Tuesday, May 1, 2012

സുപ്രഭാതം


സുപ്രഭാതം

കിഴക്ക് മൊട്ടക്കുന്നിന്‍ പുറത്തെ കറുകനാമ്പുകളില്‍

ഉതിരാന്‍ മടിച്ചേതാനും ഹിമകണങ്ങള്‍ പിടിച്ചിരുന്നൂ

നിദ്ര വിട്ടുണര്‍ന്ന ചെറുകിളികള്‍ കളകളാരവം കൂട്ടാന്‍

നീരോലി ചെടികളില്‍ നിരന്നിരുന്നൂ

അല്‍പ്പം മുമ്പ് വിടര്‍ന്ന ചെമ്പരത്തിപ്പൂക്കളും

അതിനിടയിലഴക്‌ പരത്തിയ പിച്ചകപ്പൂക്കളും

കിഴക്കിന്‍ ശീവേലി ദര്‍ശനത്തിനൊരുങ്ങവേ

കൂട് വിട്ടു മൂവാണ്ടന്‍ മാവിലിരുന്ന കുയില്‍

കണ്ഠശുദ്ധിക്കായി നാലിളം തളിര്‍ കൂടിയകത്താക്കി

ഗാന്ധര്‍വ സംഗീതം മുഴക്കാനൊരുങ്ങീ

ചിറകടിച്ചുണര്‍ന്ന പൂവ്വന്‍ കോഴികള്‍

ചുവടു വച്ച് പ്രഭാതഭേരിക്ക് വട്ടം കൂട്ടി

ചമ്പത്തെങ്ങിന്‍ തലപ്പിലെ കമ്പിന്‍ കൂട്ടില്‍ കാക്കക്കുഞ്ഞുങ്ങള്‍

ഇമ്പമില്ലാത്ത സ്വരത്തിലെന്തോ ഉരക്കാന്‍ ശ്രമിച്ചൂ

രാത്രി മുഴുവനുമുറക്കമൊഴിച്ച പാണ്ടന്‍ നായയൊന്നു

മൂരി നിവര്‍ന്നു പകലോനെയെതിരേല്‍ക്കാനൊരുങ്ങീ

അരയാലിന്‍ ചില്ലകളിലായിരം വവ്വാലുകള്‍

രാത്രിസഞ്ചാരം കഴിഞ്ഞു തലകീഴായി തൂങ്ങി

വാഴക്കൂമ്പിലെ കറ ചുവയ്ക്കുന്ന മധു നുകര്‍ന്നുന്മാദനായ നരിച്ചീറൊരു

ഒരു കുടശ്ശീലക്കഷണം കണക്കെയുത്തരത്തില്‍ പറ്റി

പൊരുന്നയിരുന്ന തള്ളക്കോഴി തന്‍ ചിറകിനടിയില്‍ നിന്നുമൊ-

രനുസരണയില്ലാ കോഴിക്കുഞ്ഞ് പുറത്തേക്ക് തല നീട്ടി

അമ്മിഞ്ഞ കുടിക്കാനക്ഷമനായൊരു മൂരിക്കുട്ടന്‍

തൊഴുത്തില്‍ കറവക്കാരനെയും കാത്തു നിന്നു

പാതയരികിലെ യക്ഷിപ്പാലകള്‍ സുഗന്ധം തീര്‍ന്ന

പാതി പൂക്കളും പാതയില്‍ വിതറി

മലയിറങ്ങി വന്നൊരു മന്ദമാരുതന്‍

പിച്ചകപ്പൂക്കളുടെ മനംമയക്കും ഗന്ധം പേറി

കുളിര് കോരിയിട്ടൊഴുകാന്‍ തുടങ്ങീ

സംഗീത സദസ്സ് തുടങ്ങാനിനിയേറെയില്ല നേരം

പൂവന്‍ കോഴിയുടെ വിളംബരാനന്തരം

കിളികളും കാക്കകളും കുയിലുകളുമൊത്തുള്ള

നാദബ്രഹ്മസദസ്സിനായി പ്രകൃതി കാതോര്‍ത്തൂ

കിഴക്കതാ ഇരുളു കീറിമുറിച്ചറിവിന്‍ കിരണങ്ങളുയര്‍ന്നൂ ‍

കഴുത്തു കുറുക്കി ചിറകു വിരിച്ച് പൂവന്‍ കോഴിയിതാ

പ്രകൃതിയാമുല്‍പ്പാദനശാലയില്‍ പ്രഭാതഭേരി മുഴക്കീ

ഒരുങ്ങിയിരുന്ന പ്രകൃതി ഗായകര്‍ മധുരസംഗീതമൊഴുക്കീ

ഇരുള്‍ മാറിയ ഭവനങ്ങളിലെ തഴപ്പായകളില്‍

നിന്നൊരായിരം കോട്ടുവായകളുയര്‍ന്നൂ

മാണിക്യം തോല്‍ക്കും പൊന്‍ശോഭയിലിതാ

അഖിലലോകനായകനെഴുന്നെള്ളിയിരിക്കുന്നൂ

പാലപ്പൂക്കള്‍ വിരിച്ച പാതയിലൂടെയവര്‍ മന്ദം

പശ്ചിമം ലക്ഷ്യമാക്കി പ്രയാണം തുടങ്ങീ.

- ജോയ് ഗുരുവായൂര്‍

1 comment:

  1. നല്ല ഒരു ഗ്രാമത്തിലെ പ്രഭാത വരണന ... ഒരുപാട് ഇഷ്ടായി ജോയ് . അഭിനന്ദനങ്ങള്‍

    ReplyDelete