Wednesday, August 20, 2014

കനലെരിയുന്ന മനസ്സുകള്‍..

 
രാത്രി ആ ചെറുപട്ടണത്തിലെ ഒരു മുക്കവലയില്‍ ബസ്സിലവശേഷിച്ച എകയാത്രക്കാരനായ തന്നെ കണ്ടക്റ്റര്‍ ഇറക്കി വിടുമ്പോള്‍ സമയം പതിനൊന്നര...

'ശരീരം നുറുങ്ങുന്നത് പോലുള്ള വേദന... ഛെ..  ഈ യാത്ര ഇത്രയ്ക്കും ദുര്‍ഘടം പിടിച്ചതായിരുന്നു എന്ന് ബസ്സില്‍ കയറും നേരം അറിഞ്ഞിരുന്നില്ലല്ലോ..'

ഒരു ആല്‍മരച്ചുവട്ടിലെ ഉന്തുവണ്ടിയില്‍ കട്ടന്‍ചായയും സിഗരറ്റും പരിപ്പുവടയും മുട്ട പൊരിച്ചതുമൊക്കെ വില്‍ക്കുന്ന ഒരു കിളവന്‍.  മദ്യപിച്ചു മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ യുവാക്കളുടെ ഒരു ചെറുസംഘം പുക വലിച്ചു കൊണ്ട് ഉച്ചത്തില്‍ സംസാരിക്കുന്നു. ചുണ്ടത്തിരുന്നു എരിയുന്ന ബീഡി ഇടയ്ക്കിടെ ആഞ്ഞു വലിച്ചു കൊണ്ട് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്ത ഓംലെറ്റുകള്‍ ധൃതിയില്‍ ചുടുകയായിരുന്ന ആ മെലിഞ്ഞ വൃദ്ധന് ഏകദേശം എഴുപതിനോടടുത്തു പ്രായം തോന്നിച്ചു. പാവം ഈ പ്രായത്തിലും...... പ്രാരാബ്ദങ്ങള്‍ തന്നെയായിരിക്കും..

സാമുവലിന്റെ വീട്ടിലേക്കെത്താന്‍ കേട്ടറിവു വച്ച് ഇനിയുമുണ്ട് ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും. അപൂര്‍വം നിശാചരരെ ഒഴിച്ചു നിര്‍ത്തിയാല്‍ പട്ടണം ഗാഡനിദ്രയിലമര്‍ന്നിരിക്കുന്നു. അവിടവിടെയായി സ്ട്രീറ്റ് ലൈറ്റുകള്‍ മുനിഞ്ഞു കത്തുന്നുണ്ട്.. ഒരു ടാക്സിയോ ഓട്ടോറിക്ഷയോ വരെ എങ്ങും കാണ്മാനില്ല.

വിശന്നിട്ടു കുടല്‍ കരിയുന്നല്ലോ...

തട്ടുകടയില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന യുവാക്കളുടെ തിരക്ക് കഴിയാന്‍ അല്‍പ്പനേരം കാത്തു.

"ഈ നാരകക്കുന്നിലേക്ക് പോകാന്‍?...." ഒരു ഡബിള്‍ ഓംലെറ്റിനും കട്ടന്‍ ചായയ്ക്കും ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ആ കിളവനോട് ആരാഞ്ഞു.

"ഇന്യീപ്പോ.. പുലര്‍ച്ച അഞ്ചുമണിക്കേ ബസ്സുള്ളൂ.. ആദ്യത്തെ ബസ്സ് ദേ ഇവടന്ന് തന്ന്യാ പൊറപ്പെടണേ.." യാത്രക്കാരന്‍റെ നിസ്സഹായതയില്‍ പങ്കുചേരുന്ന മുഖഭാവത്തോടെ അയാള്‍ പറഞ്ഞു.

എതിരെയുള്ള മൈതാനത്തിന്‍റെ അരമതിലില്‍ ഇരുന്നു വിശ്രമിച്ചു സമയം തള്ളിനീക്കാമെന്നു കരുതി മതിലില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തുമ്പോള്‍ കുറച്ചു മാറി ആരോ ഇരുന്നു തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി.

"സാറേ ഒരു സിസ്സറ് തരാവോ?" കരിമ്പടം പുതച്ച് ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഇരുള്‍ വകഞ്ഞു മാറ്റിക്കൊണ്ട് കടന്നുവന്നു.

നീട്ടിയ സിഗരറ്റ് നന്ദിപ്രകടനമൊന്നും കൂടാതെ വാങ്ങി നിമിഷനേരം കൊണ്ട് അരയില്‍ നിന്നും തീപ്പെട്ടിയെടുത്ത് തീകൊളുത്തി വലിക്കാന്‍ തുടങ്ങി.

"സാറേ.. ഏതു സര്‍ക്കാര്‍ വന്നാലും നമ്മളെപ്പോലുള്ളവര്‍ക്ക് ഒരു ഗുണവുമുണ്ടാവില്ല.... അല്ലാ സാറേതാ പാര്‍ട്ടി?..."
 
സിഗരറ്റ് ആഞ്ഞു വലിച്ചു രണ്ടു പുക വിട്ടതിനു ശേഷം ഗിരിപ്രഭാഷണം തുടങ്ങിയത് ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് കണ്ടപ്പോള്‍ പിറുപിറുത്തു കൊണ്ട് അയാള്‍ നടന്നു നീങ്ങി ഇരുളിലെവിടെയോ അലിഞ്ഞു പോയി.

'നമ്മളെപ്പോലുള്ളവര്‍ക്ക്?!!!.... ഹ ഹ ഹ കൊള്ളാം.. ശരിയാ.. അയാളും താനും തമ്മില്‍ ഈ അവസ്ഥയില്‍ എന്ത് വ്യത്യാസം?..'

കയ്യിലുള്ള പത്രം വിരിച്ച് ബാഗിനെ തലയിണയാക്കി തെളിഞ്ഞ ആകാശത്തില്‍ താരകങ്ങള്‍ കണ്ണുചിമ്മുന്നതും നോക്കി കൊതുകുകളുടെ നിശാസംഗീതവും തലോടലുകളും അനുഭവിച്ചു വൃത്തിഹീനമായ ആ മതിലില്‍ കിടക്കുമ്പോള്‍ കവലയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡില്‍ നിന്നും വാഹനങ്ങള്‍ അടുത്തു വരുന്നതിന്‍റെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടു.

ചാടിയെഴുന്നേറ്റു അതിലൂടെ വന്ന ഒരു ഓട്ടോ റിക്ഷയ്ക്കു കൈ കാണിച്ചെങ്കിലും അത് നിര്‍ത്തിയില്ല. നിരാശനായി തിരിയുമ്പോള്‍ എത്തിയ മറ്റൊരു റിക്ഷക്കാരന്‍ വണ്ടി നിര്‍ത്തി.

"സാറ് റീഗല്‍ ഹോട്ടലിലേക്കാണോ?.. " മറുപടി കിട്ടുന്നതിനു മുമ്പേ അയാള്‍ ഡ്രൈവിംഗ് സീറ്റിന്‍റെ ഒരറ്റത്തേക്ക് നീങ്ങിയിരുന്നു പെട്ടെന്നു ഇരുന്നോളൂ എന്ന ഭാവത്തില്‍ നോക്കി.

"ങാ.. ഹോട്ടലെങ്കില്‍ ഹോട്ടല്‍.. ഇന്നവിടെ തങ്ങിയിട്ടു നാളെ പതുക്കെ പോകാം.."  ഡ്രൈവറുമായി സീറ്റ് പങ്കിട്ടു.

പിറകിലെ ഇരുട്ടില്‍ നിന്നും വളകിലുക്കം.. പിറകിലിരിക്കുന്ന യാത്രക്കാര്‍ സ്ത്രീകളാണെന്നു തോന്നുന്നു. തിരിഞ്ഞു നോക്കിയില്ല.  

പട്ടണത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള റീഗല്‍ ഹോട്ടലിന്‍റെ മുന്നില്‍ വണ്ടിയില്‍ നിന്നിയിറങ്ങി പൈസ കൊടുക്കുമ്പോള്‍ പിറകിലെ സീറ്റില്‍ നിന്നിറങ്ങിയ രണ്ടു യുവതികളില്‍ ഒരാള്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ അടുത്തു വന്നു മന്ദഹസിച്ചു കൊണ്ടു ചോദിച്ചു..

"അല്ലാ... ഇത് ജി കെ അല്ലേ?!... എന്നെ അറിയുമോ?.. നീലിമ.. സര്‍ഗ്ഗം സൈറ്റിലെ ബ്ലോഗ്ഗര്‍...."

സര്‍ഗ്ഗമെന്ന മലയാളി സൌഹൃദക്കൂട്ടായ്മയില്‍ അഡ്മിന്‍ ആയ തനിക്കു അതിലെ ബ്ലോഗ്ഗറായ നീലിമയുമായി ഓണ്‍ലൈനിലുള്ള പരിചയം ഉണ്ട്. 'ദൈനംദിന ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍'  എന്നൊരു ചര്‍ച്ചയിലെ മോഡറേറ്റര്‍ കൂടിയാണ് നീലിമ.  

"ഹോ.. നീലിമാ.. വാട്ട് എ സര്‍പ്രൈസ്!.. എന്താ ഈ നേരത്ത്... ഇവിടെ?..."

 "ഞാന്‍ ജോധ്പ്പൂരില്‍ നിന്നും വരുവാ.. ഇതെന്‍റെ ക്ലാസ് മേറ്റ്‌ ജ്യോതി. ട്രെയിനെത്താന്‍ ആറര മണിക്കൂര്‍ ലേറ്റായി. ഈ ഹോട്ടലില്‍ ബുക്കിംഗ് ഉണ്ട്.. ഞങ്ങളുടെ പി. ജി. ക്ലാസ് മേറ്റ്സിന്‍റെ അലുംമ്നി നാളെ ഇവിടെയാണ് നടക്കുന്നത്.. "

ലോഞ്ചില്‍ ഇരിക്കുമ്പോള്‍ സംസാരപ്രിയയായ  നീലിമ പലവിഷയങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു.

"നീലിമ അറിയുമായിരിക്കും സാമുവലിനെ... സൌദിയില്‍ ഉള്ള നമ്മുടെ മെമ്പര്‍.."

"പിന്നേ.. എപ്പോഴും അടിപൊളി നര്‍മ്മകഥകള്‍ പോസ്റ്റ്‌ ചെയ്യുന്ന ആ പുള്ളിയല്ലേ?!.. എനിക്കൊത്തിരി ഇഷ്ടാണ് അദ്ദേഹത്തിന്‍റെ എഴുത്തുകള്‍.. ചിലതു വായിച്ചാല്‍ ചിരിച്ചു ചാവും.. ഹ ഹ ഹ.."

"നമ്മുടെ സൌഹൃദക്കൂട്ടായ്മ വഴി പരിചയപ്പെടാന്‍ സാധിച്ച നല്ലൊരു സുഹൃത്താണ് സാമുവല്‍.

എ തറോ ജെന്റില്‍മാന്‍..
ഞാന്‍ അവധിക്കു നാട്ടില്‍ ചെല്ലുന്ന സമയത്ത് അയാളുടെ വീട് സന്ദര്‍ശിക്കണമെന്ന് പുള്ളിക്കാരന് ഒരേ നിര്‍ബന്ധം..."

"ആണോ.. വളരെ നല്ല കാര്യം ജി കെ.. ഓണ്‍ലൈന്‍ സുഹൃത്തുക്കളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങളൊക്കെ വളരെ സഹായകരമായിരിക്കും.."

കിടക്കാന്‍ പോകുന്നതിനു മുമ്പ്, പിറ്റേ ദിവസം രാവിലെ പത്തുമണിക്ക് നടക്കുന്ന അവരുടെ വിദ്യാര്‍ത്ഥി സംഗമത്തിലെ വിശിഷ്ട അതിഥികളിലൊരാളായി വേദിയലങ്കരിക്കാനുള്ള ഊഷ്മളമായ ക്ഷണവും നീലിമയും കൂട്ടുകാരിയും നല്‍കി.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രധാന സവിശേഷത... ലോകത്തിന്‍റെ അജ്ഞാതകോണുകളില്‍ നിന്നും അപ്രതീക്ഷിതമായി  നമ്മെ നോക്കി പുഞ്ചിരി തൂകാവുന്ന മുഖങ്ങള്‍!.. അല്ലെങ്കില്‍ എവിടെയെങ്കിലും ഒരു അത്താണി.. എവിടെപ്പോകുമ്പോഴും തന്നെ പരിചയമുള്ള ചില വ്യക്തികള്‍ അവിടെയുണ്ടല്ലോ എന്ന ആത്മധൈര്യം...

നാരകക്കുന്നില്‍ കിടക്കുന്ന സാമുവലും ബഹറിനിലുള്ള ടോണിയും ശ്രീജയും ഖത്തറിലുള്ള രാജേഷും പ്രദീപും നിസാറും തൃശ്ശൂരുള്ള അബ്ദുള്‍റസാക്കും ദാസപ്പനും മീനുവും ബിന്ദുവും സുരേഷ്ജിയും എറണാകുളത്തുള്ള കെ കെയും റോഷനും സരോജ ചേച്ചിയും നളിനച്ചേച്ചിയും ഉണ്ണ്യെട്ടനും മനോജ്‌ സാറും കോഴിക്കോടുള്ള ഷെരീഫും ജോര്‍ജ്ജ് സാറും പാലക്കാട്ടുള്ള ദാസേട്ടനും വിഷ്ണുവും പയ്യന്നൂരുള്ള ജയേട്ടനും സതീഷ്‌ജിയും ബോംബെയിലുള്ള മുരളി ചേട്ടനും പവി ചേട്ടനും നാരായണ്‍ സാറും അമേരിക്കയിലുള്ള രമേഷും സൌദിയിലുള്ള അസീസും അഭിയും സുമലതയും മദ്രാസിലുള്ള രശ്മിയും ബാംഗ്ലൂരിലുള്ള സ്കന്ദന്‍ ചേട്ടനും ദുബായിയില്‍ ഉള്ള ഷാനവാസും നൌഷാദും നോവിച്ചനും നാച്ചീസും സുനിലും ശ്രീകാന്തും ബക്കറിക്കയും റഹീമും.. തിരുവനന്തപുരത്തുള്ള അനീഷും ഷെലിനും സുധിയും ഷീനയും മധുവും വൃന്ദയും ഡാനിയല്‍ സാറും കുസുമം ടീച്ചറും ഡല്‍ഹിയിലുള്ള റീത്തയും ശ്രീയേട്ടനും അങ്ങനെയങ്ങനെ എത്ര മനോഹര പുഷ്പങ്ങളാണ് തന്‍റെ മനസ്സാവുന്ന പൂങ്കാവനത്തില്‍ ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ വിരിഞ്ഞത്!... അവിശ്വസനീയം തന്നെ.


പിറ്റേ ദിവസത്തെ വിദ്യാര്‍ത്ഥി സംഗമ പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണിയായിരുന്നു. ഓട്ടോറിക്ഷ പിടിച്ചു ബസ്റ്റാന്‍ഡിലെത്തി നാരകക്കുന്ന്  വഴി പോകുന്ന ബസ്സ്‌ തിരഞ്ഞു പിടിച്ചു. റബ്ബര്‍ മരങ്ങളുടെ ഇടയിലൂടെയുള്ള വീതികുറഞ്ഞ റോഡിലൂടെ വണ്ടി പ്രയാണമാരംഭിച്ചു. സാമുവലിന്റെ വീട്ടില്‍ എത്തുമ്പോള്‍ വൈകീട്ട് അഞ്ചുമണി കഴിഞ്ഞു. നാരകക്കുന്ന്‍ ശരിക്കുമൊരു കുഗ്രാമം തന്നെ.  

ഭാഗികമായി ഓടും ഓലയും കൊണ്ട് നിര്‍മ്മിതമായ മേല്‍ക്കൂരയുള്ള ഒരു കൊച്ചു വീട്. മുള്ളുവേലി കെട്ടി സംരക്ഷിച്ച പുരയിടത്തിനു മുളകള്‍ കൊണ്ട് പ്രാകൃത രീതിയില്‍ നിര്‍മ്മിച്ച ഒരു പടി.

ഓടിവന്നു പടി തുറന്നത് സാമുവലിന്റെ ഏകസഹോദരിയായ ഗ്രേസിയായിരുന്നു. ഉയരം കുറഞ്ഞ് കുട്ടിത്തം തുളുമ്പുന്ന മിഴികളുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടി. വിവാഹം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപാടെ അവള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്ന സ്വര്‍ണ്ണവുമായി കെട്ടിയവന്‍ മുങ്ങി.. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം കോയമ്പത്തൂരിനടുത്തുള്ള ഒരു കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരമൊക്കെ ഒരിക്കല്‍ സാമുവല്‍ ഗദ്ഗദത്തോടെ പങ്കുവച്ചിരുന്നു.

"ജിമ്മിച്ചന്‍?!...." വിടര്‍ന്ന കണ്ണുകളില്‍ ചോദ്യഭാവം സ്ഫുരിപ്പിച്ച് കൊണ്ട് അവള്‍ ചോദിച്ചു.

"അതേ ഗ്രേസീ.. ജിമ്മിച്ചന്‍ തന്നെ.." മറുപടി കേട്ട് ഗ്രേസി അത്ഭുതം കൂറി.

"എന്നെയെങ്ങനെ തിരിച്ചറിഞ്ഞു?!.. ഇച്ചായന്‍ പറഞ്ഞിരിക്കുമല്ലേ?.."

"ങ്ങും.. എല്ലാവരെക്കുറിച്ചും എനിക്കറിയാം..ഹ ഹ ഹ.. എവിടെ മേരിക്കുട്ടിയമ്മ?"

"ഓഹോ.. അതുമറിയാമല്ലേ.. ഈയാഴ്ച്ചയില്‍ തന്നെ ജിമ്മിച്ചന്‍ വരുമെന്ന് ഇച്ചായന്‍ വിളിച്ചു പറഞ്ഞിരുന്നൂട്ടോ. വരൂ അകത്തോട്ടിരിക്കൂ"

സ്വീകരണമുറിയിലെ സോഫയിലിരിക്കുമ്പോള്‍ അകത്തുനിന്നും അമ്മ വന്നു. അവരെ ഗ്രസിച്ചു നിന്ന കടുത്ത ആസ്ത്മയുടെ പീഡകളില്‍ നിന്നുള്ള ശാരീരികാസ്വസ്ഥത അവരില്‍ പ്രതിഫലിച്ചു കാണുന്നുണ്ടായിരുന്നു.

"ഫോണ്‍ വിളിക്കുമ്പോഴൊക്കെ ജിമ്മിക്കുഞ്ഞിനെക്കുറിച്ച് സാംകുഞ്ഞ് പറയുംട്ടോ.. നന്നായിട്ട് കഥയും പാട്ടുമൊക്കെ എഴുതുന്ന ആളാണല്ലേ?!.. " ചുമ അടക്കാന്‍ പാടുപെട്ടു കൊണ്ട് അവര്‍ പറഞ്ഞു.            

സംഭാഷണം പുരോഗമിക്കുന്നതിനിടയില്‍ ഗ്രേസി ചായയുമായി വന്നു. അത് കുടിക്കുമ്പോള്‍ ചായയുണ്ടാക്കാന്‍ മിടുക്കിയാണെന്ന് ഗ്രേസിയെന്നു അതിന്‍റെ സ്വാദ് അവനോടു മന്ത്രിക്കുന്നുണ്ടായിരുന്നു.  ചുറുചുറുക്കോടെയുള്ള അവളുടെ സംസാരം ഒരു കിലുക്കാംപെട്ടിയെ അനുസ്മരിപ്പിച്ചു.

പത്തു മിനിറ്റോളം കുശലപ്രശ്നങ്ങള്‍ ചെയ്യുമ്പോഴേക്കും വാതില്‍ തള്ളിത്തുറന്നു വന്നയാളെക്കണ്ടപ്പോള്‍ ഊഹിച്ചു അത് സാമുവലിന്‍റെ പിതാവായ കുര്യച്ചന്‍ തന്നെയെന്ന്. അയാള്‍ അകത്തേക്ക് കാലുവച്ചതോടെ വാറ്റു ചാരായത്തിന്‍റെ വാട ആ മുറിയില്‍ പരന്നു.

"ആരാ .. നമ്മളെ മനസ്സിലായില്ലല്ലോ?..." അദ്ദേഹം ആടിയാടി അരികിലേക്ക്  വന്നു മുഖം താഴ്ത്തി അതു ചോദിച്ചപ്പോള്‍ ബീഡിയുടെയും ചാരായത്തിന്‍റെയും സമ്മിശ്രഗന്ധം ജിമ്മിയുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി.

"ഞാന്‍ സാമുവലിന്‍റെ ഒരു കൂട്ടുകാരനാണ്.. " മുഖത്തു പുഞ്ചിരി വരുത്താന്‍ കഷ്ടപ്പെട്ടു കൊണ്ട് അവന്‍ ഉത്തരം പറഞ്ഞു.

"ഓഹോ.. അത് ശെരി.... അതേയ്.. പിന്നെ.. പെണ്ണു കാണുന്നതൊക്കെ കൊള്ളാം.. പത്തിന്‍റെ പൈസയോ പൊന്നിന്‍റെയൊരു പണത്തൂക്കമോ.. ഇനിയീ കുര്യച്ചന്‍റെ കയ്യീന്ന് കിട്ടൂന്ന് വിചാരിക്കണ്ടാ.. മനുഷ്യേന്‍ റബ്ബറു വെട്ടാന്‍ പോയി കഷ്ടപ്പെട്ടുണ്ടാക്കണ കാശൊക്കെ അടിച്ചോണ്ട് പോവാന്‍ ഓരോരുത്തരും..ഹും..ചെറ്റകള്‍.." ചോരക്കണ്ണുകള്‍ തുറിപ്പിച്ചു കാട്ടി അയാള്‍ നിന്നാടി.

"ശ്ശോ.. ഈ മനുഷിയനെക്കൊണ്ട് തോറ്റല്ലോ... എന്തറിഞ്ഞിട്ടായിതൊക്കെ പറയണേ..  ഒന്നു മിണ്ടാതങ്ങട് പോണുണ്ടോ?.." നെഞ്ചത്തു കൈ വച്ചു ശക്തിയായി ചുമച്ചു കൊണ്ട് മേരിക്കുട്ടി അയാളോട് നീരസത്തോടെ പ്രതികരിച്ചു.

'ങേ.. പെണ്ണു കാണാനോ?.. എന്തൊക്കെയാണ് ദൈവമേ താന്‍ ഈ കേള്‍ക്കുന്നത്?..' ഇതെല്ലാം കേട്ടും കണ്ടും ജിമ്മിച്ചന്‍ വല്ലാതെയായി...

"കുട്ടി വെഷമിക്കണ്ടാട്ടോ... ചാച്ചനു വെവരല്ലാണ്ട്... ഓരോന്നു......" ആസ്ത്മ കൂച്ചു വിലങ്ങിട്ട നാക്കില്‍ നിന്നും ആ വാക്കുകള്‍ പൂര്‍ണ്ണമായി പുറത്തു വരുമ്പോഴേക്കും അവര്‍ തളര്‍ന്ന് തറയില്‍ ജിമ്മിക്ക് അഭിമുഖമായി ഇരുന്നു വിമ്മിഷ്ടപ്പെട്ട് ചുമക്കാന്‍ തുടങ്ങി.

ഗ്രേസി സങ്കടത്തോടെ തലതാഴ്ത്തി നിന്നു.

"കണ്ടില്ലേ.. നിക്കണത്..  ഭൂമിക്കു ഭാരായിട്ട്... ത്ഫൂ..."  ഗ്രേസിയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് കുര്യച്ചന്‍ പുച്ഛത്തോടെ പറഞ്ഞു.                

"ന്നാ..ടീ.. ആ ഭ്രാന്തിക്കുള്ള മരുന്ന്... കൊണ്ടുപോയി അവളുടെ അണ്ണാക്കിലോട്ട് താക്ക്‌.."

മടക്കിക്കുത്തിയ മുഷിഞ്ഞ വെള്ളമുണ്ടിന്നടിയില്‍ ധരിച്ച വരയന്‍ നിക്കറിന്റെ കീശയില്‍ നിന്നും ഒരു കടലാസ്സു പൊതിക്കെട്ടെടുത്തു ഗ്രേസിയുടെ നേരെ നീട്ടിക്കൊടുത്ത് നീരസത്തോടെ അയാള്‍ പുറത്തേക്കു പോയപ്പോള്‍ അല്‍പ്പനേരത്തേക്ക് അവിടെ ഗദ്ഗദങ്ങള്‍ തളംകെട്ടി നിന്നു.  

അമ്പരപ്പിലും ആശയക്കുഴപ്പത്തിലും ഉഴറിയ ജിമ്മിച്ചന്‍ നെറ്റിയില്‍ കൈകൊടുത്ത് തലകുമ്പിട്ടിരുന്നു.

"മോനോട് സാംകുഞ്ഞിതൊന്നും പറഞ്ഞിരിക്കില്ലാല്ലേ.. ഡെയ്സിക്ക് കൊറേ നാളായി മനസ്സിന് ദണ്ണമാ.. ദെവസോം വെല്ല്യ വെലേടെ മരുന്നോളല്ലേ അവള്‍ക്കു കൊടുക്കണേ... "

സംസാരശേഷി വീണ്ടെടുത്ത മേരിക്കുട്ടിയമ്മ മൗനം ഭേദിച്ചു.

"ആര്‍ക്ക് മനസ്സുഖമില്ലാന്ന്?.. സാമുവലിന്റെ മിസ്സീസിനോ?!..." അവിശ്വസനീയതയോടെ ജിമ്മി ചോദിച്ചു.

"ഹാ മോനേ.. മൂന്നുമാസം പ്രായമായ കുട്ടി അവളുടെ കയ്യില്‍ നിന്നും താഴെവീണ് മരിച്ചയന്നു തൊടങ്ങീതാ അവള്‍ക്കീ സൂക്കേട്‌.. കൊല്ലമിപ്പോള്‍ നാലായി ഈ ദുരിതം.. ന്‍റെ മോന്‍റെ ഓരോ ഗതികേടുകളേ.."

അവനതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു.. ഇത്രയൊക്കെ വിഷമങ്ങള്‍ ഉള്ളിലൊതുക്കിയ ഔ മനുഷ്യനാണ് സാമുവല്‍ എന്നു വിശ്വസിക്കാനേ കഴിയുന്നില്ല!..

അതിലെ കടന്നുപോകുന്ന ഓരോ നിമിഷവും കനലില്‍ ഇരിക്കുന്നതു പോലുള്ള പ്രതീതിയുളവാക്കി.

"എന്നാ ശരി അമ്മേ.. ഞാനിറങ്ങട്ടേ?.. " ബാഗില്‍ നിന്നും ഒരു പൊതി അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് ജിമ്മിച്ചന്‍ എഴുന്നേറ്റു.

"അയ്യോ മോനേ.. പോവാണോ?.. നേരം ഇരുണ്ടല്ലോ ഇനി നാളെ പോകാം മോനേ.. ഇപ്പൊ പോയാല്‍ മോന്‍ ബുദ്ധിമുട്ടില്ലേ?.."

"ഏയ്.. ഇല്ലമ്മേ.. പോയിട്ടെനിക്ക് അത്യാവശ്യമുണ്ട്.. ഞാനിറങ്ങട്ടേട്ടോ.."

മുറ്റത്തിന്‍റെ പടി വരെ അനുഗമിച്ച ഗ്രേസിയുടെ മുഖത്തേക്ക് അവന്‍ ഒരു നിമിഷം തിരിഞ്ഞു നോക്കി. നിറഞ്ഞു തുളുമ്പുന്ന അവളുടെ നയനങ്ങളില്‍ പതിച്ച് കനലുകള്‍ പോലെ പ്രതിഫലിച്ച അസ്തമയസൂര്യകിരണങ്ങള്‍ ജിമ്മിച്ചന്റെ തരളഹൃദയത്തിലേക്ക് ഒരു നീറ്റലായ് തുളച്ചു കയറി.

ആര്‍ദ്രമായ ഒന്ന് പുഞ്ചിരിച്ച് അവളോട്‌ യാത്ര പറഞ്ഞ് ആ ഒറ്റയടിപ്പാതയിലൂടെ ചിന്താമഗ്നനായി നടക്കുമ്പോള്‍ ജിമ്മിച്ചനു ഒന്നുകൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല. ദുര്‍വിധിയുടെ ബാക്കിപത്രം പോലെ അകന്നു പോകുന്നവനിലേക്ക്‌ മിഴികളെറിഞ്ഞു കൊണ്ട് ഗ്രേസി വീട്ടുപടിക്കല്‍ത്തന്നെ നില്‍പ്പുണ്ടായിരുന്നു. .

- ജോയ് ഗുരുവായൂര്‍   

No comments:

Post a Comment