Monday, August 15, 2016

അമരമീ പ്രണയം

കാട്ടിലെ മാനിന്‍റെ തോലു കൊണ്ടുണ്ടാക്കി
മാരാര് പണ്ടൊരു ചെണ്ടാ...
എന്ന കവിതയുടെ വൃത്തമായ "മാരകാകളി" വൃത്തത്തില്‍ ഞാന്‍ രചിച്ച കവിത
അമരമീ പ്രണയം
===============
കെട്ടിക്കിടക്കുന്ന ഓടയോരത്താരോ
എന്നോ പൊഴിച്ചെന്നെ വിത്തായ്
പൊട്ടിമുളച്ചു ഞാന്‍,വേരു കിളിര്‍ത്തപ്പോള്‍
കണ്ണുതുറന്നൊന്നു നോക്കി
മാലിന്യക്കൂട്ടങ്ങള്‍ കുന്നായ്ക്കിടക്കുമാ
കാഴ്ചകള്‍ കണ്ടു ഞാന്‍ ഞെട്ടി
ദുര്‍ഗന്ധപൂരിതമാം അവശിഷ്ടങ്ങള്‍
ചുറ്റിലും വന്നുനിറഞ്ഞു
ശ്വാസമെടുക്കുവാന്‍, ചില്ലകള്‍ നീര്‍ത്തുവാന്‍
പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി
ഏതോ പ്രഭാതത്തിലെന്നുടെ ചില്ലയില്‍
മൊട്ടുപോലെന്തോ കുരുത്തു
സൂര്യനൊരുദിനം ആ കുഞ്ഞുമൊട്ടിനെ
മെല്ലേ തഴുകിവിടര്‍ത്തി
പൂവിന്‍സുഗന്ധം സ്വദിച്ചൊരാ വണ്ടുകള്‍
തേനുണ്ണുവാന്‍ പറന്നെത്തി
പേടിച്ചരണ്ടു ഞാന്‍ ചില്ലകള്‍ വീശിയാ-
വണ്ടുകളെ ദൂരെ മാറ്റി
എത്രനാളീവിധം നില്ക്കുവാനൊക്കുമോ-
യെന്നു ചിന്തിച്ചൂ,ഭയന്നൂ
അന്നെന്‍ സമീപത്തിലെന്നെ രക്ഷിക്കുവാന്‍
വന്നു നീ,യെന്റെ സൌഭാഗ്യം!
പങ്കത്തില്‍നിന്നു ഞാന്‍ പുഞ്ചിരി തൂകവേ
ഇഷ്ടത്തോടെത്തി നീ വേഗം
ഏറെ മോഹിച്ചു ഞാന്‍ നിന്‍റെ സാമീപ്യവും
തൊട്ടുതലോടലുമേല്ക്കാന്‍
വാരിയെടുത്തെന്നെ മാറോടണച്ചു നീ
ചുംബനം കൊണ്ടു പൊതിഞ്ഞു.
വേരോടെടുത്തെന്നെ നിന്നുടെ സുന്ദര -
മന്ദിരമൊന്നിലായ് വച്ചു
ഏറെക്കരുതലും സാന്ത്വനവര്‍ഷവും
നീയെനിക്കെന്നെന്നുമേകി
പങ്കിലമായൊരെന്‍ ചില്ലകളൊക്കെ നീ
മെല്ലേ വെടിപ്പാക്കി വച്ചു
വെട്ടിത്തിളങ്ങുന്ന ചില്ലിന്റെ പാത്രത്തില്‍
സാമോദമെന്നെ വളര്‍ത്തി
നിന്നുടെ സ്നേഹാതിരേകത്തിന്‍ ഛായയില്‍
ഞാനേറ്റം സംതൃപ്തയായി
നിന്നുടെ പുഞ്ചിരി കാണുവാനായെന്നും
പൂവുകളെന്നും വിടര്‍ത്തി
സ്നേഹം ലഭിക്കാതെ സ്നേഹം ലഭിച്ചപ്പോള്‍
ഞാനെന്നെയാകെ മറന്നു
നിന്‍റെ ശ്വാസങ്ങളെന്‍ നിശ്വാസമാകുവാ-
നെപ്പോഴും ഞാനും മോഹിച്ചു
നിന്നെക്കാണാത്തൊരു മാത്ര വന്‍ദുഃഖമായ്,
ആവില്ലാ കാത്തുനിന്നീടാന്‍
തീവ്രമാമെന്റെ പ്രണയക്കൊടുങ്കാറ്റില്‍
നീയുമൊന്നാടിയുലഞ്ഞു
സ്നേഹിച്ചതൊന്നുമേ പോരെന്ന വാശിയില്‍
നിന്നോട് ഞാനും കയര്‍ത്തു
തെറ്റുകളോരോന്നു ജീവിതത്താരയില്‍
ചീറ്റി ഫണങ്ങളുയര്‍ത്തി
എന്നിട്ടും നീയെന്നെ കൈവിട്ടുപോവാതെ
ഹൃത്തിലായ് ഭദ്രമായ്‌ വച്ചു
കോപാന്ധയായൊരു നാളൊന്നില്‍ നിന്നെ ഞാന്‍
നിഷ്‌ഠൂരനെന്നു വിളിച്ചു
എന്നിട്ടുമെന്നെ നീ ആശ്വാസവാക്കുകള്‍
കൊണ്ടങ്ങു മൂടിയതോര്‍പ്പൂ
ഓരോദിനത്തിലുമെന്റെ ധാര്‍ഷ്ട്യത്തിന്റെ
മൊട്ടുകള്‍ ദുഃഖം പരത്തി
ഒട്ടും സഹിക്കാതെയെന്നെ നീ നിര്‍ദ്ദയം
മാലിന്യക്കൂട്ടിലെറിഞ്ഞു
വീണ്ടുമെന്‍ ജീവിതത്താരയില്‍ നിത്യവും
കാര്‍വണ്ടിന്‍ കൂട്ടങ്ങള്‍ മൂളി
ഹുങ്കു നിറഞ്ഞൊരെന്‍ മാനസത്തില്‍നിന്നു
വങ്കത്തരങ്ങളൊഴിഞ്ഞു
മറ്റുമാര്‍ഗ്ഗങ്ങളില്ലാതെന്നെ നിര്‍ദ്ദയം
തള്ളിക്കളഞ്ഞുവെന്നാലും
എന്‍ പ്രിയാ, നിന്നോടു ചെയ്തവയൊക്കെയും
മാപ്പാക്കി വന്നെന്നെ പുല്കൂ
അത്രയ്ക്കു നിന്നെയെന്‍ ജീവന്‍റെ ജീവനാ-
യിപ്പൊഴും സ്നേഹിച്ചിടുന്നു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment