Tuesday, April 7, 2015

സംഗമ സാക്ഷാല്‍ക്കാരം

പ്രിയരേ, നവംബര്‍ രണ്ടിന് കഴിഞ്ഞ കൊടുങ്ങല്ലൂര്‍ മീറ്റിന്‍റെ ഒരു അവലോകനം എഴുതണം എന്നു കരുതിയിട്ട് ഒരുപാട് ദിവസമായി പക്ഷെ തിരക്കുകള്‍ മൂലം അതിനു കഴിയാതെയിരിക്കുകയായിരുന്നു. സ്വപ്നതുല്യമായ കൊടുങ്ങല്ലൂര്‍ മീറ്റ്‌ ഒരുമാസക്കാലത്തിലുപരിയായ കാത്തിരിപ്പിനു ശേഷം സാക്ഷാല്‍കൃതമായതാണല്ലോ. കലാസാഹിത്യ സൌഹൃദരംഗത്തെ അതുല്യ പ്രതിഭകളുടെ സംഗമം.. അതും ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണില്‍!..
അനുഗ്രഹീത കലാകാരനും മനസ്സിന്‍റെ അഭ്യുദയകാംക്ഷികളില്‍ പ്രധാനിയുമായ ശ്രീ ഡാവിഞ്ചി സുരേഷിന്‍റെ ഭവനത്തില്‍ സകല ചാരുതകളും സംഘടനാപാടവവും വിരാജിച്ചു നിന്ന ഈ സ്നേഹസംഗമം ഓരോരുത്തരുടെയും മനസ്സിന്‍റെ മണിയറയില്‍ ദീര്‍ഘകാലം തങ്ങി നില്‍ക്കുമെന്നതില്‍ ലവലേശവും സംശയമില്ല.
ഇതിനു മുമ്പ് കൊച്ചിക്കായലില്‍ വച്ചു നടന്ന സംഭവബഹുലമായിരുന്ന മനസ്സ് മീറ്റില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജം കൊടുങ്ങല്ലൂര്‍ മീറ്റിലും ഓരോരുത്തരിലും ഒളിമങ്ങാതെ നിന്നു. കഴിഞ്ഞ മീറ്റില്‍ നിന്നും വിഭിന്നമായി ഇത്തവണ പ്രശസ്ത കലാസാഹിത്യപ്രതിഭകളായ ഭരത് സലിംകുമാര്‍, സിപ്പി പള്ളിപ്പുറം, ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, ഭരതന്‍ മാസ്റ്റര്‍, ചന്ദ്രിക സോപ്പ്സ് ചെയര്‍മാന്‍ ഡോക്റ്റര്‍ സി.കെ. രവി, കലാകാരനായ അബ്ദുള്‍മജീദ്‌ എന്നിവര്‍ക്കു പുറമേ അതേവരെ പരസ്പ്പരം നേരില്‍ക്കാണാത്ത മനസ്സിലെ പുതുമുഖ പ്രതിഭകളായ ബ്ലോഗ്ഗര്‍മാരുടെ സജീവ സാന്നിദ്ധ്യവും മീറ്റിനെ ഉയരങ്ങളിലേക്കെത്തിച്ചു.
ഏഴു വര്‍ത്തമാനപത്രങ്ങളായിരുന്നു മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സചിത്രമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നത് തന്നെ മീറ്റിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം ഒരുമാസം മുമ്പേ മനസ്സില്‍ പോസ്റ്റ്‌ ചെയ്ത ദിവസം തന്നെ അംഗങ്ങളില്‍ നിന്നും മീറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ പ്രവാഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ വരാമെന്നു ഉറപ്പു പറഞ്ഞിരുന്ന ചിലര്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം അവസാന നിമിഷം മീറ്റിനു പങ്കെടുക്കാനായില്ല എന്നത് ഖേദകരമായിപ്പോയി. തീര്‍ച്ചയായും അതവരില്‍ വളരെക്കാലം നഷ്ടബോധം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. നേരില്‍ക്കണ്ട് വീണ്ടും പരിചയം പുതുക്കാനിരുന്ന അംഗങ്ങളിലും അത് നിരാശ പടര്‍ത്താതിരുന്നില്ല എങ്കിലും സംഗമത്തിന്‍റെ പൊലിമ കുറയ്ക്കാന്‍ ആ ഇച്ഛാഭംഗങ്ങള്‍ക്കായില്ലാ എന്നതാണ് ആശ്വാസകരം. മീറ്റില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവരോട് ഒന്നേ പറയാനുള്ളൂ.. "എല്ലാത്തിനും വേണം ഒരു യോഗം"
കൊച്ചിക്കായല്‍ മീറ്റിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ലേഖകന്‍റെ വീട്ടില്‍ വച്ചു നടന്ന ഒരു ചെറിയ സുഹൃദ് സംഗമത്തില്‍ കുടുംബസമേതം ശ്രീ. ഡാവിഞ്ചി സുരേഷ്, കേരളദാസനുണ്ണി ചേട്ടന്‍, മീനു എന്നിവര്‍ക്കു പുറമേ സി. വി. കൃഷ്ണകുമാര്‍, അബ്ദുള്‍ റസാഖ് വൈശ്യംവീട്ടില്‍ എന്നിവരും പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വച്ച് ശ്രീ ഡാവിഞ്ചി സുരേഷ്, "ജോയേട്ടന്‍ ഇനി നാട്ടില്‍ വരുന്ന സമയത്ത്, അടുത്ത മനസ്സ് മീറ്റ് കൊടുങ്ങല്ലൂരിലെ തന്‍റെ വസതിയില്‍ വച്ചാവട്ടെ" എന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്‍റെ മഹത്തായ സാക്ഷാല്‍ക്കാരമായിരുന്നു സാങ്കേതികതയിലും സംഘാടനച്ചാരുതയിലും മികച്ചു നിന്ന ഈ കൊടുങ്ങല്ലൂര്‍ മീറ്റ്‌.
പ്രളയത്തില്‍ നശിച്ചു പോയെന്നു കരുതപ്പെടുന്ന ഭാരതത്തിലെ പ്രമുഖ തുറമുഖം ആയിരുന്ന മുസിരിസ് [ഇന്നത്തെ കൊടുങ്ങല്ലൂര്‍] വഴിയായിരുന്നു പണ്ട് കാലത്തു പ്രധാനമായും രാജ്യങ്ങള്‍ തമ്മിലുള്ള നമ്മുടെ വ്യാപാരങ്ങള്‍ നടന്നിരുന്നത്. വി. തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികള്‍, ഇന്ത്യയിലെത്തന്നെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതി ചെയ്യുന്ന മണ്ണ്, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ, ചേരമാന്‍ പെരുമാള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത് എന്നതും കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. സര്‍വ്വോപരി, മനസ്സിന്‍റെ അഭിമാനവും കറകളഞ്ഞ ചിത്രകാരനും ശില്പ്പിയുമായ ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ ജന്മഗേഹവും ഈ മണ്ണില്‍ തന്നെ!
ക്ഷേത്രദര്‍ശനവും ലക്ഷ്യമാക്കി ഗുരുവായൂരില്‍ തലേദിവസം തമ്പടിച്ചിരുന്ന മുംബൈയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കാനെത്തിയ മുരള്യേട്ടനേയും കുടുംബത്തേയും കൂട്ടിക്കൊണ്ടു മീറ്റിനു എത്താം എന്ന പദ്ധതിയനുസരിച്ച് രാവിലെ ആറേകാലിനു തന്നെ ഞാനും സുഹൃത്ത് ബിജുവും വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടു. നിശ്ചയിച്ച പോലെത്തന്നെ ആറരയ്ക്ക് ഞങ്ങള്‍ ഗുരുവായൂരില്‍ വച്ച് മുരള്യേട്ടനെ കണ്ടുമുട്ടി എങ്കിലും തന്‍റെ പ്രിയതമ ഗുരുവായൂരപ്പനെ തൊഴാനുള്ള വരിയില്‍ത്തന്നെയാണ് അപ്പോഴും എന്നദ്ദേഹം അറിയിച്ചു. ഏകദേശം ഏഴര മണിയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം പ്രാതല്‍ ഒരുമിച്ചു കഴിച്ചു കൊടുങ്ങല്ലൂര്‍ ബസ്സ്‌ പിടിച്ചു. ഏതായാലും കൊടുങ്ങല്ലൂരിലേക്കുള്ള വഴിമദ്ധ്യേയുള്ള തൃപ്രയാര്‍ ക്ഷേത്രവും ഒന്ന് സന്ദര്‍ശിച്ചാലോ, എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി മുരള്യേട്ടനേയും പ്രിയതമയേയും തൃപ്രയാര്‍ ഇറക്കിവിട്ടു.
ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ടി. കെ. ഉണ്ണ്യേട്ടന്‍റെ ഫോണ്‍ വന്നിരുന്നു. അദ്ദേഹം രാവിലെ എട്ടര മണിയ്ക്ക് തന്നെ കുടുംബസമേതം വേദിയിലേക്ക് എത്തിയിരിക്കുന്നു! കെ കെ യും അല്‍പ്പസമയത്തിനുള്ളില്‍ എത്തിച്ചേരും എന്നും അദ്ദേഹം അറിയിച്ചു. മീറ്റിന്‍റെ പ്രധാന സംഘാടകരായ ഉണ്ണ്യേട്ടന്റെയും കെ കെ യുടെയും ഡാവിഞ്ചിയുടെയും അര്‍പ്പണബോധത്തെ വാഴ്ത്തുന്നു.
ഏകദേശം ഒമ്പതേകാലിനു കൊടുങ്ങല്ലൂരില്‍ ബസ്സിറങ്ങിയപ്പോള്‍ മീറ്റിനെക്കുറിച്ചുള്ള ആകാംക്ഷയില്‍ മനസ്സില്‍ സന്തോഷത്തിരകള്‍ അലയടിച്ചു. അവിടെ കിടന്നിരുന്ന ഒരു ഓട്ടോയുടെ ഡ്രൈവറോട്, ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞത് പാതിയാവുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ "ഇരിക്കു സര്‍" എന്നു പറഞ്ഞതു കേട്ട് ഞങ്ങള്‍ അമ്പരന്നു പോയി. കൊടുങ്ങല്ലൂരിന്റെ അഭിമാനമാണ് ഡാവിഞ്ചി എന്ന ഭാവം അയാളുടെ മുഖത്തു വിളങ്ങിയിരുന്നു. പിന്നീട് പ്രകൃതിരമണീയമായ അസംഖ്യം
ഇടവഴികളിലൂടെയുള്ള ഇരുപത് മിനുട്ടോളം നീണ്ട യാത്രയ്ക്കിടയിലെ കവലകളില്‍ മനസ്സ് മീറ്റിലേക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ദൃശ്യമായിരുന്നു.
ഡാവിഞ്ചിയുടെ വീട്ടുമുറ്റത്ത് വളരെ മനോഹരമായി തയ്യാറാക്കിയ സംഗമവേദി കണ്ടു മനം കുളിര്‍ന്നു. സന്ദര്‍ശകര്‍ക്ക് സ്വാഗതമോതിക്കൊണ്ട് വേദിയുടെ അഭിമുഖമായുള്ള പുരയിടത്തില്‍ തളച്ച രണ്ടു കൊമ്പന്മാര്‍ വിസ്മയമായി. പടിയ്ക്കല്‍ത്തന്നെ അതാ നില്‍ക്കുന്നു പുഞ്ചിരിച്ചു കൊണ്ട് പ്രേംകുമാര്‍ കുമാരമംഗലം എന്ന എന്‍റെ സ്വന്തം പ്രേമേട്ടന്‍. ഞാന്‍ ഓടിച്ചെന്നു അദ്ദേഹത്തെ ആലിംഗനം ചെയ്തു. അപ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയോടെ സുരേഷ്ജി വന്നു ഹസ്തദാനം ചെയ്തു കൊണ്ട് മീറ്റിന്‍റെ സംഘാടനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഞങ്ങളെ കരിവീരന്മാരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലക്ഷണമൊത്ത ആ ഗജരാജന്മാര്‍ക്ക് എതിര്‍വശത്തുനിന്നും ഡാവിഞ്ചിയുടെ മറ്റൊരു കരവിസ്മയം ഒരു ഭീമന്‍പുലിയുടെ രൂപത്തില്‍ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഇലക്ട്രിസിറ്റി ഉപയോഗിച്ച് തന്മയത്ത്വമായ അംഗവിക്ഷേപങ്ങള്‍ കൊണ്ട് തങ്ങള്‍ ഒറിജിനലിനേക്കാള്‍ മോശമല്ലാ എന്നു തെളിയിച്ചു കൊണ്ടിരുന്ന ആ ചലിക്കുന്ന ശില്പങ്ങള്‍ ഞൊടിയിടയില്‍ മീറ്റിനെത്തിയ അനേകം പേരുടെ ഫോട്ടോകള്‍ക്ക് പശ്ചാത്തലമായി മാറി.
"അങ്കിള്‍ ഓര്‍മ്മയുണ്ടോ ഈ മുഖം" എന്നു മന്ദസ്മിതം തൂകിക്കൊണ്ട്‌ ചോദിച്ച ആണ്‍കുട്ടിയെ ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്തു. മീനുവിന്റെ മകന്‍ വിഷ്ണു. അപ്പോഴേക്കും മീനുവും മകളും നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും അവിടേക്ക് കടന്നു വന്നു. ആദ്യമായാണ് കാണുന്നതെങ്കിലും ഒരു അപരിചിതത്വവും തോന്നിയില്ല. കൂടെ ചന്ദ്രിക സോപ്പ് ചെയര്‍മാന്‍ ഡോക്റ്റര്‍ രവിയും, സാഹിത്യകാരനായ ഭരതന്‍ മാസ്റ്ററും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുറിയ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതാരാണെന്ന് മനസ്സിലായോ എന്നു
പ്രേമേട്ടന്‍ ചോദിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്ക് ആളെ പുടികിട്ടി...മനോഹരമായ ബ്ലോഗുകള്‍ എഴുതുന്ന മനസ്സിന്‍റെ മണിമുത്ത് - ഹരിയേട്ടന്‍ [ഹരിനായര്‍]. പിന്നീട് വെട്ടത്താന്‍ സാറും പ്രിയതമയും അവിടേക്കെത്തി. കോഴിക്കോട് നിന്നും കാറോടിച്ചു എത്തിച്ചേര്‍ന്ന ക്ഷീണത്തിന് പകരം പ്രസരിപ്പായിരുന്നു അവരുടെ മുഖത്ത് വിളങ്ങിയിരുന്നത്.
വിശിഷ്ടാതിഥികളായ സാഹിത്യപ്രതിഭകള്‍ ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും കാറില്‍ വന്നിറങ്ങി. താമസിയാതെ സിപ്പി പള്ളിപ്പുറവും. എല്ലാവരും, ചെവികളും തുമ്പിക്കയ്യുകളും ഇളക്കിക്കൊണ്ടു അതിഥികളെ സ്വാഗതം ചെയ്തിരുന്ന ഗജവീരന്മാരെക്കണ്ട് അത്ഭുതം കൂറുകയും അവയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും വെട്ടത്താന്‍ സാറും പ്രിയതമയും മാത്രമല്ലാ മീറ്റിനെത്തിയ
മിക്കവാറും പേരും "എന്‍റെ ഉപ്പൂപ്പായ്ക്കൊരു ആനേണ്ടാര്‍ന്നൂ" എന്ന മുഖഭാവത്തോടെ ആനകള്‍ക്ക് മുമ്പില്‍ ഞെളിഞ്ഞു നിന്നു ഫോട്ടോസ് എടുക്കുമ്പോള്‍ എല്ലാവരില്‍ നിന്നും ഫലിതങ്ങള്‍ ഇടതടവില്ലാതെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. തമാശാ വെടിക്കെട്ടിന്‍റെ കാര്യത്തില്‍ തങ്ങളാരും പിറകിലല്ലാ എന്നു തെളിയിക്കുമാറ് നാരായണന്‍ സാറും, വെട്ടത്താന്‍ സാറും ത്രേസ്യാ ടീച്ചറും ബോബിച്ചായനും മീനുവും പ്രേമേട്ടനും ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും ഒപ്പം നിറഞ്ഞ പുഞ്ചിരിയോടെ ഡാവിഞ്ചിയും. ശരിക്കും മനസ്സില്‍ ആഹ്ലാദം തിരതല്ലിയ നിമിഷങ്ങള്‍ തന്നെയായിരുന്നു അത്.
അതിനിടയില്‍ വെളുത്തു കൊലുന്നനേയുള്ള ഒരു ചെറുക്കന്‍ വന്നു എന്‍റെ കരം ഗ്രഹിച്ചു ചോദിച്ചു. ജോയിച്ചാ എന്നെ മനസ്സിലായോ? രാവിലെ അഞ്ചു മണിയ്ക്ക് ഉണര്‍ന്നവഴി തന്നെ എന്‍റെ മനോമുകുരത്തിലേക്ക് ഓടിവന്ന ആ മുഖം ഓര്‍ത്തെടുക്കാന്‍ എനിക്കധികം പാടുപെടേണ്ടി വന്നില്ല. അന്നേരം തന്നെ ഞാന്‍ വിളിച്ചപ്പോള്‍.."ഞങ്ങള്‍ മീറ്റിലെക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ട്രെയിനില്‍ ആണെന്നും പറഞ്ഞിരുന്നു. അത് മറ്റാരുമായിരുന്നില്ലാ.. കേരളത്തിന്‍റെ അങ്ങേയറ്റമായ കാസര്‍ഗോഡ്‌ നിന്നും അനിയനും കൂട്ടുകാരുമൊത്ത് മനസ്സിലെ മണിമുത്തുകളെ നേരിട്ടു കാണാനെത്തിയ അസീസ്‌ ഈസയായിരുന്നു അത്. അസീസ്സിന്റെ വരവിനു പിറകില്‍ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു എന്നു മീറ്റ്‌ അവസാനിക്കുന്ന വേളകളില്‍ ആണ് വെളിപ്പെട്ടത്. ഈ വരുന്ന 20 നു നടക്കുന്ന അദ്ദേഹത്തിന്‍റെ വിവാഹത്തിലേക്കു പങ്കെടുക്കാനുള്ള ക്ഷണക്കത്ത് എല്ലാവര്‍ക്കും വിതരണം ചെയ്ത സമയത്ത് മാത്രം. നേരത്തേ അതറിഞ്ഞിരുന്നെങ്കില്‍ അസീസ്സിന്റെ നാണം കൊണ്ട് തരളിതമായൊരു മുഖം നമുക്ക് കാണാമായിരുന്നു. അതു മനസ്സിലാക്കിത്തന്നെ വിരുതന്‍ വിവരം മറയ്ച്ചു വയ്ക്കുകയായിരുന്നു.
സമയം രാവിലെ പതിനൊന്നോട് അടുത്തു തുടങ്ങിയപ്പോള്‍ എല്ലാവരിലും അതേവരെയുംഎത്തിച്ചേരാതിരുന്ന ഉദ്ഘാടകനെക്കുറിച്ച് ഉത്ക്കണ്ഠയുള്ളതായി തോന്നി. പക്ഷേ, നിമിഷങ്ങള്‍ക്കകം തന്നെ ലളിതവസ്ത്രധാരനായി പുഞ്ചിരി തൂകിക്കൊണ്ട് സാക്ഷാല്‍ ഭരത് സലിംകുമാര്‍ കാറില്‍ നിന്നും ഇറങ്ങി വേദിയിലേക്ക് വരുന്ന കാഴ്ച്ചയാണ് കാണാനായത്. ഈയുള്ളവനടക്കം എല്ലാവരും ഓടിച്ചെന്നു ഹസ്തദാനം നല്‍കി അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചിരുത്തി. ഇന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും ശ്രേഷ്ഠമായ അവാര്‍ഡ്‌ നേടിയ വ്യക്തിയെന്ന ഒരു ഗമയും അദ്ദേഹത്തിന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല.
വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്ന ശ്രീ. സിപ്പി പള്ളിപ്പുറം തനിക്കു പോകാന്‍ അല്പ്പം തിടുക്കമുണ്ടെന്നു അറിയിച്ചതിനെത്തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കും ശ്രീ. ഡാവിഞ്ചിയുടെ സ്വാഗത പ്രസംഗത്തിനു ശേഷം ആശംസകള്‍ അര്‍പ്പിക്കാനായി അദ്ദേഹത്തെ ആദ്യം ക്ഷണിച്ചു. അല്പ്പം നീണ്ടതായിരുന്നുവെങ്കിലും വളരെ മൂല്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയ വഴി ശ്രീ സലിം കുമാറിനെ പ്രസംഗപീഠത്തിലേക്ക് ആനയിക്കുകയും നമ്മളില്‍ മിക്കവരും സിനിമയില്‍ മാത്രം കേട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഏതാനും വാക്കുകള്‍ പറഞ്ഞതിനു ശേഷം അദ്ദേഹം നിലവിളക്ക് കൊളുത്തി മീറ്റിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടത്തി. വിശിഷ്ടാതിഥികളും വിളക്കിലെ തിരികള്‍ തെളിയിച്ചു കൊണ്ട് ഉദ്ഘാടനപ്രക്രിയയില്‍ പങ്കെടുത്തു.
സിപ്പി പള്ളിപ്പുറം പ്രസംഗിക്കുന്നതിനിടയില്‍ത്തന്നെ കോഴിക്കോട് നിന്നും വിശ്വേട്ടനും നളിനച്ചേച്ചിയും വന്നെത്തിയതിനാല്‍ ഉദ്ഘാടനച്ചടങ്ങ്‌ വീക്ഷിക്കാനുള്ള അവസരമുണ്ടായി. അതിനു മുമ്പ് തന്നെ ബോംബെയില്‍ നിന്നുള്ള മുരള്യേട്ടനും ഭാര്യയും വന്നെത്തുന്ന രംഗം തിരക്കിനിടയില്‍ കണ്ടില്ല. അതേപോലെ, കലാകാരനും മനസ്സിന്‍റെ സ്ഥാപക നേതാവുമായ ശ്രീ ഷാനവാസ് കണ്ണഞ്ചേരിയുടെ അമ്മാവനുമായ ശ്രീ. അബ്ദുള്‍മജീദും പ്രേക്ഷകരുടെ ഇടയില്‍ ഇടം പിടിച്ചിരുന്നത് തത്സമയം ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പ്രധാന മൈക്ക് മാഷുടെ റോള്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നതു കൊണ്ടുണ്ടായ ചില നോട്ടക്കുറവുകള്‍.. ഉണ്ണ്യേട്ടനും മീനുവും ഡാവിഞ്ചിയും ചില അവസരങ്ങളില്‍ മൈക്ക് കയ്യിലെടുത്തു യോഗം നിയന്ത്രിച്ചിരുന്നു. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തുന്നതില്‍ മീനു കാണിച്ച ആങ്കറിംഗ് ചാതുര്യവും എടുത്തു പറയത്തക്കതായിരുന്നു.
പിന്നീട് സലിംകുമാര്‍ എന്ന നടന്‍റെ മനസ്സ്, സുമനസ്സുകള്‍ക്ക്‌ മുമ്പില്‍ മലര്‍ക്കേ തുറക്കുന്ന വേദിയായി മാറുകയായിരുന്നു അല്പ്പനേരത്തേക്ക് മനസ്സ് മീറ്റ്‌. സദസ്സിനോട് സ്വതന്ത്രമായി എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് സലിംകുമാര്‍ മന്ദസ്മിതം തൂകി നിന്നു. ഞാന്‍ തന്നെ ചോദ്യശരങ്ങള്‍ക്കു തുടക്കമിട്ടു. "ഭരത് അവാര്‍ഡ് ജേതാവായ താങ്കളില്‍ ആ നേട്ടത്തിനു ശേഷം ഉണ്ടായ സ്വഭാവ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന എന്‍റെ തുറന്ന ചോദ്യത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. "സലിംകുമാറിനു ഭരത് അവാര്‍ഡ്‌ കിട്ടുന്നതിനും മുമ്പും മലയാള സിനിമയിലെ പല മഹദ്വക്തികളും ഈ നേട്ടത്തിനു അര്‍ഹരായിട്ടുണ്ട്. അത്തരക്കാരെയാരെയെങ്കിലും നിങ്ങളുടെ ഈ പരിപാടിപോലുള്ള ലളിതമായ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ സന്നദ്ധരാവുമായിരുന്നോ?.. ഭരത്
ലഭിച്ചതില്‍പ്പിന്നെ സലിംകുമാര്‍ നിലത്തൊന്നുമല്ല എന്ന ചിലരുടെ ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നു ഇതില്‍നിന്നു തന്നെ തെളിഞ്ഞുവല്ലോ. ഇന്നലെ രാത്രി വൈകി വരെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഇന്ന് നടക്കുന്ന ഒരു ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുക്കേണ്ടതുണ്ട്. സഹോദരതുല്യനായ സുരേഷ് ക്ഷണിച്ച ഒരു പരിപാടിയ്ക്കും ഇതിനു മുമ്പും എനിക്കു വരാതിരിക്കാനായിട്ടില്ലാ. ഈ അവാര്‍ഡ് എന്നെല്ലാം പറയുന്നത് നമ്മള്‍ കലയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയിലെ മികവിന്‍റെ അംഗീകാരമാണ്. അതില്‍ അഹങ്കരിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ.. "
പിന്നീട് വെട്ടത്താന്‍ സാറും ഉണ്ണ്യേട്ടനും മുരള്യേട്ടനും മീനുവും ഒക്കെ ചോദിച്ച ചോദ്യങ്ങള്‍ക്കും സമകാലീന ജീവിത സാഹചര്യങ്ങളെ അതിവിദഗ്ദമായി കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഉത്തരങ്ങള്‍ അദ്ദേഹത്തിലെ ധിഷണാശാലിയെ ഏവര്‍ക്കും പരിചയപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. വെറും തമാശകള്‍ പൊട്ടിക്കാന്‍ മാത്രമല്ലാ മറിച്ച് ഭക്ഷ്യവിഷബാധകള്‍ അടക്കം ഇന്നത്തെ സമൂഹം നേരിടുന്ന ഓരോ സമസ്യകളിലും തന്‍റേതായ നിരീക്ഷണങ്ങള്‍ പങ്കു വച്ചും അവയെ എങ്ങനെ ചെറുത്തു നില്‍ക്കണമെന്നുള്ള ഉപദേശങ്ങളും നല്‍കി അദ്ദേഹം തന്നിലെ പക്വമതിയെ വെളിപ്പെടുത്തി. ഏകദേശം ഒരു മണിക്കൂറില്‍ക്കൂടുതല്‍ മനസ്സിലെ അംഗങ്ങളുമായി സല്ലപിച്ചതിനു ശേഷം മനസ്സിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് അദ്ദേഹം യാത്ര പറഞ്ഞു.
സലിംകുമാറിനെ പൊന്നാടയണിയിച്ചു ആദരിക്കാനുള്ള അസുലഭാവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിനു മെമെന്ടോയും ഛായാചിത്രവും ഡാവിഞ്ചി സമ്മാനിച്ചപ്പോള്‍, കെ. ആര്‍ നാരായണന്‍ സാറിന്‍റെ രണ്ടു പുസ്തകങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള ഒരു പുസ്തകവും സലിംകുമാറിനു സമ്മാനിച്ചത്‌ മീനുവായിരുന്നു.
മീറ്റില്‍ പങ്കെടുക്കുന്ന ഓരോ അംഗങ്ങള്‍ക്കും സമ്മാനിക്കാനായി, ഡാവിഞ്ചിയുടെ അനുജനും പ്രശസ്ത ശില്പ്പിയുമായ ശ്രീ. മോഹനന്‍
ശില്‍പ്പശാല, "മനസ്സ് കൊടുങ്ങല്ലൂര്‍ മീറ്റ്‌" എന്നു പിച്ചളയില്‍ ഇമ്പ്രിന്റ്റ് ചെയ്ത്, സ്പെഷല്‍ ആയി ഓരോരുത്തരുടെയും ചിത്രം ആലേഖനം ചെയ്ത് ` തയ്യാറാക്കിയിരുന്ന മെമെന്ടോകള്‍ അതിമനോഹരങ്ങളായിരുന്നു. അദ്ദേഹത്തിന്‍റെ കലാവൈഭവത്തെയും അര്‍പ്പണ മനോഭാവത്തേയും നമിക്കുന്നു. അതേപോലെത്തന്നെ സലിംകുമാറിന്റെ ഉള്‍പ്പെടെ മീറ്റില്‍ പങ്കെടുത്ത ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, സിപ്പി പള്ളിപ്പുറം, കെ ആര്‍ നാരായണന്‍, മുരളീധരന്‍ എ ആര്‍, മീനു, കൃഷ്ണകുമാര്‍ സി വി, വെട്ടത്താന്‍, നളിനച്ചേച്ചി, വിശ്വേട്ടന്‍, ബോബി ജോസഫ്‌, ടി. കെ ഉണ്ണി, എന്നിവര്‍ക്കു പുറമേ മീറ്റിനു വരാതിരുന്ന ഗീത ടീച്ചര്‍, ഷെലിന്‍ ബിജു, സമയമില്ലാത്ത ഉണ്ണി എന്നിവരുടെ ജീവന്‍ തുളുമ്പുന്ന ഛായാചിത്രങ്ങള്‍ ഈ തിരക്കിനിടയിലും വരച്ചു തയ്യാറാക്കി സമ്മാനിച്ച ഡാവിഞ്ചി സുരേഷ്ജിയുടെ
അര്‍പ്പണമനോഭാവത്തെയും എത്ര പുകഴ്ത്തിയാലാണ് മതിവരിക?! വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി പൊന്നാടകള്‍ സംഘടിപ്പിച്ച ടി കെ ഉണ്ണ്യെട്ടനേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
പിന്നീട് വിശിഷ്ടാതിഥികളായ സര്‍വ്വശ്രീ. ബക്കര്‍ മേത്തല, രാജന്‍ പള്ളിപ്പുറം, ഡോക്റ്റര്‍ രവി എന്നിവരുടെ ആശംസാപ്രസംഗങ്ങള്‍ക്കു ശേഷം ഏവരും അക്ഷമരായി കാത്തിരുന്ന മനസ്സിന്‍റെ സ്വന്തം അംഗങ്ങളുടെ സൗഹൃദ വേദിയ്ക്ക് യോഗാദ്ധ്യക്ഷനായ ശ്രീ. ടി. കെ ഉണ്ണിയുടെ നേതൃത്വത്തില്‍ തുടക്കമായി. സമയപരിമിതി മൂലം ഓരോരുത്തര്‍ക്കും വേണ്ടത്ര സംസാരിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും സൗഹൃദം തുളുമ്പി നില്‍ക്കുന്ന ആ അന്തരീക്ഷത്തിലൂടെ കടന്നുപോയ ഓരോ നിമിഷങ്ങളും മനസ്സ്നിറയേ ആസ്വദിക്കാന്‍ ഏവര്‍ക്കും സാധിച്ചു എന്നതിനു തര്‍ക്കമുണ്ടാവില്ല. കെ. ആര്‍ നാരായണന്‍ സര്‍ രചിച്ച ഹിറ്റ്‌ പുസ്തകങ്ങള്‍ ആയ കുടയൂര്‍ കഥകളും കടല്‍ വിസ്മയങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള പുസ്തകവും മീറ്റിനു വന്നവര്‍ക്ക് സൗജന്യമായി നല്‍കി.
പിന്നീട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം!.. അതിനു മുമ്പായി വീണ്ടും ഫോട്ടോ സെഷന്‍. അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊമ്പന്മാരും ഭീമന്‍ പുലിയും തന്നെ അവിടെയും താരങ്ങള്‍.
പാചകറാണിയായ ഹേമ സുരേഷ് ഡാവിഞ്ചിയുടെ പ്രത്യേക
മേല്‍നോട്ടത്തില്‍ വളയിട്ട കൈകളാല്‍ തയ്യാറാക്കപ്പെട്ട നാടന്‍ ഉച്ചഭക്ഷണം രുചിയിലും വിഭവസമൃദ്ധിയിലും  അതുല്യമായി. സാമ്പാര്‍, അവിയല്‍, കാളന്‍, പച്ചടി, തുടങ്ങി പത്തോളം പച്ചക്കറി വിഭവങ്ങളും, ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍,പോര്‍ക്ക്‌, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ പന്ത്രണ്ടോളം ഐറ്റങ്ങളും, പപ്പടം, രസം, മോര്, ഐസ് ക്രീം, പഴങ്ങള്‍ തുടങ്ങിയവയും എല്ലാമായി ശരിക്കും എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ള സദ്യ ഒരുക്കിയ ഹേമാജിയേയും പെണ്‍പടയേയും അഭിനന്ദിക്കാന്‍ വാക്കുകളില്ലാ.. ഒന്നേ ചോദിക്കാനുള്ളൂ.. ഇനിയെന്നു കാണും നമ്മള്‍?....
എരിവ് ഒട്ടും കഴിക്കാന്‍ പാടില്ലാത്ത നാരായണന്‍ സാറിനു വേണ്ടി ഇന്റര്‍ കോണ്ടിനെന്റല്‍ കഞ്ഞിയും പയറും നേന്ത്രപ്പഴം പുഴുങ്ങിയതും പപ്പടവും പ്രത്യേകമായി തയ്യാറാക്കിയിരുന്നു. നാരായണന്‍ സാറിനു കഞ്ഞികുടിയ്ക്കാന്‍ ഒരു പ്ലാവിലയ്ക്കായി ആ പരിസരം മുഴുവന്‍ തെരഞ്ഞു നടന്ന ഞാന്‍ നിരാശനായി എന്നും പറയട്ടേ.
ഭക്ഷണാനന്തരം മീറ്റ്‌ ഏകദേശം എല്ലാം കഴിഞ്ഞു എന്ന ചിന്തയില്‍ ആയിരുന്ന എല്ലാവരിലും അതിശയം ജനിപ്പിക്കുമാറ് അതാ ഉയര്‍ന്നു ഉണ്ണ്യേട്ടന്‍റെ അനൌണ്‍സ്മെന്റ് "മനസ്സിന്‍റെ സജീവസാരഥിയും ഏവര്‍ക്കും പ്രിയങ്കരിയുമായ ശ്രീമതി മീനുവിന്റെ പിറന്നാള്‍ കൂടിയാണിന്ന് എന്ന സന്തോഷവാര്‍ത്ത എല്ലാവരേയും അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ച് ആ സന്തോഷത്തില്‍ പങ്കു ചേരുന്നതിനായി എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു. ഇതു കേട്ട് മീനു അത്ഭുത പരതന്ത്രയായി നില്‍ക്കുമ്പോള്‍ ഡാവിഞ്ചി വലിയൊരു കേക്കും വേദിയില്‍ കൊണ്ടുവന്നു വച്ചു. തുടര്‍ന്ന് മീനുവും കുട്ടികളും കൂടി കേക്ക് മുറിച്ചു. പിന്നെകലാപരമായി എങ്ങനെ കേക്ക് മുറിച്ചു വിതരണം ചെയ്യാം എന്നു കാണിച്ചു തരാം എന്ന ഭാവത്തില്‍ കേക്ക് മുറിയ്ക്കാന്‍ തുടങ്ങിയ കെ. കെ, കൈ മുഴുവനും ക്രീമില്‍ പൊതിഞ്ഞു ഇനിയെന്തു ചെയ്യും എന്നു അന്തം വിട്ടു നില്‍ക്കുന്ന രസകരമായ കാഴ്ച്ചയും ആ പരിപാടിക്കു കൊഴുപ്പേകി.
അന്നേരമാണ് നമ്മുടെ അസീസ് എല്ലാവര്‍ക്കും തന്‍റെ വിവാഹത്തിനുള്ള ക്ഷണക്കത്ത് വിതരണം ചെയ്യുന്നത്. ഈ മാസം 20 നു വിവാഹിതനാകുന്ന അസീസ്സിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും ബോംബെയില്‍ നിന്നും കാസര്‍ഗോഡ്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നിന്നും മീറ്റിലേക്കെത്തിച്ചേര്‍ന്ന സൗഹൃദസ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
ഒരുപാട് സ്നേഹത്തോടെ..
ജോയ് ഗുരുവായൂര്‍

അവസ്ഥാന്തരങ്ങള്‍

ഗാന്ധിനഗറിലെ സ്വാമിനാരായണ്‍ അക്ഷര്‍ദ്ധാം ക്ഷേത്രപരിസരത്തുള്ള ഒരു വൃക്ഷച്ചുവട്ടിലെ കല്ത്തറയിലിരുന്നുള്ള തന്‍റെ അന്നത്തെ പ്രഭാഷണം അവസാനിപ്പിച്ച് വാസുദേവ് ആചാര്യ പതിവുപോലെ ധ്യാനനിരതനായി. അത് അദ്ദേഹത്തിന്‍റെ ദശാബ്ദങ്ങളായുള്ള ഒരു ദിനചര്യയായിരുന്നു. ധ്യാനം കഴിഞ്ഞു മിഴികള്‍ തുറക്കുമ്പോള്‍ മിക്കവാറും സന്ധ്യയെ രാത്രി വിഴുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. വിജനമായ മൈതാനത്തിലെ മരങ്ങളില്‍ ചേക്കേറുന്ന അസംഖ്യം പക്ഷികളുടെ കൂജനങ്ങള്‍ അപ്പോള്‍ മാത്രമേ ഗുരുവര്യനു ശ്രാവ്യമാകുമായിരുന്നുള്ളൂ.
പതിവിനു വിപരീതമായി ഇതാ ഒരു യുവാവ് കൈകള്‍ കൂപ്പിക്കൊണ്ട്‌ നിര്‍ന്നിമേഷനായി തന്നെത്തന്നെ നോക്കിക്കൊണ്ട്‌ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. പ്രഭാഷണത്തിനിടയില്‍ പുതുമുഖമായിരുന്ന ആ യുവാവിനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവന്റെ മനസ്സിൽ വ്യവച്ഛേദിച്ചറിയാനാവാത്ത ഒരായിരം വികാരങ്ങൾ തിരമാലകൾ പോലെ അലയടിക്കുന്നുണ്ടെന്ന് ആ കണ്ണുകളില്‍ നിന്നും ആചാര്യന്‍ ഗ്രഹിച്ചു.
"തമേ കോണ്‍ ഛഓ ?... തമ്നെ ശൂ  ജരൂര്‍ ഛെ?".. ശാന്തനായി അദ്ദേഹം ആ യുവാവിനോട് കാര്യം തിരക്കി.
"ഞാന്‍ ഒരു മലയാളിയാണ്.. പേര് വരുണ്‍"
ഒരു നിമിഷം ഏതോ കാണാദൂരങ്ങളില്‍ മനസ്സ് അലയുന്നതു പോലെ കണ്ണുകള്‍ അടച്ച് ആചാര്യന്‍ മൗനിയായി. പിന്നെ മുരടനക്കിക്കൊണ്ട് ചോദിച്ചു?
"എനിക്കു മലയാളം അറിയാമെന്നു വരുണിന് എങ്ങനെ മനസ്സിലായി? ആരാണ് നിന്നെ എന്‍റെ അടുക്കലേക്ക്‌ അയച്ചത്? എത്രയോ വര്‍ഷങ്ങളായി ഒരു മലയാളിയും എന്നെത്തേടി ഇവിടെ വന്നിട്ടില്ലാ.. ആര്‍ക്കും അറിയുകയുമില്ലാ ഞാനൊരു മലയാളി ആണെന്ന്"
"അങ്ങയുടെ പ്രഭാഷണം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും എന്നെങ്കിലും ഒരു സുദിനത്തില്‍ സത്യത്തിന്‍റെ മുഖം തേജസ്സുള്ള സൂര്യനെപ്പോലെ ഉദിച്ചു നില്ക്കും. ആ സുദിനത്തിന്റെ ആഗമനം ചിലപ്പോള്‍ നമ്മുടെ മനുഷ്യായുസ്സിനും അപ്പുറത്തേക്കു നീണ്ടുപോയേക്കാം. എന്നാലും ആത്യന്തികമായി സത്യം അസത്യത്തിന്‍റെ മേല്‍ വിജയം നേടുകതന്നെ ചെയ്യും.. " വരുണ്‍ മറുപടിക്കായി കാത്തു.
"അതേ അതാണ്‌ പരമമായ സത്യം.. സത്യത്തെ സുസ്ഥിരമായി ബന്ധനസ്ഥമാക്കാന്‍ ആര്‍ക്കും സാധ്യമല്ലാ. ഒരിക്കല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമായി സത്യം പുരമുകളില്‍ നിന്നും പ്രഘോഷിക്കപ്പെടും.. എന്താ അതില്‍ വല്ല സംശയവും ഉണ്ടോ?.."
പണ്ടൊരിക്കല്‍ രാജസ്ഥാനില്‍ നിന്നും വന്ന ഒരു യുവസന്ന്യാസി പ്രഭാഷണത്തിനു ശേഷം ഒരു വിഷയത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ വന്ന സംഭവം വാസുദേവ് ആചാര്യ ഓര്‍ത്തു.
"അങ്ങയുമായി ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കിക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്. അങ്ങ് പറഞ്ഞതു പോലെ ഞാന്‍ അന്വേഷിച്ചു നടന്ന ഒരു സത്യം മറ നീക്കി വന്ന വിവരവും അതിനെ സംബന്ധിച്ച ചില കാര്യങ്ങള്‍ അറിയിക്കാനും കൂടിയാണ് ഞാന്‍ കാത്തുനില്ക്കുന്നത്" യുവാവ് മൊഴിഞ്ഞു.
"വരൂ.. എന്‍റെ ആശ്രമത്തിലേക്കു പോകാം.. അരുവിയില്‍ കുളിച്ചു അല്പ്പനേരം വിശ്രമിച്ചതിനു ശേഷം സംസാരിക്കാം" തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ആചാര്യനെ യുവാവ് പിന്തുടര്‍ന്നു.
***************************************************
"വരലക്ഷ്മീ നീ ശരിക്കും ഒരു സുന്ദരി തന്നേ... എന്‍റെ ഭാഗ്യമായാണ് നിന്നെ ഒരു ഭാര്യയായി എനിക്ക് ഭഗവാന്‍ തന്നത്" ആദ്യരാത്രിയില്‍ അയാള്‍ ഭാര്യയോട് മന്ത്രിച്ചു.
ഒരു അപ്സരസിനെപ്പോലെ അയാളുടെ ചാരത്തു കിടന്നു അവള്‍ പുഞ്ചിരിച്ചപ്പോള്‍ ഉണ്ടായ നിര്‍വൃതിയില്‍ അയാള്‍ അവളെ വാരിപ്പുണര്‍ന്നു.
പിന്നേയും എന്തൊക്കെയോ വിശേഷങ്ങള്‍... കിളിക്കൊഞ്ചലുകള്‍..
"ചേട്ടാ.. ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോ?.. പറഞ്ഞില്ലെങ്കില്‍ അതെന്‍റെ മനസ്സിലൊരു വിമ്മിട്ടമായി ഇങ്ങനെ കിടക്കും.." പെട്ടെന്നാണ് അവളതു പറഞ്ഞത്
"പറയൂ ലക്ഷ്മീ.. നീ എന്ത് തന്നെ പറഞ്ഞാലും ഞാന്‍ നിന്നോട് ദേഷ്യപ്പെടുകയില്ലാ.. നിനക്ക് എന്ത് വേണമെങ്കിലും ഞാന്‍ സാധിപ്പിച്ചു തരും.. എന്‍റെ ജീവന്‍ പണയം വച്ചു പോലും... അതില്‍ ഞാനൊരു വിട്ടുവീഴ്ചയും ചെയ്യുകയില്ലാ.. " ഭാര്യയുടെ ആദ്യ ആഗ്രഹത്തിന് ചെവിയോര്‍ത്തു കൊണ്ട് പറയുമ്പോള്‍ അയാള്‍ മന്ദഹസിച്ചു.
"ചേട്ടാ.. ഒരു ഭര്‍ത്താവും അത്ര പെട്ടെന്നു പൊറുക്കാന്‍ തയ്യാറാവാത്ത ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.. എന്നോട് ക്ഷമിക്കണം.. ഒരു വര്‍ഷം മുമ്പോളം എനിക്കൊരാളുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ പരസ്പ്പരം തൊടുക പോലും ചെയ്തിട്ടില്ല. അവന് എന്നെ വലിയ പ്രിയമായിരുന്നു. ഒരു ദിവസം അവനെന്നെ കാണാന്‍ വന്നത് അച്ഛന്‍ കണ്ടു. അതോടെ ആളുകളെ വിട്ടു അവനെ തല്ലിച്ച് ഈ നാട്ടില്‍നിന്നേ ഓടിച്ചു കളഞ്ഞു. പിന്നീട് ഒരിക്കലും അവന്‍ വന്നിട്ടില്ല." അവള്‍ പറയുന്നത് ശ്രദ്ധിച്ച് ചിന്താമഗ്നനായി ബീഡിയും പുകച്ചു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളുടെ ഭാവം അവള്‍ ശ്രദ്ധിച്ചു.
"എന്നിട്ട്??.." തുടരാനുള്ള സമ്മതം..
"ചേട്ടാ.. ഞാനൊരിക്കലും ഒരു നശിച്ച പെണ്ണല്ലാ.. സത്യമാണ് ഞാന്‍ പറയുന്നത്.. എന്നെ വിശ്വസിക്കില്ലേ?.." അയാളുടെ മുഖത്തു നിഴലിച്ച അനിശ്ചിതത്വ ഭാവം കണ്ട് അമ്പരപ്പോടെ അവള്‍ ചോദിച്ചു.
"എങ്ങനെയാണ് നീയവനുമായി പരിചയത്തിലായത്?" ഗൌരവത്തോടെയുള്ള ചോദ്യം.
"അമ്പലത്തില്‍ വച്ചൊക്കെ കണ്ടുള്ള പരിചയമായിരുന്നു. അതുപിന്നെ...." അവള്‍ അര്‍ത്ഥഗര്‍ഭമായി നിറുത്തി.
"എനിക്കെങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും ഇപ്പോഴും നിങ്ങള്‍ത്തമ്മില്‍ അടുപ്പം ഇല്ലായെന്ന്?" ഗൌരവം വിടാതെ അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് പരസ്പ്പരം ഇഷ്ടമായിരുന്നു. അവനെ തല്ലിച്ചതച്ചതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ വേദന തോന്നും. പക്ഷേ സത്യമായിട്ടും ഇപ്പോള്‍ എന്‍റെ മനസ്സിലും ഹൃദയത്തിലും അവനില്ലാ. ഉണ്ടെങ്കില്‍ ഈയൊരു വിവാഹത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നില്ലല്ലോ?" നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ മറുപടി പറഞ്ഞു.
"ഹ ഹ ഹ ഹ ഹ ഹ " ഗൌരവം വിട്ടു അയാള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവിശ്വസനീയതയോടെ അവളയാളെ നോക്കി..
"ലക്ഷ്മീ.. നീ കരുതുന്നതുപോലെയുള്ള ഒരാളൊന്നുമല്ല ഈ ഞാന്‍. സ്നേഹവും പ്രേമവുമൊക്കെ യുവാക്കളായാല്‍ ഉണ്ടാവും.. എന്നാല്‍ അപകടകരമായ നിലയിലേക്ക് അവ മാറുമ്പോഴാണ് കുഴപ്പമാവുന്നത്. അയാളെ നീ പൂര്‍ണ്ണമായും നിന്‍റെ മനസ്സില്‍ നിന്ന് പറിച്ചു കളഞ്ഞെന്നും അയാളുമായി യാതൊരു തരത്തിലുള്ള ശാരീരികബന്ധങ്ങളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ സ്ഥിതിക്ക്, ഞാന്‍ ആണത്തത്തോടെ പറയുന്നു. നീ വിഷമിക്കേണ്ടാ.. ഒരു ഭര്‍ത്താവും കാമുകനുമായി ഞാന്‍ നിന്‍റെയൊപ്പം മരണം വരേയും ഉണ്ടായിരിക്കും" അവളുടെ നെറുകയില്‍ ചുംബിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
അവരുടെ ദാമ്പത്യജീവിതത്തിലൂടെ സന്തോഷകരമായ നാലുവര്‍ഷങ്ങള്‍ കടന്നുപോയത് വളരെ പെട്ടെന്നായിരുന്നു. കുട്ടികള്‍ ഉണ്ടാവാത്ത ദുഃഖം അകറ്റിക്കൊണ്ട് അവള്‍ ഗര്‍ഭം ധരിച്ചെന്ന വിവരമറിഞ്ഞയന്നു അയാള്‍ വളരെ ആഹ്ലാദവാനായായിരുന്നു ജോലിക്ക് പോയിരുന്നത്. സന്തോഷാധിക്യം കൊണ്ട് ജോലിയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ ആവാതിരുന്നത് മൂലം അവധിയെടുത്തു വീട്ടിലേക്കു മടങ്ങിയെത്തി.
അസ്തപ്രജ്ഞനാക്കുന്ന ഒരു കാഴ്ച്ചയായിരുന്നു സ്വവസതിയില്‍ അയാളെ കാത്തിരുന്നിരുന്നത്. ലക്ഷ്മിയോടൊപ്പം കട്ടിലില്‍ ഒരു പുരുഷന്‍.
ഒരു നിമിഷത്തെ മരവിപ്പ് മാറിയ വഴി അയാള്‍ അട്ടഹസിച്ചു ചെന്ന് അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ച് കരണങ്ങളില്‍ ഭ്രാന്തമായി അടിച്ചു. പിന്നെ യാതൊന്നും ഉരിയാടാതെ ഇറങ്ങി നടന്നു. കൈകൂപ്പിക്കൊണ്ട് ലക്ഷ്മി വിലപിക്കുന്നതൊന്നും ശ്രദ്ധിക്കാന്‍ അപ്പോള്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല.
*************************************************
"അച്ഛാ.. മുപ്പത്തിനാല് കൊല്ലം മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പാണ് അമ്മ എന്നോട് പറഞ്ഞത്. അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അച്ഛനെ എന്നെങ്കിലും കണ്ടാല്‍ കുത്തിക്കൊല്ലുവാനായി ഒരു കത്തി ഞാന്‍ മൂര്‍ച്ചകൂട്ടി വച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍." ബാഗില്‍ നിന്നും തിളങ്ങുന്ന ഒരു കത്തിയെടുത്തു കാണിച്ചു കൊണ്ട് യുവാവ് പറഞ്ഞു.
"ശരി.. ഇവിടെയെങ്ങും ആരുമില്ലാ.. ആ കൃത്യം കഴിച്ചു മടങ്ങിക്കോളൂ.." വാസുദേവ് ആചാര്യ കയറുകട്ടിലില്‍ നിവര്‍ന്നു കിടന്നു.
"ഇല്ലച്ഛാ.. ഈ കത്തിയുടെ മൂര്‍ച്ച അമ്മ അന്നു പറഞ്ഞ വാക്കുകളില്‍ നശിച്ചു പോയി. എങ്ങനെയെങ്കിലും അച്ഛനെ ഒന്ന് കാണണം എന്ന ആഗ്രഹവുമായി രാജ്യം മുഴുവന്‍ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍. ഒരു മുത്തച്ഛന്‍ കൂടിയാണ് ഇപ്പോള്‍ എന്‍റെ അച്ഛന്‍" വരുണ്‍ പറഞ്ഞത് കേട്ട് വികാരവായ്പ്പോടെ അദ്ദേഹം അവനെ നോക്കി.
"തെറ്റ് ചെയ്തത് അമ്മതന്നെയായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ കയറിവന്ന പഴയ കാമുകന്‍റെ അധികാരത്തോടെയുള്ള നിര്‍ബന്ധബുദ്ധിക്ക് അമ്മ കീഴടങ്ങരുതായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് ആ പ്രായത്തിലുള്ള ഏതു യുവതിക്കും അത്തരം സാഹചര്യങ്ങളുടെ നൈമിഷികമായ സമ്മര്‍ദ്ദത്തിനു വശംവദരാകാതെയിരിക്കാന്‍ സാധിച്ചെന്നു വരില്ലാ.. പിന്നെ, ആരുടേയും കാലുപിടിക്കാന്‍ പോകാതെ അന്തസ്സായി അദ്ധ്വാനിച്ച്, എന്നെ പൊന്നുപോലെ പാലൂട്ടി വളര്‍ത്തിയ ആ ശരീരത്തേയും മനസ്സിനേയും മുറിപ്പെടുത്താന്‍ മനസ്സനുവദിച്ചുമില്ലാ. അന്നേ ദിവസം തുടങ്ങിയതാണ്‌ അച്ഛനെത്തേടിയുള്ള എന്‍റെ ഈ യാത്ര".. തുണിസഞ്ചിയില്‍ നിന്നും വാസുദേവന്‍ വരലക്ഷ്മി ദമ്പതിമാരുടെ വിവാഹ ഫോട്ടോ എടുത്തു നീട്ടിക്കൊണ്ടു വരുണ്‍ പറഞ്ഞു.
"ലക്ഷ്മീ?............" അയാള്‍ ചോദിച്ചു.
"ഞാന്‍ ഇറങ്ങിപ്പോയ വിഷമം അമ്മയെ തളര്‍ത്തിക്കളഞ്ഞു. വിവരം അറിഞ്ഞെങ്കിലും തിരിച്ചു പോയില്ല. ഈ ഫോട്ടോയും പിടിച്ചു വാരണാസിയിലും പരിസരങ്ങളിലും അലയുകയായിരുന്നു ഞാന്‍. പിന്നെ അച്ഛനെ കണ്ടെത്താതെ ഒരു മടക്കയാത്രയില്ലെന്നുള്ള ശപഥവും എടുത്തിരുന്നല്ലോ. അമ്മയെ നോക്കാന്‍ ശോഭനയുണ്ടെന്ന ആശ്വാസവും. അമ്മയില്ലാതെ വളര്‍ന്ന അവള്‍ക്കു അമ്മ സ്വന്തം അമ്മയെപ്പോലെത്തന്നെ. നെന്മിനി മനയ്ക്കലെ തമ്പുരാട്ടിയുടെ ചികിത്സയില്‍ ഇപ്പോള്‍ പതിയേ നടക്കാന്‍ സാധിക്കുന്നുണ്ട് എന്നറിഞ്ഞു." കണ്ണില്‍ നിന്നും ഉറവയെടുത്ത കണ്ണുനീര്‍ അവന്‍ കൈകള്‍ കൊണ്ട് തുടച്ചു.
"എല്ലാം ശരിയാവും.... ആ പായവിരിച്ച് മോന്‍ അവിടെ കിടന്നോളൂ.. നാളെ പോകാം" അയാള്‍ പറഞ്ഞു.
"വേണ്ടച്ഛാ.. ഞാന്‍ ഇറങ്ങുന്നു.. വീണ്ടും വരാം പിന്നീടൊരിക്കല്‍..."
തന്‍റെ കാല്‍ പാദങ്ങള്‍ തൊട്ടുവന്ദിച്ച് പടിയിറങ്ങിപ്പോകുന്ന മകന്‍റെ നിഴല്‍രൂപം ഇരുളില്‍ ലയിച്ചില്ലാതാകുന്നതും നോക്കി വാതില്‍ക്കല്‍ അയാള്‍ നിന്നു. കണ്ണില്‍ നിന്നും ഉരുണ്ടുവീണ കണ്ണുനീര്‍ത്തുള്ളികള്‍ കയ്യിലിരുന്ന ആ വിവാഹ ഫോട്ടോ നനച്ചു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കി മന്ദഹസിക്കുന്ന ലക്ഷ്മിയെ അയാള്‍ കണ്ടു.
- ഗുരുവായൂര്‍

മനസ്സിലെ മഴവില്ലുകള്‍

ബാംഗളൂര്‍ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഏകദേശം പതിനഞ്ചു മിനിട്ട് നടന്നാല്‍ അള്‍സൂര്‍ ലേക്കിന് അരികെയെത്താം.. പതിവിനു വിരുദ്ധമായി കന്റോണ്‍മെന്‍റ് സ്റ്റേഷനിലിറങ്ങുന്നതിനു പകരം ഈസ്റ്റില്‍ ഇറങ്ങി നടന്നു. 

മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ അള്‍സൂര്‍ തടാകത്തിലൂടെ രണ്ടാള്‍ക്ക്‌ മാത്രം ഇരിക്കാവുന്ന, പെഡലുകള്‍ ചവിട്ടി ഓടിക്കാവുന്ന കൊച്ചു ബോട്ടില്‍ ഉല്ലാസയാത്ര നടത്തുമ്പോള്‍ ചീര്‍ത്തു കമഴ്ന്നു കിടന്നിരുന്ന ഒരു ശവം നീലിമയായിരുന്നു തനിക്കു കാണിച്ചു തന്നത്. നേരിയ ഒരു ദുര്‍ഗന്ധം കാറ്റിലൂടെ ഒഴുകിവന്നിരുന്നത് ഇന്നും ഓര്‍ക്കുന്നു.

"രമേഷ് എനിക്ക് മനം പിരട്ടുന്നു.."

മൂക്കുപൊത്തി ഓക്കാനിക്കാന്‍ നിന്ന നീലിമയെ താന്‍ അന്നു ആശ്വാസവാക്കുകളില്‍ പൊതിഞ്ഞുകൊണ്ട് സമാധാനിപ്പിച്ചു. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി പലപ്പോഴും ആത്മഹത്യ ചെയ്തവരുടേയും കൊന്നു തള്ളിയവരുടേയുമായ അനവധി മൃതദേഹങ്ങള്‍ അള്‍സൂര്‍ ലേക്കില്‍ ഒഴുകിനടക്കുന്നത്‌ താന്‍ കണ്ടിട്ടുള്ളതാണ്. അന്നത്തെ ഹണിമൂണ്‍ ആഘോഷങ്ങളുടെ ഉദ്വേഗങ്ങള്‍ക്ക് ആ കാഴ്ച്ചയോടെ വിരാമമായി.

ബ്രിഗേഡ് റോഡിലെ നീല്‍ഗിരീസിന്റെ തൊട്ടടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നും സ്വാദിഷ്ടമായ ബര്‍ഗ്ഗര്‍ വാങ്ങിക്കഴിക്കുമ്പോള്‍ അവള്‍ ആ ശവസ്മരണ മറന്നതായി തനിക്കു തോന്നി. അവളേക്കാള്‍ കൂടുതല്‍ ഈ വക കാര്യങ്ങളില്‍ അറപ്പാണ് തനിക്കെന്നു അവള്‍ക്കറിയില്ലല്ലോ. ഒന്നോ രണ്ടോ കടിയ്ക്കപ്പുറം ബര്‍ഗ്ഗറുമായി മല്ലിടാന്‍ തനിക്കു കഴിഞ്ഞില്ല. പക്ഷേ, നാട്ടിന്‍പുറത്തുകാരിയായ അവള്‍ക്കു അതെല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു.

ഡിസംബര്‍ മാസത്തെ കുളിരില്‍ ശിവാജി നഗറിലുള്ള കൊച്ചു വീട്ടില്‍ ബ്ലാങ്കറ്റു പുതച്ചു കിടക്കുമ്പോള്‍ തന്‍റെ രോമാവൃതമായ നെഞ്ചില്‍ വിരലുകളോടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ഹ ഹ ഹ  അങ്ങനെ പറയാന്‍ പറ്റില്ലാ നീലൂ.. എല്ലാം ഓരോരുത്തരുടെ മാനസിക ശക്തിയനുസരിച്ച് ഇരിക്കും. ജീവിതത്തില്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തവര്‍ക്ക് അത്തരം അവസരങ്ങളില്‍ ആദ്യം മനസ്സില്‍ തെളിയുന്ന പരിഹാരമാര്‍ഗം ചിലപ്പോള്‍ ആത്മഹത്യയായിരിക്കും.. ഉദാഹരണമായി ഈ ഞാന്‍ തന്നെ"

"പിന്നേ.. കുത്തും ഞാന്‍ പറഞ്ഞേക്കാം.." മുഖം കോട്ടി, കൈ ചുരുട്ടിക്കൊണ്ട്  നീലിമ രമേഷിന്‍റെ നെഞ്ചില്‍ മൃദുവായി ഇടിച്ചു.

ഒരു അവധി ദിവസം സായാഹ്നത്തില്‍, പതിവുള്ള നടത്തത്തിനു ശേഷം കബണ്‍പാര്‍ക്കിലെ മഞ്ഞമുളകളുടെ ഇടയില്‍ ഇട്ടിരുന്ന, ഉണങ്ങിയ പക്ഷിക്കാഷ്ടങ്ങള്‍ ഡിസൈന്‍ തീര്‍ത്ത സിമന്‍റ് ബെഞ്ചില്‍ ഇരിക്കുമ്പോഴായിരുന്നു താന്‍ വിവേകിന്‍റെ ദുരന്തം നീലിമയോട് പറഞ്ഞത്. തന്റെയൊപ്പം എട്ടൊമ്പതു കൊല്ലം ജോലി ചെയ്തതിനു ശേഷം അമേരിക്കയിലേക്ക് ജോലി കിട്ടിപ്പോയ വിവേക്, താന്‍ വഴി നീലിമയുടെയും സുഹൃത്തായിരുന്നു.  വിവേക് - മേനക ദമ്പതികളുടെ ജീവിതത്തില്‍ പിണക്കം എന്ന വാക്കിനു സ്ഥാനമേ ഉണ്ടായിരുന്നില്ല. ഒരു അടിച്ചുപൊളി ലൈഫ്. രണ്ടാളും പരസ്പ്പരം മരിക്കാന്‍ വരെ തയ്യാര്‍. അവരുടെ ജീവിതം കണ്ട് തങ്ങള്‍ക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.

"ഒരു ബാഡ് ന്യൂസ് ഉണ്ട് നീലൂ.. നീ അപ്സെറ്റ് ആവരുത്.. നമ്മുടെ വിവേക് അമേരിക്കയില്‍ സൂയിസൈഡ് ചെയ്തു.." അത് പറയുമ്പോള്‍ തന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"ഓ മൈ ഗോഡ്.. എന്താണ് ഞാനീ കേള്‍ക്കണേ.." അവിശ്വസനീയതയോടെ ചെവികള്‍ പൊത്തിപ്പിടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"മേനക വാസ് ഡിസീവിംഗ് ഹിം.. ഷീ ഹാഡ് എ കന്നടിയന്‍ ബോയ്‌ ഫ്രണ്ട് ബിഫോര്‍ ദെയര്‍ മാര്യേജ്.. ഹി ജസ്റ്റ്‌ കം ടു നൊ എബൌട്ട്‌ ദാറ്റ്‌ ആന്‍ഡ്‌ കമ്മിറ്റഡ് സൂയിസൈഡ്.. അവരുടെ ഒരു വിഡിയോ ക്ലിപ്പ് അവന്‍ ഏതോ സൈറ്റില്‍ ആകസ്മികമായി കണ്ടു"

"ഇത്രയും ഫ്രാങ്ക് ആയ അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഒളിഞ്ഞിരിക്കുമോ രമേഷ്?"

"ങാ എന്തറിയാം.. ഇനി നമ്മുടെ ജീവിതത്തിലും എന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോണേ?.." വേണമെന്ന് വച്ചു തന്നെ താന്‍ അവളോട്‌ മുന വച്ചു സംസാരിച്ചു.

"ദേ.. പൊക്കോണം ഇവിടന്ന്.. ഞാന്‍ പറഞ്ഞതല്ലേ രമേഷിനോട്.. എനിക്ക് അത്തരം ശാരീരികബന്ധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ... കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തനെ പ്രേമിച്ചു.. ഫിറോസ്‌ ഒരു അന്ന്യമതക്കാരനും എന്നേക്കാള്‍ ഒന്നര വയസ്സ് ഇളയതും ആയിരുന്നതിനാല്‍ പഠിപ്പ് കഴിഞ്ഞതോടെ അതൊക്കെ പാടേ മറന്നുകളഞ്ഞു എന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.. വീണ്ടും അത് തന്നെ ചോദിക്കുന്നു.. ജന്തു... " അവള്‍ പിണങ്ങി മുഖം തിരിച്ചിരുന്നു.

നീലിമ തന്നെ സ്നേഹിക്കുന്നത് പോലെ ലോകത്തില്‍ ഒരാളേയും ഒരാളും സ്നേഹിക്കുന്നുണ്ടാവില്ലാ.. താനും തിരിച്ച് അങ്ങനെത്തന്നെ.. പക്ഷെ എന്തോ.. മനസ്സറിയാതെത്തന്നെ താനിടയ്ക്കിടെ അവളെ വേദനിപ്പിക്കാന്‍ ഇതുപോലെ ഓരോന്ന് പറയും.. ശരിക്കും കുറ്റബോധം തോന്നിയ നിമിഷങ്ങള്‍... അതിനു ശേഷം ഇപ്പോള്‍ ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നും ഏതെങ്കിലും വെബ്‌സൈറ്റില്‍ ഫിറോസ്‌ എന്ന പേര് കണ്ടാല്‍ താന്‍ ആ വ്യക്തിയുടെ ജാതകം തന്നെ ചൂഴ്ന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു.. അപ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥനയേ ഉണ്ടാകുമായിരുന്നുള്ളൂ അതവനാകരുതേ.

പക്ഷേ.. ഇന്ന്.... അവള്‍ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ... രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു വരില്ലാ എന്ന് ചിന്തിച്ച അവള്‍ ശരിക്ക് പറഞ്ഞാല്‍ ഒരു വിഡ്ഢിയല്ലേ.. താന്‍ പലതവണ ചോദിച്ചിട്ടും അവള്‍ നിഷ്ക്കളങ്കമായ മുഖത്തില്‍ അവളുടെ കുറ്റബോധത്തെ തന്നില്‍ നിന്നും ഒളിപ്പിച്ചിരുന്നു. തന്‍റെ സ്നേഹം നഷ്ടപ്പെടാന്‍ ഇടയാകരുത് എന്ന് കരുതിയാവാം. പക്ഷെ, തനിക്കു വേണ്ടിയിരുന്നത് അതായിരുന്നില്ലാ.. എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ഏറെയായി താനവളെ സ്നേഹിച്ചേനേ. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ആണെങ്കിലും എന്തിന് അവള്‍ അത് തന്നില്‍നിന്നും മറച്ചു വച്ചു?.. ഇന്ന് ലോകത്തില്‍ ദൈവസമാനമായി സ്നേഹബഹുമാനങ്ങള്‍ തന്ന് തന്നെയവള്‍ സ്നേഹിക്കുന്നുണ്ടെങ്കിലും......    

"ഇക്കാലം വരെ മദ്യപാനമോ, പുകവലിയോ എന്നല്ലാ ഒരു മുറുക്കാന്‍ വരെ ചവയ്ക്കാതെ താന്‍ പവിത്രത കാത്തു സൂക്ഷിച്ചിട്ട്‌.. എന്തു നേടി?.. "

മുന്നില്‍ ഒരു പാന്‍പ്പെട്ടിക്കട..

'ഏതായാലും താന്‍ മരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.. അതിനു മുമ്പ് ഒരു സിഗരട്ടെങ്കിലും വലിച്ചില്ലെങ്കില്‍പ്പിന്നെ അപകര്‍ഷതാബോധം തന്‍റെ ആത്മാവിനെ അലോസരപ്പെടുത്തും എന്ന് തീര്‍ച്ച..' ഒരു ബെര്‍ക്കിലി സിഗരറ്റ് വാങ്ങി തടാകത്തിനഭിമുഖമായിട്ട സിമന്‍റ് ബഞ്ചില്‍ ഇരുന്നു ആഞ്ഞു വലിച്ചപ്പോള്‍ ചുമ കുത്തിക്കുത്തി വന്നു ശ്വാസം കിട്ടാത്ത പോലെ തോന്നി..

"ഛെ ഈ സാധനമാണോ ആളുകള്‍ വലിച്ചു തള്ളുന്നത്.. കഷ്ടം.. "  അരിശത്തോടെ അത് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.. അതില്‍ നിന്നും തെറിച്ച തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെ അനുസ്മരിപ്പിച്ചു.

"വേര്‍ ഡു യു ഗോ, മൈ ലവ് ലി..
 വേര്‍ ഡു യു ഗോ?
 ഐ വാണാ നോ, മൈ ലവ് ലി, ഐ വാണാ നോ.."

മൊബൈല്‍ റിംഗ് ടോണ്‍ ആയ തന്‍റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനം ഒഴുകി...

പരിചയമില്ലാത്ത ഒരു നമ്പര്‍...

വാച്ചില്‍ സമയം നോക്കി.. ഏഴേ കാല്‍..   സാധാരണ ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന സമയത്തില്‍ക്കവിഞ്ഞ് മുക്കാല്‍ മണിക്കൂറോളം ആയിരിക്കുന്നു.

കോള്‍ എടുക്കാതെ ഫോണ്‍ സൈലന്റില്‍ ആക്കി പോക്കറ്റില്‍ ഇട്ട് തൊട്ടപ്പുറത്തു നിന്നു തടാകത്തിലേക്ക് കാര്യമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ അരികിലേക്ക് ചെന്ന് വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി.

ഒരു ചെറുപ്പക്കാരിയുടേതെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ശരീരം വെള്ളത്തില്‍ കമിഴ്ന്നു പൊന്തിക്കിടക്കുന്നു..... ദുര്‍ഗന്ധമൊന്നും വമിക്കുന്നില്ലാ.. മരിച്ചിട്ട് അധികം സമയം ആയില്ലെന്ന് തോന്നുന്നു...  

"ഹോ.. പണ്ടാരമടങ്ങാന്‍...................."  ഒന്നുകൂടി അടുത്തു ചെന്ന് സൂക്ഷിച്ചു നോക്കി...

"ങേ.. ദൈവമേ.. കഴിഞ്ഞ പിറന്നാളിന് ജോബന്‍ ഗാര്‍മെന്റ്സില്‍ നിന്നും നീലിമയ്ക്ക് വാങ്ങിച്ചു സമ്മാനിച്ച മഴവില്ലിന്‍ നിറങ്ങളുള്ള അതേ ചുരിദാര്‍ ആണല്ലോ ആ ശവത്തിന്‍റെ വസ്ത്രം.." പൊടുന്നനെ നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍ ഉത്ഭവിച്ചു കഴുത്തിലൂടെ താഴേക്കൊഴുകാന്‍ തുടങ്ങി.

പിന്നെയവിടെ നിന്നില്ല. മുന്നിലൂടെ വന്ന ഒരു ഓട്ടോ റിക്ഷയ്ക്കു കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി വീട്ടിലേക്ക്.

 "രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ങേ..ഓടുന്ന റിക്ഷയുടെ കാറ്റിലിളകിപ്പറന്നു കൊണ്ടിരുന്ന റഗ്സീന്‍ ഷീറ്റുകള്‍ തന്നോട് സംസാരിക്കുന്നുവോ?!!!"

"ശരിയാണ് നീലൂ... പക്ഷേ അത് പറഞ്ഞ നീ തന്നെ...... "

ജീന്‍സിന്‍റെ പോക്കറ്റിലിരുന്നു മൊബൈല്‍ ഫോണ്‍ അപ്പോഴും തുടര്‍ച്ചയായി റിംഗ് ചെയ്യുന്നുണ്ടായിരുന്നു.... അതിന്‍റെ സ്ക്രീനില്‍ 'നീലു' എന്ന് തെളിഞ്ഞു കൊണ്ടിരുന്നതു ശ്രദ്ധിച്ചില്ല...

"എന്താ രമേഷ്... അവധിയാണെന്ന് പറഞ്ഞിട്ടു ഇങ്ങനെയുമുണ്ടോ ഒരു കുംഭകര്‍ണ്ണ സേവാ.. കഷ്ടംണ്ട് ട്ടോ.. മണി ദേ പത്തരയായി.. പ്ലീസ് ഒന്ന് എണീക്കെന്റെ കണ്ണാ..." പാത്രം കഴുകിത്തുടച്ച്‌ ഈര്‍പ്പം മാറാത്ത നീലിമയുടെ കൈത്തലം നെറ്റിയില്‍ പതിച്ചപ്പോള്‍ രമേഷ് കണ്ണു തുറന്നു..

നിഷ്ക്കളങ്കമായി പുഞ്ചിരി തൂകിക്കൊണ്ട്‌ ചായക്കപ്പുമായി അരികില്‍ നില്‍ക്കുന്ന നീലിമയെ അവന്‍ ഒരു നിമിഷം അവിശ്വസനീയതയോടെ നോക്കി. തലേ രാത്രി എം. ജി. റോഡിലെ ബ്ലൂ മൂണ്‍ തിയേറ്ററില്‍ സിനിമ കണ്ടു അതിനടുത്തുള്ള ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു വളരെ വൈകിയാണ് കിടന്നിരുന്നത് പെട്ടെന്നു രമേഷ് ഓര്‍ത്തു.

ആകസ്മികമായെന്നോണം അവള്‍ ധരിച്ചിരുന്ന ആ ചുരിദാറിലെ മഴവില്‍ വര്‍ണ്ണങ്ങള്‍, തെറ്റിദ്ധാരണ മൂലം നിറം മങ്ങിപ്പോയിരുന്ന തന്‍റെ മനസ്സിലെ കൊച്ചു മഴവില്ലുകള്‍ക്ക് ഉജ്ജ്വലശോഭ എകുന്നതായി അവന്‍ അറിഞ്ഞു. ഒരു നെടുവീര്‍പ്പോടെ രമേഷ് നീലിമയെ വലിച്ചു കരവലയത്തിലൊതുക്കി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

ടീപ്പോയില്‍ ഇരുന്ന ചായക്കപ്പിലെ ചായ തണുത്ത് ഉപരിതലത്തില്‍ പാട കെട്ടി.
- ഗുരുവായൂര്‍

ചപല മാനസം

എറിയുന്നോ എന്നെ വലിച്ചെറിയുന്നുവോ,  
എന്നുമനുഗ്രഹം പൊഴിച്ചൊരെന്നെ.
ജീവിത ക്ലേശങ്ങള്‍ വന്നണഞ്ഞീടവേ 
പാരാതെ ചാരത്തണഞ്ഞു നീയും. 

ദീപം തെളിയിച്ചും പൂവുകള്‍ ചൂടിച്ചും 
സാഷ്ടാംഗം നീയെന്നെ നമിച്ചിരുന്നു.
എന്‍ പ്രസാദങ്ങളേകുമാശ്വാസങ്ങള്‍ 
വിശ്വാസ നിര്‍വൃതിയായിരുന്നു. 

നിന്നെയതുവരേ  നയിച്ചയാ സത്തയെ
തഴഞ്ഞു വന്നെന്നെ പുണര്‍ന്നതും നീ    
പിന്നെയെന്‍ ശക്തി തന്‍ ശീതളച്ഛായയില്‍ 
എന്നുമാമോദമായ് മരുവി നീയും  

എന്തു ചെയ്തു  ഞാന്‍ നിന്നിലിന്നേവം 
എന്നെത്തഴഞ്ഞീടും ചിന്തകള്‍ക്കായ് 
എപ്പോഴുമെന്നുമൊരു കൈത്താങ്ങായി    
എന്നെത്തന്നെയങ്ങു ഹോമിച്ചതോ?

ഇന്നു നീ കാണുന്ന മരുപ്പച്ചയൊക്കെയും
അക്കരെപ്പച്ചയായ് മാറീടുമ്പോള്‍ 
ഓടിക്കിതച്ചു നീ നട്ടം തിരിയുമ്പോള്‍ 
മാത്രം നീയോര്‍ക്കുമാ ശുംഭത്തരം 

കണ്ണില്‍ നിറഞ്ഞീടും തിമിരവലകളാല്‍  
മണ്ണിലെ കാഴ്ച്ചകള്‍ മങ്ങീടുമ്പോള്‍. 
ഉള്ളില്‍ നിറയും നിന്‍ മുഷ്ക്കര ഭാവങ്ങള്‍   
മുള്ളില്‍പ്പതിക്കുമെന്നോര്‍ക്കുക നീ..   

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലൊരിക്കലും
ഇക്കരെ നില്ക്കുകില്‍ അക്കരെപ്പച്ചയും  
നടക്കുന്നതിനെ വിട്ടു ഓടുമത് പുല്‍കും
ചപലമാം മാനസം തന്‍ ചെയ്തികള്‍    

വിശ്വാസം പോലും വിലയിട്ടു വാങ്ങീടും 
അതിശയ ബുദ്ധി തന്‍ കന്ദരങ്ങള്‍ 
കേവല മാനുഷ ജീവസന്ധാരണം
കനിയില്ലൊരിക്കലും  ഭാവികയില്‍. 

ഗുരുവായൂര്‍ 

കന്ദരം = ഗുഹ 
ഭാവിക = ഭാവിയില്‍ വരാനുള്ള