Monday, July 24, 2017

മഴയിലൊരു 'ആര്‍മ്മാദിക്കല്‍'

ശ്രീകൃഷ്ണകോളേജ്-ഗുരുവായൂരിലെ അഞ്ചുകൊല്ലത്തെ പഠിപ്പിനുശേഷം ശാസ്ത്രബിരുദം ലഭിച്ച കാലത്തുണ്ടായ ഒരു മഴയനുഭവം പങ്കുവയ്ക്കട്ടേ..  കാര്യമായെഴുതാന്‍ അത്രയ്ക്കൊന്നുമതിലില്ലെങ്കിലും, മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ഒരു സ്വകാര്യാനുഭവമാണിത്.  

അക്കാലത്ത് ബൈക്കൊന്നും ആരുംവാങ്ങിത്തരാതിരുന്ന സാഹചര്യത്തില്‍, എന്‍റെ  ഹീറോ, എന്‍റെ  'ഹീറോ റേഞ്ചര്‍' സ്പോര്‍ട്സ് സൈക്കിള്‍  ആയിരുന്നു. അതില്‍ക്കയറി പോകാത്തയിടങ്ങളില്ലാ, ചെയ്യാത്ത  അഭ്യാസങ്ങളില്ലാ.. കാണാത്ത ഉത്സവങ്ങളില്ലാ...

ജൂലൈ മാസത്തിലെ ഏതോ ഒരുദിവസം.. ഞാനും ബാല്യകാലസുഹൃത്തായ റോബിനും, കോളേജ്പരിസരത്തുള്ള മറ്റം എന്ന സ്ഥലത്ത് താമസിക്കുന്ന എന്‍റെ സഹപാഠികളായ രണ്ടു 'ഘെടി'കളുടെ വീട്ടിലേക്ക് സന്ദര്‍ശനംനടത്താന്‍ തീരുമാനിച്ചു.  പഠിപ്പൊക്കെഅവസാനിപ്പിച്ച് ഒരുതൊഴിലുമില്ലാതെ  വീട്ടില്‍വെറുതേയങ്ങനെ (ചൊറിയുംകുത്തിയല്ലാ)  ഇരിക്കുകയല്ലേ... (ഇവരിലൊരാള്‍ - സാജു കെ. മാത്യൂ- ഏതാനുംവര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങളെ  വിട്ടുപിരിഞ്ഞുപോയി). റോബിന്‍ എന്‍റെ കൗമാരസുഹൃത്തും അയല്‍വാസിയും ഇന്നും ഈ പ്രവാസജീവിതത്തില്‍, ഊഷ്മളമായ  സൗഹൃദസാഹോദര്യം കാത്തുസൂക്ഷിക്കുന്ന  ആളുമാണ്.

ഞാന്‍ എന്‍റെ റേഞ്ചറിലും അവന്‍ അവന്‍റെ കുന്തമുനയായ ഹെര്‍ക്കുലീസിലും.. യാത്രതുടങ്ങി അല്പസമയത്തിനുള്ളില്‍, അതേവരെ പ്രശാന്തസുന്ദരമായിനിന്നിരുന്ന പ്രകൃതിയുടെ നിറംമാറി. നിമിഷനേരത്തിനുള്ളില്‍ ഒരു അട്ടഹാസത്തോടെ, മഴ ഞങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. "തീയില്‍ക്കുരുത്തവര്‍  മഴയത്ത്  വാടുമോ?!.."  ഹെഹെഹെ.. ഞങ്ങളോടാ  കളി.. പാടവരമ്പത്തിലൂടെയുള്ള ഷോര്‍ട്ട്കട്ട് ഒഴിവാക്കി, മൂന്നാലുകിലോമീറ്റര്‍ അധികമുള്ള ടാര്‍റോഡിലൂടെതന്നെ പോകാന്‍  തീരുമാനിച്ചു. ഇടയ്ക്കിടെ  ഇടികുടുങ്ങുന്നുണ്ടായിരുന്നു. ഇടിമിന്നലെന്നു കേട്ടാല്‍ എന്‍റെ പ്രിയസുഹൃത്തിന് ഒന്നൊന്നര ഭയവും. എന്നാല്‍,  മഴകൊണ്ട്‌  'മദംപൊട്ടിയപോലെ' ആശാന്‍, വളരേ ഉത്സാഹത്തോടെ മഴയെ കീറിമുറിച്ചുപോകുന്നതുകണ്ടപ്പോള്‍ എന്നിലെ ആവേശവും കത്തിപ്പിടിച്ചു. അരികന്നിയൂര്‍കയറ്റം ഞങ്ങള്‍ പുല്ലുപോലെ ചവിട്ടിമെതിച്ചുകയറി. വല്ലാത്തൊരു  ഊര്‍ജ്ജമാണ് മഴ നല്കുന്നതെന്ന് അപ്പോള്‍ തോന്നി.

അങ്ങനെ, മഴ ഒരുതുള്ളിപോലും പാഴാക്കാതെ കൊണ്ട്, ഞങ്ങള്‍  മേല്പ്പറഞ്ഞ വീടുകളില്‍പ്പോയി അവരുമായി  കുശലാന്വേഷണം നടത്തി, അവര്‍തന്ന  സ്നേഹമെല്ലാം അനുഭവിച്ച്, തമാശകളെല്ലാം തകര്‍ത്ത്, മടക്കയാത്രക്കുള്ള ഉദ്യമം ആരംഭിച്ചു. അന്തരീക്ഷം വീണ്ടും 'പ്രശാന്തന്‍' ..  അതിനാല്‍ പാടത്തുകൂടെ തിരിച്ചുപോകാമെന്നു കരുതി. സാജുവിന്‍റെ അമ്മതന്ന ഉശിരന്‍ കട്ടന്‍കാപ്പിയുടെ ഊര്‍ജ്ജം ഞങ്ങളിലപ്പോള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അപ്പോഴും ഉണങ്ങാന്‍ മടിച്ച്, ദേഹത്തോടൊട്ടിപ്പിടിച്ച് കുളിരാര്‍ന്ന കിന്നാരങ്ങള്‍ പറയുന്നുണ്ടായിരുന്നു.

ഇടവഴികളിലൂടെയെല്ലാം ചീറിപ്പാഞ്ഞ്, ഞങ്ങളുടെ 'ഫെരാരികള്‍' പാടശേഖരങ്ങള്‍ തുടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ആകാശത്ത്  കരിമ്പൂതങ്ങളുടെ വാകച്ചാര്‍ത്ത്. ഒരൊന്നൊന്നര ഇടി. ഞാന്‍ റോബിന്‍റെ മുഖത്തോട്ടൊന്നുനോക്കി. എന്നാല്‍ പുതുമഴകണ്ട ഈയാംപാറ്റകണക്കേ അവനത്‌  ആസ്വദിക്കുന്നതായാണ് എനിക്കുതോന്നിയത്. പൂര്‍വ്വാധികം  ആവേശത്തോടെ അവന്‍ എനിക്കുമുന്നില്‍ തെളിഞ്ഞു കൊണ്ടിരുന്ന, നേര്‍ത്ത വയല്‍വരമ്പുകളിലൂടെ കുതിച്ചുപാഞ്ഞു. മഴത്തുള്ളികള്‍ ഹര്‍ഷാരവത്തോടെ ഞങ്ങളെ  ആവേശഭരിതരാക്കിക്കൊണ്ടിരുന്നു.

സ്വര്‍ണ്ണവര്‍ണ്ണത്തോടെ നെല്ല് വിളഞ്ഞുകിടക്കുന്ന  കണ്ടാണിശ്ശേരിപാടങ്ങളിലൂടെ  ഞങ്ങള്‍ റോക്കറ്റ്പോലെ പായുകയാണ്.  ചിലയിടങ്ങളില്‍ ഒന്നും ചിലപ്പോള്‍ രണ്ടും അടികള്‍ പരമാവധിവീതിയുള്ള  വരമ്പുകള്‍, ഹെര്‍ക്കുലീസും  റേഞ്ചറും അഭ്യാസികളെപ്പോലെ 'ചവച്ചുതുപ്പി' അതിവേഗത്തോടെ  മുന്നേറുന്നു. ചരല്‍ക്കല്ലുകള്‍പോലെ മുഖത്തുപതിച്ചിരുന്ന മഴത്തുള്ളികള്‍ കാഴ്ചനശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം അരമണിക്കൂറോളംവേണം ടാറിട്ട, ഗുരുവായൂര്‍റോഡിലേക്ക് എത്തുവാന്‍. മഴയേക്കാള്‍വേഗത്തില്‍ സൈക്കിള്‍ ഓടിക്കുവാനുള്ള ജ്വരമായിരുന്നു അപ്പോള്‍..   ഒരുതരം ഭ്രാന്തുപോലെ!..

നീര്‍ക്കോലികളും വരാലുകളും നെല്ക്കതിരുകളുടെതാഴെ പുളകംകൊണ്ട്  ആര്‍മ്മാദിക്കുന്ന കാഴ്ചകള്‍ കണ്ണിന്കുളിരേകി. വരമ്പുകളുടെ ജന്മിമാരെന്നപ്പോലെനിന്ന്  മസിലുപിടിച്ച, ചില മണ്ടന്‍ഞണ്ടുകള്‍ സൈക്കിള്‍ടയറുകള്‍ക്ക് ഇരകളായി. അതുകണ്ട്, പരിഹാസമോടെ 'പേക്രോം' പറയുന്ന തവളകള്‍... സൂക്ഷ്മനയനങ്ങളില്‍  അതൊക്കെ വിരുന്നുകാഴ്ചകളായി. മഴ അപ്പോഴും ആര്‍ത്തലച്ചുകൊണ്ടേയിരുന്നു.

വിശപ്പും ക്ഷീണവും ഞങ്ങളെ  ആക്രമിക്കുവാന്‍തുടങ്ങി.. മണി ഉച്ച പന്ത്രണ്ടര  ആയിക്കാണും.. പോകുന്ന വഴിയോരങ്ങളിലെ  വീടുകളില്‍നിന്നും ഉള്ളിവഴറ്റിയതിലേക്ക് വേവിച്ച ചേനചേരുന്ന സുഗന്ധവും, നല്ല മീന്‍കറി വേപ്പിലയിട്ടുകാച്ചുന്ന നറുമണവുമെല്ലാം മൂക്കില്‍വന്നടിച്ചാല്‍പ്പിന്നെ മനുഷ്യന്‍റെ 'കണ്ട്രോള്‍' പോവില്ലേ..

മഴനിര്‍മ്മിച്ച മൂടല്‍മഞ്ഞിനപ്പുറം പാടങ്ങള്‍ക്കുനടുവില്‍ ഒരോലപ്പുരയുടെ സാന്നിദ്ധ്യം ദൃശ്യമായി. അതൊരു  ചായക്കടയായിരിക്കാം.. എന്‍റെ കൂട്ടുകാരന്‍റെ മനസ്സ് മന്ത്രിക്കുന്നത്  എന്തായിരിക്കുമെന്ന് അന്നും ഇന്നും  എനിക്കറിയാം.  ആ കൂരയുടെ മുന്നില്‍ ഹെര്‍ക്കുലീസ് സഡന്‍ബ്രേക്കിട്ടപോലെ നിന്നു. പിറകേ എന്‍റെ റേഞ്ചറും..

ധാരണ തെറ്റി. അതൊരു  കള്ളുഷാപ്പ്  ആയിരുന്നു. പക്ഷേ അവിടെ  കച്ചവടക്കാരനല്ലാതെ മറ്റാരും  ഉണ്ടായിരുന്നില്ലാ. കച്ചവടക്കാരനെകണ്ട് ഞങ്ങള്‍  അത്ഭുതംകൂറി. സുധാകരേട്ടന്‍!...  ഞാന്‍ ഡിഗ്രീ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠിക്കാന്‍, ചില സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന്റെ അടുത്ത് വാടകയ്ക്കൊരു മുറിയെടുത്തുതാമസിച്ചിരുന്നതിന്റെ അടുത്ത മുറിയിലെ അന്തേവാസിയായിരുന്നു സരസനായ സുധാകരേട്ടന്‍.

കള്ളുഷാപ്പിന്റെ (കള്ളിന്‍റെ/ചാരായത്തിന്റെ കടകള്‍ക്ക് 'ഷാപ്പ്' എന്നും മറ്റുള്ള  കടകള്‍ക്ക് 'ഷോപ്പ്' എന്നും  പറയുന്നവരാണ്  മലയാളികള്‍!)  കുശിനിയില്‍നിന്ന്‍ ഏതോ  ഒരു  കറിയുടെ മനംമയക്കുന്ന സുഗന്ധം.

"എന്ത്ര.. ഇങ്ങളിപ്പോ ഈ  വഴിക്ക്?"  സുധാരേട്ടന്‍

"ഒക്കെ പിന്നെ പറയാം.. ആദ്യം  എന്തേലുമിങ്ങട് തിന്നാനെടുക്ക്.."  നോം..

മുതിരാ...... മുരിങ്ങയിലയിട്ട്  വേവിച്ച്, ചുവന്നുള്ളി മൂപ്പിച്ച്, രണ്ട് പ്ലേറ്റ് അങ്ങട്  ഡെസ്ക്കില്‍ വെച്ചു. ഹെന്റമ്മേ.. ഒടുക്കത്തെ  രുചി..  

"ഒരു കുപ്പി  കള്ള്..  എടുത്താലോ... "  സുധാരേട്ടന്‍

ഞാനും  റോബിനും  പരസ്പരം ഒന്നുനോക്കി.. ആ  മഴയത്ത്, നനഞ്ഞുകുളിച്ചിരിക്കുന്ന  അവസ്ഥയില്‍, ഇച്ചിരി കള്ളകത്താക്കിയാല്‍ കൊള്ളാമെന്നുള്ള ഒരു തോന്നല്‍.. വയസ്സ് 20 ആയില്ലേ.. വോട്ടവകാശവും  അതിലപ്പുറവും  ആയിട്ടുണ്ടെങ്കിലും വീട്ടുകാരറിഞ്ഞാല്‍ പണിപാളും.. പക്ഷേ, പ്രശ്നം ആ  ആശയക്കുഴപ്പമായിരുന്നില്ലാ.. കൈയില്‍ വേണ്ടത്ര കാശില്ല. ഞങ്ങളുടെ  മനോഗതം  അറിഞ്ഞപോലെ  സുധാകരേട്ടന്‍ ഒരുകുപ്പി  കള്ള് കൊണ്ടുവന്ന് ഡെസ്ക്കില്‍ വച്ചു.

"ഡാ.. കഴിച്ചോടാ.. കാശൊക്കെ  പിന്നെ  കണക്കാക്കാം.. അല്ലെങ്കിലും ഈ കാശൊക്കെകൊണ്ട്  മനുഷ്യന്‍  എവിടെപോവാനാ..  ദ് സൂപ്പര്‍  സാനാ... എല്ലാര്‍ക്കുമൊന്നും അങ്ങനെ കൊടുക്കില്ലാ ഞാന്‍..  ഇങ്ങളൊക്കെ ന്‍റെ പിള്ളേര് അല്ലേ.. കാശിനെക്കുറിച്ചൊന്നും വിയ്യാരിക്കണ്ടാ.."

ഞങ്ങള്‍ വീണ്ടും  "അങ്ങടുമിങ്ങടും" ഒന്ന് നോക്കി.. ഗ്ലാസ്സിലെ കള്ള് പോയവഴി അറിഞ്ഞില്ലാ.. ഹെഹെഹെ

നന്ദി..

- ജോയ്  ഗുരുവായൂര്‍..

Thursday, April 27, 2017

ഒരു വേശ്യയുടെ വീണ്ടുവിചാരം

"ഹല്ലാ... ആരിത് സുദര്‍ശന്‍ പഴേടത്തോ?!!.. ദി മോസ്റ്റ്‌ കൊണ്ട്രോവെര്‍ഷ്യല്‍ റൈറ്റര്‍ ഓഫ് ദി ഇയര്‍!... വരൂ.. ഇരുന്നാലും സഖാവേ.."

"ഹ ഹ ഹ വല്ലാതങ്ങ് ആക്കാതെടാ പൊന്നു ചെറിയാനേ.. ഓരോന്ന് ഒപ്പിച്ചും വച്ച്........... നീയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍...."

"ഹോ.. അപ്പോഴേക്കും സെന്റി ആയോടാ നീ?.. പോട്ടേടാ ഞാന്‍ ചുമ്മാ നിന്നെയൊന്നു അഭിനന്ദിച്ചതല്ലേ.. ഹെഹെഹെ.."

"പുസ്തകത്തിന്‍റെ ആറാമത്തെ പതിപ്പിന്‍റെ പ്രകാശനമാണ് അടുത്ത പതിനഞ്ചാം തീയതി. നിന്നെ കണ്ട് കൈയോടെ ക്ഷണിക്കാനാണ് ഞാനിപ്പോ പാലക്കാട്ട് നിന്നും വന്നേ. ഇപ്രാവശ്യം നിന്‍റെ ഒരു ഒഴിവുകഴിവും എനിക്കു കേള്‍ക്കേണ്ടാ.. നീ തന്നെ അത് പ്രകാശനം ചെയ്തിരിക്കും.. ങാ..."

"ഓഹോ.. എല്ലാം നീ തന്നെയങ്ങ് തീരുമാനിച്ചോടാ ഉവ്വേ.. ശരിശരി.. വലിയ വിവാദ നായകനല്ലേ.. അനുസരിക്കാതെ തരമില്ലല്ലോ.."

"നീ ദേ വീണ്ടും... ഹ ഹ ഹ.. എന്നാലും എന്‍റെ സുഹൃത്തേ.. ഒരു പ്രതി പോലും ചിലവാകാതെ ബുക്ക് സ്റ്റാളുകളില്‍ കെട്ടിക്കിടന്ന എന്‍റെ പുസ്തകത്തിനെ ഞൊടിയിടയില്‍ ഇത്രയും വലിയൊരു സംഭവമാക്കിയ നിന്‍റെ കാഞ്ഞ ബുദ്ധിയെ സമ്മതിക്കണം! ആ കടപ്പാട് ഞാന്‍ മരിക്കുവോളം............."

"ഛെ.. മതി നിന്‍റെ കൃതജ്ഞതാസ്തോത്രങ്ങള്‍.... ഡാ സുദര്‍ശാ.... നിങ്ങളൊക്കെ പണ്ട് വട്ടനെന്നു വിളിച്ചു കളിയാക്കിയിരുന്ന ഈ ചെറിയാന്‍റെ ഒരു ചെറിയ വട്ട്... അതില്‍ക്കൂടുതലായി ഇതില്‍ യാതൊന്നുമില്ലാ..."

"ചെറിയാനേ.. നിനക്കിതൊക്കെ നിസ്സാരമായിരിക്കാം പക്ഷേ, നീണ്ട ആറു വര്‍ഷം തലപുകച്ചതിന്‍റെ ഫലമായി, കിടപ്പാടം വരെ പണയം വച്ച് ഇറക്കിയ പുസ്തകത്തിന്‍റെ പരാജയം ശരിക്കുമെന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിച്ചിരുന്നു. നിന്‍റെയാ വട്ടാണ് എന്നെ രക്ഷിച്ചേ!"

"സുദര്‍ശാ.. ഇക്കാലത്ത് പ്രശസ്തി വേണേല്‍ ഒരു വിവാദച്ചുഴി ഉണ്ടാക്കിയെടുത്തേ തീരൂ.. ബാക്കി കാര്യം ജനങ്ങള്‍ ഏറ്റെടുത്തോളും..പരസ്യവും വേണ്ടാ..പത്തു പൈസ ചിലവും ഇല്ലാ..ഹ ഹ ഹ"

"സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന വ്യവസായ സംരംഭത്തെ ഒരു തെരുവ് വേശ്യയോടു ഉപമിച്ച നിന്‍റെ ഭാവന അപാരം!... നിന്‍റെ വാക്കും കേട്ട് വിതരണം ചെയ്ത പ്രതികളെല്ലാം പിന്‍വലിച്ച്, "സാമ്പത്തികത്തകര്‍ച്ചയെ ഫലപ്രദമായി നേരിടാം" എന്ന അതിന്‍റെ പേര് "ഒരു വേശ്യയുടെ വീണ്ടുവിചാരം" എന്നാക്കുമ്പോള്‍ സത്യത്തിലെനിക്ക് പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. സംഗതി വിവാദമായപ്പോള്‍ ഞാനാദ്യമൊന്നു വിരളുകയും ചെയ്തു. പുസ്തകം അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്ന സൂചന സാഹിത്യ അക്കാഡമി അംഗം കോരസാറില്‍ നിന്നും കിട്ടിയതില്‍പ്പിന്നെ ഞാനിപ്പോ നിലത്തൊന്നുമല്ലാ.. "

"ഹ ഹ ഹ ഹ.. 'വിവാദാന്തം വിജയം' എന്ന് ശ്രീ. ചെറിയാന്‍ ബുദ്ധിഭ്രമാനന്ദ തിരുവടികള്‍ പറയുന്നത് ചുമ്മാതാണോ?.."

"അല്ല ചെറിയാനേ.. ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടേ.... നിനക്ക് ശരിക്കും വട്ടുണ്ടോടാ?.. ഹ ഹ ഹ ഹ ഹ.."

കണ്ണുണ്ടായാല്‍ പോരാ..

രണ്ടുകണ്ണുള്ളതില്‍ രണ്ടും നമ്മള്‍ തുറന്നുവയ്ക്കണം, 
വലതിലൂടെ പ്രവേശിക്കുന്നത് 
കാണുകയും 
ഇടതിലൂടെ വരുന്ന 
കാഴ്ചകളെ 
കണ്ടില്ലെന്നു 
നടിക്കുകയും  വേണം. 
നീയറിയാതെ,  
അപ്രിയസത്യങ്ങള്‍ 
വിളിച്ചോതാതിരിക്കാന്‍
അതുപകരിക്കും. 
വലതിലൂടെ,  
ചുവപ്പും ഇച്ചിരി മഞ്ഞയും 
കറുപ്പും വെളുപ്പുമൊക്കെ 
നന്നായി ആസ്വദിച്ചോളൂ. 
എന്നാല്‍  ഇടതുകണ്ണ് 
അതിനൊന്നുമുള്ളതല്ലാ.. 
അരുതാത്തത് 
കണ്ടുകണ്ട് മടുത്ത്,  
വലതുതന്നേയൊരിക്കല്‍   
ഇടതിനോട് സങ്കടം പറയും. 
അപ്പോള്‍, ഇടത്, 
ചെഞ്ചായം വാരിപ്പൂശി,
വലതുമാറി ഇടതുചവിട്ടി,   
രൌദ്രഭാവം പൂണ്ട്,  
കണ്മുനകളെ കൂര്‍പ്പിച്ച്, 
കാഴ്ചകളുടെ നെഞ്ചിലാഴ്ത്തി,
അവയോട് കണക്കുതീര്‍ക്കും.
അതിനാണത്രേ ഇടതിനെ 
സൃഷ്ടിച്ചിരിക്കുന്നത് തന്നേ!

- ജോയ് ഗുരുവായൂര്‍

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം...
എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ
ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്;
ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും
ഞാന്‍ നേരിട്ട് പഠിച്ചവ...
തത്ക്കാലം നമുക്കിനി പിരിയാം.
എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന
ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍
ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും
നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ
ഫയലുകള്‍ എടുത്തുവച്ച്,
അവരുടേതുമായി താരതമ്യംചെയ്യുകയും
വ്യത്യാസങ്ങള്‍ കൃത്യതയോടെ
കുറിച്ചുവയ്ക്കുകയും ചെയ്യും.
നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന,
ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ
വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്.
എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍
ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ-
എന്നാണ് എന്റേയും പ്രാര്‍ത്ഥന.
ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ,
നിന്‍റെ ജീവിതത്തിലേക്കെനിക്ക്
പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.
അകാരണമായി നിന്നെ സംശയിച്ചതിനും
കുറ്റാരോപണം നടത്തിയതിനും നിരുപാധികം
നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? .
അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ..

- ജോയ് ഗുരുവായൂര്‍

മനസ്സ് സാക്ഷി

നീയൊരു സംഭവമാ.. 
നോട്ടവും 
മയക്കുന്ന ചിരിയും 
ഫലിതങ്ങളും 
നല്ല വാക്കുകളും 
നടപ്പും എടുപ്പും 
സൗന്ദര്യവും 
സമ്പത്തും 
ആഢ്യതയും 
കലാവിരുതും 
സാഹിത്യവാസനയും 
സഹവര്‍ത്തിത്വവും.... 
നീയാളൊരു സംഭവമാ.. 

അനുകമ്പയും 
ദാനശീലവും 
ദൈവഭയവും 
ആരോഗ്യവും 
വിദ്യാഭ്യാസവും 
അറിവും.... 
നീയൊരു വലിയ സംഭവം തന്നെയാ.. 

ചുഴിഞ്ഞുനോക്കുമ്പോള്‍, 
ഇതെല്ലാം 
നിന്നിലടിഞ്ഞൂറും, 
കടുത്ത സ്വാര്‍ത്ഥത, 
നിറയ്ക്കാന്‍ മാത്രമുള്ള 
ഉപകരണങ്ങള്‍!. 
ആരുടെ പതനങ്ങളിലും 
നിന്മനം കേഴില്ലാ.. 
നാളേ..  
നീയതുമൊരു കവിതയാക്കി, 
പ്രശസ്തി തേടാം!!... 

ഉള്ളിന്‍റെയുള്ളില്‍, 
എല്ലാത്തിനോടും നിനക്ക് 
കടുത്ത പരിഹാസം 
എല്ലാ൦ നിന്‍റെ കളിപ്പാട്ടങ്ങള്‍; 
ദൈവം പോലും!!!!!!!!!!

 - ജോയ് ഗുരുവായൂര്‍

തിമിരം

ഹൈജമ്പിലൊരു വികലാംഗന്‍ 
ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്രേ!
ഉയരങ്ങള്‍ കീഴടക്കുവാന്‍
വൈകല്യമൊരു തടസ്സമല്ലാ.

കരിങ്കല്ലില്‍ ചോരതെറിച്ചു.
പാളങ്ങളില്‍ മാംസവും.
നേരറിയാനുള്ള നെട്ടോട്ടം,
നീതിതേടിയ കാത്തിരിപ്പും.

ഒരു കൈയില്ലാത്തവനൊരു
'കൈ'യങ്ങുനോക്കി പുഷ്ടിപ്പെട്ടു.
കൈയില്ലാത്തവന്‍റെ കൈകളായി,
ഉന്നതങ്ങളില്‍നിന്നുമാളുകള്‍

'ലവന്‍ വെറുമൊരു പിച്ചയല്ലെടേ..
മറ്റവരുടെ ആളാ.... "
സൌമ്യനായിനിയുമവന്‍
പിച്ചിച്ചീന്തിടും പുഷ്പങ്ങളെ.

അകക്കറുപ്പ് തേച്ചുകറുപ്പിച്ച
കോട്ടിട്ട കാട്ടാളര്‍ക്ക് മുന്നില്‍,
കണ്ണുകെട്ടിയ സ്ത്രീരൂപം
നിസ്സഹായതയുടെ പ്രതിരൂപം.

ഹേ.. കറുത്ത കോട്ടുകാരാ...
നിനക്കറിയില്ലേ പരമസത്യം?
ഉള്‍ക്കണ്ണില്‍ തിമിരം വരുത്താന്‍
നോട്ടുകെട്ടുകള്‍ക്ക് പറ്റുമോ?

- ജോയ് ഗുരുവായൂര്‍.

കൂടണയും തെന്നല്‍....

കയറ്റിറക്കങ്ങളും കടുംവളവുകളുംതാണ്ടി, വണ്ടിത്താവളത്തില്‍ മിനിബസ്സ് നിന്നു. രണ്ടാംവര്‍ഷബോട്ടണി ഡിഗ്രീബാച്ചിന്‍റെ സ്റ്റഡിടൂര്‍ കൂര്‍ഗ്ഗിലേക്കുവയ്ക്കാന്‍ മുന്‍കൈ എടുത്തത് സിദ്ധാര്‍ത്ഥന്‍മാഷായിരുന്നു. ഒറ്റത്തടിയാണെന്ന കാരണത്താല്‍ മിക്കയാത്രകള്‍ക്കും കുട്ടികളെ നയിക്കാനുള്ളവരുടെ കൂട്ടത്തില്‍ മാനെജ്മെന്റ് തന്നേയും ഉള്‍പ്പെടുത്തും. എതിര്‍ത്തിട്ട് പ്രത്യേകിച്ചൊരുഗുണവുമില്ലെന്ന തിരിച്ചറിവില്‍ സമ്മതിക്കുകയും ചെയ്യും.

ചൂടനൊരു കൂര്‍ഗ്ഗ്കാപ്പി വാങ്ങിവരട്ടേ ടീച്ചറേ?.. പുഞ്ചിരിയുമായി സിദ്ധാര്‍ത്ഥന്‍മാഷ്‌.

"വേണ്ട മാഷേ... ഞാനീനേരത്ത് കാപ്പിയൊന്നും കഴിക്കാറില്ല. മാഷ് കഴിച്ചോളൂ.."

"അല്ലാ.. ഈ കുടകിലെ കാപ്പിയുടെ ഗുണം നിഖിതാജിക്ക് അറിയാണ്ടാ.. പ്ലീസ് എനിക്കുവേണ്ടി ഒരുകപ്പ്... ഞാനിപ്പോ കൊണ്ടുവരാം.."

മറുപടിക്ക് കാക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി.

കൂര്‍ഗ്ഗിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ആദ്യമായാണ്‌. തെക്കേഇന്ത്യയിലെ കാശ്മീരെന്നും, ഇന്ത്യയിലെ സ്കോട്ലാന്റെന്നും അറിയപ്പെടുന്ന കൂര്‍ഗ്ഗിലെ സുന്ദരമായ കാലവസ്ഥയില്‍, പച്ചപ്പ്നിറഞ്ഞ താഴ്വരയും തേക്കുകാടുകളും മനംകവരുന്ന മലനിരകളും മനോഹരമായ താഴ്വരകളും ഒരു ചിത്രകാരന്‍റെ കാന്‍വാസിലെന്നപോലെ യാത്രാമദ്ധ്യേ മനസ്സില്‍നിറയേ പതിഞ്ഞു. കാവേരിനദിയുടെ ഉത്ഭവസ്ഥാനം.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് നേരാ... കാപ്പി രണ്ടുകവിള്‍കുടിച്ചപ്പോള്‍ത്തന്
നേ ക്ഷീണമെല്ലാം മാറിയപോലെ. മലനിരകളെ പൊതിയാന്‍ വെണ്‍മേഘങ്ങള്‍ ശ്രമിക്കുന്നത് കാണാം. തണുപ്പുണ്ടെങ്കിലും ജനാലയിലൂടെ ഒഴുകിവന്ന കാറ്റിനെ പുല്കിയിരിക്കാനൊരു സുഖം.

"ടീച്ചറേ വരൂ നമുക്ക് അന്താക്ഷരി കളിക്കാം"
കൈയിലുണ്ടായിരുന്ന മനോഹരമായൊരു പനയോലത്തൊപ്പി ശിരസ്സില്‍ വച്ചുതന്നുകൊണ്ട് സ്നേഹംതുടിക്കുന്ന മുഖവുമായി ഗൗരിനന്ദന. തുടക്കംമുതലേ തന്നോടവള്‍ക്കുള്ള വാത്സല്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കാരണം ഇപ്പോഴും അവ്യക്തം.

"ഞാനിപ്പോഴില്ല കുട്ടീ.. നിങ്ങള്‍ അടിച്ചുപൊളിക്കൂ"

ഒരൊഴിഞ്ഞ പാറപ്പുറത്ത് തീകൂട്ടി, അതിനുചുറ്റുമിരുന്നുള്ള കസര്‍ത്തുകള്‍. ഭാമടീച്ചറും സിദ്ധാര്‍ത്ഥന്‍മാഷും അവരെ ചുറുചുറുക്കോടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്തോ, അവിടേക്ക് പോകാന്‍ തോന്നുന്നില്ലാ.

കുറച്ചകലെയായി ഒരു ചെറിയ കോവില്‍പോലെയെന്തോ കാണായി. ഏതോ പേരറിയാദേവതയുടെ പ്രതിഷ്ഠ. ഒരു ദീപനാളം, മുന്നില്‍ മൈതാനംപോലെപരന്നുകിടക്കുന്ന പാറയെ പുല്കിവരുന്ന കാറ്റില്‍ അണഞ്ഞുപോകാതിരിക്കാന്‍ കഠിനപ്രയത്നം നടത്തുന്നുണ്ട്.

"നിക്കീ.. എന്‍റെ മുഖത്തേക്ക് നിന്‍റെ മുടിയിഴകളെ പറത്തിയിടുന്ന ഈ കാറ്റേറ്റ് എത്രനേരമിരുന്നാലും എനിക്ക് മതിവരില്ലാ..." ശ്യാം തൊട്ടടുത്തുനിന്ന് മന്ത്രിക്കുന്നതുപോലെ. ഞെട്ടിത്തിരിഞ്ഞുനോക്കി. ശ്യൂന്യം.

തന്‍റെ ഈ നീണ്ട കാർകൂന്തൽ ശ്യാമിന്റെ ബലഹീനതയായിരുന്നു. ഒരുമിച്ചുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ അതിനേക്കുറിച്ച് വര്‍ണ്ണിക്കാത്ത ഒരുദിനംപോലും ഉണ്ടായിട്ടുണ്ടോയെന്നുസംശയം. അവന്‍റെ ചുണ്ടില്‍വിരിയുന്ന ആ മാസ്മരികമായ പുഞ്ചിരിയില്‍നിന്നുള്ള ഊര്‍ജ്ജംനുകരാതെ മുന്നോട്ടുപോകാന്‍ തന്‍റെദിനങ്ങള്‍ക്കും സാധിച്ചിരുന്നില്ല. താനേറ്റവുംവെറുക്കുന്ന ആ പുകവലിശീലംപോലും അവനെ ഒരുമാത്രയുംവെറുക്കാന്‍ കാരണമായിട്ടില്ലാ. പിന്നെയെന്തിനായിരുന്നു പിരിഞ്ഞത്?! കഴിഞ്ഞുപോയ രണ്ടുവര്‍ഷങ്ങള്‍ക്ക് ഇരുപതുവര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യം. എങ്കിലും അവന്‍റെ സംരക്ഷണവലയത്തിനുള്ളില്‍ത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നൊരു തോന്നല്‍!

അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്‍റെ ഉദാത്തമായ ബിംബങ്ങളായിരുന്ന ആ ജീവിതം ഒരു നിമിത്തംപോലെ കൈവിട്ടുപോകുകയായിരുന്നു.. ഹൃദയത്തിന്‍ കോവിലുകളില്‍ പരസ്പരംപ്രതിഷ്ഠിച്ച് അനുദിനംനടത്തിയിരുന്ന പ്രണയപൂജകള്‍ക്ക് വിഘ്നംവരുത്താനായി എവിടെനിന്നോ പാഞ്ഞുവന്ന ചുഴലിക്കാറ്റുപോലെ, ചില ഭ്രാന്തന്‍ചിന്തകള്‍... കോവിലിനുമുന്നില്‍ ജ്വലിച്ചിരുന്ന ദീപനാളങ്ങള്‍ അണഞ്ഞുപോയെങ്കിലും, പ്രതിഷ്ഠക്ക് ഇന്നും സ്ഥാനഭ്രംശം സംഭവിച്ചിട്ടില്ല. നശിക്കുന്നതുവരേ മറ്റൊരുദേവനേയും പ്രതിഷ്ഠയായി ഉള്‍ക്കൊള്ളാനാവാത്ത കോവില്‍. അവന്‍റെ ഗതിയും മറിച്ചാവില്ലാ. ആകസ്മികതയുടെ ചിറകിലേറിവന്നൊരു വനവാസകാലം. ആത്മാര്‍ത്ഥതയുടേയും പോസ്സസീവ്നസിന്റെയും പ്രാപ്യമായ പരിധികള്‍വിടുമ്പോള്‍ ഉരുവാകുന്ന ഉന്മാദാവസ്ഥയുടെ താന്തോന്നിത്തരം.

ഒട്ടും നിറംമങ്ങാത്ത ആ പ്രിയതരമായ ഓര്‍മ്മകളുടെ പ്രപഞ്ചത്തില്‍ താന്‍ ജീവിക്കുന്നു. എന്നിട്ടും ഒരിക്കല്‍പ്പോലും അവനെയൊന്നു നേരിട്ടുകാണണമെന്ന് മനസ്സ് പറയാത്തതെന്തേ? കണ്ണുകളടച്ചാല്‍ ആ പ്രതിരൂപത്തിന്‍റെ സാമീപ്യം അനുഭവവേദ്യമാകുന്നതുകൊണ്ടായിരിക്കുമോ? അതോ, സ്നേഹത്തിന്റേയും മനസ്സിലാക്കലുകളുടേയും സ്ഥാപിതപരിധികള്‍ ലംഘിച്ചുമുന്നേറിയ ആ ബന്ധത്തില്‍ അസൂയാലുവായ പ്രണയദേവന്‍ ശപിച്ചതോ?

എന്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെഭരിക്കുന്ന വികാരം? തീര്‍ച്ചയായുമത് നിര്‍വ്വികാരതയല്ലാ. വികാരങ്ങളുടെ നെല്ലിപ്പടിയുംകഴിയുമ്പോള്‍ രൂപാന്തരപ്പെടുന്ന ഏതോ ഒരപൂര്‍വ്വവികാരം. പ്രിയതമനോടുള്ള സ്നേഹവും ആരാധനയും വാത്സല്യവും തെല്ലുപോലുംകുറയ്ക്കാതെ, ആ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍, വിരഹക്കണ്ണികള്‍കൊണ്ട് നെയ്ത ചിലന്തിവലയില്‍ സ്വയംകുടുങ്ങി, അനങ്ങാതെകിടക്കാന്‍ പ്രേരിതമാക്കുന്ന ഒരസാധാരണ നിദര്‍ശനം. ഈ ലോകത്തില്‍, ഈ വികാരങ്ങളുടെ അടിമയായിജീവിക്കുന്ന കേവലം രണ്ടുപേരായിരിക്കും ചിലപ്പോള്‍ ശ്യാമും നിക്കിയും. ജീവിതമൊരു മായയാണെന്ന് പറയപ്പെടുന്നത് ശരിയായിരിക്കാമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.

"ടീച്ചറേ വരൂ.. പോകാം.." ഭാമടീച്ചര്‍ ഉച്ചത്തില്‍വിളിച്ചുപറഞ്ഞു.

പ്രദേശത്തെ പൂര്‍ണ്ണമായും ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞു. ഇനി മുപ്പതോളം മൈലുകള്‍താണ്ടണം അന്തിവിശ്രമത്തിനുള്ള റിസോര്‍ട്ടില്‍ എത്തിച്ചേരാന്‍. ആനന്ദലഹരി ഇനിയും കെട്ടടങ്ങാതെ കുട്ടികളും, കൂട്ടത്തിലെ ഒരു ചെറിയകുട്ടിയെന്നോണം ഭാമടീച്ചറും അവര്‍ക്കൊപ്പം പുറകിലെ സീറ്റിലിരുന്നുതകര്‍ക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥന്‍മാഷ്‌ വന്ന് അടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ ആ ഇരിപ്പില്‍ സാരിത്തലപ്പ് വലിഞ്ഞത് നേരെയാക്കുമ്പോള്‍ തെല്ല് ഈര്‍ഷ്യതോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല.

"ടീച്ചര്‍ ജെയിംസ്‌ബ്ലന്റിന്‍റെ ബ്യൂട്ടിഫുള്‍ ഡോണ്‍ എന്ന സോംഗ് കേട്ടിട്ടുണ്ടോ? ദാ കേട്ടുനോക്കൂ.. "

ചെവിയില്‍ വച്ചോളൂവെന്ന ഭാവത്തില്‍ വലത്തേചെവിയില്‍ വച്ചിരുന്ന ഇയര്‍ഫോണിന്‍റെ ഒരു ലോബ് അയാള്‍ എടുത്തുനീട്ടി. അയാളുടെ സ്വാതന്ത്ര്യമെടുത്തുകൊണ്ടുള്ള ആ പ്രവൃത്തി വല്ലായ്കയുളവാക്കി. ഇതേപോലെ മുമ്പൊരിക്കലും മാഷ്‌ ഇടപഴകിയിരുന്നില്ലാ.

"ഹേയ്.. വേണ്ട മാഷേ... മാഷ് കേട്ടോളൂ.."

തന്‍റെ മനസ്സ് വായിച്ചിട്ടായിരിക്കണം, അയാള്‍ കീശയില്‍നിന്ന് വാക്ക്മാന്‍ എടുത്തുതന്നുകൊണ്ട് പറഞ്ഞു.

"ടീച്ചര്‍ കേള്‍ക്കൂ.. ഞാന്‍ കുറേവട്ടംകേട്ടിട്ടുള്ളതാ.. വണ്‍ ഓഫ് മൈ ഫേവോറയ്റ്റ് സോംഗ്സ്. എവരിബഡി ഷുഡ് ലിസണ്‍ ദിസ് വണ്ടര്‍ഫുള്‍ ക്രിയേഷന്‍"

താത്പര്യം തോന്നിയില്ലെങ്കിലും നിരാകരിച്ച് അദ്ദേഹത്തിന്‍റെ മൂഡ്‌ നശിപ്പിക്കേണ്ടായെന്നുകരുതി.

Beautiful dawn... lights up the shore for me.
There is nothing else in the world,
I'd rather wake up and see... with you..

പ്രശാന്തസുന്ദരമായൊരു പ്രണയഗാനം. ഇത്രയുംകാലത്തെ ഇടപഴകലുകളില്‍, ഒരു പ്രണയോപാസകനായിരുന്നു സിദ്ധാര്‍ത്ഥന്‍മാഷെന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലാ. ഏകദേശം സമപ്രായമാണെങ്കിലും ഒരു ഒറ്റയാന്‍ജീവിതമാണ് നയിച്ചുവരുന്നത്. ചിലപ്പോള്‍ പ്രണയപ്രഹേളികകളുടെ മറ്റൊരു ഖണ്ഡമാകാം.

പുറകില്‍നിന്നുള്ള ശബ്ദഘോഷങ്ങള്‍ ഒതുങ്ങിയിരിക്കുന്നു. വണ്ടിയുടെ എഞ്ചിന്‍പ്രവര്‍ത്തിക്കുന്ന ശബ്ദം, മലനിരകളില്‍ ചെറുതായി പ്രതിദ്ധ്വനിക്കുന്നുണ്ട്. ശ്യാം കൂടെയുണ്ടായിരുന്നെങ്കില്‍ എന്തുരസമായേനേ.. ഓര്‍മ്മകളുടെ മലര്‍വാടികളില്‍ പുതുവസന്തം.... ജനാലയിലൂടെ ഒഴുകിവരുന്നുണ്ടായിരുന്ന കുളിര്‍കാറ്റ്‌ എപ്പോഴോ, തഴുകിയുറക്കി.

എതിരേവന്ന ലോറിയുടെ ഹോണടികേട്ടാണ് ഞെട്ടിയുണര്‍ന്നത്. പെട്ടെന്നുതന്നേ സ്ഥകാലബോധംവീണ്ടെടുത്തു. ഇയര്‍ഫോണിലൂടെ അപ്പോഴും സംഗീതമൊഴുകുന്നുണ്ടായിരുന്നു. ചെറുതായി കൂര്‍ക്കംവലിച്ച് സിദ്ധാര്‍ത്ഥന്‍മാഷ്‌ ഉറങ്ങുന്നു. അയാളുടെ ശരീരഭാരമല്പം തന്‍റെ തോളിലേക്കും ചാഞ്ഞിരുന്നത് അനുഭവപ്പെട്ടപ്പോള്‍ ഒരസ്വസ്ഥത. മുടിയിഴകള്‍ പാറിപ്പറന്ന് അയാളുടെ മുഖത്തുവിശ്രമിച്ചിരുന്നത് ശ്രദ്ധിച്ചപ്പോള്‍ ജാള്യം തോന്നി. പെട്ടെന്നുതന്നേ മുടി കോതിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ഉണര്‍ന്നു.

"ഡോണ്ട് റിമൂവ് ഇറ്റ്‌ ഡിയര്‍.. ഐ ലൈക്‌ ഇറ്റ്‌സ് ഫ്രാഗ്രന്‍സ് ആന്‍ഡ്‌ എക്സ്റ്റസി.. വിച്ച് ടേക്ക്സ് മി ടു ഹെവന്‍"

അര്‍ദ്ധമയക്കത്തില്‍ അയാളുടെ വായില്‍നിന്നും ഉതിര്‍ന്ന വാക്കുകള്‍കേട്ട് അറപ്പുംവെറുപ്പും തോന്നി.

"ഛെ.. വാട്ട് യു മീന്‍?..." അല്പം രോഷത്തോടെത്തന്നേ ചോദിച്ചു.

ഏതോ മായികലോകത്തില്‍നിന്ന് പെട്ടെന്നുണര്‍ന്നപോലെ അയാള്‍ ഏതാനുംനിമിഷങ്ങള്‍ മുഖത്തേക്ക് തുറിച്ചുനോക്കി. അയാള്‍ അല്പം മദ്യപിച്ചായിരുന്നു വന്നിരുന്നതെന്ന് തോന്നുന്നു.

"സോറി... ഐയാം വെരി സോറി.... ഡിഡ് ഐ മിസ്‌ബിഹേവ് ടു യു?!.. ഇഫ്‌ സോ, പ്ലീസ് പാര്‍ഡന്‍... ഐ വാസ് ഫ്ലയിംഗ് സംവേര്‍... സോറി.. സോറി..."

പിറുപിറുത്തുകൊണ്ട് അപ്പുറത്തുള്ള ഒരുസീറ്റില്‍ അയാള്‍ പോയിരുന്നു.

വല്ലാത്തൊരുവിഷമം മനസ്സിനെ ഗ്രസിച്ചു. സിദ്ധാര്‍ത്ഥന്‍മാഷില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം സ്വപ്നേപി പ്രതീക്ഷിച്ചതല്ലാ. മറിച്ച്, നല്ല ബഹുമാനവുമായിരുന്നു. തന്‍റെ നിരാലംബത മുതലെടുക്കാനുള്ള ഒരു അവിശുദ്ധശ്രമമായിരുന്നില്ലേ ഇത്?.. ചോദിക്കാനുംപറയാനും ആരുമില്ലാത്തവരെ തങ്ങളുടെ ബലഹീനതകളുടെ ഇരകളാക്കുവാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ തരംപോലേ ഓരോരുത്തരും പ്രയോഗിക്കുന്നു. അവഗണനയുടേയും നീതിനിഷേധത്തിന്റേയും ഇരകളായി, അവര്‍ക്ക് ജീവിതാന്ത്യംവരേ കഴിയേണ്ടിവരുന്നു.

ശ്യാം തന്‍റെയൊപ്പമുണ്ടെന്ന അവബോധമെങ്കിലുമുണ്ടായിരുന്നെങ്കില്‍ തന്നോടിങ്ങനെ അയാള്‍ പെരുമാറുമായിരുന്നോ?. ഒരിക്കലുമില്ലാ. ശ്യാമും താനുമായുള്ള ബന്ധം ഇപ്പോഴില്ലായെന്നുള്ള അറിവില്‍നിന്നുമുണ്ടായ പ്രവൃത്തിതന്നെയാണിത്.

ഓരോരോ മനുഷ്യരിലും അവരുടെയൊരു പ്രതിലോമവ്യക്തിത്വവും അതില്‍വളരുന്നൊരു മാനസികരോഗിയും ഒളിച്ചിരിക്കുന്നുവെന്ന് എവിടേയോവായിച്ചത് ഓര്‍മ്മവന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സ്വയമറിയാതെ ഉപരിതലീകരിക്കുന്ന ചെയ്തികള്‍.

എന്‍റെ പ്രിയ ശ്യാം.. മതി... കൂടുവിട്ട് രണ്ടുദിക്കുകളിലേക്കു പറന്നുപോയ നമ്മുടെ ക്രൌഞ്ചപ്പക്ഷികളെ നമുക്ക് എത്രയുംപെട്ടെന്ന് തിരഞ്ഞുപിടിച്ച് ഒരുമിപ്പിക്കണം... ഈ വനവാസം അവസാനിക്കട്ടേ.

കാപ്പിയുടെ നേര്‍ത്തഗന്ധംപേറി കടന്നുവന്നിരുന്ന കാറ്റില്‍ പാറിപ്പറക്കാന്‍, തന്‍റെ മുടിയിഴകള്‍ സ്വയം ശ്രമിച്ചുകൊണ്ടിരിക്കുന്നതുപോലെ അവള്‍ക്കുതോന്നി.

- ജോയ് ഗുരുവായൂര്‍