Wednesday, May 7, 2014

ഒരു സാഹോദര്യത്തിന്‍റെ ബാക്കിപത്രം..


ജേസണ്‍ ബോറീല്ലോ.. അതാണവന്റെ പേര്.. മനുഷ്യരുടെ പൂര്‍വീകര്‍ കുരങ്ങന്മാരായിരുന്നു എന്ന നിഗമനത്തെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നതു പോലെയുള്ള കൂര്‍ത്ത മുഖം.. ഒരു ഇരുപത്തിയഞ്ച് വയസ്സിനോടടുത്തു പ്രായം വരും..
"ജോയ്.. ഹി വില്‍ അസ്സിസ്റ്റ്‌ യു.."
വെളുത്തു കൊലുന്നനെയിരിക്കുന്ന ആ ഫിലിപ്പൈനി പയ്യനെ ചൂണ്ടിക്കാണിച്ചു ബോസ്സ് പറഞ്ഞത് കേട്ട്, ചെവിയില്‍ കവച കുണ്ഡലം പോലെ സ്ഥിരമായി വച്ചിരുന്ന മ്യൂസിക് ഐപ്പോഡിന്‍റെ നോബ് ഊരി അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.
പുതിയ കമ്പനി, പുതിയ ആളുകള്‍.. മുന്‍ പരിചയം വച്ച് എനിക്ക് ഫിലിപ്പൈനികളെ ഇഷ്ടമേയല്ല. അവരുടെ സംസ്കാരവും സ്വഭാവങ്ങളും ഒരു തരത്തിലും എനിക്ക് ദഹിക്കുമായിരുന്നില്ല. ഇപ്പോഴിതാ എന്‍റെ അസിസ്റ്റന്റ്റ് ആയി ഒരു ഫിലിപ്പൈനിയെ തന്നിരിക്കുന്നു. തുടക്കത്തിലേ കല്ലുകടി വേണ്ട എന്ന് കരുതി മൗനം പാലിച്ചു.
പക്ഷെ എന്‍റെ സകല പ്രതീക്ഷകളെയും തകിടം മറിയുന്ന ദിവസങ്ങളായിരുന്നു ജേസണ്‍ എനിക്ക് സമ്മാനിച്ചത്‌. ഇടപഴകലുകളിലും ജോലിയോടുള്ള ഉത്തരവാദിത്വത്തിലും സ്വഭാവത്തിലും അവന്‍റെ നാട്ടുകാരില്‍ ഒരിക്കലും ദര്‍ശിക്കാനാവാത്ത ആ കുലീനത എന്നെ അതിശയിപ്പിച്ചു.
അച്ഛനമ്മമാരുടെ നാലു ആണ്മക്കളില്‍ ഏറ്റവും ഇളയവന്‍ ജേസണ്‍. ബിരുദധാരി. അച്ഛന്‍ ബോറീല്ലോ വീട്ടില്‍ തന്നെ കോഴിക്കച്ചവടം നടത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രാത്രി മദ്യപിച്ചു ജീവിക്കുന്നു. അമ്മ നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് തന്നെ തികയാറില്ലത്രേ!
ചേട്ടന്മാര്‍ രാവിലെ തന്നെ ജീന്‍സും ടീഷര്‍ട്ടും വലിച്ചു കയറ്റി തെണ്ടാനിറങ്ങും. എങ്ങനെയെങ്കിലുമൊക്കെ അടിച്ചു പൊളിക്കാനുള്ള പണമുണ്ടാക്കി പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ കഴിയുന്നു. ഇടയ്ക്കിടെ പൈസ അയച്ചു കൊടുക്കാന്‍ പറഞ്ഞു അവര്‍ പൊന്നനുജന് ഫോണ്‍ ചെയ്യാറുമുണ്ട്.
ലാപ്‌ ടോപ്‌ തുറന്നു എനിക്കൊരു വീട് കാണിച്ചു തന്ന് അവന്‍ പറഞ്ഞു.
"ഞാന്‍ ഇതിനു മുമ്പ് ആഫ്രിക്കന്‍ രാജ്യമായ അങ്കോളയില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നിര്‍മ്മിച്ച വീടാണ് ഇത്. ഇതിനു മുമ്പ് ഞങ്ങള്‍ താമസിച്ചിരുന്നത് ടിന്‍ ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂരയില്‍ ആയിരുന്നു. കേരളത്തിലെ വീടുകളുടെ മാതൃക പിന്‍ തുടര്‍ന്നാന്നു ഞാന്‍ ഇത് പണി കഴിപ്പിച്ചത്. എങ്ങനെയുണ്ട്.. കൊള്ളാമോ?"
അവന്‍റെ അദ്ധ്വാനശീലവും കുടുംബസ്നേഹവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. താന്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്നതായിരുന്നു അവന്‍റെ ഒരേയൊരു മനോവിഷമം. ഒരു 'സിക്സ്പാക്ക് ബോഡി'.. അതായിരുന്നു അവന്‍റെ സ്വപ്നം. അത് നേടിക്കഴിഞ്ഞാല്‍ ഒരു സുന്ദരിയായ കൂട്ടുകാരി.. കുറച്ചു കാലം പ്രണയിച്ചു നടന്നതിനു ശേഷം അവളെ തന്നെ വിവാഹം കഴിച്ച് ഒരുമിച്ചൊരു ജീവിതം.. കിട്ടുന്ന വരുമാനത്തില്‍ ഏറിയ പങ്കും ധൂര്‍ത്തടിച്ച് കളയാതെ കുടുംബത്തിലേക്ക് അയച്ചു കൊടുക്കുന്ന വിരളം പ്രവാസി ഫിലിപ്പൈനികളില്‍ ഒരുവന്‍.
ജോലിക്കിടയിലെ ആശയ വിനിമയം ഞങ്ങള്‍ തമ്മിലുള്ള അകലം അനുദിനം കുറച്ചു കൊണ്ടിരുന്നു. മിക്ക ദിവസവും രാവിലെ ഓഫീസില്‍ എത്തിയ ഉടന്‍ അവന്‍ ഓടി വന്നു എന്നെ ആലിംഗനം ചെയ്തു പറയും
"മൈ സ്വീറ്റ് ബ്രദര്‍.. ഹൌ ആര്‍ യു?"
ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ കുഴങ്ങുന്ന പല അവസരങ്ങളിലും എന്‍റെ ഉപദേശം അവനു തുണയായിട്ടുണ്ട്. തികഞ്ഞ ദൈവ വിശ്വാസിയായ അവന്‍ എന്‍റെ അവസരോചിതമായ മാനസീക ശക്തിപ്പെടുത്തലുകള്‍ക്ക് വിധേയനായി ഭാവി ജീവിതത്തിലേക്കുള്ള അവന്‍റെ വീഥികള്‍ കൂടുതല്‍ തെളിമയും സുരക്ഷിതവും ആക്കാന്‍ ശ്രമിച്ചു കൊണ്ടുമിരുന്നു.
അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ മിക്കവരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഹാഫ് ഡേ ലീവെടുത്ത് മുങ്ങി. നമ്മുടെ കക്ഷിയാണെങ്കില്‍ അന്ന് രാവിലെ തൊട്ടേ ലീവും.
പെട്ടെന്ന് ജേസണ്‍ ചെയ്തു വന്നിരുന്ന ജോലികളില്‍ ഒരെണ്ണം വളരെ അത്യാവശ്യമായി ചെയ്യേണ്ട ഒരു സാഹചര്യം വന്നു. ബോസ്സ് വന്നു അവനെ തിരക്കി. ഞാന്‍ പറഞ്ഞു അവന്‍ ഇന്ന് ലീവില്‍ ആണ്. ഇത് കേട്ട് അദ്ദേഹം പെട്ടെന്ന് ചൂടായി. ഓഫീസിലെ മിക്കവരും അന്ന് ലീവായിരുന്നത് അയാളെ ക്ഷുബ്ധനാക്കി. ജേസണ്‍ ചെയ്യേണ്ടുന്ന ആ ജോലി തല്‍ക്കാലം ഞാന്‍ തന്നെ ചെയ്യാം എന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ഉടനെ അവനെ ഓഫീസിലേക്ക് വിളിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. മനസ്സില്ലാമനസ്സോടെ പനിയും ജലദോഷവും പിടിച്ചു റൂമില്‍ വിശ്രമിച്ചിരുന്ന അവനെ എനിക്ക് ഡ്രൈവറെ അയച്ചു ഓഫീസിലേക്ക് വിളിപ്പിക്കേണ്ടി വന്നു.
വന്ന വഴി അയാള്‍ ലീവെടുത്തതിനു അവനെ കണക്കിന് ശകാരിച്ചു. ദേഷ്യവും സങ്കടവും തിങ്ങുന്ന മുഖഭാവവുമായി നേരെ എന്‍റെ കാബിനിലേക്ക്‌ വന്നു അവനെന്നോട് പറഞ്ഞു..
"ബ്രദര്‍.. നിങ്ങളെനിക്ക് പാര വച്ചു അല്ലേ? നിങ്ങളില്‍ നിന്നും ഞാന്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. എന്‍റെ സ്വന്തം സഹോദരന്മാരെക്കാളും ഞാന്‍ മനസ്സില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു താങ്കള്‍.. എനിക്കിപ്പോള്‍ എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇതിനുള്ള ശിക്ഷ താങ്കള്‍ക്കു ദൈവം തന്നോളും.."
മുഖമടച്ചൊരു അടി കിട്ടിയ പോലെയായി അവന്‍റെ ആ വാക്കുകള്‍. എന്‍റെ മനസ്സും ഹൃദയവും ഒരു നിമിഷം സ്തംഭിച്ചു പോകുന്നതായി എനിക്ക് തോന്നി.
"ജേസണ്‍... ഞാന്‍.... "
എന്‍റെ വാക്കുകള്‍ പുറത്തേക്കു വരാനാവാതെ തൊണ്ടയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അത് കേള്‍ക്കാന്‍ മിനക്കെടാതെ ദേഷ്യത്തോടെ അവന്‍ പുറത്തേക്ക് പോയി. പിന്നീട് ഏകദേശം രണ്ടു മാസത്തോളം കഴിയുമ്പോഴേക്കും അവനെ അങ്കോളയില്‍ അവന്‍ പണ്ട് ജോലി ചെയ്ത കമ്പനി നല്ല ശമ്പളത്തോടെ തിരിച്ചു വിളിച്ചു. അതേ വരെയും അവനോടുള്ള എന്‍റെ മന്ദസ്മിതങ്ങള്‍ എല്ലാം വൃഥാവിലായി കൂര്‍ത്ത മുള്ളുകള്‍ പോലെ തറച്ച് എന്‍റെ ഹൃദയത്തിലെ നിത്യനൊമ്പരങ്ങളായി.
അവസാന ദിവസം അവന്‍ ഓഫീസിലെ എല്ലാവരോടും യാത്ര പറഞ്ഞു പോകുന്ന ആ വേളയിലും എന്‍റെ അടുത്തു വന്നു ഒരു യാത്രാമൊഴി പറയാതിരിക്കില്ല എന്നുള്ള ഒരു വ്യാമോഹം എനിക്കുണ്ടായത് എന്നിലപ്പോഴും അവനോടു അവശേഷിച്ചിരുന്ന സ്നേഹവാത്സല്ല്യങ്ങള്‍ ആയിരിക്കാം.
കഴിഞ്ഞ ദിവസം ജേസണ്‍ ഏതാനും ദിവസങ്ങള്‍ക്കു വേണ്ടി അബുദാബിയില്‍ വന്നിരുന്നുവെന്നും എന്‍റെ ഓഫീസിലെ ചിലരെയൊക്കെ വിളിച്ചു പാര്‍ട്ടി കൊടുത്തിരുന്നുവെന്നുമൊക്കെ ഇന്നലെ ഒരു എത്യോപ്യന്‍ സുഹൃത്ത് എന്നോടറിയിച്ചപ്പോള്‍ അറിയാതെ ഗദ്ഗദപ്പെട്ടു..
"എങ്കിലും എന്‍റെ പ്രിയ സഹോദരാ... നീയിപ്പോഴുമെന്നെ ശപിക്കുന്നുവല്ലോ.. ഈ തെറ്റിദ്ധാരണയില്‍ നിന്നുടലെടുത്ത വിദ്വേഷത്തിനു ദൈവം നിന്നോട് കാരുണ്യപൂര്‍വ്വം ക്ഷമിക്കട്ടെ.. നന്മകള്‍ സമൃദ്ധമായി ചൊരിയട്ടെ... സിക്സ്പാക്ക് ബോഡിയും.. സുന്ദരിയായ ഗേള്‍ ഫ്രണ്ടും എത്രയും പെട്ടെന്നു തന്നെ നിന്‍റെ വഴികളില്‍ സന്തോഷവും സംതൃപ്തിയും എകട്ടെ.."
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment