Wednesday, August 20, 2014

കൗമാരക്ഷതങ്ങള്‍


വീട്ടുകാരൊക്കെ ഒന്നടങ്കം പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയിരിക്കുന്നു. പ്രീഡിഗ്രീ അവസാനവര്‍ഷ പരീക്ഷയടുത്തെന്ന കാരണവും പറഞ്ഞ് തന്നെ വീട്ടിലൊറ്റയ്ക്കാക്കി അവര്‍ പോയി.

പഠനമുറിയിലെ ചാരുകസേരയിലിരുന്നു രസതന്ത്രം പുസ്തകത്താളുകള്‍ക്കിടയില്‍ കൂട്ടുകാര്‍ തന്ന മാദകറാണിമാരുടെ അശ്ലീല ചിത്രങ്ങള്‍ വച്ച്  അതില്‍ നോക്കി വികാരപുളകിതനായിരിക്കുമ്പോള്‍ മാര്‍ജ്ജാരപാദങ്ങളോടെ പിറകില്‍ നിന്നും നന്ദന കടന്നു വന്നത് അറിഞ്ഞില്ല.

"ഛെ.. അയ്യേ..  ജന്തു.. എന്തായീ ചെയ്യണേ?.. അസത്ത്... "

ഞെട്ടിത്തരിച്ച്‌ കണ്ണുപൊത്തിക്കൊണ്ട് നിന്ന് അവള്‍ അലറിയത് ഗൗനിക്കാതെ വികാരത്തിന്‍റെ കൊടുമുടിയില്‍ ഇരുന്നിരുന്ന താന്‍ വിറയ്ക്കുന്ന കൈകളോടെ അവളുടെ സ്വര്‍ണ്ണരോമരാജികളുള്ള നനുനുത്ത കൈയില്‍  പിടിച്ചു. എന്നാല്‍ കുതറി മാറിക്കൊണ്ട് വാതില്‍ വലിച്ചടച്ചു അവള്‍ ചവിട്ടിത്തുള്ളി പോയത് ലജ്ജയുടെയും കുറ്റബോധത്തിനെയും തിരതള്ളലില്‍ അസ്തപ്രജ്ഞനായി നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ.

പത്താം ക്ലാസ് പരീക്ഷയ്ക്കു മുന്നോടിയായുള്ള രണ്ടര മാസക്കാലത്തെ സ്റ്റഡി ലീവില്‍ എന്തോ സംശയനിവാരണത്തിനായി തന്‍റെയടുത്തു വന്നതായിരുന്നു അന്നവള്‍.

തന്‍റെ മുറപ്പെണ്ണും ചെറുപ്പം മുതലേയുള്ള കളിക്കൂട്ടുകാരിയുമായിരുന്നു നന്ദന. പക്ഷെ ആ സംഭവത്തോടെ അവളെന്നെ ഒരു നികൃഷ്ടജീവിയെപ്പോലെ വെറുക്കാന്‍ തുടങ്ങി.

മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടിലും വിജനമായ കശുമാവിന്‍ തോപ്പിലുമൊക്കെ നടത്താറുള്ള തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും കളിചിരികളുമൊക്കെ നിന്നു. ആളുകളുടെ മുമ്പില്‍ വച്ചു അവരെ ബോധിപ്പിക്കാനായി മാത്രം അത്യാവശ്യകാര്യങ്ങള്‍ ഗൌരവഭാവത്തില്‍ സംസാരിക്കും എന്നല്ലാതെ സാധാരണ രീതിയിലുള്ള സംസാരവും അവള്‍ നിര്‍ത്തി.

തന്നെക്കാണുമ്പോഴൊക്കെ അവളുടെ കൂട്ടുകാരികള്‍ അടക്കം പറഞ്ഞു പരിഹാസം കലര്‍ന്ന ചിരിയും നോട്ടവും ഉതിര്‍ക്കുന്നത് കണ്ടപ്പോള്‍ ആ സംഭവം അവള്‍ അവരോടും പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി.

ജീവിതത്തിലാദ്യമായി അന്ന് തനിക്കു നന്ദുവിനോട് വെറുപ്പു തോന്നി.

എന്തോ വലിയൊരു കുറ്റകൃത്യം ചെയ്തതു പോലെയുള്ള ഈ അവഗണനയും പരിഹാസവും അനുദിനം തന്‍റെ മനസ്സമാധാനവും ഉറക്കവും കെടുത്തി. പരമാവധി അവളുടെ ദൃഷ്ടിയില്‍ പെടാതിരിക്കാനും അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രമിച്ചു. എന്നിട്ടും സര്‍പ്പദംശനമേറ്റു കശുമാവിന്‍ തോപ്പില്‍  വേദനയോടെ കിടന്നു പുളഞ്ഞിരുന്ന അവളെ കോരിയെടുത്തു കൊണ്ട് അമ്മാവന്‍റെയരികില്‍ എത്തിക്കാന്‍ താനേ ഉണ്ടായിരുന്നുള്ളൂ. ഒരു നിമിത്തം പോലെ ആ സമയത്തു തന്നെ താന്‍ അതു വഴി പോയില്ലായിരുന്നുവെങ്കില്‍ അവള്‍ ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാവുമായിരുന്നില്ല.

തന്നോടുള്ള വെറുപ്പ്‌ അതോടെ തീര്‍ന്നിരിക്കുമെന്നു മനസ്സു പറഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് കഞ്ഞിയുമായി പോയ തനിക്കെതിരെ മുഖം തിരിച്ചതും അറപ്പോടെ ആ കഞ്ഞി തിരസ്ക്കരിച്ചതിലും നിന്നു അവള്‍ തന്നെ ഇപ്പോഴും വെറുപ്പോടുകൂടി തന്നെയാണ് നോക്കിക്കാണുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ വല്ലാത്ത ദുഃഖം തോന്നി.

അകന്ന ഒരു ബന്ധുകൂടിയായ മോഹനന്‍ മാസ്റ്റര്‍ ഒരു ദിവസം വിഷണ്ണനായിരുന്ന തന്നോട് കാര്യം തിരക്കിയപ്പോള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് സംഗതി അവതരിപ്പിച്ചു. ചെറുപ്പം മുതലേ തന്നോട് വളരെയധികം സ്നേഹവാത്സല്യങ്ങളോടെയായിരുന്നു മാഷ്‌ ഇടപഴകിയിരുന്നത്.

"എന്താ കുട്ടീ.. അതിലൊക്കെ.. ന്താത്ര വിഷമിക്കാനുള്ളേ.. അവളോട്‌ ഒരു ക്ഷമാപണം അങ്ങട് നടത്ത്വാ.. അതൊക്കെ കൌമാരപ്പ്രായത്തില്‍ കുട്ട്യോള്‍ക്ക്  ഉണ്ടാവണ ഓരോ ചാപല്യങ്ങള്‍ അല്ലേ?.. രവീടെ പ്രായത്തിലുള്ള മിക്ക കുട്ട്യോളും ഈ വകയൊക്കെ ചെയ്യണുണ്ടാവും.. ന്ന് വച്ച്.. തൊരു നല്ല കാര്യാണ്ന്നല്ല ഞാന്‍ പറയണേ. ലിംഗഭേദമെന്ന്യേ ശരീരവളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രത്യേകിച്ച് കൗമാരദശയില്‍ മനസ്സ് ഇതുപോലുള്ള ഓരോരോ പ്രവൃത്തികള്‍ ചെയ്യാനായി  ശരീരത്തെ ചില സാഹചര്യങ്ങളില്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അതൊക്കെ സ്വാഭാവികമാണ്.. അതോണ്ട് ന്‍റെ കുട്ടി അത്ര വല്ല്യൊരു തെറ്റൊന്നും ചെയ്തിട്ടില്ല്യാ... ഇനി അതുമിതും ആലോചിച്ചു പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠിപ്പ് ഇല്ല്യാണ്ടാക്കണ്ടാ. വിഷമങ്ങളൊക്കെ മനസ്സീന്നു കളഞ്ഞ് ഉഷാറായി പഠിപ്പ് തുടരൂ.. നോക്കൂ പരീക്ഷയ്ക്കിനി പത്തുപതിനാലു ദിവസ്സല്ലേ ഉള്ളൂ.. എന്ന ഓര്‍മ്മ വേണം ട്ടോ"

മോഹനന്‍ മാസ്റ്ററുടെ സ്നേഹമസൃണവും അവസരോചിതവുമായ ഇടപെടലില്‍ നിന്നു കിട്ടിയ ഊര്‍ജ്ജത്തില്‍ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങി പരീക്ഷ പാസ്സാവാന്‍ കഴിഞ്ഞു.

തന്‍റെ നിയമ ബിരുദ പഠനം കഴിഞ്ഞ വഴി ബാംഗ്ലൂരിലെ നല്ലൊരു കമ്പനിയില്‍ അസിസ്റ്റന്റ്റ് ലീഗല്‍ അഡ്വൈസര്‍ ജോലി കിട്ടി താന്‍ ആ പട്ടണത്തില്‍ താമസിച്ചു വരുന്ന സമയത്താണ് നന്ദുവിന് വിവാഹാലോചനകള്‍ വരുന്നുണ്ടെന്നു അമ്മ പറഞ്ഞു അറിഞ്ഞത്. ഉടനെത്തന്നെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം അമ്മയോട് അറിയിച്ചു. അച്ഛനും അമ്മയ്ക്കും നന്ദുവിനെ മരുമകളായി സ്വീകരിക്കാന്‍ സന്തോഷവുമായിരുന്നു. തന്നോടുള്ള അവളുടെ നീരസമൊക്കെ കുറച്ചു കൂടി വിവരം വച്ചതോടെ  ഇതിനകം മാറിപ്പോയിരിക്കും എന്നു കരുതി.

എന്നാല്‍.. തന്നെ ഒരു ചേട്ടന്‍ എന്ന സ്ഥാനത്തല്ലാതെ ഭര്‍ത്താവിന്‍റെ സ്ഥാനത്തു കാണാന്‍ അവള്‍ക്കാവില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞു അവള്‍ ആ വിവാഹബന്ധത്തിനു വിസമ്മതിച്ചു.

"അഡ്വക്കേറ്റ് രവിന്ദ്രന്‍..." ഒരു പോലീസുകാരന്‍ വന്നു വിളിച്ചപ്പോള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു തലപൊക്കി നോക്കി.

"സാറ് വിളിക്കുന്നു.." അകത്തേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.

"വരൂ നന്ദൂ..." ഒരു കസേരയില്‍ തലകുമ്പിട്ടിരുന്ന നന്ദനയെ രവി വിളിച്ചു തന്‍റെ  സുഹൃത്ത് കൂടിയായ എസ് ഐ ശിവദാസിന്‍റെ ഓഫീസിലേക്ക് നയിച്ചു.

"രവ്യേട്ടാ.. ഇനിക്ക് പേടിയാവുന്നു.. ഞാനൊന്നും മിണ്ടൂലാട്ടോ.. ഒക്കെ രവ്യേട്ടന്‍ തന്നെ വിസ്തരിച്ചാല്‍ മതി.. " അത് പറയുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടെ ചാടി.

"നന്ദൂ വിഷമിക്കണ്ട.. ഞാനില്ലേ.. അവനെന്‍റെ കൂട്ടുകാരനാ.. ഒക്കെ ഞാന്‍ നോക്കിക്കോളാം.. നന്ദു കടലാസ്സുകളില്‍ ഒപ്പിട്ടു കൊടുത്താല്‍ മാത്രം മതി."

തലയാട്ടിക്കൊണ്ട് തൂവാല കൊണ്ട് കണ്ണ് തുടച്ച് അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവള്‍ അയാളെ അനുഗമിച്ചു.    
                 
"അപ്പോള്‍ സംഗതി ആകെ കുളമായി എന്നര്‍ത്ഥം.. അല്ലേ?.. ഗണേശന്‍ എന്ന ഈ വിദ്ധ്വാന്‍ ഇപ്പോള്‍ എവിടെക്കാണും?... " താടിക്ക് കൈ കൊടുത്തിരുന്നു കൊണ്ട് ഇന്‍സ്പെക്ട്ടര്‍ ശിവദാസ് ചോദിച്ചു.

"സര്‍.. ഈ സംഭവം നന്ദു കണ്ടു പിടിച്ചു എന്നറിഞ്ഞതോടെ അയാള്‍ മുങ്ങിയതാണ്.. എവിടെയെന്നു ഒരു രൂപരേഖയും ഇല്ല."  രവി പറയുമ്പോള്‍ നിസ്സഹായത തളംകെട്ടിയ മുഖവുമായി നന്ദന ഇരുന്നു.

"ഓക്കേ.. ഞങ്ങള്‍ പൊക്കിക്കൊള്ളാം അവനെ. തല്‍ക്കാലം ഈ മാനനഷ്ടക്കേസിന്റെ പെറ്റീഷനിലും സ്ത്രീ പീഡനത്തിന്‍റെ പെറ്റീഷനിലും ഒപ്പിട്ടു തരൂ.. ഞങ്ങള്‍ വിളിക്കുമ്പോഴൊക്കെ ഇവിടെ ഹാജരാവണം.. വിഷമിക്കേണ്ട.. ഇങ്ങനെയുള്ള അസുരജന്മങ്ങളെ ഒത്തിരി കണ്ടവരാ ഞങ്ങള്‍.. ശരി.. രവീ   എനിക്ക് കുറച്ചു തിരക്കുണ്ട്‌.. നമുക്ക് പിന്നെ കാണാം.. ഞാന്‍ വിളിക്കാം.."

"ഓക്കേ ശിവാ.. താങ്ക്സ് എ ലോട്ട് "..

തിരിച്ചുള്ള യാത്രയില്‍ കാറിന്‍റെ പിന്‍സീറ്റില്‍ അലക്ഷ്യമായി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന നന്ദനയെ രവി കണ്ണാടിയിലൂടെ നോക്കി..

"പാവം.. മുഖം വല്ലാതെ മ്ലാനമായിരിക്കുന്നു... സ്വന്തം കിടപ്പറ രംഗങ്ങള്‍ നീലച്ചിത്രക്കമ്പനിയ്ക്ക് വിറ്റു കാശുണ്ടാക്കിക്കൊണ്ടിരുന്ന ഇവളുടെ ഭര്‍ത്താവിനേക്കാള്‍ നീചനാവാന്‍ ഏതു ഭര്‍ത്താവിനു കഴിയും? ഭാഗ്യത്തിന് ഇതിനിടയില്‍ അവള്‍ക്കു കുട്ടികളൊന്നും ഉണ്ടായില്ല..."

"രവ്യേട്ടാ.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. അല്‍പ്പനേരത്തേക്ക് വണ്ടി നിര്‍ത്തി അവിടെ ആ മരത്തണലില്‍ കുറച്ചുനേരം എന്‍റെ കൂടെയിരിക്കാമോ?"

ബീച്ച് റോഡിലൂടെ കടന്നു പോകുമ്പോള്‍ പെട്ടെന്ന് അവള്‍ പറഞ്ഞു.

"രവ്യേട്ടാ.. എന്നോട് പൊറുക്കണം.. മാപ്പര്‍ഹിക്കാത്ത അവഗണനയാണ് ഞാന്‍ രവ്യേട്ടനോട് കാണിച്ചത് എന്നെനിക്കിപ്പോള്‍ മനസ്സിലാവുന്നു. അന്ന് പെട്ടെന്ന് അങ്ങനെയൊക്കെ കണ്ടപ്പോള്‍ എത്ര നീചനാണ് രവ്യേട്ടന്‍ എന്ന ഒരു ചിന്ത മനസ്സിലുറച്ചു പോയി. കൂട്ടുകാരികളും അതിനെ പിന്താങ്ങിയപ്പോള്‍...... "

"നന്ദൂ... ഒന്നും പറയണ്ടാ.. എനിക്ക് എല്ലാം മനസ്സിലാവും.. പണ്ടത്തെ കാലമല്ലേ.. അന്ന് ഇത്തരം ആശയക്കുഴപ്പങ്ങളൊക്കെ മുതിര്‍ന്നവരുമായി ചര്‍ച്ച ചെയ്യാന്‍ നമ്മളും നമ്മളെ പറഞ്ഞു മനസ്സിലാക്കിത്തരാനും ഗുണദോഷിക്കാനുമൊക്കെ  അവരും മടിച്ചിരുന്നു.. ഇന്നത്തെപ്പോലെ മാധ്യമങ്ങളിലൂടെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാനുള്ള സൌകര്യങ്ങളൊന്നും അന്ന് നമുക്കുണ്ടായിരുന്നുമില്ലല്ലോ.. അന്നത്തെ പക്വതകുറവു കൊണ്ട് എന്നെ വെറുത്തിരുന്നതിനേയും    തള്ളിപ്പറഞ്ഞതിനേയും ഞാനൊരിക്കലും നിന്നെ കുറ്റപ്പെടുത്തുകയില്ല.. അമ്മാവന്റെയും അമ്മായിയുടേയും ഏക മകളായി കര്‍ക്കശമായ നിയന്ത്രണങ്ങളില്‍ വളര്‍ന്നു വന്ന നിന്‍റെ സംശുദ്ധമായ മനസ്സിന് അന്നതൊന്നും ഉള്‍ക്കൊള്ളാനാവില്ല എന്നെനിക്കു മനസ്സിലായിരുന്നു."

"രവ്യേട്ടാ.. എന്നോട് ക്ഷമിക്കണേ.. ചെറുപ്പം മുതലേ ഞാന്‍ സ്നേഹിച്ചിരുന്ന എന്നെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന രവ്യേട്ടനെ ഒരു നിസ്സാര കാര്യത്തിന് മോശക്കാരനാക്കിയത്തിനു ദൈവം എനിക്കു തന്ന ശിക്ഷയാണിത്.. ഒരിക്കല്‍ മരണത്തിന്‍റെ വായില്‍ നിന്നും എന്നെ രക്ഷിച്ചു എന്നെ ജീവിപ്പിച്ച നന്ദിയെങ്കിലും ഞാന്‍ രവ്യേട്ടനോട് കാണിക്കേണ്ടതായിരുന്നു. എന്‍റെ അഹങ്കാരം കൊണ്ട് ഞാനിപ്പോള്‍ എന്‍റെ ജീവിതം തന്നെ കുരുതി കൊടുക്കേണ്ടി വന്നില്ല്യേ ഇപ്പോള്‍?.." അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രളയമുണ്ടായി.

"നന്ദൂട്ട്യേ.. വിഷമിക്കണ്ടാ.. എന്‍റെ മനസ്സില്‍ നിന്‍റെ ആ പഴയ ചിത്രം തന്നെയാണ് ഇപ്പോഴും കുടികൊള്ളുന്നത്.. കണ്ടില്ല്യേ.. എന്‍റെ മോതിരവിരല്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നത്?!.. വിരോധമില്ലെങ്കില്‍... ഇതിലൊരു മോതിരം കയറ്റാന്‍ നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ നിന്നെ അനുവദിക്കാം.. "

മന്ദഹസിച്ചു കൊണ്ട് തന്‍റെ മോതിരവിരല്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അവന്‍ മൊഴിഞ്ഞു.

"ന്‍റെ പൊന്നു രവ്യേട്ടാ.." എന്നു വിതുമ്പിക്കൊണ്ട് അവള്‍ അവന്‍റെ മാറിലേക്ക്‌ ചാഞ്ഞു.

അസ്തമയ സൂര്യന്‍ തന്‍റെ വര്‍ണ്ണച്ചെപ്പു തുറന്ന് കടലിന്‍റെ വിരിമാറില്‍ പ്രണയവര്‍ണ്ണങ്ങള്‍ വാരിവിതറിക്കൊണ്ട് തുടുത്ത മുഖവുമായി അഗാധതയിലേക്ക്‌ ആഴ്ന്നു പോയി.                    

- ജോയ് ഗുരുവായൂര്‍   

No comments:

Post a Comment