Monday, February 24, 2020

എൻ്റെ യാത്രകൾ - 13
**********************
സംസ്ഥാനാന്തരസർവ്വീസുകൾനടത്തുന്ന ബസ്സുകൾ നിരന്തരം അപകടങ്ങളിൽപ്പെടുന്ന വാർത്തകളാണല്ലോ ഈയിടെയായി കേട്ടുകൊണ്ടിരിക്കുന്നത്. എൻ്റെയൊരു 'ചരിത്രപ്രധാനമായ' യാത്രയുടെ വിശേഷങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഒരു ദുരന്തത്തെ അതിജീവിച്ച കദനകഥ!🙄

പണ്ടൊരിക്കല്‍ ഔദ്യോഗികയാത്രയുടെ ഭാഗമായി ചെന്നൈ, കോയംമ്പേട്‌ 'ജയലളിതാ...'  ബസ്റ്റാണ്ടില്‍നിന്നു (ജയലളിതയ്ക്കൊരു A കൂടുതലാ.. JAYALALITHAA എന്നാണു എഴുതുക😅) തമിഴ്നാടുസര്‍ക്കാര്‍വക 'പാണ്ഡ്യന്‍'ബസ്സില്‍, ഞാന്‍ ഹൊസ്സൂരിലേക്ക് വരികയായിരുന്നു.

യാത്ര തുടങ്ങുമ്പോള്‍ ഏകദേശം രാത്രി പത്തരമണി. എട്ടെട്ടരമണിക്കൂറോളം യാത്രയുണ്ട്.

രാത്രി രണ്ടരമണിക്ക്  റോഡരികത്തെ ഏതോ ഹോട്ടലിനുമുന്നില്‍ വണ്ടിനിറുത്തി. അന്നേരം, ഫ്രഷ്‌ ആവേണ്ടവരൊക്കെ ഇറങ്ങി, 'എല്ലാപണിയും' കഴിച്ചു സമാധാനമായിവന്നിരുന്നു യാത്രതുടര്‍ന്നിരുന്നുവെന്നതു ഉറക്കത്തിലായിരുന്ന ഞാനുണ്ടോ അറിയുന്നു.

നുമ്മ ഉറങ്ങിയാല്‍പ്പിന്നെ ബസ്സുമറിഞ്ഞാല്‍പ്പോലും ചിലപ്പോള്‍ അറിഞ്ഞെന്നുവരില്ലാ.. ഉറങ്ങാന്‍ അമ്മാതിരി 'എക്സ്പെര്‍ട്ടാ'ണ്. ബോംബെയിലെ ലോക്കല്‍ട്രെയിനുകളിലെ തിരക്കിനിടയില്‍പ്പോലും നിന്നുറങ്ങി, സ്വപ്നങ്ങള്‍വരെ കാണാറുള്ള പാരമ്പര്യവും കൂട്ടിനുണ്ടേ.. ചുമ്മായങ്ങു നിന്നുകൊടുത്താല്‍മതി. എവിടേയും പിടിക്കേണ്ടയാവശ്യമില്ലാ. അത്തരത്തിലുള്ള തിരക്കാണല്ലോ ബോംബെയിലെ ലോക്കല്‍ട്രെയിനുകളില്‍!

ബസ്സ്, യാത്ര പുനരാരംഭിച്ചിട്ട് പത്തിരുപതുമിനുട്ട് കഴിഞ്ഞപ്പോള്‍ കടുത്ത മൂത്രശങ്കമൂലം ഞാനുണര്‍ന്നു. ചൂടുകാലമായിരുന്നതിനാല്‍ ഭക്ഷണംകഴിക്കാന്‍ തോന്നാതെ, എപ്പോളും വെള്ളവും ഫ്രഷ്‌ജ്യൂസുമൊക്കെ കുടിച്ചുകുടിച്ചു വയര്‍നിറഞ്ഞിരുന്നു.   ങാ.. അതു   മൈന്‍ഡുചെയ്യാതെ ശ്രദ്ധയെ   മറ്റുമേഖലകളിലേക്കു തിരിച്ചുവിടാന്‍ പരമാവധിശ്രമിച്ചിട്ടും ഒരു രക്ഷയുമില്ലാ..

ഒരുപക്ഷേ മുല്ലപ്പെരിയാര്‍ഡാമിലെ വെള്ളത്തിനുവരെ അത്രയുംകൂടുതല്‍  സ്ഥാനികോര്‍ജ്ജം ഉണ്ടായിരിക്കില്ലായെന്നു തോന്നിപ്പിക്കുമാറുള്ള ആ അവസ്ഥ അനുനിമിഷം മോശമായിക്കൊണ്ടേയിരുന്നു.

ഒടുവിലൊരു വിസ്ഫോടനത്തിന്‍റെ വക്കിലെത്തിയപ്പോള്‍ 'കപ്പിത്താന്റെ' കാലുപിടിക്കുകതന്നേയെന്നു തീരുമാനിച്ചു.

ബസ്സിലെ ഭൂരിഭാഗം ജനങ്ങളും നല്ല ഉറക്കത്തിലാണ്. പല 'ഡെസിബലി'ലുമുള്ള കൂര്‍ക്കംവലികള്‍  പശ്ചാത്തലസംഗീതമായി അരങ്ങുതകര്‍ക്കുന്നുണ്ട്.

തൊട്ടടുത്തിരുന്നു 'മുക്രയിടുന്ന' കൊമ്പന്‍മീശക്കാരനായ തടിയനണ്ണാച്ചിയെ മറികടന്നുവേണം ജനാലസീറ്റില്‍ ഇരുന്നിരുന്ന എനിക്കു ബസ്സിന്‍റെ ഗാങ്ങ്വേയിലേക്ക് ഇറങ്ങാന്‍.

അയാളുടെ തോളില്‍ മൃദുവായി തട്ടിയിട്ടും ഫലമില്ലാതായൊടുവില്‍ രണ്ടുംകല്പ്പിച്ചു പിടിച്ചുകുലുക്കേണ്ടിവന്നു. വല്ലാതെ ബലംപ്രയോഗിച്ചാല്‍ മുല്ലപ്പെരിയാറില്‍ വിള്ളല്‍വീണു പണിപാളുമോ എന്നുള്ള ഭയവുമില്ലാതെയില്ലാ.

"ഏന്‍ടാ തമ്പി.. ഉനക്ക് തൂക്കവരാത്?" ഏതോ സുഖകരമായ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്ന "ബാലഭാസ്കരന്‍" അല്ലാ അംജത്ഖാനണ്ണാച്ചി, കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്‍റെ ക്ലൈമാക്സ്  മിസ്സായ ഈര്‍ഷ്യയിലെന്നോണം മുരണ്ടു.

മനസ്സില്ലാമനസ്സോടെ അയാള്‍ത്തന്ന ചെറിയവിടവിലൂടെ ഒരുവിധേന നൂണ്ടുകടന്നു പുറത്തിറങ്ങി, മുന്നോട്ടുചെന്നു തന്‍റെ അടിയന്തിരാവസ്ഥ  അവതരിപ്പിച്ചവഴി കപ്പിത്താന്‍ കലിപ്പുറോളിലായി.

"നിറുത്തമാട്ടേ.....🤬@#£&*** "

നേരത്തെ നിറുത്തിയപ്പോള്‍ എന്തേയിറങ്ങിയില്ലാ?... ഇങ്ങനെ കണ്ടിടത്തൊന്നും നിറുത്താന്‍പറ്റില്ല.. രണ്ടുമണിക്കൂര്‍കഴിഞ്ഞാല്‍ ഹൊസ്സൂര്‍ എത്തും അപ്പോള്‍ എന്താവേണ്ടേച്ചാല്‍ ചെയ്തോളാന്‍.

അന്നൊക്കെ വീരപ്പനും സംഘവും ഹൊസ്സൂര്‍കാടുകള്‍ വാണിരുന്ന കാലം. രാത്രികാലങ്ങളില്‍ കാട്ടുപ്രദേശത്തു വണ്ടിനിറുത്താന്‍ അനുവാദമില്ലപോലും. എന്തു പറഞ്ഞിട്ടും എലുമ്പനായ ഡ്രൈവറണ്ണാച്ചി വഴങ്ങുന്നില്ലാ..

ഇയാളാരാ.. ഗുരുവായൂര്‍ പദ്മനാഭന്‍റെ ഒന്നാംപാപ്പാനോ?!.. വലിച്ചിട്ടു ചവിട്ടിക്കൂട്ടിയാലോയെന്നാണു പെട്ടെന്നു തോന്നിയത്.

ഒരു രക്ഷയില്ലാതായപ്പോള്‍ ഞാന്‍ പറഞ്ഞു..  "ഓക്കേ എന്നാല്‍ നിറുത്തേണ്ടാ.. പടിയില്‍ ഇരുന്നുകൊണ്ടു ഞാന്‍ സംഗതി ഒപ്പിച്ചോളാം..

ഞാന്‍ പടിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സംഗതി കൈവിട്ടുപോകുമെന്നു അയാള്‍ക്കു മനസ്സിലായി.

"സാര്‍.. നിജമാ?.. നീങ്കള് അപ്പടിതാന്‍ പണ്ണുമാ?..."

"പണ്ണും പണ്ണും പണ്ണും.. കണ്ടിപ്പാ പണ്ണിടേന്‍" എന്നു എന്നു ദേഷ്യത്തില്‍ ഞാനും.

തമിഴില്‍ എന്തൊക്കെയോ മുട്ടന്‍തെറികള്‍  പിറുപിറുത്തുകൊണ്ട് അയാള്‍ വണ്ടി, റോഡ്‌സൈഡില്‍ ഒതുക്കി. ബസ്സില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ വിശാലമായ മൈതാനംപോലെ ആ സ്ഥലം നിലാവില്‍ക്കുളിച്ചു കിടക്കുന്നു. മറവിനായൊരു മരംപോലുമില്ലാ.. എന്തിനാണ് വണ്ടിനിറുത്തിയത്.. പുറത്തെന്താണു നടക്കുന്നത്‌?!... എന്നൊക്കെയുള്ള ജിജ്ഞാസയോടെ സ്ത്രീകളടക്കം ചിലര്‍ വിന്‍ഡോതുറന്നു നോക്കുന്നുമുണ്ട്.

ഒരുനിമിഷം ഞാന്‍ വൈക്ലബ്യാനുവദനനായി (ഇങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ ആവോ..  ആ അവസ്ഥയ്ക്ക്  ഈ വാക്കുതന്നെ  ഉപയോഗിച്ചാലെ ഒരു പഞ്ചു കിട്ടൂ.. കാര്യം മനസ്സിലായിക്കാണുമല്ലോ?..) നിന്നു.

പക്ഷേ, മുല്ലപ്പെരിയാറിന്റെ ഘോരമായ ഗര്‍ജ്ജനങ്ങള്‍, ആ അവസ്ഥയില്‍ അധികനേരം തുടരാനെന്നെ അനുവദിച്ചില്ലാ..  യാത്രക്കാരുടെ ജിജ്ഞാസാഭരിതമായ കണ്ണുകളെ സാക്ഷിയാക്കി, അവര്‍ക്കു അനഭിമുഖമായി നിന്നുകൊണ്ടു ഞാന്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു!...

കലിതുള്ളിയ കാട്ടാറിന്റെ പ്രവാഹം ഹൊസ്സൂരിന്റെ മണ്ണിനെ പുളകിതയാക്കിക്കൊണ്ടിരിക്കുന്നു. .. ആശ്വാസം അവര്‍ണ്ണനീയം!☺️

ഏകദേശം മൂന്നുമിനിറ്റോളമായിട്ടും പ്രവാഹത്തിന്‍റെ ശക്തിക്കൊരു കുറവും കാണുന്നില്ലാ... ഡ്രൈവര്‍  അസ്വസ്ഥമായി  ഇടയ്ക്കിടെ വണ്ടിയുടെ എഞ്ചിന്‍ റെയ്സാക്കിക്കൊണ്ടിരിക്കുന്നു. പ്രവാഹമുണ്ടോ നിലയ്ക്കുന്നു!.. 🥴

കപ്പിത്താന്റെ കുരുപൊട്ടി, ഹോണടിതുടങ്ങി. അതുകേട്ടു ഉറങ്ങിയിരുന്നവര്‍വരെ ജനാലതുറന്നു നോക്കാന്‍തുടങ്ങി. നേരംപുലരാന്‍പോകുന്ന  നേരത്തുതന്നെ നല്ല അസ്സല്‍ കണി കാണാനുള്ള  ഭാഗ്യംസിദ്ധിച്ചവര്‍!

ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരനുഭവമുണ്ടായിട്ടില്ലാ!.   ഏകദേശം ആറേഴുമിനിറ്റോളമെടുത്തു റിസര്‍വോയര്‍ കാലിയാവാന്‍!.. ഒരു ആനയ്ക്കുവരെ കാര്യം സാധിക്കാന്‍ ഇത്രയുംസമയം വേണ്ടി വന്നേക്കില്ലാ...😱

ഇനി തിരിച്ചുകയറണമല്ലോ.. ആളുകളുടെ മുന്നില്‍വെച്ച്, സൈക്കിളില്‍നിന്നു വീണെണീക്കുമ്പോള്‍ നമ്മുടെ മുഖത്തുവിടരുന്ന ഒരു പ്രത്യേക ചിരിയുണ്ടല്ലോ.. ചമ്മിയചിരിയെന്നോ പച്ചച്ചിരിയെന്നോ മഞ്ഞച്ചിരിയെന്നോയൊക്കെ വിളിക്കാം.  അതായിരുന്നു ബസ്സിലേക്കുകയറുമ്പോള്‍ മുഖത്തു വിളയാടിയിരുന്നത്.🥵

സ്ത്രീപുരുഷന്മാര്‍ എന്തൊക്കെയോ  പിറുപിറുത്തു അടക്കിച്ചിരിക്കുന്നു. എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഡ്രൈവര്‍ മിസൈല്‍കണക്കേ  ബസ്സ് മുന്നോട്ടെടുത്തു. തലകുമ്പിട്ട്‌, ഞാനീ നാട്ടുകാരനേയല്ലായെന്ന ഭാവത്തില്‍ ഞാനെന്‍റെ സീറ്റ് ലക്ഷ്യമാക്കി  നടന്നു.

ഹോ.. നമ്മുടെ അംജത്ഖാന്‍!... ഇതൊന്നുമറിയാതെ 'ചിരട്ടയിലുരയ്ച്ചു' ശബ്ദമുണ്ടാക്കിക്കൊണ്ടു പുള്ളിവീണ്ടും ഗാഢനിദ്രയില്‍🥺😬.

ന്റമ്മേ ഇനിയുമയാളെ ഉണര്‍ത്തിയാല്‍ ചിലപ്പോള്‍ "ടിഷ്യൂം  ടിഷ്യൂം" ഉണ്ടാവാം🤐.    നേരെ പുറകിലേക്കു നടന്ന്‍, കാലിയായിക്കിടന്ന അവസാനത്തെ നീളന്‍സീറ്റില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു🥱😴.

- ജോയ് ഗുരുവായൂർ

3 comments:

  1. അനുഭവിക്കുമ്പോഴേ അറിയൂ!അല്ലേ?
    ആശംസകൾ ജോയ് സാർ

    ReplyDelete
  2. അനുഭവം ഗുരു...അല്ലെ ജോയ് എന്താണ് വിശേഷങ്ങൾ? സുഖം അല്ലെ ദോസ്ത് ?

    ReplyDelete
  3. ഈ വണ്ടിപ്പെരിയാർ dam പൊട്ടിയോഴുകിയ കഥ കാണാൻ വിട്ടുപോയി, സംഭവം കലക്കി ഭായ് 😂🌹🙏

    ReplyDelete