Thursday, April 27, 2017

നിഴലിനെ പേടിച്ചവന്‍

ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദംകേട്ടാണ് രാത്രിനേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നുപഠിച്ചിരുന്ന എട്ടാംക്ലാസുകാരനായ സുധി, ഭയപ്പാടോടെ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കിയത്. ഒരു കറുത്ത ആള്‍രൂപം വീട്ടുമുറ്റത്തുള്ള കയ്യാലയുടെ പിറകില്‍നിന്ന് തന്നെ ഒളിഞ്ഞുനോക്കുന്നതായും, ഞൊടിയിടയില്‍ അപ്രത്യക്ഷമായതായും അവനു തോന്നി.

"അമ്മേ.. അയ്യോ.. ഞാന്‍ പറയാറുള്ള നിഴല്‍രൂപം ദേ വീണ്ടും വന്നൂ.. "

"എന്താടാ.. എന്ത് പറ്റീ.."

അമ്മേ നിഴല്‍ഭൂതം...  എന്നേതന്നെ നോക്കുവായിരുന്നു അമ്മേ? ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി അമ്മാവന്റെ വീട്ടില്‍പോയി താമസിക്കാം.. അല്ലേല്‍ ആ പ്രേതം നമ്മളെയൊക്കെ കൊല്ലും .. മിനിഞ്ഞാന്ന് രഘൂന്റെവീട്ടിലെ പശൂനെ കൊന്നത്രേ. ശശിമാമയുടെ വീട്ടിലെ ആ അമേരിക്കന്‍പട്ടിയെ കൊന്നതും അതാണത്രേ..  മൃഗങ്ങളെ കിട്ടാതായാല്‍ കുട്ട്യോളുടെ ചോരകുടിക്കാന്‍ നിഴല്‍ഭൂതങ്ങള്‍ വരുംന്നാണ് ശങ്കുമുത്തച്ഛന്‍ പറയണേ.. "

"പിന്നേ... അതുവല്ല വാഴക്കൈയും ഇളകിയതാവും.. ഓരോന്നും പറഞ്ഞ് പടിക്കാതിരിക്കാനുള്ള  സൂത്രങ്ങള്‍.... മടിയന്‍"

നടയിലകത്ത്‌ കൂനിക്കൂടികിടന്നിരുന്ന മുത്തശ്ശി വാതില്‍ക്കലേക്ക് വേച്ചുവേച്ചുവന്ന്‍, വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു.

"ന്താ കുട്ടി കരയണേ.. ആ അശ്രീകരം പിന്നേം വന്നോ..?

"ങ്ങും.."

"അത് നെഴല്‍പൂതൊന്ന്വല്ലാ കുട്ട്യേ...  ഒറ്റ്ലിച്ചിയാണ്  ഒറ്റ്ലിച്ചി... പോണവഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ന്‍റെ ചെര്‍പ്പംമൊതലേ അയിനെ ഞാന്‍ കാണുന്നതല്ലേ.. നെന്റെ മുത്തച്ഛന്‍ ഒരിക്കലീ ചെകുത്താനെ കണ്ടുപേടിച്ച് കുട്ടന്‍വൈദ്യര്‍ടെ അവടെ നാലൂസാ ബോധല്ല്യാണ്ട് കെടന്നേ... പഠിപ്പൊക്കെ മത്യെന്റെ കുട്ട്യേ... ശീഘ്രം നാമംജപിച്ച് ന്റെടുത്ത് വന്നുകെടന്നോളാ.."

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."

തന്നോട് പറ്റിച്ചേര്‍ന്നുകിടന്ന സുധിമോനെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍കൊണ്ട് ചേര്‍ത്തുപിടിച്ച്, വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രമുരുവിട്ടു.

"പിന്നേ.. ഒരു ഒറ്റ്ലിച്ചിയും കിറ്റ്ലിച്ചിയും.... ഈ അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞുകൊടുത്ത് കുട്ട്യേ ഭയപ്പെടുത്തണേ.. അവന് നാളെ പരീക്ഷയുള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോടാ?..."

സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുപ്രതികരണമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴിമൂടിപ്പുതച്ച്ക തിരിഞ്ഞുകിടന്നു.

മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയേയും സുധിയേയും അനാഥമാക്കിയതിനുപുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.

തയ്യല്‍ജോലിയില്‍നിന്നുകിട്ടുന്
ന വരുമാനംകൊണ്ട് സരസ്വതിയമ്മ കുടുംബംപോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുത്ത് വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരുവരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.

"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു!!..."

ചവിട്ടിവന്ന സൈക്കിള്‍, സ്റ്റാന്‍ഡില്‍ വയ്ക്കാനുള്ള സംയമനംപോലും കാണിക്കാതെ സുധി, അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്ന സരസ്വതിയമ്മയെ എടുത്തുയര്‍ത്തി.

"മോനേ.. കൈയില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. " കൈകള്‍ സുധിയുടെ കുപ്പായത്തില്‍തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

ആ മാതാവിന്‍റെ കണ്ണുകളില്‍നിന്ന്‍ സന്തോഷ-ചാരിതാര്‍ത്ഥ്യങ്ങളുടെ പുഴയൊഴുകി, അവന്റെ ഉടുപ്പിനെ നനച്ചു. താഴെനിറുത്തിയവഴി അവര്‍ അവന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

"നിന്റെ അച്ഛന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു നീയൊരു എസ് ഐ ആവുണമെന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ മിടുക്കാ.."

"അമ്മേ... ഇനിയെങ്കിലും പറഞ്ഞൂടേ.. എന്‍റെ അച്ഛന്‍ എവിടെയാണെന്ന്?... പ്ലീസ് അമ്മേ.. "

"ങ്ങും.. പറയാം മോനേ... കുറച്ചുകൂടി സമയം എനിക്ക് തരൂ.. ഒക്കെ അമ്മ പറയാംട്ടോ...."

ട്രെയിനിംഗ് കഴിഞ്ഞ് ആദ്യത്തെ നിയമനം  കേരളത്തിന്‍റെ അതിര്‍ത്തിയിലുള്ള ഒരു കുപ്രസിദ്ധ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടേയും  തസ്ക്കരവീരന്മാരുടേയും ആസ്ഥാനം.

മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ് ഐ സുധി. നിഴല്‍ഭൂതങ്ങളെന്നുകേട്ടാല്‍വരേ ഭയന്നുവിറച്ചിരുന്ന സുധിയല്ലാ  ഇന്നത്തെ സുധി. കാര്യക്ഷമവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നല്ലൊരു പ്രതിച്ഛായ സുധി നേടി.  പല സങ്കീര്‍ണ്ണമായ കേസന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധി നിയോഗിക്കപ്പെട്ടു.

"അമ്മേ.. ഇന്നലെ ഞാനൊരു വലിയ കള്ളനെ പിടിച്ചു. ഇരുട്ട് ഭാസ്കരന്‍. എന്‍റെ  വെടികൊണ്ടിട്ടുവരേ അയാള്‍ രണ്ടുമൂന്നു പോലീസുകാരെ അടിച്ചിട്ട്  കായംകുളം കൊച്ചുണ്ണിയേപോലെ ഓടിക്കളഞ്ഞു. ഞാന്‍  വിടുമോ. പക്ഷേ  അയാള്‍ പെട്ടെന്ന്  സ്വയം കീഴടങ്ങി. ചാവാനുള്ള മുറിവൊന്നും ഇല്ലെങ്കിലും  അയാള്‍ക്ക്‌ പെട്ടെന്ന്‍ ഹൃദയസ്തംഭനം ഉണ്ടായി. ഇപ്പോള്‍  ആശുപത്രിയിലാക്കിയാണ്  ഞാന്‍  വരുന്നത്."

"അയ്യോ  മോന്  വല്ലോം  പറ്റ്യോ?"

"ഹേയ് ഇല്ലമ്മേ.. ഇതൊക്കെ  ചീളുകേസുകള്‍  അല്ലേ? പക്ഷേ, രക്ഷപ്പെടാമായിരുന്നിട്ടും അയാളെന്തേ കീഴടങ്ങിയത് എന്നാണ് മനസ്സിലാവാത്തത്. ഹും.. ചിലപ്പോള്‍ സുധിയെക്കുറിച്ച് നല്ലവണ്ണം അറിയുന്നതുകൊണ്ടാവും.. പിടികിട്ടാപുള്ളിയെ പിടിച്ചതിന് എന്തായാലും ഒരു  പ്രൊമോഷന്‍  ഉറപ്പാ.." അവന്‍ കണ്ണാടിയില്‍നോക്കി  മീശപിരിച്ചു.

പിറ്റേദിവസം സരസ്വതിയമ്മ മുറ്റമടിക്കുമ്പോഴാണ്, പത്രക്കാരന്‍ പത്രമിട്ടുപോയത്. അതെടുത്ത് തിണ്ണയിലേക്ക് വയ്ക്കാന്‍ മുതിരുമ്പോള്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.

"ഇരുട്ട് ഭാസ്ക്കരന്‍ വെട്ടില്‍!.. "എസ് ഐ സുധി കള്ളനെ കൈയാമംവച്ച് കൊണ്ടുവരുന്ന ഫോട്ടോ.

'ഈശ്വരാ... ഇത് അങ്ങേരല്ലേ?!!.... ഫോറിന്‍സാധനങ്ങളുടെ ബിസിനസ് ആണെന്നുപറഞ്ഞിട്ട്  ഇതായിരുന്നോ പരിപാടി?...'  സരസ്വതിയമ്മ തലചുറ്റിവീണു.

സന്ധ്യകഴിഞ്ഞ നേരത്ത് അവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ സുധി അരികിലുണ്ടായിരുന്നു.

"മോനേ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. ചെറുപ്പത്തില്‍ നീ ഭയപ്പെട്ടിരുന്ന നിഴല്‍ഭൂതത്തെയാണ്‌ നീയിപ്പോള്‍ പിടിച്ചിരിക്കുന്നത്... നിന്‍റെ  അച്ഛനാണത്. നിന്നെ ഞാനെന്‍റെ വയറ്റില്‍ച്ചുമക്കുന്ന  കാലത്ത് അച്ഛനും കൂട്ടുകാരുംകൂടി കള്ളനെന്നുകരുതി  ഒരാളെ തല്ലിച്ചതച്ചിരുന്നു. അയാള്‍ മരിക്കുകയുംചെയ്തു. പക്ഷേ, അയാള്‍  കള്ളനായിരുന്നില്ലാ. എവിടെനിന്നോ വന്നൊരു ഭ്രാന്തനായിരുന്നു. പോലീസിനെ വെട്ടിക്കാന്‍ അന്ന്  നാടുവിട്ടതാ നിന്‍റെ അച്ഛന്‍. ഇടയ്ക്ക് നിന്നേയും എന്നേയും കാണാനുള്ള കൊതികൊണ്ട് രാത്രിനേരത്ത് നമ്മുടെ വീട്ടിലേക്കുവരുമായിരുന്നു. നിഴല്‍ഭൂതമെന്നാണ് മോന്‍ അച്ഛന് പേരിട്ടിരിക്കുന്നത്  എന്ന് ഞാന്‍ പറഞ്ഞതുകേട്ട്‌ നിന്‍റെ അച്ഛന്‍ ഒരുപാടുചിരിക്കുമായിരുന്നു. നിന്‍റെ പഠിപ്പിനുള്ള എല്ലാപണവും അച്ഛന്‍ എനിക്ക് എത്തിച്ചുതന്നു.. നിന്നോട്  യാതൊന്നും വെളിപ്പെടുത്തരുതെന്ന് കര്‍ശനമായി പറഞ്ഞിരുന്നു. ആ അച്ഛനെയല്ലേ മോനേ നീ...." അവര്‍ മോഹാലാസ്യപ്പെട്ട് ആശുപത്രിക്കിടക്കയിലേക്ക്  ചരിഞ്ഞു.

ഭ്രാന്തുപിടിച്ച സുധി ജീപ്പെടുത്ത് ഇരുട്ട് ഭാസ്ക്കരനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. മൊബൈലില്‍ കോണ്‍സ്ട്ടബിള്‍ രാജേഷിന്‍റെ കാള്‍. വണ്ടി ഓരത്തെക്കൊതുക്കി ഫോണ്‍ എടുത്തു.

"സര്‍... ഇരുട്ട് കൈയീന്നുപോയി സാറേ... "

"ങേ... വീണ്ടും രക്ഷപ്പെട്ടോ?.. നിങ്ങളെയൊക്കെ എന്തുനോക്കാനാണ് ഞാനവിടെ  നിറുത്തിയിരിക്കുന്നേ.. കഷ്ടം..."

"അല്ല സാറേ... ആള്  വടിയായി... "

"ഷിറ്റ്...."  നിയന്ത്രണംവിട്ട് സുധി ആ മൊബൈല്‍ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞ്  തലയ്ക്കുകൈകൊടുത്തിരുന്നു വിതുമ്പി.

"മോനേ... സുധിമോനേ... " ആര്‍ദ്രമായൊരു വിളികേട്ട് അവന്‍ ഇരുട്ടിലേക്ക്  പകച്ചുനോക്കി...

ഒരു തേക്കുമരത്തിന്‍റെ മറവില്‍നിന്നും ഒരു നിഴല്‍രൂപം തന്നെ ഉറ്റുനോക്കുന്നു. ചെറുപ്പത്തില്‍ കാണാറുണ്ടായിരുന്ന അതേരൂപം!..

"എന്‍റെ അച്ഛാ...." ജീപ്പില്‍നിന്നിറങ്ങി ആ  രൂപത്തെ ലക്ഷ്യമാക്കി സുധി ഓടി.

- ജോയ് ഗുരുവായൂര്‍

എന്‍റെ വിധി

ജില്ലാ സെഷന്‍സ് കോടതിപരിസരം ജനനിബിഡം. പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. ഹെഡ്മാസ്റ്റര്‍ തിലോത്തമന്‍പിള്ള പ്രതിയായ കേസിന്റെ വിധിപറയാനിനി നിമിഷങ്ങള്‍ മാത്രം. ചാനലുകാരും പത്രക്കാരും പോലീസുകാരുമൊക്കെയുമായി ആകെയൊരു ബഹളപ്രതീതി. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവുകൂടിയാണ് പ്രതിയെന്നതിനാല്‍ ഈ കേസ് ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രീയസമ്മര്‍ദ്ദംമൂലം സാക്ഷികള്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞതും വാദിപക്ഷത്തിന്റെ സാമ്പത്തിക പരാധീനതകളുംമൂലം ശക്തമായൊരു ചെറുത്തുനില്പ്പ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടാകാതിരുന്ന സാഹചര്യത്തില്‍, സുവ്യക്തമായ തെളിവുകളുടെ അഭാവവുംകൊണ്ട്, കോടതിവിധി പ്രതിക്കനുകൂലമായിരിക്കുമെന്നാ
ണ് മൊത്തത്തില്‍ വിലയിരുത്തപ്പെടുന്നതും. രാഷ്ട്രീയഅനുയായികളുടെ മദ്ധ്യത്തില്‍ ശുഭാപ്തിവിശ്വാസപൂരിതനായി തിലോത്തമന്‍പിള്ള കാണപ്പെട്ടു.
 
ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഒരു വനിതകൂടിയായതിനാല്‍ എന്തായിരിക്കും വിധിയെന്നുള്ള ആകാംക്ഷയും എല്ലാവരിലുമുണ്ട്. സി.പി. സരളാദേവി ആ കോടതിയില്‍ ജഡ്ജായി ചാര്‍ജ് എടുത്തത് അടുത്തിടെയായിരുന്നു.

വിധിപറയാന്‍ ഉപവിഷ്ടയായ അവരുടെ മുഖത്ത് നിശ്ചയദാർഢ്യം സ്ഫുരിച്ചുനിന്നു.

"മൂന്നുവര്‍ഷങ്ങളോളം നീണ്ടുപോയ ഈ കേസിനാസ്പദമായിരുന്ന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചുകൊണ്ട്  കേസിനെ ദുര്‍ബ്ബലപ്പെടുത്താനും പ്രതിഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെക്കുറിച്ച് കോടതിക്ക് സുവ്യക്തമായ ബോദ്ധ്യമുള്ളതിനാലും സാഹചര്യത്തെളിവുകളെ പഴുതില്ലാതെ പ്രതിരോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിക്ക് ആറുവര്‍ഷം  കഠിനതടവും പന്ത്രണ്ടുലക്ഷംരൂപ പിഴയും ഈ കോടതി വിധിക്കുന്നു. പിഴയൊടുക്കാന്‍ തയ്യാറാവാത്തപക്ഷം നാലുവര്‍ഷംകൂടി തടവുശിക്ഷ ദീര്‍ഘിപ്പിക്കുന്നതായിരിക്കുമെന്നും വിധിക്കുന്നു."

പലരിലും ഞെട്ടലുണ്ടാക്കിയ വിധിപ്രസ്താവ്യം കോടതിവളപ്പില്‍ സംഘര്‍ഷസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. മാദ്ധ്യമങ്ങള്‍ക്ക് ആഘോഷത്തിനുള്ള അവസരവും.

ചെറുപ്പംമുതലേ, അടക്കവും ഒതുക്കവും കൈമുതലായുണ്ടായിരുന്ന കുട്ടിയായിരുന്നു സരളാദേവി. വീട്ടിലെ സാമ്പത്തികപരാധീനതകള്‍മൂലം പാലക്കാടുള്ള അമ്മാവന്‍റെ വീട്ടില്‍നിന്നായിരുന്നു അവളുടെ പഠനം. പഠിക്കാന്‍ അത്രയേറെമിടുക്കിയായിരുന്നില്ലെങ്കിലും പ്രായത്തില്‍ക്കവിഞ്ഞ ദേഹവളര്‍ച്ച അവളേ പലരുടെയും ശ്രദ്ധാകേന്ദ്രമാക്കി. പ്രത്യേകിച്ച് മാംസദാഹികളുടെ.

"സരളാദേവി ഉച്ചയ്ക്കുള്ള ഇന്റര്‍വെല്ലിനു സ്റ്റാഫ്റൂമില്‍ എന്നെവന്നു കാണുക" കണക്കുമാഷുടെ ഉത്തരവ്.

കണക്കുപരീക്ഷയില്‍ തോറ്റതിനുള്ള ഉപദേശം തരുന്നതിനായിരിക്കും. വീട്ടിലെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാവുന്ന പുകിലുകളെക്കുറിച്ച് ഓര്‍ത്തവള്‍ വ്യാകുലപ്പെട്ടു. വിറച്ചുവിറച്ചായിരുന്നു അവളവിടെ ചെന്നത്. അവളേ അയാള്‍ സ്പോര്‍ട്സ് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളിരുന്ന മേശയ്ക്കഭിമുഖമായുണ്ടായിരുന്ന കസേരയില്‍ ഇരിക്കാന്‍ ആജ്ഞാപിച്ചു.

"എന്താ കുട്ടീ പഠിക്കാന്‍ ഈയിടെ ശ്രദ്ധവയ്ക്കാത്തത്?.. ഭാസ്ക്കരനോട് പറയണോ ഞാന്‍?.."

"അയ്യോ മാഷേ അമ്മാവനോട് പറയല്ലേ പ്ലീസ്.. അതോടെ അവരെന്‍റെ പഠിപ്പുനിറുത്തി, എന്നെ നാട്ടിലേക്ക് തിരിച്ചയക്കും. പിന്നെ എനിക്ക് കൂലിപ്പണിക്ക് പോകാനായിരിക്കും വിധി.." അവള്‍ കരഞ്ഞുപറഞ്ഞു.

"ങ്ങും.. എങ്കില്‍ ഇനിമുതല്‍ എന്നെ അനുസരിക്കുക. ഞാന്‍ വിളിക്കുമ്പോഴൊക്കെ ഇവിടെ വരണം. കേട്ടോ?.." അതുപറയുമ്പോള്‍ അയാളുടെ നഗ്നപാദങ്ങള്‍ അവളുടെ കണങ്കാലിലൂടെ മുകളിലോട്ടിഴഞ്ഞ് തുടയിടുക്കിലെത്തിയത് ഒരു ഞെട്ടലോടെ അവളറിഞ്ഞു. തീക്ഷ്ണമായ അയാളുടെ നോട്ടത്തിനുമുന്നില്‍ പതറി, ജീവച്ഛവംപോലെ അവളിരുന്നു.

പലതവണ പലവിധത്തില്‍ ഈ പീഡനം അനുഭവിക്കുമ്പോഴും അതിനെക്കുറിച്ച് പുറത്തുപറയാന്‍ അശക്തയായിരുന്നു അവള്‍. അതേ ക്ലാസ്സില്‍ പഠിക്കുന്ന ഉറ്റകൂട്ടുകാരിയും മാഷിന്‍റെ മകളുമായ രേവതിയോടുവരെ എല്ലാമവള്‍ മറച്ചുവെച്ചു.   സ്വന്തം അച്ഛനെക്കുറിച്ച് അവളോട്‌ എന്ത് പറയാന്‍. പത്താംക്ലാസ് കഴിയുന്നതുവരെയും അവളെ അയാള്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നുപ്രതികരിക്കാന്‍വരെ കഴിയാത്ത തന്‍റെ ദുര്‍വ്വിധിയെ ശപിച്ചുകൊണ്ട് ആ പള്ളിക്കൂടത്തിന്‍റെ പടിയിറങ്ങുമ്പോള്‍ ഒന്നവള്‍ തീരുമാനിച്ചിരുന്നു. ഒരു വക്കീലാവണം.

ഈശ്വരന്‍ സര്‍വ്വശക്തനാണ്. അതല്ലേ ഇനിയൊരിക്കലും കണ്ടുമുട്ടുകപോലുമില്ലായെന്നു കരുതിയ തിലോത്തമന്‍മാഷിനെ വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുന്നില്‍ കൊണ്ടുവന്നുനിറുത്തിത്തന്നത്!. കാമം തീര്‍ക്കാനുള്ള ഒരുപകരണംപോലെ, ബലമായി തന്നെയുപയോഗിച്ചിരുന്ന ആട്ടിന്തോലിട്ട ആ ചെന്നായ,  ഭയഭക്തിബഹുമാനങ്ങളോടെ തന്‍റെ മുന്നില്‍ നമസ്കരിച്ചുനിന്നത്!!.... അയാള്‍ക്ക്‌ തന്നെ മനസ്സിലായിട്ടില്ലായെന്നതുറപ്പ്. തനിക്കുശേഷം എത്രയോ പെണ്‍കുട്ടികള്‍ ഇയാളുടെ ഇരകളായിക്കാണും..

അയാള്‍ക്കെതിരെയുള്ള കേസ് പഠിക്കാനും ചടുലമായ വിധിനിര്‍ണ്ണയം നടത്താനും ഈ ലോകത്തില്‍ തന്നേക്കാള്‍ യോഗ്യരായ മറ്റാരുമുണ്ടാവുമെന്നു തോന്നുന്നില്ലാ.. സമൂഹദൃഷ്ടിയില്‍ നല്ലപിള്ളചമഞ്ഞുനടക്കുന്ന വെള്ളയടിച്ച കുഴിമാടങ്ങളെ.... മറ്റുള്ളവര്‍ക്കുവേണ്ടി നിങ്ങള്‍ അനുദിനം  കുഴിച്ചുകൊണ്ടിരിക്കുന്ന വാരിക്കുഴികളില്‍ ഇന്നല്ലെങ്കില്‍നാളെ, നിങ്ങള്‍ത്തന്നേ നിപതിച്ചിരിക്കും.

ജീവിതസായൂജ്യം നേടിത്തന്നപോലുള്ള ഒരു ദിവസം!...

കണ്ണടയൂരി മേശമേല്‍വെച്ചുകൊണ്ട് കിടക്കയിലേക്ക് ചായുമ്പോള്‍ സരളദേവിയുടെ മനസ്സ് പെയ്തൊഴിഞ്ഞവാനംപോലെ ശാന്തമായിരുന്നു.

- ജോയ് ഗുരുവായൂര്‍

ക്രൂശിതര്‍

ഒരുതുള്ളി വെള്ളവുമൊരുകൊക്കു ധാന്യവും
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.

കൂട്ടിലെ കുഞ്ഞുങ്ങള്‍ വാവിട്ടലയ്ക്കുമ്പോ-
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.

ഒരുകുഞ്ഞുകിളിയിതാ വഴിയില്‍ക്കിടക്കുന്നു
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.

വ്യവസായശാലകള്‍ തള്ളിവിട്ടീടുന്ന,
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.

കാലിയാംകൊക്കുമായ് കൂട്ടിലണയുവാ-
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.   

ഉലകത്തിന്‍നാഥനായ് വാഴുന്ന മാനവാ,
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?

- ജോയ് ഗുരുവായൂര്‍

Wednesday, April 26, 2017

ബന്ധങ്ങളിലെ ബന്ധനങ്ങള്‍

"അമ്മേ... ദേ അച്ഛന്‍ ചുമ്മായിരുന്നു ചിരിക്കുന്നൂ.. " അടുക്കളയിലായിരുന്ന സരയൂവിനോട് ലച്ചൂട്ടി വിളിച്ചുപറഞ്ഞു..

"എടീ.. ഓരോരുത്തര്‍ ഫേസ്ബുക്കില്‍ ഇടുന്ന തമാശകള്‍കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?.. മനുഷ്യനൊന്നു ചിരിക്കാന്‍വരെ സ്വാതന്ത്ര്യമില്ലേ ആവോ?..." മുഖത്ത് വന്ന ജാള്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞു.

"ഹും ഹും.. ഈയിടെ ഈ ഫേസ്ബുക്ക് നോട്ടം ഇച്ചിരി കൂടുന്നുണ്ട്.. സമയമെത്രയായീന്നറിയാമോ... ഓഫീസില്‍പോകുന്നില്ലേ മനുഷ്യാ?.."

അപ്പോഴാണ്‌ അയാള്‍ക്ക്‌ സമയബോധമുണ്ടായത്. ഉടനേ വസ്ത്രംമാറി ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണിലെ മെസഞ്ചര്‍ ഓണ്‍ ആക്കി കൈയകലത്തില്‍ത്തന്നെ വയ്ച്ചു. സുനീതിയുടെ മെസേജ് വരുന്ന സമയത്തുതന്നെ പ്രതികരിച്ചില്ലെങ്കില്‍ അതുമതിയവള്‍ക്ക് പിണങ്ങാന്‍.

സുനീതി....... അവള്‍ ആരായാലും താനവളെ പ്രണയിക്കുന്നു... സോഷ്യല്‍ നെറ്റ്വര്‍ക്കുകളോടുള്ള തന്‍റെ പുച്ഛം, ആരാധനയായി മാറ്റിയത്  അവളുമായുള്ള മാസ്മരിക ബന്ധമാണ്. ഒരിക്കല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന സരയൂവിനെ വഴക്കുപറഞ്ഞ് അവളുടെ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചവനാണ് താന്‍...

"ഹായ് ഗുഡ് മോര്‍ണിംഗ്!.." ഇന്‍ബോക്സില്‍ വന്ന മെസേജിലേക്ക് ആര്‍ത്തിയോടെ അയാള്‍ നോക്കി.. പിന്നീട് ഓഫീസെത്തുന്നതുവരെ അയാളുടെ ഇടതുകൈ സുനീതിയുമായുള്ള സംവേദനത്തിനായി നിയോഗിക്കപ്പെട്ടു.

ജീവിതത്തെക്കുറിച്ച് തീക്ഷ്ണമായ വീക്ഷണങ്ങളുള്ള സ്ത്രീയാണ് സുനീതി. യാഥാസ്തികചിന്താഗതികളുള്ള കുടുംബത്തിലെ ഉത്പന്നമായ താനിതേവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത  കാര്യങ്ങള്‍ അവള്‍ അനര്‍ഗ്ഗളമായി തന്നോട് ചര്‍ച്ചചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന സങ്കോചമനസ്ഥിതിയേക്കുറിച്ചും മുരടന്‍സ്വഭാവത്തെക്കുറിച്ചുമെ
ല്ലാം അപകര്‍ഷബോധം തോന്നും.

ജീവിതമെന്നാല്‍ ആരുടേയും കാല്ക്കല്‍ പണയം വയ്ക്കാനുള്ളതല്ലാ.. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സ്വതന്ത്രമായി ജീവിച്ചുതീര്‍ക്കാനുള്ളതാണ് അത്.. ഭാര്യ ഭര്‍ത്താവിന്റെയോ, ഭര്‍ത്താവ്  ഭാര്യയുടെയോ അടിമയാവരുത്... അതേപോലെത്തന്നേ, ഇടപഴകുന്ന ഓരോരുത്തരുടേയും വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ നാം പഠിക്കണം.. സുനീതിയുടെ അഭിപ്രായങ്ങളോട് ആദ്യം വിരക്തിതോന്നിയെങ്കിലും പിന്നീട് അവയെല്ലാം നൂറുശതമാനം ശരിയാണെന്നു തോന്നി. വിവാഹിതരായവര്‍ അന്യവ്യക്തികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ തെറ്റല്ലാ എന്നുവരെ അവള്‍ സമര്‍ത്ഥിച്ചപ്പോള്‍ തന്നിലെ യാഥാസ്ഥിതികന്‍ ഒരുവേള സടകുടഞ്ഞെഴുന്നേറ്റു. എന്നാല്‍, കാര്യകാരണസഹിതമുള്ള അവളുടെ ന്യായീകരണങ്ങള്‍ക്കുമുന്നില്‍ തനിക്ക് അധികം പിടിച്ചുനില്ക്കാനായില്ല.

വിരസതയൊഴിവാക്കാന്‍ ജീവിതം എന്നും വ്യത്യസ്തകള്‍ നിറഞ്ഞതാക്കാന്‍ ശ്രമിക്കണം.   ദിനചര്യകള്‍വരേ നമ്മള്‍ മാറ്റിക്കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ ബോറടിച്ചുപോകും. മരണംവരേയും ഒരു സസ്യഭുക്ക് ആയിരിക്കുമെന്നും ഒരേ ആദര്‍ശങ്ങളെ പിന്‍തുടരുന്ന വ്യക്തിയായിരിക്കുമെന്നും മറ്റൊരു വ്യക്തിയെ മോഹിക്കുകയില്ലായെന്നുമൊക്കെ പ്രതിജ്ഞയെടുക്കുന്നവരൊക്കെ വിഡ്ഢികളാണ്. എന്താണ് മരണാനന്തരം അവര്‍ക്ക്  ലഭിക്കാന്‍ പോകുന്നത്? ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാത്ത  സുഖങ്ങള്‍ മരിച്ചതിനുശേഷം ആസ്വദിക്കാനാവുമോ? വിവാഹം എന്നൊരു ബന്ധനത്തില്‍ ജീവിതം ഹോമിക്കുന്നതുതന്നെ എത്രയോ വലിയ അബദ്ധമാണ്. നമുക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെയെല്ലാം നമുക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കണം. കുട്ടികള്‍ ഉണ്ടായിക്കോട്ടേ.. മക്കളെല്ലാം ഒരേ പങ്കാളിയില്‍നിന്നാവണമെന്ന്  എന്താണിത്ര നിര്‍ബന്ധം? ഇതെല്ലാം നമ്മുടെ പഴഞ്ചന്‍ ചിന്താഗതികള്‍ മാത്രമല്ലേ?...

സുനീതിയുടെ നീതികള്‍ തന്നെ വളരേ ആകര്‍ഷിച്ചു. ഒരു ഫോട്ടോയില്‍പോലും അവളെ കണ്ടിട്ടില്ലെങ്കിലും അവളുടെ വാക്കുകള്‍ തന്നെ അവളുടെ മായികപ്രപഞ്ചത്തിന്റെ അടിമയാക്കി. പാവം സരയൂ... ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മായികലോകത്തിലേക്കു കടന്നുകയറി, അവള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവളെ താന്‍ വഴക്കുപറഞ്ഞു. സത്യംപറഞ്ഞാല്‍, അവളിതേപോലെ വല്ലവരുമായും അടുത്താല്‍, അതുമായി സഹകരിക്കാന്‍ ഇപ്പോഴും തനിക്കാവുമെന്നുതോന്നുന്നില്ലാ. അതുപറയുമ്പോള്‍ സുനീതി തന്നെ ഒരുപാട് പഴിക്കും.

എടോ താനൊക്കെ എന്തൊരു മനുഷ്യനാടോ? എനിക്കുമില്ലേ ഭര്‍ത്താവ്... അവന്‍ അവന്‍റെ ലോകത്തില്‍.. ഞാനെന്റെയും... എന്നുവെച്ച് ഞങ്ങള്‍ത്തമ്മില്‍ ഒരു സ്നേഹക്കുറവുമില്ലാ.. അവന്‍റെ മിക്ക ബന്ധങ്ങളെക്കുറിച്ചും എനിക്ക് അറിവുമുണ്ട്. അവനും സന്തോഷത്തില്‍ ജീവിക്കട്ടേ..  എപ്പോഴുമെന്റെ ഈ മോന്തായം കാണിച്ച് അവനെ ബോറടിപ്പിക്കുന്നത് ശരിയല്ലല്ലോ. അവനൊരിക്കലും എന്നെ നിയന്ത്രിക്കാനും വന്നിട്ടില്ലാ.. അതേപോലെ സ്നേഹബഹുമാനക്കുറവുകളും കാണിച്ചിട്ടില്ലാ. എനിക്കവനെ ഒരുപാടിഷ്ടമാണ്. അവന് എന്നേയും. വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും അടുപ്പവും കൂടുകയേ ഉള്ളൂ. കൂട്ടിലടച്ച കിളിയേപ്പോലെ ഭാര്യമാരെ കാണുന്നവരാണ് നമ്മുടെ നാട്ടിലെ ഭര്‍ത്താക്കന്മാര്‍ ഏറെയും. എന്നാല്‍ അവരോ, അവര്‍ക്ക് തോന്നിയപോലെ നടക്കുന്നുമുണ്ട്. എന്നിട്ട് ഏകഭാര്യാവ്രതത്തിന്‍റെ വക്താക്കളായി ഞെളിഞ്ഞു നടക്കും. കള്ളജാതികള്‍.

മുഖമടച്ചുള്ള അടികിട്ടുന്നതുപോലെയായിരിക്കും ചിലപ്പോഴവളുടെ വാക്കുകള്‍. എങ്കിലും താനാ വാക്കുകളേയും അതിന്‍റെ വക്താവിനേയും ഒരുപാട് സ്നേഹിക്കുന്നു.. ഇഷ്ടപ്പെടുന്നു... എപ്പോഴും ആ വാഗദ്ധോരണിയില്‍ മുഴുകിയിരിക്കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിഷയത്തിലും അവളുടെ ഉത്സുകത അനിര്‍വ്വചനീയംതന്നേ!.. ടൈപ്പ് ചെയ്യുന്ന വരികളിലൂടെത്തന്നേ ഒരു സ്ഖലനത്തിന്‍റെ വക്കില്‍ തന്നെക്കൊണ്ടെത്തിക്കാന്‍പോലും പലപ്പോഴും അവള്‍ക്കായിട്ടുണ്ട്. ഇങ്ങനെവേണം പെണ്ണുങ്ങളായാല്‍... എന്ന് സമ്മതിച്ച്, തന്നിലെ യാഥാസ്ഥിതികന്‍ മുട്ടുമടക്കിയിട്ടുമുണ്ട്. ആരാധനയാണവളോടിപ്പോള്‍. കടുത്ത ആരാധന.

ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങളനുസരിച്ച് നാളെയാണ് അവളുടെ ബര്‍ത്ത്ഡേ. ഒരു നല്ല സമ്മാനം കൊടുക്കണം. അതും നേരിട്ടുതന്നേ.. ഇതേവരെ ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ലാ.. ഒരിക്കല്‍ അവള്‍ സ്വയം തന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചതായിരുന്നു. അസമയത്തെങ്ങാനും അവള്‍ വിളിച്ച്, സരയൂവെങ്ങാനും കേള്‍ക്കാനിടയായാലോ എന്നുകരുതി തന്ത്രപൂര്‍വ്വം താനന്ന് ഒഴിഞ്ഞുമാറി. അതബദ്ധമായിപ്പോയി. ഇന്നെന്തായാലും ഫോണ്‍ നമ്പര്‍ അവളോട്‌ ചോദിക്കുകതന്നേ...

"സുനീ...കാന്‍ യു ഗിവ് മി യുവര്‍ മൊബൈല്‍ നമ്പര്‍?.. ഐ വാന്റ്റ്‌ ടു സ്പീക് ടു യു... എന്നെ അറിയാലോ.. ഞാന്‍ ഒരിക്കലും മിസ്‌യൂട്ടിലൈസ് ചെയ്യില്ലാട്ടോ... പ്ലീസ് ഗിവ് മി. ഐ വില്‍ കാള്‍ യു റൈറ്റ് നവ്... "

"അതിനെന്താ  കിച്ചൂ... തനിക്കെന്നെ എപ്പോ വേണേലും വിളിക്കാം... റൌണ്ട് ദി ക്ലോക്ക്... ദിസ്‌ ഈസ്‌ മൈ നമ്പര്‍... 874*&45@$2..."

കിഷോറിന്റെ ഹൃദയം ഒന്നുതുടിച്ചു... മൊബൈല്‍ എടുത്ത് ആ നമ്പര്‍ ഫീഡ് ചെയ്യാന്‍ തുടങ്ങി.. മൊബൈല്‍ നമ്പറിന്റെ അവസാന അക്കം ടൈപ്പ് ചെയ്തുകഴിഞ്ഞയുടന്‍ മൊബൈലില്‍ തെളിഞ്ഞ സന്ദേശംകണ്ട്, പൊടുന്നനേ അയാളുടെ നെറ്റിയില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ ഒഴുകിച്ചാടി... ഹൃദയത്തിനുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു.. മനസ്സ് മരവിച്ചപോലെയായിത്തീര്‍ന്നു..

"This contact is already exists.. SARAYU New"

- ജോയ് ഗുരുവായൂര്‍

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു


കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍

മരുഭൂമിയാണ്, മരുഭൂമി ചുറ്റിലും..
മാനുഷ്യരില്ലാ മനമൊന്നു കാണുവാന്‍
വന്നിതീദിക്കിലോരുപാടുകാലമായ്
എന്നൊരുവിടുതലീ പത്മവ്യൂഹത്തില്‍?

ഞാനൊന്നുനോക്കിയെന്‍ചുറ്റിലും മെല്ലവേ
കണ്ടു, നാട്ടിലെന്‍-ഉത്തമ തോഴരേ..
കൊണ്ടു പഴിച്ചീടാനവരൊക്കെയുണ്ടിന്നു
മെന്നുമെന്നെയങ്ങ് ഭോഷനാക്കീടുവാൻ


ഏണ്ണപ്പണത്തിന്‍റെ വമ്പ് പറഞ്ഞു നീ
അന്നങ്ങു ഞങ്ങളെ വിട്ടുപിരിഞ്ഞതും
പിന്നെ കണ്ടപ്പോളത്തറ് തന്നതു-
മെല്ലാമെന്‍വമ്പെന്നു ചൊല്ലിയകൂട്ടുകാര്‍

ഇന്നെന്തേ നിങ്ങളെന്‍ഫോണെടുക്കാത്തത്?
എന്തെന്തുചെയ്തുഞാന്‍ നിങ്ങള്‍ക്കുമോശമായ്
ആയകാലത്തങ്ങദ്ധ്വാന പാതയില്‍,
സര്‍വ്വം സഹിച്ചങ്ങ് ജീവിച്ചിടുന്നതോ?

ഇനിയൊരു സുഖവുമില്ലെന്നെനിക്കറിവൂഞാന്‍
ജിവിതപന്ഥാവില്‍ സ്വപ്നങ്ങള്‍മാത്രവും.
നന്നായി ജീവിക്കൂ..യെന്‍പ്രിയ സോദരേ
പെറ്റിട്ട നാടിന്‍റെ സുന്ദര രൂപമായ്‌...

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു.
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ
..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍.

- ജോയ് ഗുരുവായൂര്‍

Wednesday, December 7, 2016

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)
======================
രചന: സച്ചിദാനന്ദന്‍
ജീവിതമോ നീ മരണമോ?
പാതിരായ്ക്കീവിധമെന്നെ വിളിക്കാന്‍
ഏതുകടലില്‍നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍, ചിലങ്കയോ തേനോ
ഈറനാം ഇന്നലെ നിന്നുറവങ്ങെന്നു
ചാറല്‍മഴയ്ക്കറിയാമോ
ഏകാന്തതകള്‍തന്‍ ഒന്നാകിലില്‍
പൂവിടും മേഘമല്‍ഹാറോ നിലാവോ
സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിക്കൂ
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
ജീവിതമോ നീ മരണമോ?!..
ജീവിതമോ നീ മരണമോ?
=======================
എന്താണ് ജീവിതം? എന്താണ് മരണം? എന്നുപോലും വിവേചിച്ചറിയാന്‍ സാധിക്കാത്തവണ്ണം ഏകാന്തതയുടെ കടുത്ത വല്മീകത്തിനുള്ളില്‍ നിവസിക്കുന്ന കവിയുടെ (കവിതാനായകന്‍റെ) ചിന്താസരണികളില്‍ വിഘ്നംസൃഷ്ടിച്ചുകൊണ്ട് അനുഭവപ്പെട്ട ഒരു പിന്‍വിളിയില്‍ കവിഹൃദയം അസ്വസ്ഥമാകുന്നു. അപൂര്‍വ്വസുന്ദരമായ ആ സ്വരമാധുരിയില്‍ ആകൃഷ്ടനായ കവിയുടെ ഹൃദയത്തില്‍ പൊടുന്നനേ പ്രണയം ഉറവെടുക്കുന്നുണ്ട്. അതേവരെയുള്ള നിസ്സംഗജീവിതത്തില്‍ പൂര്‍ണ്ണമായും നിഷ്ക്രിയരായിരുന്ന ലൌകികമോഹങ്ങളുടെ ചിതയെരിയലിനെ കെടുത്തിക്കൊണ്ട്, ഒരു നവജീവനേകാനെന്നപോലെ ഒരിക്കലും ആസ്വദിക്കാനാവാതിരുന്നത്രയും മധുരമാസ്മരികത പേറി കാറ്റിന്റെ ചിറകിലേറി വന്ന വന്ന ആ ശീലുകളില്‍ ഹൃദയം ഒരു വേള, മൃഗതൃഷ്ണാത്മകമായ മോഹങ്ങള്‍ക്ക് വശംവദമാകുന്നു. അശോകവനത്തില്‍ ബന്ധനസ്ഥയാക്കപ്പെട്ട സീതയ്ക്ക് തന്നെ പരിണയംചെയ്യാനുള്ള മനംമാറ്റമുണ്ടാകുന്നതും കാത്ത് അക്ഷമനായിരുന്ന രാവണന്‍റെ പ്രണയസങ്കല്പങ്ങള്‍ അധികമാര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. രാവണന്‍ സീതയെ മോഹിച്ചതുപോലെ, മനസ്സിലിട്ട് പ്രണയിച്ചതുപോലെ, ബഹുമാനിച്ചതുപോലെ അത്രയും അനുരാഗതീവ്രത ഒരു പുരാണകഥാപാത്രത്തിന്റേയും എന്നല്ലാ അഭിനവപ്രണയകഥകളിലെ നായകന്മാരുടേയും മനസ്സില്‍പ്പോലും ഉടലെടുത്തിട്ടുണ്ടാവില്ല. അതിനേക്കാള്‍ തീവ്രമായായിരുന്നു കവിയുടെ ഹൃദയം തുടിച്ചിരുന്നത്. മനസ്സിനെ പ്രതീക്ഷാനിര്‍ഭരമാക്കിയ ആ മധുരതരമായ തോന്നലിനെ അത്യപൂര്‍വ്വമായ ബിംബകല്പനകള്‍കൊണ്ട് സമ്പുഷ്ടമാക്കുന്നുണ്ട് കവിഭാവന. ഈ ജീവിതസായാഹ്നത്തില്‍ (പാതിരാത്രിയില്‍) അപ്രതീക്ഷിതമായി തന്നേത്തേടിവന്ന ആ സുഖകരമായ പ്രതിഭാസം, ഇനിയും ജീവിക്കാനുള്ള പ്രചോദനമായിരിക്കുമോ അതോ, മരണശേഷം ലഭിച്ചേക്കാമെന്നു വിശ്വസിച്ചുവരുന്ന മോക്ഷം ആയിരിക്കുമോ എന്ന് കവി സംശയിക്കുന്നു.
-ജോയ് ഗുരുവായൂര്‍

ആരാണ് നാം?...ഒരു വിചിന്തനം

ആരാണ് നാം?...ഒരു വിചിന്തനം 
============================

എല്ലാവര്‍ക്കും ശുഭപ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ..

എന്തൊക്കെ പറഞ്ഞാലും, ഉള്ളിന്റെയുള്ളില്‍ ശുഭപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ത്തന്നെയാണ് ഓരോ വ്യക്തികളും. കൊട്ടിഘോഷിച്ചില്ലെങ്കിലും, ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഷ്ടനഷ്ടങ്ങളില്ലാതെ ജീവിതസംബന്ധിയായ ഇംഗിതങ്ങള്‍ ഏതുവിധേനയും നടപ്പിലാകണമേയെന്നുതന്നെയായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ മനസ്സും ആഗ്രഹിക്കുന്നുണ്ടായിരിക്കുക. 

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കാലാകാലങ്ങളായി സമൂഹം, ലിഖിതമായും അലിഖിതമായും നിഷ്ക്കര്‍ഷിച്ച സദാചാരനിയമങ്ങള്‍ ബോധപൂര്‍വ്വമല്ലാതെത്തന്നേയും പാലിച്ചുജീവിക്കാനുള്ള ഉള്‍വിളി ഓരോ മനുഷ്യരിലുമുണ്ട്. എന്നാല്‍, ഈ വക നിഷ്ക്കര്‍ഷകള്‍ക്കെതിരെ ചലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളില്‍ ആകൃഷ്ടരായി ചിലര്‍ ഒഴുക്കിനെതിരെ നീന്താന്‍ ആഗ്രഹിക്കുകയും തദ്ധ്വാരാ, പൊതുജനശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വ്യക്തിദ്രോഹത്തില്‍ തുടങ്ങി, രാജ്യദ്രോഹത്തില്‍ വരെ കലാശിക്കുന്ന ഘടകങ്ങളുമുണ്ട്. ഇത്തരക്കാരുടെ മനസ്സില്‍, മുഖ്യധാരയില്‍ ഒഴുകുന്ന എല്ലാവരും കഴിവില്ലാത്തവരും നട്ടെല്ലില്ലാത്തവരുമാകുന്നു. അവിടെയാണിവര്‍ക്ക് തെറ്റുപറ്റുന്നത്. കാലാകാലമായി അനുവര്‍ത്തിച്ചുവരുന്ന, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളനിവാര്യമായ, ചില അന്ധമായ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള സദ്‌ചിന്തയുണര്‍ത്തുന്ന മഹാത്മാക്കളും, അപൂര്‍വ്വമായി ഇന്നത്തെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും കാലാന്തരേ, കവലകളിലെ രക്തസാക്ഷിമണ്ഡപങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിനേരാം..

എപ്പോഴാണ് ഒരു വ്യക്തി തെറ്റുചെയ്യുന്നത്?

പ്രതികൂലമായ സാഹചര്യത്തില്‍ നിലനില്പ്പ്‌തന്നേ ഒരു ചോദ്യചിഹ്നമാവുമ്പോള്‍, സ്വാഭാവികമായും വളഞ്ഞവഴികളിലൂടെയാണെങ്കില്‍ക്കൂടി അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടത്താത്തവര്‍ വിരളമായിരിക്കും. ലക്ഷ്യപ്രാപ്തിക്കുവേണ്ടി, അതേവരെ സ്വായത്തമാക്കി നടപ്പിലാക്കിക്കൊണ്ടിരുന്ന ധാര്‍മ്മികതയെ അല്പനേരത്തേക്ക് അവഗണിക്കാന്‍വരേ പലരും തയ്യാറായേക്കാം. ബഹുഭൂരിപക്ഷവുമടങ്ങുന്ന ഇക്കൂട്ടരെ 'പച്ചയായ മനുഷ്യര്‍' അല്ലെങ്കില്‍ സാധാരണക്കാര്‍ എന്നുവിളിക്കാം. എന്നാല്‍, അഹങ്കാരംമുറ്റി, സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സംസ്ഥാപനംമാത്രം ലക്ഷ്യമിട്ടുകൊണ്ട്, മറ്റുള്ളവരെ പുച്ഛിക്കുകയും അതേവരെയവരില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന സ്നേഹബഹുമാനങ്ങളെ തൃണവത്ക്കരിക്കുകയും ചെയ്തുകൊണ്ട്, വ്യക്തിക്കും സമൂഹത്തിനുമെതിരായി പ്രവര്‍ത്തിക്കുകയും, താന്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളും തത്വസംഹിതകളും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്ന മറ്റൊരുകൂട്ടരും ഉണ്ട്.. ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കുമ്പോള്‍ 'സാമൂഹ്യദ്രോഹികള്‍' എന്നുമാത്രമല്ലാ, 'നന്ദിശ്യൂന്യര്‍, നിര്‍ല്ലജ്ജര്‍ എന്നൊക്കെ ചേര്‍ക്കാം. ഇവരുടെ ചെരുപ്പുനക്കികളായിനടന്ന്‍,   കൂലിവാങ്ങി പാപങ്ങള്‍ ചെയ്യുന്ന മറ്റൊരു ഇത്തിള്‍ക്കണ്ണിഗണവും ഈ  സമൂഹത്തിലുണ്ട്. അവരാണ്  ഗുണ്ടാസംഘം അഥവാ 'കൊട്ടേഷന്‍ ടീം' എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ മൂന്നുവിഭാഗം വ്യക്തികളുടേയും ആത്യന്തികലക്‌ഷ്യം ഈ സമൂഹത്തില്‍ അവരവരുടെ ഇച്ഛാനുസരണം ജീവിക്കുക എന്നതാണെന്നും ഓര്‍ക്കുക. ബഹുജനം പലവിധം.

എന്തും പരിധിവിട്ട് അധികമാകുമ്പോഴോ അല്ലെങ്കില്‍ കുറയുമ്പോഴോ ആണ് മനുഷ്യരുടെ മനസ്സില്‍ പാപചിന്തകള്‍ ഉടലെടുക്കുന്നത്. ഏറ്റക്കുറച്ചിലുകളില്ലാതെ സമാന്തരജീവിതം നയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷസമാധാനങ്ങള്‍ ഉണ്ടാവുമെന്നുസാരം. അപ്പോള്‍ ധനവും പ്രശസ്തിയും കിട്ടാന്‍വേണ്ടി മനുഷ്യരിത്രയും കിടന്നുകഷ്ടപ്പെടുന്നത് ജീവിതത്തില്‍ അവരറിയാതെ അസമാധാനം ക്ഷണിച്ചുവരുത്താനാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. അതേ, അതുതന്നെയാണ് സംഭവിക്കുന്നതും. ഒരു വെടിമരുന്നുകൂനയുടെ മുകളിലിരുന്നുവിയര്‍ക്കുകയാണ് എല്ലാ "പണച്ചാക്കുകളും" അവരുടെ മനസ്സില്‍ ഒട്ടുമേ ശാന്തിയില്ലാ..

ലോകം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ അലക്സാണ്ടര്‍ചക്രവര്‍ത്തിക്ക് മാനസാന്തരമുണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു. താന്‍ മരിച്ചാല്‍, തന്‍റെ രണ്ടുകൈകളും പുറത്തേക്കുനീട്ടിവെച്ച് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം ശവശരീരം അടക്കാനായി കൊണ്ടുപോകേണ്ടത്. മനുഷ്യന്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെത്തന്നെ പോകുന്നു എന്ന് ലോകജനതയെ ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു അദ്ദേഹം അന്ത്യാഭിലാഷമായി അങ്ങനെ പറഞ്ഞുവെച്ചിരുന്നത്. 

മനുഷ്യജീവിതം ക്ഷണികമാണ്. ആ ജീവിതത്തിനിടയില്‍ ഒരുതരത്തിലും കൊക്കിലൊതുങ്ങാത്തത് കൊത്താനോ, മറ്റുള്ളവരുടെ മനസമാധാനംകളയാനോ നമ്മള്‍ ശ്രമിക്കരുത്, മറിച്ച് നമ്മേനോക്കി മന്ദസ്മിതംതൂകുന്ന മുഖങ്ങളെ ആവോളം സമ്പാദിക്കാനുള്ള പരിശ്രമങ്ങളാണ് ഈ എളിയജീവിതത്തിലുടനീളം നടത്തേണ്ടത്. അങ്ങനെയാവുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിത്യശോഭയോടെ വിളയാടും.
നമ്മള്‍ എത്രയധികം സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടുംകൂടി, തരംകിട്ടുമ്പോള്‍ നമ്മളെ ഭരിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നവരുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അവരില്‍നിന്നു അകലംപാലിക്കാന്‍ ശ്രമിക്കുകയുംചെയ്യേണ്ടത് അത്യന്താപേക്ഷിതം. സ്വാര്‍ത്ഥരും ചൂഷകരുമായ ഇത്തരം ദുഷ്ടാത്മാക്കള്‍ നമ്മളോട് ചിരിച്ചുകാണിച്ചും ഏറ്റവും വിശ്വസ്തരാണെന്നു നടിച്ചും, ആവോളം പുകഴ്ത്തിപ്പറഞ്ഞും   കുട്ടിക്കുരങ്ങനേകൊണ്ട് ചുടുചോറുവാരിക്കുന്നതുപോലെ നമ്മളാല്‍ അവര്‍ക്കുവേണ്ടകാര്യങ്ങള്‍ ചെയ്യിപ്പിച്ചെടുക്കുകയും, ഒടുവില്‍, അതിന്‍റെപേരില്‍ മറ്റുള്ളവരുടെ ശത്രുതകള്‍ അകാരണമായി നേടിത്തരികയും ചെയ്യും. നമ്മുടെ അപദാനങ്ങളെ വാഴ്ത്തുമ്പോഴും നമ്മളറിയാതെ നമ്മുടെ അഭ്യുദയകാംക്ഷികളെ നമുക്കെതിരെ അല്പാല്പമായി തിരിച്ചുകൊണ്ടിരിക്കാനും ഇവര്‍ മടികാണിക്കില്ലാ. തിരിച്ചറിയാന്‍ വൈകുംതോറും ഒരു ആത്മഹത്യയുടെ വക്കോളംവരെ നമ്മളെയിവര്‍ കൊണ്ടുചെന്നെത്തിച്ചേക്കാം. സൂക്ഷിക്കുക.

ആരാണ് നാം? എന്ന ചോദ്യത്തിനുത്തരം ലഭിക്കണമെങ്കില്‍ എങ്ങനെയായിരിക്കണം നാം എന്നത് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. എത്രനല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ക്കൂടി അവരുടെ വ്യക്തിത്വത്തിലേക്ക് കൈകടത്താനോ അതിനെ തേജോവധംചെയ്യാനോ തുനിഞ്ഞാല്‍ ബന്ധങ്ങളുടെ ശിഥിലീകരണം ആരംഭിക്കുകയായി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ അല്പസ്വല്പം സ്വസ്ഥത ആവശ്യമാണ്‌. ഏതുനേരവും ഒരു വ്യക്തിയെ മാനസികമായി കൈയടക്കിവയ്ക്കുകയും അവര്‍ക്ക് സ്വതന്ത്രമായി ശ്വാസംകഴിക്കാന്‍വരേ സാധിക്കാത്തവിധത്തില്‍ അവരുടെ ഓരോ ചലനങ്ങളും അറിയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി ആ വ്യക്തിയില്‍ അമര്‍ഷം രൂപംകൊള്ളുന്നു. ഇന്ന് അനേകം കുടുംബങ്ങളില്‍ അശാന്തി വിളയിപ്പിക്കുന്നത് ഈ പ്രവണതയാണ്. അമിതമായ വാത്സല്യമോ സ്നേഹമോ, അഥവാ അകാരണമായ സംശയമോ ആയിരിക്കാം ഇതിനു ഹേതു. അപ്പോള്‍, സ്നേഹബന്ധങ്ങളിലെ നമ്മുടെ സ്വാധീനം ഏതു തരത്തിലുള്ളതാവണമെന്ന് നാം കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

ഒരു വ്യക്തിയെ നാം മനസ്സുകൊണ്ട് നന്നായി സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ സംശയത്തിന്‍റെ ഒരു ലാഞ്ചനപോലും നമ്മള്‍ പ്രകടിപ്പിക്കരുത്‌. പ്രവൃത്തികളില്‍ സംശയംതോന്നുന്ന അവസരങ്ങളില്‍ മറ്റേതെങ്കിലും വഴികളിലൂടെ അവയെ പരിശോധിച്ച് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. നേരിട്ടു സംശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിഷ്ക്കളങ്കഹൃദയങ്ങളില്‍ അത് ആഴത്തിലുള്ള മുറിവേല്പ്പിക്കുകയും ഭാവിയില്‍ സ്നേഹബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ അത് വഴി തെളിക്കുകയും ചെയ്യും.

നാം സ്നേഹിക്കുന്ന വ്യക്തി, നമ്മളറിയാതെ നമ്മളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് എന്ന്‍ തെളിവുകള്‍സഹിതം ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ നിമിഷംതന്നേ അയാളുമായുള്ള ബന്ധങ്ങള്‍ നിറുത്തണം. ഈ തെളിവുകളെന്നുപറയുന്നത് മറ്റുള്ളവരുടെ പരദൂഷണങ്ങളോ നമ്മുടെത്തന്നേ മനസ്സില്‍ രൂപപ്പെടുന്ന ഊഹാപോഹങ്ങളോ ആവരുത്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഉറച്ച സുഹൃദ്ബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്താനായി ചെന്നായ്ക്കളെപ്പോലെ തക്കംപാര്‍ത്തിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന്‍ എപ്പോഴും ഓര്‍ക്കുക. പരദൂഷണങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം നമ്മളെ അനാവശ്യമായ കുഴപ്പങ്ങളില്‍ കൊണ്ടുചാടിക്കുകയേ ഉള്ളൂ. ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനസ്സുവെച്ചാല്‍ തെളിവുകളായി എന്തും ഏതും അനായാസേന സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ചെവിയില്‍പതിക്കുന്ന വാക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള സഹിഷ്ണുതയും ക്ഷമയും നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മളെ വഞ്ചിക്കുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്ന വ്യക്തിയൊരുപക്ഷേ  തികച്ചും നിഷ്ക്കളങ്കമായ മനസ്സിന്‍റെ ഉടമയാണ് എങ്കില്‍ അതുമൂലമുണ്ടാവുന്ന കുഴപ്പങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ നമുക്കും ആ വ്യക്തിക്കും ആയെന്നുവരില്ലാ.തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സില്‍ വാഴാതിരിക്കട്ടേ. വിശ്വാസത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമായിരിക്കണം സ്നേഹബന്ധങ്ങള്‍. വിശ്വാസമാകുന്ന മൂലക്കല്ലില്‍നിന്നു പടുത്തുയര്‍ത്താത്ത ബന്ധങ്ങള്‍, പൂഴിമണലില്‍ പടുത്തുയര്‍ത്തിയ മനോഹരസൌധങ്ങള്‍ക്ക് സമാനം. ഒരു ചെറിയ കാറ്റിലോ ഭൂമികുലുക്കത്തിലോ അവ നിലംപൊത്തും.

മറ്റുള്ള വ്യക്തികളുടെ കഴിവില്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തികളെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ നമ്മുടെ മനസ്സിനാവില്ല. കഴിവുകളില്‍ ചിലത് ജന്മനാ ഉണ്ടാവുന്നതും ചിലവ സ്വപ്രയത്നംകൊണ്ടു വളര്‍ത്തിയെടുക്കുന്നതുമാണ് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കിയാല്‍ ആ ബലഹീനതയില്‍നിന്നു രക്ഷ നേടാം. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള മനസ്സാണ് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് വഴിതെളിക്കുന്നത്. കഴിവുള്ളവരെ മാതൃകയാക്കിയും സംശയദുരീകരണങ്ങള്‍ നടത്തിയും അലസതകളഞ്ഞ് സ്വപ്രയത്നത്താല്‍ ഓരോരുത്തര്‍ക്കും കഴിവുകള്‍നേടാന്‍ സാധിക്കും. ഈ ലോകത്തില്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്നാണല്ലോ.
ഉപദേശം കേള്‍ക്കുകയെന്നത് ഏറ്റവും വിരസമായ ഒരു സംഗതിയാണ്. എന്നാല്‍, അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതും അവ പ്രാവര്‍ത്തികമാക്കുന്നതും ജീവിതവിജയങ്ങള്‍ കൊയ്യാന്‍മാത്രമേ ഉപകരിക്കൂ എന്നുനാം മനസ്സിലാക്കണം. നമ്മളില്‍ ഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ്. നമ്മുടെ ജീവിതവഴിത്താരയില്‍ സ്വായത്തമാക്കിയ കാര്യങ്ങളില്‍മാത്രം ന്യായവും സംതൃപ്തിയും കണ്ടെത്തുന്ന പ്രവണത മിക്കവരിലുമുണ്ട്. തനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പ്രായഭേദമെന്യേയുള്ളവര്‍ പറയുന്നതും ഉപദേശിക്കുന്നതുമൊന്നും ഈ മര്‍ക്കടമുഷ്ടിക്കാര്‍ ഗൗനിക്കാറില്ല. ഇത്തരം സ്വഭാവമുള്ളവരുടെ ജീവിതം ഒരിക്കലും ഭാവിയില്‍ ഉന്നതനിലവാരം പുലര്‍ത്തുകയില്ലാ. അവര്‍ കിണറ്റിലെ തവളകളായിത്തന്നേ ജീവിക്കുമ്പോള്‍ അവരെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ളവരും അങ്ങനെത്തന്നെയായിത്തീരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നകാര്യവും ഇവര്‍ വിസ്മരിക്കുന്നു. നമ്മുടെപോലെതന്നേ ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവുള്ളവര്‍തന്നെയാണ് നമ്മളിടപഴകുന്ന ഓരോരുത്തരുമെന്നബോധം നമ്മിലുഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് എന്തു വ്യക്തിത്വമാണു അവകാശപ്പെടാനുള്ളത്? നമ്മള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താല്‍മാത്രമേ അവരുടെ അംഗീകാരവും ബഹുമാനവും നമുക്കും ലഭിക്കൂ എന്നുമനസ്സിലാക്കുക. അതല്ലാത്ത സമീപനങ്ങള്‍ തികച്ചും സ്വാര്‍ത്ഥപരമാണ്.

പരിഹാസം എന്നത് നമ്മുടെ മനസ്സിന് ഏറ്റവുംകൂടുതല്‍ ആഘാതംസംഭവിപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പ്രത്യേകിച്ച്, നമ്മള്‍ സ്നേഹിക്കുന്നവരില്‍നിന്നു തമാശക്കാണെങ്കില്‍ക്കൂടി മറ്റുള്ളവരുടെമുന്നില്‍ നമ്മള്‍ പരിഹാസപാത്രമാകുമ്പോള്‍ നമ്മളറിയാതെ ആ വ്യക്തികളോടുള്ള അമര്‍ഷം മനസ്സില്‍ നുരഞ്ഞുതുടങ്ങും. പിന്നീടത് ബന്ധങ്ങളുടെ മൂല്യച്യുതിയിലേക്കുള്ള ചൂണ്ടുപലകയായിമാറുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ബന്ധങ്ങളേയും കഴിവുകളേയും വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഒരു വ്യക്തിയുടെ കഴിവുകുറവുകളില്‍ കടിച്ചുതൂങ്ങി അയാളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത് നമ്മള്‍ത്തന്നെയാണ്. അതോടെ പരിഹാസപാത്രമാകുന്ന വ്യക്തിയുടെ ശത്രുക്കളായി നാം മാറുന്നു. ഒരാളെ പരിഹസിച്ചതുകൊണ്ട് നമുക്കുകിട്ടുന്ന നേട്ടം എന്താണ് എന്നോര്‍ക്കാനുള്ള വിവരം പോലും നമുക്കുണ്ടാവാറില്ല. ഓരോവ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരുരീതിയില്‍ കഴിവുകളുള്ളവരായിരിക്കും. ആ കഴിവുകളെ കണ്ടെത്തി, വാഴ്ത്തിക്കൊണ്ട് ആ വ്യക്തിയുടെ കാര്യക്ഷമത വളര്‍ത്തിയെടുക്കാന്‍ തുനിയുന്നതിനുപകരം പരിഹാസശരങ്ങളാല്‍ തളര്‍ത്തുന്നതുകൊണ്ടെന്തു നേട്ടം?! മറ്റുള്ളവരെ പരിഹസിക്കാന്‍മാത്രം പരിപൂര്‍ണ്ണരല്ലാ നമ്മളാരും എന്ന അവബോധം മനസ്സില്‍ വളര്‍ത്തിയെടുക്കണം.

നമ്മളെ ഏതെങ്കിലുമൊരു വ്യക്തി അടിച്ചമര്‍ത്താന്‍തുനിഞ്ഞാല്‍ നമ്മിലെ ആത്മാഭിമാനം അതിനെ ചെറുക്കാന്‍ശ്രമിക്കും. പരസ്പരബന്ധങ്ങളിലെ അടുപ്പം മുതലെടുത്ത്‌, പങ്കാളിയെ അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന പ്രവണതയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്‌. അമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ച്, നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെ നമ്മുടെ വക്താക്കളാവാന്‍വരേ ഇത്തരക്കാര്‍ മടിക്കാറില്ല. ഫലമോ, മനസ്സാവാചാകര്‍മ്മണാ നമ്മളറിയാത്ത കാരണങ്ങള്‍മൂലം നമ്മള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. എത്രനല്ല സ്നേഹബന്ധമായാലും നമ്മുടെ വ്യക്തിത്വം ആര്‍ക്കും പണയംവയ്ക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ കയ്യിലെടുത്തുനിയന്ത്രിക്കാന്‍ ശ്രമിക്കുകയുമരുത്. കാരണം, ഓരോരുത്തരുടേയും മനോഗതങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വ്യക്തിത്വം എന്ന കുപ്പായം എടുത്തണിഞ്ഞത്‌കൊണ്ട് ഒരിക്കലും നമ്മള്‍ അവരാവുന്നില്ലാ. നമ്മുടെ ചെയ്തികളും സ്വഭാവങ്ങളും അവരുടേതിനു സമാനവുമാകുന്നില്ലാ. അതിനാല്‍, നമ്മള്‍ നമ്മുടെ വ്യക്തിത്വത്തില്‍ത്തന്നേ ജീവിക്കാന്‍ പഠിക്കണം.

അനവസരത്തിലുള്ള പരിഗണനകളോ പുകഴ്ത്തലുകളോ അല്ലെങ്കില്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണമോ സ്ഥാനമാനങ്ങളോ ഒരു വ്യക്തിക്കുലഭിക്കുമ്പോളാണ്  മനസ്സില്‍ അഹങ്കാരം മുളപൊട്ടുന്നത്. മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണ് നാമെന്നചിന്ത സഹജീവികളെ പുച്ഛത്തോടെ വീക്ഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ എപ്പോഴും തനിക്കുചേര്‍ന്ന വ്യക്തികളുമായേ ഇടപഴകലുകള്‍നടത്തൂ. ഗതകാലം മറന്നുകൊണ്ടുള്ള ഈ "തലമറന്ന് എണ്ണതേയ്ക്കല്‍" അവസാനം കൊണ്ടെത്തിക്കുന്നത് ഏകാന്തതയുടേയും കഷ്ടപ്പാടുകളുടേയും തുരുത്തുകളില്‍ ആയിരിക്കും.

ധനവാന്‍ മരിച്ചു നരകത്തില്‍പ്പോയി അവിടത്തെ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ദൂരെ.. സ്വര്‍ഗ്ഗത്തില്‍, തന്‍റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടത്തിനു വേണ്ടി കൈനീട്ടിയിരുന്ന ലാസര്‍ എന്ന ഭിക്ഷക്കാരന്‍, സ്വര്‍ഗ്ഗത്തില്‍ അബ്രാഹത്തിനോടൊത്തു സുഖമായിരിക്കുന്നത് കണ്ട്, അവനെ തന്‍റെയടുത്തേക്ക്‌ വിട്ട് തന്നെ പരിചരിക്കാന്‍ അനുവദിക്കണമേ എന്നയാള്‍ അബ്രാഹത്തിനോട് വിളിച്ചപേക്ഷിച്ചു. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ അളവറ്റ സുഖസൌകര്യങ്ങള്‍ അനുഭവിക്കുമ്പോഴും നീ ദരിദ്രനായ ലാസറിനെ അവഗണിച്ചിരുന്നതിനാല്‍ ഒരു നിവൃത്തിയുമില്ലാ എന്ന് അബ്രാഹം അറിയിച്ചു.അന്നേരം, ചുരുങ്ങിയപക്ഷം ലാസറിനെ ഭൂമിയിലുള്ള തന്‍റെ ഭവനത്തിലേക്കയച്ച്, മരിച്ചുകഴിഞ്ഞാലുള്ള ഇവിടത്തെ അവസ്ഥ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്താനെങ്കിലും സഹായിക്കണമേ എന്ന് ധനവാന്‍ അപേക്ഷിച്ചു. പക്ഷേ, അവരെ ഉപദേശിക്കാന്‍ ഭൂമിയില്‍ത്തന്നേ ഇപ്പോള്‍ ധാരാളം പ്രവാചകന്മാര്‍ ഉണ്ടല്ലോ.. അവരെ ശ്രവിക്കാത്തവര്‍പ്പിന്നെ ഈ പാവം ലാസറിനെ എങ്ങനെ ഗൗനിക്കും?.. അതുകൊണ്ട് തത്കാലം അടങ്ങിയൊതുങ്ങിയിരുന്ന്‍ തനിക്കുള്ളശിക്ഷ അനുഭവിച്ചോളൂ' എന്നായിരുന്നു അബ്രാഹത്തിന്റെ ചുട്ടമറുപടി. ഈ ബൈബിള്‍കഥയില്‍നിന്നു ബോദ്ധ്യമാവുന്ന ഒരു കാര്യം, മരിച്ചുകഴിഞ്ഞാലും മനുഷ്യന്‍റെ മനസ്സില്‍ ഒരിക്കല്‍ തഴച്ചുവളര്‍ന്ന അഹന്ത നശിച്ചുപോകുന്നില്ലാ എന്നതാണ്. നരകത്തില്‍ കഴിയുമ്പോഴും തന്നേക്കാള്‍ വളരേ ഉന്നതനായി സ്വര്‍ഗ്ഗത്തിലിരിക്കുന്ന ലാസറിനെ, തന്‍റെ ഭൃത്യനായാണ് ധനവാന്‍ കണക്കാക്കുന്നതെന്നോര്‍ക്കണം! അതിനാല്‍, മനസ്സില്‍ അഹങ്കാരം ഒരിക്കലും കൂടുകൂട്ടാതിരിക്കുവാന്‍ നമ്മള്‍ അനുനിമിഷം ശ്രദ്ധിക്കണം.

ഇത്രയും വിവരിച്ചതില്‍നിന്നും, സമധാനപരരായി ജീവിക്കാന്‍ നാം എങ്ങനെയൊക്കെയാവണം എന്ന് മനസ്സിലായിക്കാണുമല്ലോ. ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം നാമോരോരുത്തരും ജീവിതത്തില്‍ പാലിച്ചുനടപ്പിലാക്കുന്നുണ്ട് എന്നൊരു അപഗ്രഥനം സ്വയം നടത്തിക്കഴിയുന്ന നിമിഷത്തില്‍ നാം ആരാണെന്ന് ആരും പറഞ്ഞുതരാതെത്തന്നെ നമുക്ക് മനസ്സിലാവും.

ചിലര്‍ക്ക് ഒരു ചിന്തയുണ്ട്.. ഏതെങ്കിലുമൊരു വ്യക്തി തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് തന്‍റെ എല്ലാ പുരോഗതിക്കും അല്ലെങ്കില്‍ അധോഗതിക്കും കാരണം എന്ന്. അത് നമ്മള്‍, ആ വ്യക്തിയുടെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ നാമറിയാതെ നാമും നല്ല അല്ലെങ്കില്‍ മോശം വ്യക്തിയാവുന്നത് കാണാം. ചില വ്യക്തികള്‍ പരസ്പരധാരണയോടെ ഒത്തുചേര്‍ന്നാല്‍ ലോകംതന്നേ കീഴ്മേല്‍ മറിച്ചുവയ്ക്കാന്‍ സാധിക്കുമെന്നതും ഒരു സത്യംതന്നേ. പക്ഷേ, അവര്‍തമ്മില്‍ കറകളഞ്ഞ സ്നേഹവും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണമെന്നുമാത്രം. അല്ലാത്തപക്ഷം അത് വളരേ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വളരേയടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ശത്രുക്കളായാല്‍, ആ ശത്രുതയുടെ ആഴം അനിര്‍വചനീയമായിരിക്കും എന്നോര്‍ക്കുക.

വെറുമൊരു ഉപദേശമാലയായി ഇതിനെ കണക്കാക്കരുത്.. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് സ്വജീവിതത്തിലേയും മറ്റുള്ളവരുടെ ജീവിതങ്ങളിലേയും ഓരോരോ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്വയം അപഗ്രഥിച്ചുകണ്ടെത്തിയ ചില നിഗമനങ്ങളാണ് മേല്പ്പറഞ്ഞവ. ആത്മീയാചാര്യവൃന്ദങ്ങളുടെ സ്ഥിരം ഉപദേശങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തരുത്. 

പ്രത്യാശാപൂര്‍ണ്ണമായ  ഒരു പുതുവര്‍ഷത്തെ നമുക്ക് സ്വാഗതം ചെയ്യാം... 

- ജോയ് ഗുരുവായൂര്‍