Thursday, April 27, 2017

"സുനീതി"

കാശ്മീരിലെ ഇന്‍ഡോ-പാക്ക് അതിര്‍ത്തി ജില്ലയായ സാംബയിലെ ഹിരാനഗര്‍ പ്രവിശ്യയില്‍ രാജ്യത്തിനുവേണ്ടി അതിര്‍ത്തികാക്കുന്ന അമല്‍ശാന്ത്
രാത്രിഡ്യൂട്ടി കഴിഞ്ഞ്, അതിരാവിലെ പട്ടാള ക്യാമ്പില്‍ മടങ്ങിയെത്തുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ കത്തുപെട്ടിയില്‍ സുനീതിയുടെ കത്ത്.  ഈ ഭയപ്പാടുകളുടേയും അനിശ്ചിതത്ത്വങ്ങളുടേയും തുരുത്തിലെ സ്നേഹസാന്ത്വനം.. സ്നേഹംവഴിയുന്ന വരികളുടെ ഉപസംഹാരത്തില്‍ ഇപ്രാവശ്യവുമുണ്ട് ആ ഓര്‍മ്മപ്പെടുത്തല്‍. "അമലേട്ടാ... ലീവില്‍വരുമ്പോള്‍ എന്‍റെ നെക്ലേസിന്റെ കാര്യം മറക്കണ്ടാട്ടോ.." കഴിഞ്ഞതവണ നാട്ടില്‍പ്പോയപ്പോള്‍ അവളുടെ പ്രിയപ്പെട്ട നെക്ലേസ് വിറ്റിട്ടാണ് അമ്മയുടെ ഓപറേഷന്‍ നടത്തിയിരുന്നത്. അന്നവള്‍ക്ക് കൊടുത്ത വാക്കാണ്‌.  

അവധിക്കു വീട്ടിലെത്തുമ്പോള്‍ ഉച്ചനേരം. ഊണിനു കെങ്കേമമായ ഒരുക്കങ്ങള്‍. ദിവസേന ഉണക്കച്ചപ്പാത്തി കഴിച്ചുകഴിച്ച് രസമുകുളങ്ങള്‍ നിര്‍ജ്ജീവമായിത്തുടങ്ങിയ നാക്കിന് ആഘോഷമായിരുന്ന ഊണുകഴിഞ്ഞ്, പ്രിയതമയോടു ചേര്‍ന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ അവളുടെ കാര്‍ക്കൂന്തലിലെ കാച്ചെണ്ണയുടെ മാദകഗന്ധം അയാളെ വികാരാര്‍ദ്രനാക്കി. നെഞ്ചിലെ രോമങ്ങളില്‍ അവളുടെ അനുരാഗലോലമായ നനുനുത്ത കൈവിരലുകള്‍ ഓടിച്ചുകൊണ്ട് കിന്നാരംപറയുന്നതിനിടയില്‍ അയാള്‍ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്ന അതേ ചോദ്യംതന്നേ അവള്‍ ചോദിച്ചു. 

"ചേട്ടാ.. ആ നെക്ലേസ് ഒന്നുകാണിച്ചു തരൂ.."  

"സുനീ.. അത് പിന്നേ.. എന്‍റെ കൂട്ടുകാരന്‍റെ അനിയന്‍ നാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അത്യാവശ്യമായി അവന്‍ കുറച്ചുപണം.......... " 

"ഹും.. ഒന്നും പറയേണ്ടാ.. എനിക്കറിയാമായിരുന്നു അവസാനം ഇങ്ങനെത്തന്ന്യാ ഉണ്ടാവാന്ന്..." മുഖംവീര്‍പ്പിച്ച് അവള്‍ തിരിഞ്ഞുകിടന്നു.

അയാള്‍ അവളുടെ കുറുനിരകളില്‍ സ്നേഹപൂര്‍വ്വം തലോടി. അവളുടെ മുഖത്ത് പുഞ്ചിരിയുടെ ലാഞ്ചനകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

"സാരോല്യാട്ടോ.. എനിക്കറിയാം ആരുടേയും വിഷമം കാണാന്‍പറ്റാത്ത ആ മനസ്സ്. നെക്ലേസ് നമ്മുക്ക് പിന്നേം വാങ്ങാലോ" അവളുടെ കൈത്തലം അയാളുടെ നെറ്റിത്തടങ്ങളില്‍ സാന്ത്വനരേഖകള്‍ തീര്‍ക്കാന്‍ശ്രമിച്ചു.

പെയ്യാന്‍വിതുമ്പിനിന്ന വാനം പെട്ടെന്ന്‍ ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി.

ചുമരില്‍ തൂങ്ങിക്കിടന്ന ചിത്രത്തിലെ അര്‍ദ്ധനാരീശ്വരന്‍ പുഞ്ചിരിച്ചു.

- ജോയ് ഗുരുവായൂര്‍

പ്രണയമൊരുദാത്തവികാരമാണുപോലും!..

പ്രണയമൊരുദാത്തവികാരമാണുപോലും.. 
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു 
അന്തര്‍മുഖരായ രണ്ടുപേരേവീതം,
അത് ലോകത്തിന് സമ്മാനിക്കുന്നു.
നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ് 
പ്രണയങ്ങള്‍ പൂത്തുലയുന്നത്.
വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ, 
ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു.. 
ദിവസം ചെല്ലുംതോറും കണ്ണുകളില്‍ 
തിമിരം കുത്തിനിറയ്ക്കുകയും
സമീപത്തുള്ള സംഭവങ്ങളേവരേ 
കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു 
സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും
പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.
നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു  
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു  
വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു 
തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,
മറുചിന്തകളെ തടങ്കലിലാക്കുന്നു.
അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,
രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു. 
തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം 
പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും. 
കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?

പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍
മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍
കുത്തിയൊഴുകുന്ന പുഴയാണവര്‍
സൗഹൃദം പൂക്കുന്ന മനസ്സാണവര്‍
മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍ 
അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ 
അവരുടെ  ചിന്തകള്‍ക്ക് പരിധികളും 
അവര്‍ക്ക്  സഹജീവികളെ കാണാം 
അവരുടെ വിഷമതകള്‍ തൊട്ടറിയാം 
സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം
കാണുന്നവരെയെല്ലാം സുഹൃത്താക്കാം.  
സ്വതന്ത്രമായ ആശയവിനിമയങ്ങള്‍.. 
ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..
സുഖം സുഖകരം സുഖലയ പൂരിതം 
പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന 
പ്രണയമൊരുദാത്തവികാരം തന്നേയോ?! 

- ജോയ് ഗുരുവായൂര്‍

മലയാളത്തമ്മ

അന്നുഞാന്‍ ചൊന്നില്ലേ വന്നെത്തുമിന്നെന്‍റെ, 
ആരാമം പുല്കുവാന്‍ ജ്ഞാനം. 
ഇനിയെന്നും നമ്മുടെ പൈതങ്ങളോരോന്നായ്, 
ഈണത്തിൽ വാഴ്ത്തുമിതെന്നും. 

ഉണ്മയോടെപ്പോഴും തെളിയുന്ന വാക്കുകള്‍, 
ഊനം വരുത്താതെയെന്നും 
ഋജുവാം വരകളില്‍ തൊട്ടുതൊട്ടീടാതെ, 
എഴുതീടും ചാരുതയോടെ... 

ഏറെക്കഴിയുമ്പോള്‍ മാനസക്കൊട്ടിലില്‍, 
ഐക്യമോടെ,യെല്ലാവാക്കും 
ഒന്നൊന്നായെന്നെന്നും ചിട്ടപ്പെടുത്തുന്നു, 
ഓർമ്മതൻ ചെപ്പിലായ്‌ നമ്മൾ. 

ഔന്നത്യംനേടുവാന്‍ വിദ്യയായ്, വാണിയായ് 
അംബയായെത്തും മനസ്സിൽ .. 
യത്നിച്ചു നമ്മൾ കുതിച്ചു മുന്നേറണം, 
രചനതൻ വീഥിയിലെത്താൻ.
 
ലക്ഷ്യങ്ങള്‍ നേടുവാനുയരങ്ങള്‍പുല്കുവാൻ, 
വന്നീടും രക്ഷയായ് ഭാഷ. 
ശാന്തമായ് വീശീടും കാറ്റിലൊഴുകുന്ന, 
ഷാഡവം പോലെയീ വിദ്യ. 

സര്‍വ്വജനങ്ങളും മലയാളത്തമ്മയ്ക്ക്, 
ഹാരങ്ങള്‍ ചാര്‍ത്തുക നിത്യം.
അമ്മക്കായ് അഞ്ജലി കൂപ്പിത്തൊഴുതീടാം 
ആനന്ദചിത്തരായ് നമ്മൾ.

(ജോയ്  ഗുരുവായൂര്‍)

സ്നേഹവും പ്രണയവും ഒന്നുതന്നെയോ? (ചര്‍ച്ച)

ഇംഗ്ലീഷില്‍ I LOVE YOU എന്ന് സ്ത്രീപുരുഷന്മാര്‍ തമ്മില്‍പറയുന്നതുകേട്ടാല്‍ നെറ്റിചുളിക്കുന്നവര്‍ ഏറെയാണ്‌. LOVE  എന്ന ഇംഗ്ലീഷ് വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം സ്നേഹം എന്നാണ്. പ്രണയം എന്നല്ലാ... പ്രണയം എന്ന വാക്കിന് ഉചിതമായ ഇംഗ്ലീഷ് വാക്ക് ROMANCE എന്നാണ്. LUST എന്നാല്‍ കാമം. ഈ പ്രണയവും കാമവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുന്നു. 'കാമമോഹിതമായ ഒരു വികാരമാകുന്നു പ്രണയം' എന്നുപറഞ്ഞാല്‍ വീണ്ടും പലരും നെറ്റിചുളിച്ചേക്കാം. ഈ ചുളിക്കുന്നവര്‍തന്നേ  "ഞാന്‍ നിന്‍റെ മനോഹരമായ അധരങ്ങളിലെ മധു നുകര്‍ന്നോട്ടേ?.. നിന്‍റെ മാറിലൊന്ന് ചായുറങ്ങുവാന്‍ മോഹം.." എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ പറയുന്നതുംകേള്‍ക്കാം.  പ്രണയത്തോടു ബന്ധപ്പെട്ട ഈ രണ്ടുചേഷ്ടകളും കാമമോഹിതമാകുന്നു. പ്രണയിതാക്കളെ, "കമിതാക്കള്‍" എന്നുകൂടി  വിളിക്കപ്പെടുന്നത് ഇക്കാരണത്താലാണ്.

സാധാരണനിലയില്‍, ഒരു പുരുഷന് മറ്റൊരു പുരുഷനോട് പ്രണയം തോന്നില്ലാ. ഒരു പുരുഷന് മറ്റൊരു പുരുഷനോടോ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടോ തോന്നുന്ന അടുപ്പവും വ്യത്യസ്തലിംഗങ്ങളില്‍പ്പെട്ടവര്‍തമ്മിലുണ്ടാവുന്ന കാമമോഹിതമല്ലാത്ത അടുപ്പവും  സ്നേഹം (LOVE) എന്ന സംജ്ഞ കൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്. സഹോദരിസഹോദരന്മാര്‍, ലിംഗഭേദമെന്യേയുള്ള സുഹൃത്തുക്കള്‍, മാതാപിതാക്കള്‍, ഗുരുക്കള്‍ തുടങ്ങിവരുമായുള്ള അടുപ്പമാണ് സ്നേഹം. ഇടപഴകുന്ന ആളുകളുടെ സ്ഥാനമാനങ്ങളനുസരിച്ച്, സ്നേഹത്തില്‍ ഭയഭക്തിബഹുമാനങ്ങളും ചേരും. എന്നാല്‍ സ്നേഹത്തില്‍ കാമമെന്ന വികാരം  ചേരുമ്പോള്‍ അതിനെ സ്നേഹം എന്നുവിളിക്കാനാവില്ലാ. കാരണം, പ്രതിഫലേച്ഛയില്ലാത്ത വികാരമാണ് സ്നേഹം (LOVE).  പ്രണയത്തില്‍ (ROMANCE) പ്രതിഫലേച്ഛയുണ്ട്. പ്രണയിതാക്കള്‍തമ്മില്‍ അനുനിമിഷം പലതും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍,  ഒരമ്മ മകന് സ്നേഹപൂര്‍വ്വം ചോറുവാരിക്കൊടുക്കുന്നത്, അവനും അതേപോലെ അമ്മയെ ഊട്ടുമെന്ന പ്രതീക്ഷയിലല്ലാ.

ഇനി ഇതിനോടനുബന്ധിച്ച് എടുത്തുപറയേണ്ട മറ്റൊരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന സംജ്ഞയാണ്  ഇഷ്ടം (LIKE). ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു (I LIKE YOU)  എന്നുപറഞ്ഞാല്‍ അതില്‍ സ്നേഹമോ, പ്രണയമോ ഒരിക്കലും കാണരുത്. നിന്‍റെ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് ചിലപ്പോള്‍ ഒരു വ്യക്തിയുടെ കഴിവുകളാവാം, നന്മകളാവാം, അല്ലെങ്കില്‍ പ്രശസ്തിയാവാം. അതില്‍ പ്രണയവും സ്നേഹവും ഉണ്ടായിക്കൊള്ളണമെന്നില്ലാ. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് ലൈക് അടിക്കുന്നവര്‍ ആ പോസ്റ്റുകളെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ എതിര്‍ലിംഗക്കാര്‍തമ്മിലുള്ള ഇഷ്ടം സ്നേഹമായും, സ്നേഹം പ്രണയമായും ഭാവിയില്‍ രൂപാന്തരം പ്രാപിച്ചേക്കാം. ഈയവസരത്തിലാണ്, ഇഷ്ടവും  സ്നേഹവും പ്രണയവുമെല്ലാം ഒന്നാണെന്ന ഒരു തെറ്റിദ്ധാരണ ഉടലെടുക്കുന്നത്.

നാം ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന, ഒരു വ്യക്തിയെ സദാസമയം കണ്ടുകൊണ്ടിരിക്കാനും സംസാരിച്ചുകൊണ്ടിരിക്കാനും നമ്മുടെ മനസ്സ് തീവ്രമായി ശഠിക്കുകയില്ലാ. ആ വ്യക്തിയെ ആകസ്മികമായി, അല്ലെങ്കില്‍ സാധാരണഗതിയില്‍ കാണുമ്പോള്‍ തീര്‍ച്ചയായും  നമ്മുടെ മനസ്സ് തുടിക്കുകയും അവരുമായി അല്പസമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. എന്നാല്‍ പ്രണയിതാക്കള്‍ക്ക്‌ പിരിഞ്ഞിരിക്കുകയെന്ന് പറഞ്ഞാല്‍ ദുഃഖമുളവാക്കുന്ന കാര്യമാണ്. എന്തുവിലകൊടുത്തും ഏതുവിധേനയായാലും തമ്മില്‍ കഴിയാവുന്നരീതിയില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ അവര്‍ ശ്രമിക്കും. ഇത് സംഭവിക്കുന്നത്‌ പ്രണയത്തില്‍ പ്രതിഫലേച്ഛയുണ്ടെന്നുള്ളത് കൊണ്ടാണ്. ഒരു സ്പര്‍ശം, ഒരു ചുംബനം, ആ സ്വരം, അതുമല്ലെങ്കില്‍ ഒരു ലിഖിതം.. ഇത്രയെങ്കിലും പ്രതീക്ഷിക്കാത്ത പ്രണയിതാക്കള്‍ ഉണ്ടാവുമോ?!

"നിങ്ങള്‍ ഉദ്ദേശിക്കുന്നപോലെയല്ലാ ഞങ്ങള്‍.. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്.. ഇന്നേവരേ, പരസ്പരം ഒന്ന് സ്പര്‍ശിച്ചിട്ടുപോലുമില്ലാ.. ". എന്നൊക്കെ വീമ്പടിക്കുന്നവര്‍ ധാരാളമായുണ്ട്. സത്യമായിരിക്കാം... എന്നാല്‍, ഭാവിയില്‍ ഇതൊക്കെ ആവാമെന്ന് സ്വപ്നങ്ങള്‍കണ്ടുകൊണ്ടാണ് അവര്‍ കഴിയുന്നതെന്നകാര്യം അവര്‍ത്തന്നേ ബോധപൂര്‍വ്വം മറക്കുന്നു. തുറന്നുപറയാത്ത പ്രണയങ്ങളെ പ്രണയമായി കണക്കാക്കാന്‍ സാധിക്കില്ലാ.  അത്  വെറും മോഹം (WISH/DESIRE - കൊതി, ആശ) മാത്രമാണ് . ഈ മോഹത്തേയും പ്രണയമായി തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്‌. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടാത്ത വികാരത്തെ പ്രണയമെന്ന് എങ്ങനെ വിളിക്കും. അപ്പോള്‍, അവളറിഞ്ഞിരുന്നില്ലായെങ്കിലും എനിക്കവളോട് പ്രണയമായിരുന്നുവെന്ന് പറയുന്നത്  ശുദ്ധ അസംബന്ധം അല്ലേ? ഞാനവളെ മോഹിച്ചിരുന്നു എന്ന് പറയുന്നതാണ് ഉചിതം.

കാറ്റിനോടും, കടലിനോടും, സൂര്യചന്ദ്രന്മാരോടും, മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റകളോടും പുസ്തകങ്ങളോടുമൊക്കെ പ്രണയമാണ് എന്ന് പറയുന്നതില്‍ ഒരു ശരിയുമില്ലായെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.. അവയോടുള്ളത് ഇഷ്ടം (LIKE) മാത്രമാണ്. അല്ലെങ്കില്‍ ആസക്തി (OVER INTEREST). ഒരിക്കലും നമുക്ക് ഒരു മൃഗത്തെ പ്രണയിക്കാനാവില്ലാ. അവയോട് ഒരുപാട് താത്പര്യമുണ്ടെങ്കിലും അവയെ ഒരു ദിവസം കാണാന്‍ സാധിച്ചില്ലെങ്കിലും നമ്മുടെ മനസ്സ്  അധികം അസ്വസ്ഥമാകുന്നില്ലാ എന്നതില്‍നിന്നുതന്നേ, അവയോട് നമുക്കുള്ള ആ വികാരം പ്രണയമല്ലായെന്നു മനസ്സിലാക്കാം.

പ്രണയം എന്ന വികാരത്തിലായിരിക്കുന്നവര്‍ പരസ്പരം അനുനിമിഷം  ആഗ്രഹിച്ചുകൊണ്ടേയിരിക്കും. ഊണിലും ഉറക്കത്തിലുമെല്ലാം അവരുടെ ലോകത്തിലവര്‍ പാറിനടന്നുകൊണ്ടേയിരിക്കും. അവര്‍ മറ്റുള്ളവരേക്കുറിച്ച് ചിന്തിക്കുന്നത് തന്നേ അപൂര്‍വ്വമായിരിക്കും. പ്രണയം കാമത്തേപോലെ സ്വാര്‍ത്ഥതയുടേയും വിളനിലമാണ്. സാമൂഹ്യജീവിതത്തില്‍നിന്ന്‍ ഒളിഞ്ഞ്, പരമാവധി സമയം പ്രണയിതാവുമായി ചിലവഴിക്കാന്‍ സ്വാര്‍ത്ഥതപ്പെടുന്ന മനസ്സുകള്‍... പ്രണയമൊഴികേയുള്ള ഒരു വികാരവും നമ്മേ അത്രയും വിവശരാക്കുന്നില്ലാ. പരസ്പരം  സ്വന്തമാക്കാനുള്ള ത്വര... അതാണ് പ്രണയത്തിന്‍റെ മുഖമുദ്ര... ശൃംഗാരം, അഭിനിവേശം, സാങ്കല്‍പികസുഖാനുഭൂതി, സ്നേഹം, പ്രിയം, വിശ്വാസം  എന്നിവയെല്ലാം ഇഴചേര്‍ത്തുണ്ടാക്കിയ അദൃശ്യമായ ഒരു കയറാണ് യഥാര്‍ത്ഥ പ്രണയം. അതുകൊണ്ടാണ് ഒരു കയറില്‍ ബന്ധനസ്ഥരായവരേപ്പോലെ പ്രണയിതാക്കള്‍ എല്ലായ്പ്പോഴും ചരിച്ചുകൊണ്ടിരിക്കുന്നതും.

- ജോയ് ഗുരു.

ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ...


ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

നിന്നുടെയോര്‍മ്മയില്‍ നുരയുമെന്നോര്‍മ്മകള്‍
നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ..
നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും
മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ..

പുകമൂട്ടിക്കെട്ടിയ ശ്വാസകോശങ്ങള്‍ക്കു
പറയാനൊരാശ്വാസവാക്കതില്ലാ..
സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും,
കുളിരേകാനായിനിയാവതില്ലാ...

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

മരുന്നില്‍മയങ്ങിയ നാഡീകോശങ്ങളും
മദ്യം ദ്രവിപ്പിച്ച വന്‍കുടലും,
പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും
സമനില തെറ്റിയ മാനസവും.

അന്നുനീ യാത്രമൊഴിഞ്ഞങ്ങുപോകുമ്പോള്‍
കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ..
കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും
തിരികേവരില്ലെന്ന് ചൊല്ലീടിലോ?..

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

നിനക്കായി കാത്തകനവുകളൊക്കെയും
വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി.
നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും
കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി ..

എനിക്കായ് കാത്തതായൊന്നുമേയില്ലയീ
ജിവിതം പുഷ്പിച്ച പാതകളില്‍...
പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍,
ജീവിത സായൂജ്യമായിരുന്നു.

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..

തരാന്‍ നിനക്കായിട്ടൊന്നുമേയില്ലിനി
പൂവുകള്‍പൂക്കാത്തീ താഴ്വരയില്‍.
ഓര്‍മ്മകള്‍പോലും പിണങ്ങിനിന്നീടുന്ന
ചുടുകാറ്റലഞ്ഞീടും മാനസത്തില്‍,

മോഹങ്ങളൊക്കെയും പടുതിരികത്തി-
യമര്‍ന്ന ചുടുകാട്ടിലേകനായി,
മരണത്തിന്‍ മണിയടിനാദങ്ങള്‍ കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കയാണെന്നോമലേ...

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
ഇനിവന്നീടുക വേണ്ടയെന്‍ ജീവനേ..
വരാ..തിരുന്നിട്ടും... ഇത്രനാളും.....

- ജോയ് ഗുരുവായൂര്‍

പ്രണയാനുവിധന്‍

പ്രണയമാണ്.. വിശുദ്ധപ്രണയം!
ക്ലീഷേകള്‍ കുത്തിനിറച്ച്,
മുറിവേറ്റ ഹൃദയത്തിന്‍റെ
ചിത്രവും കോറിയിട്ട്,
എന്നും കൊടുക്കുമൊരു,
പ്രണയലേഖനം...
വായിച്ചുവായിച്ച്,
മനസ്സ് വെറുത്തുവെറുത്ത്,
അവള്‍ സഹതപിക്കും.
അതിനിപ്പൊയെന്താന്നേ..
പ്രണയം പ്രണയംതന്നെയല്ലേ?
കിട്ടിയാകിട്ടി പോയാപോയീ.
നിനക്കെന്നെയിഷ്ടമില്ലെങ്കിലും
ഞാനൊട്ടും വിടമാട്ടേ..
നിനക്കയച്ച കത്തുകള്‍ഞാന്‍
പരസ്യമായി പ്രസിദ്ധീകരിക്കും
ഞാന്‍ സാംസണും, നീയെന്‍റെ
ദലീലയുമായിരുന്നെന്ന്
ലോകം അറിയട്ടേ..
കത്തുകള്‍ വായിച്ചവരൊക്കെ
ഭ്രാന്തുവന്ന്‍ മരിക്കട്ടേ..
ജീവന്‍വേണ്ടവര്‍ ഓടിയൊളിച്ചോട്ടേ..  
ഇതാണെന്‍റെ പ്രതിഷേധം ..
ഇതാണെന്‍റെ ആത്മരതി..
ഒരു കനിവുറവ കിനിയുംവരേ,
ഞാനിതു തുടരും....

പീഡകനൊരു പ്രണയലേഖനം

എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് രക്ഷതേടി, പാതിരാത്രിയില്‍ നിന്‍റെ വീട്ടില്‍ ഓടിക്കയറിയവളായിരുന്നു ഞാന്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ ഇരുന്നിരുന്ന നീയെന്നെ അവരില്‍നിന്നു രക്ഷിച്ചു. പക്ഷേ, പ്രത്യുപകാരമായി എന്നോട് നീയാവശ്യപ്പെട്ടത്‌ എന്‍റെ ശരീരമായിരുന്നു. നീയെന്‍റെ തളര്‍ന്ന ശരീരത്തെ ബലമായി ഭോഗിക്കുമ്പോള്‍ ഈ സമൂഹത്തോടുള്ള കടുത്തവെറുപ്പായിരുന്നു എന്നില്‍ ഗര്‍ഭംധരിച്ചത്.

തളര്‍ന്നുറങ്ങിക്കിടന്നയെന്നെ രാവിലെ, ചുടുകഞ്ഞിയും ചമ്മന്തിയുമായിവന്ന് നീ വിളിച്ചുണര്‍ത്തുമ്പോള്‍ നിന്‍റെ മുഖത്തിന് ഏതോ ഒരു വിശുദ്ധന്‍റെ ഛായയായിരുന്നു. ലംഘിക്കാനാവാത്ത നിന്‍റെ ആജ്ഞാനുസരണം, ആ കഞ്ഞി മോന്തിക്കുടിക്കുമ്പോള്‍, വാത്സല്യപൂര്‍വ്വം എന്‍റെ തലമുടികളില്‍  തലോടിക്കൊണ്ടിരുന്ന നിന്‍റെ വിരലുകളെ തടയാനുള്ള മനോബലം എനിക്കില്ലായിരുന്നു. ആഹാരം കഴിച്ച്, കുഴഞ്ഞുവീഴാന്‍നിന്നയെന്നെ നീ കൈകളില്‍ താങ്ങിയെടുത്തത് ഓര്‍ക്കുന്നു. ആ സ്പര്‍ശനങ്ങളില്‍നിന്ന് എന്‍റെ മനസ്സിലേക്ക് അപ്പോള്‍ തുളച്ചുകയറിയത് സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും മിടിപ്പുകളായിരുന്നു. ഞാനൊരുപാട് കൊതിച്ചിരുന്ന, അന്നേവരെ അനുഭവിക്കാന്‍ സാധിക്കാതിരുന്ന ആ വികാരം.

ഉറക്കമുണര്‍ന്നപ്പോള്‍ ഇരുള്‍മൂടിക്കഴിഞ്ഞിരുന്നു. മുറിയുടെ ഒരുമൂലയില്‍ ഇടയ്ക്കിടെ ഇരുട്ടില്‍ ജ്വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ അങ്ങേയറ്റത്ത്‌ നീതന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, നീയെന്‍റെ ശരീരത്തില്‍ പിന്നീട് സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ലായെന്നയറിവില്‍ എനിക്ക് നിന്നോട് ഏറെ ബഹുമാനം തോന്നി. കൂടുതലൊന്നും ചിന്തിക്കാന്‍ സാധിക്കുന്നതിലുംമുമ്പ് വീണ്ടും ഉറക്കമെന്നെ കീഴ്പ്പെടുത്തി.

"നീയേതാ പെണ്ണേ? എവിടെനിന്നു വരുന്നു?" എന്നുള്ള ചോദ്യമായിരുന്നു രാവിലെ വിദൂരതയിലേക്ക് കണ്ണുംനട്ട്, പ്രജ്ഞയറ്റപോലെയിരുന്നിരുന്നയെന്
നെ നിന്നോട് പ്രതികരിപ്പിച്ചത്. ജീവിതത്തില്‍ അനുഭവിച്ചുതള്ളിയ ദുരിതങ്ങളൊന്നും നീയെന്നോട്‌ കാണിച്ച പരാക്രമത്തിന്‍റെ മുന്നില്‍ ഒന്നുമല്ലായെന്ന തിരിച്ചറിവില്‍ നീയെന്നെ ആ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു.

"പെണ്ണേ.. നീയിനി എങ്ങോട്ടും പോകേണ്ടാ... ഞാനുണ്ട് നിനക്ക്.. ചെറിയതെങ്കിലും ഇതെന്‍റെ വീടാണ്.. ഇവിടെയാരും നിന്നെ ഉപദ്രവിക്കാന്‍വരില്ലാ.. ബോധമില്ലാതെ ഞാന്‍ നിന്നോട് ചെയ്തത് ക്ഷമിക്കാന്‍പറ്റുമെങ്കില്‍ ക്ഷമിക്കുക. പറ്റിപ്പോയി.. ദുഖമുണ്ട്.. പശ്ചാത്താപവും.. എന്നോട് വെറുപ്പില്ലെങ്കില്‍, എന്‍റെ കൂടെ ജീവിക്കാം. നമ്മുടെ വിവാഹവും ആദ്യരാത്രിയും കഴിഞ്ഞുവെന്ന് കരുതിയാല്‍ മാത്രം മതി.

അലക്സ്... മെക്കാനിക്കല്‍ എഞ്ചിനീയര്‍, സുമുഖന്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ വീടുവിട്ടിറങ്ങിയവന്‍... മയക്കുമരുന്നിന് അടിമപ്പെട്ടവന്‍... സമൂഹത്തോടുള്ള വെറുപ്പില്‍ ഏകാന്തവാസം നയിക്കുന്നവന്‍.. നിന്‍റെ കഥകള്‍ കേട്ടപ്പോള്‍ നീയെന്നോട്‌ കാണിച്ച തെറ്റ് പൊറുക്കാന്‍ എനിക്കായി. നമ്മളൊന്നായി.. ദൈവം കൂട്ടിച്ചേര്‍ത്ത ഒരു ദാമ്പത്യബന്ധം!  എല്ലാ ദുശ്ശീലങ്ങളും ഒഴിവാക്കി നീയെന്നോട്‌ പ്രായശ്ചിത്തം ചെയ്തു. ഇന്നും നിന്നേയും എന്നേയും അന്വേഷിക്കാത്ത വീട്ടുകാരോട് നമ്മള്‍ ചെയ്ത മധുരപ്രതികാരം.

നാളെ നമ്മുടെ ആദ്യരാത്രിയുടെ വാര്‍ഷികമാണ്. ഓര്‍മ്മകളെ ഒന്ന് അയവിറക്കണമെന്ന് തോന്നി. ഗള്‍ഫില്‍ തണുപ്പ് കൂടുതലാണെന്ന് ടി വിയില്‍ പറയുന്നത് കേട്ടു. ആരോഗ്യം ശ്രദ്ധിക്കണേ.. രണ്ടുമാസംകൂടി കഴിഞ്ഞാല്‍, ഒരു കൊച്ചു അലക്സ് നമ്മുടേയിടയിലേക്ക് വരാന്‍പോകുന്നു. നിന്നെയായിരിക്കണം അവന്‍ ആദ്യമായി കാണേണ്ടത്. എന്നെ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, നന്മകള്‍മാത്രമുള്ള എന്‍റെ  ജീവനായ നീ..  നിന്‍റെ വരവിന് ദൈവം തടസ്സം നില്ക്കില്ലായെന്നെനിക്ക് ഉറപ്പുണ്ട്.

കത്തെഴുതുകയെന്നത്‌ എന്‍റെയൊരു ബലഹീനതയാണെന്ന് നിനക്കറിയാമല്ലോ... നീയും എന്‍റെ കത്തുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം..  ഫോണിലൂടെ സംസാരിക്കുന്നതിനേക്കാള്‍ നിന്‍റെ മനസ്സില്‍നിന്നുതിരുന്ന വാക്കുകള്‍ വായിക്കാനാണ് എനിക്കിഷ്ടം. എനിക്ക് അതിങ്ങനെ ആവര്‍ത്തിച്ച് വായിക്കാമല്ലോ.. അതുകൊണ്ട് ഈമെയിലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടേ.. പക്ഷേ, നാളെ രാവിലെ നീയെന്നെ വിളിക്കണം. നിന്‍റെ ചുടുചുംബനത്തിന് കാതോര്‍ത്ത് ഞാനിരിക്കുന്നു.

നമ്മുടെ ഈ വിവാഹവാര്‍ഷികത്തില്‍, നമ്മളെ ഒന്നാകാനവസരമൊരുക്കിയ  ദൈവത്തിന് നന്ദി പറയുന്നു.

സ്വന്തം പാര്‍വ്വതി.