത സ്ഥിതിവിശേഷംവന്നപ്പോള്‍ പഴയതലമുറ അതിനൊരുപേരിട്ടു – വിഡ്ഢിപ്പെട്ടി. ലേഖകന്‍റെ അഭിപ്രായത്തില്‍, സാങ്കേതികപുരോഗമനങ്ങളോടുള്ള പഴയതലമുറയുടെ അപകര്‍ഷബോധത്തില്‍നിന്നുടലെടുത്ത പരിഹാസാത്മകമായ വിമര്‍ശനം ആദ്യമായി പ്രകടമായത് ‘വിഡ്ഢിപ്പെട്ടി’ എന്ന ഈ പ്രയോഗത്തിലാണ്. അന്ന്, പഴയതലമുറയുടെ പരിഹാസത്തിനിരയായിരുന്നത് മദ്ധ്യവര്‍ത്തിതലമുറയായിരുന്നു. കൃഷി, വീട്ടുജോലികള്‍, മതപരമായ ചടങ്ങുകള്‍, സാമൂഹികമായ കടമകള്‍ തുടങ്ങിയവ വേണ്ടസമയത്ത് വേണ്ടവിധത്തില്‍ചെയ്യുന്നതില്‍നിന്ന് ആ തലമുറയെ, ടി.വി എന്ന പ്രതിഭാസം പിന്തിരിപ്പിച്ചിരുന്നതാണ് അതിനുകാരണം.
പിന്നീടാണ് കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ഉദയം. മദ്ധ്യവര്‍ത്തിതലമുറയോടൊപ്പം ഇവയെ നെഞ്ചോടുചേര്‍ക്കാന്‍, വിദ്യാഭ്യാസക്കുറവുള്ള പഴയതലമുറക്ക് തീര്‍ത്തും സാദ്ധ്യമായിരുന്നില്ല. അതിനാല്‍, അവയോടുള്ള വിരക്തി അവര്‍ പ്രകടിപ്പിക്കാനും തുടങ്ങി. അപ്പോഴും, ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന മദ്ധ്യവര്‍ത്തിതലമുറയായിരുന്നു പഴയതലമുറയുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നത്. തൊഴിലാളിപ്രസ്ഥാനങ്ങളെല്ലാം കമ്പ്യൂട്ടറിനെ ശത്രുതാമനോഭാവത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. നൂറാളുടെ ജോലികള്‍ ചെയ്യാന്‍ ഒരു കമ്പ്യൂട്ടറിനുസാധിക്കുമെന്നും, ക്രമേണ കേരളത്തിലെ ജനങ്ങള്‍ക്ക്‌ തൊഴിലില്ലാതെയാവുമെന്നുമൊക്കെയുള്ള കുപ്രചാരണങ്ങള്‍ പ്രബുദ്ധകേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ വരവോടെ ടൈപ്പിംഗ്‌ / ഗുമസ്ത / കണക്കപ്പിള്ള മേഖലകളില്‍ തൊഴില്‍മാന്ദ്യം അനുഭവപ്പെട്ടേക്കാമെന്ന ആശങ്കയ്ക്ക് വിപരീതമായി, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാവുകയാണുണ്ടായത്.
1995-96 കാലത്തുണ്ടായ മൊബൈല്‍ഫോണിന്‍റെ വരവ്, ഭാരതത്തില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് വരുത്തിയത്. അതിനുമുമ്പ് ചെറിയ സന്ദേശങ്ങള്‍ കൈമാറുവാനായി പേജര്‍ (Pager) എന്നൊരു ഉപകരണവും പ്രചാരത്തില്‍ വന്നിരുന്നെങ്കിലും ജനം അതത്ര നെഞ്ചേറ്റിയില്ല. പ്രത്യക്ഷത്തില്‍ പഴയതലമുറ മൊബൈല്‍ഫോണിനോട് ഒരിക്കലും എതിരായിരുന്നില്ലാ, മറിച്ച് അതിനെ വാനോളം പുകഴ്ത്തിയുമിരുന്നു. എന്നാല്‍, സ്മാര്‍ട്ട്‌ ഫോണുകളുടെ ആവിര്‍ഭാവത്തോടെ, മുമ്പ് കമ്പ്യൂട്ടര്‍യുഗത്തിന്‍റെ ഉദയത്തെ വിമര്‍ശിച്ചിരുന്ന പഴയതലമുറ പരിഹാസവുമായി വീണ്ടും രംഗത്തുവന്നു. പുതിയതലമുറയുടെ സംഭാവനയായ സ്മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കാന്‍ ഒരു പരിധിവരെ മദ്ധ്യവര്‍ത്തിതലമുറയ്ക്ക് സാധിക്കുന്നുവെന്നിരിക്കേ, പഴയതലമുറയിലെ ചെറിയൊരു ശതമാനത്തിനുമാത്രമേ ഇന്നും സ്മാര്‍ട്ട്‌ഫോണുകള്‍ വഴങ്ങുന്നുള്ളൂ എന്നതാണ് ഇതിനുകാരണം. സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായപ്പോള്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവ സോഷ്യല്‍ മാദ്ധ്യമങ്ങളില്‍ ന്യൂജിയോടൊപ്പം മദ്ധ്യവര്‍ത്തിതലമുറയും അഭിരമിക്കാന്‍തുടങ്ങി. ഇത് പഴമക്കാരുമായുള്ള അകല്‍ച്ചയ്ക്ക് ആക്കംകൂട്ടി. സദാ, ഫോണിലേക്ക് തലകുമ്പിട്ടിരിക്കുന്ന പുതിയതലമുറകള്‍ക്ക് പഴയതലമുറയിലുള്ളവരോട് കുശലംപറയാനോ, അവരുമായി സ്നേഹബഹുമാനപുരസരം ഇടപഴകാനോ നേരംതികയാതായി. ഇത്തരുണത്തില്‍ പഴയതലമുറ പുതിയതലമുറകളെ പഴിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ആ പഴികളുടെ ആന്തരാര്‍ത്ഥങ്ങളും, പഴികളുതിര്‍ക്കുന്നവരുടേയും എല്ക്കുന്നവരുടേയും ആത്മവേദനയും, മദ്ധ്യവര്‍ത്തിതലമുറയില്‍പ്പെടുന്ന ഒരു വ്യക്തിയെന്നനിലയ്ക്ക്, ലേഖകന് വ്യക്തമായി മനസ്സിലാകും. പഴയതലമുറക്കാരെപ്പോലെ മദ്ധ്യവര്‍ത്തിതലമുറക്കാരും മണ്ണിനോടും പ്രകൃതിയോടുമുള്ള അഭേദ്യമായ ചങ്ങാത്തത്തിലായിരുന്നു ജീവിതംകരുപ്പിടിപ്പിക്കുകയും ആ സ്വര്‍ഗ്ഗീയതാളത്തിനൊത്ത് ജീവിക്കുകയും ചെയ്തിരുന്നത്. നഗ്നപാദരായി നടക്കാനും സോപ്പും, ഷാമ്പൂവും, ഫേസ്ക്രീമും, പെര്‍ഫ്യൂമും ഒന്നുമുപയോഗിക്കാതെ ജീവിക്കാനും അവര്‍ക്കുകഴിഞ്ഞിരുന്നു. അയല്പ്പക്കങ്ങള്‍ത്തമ്മിലുള്ള ഇടമുറിയാത്ത ബന്ധങ്ങള്‍, കുട്ടികള്‍ക്ക് ദൈനംദിന കുടുംബസന്ധാരണപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന ചില കൂട്ടുത്തരവാദിത്വനിര്‍വ്വഹണങ്ങളുമൊക്കെ അന്നത്തെ പ്രത്യേകതകളായിരുന്നു. കുട്ടികളുടെയൊപ്പം കളിക്കാന്‍ ഇലകള്‍, പൂക്കള്‍, കായ്കള്‍, ചുള്ളിക്കമ്പുകള്‍, ചെറുകല്ലുകള്‍, മണല്‍ തുടങ്ങിയവയുടെ രൂപത്തില്‍ പ്രകൃതിയും കൂടുമായിരുന്നു.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബവ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റവും ഇന്റര്‍നെറ്റ്‌ / സ്മാര്‍ട്ട്‌ഫോണ്‍ തരംഗങ്ങളും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതിലുകള്‍ സൃഷ്ടിച്ചു. തൊട്ടടുത്തുതാമസിക്കുന്ന ആളുകളെവരെ തിരിച്ചറിയാത്ത അവസ്ഥ! ഒരു മൊബൈല്‍ഫോണ്‍ ഉണ്ടെങ്കില്‍ ലോകംമുഴുവന്‍ കൈപ്പിടിയിലായ അവസ്ഥ! ഇതെല്ലാം സാങ്കേതികവിദ്യകളുടെ ഔന്നത്യംതന്നെയെന്നു സമ്മതിക്കുമ്പോഴും, ഇവകളിലൂടെ നമ്മളോരുത്തരും നമ്മിലേക്കുതന്നെ അനുദിനം ഒതുങ്ങിക്കൂടിക്കൊണ്ടിരിക്കുകയാണെന്ന ഭീകരസത്യം നമ്മള്‍ മറന്നുപോകുന്നുണ്ട്. അമേരിക്കയിലുള്ള ഒരു സുഹൃത്തുമായി ശക്തമായൊരു സുഹൃദ്ബന്ധം അനായാസം സ്ഥാപിച്ചെടുക്കുന്ന നമ്മള്‍, നാട്ടിലേയോ കുടുംബത്തിലെയോ ആളുകളുമായി ബന്ധംസ്ഥാപിക്കാനും, ബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്താനും മറന്നുപോകുന്നു. വലിയൊരു ന്യൂന്യതതന്നെയാണിത്. പഴയതലമുറയുടെ വക്താക്കളായ മുതിര്‍ന്നവ്യക്തികളോട് നല്ലരീതിയില്‍ ഇടപഴകാന്‍, ന്യൂജിക്ക് സാധിക്കാതിരിക്കുന്ന ഈ അവസ്ഥയില്‍, മദ്ധ്യവര്‍ത്തിതലമുറതന്നെവേണം ആ കുറവ് നികത്തുവാന്‍ മുന്നിട്ടിറങ്ങേണ്ടത്. ന്യൂജിയുടെയൊപ്പം മദ്ധ്യവര്‍ത്തിതലമുറയും പഴയതലമുറക്കാരെ ഗൗനിക്കാതിരിക്കുമ്പോള്‍, പഴയതലമുറയ്ക്ക് കെറുവ് പ്രകടിപ്പിക്കേണ്ടിവരുന്നതില്‍ അസ്വാഭാവികതയില്ല.
അപ്പോള്‍ ആധുനികയുഗത്തിന്‍റെ സന്തതികളായ ന്യൂജിയെ പഴിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ഒരിക്കലുമില്ലാ. കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ക്കനുസൃതമായി മുന്നേറുകമാത്രമല്ലേ അവര്‍ ചെയ്യുന്നത്? നിയതമായ ഒരു മുന്‍വിധിയോടെയല്ലാ പഴയതലമുറയ്ക്ക് പിടിക്കാത്ത പ്രവൃത്തികളില്‍ അവര്‍ മുഴുകിയിരിക്കുന്നത് എന്നര്‍ത്ഥം.
മാറിയ സാഹചര്യങ്ങളില്‍, പണ്ടത്തേതില്‍നിന്നു വിഭിന്നമായി, ന്യൂജിക്ക് വിഹരിക്കാന്‍ ഇന്ന് പടിപ്പുരകളോ, കുളക്കടവുകളോ, മാവിന്‍തണലുകളോ, വീട്ടുമുറ്റങ്ങളോ, വിശാലമായ തൊടികളോ ഇല്ലാ. മതിലുകളാല്‍ വേര്‍ത്തിരിക്കപ്പെട്ട വീടുകളിലും ചുമരുകളാല്‍ ബന്ധനസ്ഥമാക്കപ്പെട്ട ഫ്ലാറ്റുകളിലുംകഴിയാനല്ലേ അവരുടെ യോഗം? ആ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ജീവിതചര്യകള്‍ സ്വീകരിക്കാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നും അവരുടെ മുന്നിലില്ലായെന്നു നമ്മള്‍ മനസ്സിലാക്കണം.
പണ്ടത്തേതിനു വിഭിന്നമായി, മാതാപിതാക്കള്‍ രാവിലെ ജോലിക്കും കുട്ടികള്‍ സ്കൂളിലേക്കും പോയിക്കഴിഞ്ഞാല്‍, വീട്ടില്‍ ബാക്കിയാവുന്ന പഴയതലമുറക്കാര്‍ക്ക് ടി.വി കാണലും, റഫ്രിജറേറ്ററില്‍ വയ്ച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കിക്കഴിക്കലുമാണ് ദിനചര്യകള്‍. പഴയകാലങ്ങളിലെ അവരുടെ ജീവിതത്തില്‍ അയല്പ്പക്കക്കാരും നാട്ടുകാരുമായുള്ള നിരന്തരമായ ഇടപഴകലുകള്‍ക്ക് മുഖ്യസ്വാധീനം ഉണ്ടായിരുന്നു. അതിനു വിഭിന്നമായി, അണുകുടുംബങ്ങളില്‍ വളരുന്ന പുതിയതലമുറയുടെ ജീവിതരീതികളോട് ചേര്‍ന്നുപോകാന്‍ പഴയതലമുറ ഇന്ന്‍ നിര്‍ബന്ധിതമാവുകയാണ്. അതില്‍നിന്നുരുത്തിരിയുന്ന പ്രതിഷേധങ്ങളാണ് ഓരോരോ പഴികളുടെ രൂപത്തില്‍ ന്യൂജിയുടെമേല്‍ ചൊരിയപ്പെടുന്നത് എന്നതാണ് വാസ്തവം. ഒന്നുമനസ്സുവച്ചാല്‍, ന്യൂജിക്ക് കേള്‍ക്കേണ്ടിവരുന്ന ഈ പഴികളുടെ ആഘാതംകുറയ്ക്കാന്‍ ഇടനിലക്കാരെന്നനിലയില്‍ മദ്ധ്യവര്‍ത്തിതലമുറയ്ക്ക് ഉറപ്പായും സാധിക്കും.
പഴയതലമുറ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതോടെ, പഴികളില്‍നിന്നും ന്യൂജി രക്ഷപ്പെടുമെന്നാണ് ലേഖകന്‍ വിലയിരുത്തുന്നത്. ന്യൂജിയുടെ തനതായ സ്വഭാവങ്ങളുമായി ഒരുവിധം ചേര്‍ന്നുപോകാന്‍, മദ്ധ്യവര്‍ത്തിതലമുറയ്ക്ക് സാധിക്കുമെന്നതാണ് അതിനുകാരണം. ന്യൂജിയോടൊപ്പം കാലാനുഗതമായ മാറ്റങ്ങള്‍ നെഞ്ചേറ്റിക്കൊണ്ടാണ് ജീവിച്ചുവരുന്നത് എന്നതിനാല്‍ പഴയതലമുറയെ അനുസ്മരിപ്പിക്കുന്ന മാനസികാവസ്ഥാവിശേഷങ്ങളിലേക്ക് മദ്ധ്യവര്‍ത്തിതലമുറയെ തള്ളിവിടാന്‍ പുതിയൊരു സാങ്കേതികവിപ്ലവത്തിനും സാധിക്കുകയുമില്ലാ.
മേല്പ്പറഞ്ഞ വസ്തുതകളുടെ പിന്‍ബലത്തില്‍, പാവം ന്യൂജിയെ പഴിക്കാതിരിക്കാനും അവശേഷിക്കുന്ന പഴയതലമുറക്കാരുമായുള്ള അവരുടെ ബന്ധം പരമാവധി ഊഷ്മളമാക്കുവാനും ഇനിയെങ്കിലും നമുക്ക് ശ്രമിച്ചുതുടങ്ങാം..
- ജോയ് ഗുരുവായൂര്‍

ഒരു സാഹോദര്യത്തിന്‍റെ ബാക്കിപത്രം

ജേസണ്‍ ബോറീല്ലോ.. അതാണവന്റെ പേര്.. മനുഷ്യരുടെ പൂര്‍വീകര്‍ കുരങ്ങന്മാരായിരുന്നു എന്ന നിഗമനത്തെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നതുപോലെയുള്ള കൂര്‍ത്ത മുഖം.. ഒരു ഇരുപത്തിയഞ്ച് വയസ്സിനോടടുത്തു പ്രായം വരും..
"ജോയ്.. ഹി വില്‍ അസ്സിസ്റ്റ്‌ യു.."
വെളുത്തു കൊലുന്നനെയിരിക്കുന്ന ആ ഫിലിപ്പൈനിപ്പയ്യനെ ചൂണ്ടിക്കാണിച്ച് ബോസ്സ് പറഞ്ഞതുകേട്ട്, ചെവിയില്‍ കവചകുണ്ഡലം പോലെ സ്ഥിരമായിവച്ചിരുന്ന മ്യൂസിക് ഐപ്പോഡിന്‍റെ നോബ് ഊരി, അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.
പുതിയ കമ്പനി, പുതിയ ആളുകള്‍.. മുന്‍പരിചയംവച്ച്, എനിക്ക് ഫിലിപ്പൈനികളെ ഇഷ്ടമേയല്ല. അവരുടെ സംസ്കാരവും സ്വഭാവങ്ങളും ഒരുതരത്തിലും എനിക്ക് ദഹിക്കുമായിരുന്നില്ല. ഇപ്പോഴിതാ എന്‍റെ അസിസ്റ്റന്റ്റ് ആയി ഒരു ഫിലിപ്പൈനിയെ തന്നിരിക്കുന്നു. തുടക്കത്തിലേ കല്ലുകടിവേണ്ട എന്നുകരുതി മൗനംപാലിച്ചു.
പക്ഷേ, എന്‍റെ സകല പ്രതീക്ഷകളേയും തകിടംമറിക്കുന്ന ദിവസങ്ങളായിരുന്നു ജേസണ്‍ എനിക്ക് സമ്മാനിച്ചത്‌! ഇടപഴകലുകളിലും, ജോലിയോടുള്ള ഉത്തരവാദിത്വത്തിലും, സ്വഭാവത്തിലും, അവന്‍റെ നാട്ടുകാരില്‍ ഒരിക്കലും ദര്‍ശിക്കാനാവാത്ത ആ കുലീനത എന്നെ അതിശയിപ്പിച്ചു.
അച്ഛനമ്മമാരുടെ നാല് ആണ്മക്കളില്‍ ഏറ്റവും ഇളയവന്‍ ജേസണ്‍... ബിരുദധാരി... അച്ഛന്‍ ഫെലിക്സ് ബോറീല്ലോ, വീട്ടില്‍ത്തന്നേയിരുന്ന്, കോഴിക്കച്ചവടം നടത്തി അതില്‍നിന്നുകിട്ടുന്ന വരുമാനംകൊണ്ട് രാത്രി മദ്യപിച്ചു ജീവിക്കുന്നു. അമ്മ നടത്തുന്ന ബ്യൂട്ടിപാര്‍ലറിലെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് തന്നെ തികയാറില്ലത്രേ!
ചേട്ടന്മാര്‍ രാവിലെ തന്നെ ജീന്‍സും ടീഷര്‍ട്ടും വലിച്ചുകയറ്റി ഊരുതെണ്ടാനിറങ്ങും. എങ്ങനെയെങ്കിലുമൊക്കെ അടിച്ചുപൊളിക്കാനുള്ള പണമുണ്ടാക്കി, പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ കഴിയുന്നു. ഇടയ്ക്കിടെ പൈസ അയച്ചുകൊടുക്കാന്‍പറഞ്ഞ് അവര്‍ പൊന്നനുജന് ഫോണ്‍ചെയ്യാറുമുണ്ട്.
ലാപ്‌ ടോപ്‌ തുറന്ന്‍, എനിക്കൊരു വീട് കാണിച്ചുതന്ന് അവന്‍ പറഞ്ഞു.
"ഞാന്‍ ഇതിനു മുമ്പ് ആഫ്രിക്കന്‍രാജ്യമായ അങ്കോളയില്‍ ജോലിചെയ്തുണ്ടാക്കിയ പണംകൊണ്ട് നിര്‍മ്മിച്ച വീടാണ് ഇത്. ഇതിനുമുമ്പ് ഞങ്ങള്‍ താമസിച്ചിരുന്നത്, ടിന്‍ഷീറ്റ് കൊണ്ടുമേഞ്ഞ ഒരു കൂരയില്‍ ആയിരുന്നു. കേരളത്തിലെ വീടുകളുടെ മാതൃക പിന്‍തുടര്‍ന്നാണ് ഞാനിത് പണിഴിപ്പിച്ചത്. എങ്ങനെയുണ്ട്.. കൊള്ളാമോ?"
അവന്‍റെ അദ്ധ്വാനശീലവും കുടുംബസ്നേഹവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. താന്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്നതായിരുന്നു അവന്‍റെ ഒരേയൊരു മനോവിഷമം. ഒരു 'സിക്സ്പാക്ക് ബോഡി'.. അതായിരുന്നു അവന്‍റെ സ്വപ്നം. അത് നേടിക്കഴിഞ്ഞാല്‍ ഒരു സുന്ദരിയായ കൂട്ടുകാരി.. കുറച്ചുകാലം പ്രണയിച്ചുനടന്നതിനുശേഷം അവളെതന്നെ വിവാഹംകഴിച്ച് ഒരുമിച്ചൊരു ജീവിതം.. കിട്ടുന്ന വരുമാനത്തില്‍ ഏറിയപങ്കും ധൂര്‍ത്തടിച്ചുകളയാതെ, കുടുംബത്തിലേക്ക് അയച്ചുകൊടുക്കുന്ന വിരളം പ്രവാസിഫിലിപ്പൈനികളില്‍ ഒരുവന്‍.
ജോലിക്കിടയിലെ ആശയ വിനിമയങ്ങള്‍, ഞങ്ങള്‍തമ്മിലുള്ള അകലം അനുദിനം കുറച്ചുകൊണ്ടേയിരുന്നു. മിക്കദിവസവും രാവിലെ ഓഫീസില്‍ എത്തിയ ഉടന്‍ അവന്‍ ഓടിവന്ന് എന്നെ ആലിംഗനംചെയ്തു പറയും..
"മൈ സ്വീറ്റ് ബ്രദര്‍ ഹൌ ആര്‍ യു?"
ജീവിതത്തില്‍ തീരുമാനമെടുക്കാന്‍സാധിക്കാതെ കുഴങ്ങുന്ന പല അവസരങ്ങളിലും എന്‍റെ ഉപദേശം അവനു തുണയായിട്ടുണ്ട്. തികഞ്ഞ ദൈവവിശ്വാസിയായ അവന്‍, എന്‍റെ അവസരോചിതമായ മാനസിക ശക്തിപ്പെടുത്തലുകള്‍ക്ക് വിധേയനായി, ഭാവിജീവിതത്തിലേക്കുള്ള അവന്‍റെ വീഥികള്‍ കൂടുതല്‍ തെളിമയും സുരക്ഷിതവും ആക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.
അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു... വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ മിക്കവരും ഓരോരോ കാരണങ്ങള്‍പറഞ്ഞ് 'ഹാഫ് ഡേ' ലീവെടുത്ത് മുങ്ങി. നമ്മുടെ കക്ഷിയാണെങ്കില്‍ അന്നുരാവിലെ തൊട്ടേ ലീവും.
പെട്ടെന്ന് ജേസണ്‍ ചെയ്തുവന്നിരുന്ന ജോലികളില്‍ ഒരെണ്ണം വളരെ അത്യാവശ്യമായി ചെയ്യേണ്ട ഒരു സാഹചര്യംവന്നു. ബോസ്സ് വന്ന് അവനെ തിരക്കി.
ഞാന്‍ പറഞ്ഞു.. അവനിന്ന് ലീവില്‍ ആണ്. ഇതുകേട്ട് അദ്ദേഹം പെട്ടെന്ന് ചൂടായി. ഓഫീസിലെ മിക്കവരും അന്ന് ലീവായിരുന്നത് അയാളെ ക്ഷുബ്ധനാക്കി. ജേസണ്‍ ചെയ്യേണ്ടുന്ന ആ ജോലി തല്‍ക്കാലം ഞാന്‍തന്നെ ചെയ്യാം എന്നു പറഞ്ഞിട്ടും കേള്‍ക്കാതെ, ഉടനെ അവനെ ഓഫീസിലേക്ക് വിളിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. മനസ്സില്ലാമനസ്സോടെ, പനിയും ജലദോഷവും പിടിച്ച്, റൂമില്‍ വിശ്രമിച്ചിരുന്ന അവനെ എനിക്ക് ഡ്രൈവറെ അയച്ച്, ഓഫീസിലേക്ക് വിളിപ്പിക്കേണ്ടിവന്നു.
വന്നവഴി അയാള്‍ ലീവെടുത്തതിന് അവനെ കണക്കിനു ശകാരിച്ചു. ദേഷ്യവും സങ്കടവും തിങ്ങുന്ന മുഖഭാവവുമായി നേരെ എന്‍റെ കാബിനിലേക്ക്‌ വന്ന്‍ അവനെന്നോട് പറഞ്ഞു..
"ബ്രദര്‍.. നിങ്ങളെനിക്ക് പാരവെച്ചു അല്ലേ?!.. നിങ്ങളില്‍നിന്ന്‍ ഞാനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല.. എന്‍റെ സ്വന്തം സഹോദരന്മാരെക്കാള്‍, ഞാന്‍ മനസ്സില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു താങ്കള്‍.. എനിക്കിപ്പോള്‍ എന്നോടുതന്നെ പുച്ഛംതോന്നുന്നു. ഇതിനുള്ളശിക്ഷ താങ്കള്‍ക്ക് ദൈവം തന്നോളും.."
മുഖമടച്ചൊരു അടികിട്ടിയപോലെയായി അവന്‍റെ ആ വാക്കുകള്‍... എന്‍റെ മനസ്സും ഹൃദയവും ഒരുനിമിഷം സ്തംഭിച്ചുപോകുന്നതായി എനിക്കുതോന്നി.
"ജേസണ്‍....................... ഞാന്‍.... "
എന്‍റെ വാക്കുകള്‍ പുറത്തേക്കുവരാനാവാതെ തൊണ്ടയില്‍കുടുങ്ങിക്കിടക്കുമ്പോള്‍, അത് കേള്‍ക്കാന്‍ മിനക്കെടാതെ, ദേഷ്യത്തോടെ അവന്‍ പുറത്തേക്ക് പോയി. പിന്നീട് ഏകദേശം രണ്ടുമാസംകഴിയുമ്പോഴേക്കും അവനെ, അങ്കോളയില്‍ അവന്‍ പണ്ട് ജോലിചെയ്ത കമ്പനി, നല്ല ശമ്പളത്തോടെ തിരിച്ചുവിളിച്ചു. അന്നുമുതല്‍, അതേവരെയും അവനോടുള്ള എന്‍റെ സ്നേഹപൂര്‍വ്വമുള്ള മന്ദസ്മിതങ്ങള്‍ എല്ലാം കൂര്‍ത്ത മുള്ളുകള്‍പോലെ തറച്ച്, എന്‍റെ ഹൃദയത്തിലെ നിത്യനൊമ്പരങ്ങളായി.
അവസാനദിവസം അവന്‍ ഓഫീസിലെ എല്ലാവരോടും യാത്ര പറഞ്ഞുപോകുന്ന ആ വേളയിലും, എന്‍റെ അടുത്തുവന്ന്‍ ഒരു യാത്രാമൊഴി പറയാതിരിക്കില്ല എന്നുള്ള എന്‍റെ വ്യാമോഹവും അങ്ങനെയായിമാറി. എന്നിട്ടും, അവന്‍ രാജ്യം വിടുന്നതിനുംമുന്‍പ്, അവനോടെനിക്കുണ്ടായിരുന്ന സഹോദരവാത്സല്യംമൂലം ഞാനത് കൊതിച്ചിരുന്നു. പ്രിയപ്പെട്ട സഹോദരന് ഒരു ഗുഡ് ബൈ.. ഉണ്ടായില്ലാ..
പിന്നീട്, ജേസണ്‍ ഏതാനുംദിവസങ്ങള്‍ക്കുവേണ്ടി അബുദാബിയില്‍ വന്നിരുന്നുവെന്നും, എന്‍റെ ഓഫീസിലെ അവനുള്ളപ്പോഴുണ്ടായിരുന്ന ചിലരെയൊക്കെ വിളിച്ച് പാര്‍ട്ടികൊടുത്തിരുന്നുവെന്നുമൊക്കെ ഒരു എത്യോപ്യന്‍സുഹൃത്ത് എന്നോടറിയിച്ചപ്പോള്‍ മനസ്സ്, അറിയാതെ ഗദ്ഗദപ്പെട്ടു..
"എങ്കിലും എന്‍റെ പ്രിയസഹോദരാ... നീയിപ്പോഴുമെന്നെ ശപിക്കുന്നുവല്ലോ.. ഈ തെറ്റിദ്ധാരണയില്‍നിന്നുടലെടുത്ത വിദ്വേഷത്തിന്, ദൈവം നിന്നോട് കാരുണ്യപൂര്‍വ്വം ക്ഷമിക്കട്ടേ.. നന്മകള്‍ സമൃദ്ധമായി ചൊരിയട്ടേ.. സിക്സ്പാക്ക് ബോഡിയും.. സുന്ദരിയായ ഗേള്‍ഫ്രണ്ടും എത്രയുംപെട്ടെന്നുതന്നെ നിന്‍റെവഴികളില്‍ സന്തോഷവും സംതൃപ്തിയും എകട്ടേ.."
- ജോയ് ഗുരുവായൂര്‍

ആധുനിക കവിത (ആക്ഷേപം)

ഇടയ്ക്ക് കണ്ണുചിമ്മുന്നുണ്ട്
ആഗോളതാപനാനന്തരഫലമായുണ്ടാകുന്ന 
ചൂടില്‍ മഞ്ഞുമലകള്‍ ഉരുകുന്നുണ്ട്
റെറ്റിനയില്‍വീണ നിഴലുകളെ എനിക്ക്
ചാരനിറത്തിലെ കാണാനാവുന്നുള്ളൂ
പാശ്ചാത്യരാജ്യങ്ങളില്‍ ആളുകള്‍
കോണകംമാത്രം ധരിച്ചുനടക്കുന്നുണ്ട്
ഇവിടെ എനിക്ക് അതുപോലും ഇല്ല
വോട്ടവകാശം പോലും
--------------------------------------------
മദ്ധ്യപൌരസ്ത്യദേശത്ത് ജീവിക്കുന്ന ഒരു പൂച്ചയുടെ ചിന്തകള്‍ ആണ് 'കവി' ഉദ്ദേശിച്ചത്. കുത്തും കോമയും ഒക്കെ വായനക്കാര്‍ ഇഷ്ടമുള്ളിടത്ത് ഇട്ടോളൂ..

മഴയിലൊരു 'ആര്‍മ്മാദിക്കല്‍'

ശ്രീകൃഷ്ണകോളേജ്-ഗുരുവായൂരിലെ പ്രീഡിഗ്രിമുതല്‍ അഞ്ചുകൊല്ലത്തെ പഠിപ്പിനുശേഷം ശാസ്ത്രബിരുദംലഭിച്ച കാലത്തുണ്ടായ ഒരു മഴയനുഭവം പങ്കുവയ്ക്കട്ടേ.. കാര്യമായെഴുതാന്‍ അത്രയ്ക്കൊന്നുമതിലില്ലെങ്കിലും, മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ഒരു സ്വകാര്യാനുഭവമാണിത്.
അക്കാലത്ത് ബൈക്കൊന്നും ആരുംവാങ്ങിത്തരാതിരുന്ന സാഹചര്യത്തില്‍, എന്‍റെ ഹീറോ, എന്‍റെ 'ഹീറോ റേഞ്ചര്‍' സ്പോര്‍ട്സ് സൈക്കിള്‍ ആയിരുന്നു. അതില്‍ക്കയറി പോകാത്തയിടങ്ങളില്ലാ, ചെയ്യാത്ത അഭ്യാസങ്ങളില്ലാ.. കാണാത്ത ഉത്സവങ്ങളില്ലാ...
ജൂലൈ മാസത്തിലെ ഏതോ ഒരുദിവസം.. ഞാനും ബാല്യകാലസുഹൃത്തായ റോബിനും, കോളേജ്പരിസരത്തുള്ള മറ്റം എന്ന സ്ഥലത്ത് താമസിക്കുന്ന എന്‍റെ സഹപാഠികളായ രണ്ടു 'ഘെടി'കളുടെ വീട്ടിലേക്ക് സന്ദര്‍ശനംനടത്താന്‍ തീരുമാനിച്ചു. പഠിപ്പൊക്കെഅവസാനിപ്പിച്ച് ഒരുതൊഴിലുമില്ലാതെ വീട്ടില്‍വെറുതേയങ്ങനെ (ചൊറിയുംകുത്തിയല്ലാ) ഇരിക്കുകയല്ലേ... (ഇവരിലൊരാള്‍ - സാജു കെ. മാത്യൂ- ഏതാനുംവര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി). റോബിന്‍ എന്‍റെ കൗമാരസുഹൃത്തും അയല്‍വാസിയും ഇന്നും ഈ പ്രവാസജീവിതത്തില്‍, ഊഷ്മളമായ സൗഹൃദസാഹോദര്യം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.
ഞാന്‍ എന്‍റെ റേഞ്ചറിലും അവന്‍ അവന്‍റെ കുന്തമുനയായ ഹെര്‍ക്കുലീസിലും.. യാത്രതുടങ്ങി അല്പസമയത്തിനുള്ളില്‍, അതേവരെ പ്രശാന്തസുന്ദരമായിനിന്നിരുന്ന പ്രകൃതിയുടെ നിറംമാറി. നിമിഷനേരത്തിനുള്ളില്‍ ഒരു അട്ടഹാസത്തോടെ, മഴ ഞങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. "തീയില്‍ക്കുരുത്തവര്‍ മഴയത്ത് വാടുമോ?!.." ഹെഹെഹെ.. ഞങ്ങളോടാ കളി.. പാടവരമ്പത്തിലൂടെയുള്ള ഷോര്‍ട്ട്കട്ട് ഒഴിവാക്കി, മൂന്നാലുകിലോമീറ്റര്‍ അധികമുള്ള ടാര്‍റോഡിലൂടെതന്നെ പോകാന്‍ തീരുമാനിച്ചു. ഇടയ്ക്കിടെ ഇടികുടുങ്ങുന്നുണ്ടായിരുന്നു. ഇടിമിന്നലെന്നു കേട്ടാല്‍ എന്‍റെ പ്രിയസുഹൃത്തിന് ഒന്നൊന്നര ഭയവും. എന്നാല്‍, മഴകൊണ്ട്‌ 'മദംപൊട്ടിയപോലെ' ആശാന്‍, വളരേ ഉത്സാഹത്തോടെ മഴയെ കീറിമുറിച്ചുപോകുന്നതുകണ്ടപ്പോള്‍ എന്നിലെ ആവേശവും കത്തിപ്പിടിച്ചു. അരികന്നിയൂര്‍കയറ്റം ഞങ്ങള്‍ പുല്ലുപോലെ ചവിട്ടിമെതിച്ചുകയറി. വല്ലാത്തൊരു ഊര്‍ജ്ജമാണ് മഴ നല്കുന്നതെന്ന് അപ്പോള്‍ തോന്നി.
അങ്ങനെ, മഴ ഒരുതുള്ളിപോലും പാഴാക്കാതെ കൊണ്ട്, ഞങ്ങള്‍ മേല്പ്പറഞ്ഞ വീടുകളില്‍പ്പോയി അവരുമായി കുശലാന്വേഷണം നടത്തി, അവര്‍തന്ന സ്നേഹമെല്ലാം അനുഭവിച്ച്, തമാശകളെല്ലാം തകര്‍ത്ത്, മടക്കയാത്രക്കുള്ള ഉദ്യമം ആരംഭിച്ചു. അന്തരീക്ഷം വീണ്ടും 'പ്രശാന്തന്‍' .. അതിനാല്‍ പാടത്തുകൂടെ തിരിച്ചുപോകാമെന്നു കരുതി. സാജുവിന്‍റെ അമ്മതന്ന ഉശിരന്‍ കട്ടന്‍കാപ്പിയുടെ ഊര്‍ജ്ജം ഞങ്ങളിലപ്പോള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അപ്പോഴും ഉണങ്ങാന്‍ മടിച്ച്, ദേഹത്തോടൊട്ടിപ്പിടിച്ച് കുളിരാര്‍ന്ന കിന്നാരങ്ങള്‍ പറയുന്നുണ്ടായിരുന്നു.
ഇടവഴികളിലൂടെയെല്ലാം ചീറിപ്പാഞ്ഞ്, ഞങ്ങളുടെ 'ഫെരാരികള്‍' പാടശേഖരങ്ങള്‍ തുടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ആകാശത്ത് കരിമ്പൂതങ്ങളുടെ വാകച്ചാര്‍ത്ത്. ഒരൊന്നൊന്നര ഇടി. ഞാന്‍ റോബിന്‍റെ മുഖത്തോട്ടൊന്നുനോക്കി. എന്നാല്‍ പുതുമഴകണ്ട ഈയാംപാറ്റകണക്കേ അവനത്‌ ആസ്വദിക്കുന്നതായാണ് എനിക്കുതോന്നിയത്. പൂര്‍വ്വാധികം ആവേശത്തോടെ അവന്‍ എനിക്കുമുന്നില്‍ തെളിഞ്ഞു കൊണ്ടിരുന്ന, നേര്‍ത്ത വയല്‍വരമ്പുകളിലൂടെ കുതിച്ചുപാഞ്ഞു. മഴത്തുള്ളികള്‍ ഹര്‍ഷാരവത്തോടെ ഞങ്ങളെ ആവേശഭരിതരാക്കിക്കൊണ്ടിരുന്നു.
സ്വര്‍ണ്ണവര്‍ണ്ണത്തോടെ നെല്ല് വിളഞ്ഞുകിടക്കുന്ന കണ്ടാണിശ്ശേരിപാടങ്ങളിലൂടെ ഞങ്ങള്‍ റോക്കറ്റ്പോലെ പായുകയാണ്. ചിലയിടങ്ങളില്‍ ഒന്നും ചിലപ്പോള്‍ രണ്ടും അടികള്‍ പരമാവധിവീതിയുള്ള വരമ്പുകള്‍, ഹെര്‍ക്കുലീസും റേഞ്ചറും അഭ്യാസികളെപ്പോലെ 'ചവച്ചുതുപ്പി' അതിവേഗത്തോടെ മുന്നേറുന്നു. ചരല്‍ക്കല്ലുകള്‍പോലെ മുഖത്തുപതിച്ചിരുന്ന മഴത്തുള്ളികള്‍ കാഴ്ചനശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം അരമണിക്കൂറോളംവേണം ടാറിട്ട, ഗുരുവായൂര്‍റോഡിലേക്ക് എത്തുവാന്‍. മഴയേക്കാള്‍വേഗത്തില്‍ സൈക്കിള്‍ ഓടിക്കുവാനുള്ള ജ്വരമായിരുന്നു അപ്പോള്‍.. ഒരുതരം ഭ്രാന്തുപോലെ!..
നീര്‍ക്കോലികളും വരാലുകളും നെല്ക്കതിരുകളുടെതാഴെ പുളകംകൊണ്ട് ആര്‍മ്മാദിക്കുന്ന കാഴ്ചകള്‍ കണ്ണിന്കുളിരേകി. വരമ്പുകളുടെ ജന്മിമാരെന്നപ്പോലെനിന്ന് മസിലുപിടിച്ച, ചില മണ്ടന്‍ഞണ്ടുകള്‍ സൈക്കിള്‍ടയറുകള്‍ക്ക് ഇരകളായി. അതുകണ്ട്, പരിഹാസമോടെ 'പേക്രോം' പറയുന്ന തവളകള്‍... സൂക്ഷ്മനയനങ്ങളില്‍ അതൊക്കെ വിരുന്നുകാഴ്ചകളായി. മഴ അപ്പോഴും ആര്‍ത്തലച്ചുകൊണ്ടേയിരുന്നു.
വിശപ്പും ക്ഷീണവും ഞങ്ങളെ ആക്രമിക്കുവാന്‍തുടങ്ങി.. മണി ഉച്ച പന്ത്രണ്ടര ആയിക്കാണും.. പോകുന്ന വഴിയോരങ്ങളിലെ വീടുകളില്‍നിന്നും ഉള്ളിവഴറ്റിയതിലേക്ക് വേവിച്ച ചേനചേരുന്ന സുഗന്ധവും, നല്ല മീന്‍കറി വേപ്പിലയിട്ടുകാച്ചുന്ന നറുമണവുമെല്ലാം മൂക്കില്‍വന്നടിച്ചാല്‍പ്പിന്നെ മനുഷ്യന്‍റെ 'കണ്ട്രോള്‍' പോവില്ലേ..
മഴനിര്‍മ്മിച്ച മൂടല്‍മഞ്ഞിനപ്പുറം പാടങ്ങള്‍ക്കുനടുവില്‍ ഒരോലപ്പുരയുടെ സാന്നിദ്ധ്യം ദൃശ്യമായി. അതൊരു ചായക്കടയായിരിക്കാം.. എന്‍റെ കൂട്ടുകാരന്‍റെ മനസ്സ് മന്ത്രിക്കുന്നത് എന്തായിരിക്കുമെന്ന് അന്നും ഇന്നും എനിക്കറിയാം. ആ കൂരയുടെ മുന്നില്‍ ഹെര്‍ക്കുലീസ് സഡന്‍ബ്രേക്കിട്ടപോലെ നിന്നു. പിറകേ എന്‍റെ റേഞ്ചറും..
ധാരണ തെറ്റി. അതൊരു കള്ളുഷാപ്പ് ആയിരുന്നു. പക്ഷേ അവിടെ കച്ചവടക്കാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലാ. കച്ചവടക്കാരനെകണ്ട് ഞങ്ങള്‍ അത്ഭുതംകൂറി. സുധാകരേട്ടന്‍!... ഞാന്‍ ഡിഗ്രീ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠിക്കാന്‍, ചില സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന്റെ അടുത്ത് വാടകയ്ക്കൊരു മുറിയെടുത്തുതാമസിച്ചിരുന്നതിന്റെ അടുത്ത മുറിയിലെ അന്തേവാസിയായിരുന്നു സരസനായ സുധാകരേട്ടന്‍.
കള്ളുഷാപ്പിന്റെ (കള്ളിന്‍റെ/ചാരായത്തിന്റെ കടകള്‍ക്ക് 'ഷാപ്പ്' എന്നും മറ്റുള്ള കടകള്‍ക്ക് 'ഷോപ്പ്' എന്നും പറയുന്നവരാണ് മലയാളികള്‍!) കുശിനിയില്‍നിന്ന്‍ ഏതോ ഒരു കറിയുടെ മനംമയക്കുന്ന സുഗന്ധം.
"എന്ത്ര.. ഇങ്ങളിപ്പോ ഈ വഴിക്ക്?" സുധാരേട്ടന്‍
"ഒക്കെ പിന്നെ പറയാം.. ആദ്യം എന്തേലുമിങ്ങട് തിന്നാനെടുക്ക്.." നോം..
മുതിരാ...... മുരിങ്ങയിലയിട്ട് വേവിച്ച്, ചുവന്നുള്ളി മൂപ്പിച്ച്, രണ്ട് പ്ലേറ്റ് അങ്ങട് ഡെസ്ക്കില്‍ വെച്ചു. ഹെന്റമ്മേ.. ഒടുക്കത്തെ രുചി..
"ഒരു കുപ്പി കള്ള്.. എടുത്താലോ... " സുധാരേട്ടന്‍
ഞാനും റോബിനും പരസ്പരം ഒന്നുനോക്കി.. ആ മഴയത്ത്, നനഞ്ഞുകുളിച്ചിരിക്കുന്ന അവസ്ഥയില്‍, ഇച്ചിരി കള്ളകത്താക്കിയാല്‍ കൊള്ളാമെന്നുള്ള ഒരു തോന്നല്‍.. വയസ്സ് 20 ആയില്ലേ.. വോട്ടവകാശവും അതിലപ്പുറവും ആയിട്ടുണ്ടെങ്കിലും വീട്ടുകാരറിഞ്ഞാല്‍ പണിപാളും.. പക്ഷേ, പ്രശ്നം ആ ആശയക്കുഴപ്പമായിരുന്നില്ലാ.. കൈയില്‍ വേണ്ടത്ര കാശില്ല. ഞങ്ങളുടെ മനോഗതം അറിഞ്ഞപോലെ സുധാകരേട്ടന്‍ ഒരുകുപ്പി കള്ള് കൊണ്ടുവന്ന് ഡെസ്ക്കില്‍ വച്ചു.
"ഡാ.. കഴിച്ചോടാ.. കാശൊക്കെ പിന്നെ കണക്കാക്കാം.. അല്ലെങ്കിലും ഈ കാശൊക്കെകൊണ്ട് മനുഷ്യന്‍ എവിടെപോവാനാ.. ദ് സൂപ്പര്‍ സാനാ... എല്ലാര്‍ക്കുമൊന്നും അങ്ങനെ കൊടുക്കില്ലാ ഞാന്‍.. ഇങ്ങളൊക്കെ ന്‍റെ പിള്ളേര് അല്ലേ.. കാശിനെക്കുറിച്ചൊന്നും വിയ്യാരിക്കണ്ടാ.."
ഞങ്ങള്‍ വീണ്ടും "അങ്ങടുമിങ്ങടും" ഒന്ന് നോക്കി.. ഗ്ലാസ്സിലെ കള്ള് പോയവഴി അറിഞ്ഞില്ലാ.. ഹെഹെഹെ
നന്ദി..
- ജോയ് ഗുരുവായൂര്‍.

രണ്ടുംകെട്ടനേരത്ത് പാഞ്ച്പീറിലേക്കൊരു സാഹസികയാത്ര

വര്‍ഷങ്ങള്‍ക്കുമുന്‍പൊരു ആഗസ്റ്റ്‌ 23, സന്ധ്യാസമയം -
ഓഫീസില്‍നിന്നു വരുന്നവഴി ഡോംബിവ്-ലി (Near Mumbai, Maharashtra) റെയില്‍വേസ്റ്റേഷനിലിറങ്ങി പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലെ സിമന്‍റ്ബഞ്ചില്‍ ഉറ്റസുഹൃത്തായ വിനോദ് വരുന്നതുകാത്ത് ഞാനിരുന്നു. ഇന്നത്തെപോലെ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവാതിരുന്ന അക്കാലത്ത് സമയംപോക്കാന്‍ ഏറ്റവുമനുയോജ്യമായത് 'മാന്‍വാച്ചിംഗ്' അഥവാ 'വായ്നോട്ടം' തന്നേ.
വിനോദിന്‍റെ മുപ്പത്തിരണ്ടാംപിറന്നാള്‍ ആണെന്നതായിരുന്നു ആ ദിവസത്തിന്‍റെ സവിശേഷത. പുള്ളിയെ ഒന്നു സത്കരിച്ചുകളയാമെന്ന് മറ്റൊരു സുഹൃത്തായ രാജേഷുംകൂടെ തീരുമാനിക്കുകയായിരുന്നു. സ്റ്റേഷനെതിര്‍വശത്തുള്ള "ക്ഷമ" A/c ബാര്‍ & റെസ്റ്റോറന്റില്‍കൂടിയശേഷം പിരിയുകയെന്നതായിരുന്നു പ്രധാന അജണ്ട. രാജേഷ് ജോലികഴിഞ്ഞ് അന്ധേരിയില്‍നിന്നെത്തുമ്പോഴേക്കും കുറച്ചുവൈകും. അതിനാല്‍, അദ്ദേഹം പുറകേവന്ന് ജോയിന്‍ചെയ്തോളാമെന്നു പറഞ്ഞു.
അരമണിക്കൂറിനുള്ളില്‍ വിനോദെത്തി. ആഗസ്റ്റ്‌മാസത്തെ ചൂടിലും ട്രെയിനിലെ തിരക്കിലും വിയര്‍ത്തുകുളിച്ച അവസ്ഥയിലായിരുന്നു ഞങ്ങള്‍രണ്ടും റെസ്റ്റോറന്റിലേക്ക് കയറിയത്. ശരീരംതണുപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാല്‍ അതിനുള്ള ഉപാധികളിലേക്കുകടക്കുന്നതിനിടയില്‍ ഉഭയകക്ഷിചര്‍ച്ചകളും ആരംഭിച്ചു. രാത്രി ഒന്‍പതുമണിയാവാറായിട്ടും രാജേഷിനെ കാണാനില്ല. മൊബൈലില്‍ വിളിക്കുമ്പോള്‍ പരിധിക്കുപുറത്തും.. കാത്തിരിക്കുംതോറും ഞങ്ങളുടെ ശരീരങ്ങള്‍ 'ഓവര്‍കൂള്‍' ആയിക്കൊണ്ടിരുന്നത് ഞങ്ങളറിഞ്ഞില്ല. ഏകദേശം ഒരു മുക്കാല്‍മണിക്കൂര്‍കൂടികഴിഞ്ഞപ്പോള്‍ ഒരു പച്ചച്ചിരി മുഖത്ത് ഫിറ്റ്‌ചെയ്തുകൊണ്ട് നമ്മുടെ 'ബിനാപഗഡിവാല സര്‍ദ്ദാര്‍ജി ആഗയാ...'.
ട്രെയിന്‍ ബ്ലോക്കായി, മൊബൈലില്‍ ചാര്‍ജുകഴിഞ്ഞു, എന്നിങ്ങനെയുള്ള സ്വാഭാവികകാരണങ്ങള്‍ വിവരിച്ചതിനുശേഷം അദ്ദേഹവും ഞങ്ങളുടെ അന്താരാഷ്ട്രീയചര്‍ച്ചകളില്‍ ഭാഗഭാക്കായി. ഞങ്ങളുടെ യോഗങ്ങളില്‍ വിഷയദാരിദ്ര്യങ്ങളുണ്ടാവാറില്ല. എന്തുമേതും ചര്‍ച്ചകള്‍ക്ക് പാത്രീഭവിക്കാം.
അങ്ങനെ ചര്‍ച്ചകള്‍ കൊഴുക്കവേ, ശരീരങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ തണുക്കവേ, "പാഞ്ച്പീര്‍ദര്‍ഗ്ഗ" എന്നവിഷയം കടന്നുവന്നു. പാഞ്ച്പീര്‍ദര്‍ഗ്ഗ സന്ദര്‍ശിക്കാനുള്ള ചങ്കൂറ്റമുണ്ടോ നിങ്ങള്‍ക്കെന്നു രാജേഷ് വെല്ലുവിളിച്ചുതുടങ്ങിയിട്ട് കുറേനാളുകളായിരുന്നു. അദ്ദേഹം വര്‍ഷത്തില്‍, രണ്ടോമൂന്നോവട്ടമൊക്കെ അവിടം സന്ദര്‍ശിക്കാറുണ്ട്. വനത്തിലൂടെ അതിസാഹസികമായ ഒരുമലകയറ്റത്തിനുശേഷമേ പാഞ്ച്പീര്‍ദര്‍ഗ്ഗയില്‍ ചെന്നെത്താനാവൂ. ബ്രാഹ്മിണ്‍വാടി എന്ന താഴ്വാരത്തില്‍നിന്ന് ഏകദേശം മൂന്നുനാലുകിലോമീറ്ററുകളോളം മനുഷ്യപാദസഞ്ചാരങ്ങളാലുണ്ടായ ഒറ്റയടിപ്പാതകള്‍താണ്ടിവേണം മലമുകളിലെ പാഞ്ച്പീര്‍ദര്‍ഗ്ഗ സ്ഥിതിചെയ്യുന്ന മൈതാനത്തിലെത്താന്‍. സമുദ്രനിരപ്പില്‍നിന്ന് ചുരുങ്ങിയത് 1400 അടിയെങ്കിലും ഉയരത്തിലുള്ള സ്ഥലം. കല്യാണ്‍ ബസ്സ്‌സ്റ്റേഷനില്‍നിന്ന് 15 കിലോമീറ്ററോളം റോഡുമാര്‍ഗ്ഗംസഞ്ചരിച്ചാല്‍ താഴ്വാരമായ ബ്രാഹ്മിണ്‍വാടിയിലെത്താം. ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍വരുന്ന ജനങ്ങള്‍ക്കു വഴികാട്ടിക്കൊണ്ട് ഉപജീവനംനടത്തുന്ന ഒരുപാടുപേരെ അവിടെകാണാം.
മൗര്യസാമ്രാജ്യത്തിലെ നള്‍രാജയെന്ന രാജാവ്, താനെ-ജില്ല ഭരിച്ചിരുന്നകാലത്ത്, അജ്ഞാതരായ ചില പൈശാചികശക്തികള്‍ ജനങ്ങളെ ഘോരമായി ഉപദ്രവിക്കാന്‍തുടങ്ങിയപ്പോള്‍, ജനങ്ങള്‍ ദൈവത്തെവിളിച്ച് വിലപിച്ചു. ആ ദയനീയവിലാപങ്ങള്‍കേട്ട ദൈവം, ഹസ്രത്ഹാജിമലങ്ങ് എന്നുപേരുള്ള ഒരു പുണ്യബാബയെ (മുസ്ലിംസന്ന്യാസി) അഞ്ച് അനുചരന്മാരുടെയൊപ്പം അവിടേക്കയച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത് ബ്രാഹ്മിണ്‍വാടിയില്‍നിന്നായിരുന്നു. പിന്നീട് സമുദ്രനിരപ്പില്‍നിന്ന് 800 അടിയോളം ഉയരത്തില്‍ കൊടുങ്കാടിനുനടുവില്‍ സ്ഥിതിചെയ്യുന്ന മലമുകളിലെ മൈതാനത്ത് അവര്‍ ആസ്ഥാനമുറപ്പിച്ചു. ബാബയുടെ മരണശേഷം അവിടെത്തന്നേ അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കുകയും ഒരു ദര്‍ഗ്ഗ സ്ഥാപിക്കുകയുംചെയ്തു. പില്‍ക്കാലത്ത് ഹാജിമലങ്ങ് എന്നപേരിലതൊരു തീര്‍ഥാടനകേന്ദ്രമായിമാറി. ബാബയുടെ അനുചരന്മാരായിരുന്ന അഞ്ച് സുല്‍ഫിമാസ്റ്റര്‍മാരുടെ മൃതദേഹങ്ങള്‍ അടക്കംചെയ്തിരിക്കുന്നത് അവിടെനിന്ന്‍ 500 അടിയോളം ഉയരത്തില്‍സ്ഥിതിചെയ്യുന്ന "പീര്‍മാച്ചി"യെന്ന മലമുകളിലെ മൈതാനത്തിലാണ്. അവിടെയും ഒരു ദര്‍ഗ്ഗസ്ഥാപിതമായി. മേല്നോട്ടത്തിനും ദിവസേനയുള്ള പൂജകള്‍ക്കുമായി ഒരു ബാബയും (sulfi master) നിയോഗിക്കപ്പെട്ടു.
ഇങ്ങനെയൊക്കെയുള്ള ആ സ്ഥലത്തേക്കുപോകാന്‍ ധൈര്യമുണ്ടെങ്കില്‍ നാളെ, ഞായറാഴ്ചതന്നേ, അദ്ദേഹത്തിന്‍റെകൂടെ വരണമെന്നുള്ള വെല്ലുവിളി വീണ്ടും രാജേഷ് ആവര്‍ത്തിച്ചു. ശരീരം ആവശ്യത്തില്‍ക്കൂടുതല്‍ തണുത്തിരുന്ന ഊര്‍ജ്ജത്തില്‍, എന്തിനാ നാളേക്കാക്കുന്നേ.. ഇപ്പോള്‍ത്തന്നേ നമുക്ക് പോയിക്കളയാം.. എന്തേ.. ധൈര്യമുണ്ടോ? എന്നൊരു മറുവെല്ലുവിളി ധീരതയോടെ ഞാനും മുന്നോട്ടുവച്ചു. "ആഹാ അത്രയ്ക്കായോ" എന്നുപറഞ്ഞ് രാജേഷ് ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ സമയം രാത്രിപത്തരമണിയാണെന്നോര്‍ക്കണം.
"ഇന്ന് വിനോദിന്‍റെ വീട്ടില്‍കിടക്കുകയാണ്, നാളെരാവിലെയേവരൂ.." എന്ന നുണ, ഭാര്യയോട് വിളിച്ചുപറഞ്ഞു.
വീറുംവാശിയും ചോര്‍ന്നുപോകുന്നതിനുമുന്‍പുതന്നേ ഒരു ഓട്ടോറിക്ഷപിടിച്ച് ബ്രാഹ്മിണ്‍വാടിയെ ലക്ഷ്യമാക്കി കുതിച്ചു. താഴ്വാരത്തിലുള്ള സദാനന്ദ എന്നുപേരുള്ള ഒരു വഴികാട്ടിയെ രാജേഷിനുപരിചയമുണ്ടായിരുന്നു. രാത്രിപതിനൊന്നരനേരത്തുചെന്ന് അയാളുടെ വാതിലില്‍മുട്ടി. ഇതിനിടയില്‍ ഇടിവെട്ടോടെയുള്ള ശക്തമായ മഴയുംതുടങ്ങി. അസമയത്ത്, വന്യമൃഗങ്ങള്‍വിഹരിക്കുന്ന മലകയറുന്നത് ബുദ്ധിയല്ലായെന്നുള്ള, സദാനന്ദയുടെ സ്വാനുഭവപശ്ചാത്തലങ്ങളില്‍നിന്നുമുരചെയ്യപ്പെട്ട ഉപദേശങ്ങളൊന്നും അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. മലകയറുന്ന യാത്രക്കാര്‍ക്കു കൊടുക്കാനായി വെട്ടിവെച്ചിരുന്ന ഊന്നുവടികളില്‍ മൂന്നെണ്ണമെടുത്തുതന്നുകൊണ്ട് അയാള്‍പറഞ്ഞു. "ഞാനിതേവരെ
ഈ നേരത്ത് മലകയറിയിട്ടില്ലാ.. നിങ്ങള്‍ക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍തന്നേ പൊക്കോളൂ.. സുരക്ഷിതമായി തിരിച്ചെത്താന്‍ ബാബ നിങ്ങളെ അനുഗ്രഹിക്കട്ടേ". ചാരായമുണ്ടാക്കാന്‍ കലക്കിവെച്ച കോടയുടെ ദുര്‍ഗന്ധം ആ പരിസരത്ത് അലയടിക്കുന്നുണ്ടായിരുന്നു. അവിടത്തെ ലോക്കല്‍ അബ്കാരികൂടിയാണ് സദാനന്ദയെന്നു രാജേഷ്‌ പറഞ്ഞു.
അരകിലോമീറ്ററോളം വയല്‍വരമ്പുകളാണ്. കുറ്റാകൂരിരുട്ടില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ഇടിമിന്നലുകളായിരുന്നു സഹായികള്‍. ചെളിയില്‍ ഇടയ്ക്ക് തെന്നിയും വരമ്പുകാണാതെനിന്നുമൊക്കെ തോരാതെപെയ്യുന്ന മഴയില്‍ക്കുതിര്‍ന്നുകൊണ്ട് മുന്നോട്ട്..
പാടശേഖരങ്ങള്‍ അവസാനിക്കുന്നിടത്ത്, വനപ്രദേശത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പായി, ഒരു കൊച്ചരുവി ശക്തിയോടെയൊഴുകുന്നു. അതുമുറിച്ചുകടന്നുവേണം വനയാത്രതുടങ്ങാന്‍. രാജേഷിന് വഴിയറിയാമെന്ന ആശ്വാസമായിരുന്നു ആ കുറ്റാകൂരിരുട്ടത്തുള്ള പ്രയാണത്തില്‍ ആശ്വാസം പകര്‍ന്നിരുന്നത്. അരുവിയില്‍ ഇറങ്ങിയപ്പോള്‍ നെഞ്ചോളമുയരത്തില്‍ വെള്ളം. പതിയേപതിയെ അതുമുറിച്ചുകടക്കുന്നതിനിടയില്‍ രാജേഷിന്‍റെ പാദരക്ഷകളിലോരെണ്ണം കാലില്‍നിന്നു 'ബൈബൈ' പറഞ്ഞൊഴുകിപ്പോയി. കല്ലുംമുള്ളുംനിറഞ്ഞ കാനനത്തിലൂടെ നഗ്നപാദനായി നടക്കേണ്ട വിധിയായി ആ പാവത്തിന്. എന്നാല്‍, അതൊന്നും ഗൗനിക്കാതെ രാജേഷ് ഞങ്ങള്‍ക്കുമുന്‍പേ നടന്നു. ഇടയ്ക്കിടെ കാലില്‍ എന്തൊക്കെയോ കുത്തിത്തറയ്ക്കുമ്പോള്‍ മൊബൈലിന്‍റെ വെട്ടത്തില്‍ കാല്പാദമൊന്നു പരിശോധിക്കും. ചിലപ്പോള്‍ വല്ല പാമ്പോമറ്റോ ആണെങ്കിലോ? ഭാഗ്യത്തിന് വാട്ടര്‍പ്രൂഫായ ഒരു റിലയന്‍സ്മൊബൈല്‍ ആയിരുന്നു എന്‍റെ കൈയിലുണ്ടായിരുന്നത്. ഞാന്‍ ധരിച്ചിരുന്നത് ഒരു സേഫ്റ്റിഷൂവും.
സമതലപ്രദേശം തരണംചെയ്ത്, ശൈലാരോഹണത്തിനുള്ള വേദിയായി. ഒരു പൊന്തക്കാടിനെ ഊന്നുവടികൊണ്ടു വകഞ്ഞുമാറ്റി, രാജേഷ് കാടിനകത്തേക്കു പ്രവേശിച്ചു. പുറകേ ഞങ്ങളും. പിന്നേ ഒരു ചെറിയമരത്തില്‍ പിടിച്ചുവലിഞ്ഞ് ഒരു പാറയുടെമുകളിലേക്ക്.. കാലുകളെ നിലത്തുറപ്പിക്കാന്‍ സമ്മതിക്കുകയില്ലായെന്നമട്ടിലുള്ള മലവെള്ളപ്രവാഹവും. അതേപോലെ വീണ്ടുമൊരുപാടു വലിഞ്ഞുകയറ്റങ്ങളില്‍ വലഞ്ഞുപോയപ്പോള്‍ ഒരിത്തിരി വിശ്രമം. പായല്‍പിടിച്ചുകിടക്കുന്ന ചില പാറകളില്‍ വഴുക്കലും. കാലുവെച്ചാല്‍ തെന്നിപ്പോകും. തെന്നിയാല്‍ നേരേ കയറ്റംതുടങ്ങിയിടത്തേക്കുതന്നെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ എത്താം. പാറക്കൂട്ടങ്ങളില്‍ തലയടിച്ചുകൊണ്ടായിരിക്കുമെന്നുമാത്രം. കണ്ടാലത്ര വണ്ണംതോന്നില്ലെങ്കിലും 93 കിലോയോളമായിരുന്നു അന്നെന്‍റെ ശരീരഭാരം.
വിശ്രമംകഴിഞ്ഞ് വീണ്ടും മുന്നോട്ട്.. മുന്നില്‍ രാജേഷ്, അതിനുപിറകേ വിനോദ്, പിന്നെ ഞാനും.. അന്ധമാരുടെ റാലിപോലെ കൊടുങ്കാട്ടിലൂടെ ധീരതയുടെ പര്യായങ്ങളായ സാഹസികരായി ഇരുട്ടിനേയും പ്രതിബന്ധങ്ങളെയും തകര്‍ത്തുകൊണ്ട് ഞങ്ങള്‍ നീങ്ങുന്നു. കാര്‍മേഘങ്ങള്‍ മാറുമ്പോള്‍ നിലാവ് താഴേക്കരിച്ചിറങ്ങുന്നുണ്ട്. ഒരു പാറവിടവിലൂടെ മഴവെള്ളം കുതിച്ചുപാഞ്ഞ് താഴേക്കുപതിക്കുന്നു. അത് ചാടിക്കടക്കുകയേ നിവൃത്തിയുള്ളൂ. അല്പം പിന്നോട്ടാഞ്ഞ് രാജേഷ് ആദ്യമതു ചാടിക്കടന്നു. പിറകേ വിനോദും.. പക്ഷേ ഞാന്‍ ചാടിയപ്പോള്‍ എന്‍റെ പാദങ്ങള്‍ചെന്ന് ലാന്‍ഡ്ചെയ്തത് വഴുക്കലുള്ള പാറമേലായിരുന്നു. കാലുവഴുതി ഞാന്‍ ഒഴുക്കിലേക്കു നിപതിച്ചു. നിമിഷനേരംകൊണ്ട് എന്‍റെ മനസ്സില്‍ അച്ഛനമ്മമാരുടെയും സഹോദരന്മാരുടേയും കുടുംബാംഗങ്ങളുടേയും മുഖങ്ങള്‍ ഒരു അഭ്രപാളിയിലെന്നപോലെ മിന്നിമറഞ്ഞു. ജീവിതത്തിലെ അവസാനനിമിഷങ്ങളിലൂടെ കടന്നുപോകുന്ന പ്രതീതി! എന്‍റെ വീഴ്ചകണ്ട് ഇരുവരും ഭയപ്പാടോടെ തലയില്‍കൈവയ്ക്കുന്നത് ഒരു മിന്നലാട്ടത്തില്‍ ഞാന്‍ കണ്ടു.
എന്നാല്‍, എന്‍റെ സമയം അവസാനിച്ചിരുന്നില്ലാ. ഒഴുക്ക് അതിനുതാഴേക്കുപതിക്കുന്നതിനു തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു പാറയിടുക്കില്‍ "U" ആകൃതിയില്‍ ഞാന്‍ കുരുങ്ങിക്കിടന്നു. കൈയുംകാലും തലയുംമാത്രം പുറത്ത്.. വെള്ളം എന്‍റെമൂക്കിനുതാഴെക്കൂടി ഒഴുകുകയാണ്. ഞാന്‍ വിളിച്ചുകൂവുന്നുണ്ട്. പക്ഷേ ഒഴുക്കിന്‍റെ ശബ്ദത്തില്‍ അതെല്ലാമലിഞ്ഞുപോയി. ഭാഗ്യത്തിന് കൂട്ടുകാര്‍ എന്നെ കണ്ടെത്തി. വഴുക്കലുള്ള പാറയിലൂടെ നടന്നുവന്ന് എന്‍റെ കൈപിടിച്ച്, പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്നയെന്നെ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, ചിലപ്പോള്‍, മൂന്നുപേരുടെയും അന്ത്യത്തിലേക്കുള്ള വഴികാട്ടിയായിത്തീര്‍ന്നേക്കാം. എന്തുചെയ്യണമെന്നുപിടിയില്ലാതെ ഒരല്പനേരം ചിന്തിച്ചുനിന്നതിനുശേഷം റിസ്ക്‌ എടുക്കാന്‍ ഇരുവരും തയ്യാറായി. കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് അവരെന്‍റെ സമീപത്തേക്കു പതിയേ അടിവെച്ചടിവെച്ച് വന്നു. തൊട്ടടുത്തുള്ള ഒരു മരത്തില്‍ ഇരുവരും പിടിച്ചതിനുശേഷം കൈയിലുള്ള ഊന്നുവടി എന്‍റെ നേരെനീട്ടി. എന്നാല്‍ "U" ഷേപ്പിലുള്ള കിടപ്പില്‍ കാലുകള്‍രണ്ടും തറയിലല്ലായിരുന്നതിനാല്‍ വടിയില്‍പിടിച്ച്, മുന്നോട്ട് ആയാനെനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ ഒഴുക്കിനു അല്പം ശക്തികൂടുകയും എന്‍റെ വായിലും കണ്ണിലും മൂക്കിലുമെല്ലാം വെള്ളംകയറുകയുംചെയ്തു. ഒരു നിമിഷം.. ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു ആത്മബലം കൈവന്നതുപോലെ!.. മറ്റൊരുവഴിയുമില്ലായെന്നുള്ള ബോദ്ധ്യത്തില്‍, രണ്ടുംകല്പിച്ച്, അവര്‍ നീട്ടിത്തന്ന മരക്കമ്പില്‍ രണ്ടുകൈകൊണ്ടും ശക്തമായിപിടിച്ച് ദൈവമേയെന്നു വിളിച്ചുകൊണ്ട് ഒരൊറ്റകുതി. ഇടുക്കില്‍നിന്നുപുറത്തായി എങ്കിലും കാലുകള്‍ നിലത്തുറപ്പിക്കാന്‍ സാധിക്കാത്തവിധത്തിലുള്ള ശക്തമായ ഒഴുക്ക്. മരക്കമ്പില്‍പിടിച്ച് തൂങ്ങിക്കിടന്നയെന്നെ സര്‍വ്വശക്തിയുമുപയോഗിച്ച് അവര്‍ വലിച്ചെടുത്തു. പിന്നെ ഏകദേശം അരമണിക്കൂറോളം ഞങ്ങള്‍ പാറപ്പുറത്തിരുന്ന് കിതച്ചു. ശാരീരികമായും മാനസികമായും ഏറെ തളര്‍ച്ചയുണ്ടാക്കിയ സംഭവം.
യാത്രപുനരാരംഭിക്കാനുള്ള വട്ടംകൂട്ടുമ്പോഴാണ് ഞാനൊരുകാര്യം ശ്രദ്ധിച്ചത്. എന്‍റെ പാന്റിന്റെ കാലുകള്‍തമ്മില്‍ ചേരുന്നിടത്തെ തുന്നല്‍ പൂര്‍ണ്ണമായും വിട്ടുപോയിരിക്കുന്നു. അതുകണ്ടപ്പോള്‍ മറ്റുരണ്ടുപേരും ചിരിയോടുചിരി. എനിക്കുംവന്നു ചിരി. മുന്നോട്ടുനീങ്ങാനുള്ള ഒരൂര്‍ജ്ജം അത് സംഭാവനചെയ്തു.
ഒരു സ്ഥലത്തെത്തിയപ്പോള്‍, ഒരത്ഭുതപ്രതിഭാസം ഞങ്ങളെ വരവേറ്റു. ഫ്ലൂറസെന്റ്‌ പ്രകാശംപരത്തിനില്ക്കുന്ന ചെറുചെടിക്കൂട്ടങ്ങള്‍! അവയുടെ ഇലകളാണ് പ്രകാശംപൊഴിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ചെടികളെ ഉറക്കമുറിയില്‍ ബെഡ്-ലാമ്പ് ആയിവരെ നമുക്കുപയോഗിക്കാന്‍ സാധിച്ചേക്കാം. ഏതാനും ചെടികള്‍പറിച്ച് ഞാന്‍ കീശയിലിട്ടു.
നഗ്നപാദനായ രാജേഷിന്‍റെ കാല്‍പാദങ്ങള്‍പൊട്ടി ചോരകിനിയുന്നുണ്ടായിരുന്നുവെങ്കിലും, കര്‍മ്മധീരനായ ഒരു പട്ടാളക്കാരനെപോലെ അതൊന്നും ഗൗനിക്കാതെ അദ്ദേഹം ഞങ്ങളെ നയിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് ഒരുവിവരം ഞങ്ങളെ രാജേഷ് അറിയിക്കുന്നത്. ഇടയ്ക്കെവിടെയോവെച്ച് വഴിതെറ്റിയിരിക്കുന്നു. ഇപ്പോഴുള്ള പ്രയാണം ഒരേകദേശനിര്‍ണ്ണയം വെച്ചാണത്രേ.. ഹുഹുഹു.. ആ കാട്ടില്‍ എന്തുനിര്‍ണ്ണയംകിട്ടാന്‍ എല്ലായിടവും ഏകദേശം ഒരുപോലിരിക്കുന്നു. ഇരുട്ടും.. സമയം രാത്രിരണ്ടുമണി. മഴ ഇടയ്ക്കിടെ നില്ക്കുകയും പെയ്യുകയും ചെയ്തുകൊണ്ടിരുന്നു.
വേലിയില്‍ കിടന്നിരുന്ന പാമ്പിനെയെടുത്ത് പറയാന്‍പറ്റാത്തിടത്തുവെച്ചപോലെയുള്ള അവസ്ഥയില്‍ ഞങ്ങള്‍ ഇരുവരും കാടുംമേടുംതാണ്ടി രാജേഷിന്‍റെ നിണമണിഞ്ഞ കാല്പാടുകളെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. നിരപ്പായ ഒരു ചെറിയപ്രദേശം മുറിച്ചുകടക്കുമ്പോള്‍ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍നിന്നൊരു മുരള്‍ച്ച. രാജേഷ് ഒരുനിമിഷം നിന്നു. ഞങ്ങളും... പിന്നെ, ഒന്നുംമിണ്ടാതെ അദ്ദേഹം വീണ്ടും നടപ്പുതുടര്‍ന്നു. കടുവയുടെ മുരള്‍ച്ചകേട്ടാല്‍ ആര്‍ക്കാണുമനസ്സിലാവാത്തത്. കൂട്ടത്തില്‍ മുഴുപ്പ് ഏറ്റവുംപിറകേനടക്കുന്ന എനിക്കായതിനാല്‍ ആശാന്‍ ചാടിവീണാല്‍ ആദ്യം കൈകാര്യംചെയ്യുന്നത് എന്നെത്തന്നെയായിരിക്കുമെന്ന് ഞാനാലോചിച്ചു. ചാടുന്നചാട്ടത്തില്‍ ഭാഗ്യവശാല്‍ ആ കമ്പില്‍ത്തട്ടി കടുവയ്ക്ക് 'മിസ്സിംഗ്‌' ഉണ്ടായാലോ എന്നുള്ള നേരിയ സാദ്ധ്യതയെ കണക്കിലെടുത്ത്, ഞാന്‍ കൈയിലുള്ള മരക്കമ്പ് പുറകില്‍ ചുഴറ്റിക്കൊണ്ടായിരുന്നു ആ പ്രദേശം തരണംചെയ്തത്. ബല്ലാത്തൊരു ബുദ്ധിതന്നേ അല്ലേ? ചിലപ്പോള്‍ അന്നേരമുണ്ടായിരുന്ന ചാറ്റല്‍മഴയായിരിക്കാം ഹിംസ്രജീവിയെ ഒരാക്രമണത്തില്‍നിന്ന് പിന്‍തിരിപ്പിച്ചിരിക്കുക. പിന്നീടാണ് രാജേഷ് ചോദിക്കുന്നത്, കടുവയുടെ ശബ്ദം നിങ്ങള്‍ കേട്ടിരുന്നോയെന്ന്. ഞങ്ങള്‍ ഭയപ്പെടാതിരിക്കാനാണത്രേ അതപ്പോള്‍ പറയാതിരുന്നത്. ദര്‍ഗ്ഗയിലേക്കുവരുന്ന പലരേയും കടുവപിടിച്ച കഥകളായി പിന്നെ. കേള്‍ക്കുമ്പോള്‍ നല്ല 'സമാധാനം' തോന്നി.
"ഒന്നു പോടേയ്.. പൂച്ചയുടേയും പുലിയുടെയുമൊക്കെ അലര്‍ച്ച മനസ്സിലാക്കാനുള്ള വിവരമൊക്കെ ഞങ്ങള്‍ക്കുണ്ടെടോ.. താന്‍ പേടിക്കേണ്ടാ എന്നുകരുതിയാണ് ഞങ്ങളൊന്നും മിണ്ടാതിരുന്നത്" എന്ന് വിനോദും തിരിച്ചടിച്ചു.
നടന്നുനടന്നു തളര്‍ന്നു. ദേഹംനുറുങ്ങുന്ന വേദന. എവിടെയെങ്കിലും ഒരല്പനേരം കിടന്നുവിശ്രമിക്കേണമെന്ന ആവശ്യം ഞാന്‍ ടീം ക്യാപ്റ്റനോട് ഉണര്‍ത്തിച്ചു. എന്നാല്‍, അതുസമ്മതിക്കാതെ, കിടന്നാല്‍പ്പിന്നെ വീണ്ടും യാത്രതുടരാന്‍ സാധിക്കില്ല.. ക്ഷീണം കൂടുകയേയുള്ളൂവെന്ന ന്യായീകരണംനിരത്തി ആശാന്‍ നടപ്പുതുടര്‍ന്നു. ഏന്തിവലിഞ്ഞ്, അരമണിക്കൂര്‍കൂടി നടന്നപ്പോള്‍ അരണ്ടനിലാവെളിച്ചത്തില്‍ ഒരു കൂരയുടെ ചിത്രം തെളിയാന്‍തുടങ്ങി. അടുത്തെത്തിനോക്കിയപ്പോള്‍ പുല്ലുകൊണ്ടുമേഞ്ഞ ഒരു പര്‍ണ്ണശാല. ഇവിടെ കുറച്ചുനേരം വിശ്രമിച്ചിട്ടുള്ളകാര്യമേയുള്ളൂവെന്ന് വിനോദും വാശിപിടിച്ചപ്പോള്‍ നേതാവിന് അതനുസരിക്കേണ്ടിവന്നു. കൃത്യം ഒരു മണിക്കൂറിനുശേഷം നിങ്ങളെ രണ്ടിനേയും ഞാന്‍ ചവിട്ടിയെഴുന്നേല്‍പ്പിക്കുമെന്ന ഭീഷണിയോടെ....
ആദ്യം മൊബൈല്‍ തെളിയിച്ച്, അകത്തുവല്ല പുലിയോ, പൂച്ചയോ, കാട്ടുപന്നിയോ, കാട്ടുപോത്തോ മറ്റോ കിടക്കുന്നുണ്ടോയെന്നു പരിശോധിച്ചു. മഴയല്ലേ.. അകത്തുചിലപ്പോള്‍ മൃഗങ്ങള്‍ അഭയം തേടിയിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. യാഗങ്ങള്‍നടത്തുന്ന സ്ഥലമാണതെന്ന് അകത്തുണ്ടായിരുന്ന ഹോമകുണ്ഡത്തിലെ ചാരത്തിനുണ്ടായിരുന്ന ചെറുചൂടില്‍നിന്ന് മനസ്സിലായി. താഴെ കളിമണ്‍തറയാണ്‌. അതുനനഞ്ഞിട്ടുമുണ്ട്. അതില്‍കിടന്നാല്‍ ഉടുപ്പെല്ലാം ചെഞ്ചായംപൂശിയപോലെയായിത്തീരും. പുറത്തിറങ്ങിനോക്കിയപ്പോള്‍ ഒരാളേക്കാള്‍നീളത്തില്‍ ഇലകളുള്ള വാഴകള്‍ നില്ക്കുന്നതുകണ്ടു, അതില്‍നിന്നു മൂന്നിലകള്‍ പറിച്ചെടുത്ത്, തറയില്‍നിരത്തി മൂന്നുപേരും കിടന്നു. ക്ഷീണമേറെയുണ്ടായിട്ടും, നനഞ്ഞവസ്ത്രങ്ങളുമായുള്ള ആ കിടപ്പില്‍ ശരീരം തണുത്തുവിറയ്ക്കാന്‍തുടങ്ങി. കൈക്കാലുകളും താടിയെല്ലുകളും നില്ക്കാതെ വിറയ്ക്കുന്നു. പരസ്പരം ബലമായി പുണര്‍ന്നുകിടക്കുകയല്ലാതെ മറ്റൊരു രക്ഷയും ഉണ്ടായിരുന്നില്ല.
പറഞ്ഞപോലെതന്നെ, ഒരുമണിക്കൂറോളംകഴിഞ്ഞപ്പോള്‍ രാജേഷ് ഞങ്ങളെകുലുക്കിയുണര്‍ത്തി. പുറത്തപ്പോഴും ചാറ്റല്‍മഴയുണ്ടായിരുന്നു. ദേഹമാസകാലം മുറിയുന്നപോലുള്ള വേദന. ബാലസൂര്യകിരണങ്ങള്‍ ഇലകള്‍ക്കിടയിലൂടെ താഴോട്ടുപതിച്ചുതുടങ്ങിയിട്ടില്ല, പക്ഷേ, ചെറുതായൊരു വെളിച്ചം പരന്നിട്ടുണ്ട്. "രാജേഷ് പോയിവാ.. ഞങ്ങളിവിടെകിടന്നോളാം" എന്ന് ഉറക്കപ്പിച്ചില്‍ വിനോദ് പറഞ്ഞു. അതുകേട്ടവഴി സര്‍ദ്ദാര്‍ജിയുടെ മട്ടുമാറി. സാധാരണ ഒരു വാചകത്തില്‍ രണ്ടുതെറിയെങ്കിലുംകൂട്ടി സംസാരിക്കുന്ന ആ പഹയന്‍ അതു നാലുംഅഞ്ചുമാക്കിവര്‍ദ്ധിപ്പിച്ച് പ്രഭാഷണംതുടങ്ങി. "അയ്യോ ഞാന്‍ വന്നോളാമേ" എന്നുപറഞ്ഞ് വിനോദ് ചാടിയെഴുന്നേറ്റു. വടിയും (ദണ്ഡ്) കുത്തിയുള്ള യാത്രയായതിനാല്‍ ദണ്ഡിയാത്രയെന്നോ, തെണ്ടിത്തരംമൂലം ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ട് തെണ്ടിയാത്രയെന്നോ വിശേഷിപ്പെക്കേണ്ട ആ യാത്ര, എന്തിയേന്തിക്കൊണ്ട് ഞങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. കുറച്ചുനടന്ന് ശരീരംചൂടായപ്പോള്‍ പേശീവലിവിനു സമാധാനമുണ്ടായി. രാജേഷിന് അപ്പോഴേക്കും പോകേണ്ടവഴികളെക്കുറിച്ചുള്ള നല്ല നിര്‍ണ്ണയംകിട്ടിയിരുന്നു.
യാത്രതുടങ്ങിട്ട് ആറുമണിക്കൂറോളം പിന്നിട്ടിരിക്കുന്നു. കോടമഞ്ഞുമൂലം വഴികള്‍ ഇടയ്ക്കിടെ അവ്യക്തമാവുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1350 അടിയോളം ഉയരത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. ഇടയ്ക്കിടെ ശ്വാസംവലിക്കാനുള്ള ബുദ്ധിമുട്ടുപോലെയും നേരിട്ടിരുന്നു. വഴിതെറ്റിയുംമറ്റുമായി ഒരു പത്തുകിലോമീറ്റര്‍ദൂരമെങ്കിലും കാട്ടിലൂടെ തരണംചെയ്തുകാണും.
പാഞ്ച്പീര്‍ദര്‍ഗ്ഗ സ്ഥിതിചെയ്യുന്ന മലയേയും അതിനടുത്ത് ഞങ്ങളപ്പോള്‍ നിന്നിരുന്ന മലയേയും തമ്മില്‍ബന്ധിപ്പിക്കുന്ന രണ്ടുമൂന്നടിമാത്രം വീതിയും 200 മീറ്ററോളം നീളവുമുള്ള ഒരുപാതയിലൂടെയാണ് ഇനിപോകേണ്ടത്. മലയിടുക്കിലൂടെ തണുപ്പുകാറ്റ് ശക്തിയായി വീശുന്നു. പാതയ്ക്കിരുവശങ്ങളിലും അഗാധമായ കൊക്കകള്‍. താഴേക്കുനോക്കിയാല്‍ കോടമഞ്ഞിനാല്‍ ഒന്നും ഗോചരമല്ല. ഭയമുണ്ടെങ്കില്‍ നാലുകാലില്‍ ഇഴഞ്ഞുവന്നോളാന്‍ രാജേഷ് പറഞ്ഞു. അതതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലോയെന്നുകരുതി, ഞങ്ങള്‍ നടന്നുതന്നെപോകാന്‍ തീരുമാനിച്ചു. ശക്തിയായ കാറ്റുമൂലം ഇടയ്ക്കിടെ ഇരിക്കേണ്ടിവന്നു.
ഒരേസമയം ഭീകരവും മനോഹരവുമായ ഒരനുഭവമുണ്ടായത് അപ്പോഴായിരുന്നു. മലയിടുക്കിലൂടെ കുളിരുംകൊണ്ടൊഴുകിവന്നൊരു വെണ്‍മേഘം ഞങ്ങളെ തഴുകിക്കൊണ്ടു കടന്നുപോയി. ശക്തമായ കാറ്റിന്റെ അകമ്പടിയുംകൂടെ ഉണ്ടായിരുന്നതിനാല്‍, അടിതെറ്റിവീഴാതിരിക്കാന്‍ അന്നേരംഞങ്ങള്‍ തറയില്‍ ഇരുന്നു. പുകമറയ്ക്കുള്ളില്‍പ്പെട്ട് ശ്വാസംമുട്ടിപ്പോകുമോയെന്നു ഭയപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. പുകമറപോലെ അതുകടന്നുപോകുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം കാണാനാവുന്നുണ്ടായിരുന്നില്ലായെങ്കിലും എയര്‍കൂളറില്‍നിന്നുള്ള കാറ്റുപോലെ ആര്‍ദ്രമായ കാറ്റിനേയും ആവാഹിച്ചുകൊണ്ടായിരുന്നു അതിന്‍റെ വരവ്. സ്വര്‍ഗ്ഗതുല്യമായ ഒരനുഭൂതി സമ്മാനിച്ചുകൊണ്ട് അതുകടന്നുപോകുന്നതു വീക്ഷിച്ചുകൊണ്ട് ഏതാനുംമിനിറ്റുകള്‍ ഞങ്ങളവിടെയിരുന്നു. നല്ലയൊരുന്മേഷം.
വീണ്ടുമൊരു അമ്പതുമീറ്റര്‍ നടന്നപ്പോള്‍ കോടമഞ്ഞുമൂടിയ പാഞ്ച്പീര്‍മലമുകളിലെ മൈതാനത്തില്‍ ആനകളെപോലെ തോന്നിപ്പിക്കുന്ന നാലഞ്ചു കറുത്തരൂപങ്ങള്‍... രാജേഷ് സഡന്‍ബ്രേക്കിട്ടപോലെ നിന്നു.
"അരേ.. ഫസ്ഗയാ.. ഹാത്തീലോഗ് ഖടെ ഹേ" രാജേഷ് പറഞ്ഞു.
വനത്തില്‍നിന്നിറങ്ങിവന്ന ആനകള്‍ പുല്ലുമേയുകയാണെന്ന് രാജേഷ് പറഞ്ഞപ്പോള്‍ ഉള്ളംകിടുങ്ങി. എത്രയോ ആനകളുള്ള ഗുരുവായൂരിലെ സ്വദേശിയായ ഒരുവന് ഈ കൊടുങ്കാട്ടില്‍വന്ന് ആനയുടെ ചവിട്ടുകൊണ്ട് ചാവേണ്ട ഗതികേടുണ്ടാവുമോയെന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. എന്തായാലും മഞ്ഞുമാറുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാല്‍മണിക്കൂറോളം കഴിഞ്ഞപ്പോള്‍ പരിസരം ഗോചരമായി. കുറച്ചുകൂടി മുന്നോട്ടുചെന്ന രാജേഷ്, ഞങ്ങളെനോക്കി പൊട്ടിച്ചിരിച്ചു. പാഞ്ച്പീര്‍ ദര്‍ഗ്ഗയിലെ ബാബ വളര്‍ത്തുന്ന ഭീമാകാരങ്ങളായ എരുമകളായിരുന്നു അവ.
അങ്ങനെ ഞങ്ങള്‍ ആ ദര്‍ഗ്ഗയില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നു. പുല്ലുകൊണ്ടും ഷീറ്റ്കൊണ്ടും മേഞ്ഞ രണ്ടു പാര്‍പ്പിടങ്ങള്‍. ഒന്നില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യങ്ങള്‍. അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പുകളും പാത്രങ്ങളുമൊക്കെ അവിടെയുണ്ട്. ചാണകംമെഴുകിയ തറയില്‍ വൃത്തിഹീനമായ കോസടികളും തഴപ്പായകളും നിരത്തിയിട്ടിരിക്കുന്നു. മറ്റൊരു കുടിലില്‍ ബാബയും അനുചരന്മാരും താമസിക്കുന്നു. അല്പസമയത്തിനുള്ളില്‍ ഞങ്ങളെ അങ്ങോട്ടുവിളിപ്പിച്ചു.
ഒരു വെളുത്ത ഒറ്റമുണ്ടും പച്ചനിറത്തിലുള്ള ഒരു തലേക്കെട്ടുംധരിച്ച്, ഏകദേശം 45 വയസ്സുതോന്നിപ്പിക്കുന്ന താടിക്കാരന്‍ബാബ ഞങ്ങളെ നിറഞ്ഞപുഞ്ചിരിയോടെ അകത്തേക്കു സ്വാഗതംചെയ്തു. ചന്ദനത്തിരിയുടെ സുഗന്ധം മുറിയില്‍ നിറഞ്ഞുനിന്നു. മുന്നില്‍ താഴെ നിരത്തിയിട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ ഇരുന്നു. രാജേഷുമായി ബാബയ്ക്ക് മുന്‍പരിചയമുള്ളതിനാല്‍ ഞങ്ങളെ അദ്ദേഹം ബാബയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഞങ്ങള്‍ മൂവരുടെയും നെറ്റിപിടിച്ച് അയാളെന്തൊക്കെയോ ഉറുക്കുകളുരുവിട്ട് കവിളിലൊരു തട്ടുമൊക്കെ പാസ്സാക്കി. എന്നാല്‍ മൂടുപിന്നിയ പാന്റിനെക്കുറിച്ചായിരുന്നു എന്‍റെ ചിന്തകള്‍. ഔപചാരികതകളൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ രാജേഷിന്‍റെ ചെവിയില്‍ അതിനൊരു പരിഹാരമുണ്ടാക്കണമെന്നു മന്ത്രിച്ചു. ഉടനേ രാജേഷ് ബാബയുടെ പക്കല്‍നിന്ന് ഒരു സൂചിയുംനൂലും സംഘടിപ്പിച്ചുതന്നു. ബാബതന്ന മുഷിഞ്ഞ തോര്‍ത്തുമുണ്ടുമുടുത്തിരുന്ന്‍ ഞാന്‍ ഒരുവിധമതു തുന്നിപ്പിടിപ്പിച്ചു. സമാധാനം... പകല്‍വെളിച്ചത്തില്‍ തിരിച്ചുപോകേണ്ടതല്ലേ.
ബാബയുടെ ഒരു പരിചാരകന്‍ ആവിപറക്കുന്ന കട്ടന്‍കാപ്പിയുമായിവന്നു. നല്ല കടുപ്പവും മധുരവുമുള്ള ആ കാപ്പികുടിച്ചപ്പോള്‍ എല്ലാ ശക്തിയും തിരികേലഭിച്ച അനുഭൂതി.
ഹസ്രത് ഹാജിമലങ്ങ്ബാബയുടെ അഞ്ച് അനുചരന്മാരെ അടക്കിയ കുഴിമാടങ്ങളിലെ പ്രഭാതപൂജ നടത്താനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ ബാബ. ഞങ്ങളെയും അദ്ദേഹം പൂജയില്‍പങ്കെടുക്കാന്‍ ക്ഷണിച്ചു. അതുകഴിഞ്ഞാകാം പ്രഭാതഭക്ഷണമെന്നും പറഞ്ഞു. ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണത്രേ ആ സമയത്ത് പുറത്തുനിന്നാരെങ്കിലും അവിടെ എത്തുന്നത്. ബാബ അത്ഭുതപ്പെട്ടുകൊണ്ട് പറഞ്ഞു. രാത്രിയില്‍ ഇരതേടാനിറങ്ങുന്ന കടുവകളാണ് ഭീഷണിപോലും. സന്ദര്‍ശകരില്‍ചിലരെ കടുവ റാഞ്ചിക്കൊണ്ടുപോയ കഥകളൊക്കെ അദ്ദേഹവും വിസ്തരിച്ചു. ഞങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും ഭീതിപടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു. മഴപെയ്യുന്നതുകൊണ്ടായിരിക്കാം നിങ്ങളെ അതൊന്നുംചെയ്യാതിരുന്നിരിക്കുകയെന്നുള്ള അഭിപ്രായം അദ്ദേഹവും പ്രകടിപ്പിച്ചു.
ബാബയുടെയൊപ്പം ഞങ്ങള്‍ കുഴിമാടങ്ങളിലേക്ക് നീങ്ങി. ചില ദിവസങ്ങളില്‍ പൂജനടക്കുന്ന സമയത്ത് ഏതാനും കടുവകള്‍ ദൂരെമാറിനിന്ന് അതിനു സാക്ഷ്യംവഹിക്കാറുണ്ടത്രേ! അന്നേതായാലും ഒന്നിനേയും കണ്ടില്ല. പൂജകഴിഞ്ഞവഴി പ്രസാദംപോലെ എന്തോയൊന്ന് ഓരോ സ്പൂണ്‍വീതം ഓരോരുത്തരുടേയും കൈകളില്‍ കുടഞ്ഞിട്ടു. തൈരും ഉരുളന്‍കിഴങ്ങും എള്ളും കടുകുമൊക്കെയുള്ള ഒരു മിശ്രിതം. ഞാനൊന്നു രുചിച്ചുനോക്കി. മധുരവുംപുളിയുംകൂടിയ ചവര്‍പ്പ്.. ആരുംകാണാതെ ഞാനതൊരു മരത്തില്‍ തേച്ചുപിടിപ്പിച്ചു.
ഭക്ഷണം കഴിച്ചുവരാനായി നിര്‍ദ്ദേശിച്ചതനുസരിച്ച് ഞങ്ങള്‍ ആദ്യംവിവരിച്ച കൂരയിലേക്കുചെന്നു. വലിയ അലുമിനിയംകലങ്ങളില്‍ കഞ്ഞിയും പരിപ്പും (ഖിച്ചടി) തിളച്ചുമറിയുന്നു. മറ്റൊരു കലത്തില്‍ കട്ടന്‍ചായയും. വലിയ സ്റ്റീല്‍കിണ്ണങ്ങളില്‍ ആവിപറക്കുന്ന ഖിച്ചടിയും മറ്റൊരു തകരപ്പാത്രത്തില്‍ ചപ്പാത്തിയും ഒരു അലുമിനിയംമൊന്തയില്‍ ചായയും കൊണ്ടുവന്നുവെച്ചു. ഞാനൊരു ചപ്പാത്തിയെടുത്തു പരിശോധിച്ചപ്പോള്‍ അത് വടിപോലെയിരിക്കുന്നു. തലേരാത്രിയിലെ ചൂടാക്കിത്തന്നതാണെന്ന് ഊഹിച്ചു. മാത്രമല്ലാ.. ഒരു പാറ്റക്കാലും അതില്‍നിന്നു തലനീട്ടുന്നതായും കണ്ടു. അറപ്പോടെ ഞാനത് തിരികേവച്ചു. വിശപ്പിന്‍റെ കാഠിന്യത്തില്‍ ആ വലിയകിണ്ണം ഖിച്ചടിമുഴുവന്‍ ചൂടോടെ അകത്താക്കി. വിനോദും രാജേഷും അല്പംമാത്രം കഞ്ഞിയും പിന്നെ പാറ്റയെചേര്‍ത്തുകുഴച്ച ചപ്പാത്തിയുമാണ് കഴിച്ചിരുന്നത്. മറ്റുള്ളവര്‍ നോക്കിനില്ക്കുന്നതിനാല്‍ നിസ്സഹായമായി ആ കാഴ്ച കണ്ടിരിക്കാനേ സാധിച്ചുള്ളൂ. ഹാവൂ.. വയറുനിറഞ്ഞു.. ഇനിയൊന്നുകിടക്കണം. വൃത്തിയില്ലാത്ത, ചെളിമണംപൊഴിക്കുന്ന കോസടികളില്‍ മലര്‍ന്നുകിടന്ന ഞങ്ങള്‍ നിമിഷനേരംകൊണ്ട് ഉറങ്ങിപ്പോയി.
രണ്ടരമണിക്കൂറോളം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ക്ഷീണമൊക്കെയൊരുവിധം മാറി. മുഖമൊക്കെ കഴുകി, ഒരു കട്ടന്‍ചായ അകത്താക്കിയപ്പോള്‍ തിരിച്ചിറങ്ങാനുള്ള ആത്മവിശ്വാസം ലഭിച്ചു. കയറിയതിനേക്കാള്‍ കഷ്ടമാണ് ഇറക്കം. കാലിലെ പേശികള്‍ക്കെല്ലാം ഭയങ്കര കടച്ചില്‍. മരങ്ങളില്‍ വലിഞ്ഞുതൂങ്ങിത്തൂങ്ങി, കൈകളിലേയും തോളുകളിലേയും പേശികളെല്ലാം വേദനകൊണ്ടു കരയുന്നു. എന്തുചെയ്യാം.. നിവൃത്തിയില്ലാ.. തനിക്കുപകരം മറ്റൊരാള്‍ ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ. അന്നേരം അവിടെയെങ്ങാനും ഒരു ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ടായിരുന്നെങ്കില്‍ എന്തുവിലകൊടുത്തും ഞങ്ങളതില്‍ കയറിപ്പറ്റുമായിരുന്നു.
പകല്‍വെളിച്ചത്തിലായിരുന്നു തിരിച്ചിറക്കമെന്നതിനാല്‍ അധികം ദുര്‍ഘടങ്ങളില്ലാത്ത പാതകളിലൂടെത്തന്നെ ഞങ്ങള്‍ക്ക് നീങ്ങാന്‍പറ്റി. കയറാന്‍ ആറുമണിക്കൂറിലധികമെടുത്തിരുന്നുവെങ്കില്‍ ഇറങ്ങാന്‍ വെറും രണ്ടരമണിക്കൂറേ എടുത്തുള്ളൂ. പക്ഷേ കുത്തനേയുള്ള ഒറ്റയടിപ്പാതകളിലൂടെയുള്ള പ്രയാണവും ഇടയ്ക്കുള്ള ബ്രേക്ക്പിടുത്തവും പേശികളെ കൂടുതല്‍ തകരാറിലാക്കുന്നുണ്ടായിരുന്നു. ടാര്‍റോഡില്‍ എത്തിയപ്പോള്‍ കല്യാണിലേക്കുള്ള ഒരു ബസ്സ് കിട്ടി. ഉടുപ്പിലാകെ ചെളിപ്പാടുകള്‍... ആളുകളത് ശ്രദ്ധിക്കുന്നത് ഗൗനിക്കാന്‍പോയില്ല.
വീട്ടിലെത്തുമ്പോള്‍ മണി നാല്. അതിനിടെ മലമുകളില്‍വെച്ച് ഫോണിലെ ചാര്‍ജ് തീരുന്നതിനുമുന്‍പ് അവളെ വിളിച്ച് നിജസ്ഥിതികള്‍ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ സീന്‍ അധികം മോശമായില്ലാ. അവള്‍ ചൂടാക്കിത്തന്ന വെള്ളത്തില്‍ സുന്ദരമായൊരുകുളി. പിന്നെ കിടയ്ക്കയിലെക്കൊരു മറിച്ചിലും..
പിറ്റേദിവസമാണ് ഞങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്തിരുന്ന ഞെട്ടിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാനും വിനോദും ഓര്‍ക്കുന്നത്. വിനോദിന്‍റെ ജാതകത്തില്‍ ആയുസ്സ് വെറും 32 വയസ്സും അതുതരണംചെയ്‌താല്‍പ്പിന്നെ തല്ലിക്കൊന്നാലും ചാവില്ലായെന്നുമൊക്കെ എഴുതിവച്ചിരുന്നത്. ജാതകത്തിലൊന്നും ഒരു വിശ്വാസവുമില്ലെങ്കിലും ആ യാത്രക്കുമുന്‍പ് ഈ സംഗതി ഓര്‍മ്മവന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മുപ്പത്തിരണ്ടാം ജന്മദിനത്തിലുള്ള ഈ അപകടംപിടിച്ച യാത്രപോകാന്‍ ഞാന്‍ സമ്മതിക്കുമായിരുന്നില്ല.
നക്ഷത്രങ്ങള്‍ ഒറ്റയ്ക്ക് മരുവുമ്പോഴാണ് അതിനു ദോഷഫലങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍, മറ്റുനക്ഷത്രങ്ങളുടെ സാമീപ്യമുണ്ടെങ്കില്‍ ആ ദോഷങ്ങളെല്ലാം പരിഹരിക്കപ്പെടും. അതിനാല്‍ ആത്മാര്‍ത്ഥതയുള്ള ഉറ്റസുഹൃത്തുക്കളെ ധാരാളമായി സമ്പാദിക്കുക. അതായിരിക്കും നമ്മുടെയൊക്കെ ബലം.
- ജോയ് ഗുരുവായൂര്‍.

ഭൂമിയിലെ താരകങ്ങള്‍..

നമ്മളിപ്പോഴും മരിച്ചിട്ടില്ലായെന്ന്, 
പരസ്പരമുള്ള മുഖംകാണിക്കലില്‍ ,
സ്പഷ്ടമാകുന്നതൊരു ആശ്വാസം..
പിന്നെയെങ്ങനെയാണ് നമ്മള്‍ മരിച്ചുപോയത്?
സാഹചര്യങ്ങളൊരുക്കുന്ന
ശരശയ്യകളില്‍ക്കിടന്നു വേദനിക്കുമ്പോള്‍,
സ്നേഹസാഹോദര്യങ്ങളും,
പ്രണയവും കാമവും,
ബഹുമാനവും, എല്ലാമെല്ലാം..
മരുയാത്രകളില്‍പ്പെട്ടുപോകുന്നൂ..
തറച്ചുനില്ക്കാനൊരു ഭൂമിയില്ലെങ്കില്‍,
കെട്ടിപ്പിടിക്കാനൊരു ഹൃദയം ചാരത്തില്ലെങ്കില്‍,
എല്ലാവരും നക്ഷത്രസമാനമാവും..
എന്നുമെന്നും രാത്രികളില്‍,
ആകാശവിദൂരതകളിലേക്ക് കണ്ണുകളെറിഞ്ഞ്,
അവനെയല്ലെങ്കിലവളാകുന്ന താരകത്തെ,
തേടുന്ന പാവം ആത്മാവുകള്‍..
സാമീപ്യമാത്മാര്‍ത്ഥമായി തേടുന്ന,
ഭൂമിയിലെ താരകങ്ങള്‍! ..
ഒരു വാക്കിലമര്‍ന്നിരിക്കാന്‍..
ആ ചൂടിലെരിഞ്ഞുതീരാന്‍,
എപ്പൊഴുമെപ്പോഴുമൊരുമിച്ചിരിക്കാന്‍..
മാത്രമാഗ്രഹിക്കുന്നവര്‍!.....
- ജോയ് ഗുരുവായൂര്‍

ഒന്നും നമ്മുടേതല്ലാ.....

ഒന്നും നമ്മുടേതല്ലാ.....
ഈ ഭൂമിയിലുള്ള യാതൊന്നും
നമ്മുടേതല്ലാ.. 
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹംപോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും,
മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും,
മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും,
ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും,
ഓടിനടക്കവേ തട്ടിമറിഞ്ഞതും,
അച്ഛനുമമ്മയും വാരിയെടുത്തതും,
ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍.
അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും,
കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും,
തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും
ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും
ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും,
മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും
ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..
പാടത്തു പട്ടംപറത്തിക്കളിച്ചതും
വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും
മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും
മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും
ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും
കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും,
പൂരപ്പറമ്പുകള്‍തോറും നടന്നതും,
പൊടിമീശകണ്ടങ്ങ് പുളകിതനായതും
മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും
കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...
ബിരുദങ്ങളൊക്കെയും നേടിയെടുത്തതും
നാടിനുംവീടിനുമഭിമാനമായതും
പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും
തൊഴിലിനായൊടുവില്‍ പ്രവാസിയായതും
അച്ഛനുമമ്മയ്ക്കുമാശ്വാസമായതും
മംഗല്യസൂത്രത്താല്‍ സഖിയെ വരിച്ചതും
കുഞ്ഞുസൂനങ്ങളെ മാറോടണച്ചതും
അദ്ധ്വാനപാതകള്‍ താണ്ടിനടന്നതും
യൗവ്വനകാലത്തിന്‍ നാഴികക്കല്ലുകള്‍...
നാഴികക്കല്ലുകള്‍ തേടുന്ന യാത്രകള്‍
എകാന്തമായി തുടര്‍ന്നുകൊണ്ടീടുന്നു.
ഭാരംവലിക്കുന്നൊരൊറ്റക്കുതിരയായ്
നുരയുംപതയും വീഴ്ത്തിക്കൊണ്ടനുദിനം..
വെള്ളിനിരകളെ താലോലിച്ചിന്നു ഞാന്‍
വാര്‍ദ്ധക്യകാലത്തെ കാത്തങ്ങിരിക്കവേ,
ഇന്നോളംതാണ്ടിയ നാഴികക്കല്ലുകള്‍
ഉയിരോടെയിന്നുമെന്‍ മനസ്സില്‍ത്തെളിയുന്നു.
ജോയ് ഗുരുവായൂര്‍
15/08/2017

ദുരിതമതെന്നും നമ്മുടെ നേട്ടം!... (തുള്ളല്‍)

കര്‍മ്മത്തില്‍ ദുരയേറുകമൂലം,
ധര്‍മ്മത്തില്‍ നിന്നോടിയൊളിക്കും,
മന്നവരിവിടം വാഴുംകാലം,
മാനവജീവിതം കഷ്ടം..കഷ്ടം..
നോട്ടിന്‍കെട്ടുകള്‍ സ്വപ്നംകണ്ട്,
വെള്ളമിറക്കിയിരിക്കും സേവകര്‍,
‘കെട്ടു’കളുള്ളൊരു പാവപ്പരിഷയെ,
ആട്ടിയിറക്കി പായിക്കുന്നു.
എന്തിനുമേതിനും നോട്ടുകള്‍വേണം,
നോട്ടുകളില്ലേല്‍ ലഹരികള്‍വേണം,
കനകംവേണം കാമിനിവേണം,
കാമനയൊക്കെയും കൈകളിലാക്കാന്‍.
വിദ്യാഭ്യാസം നേടിയെടുക്കാന്‍,
കാശുകളനവധി ചിലവാക്കേണം,
കീശകളൊട്ടിയ പാവങ്ങള്‍ക്ക്,
ഇടിമുറി-യടിപിടി മാത്രംമിച്ചം.
ചത്തവരെല്ലാം ഓര്‍മ്മകളാവും,
കൊന്നവരെന്നും സുഖമായ്-വാഴും,
ദൈവംതന്നുടെ സ്വന്തമി-രാജ്യം,
താന്തോന്നികളുടെ താവളമല്ലോ..
അവകാശങ്ങള്‍ നേടിയെടുക്കാന്‍,
സമരമതിന്നൊരു മാര്‍ഗ്ഗമെയല്ലാ,
സമരംചെയ്യും പരിഷകള്‍തന്നുടെ,
നാഭികള്‍നടുവേ ഛേദിച്ചീടും.
രോഗികള്‍തന്നുടെ കീശകള്‍പിഴിയാന്‍,
ഉണ്ടിവിടനവധി പരിശോധനകള്‍.
കാലില്‍ മുള്ളുതറച്ചൊരു രോഗിയെ,
സീടീ-സ്കാനിംഗ് ചെയ്യിച്ചത്രേ!
നൂറിന്‍നോട്ടുമായ് കടയില്‍പ്പോയാല്‍
നൂറും പൊകലയും മാത്രംകിട്ടും.
പച്ചക്കറിയും പലവ്യഞ്ജനവും
കിട്ടാന്‍ കാശിന്‍ കെട്ടുകള്‍വേണം.
ഇങ്ങനെയൊരു വിനയുണ്ടായീടാന്‍,
ഉത്തരവാദികളാരാണെന്ന്,
ചോദിച്ചീടില്‍ മന്ത്രികള്‍ 'ചീറും' ,
“കേന്ദ്രം ഞങ്ങടെ കൈകളിലാണോ?”
കേന്ദ്രക്കാരിഹ വന്നീടുകിലോ,
പഴികള്‍മൊത്തം സംസ്ഥാനത്തിനും.
പാവപ്പെട്ടൊരി പൊതുജനമപ്പോള്‍,
നെഞ്ചില്‍ കൈകള്‍ ചേര്‍ത്തീടുന്നു.
ഞങ്ങളെ നിങ്ങള്‍ ദ്രോഹിച്ചീടിലും,
വോട്ടുകള്‍ ഞങ്ങള്‍ കുത്തിയിരിക്കും.
നാടിനെ കുട്ടിച്ചോറാക്കുകിലും,
ഞങ്ങടെപാര്‍ട്ടി ജയിക്കുകവേണം.
ബുദ്ധിയതൊന്നു പ്രയോഗിക്കാതെ,
കള്ളന്മാര്‍ക്കിഹ കഞ്ഞിവിളമ്പി,
നമ്മുടെ നരകം നാം തീര്‍ക്കുന്നു..,
ദുരിതമതെന്നും നമ്മുടെ നേട്ടം!... (2)
- ജോയ് ഗുരുവായൂര്‍

ഗംഗയൊഴുകുന്നു.. ഗംഗയൊഴുകുന്നു...

ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു..
ഹുങ്കു തിളയ്ക്കുമാമന്തരംഗങ്ങള്‍തന്‍
പങ്കം കഴുകിക്കൊണ്ടിന്നുമൊഴുകുന്നു.
ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു...
കാട്ടാളരേക്കണ്ട കുഞ്ഞിന്‍കരച്ചിലും
വേട്ടായാടപ്പെട്ട പെണ്ണിന്‍ വിതുമ്പലും
കൂട്ടരേക്കുത്തിയ കുറ്റബോധങ്ങളും
കൂട്ടത്തിലെല്ലാമലിഞ്ഞങ്ങു പോകുന്നു...
വൃദ്ധര്‍തന്‍ വ്യഥകള്‍ സൃഷ്ടിച്ച ശാപവും,
ബുദ്ധിതന്‍ ചാപല്യമേറ്റിയ പാപവും,
ശുദ്ധിവരുത്താനായൊഴുകി-യൊഴുകിയ-
ശുദ്ധയായിന്നുമാ ഗംഗയൊഴുകുന്നു..
മുജ്ജന്മപാപപരിഹാരം ദര്‍ഭയില്‍,
മുദ്രിതമാക്കുന്നു എള്ളുരുളകളായ്,
മൂന്നുവട്ടമങ്ങു മുങ്ങിനിവര്‍ന്നേവം,
മൂര്‍ച്ചകുറയ്ക്കുന്നു മാനസതാപങ്ങള്‍..
ആര്‍ത്തവരക്തം പുരളാത്ത മേനികള്‍,
ആര്‍ത്തിയോടങ്ങു കരണ്ട ജന്മങ്ങളും,
ആസക്തമൂര്‍ച്ഛയില്‍ കോമരംതുള്ളുന്ന
ആഭാസവൃന്ദവും പാപംകഴുകുന്നു..
പാതികരിഞ്ഞ ധാന്യശകലങ്ങളും,
പാതിവെന്തങ്ങലയുംകബന്ധവും,
പാപങ്ങളെല്ലാം തീര്‍ക്കാനായ്‌ നിത്യവും,
പാപനാശിനിയിലൊഴുകിത്തിമിര്‍ക്കുന്നു..
കൊല്ലുന്ന, വെല്ലുന്ന, കുതികാലുവെട്ടുന്ന,
കാണാത്ത ഭാവത്തില്‍ തെറ്റുകള്‍ചെയ്യുന്ന,
കല്മഷമാര്‍ന്നൊരാ മാനസമൊക്കെയും,
കഴുകിവെളുപ്പിക്കാന്‍ ഗംഗയൊഴുകുന്നു..
കാളായ പാപത്തിന്‍ കറയാം കരിനിറം,
കണ്മഷിയാക്കിയ ഗംഗതന്‍ തീരങ്ങള്‍,
കണ്ടാലറിയാത്തപോലിന്നു മരുവുന്നു,
കാളകൂടങ്ങള്‍തന്‍ തീവ്രമാം തീണ്ടലില്‍..
ദൈവത്തെ രക്ഷിക്കാന്‍ കോട്ടകള്‍കെട്ടുന്ന,
ദാനത്തിന്‍ മറകളില്‍ ചൂഷണംചെയ്യുന്ന,
ധര്‍മ്മത്തിന്‍ശാസനം കാറ്റില്‍പറത്തുന്നൊ-
രധര്‍മ്മഭൂവിലീ ഗംഗികായൊഴുകുന്നു.
ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു..
ഹുങ്കു തിളയ്ക്കുമാമന്തരംഗങ്ങള്‍തന്‍,
പങ്കം കഴുകിക്കൊണ്ടിന്നുമൊഴുകുന്നു... (2)
- ജോയ് ഗുരുവായൂര്‍

എന്‍റെ തിരുവോണം

പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ..
വിളഞ്ഞ വയലുകളെത്തഴുകി വരു-
മിളങ്കാറ്റിന്‍റെയീണം കാതുകളില്‍.
മാവേലിനാടിന്‍ ഗുണമേന്മകളോതും
പാട്ടിന്‍ശീലുകള്‍ ഹൃദയത്തിലും.
മധുവുണ്ടു ഇതളുകളില്‍മയങ്ങും
കട്ടെറുമ്പുകളെത്തട്ടിവീഴ്ത്തി-
ത്തുമ്പയറുത്തു ചേമ്പിലക്കുമ്പിളി-
ലാക്കാന്‍ മത്സരിക്കും കൂട്ടുകാര്‍.
ചാണകംമെഴുകിയ നടുമുറ്റത്ത്,
ഞാനുമമ്മയും ചേച്ചിയുമുണ്ണിയും
ചാഞ്ഞുംചരിഞ്ഞുമിരുന്നുതീര്‍ത്തിടും
പൂക്കളത്തിന്‍ശോഭ മനസ്സിലും.
മുത്തച്ഛനോടൊപ്പമോണച്ചന്തയില്‍
തുണിസഞ്ചിയുംതൂക്കി മണ്ടിനടന്ന്‍,
പച്ചക്കറികളും പഴക്കുലയുംവാങ്ങി,
തലച്ചുമടാക്കി വന്നിരുന്നതും,
ശര്‍ക്കരകൂട്ടിയേത്തപ്പഴം പുഴുങ്ങി,
പ്രാതലിനമ്മ തന്നിരുന്നതും,
ശര്‍ക്കരുപ്പേരിയും കായവറുത്തതും,
കറുമുറായെന്നങ്ങു തിന്നിരുന്നതും,
മറക്കാന്‍ മടിച്ചീടുന്നയോര്‍മ്മകള്‍.
അച്ഛനുമമ്മാവനും സമ്മാനിക്കും
പുത്തനോണപ്പുടവകളുടുത്ത്,
കൂട്ടുകാരോടൊത്തു കുരവയിട്ടു-
മൂഞ്ഞാലാടിയും തുമ്പികളിച്ചും
പാട്ടുകള്‍പാടിയുമോടിക്കളിച്ചും
വള്ളംകളി, കുമ്മാട്ടി, പുലിക്കളിയും
കൈക്കൊട്ടിക്കളിയും കണ്ടാഹ്ലാദിച്ചു
തിമിര്‍ത്തയെത്രയോ തിരുവോണങ്ങള്‍!
ഒരു നാക്കിലയുമതില്‍ക്കുറച്ചു,
കാളനും ഓലനുമവിയലും,
പുളിശ്ശേരിയെരിശ്ശേരി കിച്ചടി,
പച്ചടിയുപ്പേരിയിച്ചിരി പുളിഞ്ചിയു-
മച്ചാറും കൂട്ടുകറിയും പപ്പടവും
പഴവുമൊരല്പ്പം ചോറുമതി-
ലൊരു തവി സാമ്പാറും നെയ്യും
പരിപ്പും മോരുമവസാനമിത്തിരി
ചൂടുള്ള ചെറുപയര്‍പായസവും...
നിനവിലൊരോണസദ്യയുമൊരുക്കി,
ചുട്ടുപഴുത്ത മരുഭൂമിയില്‍വയ്ച്ച,
ശീതീകരിച്ച *കാരവനിലെ-
യിളകുന്നയിരുമ്പു കട്ടിലില്‍,
ഗൃഹാതുരത്വത്തിന്‍ തടവുകാരനായി,
തിരുവോണദിനത്തില്‍ ഞാന്‍ കിടന്നു.
---------------------------------------------------
*കാരവന്‍ = നീണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കു താമസിക്കാനായി, എങ്ങോട്ടുവേണമെങ്കിലും മാറ്റിസ്ഥാപിക്കാവുന്നരീതിയില്‍ മരവും ഇരുമ്പും പ്ലൈവുഡും തെര്‍മ്മോകോളും ടിന്‍ഷീറ്റുമുപയോഗിച്ചു പണികഴിപ്പിക്കുന്ന താല്‍ക്കാലിക മുറികള്‍.
- ജോയ് ഗുരുവായൂര്‍

ഇന്നെങ്കിലും വരാതിരിക്കില്ല്യാ..ല്ലേ?.. 🤨😐


ദുബായില്‍നിന്ന്‍ അബുദാബിക്ക്....
സമയം, രാത്രി പതിനൊന്നുമണി.. വിജനമായ ഹൈവേ.... FM റേഡിയോയിലെ പാട്ടുകള്‍മാത്രം കൂട്ടിന്....
"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ...
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ..."
നല്ലരസം......
പെട്ടെന്നാണത് സംഭവിച്ചത്...
ഇടിമിന്നല്‍പോലെ പുറകില്‍നിന്നൊരു ഫ്ലാഷ്!..
റിയര്‍വ്യൂ മിററിലൂടെ പുറകിലോട്ടു കണ്ണെറിഞ്ഞു.. ഒരു കുട്ടിച്ചാത്തന്‍, ക്യാമറയുടെ രൂപത്തില്‍, നിന്ന് ഇളിക്കുന്നു... കശ്മലന്‍..
യാന്ത്രികമായി കണ്ണുകള്‍ സ്പീഡോമീറ്ററിലേക്ക്.... 148/Hr ല്‍ സൂചികയുടെ പരിഹാസ്യനൃത്തം.... ശവം...
ശ്ശോ... 700 ദിര്‍ഹത്തിന്‍റെ അസ്സല്‍ പണി...
അന്നേമുതലുള്ള കാത്തിരിപ്പാ... അബുദാബി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പാര നോട്ടിഫിക്കേഷന്‍ മൊബൈലില്‍ വരുന്നതുനോക്കി..
ദിവസമിപ്പോ മൂന്നുനാലായി... ഇന്നെങ്കിലും വരുമായിരിക്കുമല്ലേ... ങേ.. ഇനി വരാതിരിക്കുമോ!?
വരാതിരിക്കട്ടേ.. 'കുട്ടിച്ചാത്തന്‍' പൊട്ടനായിപ്പോകേണമേ.. മുത്തപ്പനൊരു മെഴുതിരി കത്തിച്ചോളാമേ...
പ്യാവം ഞ്യാന്‍...🙄😏😪😫😓

മരിക്കാത്ത മോഹങ്ങള്‍

വ്യാഴത്തില്‍നിന്നും ചന്ദ്രനിലേക്കുള്ള സ്പേസ്കാര്‍ പുറപ്പെടാന്‍ മൂന്നുമിനിറ്റ് വൈകും. ജോനാഥന്‍ ചെസ്ലോക് അസ്വസ്ഥനായി സ്പേസ് സ്റ്റേഷന്‍റെ ലോഞ്ചിംഗ്പ്ലാറ്റ്ഫോമിലെ പാസഞ്ചര്‍ലോബിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. കോട്ടിന്‍റെ പോക്കറ്റില്‍നിന്ന്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌പേടകമെടുത്തുതുറന്ന്, അതില്‍ ആവശ്യത്തിനുള്ള വിറ്റാമിന്‍ഗുളികകളുണ്ടോ എന്നയാള്‍ ഉറപ്പുവരുത്തി.
ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ഏകദേശം വൈകീട്ട് ഏഴുമണികഴിഞ്ഞ് എട്ടുമിനിട്ടും ഒമ്പതുസെക്കന്റും. നീണ്ട യാത്രയുടെ ഫലമായി ആന്തരാവയങ്ങള്‍ക്കുസംഭവിച്ച അസ്വസ്ഥത ജോനാഥന്‍റെ മുഖത്ത് നിഴലിച്ചിരുന്നു. സ്പേസ്-സ്റ്റേഷനിലെ ഡോക്റ്റര്‍മാര്‍ എല്ലാ യാത്രക്കാരെയും വാതാനുകൂലിതചേമ്പറിലേക്ക് നയിച്ച്‌, ഇന്‍ജക്ഷനും ചില മരുന്നുകളുംകൊടുത്ത് നിശ്ചിതസമയം ഉറങ്ങാന്‍ നിര്‍ദ്ദേശംനല്‍കി. കാലാവസ്ഥാവ്യതിയാനത്തോട് ശരീരത്തെ സംയോജിപ്പിക്കാനുള്ള പ്രതിവിധികള്‍.
പുലര്‍ച്ചേ മൂന്നുമണി കഴിഞ്ഞ് രണ്ടുമിനിട്ട് ഒരു സെക്കന്റിന് ഭൂമിയിലെ ഫ്രഞ്ച് ഗയാനക്ക് പുറപ്പെടുന്ന സ്പേസ്ബസ്സില്‍ ഇരിക്കുമ്പോള്‍ ജോനാഥന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റമുണ്ടായി. സ്വീകരിക്കുവാന്‍ തന്‍റെ മകള്‍ എലീന, സ്പേസ്-സ്റ്റേഷനില്‍ ഉണ്ടാവും. പത്തുവര്‍ഷത്തിനുശേഷമുള്ള കണ്ടുമുട്ടല്‍!.. ദിവസവും കോസ്മോചാറ്റ് നടത്താറുണ്ടെങ്കിലും നേരിട്ടുകാണുമ്പോള്‍ ഉളവാകുന്ന പ്രത്യേകത അളവറ്റതാണല്ലോ. ആറുവര്‍ഷംമുമ്പുണ്ടായ സ്പേസ്കാറപകടത്തില്‍ എലീനയുടെ അമ്മ, മിഷേല്‍ വേര്‍പ്പിരിഞ്ഞുപോകുമ്പോള്‍ അവള്‍ക്ക് വയസ്സുപത്തായിരുന്നു. ഡഗ്ലസ്‌ സ്പേസ്റിസര്‍ച്ച്സെന്ററിലെ ജൂനിയര്‍ഗവേഷകയായി ജോലിചെയ്യുകയായിരുന്നു അപ്പോള്‍ എലീന. ഇപ്പോള്‍ അവിടത്തെ സി.ഇ.ഒ ആണവള്‍. ഇപ്രാവശ്യം എന്തായാലും അവളെയൊരു വിവാഹംകഴിക്കുവാന്‍ നിര്‍ബന്ധിപ്പിക്കണം. വിവാഹമെന്ന സംഭവം പഴഞ്ചന്‍തലമുറയിലെ അനാചാരമായി ലോകം അവഹേളിച്ചുതള്ളുന്നുണ്ടെങ്കിലും തന്‍റെ പാരമ്പര്യംകാത്തുസൂക്ഷിക്കുന്ന ഒരുപേരക്കുട്ടിയെ ലാളിക്കാനുള്ള ഉള്ളിന്‍റെയുള്ളിലെ അടങ്ങാമോഹം പൂവണിയിക്കാന്‍ ഇതല്ലാതെവേറെ മാര്‍ഗമൊന്നുമില്ലല്ലോ. നിലവിലെ ശരാശരി മനുഷ്യായുസ്സ് മുപ്പത്തിയഞ്ച് വയസ്സ് ആയെന്ന് ഇന്നലെകണ്ട ഇ-ന്യൂസിലെ സര്‍വ്വേയില്‍ താന്‍ ശ്രദ്ധിച്ചിരുന്നതാണ്. അങ്ങനെയെങ്കില്‍, കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരുടെ ഗണത്തില്‍ ഈ മുപ്പത്തിരണ്ടുകാരനായ ജോനാഥന്‍ എന്ന താനും.
പെട്ടെന്നാണ് സ്പേസ്ബസ്സിനകത്തെ മോണിറ്ററില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ജോനാഥന്‍ ശ്രദ്ധിച്ചത്. ചിന്തകള്‍ക്കിടയിലെപ്പോഴോ പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഭൂമിയിലേക്കുള്ള ശേഷിച്ച ദൂരം, അവിടത്തെ കാലാവസ്ഥ, താമസിക്കാനുള്ള റിസോര്‍ട്ടുകളുടെ വിവരണങ്ങള്‍, സെല്‍ഫ്ഡ്രൈവിംഗ് എയര്‍കാപ്സ്യൂളുകള്‍ വാടകയ്ക്ക്കൊടുക്കുന്ന കമ്പനികളുടെ വിവരങ്ങള്‍, ഇത്യാദി കാര്യങ്ങളൊക്കെ തെളിഞ്ഞുവന്നുകൊണ്ടിരുന്നത് നിസ്സംഗതയോടെ നോക്കി ജോനാഥനിരുന്നു.
വീണ്ടും എലീനയുടെ മുഖം മനസ്സിന്‍കണ്ണാടിയില്‍... വിവാഹം കഴിച്ച് മൂന്നുമാസം ഒരു കുട്ടിയെ ഗര്‍ഭംധരിച്ച് പ്രസവിക്കാന്‍ അവള്‍ക്ക് വല്ലാത്ത വിമുഖത. കിഡ്സ്‌കെയര്‍ സെന്ററുകളില്‍ പരിപാലിക്കപ്പെടുന്ന അനേകലക്ഷം എക്സ്പെല്‍ഡ് ചില്‍ട്രന്‍സില്‍നിന്നും പറ്റിയൊരെണ്ണത്തിനെ ദത്തെടുത്ത് മകന്‍ അല്ലെങ്കില്‍ മകള്‍ എന്നൊരുസ്ഥാനവുംകൊടുത്ത് വളര്‍ത്തിയാല്‍പോരേ... എന്ന് രണ്ടുദിവസംമുമ്പ് നടത്തിയ ചാറ്റിനിടയില്‍ തന്നോടവള്‍ ചോദിച്ചപ്പോള്‍, താന്‍ കയര്‍ത്തതൊക്കെ അവള്‍ മറന്നിരിക്കുമോ? ഈ പതിനാറുവര്‍ഷത്തിനിടയില്‍ അച്ഛനമ്മമാരോടൊപ്പം അവള്‍ ജീവിച്ചത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ മാത്രം. എട്ടാംവയസ്സില്‍ സ്പേസ്എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങി എലീന ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വ്യാഴത്തില്‍ ജോലിചെയ്തിരുന്ന തന്നോടൊത്ത് വസിക്കാനായി, മിഷേല്‍ പുറപ്പെടുന്നത്. മൂന്നുവര്‍ഷത്തിനുശേഷം മകളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായി തിരിച്ച്, ഭൂമിയിലേക്ക്‌ പുറപ്പെട്ട മിഷേല്‍ സഞ്ചരിച്ചിരുന്ന സ്പേസ്കാര്‍, അപകടത്തില്‍ പെടുകയായിരുന്നു. ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും വലയംചെയ്തുകൊണ്ടിരിക്കുന്ന ബഹിരാകാശധൂളികളിലെ ഒരു അംശമായി അവളുടെ ചേതനയറ്റശരീരം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവും. ശക്തമായ മനസ്സെരിച്ചിലില്‍ അയാളുടെ കണ്ണില്‍നിന്ന്‍ ഉഗ്രതാപമുള്ള ഒരുതുള്ളികണ്ണുനീര്‍ നെഞ്ചിലേക്ക് ഇറ്റിവീണു. മിഷേലിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു ജോനാഥന്‍. തൊണ്ടവരണ്ടപ്പോള്‍ കീശയില്‍നിന്ന്‍ ഒരു ഹയ്ഡ്രെറ്റിംഗ്കാപ്സൂള്‍ എടുത്ത് അയാള്‍വിഴുങ്ങി.
ഫ്രഞ്ച്ഗയാനയിലെ ലോഞ്ചിംഗ്പാഡില്‍ പേടകം ലാന്‍ഡ്ചെയ്തപ്പോഴുണ്ടായ ചെറിയൊരനക്കം ജോനാഥനില്‍ സ്ഥലകാലബോധം ജനിപ്പിച്ചു. പാസഞ്ചര്‍കെയര്‍യൂണിറ്റിന്‍റെ പരിചരണമൊക്കെകഴിഞ്ഞ് പുറത്തിറങ്ങിയ ജോനാഥന്‍റെ മുഖം സൂര്യകിരങ്ങളേറ്റ മഞ്ഞുകട്ടപോലെതിളങ്ങി. ശൈത്യകാലമായിരുന്നതിനാല്‍ അന്തരീക്ഷ ഊഷ്മാവ് വെറും തൊണ്ണൂറ്റിരണ്ടേ ഉണ്ടായിരുന്നുള്ളൂ. അവിടേക്ക് ഒഴുകിയെത്തിയ ശീതക്കാറ്റില്‍ വാര്‍ദ്ധക്യംബാധിച്ച ശരീരം വിറങ്ങലിക്കുന്നതുപോലെ ജോനാഥനു തോന്നിയെങ്കിലും, രക്തം, രക്തത്തെ തിരയുന്ന തിരക്കിനിടയില്‍ അതൊന്നും ഗൗനിച്ചില്ലാ. അതാ.. ദൂരേനിന്ന്‍ കൊലുന്നനേയുള്ള ഒരു പെണ്‍കുട്ടി മന്ദസ്മിതംതൂകിക്കൊണ്ട് സമീപിക്കുന്നു.
"ഹായ് ഡാഡ്...." എലീന ഓടിവന്ന്‍ തന്‍റെ പിതാവിനെ കെട്ടിപ്പുണര്‍ന്നു. സന്തോഷവാത്സല്യാതിരേകത്താല്‍ ജോനാഥന്‍റെ കണ്ണുനിറഞ്ഞു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവള്‍ അയാളെ എയര്‍കാപ്സ്യൂളുകള്‍ പാര്‍ക്ക്ചെയ്യുന്നസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ചുവപ്പും വെള്ളയും പച്ചയും ഇടകലര്‍ന്ന നിറങ്ങള്‍പൂശി മനോഹരമാക്കിയ, സൌരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന തന്‍റെ എയര്‍കാപ്സ്യൂള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു. "ഡാഡ്.. സീ മൈ കാപ്സ്യൂള്‍.. ഐ ഗോട്ട് ഇറ്റ്‌ ഇന്‍ ദി ലാസ്റ്റ് വീക്ക്‌ ഒണ്‍ലി"
രണ്ടുപേര്‍ക്കുമാത്രം ഇരിക്കാവുന്ന ഒരു കൊച്ചു ആകാശയാനം. റോഡിലൂടെ ഓടുന്ന വാഹനങ്ങളെല്ലാം തുലോം കുറവായിരിക്കുന്നു. എന്നുമാത്രമല്ലാ പെട്രോളിയത്തിന്‍റെ ദൌര്‍ലഭ്യംമൂലം പുതിയതായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒരു വ്യവസായശാലയും മിനക്കെടുന്നുമില്ല.
"ഇറ്റ്സ് വെരി നൈസ് മൈ ഡോള്‍.. ലെറ്റ്സ് ഗോ". വാഹനത്തില്‍ ഇരുന്ന് സീറ്റ്ബെല്‍റ്റ്‌ ധരിക്കവേ ജോനാഥന്‍ പറഞ്ഞു.
എലീന നിയന്ത്രിക്കുന്ന ആ കൊച്ചുപേടകം ആകാശത്തിലേക്കുയര്‍ന്നുപൊന്തി. ഏകദേശം ആയിരം അടിയോളം ഉയരത്തിലൂടെ അവര്‍ എലീനയുടെ വാസസ്ഥലം ലക്ഷ്യമാക്കിനീങ്ങി. താഴെയുള്ള ദൃശ്യങ്ങളിലേറെയും വെള്ളംതന്നേ. ഗ്ലോബല്‍വാര്‍മിംഗ് അധികരിച്ചതിന്‍റെ ഫലമായി, ഇപ്പോള്‍ ഭൂമിയുടെ തൊണ്ണൂറുശതമാനവും വെള്ളത്തിനടിയിലായിരിക്കുന്നൂ. ജനം ധാരാളമായി പുതിയ ഗ്രഹങ്ങള്‍ തേടിപ്പോയി, താമസം ഉറപ്പിച്ചുതുടങ്ങിയിരിക്കുന്നൂ. ജോനാഥന്‍റെ ചിന്തകള്‍ തന്‍റെ ശൈശവത്തിലേക്ക് ഊളയിട്ടു.
തന്‍റെ മുത്തച്ഛന്‍ 'ഗാരി ചെസ്ലോക്' തന്നെ മടിയിലിരുത്തി പറഞ്ഞുതന്നിരുന്ന കഥകളുടെ ഭണ്ഡാരം തന്‍റെ മകള്‍ക്കായി അയാള്‍ തുറന്നു.
അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെയും മുത്തച്ഛന്‍റെ കാലത്ത് ഗ്ലോബല്‍വാര്‍മിംഗ് എന്ന പ്രതിഭാസത്തെക്കുറിച്ച് കേട്ടുകേള്‍വിമാത്രമേ ഉണ്ടായിരുന്നുള്ളൂപോലും! അന്തരീക്ഷതാപം നാല്‍പ്പത് ഡിഗ്രിയില്‍ക്കൂടുതല്‍ അനുഭവപ്പെടാറുമില്ല. ശീതകാലത്ത് താപമാനം മൂന്ന് ഡിഗ്രീ വരെയൊക്കെ എത്തും. എന്നിട്ടുകൂടി അവര്‍ തണുപ്പിനെ ചെറുക്കാനൊരു ഷോള്‍ അല്ലാതെ മറ്റൊന്നും ധരിച്ചിരുന്നുമില്ലത്രേ!
"മൈ ഗോഡ്.. വാസ് ഇറ്റ്‌?" അത്ഭുതംകൂറി എലീനയിത് ചോദിച്ചപ്പോള്‍ ജോനാഥന്‍ മന്ദഹസിച്ചുകൊണ്ട് 'അതേ' എന്ന് തലകുലുക്കി. അവളുടെ ജിജ്ഞാസ അയാളുടെ മനസ്സിനെ നൂറ്റാണ്ടുകള്‍ക്കു പഴക്കമുള്ള തലമുറകളില്‍നിന്നും കേട്ടറിഞ്ഞ സംഭവകഥകളിലേക്ക് പായിച്ചു.
അക്കാലത്തൊക്കെ ഒരു മനുഷ്യന്‍റെ ശരാശരി ആയുസ്സ് എഴുപതുമുതല്‍ എഴുപത്തിഅഞ്ചുവരെയായിരുന്നു. അതുകേട്ട് അത്ഭുതംകൊണ്ട് എലീനയുടെ കണ്ണുകള്‍വികസിച്ചു. ജോനാഥന്‍ തുടര്‍ന്നു.
വിദ്യാഭ്യാസവിപ്ലവത്തിന്‍റെ ദൂഷ്യഫലം എന്നപോലെ മനുഷ്യമനസ്സുകള്‍ പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായ ഉല്‍പ്പാദനരീതികളിലേക്ക് തിരിഞ്ഞു. നിബിഡമായ വനങ്ങള്‍ എല്ലാം വെട്ടിനശിപ്പിച്ചും വെള്ളക്കെട്ടുകള്‍ നികത്തിയും കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ ഉയര്‍ത്തി. തലങ്ങുംവിലങ്ങും ശബ്ദമുയര്‍ത്തിപ്പാഞ്ഞ മോട്ടോര്‍വാഹനങ്ങളും, ഖനനംചെയ്ത കല്‍ക്കരിയും പെട്രോളിയവും നാഫ്തയുമൊക്കെ എരിയിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളും, അസംഖ്യം ശീതീകരിണികളും പുറത്തുവിട്ട, കരിയും പുകയും കാഡ്മിയവും കാര്‍ബണ്‍ഡൈഓക്സൈഡും ക്ലോറോഫ്ലൂറോകാര്‍ബണുമൊക്കെ കാലക്രമേണ അന്തരീക്ഷത്തിനുമാത്രമല്ല മനുഷ്യന്‍റെ ജനിതകഘടനയിലും അധോഗമനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. രോഗങ്ങളേകൊണ്ടും ജനിതകവൈകല്യങ്ങളേകൊണ്ടും മനുഷ്യകുലം നരകിക്കാന്‍തുടങ്ങി. മനുഷ്യന്‍റെ ആയുസ്സ് കുറഞ്ഞുവരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപം ഉയരാനുംതുടങ്ങി. ഖനനം അഹോരാത്രംതുടര്‍ന്നപ്പോള്‍ ഭൂമിക്കടിയിലുള്ള പെട്രോളിയം സിംഹഭാഗവും തീര്‍ന്നു. അപ്പോള്‍ മനുഷ്യന്‍ അണുശക്തിയിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിച്ചുതുടങ്ങി. ആറ്റങ്ങളുടെ വിഘടനവും സംയോജനവും നടക്കുമ്പോള്‍ വമിക്കുന്ന അതിഭയങ്കരമായ ഊര്‍ജ്ജത്തിനെ തടയണകെട്ടി തങ്ങള്‍ക്ക് വഴങ്ങിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അദൃശ്യമായ അണുകിരണങ്ങള്‍ മനുഷ്യനൊരുക്കിയ ചട്ടക്കൂടുകളില്‍നിന്നും അല്പാല്പം വിമുക്തമായിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു.
പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലോകത്തിലെ പലയിടങ്ങളിലും അണുവിസ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു. അതില്‍നിന്നുവമിച്ച വികിരണങ്ങള്‍ ജീവജാലങ്ങളുടെ പ്രത്യുല്‍പ്പാദനശേഷിയും ആരോഗ്യവും കാര്‍ന്നുതിന്നുന്നതിന്‍റെ ഫലമായി, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വംശനാശങ്ങള്‍ സംഭവിച്ചുതുടങ്ങി. അന്നുള്ളതിന്‍റെ നൂറിലൊന്ന് വൈവിധ്യങ്ങള്‍ ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാ. മാത്രമല്ലാ, കോണ്‍ക്രീറ്റുകാടുകള്‍ വമിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഷ്മാവും വ്യവസായശാലകളും വാഹനങ്ങളും പുറത്തുവിടുന്ന അന്തരീക്ഷമാലിന്യങ്ങളും അണുവികിരണങ്ങളും മറ്റൊരു ദുരന്തത്തിനുകൂടി വഴിവയ്ക്കുന്നത് ആരും ഗൌനിച്ചില്ല. ഇവമൂലമുള്ള വര്‍ദ്ധിത അന്തരീക്ഷതാപം ഭൂമിയുടെ ഇരുധ്രുവങ്ങളിലും സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞിനെ ഉരുക്കിത്തുടങ്ങിയപ്പോള്‍ 'ഗ്ലോബല്‍വാര്‍മിംഗ്' എന്ന പേരില്‍ ആ പ്രതിഭാസം അറിയപ്പെട്ടു. ഇന്ന് ഗ്ലോബല്‍വാര്‍മിംഗ് ഏകദേശം അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ജോനാഥന്‍ പഴങ്കഥകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നൂ.
"ഡാഡ്.. വീ ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്" എലീന ജോനാഥനോട് പറഞ്ഞു. അടുപ്പുകല്ലുകള്‍ കൂട്ടിവച്ചപോലെ നിരന്നുകിടക്കുന്ന അനേകം കൊച്ചുകൊച്ചുവീടുകളുടെ ഒരു സമുച്ചയത്തെ ലക്ഷ്യമാക്കി പേടകം സാവധാനം താഴേക്കുകുതിച്ചു. പച്ചനിറംപൂശിയ ഒരു കൊച്ചുവീടിന്‍റെ പരന്നമേല്‍ക്കൂരയില്‍ എലീന പേടകം ഇറക്കി.
"ഡാഡ്.. ദിസ്‌ ഈസ്‌ മൈ ഡെന്‍" ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"ഹ ഹ ഹ.. ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ മൈ ഡിയര്‍" എന്നുപറഞ്ഞുകൊണ്ട്, അയാള്‍ അതില്‍നിന്നു ഇറങ്ങി, വീടിന്‍റെ അകത്തോട്ടിറങ്ങിച്ചെല്ലുന്ന പടികളിലൂടെ മകളെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍, പടിഞ്ഞാറ് അസ്തമനസൂര്യന്‍ സ്വയം മുഖംമറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് അയാള്‍ക്ക് കാണാമായിരുന്നു.
ഗ്രഹങ്ങള്‍തമ്മിലുള്ള സമയാന്തരത്തിന്‍റെ സ്വാധീനംമൂലം രാവിലെ വളരേവൈകിയാണ് ജോനാഥന്‍ ഉണര്‍ന്നെഴുന്നേറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കുനോക്കിയപ്പോള്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു കാഴ്ചയാണ് എതിരേറ്റത്. എലീന, താന്‍ ഓമനിച്ചുവളര്‍ത്തുന്ന ഒരു ചുവന്നറോസാച്ചെടിക്ക് ജലസേചനംനടത്തുന്നു. അവളുടെ അമ്മയ്ക്കും ചുവന്നറോസാപുഷ്പങ്ങള്‍ ജീവനായിരുന്നു. ആ ജനിതകകണത്തിന്‍റെ തനിയാവര്‍ത്തനം ഇതാ തന്‍റെമുന്നില്‍ ചിറകുവിരിച്ചാടുന്നൂ. അവള്‍ റോസാചെടിക്ക് ഒഴിച്ചവെള്ളം തന്‍റെ ഹൃദയത്തിലാണ് കുളിരുകോരിയിട്ടതെന്ന് ജോനാഥനുതോന്നി.
ശരീരവേദന വകവെക്കാതെ അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ചായഫ്ലാസ്ക്കിനും കപ്പിനുമരികില്‍വെച്ചിരുന്ന ഒരുകുറിമാനം അയാള്‍ കണ്ടു. കപ്പിലേക്ക് ചായ പകരുംമുമ്പേ, ജിജ്ഞാസയൊതുക്കാനാവാതെ അയാളതെടുത്ത് വായിച്ചു.
"ഹായ് ഡാഡ്... ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ ഹാവ് എ നൈസ് ഡേ വിത്ത്‌ യുവര്‍ ഡോള്‍...." എന്ന് തുടങ്ങുന്ന ഒരു ചെറിയ കത്ത്.
"ഞാന്‍ എന്റെ പിതാവിന്‍റെ പ്രധാന ആഗമാനോദ്ദേശ്യവും അങ്ങയുടെ സ്നേഹസമ്പന്നവും ഗൃഹാതുരവുമായ ആ നല്ല മനസ്സും അറിയുന്നു. പ്രപഞ്ചത്തിനു മനുഷ്യന്‍വരുത്തിയ വറുതികളെക്കുറിച്ച്പറയുമ്പോള്‍ നഷ്ടബോധംതിളയ്ക്കുന്ന അങ്ങയുടെ മുഖത്തിന്‍റെ പ്രതിഫലനങ്ങള്‍ എന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നന്നായിപതിഞ്ഞു. വരുംതലമുറയുടെ നല്ലഭാവിക്ക്, നാം സ്വാര്‍ത്ഥത വെടിഞ്ഞുജീവിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അച്ഛന്‍ എന്നോടും മുത്തച്ഛന്‍ അച്ഛനോടുംപറഞ്ഞ കഥകളുടെ തലമുറകള്‍ തേടിയുള്ള പ്രയാണം നിലയ്ക്കാതിരിക്കുവാന്‍, ഞാന്‍ അച്ഛന്‍റെ അനുസരണയുള്ള പാവക്കുട്ടിയാവാന്‍തന്നെ തീരുമാനിച്ചിരിക്കുന്നു. ഇനിയെങ്കിലും മാനവകുലം ആത്മഹത്യാപരമായ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിയട്ടേ എന്ന് ആശംസിച്ചുകൊണ്ട് അച്ഛന്‍റെ സ്വന്തം പാവക്കുട്ടി".
കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ രൂപംകൊണ്ട ആഹ്ലാദത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതിഫലനം ഒരു നെടുവീര്‍പ്പായി പുറത്തേക്കുവന്നു. മന്ദമാരുതന്‍റെ ലാളനത്തില്‍, ജനലഴികളുടെ അപ്പുറത്ത്, തന്നെനോക്കി തലയാട്ടിചിരിച്ചുനിന്നിരുന്ന ആ ചുവന്ന റോസാപുഷ്പ്പം ജോനാഥന്‍റെ ഹൃദയംകവര്‍ന്നു.
"മിഷേല്‍.. മൈ ഡാര്‍ലിംഗ്.. നിന്‍റെയാ ചെഞ്ചുണ്ടുകളിലെ തുടിപ്പ് ഞാന്‍ കാണുന്നു.."
- ജോയ് ഗുരുവായൂര്‍

അമ്മ

"അമ്മേ.. എന്നെ ഉപേക്ഷിച്ചുപോകല്ലേ എന്‍റെയമ്മേ... "
ഒരു പിന്‍വിളി.....
റെയില്‍വേപ്ലാറ്റ്ഫോമിലെ സിമന്‍റ്ബഞ്ചില്‍ക്കിടത്തിയിരുന്ന ചോരക്കുഞ്ഞിനെ അവസാനമായൊന്നുനോക്കി, തിരിഞ്ഞുനടക്കാന്‍തുനിഞ്ഞ അവള്‍ക്ക് ഒരടിപോലും മുന്നോട്ടുവയ്ക്കാനായില്ല. ശാന്തമായുറങ്ങിയിരുന്ന ആ കുഞ്ഞിനെയവള്‍ വാരിയെടുത്തു മാറോടണച്ചു.
"എന്‍റെ മോനെവിട്ട് അമ്മയെങ്ങും പോവില്ലാട്ടോ.. "
ട്രെയിനുകള്‍ വന്നുംപോയുമിരുന്നു.. ആര്‍ത്തലയ്ക്കുന്ന കൊതുകളില്‍നിന്നുരക്ഷിക്കാന്‍ കുഞ്ഞിന്‍റെ ദേഹമവള്‍ തുണികള്‍ക്കൊണ്ടുപൊതിഞ്ഞു.
എണ്ണമില്ലാത്തയെത്രയോ ദിനരാത്രങ്ങള്‍.. ബസ്റ്റാന്‍ഡുകളുടേയും റെയില്‍വേ പ്ലാറ്റ്ഫോമുകളുടേയും കൂരകള്‍ക്കടിയില്‍...
തന്നെ ചെളിക്കുണ്ടിലേക്കെറിഞ്ഞുകടന്നുപോയ ആ ഭൂതകാലംതന്നെയായിരിക്കില്ലേ തന്നെപ്പോലെ, പിതൃത്വമവകാശപ്പെടാന്‍കഴിയാത്ത തന്‍റെ മകനെയും വിഴുങ്ങാന്‍ അക്ഷമമായി കാത്തിരിക്കുന്നുണ്ടാവുക?..
അരുത്.. അതനുവദിക്കരുത്... ഇവനുമൊരു രാജ്യപൗരനാണ്. ശോഭനമായ ഭാവി‍ കാല്ക്കീഴിലാക്കാനുള്ളവന്‍.. സമൂഹത്തിന്‍റെ പാപക്കറപുരണ്ട, ഈ മാതൃത്വത്തിന്‍റെ തണലില്‍വളരുന്ന ഒരു തെരുവുതെണ്ടിയായി നീ വളരാതിരിക്കാന്‍, ഈ അമ്മയ്ക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലാ.. ചോരക്കുഞ്ഞുങ്ങളെ തെരുവിലുപേക്ഷിക്കുന്ന അമ്മമാരെ കണ്ണില്‍ച്ചോരയില്ലാത്തവരെന്നു ലോകം മുദ്രകുത്തുന്നു. ഇന്ന്, തനിക്കു മനസ്സിലാവും സ്വശരീരത്തില്‍നിന്നടര്‍ന്നുവന്ന ആ ജീവനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരു മാതാവിന്‍റെ മാനസികാവസ്ഥ.
പൊന്നുമോനേ.. വളര്‍ന്നുവലുതാവുമ്പോള്‍ നീയുമെന്നെ ശപിക്കുമെന്ന് അമ്മയ്ക്കറിയാം. നീയെന്നെ ശപിച്ചുകൊണ്ടിരിക്കണം.. എന്നാലേ ഈ അമ്മയുടെ ആത്മാവിനു ശാന്തിലഭിക്കുകയുള്ളൂ. എന്‍റെ ജീവിതത്തിലേക്ക് സമൂഹമൊഴുക്കുന്ന അഴുക്കുകളുടെ ഗുണഭോക്താവായിജീവിക്കാന്‍ എന്‍റെ മകനെ ഞാനനുവദിക്കില്ല. ഈ അമ്മയോട് ക്ഷമിക്കുക..
നന്മയുടെ ഉറവകള്‍വറ്റാത്ത, ഏതെങ്കിലുമൊരു മനസ്സിലെ പുണ്യം നിനക്ക് തുണയേകട്ടേ...
തന്‍റെ ജീവാംശത്തേയും പേറിക്കൊണ്ട് അകന്നുപോകുന്ന തീവണ്ടിയെനോക്കി ഗദ്ഗദത്തോടെ അവളിരുന്നു.
- ജോയ് ഗുരുവായൂര്‍

അവന്‍

പിണക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരലങ്കാരംപോലെയായിരുന്നെങ്കിലും ഒരു മാത്രപോലും പരസ്പരം വെറുക്കാന്‍ സാധിച്ചിരുന്നില്ല. അവനോടോപ്പമുള്ള അനുഭൂതിദായകമായ നിമിഷങ്ങള്‍ ഒരു ജീവശ്വാസമായി തന്നിലെപ്പോഴും നിറഞ്ഞുനിന്നു.
ചെറിയ പിണക്കങ്ങള്‍ക്കൊടുക്കം കടന്നുവന്ന ആ വലിയ പിണക്കം ഒരുപക്ഷേ, താന്‍ മനസ്സുവെച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെങ്കിലും അതിന്, അനിവാര്യതയുടെ പരിവേഷമായിരുന്നല്ലോ.
ശോഭയുള്ളൊരു വാല്നക്ഷത്രംപോലെ, തികച്ചും അപ്രതീക്ഷിതമായി അവന്‍ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍, ഇരുണ്ടുകിടന്നിരുന്ന തന്‍റെ മോഹമണ്ഡലങ്ങളെല്ലാം പ്രകാശപൂരിതമാകുകയായിരുന്നു. അതേവരെയനുഭവിച്ച ദുരിതപര്‍വ്വങ്ങളില്‍നിന്നൊരു മുക്തി നേടിത്തരാനെന്നപോലെ ഒരു വരവ്....
മനസ്സില്‍ ഒരിക്കല്‍ താന്‍ താല്പര്യപൂര്‍വ്വം നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ വാടിക്കരിഞ്ഞുപോകുന്നതിനുമുന്‍പേ അവയെ പരിപാലിക്കാനെത്തിയ, വാത്സല്യവും ആത്മാര്‍ത്ഥതയുള്ള ഉദ്യാനപാലകനായിരുന്നു തനിക്കെന്നും അവന്‍.
ഉറ്റവരുടേയും ഉടയവരുടേയും ഇടയില്‍ തികച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട്, സ്വയംവെറുക്കപ്പെട്ടൊരു ജീവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷകരമായ നിരവധി സുവിശേഷങ്ങളായിരുന്നു തന്‍റെ ജീവിതത്തില്‍ അവന്‍ എഴുതിച്ചേര്‍ത്തത്.
ഹതഭാഗ്യങ്ങള്‍ നരകള്‍ തെളിയിക്കാന്‍ശ്രമിച്ചുകൊണ്ടിരുന്ന തന്‍റെ ജീവിതക്യാന്‍വാസിലെ വര്‍ണ്ണങ്ങള്‍ക്ക് പൊടുന്നനേ ഉദയസൂര്യന്‍റെ തിളക്കം കൈവരുന്നതുകണ്ട് താന്‍പോലും വിസ്മയഭരിതയായി.
അല്പസ്വല്പമുണ്ടായിരുന്ന പുകവലിയും മദ്യപാനവുമൊക്കെ കാലഘട്ടത്തിന്‍റെ അനിവാര്യതകളായി നിസ്സാരവത്കരിച്ചുതള്ളിക്കോളാന്‍ മനസ്സുപറഞ്ഞു. ആ സ്വഭാവങ്ങളൊരിക്കലുമവനെ നിയന്ത്രിച്ചിരുന്നതായിട്ട് തോന്നിയിരുന്നുമില്ല. അതിനാല്‍ കാണാത്തഭാവം നടിച്ചു.
എത്രയോ ഋതുക്കള്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.. പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായതിനാല്‍, ഏതെങ്കിലും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഇടമുറിയാത്തബന്ധംപുലര്‍ത്തുന്നവരുടെ പ്രമുഖവക്താക്കളായിരുന്നു ഞങ്ങള്‍.
മുന്‍കോപത്തില്‍, താനുമൊട്ടും പുറകിലല്ലായിരുന്നുവെങ്കിലും, ക്ഷിപ്രകോപിയായ അവനെ ഉള്‍ക്കൊണ്ടുപെരുമാറാന്‍ താന്‍പഠിച്ചു. ഇടയ്ക്കിടെ കൊച്ചുകുട്ടികളെപ്പോലെയായിരിക്കും സ്വഭാവം. ചിലപ്പോള്‍ തത്വചിന്തകനും. അവിചാരിതമായ പിണക്കങ്ങള്‍ക്കു ചിലപ്പോള്‍ ആഴ്ചകളുടെ ആയുസ്സുമുണ്ടാവാറുണ്ട്. ഇരുവരും സ്വയംപഴിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്ന രാപകലുകള്‍.
വിദൂരങ്ങളിലായിരുന്നിട്ടും, മൂന്നാമതൊരാള്‍പോലുമറിയാത്ത ആ ബന്ധത്തിന് മറ്റാര്‍ക്കും സങ്കല്പ്പിക്കാന്‍ പറ്റാത്ത മാനങ്ങളുണ്ടായിരുന്നു. സമാനതകളില്ലാത്ത ഉന്നതിയും, ആഴവും പരപ്പുമുള്ള ഒരു ത്രിമാനപ്രണയം!.. അര്‍ദ്ധനാരീശ്വര സങ്കല്പ്പത്തിന്‍റെ പുനരാവിഷ്ക്കരണം!!...
ഇച്ചിരിവലിയൊരാ പിണക്കത്തിനൊടുവില്‍ തിരിച്ചുവന്ന അവനില്‍ക്കണ്ട, അതേവരെയില്ലാത്ത ഭാവങ്ങള്‍, തന്നെ വിസ്മയിപ്പിച്ചു. മദ്യവും പുകവലിയുമില്ലാതെ നിമിഷങ്ങള്‍പ്പോലും തള്ളിനീക്കാനവനാവുമായിരുന്നില്ല. മുന്‍പ്, “നീയല്ലേ എന്‍റെ ലഹരി”യെന്നു അവനെന്നോടു പറയുമ്പോളൊക്കെ പുളകിതയാവുമായിരുന്ന ഞാന്‍, അവനെപ്രതി അനുദിനം നീറാന്‍തുടങ്ങി.
പ്രതികരിക്കാതെയിരിക്കാന്‍തോന്നിയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈക്കടത്തുന്നത് അവനൊട്ടുമിഷ്ടമില്ലായെന്നറിഞ്ഞുതന്നേ..
ആദ്യമെല്ലാം തന്‍റെ അപേക്ഷകളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നത് ആശ്വാസംപകര്‍ന്നിരുന്നു. പക്ഷേ, അവയ്ക്കെല്ലാം ദിവസങ്ങളുടെ ആയുസ്സ് മാത്രം.
മദ്യപിച്ചുകഴിഞ്ഞാല്‍ അവനില്‍നിന്നു വഴിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അലകളില്‍ ചാഞ്ചാടുന്ന ഒരു ആമ്പല്‍പ്പൂവാവാനെ, ചിലനേരങ്ങളില്‍ തനിക്കും കഴിയാറുള്ളൂ.
ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികപരാധീനതകളെ നേരിടാന്‍, കമ്പനികള്‍, നിലവിലുള്ള സ്രോതസ്സുകളെ പരമാവധി മുതലെടുക്കാന്‍തുടങ്ങിയപ്പോള്‍ ജോലിസ്ഥലങ്ങളില്‍ ഇരുവര്‍ക്കും താങ്ങാനാവാത്ത ജോലിഭാരമായി. പകല്‍സമയങ്ങളിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചുപോയി. തിളച്ചുമറിയുന്ന വിരഹക്കടല്‍ കടഞ്ഞപ്പോള്‍ അടിത്തട്ടില്‍നിന്നു പൊന്തിവന്നതോ സംശയമെന്ന കാളകൂടവും.
ജോലികള്‍നല്കുന്ന സമ്മര്‍ദ്ദത്താലാവാം അവന്‍റെ പെരുമാറ്റങ്ങളില്‍ പരുക്കന്‍ഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് തന്‍റെ സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. അടിക്കടി വഴക്കുകളുണ്ടാവാനുള്ള കാരണങ്ങളും ഏറിവന്നു.
മനസ്സിനെ ചൂഴ്ന്നുനിന്നിരുന്ന സുരക്ഷിതബോധത്തില്‍ അരക്ഷിതത്വം വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ദിവസവും മദ്യപിച്ചുലക്കുകെടുന്നയൊരുവന്റെകൂടെ ജീവിക്കുക അസാദ്ധ്യംതന്നേയെന്നുള്ള ചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മാത്രമല്ലാ, ഭ്രാന്തുപിടിച്ചപോലുള്ള അവന്‍റെ ചിലനേരങ്ങളിലെ പെരുമാറ്റവുംകൂടിയായപ്പോള്‍ ആകെ പതറിപ്പോയി.
പിരിയുകയെന്നത് അസാദ്ധ്യമായിതോന്നിയിരുന്നുവെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അത് സംഭവിക്കുകയായിരുന്നു. മനസ്സുവിങ്ങി, കഴിഞ്ഞുകൂടിയ ഒന്നര വര്‍ഷം. അതിനിടയില്‍ ഒന്നുരണ്ടു തവണ ഫോണില്‍ ബന്ധപ്പെടാന്‍ അവന്‍ ശ്രമിച്ചിരുന്നു. മറുതലയ്ക്കല്‍ നാവുകുഴഞ്ഞുള്ള അഭിസംബോധന കേള്‍ക്കുന്നപാടേ ഫോണ്‍ വെയ്ക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് വഴി അവനയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടികൊടുക്കാന്‍ മനസ്സാക്ഷി സമ്മതിച്ചില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുടങ്ങാതെ താന്‍ കയറിനോക്കുമായിരുന്നു. അവന്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്നത് കാണാന്‍വേണ്ടി മാത്രം. അവന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലുമില്ല. അവസാനമായി ചാറ്റിലൂടെ അവന്‍ ചോദിച്ചതോര്‍ക്കുന്നു.
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... " ചങ്കുതകര്‍ന്നുപോയി...
അവന്‍ നല്ലവനായിരുന്നു. തന്നെപ്പോലെ അവനെ മനസ്സിലാക്കിയ ഒരാളും ഈ ഭൂമുഖത്തുണ്ടാവില്ല. തിരിച്ചും.. സ്നേഹിക്കാന്‍മാത്രമറിയുന്നവന്‍.. താനെന്നുവെച്ചാല്‍ സ്വജീവനേക്കാള്‍ക്കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നവന്‍... എന്നിട്ടും....
തന്‍റെ പ്രിയപ്പെട്ട ആത്മാവിനെ പേറിയിരുന്ന ഭൗതികശരീരം പൂര്‍ണ്ണമായും നക്കിത്തുടച്ച സംതൃപ്തിയോടെ, ചിതയില്‍ കനലുകള്‍ തിളങ്ങുന്നു.. ആളുകളെല്ലാം ഏകദേശം പിരിഞ്ഞുപോകാന്‍തുടങ്ങുന്നു. വീടിനകത്തുനിന്ന്, ഒരേയൊരു മകന്‍ അകാലത്തില്‍ നഷ്ടപ്പെട്ടൊരു അമ്മയുടെ ഏങ്ങലടികള്‍...
ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി.
ആളുകളില്‍നിന്നുള്ള അനാവശ്യമായ ചോദ്യശരങ്ങള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാ.. പോകാം...
സായംസന്ധ്യയുടെ കണ്‍പീലിക്കറുപ്പിലൂടെ അവളുടെ പാദങ്ങള്‍ ചരിച്ചുകൊണ്ടിരുന്നത് മനസ്സറിയാതെയായിരുന്നു. ഹൃദയം നഷ്ടമായവളെപ്പോലെ..
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... "
ഒരിടിവെട്ടുപോലെ ആ ചോദ്യം അവളുടെ കാതുകളില്‍ മുഴങ്ങി..
സപ്തനാഡികളുംതളര്‍ന്ന് അവള്‍ ആ ഇടവഴിയില്‍ ഇരുന്നുപോയി.. കണ്ണുകളില്‍ നിന്നുവമിച്ച താപമകറ്റാനെന്നപോലെ മഴ ആര്‍ത്തലച്ചുപെയ്തു.
അതും അവന്‍റെ സ്വഭാവമായിരുന്നു....
- ജോയ് ഗുരുവായൂര്‍