Sunday, August 14, 2016

അറിയുന്നു ഞാന്‍....

അറിയുന്നു  ഞാനെന്റെ മെഴുകുരുകുന്നതും  
അറിയുന്നു  ഞാനെന്റെ  തിരിയെരിയുന്നതും  
ഉയിരിന്‍റെ ഊടില്‍ പാവഴിഞ്ഞീടുന്നു 
ഉണരാത്തൊരാ ദിനം ഞാനറിഞ്ഞീടുന്നു

നാലുദശകങ്ങള്‍ മുന്നൊരു നാളില്‍ 
നാലുകാലിലിഴഞ്ഞു നടന്നതും   
കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചതും 
കൊച്ചുകുസൃതികള്‍ കാട്ടിനടന്നതും 

രണ്ടുകാലിന്മേല്‍ നില്ക്കാന്‍ പഠിച്ചതും 
രാവിനെക്കണ്ടു ഭയന്നു വിറച്ചതും 
മുത്തശ്ശിതന്നുടെ മാറിലെ ചൂടും 
മാതാവിന്‍ വാത്സല്യപ്പുഞ്ചിരി തേനും 

പാടത്തെ ചേറില്‍പ്പുതഞ്ഞുകിടന്നതും 
പള്ളിക്കൂടത്തിന്‍ പടികള്‍ക്കടന്നതും 
മേല്ച്ചുണ്ടിന്‍ മീതെയായ്‌ മീശമുളച്ചതും 
മിണ്ടാതെ മിണ്ടിയ പ്രണയസന്ദേശവും 

വിപ്ലവവീര്യം സിരയില്‍ പടര്‍ന്നതും 
വിത്തുകളായിരം പാകി നടന്നതും 
ചോരതന്‍ നേരിന്‍റെ ശാസ്ത്രം പഠിച്ചതും 
ചാരത്തു നാരിയെ ചേര്‍ത്തുപിടിച്ചതും 

ജീവിതസമരത്തിന്‍ പോരാളിയായതും 
ജാതിവിധികളെ കീറിയെറിഞ്ഞതും
അവഹേളനങ്ങളെ നേരിട്ടുനിന്നതും 
ആലംബഹീനര്‍ക്കൊരാലംബമായതും 

ചിന്തയിലുണരും ചിരിക്കുന്ന പൂവുകള്‍ 
ചിതയിലെരിയും പഴിക്കുന്ന വാക്കുകള്‍   
അനുദിനമാവേശമേറ്റിയ നാളുകള്‍
അടരാടി തളരാതെ നിന്നൊരുവേളകള്‍

പിന്നിട്ട വഴികളില്‍ പൂത്തൊരാപ്പൂക്കളിന്‍
പുഞ്ചിരി മായാത്ത മഴവില്ലിന്‍ ചേലിലായ്   
ഓര്‍ക്കുമ്പോളിപ്പോഴും സന്തോഷനിര്‍വൃതി 
കോര്‍ക്കുന്നു ഹൃത്തിലോ വര്‍ണ്ണമാല്യങ്ങള്‍ 

മെഴുതിരി മെല്ലേയുരുകിയമരുന്നു 
മെല്ലേ കരിന്തിരിയാളുന്നതറിയുന്നു.
ഉയിരിന്‍റെ ഊടില്‍ പാവഴിഞ്ഞീടുന്നു 
ഉണരാത്തൊരാ ദിനം ഞാനറിഞ്ഞീടുന്നു
 
- ജോയ്  ഗുരുവായൂര്‍

No comments:

Post a Comment