Tuesday, October 31, 2017

"ശ്ശോ.. ഈ അപ്പാപ്പനെക്കൊണ്ട് തോറ്റൂ!!..." (മരിക്കാത്ത ഓര്‍മ്മകള്‍ -1)

ചില പ്രിയപ്പെട്ട വ്യക്തികളും അവരുള്‍പ്പെടുന്ന നമ്മുടെ ജീവിതാനുഭവങ്ങളും ഒരിക്കലും നമ്മള്‍ മറക്കുകയില്ലാ. സ്നേഹസ്വരൂപനായിരുന്ന എന്‍റെ അപ്പാപ്പനും (Grand Father) ഞാനും ഒരുമിച്ച് തരണംചെയ്ത ചില "ആശുപത്രിപ്രതിസന്ധികള്‍" ആണ് ഈ എഴുത്തിനാധാരം.
ഞാന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി. സഹപാഠികളുടെ കണ്ണിലുണ്ണിയും ഹീറോയും അല്ലറചില്ലറ പഞ്ചാരയുമൊക്കെയായി വിലസുന്ന കാലം. കോളേജില്‍പോക്ക് വെറും പഠിപ്പിനുമാത്രമായാല്‍അതിനെന്തു രസം?
റാണി ബസ്സ്. കോളേജുസ്റ്റോപ്പ്‌വഴിപോകുന്ന ആകെയുള്ള ആ ബസ്സായിരുന്നു ഗുരുവായൂര്‍ഭാഗത്തുനിന്നുവരുന്ന കുട്ടികളുടെ പ്രധാന ഉപാധി. അതില്‍ കയറിപ്പറ്റിയാല്‍ത്തന്നേ കോളേജില്‍ ഹാജര്‍കിട്ടിയയൊരു പ്രതീതിയായിരുന്നു. കോളേജുപിള്ളേരുടെ ശല്യവും ബഹളവുംകാരണം സാധാരണക്കാരായ യാത്രക്കാര്‍വരേ ആ ബസ്സിന്‍റെ രാവിലത്തെ ട്രിപ്പില്‍ കയറാറുണ്ടായിരുന്നില്ലാ. കണ്ടക്ടറും ഡ്രൈവറും വര്‍ഷങ്ങളായുള്ള നിത്യപരിചയംകൊണ്ട് കുട്ടികളുടെ വേലത്തരങ്ങളോട് താദാത്മ്യപ്പെടുകയും ചെയ്തിരുന്നു. കോളേജ്സ്റ്റോപ്പ്‌ എത്തുന്നതുവരേ, മണിയടിക്കലും 'റൈറ്റ്' പറയലുമൊക്കെയായി ബസ്സിന്റെ കമ്പ്ലീറ്റ് കണ്‍ട്രോള്‍ കോളേജുകുമാരന്മാരുടെ കൈയിലായിരിക്കും. ഇതിനിടയില്‍, അന്നത്തെ കാലത്ത് കൊടുത്തിരുന്ന കണ്സഷന്‍ചാര്‍ജ് ആയ പത്തുപൈസവരേ കൊടുക്കാതെ തടിതപ്പാന്‍നോക്കുന്ന വിദ്വാന്‍മാരും ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് എന്റെ അപ്പാപ്പനായ സാക്ഷാല്‍ അന്തപ്പന്‍മാപ്പിള, വീടിന്‍റെ തട്ടിന്‍മുകളിലേക്കുള്ള കോണിപ്പടികയറുന്നതിനിടയില്‍ കാലുപതറി ഉരുണ്ടുപിരണ്ട് ഡീസന്റായിത്തന്നേ വീണ് കൈയും തോളെല്ലുമൊക്കെ ഫ്രാക്ചറായി കോളേജിന്‍റെയടുത്തുതന്നെയുള്ള ഒരു പാരിഷ്ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാവുന്നത്. അപ്പാപ്പനന്ന് പ്രായം നന്നേ കുറവായിരുന്നു. വെറും എഴുപത്തിയഞ്ചു വയസ്സ്. നാട്ടിലറിയപ്പെടുന്ന വ്യക്തിയും, പണ്ടത്തെ സിലോണ്‍ പ്രവാസിയും കൊപ്രവെട്ട് വ്യവസായം കാര്യക്ഷമമായി നടത്തിവന്നിരുന്ന ആളുമായിരുന്നു അദ്ദേഹം. ഒന്നാംതരം കണിശക്കാരനും അതേസമയം പരമരസികനും. എന്നോട് മറ്റുള്ള കുട്ടികളില്‍നിന്നൊരു വേറിട്ടസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
വിവരമറിഞ്ഞ് വിഷണ്ണനായി ഞാന്‍ ആശുപത്രിയില്‍ചെല്ലുമ്പോള്‍ ആശുപത്രിമുറ്റത്ത്‌ അപ്പാപ്പന്‍റെ മൂത്തസന്തതിയായ എന്‍റെ അപ്പച്ചനും (father) ഇളയപ്പന്മാരുമായി എന്തോ ഗൂഢാലോചന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഗൗനിക്കാതെ നേരെ അപ്പാപ്പനെ കിടത്തിയ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.
എന്നേക്കണ്ടവഴി അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പൊടിഞ്ഞ കണ്ണുനീര്‍ എന്‍റെ കൈകള്‍കൊണ്ട് തുടച്ചുമാറ്റി ഞാന്‍ പറഞ്ഞു
"സാരല്യപ്പാപ്പാ ഇതൊക്കെ പെട്ടെന്നുതന്നേ മാറിക്കോളും.. സമാധാനമായി കിടന്നോളൂ.. ആദ്യം അപ്പാപ്പന്‍ ഈ ചായ അങ്കട് കുടിക്ക്, ഒരുഷാറൊക്കെ വരട്ടേ.." ഞാന്‍ ഫ്ലാസ്ക് തുറന്ന് ഒരു കപ്പില്‍ ചായയൊഴിച്ച് അദ്ദേഹത്തിനുനേരെ നീട്ടി.
"ടാ.. ആദ്യം നീയ്യ്‌ ഒരു കാര്യംചെയ്യ്... ദേ ആനിക്കണ കുരുത്തം കെട്ട ചെക്കനുണ്ടല്ലോ... അവന്‍റെ ചെവ്ട് പിടിച്ച്, അസ്സലായൊരുതിരുമ്മങ്കട് കൊട്. കൊറേനേരായവന്‍ ന്‍റെ പ്ലാസ്റ്ററിട്ട കൈ ഞാത്തീട്ട ഈ സ്റ്റാന്‍ഡില്‍ കെടന്ന്‍ സര്‍ക്കസ്സുകളിക്ക്ണൂ... അസത്ത്"
മക്കളും മരുമക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഒന്നുംകഴിക്കാതിരുന്ന അപ്പാപ്പന്‍, ഞാന്‍ കൊടുത്തചായ പ്രസന്നവദനനായി, കട്ടിലിന്റെ ക്രാസിയില്‍ചാരിയിരുന്ന് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗൂഢാലോചനകഴിഞ്ഞ് അപ്പച്ചനും രണ്ടനിയന്മാരും അവിടേക്ക് കടന്നുവന്നത്.
"ദേ അപ്പന്‍ ചായ കുടിക്ക്ണൂ..! നമ്മള് എത്രകൊടുത്തുനോക്കീതാ... കണ്ണുവരെ തൊറന്ന്വോ?.. ജോയി കൊടുത്തപ്പോള്‍ നോക്ക്..ദേ കുടിച്ചു!..." വല്യളേപ്പന്‍ അതുപറഞ്ഞപ്പോഴേ അവരുടെ ഗൂഢാലോചനയുടെ ഉദ്ദ്യേശ്യശുദ്ധി എനിക്ക് ഏകദേശം പിടികിട്ടി. രാത്രികളില്‍ സ്ഥിരമായി ഹോസ്പിറ്റലില്‍ ഈ പാവമെന്നെ നിറുത്തണം. അവര്‍ക്ക് വീട്ടില്‍പ്പോയി മുക്രയിട്ടുറങ്ങണം..
"മോനെ നീ പോയി വല്ലതും കഴിച്ചിട്ട് വാടാ.. ഞങ്ങള്‍വ്ടെ വെയിറ്റ് ചെയ്യാം".. കീശയില്‍നിന്ന്‍ ഒരു നൂറിന്‍റെ ഒടിയാത്തനോട്ടെടുത്ത് എന്റെകൈയിലേക്കുവെച്ചുതന്ന് അപ്പച്ചന്‍ പറഞ്ഞു. കൈക്കൂലിതന്ന്, എന്നെ പാട്ടിലാക്കാനുള്ള അപ്പച്ചന്‍റെ സൂത്രം മനസ്സിലാക്കിയഞാന്‍ പറഞ്ഞു.
"എന്തിന്.. ഏയ്‌ വേണ്ടാ.. ഞാന്‍ വീട്ടില്‍പോയി കഴിച്ചോളാം..."
"ജോയിക്കുട്ടാ... ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ പൊന്നുമോനേ.. ഞങ്ങക്കൊക്കെ നാളെ ജോലിക്കുപോണ്ടേ?.. അപ്പാപ്പനാണെങ്കില്‍ നീതന്നേ കൂടെനില്ക്കുന്നതാ ഇഷ്ടവും.. ." എന്നെ പ്രതീക്ഷാനിര്‍ഭരമായിനോക്കുന്ന അപ്പാപ്പന്‍റെമുന്നില്‍ എളേപ്പന്‍റെ ന്യായീകരണത്തിനു തടയിടാന്‍ ഞാന്‍ അശക്തനായിരുന്നു. അപ്പാപ്പനും ഞാനുമായുള്ള ഇരിപ്പുവശം പരമാവധി മുതലെടുത്തുകൊണ്ടായിരുന്നു അവരുടെ സംസാരങ്ങളും.. അല്ലെങ്കിലും എനിക്ക് അപ്പാപ്പനെ അസ്വസ്ഥതകളുടെ ഇരയാക്കി വിട്ടുപോകാന്‍ കഴിയുമായിരുന്നില്ലെന്നത് വേറൊരുകാര്യം.
"രാത്രിയിലെന്തേലും പ്രശ്നമുണ്ടായാല്‍ നീ ഫോണ്‍ ചെയ്യണം.."
എന്നെ പറ്റിച്ച സന്തോഷത്തില്‍ മൂവര്‍സംഘം നടന്നകലുന്നത് തെല്ലൊരീര്‍ഷ്യയോടെ നോക്കിനില്ക്കാനേ എനിക്കുകഴിഞ്ഞുളളൂ. പിന്നേ, അപ്രതീക്ഷിതമായി പോക്കറ്റില്‍ വന്നുവീണ നോട്ടിന്‍റെ കാര്യമാലോചിച്ചപ്പോള്‍ കുറച്ചൊരാശ്വാസം തോന്നി.. കാരണം, നിധികാക്കുന്ന ഭൂതങ്ങളായിരുന്നിട്ടും, അത്യാവശ്യങ്ങള്‍ക്കല്ലാതെ, ഒരു പത്തിന്‍റെ പൈസപോലും, കോളേജുകുമാരനായ തനിക്കുതന്നിരുന്നില്ലാ എന്നതുതന്നേ. അമ്മയേ മണിയടിച്ചുവാങ്ങുന്ന പൈസ കൊണ്ടായിരുന്നു കോളേജുപടിക്കലെ അച്ചുനായരുടെ ചായക്കടയിലെ ഒന്നൊന്നര കാപ്പിയും കിടിലന്‍ ഉണ്ടപ്പൊരിയും (ക്രിക്കറ്റ്ബോള്‍ പോലെയിരിക്കുന്ന പലഹാരം), പിന്നെ ഖാദര്‍ക്കാന്‍റെ കടയിലെ നല്ല എരിയന്‍പരിപ്പുവടയുമൊക്കെ വാങ്ങിയടിക്കാന്‍ സാധിച്ചിരുന്നത്.
അങ്ങനേ, അന്നുമുതല്‍ കുറച്ചുദിവസത്തേക്ക് എന്‍റെ രാത്രിശയനം അപ്പാപ്പന്‍റെ കട്ടിലിനടിയിലെ ആറടി തറയിലായി. ഇടക്കിടേ ഓരോ തമാശയും കാര്യങ്ങളുമൊക്കെ പറയുന്ന അപ്പാപ്പനുമായുള്ള സഹവാസം സന്തോഷകരമായിരുന്നെങ്കിലും, എണീറ്റുനടക്കാന്‍ സാദ്ധ്യമല്ലാതിരുന്ന അപ്പാപ്പന്‍റെ "ഡ്രെയിനേജ് & സീവറേജ് ഡിപ്പാര്‍ട്ട്മെന്റ്" ചുമതല, ക്ലീനിംഗ് & പല്ല്തേപ്പിക്കല്‍ ഡ്രൈവ്, സലയ്ന്‍ഡ്രിപ്പ്കുപ്പി തീരുന്നതെപ്പോഴാണെന്ന് ജാഗരൂകനായി നിരീക്ഷിക്കല്‍, രാത്രിയില്‍ ഇടക്കിടേ കേള്‍ക്കുന്ന, വാര്‍ഡിലെ ഗുരുതരാവസ്ഥക്കാരായ രോഗികളുടെ പല ഡെസിബലിലുമുള്ള അപസ്വരങ്ങള്‍, പലവിധം മരുന്നുകളുടെ മനംമടുക്കുന്ന ഗന്ധമുള്ള ആശുപത്രി ശ്യൗച്യാലയത്തില്‍ ദേഹശുദ്ധിവരുത്താനുള്ള മടുപ്പുകാരണം രാത്രിയിലുള്ള കുളി ഒഴിവാക്കേണ്ടിവരുന്നത്.. ഇതൊക്കെ അസഹ്യമായി തോന്നിയിരുന്നു. സര്‍വ്വോപരി, ശ്രീകൃഷ്ണയിലെ ബോട്ടണിക്ലാസ്സില്‍ പഠിക്കുന്ന നിഷയുടെ ഇളയമ്മയും അവിടത്തെ ഹെഡ്നഴ്സുമായിരുന്ന ഏലിയാമ്മയുടെ പരിഹാസം കലര്‍ന്നനോട്ടവും..(പ്രത്യേകിച്ച്., മേല്പ്പറഞ്ഞ 'ഡിപ്പാര്‍ട്ട്മെന്റ്' ജോലി ചെയ്യുന്ന നേരങ്ങളില്‍). നിഷ നമുക്കിട്ട് പണിതിട്ടുണ്ടാവുമല്ലോ..
ഇടയ്ക്ക് വരാറുള്ള കമ്പൌണ്ടെര്‍ കൃഷ്ണദാസന്‍. "എന്താ കാര്‍ന്നോരെ സുഖല്ലേ?.." എന്നുംപറഞ്ഞ്, അപ്പാപ്പന്‍റെ പ്ലാസ്റ്ററിട്ട കൈയൊന്നു പിടിച്ചുനോക്കും..
"കാര്‍ന്നോര് നിന്‍റെ അപ്പന്‍" അപ്പാപ്പന്റെ സ്ഥിരംമറുപടി കേള്‍ക്കാനെന്നോണം അയാള്‍ വരാറുണ്ടായിരുന്നു. അപ്പാപ്പന് ആളും തരോമൊന്നുമില്ലാ.. വായില്‍ത്തോന്നുന്നത് അപ്പോഴേ അടിച്ചുവിടും...
ജീവിതത്തിലാദ്യമായി അടങ്ങിയൊതുങ്ങിയനങ്ങാതെ കിടക്കാന്‍വിധിക്കപ്പെട്ട അപ്പാപ്പന്‍റെ ശാരീരികാവസ്ഥക്കും മാനസികാവസ്ഥക്കും അല്പാല്പമായി വന്നുതുടങ്ങിയ പ്രതികൂലമായ മാറ്റം എന്നെ അതിലും കുഴപ്പത്തിലാക്കി. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞതിനുശേഷം എപ്പോഴെങ്കിലും ഉണര്‍ന്നാല്‍പ്പിന്നേ അപ്പാപ്പന് സ്ഥലകാലബോധം ഉണ്ടാവില്ലാ.. ഉറക്കേ സംസാരിക്കുകയും പഴയ നാടന്‍പാട്ടുകള്‍ പാടുകയും ഇടക്കൊക്കെ നല്ല സ്വയമ്പന്‍, നാടന്‍തെറികളുടെ അകമ്പടിയോടെയുള്ള ഡയലോഗുകളും ഒക്കെക്കൂടി ആ അവസ്ഥയെന്നെ അങ്കലാപ്പിലാക്കിയിരുന്നു.
കൂനിന്മേല്‍കുരുവെന്നപോലെ, അപ്പാപ്പന് മൂത്രതടസ്സം അനുഭവപ്പെട്ട്, ട്യൂബിട്ടതോടെ ശരിക്കും അടിയന്തിരാവസ്ഥയിലെന്നോണമായി കാര്യങ്ങള്‍. കട്ടിലിനടിയിലായാണ് യൂറിന്‍ബാഗ് തൂക്കിയിട്ടിരിക്കുന്നതെന്നതിനാല്‍, രാത്രി കട്ടിലിനടിയില്‍കിടക്കുമ്പോള്‍ ഇടയ്ക്കിടെ അതിന്‍റെ ലെവല്‍ മോണിട്ടര്‍ചെയ്യാന്‍ എനിക്ക് ഈസിയായി സാധിക്കുമായിരുന്നുവെങ്കിലും, അപ്പാപ്പന്‍ രാത്രിയില്‍ ബോധമില്ലാതെ പാടുന്ന നാടന്‍പാട്ടുകളും പറയുന്ന തമാശകളുമൊക്കെ ഏല്യാമ്മ എന്ന BBC വഴി വള്ളിപുള്ളിവിടാതെ ‘സെയിം വേര്‍ഷനില്‍’ത്തന്നേ കോളേജില്‍പഠിക്കുന്ന നിഷവഴി കോളേജില്‍ പാട്ടാവുന്നത് എന്നെ ഒട്ടൊന്നു അരിശംപിടിപ്പിച്ചിരുന്നു. കോളേജില്‍ നല്ലൊരു ഇമേജുള്ള എനിക്ക് തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥ. രാത്രിയില്‍ മരുന്നുകൊടുക്കാന്‍ വരുന്നനേരത്ത് സ്ഥലകാലബോധമില്ലാതെ അപ്പാപ്പന്‍ അവരെ പബ്ലിക്കായി വിളിക്കുന്ന തെറികള്‍ക്കുള്ള മധുരപ്രതികാരമെന്നനിലയ്ക്കായിരിക്കും ഏല്യാമ്മ ഈ കുത്സിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എനിക്കുതോന്നി.
രാത്രിയില്‍ അപ്പാപ്പന്‍ 'മിസൈല്‍വര്‍ഷം' തുടങ്ങുന്ന നിമിഷംതന്നേ, ഞാന്‍ പുതപ്പ് തലവഴി വലിച്ചുമൂടി, ഞാനാ നാട്ടുകാരനേയല്ലായെന്നമട്ടില്‍ നിശ്ശബ്ദനായി കിടക്കും.
കോളേജുകുമാരനും അസോസിയേഷന്‍സെക്രട്ടറിയുമായ എന്നെ താറടിച്ചുകാണിച്ച്, നാളുകളായി കോളേജില്‍ ഞാന്‍സമ്പാദിച്ച പേരും ഗ്ലാമര്‍പരിവേഷവും കുറയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ എല്യാമ്മയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തിരിച്ചടികൊടുത്തേ മതിയാവൂ എന്നുഞാന്‍ മനസ്സിലുറപ്പിച്ചു...
രാത്രിയില്‍ സുബോധമില്ലാതെകിടന്നിരുന്ന അപ്പാപ്പന്‍റെ പൃഷ്ഠത്തില്‍ അപ്രതീക്ഷിതമായി സൂചികയറിയപ്പോഴുണ്ടായ ഞെട്ടലും വേദനയും ദേഷ്യവുംകൊണ്ട് അപ്പാപ്പന്‍ ഇന്‍ജക്ഷനെടുത്ത എല്യാമ്മയെ മുട്ടന്‍തെറി വിളിച്ചു. കട്ടിലിനടിയില്‍ കിടന്നിരുന്നഞാന്‍ ഉറങ്ങിയഭാവം നടിച്ചു.
"ദേ വല്യപ്പനാണെന്നുവെച്ച് വായേത്തോന്നീത് വിളിച്ചാലുണ്ടല്ലോ.. എടുത്തൊരു കുത്തങ്ങട് വച്ചുതരൂന്നോര്‍ത്തോ" എന്നുപറഞ്ഞ് തിരിച്ചുപോകാനൊരുങ്ങിയ എല്യാമ്മയെ, കട്ടിലിനടിയില്‍ ഉറക്കത്തിലാണെന്നവ്യാജേന കിടന്നഞാന്‍ കാലുവച്ച് വീഴ്ത്താന്‍നടത്തിയ ശ്രമത്തില്‍നിന്നുമവര്‍ അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയെന്നുമാത്രമല്ലാ... "ചെക്കാ.. വേണ്ടാട്ടോ.." എന്നുപറഞ്ഞ് ഹൈഹീല്‍ചെരുപ്പുവച്ച് എന്‍റെ കണങ്കാലില്‍ ഭീകരമായൊരുചവിട്ടും.. പ്രതികരിക്കാനൊന്നുംനില്ക്കാതെ കാലുവലിച്ചുപുതപ്പിനകത്താക്കി, അപ്പാപ്പന്‍റെ നാലഞ്ച് മാസ്റ്റര്‍പീസ്‌തെറികള്‍ നിശബ്ദമായി എല്യാമ്മക്കായി തൊടുത്തുവിട്ടുകൊണ്ട് വേദനകടിച്ചമര്‍ത്തികിടന്നു.; "ന്റമ്മോ എന്തൊരുചവിട്ട്...ഹുഹുഹു.. കണ്ണില്‍നിന്നു പൊന്നീച്ചപാറി . "നിനക്കുഞാന്‍ വെച്ചിട്ടുണ്ടെടീ എല്യാമ്മേ..ഇതിനൊക്കെ പകരംചോദിച്ചില്ലെങ്കില്‍ എന്‍റെപേര് ...ങാ അല്ലെങ്കില്‍വേണ്ടാ... നിന്‍റെപേര് നിന്‍റെ പട്ടിക്കിട്ടോ ശൂര്‍പ്പണഖേ..."
ഒരു ബഹളംകേട്ടാണ് മറ്റൊരുരാത്രിയില്‍ ഞാനുണര്‍ന്നത്‌. തൊട്ടടുത്തകട്ടിലില്‍, ഉടനീളംപ്ലാസ്റ്ററിട്ട വലതുകാലുമായി കിടന്നിരുന്ന തിരോന്തരംകാരനായ ജയന്‍ചേട്ടന്‍ കലിപ്പുണ്ടാക്കുന്നു. കണ്ണുതിരുമ്മിക്കൊണ്ട്, "എന്താ ജയേട്ടാ പ്രശ്നം?" എന്നുഞാന്‍ ചോദിച്ചു..
"ഡേയ്... എന്തിരഡേയിത്... നെന്റെ അപ്പാപ്പനെ ഒടനെ ഇവിടന്നു മാറ്റിക്കോണം.. തള്ളേ.. കണ്ടില്ലേ ഉടായിപ്പുകള്.. " വലതുകൈപ്പത്തി എന്റെനേരെ നീട്ടിക്കാണിച്ചുകൊണ്ട് കോപമടക്കാനാവാതെ അയാള്‍ വിറച്ചു. നല്ലകട്ടിയുള്ള പശപോലെ എന്തോ കൈയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്താണതെന്നു ഞാന്‍ തിരക്കി.
രാത്രി ഉറക്കത്തില്‍ എന്തോ ഒന്ന് കവിളില്‍ വന്നുപതിച്ചു. വല്ല പല്ലിയോമറ്റോ ആണെന്നുകരുതി അയാള്‍ കൈകൊണ്ടു തടവിനോക്കിയപ്പോഴാണ് തൊട്ടടുത്തുകിടന്ന അപ്പാപ്പന്‍ സുബോധമില്ലാതെ കാറിത്തുപ്പിയ സ്വയമ്പന്‍ പീരങ്കിയുണ്ടയാണ് അതെന്നു മനസ്സിലായത്‌.
"കെളവനൊരു വിചാരോണ്ട്, അങ്ങേരേതാണ്ട് തെറിവിളിയില്‍ എം എ പാസ്സായിട്ടോണ്ടെന്ന്. കറാമ്പറപ്പുകള്‍കാണിച്ചാല്‍ ന്‍റെതള്ളേ.. കെളവനാന്നൊന്നും നോക്കൂല ഞാന്‍"
ഇത് കേട്ട് വാര്‍ഡിലുയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ സ്വയം ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. അപ്പാപ്പനോ, ഞാനൊന്നറിഞ്ഞില്ല്യെ രാമനാരായണ എന്ന രീതിയില്‍ കണ്ണുമടച്ചു നിര്‍വ്വികാരനായി തിരിഞ്ഞുകിടക്കുന്നു. ഉടനേ അവിടേനിന്ന് തടിതപ്പി പുറത്തുപോയി, ആരുംകാണാതെ മനസ്സുതുറന്ന് ആവോളംചിരിച്ച് സായൂജ്യമടഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഒരു 'സ്ക്രീന്‍' ഇടയ്ക്കുവച്ച് ഏല്യാമ്മ ആ പ്രോബ്ലം പരിഹരിച്ചിരുന്നു. ഹോ.. നാളെയിനി കോളേജിന്റെപടി ചവിട്ടുകയേവേണ്ടാ.. കഷ്ട്ടം.
അപ്പാപ്പന്റെ മനോബലവും എല്ലാവരുടെയും പ്രാര്‍ത്ഥനയുംകൊണ്ട് ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെട്ടെങ്കിലും ഡ്രെയിനേജ് ഡിപ്പാര്‍ട്ട്മെന്റ് ഇനിയും പ്രവര്‍ത്തനസജ്ജമാകാതെകിടന്നു. എഴുന്നേറ്റുനടക്കാമെന്നായതോടെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ജോലികളെല്ലാം ഡയറക്റ്റ് ആയി അദ്ദേഹത്തിനുതന്നേ ചെയ്യണമെന്ന വാശികൂടിയായപ്പോള്‍ ഞാന്‍ വീണ്ടുംകുടുങ്ങി. ടോയിലറ്റ് ലകഷ്യമാക്കി മുമ്പേനടക്കുന്ന അപ്പാപ്പന്റെ പുറകെ മൂത്രസഞ്ചിയുമായി, ശ്രീ കൃഷ്ണാകോളേജിലെ അസോസിയേഷന്‍ സെക്രട്ടറി... അപാകമായ ആ മാനസികാവസ്ഥയില്‍ എന്നെസംബന്ധിച്ചതൊക്കെ .... വലിയൊരു ‘പ്രസ്റ്റീജ് ഇഷ്യൂ’ തന്നെയായിരുന്നു.
ആത്മരോഷം തീര്‍ക്കാന്‍ ഫാദര്‍ജിയുടേയും എളേപ്പന്മാടേയും കൈയില്‍നിന്നുവാങ്ങുന്ന ദിവസപ്പടിയുടെ കനംകൂട്ടി. എന്നെ അനുനയിപ്പിച്ചുനിറുത്താന്‍ പോക്കറ്റില്‍നിന്നു "വക്കന്‍" ഇറക്കുകയല്ലാതെ അവര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ലാ. നനഞ്ഞിടം കുഴിക്കുന്ന പരിപാടിയായിരുന്നെങ്കിലും ഐ വാസ് ടോട്ടലി ഹെല്പ്ലെസ്.
മോങ്ങുന്ന പട്ടിയുടെ മണ്ടയില്‍ തേങ്ങ വീണപോലെ ഒരുസംഭവം ഉണ്ടായി. ഒരുദിവസം അപ്പാപ്പന്‍ ബാത്ത് റൂമില്‍ പോകുന്നനേരം മൂത്രസഞ്ചിയുംപിടിച്ച് ഞാന്‍ പുറകേയുണ്ട്... കര്‍ത്താവേ പരിചയക്കാരാരും ഇതുകാണരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നടക്കവേ, അദ്ദേഹത്തിന് വഴിയില്‍ക്കണ്ടവരോടെല്ലാം ലോഹ്യംപറയണം. പെട്ടെന്നതാ മുന്നില്‍ ചിരിച്ചുകൊണ്ട് നിഷ!...ഏലിയാമ്മനേഴ്സിനെ കാണാന്‍വന്നതായിരിക്കും.
എന്നേനോക്കി പരിഹാസച്ചിരിയുതിര്‍ക്കുന്ന അവളേനോക്കി ഞാന്‍ വിഷണ്ണനായിനില്ക്കുമ്പോള്‍ അപ്പാന്റെ ഒരു ചോദ്യം... "എടാ ഇവള് നിന്റെ ലൈന്‍ ആണോടാ?,,"
"ന്‍റെ അപ്പാപ്പാ.. ഒന്ന് വേഗം നടക്ക്‌...ബാത്ത് റൂമിലും ഇനി ക്യൂ നില്ക്കേണ്ടി വരും" എന്ന് പറഞ്ഞു അപ്പാപ്പനെ മുന്നോട്ടു നടത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് അവള്‍ മുന്നില്‍കയറിനിന്നു.
"ആഹാ.. ഇതാണല്ലേ ജോയീടെ അപ്പാപ്പന്‍?.. ആള് ചുള്ളനാണല്ലോ... " അതില്‍ സുഖിച്ച്, അല്പമൊരു ഗമയില്‍ അപ്പാപ്പന്‍ അവളെനോക്കി പുഞ്ചിരിച്ചു. .പിന്നേയുമെന്തോക്കെയോ അപ്പാപ്പന്‍ അവളോട്‌ സംസാരിച്ചു. അതില്‍ രസംപിടിച്ച് കുറ്റിയടിച്ചപോലെ അവളും. അന്ന് ക്യാമറാമൊബൈലും ഫേസ്ബുക്കും വാട്സാപ്പുമൊന്നുമില്ലാതിരുന്നത് ഭാഗ്യം!
ഒരു ദിവസംരാത്രി, അതിഭീകരമായ ഒരലര്‍ച്ചകേട്ടാണ് ഞാന്‍ കട്ടിലിനടിയില്‍നിന്നു ചാടിയെഴുന്നേറ്റത്. വലിയവായില്‍ അലറിക്കൊണ്ട്‌, ഓടുന്നമൂരിയെ പെട്ടെന്ന് മൂക്കയറില്‍ വലിച്ചുനിറുത്തിയപോലെ അതാ നില്ക്കുന്നു അപ്പാപ്പന്‍. മൂത്രംപോകാനിട്ട ട്യൂബ്, കട്ടിലിനോട് ബന്ധിച്ചിരുന്നത് ഓര്‍ക്കാതെ മൂപ്പിലാനങ്ങട് ബാത്രൂമിലേക്ക് നടന്നു... അപ്പാപ്പന്റെ കട്ടിലുമായുള്ള 'വടം വലി' കണ്ട്, ഞാന്‍ ഞെട്ടി. കുടുങ്ങിയല്ലോ കര്‍ത്താവേ.. ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഞാന്‍ പ്രജ്ഞയറ്റുനില്ക്കവേ എല്യാമ്മയുടെ നേതൃത്വത്തിലുള്ള നഴ്സുകൂട്ടം ഓടിവന്ന് അപ്പാപ്പനെ പിടിച്ച് പതിയേ കട്ടിലില്‍കിടത്തി കണക്കിന് ശകാരിക്കുകയും ചെയ്തു. ഏതാണ്ട് സ്വബോധംവീണ്ടെടുത്ത അപ്പാപ്പന്‍ അന്നെരമൊരു സൂപ്പര്‍ ഡയലോഗ് അടിച്ചു..
"മക്കളെ.. നിങ്ങളെയിതേപോലെ വല്ലോരും കുടുക്കിട്ടുവലിക്കുമ്പോഴേ ,അതിന്‍റെ ബുദ്ധിമുട്ടറിയൂ." വേദനകൊണ്ടാണ്‌ അദ്ദേഹമത് പറഞ്ഞതെങ്കിലും ഒരു വലിയ പൊട്ടിച്ചിരി ആ വാര്‍ഡില്‍ ഉയര്‍ന്നു. "ശ്ശോ.. ഈ അപ്പാപ്പനേകൊണ്ട് തോറ്റൂ..." എന്നുപറഞ്ഞ് നാണത്തോടെ നഴ്സുകൂട്ടം ഓടിപ്പോയി.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment