Saturday, November 19, 2016

പഴകിയ തടയണ

പഴകിയ തടയണയിലെ സൂക്ഷ്മസുഷിരങ്ങള്‍
ദൃഷ്ടിഗോചരമായത് ഈയിടെയായിരുന്നു.
മണലും ചുണ്ണാമ്പുംകൊണ്ടുള്ള
നിലയ്ക്കാത്ത ഓട്ടയടക്കസര്‍ത്തുകള്‍
അന്നേ തുടങ്ങിയതാണ്.
ഹൃദയത്തില്‍നിന്ന് അല്പാല്പമായി
കിനിഞ്ഞിറങ്ങുന്ന,
സ്നേഹംകണക്കേയുള്ള കിനിവുകള്‍
പണ്ടേ ഉണ്ടായിരുന്നതാ...
അവയ്ക്കും കാണണം
അണക്കെട്ടിന്റെയത്രയുംതന്നേ പ്രായം.
പന്നലിനും പായലിനുമായി അന്നേയത്
തീറെഴുതിക്കൊടുക്കുകയായിരുന്നു.
ചുമ്മാ ജീവിച്ചുപൊക്കോട്ടേന്നുകരുതി....
ലാളിച്ചുവളര്‍ത്തി വെടക്കാക്കിയ
നിഷേധിക്കുട്ടിയുടെ തിമിര്‍ട്ട് പോലെയിപ്പോള്‍ ,
പണി നെഞ്ചിന്‍കൂടിനിട്ടുതന്നേ തരണം..
വിള്ളട്ടേ, വിണ്ടങ്ങുപൊളിയട്ടേ..
സ്വന്തം മാറ് കുത്തിപ്പിളർന്ന്,
കുഞ്ഞുങ്ങളെ പോറ്റുന്ന
പെലിക്കൻ പക്ഷികള്‍ക്ക്
വംശനാശം സംഭവിക്കാതിരിക്കട്ടേ..
നിങ്ങളെയൊക്കെ ദിവസേന,
വാത്സല്യക്കുഴമ്പിട്ട് തേച്ച്,
സ്നേഹത്തില്‍ മുക്കിക്കുളിപ്പിച്ച്,
ഉടുപ്പിന്‍കോന്തലകൊണ്ട് തോര്‍ത്തി,
കരുതല്‍പൊടിയിട്ട് നെറുകതിരുമ്മി,
കവിളില്‍ മുത്തവും തന്നിരുന്നയെനിക്ക് ,
ഇതിലും ശ്രേഷ്ഠമായൊരു മോക്ഷമുണ്ടോ?!
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment