Thursday, April 27, 2017

നിരാശ

സൗഹൃദ, രക്ത, ബന്ധങ്ങളിലും
പ്രണയത്തിലും ഒളിച്ചിരിക്കുന്ന,
നിരാസങ്ങളില്‍നീറി ജനിക്കുന്നു
കടുത്ത നൈരാശ്യം.

കാണിക്കുമാത്മാര്‍ത്ഥതയുടെ
പകുതിപോലും തിരികേ,
ലഭിക്കാതാകുമ്പോളുണ്ടാകുന്ന
മനസ്സിന്‍റെ പിടച്ചില്‍..

ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും
അറിഞ്ഞോ അറിയാതെയോ,
സ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആശകളുടെ
ആകസ്മിക ദുര്‍മരണം.

സ്നേഹക്കരുതലുകള്‍ അളവുകളില്ലാതെ
അളന്നുകൊടുത്തുശീലിച്ച,
നന്മവഴിയുന്ന ഹൃദയങ്ങളുടെ
നിലയ്ക്കാത്ത തേങ്ങല്‍.

ചോരയും വിയര്‍പ്പും നിരന്തരമൊഴുക്കി
പണികഴിപ്പിച്ച കോവിലില്‍,
പ്രവേശനാനുമതി നിഷേധിക്കപ്പെടുന്ന
ധാര്‍ഷ്ട്യത്തിന്‍റെ  ഭ്രഷ്‌ട്ട്.

ചിരിച്ചുകൊണ്ടിരുന്ന മുഖങ്ങളിലെല്ലാം
നിരാസത്തിന്റെ ലാഞ്ചന,
അനുഭവവേദ്യമാക്കുന്ന മനസ്സിന്‍റെ
മായാവിലാസം.

പ്രത്യാശാപൂരിതമായി സ്ഫുരിച്ചുനിന്ന
നല്ല നാളേകളുടെ ഭാവിയെ,
കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്ന
കടുത്ത ഭൂതോദയം.

ആശക്കല്ലുകളില്‍ പടുത്തുയര്‍ത്തിയ
മനോഹരമായ ജീവിതസദനം,
കല്ലുശേഷിപ്പിക്കാതെ തകര്‍ക്കാനുള്ള
തീവ്ര പ്രചോദനം.

വിദ്യാഭ്യാസവും പ്രശസ്തിയും
വിജനമായ ശ്മശാനങ്ങളില്‍,
അന്തിയുറങ്ങുവാനാഗ്രഹിക്കുന്ന
സ്ഥിതിവിശേഷം.

പ്രതീക്ഷകളും ആശകളുമന്യമാക്കാന്‍
ഹൃദയത്തിനേയും മനസ്സിനേയും,
വിത്തുകള്‍ പൊട്ടിമുളയ്ക്കാത്തവിധം
വന്ധ്യംകരിക്കുക.

കൊടുക്കല്‍വാങ്ങലുകള്‍ക്കെപ്പോഴും

നിയതമായൊരു താളമുണ്ട്.
അതിലവതാളങ്ങളില്ലാതിരിക്കാന്‍
ബദ്ധശ്രദ്ധരാവുക.

അവാതാരലക്‌ഷ്യം പൂര്‍ത്തീകരിക്കാതെ
ഒരവതാരവും മടങ്ങിയിട്ടില്ലാ.
ഉദ്ദേശലക്‌ഷ്യപൂര്‍ത്തിയുമൊരുദിനം
നമ്മേ തേടിവരും.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment