Tuesday, October 31, 2017

ഉഷ്ണം

ഉഷ്ണം ഉഷ്ണം എങ്ങും ഉഷ്ണം 
ഉടുക്കുംചേലകള്‍ നനയ്ക്കും ഉഷ്ണം.
ഉണ്ണാനുറങ്ങാനൊരുവേള കഴിയാന്‍,
ഒക്കാതെവലച്ചീടുമുഷ്ണം ഉഷ്ണം.
കത്തിക്കരിയുന്നു പാടങ്ങളൊക്കെയും
വറ്റിവരളുന്നു കിണറുകളേറെയും.
മുറ്റത്തെമുല്ലതന്‍ പുഞ്ചിരിമായ്ക്കുന്നു,
അര്‍ക്കന്‍റെയുഗ്രമാം രശ്മിതന്‍ താഡനം.
ഒരുതുള്ളിവെള്ളവും തേടിയലയുന്നു,
തൊണ്ടവരണ്ട ചെറുകിളിക്കൂട്ടങ്ങള്‍.
വായില്‍നുരയുമായ് നാല്ക്കാലിക്കൂട്ടങ്ങള്‍
വേച്ചുവേച്ചങ്ങു നടന്നുനീങ്ങീടുന്നു.
പങ്കകറക്കിയാല്‍ ചുടുകാറ്റുതള്ളുന്നു,
വസ്ത്രമുരിയാനായ് മാനസംവെമ്പുന്നു,
മരച്ചുവടൊന്നുമേയില്ലായീചുറ്റിലും,
ഇലകള്‍തന്‍ ലാളനമേറ്റൊന്നുവാങ്ങുവാന്‍.
വെള്ളംകുടിച്ചുവീര്‍ത്തൊരുവയറുമായ്,
അന്നംകഴിക്കുവാനാകാതെ മാനവര്‍,
ഗുളികകള്‍മാത്രം വിഴുങ്ങിജീവിക്കുന്നു,
ഉദരരോഗങ്ങള്‍ത്തന്‍ വക്താക്കള്‍പോല്‍.
കൃത്രിമമഴയെങ്കിലങ്ങനെയെങ്കിലും,
മഴയൊന്നുഭൂമിയില്‍ വീഴ്ത്തീടുവാന്‍,
കനിവുണ്ടാകണേ വാഴുന്ന കൂട്ടരേ,
വറുതിയില്‍നിന്നൊന്നു രക്ഷനേടാന്‍.
- ജോയ് ഗുരുവായൂര്‍.

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ..
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

മരിച്ചുമണ്ണടിഞ്ഞാല്‍....

സുന്ദരരും വിരൂപരും
കറുത്തവരും വെളുത്തവരും
പണക്കാരും പാവപ്പെട്ടവരും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും
വരേണ്യരും അവര്‍ണ്ണരും
അഹങ്കാരികളും ലളിതഹൃദയരും
വിശ്വാസികളും അവിശ്വാസികളും
പൂജാരിമാരും ഭക്തഗണങ്ങളും
നേതാക്കളും വോട്ടര്‍മാരും
കള്ളന്മാരും നീതിമാന്മാരും
തൊഴിലാളികളും മുതലാളികളും
പണ്ഡിതരും പാമരരും
എല്ലാരുമെല്ലാരും
മരിച്ചുമണ്ണടിഞ്ഞാല്‍.....
പുഴുവരിക്കുന്ന,
ഒരുപോലിരിക്കുന്ന,
അസ്ഥികോലങ്ങള്‍ മാത്രം!
- ജോയ് ഗുരുവായൂര്‍

വിശ്വാസമെന്നാല്‍...

വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ,
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
സ്നേഹം പ്രിയത്തോടും,
വ്യക്തിത്വം വ്യക്തിത്വത്തോടും,
ഒടുവില്‍... നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍

എന്‍റെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ - 1 ജോസഫ്‌ ബോബി

ഓണ്‍ലൈന്‍ സൗഹൃദങ്ങളായി തുടങ്ങിയ പലതും കാലക്രമേണ സാധാരണ സൗഹൃദങ്ങളായി മാറിക്കഴിഞ്ഞുവെങ്കിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയാണവ തുടങ്ങിയതെന്ന കാരണത്താല്‍ "ഓണ്‍ലൈന്‍ സൗഹൃദം" എന്നുതന്നെ വിളിക്കാം. നേരിട്ടുള്ള സൗഹൃദങ്ങള്‍ ഇക്കാലത്ത് ഉണ്ടാവുന്നില്ലാ.. അല്ലെങ്കില്‍ വളരെ വിരളമായിരിക്കുന്നുവെന്നു പറയാം. എന്നാല്‍, ഓണ്‍ലൈനിലൂടെ അതിശക്തമായ സൗഹൃദങ്ങളാണ് അനുദിനം നമ്മള്‍ നേടിക്കൊണ്ടിരിക്കുന്നതും. ചില ബന്ധങ്ങള്‍, ദൈനംദിന ജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളെന്നപോലെ, ഒന്നോരണ്ടോ ദിവസങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ത്തന്നെ, നമ്മില്‍ ആകുലത സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടെ എന്‍റെ മനസ്സിനെ സ്വാധീനിച്ച ചില വ്യക്തിത്വങ്ങളെയാണ് ഈ പംക്തിയിലൂടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്.
=========================================
ജോസഫ്‌ ബോബി
************************
ജോസഫ്‌ ബോബി എന്ന ബോബിച്ചായനെ ഞാനാദ്യമായി പരിചയപ്പെടുന്നത് "മനസ്സ്" എന്ന ഒരു ഓണ്‍ലൈന്‍ മലയാളി കൂട്ടായ്മ്മയിലൂടെയായിരുന്നു. താമസിയാതെ അദ്ദേഹം ആ കൂട്ടായ്മ്മയുടെ ഞാനടങ്ങുന്ന അഡ്മിന്‍പാനലിലും അംഗമായതോടെ ബന്ധം ഒന്നുകൂടെ ദൃഢമാവുകയും ചെയ്തു. പിന്നീട്, പ്രശസ്ത കലാകാരനും ശില്പിയും മനസ്സ്-കൂട്ടായ്മ്മയുടെ ബ്രാന്‍ഡ്‌അംബാസഡറുമായിരുന്ന ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ കൊടുങ്ങല്ലൂരിലുള്ള വസതിയില്‍വെച്ച്, 2014,നവംബര്‍ 2നു നടന്ന മനസ്സ്-മീറ്റില്‍, ബോബിച്ചായനെയും പ്രിയതമ വിമലച്ചേച്ചിയേയും നേരില്‍ക്കാണാനുള്ള അവസരവും ലഭിച്ചു. മനസ്സ് എന്ന അതുല്യമായ ആ മലയാളം കൂട്ടായ്മ്മ ഇന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും, അതിലൂടെ നേടിയെടുത്ത സൗഹൃദങ്ങളിലേറെയും ഇന്നും കോട്ടംതട്ടാതെ നിലകൊള്ളുന്നു. കനല്‍ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മ്മയുടെ അമരക്കാരില്‍ ഭൂരിഭാഗവും അന്ന് മനസ്സിനെ നയിച്ചിരുന്നവര്‍തന്നെയാകുന്നു.
വളരെ സരസവും ലളിതവുമായി, മലയാള ഭാഷയെയും ഭാഷയുടെ കൃത്യമായ പ്രയോഗങ്ങളെയുംകുറിച്ചുള്ള അറിവുകള്‍, ഫേസ്ബുക്ക് കൂട്ടായ്മ്മകളിലൂടെ പ്രതിഫലേച്ഛയില്ലാതെ നിരന്തരം പങ്കുവെച്ചുകൊണ്ടിരിക്കുന്ന ബോബിച്ചായനെ അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. വികൃതിക്കുട്ടികളെപ്പോലെ, പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വന്തം ഭാഷയെ കുറ്റമറ്റതാക്കാനുള്ള പരിശ്രമത്തിനുള്ള മടികൊണ്ടും ഈര്‍ഷ്യകൊണ്ടും ചിലര്‍, തെറ്റുകള്‍തിരുത്തികൊടുക്കുന്ന ഇച്ചായനെ ഒരു ശത്രുവിനെപോലെ കാണുന്നതായും നമുക്കറിയാം. ഇത്തരമുള്ള 'മടിയരായ വിദ്യാര്‍ത്ഥി'കളാണ് കാലക്രമേണ, മലയാള ഭാഷയുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്നത് എന്ന് പറയാനില്ലല്ലോ. പ്രതികൂല സാഹചര്യങ്ങളുടെ മുന്നില്‍ ഒട്ടുംതളരാതെ, ഈ അക്ഷരസപര്യ തുടര്‍ന്നുകൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നു.
ബോബിച്ചായന്‍ എന്ന വ്യക്തിയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയെങ്കിലും വൃത്തിയായി മലയാളമെഴുതാന്‍ എനിക്ക് സാധിക്കുമായിരുന്നില്ലയെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ, മലയാളം ടൈപ്പ് ചെയ്യാന്‍തുടങ്ങിയാല്‍ത്തന്നെ ഇച്ചായന്റെ മുഖം മനസ്സിലേക്കോടിയെത്തും!.. ഒരുപാട് നന്ദിയോടെയും കടപ്പാടോടെയുംകൂടെ മാത്രമേ ഈ പ്രിയഗുരുവിനെ എനിക്ക് ജീവിതകാലംമുഴുവനും സ്മരിക്കാനാവുകയുള്ളൂ. പ്രിയപ്പെട്ട ഗുരുനാഥന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു.
സ്നേഹാദരങ്ങളോടെ,
പ്രിയ ശിഷ്യന്‍ - ജോയ് ഗുരുവായൂര്‍
==========================================
ബോബിച്ചായന്‍ നമ്മളോട് മനസ്സുതുറക്കുന്നു.....
ഞാനൊരു കോട്ടയംസത്യക്രിസ്ത്യാനി, ആറുമക്കളിൽ നാലാമൻ, ഇടത്തരം കുടുംബം. ഭാര്യ, വിമല തൃശൂർ സ്വദേശിനി. യാഥാസ്ഥിതികമേനോൻകടുംബം. മകൻ വിവാഹിതൻ, രണ്ടുപേരും സോഫ്റ്റ് വെയർ പ്രോഗ്രാമേഴ്‌സ്, ലണ്ടനിൽ. എട്ടുമാസം പ്രായമായ പേരക്കുട്ടി.
എഴുപതുകളുടെ അവസാനമാണ് എനിക്കു ബാങ്കിൽ ജോലി കിട്ടിയത്. പിന്നാലെ പലരും വന്നുചേർന്ന കൂട്ടത്തിൽ വിമലയും വന്നു. തെക്കോട്ട് അധികം ശാഖകളില്ലാത്തതിനാലും ജോലിക്കുവരുന്നവരൊക്കെ തെക്കന്മാരായതിനാലും വരുന്നവരൊക്കെ തെക്കോട്ടുപോകാൻ ധിറുതികൂട്ടുന്നതിനാലും ആദ്യമായി ജോലികിട്ടുന്നതൊക്കെ കോഴിക്കോട്ടായിരുന്നു.
ഞങ്ങളുടെ ബാങ്കിൽ ട്രെയിനിങ് സെന്റർപോലെയായിരുന്നു കോഴിക്കോട് ശാഖ. നേരത്തെ വന്ന എന്റെ, ശിഷ്യന്മാരായി നാലഞ്ചുപേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ വിമലയും. മൂന്നു വർഷത്തെ പരിചയം വച്ചുകൊണ്ട് പേടിച്ചുപേടിച്ചാണെങ്കിലും ഒരു ദിവസം ഞാൻ ചോദിച്ചു : എന്റെ കൂടെ പോരുന്നോ എന്ന്. ചോദിക്കേണ്ടതാമസം, ചോദ്യം കാത്തിരുന്നെന്നപോലെ ആൾ തലകുത്തിവീണു. എന്റെ വീട്ടിൽ അവതരിപ്പിച്ചു. കനത്ത എതിർപ്പ്. വിമലയുടെ വീട്ടിലും അതുതന്നെ. പക്ഷേ, അതെല്ലാം തൃണവല്ഗണിച്ചുകൊണ്ട് ഞങ്ങൾ രെജിസ്റ്റർ വിവാഹം കഴിച്ചു.
കാലണ രണ്ടുപേരുടെയും കൈയിലില്ല. ബാങ്കിലെ ഒരോഫീസർ രണ്ടായിരം രൂപ കടംതന്നു. അതുകൊണ്ടാണ് ജീവിതം തുടങ്ങിയത്. പിന്നീട് പ്രശ്നങ്ങൾ ഓരോന്നോരോന്നായി തുടങ്ങി. രണ്ടുപേരുടെയും വീട്ടിൽ കനത്ത എതിർപ്പ്. ആരുടേയും സഹായമില്ല. ബാങ്കിൽ ബന്ധുക്കളായ രണ്ടുപേരെയും ഒരിടത്തിരിത്തുകയില്ല. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി പരിചയക്കാരൊന്നുമില്ലാത്ത എറണാകുളത്തേക്കു സ്ഥലംമാറിപ്പോകണമെന്നു കേട്ടപ്പോള്‍ ആകെ അന്ധാളിച്ചു. പക്ഷേ പിന്നെയും ജീവിച്ചു. എങ്ങനെയൊക്കെയോ കുട്ടിയെ വളർത്തി. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് എന്റെയൊരു കൂട്ടുകാരന്റെ വീട്ടുകാർ സഹായിച്ചു. ഒന്നര വയസ്സുമുതൽ അവരാണ് മകനെ വളർത്തിയത്. അതുവരെ ഞാനും ഭാര്യയും മാറിമാറി ലീവെടുത്തു. ജോലിക്കാരെ നിയമിച്ചിട്ടൊന്നും ഫലപ്രദമായില്ല. പട്ടിണിയും പരിവട്ടവുമൊക്കെ രണ്ടുപേരുംകൂടെ സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല. കുരുത്തക്കേട് കാണിച്ചിട്ട് പറഞ്ഞിട്ടു കാര്യമില്ലല്ലോ.
ഏതാനുമുണ്ടങ്കിൽ ആരാനുമുണ്ട് എന്നു പറഞ്ഞതുപോലെ ഇപ്പോൾ, മകൻ പഠിച്ച് നല്ലനിലയിലായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്. ആരുടെയെങ്കിലും ഒരാളുടെ വീട്ടുകാരുടെ സഹായമില്ലാതെ, പ്രേമവിവാഹത്തിനു പോകുന്നവരോട് അതു ചെയ്യല്ലേ ചെയ്യല്ലേ എന്നു ഞാൻ പത്തുവട്ടം പറയും. എന്റെ നടു ഒടിഞ്ഞില്ലെന്നേയുള്ളൂ. തന്റെടംകൊണ്ട് ഇത്രവരെ എത്തിയതാണ്. ഇപ്പോൾ സ്വസ്ഥം. കഴിഞ്ഞതൊക്കെ വേണ്ടിയിരുന്നോ എന്നൊരു സന്ദേഹം ഇപ്പോളുണ്ട്. അന്നത്തെ മാനസികാവസ്ഥ അതല്ലല്ലോ. പ്രേമം തലയ്ക്കുപിടിച്ചാൽ പിന്നെ കണ്ണുകാണില്ല എന്നു കാരണവന്മാർ പറയുന്നത് ശരിയാണ്. ഇന്നാണെങ്കിൽ ഇങ്ങനെയൊരു സാഹസത്തിനു ഞാൻ ചാടിപ്പുറപ്പെടുകയില്ല. ഇന്നത്തെ പക്വത അന്നില്ലാതെപോയി !! പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുകിട്ടില്ലല്ലോ.
സസ്നേഹം,
ബോബി ജോസഫ്‌

തിരക്കിനിടയിലൊരു കുടറിപ്പയര്‍

വര്‍ഷം 1990. ബോംബെ സാന്താക്രൂസ് ഈസ്റ്റിലെ കാലിന എന്ന സ്ഥലത്തുള്ള ചേരിപ്രദേശം. പ്രവാസി മലയാളികളും ഉത്തര്‍പ്രദേശ്‌, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്‌, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും തിങ്ങിപ്പാര്‍ക്കുന്ന ഗള്ളികള്‍. സ്വാഭാവികമായും റൌഡികളുടെ വിഹാരരംഗവും.
"ശ്ശേ.. പണ്ടാരം.. ഒരു ദിവസമെങ്കിലും എന്‍റെ മുഖത്തുകൂടി ഓടാതെ ഈ അശ്രീകരങ്ങള്‍ക്ക് സമാധാനം കിട്ടില്ലാന്നു തോന്നുന്നു."
"എന്താടാ ബിജുവേ.. ഇന്നും ആ പോത്തനെലി നിന്‍റെ മോന്തയിലൂടെ പാഞ്ഞോ? ഹ ഹ ഹ... നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഭായി.. ക്ഷമീര്.."
ദേ തോമാച്ചാ.. നേരം വെളിച്ചാവുമ്പോത്തന്നേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാട്ടോ.. ഒരു ദിവസം കടയൊന്ന് മൊത്തത്തില്‍ വൃത്തിയാക്കി ഈ നശിച്ച എലികളെയെല്ലാം ഇവിടെനിന്നും തുരത്തണമെന്ന് എത്ര വട്ടമാണെന്നുവച്ചാ ഞാന്‍ ജോര്‍ജ്ജേട്ടനോട് പറയുന്നത്.. പുള്ളി കേക്കില്ലാ.. അന്നിവിടെ ഈ ചാക്കുകള്‍ക്കിടയില്‍ നമ്മുടെ കൂടെ കിടന്നുറങ്ങിയ സജിയുടെ കാലില്‍ എലി കടിച്ചില്ലേ? എന്നാണാവോ ഇവന്മാര്‍ ഇനി നമുക്കിട്ട് പണി തരുന്നത്... "
"എടാ ബിജ്വേ.. ഒരു ഒമ്പതുകൊല്ലായി ഞാനിവിടെ അന്തിയുറങ്ങുന്നു. ഒരെലിയും ഇന്നേവരെ എന്നെ കടിച്ചിട്ടില്ലാ. പിന്നേ ഇടയ്ക്കിടെ മേത്തൂടെ അവറ്റങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തേര്‍വാഴ്ച്ച നടത്തുമെന്നത് നേര്. അവരുടെ വഴിക്ക് നമ്മളിങ്ങനെ കിടന്നാല്‍ ആ പാവത്തുങ്ങള്‍ പിന്നെ എതിലൂടെ ഓടും.."
"തോമാച്ചാ.. ങ്ങള് വീണ്ടുമെന്നെ ദേഷ്യം പിടിപ്പിക്കണ്ടാട്ടോ..ഹും ഒരു പാവങ്ങള്‍.. ഇവിടെയൊന്ന് ഒന്നുനല്ലരീതിയില്‍ വൃത്തിയാക്കാനായി പകലൊരുദിവസം കടയടച്ചിടാന്‍ അതിയാന് കഴിയില്ലാ.. അതന്നേകാര്യം.. എന്നാണാവോ ദൈവമേ ഈ എലികളുടെ കടിയുംകൊണ്ട് പ്ലേഗ് പിടിക്കാന്‍ പോകുന്നത്"
"മതീ.. എണീറ്റോ മാഷേ.. മണി നാലരയായിട്ടാ.. കടേടെ മുന്നില്‍ ഇപ്പോത്തന്നെ ഗിരാക്കോള് കാത്തുനിക്ക്ണ് ണ്ടാവും.. അഞ്ചുമണ്യായിട്ടും കടതൊറക്കാതെയിരിക്കണകണ്ടാല്‍ അതുമതി മൂപ്പരുടെ കുരുപൊട്ടാന്‍..."
"അങ്കിള്‍ സൌ ഗ്രാം സരസൂകാ തേല്‍ ദേദോ..
"പെഹലേ മുജേ ദേദോ അങ്കിള്‍ പച്ചാസ് ഗ്രാം ഹല്‍ദി..."
"ആട്ടാ ക്യാ ഭാവ് ഹൈ ഭായ്സാബ്?.."
"ഏയ്‌ അണ്ണാ.... അര്‍ദ്ധാകിലോ ചാവല്‍ ദേദോരേ.. ജല്‍ദി.."
"ഡാ ബിജ്വേ... നീ പെട്ടെന്നാ ഷട്ടറൊന്നു പിടിച്ചുപൊന്തിച്ചേ.. അല്ലെങ്കീ ഇവറ്റകളിപ്പോ നമ്മളെ കൊല്ലും... ദേ ഈ അരിവാങ്ങാന്‍ നിക്കണോനെ കണ്ടില്ലേ.. കൊമ്പന്‍മീശ വച്ചപ്പോ ദാദയായി എന്നാ അവന്‍റെ വിചാരം.. നേരംവെളിച്ചാവുമ്പൊത്തന്നേ വയറിന്മേല്‍ രണ്ടുകാലും കൊളത്തിയിട്ട് ഇങ്ങട് എറങ്ങിക്കോളും... അവന്‍റെ അമ്മായിയമ്മേടെ ഒരു അരി... !@#$% ഹും"
"അല്ലാ തോമാച്ചാ... ഇവിടങ്ങളില്‍ വേറെത്രയോ കടേണ്ട്.. ഇവര്‍ക്കെന്താ അവിടെപ്പോയി സാധനം വാങ്ങിയാല്‍? ഇതിപ്പോ ഈ കടമാത്രമേ ഇവിടുള്ളൂ എന്ന മട്ടിലല്ലേ ഈത്തപ്പഴത്തിലീച്ച പൊതിഞ്ഞപോലെ ആളുകള്‍ നില്ക്കുന്നത്. മനുഷ്യനൊരു ചായ കുടിക്കാന്‍പോകാന്‍ വരെ സ്വൈര്യം തരാതെ"
"ഹ ഹ ഹ കൊല്ലം ഒമ്പതായി മോനേ ഞാനീ അങ്കംവെട്ട് തൊടങ്ങീട്ട്.. ജോര്‍ജ്ജേട്ടന്‍റെ കടേന്നുവാങ്ങ്യാ അവര്‍ക്ക് തൃപ്ത്യാ.. കാരണെന്താ?... മൂപ്പര് പറ്റിക്കില്ല്യല്ലോ... മായം ചേര്‍ക്കാത്ത ചരക്കുകള്‍.. പോരാത്തതിന് കടോം കൊടുക്കും... കടം വാങ്ങ്യവരോട് കണിശായിട്ട് പുള്ളി പണം തിരിച്ചുവാങ്ങേമില്ലാ.. പിന്നവര് വേറെ എങ്ങട് പോകാന്‍... ഹ ഹ ഹ .. ഒത്തിരിപേര് മൂപ്പരെ ഇതേപോലെ പറ്റിച്ചിട്ടുണ്ടേ "
"ങാ പിന്നേയ്,, ഒരുകാര്യം പറയാന്‍ മറന്നു.. ഇന്നലെ രാത്രി രണ്ടുമണിക്ക് ആ മഖന്‍ദാദ വന്ന് വാതിലില്‍മുട്ടി. കൈയിലയാളുടെ കൊച്ചിരുന്നുകാറുന്നുണ്ടായിരുന്നു. പാതിരായ്ക്ക് കുട്ടിക്ക് ഫൈവ് സ്റ്റാര്‍ ചോക്കലേറ്റ് വേണം പോലും.. എടുത്തുകൊടുത്തു. കാശോ ഇല്ലാ... പോട്ടേ ഒരു ശുക്രിയ പോലും പറയാതെ ആശാനൊരുപോക്കല്ലേ..."
"ഹും... അതിനൊക്കെ കാശ് ചോദിക്കാന്‍ പോയാല്‍ തടികേടാവുംട്ടാ.. ഇവറ്റങ്ങളെയൊക്കെ ഒരു പരുവത്തിലിങ്ങനെ അട്ജസ്റ്റ്ചെയ്ത് കൊണ്ടുപോവാനേ പറ്റൂ.. അയാള്‍ടെ കുട്ടിക്കാണെങ്കില്‍ എന്നും പാതിരാത്രിക്കാണ് ഗ്രഹണിയിളകുക.. സ്ഥിരമുള്ള സംഭവാ.. ജോര്‍ജ്ജേട്ടനും പറഞ്ഞു.. എന്താ വേണ്ടേച്ചാ എടുത്തുകൊടുത്തോളാന്‍... വഴക്കടിച്ചാല്‍ നഷ്ടം നമുക്ക് തന്നെയല്ലേ എന്ന്.."
"ഹോ ഒരുമണിയായോ!.. വിശന്നിട്ടുവയ്യാ... ഈ ജോര്‍ജ്ജേട്ടന്‍ എവിടെപ്പോയി... ഇന്ന് സണ്‍ഡേ അല്ലേ ചിലപ്പോളിന്ന് ആന്‍റി, വല്ല പോത്തോ പോര്‍ക്കോ ഒക്കെ ഉണ്ടാക്കുന്നുണ്ടാവും.. അതാ ചോറ് കൊണ്ടുവരാന്‍ നേരം വൈകുന്നുണ്ടാവാ... അങ്ങേര് പെട്ടെന്നൊന്നുവന്നെങ്കിലൊന്നു മുള്ളാന്‍ പോകാമായിരുന്നു.. നേരമെത്രയായെന്നറിയോ പിടിച്ചുനില്ക്കുന്നു..ഹുഹുഹൂ"
"ഹോ അതിനാണോ താനിത്ര വെഷമിക്കണേ ദേ നമ്മുടെ ആ കൊടയെടുത്ത് നിവര്‍ത്തി ഒന്ന് റിപ്പയര്‍ ചെയ്താ പോരേ.. സംഗതി ക്ലീന്‍ ക്ലീന്‍... അല്ലാതെ മുനിസിപ്പാലിറ്റി ടോയ്ലറ്റില്‍ പോയി വരുമ്പോഴേക്കും തെണ്ടിപ്പിള്ളേര് കൈയിട്ടുവാരി ഒരു രണ്ട് മിഠായിഭരണിയെങ്കിലും കാലിയാക്കീട്ടുണ്ടാവും. രണ്ടാളില്ലാതെ ഈ കടയില്‍ കച്ചോടം ചെയ്യാന്‍ പറ്റില്ല മോനേ.. ഒരാള്‍ സാധനങ്ങള്‍ എടുക്കാന്‍ തിരിയുമ്പോ മറ്റേയാളുടെ കണ്ണ് വാങ്ങാന്‍വന്നവരുടെ മേല് ഉണ്ടായില്ലേല്‍ ഈ കട മൊത്തത്തില്‍ത്തന്നേ അവര്‍ അടിച്ചോണ്ട് പോവും.. ന്നാ കൊട... നിവര്‍ത്തി, ആ മൂലയ്ക്കിരുന്നു റിപ്പയര്‍ ചെയ്തോളൂ.. വേഗമാവട്ടേ..ഹ ഹ ഹ "
"ഓക്കേ.. അങ്ങനെയെങ്കില്ലങ്ങനെ... തോമാച്ചാ... ആ കാലിക്കുപ്പിയിങ്ങെടുത്തേ... ഇപ്പൊ ശരിയാക്കിത്തരാം "
"ങാ ജോര്‍ജ്ജേട്ടന്‍ വന്നല്ലോ.. എന്താന്നുവൈക്യേ?.. ദേ ഇവിടൊരുത്തന്‍ വെശന്നിട്ടുചാവുന്നു..."
"അതുശെരി.. ദാ പോത്തിറച്ചി വരട്ടീത് ഉണ്ട്.. കൊടുക്ക്‌.. എന്നിട്ടവന്‍ എന്ത്യേ? കാണാനില്ലല്ലോ?.."
"ഹ ഹ ഹ ജോര്‍ജ്ജേട്ടാ.. അവനവിടെയിരുന്ന് നമ്മുടെയാ പഴയ കാലന്‍കുട റിപ്പയര്‍ ചെയ്യല്ലേ... ഈ തെരക്കിനിടേല് പൊറത്തേക്കുപോവാന്‍ ഒരു നിവൃത്തീമില്ലാ..."
"അ അ ആ.. അപ്പോ നീ നമ്മുടെയാ കൊടറിപ്പയര്‍ നമ്പര്‍ ഇവനേം പഠിപ്പിച്ചാ?... ഹ ഹ ഹ ഹ മിടുക്കന്‍... ആ കുപ്പിയെങ്ങാനും അവിടെ തട്ടിക്കളഞ്ഞ് കട കൊളമാക്കല്ലേന്ന് അവനോട് പറയ്‌... അപ്പോ ഞാന്‍ പോട്ടേ?,,,"
- ജോയ് ഗുരുവായൂര്‍

ബലിക്കാക്ക

നിരന്തരം നീയത് വെള്ളത്തില്‍മുക്കുന്നു,
പാറമേലുരച്ചു മൂര്‍ച്ചവരുത്തുന്നു,
കൈകൊട്ടലുകള്‍ക്കിപ്പുറം,
ജനിമൃതികളുടെ പാപഭാരങ്ങള്‍
കരിങ്കല്ലിനേക്കാള്‍ കഠിനമാക്കിയ ,
എള്ളുകുഴച്ചയുണക്കലരിയുരുളകളെ,
കൊത്തിപ്പൊട്ടിച്ചുവിഴുങ്ങാന്‍....
പുഴയില്‍നിന്നൊഴുകിവരും കാറ്റിനെതിരെ
വീശിവീശി, ചിറകുകള്‍ ദൃഢമാക്കുന്നു,
ജീവിച്ചിരിക്കേ ഒരു ചെറുരുളപോലും
സ്നേഹത്തോടെ നീട്ടാന്‍മറന്ന,
തലമുറകളുടെ പശ്ചാത്താപഭാരങ്ങളെ,
ചിറകേറ്റി മോക്ഷത്തിലേക്ക് പറക്കാന്‍..
- ജോയ് ഗുരുവായൂര്‍