Tuesday, April 7, 2015

ഈ ആന്റിയുടെ ഒരു കാര്യം!...

"വിനേഷ്.. സാഹിത്യത്തില്‍ മനുഷ്യമനസ്സുകളെ പച്ചയ്ക്ക് പ്രതിഫലിപ്പിക്കുന്നതിനോട് എനിക്ക് അനുകൂലമായ നിലാപടുകള്‍ ആണുള്ളത്.. എന്നാല്‍ പലരും അധിക്ഷേപാത്മകമായ സമീപനമാണ് അത്തരം തുറന്നെഴുത്തുകളോട് കാണിക്കുന്നത്. ഉദാഹരണമായി,   മലയാളസാഹിത്യത്തിലെ പ്രമുഖ പെണ്‍ശബ്ദമായിരുന്ന മാധവിക്കുട്ടി ''എന്റെ കഥ'' എന്ന തന്റെ ആത്മകഥയില്‍ കുറിച്ചിട്ടിരിക്കുന്നത് കണ്ടോ?.. 

‘’ഞാന്‍ സുന്ദരിയായിരുന്നില്ലെങ്കിലും സൗന്ദര്യമില്ലായ്മ ഒരു പ്രശ്നമായി എനിക്കു നേരിടെണ്ടി വന്നിട്ടില്ല. പലപ്പോഴും എന്റെ സ്തനങ്ങള്‍ ഞാന്‍ സുന്ദരിയാണെന്ന ബോധം എന്നില്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ‍ എന്റെ ഭര്‍ത്താവ് ആദ്യമായി കണ്ടപ്പോള്‍ പകച്ച് ശബ്ദിക്കാനാവാതെ നിന്നു. അതിനു ശേഷം ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുരുപ്പുശീട്ടായി ഉപയോഗിക്കുകയും ചെയ്തു''

"സത്യമാണ് ആന്റീ.. യഥാര്‍ത്ഥ്യങ്ങള്‍ പച്ചയ്ക്കു തുറന്നെഴുതാനുള്ള ആര്‍ജ്ജവം എഴുത്തുകാരില്‍ നിന്നുണ്ടാവേണ്ടതും അവ അവയുടേതായ അര്‍ത്ഥതലങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ പ്രബുദ്ധരായ വായനക്കാര്‍ തയ്യാറാവേണ്ടതുമുണ്ട്.. എതിര്‍ക്കുന്നവരൊക്കെ അത്തരം എഴുത്തുകളെ മനസ്സില്‍ ഗോപ്യമായി താലോലിച്ചു സുഖിക്കുന്നവരുമായിരിക്കില്ലാ എന്നു പറയാനൊക്കുമോ?.. വികാരങ്ങളില്ലാത്ത മനുഷ്യര്‍ ഉണ്ടാവുമോ ആന്റീ?"

"അത് തന്നെ വിനൂ.. പക്ഷെ ഈ ഞാന്‍ നാളെ അതേപോലെ ഒരെണ്ണം എഴുതി പ്രസിദ്ധീകരിച്ചാല്‍ ഈ നാട്ടിലോ, എന്തിനു ഈ വീട്ടില്‍വരെ തലയുയര്‍ത്തി നടക്കാന്‍ എനിക്കാവുമെന്ന് തോന്നുന്നുണ്ടോ?.. ഇല്ലാ.. അതാണ്‌ നമ്മുടെ സമൂഹം.. വികാരങ്ങളെ മനസ്സിനുള്ളില്‍ ചങ്ങലയ്ക്കിട്ടു ശ്വാസം മുട്ടിച്ചു കൊല്ലുന്ന നീചര്‍.. എന്നാല്‍ അവയെ സ്വതന്ത്രമായി തുറന്നുവിടാന്‍ മറ്റുള്ളവരെ അനുവദിക്കുകയുമില്ലാ.." 

ഹൃദയകുമാരിയുടെ ആ വികാരവിക്ഷോഭം അവിവാഹിതനായ വിനേഷിന്‍റെ മനസ്സിനെ ആവേശം കൊള്ളിച്ചു. ഒപ്പം എന്തെന്നില്ലാത്ത ഒരുന്മാദത്തില്‍ ശരീരമാകെ രോമാഞ്ചം കൊള്ളുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുവാന്‍ ആ ഹൃദയം തുടിച്ചു. ഒരു സോഷ്യല്‍ വെബ്‌ സൈറ്റില്‍ ആകസ്മികമായി പരിചയപ്പെട്ടതായിരുന്നു അവര്‍. അവര്‍ വിവാഹിതയും അമ്മയുമൊക്കെ ആണെന്ന് പിന്നീടാണ് വിനേഷിനു മനസ്സിലായത്. അല്ലെങ്കിലും, മറ്റൊരു ഉദ്ദേശ്യവും വച്ചായിരുന്നില്ല അവരുമായുള്ള ബന്ധം അവന്‍ തുടങ്ങിയതും തുടര്‍ന്നിരുന്നതും. തുറന്നു പറച്ചിലുകള്‍ പലപ്പോഴും പ്രായ സൗന്ദര്യവര്‍ണ്ണഭേദങ്ങളെന്ന്യേ മനസ്സിനെ കീഴ്പ്പെടുത്താറുണ്ട്.   

"അതേ ആന്റീ.. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'മലമുകളിലുള്ള അബ്ദുള്ള' എന്ന കഥയില്‍ മീന്‍കാരന്‍ മൊയ്തീന്റെ മകള്‍ ബീബിക്ക് ഭര്‍ത്താവായി കിട്ടുന്നത് യാതൊരു ലൈംഗിക ചോദനയുമില്ലാത്ത ഒരാളെയാണ്. 'പുഴു തിന്ന കറുത്ത പല്ലുകള്‍ ഉള്ള, ദുര്‍ബലനായ ആ മനുഷ്യനില്‍ ആനന്ദം കണ്ടെത്താനാവാത്ത ബീബി കുട്ടിക്കാലത്ത്, തന്നെ ബലാത്സംഗം ചെയ്ത അബ്ദുള്ളയെത്തേടി ഒരു രാത്രിയില്‍ മലമുകളിലേക്ക് പോകുന്ന ഒരനുഭവം വിവരിച്ചിട്ടുള്ളത് വായിച്ചിട്ടുണ്ടോ? അതില്‍ നിന്നൊക്കെ  പിന്നെ എന്താണ് നമ്മുടെ മനസ്സ് വായിച്ചെടുക്കേണ്ടത്?..." 

"അതാ വിനൂ ഞാന്‍ പറഞ്ഞേ.. സാധാരണ സ്നേഹബന്ധങ്ങള്‍ക്കുമപ്പുറം ശരീരഭാഷയുടെ സ്വാധീനത്തില്‍ നിര്‍വൃതി പുല്കേണ്ട ചില അനിര്‍വ്വചിത വികാരങ്ങളുണ്ട്.. മനുഷ്യര്‍ അവയെ പ്രണയമെന്നും കാമമെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു. പുനത്തിലിന്റെ ഒരു ഇന്റര്‍വ്യൂ ഞാന്‍ വായിച്ചിട്ടുണ്ട് അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു....  

പുരുഷന്റെ സൗന്ദര്യത്തേക്കാള്‍, കരുത്താണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. കരുത്ത്, ആത്മവിശ്വാസം- ഇവ രണ്ടും കഴിഞ്ഞിട്ടേ സൗന്ദര്യം വരുന്നുള്ളൂ. കരുത്തും ആത്മവിശ്വാസവുമില്ലാത്ത ഒരുവന്‍ സുന്ദരനാണ് എന്നതുകൊണ്ടു മാത്രം സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടയായി ഒരുവള്‍ ഒരുവനെ പ്രേമിക്കുകയും പിന്നീട് കരുത്തില്ല എന്നറിയുന്നതോടെ ആ ബന്ധം വിരസമായിപ്പോകും.  അതേപോലെ, രോമമുള്ള പുരുഷന്മാരാണ് അവരെ കൂടുതല്‍ വശീകരിക്കുക. വളരെ പ്രശസ്തയായ ഒരെഴുത്തുകാരി ഒരിക്കല്‍ തന്നോട് പറഞ്ഞത്,... അരവിന്ദന്റെ താടികൊണ്ട് തന്റെ മാറിടം തഴുകുക എന്നത് അവരുടെ വലിയ സ്വപ്നമായിരുന്നത്രെ. ഒരിക്കലും നടക്കാതിരുന്നിട്ടും അവരാ സ്വപ്നം കണ്ടുകൊണ്ടിരുന്നു. മദ്യപിച്ച ഒരാളില്‍നിന്ന് സ്ത്രീക്ക് കിട്ടുന്ന വാത്സല്യം വളരെ വലുതായിരിക്കും. പക്ഷേ,മിതമായി മദ്യപിക്കണമെന്നു മാത്രം. അമിതമായി മദ്യപിച്ചാല്‍ സ്നേഹത്തിന്റെ അംശം കുറയും. കരുത്തിന്റെ അംശവും കുറയും."

അത് വായിച്ചു മന്ദഹസിച്ച് വിനേഷ് തന്‍റെ രോമാവൃതമായ മാറിടത്തിലും  മറ്റു ശരീരഭാഗങ്ങളിലും തഴുകിയതിനു ശേഷം ഫ്രിഡ്ജ് തുറന്ന് തലേദിവസം പകുതി കുടിച്ചു വച്ച കിംഗ്‌ഫിഷര്‍ സ്ട്രോങ്ങ്‌ ബീയറിന്റെ കുപ്പിയില്‍ നിന്നും അല്പ്പം നുണഞ്ഞ് ടൈപ്പിംഗ്‌ തുടര്‍ന്നു. 

"ഹും.. ഏതാണ്ട് ഇതേ രീതിയില്‍.. അല്ലെങ്കില്‍ ഇതിലും കടുത്ത ഭാഷയിലാണ് പമ്മന്‍ എന്ന നോവലിസ്റ്റ് എഴുതിയത് കണ്ടിട്ടുള്ളത്.. ആന്റീ.. പുരുഷന്മാര്‍ അവര്‍ ഇച്ഛിക്കുന്നതുപോലെയുള്ള ലൈംഗികസുഖം ഭാര്യമാരില്‍നിന്നു കിട്ടുന്നില്ല എന്നത് കൊണ്ടായിരിക്കുമോ കേരളത്തില്‍ സ്ത്രീ പീഢനങ്ങളും ആണ്‍നോട്ടം അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടങ്ങളും കൂടിവരുന്നതിന്റെ കാരണം? "

"അതുപിന്നെ.. മിക്കവാറും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ലൈംഗികത മാത്രമാണ് മലയാളികള്‍ക്ക് കിട്ടുന്നത്. ഈ മടുപ്പാണ് പരസ്ത്രീകളിലേക്ക് പുരുഷന്മാരെ ആകര്‍ഷിക്കുന്നത് എങ്കിലും അതത്ര ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നുമില്ലാ.  ഇടപെടലുകളില്‍ ഉടല്‍ പെടുമോ എന്ന പേടി. ഈ കഴിവില്ലായ്മയില്‍ നിന്നാണ് ഒളിഞ്ഞുനോട്ടം വരുന്നത്. പരസ്ത്രീകളില്‍ ലൈംഗികസുഖം അനുഭവിക്കുന്ന പുരുഷന്മാരോടുള്ള അസൂയയും ഇത്തരം ഒളിഞ്ഞുനോട്ടത്തിനു പിന്നിലുണ്ടായിരിക്കാം"

"ആന്റീ.. ഇപ്പോള്‍ എന്‍റെ പ്രായത്തിലുള്ള ഒരു പുരുഷനോ സ്ത്രീയോ വിവാഹത്തിനു മുമ്പ് ആരെങ്കിലുമായി ഒരു ശാരീരിക ബന്ധമോ അല്ലെങ്കില്‍ അങ്ങനെയുള്ള വല്ല ആഗ്രഹങ്ങള്‍ മനസ്സില്‍ തോന്നുകയോ ചെയ്താല്‍ അതൊരു മാനസിക വൈകല്യം ആയിരിക്കുമോ?" 

"ഒരിക്കലുമല്ലാ  വിനൂ .. അതെല്ലാം വളര്‍ച്ചയുടെ ഘട്ടംഘട്ടങ്ങളിലുള്ള മനസ്സിന്‍റെ ആവശ്യങ്ങളാണ്. അതിനു വശംവദരാവുന്നവരെ എങ്ങനെ പഴിക്കാനാവും?.. ആരെല്ലാം പഴിച്ചാലും ഒരു പ്രകൃതിനിയമം പോലെ അതൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഈ ഭൂമുഖത്ത് നടന്നുകൊണ്ടേയിരിക്കും.."

വിനേഷിന്റെ മനസ്സില്‍ വീണ്ടും വികാരങ്ങളുടെ തിരതള്ളല്‍!..... 

"ഒരു കാര്യം ചോദിച്ചാല്‍ ആന്‍റി പിണങ്ങരുത്.. ലൈംഗികബന്ധങ്ങളില്‍ പ്രായഭേദങ്ങള്‍ ഒരു വിലങ്ങുതടിയാണോ? ആന്‍റി വിവാഹത്തിനു മുമ്പ് എപ്പോഴെങ്കിലും?.................."

അവര്‍ ഉടനേ ഉത്തരം ടൈപ്പ് ചെയ്തു തുടങ്ങിയതായി മനസ്സിലായെങ്കിലും, കുറച്ചുനേരത്തേക്കുണ്ടായ ഇടവേള അവര്‍ എന്തോ ആലോചിക്കുന്നതായിരിക്കും എന്ന് അവനു തോന്നി. ചിലപ്പോള്‍ നേരിട്ട് പരിചയപ്പെടാത്ത ഒരു വ്യക്തിയോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള വിമുഖത ഉണ്ടായിരിക്കാം... അല്പ്പസമയത്തിന് ശേഷം മറുപടി വന്നു..

"വിനൂ ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ.. ഏതു വിലക്കുകള്‍ക്കിടയിലും ഒരു പ്രകൃതിനിയമം പോലെ അതൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഈ ഭൂമുഖത്ത് നടന്നുകൊണ്ടേയിരിക്കും എന്ന്... പ്രായമൊന്നും അതിനൊരു പ്രശ്നമേ അല്ലാ.. ശരി... എന്നാല്‍ നാളെ കാണാം.. ഗുഡ് നൈറ്റ്‌.."  ലോഗ് ഓഫ്‌.

'അമ്പടീ.. അപ്പോള്‍ ആള്‍ ചില്ലറ പുള്ളിയല്ലാ.. ഒന്നു മുട്ടി നോക്കിയാലോ.. ഇത്രയും തുറന്നു പറയുന്ന ഒരു സ്ത്രീ ചിലപ്പോള്‍.................' കിടന്നിട്ടു വിനേഷിനു ഉറക്കമേ വന്നില്ലാ.. 

മാസങ്ങള്‍ക്ക് ശേഷം ഹൃദയകുമാരി ക്ഷണിച്ചതനുസരിച്ച് അവരെ കാണാന്‍ കഴക്കൂട്ടത്ത് ബസ്സിറങ്ങുമ്പോള്‍, വിനേഷിന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. 'വലത്തു വശത്തുള്ള ഇടവഴിയിലൂടെ നടന്ന്.......' അവന്‍ കീശയില്‍ വച്ച കുറിപ്പെടുത്തു വീണ്ടുമൊരാവൃത്തി വായിച്ചു. 

വെള്ളയില്‍ നീലനിറമുള്ള മതില്‍.. ഇത് തന്നെ വീട്.. ഭര്‍ത്താവ് ഇന്നുണ്ടാവില്ലാ എന്നറിഞ്ഞത് എന്തായാലും ഒരാശ്വാസം തന്നെ. 

ഗേറ്റ് തുറന്നു പൂമുഖത്തെത്തി കോളിംഗ് ബെല്‍ അടിച്ച വഴി ആ വലിയ വീടിന്‍റെ വാതില്‍ തുറന്ന്,  കുളിച്ചു വിടര്‍ത്തിയിട്ട ഈറന്‍ മുടിയോടെ ഒരു സ്ത്രീ പുറത്തു വന്നു. അമ്പതിനോടടുത്ത പ്രായമുണ്ടെങ്കിലും ഒരു മാദകത്തിടമ്പു തന്നെ. വീണ്ടും എന്തൊക്കെയോ വികാരങ്ങളും ആകാംക്ഷയും അവന്‍റെ മനസ്സിനെ വിഭ്രമിപ്പിച്ചു തുടങ്ങി.

'ഇന്നെന്തെങ്കിലും നടക്കും...........' മനസ്സ് മന്ത്രിച്ചു. 

ഒരു നിമിഷം അവനെ സൂക്ഷിച്ചു നോക്കിയതിനു ശേഷം പരിചിതഭാവത്തില്‍ മന്ദഹസിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

"വിനു അല്ലേ?.. വരൂ അകത്തോട്ടിരിക്കൂ.."  

തിരിഞ്ഞു നടക്കുന്ന അവരുടെ ശരീരവടിവുകള്‍ കണ്ണില്‍ ആവാഹിച്ച് കൊണ്ട്‌ അകത്തോട്ടു കയറുമ്പോള്‍ അവന്‍റെ മനസ്സില്‍ വികാരസ്ഫോടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 

"ഇരിക്കൂ.... " ഒരു സെറ്റി ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു. 

സെറ്റിയില്‍ അവന്‍ ഇരിക്കുമ്പോള്‍ ഉടനേ വരാമെന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി. വല്ല പാനീയങ്ങളും എടുക്കാനായിരിക്കും. കുറച്ചു നേരമായിട്ടും അവരെ കാണാതായപ്പോള്‍ അവന്‍ ഷോക്കേസില്‍ വച്ചിരിക്കുന്ന കരകൌശലവസ്തുക്കള്‍ ശ്രദ്ധിച്ചു. രാധാമാധവന്മാരുടെ പലവിധത്തിലുള്ള പ്രതിമകളും ചിത്രങ്ങളുമായിരുന്നു അവയിലേറെയും. കൃഷ്ണന്‍റെ ഏറ്റവും പ്രിയപ്പെട്ട സഖിയായിരുന്നു രാധ എങ്കിലും കൃഷ്ണന്‍ അവരെയല്ലാ വിവാഹം കഴിച്ചിരുന്നത്. ഓര്‍ത്തപ്പോള്‍ വീണ്ടും വിനേഷിനു രോമാഞ്ചമുണ്ടായി.

"എന്താ മാഷേ സ്വപ്നം കണ്ടിരിപ്പാണോ?.." ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ജ്യൂസ് നിറച്ച രണ്ടു ഗ്ലാസ്സുകള്‍ വച്ച തളിക മുന്നിലുള്ള ടീപ്പോയില്‍ വയ്ക്കാന്‍ കുനിയുന്ന ആന്‍റി. അവര്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ അവര്‍ ധരിച്ചിരുന്ന അയവുള്ള നൈറ്റിക്കുള്ളില്‍ നിന്നും അപ്പോള്‍ ദൃശ്യമായിരുന്ന ആകാരവടിവുകള്‍ ഞൊടിയിടയില്‍ ഒപ്പിയെടുക്കാന്‍ അവന്‍റെ കാമാര്‍ത്തമായ കണ്ണുകള്‍ മറന്നില്ല. മലരമ്പന്‍ അവനെ ഭയങ്കരമായി പീഡിപ്പിച്ചു കൊണ്ടിരുന്നു.

അവര്‍ അവനോട് ചേര്‍ന്നു തന്നെ സെറ്റിയില്‍ ഇരുന്നു ഗ്ലാസ് എടുത്തു അവനു നേരെ നീട്ടി. അവരുടെ ദേഹത്തു നിന്നുമുള്ള ചൂട് തുടകളിലൂടെ പടര്‍ന്നു ഹൃദയത്തിലെത്തി അതിനെ ചുട്ടുപൊള്ളിച്ചപ്പോള്‍ അവന്‍ അവരുടെ മുഖത്തേക്ക് നോക്കി അസ്തപ്രജ്ഞനായി ഇരുന്നു. 

"എന്താ.. ഇനി ചിയേര്‍സ് പറയണോ വിനൂ?..ഹ ഹ..  കഴിക്കൂ.. യാത്രാ ക്ഷീണം മാറട്ടേ.." മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ഒരൊറ്റ വലിക്കു ജ്യൂസ് കാലിയാക്കി ഗ്ലാസ് ടീപ്പോയില്‍ വച്ചു വീണ്ടും അവരുടെ മുഖത്തു അന്തം വിട്ടപോലെ നോക്കി അവനിരുന്നു. അവര്‍ സ്വല്പ്പം കറുത്തിട്ടാണെങ്കിലും, പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരിക്കല്‍ പറഞ്ഞ വാചകങ്ങള്‍ അവന്‍റെ മനസ്സില്‍ അലയടിച്ചു.  

"അഴക് കറുപ്പിനാണ്. ഏറ്റവും മസൃണമായ ദേഹം കറുത്തവരുടേതാണ്. പരുക്കനാണെങ്കിലും അതിനൊരു മൃദുത്വമുണ്ട്. വെളുത്ത സ്ത്രീകളേക്കാള്‍ ഉത്തേജകമായ മാറിടം കറുത്ത സ്ത്രീകളുടേതായിരിക്കും".

അവര്‍ ചോദിച്ച കുശലാന്വേഷണങ്ങള്‍ക്കെല്ലാം യാന്ത്രികമായായിരുന്നു അവന്‍റെ ഉത്തരങ്ങള്‍.. അനിര്‍വ്വചനീയതയുടെ നെരിപ്പോടില്‍ മനസ്സുരുകി,   എന്തായിരിക്കണം തന്‍റെ അടുത്ത നടപടിയെന്നു ചിന്തിക്കുമ്പോള്‍, അവര്‍ എഴുന്നേറ്റ് മുന്നിലുള്ള ഒരു ഷെല്‍ഫ് തുറന്നു അഞ്ചാറു പുസ്തകങ്ങള്‍ എടുത്തു കൊണ്ട് വന്നു ടീപ്പോയില്‍ വച്ചു. ഇത്തവണ വിനേഷില്‍ നിന്നും അല്പ്പം അകലം പാലിച്ചാണ്  സെറ്റിയില്‍ അവര്‍ ഇരുന്നത്.  

“പുരികങ്ങളുടേയും കണ്ണുകളുടേയും ചുവന്ന പാതയിലെ സായാഹ്നയാത്രകളുടേയും, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്" ഹ ഹ ഹ ഹ ഹ ഹ..." . 

ഒ. വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കയ്യിലെടുത്തുപിടിച്ച് അവര്‍ സ്വയം മറന്നു ചിരിച്ചു. പെട്ടെന്ന് ഒരു ഉന്മാദഭാവം അവരുടെ കണ്ണുകളില്‍ നിറഞ്ഞതായി അവന്‍ കണ്ടു. 

"ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ....., എന്ന്‌ പറയുന്ന സുഹറയെ വിനൂന് കാണണ്ടേ?.. " പൊട്ടിച്ചിരിച്ചു കൊണ്ട് ബഷീറിന്‍റെ 'ബാല്യകാലസഖി' പൊക്കിപ്പിടിച്ചു കൊണ്ട് അവന്‍റെ നേരെ നീട്ടുന്ന അവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ട് വിനേഷ് അമ്പരന്നു പോയി. 

"ഭഗവാനേ.. കുഴപ്പമായോ?.. " അതിനു മുമ്പുണ്ടായിരുന്ന വികാരത്തള്ളലുകളൊക്കെ ഭീതിയെന്ന വികാരത്തിനു വിധേയമാകുന്നത് അവനറിഞ്ഞു. ശരീരത്തിന് ആകമാനം ഒരു വിറയല്‍ ബാധിച്ചത് പോലെ. 

അവന്‍റെ പ്രതികരണങ്ങള്‍ ഒന്നും ഗൌനിക്കാതെ അവര്‍ വീണ്ടും വീണ്ടും ഓരോരോ പുസ്തകങ്ങള്‍ എടുത്ത് അതിലെ പ്രശസ്തമായ വാക്യങ്ങള്‍ പറഞ്ഞു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു. 

അവരിതാ അടുത്ത പുസ്തകം എടുക്കുന്നു..

"മഞ്ചേരിക്ക് ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ നാണ്വാര് മമ്മതിനോട് ചോദിച്ചു.
"ച്ചാല്‍... മമ്മതേ ..."
"എന്തേ നായരൂട്ട്യേ ...?"
"മമ്മത് കൗപീനം ധരിക്കാറില്ലേ?"
"ചൊവ്വേ മലയാളത്തീ പറയീന്ന് "
"അടിവസ്ത്രം,.. ഡ്രോയര്‍.. ജെട്ടി തുടങ്ങി....?"
"അതൊക്കെ കുത്തിക്കേറ്റ്യാ ഒറ്റമുണ്ടുടുക്കണ പവറ് കിട്ട്വോന്ന്? വെറും തുണീം ബെല്‍ട്ടും കെട്ട്യാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ട്യേ... സുകാ... അറിയോ ങ്ങക്ക്?"
"ച്ചാല്‍....?"..
"എന്നാ ഇങ്ങടെ ബാഷേല് കേട്ടോളീ....കൗപീനവവന്ത:ഖലു ഭാഗ്യവന്ത:... കോണോടുക്കാത്തോരു ഭാഗ്യള്ളോരാണിന്ന്..."  

ഹാസ്യ സാമ്രാട്ടായിരുന്ന വി.കെ.എന്നിന്‍റെ പുസ്തകമെടുത്തു പിടിച്ചു കൊണ്ട് അവര്‍ അലറിച്ചിരിച്ചു.. ചിരിയുടെ ആഘാതം കൊണ്ട് അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍പ്പുഴയൊഴുകി... 

"ങേ.. അവര്‍ കരയുകയാണോ?...." 

എന്ത് ചെയ്യണമെന്നറിയാതെ അവന്‍ പരിഭ്രാന്തനായി. നെഞ്ചില്‍ കൈവച്ചു കൊണ്ടുള്ള ചിരി അവര്‍  നിര്‍ത്തുന്നതേയില്ലാ.. ചിരിച്ചുചിരിച്ച്‌ ഒടുവില്‍ കുഴഞ്ഞ് അവര്‍ അവന്‍റെ ദേഹത്തേക്ക് ചരിഞ്ഞു വീണു. 

"ഇതു തന്നെ രക്ഷപ്പെടാനുള്ള അവസരം.." 

അനക്കമില്ലാതെ അവന്‍റെ മടിയില്‍ക്കിടന്ന അവരുടെ നാസാരന്ധ്രങ്ങള്‍ക്കു മുന്നില്‍ തന്‍റെ വിരല്‍ വച്ച് നോക്കി ശ്വാസോച്ഛ്വാസമുണ്ടെന്നു ഉറപ്പു വരുത്തി, ആ തടിച്ച ശരീരത്തെ സൂക്ഷ്മതയോടെ ശരീരത്തിലെ സര്‍വ്വശക്തിയുമെടുത്ത് ദേഹത്തു നിന്നുമടര്‍ത്തി സെറ്റിയില്‍ പതിയേ പ്രതിഷ്ഠിച്ചു. 

അവര്‍ക്ക് സമ്മാനിക്കാനായി, അത്യാവശ്യം പണം ചെലവാക്കി വാങ്ങിയ പുനത്തിലിന്‍റെ 'മരുന്നും' വത്സലയുടെ 'നെല്ലും' മോഹനവര്‍മ്മയുടെ 'ഓഹരി'യും പുതൂരിന്‍റെ ആനപ്പകയും കാക്കനാടന്‍റെ 'ഉഷ്ണമേഖല'യും ഉഷ്ണം പിടിച്ച പോലെ ഒരു മനോഹരമായ പൊതിയ്ക്കുള്ളില്‍ ടീപ്പോയില്‍ വിശ്രമിക്കുന്നു. 

"അവര്‍ക്കിനി ഇത് കൂടി കൊടുത്ത് അസുഖം കൂട്ടണ്ടാ.." മനസ്സ് പറഞ്ഞു. പെട്ടെന്നു തന്നെ അതുമെടുത്ത്, പുറത്തഴിച്ചിട്ടിരുന്ന ഷൂസ് ധൃതിയില്‍ ധരിച്ചു തിരിഞ്ഞു നോക്കാതെ ഓടി ഗേറ്റ് വരെയെത്തിയപ്പോള്‍ കേട്ട ഒരു പിന്‍വിളി.... മൂക്കുകയറില്‍ പിടിച്ചു വലിക്കപ്പെട്ട കാളയെപ്പോലെ അവനെ ഒരു നിമിഷം പിടിച്ചു നിറുത്തി.. പക്ഷേ തിരിഞ്ഞു നോക്കാന്‍ പോയില്ലാ. 

"ഉണ്ണ്യേ.. പോകല്ലേടാ... നിന്നെക്കാത്തല്ലേടാ ഈയമ്മയിവിടെ പതിനാലു കൊല്ലമായി കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നത്.. മോനേ.. പോകല്ലേ.." പാദസരത്തിന്‍റെ ശബ്ദം അടുത്തടുത്തു വരുന്നു.. 

"ഈശ്വരാ.. ഇനി ഏതു പുസ്തകമെടുത്തിട്ടാണാവോ അവര്‍ വരുന്നേ.. ഇനി നിന്നാല്‍ പണി പാളും.. വിട്ടു പിടിക്കാം.." തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ഞൊടിയിടയില്‍ ഗേറ്റ് കടന്നു ജീവനും കൊണ്ട് അവന്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു..

- ഗുരുവായൂര്‍  

മനസ്സ് ഉപസംഗമം @ മുംബൈ

നവംബര്‍ 17 തിങ്കളാഴ്ച്ച...
"മുരള്യേട്ടാ.. ഞാന്‍ വീട്ടിലോട്ടു വരട്ടേ?.. എന്നിട്ട് ഒരുമിച്ചു പവിത്രേട്ടനെ [പവിത്രന്‍ കണ്ണപുരം] കാണാന്‍ പോയാലോ?.."
"ആഹാ.. അത് കൊള്ളാലോ... വരൂ ഞാനിപ്പോള്‍ ഫ്രീ ആയി ഇരിക്കുന്നു.. നമുക്ക് പോകാം.." മുരള്യേട്ടന്‍ സന്തോഷത്തോടെ പറഞ്ഞു.
എന്‍റെ വസതിയില്‍ നിന്നും ഒരു പതിനഞ്ചു മിനുറ്റ് നേരം നടന്നാല്‍ എത്തുന്ന ദൂരത്താണ് മുരള്യേട്ടന്‍ താമസിക്കുന്നത്. വെയിലേറ്റു ഗ്ലാമര്‍ കളയണ്ടാ എന്ന് കരുതി ഒരു ഓട്ടോ പിടിച്ചു മുരള്യേട്ടന്റെ ബില്ടിംഗ് നില്‍ക്കുന്ന കോമ്പ്ലെക്സില്‍ ഇറങ്ങി. ധാരാളം ബില്ടിംഗുകള്‍ ഉള്ള ആ കോമ്പ്ലെക്സില്‍ ഏതാണ് അദ്ദേഹത്തിന്‍റെ ഫ്ലാറ്റ് ഉള്ള കെട്ടിടം എന്ന ആശങ്കയോടെ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു ലുങ്കിയും ഷര്‍ട്ടും ധരിച്ച് തനി നാടന്‍ ആയി ചിരിച്ചു കൊണ്ട് പ്രിയപ്പെട്ട മുരള്യേട്ടന്‍..
വീട്ടില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഊഷ്മളമായ പരിചരണം.. ചായയും സ്നാക്സും ഒക്കെ വെടിപ്പാക്കുന്നതിനിടയില്‍ മുരള്യേട്ടന്റെ കഥകളും കവിതകളും കുത്തിക്കുറിച്ച ഡയറി എടുത്തു തന്നു. അതില്‍ പഴയകാലത്ത് എഴുതിയവയടക്കം മനോഹരമായ ആശയങ്ങള്‍ അടങ്ങിയ ചില കൃതികളിലൂടെ കണ്ണോടിച്ചു.
പിന്നെ മനസ്സിനേയും നവംബര്‍ 2 നു മുരള്യേട്ടനും ചേച്ചിയും കൂടി പങ്കെടുത്ത മനസ്സ് കൊടുങ്ങല്ലൂര്‍ മീറ്റിനെക്കുറിച്ചും ഉള്ള ചര്‍ച്ചകള്‍, മനസ്സിലെ പ്രസക്തരായ അംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലയിരുത്തലുകള്‍ [പരദൂഷണം അല്ലാട്ടോ ഹെഹെ] എന്നിവയ്ക്ക് ശേഷം ഞാനും മുരള്യേട്ടനും അവിടെ നിന്നും ഇറങ്ങി.
വരുന്ന വിവരം പവിയെട്ടനെ ഒന്ന് വിളിച്ചു പറഞ്ഞാലോ എന്ന് കരുതി മൊബൈല്‍ എടുത്തു നമ്പര്‍ സെലെക്റ്റ് ചെയ്യുമ്പോഴേക്കും അതാ വരുന്നു പവിത്രേട്ടന്റെ കോള്‍ മുരള്യേട്ടന്റെ മൊബൈലില്‍!... മുരള്യേട്ടന്‍ കോള്‍ എടുക്കുന്നതിനും മുമ്പ് ഞാന്‍ ഫോണ്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും വാങ്ങി സംസാരിച്ചു.
"എന്താ പവിയേട്ടാ വിശേഷം?.. ഓര്‍മ്മയുണ്ടോ ഈ ശബ്ദം?.." ഞാന്‍ ചോദിച്ചു..
"ഹോ.. ജോയിയോ?!!.. ഞാന്‍ ജോയിയുടെ കാര്യം മുരളിയോടു പറയാനായിരുന്നു വിളിച്ചത്.. നാരായണന്‍ സര്‍ എന്നെ വിളിച്ചിരുന്നു.. അസുഖം കാരണം ഗള്‍ഫിലേക്കുള്ള ഫ്ലൈറ്റ് ജോയി പോസ്റ്റ്‌ പോണ്‍ ചെയ്തെന്നു കേട്ടു.. എങ്ങനെയുണ്ട് ഇപ്പോള്‍?.. "
"ഇപ്പോള്‍ അല്പം കുറവുണ്ട് പവ്യേട്ടാ.. ബാക്കി വിശേഷങ്ങളൊക്കെ വീട്ടില്‍ വന്നു നേരിട്ട് പറയാം.. ഞങ്ങള്‍ അങ്ങോട്ട്‌ പുറപ്പെടാന്‍ നില്‍ക്കുകയാണ്" ഞാന്‍ പറഞ്ഞു.
"ഓക്കേ ജോയീ.. വരൂ വരൂ.. ഞാന്‍ ഇവിടെത്തന്നെയുണ്ട്..." പവിത്രേട്ടന്‍ പറഞ്ഞു.
പിന്നെയായിരുന്നു ഞങ്ങളുടെ സംഭവബഹുലമായ ആ യാത്ര ആരംഭിച്ചത്.. മുരള്യേട്ടന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു ഞാന്‍ പിറകിലും [ബൈക്ക് ആണ് കേട്ടോ ഹെഹെ].. ഞാന്‍ പിറകില്‍ ഇരുന്നപ്പോള്‍ ബൈക്കിന്‍റെ മുന്‍ഭാഗം പൊന്തുന്നുണ്ടോ എന്നു മുരള്യെട്ടന് ഒരു സംശയം.. ഞാന്‍ പറഞ്ഞു പേടിക്കേണ്ടാ.. വിട്ടോളൂ...
അങ്ങനെ ഞങ്ങളേയും വഹിച്ചു കൊണ്ട് ആ പാവം ഇരുചക്രവാഹനം ഹൈവേയിലെ ഇടമുറിയാത്ത വാഹനത്തിരക്കിനിടയിലൂടെ പവിത്രേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
"പവിത്രേട്ടന്റെ വീട്ടിലേക്കു ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഇപ്പോഴും വഴിയെക്കുറിച്ചു എനിക്ക് കണ്ഫ്യൂഷന്‍ ആണ് ജോയീ.. " മുരള്യേട്ടന്‍ പറഞ്ഞു.
"എന്നാല്‍ ഞാന്‍ പവിയെട്ടനെ വിളിക്കട്ടെ.. വഴി കൃത്യമായി ചോദിക്കാമല്ലോ.. " ഞാന്‍ മൊബൈല്‍ എടുത്തു.
"വേണ്ടാ ജോയി.. എനിക്കേ വഴിയറിയാത്തതുള്ളൂ.. ദേ.. ഇവനറിയാം കൃത്യമായ വഴി..." ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കില്‍ തട്ടിക്കൊണ്ടു മുരള്യേട്ടന്‍ പറഞ്ഞു.
"ആഹാ.. അത് കൊള്ളാമല്ലോ... അപ്പോള്‍ ഇവന്‍ ആള് മിടുക്കന്‍ ആണല്ലേ?.. " ഞാന്‍ ചിരിച്ചു.
"ജോയീ.. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റിന്റെ ഗ്ലാസ് അടച്ചു വച്ച് എന്‍റെ കവിതകള്‍ ഉറക്കെ ചൊല്ലി ആസ്വദിക്കുന്നത് എന്‍റെ ഒരു ഹോബിയാണ്... ഹെല്‍മറ്റ് ഉള്ളതിനാല്‍ ആരും കേള്‍ക്കില്ലല്ലോ.. ഹ ഹ ഹ.. അങ്ങനെ അവ ചൊല്ലുന്ന ശ്രദ്ധയില്‍ ഇവന്‍ ഇങ്ങനെ യാന്ത്രികമായി  ഓടിക്കൊണ്ടിരിക്കുന്നത് ഗൌനിക്കാന്‍ മറന്നു പോകും... വീടിന്‍റെ പോര്‍ട്ടിക്കോയില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നത്.. ഏതോ അദൃശ്യ ശക്തിയുടെ സ്വാധീനത്താലെന്ന പോലെ ഈ ട്രാഫിക്കിനിടയിലൂടെയും സുരക്ഷിതമായി ഇവനെന്നെ എത്തേണ്ടിടത്ത് എത്തിക്കാറുണ്ടേ..." മുരള്യേട്ടന്‍ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു..
ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന്‍റെ ഒരുവശം എന്തോ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനായി വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നു. ആ ഗര്‍ത്തത്തിലുള്ള അല്പ്പം നിരപ്പുള്ള സ്ഥലത്ത് ചേരിവാസികളായ കുട്ടികള്‍ ഷട്ടില്‍ കളിക്കുന്ന കാഴ്ച്ച. ഏതൊക്കെയോ പ്ലാസ്റ്റിക്‌ കുപ്പികള്‍ അടിച്ചു പരത്തിയാണ് അവര്‍ കളിക്കാനുള്ള ബാറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
"കണ്ടോ ജോയീ.. നഗരത്തിലെ ജീവിത വൈവിധ്യം?!.. ഒരിടത്ത് മണിമാളികകളില്‍ എത്ര സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്താലും തൃപ്തരാവാത്ത കുട്ടികള്‍... മറ്റൊരിടത്തോ, ഉള്ളതുകൊണ്ട് ഓണം എന്നപോലെ സന്തോഷത്തോടെ, സംതൃപ്തിയോടെ കഴിയുന്ന കുട്ടികള്‍.. ഈ കുട്ടികളുടെ മുഖത്തുള്ള സന്തോഷം നമുക്ക് മണിമാളികയില്‍ വാഴുന്ന കുട്ടികളുടെ മുഖത്ത് കാണാനൊക്കുമോ?.. എല്ലാമുണ്ടായിട്ടും അവരുടെ മുഖം വല്ലപ്പോഴും തെളിയുമോ?.." മുരള്യേട്ടന്‍ പറഞ്ഞതു കേട്ട് ഞാനും ഒരു നിമിഷം മൂകനായി ആ വിരോധാഭാസത്തെക്കുറിച്ച് ചിന്തിച്ചു.
"ശ്ശ്ശ്ശ്ശ്ശ്ഷ്.." ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പിറകില്‍ ബൈക്കോടിച്ചു വന്നിരുന്ന ഒരു തടിച്ച സ്ത്രീ ഞങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നു.. മുരള്യേട്ടന്‍ വണ്ടി വേഗത കുറച്ചു. അപ്പോള്‍ അവര്‍ അടുത്തെത്തി പറഞ്ഞു..
"..'വിവരമില്ലാത്ത മനുഷിയന്മാരേ'.. നിങ്ങളുടെ വണ്ടിയുടെ പിറകിലെ ടയര്‍ പഞ്ചര്‍ ആണ്.." അവരുടെ മുഖഭാവം കണ്ട് അവരുടെ മനസ്സില്‍ ഞങ്ങളെക്കുറിച്ച്‌ "വിവരമില്ലാത്തവന്മാര്‍" എന്നുതന്നെയായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് ഞാന്‍ ഊഹിച്ചതാണ് കേട്ടോ.. സംസാരങ്ങളിലും അതിനോടനുബന്ധിച്ച മനോവ്യാപാരങ്ങളിലും മുഴുകിയിരുന്ന ഞങ്ങളുണ്ടോ 'കാറ്റു പോയ' വിവരം വല്ലതും അറിയുന്നു. പാവം ബൈക്ക്... എടുക്കാനാവാത്ത ഭാരം അടിച്ചേല്‍പ്പിച്ചാല്‍ ഏതു ബൈക്കിന്റെയായാലും കാറ്റുപോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...
'ഛെ.. എന്തിനാ അവര്‍ നമ്മളോട് ഇപ്പോളിത് പറഞ്ഞേ.. ഇനിയിപ്പോ ടയര്‍ പഞ്ചര്‍ ആണെന്ന് അറിഞ്ഞിട്ടും യാത്ര തുടരുക എന്ന് വച്ചാല്‍ ഒരു കുറ്റബോധം ഉണ്ടാവില്ലേ.. അറിഞ്ഞില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെയങ്ങ് പവിത്രേട്ടന്റെ വീട് വരെ ചെന്നേനെയല്ലോ..." ചിരിച്ചു കൊണ്ട് മുരള്യേട്ടന്‍ പറഞ്ഞു..
റോഡ്‌ സൈഡില്‍ വണ്ടി നിറുത്തി അതില്‍ നിന്നും അവരോഹിതരായി, ചുറ്റുവട്ടത്തെങ്ങാനും വല്ല ടയര്‍ റിപ്പയര്‍ കടയുമുണ്ടോയെന്നു പരിശോധിച്ചു. സമീപത്തുള്ള കടകളില്‍ തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു, കഷ്ടി അരക്കിലോമീറ്റര്‍ ദൂരം ചെന്നാല്‍ ഒരു ടയര്‍ റിപ്പയര്‍ കട ഉണ്ടെന്ന്. ഞങ്ങള്‍ പരസ്പ്പരം ഒന്ന് നോക്കി. ഞാന്‍ ഉടനെ ബൈക്ക് ഏറ്റുവാങ്ങി കടയെ ലക്ഷ്യമാക്കിക്കൊണ്ട്‌ റോഡരികിലൂടെ തള്ളിക്കൊണ്ട് നടന്നു.
"വേണ്ടാ ജോയി.. ഞാന്‍ തന്നെ തള്ളിക്കോളാം.. ഇനി എന്നെക്കൊണ്ട് മുരള്യേട്ടന്‍ ബൈക്ക് തള്ളിച്ചു എന്നും പറഞ്ഞു നാളെ മനസ്സില്‍ വല്ല കമന്റും ഇട്ടാലോ.. ഹ ഹ ഹ " മുരള്യേട്ടന്റെ നൈമിഷികമായ നര്‍മ്മഭാവന പുറത്തു വന്നു.. എന്‍റെ നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍ ഒഴുകിയത് തുടയ്ക്കുകയായിരുന്നു അപ്പോള്‍ ഞാന്‍.. അന്നേരമാണ് ഇക്കാര്യം എന്തായാലും മനസ്സില്‍ അവതരിപ്പിച്ചേ ഇരിക്കൂ എന്ന കുറുമ്പ് ചിന്ത എന്നില്‍ ഉണ്ടായതും... ഹും.. മുരള്യേട്ടാ.. അടുത്ത പ്രാവശ്യം ഞാന്‍ കാറുമായി വന്നു അതിലൊരു ടയര്‍ മനപ്പൂര്‍വ്വം പഞ്ചറാക്കി മുരള്യേട്ടനെ കൊണ്ട് അത് തള്ളിക്കും.. കണ്ടോളൂ.. ഹെഹെഹെഹ് [ചുമ്മാആആഅ].
ബൈക്ക് തള്ളാന്‍ അധികം ആയാസമൊന്നും ഉണ്ടായിരുന്നില്ലാ.. ടയര്‍ കടയിലെത്തി പഞ്ചര്‍ അടപ്പിച്ചു വീണ്ടും ഞങ്ങളുടെ യാത്ര തുടര്‍ന്നു. മുമ്പ് പറഞ്ഞതുപോലെ വണ്ടി തന്‍റെ ദൌത്യം വിജയകരമാക്കി പൂര്‍ത്തിയാക്കി.. പവിത്രേട്ടന്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മുന്നില്‍ വളരെ കൃത്യമായി അത് ചെന്നു നിന്നു.
പതിവുപോലെ സ്നേഹമസൃണമായി പവിയേട്ടന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. സംസാരിച്ചിരിക്കുന്നതിനിടയില്‍ ചേച്ചി സൂപ്പര്‍ ചായയും ബിസ്ക്കറ്റുമായി വന്നു.
ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. എഴുത്ത്, ബ്ലോഗുകള്‍, മനസ്സ്, മനസ്സിലെ മണിമുത്തുകള്‍, മീറ്റ്‌, ചിത്ര രചന ഇത്യാദി തന്നെ ചര്‍ച്ചാ വിഷയങ്ങള്‍. പവിത്രേട്ടനുമായി സംസാരിച്ചിരുന്നാല്‍ നേരം പോകുന്നത് അറിയില്ലാ.. സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ഒരു ക്ഷാമവുമുണ്ടാവില്ലാ.. കാര്യങ്ങളെല്ലാം വളരെ സരസമായി എന്നാല്‍ ഗൌരവം അല്പം പോലും ചോര്‍ന്നു പോകാത്ത രീതിയിലുള്ള സംസാരമാണ് പവിത്രേട്ടന്റേത്. സ്നേഹസമ്പന്നനായ ഒരു ജെന്റില്‍മാന്‍.
ചര്‍ച്ചയ്ക്കിടയില്‍ കെ കെ, നാരായണന്‍ സര്‍ അടക്കമുള്ള മനസ്സിലെ ചില അംഗങ്ങളുമായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. പവിത്രേട്ടന്‍ രചിച്ച ചില കവിതകള്‍ അദ്ദേഹം ഞങ്ങളെ ആലപിച്ചു കേള്‍പ്പിച്ചു. അതിന്‍റെ നിര്‍വൃതിയില്‍ ഞങ്ങള്‍ അല്പ്പനേരം ഇരുന്നു.
പടിയിറങ്ങുമ്പോള്‍ ഇനി അടുത്ത പ്രാവശ്യം കാണാം എന്നൊരുറപ്പും നല്‍കി.
"ജോയ് ഇനി അടുത്ത തവണ ലീവില്‍ വരുമ്പോള്‍ നമുക്ക് കുറച്ചു കൂടി ആളുകളെ സംഘടിപ്പിച്ചു ബോംബെയില്‍ ഒരു മീറ്റ്‌ നടത്തിയാലോ" എന്നൊരു നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. "അതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ" എന്ന് ഞങ്ങളും..
എന്‍റെ വീടിനടുത്ത് എന്നെ ഇറക്കി വിട്ടു ടാറ്റയും പറഞ്ഞു മുരള്യേട്ടന്‍ പോയി. ഭാഗ്യത്തിന് തിരിച്ചു വരുന്ന വഴിയില്‍ ടയര്‍ പഞ്ചറായില്ലാ.. ഹിഹിഹി
- ഗുരുവായൂര്‍

ഞാന്‍ താങ്കളുടെ പുറം ചൊറിയാം.. താങ്കള്‍ എന്റേയും..

വര്‍ഷങ്ങളായി ബ്ലോഗ്സ്പോട്ടുകളില്‍ സജീവമായി വര്‍ത്തിച്ച പരിചയത്തില്‍ നിന്നും മനസ്സിലായ ചില വസ്തുതകള്‍ ഇവിടെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു.
ബ്ലോഗ്‌
ബ്ലോഗ്‌ എന്നാല്‍ ഡയറിക്കുറിപ്പുകള്‍ പോലുള്ള എഴുത്തുകളോ കഥകളോ ലേഖനങ്ങളോ കവിതകളോ പ്രസിദ്ധീകരിക്കാന്‍ ഉതകുന്ന വെബ്പേജുകള്‍ ആകുന്നു. ഒരു ബ്ലോഗിന്‍റെ ഉള്ളടക്കം എതുവിധത്തിലുള്ളത് ആയിരിക്കണം എന്ന് പൊതുവായി ഒരു നിഷ്ക്കര്‍ഷയും എവിടേയും കണ്ടിട്ടില്ല. എഴുതാന്‍ ഉതകുന്ന ഏതൊരു സഭ്യമായ വിഷയവും ബ്ലോഗ്സ്പോട്ടുകളില്‍ (ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍) അംഗങ്ങളായ ആര്‍ക്കും അതാതു ബ്ലോഗ്സ്പോട്ടുകളുടെ ഭരണസമിതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വായനയ്ക്കായി സമര്‍പ്പിക്കാം. ചിലപ്പോള്‍ ഓരോ ബ്ലോഗ്സ്പോട്ടുകളുടേയും പൊതുസ്വഭാവം അല്ലെങ്കില്‍ പ്രവര്‍ത്തന അജണ്ടയനുസരിച്ച് പോസ്റ്റ്‌ ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ എഡിറ്റിംഗ് അല്ലെങ്കില്‍ നീക്കംചെയ്യലിനു വിധേയവും ആയേക്കാം. എഴുത്ത് ബ്ലോഗുകള്‍ കൂടാതെ ചിത്രങ്ങള്‍, വീഡിയോ, ശബ്ദം എന്നിവയും ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.
ബ്ലോഗ്സ്പോട്ടുകള്‍
അന്തര്‍ലീനമായ കഴിവുകള്‍ ഉണ്ടായിട്ടും രചനകള്‍ നടത്താനുള്ള ഇച്ഛാശക്തിയില്ലാതെ അന്തര്‍മുഖരായിരുന്ന ഒത്തിരിപേരെ എഴുത്തിന്‍റെ ലോകത്തേക്ക് ആനയിക്കാന്‍ ബ്ലോഗ്സ്പോട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ എത്രയോ പേര്‍ അപകര്‍ഷതാബോധത്തെ കുഴിച്ചുമൂടിക്കൊണ്ട് സാഹിത്യത്തിന്‍റെ മേഖലയിലേക്ക് പിച്ച വച്ച് വന്നിരിക്കാം. എഴുതിത്തുടങ്ങുന്ന ഒരു വ്യക്തിയുടെ രചനകള്‍ ഒരിക്കലും ലോകോത്തരമാവില്ലല്ലോ. അത്തരം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഖരമാധ്യമവും മുന്നോട്ടുവന്നെന്നും വരില്ലാ. അതുകൊണ്ട് വേറെ നിവൃത്തിയില്ലാതെ ഇത്തരം കഴിവുകളെ സ്വയം കുഴിച്ചുമൂടുക എന്ന പാതകമാണ് പലരും പണ്ട് ചെയ്തിരുന്നത്. ഇന്നത്തെ അവസ്ഥ അതല്ലാ.. ഓരോരുത്തരുടേയും രചനകള്‍ അവര്‍ അംഗമായ ബ്ലോഗ്സ്പോട്ടുകളില്‍ പോസ്റ്റ്‌ ചെയ്ത് വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് രചനകളില്‍ മികവ് കൂട്ടാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. കൂടുതല്‍ വളരാന്‍ തത്പരരായവര്‍ മറ്റുള്ളവരുടെ രചനകളില്‍ നിന്നും പഠിച്ചും തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവച്ചും എഴുത്തിന്‍റെ ലോകത്തെ വിശാലമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
ബ്ലോഗെഴുത്ത് പോലെ മറ്റൊന്നും ആധുനിക കാലഘട്ടത്തില്‍ സാഹിത്യലോകത്ത് ഒരു കുതിച്ചു ചാട്ടം ഉണ്ടാകാന്‍ സഹായിച്ചിട്ടുണ്ടാവില്ലാ എന്നാണു എന്‍റെ അഭിപ്രായം. വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് എഴുത്തുകളെ വളര്‍ത്തുന്നത് എന്നതിന് സംശയമില്ലാ.. അതേ സമയം നല്ലതിനെ നല്ലത് എന്ന് എടുത്തുപറഞ്ഞു അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്. ഇന്ന് എഴുത്തിന്‍റെ ലോകത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പല വന്മരങ്ങളും ബ്ലോഗ്സ്പോട്ട് എന്ന മണ്ണില്‍ കുരുത്തു വളര്‍ന്നവയാണ് എന്നത് തന്നെ ബ്ലോഗ്സ്പോട്ടുകളുടെ പ്രാധാന്യം വെളിവാക്കുന്നു. തങ്ങളുടെ രചനകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സധൈര്യം പോസ്റ്റ്‌ ചെയ്യുകയും അവയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളിലൂടെ രചനയെ കൂടുതല്‍ ശക്തിപ്പെടുത്തി പതിയേ അച്ചടി മാധ്യമത്തിലേക്കു കാലെടുത്തു വച്ച് പ്രശസ്തരാവാനുമുള്ള വഴികള്‍ തുറന്നിടുന്നതും വഴി കലാസാഹിത്യ വാസനകളെ പരിപോഷിക്കുവാനായി ഏറ്റവും ചെലവ് കുറവില്‍ ലഭ്യമായ ഈറ്റില്ലങ്ങള്‍ ആയി ബ്ലോഗ്സ്പോട്ടുകള്‍ വര്‍ത്തിക്കുന്നു. ഇതൊരു ചില്ലറക്കാര്യം അല്ലാ. കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തിനുള്ളില്‍ കഴിവുതെളിയിച്ച പല എഴുത്തുകാരുടെയും ഈറ്റില്ലങ്ങള്‍ ബ്ലോഗ്സ്പോട്ടുകള്‍ തന്നേ..
സഹകരണാടിസ്ഥാനത്തില്‍ പുറം ചൊറിഞ്ഞു കൊടുക്കപ്പെടും!
എഴുത്തുകാരും വായനക്കാരും ബ്ലോഗുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കാണിക്കുന്ന ശുഷ്ക്കാന്തി ആരോഗ്യകരമാണെങ്കില്‍ പ്രശംസാര്‍ഹമാണ്. എന്നാല്‍ പലയിടത്തും ഗ്രൂപ്പ് കളികളിലൂടെ ബ്ലോഗ്സ്പോട്ടുകളുടേയും ബ്ലോഗുകളുടേയും നിലവാരവും സ്ഥിരതയും കുറഞ്ഞു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ളവര്‍ ആ ഗ്രൂപ്പിലുള്ള അംഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന രചനകളില്‍ സഹകരണാടിസ്ഥാനത്തില്‍ കമന്റ് താണ്ഡവം തന്നെ നടത്തും. എന്ത് വളിപ്പ് എഴുതിവച്ചാലും അതിനെ ലോകോത്തരം എന്ന് വിളിക്കുകയും അതുവഴി എഴുതിയ ആളുടെ മുന്നോട്ടുള്ള പുരോഗമനത്തിനു മൂക്കുകയറിടുകയും ചെയ്യുന്നു. അതേപോലെ എതിര്‍ ഗ്രൂപ്പുകളിലുള്ള അംഗങ്ങളുടെ രചനകളില്‍ നെല്‍പ്പാടങ്ങളില്‍ വെട്ടുകിളി കൂട്ടമായി ഇറങ്ങുന്നതുപോലെ ഇറങ്ങിച്ചെന്നു ബ്ലോഗിന്‍റെ കൂമ്പു തന്നെ കരണ്ട് തിന്നുകയും ബ്ലോഗറുടെ എഴുതാനുള്ള മനസ്സിനെത്തന്നെ മുരടിപ്പിക്കുകയും ചെയ്യുന്ന ആഭാസത്തരവും ഈ ഗ്രൂപ്പ് കളിക്കാരുടെ കയ്യില്‍ ഉണ്ട്. ഇതേപോലുള്ള സംഭവങ്ങളില്‍ മനസ്സ് മടുത്ത എത്രയോ പേര്‍ പേന കുത്തിയൊടിച്ചു കളഞ്ഞ് ചുമ്മാ ഫേസ്ബുക്കില്‍ ലൈക്കും അടിച്ചു സമയം കളയുന്നുണ്ട് എന്നറിയാമോ?!
എം. ടിയുടേയും സക്കറിയയുടെയും മലയാറ്റൂരിന്റെയും പോലെ എഴുത്തിന്‍റെ ലോകത്ത് ഒരിക്കലും മായാത്ത വ്യക്തിമുദ്രകള്‍ പതിപ്പിച്ച അധികം പേര്‍ ബ്ലോഗ്സ്പോട്ടുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാല്‍, കറകളഞ്ഞ ചില വായനക്കാരെ നമുക്ക് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണാന്‍ സാധിച്ചേക്കാം. വായിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അവര്‍ നല്‍കുന്ന വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും തിരുത്തുകളും സ്വാംശീകരിക്കാന്‍ ഒരു രചയിതാവ് തയ്യാറാവുകയാണെങ്കില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ച ഗുണമാണ് ലഭിക്കുന്നത് എന്നതിന് തര്‍ക്കമില്ല. പക്ഷേ, അമ്പത് ശതമാനത്തില്‍ക്കൂടുതല്‍ ബ്ലോഗ്ഗെര്‍മാരും താന്‍ എഴുതിയത് വിമര്‍ശിക്കപ്പെടുമ്പോള്‍ അത് വിമര്‍ശകന്റെ വ്യക്തിവിദ്വേഷമാണ് ബ്ലോഗ്ഗില്‍ പ്രതിഫലിപ്പിക്കുന്നത് എന്ന രീതിയിലാണ് നോക്കിക്കാണുന്നത് എന്നത് പരിതാപകരമായ കാര്യമാണ്.
ഒന്നോ രണ്ടോ പത്തോ അമ്പതോ ബ്ലോഗുകള്‍ എഴുതിയത് കൊണ്ട് ആരും കറകളഞ്ഞ എഴുത്തുകാരാവുന്നില്ലാ. എഴുത്തിന്‍റെ മേഖല എത്രയോ വലുതാണ്‌. എഴുത്തുകാര്‍ എഴുതിയെഴുതി തെളിയുക തന്നെ വേണം.. തങ്ങള്‍ വളരെ വലിയ എഴുത്തുകാര്‍ ആണെന്ന അബദ്ധധാരണയും വിവരക്കേടും ഉള്ളവരാണ് വായനക്കാരുടെ സുഖിപ്പിക്കുന്ന അഭിപ്രായങ്ങളുടെ ഉപാസകരായിത്തീരുന്നത്. ഇവരൊന്നും ജന്മത്തില്‍ നല്ല എഴുത്തുകാരായി മാറുകയില്ലാ. എഴുത്ത് എന്ന സപര്യയുടെ സങ്കീര്‍ണ്ണമായ ഏതെങ്കിലും വളവുകളില്‍വച്ച് തങ്ങളുടെ യഥാര്‍ത്ഥകഴികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തില്‍ ഇത്തരക്കാരുടെ എഴുത്തുകള്‍ തമോവത്ക്കരിക്കപ്പെടും എന്നതിന് യാതൊരു സംശയവും ഇല്ലാ..
കറകളഞ്ഞ എഴുത്തുകാര്‍ ഒരിക്കലും അഭിപ്രായങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കില്ലാ. അക്ഷരങ്ങളേയും വാക്കുകളേയും എഴുത്തുകളേയും ഉപാസിക്കുന്നവര്‍ ഒരിക്കലും ക്രിയാത്മകമായ അഭിപ്രായങ്ങളെ പരിഹസിക്കുകയില്ല. അഥവാ അഭിപ്രായങ്ങളിലെ ന്യൂനതകളെ ചൂണ്ടിക്കാണിച്ച് അവ തിരുത്താനുള്ള ഉപദേശം നല്കാന്‍ മടി കാണിക്കുകയുമില്ല. വായനക്കാര്‍ ബ്ലോഗുകളില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ എല്ലാം അതേപടി സ്വാംശീകരിക്കണം എന്നൊന്നുമില്ല. അഭിപ്രായങ്ങളില്‍ പതിയിരിക്കുന്ന വിവരക്കേടും അശ്രദ്ധയും പിഴവുകളും നല്ല രീതിയില്‍ ചൂണ്ടിക്കാണിക്കാനും ബ്ലോഗ്ഗര്‍ തയ്യാറാവണം. അതിലൂടെ വായനക്കാരും വളരുകയാണ് എന്ന ബോദ്ധ്യം ബ്ലോഗ്ഗര്‍ക്കും ഉണ്ടാവണം. അത്യാവശ്യം നന്നായിത്തന്നെ എഴുതുന്നു എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്ന തന്നെ താരതമ്യേന പ്രായം കൊണ്ടും കഴിവുകള്‍ കൊണ്ടും പിറകിലായ ഒരു കീടം വിമര്‍ശിക്കുകയോ?!.. തീക്കട്ടയില്‍ ഉറുമ്പോ?!... എന്ന രീതിയില്‍ യുവാക്കളായ വായനക്കാരുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന ചില മുതിര്‍ന്ന എഴുത്തുകാരും ഉണ്ട്. തലയിലെ നരയല്ലാ എഴുത്തിന്‍റെ ഗുണം നിശ്ചയിക്കുന്നത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ വരെ പിഴവുകള്‍ വരുത്തിയേക്കാം. അത് പലരാലും ചൂണ്ടിക്കാണിക്കപ്പെട്ടെന്നും വരാം. അത് അംഗീകരിക്കാനും തിരുത്തുകള്‍ വരുത്താനുമുള്ള സഹൃദയത്വം ആണ് വേണ്ടത്.
പണ്ടൊരു രാജാവ് പള്ളിയെഴുന്നെള്ളത്തിനായി ആനപ്പുറത്ത് കയറിയിരുന്നത് എതിര്‍ദിശയില്‍ ആയിപ്പോയി. മന്ത്രി വളരെ ഭവ്യതയോടെ രാജാവിനോട് തിരിഞ്ഞിരിക്കാന്‍ അപേക്ഷിച്ചു. അബദ്ധം പിണഞ്ഞെന്നു ബോദ്ധ്യം വന്ന രാജാവ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് തെറ്റ് തിരുത്താന്‍ തയ്യാറായില്ല. "നോം ഇരുന്നത് ഇരുന്നു.. ഇനി വേണമെങ്കില്‍ ആനയെ തിരിച്ചു നിര്‍ത്തിക്കോളൂ.." എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുഴഞ്ഞു പോയില്ലേ? ഏതാണ്ട് ഇതേ ചിന്താഗതിയുള്ള ധാരാളം ബ്ലോഗ്ഗര്‍മാരെ കാണാന്‍ ഇടയായിട്ടുണ്ട്. ഇത്തരക്കാരോക്കെ സാഹിത്യസപര്യയ്ക്കു ഇറങ്ങിത്തിരിക്കുന്നത്‌ എന്തിനാണ് എന്ന് മനസ്സിലാവുന്നില്ലാ.
ചില എഴുത്തുകാരായ വായനക്കാര്‍ മറ്റുള്ളവരുടെ കൃതികളെ നിശിതമായി വിമര്‍ശിക്കുകയും സ്വന്തം കൃതികളില്‍ അതേ പിഴവുകള്‍ത്തന്നെ യാതൊരു ഉളുപ്പും കൂടാതെ ചെയ്യുന്നതും കാണാറുണ്ട്‌. ചുരുങ്ങിയ പക്ഷം നാം വിമര്‍ശനവിധേയമാക്കുന്ന പിഴവുകളെങ്കിലും തങ്ങളുടെ രചനയില്‍ ഒഴിവാക്കാന്‍ ഇവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? വിമര്‍ശനം അഴിച്ചു വിടുന്നവര്‍ തിരിച്ചും വിമര്‍ശനങ്ങള്‍ സമചിത്തതയോടെ ഏറ്റുവാങ്ങാന്‍ തയ്യാറുള്ളവര്‍ ആയിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പ്രതിവിമര്‍ശനങ്ങള്‍ നല്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കണം. അല്ലാത്തവര്‍ ഈ പണിക്കു നില്ക്കാതിരിക്കുകയാവും നന്നാവുക.
വ്യക്തിഹത്യ
തങ്ങളുടെ ബ്ലോഗില്‍ വിമര്‍ശനം അഴിച്ചു വിട്ട വ്യക്തികളുടെ തൂലിക ചലിക്കുന്നതും നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചില ബ്ലോഗു ജീവികളേയും ബ്ലോഗുലോകത്ത് ധാരാളമായി കാണാം. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്ന രീതിയിലേക്ക് വിമര്‍ശനങ്ങളുടെ ഗതി മാറപ്പെടുമ്പോള്‍ ഒടിയുന്നത്‌ എഴുത്താണിയുടെ മുനയാണ്. അതേസമയം ചിലര്‍ക്ക് (ഇവരെ ചൊറിച്ചിലുകാര്‍ എന്നുതന്നെ വിളിക്കട്ടേ) ഇത്തരം വിമര്‍ശനക്കഷായങ്ങള്‍ അത്യാവശ്യം തന്നെയാണ് താനും. എന്തും ഏതും വിമര്‍ശിക്കുക, അതുവഴി തങ്ങള്‍ എഴുതിയ ആളിനേക്കാള്‍ ബുദ്ധിയും വിവരവും ഉള്‍ക്കാഴ്ച്ചയും ഉള്ളവരാണ് എന്ന് പൊതുജനമദ്ധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെയൊക്കെ വിമര്‍ശനങ്ങള്‍ക്ക് പിറകിലെന്ന് ആര്‍ക്കും മനസ്സിലാവും. എഴുത്തിലൂടെ ആത്മാര്‍ത്ഥമായി കടന്നുപോയി എന്താണ് എഴുത്തുകാര്‍ ഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത് എന്നത് മനസ്സിലാക്കുക എന്നതും, ടൈപ്പിംഗ്‌ പിഴവുകള്‍ കൊണ്ടോ അജ്ഞത കൊണ്ടോ എഴുത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള പിഴവുകള്‍ പരിഹാസദ്യുതിയില്ലാതെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ വിമര്‍ശകരായ വായനക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ എഴുതുന്നയാളുടെ മേല്‍ കരിവാരിത്തേയ്ക്കുകയും അവരെക്കാള്‍ വലിയവരാണ് തങ്ങള്‍ എന്ന് സ്ഥാപിക്കുകയും ചെയ്യലല്ലാ വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിച്ചേക്കാം എന്നാല്‍ അതേപോലെ ഒന്നു എഴുതണമെന്ന് വിചാരിച്ചാല്‍ നടക്കാത്തവരായിരിക്കും ഇത്തരക്കാരില്‍ ഭൂരിപക്ഷവും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വച്ചാല്‍, എഴുത്തിലെ നല്ല വശങ്ങള്‍ ചൂണ്ടിക്കാണിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഒരിക്കലും ഇവര്‍ മുതിരാറില്ല എന്നതാണ്. ഒരുതരം ശത്രുതാ മനോഭാവത്തോടെ അല്ലെങ്കില്‍ അസൂയാത്മകമായ ഭാവത്തോടെ ബ്ലോഗ്സ്പോട്ടുകളില്‍ ഭീകരത സൃഷ്ടിക്കുവാനായിരിക്കും ഇവര്‍ എപ്പോഴും ശ്രമിക്കുക.
പുകഴ്ത്തല്‍
പുകഴ്ത്തലും എഴുത്തിന്‍റെ കൂമ്പ് നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. എഴുത്തില്‍ പിഴവുകള്‍ ഉണ്ടെന്നു നല്ല ബോദ്ധ്യം ഉണ്ടായിട്ടുകൂടി അത് ചൂണ്ടിക്കാണിക്കാതെ എഴുത്തുകാരുടെ സ്നേഹവും പ്രീതിയും ബഹുമാനവും അടുപ്പവും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എന്തും ഏതും കൊള്ളാം, അടിപൊളി, നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു സുഖിപ്പിക്കുന്ന ഏര്‍പ്പാട് എത്രയോ അപലപനീയമാണ്. ഇത്തരക്കാരെ കാണുബോള്‍ സഹതാപമാണ് തോന്നാറ്. അതേ പോലെത്തന്നെ, മിക്കസമയവും ഇന്റര്‍നെറ്റ്‌ എന്ന മായികവലയത്തിന്റെ ഏതോ മൂലയില്‍ മറ്റുള്ളവര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത രീതിയില്‍ മറഞ്ഞിരിക്കുകയും ബ്ലോഗ്സ്പോട്ടില്‍ "കിളിച്ചില്ലകള്‍" അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നമാത്രയില്‍ തന്നെ പറന്നുവന്നു മുഖം കാണിക്കുകയും ' ഓ.. സൊ സ്വീറ്റ്... ഫന്റാസ്റ്റിക്.. അതിമനോഹരം.. എന്നുമാത്രമല്ലാ കിലോമീറ്ററുകളോളം നീണ്ട മധുരം കിനിയുന്ന അഭിപ്രായങ്ങളും പഠിപ്പിക്കലുകളും ഉപദേശങ്ങളും നടത്തി എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായ തരളഹൃദയരായ വായനക്കാരും ഉണ്ട്. ഹാ കഷ്ടം എന്നേ ഇത്തരക്കാരോട് പറയാനുള്ളൂ.. ഇത്തരക്കാരില്‍ പ്രായഭേദവും ഇല്ലാ എന്നതാണ് അത്ഭുതകരം! സ്ത്രീജനങ്ങളുടെ ബ്ലോഗുകളില്‍ മാത്രം പറന്നിറങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഇത്തരക്കാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സ്വയം പരിഹാസ്യരാവുന്നത് അറിയുന്നില്ലാ എന്നതാണ് അതിലും ഖേദകരം. പുരുഷപ്രജ എഴുതുന്ന ബ്ലോഗുകള്‍ ഒന്നും ഇത്തരക്കാര്‍ക്ക് കണ്ണില്‍ പിടിക്കില്ല.
കൊടുത്താല്‍ കൊല്ലത്തും കിട്ടും
ചില എഴുത്തുകാരായ വായനക്കാരുടെ നയം രസകരമാണ്. തങ്ങളുടെ ബ്ലോഗില്‍ അഭിപ്രായം പറയുന്നവരുടെ ബ്ലോഗ്ഗില്‍ മാത്രം അഭിപ്രായം രേഖപ്പെടുത്തും. മാത്രമല്ലാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവരുടെ അതൃപ്തി നേടേണ്ടി വരുമോ എന്ന ഭയത്തില്‍ വിമര്‍ശനാത്മകമായി ഒരക്ഷരം എഴുതുകയുമില്ലാ. സ്വാഭാവികമായും ഇവരുടെ ബ്ലോഗുകളില്‍ അതേ നാണയത്തിലുള്ള അഭിപ്രായങ്ങള്‍ തിരിച്ചും രേഖപ്പെടുത്തപ്പെടുന്നതായി കാണപ്പെടുന്നു. എഴുതിയത് ആരുതന്നെയായാലും വിമര്‍ശിക്കുന്നത് ആരുതന്നെയായാലും അതിലെ സത്ത ഉള്‍ക്കൊണ്ടുള്ള പ്രതികരണം ഇത്തരക്കാര്‍ക്ക് ഒരിക്കലും സാധ്യമാവുകയില്ല.
ഞാന്‍ എഴുതും.. നിങ്ങള്‍ വായിക്കണം
വര്‍ത്തമാനപത്രമില്ലിലെ യന്ത്രങ്ങള്‍ പത്രങ്ങള്‍ നിരന്തരം അച്ചടിച്ചു തള്ളുന്നത് പോലെ അല്ലെങ്കില്‍ ആട് കാഷ്ഠിക്കുന്നത് പോലെ ഒന്നിനുപിറകെ ഒന്നായി ബ്ലോഗുകള്‍ ചര്‍ദ്ദിച്ചിടുകയും ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ സമയം കാണാത്തവരുമായ ധാര്‍ഷ്ട്യം കൈമുതലായ ചില ബ്ലോഗ്ഗര്‍മാരെ മിക്കവരും ശ്രദ്ധിച്ചിരിക്കും. ഇവരെയൊക്കെ വച്ച് പൊറുപ്പിക്കുന്ന ബ്ലോഗ്സ്പോട്ടുകളെ ശരിക്കും ആദരിക്കണം. ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം പറയാനോ സ്വന്തം ബ്ലോഗില്‍ വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാനോ സമയമില്ലാ എന്ന് പറയുന്ന ഇക്കൂട്ടര്‍ക്ക് ബ്ലോഗുകള്‍ എഴുതാനും പോസ്റ്റ്‌ ചെയ്യാനും സമയമുണ്ട് എന്നതാണ് അത്ഭുതകരം. വായനാസുഖം തരുന്ന ബ്ലോഗുകള്‍ ആണ് പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എങ്കില്‍ ഇത്തരക്കാരുടെ ഈ നടപടിയെ അല്പ്പമെങ്കിലും ന്യായീകരിക്കാം. എന്നാല്‍ ചവറുകള്‍ മാത്രം നിരന്തരം പോസ്റ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ വായനക്കാര്‍ക്ക് ബ്ലോഗ്ഗറോട് വിരക്തിയാണ് ഉണ്ടാവുക എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുക.
ബ്ലോഗ്ഗര്‍ക്ക് ഉപകാരപ്പെടാത്ത അഭിപ്രായങ്ങള്‍
ചിലര്‍ ബ്ലോഗുകള്‍ വായിച്ചു ഇടുന്ന കമന്റുകള്‍ ബ്ലോഗിന് ആധാരമായ വിഷയത്തെക്കുറിച്ചുള്ള അവരുടെ അറിവ് നിരത്തല്‍ ആയിരിക്കും. അതേസമയം ബ്ലോഗിനെ വിലയിരുത്താന്‍ അവര്‍ തുനിയുകയില്ലാ. ബ്ലോഗ്‌ എഴുതിയത് നല്ല രീതിയില്‍ ആണോ,എന്തൊക്കെയാണ് എഴുത്തിന്‍റെ അപാകതകള്‍ എന്നൊക്കെ അറിയാന്‍ ഉത്സുകരായിരിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് വളരാനുള്ള സംഭാവനകള്‍ ഇത്തരം കമന്റുകളില്‍ ഇല്ലാ എന്നതാണ് ശോചനീയം. വെറുതെ കൊള്ളാം, നന്നായിട്ടുണ്ട് എന്നിവയും ഈ ഗണത്തില്‍പ്പെടും. ഒന്നുകൂടി നന്നാക്കാമായിരുന്നു... എന്ന് പറഞ്ഞു പോകുന്നവരും ഉണ്ട്. എന്നാല്‍ ഏതു രീതിയില്‍ അല്ലെങ്കില്‍ ഏതു മേഖലയില്‍ ആണ് ന്യൂനതകള്‍ എന്ന് ചൂണ്ടിക്കാണിച്ചാലല്ലേ എഴുത്തുകാര്‍ക്ക് അവ പരിഹരിക്കാനാവുകയുള്ളൂ?.. ബ്ലോഗുകള്‍ വായിക്കാതെ തന്‍റെ സാന്നിദ്ധ്യം മാത്രം അറിയിക്കുന്ന ലൈക്കുകള്‍ അടിച്ചു പറന്നുപോകുന്ന വായനക്കാരും ഉണ്ട്. നിമിഷങ്ങള്‍ക്കകം പത്തോ പതിനഞ്ചോ ബ്ലോഗുകളില്‍ ഇത്തരക്കാര്‍ ലൈക്‌ അടിക്കും.. അതില്‍നിന്നു തന്നെ മനസ്സിലാക്കാം ബ്ലോഗുകള്‍ വായിക്കാതെയാണ് ലൈക്കുകള്‍ അടിക്കപ്പെടുന്നത് എന്ന്.
അപ്പോള്‍ 'ആകെ മൊത്തം ടോട്ടല്‍' എനിക്ക് പറയാനുള്ളത് ഇതാണ്... ബ്ലോഗുകള്‍ പോസ്റ്റ്‌ ചെയ്യപ്പെടുമ്പോഴും അവ വായിച്ച് അഭിപ്രായം പറയപ്പെടുമ്പോഴും അവ എഴുത്തിന്റേയും വായനയുടെയും പുരോഗമനം മാത്രം ലക്ഷ്യമാക്കിയുള്ളത് ആവണം എന്ന് തന്നെയാണ്. ആദ്യമായി എഴുതിത്തുടങ്ങുന്നവരുടെ ബ്ലോഗുകളെ ചവറുകള്‍ എന്ന് അധിക്ഷേപിച്ചു തള്ളാതെ അതിലെ ന്യൂന്യതകള്‍ സഹിഷ്ണുതയോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക, വ്യക്തി വൈരാഗ്യങ്ങളും ഈഗോയും എഴുത്തിന്‍റെ മേഖലയില്‍ പ്രതിഫലിപ്പിക്കാതെയിരിക്കുക, തങ്ങള്‍ കാലാകാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന അറിവുകളാണ് ആത്യന്തികമെന്നു ബ്ലോഗ്ഗറെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുക, ഓരോരുത്തരുടേയും ശൈലിയില്‍ത്തന്നെ രചന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക, അടുപ്പവും സ്നേഹവും എല്ലാം കണക്കില്‍ എടുത്തു അഭിപ്രായങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതാതിരിക്കുക, ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക ഇത്യാദി ചെറിയ വലിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചാല്‍ ബ്ലോഗ്സ്പോട്ടുകള്‍ വിജയക്കൊടി പാറിക്കും എന്നതിന് സംശയമുണ്ടോ? എഴുത്തിന്റേയും വായനയുടെയും കലകളുടെയും വികാസം മാത്രമല്ലാ അവകളിലൂടെയുള്ള സൌഹൃദവും ഇത്തരം കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നുണ്ട് എന്ന സുപ്രധാന കാര്യവും നമ്മള്‍ വിസ്മരിക്കരുത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടെ മനസ്സിലൂടെയും എപ്പോഴെങ്കിലും കടന്നുപോയിരിക്കാവുന്നവയായിരിക്കാം.. എല്ലാം കൂടി ഞാനൊന്നു സൂചിപ്പിച്ചു എന്ന് മാത്രം.. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു..