Wednesday, May 7, 2014

സ്വര്‍ഗ്ഗീയ സംഗമനം

അഭൌമ സൌന്ദര്യമേ നീയെന്‍ മനസ്സിനെ
കുളിര്‍ത്തെന്നലായന്നു  തഴുകിയ നിമിഷങ്ങ-
ളൊരായിരം പുളകമായിന്നും കരളില്‍ മരുവുന്നു...
പുലരിതന്‍ ശീതള മര്‍മ്മരങ്ങളും കേട്ട്
തുടിക്കുന്ന ഹൃദയവുമായി വഴിവക്കില്‍ 
വഴിക്കണ്ണുമായ് ഞാന്‍ നില്‍ക്കവേ ദൂരെ നിന്നും
പേടിച്ച മാന്‍പേട മിഴികള്‍ താഴോട്ടെറിഞ്ഞു 
മിടിയ്ക്കുന്ന മനസ്സുമായ് വര്‍ണ്ണച്ചിറകു വീശി,
വന്നു നീയെന്‍ കരം ഗ്രഹിച്ചു മാറോടണയ്ക്കാന്‍...
കവിളിനോട് കവിള്‍ ചേര്‍ത്തു നീയെന്‍ നെഞ്ചില്‍
ചായുറങ്ങിയൊരു മൃദുമര്‍മ്മരമായ് ചെവികളില്‍.
നനുത്ത കരാംഗുലികളെന്‍ കരത്തിലെഴുന്നിടും
രോമകൂപങ്ങള്‍ക്ക് രോമാഞ്ചമായ് തഴുകിയൊരു
ജന്മാന്തരത്തിന്‍ സ്നേഹബന്ധം പോലെ..
എന്‍ മേനി തന്‍ ചൂട് പകര്‍ന്നു മയങ്ങു-
മൊരാട്ടിന്‍കുട്ടിയായ് നെഞ്ചിലിഴുകിക്കിടന്നു.
ഹൃദയത്തിലെരിയുമൊരായിരം നെയ്ത്തിരി-
നാളങ്ങള്‍ തന്‍ ശോഭയില്‍ നിന്‍ മുഖമൊരു
വിണ്‍ചന്ദ്രലേഖയായ് വിളങ്ങി നിന്നു.
പരിരംഭണത്തിന്‍ രതിഭാവം സിരകളിലേവ- 
മൊരു കൊടുങ്കാറ്റായി രൂപാന്തരം കൊള്ളവേ,
തേന്‍ കിനിയും നിന്നധര പുഷ്പങ്ങളെ-
ന്നധരങ്ങളാല്‍ പുല്‍കിയാ പൂമ്പൊടി ഭുജിച്ചും
മാറില്‍ ചായുറങ്ങി, മധു നിറയുമെന്‍
പാനപാത്രത്തില്‍ മുത്തമിട്ടാര്‍ത്തിയോടെ
മധുവുണ്ട് നീയുന്മാദ പുളകിതയാകവേ,
നിന്‍ മാദക പുഷ്പങ്ങള്‍ ചുരത്തിയ തേന്‍
ദാഹാര്‍ത്തമാമെന്‍ ചുണ്ടുകളിലമൃതമഴയായ്..
നിര്‍വൃതികളൊരായിരം വര്‍ണ്ണങ്ങള്‍
വാരി വിതറിയൊരാനവദ്യമാം വേളയിലെന്‍  
മുഖപടത്തിലിഴയും സുഗന്ധമോലും നിന്‍
വാര്‍മുടിയില്‍ വിരലോടിച്ചു വാരിപ്പുണര്‍ന്നു. 
അക്ഷയമാം മധുചഷകങ്ങളിലനുസ്യൂതം 
മകരന്ദം പാനം ചെയ്തും നാളേറെയായ് മനസ്സില്‍
പൂത്തുലഞ്ഞു കിടക്കുമാ വസന്തത്തിന്‍
സൌരഭ്യമോലും കുളിരിലാര്‍ദ്രമായ്‌ ശയിച്ചു.
അഭൌമ സൌന്ദര്യമേ നീയെന്‍ മനസ്സിനെ
കുളിര്‍ത്തെന്നലായന്നു തഴുകിയ നിമിഷങ്ങ-
ളൊരായിരം പുളകമായിന്നും കരളില്‍ മരുവുന്നു.
                                                        - ജോയ് ഗുരുവായൂര്‍

"ദൈവം സ്നേഹമാകുന്നു" (1 യോഹന്നാൻ 4:8)

ദുബായ്
28-12-2013
                           
                                                           "ദൈവം സ്നേഹമാകുന്നു" (1 യോഹന്നാൻ 4:8)

കര്‍ത്താവില്‍ പ്രിയപ്പെട്ട സിസ്റ്റര്‍ ജാസ്മിന്‍,

ഞാന്‍ അത്തിക്കരയിലെ എല്‍ദോച്ചന്‍.. എന്നെ സിസ്റ്ററിനു പരിചയം ഉണ്ടാവില്ലെങ്കിലും എന്‍റെ അപ്പച്ചന്‍ സ്കറിയാച്ചനെ അറിയാതിരിക്കില്ല. അദ്ദേഹമാണല്ലോ നമ്മുടെ ഇടവകപ്പള്ളിയിലെ ട്രസ്റ്റി.   

മുഖവുര ദീര്‍ഘിപ്പിക്കാതെ കാര്യത്തിലേക്ക് കടക്കുന്നു. ഈ അനാഥാലയത്തിലെ തുടക്കം മുതലേയുള്ള അന്തേവാസിയും ഇപ്പോള്‍ ബി. എഡ് കഴിഞ്ഞു നമ്മുടെ കോണ്‍വെന്‍റ് ഹൈസ്കൂളില്‍ത്തന്നെ പഠിപ്പിക്കുന്ന റബേക്കയും ഞാനും ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. അന്നൊക്കെ ആണ്‍കുട്ടികളില്‍ ഞാനും പെണ്‍കുട്ടികളില്‍ അവളും ആയിരുന്നു ക്ലാസില്‍ പഠിപ്പില്‍ ഒന്നാമര്‍.  

ഇന്നലെ ഞാന്‍ വീട്ടുകാരോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ സഹോദരി റീത്ത ഈയിടെ റബേക്കയുടെ ഒരു കൂട്ടുകാരി അവളോട്‌  പറഞ്ഞ ഒരു കാര്യം എന്നോട് പറഞ്ഞു. അതെന്‍റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും അതാണ്‌. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആതുരശുശ്രൂഷാശ്രമം നടത്തുന്ന കന്യാസ്ത്രീ സഭയില്‍ ചേര്‍ന്ന് ബാക്കിയുള്ള ജീവിതം ആ രംഗത്ത് ചെലവഴിക്കാന്‍ അവള്‍ പോകുന്നു എന്ന ആ വാര്‍ത്ത ബാല്യകാലം മുതലേ അവളറിയാതെ അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്‍റെ മനസ്സില്‍ സഹിക്കാന്‍ വയ്യാത്ത വേദന പരത്തുന്നു. എനിക്ക് റബേക്കയില്‍ ഉള്ള താല്‍പ്പര്യമൊന്നും റീത്തയ്ക്ക് അറിയില്ല എന്നതിനാല്‍ ഞാന്‍ അവളോട്‌ ഇതിനെക്കുറിച്ച്‌ ഒന്നും പ്രതികരിക്കാന്‍ പോയില്ല. 

ചെറിയ ക്ലാസുകളില്‍ മഷിത്തണ്ടും മയില്‍പ്പീലിയും കളിമണ്‍ പെന്‍സിലുകളും ഒക്കെ ഇടയ്ക്കിടെ കൊടുത്ത് അവളറിയാതെത്തന്നെ എന്‍റെ മനസ്സിലെ പ്രിയം ഞാന്‍ റബേക്കയ്ക്ക് വെളിവാക്കിക്കൊടുക്കുമായിരുന്നു. അവളുടെ ആ നിഷ്ക്കളങ്കതയും ശാലീനതയും അന്നേ എന്‍റെ മനസ്സിനെ കീഴടക്കി. പിന്നീട്  മുതിര്‍ന്നതിനു ശേഷം ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടും ഞാന്‍ എന്‍റെ ഇഷ്ടം അവളോട്‌ ഉണര്‍ത്തിക്കാന്‍ മടിച്ചു. കാരണം, വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കേണ്ട ഒരു വിവാഹത്തെക്കുറിച്ച് അവളുടെ മനസ്സില്‍ ഇപ്പോഴേ സമ്മര്‍ദ്ദം ഏറ്റിയാല്‍ അതവളുടെ പഠിപ്പിനെയും ഒരു ആട്ടിന്‍കുട്ടിയുടേത് പോലെ നിര്‍മ്മലമായ അവളുടെ മനസ്സിലെ സ്വസ്ഥതയേയും   ബാധിക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു.   

പണം കൊണ്ടും കായികബലം കൊണ്ടും എന്തും നേടിയെടുക്കാം എന്ന ധാരണയില്‍ ജീവിക്കുന്ന എന്‍റെ പിതാവിനെയും സഹോദരന്മാരേയും കുറിച്ച് സിസ്റ്ററിനും റബേക്കയ്ക്കും നല്ല അഭിപ്രായമായിരിക്കില്ല എന്നെനിക്കു നല്ലവണ്ണം അറിയാം. പക്ഷെ, എന്നെക്കുറിച്ചും എന്‍റെ സ്വഭാവത്തെക്കുറിച്ചും റബേക്കയ്ക്ക് മോശമായതൊന്നും പറയാനുണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്.

റബേക്ക തികച്ചും ഒരു അനാഥയാണ് എന്നെനിക്കു ചെറുപ്പം മുതലേ അറിയാം. പക്ഷെ ഒരു കുടുംബ ജീവിതം ഉണ്ടെങ്കില്‍ എന്‍റെ വാമഭാഗം അലങ്കരിക്കുന്നത് അവളായിരിക്കും എന്ന തീരുമാനം കൌമാരത്തിലെ എന്‍റെ മനസ്സില്‍ ഉറച്ചിരുന്നതാണ്. അതിനുള്ള സ്വയം പര്യാപ്തത നേടാന്‍ വേണ്ടി മാത്രമായിരുന്നു പഠിപ്പ് കഴിഞ്ഞ വഴി നാട്ടിലെ കച്ചവട സ്ഥാപനങ്ങള്‍ നോക്കി നടത്താനുള്ള വീട്ടുകാരുടെ കര്‍ക്കശമായ നിര്‍ബന്ധത്തിനു വഴങ്ങാതെ ഞാന്‍ ഈ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്.

നീണ്ട ആറു വര്‍ഷത്തെ ജോലി കൊണ്ട് നല്ലൊരു ജീവിതം തുടങ്ങാന്‍ പര്യാപ്തമായ ഒരു തുക ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ റബേക്കയെ എനിക്ക് സ്വന്തമാക്കാന്‍ കഴിയുകയാണെങ്കില്‍ അവളെ ഒരു ദിവസം പോലും നരകതുല്യമായ അസാമാധാനം വിളയാടുന്ന എന്‍റെ വീട്ടില്‍ പാര്‍പ്പിക്കുകയില്ല എന്ന് ഞാന്‍ സിസ്റ്ററിനു വാക്ക്  തരുന്നു.  എന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കും എന്നതിന് യാതൊരു സംശയവുമില്ല. എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. നാളെ എന്‍റെ അവസ്ഥകളോട് താതാത്മ്യപ്പെട്ടു എന്നോടൊപ്പം ജീവിക്കാനുള്ളത് അവരല്ല മറിച്ച് എന്‍റെ മനസ്സിന് തൃപ്തിപ്പെട്ട എന്‍റെ ജീവിത പങ്കാളിയായിരിക്കും എന്നെനിക്കു നല്ല ബോദ്ധ്യമുണ്ട്. അതിനാല്‍ എന്ത് പ്രതികൂല സാഹചര്യത്തിലും എന്‍റെ ജീവിതവീക്ഷണത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നതാണ്.

നമ്മുടെ പള്ളിയില്‍ ആറേഴു കൊല്ലം മുമ്പ് വികാരിയായിരുന്ന പോള്‍സണ്‍ അച്ചനെ  സിസ്റ്ററിനു പരിചയം ഉണ്ടല്ലോ. അദ്ദേഹവും ഞാനും നല്ല കൂട്ടായിരുന്നു. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കദ്ദേഹം തന്നിട്ടുണ്ട്. എന്‍റെ ഈ കാര്യം അപ്പച്ചനോട് നയത്തില്‍ പറഞ്ഞ് എതിര്‍പ്പൊഴിവാക്കാന്‍ അച്ചനു സാധിക്കും. കാരണം അപ്പച്ചനും പോള്‍സണ്‍ അച്ചന്‍ എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്.    

സാംസണ്‍ ദലീലയെ സ്നേഹിച്ചത് പോലെ ആന്റണി ക്ലിയോപാട്രയെ സ്ന്ഹിച്ചത് പോലെ വിശുദ്ധമാണ് റബേക്കയോടുള്ള എന്‍റെ സ്നേഹം.  സിസ്റ്റര്‍ എനിക്ക് വേണ്ടി അവളോട്‌ പറയണം

"റബേക്കാ നീ എല്‍ദോയുടെ കൈ പിടിച്ചു മണലാരണ്യങ്ങളില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കൂ.. 
അതിരാവിലെയെഴുന്നേറ്റ്, ഈന്തപ്പനത്തോട്ടങ്ങളില്‍ പോയി അവ തളിര്‍ത്തു പൂ വിടരുകയും പഴങ്ങള്‍ മൂത്തു പഴുത്തു തുടങ്ങുകയും ചെയ്യുന്നുവോ എന്നു നോക്കൂ..

അവിടെ വെച്ച് നിങ്ങളുടെ വിശുദ്ധ പ്രണയം ധന്യമാക്കൂ"

അപ്പോള്‍ അവള്‍ക്കു മനസ്സിലാവും...

കാലങ്ങളായി മനസ്സിനെ മരവിപ്പിച്ചിരുന്ന തണുപ്പുകാലം കഴിയുന്നതും,  പേമാരി നിലയ്ക്കുന്നതും, പൂവുകൾ തങ്ങളുടെ മനോഹര മുഖങ്ങളുമായി ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതും, മാടപ്രാവുകളും കുയിലുകളും പാടുന്നതും, സ്വപ്നങ്ങളിലെ അത്തിക്കായ്കൾ പഴുക്കുന്നതും, മനസ്സിലെ മുന്തിരിവള്ളികൾ പൂവണിയുന്നതും പരിമളം പരത്തുന്നതും എല്ലാം...

വിശുദ്ധ പൌലോസ് *കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് സിസ്റ്റര്‍ വായിച്ചിരിക്കുമല്ലോ.. 

"സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല." (1 കോറിന്തോസ് 13:7,8).

ആയതിനാല്‍ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എനിക്ക് റബേക്കയോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണ്  എന്ന് സിസ്റ്റര്‍ മനസ്സിലാക്കൂ..

അവള്‍ക്ക് നേരിട്ട് കത്തെഴുതിയാല്‍ അത് മദര്‍ സുപ്പീരിയറിന്‍റെ ഒന്നാം വായന കഴിയുന്നതോടെ ചവറ്റുകുട്ടയില്‍ എറിയപ്പെടും എന്ന നല്ല ബോദ്ധ്യം ഉള്ളത് കൊണ്ടാണ് സിസ്റ്ററിന്‍റെ പേരില്‍ അയച്ചത്. 'ഫ്രം' അഡ്രസ്സില്‍ ഞാന്‍ സിസ്റ്ററിന്‍റെ ദുബായിയില്‍ ഉള്ള ആങ്ങള ജിമ്മിച്ച ന്‍റെ പേര് വച്ചതും സുപ്പീരിയര്‍ സിസ്റ്ററിനു സംശയം ഉളവാവാതിരിക്കാന്‍ വേണ്ടി തന്നെ. അതിനെന്നോടു ദയവായി പൊറുക്കണം. ഈ    ഈ കത്ത് സിസ്റ്റര്‍ രഹസ്യമായി റബേക്കയ്ക്ക് കൊടുക്കണം. അവള്‍ അറിയണം എന്‍റെ മനസ്സില്‍ അവളോടുള്ള അഗാധമായ ഇഷ്ടം. മദര്‍ സുപ്പീരിയര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന കോളിളക്കങ്ങള്‍ എനിക്ക് ഊഹിക്കാന്‍ സാധിക്കും. അതിനാല്‍ ഈ കാര്യം തല്‍ക്കാലത്തേക്ക് നമ്മള്‍ മൂന്ന് പേരുമല്ലാതെ മറ്റാരും അറിയരുത്.

"സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവെക്കുന്നു. കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു (സദൃശ്യവാക്യങ്ങൾ 17:9)"

"ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്ന് നാമറിയുന്നു" (1 യോഹന്നാൻ 3:16).

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12)

എന്നൊക്കെയാണല്ലോ ബൈബിളില്‍ എഴുതിയിരിക്കുന്നത്? ആയതിനാല്‍ ഇതില്‍ ഒരു കുറ്റബോധവും കര്‍ത്താവിന്‍റെ മണവാട്ടിയായ സിസ്റ്ററിനു തോന്നേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്യുന്നത് സ്നേഹത്തിന്റേയും സഹനത്തിന്‍റെയും നാഥനായ സാക്ഷാല്‍ യേശു തന്‍റെ ദിവ്യ വചനങ്ങളാല്‍ നമ്മളെ അനുദിനം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സത്പ്രവര്‍ത്തികളുടെ സാക്ഷാല്‍ക്കാരം മാത്രം. 
ഈ കത്ത് കൊടുത്ത ശേഷം അവളോട്‌ പറയൂ... "ഭയപ്പെടേണ്ട എല്‍ദോ നിന്നോട് കൂടെയുണ്ട്"

"മനുഷ്യന്‍ എകനായിരിക്കുന്നത് ശരിയല്ല അവനു ചേര്‍ന്ന ഒരു തുണയെ ഞാന്‍ നല്‍കും" എന്നാണല്ലോ ഉല്‍പ്പത്തി [2:18] പുസ്തകത്തില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. കര്‍ത്താവ് എനിക്ക് വേണ്ടി കണ്ടു വച്ചിരിക്കുന്ന തുണ റബേക്ക തന്നെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവള്‍ക്കു എതിര്‍പ്പുണ്ടെങ്കില്‍ മാത്രം ഈ കത്തിന് മറുപടി അയച്ചാല്‍ മതി. മറുപടിയൊന്നും ലഭിക്കാത്ത പക്ഷം എന്‍റെ സ്വപ്നത്തിലെ രാജകുമാരിയെ എന്‍റെ മണവാട്ടിയായി വാഴിക്കപ്പെടുന്ന ആ സ്വര്‍ഗ്ഗീയ ദിവസത്തിനായി ഞാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു എന്നറിഞ്ഞു കൊള്‍ക.

ദൈവം നമ്മളെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

യേശുവില്‍ നിറഞ്ഞ സ്നേഹത്തോടെ..

എല്‍ദോ സ്കറിയ അത്തിക്കര
P.O. Box 9650
ദുബായ്, യു. എ. ഇ.

"ആള്‍ദൈവങ്ങള്‍"

പടഹദ്ധ്വനികളുയര്‍ത്തിയന്നിരമ്പിപ്പാഞ്ഞ-
പ്പോര്‍ രഥത്തിന്‍റെയിളകിപ്പോയ ചക്രത്തില്‍-
പ്പറ്റിയ കട്ടച്ചോരയില്‍ കാര്‍ക്കിച്ചു തുപ്പി-
യതിടതു കയ്യിലെ ചൂണ്ടു വിരലാല്‍ ചാലിച്ചു
നെറ്റിയില്‍ ചാര്‍ത്തിയതിലുന്മത്തരായി-
ട്ടിന്നട്ടഹസിക്കുന്നു കോമരങ്ങള്‍...
അവകാശങ്ങള്‍ നേടുവതിനായന്നു സ്വയം
നെഞ്ചു കീറിയ നീറ്റലുമായുര്‍വിയെ പുല്‍കി,
യവനികക്കു പിറകില്‍ മറഞ്ഞ മഹാരഥര്‍
തന്‍ വീര ചരിതമെഴുതിയ താളിയോലകളാല്‍
വീശറി മെനഞ്ഞു വീശിത്തകര്‍ക്കുന്നു ധീരമാ-
മിന്നലെകള്‍ തന്‍ വീര്യം പുലമ്പിക്കൊണ്ടും...
വാരിക്കുന്തവുമായ് വെടിയുണ്ടകള്‍ നേരിട്ടു
പിടഞ്ഞു വീണാ പുണ്യാത്മാക്കള്‍ തന്‍
നിണത്തില്‍ കിളിര്‍ത്തു തഴച്ചു വളര്‍ന്നൊരാ
ചെടിയില്‍ കായ്ച്ച ചുവന്ന പഴങ്ങള്‍
ആര്‍ത്തിയോടെ വെട്ടി വിഴുങ്ങിയാര്‍ത്തു
വിളിയ്ക്കുന്നൂയിവരിന്നിങ്ക്വിലാബുകള്‍...
പ്ലാസ്റ്റിക്കിന്‍ തോരണങ്ങളണിയിച്ചിട്ടൊരു-
മഹാശയന്‍ തന്‍ ചിത്രവും ചുമരില്‍ തൂക്കിയി-
ട്ടതിന്‍ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നിന്നേവം
തേയിലക്കറ പുരളും മദ്യക്കോപ്പ നുണഞ്ഞും
ബീഡി വലിച്ചും, മൂര്‍ച്ച കൂട്ടുന്നൂ പിണങ്ങിയൊ-
രാദര്‍ശവാദി തന്‍ നെഞ്ചിലേറ്റാനുള്ള വാളുകള്‍...
ആദര്‍ശങ്ങള്‍ കമ്പോളത്തില്‍ വില്‍പ്പനക്കായ്
തൂങ്ങിയാടുമ്പോളതിന്‍ വിലപേശി വാങ്ങു-
മരാഷ്ട്രവാദികള്‍ തന്‍ കൊടിക്കീഴില്‍ കഴുത പോല്‍
തൊണ്ട കീറി മുദ്രാവാക്യം മുഴക്കിയും
ഹര്‍ത്താലുകളാഘോഷങ്ങളാക്കി, വിശന്നു
പൊരിയും വയറുകളിലിവര്‍ തീ കോരിയിടുന്നു..
അശരീരിയായ ദൈവത്തിന്‍ പ്രതിനിധികളായ്
വിലസുമാള്‍ദൈവങ്ങള്‍ക്കിടയിലൊരു നിരീശ്വര-
വാദിയായ് മാലയും ചാര്‍ത്തി ചില്ലിന്‍ കൂട്ടി-
ലസ്വസ്ഥമായ് മരുവുമാദര്‍ശ ധീരരാം മനുഷ്യ-
സ്നേഹികളേ.. നിങ്ങള്‍ക്കറിയാമോ നിങ്ങളുമിന്നു
ധനികര്‍ക്ക് മന്ന* പൊഴിച്ചീടുമാള്‍ദൈവങ്ങള്‍...
                                                                     - ജോയ് ഗുരുവായൂര്‍
*മന്ന - തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തെക്കുള്ള അനന്തമായ യാത്രയില്‍ വിശന്നു പൊരിഞ്ഞ ഇസ്രായേല്‍ ജനത്തിന് ദൈവം ആകാശത്തു നിന്നും പൊഴിച്ചു കൊടുത്ത ഭക്ഷണ പദാര്‍ത്ഥം

കസ്തൂരി മണക്കുന്നല്ലോ കാറ്റേ...

2003-04 കാലം.. ഞാന്‍ ബോംബെയിലെ ഒരു എന്ജിനീയറിംഗ് കമ്പനിയില്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ്  മാനേജര്‍ ആയി ജോലി ചെയ്യുന്നു.

വ്യവസായ ശാലകളിലെ എഫ്ലുവന്റ്റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകളില്‍ നിന്നും പുറം തള്ളുന്ന മലിന ജലത്തില്‍ നിശ്ചിത അളവില്‍ [10ppm] കൂടുതല്‍ എണ്ണയുടെ അംശം ഉണ്ടാവാന്‍ പാടില്ല എന്ന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. അതിനാല്‍ ഏതെങ്കിലും ഉപാധികള്‍ അവലംബിച്ച് ഫാക്ട്ടറികളിലെ  ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലെ വേസ്റ്റ് ഓയില്‍ വാട്ടര്‍ ടാങ്കിലെ അഴുകിയ എണ്ണ എല്ലാം നീക്കം ചെയ്യേണ്ടതുണ്ട്. 
ഞങ്ങളുടെ കമ്പനി മാര്‍ക്കറ്റ്‌ ചെയ്യുന്ന ഒരു യന്ത്രം ഇത്തരം ടാങ്കുകളില്‍ ഘടിപ്പിച്ചാല്‍ ആ പ്രശ്നം സര്‍ക്കാര്‍ അനുശാസിക്കുന്ന തോതില്‍ തന്നെ പരിഹരിക്കാനാവുമായിരുന്നു. രത്നഗിരിയിലെ ഒരു മത്സ്യ സംസ്കരണ ശാലയില്‍ നിന്നും അവരുടെ വേസ്റ്റ് ഓയില്‍ ടാങ്കില്‍ ഞങ്ങളുടെ ഓയില്‍ വേര്‍ത്തിരിച്ചെടുക്കുന്ന ചെയ്തെടുക്കുന്ന യന്ത്രത്തിന്‍റെ ഒരു പ്രവര്‍ത്തനപരീക്ഷണം നടത്താനായി ഞങ്ങള്‍ക്ക്  ലഭിച്ച ക്ഷണം അനുസരിച്ച് എന്‍റെ സഹപ്രവര്‍ത്തകനായ മറാത്തിപ്പയ്യനും [എഞ്ചിനീയര്‍] മറ്റൊരു മറാത്തിയായ ഡ്രൈവറും ഞാനും ഒരു ടാറ്റാ സുമോ ജീപ്പില്‍ ബോംബെയില്‍ നിന്നും രത്നഗിരിയിലേക്ക് ഒരു ദിവസം രാവിലെ തന്നെ അഞ്ചു മണിക്കൂര്‍ ബോംബെ - ഗോവ ദേശീയ പാതയിലൂടെ യാത്ര ചെയ്തു ആ ഉപകരണവുമായി എത്തി. 
കൊങ്കണ്‍ പ്രദേശത്തുള്ള വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലം ആണ് രത്നഗിരി. അതിനടുത്തുള്ള ചിപ്ലൂനും വളരെ നല്ല സ്ഥലം തന്നെ. മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരം. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. മനോഹരമായ ബീച്ചുകളാണ് പ്രധാനമായും രത്‌നഗിരിയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്.
രത്നഗിരിയിലെ മത്സ്യ സംസ്കരണ ശാലയോടു ഞങ്ങളുടെ വണ്ടി അടുക്കും തോറും  ചീഞ്ഞ മത്സ്യത്തിന്റെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം  ഞങ്ങളുടെ നാസാരന്ധ്രങ്ങളെ ശത്രുതാമനോഭാവത്തോടെ പുല്‍കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അഴുക്കു വെള്ളവും ദ്രവിച്ച ഓയിലും [മീനെണ്ണ അടക്കം] കെട്ടിനില്‍ക്കുന്ന ഞങ്ങള്‍ക്ക് പരീക്ഷണം നടത്താനുള്ള പ്രസ്തുത കര്‍മ്മ മണ്ഡലം എത്രമാത്രം 'വാതാനുകൂലിതം' ആയിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ? 
മൂക്ക് മാത്രമല്ല ചെവികളും കൊട്ടിയടഞ്ഞു പോകുന്ന വിധത്തിലുള്ള രൂക്ഷ ഗന്ധം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ വിറളി പിടിപ്പിച്ചു. എന്നാല്‍ അവിടെയുള്ളവരൊക്കെ അവിടെ അങ്ങനെയൊരു സംഭവമേ ഇല്ല എന്ന ഭാവേന വളരെ 'കൂള്‍' ആയി അവിടെ ചുറ്റിനടന്ന് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നത് കണ്ട് അത്ഭുതം കൂറി ഞാന്‍ "എങ്ങനെയാണ് നിങ്ങളൊക്കെ ഇവിടെ ജോലി ചെയ്യുന്നത്?!" എന്ന് അവരോടു അന്വേഷിച്ചു.
"ഈ ദുര്‍ഗന്ധം ഒക്കെ അര മണിക്കൂര്‍ കഴിയുമ്പോള്‍ മാറിക്കോളും.. ഡോണ്ട് വറി സര്‍"  ഒരാള്‍ ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. പ്രകൃതി രമണീയമായ രത്നഗിരിയുടെ വിരിമാറിലേക്ക് ജോലിയോടൊപ്പം മനസ്സില്‍ ആ ചാരുത ആവോളം ആസ്വദിക്കുകയും ആവാം എന്ന് കരുതി ഓടിയെത്തിയ ഞങ്ങളുടെ അവസ്ഥ ആപ്പില്‍ വാല് കുടുങ്ങിയ കൊരങ്ങന്റെത്‌ പോലെയായി എന്നല്ലേ പറയേണ്ടൂ... ഹ ഹ ഹ
ഹോ.. ഇവിടെ 'ഡെമോണ്‍സ്ട്രേഷന്‍' ഒന്നും നടത്താന്‍ ആവില്ല.. 'കച്ചോടോം വേണ്ട കാശും വേണ്ടാ തടി കിട്ടിയാല്‍ മതി'  എന്നു ഞങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കേ... എന്തിനു പറയുന്നൂ ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ മഹാത്ഭുതം നടന്നു!.. ഞങ്ങള്‍ ശ്വാസം പരമാവധി മൂക്കിലൂടെ വലിച്ചു കയറ്റിയിട്ടും ഒട്ടും ദുര്‍ഗന്ധം 'ഫീല്‍' ചെയ്യുന്നില്ല. ഞങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു ഞങ്ങള്‍ക്ക് തോന്നിപ്പിക്കത്തക്കവിധം വമിച്ചിരുന്ന ആ  'അവിശുദ്ധ' ഗന്ധം ഞങ്ങളെ വിട്ടു പോയി!.. [ഞങ്ങളുടെ ശരീരം ആ ദുര്‍ഗന്ധത്തോട് പൊരുത്തപ്പെട്ടതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ഹ ഹ ഹ].

ഞങ്ങളും മറ്റുള്ളവരുടെ പോലെ വളരെ പ്രന്നവദനരായി കൊണ്ടു വന്നിരുന്ന മെഷീന്‍ അവിടത്തെ ജോലിക്കാരുടെ സഹായത്തോടെ ആ ചീഞ്ഞളിഞ്ഞ വെള്ളം കെട്ടി നില്‍ക്കുന്ന ടാങ്കില്‍ ഉറപ്പിച്ചു. ഞങ്ങള്‍ മൂന്നു പേരും ആ പ്രക്രിയയില്‍ പങ്കുകാരായിരുന്നു.  എന്നെ കൊണ്ട് ആവുന്ന സഹായം ഒക്കെ ഞാനും ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്കിടെ ദേഹത്തു പറ്റിക്കൊണ്ടിരുന്ന വേസ്റ്റ് ഓയില്‍ ഞങ്ങള്‍ കോട്ടന്‍ തുണി കൊണ്ട് തുടച്ചു.

പരീക്ഷണം വന്‍ വിജയം ആയിരുന്നു. എഫ്ലുവന്റ്റ് ട്രീറ്റ്‌മെന്‍റ് ടാങ്കില്‍ നിന്നും ഞങ്ങളുടെ  മെഷീന്‍ ശേഖരിച്ച ജലാംശം വളരെ കുറഞ്ഞ [3 തൊട്ട് 5 ശതമാനത്തില്‍ താഴെ]  വേസ്റ്റ് ഓയിലില്‍ വിരലുകള്‍ മുക്കി അതിന്‍റെ ഗാഡത അഭിമാനപുരസരം അവിടത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കാണിച്ചു കൊടുത്തപ്പോള്‍ യന്ത്രത്തിന്‍റെ ശേഷിയില്‍ അവരും സംതൃപ്തരായി.  

പിന്നെ കയ്യും മുഖവും ഒക്കെ കഴുകി വരുമ്പോഴേക്കും ടീ ബോയ്‌ ചായയും കടിയും അവിടേക്ക് കൊണ്ടു വന്നു തന്നു. ഞങ്ങള്‍ അത് അവിടെ നിന്നുകൊണ്ട് തന്നെ കഴിച്ചു.  മെഷീന്‍ ഉറപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഒക്കെ ചെയ്ത അദ്ധ്വാനം സൃഷ്ടിച്ച വിശപ്പിന്‍റെ സ്വാധീനത്തില്‍ ആ ശുഷ്ക്കിച്ച ഉഴുന്ന് വടയ്ക്കൊക്കെ നല്ല രുചി തോന്നി. വീണ്ടും ഓരോന്നും കൂടി കിട്ടുമോ എന്നു കരുതി നോക്കിയപ്പോള്‍ ആ പയ്യന്‍റെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍'... ങാ കിട്ടിയതാവട്ടെ.. പോകുന്ന വഴി  ഏതെങ്കിലും ഹോട്ടലില്‍ നിന്നും ശാപ്പാട് അടിക്കാം എന്ന് കരുതി ഉച്ചസൂര്യനെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ മൂവരും സംരഭം വിജയിച്ചതിലുള്ള സംതൃപ്തിയോടെ അവരോടു യാത്ര പറഞ്ഞു മടക്കയാത്ര പുറപ്പെട്ടു.

ഏകദേശം അര മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ റോഡ്‌ സൈഡില്‍ ഒരു നല്ല ഹോട്ടല്‍.. ശുദ്ധ വെജിറ്റെറിയന്‍...  വിശന്നു വലഞ്ഞ വയറുകളുടെ നിലവിളികള്‍ കേട്ടെന്ന പോലെ സുമോ ജീപ്പ് അതിനു മുമ്പില്‍ സഡന്‍ ബ്രേക്കിട്ട പോലെ നിന്നു. പച്ചക്കറിയെങ്കില്‍ പച്ചക്കറി  എന്തെങ്കിലും കഴിക്കാം എന്ന് കരുതി വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഞങ്ങള്‍ ഹോട്ടലിലേക്ക് തിരക്കിട്ടു കയറി കാലിയായ ഒരു മേശയുടെ ചുറ്റും ഇരുന്നു.

ഞങ്ങള്‍ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഹോട്ടലിനു മുമ്പില്‍ നിന്നിരുന്നവരും അകത്തിരുന്നു ഭക്ഷണം കഴിച്ചിരുന്നവരും ഒക്കെ ഒരു പ്രത്യേക ആശ്ചര്യ ഭാവത്തില്‍ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങള്‍ മേശമേല്‍ ഉണ്ടായിരുന്ന മെനു കാര്‍ഡ്‌ എടുത്തു എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടത് എന്ന് തിരയുമ്പോള്‍ കാഷ് കൌണ്ടറില്‍ ഇരുന്നയാള്‍ മൂക്ക് പൊത്തി കൊണ്ട് എഴുന്നേറ്റു വന്നു ദേഷ്യഭാവത്തില്‍ ഞങ്ങളോട് ചോദിച്ചു.

"തും ലോഗ് കഹാ സെ ആയാ? ഹാത്ത് മെ മച്ചി വഗാര ഹേ ക്യാ? മാലൂം നഹി ഹൈ ക്യാ.. യേ വെജിറ്റെറിയന്‍ ഹോട്ടല്‍ ഹേ?.. "
[നിങ്ങള്‍ എവിടെ നിന്നും വന്നു? കയ്യില്‍ വല്ല മീനെങ്ങാനും ഉണ്ടോ? ഇത് വെജിറ്റെറിയന്‍ ഹോട്ടല്‍ ആണെന്ന് അറിഞ്ഞൂടെ?..]

അപ്പോള്‍ ആണ് ഞങ്ങള്‍ പരിസരം വീക്ഷിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീപുരുഷ ജനങ്ങള്‍ എല്ലാം ഭക്ഷണം കഴിപ്പ്‌ നിര്‍ത്തി ഞങ്ങളെയും നോക്കി അറപ്പോടെ മൂക്കും പൊത്തി ഇരിക്കുന്നു!... എന്തോ മഹാപാതകം ചെയ്ത പോലെ എല്ലാവരും തീവ്രവാദികളെ നോക്കുന്നത് പോലെയുള്ള ഉറ്റുനോട്ടം. അതും ഒരുവിധം കുലീനവസ്ത്രധാരികളായ ഞങ്ങളെ .. ഹും അതിനു മാത്രം ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു?.. ഞങ്ങള്‍ മൂവരും അപ്പോഴേക്കും അറിയാതെ തന്നെ സിനിമകളില്‍ കാണുന്നത് പോലെ 'സ്ലോ മോഷനില്‍' ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നിന്നു കഴിഞ്ഞിരുന്നു. ഹോട്ടലിന്‍റെ മാനേജര്‍ വന്നു പറഞ്ഞു.

"മെഹര്‍ബാനി കര്‍ക്കെ ആപ് ലോഗ് ഇധര്‍ സെ തുരന്ത് ബാഹര്‍ ജായിയെഗാ.. യെ വെജിറ്റെറിയന്‍ ഹോട്ടല്‍ ഹേ...  പ്ലീസ് ഹമാരാ പേട്ട് മെ ലാട്ട് മത് മാരിയെ.."   [നാറ്റവുമായി വന്നു ഞങ്ങളുടെ വയറ്റത്തടിക്കാന്‍ നില്‍ക്കാതെ പെട്ടെന്ന് കടന്നു പോടാ ഇവിടെ നിന്ന് @#$%^&*- എന്ന് പച്ച മലയാളത്തില്‍]

സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഞങ്ങള്‍ അധികം ഒന്നും സംസാരിച്ചു കുളമാക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും തടി തപ്പി അടുത്ത ഹോട്ടല്‍ തേടി യാത്രയായി. കുറെ മുന്നോട്ടു പോയപ്പോള്‍ അതാ ഒരു ഹോട്ടല്‍... നോണ്‍-വെജിറ്റെറിയന്‍... ഹോ രക്ഷപ്പെട്ടു..  വേഗം വണ്ടി  നിര്‍ത്തി ധൃതിയില്‍ ആ ഹോട്ടലിന്‍റെ അകത്തേക്ക് കയറി.

"ഹലോ ഹലോ... രുഖോ... കിധര്‍ ജാരേ?..തും ലോഗ് യേ ഗന്ധാ ബാസ് ലേക്ക്യെ  കഹാ സെ ആയാ?.. " [നില്‍ക്കൂ.. എവിടെ പോകുന്നു?..  ഈ ചീഞ്ഞ മണവുമായി നിങ്ങള്‍ എവിടെ നിന്ന് വരുന്നു?..] എന്ന് പറഞ്ഞു കൊണ്ട് കാഷ് കൌണ്ടറില്‍ നിന്ന ആള്‍ ഞങ്ങളുടെ പിറകെ ഓടി വന്നു  ഞങ്ങളെ അവിടെ ഇരിക്കുന്നതില്‍ നിന്നും വിലക്കി. 

'ഇതെന്തു കഷ്ടകാലം എന്‍റെ കര്‍ത്താവേ... ' എന്നാലോചിക്കുമ്പോഴേക്കും സപ്ലയര്‍മാര്‍ ഞങ്ങളെ ഉന്തിത്തള്ളി അവിടെ നിന്നും പുറത്താക്കിക്കഴിഞ്ഞിരുന്നു. പിന്നെ എന്തൊക്കെയോ തെറികള്‍ മറാത്തി ഭാഷയില്‍ ഞങ്ങളെ തഴുകിക്കൊണ്ട് പോയ ഇളം കാറ്റില്‍ ഉണ്ടായിരുന്നു. ഹോട്ടലിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നോണ്‍ - വെജിറ്റെറിയന്‍ മറാത്തി 'സാഹിത്യം'.. അതേ വരെ കേള്‍ക്കാത്ത ഒന്ന് രണ്ടു സ്വയമ്പന്‍ തെറി വാക്കുകളും അന്ന് കേട്ടു. വിശപ്പ്‌ അതോടെ പകുതിയും മാറി.

ഞാന്‍ ഒരു ഐഡിയ പറഞ്ഞു. അടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും ഒരു പെര്‍ഫ്യൂം വാങ്ങി അടിച്ച് നമുക്ക് അടുത്ത ഹോട്ടലില്‍ പോകാം.. ഉപായം സ്വീകരിക്കപ്പെട്ടു. അടുത്തുള്ള കടയിലെ ആള്‍ക്ക് പുറത്തു നിന്നു ചൂണ്ടിക്കാണിച്ചു കൊടുത്ത്  ഒരു വിലകൂടിയ സുഗന്ധദ്രവ്യക്കുപ്പി തരപ്പെടുത്തി.  ആ കുപ്പിയില്‍ ഒരു തുള്ളി പോലും അവശേഷിപ്പിക്കാതെ  മുഴുവന്‍ ഞങ്ങള്‍ ദേഹത്തു സ്പ്രേ ചെയ്തു കാലിക്കുപ്പി വലിച്ചെറിഞ്ഞ് വീണ്ടും വിധിയെ പഴിച്ചു അവിടെ നിന്നും യാത്ര തിരിച്ചു. മഹോത്തരമായ ആ സുഗന്ധ ദ്രവ്യത്തിന്‍റെ മണം അപ്പോള്‍ 'മത്സ്യഗന്ധാത്മജരായിരുന്ന' ഞങ്ങള്‍ക്ക് അല്‍പ്പം അരോചകത്വം ഉണ്ടാക്കിയോ എന്നൊരു സംശയവും  ഉണ്ടാകാതിരുന്നില്ല.

ആദ്യമായായിരുന്നു ഇത്തരത്തിലൊരു നാറിയ വിഷമപ്രതിസന്ധിയില്‍ പെടുന്നത്. ഛെ .. നാണക്കേട്‌... മാനം കപ്പലു കയറ്റുന്ന വിധത്തില്‍ സകലജനസമക്ഷം പിച്ചക്കാരെ പോലെ രണ്ടിടങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ട യുവ കോമളന്മാറായ  ഒരുമെക്കാനിക്കല്‍ എന്‍ജിനീയറും  സെയില്‍സ്&മാര്‍ക്കടിംഗ് മാനേജരും ജീപ്പ് ഡ്രൈവറും ചുറുചുറുക്കെല്ലാം ചോര്‍ന്നു പോയി അവാര്‍ഡ്‌ പടത്തിലെ അഭിനേതാക്കളെ പോലെ വണ്ടിയില്‍ മൂകരായി ഇരുന്നു.  

അപ്പോള്‍ വീണ്ടും എന്‍റെ മനസ്സില്‍ ഒരു ഐഡിയ തോന്നി. ഇനി നമ്മള്‍ ഹോട്ടലിനകത്തേക്ക്  കയറുന്നില്ല... പുറത്തു നിന്നു കൊണ്ട്  ഓര്‍ഡര്‍ കൊടുത്ത് പാര്‍സല്‍ ആയി ഭക്ഷണം വാങ്ങി വണ്ടിയില്‍ ഇരുന്നു കഴിക്കാം.. "വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ.. " എന്ന് പറഞ്ഞു ഡ്രൈവര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. ആ ഉപായം ഏറ്റു. 

പാര്‍സല്‍ ആയി വാങ്ങിയ മസാല ദോശ വണ്ടി നിറുത്തി വഴിയരുകിലെ പ്രകൃതി രമണീയമായ ഒരു നീര്‍ച്ചാലിന് അരികില്‍ ഇരുന്നു കഴിക്കുമ്പോള്‍ നടന്ന സംഭവങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു തകര്‍ക്കുകയായിരുന്നു. പരീക്ഷണത്തിനിടയില്‍ ഞങ്ങളുടെ ദേഹത്ത് പറ്റിയിരുന്ന അളിഞ്ഞ ഓയിലിന് അത്രയ്ക്കും രൂക്ഷ ഗന്ധം ആയിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. എന്നാല്‍ ഞങ്ങള്‍ക്കൊട്ടുമേ അനുഭവപ്പെട്ടിരുന്നുമില്ല.

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി എട്ടുമണി.. ഡോര്‍ ബെല്‍ അടിച്ചു. ഒരു മന്ദസ്മിതത്തോടെ പ്രിയതമ വന്നു വാതില്‍ തുറന്നു. അകത്തു കടന്ന വഴി അവളുടെ ചോദ്യം....

"മനുഷ്യാ..  നിങ്ങള്‍ വല്ല  അഴുക്കു ചാലിലും വീണിട്ടാണോയീ കയറി വരുന്നേ?..." 
അപ്പോള്‍ ഏഷ്യ നെറ്റ് ടീവിയില്‍ നിന്നും ഒരു പഴയ സിനിമാ പാട്ട്... 
"കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. നീ വരുമ്പോള്‍... ......
- ജോയ് ഗുരുവായൂര്‍

വൃശ്ചികക്കുളിരില്‍..

വൃശ്ചികക്കുളിരില്‍.. 
(കേക)

വൃശ്ചികക്കാറ്റിന്നീണം കര്‍ണ്ണത്തെ പുല്‍കീടുമ്പോ-
ളെത്തുമീ പാടത്തെന്നും നിറയെ ബാലകന്മാര്‍.
പട്ടത്തിന്‍ ചരടിന്മേല്‍ പിടിച്ചു വലിക്കുകില്‍
പറക്കും മന്ദം മന്ദം വാനിലാ വര്‍ണ്ണക്കിണ്ണം.

ഉള്ളത്തിന്‍ തുടികൊട്ടല്‍ വയലിലുയരുമ്പോള്‍
മാനത്തെ ദിവാകരന്‍ ഇമ്പമായ് നോക്കീടുന്നു.
കൊഴിഞ്ഞ കതിരുകള്‍ ചികഞ്ഞു തിന്നീടുവാന്‍,
കാക്കയും കുരുവിയും കലമ്പി പാറീടുന്നു.

കാല്‍പ്പന്തിന്‍ പുറകിലാ കുട്ടികളോടീടവേ-
ക്കയറും പാദങ്ങളില്‍ കൊയ്തിട്ട കുറ്റികളും.
ഓലകളിളം കാറ്റില്‍ പുന്നാരമോതീടുമ്പോള്‍,
ഒറ്റയ്ക്കാ കാക്കക്കൂട്ടില്‍ കുഞ്ഞൊന്നു മയങ്ങുന്നു.

കാറ്റുമായ്‌ കൂട്ടുകൂടി ഇളകും കവുങ്ങുകള്‍-
ക്കരങ്ങള്‍ വീശി വീശി കാറ്റിനെ തഴുകുന്നു.
വീണീടും പാളക്കയ്യിലിരുന്നു പൈതങ്ങളും,
ഉച്ചത്തിലാര്‍ത്തു കൊണ്ട് കളിച്ചു തകര്‍ക്കുന്നു.
മോദത്താല്‍ തുടുത്തൊരു മുഖമായര്‍ക്കനവന്‍,
ശൈലത്തിന്‍ ചരിവിലെക്കിറങ്ങിപ്പോയീടുന്നു. 
‍മലതന്‍ മുകളിലെ കോവിലിന്‍ കുളത്തിലെ,
കറുത്ത ചേലക്കാരോ ശരണമോതീടുന്നു.

സന്ധ്യയെ തഴുകിക്കൊണ്ടനിലന്‍ വന്നീടുമ്പോള്‍,
സൈകതത്തുറകളില്‍ കുളിരു കോരീടുന്നു.
തൂമഞ്ഞിന്‍ തണുപ്പിനാല്‍ കൂരകള്‍ മയങ്ങവേ,
തൂവെള്ള ച്ചിരിത്തൂകി സുധാംശു മരുവുന്നു.
                              
                                                          - ജോയ് ഗുരുവായൂര്‍

ഭൂതകാലം തേടി...

പോളപ്പുല്ലുകളിളകിയൊഴുകുമീയരുവിയില്‍,
പാളത്തൊപ്പി തന്‍ തണല്‍ ചൂടാറുണ്ടിരുവരും.
പീലിയെഴും നിന്‍ മിഴിയിണകളിലെന്‍ മിഴി  നട്ടു,
പാട്ടിന്നീരടികളിലലിഞ്ഞുലയുമോടം തുഴഞ്ഞു നാം.

പാടങ്ങളില്‍ പച്ചപ്പെത്തിക്കുമീപ്പുഴ തന്‍ കൈവരിയില്‍, 
പരല്‍മീന്‍ കൊത്താന്‍ നിരന്നിരിക്കും കൊറ്റിക്കൂട്ടങ്ങളും,
പാടിപ്പറന്നു കതിര്‍ പെറുക്കും പനംതത്തകളും,
പാരം കരളുകളില്‍ കുളിരേകിയ കാലമതോര്‍പ്പൂ.

കാലമിതുവരേയറിയാത്ത വഴികളിലൂടെയനവരതം
കടന്നു പോകവേ, കൈമോശം വന്നു പോയൊരാ
കതിരമാം സൌന്ദര്യം, കതിരവന്‍ കട്ടെടുത്തതോ-
ക്കാര്‍മുകിലിന്‍ പിണക്കങ്ങളിലിന്നന്യമായതോ?!

മുളംകാടുകളുടെയീണം ശ്രുതിയിട്ടയിളം കാറ്റില്‍
മുഖമിളക്കും, മരതകക്കതിരുകള്‍ നിറയും പാട-
മിന്നെന്തേ മരുവുന്നു, വിള്ളലുകളൊരുപാട് വീണ
മാറിടവും, വിണ്ടു കീറിയൊരു മാനസവുമായ്? 

മത്സ്യങ്ങളായിരം മുങ്ങാംകുഴിയിട്ട പുഴതന്‍
മടിത്തട്ടിതാ കിടക്കുന്നു, മരുവും മാനവര്‍ തന്‍
മണിമാളികകള്‍ പണിയാന്‍ രാവും പകലും
മണ്ണെടുത്ത, മായാത്ത മുറിവുകളും പേറി.

ഞവരകള്‍ പൂക്കാത്ത... തവളകള്‍ കരയാത്ത... 
ഞണ്ടുകള്‍ കുറുകെയോടാത്തോരീ വയല്‍വരമ്പില്‍
ഞാന്‍ തിരഞ്ഞല്ലോയിന്നെന്‍ ഞാറ്റുവേലക്കിളിയെ 
ഞാനിനി വരികില്ലെന്നോര്‍ത്തു നീയൊരോര്‍മ്മയായോ? 
                                                                     - ജോയ് ഗുരുവായൂര്‍