Monday, May 21, 2012

എന്‍റെ കളിക്കൂട്ടുകാരന്‍ഒന്നാം ക്ലാസ്സിലെ രണ്ടാം ബഞ്ചില്‍ മൂന്നാമനായി,

ജീവിതസമരം തുടങ്ങിയ നാളെപ്പോഴോ മനസ്സില്‍ നിന്നടര്‍ന്നൊരു,

സ്നേഹബഹിര്‍സ്ഫുരണം ഹൃദയത്തിലേറ്റു വാങ്ങിയെന്‍ സുഹൃത്തെ..

തോളില്‍ കയ്യിട്ടു പരസ്പ്പരം തുണ്ട് കളിമണ്‍ പെന്‍സിലുകള്‍ക്കായി,

പള്ളിക്കൂടമുറ്റത്തു തല കുമ്പിട്ടു നാമലയുമ്പോഴോക്കെയും നിന്‍റെയാ,

ഹൃദയപരിധികളോരോന്നായ് ഞാന്‍ പഠിച്ചിരുന്നൂ.


കയ്യിലും തുടയിലും പതിക്കും ചൂരല്‍പ്പഴങ്ങളോരോന്നും,

പരസ്പ്പരം ഹൃദയത്തിലാവാഹിച്ചു നുണഞ്ഞിറക്കി-

യതിന്‍ കാഠിന്യം കുറച്ചു നാമൊത്തിരി നാളുകള്‍.

സെമിത്തേരിയുടെ വടക്കുള്ള മുത്തുകുടിയന്‍ മാവിന്‍,

പഴുത്ത മാമ്പഴങ്ങള്‍ ഒരൊറ്റയേറിനു വീഴ്ത്തി,

പകുത്തു കഴിക്കുമ്പോഴൊക്കെയും നിന്‍സ്നേഹമൊരു

മധുരമാമ്പഴക്കറയായെന്‍ മനതാരില്‍ പറ്റിയിരുന്നു.


പള്ളിക്കൂടം തീര്‍ത്തൊരതിരുകളൊക്കെയും തകര്‍ത്ത് മുന്നേറുമ്പോള്‍

ഉയരവ്യതിയാനമൊട്ടും ബാധിക്കാതെ നമ്മുടെ തോളുകള്‍.

‍ദിവാകരന്‍ മാഷിന്‍ ചുവന്ന ചൂരലെനിക്ക് വേണ്ടിയൊരുപാട്,

നിന്‍ ചോരമാംസാദികള്‍ ഭുജിച്ചിരുന്നതൊക്കെയും,

ഇന്നലത്തേത് പോല്‍ ഓര്‍ക്കുന്നൂ ഞാനിന്നുമിപ്പോഴും.


നിന്‍ വീറും വാശിയും രക്തസാക്ഷിമനസ്സുമെന്‍

ഹൃത്തില്‍ പാകിയ വിത്തുകളന്നെത്രയോ മുളച്ചു തഴച്ചൂ.

മണ്ണിന്‍റെ മണമുള്ള നിന്‍ ഉച്ചഭക്ഷണമെത്രയോ നാള്‍

ഞാന്‍ കൊതിയോടെ ആസ്വദിച്ചാവാഹിച്ചൂ.


ക്ലാസിലൊന്നാമനായതിന്നൊരു ദിവസമെനിക്കച്ഛന്‍ സമ്മാനിച്ച,

സൈക്കിളിന്‍ തണ്ടില്‍ നിന്നെയുമേറ്റി കറങ്ങുന്നതും,

ഓല മേഞ്ഞ നിന്നുമ്മറത്തിണ്ണയിലിരിക്കവേ,

അമ്മ തരും സ്നേഹക്കാപ്പിയൂതിക്കുടിക്കുന്നതും,

ഇന്നും ഞാനോര്‍ക്കുന്നൂവിന്നലത്തേയെന്ന പോല്‍.

നിന്‍ ചേച്ചിയെന്‍ കവിളില്‍ തരും സ്നേഹനുള്ളലുകളെന്‍

കവിളിണകളിലൊരു മധുരനൊമ്പരമാണിപ്പോഴും.


ഗണിതമൊരു ദുര്‍ഗണമായെന്നിലാവസിച്ചപ്പോഴും നിന്‍

അവാച്യമാം ഗണിതവാസനയെനിക്കാശ്വാസമായിരുന്നു.

വീട്ടുകണക്കു കോപ്പിയടിക്കാന്‍ നീയെനിക്കാദ്യമവസരം

തരുമ്പോഴൊക്കെയും നിന്‍ സൌഹൃദമെനിക്കെത്രയാശ്വാസമായ്.


പത്താംതരപ്പരീക്ഷയില്‍ നീയെന്നെ പിന്തള്ളിയപ്പോഴും

നിന്‍ വിജയത്തിലാഹ്ലാദിച്ചു ഞാനൊരുപാടൊരുപാട്.

അന്ന് നിന്റച്ഛന്‍റെ കണ്ണില്‍ നിന്നും കൈക്കോട്ടില്‍ വീണു ചിതറിയ

ആഹ്ലാദാശ്രുക്കളെന്‍ ഹൃദയത്തില്‍ നിറദീപാവലിയായ്.


എന്‍റെ സൈക്കിള്‍ പിന്നെയും നിന്‍റെ പടി കടന്നേറെ നാള്‍..

പൂരങ്ങളും പെരുന്നാളുകളും കളിസ്ഥലങ്ങളും ചുറ്റിക്കാണാ-

നാ സൈക്കിളിന്‍ തണ്ട് വീണ്ടുമിരിപ്പിടമായ് നിനക്കേറെ നാള്‍.

എഞ്ചിനീയറിങ്ങും സയന്‍സുമായുള്ളന്തരത്തിലിണ പിരിഞ്ഞ നാം

പഴയ മുത്തുകുടിയന്‍ മാമ്പഴവും കുറ്റിപ്പെന്‍സിലുമൊക്കെ

പതിയേ മഷിത്തണ്ടാലെന്ന വണ്ണം മായ്ച്ചു കളഞ്ഞില്ല്യേ?


വല്ലപ്പോഴും വരും കത്തുകള്‍ പിന്നെ മെയിലിനു വഴിമാറിയപ്പോഴും

'സൈക്കിളിന്‍ പെഡല്‍, ആക്സിലറേറ്ററായ്' പരിണമിച്ചപ്പോഴും

മനസ്സില്‍ എന്നും പച്ച പുതച്ചു കിടന്നൊരാ സൗഹൃദം

മങ്ങുമെന്നൊരുനാളെന്നൊരിക്കലും നിനച്ചില്ല.


ഏഴു സാഗരം തീര്‍ക്കും മതില്‍ക്കെട്ടിനപ്പുറത്താണെന്നാലും

നിന്‍സ്നേഹവായ്പ്പിന്നുമൊരു സാഗരമായെന്‍ ഹൃത്തില്‍

നിരന്തരമലയടിക്കുന്നിപ്പോഴുമെന്നറിക നീ...


- ജോയ് ഗുരുവായൂര്‍

7 comments:

 1. ഗതകാല സ്മരണകള്‍ ഒരു ചെറു പുഞ്ചിരിയോടെ,
  ഗതി മാറി ഒഴുകിയ നദി പോലെ ഇവിടെ ഒഴുകിയെത്തി
  വളരെ നന്നായി സ്മരണകള്‍ ഒപ്പിവെച്ചിവിടെ.
  അതൊന്നുമല്ല എന്നെ അതിശയിപ്പിച്ചത്
  മെയ്‌ മാസം എഴുതിയ ഈ കുറിപ്പിനൊരു കമന്റു
  ഇതുവരെ കാണാതെ പോയി എന്ന സത്യം എന്നെ
  ശരിക്കും ഞെ ട്ടിപ്പിച്ചു!!! എന്തേ ഇതിന്‍ കാരണം!!!
  ഒരു പക്ഷെ ഇതിലെ ഫോണ്ടിന്റെ വികൃതിയാകാം
  തീരെ വലുപ്പം ഇല്ല ഞാന്‍ വായിച്ചതോ കണ്ട്രോള്‍ +
  അമര്‍ത്തിയും. ഫോണ്ട് മാറ്റൂ വേഗം, അല്ലെങ്കില്‍ ഇവിടെ
  വരുന്നവര്‍ അതെ പടുതി മടങ്ങാനാണ് വഴി.
  പിന്നെ ചില promotion പണികളും ചെയ്യേണ്ടതുണ്ട്.
  വീണ്ടും വരാം ആശംസകള്‍

  PS:
  Ithile word verificationum yeduthu kalaka
  kamantu postu cheyyunnavarkku ithu valare
  prayaasam srushtikkum
  Thanks
  Phil

  ReplyDelete
  Replies
  1. ഫിലിപ്പ് സര്‍.. വളരെ നന്ദി.. ഈ പ്രോത്സാഹജനകമായ കമന്റിനു. ഫോണ്ട് സൈസ് ഒരിക്കല്‍ ഞാന്‍ വലുതാക്കിയതായിരുന്നു. ഇനിയും വലുതാക്കാം ട്ടോ. പിന്നെ വെരിഫിക്കേഷന്‍ ഉടന്‍ മാറ്റാം.. ഇപ്പോള്‍ മെനു അറബിക്കില്‍ ആണ് കാണിക്കുന്നത്. പ്രമോഷനും തീര്‍ച്ചയായും വേണം. സാറിനു സാധിക്കുന്ന സഹായ സഹകരണങ്ങള്‍ സദയം പ്രതീക്ഷിക്കുന്നൂ.. സ്നേഹപൂര്‍വ്വം ജോയ്

   Delete
 2. ജോയ്
  ഏഴു കടലിന്നപ്പുറത്ത് നിന്നുള്ള കളിക്കൂട്ടുകാരന്റെ സ്മരണ വളരെ നന്നായിട്ടുണ്ട് . പലര്‍ക്കും ഈ സൌഹൃദങ്ങള്‍ ഈ കാലത്ത് നഷ്ടപ്പെട്ടു പോകാറാണ് പതിവു.
  ആശംസകള്‍ ജോയ്

  ReplyDelete
 3. ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു....
  വളരെ നന്നായി. വീണ്ടും എഴുതുക...
  ഭാവുകങ്ങൾ.

  ReplyDelete
 4. നന്നായിട്ടുണ്ട്. ഇനിയും എഴുതുക . സസ്നേഹം.

  ReplyDelete
 5. വളരെ നന്ദി ശ്രീ. ഗംഗ.... മനസ്സിലേക്കുള്ള എന്റെ ക്ഷണം കിട്ടിയിരിക്കുമല്ലോ...

  ReplyDelete
 6. veendum vannu
  fontinte blod
  yeduthu maattuka
  aashamsakal
  Philip Ariel

  ReplyDelete