Tuesday, December 8, 2015

നിശബ്ദരോദനം

"കാര്‍ത്ത്വോ.. രാമങ്കരീല്ല്യേ പെരേല്?.."
“ഹല്ലാ ആരിത് പണിക്കരമ്പ്രാളോ!.. ഉണ്ടങ്ങുന്നേ ഇപ്പ വിളിച്ചോണ്ട് വരാ..”
രാവിലെ മുറ്റത്തു വിറകു ചീവിക്കൊണ്ടിരുന്ന രാമങ്കരിയുടെ ഭാര്യ കാര്‍ത്തു ഉള്ളന്നൂര്‍ മനയിലെ കാര്യസ്ഥനായ കേശവപ്പണിക്കരെക്കണ്ടു ഭര്‍ത്താവിനെ വിളിക്കാനായി ധൃതിയില്‍ അകത്തേക്കോടി.
“ങാ രാമാ.. മനയ്ക്കല് ചെന്നു മുഖം കാണിക്കാന്‍ തമ്പ്രാന്‍ പറഞ്ഞിരിക്കുന്നൂ. കരിപ്പാവണ നേരത്ത് ഒന്നങ്ങട് ചെന്നോളൂ..”
“ഉവ്വ്..... എന്താണാവോ കാര്യം?...”
“അതൊക്കെ അവിടുന്ന് കല്പ്പിച്ചോളും”
ഗൗരവത്തോടെ പണിക്കര്‍ പടിയിറങ്ങിപ്പോയി.
എന്തു പുലിവാലിനാണാവോ തമ്പ്രാന്‍ വിളിപ്പിക്കുന്നതെന്ന വേവലാതിയോടെ രാമങ്കരി സന്ധ്യാനേരത്ത് മനയ്ക്കലേക്കു ചെന്നു.
“ദാ അങ്ങട് മാറി നിന്നോളൂ.. തമ്പ്രാനിപ്പോ വരും...” പൂമുഖത്തിരുന്ന തമ്പുരാട്ടി മൊഴിഞ്ഞു.
“അടിയന്‍..”
“രാമാ.. നിന്‍റെ അച്ഛനച്ഛന്മാരും മുതുമുത്തച്ഛന്മാരുമൊക്കെ ഈ മനയ്ക്കലെ ഉപ്പും ചോറുമുണ്ടാണ് കഴിഞ്ഞതെന്നു നിനക്കറിയ്വോ?..” ഗൌരവഭാവത്തില്‍ തമ്പുരാന്‍.
“ഉവ്വങ്ങുന്നേ.. അടിയനെന്താണ് ചെയ്യേണ്ടേന്ന് കല്പ്പിച്ചാലും..”
“തങ്കം അകത്തേക്കു പൊക്കോളാ.....” പൂമുഖത്തിരുന്ന അന്തര്‍ജ്ജനത്തോടു അകത്തേക്കു പോകാന്‍ കല്പ്പിച്ചതിനു ശേഷം തമ്പ്രാന്‍ രാമങ്കരിയെ തന്‍റെ തൊട്ടടുത്തേക്കു ആംഗ്യം കാണിച്ചു വിളിച്ചു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“പണിക്കരൊക്കെ പറഞ്ഞുകാണുംല്ലേ...  സംഗതിത്തിരി കടുംകൈയാണ്.. രാമനെന്നെ സഹായിച്ചേ തീരൂ..”
രാമങ്കരി ഒന്നും മനസ്സിലാകാതെ തമ്പ്രാന്‍ പറയുന്നതിനു കാതോര്‍ത്തു.
“അവളെയൊന്നു ഇവിടെന്നൊന്നൊഴിവാക്കിത്തരണം... ശവം... ഇതു ഞാന്‍ കുറച്ചു നേരത്ത്യന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷേ ഇനി വൈകിക്കിണില്ല്യാ..”
"ങേ... എന്താ മ്പ്രാ... എന്താ പ്രശ്നം?"
പണ്ടത്തെ കാരണവന്മാരുടെ വഴിയില്‍ത്തന്നെയാണോ പുതിയ തലമുറയിലെ ഈ ഇളംതമ്പുരാനും.. സംബന്ധവും പിഴപ്പിക്കലും കൊന്നുതള്ളലും നാടുകടത്തലുമൊക്കെ ഇപ്പോഴുമുണ്ടെന്നോ!.. ന്‍റെ തേവരേ.. തന്നെക്കൊണ്ടിനി എന്തു കടുംകൈ ആണാവോ ഇയാള്‍ ചെയ്യിക്കാന്‍ പോകുന്നത്. പണ്ടത്തെ കാലമൊന്നുമല്ല.. അന്നൊക്കെ ഇരുചെവിയറിയാതെ കഥകഴിച്ചു കാട്ടിലെറിഞ്ഞാല്‍ ഒരു കുഞ്ഞുപോലും അറിഞ്ഞിരുന്നില്ലാ എന്നുവച്ച് ഇന്നതേപോലെയൊക്കെ ചെയ്‌താല്‍ ചെയ്തവനല്ലേ തൂങ്ങുക... രാമങ്കരിയുടെ ചിന്തകള്‍ കാടുകയറി.. ഒരു വിറയല്‍ നെഞ്ചിലും കൂടുകൂട്ടി.
“കാശ് എത്ര്യാച്ചാല്‍ നോം തരാം.. പക്ഷേ ഒരീച്ച പോലും അറിയരുത്.... ഇതോണ്ട് നാളെ നമുക്കൊരു മാനക്കേട്‌ ഉണ്ടാവരുതെന്നര്‍ത്ഥം.. നമ്മുടെ കാര്യങ്ങള്‍ക്കു വേണ്ടി ഇത്രേം കാലം അവളെ ഉപയോഗിച്ചെന്നു വച്ച് അവളത്രയ്ക്കങ്ങട് കോലംകെട്ടിട്ടൊന്നൂല്ല്യാ... വേണേല്‍ രാമനും കുറച്ചുകാലമവളെ പൊറുപ്പിച്ചോ.. നമുക്കശേഷം വിരോധല്ല്യാ.. മനയ്ക്കലെ സൌകര്യങ്ങളൊക്കെ ആവോളം അനുഭവിച്ചു വളര്‍ന്നോളല്ലേ വല്ലാണ്ട് മോശാവാന്‍ വഴീല്ലല്ലോ. പക്ഷേ, അവളുടെ മനയ്ക്കലെ ബന്ധം ഒരു കുഞ്ഞുമറിയരുത്.. അറിഞ്ഞാലെന്താണ്ടാവാന്നു അറിയാലോ?...”
തമ്പുരാന്‍റെ സ്വരത്തില്‍ ഭീഷണിയുടെ ലാഞ്ചന.
“ഉവ്വങ്ങുന്നേ... പക്ഷേങ്കില്.. അതൊക്കെ നടക്ക്വോ.. മനയ്ക്കല് വളര്‍ന്നവള്‍ ഏന്റെയടുത്തെങ്ങന്യാമ്പ്രാ... പിന്നേ ഇവളേം കൊണ്ട്വെന്നാല്‍ കാര്‍ത്തു എന്താ പറയാന്ന്.......” രാമങ്കരി നിന്നു വിയര്‍ത്തു.
“ഒരു കൊഴപ്പോല്ല്യാ... ഇപ്പൊ നോം പറഞ്ഞതങ്ങടു കേക്കാ.. അത്രന്നേ.. നിനക്കിന്യവളെ വേണ്ടാച്ചാല്‍ ആരും കാണാതെയങ്ങു കഥകഴിച്ചു രായ്ക്കു രാമാനം വല്ല കാട്ടിലും കുഴിച്ചിട്ടോ.. .ആ അസത്തിനെ ഇനിയെന്റെ കണ്‍വെട്ടത്തു കാണരുത്... എങ്ങടും കൊണ്ടുവാണ്ട് ഇവിട്യന്നെ ഒക്കെ ചെയ്യാന്‍ അറിയാണ്ടല്ലാ.. പണ്ടത്തെ കാലല്ലല്ലോ സംഗതി ചോര്‍ന്നാല്‍ വല്ല്യ മെനക്കേടാവുംന്നു നിരീച്ചാ.... ന്നാങ്ക്ട് വര്യാ....”
ആശയക്കുഴപ്പത്തില്‍ ചൂളി നിന്ന രാമങ്കരി നാലുകെട്ടിന്‍റെ പിറകുവശത്തേക്കു നടക്കുന്ന തമ്പ്രാനെ അനുഗമിച്ചു.
“മനുഷ്യന്മാര്‍ക്ക് ഇത്രയും ക്രൂരതയാവാമോ?.. ഒരു പാവത്തിന്‍റെ ചോരയും നീരും ഊറ്റിയെടുത്തു അവശയാക്കി ഇപ്പോഴിതാ തന്‍റെ മേല്‍ കെട്ടിവയ്ക്കുന്നു. താനെന്തിനു ഇതൊക്കെ ഏറ്റെടുക്കണം?.. അതൊക്കെ പണ്ട്.. ഇനിയവള്‍ക്കു വല്ല ഗര്‍ഭമോ മറ്റോ ഉണ്ടോ ആവോ.. എന്നാല്‍ വീണ്ടും കുഴപ്പമാവും.. കാരണവന്മാര്‍ ഉണ്ടാക്കിവച്ചോരോ കീഴ്വഴക്കങ്ങളേ.... അതിന്‍റെ ബലിയാടായിതായിപ്പോള്‍ താനും.. ഈ അടിയാന്‍-കുടിയാന്‍ സമ്പ്രദായമൊക്കെ എന്നേ നിര്‍ത്തലാക്കേണ്ട കാര്യങ്ങളാ.. നിര്‍ത്തലാക്കിയെന്നുള്ള പറച്ചില്‍ മാത്രമേയുള്ളൂ.. പണ്ടത്തെയെല്ലാ നടപ്പുകളും അതേപോലെത്തന്നെ ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു..കഷ്ടം” പ്രവര്‍ത്തനരഹിതമായിക്കിടന്നിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തകളുടെ ഗ്രന്ഥികള്‍ സടകുടഞ്ഞെഴുന്നേറ്റു രാമങ്കരിയുടെ രക്തത്തിലേക്കു സ്രവങ്ങള്‍ ചുരത്തി. പക്ഷേ മനസ്സിലുയര്‍ന്ന ആ ഇങ്ക്വിലാബ് വിളികള്‍ക്കു അയാളുടെ വായിലൂടെ പുറത്തേക്കു കടക്കാനുള്ള തരംഗദൈര്‍ഘ്യമില്ലായിരുന്നു.
പീള കെട്ടിയ കണ്ണുകളുംഒലിക്കുന്ന മൂക്കും ഉണങ്ങിയൊട്ടിയ മുലകളും ക്ഷീണിച്ചു എല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ശരീരവുമായി വീടിന്‍റെ പുറകുവശത്തുള്ള തൊഴുത്തില്‍ നിന്നിരുന്ന ഗോമാതാവ് നന്ദിനി രാമങ്കരിയെ ദയനീയമായി നോക്കി.
- ജോയ് ഗുരുവായൂര്‍

ബെല്ല ആന്‍റി

ഗോവയിലെ അഗോട സെന്‍ട്രല്‍ ജയിലിന്‍റെ പ്രധാന പ്രവേശനകവാടത്തിലെ വലിയ ഇരുമ്പുവാതായനത്തിലുള്ള ചെറിയ വാതില്‍ തുറന്ന ശബ്ദം ഉയര്‍ന്നുനിന്ന കൊത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ അതില്‍ വിശ്രമിച്ചിരുന്ന അമ്പലപ്രാവുകള്‍ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഒരു ഊന്നുവടിയുടെ അഗ്രം അതിലൂടെ പുറത്തേക്കു നീണ്ടതു കണ്ടപ്പോള്‍ വണ്ടിയുമായി അക്ഷമരായി കാത്തു നിന്നിരുന്ന സ്റ്റീഫന്റെയും അനഘയുടെയും കണ്ണുകള്‍ ഉദ്വേഗഭരിതമായി.

ആയാസപ്പെട്ട്‌ പുറത്തേക്ക് വന്ന ബെല്ല ആന്‍റി ഊന്നുവടിയിലൂന്നി നിന്ന് മൂക്കിന്‍റെ അഗ്രഭാഗത്തു വിശ്രമിച്ചിരുന്ന വട്ടക്കണ്ണടയുടെ വിടവിലൂടെ പരിസരം സൂക്ഷ്മമായൊന്നു വീക്ഷിച്ചു.

"ഹായ് ബെല്ലാ ആന്റീ... " അനഘ ഓടിവന്നു അവരെ ആശ്ലേഷിച്ചു. പിറകേവന്ന സ്റ്റീഫന്‍ അവരുടെ കവിളുകളില്‍ ചുംബിച്ചുകൊണ്ട് വൃദ്ധയുടെ കൈയിലുണ്ടായിരുന്ന പഴകിയ തുണിസഞ്ചി വാങ്ങിപ്പിടിച്ച് വിറയ്ക്കുന്ന കരം ഗ്രഹിച്ചു അവരെ കാറിലേക്ക് ആനയിച്ചു.

കാറിലേക്കു കയറുംമുമ്പ് ഒന്നു ബദ്ധപ്പെട്ടു തിരിഞ്ഞു നിന്ന് ഒരു നെടുവീര്‍പ്പോടെ ബെല്ല ആന്‍റി ജയിലിനെയൊന്നു വീക്ഷിച്ചു - നീണ്ട പന്ത്രണ്ടു കൊല്ലം തന്‍റെ ജീവിത സ്വാതന്ത്ര്യങ്ങളെ തടവറയിലാക്കിയ ഭീമന്‍ നാലുകെട്ട്.....

****************************************************
Isabella, Isabella
I heard you crying through the walls
What's the matter, What's the matter
All the neighbors can hear it down the halls
And I didn't wanna be the first to say
Everyone around here thinks you're crazy
And I didn't wanna be the first to say you shouldn't stay
Isabella, run away
Don't you be afraid
It's never too late
You're a sleeping tiger come awake
Isabella, run away

കോളേജിലെ യുവതുര്‍ക്കിയായിരുന്ന മങ്കേഷ് ഗാവോക്കര്‍ നായകനായിട്ടുള്ള വിദ്യാര്‍ത്ഥിസംഘം, പടികടന്നു കാമ്പസ്സിലേക്കു പ്രവേശിക്കുന്ന ഇസബെല്ലയെ നോക്കി പ്രശസ്ത ഇംഗ്ലീഷ് കവിത ഈണത്തില്‍ പാടി.

"ഹേ ഗയ്സ്.. ഡോണ്ട് യു ഹാവ് എനി അദര്‍ തിങ്ങ്സ്‌ റ്റു ടു?.. ഐ വില്‍ റിപ്പോര്‍ട്ട് ദിസ്‌ ടു പ്രിന്‍സി.. ഹും" ഈര്‍ഷ്യയോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍ നിന്നും കൂട്ടച്ചിരിയുയരും.

ഇസബെല്ലയുടെ ഡാഡി ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ മമ്മി മരിച്ചതില്‍പ്പിന്നെ അദ്ദേഹം വേറെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഇസബെല്ലയെ പൊന്നുപോലെ നോക്കുമെങ്കിലും രാത്രിയായാല്‍ മദ്യലഹരിയിലായിരിക്കും. അവര്‍ക്ക് അടുത്ത ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല.

മറാത്തി വംശജനായ മങ്കേഷിനോടുള്ള അവളുടെ നീരസം അനുരാഗമായി മാറാന്‍ കാലം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. കടുത്ത വര്‍ഗ്ഗീയവാദികളായ മങ്കേഷിന്‍റെ വീട്ടുകാര്‍ ഇസബെല്ലയെ സ്വന്തമാക്കി ജീവിതസഖിയാക്കുന്നതിനുള്ള അവന്‍റെ ആഗ്രഹത്തിനു കടുത്ത ഭീഷണിയുയര്‍ത്തി. അവരുടെ ബിരുദപഠനം തീരുന്ന സമയത്തായിരുന്നു ബെല്ലയുടെ ഡാഡിയുടെ മരണമവളെയനാഥയാക്കിയത്. കരഞ്ഞുകൊണ്ടിരുന്ന ഇസബെല്ലയോടു വികാരാധീനനായി മങ്കേഷ് പറഞ്ഞു.

"ബെല്ലാ.. ഐ കാന്‍ നോട്ട് ലിവ് മൈ ലൈഫ് വിത്തൌട്ട് യു ഡാര്‍ലിംഗ്.. അറ്റ്‌ എനി കോസ്റ്റ് ഐ വില്‍ മെയ്‌ക്ക് യു മൈന്‍"

പനാജിയില്‍ നിന്നും ഒളിച്ചോടി വാസ്ക്കൊയിലെ ഒരു കടല്‍ത്തീരഗ്രാമത്തിലെ വാടകയ്ക്കെടുത്ത ചെറിയ വില്ലയില്‍ താമസമാക്കുമ്പോള്‍ മങ്കേഷിനു ഇന്ത്യന്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന വിവാഹപ്രായം തികയാന്‍ ആറുമാസംകൂടി ശേഷിക്കുന്നുണ്ടായിരുന്നു.

അന്നൊരു ഈസ്റ്റര്‍ രാത്രി... വീടിന്‍റെ മുന്നിലെ പോക്കറ്റ് റോഡിലൂടെ സെയിന്റ് ആന്ദ്ര്യൂസ് ചര്‍ച്ചിലേക്ക് പാതിരാക്കുര്‍ബ്ബാന കൂടാനായി സ്ത്രീകളും കൂടെയവരുടെ പുരുഷന്മാരും കുട്ടികളുമൊക്കെ സൊറപറഞ്ഞു പോകുന്നതു ഇസബെല്ലയ്ക്ക് കാണാമായിരുന്നു.

"ഡാര്‍ലിംഗ്.. വില്‍ യു ഒബ്ജക്റ്റ് ഇഫ്‌ ഐ വിഷ് ടു അറ്റന്‍ഡ് മിഡ് നൈറ്റ്‌ മാസ് അറ്റ്‌ സെയിന്റ് ആന്ദ്ര്യൂസ്?" 
ഈസ്റ്റര്‍ പ്രമാണിച്ച് പിറ്റേദിവസം രാവിലെ വീട്ടിലേക്കു എത്താമെന്നു പറഞ്ഞ കൂട്ടുകാര്‍ക്കു വിളമ്പാനായി സ്പെഷല്‍ വിഭവം പോര്‍ക്ക്‌ തയ്യാറാക്കുന്നതില്‍ വ്യാപൃതനായിരുന്ന മങ്കേഷിനോട് കൊഞ്ചിക്കൊണ്ട് അവള്‍ ചോദിച്ചു.

"നോ മൈ ഡിയര്‍.. യു കാന്‍.. ബട്ട്‌ പ്ലീസ് സ്പെയര്‍ മി നവ്... ലെറ്റ്‌ മി ഫിനിഷ് ദീസ് പ്രിപ്പറേഷന്‍സ്" കിച്ചന്‍ സ്ലാബില്‍ ഇരുന്ന ബീയര്‍കുപ്പിയിലെ ശേഷിച്ച ദ്രാവകവും അകത്താക്കിക്കൊണ്ട് വിടര്‍ന്ന മുഖത്തോടെ അവന്‍ പറഞ്ഞു.

ആ സ്നേഹവായ്പ്പില്‍ അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വെള്ളവസ്ത്രങ്ങളണിഞ്ഞ ഒരു മാലാഖയെപ്പോലെ പടിയിറങ്ങിയ ഇസബെല്ലയെ പാതിരാക്കുര്‍ബ്ബാന കഴിഞ്ഞു വരുമ്പോള്‍ എതിരേറ്റത് ശിരസ്സറ്റ് ചോര വാര്‍ന്നു കിടക്കുന്ന തന്‍റെ പ്രിയതമന്‍റെ നിര്‍ജ്ജീവശരീരവും ചോരകുടിച്ചു ഉന്മത്തമായി മയങ്ങിക്കിടന്ന വടിവാളുകളുമായിരുന്നു.

*****************************************
"കോയി മില്‍നേ ആയേ.." 

കാണാന്‍ ആരോ വന്നിരിക്കുന്നുവെന്നു സെല്ലിന്‍റെ മുന്നില്‍വന്നു പോലീസുകാരി പറഞ്ഞതുകേട്ട് ഒരു മൂലയ്ക്കു കൂനിക്കൂടിയിരുന്നു അരണ്ട വെളിച്ചത്തില്‍ ആയാസപ്പെട്ട്‌ ബൈബിള്‍ വായിക്കുകയായിരുന്ന ബെല്ല ആന്‍റി ബൈബിള്‍ മടക്കി വച്ച് വടിയുംകുത്തി എഴുന്നേറ്റു സന്ദര്‍ശകരെ കാണുന്ന സ്ഥലത്തേക്കുള്ള ഇടനാഴിയിലൂടെ കൂനിക്കൂനി നീങ്ങി.

കമ്പിവലയ്ക്കപ്പുറത്തു തന്നേയും പ്രതീക്ഷിച്ചുനില്ക്കുന്നതു സ്റ്റീഫനും അനഘയുമാണെന്നു അകലെ നിന്നേ അവര്‍ക്കു മനസ്സിലായി. ഈ ഭൂമിയില്‍ തനിക്കു ആകെയുള്ള ബന്ധുക്കളായി താന്‍ കരുതുന്ന തന്‍റെ പ്രിയമക്കള്‍. മങ്കേഷിനോടൊപ്പം വീട്ടില്‍ നിന്നും ഒളിച്ചോടിയ ദിവസംമുതല്‍ ബന്ധുക്കളുമായുള്ള തന്‍റെ രക്തബന്ധങ്ങളെല്ലാം അവര്‍ത്തന്നെ അറുത്തുമാറ്റുകയായിരുന്നല്ലോ. നാളിന്നേവരെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍വരെ ആരും തുനിഞ്ഞില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കുമുപരിയായി ജാതിമതചിന്തകള്‍ ഇക്കാലത്തെ സിംഹഭാഗം മനുഷ്യമനസ്സുകളേയും വൈറസ് പോലെ ബാധിച്ചിരിക്കുന്നു.

"ഹായ് ആന്‍റി.... "
161 എന്ന് ആലേഖനം ചെയ്ത വെള്ളയില്‍ നീലവരയുള്ള ജയില്‍വസ്ത്രം ധരിച്ചുകൊണ്ട് തലകുമ്പിട്ടു ചിന്താമഗ്നയായി ഇടനാഴിയിലൂടെ നടന്നുവന്നിരുന്ന ബെല്ല ആന്‍റി സ്റ്റീഫനും അനഘയും വിളിച്ചതു കേട്ട് ഒരു മന്ദസ്മിതത്തോടെ അവരെ  തലയുയര്‍ത്തി നോക്കി.

"കുട്ടികളേ.. ശിക്ഷ തീരാനിനി ഒന്നരകൊല്ലം കൂടിയുണ്ട്. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോയെന്നു പറയാനൊക്കില്ല. അതിനാല്‍ നിങ്ങളടുത്ത പ്രാവശ്യം വരുമ്പോള്‍ നമ്മുടെ ഡിക്കോസ്റ്റവക്കീലിനേയും കൂട്ടിവേണം  വരാന്‍. വില്‍പ്പത്രം ഉണ്ടാക്കിക്കണം. എന്‍റെ വീടിന്‍റെയും പുരയിടത്തിന്റെയും അവകാശികള്‍ ഇനി നിങ്ങളാണ്. എനിക്കു നിങ്ങളോട് ഒരേയൊരു അപേക്ഷയേയുള്ളൂ. എന്‍റെ കാലശേഷം ആ വീടും പുരയിടവും വിറ്റു ആ പൈസ കൊണ്ടു നിങ്ങള്‍ മറ്റെവിടെയെങ്കിലുമൊരു വീട് വാങ്ങി താമസം മാറ്റണം. അഞ്ചു കൊലപാതകങ്ങള്‍ നടന്ന വീടല്ലേയത്..."

സംവദിക്കാനനുവദിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഇതിനോടു ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനായിരുന്നവര്‍ വിനിയോഗിച്ചത്. സമയം കഴിഞ്ഞെന്നുള്ള അറിയിപ്പുമായി വന്ന വനിതാപോലീസുകാരിയുടെ കൂടെ അകത്തേക്കുപോകുന്ന അവരുടെ രൂപം ഇടനാഴി അവസാനിച്ചെന്നു തോന്നിക്കുന്ന ഇരുളില്‍ ലയിക്കുന്നതു വരേയും അവര്‍ നോക്കി നിന്നു.

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന സ്റ്റീഫനും അനഘയും ഒന്നും മിണ്ടാതെ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു.

അന്നു മങ്കേഷ് അങ്കിളിന്‍റെ ചരമ വാര്‍ഷികം ആയിരുന്നു. പേയിംഗ് ഗസ്റ്റായി ബെല്ല ആന്‍റിയുടെ വീട്ടില്‍ തങ്ങള്‍ താമസമാക്കിയതിനു ശേഷം വന്ന ആദ്യ ഈസ്റ്റര്‍ രാത്രി.

എന്നും എപ്പോഴും ചുറുചുറുക്കോടെ കാണപ്പെടാറുള്ള ബെല്ല ആന്‍റി മ്ലാനവദനയായി ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു തന്‍റെ പ്രിയതമന്‍റെ ഓര്‍മ്മകളില്‍ മുഴുകി. പതിവില്ലാതെ വന്ന വല്ല വലിയ കാറ്റില്‍ വൈദ്യുതി  പോയപ്പോള്‍ പൂമുഖത്ത് മുനിഞ്ഞു കത്തിയിരുന്ന ബള്‍ബും അണഞ്ഞു. നിലാവിന്‍റെ പശ്ച്ചാത്തലത്തില്‍ ഒരു ഇരുള്‍പ്രതിമ പോലിരിക്കുന്ന ആന്‍റിയെ ലിവിംഗ്റൂമിലിരുന്നിരുന്ന തങ്ങള്‍ക്കു അസ്പഷ്ടമായി കാണാമായിരുന്നു.

സെയിന്‍റ് ആന്ദ്ര്യൂസ് ചര്‍ച്ചിലേക്കു പാതിരാക്കുര്‍ബ്ബാന കൂടാനുള്ള  ആളുകളുടെ ഒഴുക്കു തുടങ്ങിയിരുന്നു. പണ്ടത്തെ ദുരന്തത്തിനു ശേഷം ഒരിക്കലും ഈസ്റ്റര്‍ക്കുര്‍ബ്ബാന കാണാന്‍ ബെല്ല ആന്‍റി പോകുമായിരുന്നില്ല.

പടിക്കല്‍ വന്നു നിന്ന വണ്ടിയില്‍ നിന്നും നാലഞ്ചു പുരുഷന്മാര്‍ പെട്ടെന്നു ചാടിയിറങ്ങി വീടിനകത്തേക്കു കുതിച്ചുകയറി. തങ്ങളെ വകവരുത്താനായി വീട്ടുകാര്‍ പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവര്‍. ആക്രോശങ്ങള്‍ കൊണ്ടും കരച്ചില്‍കൊണ്ടും മുഖരിതമായ ആ നിമിഷങ്ങള്‍. തങ്ങളെ കടന്നു പിടിച്ചു വാളിനിരയാക്കാനായിരുന്നു അവരുടെ നീക്കം.

പെട്ടെന്നാണതു സംഭവിച്ചത്!.... അപ്രതീക്ഷിതമായി പുറകില്‍നിന്നും വന്ന ഒരു വാള്‍ത്തിളക്കത്തില്‍ അനഘയുടെ നേരെ ആയുധമോങ്ങിയിരുന്നവന്‍റെ തല തറയില്‍ക്കിടന്നുരുണ്ടു. ഇതുകണ്ടു പെട്ടെന്നമ്പരന്ന മറ്റുള്ളവര്‍ തങ്ങളെവിട്ടു പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

അപ്പോഴുണ്ടായ ഒരു ശക്തമായ ഇടിമിന്നലിന്‍റെ വെട്ടത്തില്‍ പുറത്തേക്കുള്ള വാതിലിനുമുന്നില്‍ വടിവാളും പിടിച്ചു സംഹാരരുദ്രയായി വഴിമുടക്കി നിന്ന ബെല്ല ആന്റിയുടെ മുഖം തങ്ങള്‍ കണ്ടു.

അവരുടെ കൈയിലുള്ള വാള്‍ വീണ്ടും സീല്‍ക്കാരത്തോടെ വായുവില്‍ തലങ്ങുംവിലങ്ങും ചുവന്ന അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുമരിലും തറയിലും ശരീരത്തിലുമെല്ലാം ക്ഷണനേരംകൊണ്ടു ചോരപ്പൂക്കള്‍ വിരിഞ്ഞു.

കലി കയറിയ ഭദ്രകാളിയെപ്പോലെ ബെല്ല ആന്‍റി അലറി...

"എടാ പട്ടികളേ സമാധാനത്തോടെ കഴിയുന്നവരെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കില്ലാ അല്ലേ?..നിങ്ങളെപ്പോലുള്ളവര്‍ ഈ ഭൂമിയിലിനി ജീവിക്കണ്ടാ... നിങ്ങളെപ്പോലുള്ളവര്‍ക്കു വേണ്ടി ഞാന്‍ വര്‍ഷങ്ങളായി എണ്ണയിട്ടു കരുതിവച്ചിരുന്നതാണെടാ ഈ വാള്‍.. എന്‍റെ മങ്കേഷ് പിടഞ്ഞ ഓരോ പിടച്ചിലും നിങ്ങളും പിടയുന്നത്‌ എനിക്ക് കാണണം. ഹ ഹ ഹ ഹ ഹ ഹ...."
 
ഒരു ഭ്രാന്തിയെപ്പോലെയവര്‍ അട്ടഹസിച്ചുകൊണ്ടിരുന്നു. അവസാനം, താഴെ ചേതനയറ്റു ചോരയില്‍ക്കുളിച്ചു കിടന്നിരുന്ന ശരീരങ്ങള്‍ക്കു മുകളിലേക്കവര്‍ കുഴഞ്ഞു വീണു. നാലു വാടകഗുണ്ടകളുടെ  ആത്മാവുകള്‍ കാലപുരിക്കു പറന്നു.

തങ്ങളെ വകവരുത്താന്‍ അന്നുവന്ന അഞ്ചു പേരില്‍ ഒരുവന്‍ ആന്‍റിയുടെ ഭ്രാന്തമായ ആക്രമണത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് ഒരു കൈപത്തിയും കാല്‍പാദവും നഷ്ടപ്പെട്ട അവസ്ഥയിലിപ്പോള്‍ ബീച്ചില്‍ കടലവിറ്റു ജീവിതം തള്ളി നീക്കുന്നു.

തങ്ങളെ ജീവനുതുല്യം സ്നേഹിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയൊരു കൊലപാതകിയായി മാറിയ പാവം ബെല്ല ആന്‍റി. പ്രണയജോഡികളായ തങ്ങള്‍ക്കു അഭയം നല്‍കുകയും ആവശ്യമുള്ള എല്ലാ ജീവിതസൌകര്യങ്ങളും തന്നിരുന്നതിനും പുറമേ ഒരമ്മയുടെ സ്നേഹവാത്സല്യങ്ങളും ആന്റിയില്‍നിന്നും തങ്ങള്‍ക്കു ലഭിച്ചിരുന്നു. മങ്കേഷങ്കിളിന്‍റെ മരണത്തിനുശേഷം ഒരു സ്വകാര്യവിദ്യാഭ്യാസസ്ഥാപനത്തില്‍ അദ്ധ്യാപികാവൃത്തി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവച്ചു ഒരാളെയുമാശ്രയിക്കാതെ അവര്‍ താമസിച്ചിരുന്ന വാടകവീടും പുരയിടവും അവര്‍ സ്വന്തമാക്കുകയായിരുന്നു. നാളിതേവരെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തങ്ങളില്‍നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാന്‍ ആന്‍റി തയ്യാറുമായിരുന്നില്ല.

കുടുംബജീവിതത്തില്‍നിന്നും രക്തബന്ധങ്ങളില്‍നിന്നും ജാതിമതവിഭ്രാന്തികള്‍ സൃഷ്ടിച്ച മതിക്കെട്ടിനാല്‍ ഒറ്റപ്പെട്ട്, ഏകയായി കഴിഞ്ഞിരുന്ന ആന്റിയില്‍ തങ്ങളോടൊത്തുള്ള സഹവാസം തനിക്കുമാരൊക്കെയോയുണ്ടെന്ന തോന്നലുണ്ടാക്കിയിരുന്നു. വീട്ടുകാരാല്‍ നിഷ്ക്കാസിതമാക്കപ്പെട്ട തങ്ങളും ബെല്ല ആന്റിയും പരസ്പ്പരമുള്ള കറകളഞ്ഞ സ്നേഹബന്ധത്തില്‍ യഥാര്‍ത്ഥ ബന്ധുക്കളായി മാറി സന്തോഷത്തോടെ  ജീവിക്കുകയായിരുന്നു. തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ സ്നേഹം ആന്‍റിയിലൂടെ ലഭിച്ചപ്പോള്‍ തങ്ങളാരോരുമില്ലാത്തവരാണെന്ന ചിന്തതന്നേ തങ്ങളില്‍നിന്നും മാറിപ്പോയി.

**********************************************************************************
ഒരു മൂന്നുവയസ്സുകാരിയുടെ കൈപിടിച്ച് വന്നു ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ അര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിച്ചു.

"ആന്റീ.. ആന്റിയുടെ ഓര്‍മ്മകള്‍ മേഞ്ഞുനടക്കുന്ന ആ വീടും പുരയിടവും മറ്റൊരാള്‍ക്കു കൈമാറാന്‍ ഞങ്ങളുടെ മനസ്സ് ഇതേവരെയും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ക്ഷമിക്കണം. ആന്റിയുടെ മരിക്കാത്ത ഓര്‍മ്മകളാണു ഞങ്ങള്‍ക്കു ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം. എന്നും ആന്റിക്ക് കൂട്ടായി ഞങ്ങള്‍ മരണംവരേയും നമ്മുടെയാ വീട്ടില്‍ത്തന്നേ ഉണ്ടാവും"

പ്രാര്‍ത്ഥിച്ചു തിരിയുമ്പോള്‍ കൈവിടുവിപ്പിച്ചുകൊണ്ട് പള്ളിമുറ്റത്തേക്കു കുതറിയോടിയ മകളുടെ പിറകെ "മോളെ ബെല്ലാ... നില്ക്കൂ... ഇസബെല്ലാ...വീഴും നീ കേട്ടോ" എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനഘ ഓടുമ്പോള്‍ ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികളില്‍ ഒരെണ്ണം കൂടുതല്‍ പ്രകാശത്തോടെ ആളിക്കത്തിയത്‌ സ്റ്റീഫന്‍ ശ്രദ്ധിച്ചു.

- ജോയ്ഗുരുവായൂര്‍

അമ്മമ്മയുടെ സ്വന്തം മാര്‍ഗരറ്റ്

മുറിയുടെ ചില്ലു ജാലകം തുറന്നപ്പോള്‍ നിലാവില്‍ വെട്ടിത്തിളങ്ങിക്കിടക്കുന്ന പര്‍വ്വതനിരകളെ തഴുകിവരുന്ന കുളിര്‍ത്തെന്നല്‍ പതിവുപോലെ മാര്‍ഗരറ്റിന്റെ തലമുടിയിഴകളെ പുല്‍കാനായി ഓടിയെത്തി. ദൂരേ താഴ്വരകളിലൂടെയൊഴുകുന്ന ബീസ് നദിയുടെ തീരത്തു സ്ഥാപിച്ച മിന്നാരത്തിലെ കറങ്ങുന്ന പ്രകാശവീചികള്‍ അന്ധകാരത്തെ കീറിമുറിക്കാന്‍ ശ്രമിക്കുന്നതു നോക്കിനില്ക്കാന്‍ അവള്‍ക്കിഷ്ടമാണ്.
ഹിമാചലിലെ കുളുവിലുള്ള മോര്‍ണിംഗ് സ്റ്റാര്‍ ICSE സ്കൂള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇരുപത്തിയേഴാം നമ്പര്‍ മുറിയിലെ അന്തേവാസിയാണ് ഏഴാം ക്ലാസ്സുകാരിയായ മാര്‍ഗരറ്റ്. തണുപ്പിന്‍റെ കേദാരമായ കുളുവില്‍ കൈയുറകളും കാലുറകളും കൂടാതെ കഴിച്ചുകൂട്ടാന്‍ പറ്റിയ രാത്രികളേ വിരളം. ഒരു മൂലയിലിരുന്നു എരിയുന്ന ഇലക്ട്രിക് നെരിപ്പോടില്‍ കനലുകള്‍പ്പോലെ പഴുത്തിരിക്കുന്ന ഹീറ്റിംഗ് കോയിലുകളാണു രാത്രികളില്‍ മുറിയെ ഊഷ്മളമായി കാത്തു സൂക്ഷിക്കുന്നത്.
വേനലവധി തുടങ്ങുന്നതിനും മുമ്പുള്ള അവസാനത്തെ പരീക്ഷ ഇന്നലെയായിരുന്നു. ഇനി രണ്ടു മാസത്തോളം അമ്മമ്മയുടെ കൂടെ നെല്ലിയാമ്പതിയിലെ തറവാട്ടില്‍. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്നും പുറപ്പെട്ട വിവരത്തിനു ഇന്നലെ അമ്മമ്മയുടെ ഫോണ്‍ ഉണ്ടായിരുന്നു.
ഓരോ അവധിക്കാലത്തിന്റെയും ആരംഭദിവസം അതിരാവിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സ്ക്കൂള്‍ ബസ്സില്‍ അമ്മമ്മ വന്നിറങ്ങുന്നതും കാത്തു മുറിയുടെ നിലാമുറ്റത്തു അക്ഷമയോടെ അവള്‍ നില്‍ക്കും. മുറിയുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ താഴ്വരയില്‍ നിന്നും മഞ്ഞുമൂടിയ പര്‍വ്വത ശിഖരങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിവരുന്ന റോഡ്‌ ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ കാണാമായിരുന്നു.
ഏല്യാമ്മയെ അമ്മമ്മ എന്നാണു മാര്‍ഗരറ്റ് വിളിച്ചിരുന്നതെങ്കിലും അവളുടെ പിതാവിന്‍റെ മാതാവാണ് അവര്‍. പൊതുവായി മാതാപിതാക്കളുടെ അച്ഛനമ്മമാരെ അമ്മമ്മയെന്നും അപ്പപ്പനെന്നുമാണ് അവരുടെ കുടുംബത്തില്‍ അഭിസംബോധന ചെയ്തിരുന്നത്.
നെരിപ്പോടിനുള്ളില്‍ വീണ് ഒരു നിശാശലഭം ആത്മാഹുതി ചെയ്തപ്പോളുയര്‍ന്ന ദുര്‍ഗന്ധം അമ്മമ്മയെക്കുറിച്ചുള്ള ചിന്തകളില്‍നിന്നുമവളെയുണര്‍ത്തി.
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
രാത്രി മണിപതിനൊന്നായിട്ടും സഹമുറിയത്തി സ്റ്റെല്ലയുടെ പുതപ്പിനുള്ളില്‍ നിന്നും ഐപ്പോഡില്‍ നിന്നുള്ള സംഗീതം അവ്യക്തമായി അവളുടെ കാതുകളെ തഴുകിയിരുന്നത് അപ്പോഴാണവള്‍ ശ്രദ്ധിച്ചത്. സ്റ്റെല്ലയ്ക്കും അവള്‍ക്കും ഏറ്റവും ഇഷ്ടമുള്ള ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ സ്റ്റെല്ലയുടെ മുഖം ആപ്പിള്‍ പോലെ തുടുക്കും. മാര്‍ഗരറ്റിന്റെ മുഖത്തു ഞാവല്‍പ്പഴത്തിന്റെ ഇരുളിമയും. എങ്കിലും ആ പാട്ട് അവള്‍ക്കെന്നും പ്രിയതരമാണ്. എത്രയോ പ്രാവശ്യം ഇരുവരുമത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേട്ടിരിക്കുന്നു.
വരിവരിയായി ന്യൂയോര്‍ക്കിലെ വീടിനു മുന്നില്‍ വന്നു നിന്ന കറുത്തനിറത്തിലുള്ള കാറുകളുടെ 'കോണ്‍വോയ്' ആണ് പപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ അവളുടെ മനസ്സിലേക്കോടിയെത്തുക. അതിലൊരു നീളമുള്ള കാറിന്‍റെ പിറകിലെ ഡോര്‍ തുറന്നു പുറത്തേക്കെടുത്ത സ്ഫടിക നിര്‍മ്മിതമായ ശവമഞ്ചത്തില്‍ പപ്പയുടെ ചേതനയറ്റ ശരീരം... ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ട് എഴുവയസ്സുണ്ടായിരുന്ന മാര്‍ഗരറ്റ് അലറിക്കരഞ്ഞു. തന്‍റെ ജീവന്‍റെ ജീവനായിരുന്ന പപ്പയുടെ മൃതദേഹത്തെ വീണ്ടുമൊരു നോട്ടം നോക്കുവാന്‍ പോലും അശക്തയായി അവള്‍ ബോധരഹിതയായി വീണു.
ന്യൂയോര്‍ക്കിലുള്ള ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനായിരുന്നു എല്യാമ്മയുടെ ഏക മകനായിരുന്ന സാമുവല്‍ ജോണ്‍. അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇതര സഭാക്കാരായ കുടുംബത്തിലെ പെണ്‍കുട്ടി മെറ്റല്‍ഡയെ തന്‍റെ മകന്‍ പ്രണയിച്ചു വിവാഹം കഴിക്കുന്നതില്‍ ഏല്യാമ്മയ്ക്കു എതിര്‍പ്പുണ്ടായിരുന്നു എങ്കിലും ഒടുവില്‍ ആ നിര്‍ബന്ധത്തിനു അവര്‍ വഴങ്ങി. വിവാഹം കഴിഞ്ഞ് ഒമ്പതാംവര്‍ഷം ഓഫീസ് ബാങ്ക്വെറ്റ് ഹാളില്‍ നടന്ന, ഭാര്യയുടെ പ്രൊമോഷന്‍ പാര്‍ട്ടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു സാമുവല്‍. അത്യന്താധുനിക വിദഗ്ദ്ധപരിചരണത്തിനുപോലും സാമുവലിന്‍റെ ജീവനെ ആ ശരീരത്തില്‍ തടഞ്ഞുനിറുത്തുവാനായില്ല.
അതിനുശേഷം, വിശിഷ്ടവ്യക്തികള്‍ക്കു അകമ്പടി സേവിച്ചുകൊണ്ട് കടന്നുപോകുന്ന കറുത്ത കാറുകളുടെ വരി എവിടെയെങ്കിലും കാണുന്നതുതന്നെ അവളില്‍ ഭയവും അസ്വസ്ഥതയും ഉളവാക്കിയിരുന്നു. ആ ദാരുണസംഭവം നടന്ന് വര്‍ഷങ്ങളായിട്ടുപോലും ഭയം അവളെ ചൂഴ്ന്നുനിന്നു..
മമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ത്തന്നെ മാര്‍ഗരറ്റില്‍ പരിമിതമായിരിക്കുന്നു. സെനഗല്‍കാരിയായ കറുത്ത വര്‍ഗ്ഗക്കാരി ഹോം നേഴ്സ് റൂത്ത് ആയിരുന്നു ജനിച്ചതുമുതല്‍ ഏഴുവയസ്സുവരെ അവളെ പരിപാലിച്ചത്. ഏറെ ഗൃഹാതുരതയുള്ള ഓര്‍മ്മകളായാണ് റൂത്ത് മാര്‍ഗരറ്റില്‍ ഇപ്പോഴും ജീവിക്കുന്നത്. ക്രിസ്ത്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ അവളെത്തേടിയെത്തുന്ന ആശംസാകാര്‍ഡുകളിലൊരെണ്ണം തീര്‍ച്ചയായും റൂത്തിന്റെയായിരിക്കും.
സാമുവല്‍ മരിച്ചു മൂന്നുമാസം കഴിയുംമുമ്പേ മെറ്റല്‍ഡ, തന്‍റെ അയര്‍ലണ്ടുകാരനായ മേലുദ്യോഗസ്ഥനെ വിവാഹം കഴിച്ച്, അയാള്‍ സ്വഭാര്യയെ ഉപേക്ഷിച്ച തസ്തികയിലുണ്ടായിരുന്ന ഒഴിവുനികത്തി. സ്വൈര്യവിഹാരത്തിനു തടസ്സമാകുമെന്നു കണ്ടപ്പോള്‍ ഏഴുവയസ്സുകാരി മാര്‍ഗരറ്റിനെ നാട്ടിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു. മുമ്പേത്തന്നെ അയാളുമായി മെറ്റല്‍ഡയ്ക്കു അടുത്ത ബന്ധമുണ്ടായിരുന്നെന്നും, രണ്ടുപേരുംചേര്‍ന്നു ഗൂഢാലോചന നടത്തി, ഷാമ്പയിനില്‍ വിഷം കലര്‍ത്തി സാമുവലിനെ കൊലചെയ്യുകയായിരുന്നുവെന്നുമൊരു ശ്രുതി പരന്നിരുന്നുവെങ്കിലും, തെളിവുകളുടെ അഭാവം കൊണ്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനു സാധിച്ചിരുന്നില്ല.
ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ചിന്തകള്‍ക്കെല്ലാം തല്‍ക്കാലത്തേക്കു അവധികൊടുത്ത് മാര്‍ഗരറ്റ് കട്ടിയുള്ള പുതപ്പിനുള്ളിലേക്കു ചുരുണ്ടുകയറി. ഉറങ്ങുന്നതിനുംമുമ്പു ചൊല്ലാനായി അമ്മമ്മ പഠിപ്പിച്ചു കൊടുത്തിരുന്ന സുകൃതജപങ്ങള്‍ മനസ്സിലുരുവിട്ടുകൊണ്ടു കിടക്കവേ ഇരുളില്‍ ഒളിച്ചുനിന്നിരുന്ന നിദ്രവന്നു പതിയേ അവളെ തഴുകി.
കുളുവിലേക്കു വരുമ്പോഴൊക്കെ മിക്കവാറും മാര്‍ഗരറ്റിന്റെ അമ്മമ്മയുടെ കൂട്ടിനു അയല്‍വക്കക്കാരനായ പൌലോചേട്ടനും കാണും. അമ്മമ്മയേക്കാള്‍ പ്രായക്കുറവാണെങ്കിലും അമ്മമ്മയുടെ ജ്യേഷ്ഠനെപ്പോലെയേ കാഴ്ച്ചയില്‍ തോന്നിക്കൂ. ഒറ്റനോട്ടത്തിലൊരു മുരടന്‍... പക്ഷേ, ഒത്തിരി സ്നേഹവാത്സല്യങ്ങളായിരുന്നു അദ്ദേഹത്തിനു അമ്മിണിയോട്. മാര്‍ഗരറ്റിനെ അമ്മമ്മ വിളിക്കുന്ന പേരാണു അമ്മിണി.
“അപ്പനില്ലാത്ത കുട്ടിയാ... അമ്മ ജീവിച്ചിരിപ്പുണ്ടെന്നുകരുതീട്ടൊരു കാര്യോമില്ലല്ലോ... കണ്ടിട്ട് ആറുമാസായെന്നുംവച്ച് കണ്ടപാടേ അമ്മ്ണിക്കു ദണ്ണണ്ടാക്കുന്ന വര്‍ത്താനൊന്നും പറയാതെന്‍റെ ചേടത്തീ..” അവരുടെ ബസ്സ് സ്ക്കൂള്‍പ്പടിക്കലെത്താറാവുമ്പോള്‍ പൌലോ എന്നത്തേയും പോലെ മാര്‍ഗരറ്റിന്റെ അമ്മമ്മയെ ഉപദേശിച്ചു.
“നീയൊന്നു പോടാവേ.. എന്‍റെ കുട്ടിക്കൊരു വെഷമോംണ്ടാവാതെ വര്‍ത്താനം പറയാനൊക്കെ എനിക്കറിയത്തില്ലയോ.. പ്രസവിച്ചിട്ടു ഏഴാം കൊല്ലം ഇവിടെ കൊണ്ടു വന്നിട്ടേച്ചു പൊയ്ക്കളഞ്ഞതല്ലേടാ ആ യെരണം കെട്ടോള്.. അതേപ്പിന്നെ അവളുടെ അപ്പനും അമ്മയുമൊക്കെ ഈ ഏല്യാമ്മ തന്ന്യാ.. "ചുണ്ടത്തു രണ്ടുവിരല്‍ വച്ച് വായിലുള്ള മുറുക്കാന്‍ ബസ്സിനുപുറത്തേക്കു നീട്ടിത്തുപ്പിക്കൊണ്ടുള്ള അവരുടെ സ്ഥിരം മറുപടിയും..
ഗേറ്റ് കടന്നുവരുന്ന അമ്മമ്മയെക്കണ്ടവഴി മാര്‍ഗരറ്റ് ഓടിച്ചെന്ന് ആലിംഗനം ചെയ്തു.
"അ അ ആ... ആരാത്... അമ്മമ്മേടെ അമ്മിണിക്കുട്ട്യോ?!... " അമ്മമ്മയുടെ സ്നേഹത്തിലവള്‍ അലിഞ്ഞുപോയി.
************************************************************
"എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ..
അതു ചിന്തയില്‍ അടങ്ങാ-സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍.. .."
വീടിന്‍റെ പൂമുഖത്തിട്ട ചാരുകസേരയിലിരുന്നു വെറ്റില മുറുക്കുകയായിരുന്ന എല്യാമ്മയുടെ മൊബൈല്‍ തിണ്ണയിലിരുന്നു ശബ്ദിച്ചു. ആ ഭക്തിഗാനത്തിനനുസരിച്ചു അവര്‍ തലയാട്ടി താളം പിടിച്ചു. സാമുവല്‍ അമേരിക്കയിലേക്കു പോകുന്നതിനും മുമ്പ് അമ്മയ്ക്കു സമ്മാനിച്ചതായിരുന്നു ആ മൊബൈല്‍. അതിലെ റിംഗ് ടോണും അവന്‍ ഇട്ടു കൊടുത്തതു തന്നേ. ആരു വിളിച്ചാലും ആ പാട്ട് അവസാനം വരെ കേള്‍ക്കാതെ അവര്‍ ഫോണ്‍ എടുക്കില്ല. അതു കേള്‍ക്കാനവര്‍ക്കു വലിയ ഇഷ്ടമായിരുന്നു.
"ഹലോാാാ... " അവര്‍ ഫോണ്‍ എടുത്തവഴി ഉച്ചത്തില്‍ ചോദിച്ചു.
"ഒച്ച വെക്കാതെ തല്ലേ.. മനുശ്യന്‍റെ ചെവി പൊറ്റിപ്പൊലിഞ്ഞുപ്പോകുമല്ലോ... മാര്‍ഗരറ്റ് ഈസ്‌ ദേര്‍?.." അങ്ങേ തലയ്ക്കല്‍ മെറ്റല്‍ഡയാണെന്നു മനസ്സിലായപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ നെറ്റി ചുളിഞ്ഞു.. മുഖം കോപംകൊണ്ടു ചുവന്നു.. വായിലുണ്ടായിരുന്ന അവശേഷിക്കുന്ന മുറുക്കാന്‍ മുറ്റത്തേക്കു നീട്ടിത്തുപ്പിക്കൊണ്ടു അവര്‍ പ്രതികരിച്ചു..
"ങാ... ഉണ്ടുണ്ട്.. പിന്നേയ് നിന്‍റെ ആ പുളുത്ത ഇംഗ്രീസൊന്നും എന്നോടെടുക്കണ്ടാ....ത്ഫൂ..." എന്നും പറഞ്ഞു ഒന്നുകൂടി തുപ്പിക്കൊണ്ട് തന്‍റെ ചെറുമകളെ വിളിച്ചു.
"അമ്മിണിക്കൊച്ചേ... ദേ നിന്‍റെ തള്ള വിളിക്കുന്നു.. വേഗം വാ അല്ലെങ്കില്‍ അടുത്ത വിമാനത്തിലവള്‍ പറന്നു പൊയ്ക്കളയും.." ഫോണ്‍ തിണ്ണയില്‍ത്തന്നെ വച്ച് അവര്‍ അകത്തേക്കു പോയി.
മാര്‍ഗരറ്റ് മെറ്റല്‍ഡയോടു അധികമൊന്നും സംസാരിച്ചില്ല. എപ്പോഴും അവധിക്കു വരുമ്പോഴൊക്കെയുള്ള ഒരേയൊരു ഫോണ്‍ കാള്‍. ഔപചാരികത നിറഞ്ഞു നില്‍ക്കുന്ന ഏതാനും ക്ഷേമാന്വേഷണങ്ങള്‍... നന്നായി പഠിക്കണം, ആരോഗ്യം നോക്കണം എന്നൊക്കെയുള്ള ഉപദേശങ്ങള്‍.... അത്ര തന്നേ. അവള്‍ക്കും അതിനോടു വെറുപ്പായിരുന്നു. ജനിച്ചതില്‍പ്പിന്നെ ഒരമ്മയോടെന്ന പോലെ അവള്‍ ഇടപഴകിയിരുന്നത് ഏഴു വയസ്സുവരെ ആഫ്രിക്കക്കാരിയായ റൂത്തിനോടും അതിനുശേഷം അമ്മമ്മയോടും മാത്രമായിരുന്നു.
രാവിലെ ചെമ്പോത്തിന്റെ കൂവല്‍ കേട്ടാണ് അവള്‍ ഉറക്കമുണര്‍ന്നത്‌. ജനലിലെ മരയഴികള്‍ക്കിടയിലൂടെ അവള്‍ പുറത്തേക്കു കണ്ണോടിച്ചു. വീടിന്‍റെ പിന്നാമ്പുറത്തുള്ള വലിയ പ്രിയൂര്‍ മാവിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഭൂമിയിലേക്കു ബാലകിരണങ്ങള്‍ പായിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാവിലെ തളിരിലകള്‍ കൊത്തിത്തിന്നുന്ന പക്ഷികളെ വീക്ഷിച്ചുകൊണ്ടു നില്ക്കുമ്പോള്‍ ഏല്യാമ്മ കടുംകാപ്പിയുമായി മുറിയിലേക്കു കടന്നുവന്നു.
"അ അ ആ... ന്‍റെ കൊച്ച്വോള് എണീറ്റോ... ദാ ഈ കാപ്പി കുടിച്ചോ.. അമ്മമ്മ ഇന്നു പ്രാതലിനെന്താണ് ഉണ്ടാക്കിയേക്കുന്നേന്നറിയാമോ?... മോക്കിഷ്ടമുള്ള കൊഴുക്കട്ടാ..." അവര്‍ അവളെ നോക്കി വാത്സല്യത്തോടെ പറഞ്ഞു.
"ആണോ അമ്മമ്മേ.. എന്നാ ഞാന്‍ ഫ്രെഷായി ദാ വരുന്നു.. " കാപ്പി തിടുക്കത്തില്‍ കുടിച്ച് തോര്‍ത്തുമെടുത്ത് അവള്‍ കുളിമുറിയിലേക്കു ഓടി.
"ഇങ്ങനൊരു കൊതിച്ചി... അതെങ്ങന്യാ... തന്തേടെയല്ലേ മോളും...." പെട്ടെന്നു അവരുടെ മുഖത്തൊരു മ്ലാനത പരന്നു. അവരുടെ മകന്‍ സാമുവലും ഒരു കൊഴുക്കട്ടപ്രിയനായിരുന്നുവല്ലോ..
പ്രാതലെല്ലാം കഴിഞ്ഞുള്ള അടുത്ത പരിപാടി ബൈബിള്‍ വായനയാണ്. പഴയ നിയമത്തിലെ വായനയാണ് എല്യാമ്മച്ചേടത്തിക്കു പഥ്യം. അമ്മിണി ഉച്ചത്തില്‍ ഇങ്ങനെ വായിച്ചു കൊടുക്കുമ്പോള്‍ അവര്‍ അതിന്‍റെ വ്യാഖ്യാനങ്ങള്‍ അവള്‍ക്കും പറഞ്ഞു കൊടുക്കും. അമ്മിണിക്കും ഈ ബൈബിള്‍ വായന വളരെ ഇഷ്ടമായിരുന്നു. വായന രസകരമായി തുടരവേ, ബൈബിളിലെ പേജുകള്‍ മറിഞ്ഞു പോകുന്നതേ അവരറിയുകയില്ല. ഏല്യാമ്മച്ചേടത്തിക്കു ബൈബിളിലെ എല്ലാ അദ്ധ്യായങ്ങളിലേയും വാക്യങ്ങള്‍ നമ്പരുകള്‍ സഹിതം ഒരുവിധം കാണാപാഠമായിരുന്നു. വായിക്കുമ്പോള്‍ എപ്പോഴും അദ്ധ്യായങ്ങളുടെ നമ്പരുകള്‍ കൂട്ടിവായിക്കാനായി അവര്‍ മാര്‍ഗരറ്റിനെ ഉപദേശിച്ചിരുന്നു. വായന തുടര്‍ന്നു..
"ന്യായാധിപന്മാര്‍, പതിനാറാം അദ്ധ്യായം, സാംസനും ദലീലയും.."
"മോളേ മതീ... എനിക്കുറക്കം വരുന്നു.. അമ്മമ്മ കുറച്ചുനേരം മയങ്ങട്ടേ.. മോളു പോയി മാവിന്‍ചോട്ടില് കണ്ണിമാങ്ങകള്‍ വീണിട്ടുണ്ടോന്നു നോക്കൂ.. നിറയേ മാങ്ങ ഉണ്ടായിട്ടുണ്ട് ഈ പ്രാവശ്യം.." തുടര്‍ന്നു വായിക്കുന്നതില്‍ നിന്നും അവര്‍ അവളെ വിലക്കി. മാര്‍ഗരറ്റ് വീടിനു പുറകിലെ വലിയ പ്രിയൂര്‍ മാവിന്‍റെ ചുവട്ടിലേക്കു നടന്നു.
ദലീല... തന്നെ ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ ഒറ്റിക്കൊടുത്തു ഫിലിസ്ത്യരെക്കൊണ്ടു കൊല്ലിച്ച കുലട. ഏല്യാമ്മച്ചേടത്തിയുടെ മനസ്സില്‍ മരുമകള്‍ മെറ്റല്‍ഡയുടെ മുഖം തെളിഞ്ഞു. തന്‍റെ മകനെ ചതിയില്‍ക്കുടുക്കി കൊന്നതിന്‍റെ രോഷവും സങ്കടവും അവരുടെ മുഖത്തു മിന്നിമറഞ്ഞു കൊണ്ടിരുന്നു. പുത്രവിയോഗദുഃഖസ്മരണയില്‍ അവരിരുന്നു ഉരുകി.
മാവിന്‍ ചുവട്ടില്‍ നിറയേ കണ്ണിമാങ്ങകള്‍ വീണു കിടന്നിരുന്നു. അതില്‍ വലിയവനോക്കി അവള്‍ പെറുക്കി ഉടുപ്പിന്‍റെ ഒരു തല അരയില്‍ വളച്ചുകുത്തി അതില്‍ ശേഖരിച്ചു. പൊടുന്നനേയാണ് കരിയിലകള്‍ക്കടിയില്‍ കൂടുകൂട്ടിയിരുന്ന കട്ടുറുമ്പുകള്‍ അവളുടെ കാലില്‍ കയറി കടിക്കാന്‍ തുടങ്ങിയത്. പെട്ടെന്നുതന്നെ അവള്‍ കൈക്കൊണ്ടു ശക്തമായി തൂത്ത് അവയെ നിലത്തു വീഴ്ത്തി. രണ്ടുനാലെണ്ണം ചത്തുംപോയി. നല്ല കടച്ചില്‍. കണ്ണിമാങ്ങകളെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ച് ഉമ്മറത്തേക്കു ചെന്നപ്പോള്‍ അമ്മമ്മ നല്ല ഉറക്കം. അമ്മമ്മ പറഞ്ഞു തന്നിരുന്ന ഉപായം പെട്ടെന്നവള്‍ ഓര്‍ത്തു. ഉറുമ്പും കൊതുകും കടിച്ചിടത്തു അല്പം ഉമിനീരു പുരട്ടുക.
അമ്മമ്മയെ ഉണര്‍ത്തേണ്ടെന്നുകരുതി അവള്‍ ഉമ്മറത്തെ തണുപ്പുള്ള മാര്‍ബിള്‍ത്തിണ്ണയില്‍ക്കിടന്നു അറിയാതെ ഉറങ്ങിപ്പോയി. എത്രനേരം ഉറങ്ങിയെന്നറിയില്ല. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുറ്റത്ത് പരേതരായ ഉറുമ്പുകളേയും വഹിച്ചുകൊണ്ടുള്ള ഉറുമ്പുകളുടെ ശവശംസ്ക്കാരയാത്ര. അവള്‍ നിലത്തിരുന്നു അവയെ സൂക്ഷിച്ചു നോക്കി.
അവയുടെ കൊമ്പുകളും കണ്ണുകളും ഇപ്പോള്‍ അവള്‍ക്കു വ്യക്തമായി കാണാം.. വരിവരിയായി നീങ്ങുന്ന ആ കറുത്ത രൂപങ്ങള്‍ രാക്ഷസരൂപം പ്രാപിച്ചു വരുന്നു!... കറുത്തചായം തേച്ച തെയ്യങ്ങള്‍ അവളുടെ ചുറ്റിലും താണ്ഡവം നടത്തി.. കറുപ്പുനിറം കണ്ണുകളിലേക്കു പടര്‍ന്നുകയറി അവളുടെ കാഴ്ച്ച മന്ദീഭവിപ്പിക്കുന്നതു പോലെ.. സ്തബ്ധയായി നിന്ന അവളുടെ കാതുകളില്‍ കറുത്തകാറുകളുടെ ഹോണടികള്‍ ഇടിമുഴക്കംപോലെ ഇരമ്പി. അതാ ഒരു കാറിന്‍റെ പിറകിലെ വാതില്‍ തുറന്നുവരുന്നു.... പിന്നെ അവിടെയവള്‍ നിന്നില്ല. .
ചെവികള്‍ രണ്ടും പൊത്തി "പപ്പാ... " എന്നു അലറിവിളിച്ച് അവള്‍ ചാരുകസേരയിലിരുന്നുറങ്ങുന്ന അമ്മമ്മയുടെ അരികിലേക്കോടിച്ചെന്നു. അവരെ കുലുക്കി വിളിച്ചു. പക്ഷേ ഒരനക്കവുമില്ലാ...
പകച്ചുകൊണ്ടവള്‍ അവരെയാസകലം ഉറ്റുനോക്കി. അമ്മമ്മയുടെ നീരുവന്ന വലതുപാദത്തെ പൊതിഞ്ഞിരുന്ന കട്ടുറുമ്പിന്‍കൂട്ടത്തെ അവള്‍ അപ്പോഴാണു ശ്രദ്ധിച്ചത്. അതും കൂടിയായപ്പോള്‍ അവള്‍ കുഴഞ്ഞു വീണു.
ബോധം വരുമ്പോള്‍ സിറ്റി ഹോസ്പ്പിറ്റലിലായിരുന്നു. കണ്ണു തുറന്നുനോക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന മുഖഭാവത്തോടെ അവളുടെ കൈത്തണ്ടയില്‍ തലോടിക്കൊണ്ടു പൌലോച്ചേട്ടനിരിക്കുന്നു.
"അങ്കിള്‍ ഞാനിതെവിടെയാ?.. എനിക്കെന്തു പറ്റി? " വിഹ്വലതയോടെ അവള്‍ ചോദിച്ചു.
"കുട്ടിക്കൊന്നുമില്ല കുട്ടീ.. അതിന്നലെ രാവിലെ എന്തോ കണ്ടു കുട്ടിയൊന്നു പേടിച്ചു പോയതാ.. ഇപ്പൊ ഒക്കെ ശരിയായി.. നമുക്കു അങ്കിളിന്‍റെ വീട്ടിലേക്കു ഉടന്‍ പോകാം കേട്ടോ.." പൌലോ ചേട്ടന്‍ പറഞ്ഞു.
"അപ്പോ അമ്മമ്മാ?.. " അവള്‍ ചോദ്യഭാവത്തോടെ പരിസരത്ത് അമ്മമ്മയെ തിരഞ്ഞു.
"അതു പിന്നേ.. മോളേ.. അമ്മമ്മാ അവിടുണ്ടല്ലോ.. വാ വേഗം എഴുന്നേറ്റു റെഡിയാവൂ.. നമുക്കു ഉടനേത്തന്നെ അമ്മമ്മയുടെ അടുത്തേക്കു പോകാം.. അങ്കിള്‍ ദേ വന്നു.." ആശുപത്രിബില്‍ അടയ്ക്കാനായി അയാള്‍ പോയി.
തന്‍റെ വീട്ടുമുറ്റത്ത്‌ പതിവില്ലാത്തൊരു ജനക്കൂട്ടം കണ്ടവള്‍ അമ്പരന്നു. പൌലോച്ചേട്ടന്‍ അവളെ ദേഹത്തോടു ചേര്‍ത്തടക്കിപ്പിടിച്ചുകൊണ്ടു മുറ്റത്തേക്കു കടന്നുചെന്നു. പൂമുഖത്തു വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മമ്മയെ അവള്‍ കണ്ടു. കാര്യം മനസ്സിലായിട്ടും ഒന്നു കരയാന്‍പോലും സാധിക്കാത്ത മാനസികാവസ്ഥയില്‍ അവള്‍ ബോധശ്യൂന്യയായി പൌലോയങ്കിളിന്‍റെ മാറിലേക്കു ചരിഞ്ഞു.
"മമ്മാ.. ഐ വാണ്ട്‌ ടു കം ദേര്‍ നവ്... ഐ കാന്‍ നോട്ട് കണ്ടിന്യൂ ഹിയര്‍ ഈവന്‍ ഫോര്‍ എ ഡേ... " പിറ്റേ ദിവസം പൌലോച്ചേട്ടന്‍റെ വീട്ടിലിരുന്നു അവള്‍ ന്യൂയോര്‍ക്കിലുള്ള തന്‍റെ അമ്മയെ വിളിച്ച് അവിടേക്ക് ഉടന്‍തന്നേ പോകണമെന്നു ശാഠ്യം പിടിച്ചു.
എപ്പോഴും പുതിയ ഭര്‍ത്താവുമൊത്തു വിദേശങ്ങളില്‍ കറക്കമായിരുന്ന മെറ്റല്‍ഡ, തന്‍റെ മകള്‍ ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങുന്ന ദിവസവും സ്ഥലത്തുണ്ടായിരുന്നില്ല. പക്ഷേ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ വ്യക്തിയെക്കണ്ടു അവള്‍ അത്യധികം സന്തോഷിച്ചു. അമ്മയേക്കാള്‍ താന്‍ സ്നേഹിച്ചിരുന്ന റൂത്ത്. മുടിയിഴകളേതാനും നരച്ചിരിക്കുന്നുവെന്നല്ലാതെ മറ്റൊരു മാറ്റവുമില്ല. റൂത്ത് ഓടിവന്നു അവളെ ആലിംഗനം ചെയ്തു.
മാര്‍ഗരറ്റ് അവിടെയടുത്തുള്ള സ്കൂളില്‍ ചേര്‍ന്നു പഠനം പുനരാരംഭിച്ചു. വല്ലപ്പോഴുമൊക്കെ അവളുടെ അമ്മ വീട്ടിലെത്തും. ഏതാനും നിമിഷങ്ങള്‍ മാത്രം നീളുന്ന സ്നേഹപ്രകടനങ്ങള്‍.. അമ്മ വിവാഹം കഴിച്ച അയര്‍ലണ്ടുകാരനെ കാണുന്നതുതന്നെ അവള്‍ക്കു വെറുപ്പായിരുന്നു. ഒരു ദിവസംപോലും അവളുടെയൊപ്പം അന്തിയുറങ്ങാനുള്ള മനസ്ഥിതി മെറ്റല്‍ഡ കാണിച്ചുമില്ല. സത്യത്തില്‍ മാര്‍ഗരറ്റും അതാഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
മാസങ്ങള്‍ കഴിഞ്ഞു പോയി. ഒരു ദിവസം രാത്രി അടുക്കളഭാഗത്തു നിന്നും റൂത്തും മറ്റൊരു വേലക്കാരനായ ശ്രീലങ്കക്കാരന്‍ തിരുമാനെയും എന്തോ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. അവളുടെ പപ്പയുടെ മരണത്തെക്കുറിച്ചായിരുന്നു അവരുടെ സംസാരം.
"മാര്‍ഗരറ്റിനെ കാണുമ്പോള്‍ എന്‍റെ ഹൃദയം നുറുങ്ങുന്നു. അറിയാതെ ചെയ്തുപോയ തെറ്റാണെങ്കിലും ദൈവം തന്നെ ശിക്ഷിക്കുമോ?" കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടു അയാള്‍ റൂത്തിനോടു ചോദിക്കുന്നു.
അവരുടെ ശ്രദ്ധയില്‍പ്പെടാതെ മാര്‍ഗരറ്റ് അവിടെ നിന്നും മാറി. എന്നും രാത്രി റൂത്തിന്‍റെ കൂടെയാണ് അവളും കിടക്കുന്നത്. റൂത്ത് ഒരമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ റൂത്ത് പറഞ്ഞുകൊടുക്കുന്ന കഥകള്‍ കേട്ടാണ് അവളുറങ്ങാറ്.
"ഓണ്‍ട്.. ഐ വാണ്ട്‌ ടു ലിസെന്‍ എ ട്രുത്ത് ഫ്രം യു.. വില്‍ യു പ്ലീസ് ഹെല്‍പ് മി ഓണ്‍ട്?.." താനൊരു സത്യം റൂത്തില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി പറയാന്‍ സാധിക്കുമോയെന്നുള്ള അപ്രതീക്ഷിതമായ ചോദ്യം റൂത്തില്‍ ചെറുതായി അങ്കലാപ്പുണ്ടാക്കി.
"വൈ നോട്ട് മൈ ലവ്ലി ലിറ്റില്‍ സ്റ്റാര്‍.. പ്ലീസ് ആസ്ക്‌ മി.." അവര്‍ സമ്മതിച്ചയുടനെ മാര്‍ഗരറ്റ് പോയി ബൈബിള്‍ എടുത്തുകൊണ്ടുവന്ന് റൂത്തിനെക്കൊണ്ടു അതില്‍ത്തൊട്ടു സത്യം ചെയ്യിച്ചു. അവളുടെ ഞെട്ടിപ്പിക്കുന്ന ആ ചോദ്യം കേട്ട് ധര്‍മ്മസങ്കടത്തിലായ റൂത്തിനു വേറെ നിവൃത്തിയില്ലാതായപ്പോള്‍ വള്ളിപുള്ളിവിടാതെ അവളോടു മനസ്സുതുറക്കേണ്ടി വന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലിറങ്ങിയ മെറ്റല്‍ഡയേയും ഭര്‍ത്താവ് ഇയാന്‍ ഹോംസിനേയും എതിരേറ്റത് പോലീസായിരുന്നു. ഇരുവരുടേയും ഗൂഢാലോചനപ്രകാരം ശ്രീലങ്കക്കാരനായ തന്‍റെ വേലക്കാരനു പണം കൊടുത്ത് എവിടെനിന്നോ പൊട്ടാസ്യം സയനൈഡ് സംഘടിപ്പിക്കുകയായിരുന്നു മെറ്റല്‍ഡ. എന്തിനായിരുന്നു അതെന്നു യജമാനത്തിയോട് ചോദിക്കാനുള്ള അവകാശം വേലക്കാരനായ തിരുമാനേക്കു ഉണ്ടായിരുന്നില്ലെന്നും പാനീയത്തില്‍ വിഷം കലര്‍ത്തിയത് അയാളായിരുന്നില്ലെന്നും കണ്ടെത്തിയ കോടതി മാപ്പുസാക്ഷിയാക്കി അയാളെ വെറുതേവിട്ടു. മെറ്റല്‍ഡയേയും ഭര്‍ത്താവിനേയും ശിക്ഷവിധിച്ചു ജയിലിലും അടച്ചു. അങ്ങനെ അഞ്ചുകൊല്ലമായി തെളിവുകളൊന്നും ലഭിക്കാതിരുന്ന ആ കൊലപാതകക്കുറ്റത്തിന്‍റെ ഫയല്‍ അടഞ്ഞു.
അന്നു സന്ധ്യാനേരത്തു വീടിനുമുന്നിലെ ചെറിയ പൂന്തോട്ടത്തില്‍ ചിന്താവിഷ്ടയായിരുന്ന മാര്‍ഗരറ്റിനെ തഴുകിയ ഇളംകാറ്റില്‍ വെറ്റിലമുറുക്കാന്റെ നേരിയ സുഗന്ധമുള്ളതുപോലെ അവള്‍ക്കു തോന്നി.
- ജോയ് ഗുരുവായൂര്‍

മനസ്സിന്‍റെ ചില കുറുമ്പുവഴികള്‍

അതിരാവിലെത്തന്നെ ആരോ സൈക്കിളില്‍ വീട്ടുമുറ്റത്തെത്തി മണിയടിക്കുന്നതും കേട്ടാണ് ഉണര്‍ന്നത്.
സെബാസ്റ്റ്യന്‍...
"ന്താണ്ടാ വയറുമ്മേ രണ്ട് കാലും കൊളത്തീട്ട്ട്ട് നേരം വെളിച്ച്യാവുമ്പോ വന്നട്ടൊരു... ഒരു കിണികിണി കിണികിണി?...."
ഞായറാഴ്ച്ച രാവിലെയുള്ള സുഖകരമായ ഉറക്കത്തിനു ഭംഗം വന്ന ഈര്‍ഷ്യയില്‍ കണ്ണുതിരുമ്മിക്കൊണ്ട് നോം ചോദിച്ചു.
"ഡാ അപ്പാപ്പന്‍ പോയീ.. നീയൊന്നു വേഗം റെഡിയായിന്റൊപ്പം വന്നേ.. നമുക്ക് കൊറേ വീടോളില്‍ മരണം പറയാന്ണ്ട്.. "
സെബാസ്റ്റ്യന്‍റെ മുഖത്ത് പതിവില്ലാത്തൊരു പ്രസരിപ്പുണ്ടോ?!.. സ്വന്തം അപ്പാപ്പന്‍ മരിച്ച കാര്യം പറയുമ്പോള്‍ ആ മുഖത്ത് മ്ലാനതയ്ക്കു പകരം ചുറുചുറുക്കുള്ളതു പോലെ തോന്നി നോം അവനെയൊന്നു സൂക്ഷിച്ചുനോക്കി..
"അയ്യോ.. കൊച്ചന്തോണ്യേട്ടനോ?!!... ന്നലേം കൂടി റേഷന്‍പീട്യേല് മണ്ണണ്ണ വാങ്ങാന്‍ നിക്കണത് കണ്ടതാണല്ലോ? എന്താപ്പോ പെട്ടെന്ന്‍ണ്ടായേ?.." അടുക്കളയുടെ ചൂട്ടഴികള്‍ക്കിടയിലൂടെ അമ്മയുടെ ചോദ്യം..
"പാതരയ്ക്ക് നെഞ്ഞ് പൊരിച്ചില് വന്നൂ.. വെള്ളം കൊടുത്തപ്ലയ്ക്കും ആള് ക്ലോസായി" ഏതോ അപരിചിതന്‍ മരിച്ച വിവരം പറയുമ്പോലെ അവന്‍.
രാമകൃഷ്ണന്‍ മാഷിന്‍റെ പ്രസ്സില്‍ നിന്നും മരണക്കുറി അച്ചടിച്ചത് വാങ്ങിക്കുമ്പോള്‍ മാഷ്‌ പറഞ്ഞു.
"ഡാ ഒന്നു വായിച്ചു നോക്ക്.. വല്ല അക്ഷരത്തെറ്റും ഉണ്ടോയെന്ന്... "
"അതിപ്പോ മാഷ്‌ അടിച്ചത് മ്ബ്ല് വായിച്ചോക്കേണ്ട ആവിശ്യണ്ടോ?.. ന്നാല്വോന്നു വായിച്ചോക്കാലേ? ...."
*************** ഈ. മ. യൌ *******************
ഞങ്ങളുടെ പ്രിയ പിതാവ് ചക്കരവളപ്പില്‍ ഔത മകന്‍ കൊച്ചന്തോണി (72 വയസ്സ്) ആത്മത്തിനുവേണ്ടിയുള്ള അന്ത്യകൂദാശകളെല്ലാം കൈക്കൊണ്ട് ഇന്നലെ രാത്രി 12 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് സെന്റ്‌. തോമാസ് പള്ളി സെമിത്തേരിയില്‍
എന്ന്,
ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍
*************************************************
യാക്കോവ് (മകന്‍), ജസീന്ത (മരുമകള്‍)
തോമാസ് (മകന്‍), കര്‍മ്മല (മരുമകള്‍)
വെറോനിക്ക (മകള്‍), പൊറിഞ്ചു (മരുമകന്‍, ബാംഗ്ലൂര്‍)
ജാക്സന്‍ (മകന്‍, ഖത്തര്‍)
സ്ഥലം: മാങ്ങാട്ടുകര
തീയതി: 24 - ആഗസ്റ്റ്‌ - 1997 (ഞായര്‍)
(R.K.PRINTERS, MGTKRA)
"ഹും ഹും ഹും.. അടിപൊളിയായിട്ടുണ്ട് മാഷേ..
കാശപ്പച്ചന്‍ തരൂട്ടാ... ന്നാ ഞങ്ങളങ്ങ്ട്......"
ഒരു സിനിമാ നോട്ടീസ് വായിക്കുന്ന ഹരത്തോടെ അവനതിന്‍റെ പ്രൂഫ്‌ റീഡിംഗ് നടത്തുന്നത് ഞാന്‍ നോക്കിനിന്നു..
വീതികുറഞ്ഞ പാടവരമ്പിലൂടെ അവന്‍റെ പുതിയ BSA സൈക്കിള്‍ കുതിച്ചുപാഞ്ഞു. പുറകിലൂടെ എന്‍റെ പഴഞ്ചന്‍ റാലിയും. മധുക്കര കോള്‍പ്പാടത്തിനപ്പുറത്തുള്ള രണ്ടുനാലു ബന്ധുവീടുകളില്‍ ആദ്യം കുറികൊടുക്കണം. ഇടയ്ക്ക് തോടുവറ്റിച്ചു മീന്‍ പിടിക്കുന്നവരെക്കണ്ട് അവന്‍ സൈക്കിള്‍ സഡന്‍ ബ്രേക്കിട്ടു നിറുത്തി. മീന്‍പിടുത്തക്കാരുടെ കൂടയില്‍ പിടച്ചുകൊണ്ടിരുന്ന ബ്രാലുകളേയും കല്ലുത്തികളേയും മുയ്യുകളേയും മുണ്ടത്തിപ്പരലുകളേയും കണ്ട് അവന്‍റെ കണ്ണുകള്‍ വിസ്മയഭരിതമായി. അല്പനേരം ഞങ്ങള്‍ മീന്‍പിടുത്തവും നോക്കിനിന്നു .
"ഡാ.. പോണ്ടേ?.." നോം ഓര്‍മ്മപ്പെടുത്തി.
"അതേയ്... മ്മ്ടെ പറമ്പിലെ കൊട്യേംകണ്ടത്തിലും കൊറേ മീന്ണ്ട് ട്ടാ.. ഒരൂസ്സം മ്മ്ക്കതൊന്നു വറ്റിച്ചു നോക്ക്യാലാ? ചീളക്കടുവാണ് അതില് കൂടലും.. കുത്ത്യാ കടച്ചില് നിക്കില്ല്യാ.. പിന്നേ.. അതിനുള്ള മരുന്നും മ്ബ്ടെ കൈയിലുണ്ടല്ലോ.. ഹ ഹ" യാത്ര തുടരുന്നതിനിടയില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി നോം മൂളുക മാത്രം ചെയ്തു.
"ത്രേസ്യേടത്ത്യേ... അപ്പാപ്പന്‍ പോയീട്ടാ... "
ഒരു വീടിന്‍റെ വാതില്‍ തുറന്നുവന്ന സ്ത്രീക്കു മരണക്കുറി കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞതു കേട്ടു അവര്‍ ഞെട്ടിത്തരിച്ചു മൂക്കില്‍ കൈവച്ചു. അവരുടെ അന്വേഷണങ്ങള്‍ക്കും എന്‍റെ അമ്മയോടു പറഞ്ഞ അതേ മറുപടി.
"പാതരയ്ക്ക് നെഞ്ഞ് പൊരിച്ചില് വന്നൂ.. വെള്ളം കൊടുത്തപ്ലയ്ക്കും ആള് ക്ലോസായി"
ഇവനിത് മുന്‍പേ മനസ്സില്‍ ഉരുവിട്ടുപഠിച്ചിട്ടാണോ വീട്ടില്‍നിന്നും ഇറങ്ങിയതെന്നൊരു 'തംശം' നമുക്കുണ്ടാവാതിരുന്നില്ല.
ഇടയ്ക്കിടെ ചില വീടുകളില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ച് ദാഹമടക്കി, ഞങ്ങള്‍ ആ പഞ്ചായത്ത് മുഴുവന്‍ തേരാപാരാ സൈക്കിള്‍ ചവിട്ടി വീടുവീടാന്തരം കയറിക്കൊണ്ടിരുന്നു. ഏകദേശം ഒരുമണിയായപ്പോള്‍ നിശ്ചയിച്ച വീടുകളിലെല്ലാം കുറികള്‍ കൊടുത്തുതീര്‍ന്നു. അപ്പോഴേക്കും ഞങ്ങളിരുവരും ഒരുപാട് ക്ഷീണിച്ചിരുന്നു. തിരിച്ചുള്ള യാത്രക്കിടയില്‍ ഒരു നാടന്‍ ചായക്കട കണ്ടു. സെബാസ്റ്റ്യന്‍ വീണ്ടും സഡന്‍ ബ്രേക്കിട്ടു.
"ചേട്ടാ.. കഴിക്കാനെന്താള്ളേ?.. " കടക്കാരനോടവന്‍ ചോദിച്ചു..
"ചൂടോട്ക്കനെ പുട്ടും കടലേം, എറച്ചീം പൊറാട്ടേം, ഊണും... പിന്നേ പരിപ്പ് വടാ, പപ്പട വടാ, ഉണ്ടാ, ഐനാസ്... "
"മതിമതീ... ന്നാ രണ്ട് പ്ലേറ്റ് എറച്ചീം പൊറാട്ടേം ങ്ങട് പോരട്ടേ..."
'എടാ... ഇന്ന് എറച്ച്യൊന്നും കഴിക്കാന്‍ പാടില്ല്യാ' എന്നു അവനോടു പറയാന്‍ പൊന്തിയ എന്‍റെ നാവ് അടുക്കളയില്‍ നിന്നുമൊഴുകിവന്ന സ്വയമ്പന്‍ ബീഫ്കറിയുടെ സുഗന്ധത്തില്‍ കുഴഞ്ഞുപോയി.. പോത്തിറച്ചിയും പൊറാട്ടയും കഴിക്കുമ്പോള്‍ കുറ്റബോധം ഇടയ്ക്കിടെ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. എന്നാല്‍ ആ കുറ്റബോധം, ഇറച്ചിയും പൊറോട്ടയും നന്നായി ആസ്വദിച്ചുതന്നെ തട്ടിവിടുന്ന സെബാസ്റ്റ്യന്‍റെ മുഖം കണ്ടപ്പോള്‍ അല്പം കുറഞ്ഞു. മരിച്ചതിപ്പോ എന്‍റെ അപ്പാപ്പനൊന്നുമല്ലല്ലോ.. അപ്പോള്‍ എനിക്കു ഇറച്ചി കഴിക്കാം.. മനസ്സിന്റെ സാന്ത്വനം.. വിശപ്പിന്‍റെ കത്തലില്‍ തകര്‍ത്തു ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷമാണോര്‍ക്കുന്നത്, തിരക്കുപിടിച്ച് വീട്ടില്‍നിന്നും രാവിലെ ഇറങ്ങുന്നതിനിടയില്‍ പല്ലുതേച്ചിരുന്നില്ലെന്ന വിവരം. ങാ.. ഇനീപ്പോ പോട്ടേ... പല്ലൊക്കെ നാള്യേം തേക്കാലോ..
മടങ്ങിവരുന്ന വഴിയില്‍ അവന്‍ നേരെ അവന്‍റെ വീട്ടിലേക്കും നോം നമ്മുടെ വീട്ടിലേക്കും പിരിഞ്ഞു.
മൂന്നരമണിയോടെ നോം വീട്ടുകാരേയും കൂട്ടി സംസ്ക്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായി അവന്‍റെ വീട്ടിലേക്കു ചെന്നു. ഒരുപാട് ബന്ധുക്കള്‍ എത്തിയിരിക്കുന്നു. അകത്തുനിന്നും പല തരംഗദൈര്‍ഘ്യത്തിലുമുള്ള കരച്ചിലുകളും മോങ്ങലുകളും ചന്ദനത്തിരിയുടെ ഗന്ധത്തോടൊപ്പം അലയടിച്ചുവന്ന് മുറ്റത്തു കടുപ്പത്തില്‍ത്തന്നെ ശോകം നിറച്ചിരിക്കുന്നു. ചില കാരണവന്മാര്‍ തൊടിയിലേക്കു മാറിനിന്ന് കട്ടന്‍ബീഡിയും വലിച്ചു അടക്കം പറയുന്നുണ്ട്. അമ്മയും മറ്റുള്ള സ്ത്രീജനങ്ങളും ശവം കിടത്തിയിരുന്ന നടയിലകത്തേക്കു കടന്നുപോയി. നോം ആളുകളുടെയിടയില്‍ സെബാസ്റ്റ്യനെ തിരഞ്ഞു.
"മോന്‍ സെബിമോന്യാണോ നോക്കണേ?.. അവനാ ചായ്പ്പില് കെടക്കണ് ണ്ട്.. " എന്‍റെ മൌനാന്വേഷണം ശ്രദ്ധിച്ച അയല്‍വാസിയായ ഒരു വല്യപ്പന്‍ പറഞ്ഞു..
ചുമരില്‍ ശവമഞ്ചയുടെ മൂടി ചാരി വച്ചിരുന്ന ചായ്പ്പുമുറിയുടെ പൂതല്‍ പിടിച്ച വാതില്‍ തുറന്നു ഞാന്‍ അകത്തേക്കു കടന്നപ്പോള്‍ തറയില്‍ കമിഴ്ന്നുകിടക്കുന്ന സെബാസ്റ്റ്യനെ കണ്ടു. പതുക്കേ തോളില്‍ത്തട്ടി വിളിച്ചവഴി അവന്‍ മലര്‍ന്നുകിടന്നു.
അവന്‍റെ കണ്ണുകള്‍ ധാരധാരയായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ശക്തമായി ഗദ്ഗദപ്പെട്ടുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് അവനുറക്കെയുറക്കേ കരയാന്‍ തുടങ്ങി..
"മ്ബ്ടെ അപ്പാപ്പന്‍ പോയില്ല്യേടാ....."
നിയന്ത്രണം വിട്ടു കരയുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ ഞാന്‍... പതിയേ എന്‍റെ കണ്ണുകളിലും നീരുറവകള്‍ പൊടിഞ്ഞുവരുന്നത് ഞാനറിഞ്ഞു.
- ജോയ് ഗുരുവായൂര്‍