Wednesday, May 7, 2014

നീലക്കുറിഞ്ഞികള്‍ പൂത്ത രാവില്‍...


ഗ്രീക്ക് നഗരമായ എദെന്‍സിലെ ഒരു കത്തീഡ്രല്‍ ചര്‍ച്ചിന്‍റെ സെമിത്തേരിയിലെ കല്ലറ ഭേദിച്ച് ഒരു സൈദ്ധാന്തികന്റെ അസ്വസ്ഥമായ ആത്മാവ് ആര്‍ഷ ഭാരത സംസ്കൃതികള്‍ നേരിട്ട് അനുഭവവേദ്യമാക്കുന്നതിനു വേണ്ടി ഭാരതം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു...
************************************
"ജയന്‍ മാഷേ.. സത്യം പറഞ്ഞാല്‍ ഈ നിമിഷങ്ങളില്‍ എന്നിലുണരുന്നത് അധമ വികാരമായ അസൂയയാണ്. മാഷിനെപ്പോലൊരു മഹാനുഭാവന്‍റെ ഭാര്യാപദം അലങ്കരിക്കാന്‍ യോഗമുണ്ടായ അമ്പിളിച്ചേച്ചിയെ ഞാന്‍ ഭാഗ്യവതി എന്നു വിളിച്ചോട്ടേ?.."
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു കിടക്കുന്ന നീലഗിരിയുടെ താഴ്വരയിലുള്ള ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ ശയിച്ച ജയദേവന്റെ നെറ്റിയില്‍ പുറത്തെ മരംകോച്ചുന്ന തണുപ്പിലും പൊടിഞ്ഞ ചെറു വിയര്‍പ്പുകണങ്ങള്‍ കൈകൊണ്ടു തുടച്ചു കൊണ്ട് രേഷ്മ പറഞ്ഞു.

"എന്‍റെ രേഷ്മാ..പൂത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍ക്ക് കുട പിടിക്കുന്നൊരു നീല നിലാവില്‍ കണ്ടുമുട്ടണം എന്നത് എന്നും നിന്‍റെ മനസ്സിനെ മദിപ്പിച്ചിരുന്ന ഒരു സ്വപ്നമായിരുന്നു. അതിന്‍റെ പൂര്‍ണ്ണതയുടെ ഭാഗമായി നിന്നിലലിഞ്ഞു കിടക്കുന്ന ഈ നിമിഷങ്ങളെ എനിക്ക് അഭിശപ്തമെന്നേ വിളിക്കാനാവുന്നുള്ളൂ പ്രായത്തില്‍ എന്‍റെ മകളെക്കാളും രണ്ടു മൂന്നു വയസ്സ്.. അത്രയല്ലേ ഒള്ളൂ നിനക്ക്?.. ഹോ കഷ്ടം... ഓര്‍ക്കുമ്പോഴേ ഞാന്‍ തകര്‍ന്നു പോകുന്നു പ്രിയ സുഹൃത്തേ.."
"എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നേ?.. വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ. തിങ്ക്‌ പോസിറ്റീവ്.. മാഷിന്‍റെ ചിന്തകളും ചെയ്തികളും - ഒരു അവലോകനം എന്ന സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് മറന്നുവോ?.. 'നമ്മളറിയാതെ നമ്മളില്‍ ഒന്നും സംഭവിക്കുന്നില്ല....നമ്മള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നമ്മളെ നന്നായി അറിയുന്നു. നമ്മുടെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് നമ്മള്‍ ചെയ്യേണ്ടത്. അതാണ്‌ നമ്മുടെ ശരി. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റായി തോന്നിയേക്കാം...നമ്മുടെ പ്രവൃത്തി മൂലം മറ്റുള്ളവര്‍ സന്തോഷഭരിതരാവുന്നുണ്ടെങ്കില്‍ അതാണ്‌ യഥാര്‍ത്ഥ പുണ്യ പ്രവൃത്തി'... ഇതൊക്കെ എഴുതിയ മഹാപ്രതിഭയ്ക്ക് ഇത്രയും ഖിന്നനാകാന്‍ സാധിക്കുമോ?.. കഷ്ടം,.. ഇന്ന് എന്‍റെ മനസ്സാക്ഷി ഏറ്റവും കൂടുതല്‍ സന്തോഷിച്ച അപൂര്‍വ്വ നിമിഷങ്ങള്‍ എനിക്കേകിയത് എന്‍റെ മാഷല്ലേ?.. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ച ഈ അസുലഭ നിമിഷങ്ങള്‍ക്ക് ഞാന്‍ മാഷിനോട് കടപ്പെട്ടിരിക്കുന്നു."
"രേഷ്മാ.. സ്വന്തം തത്വശാസ്ത്രങ്ങള്‍ പരാജയപ്പെടുന്ന ബലഹീന നിമിഷങ്ങളും മനുഷ്യ മനസ്സിനെ ചിലപ്പോഴൊക്കെ കീഴ്പ്പെടുത്തി ഭരിക്കാറുണ്ട്. മനസ്സാക്ഷിക്കുത്ത് എന്നൊക്കെ വിളിക്കുന്ന പശ്ചാത്താപ ചിന്തകള്‍ ഏതു നിമിഷവും പ്രത്യയ ശാസ്ത്രങ്ങളാല്‍ ജീവിക്കപ്പെടുന്ന അമാനുഷ്യ മനസ്സുകളെയും പിടിച്ചുലച്ചേക്കാം. അതിനൂതനമായ ചിന്തകളും ആശയങ്ങളും സ്വപ്നം കാണുകയും എഴുത്തുകളിലൂടെ പ്രസരിപ്പിക്കുകയും ചെയ്യുന്ന മനസ്സുകള്‍ അത് സമൂഹത്തില്‍ പ്രാവര്‍ത്തികമാകപ്പെടുന്ന സായൂജ്യ സന്ദര്‍ഭങ്ങള്‍ സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അതേ ആശയസംഹിതകള്‍ പത്തി വിടര്‍ത്തി തന്നിലേക്ക് തന്നെ പാഞ്ഞടുക്കുന്ന വേളയില്‍ അവര്‍ പതറിപ്പോകുന്നു. ഇപ്പോള്‍ ഞാനും അത്തരം ഒരു മാനസീക നിസ്സഹായാവസ്ഥയെ തരണം ചെയ്യാന്‍ പാടുപെട്ടു കൊണ്ടിരിക്കുന്നു. കണ്ടില്ലേ എന്‍റെ ഹൃദയം ശക്തമായി മിടിക്കുന്നത്‌?... എന്‍റെ കൈകാലുകളില്‍ നേരിയൊരു വിറയല്‍ ബാധിച്ചിരിക്കുന്നതായും ഞാനറിയുന്നു."
"മാഷേ.. ഇന്റര്‍നെറ്റ്‌ എന്ന മാസ്മരീക ലോകത്തില്‍ അവിചാരിതമായി കണ്ടുമുട്ടി ഇതേ വരെ ഹൃദയവും മനസ്സും പങ്കിട്ടവരാണ് നമ്മള്‍. മാഷിന്‍റെ എഴുത്തുകളെയായിരുന്നു അവയുടെ രചയിതാവാരെന്നു ഓര്‍ക്കാതെ ഞാന്‍ പ്രണയിച്ചിരുന്നത്. ആ ഓരോ വരികളും അസംതൃപ്തമായ എന്‍റെ മനസ്സ് തേടി നടന്ന അമൂല്യ സൂക്തങ്ങളായിരുന്നു!... അറിഞ്ഞോ അറിയാതെയോ അനവസരോചിതമായി എന്‍റെ മനസ്സിനെ ഞാന്‍ ആ മാസ്മരീകത വഴിഞ്ഞൊഴുകുന്ന കുറിപ്പുകള്‍ക്ക് അടിമപ്പെടുത്തി. ലൌകീക ജീവിതം എന്ന ആശയം എന്നേ മനസ്സില്‍ നിന്നും തുടച്ചു നീക്കിയിരുന്നവള്‍ ആയിരുന്നു ഞാന്‍. എന്തിനാണ് മറ്റൊരാളുടെ നിയതിക്ക് അടിമപ്പെട്ടു നമ്മുടെ മാത്രമായ സ്വതന്ത്ര ചിന്തകളെ ചങ്ങലക്കിട്ടു കൊണ്ട് പാരതന്ത്ര്യത്തിന്‍റെ പടുകുഴിയിലേക്ക് സ്വയം അവരോഹിതരാവുന്നത്? ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ക്ഷണികമായ ഈ ജീവിത യാത്രയില്‍ ആര്‍ക്കും വ്യക്തിത്വം പണയം വച്ചു കൊടുത്തുകൊണ്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മാഷിന്‍റെ പൂര്‍ണ്ണകായ വ്യക്തിത്വത്തിന് സ്വയം വിധേയയായി ഇതേ വരെ എന്നെ നയിച്ച ചില തത്വശാസ്ത്രങ്ങള്‍ മോഹലാസ്യപ്പെട്ടു കിടക്കുന്ന ഈ നിമിഷം വരെ.... കാലങ്ങളായി മനസ്സിന്‍റെ മൂശയില്‍ ഉരുക്കിയെടുത്ത എന്‍റെ ആശയങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചെന്നു ഞാന്‍ ഇപ്പോഴും കരുതുന്നില്ല. കാലത്തിനനുസരിച്ച് ആശയങ്ങളും തത്വസംഹിതകളും മാറേണ്ടതുണ്ട്. ഒന്നുകില്‍ അവ സ്വയം തന്നെ മാറും അല്ലെങ്കില്‍ നാം തന്നെ മാറ്റണം. എനിക്ക് തെല്ലും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല മറിച്ച് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഞാന്‍ തടങ്കലിലാക്കി വച്ച എന്‍റെ ലൌകീക മോഹങ്ങളെ ആവശ്യത്തിലധികം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നോ എന്നിലെ സ്വേച്ഛാധിപതി എന്നു ഞാനിപ്പോള്‍ സംശയിക്കുന്നു. ദേഹവും ദേഹിയും രണ്ടു വിഭിന്ന മാനസീക ധ്രുവങ്ങളില്‍ നിന്നും പതിയേ ആകര്‍ഷിതരായി സമീപസ്ഥരായി ഒന്നൊന്നില്‍ അലിഞ്ഞു ചേരുന്ന നിമിഷങ്ങളാണ് മനുഷ്യജീവിതത്തിലെ ധന്യ നിമിഷങ്ങള്‍ എന്നു വാഴ്ത്താവുന്നവ. ദേഹത്തിന്‍റെ ആവശ്യങ്ങള്‍ അപ്പോള്‍ ദേഹിയുടെയും സാക്ഷാല്‍ക്കാരം തേടുന്ന ആഗ്രഹങ്ങളായി മാറുന്നു. പിന്നെ ആ കൂട്ടുകെട്ടിനെ നയിക്കുന്നത് ദേഹിയായിരിക്കും. സമാനതകള്‍ തേടിയുള്ള ഒരു അശ്വമേധം.. എന്‍റെ ദേഹവും ദേഹിയും ഇന്ന് അങ്ങയുടെ അസംതൃപ്തമായിരുന്ന ദേഹദേഹിദ്വയങ്ങളുടെ ശക്തമായ കരവലയത്തിലമര്‍ന്നു ഒത്തിരി സന്തോഷിക്കുന്നു. നന്ദി.. നന്ദി.."
"രേഷ്മാ.. മനശ്ശാസ്ത്രത്തില്‍ നിനക്ക് ഡോക്ട്ടറേറ്റ് തന്ന സര്‍വകലാശാലയെ വാഴ്ത്തട്ടെ. വസ്തുതകളോടുള്ള കാര്യമാത്രപ്രസക്തമായ നിന്‍റെ ഈ സമീപനം തന്നെയാണ് എന്നെ നിന്‍റെ അപൂര്‍വ്വവ്യക്തിത്വമാകുന്ന ആ മൃഗതൃഷ്ണയില്‍ ആശ്വാസം കൊള്ളുന്ന ഒരു മരുപ്രവാസിയാക്കിയത്. പക്ഷേ ഒന്ന് മാറി നിന്നു ചിന്തിച്ചു നോക്കിയാല്‍ ധര്‍മ്മിഷ്ടരായി യുദ്ധം ചെയ്തിരുന്ന കൌരവരെ അധര്‍മ്മത്തിന്റെ പാതയിലൂടെ അടിച്ചമര്‍ത്തുകയിരുന്നു ധര്‍മ്മസംസ്ഥാപനത്തിന്റെ മിശിഹാമാരായിരുന്ന പാണ്ഡവര്‍ ചെയ്തത് എന്ന് മനസ്സിലാവും. അധര്‍മ്മം എന്നും അധര്‍മ്മം തന്നെ. ധര്‍മ്മത്തില്‍ മാത്രം വിശ്വസിച്ചു ജീവിതം മുന്നോട്ടു നീക്കുന്നവര്‍ക്ക് അതിന്‍റെ മൂല്യച്യുതികള്‍ സമ്മാനിക്കുന്നത് കൊടിയ അസംതൃപ്തി തന്നെയായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ രോദനം കേട്ടില്ലെന്നു നടിക്കാന്‍ ഒരു ധര്‍മ്മിഷ്ടര്‍ക്കും സാധ്യമല്ല. എന്‍റെ മനോമുകുരത്തിലൂടെ ഇപ്പോള്‍ ഓടിമറയുന്ന മുഖങ്ങള്‍ അമ്പിളിയുടെയും അനിതയുടെയുമാണ്. എന്നില്‍ നിന്നും അവര്‍ പഠിച്ച ധര്‍മ്മശാസ്ത്രങ്ങള്‍ ഇപ്പോള്‍ എന്‍റെ നേരെത്തന്നെ പല്ലിളിച്ചു കാട്ടുന്നു. അതാണ്‌ ഒരു വിറയലായി എന്‍റെ കൈക്കാലുകളെ ബാധിച്ചിരിക്കുന്നത്.... പക്ഷേ.. നിസ്വാര്‍ത്ഥമായ മനസ്സുള്ളവര്‍ ആരുണ്ട്‌ ഈ ലോകത്തില്‍? എല്ലാവരും താന്താങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി അഹോരാത്രം പാഞ്ഞു കൊണ്ടിരിക്കുന്നു. ആ പോക്കില്‍ രക്തസാക്ഷികളാവുന്നവരെ തിരിഞ്ഞു നോക്കി സഹതപിക്കാന്‍ മിനക്കെടുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തിക്ക് വിളംബവും വിഘ്നവും നേരിടാം. സ്നേഹമയനായ നല്ലൊരു ഭര്‍ത്താവും അച്ഛനും എന്ന അവരുടെ സങ്കല്‍പ്പങ്ങള്‍ അവരുടെ മനസ്സിന്‍റെ സ്വാര്‍ത്ഥത തന്നെയല്ലേ വെളിവാക്കുന്നത്? ജീവിതകാലം മുഴുവന്‍ എന്‍റെ വ്യക്തിത്വത്തിന് വശംവദരായി മിഥ്യയുടെ അടിമ ജീവിതം നയിക്കുന്ന അവരുടെ അന്ധമായ ആത്മവിശ്വാസത്തില്‍ തളയ്ക്കപ്പെട്ട ഒരു അടിമ തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഞാനും?.. ഞാനാകുന്ന വടവൃക്ഷത്തിന്റെ തണലില്‍ അവര്‍ക്ക് സുഖമായി സമാധാനത്തില്‍ ജീവിക്കണം എന്നതിലുപരിയായി എന്താണ് എന്‍റെ മനസ്സാക്ഷിയുടെ വിശപ്പ്‌ മാറ്റാന്‍ അവശ്യയുക്തമായത് എന്ന് അവരും അന്വേഷിക്കുന്നില്ല എന്നതല്ലേ ഇന്ന് ഇവിടെ നീയുമായി ആയിരിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ എന്‍റെ ദേഹിയെ നിര്‍ബന്ധിതമാക്കിയത്?"
"കൊട് കൈ മാഷേ.. എന്‍റെ മാഷിന് അല്‍പ്പാല്‍പ്പമായി സാമാന്യ ബോധം തെളിഞ്ഞു വരുന്നുണ്ട്.. ഹ ഹ ഹ.. നൈമിഷികമായ നമ്മുടെ ഈ ജീവിതത്തില്‍ സത്യം പറഞ്ഞാല്‍ ധര്‍മ്മം അധര്‍മ്മം എന്നിങ്ങനെ യാതൊന്നും ഇല്ല. എല്ലാ പ്രവൃത്തികളും സമയാസമയം സംഭവിച്ചു കൊണ്ടിരിക്കേണ്ടത്‌ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഒരാള്‍ക്ക്‌ അധര്‍മ്മമായി തോന്നിക്കുന്നതു ചിലപ്പോള്‍ മറ്റൊരാളുടെ ധര്‍മ്മമായിരിക്കാം. ആരോപിതരുടെ വീക്ഷണകോണില്‍ നിന്നും ഒന്നു ചിന്തിച്ചു നോക്കൂ.. ധര്‍മ്മ ലംഘനത്തില്‍ വേദനിക്കുന്നൊരു ഒരു ആത്മാവിനെ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. ജീവിതം അഭിമുഖീകരിക്കുന്ന എന്തു പ്രശ്നമായാലും അതൊക്കെ സംഭവിക്കേണ്ട നേരത്തു തന്നെ സംഭവിക്കേണ്ടുന്ന വസ്തുതകളാണ് അല്ലാതെ നമ്മുടെ മനസ്സാക്ഷിക്ക് മുറിവുണ്ടാക്കാന്‍ വേണ്ടി ഉപരിതലീകരിക്കുന്ന പ്രതിഭാസങ്ങളല്ല എന്ന തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ നമ്മുടെ ജീവിതമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ ആര്‍ക്കുമാവില്ല."
"രേഷ്മാ.. നീ പറയുന്നത് ശരി തന്നെ. മനസ്സില്‍ തത്വസംഹിതകള്‍ ഉണ്ടാക്കുവാനും അതിനെ പരിപാലിക്കുവാനും ചര്‍ച്ച ചെയ്തു കയ്യടി നേടുവാനും വളരെ എളുപ്പമായിരിക്കാം. എന്നാല്‍ നാമായിരിക്കുന്ന സാമൂഹ മനസ്സാക്ഷിക്ക് അതിനെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാനും ന്യായീകരിക്കാനും സാധിക്കുമെന്ന് നമുക്ക് കരുതാനാവില്ല. ആര്‍ഷ ഭാരത സംസ്കാരം നിഷ്കര്‍ഷിക്കുന്ന പരിമിതികളില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമേ ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാനാവൂ. അല്ലാത്തവര്‍ക്ക് സാമൂഹ്യ സദാചാര സംരക്ഷകരുടെ ഭത്സനങ്ങള്‍ക്ക് പാത്രീഭവരാകേണ്ടി വരും. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ സ്വാര്‍ത്ഥമായ ചിന്തകളും ചെയ്തികളും സഹജീവികളുടെ സ്വൈര്യജീവിതത്തിനു ഒരു തരത്തിലും കല്ലുകടിയാവാതിരിക്കാന്‍ ശ്രമിക്കണം."
രാത്രി അതിന്‍റെ അവസാന യാമത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന ആ വേളയിലും രേഷ്മയുടെ നനുനുത്ത കൈവിരലുകള്‍ അവിടെയവിടെയായി വെള്ളി രോമങ്ങളുടെ പ്രഭാവമുള്ള ജയദേവന്റെ നെഞ്ചില്‍ പരതി നടന്നു. പുഞ്ചിരിച്ചു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ മുഖത്ത് അനസ്യൂതം ഹിമകണങ്ങള്‍ കുടഞ്ഞെറിഞ്ഞു കൊണ്ട് പ്രഭാതകിരണങ്ങള്‍ നീലഗിരിയെ തഴുകാനെത്തും മുമ്പേ അവരെ സുഷുപ്തിയില്‍ നിന്നുമുണര്‍ത്തി ഉന്മേഷഭരിതമാക്കാന്‍ നീലവാനം ശ്രമിച്ചു കൊണ്ടിരുന്നു.
"അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്യപ്പെടുമ്പോള്‍ കാല്‍പ്പനീകമായ സിദ്ധാന്തങ്ങള്‍ മെനഞ്ഞ് അവയുടെ പുറംതോടിനുള്ളില്‍ സ്വയം മറഞ്ഞിരുന്നു ന്യായീകരണങ്ങള്‍ കണ്ടെത്തുക എന്നത് മനുഷ്യമനസ്സില്‍ മാത്രം കണ്ടുവരുന്ന ഒരു അതുല്യ പ്രതിഭാസമാണ്".
നീലഗിരിയിറങ്ങി വന്ന കുളിര്‍ക്കാറ്റില്‍ ആകസ്മീകമായി അവിടെ ഒഴുകിയെത്തിയ ആ ഗ്രീക്ക് സൈദ്ധാന്തികന്റെ ആത്മാവ് മുരണ്ടു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment