അതിരാവിലെത്തന്നെ ആരോ സൈക്കിളില്‍ വീട്ടുമുറ്റത്തെത്തി മണിയടിക്കുന്നതും കേട്ടാണ് ഉണര്‍ന്നത്.
സെബാസ്റ്റ്യന്‍...
"ന്താണ്ടാ വയറുമ്മേ രണ്ട് കാലും കൊളത്തീട്ട്ട്ട് നേരം വെളിച്ച്യാവുമ്പോ വന്നട്ടൊരു... ഒരു കിണികിണി കിണികിണി?...."
ഞായറാഴ്ച്ച രാവിലെയുള്ള സുഖകരമായ ഉറക്കത്തിനു ഭംഗം വന്ന ഈര്‍ഷ്യയില്‍ കണ്ണുതിരുമ്മിക്കൊണ്ട് നോം ചോദിച്ചു.
"ഡാ അപ്പാപ്പന്‍ പോയീ.. നീയൊന്നു വേഗം റെഡിയായിന്റൊപ്പം വന്നേ.. നമുക്ക് കൊറേ വീടോളില്‍ മരണം പറയാന്ണ്ട്.. "
സെബാസ്റ്റ്യന്‍റെ മുഖത്ത് പതിവില്ലാത്തൊരു പ്രസരിപ്പുണ്ടോ?!.. സ്വന്തം അപ്പാപ്പന്‍ മരിച്ച കാര്യം പറയുമ്പോള്‍ ആ മുഖത്ത് മ്ലാനതയ്ക്കു പകരം ചുറുചുറുക്കുള്ളതു പോലെ തോന്നി നോം അവനെയൊന്നു സൂക്ഷിച്ചുനോക്കി..
"അയ്യോ.. കൊച്ചന്തോണ്യേട്ടനോ?!!... ന്നലേം കൂടി റേഷന്‍പീട്യേല് മണ്ണണ്ണ വാങ്ങാന്‍ നിക്കണത് കണ്ടതാണല്ലോ? എന്താപ്പോ പെട്ടെന്ന്‍ണ്ടായേ?.." അടുക്കളയുടെ ചൂട്ടഴികള്‍ക്കിടയിലൂടെ അമ്മയുടെ ചോദ്യം..
"പാതരയ്ക്ക് നെഞ്ഞ് പൊരിച്ചില് വന്നൂ.. വെള്ളം കൊടുത്തപ്ലയ്ക്കും ആള് ക്ലോസായി" ഏതോ അപരിചിതന്‍ മരിച്ച വിവരം പറയുമ്പോലെ അവന്‍.
രാമകൃഷ്ണന്‍ മാഷിന്‍റെ പ്രസ്സില്‍ നിന്നും മരണക്കുറി അച്ചടിച്ചത് വാങ്ങിക്കുമ്പോള്‍ മാഷ് പറഞ്ഞു.
"ഡാ ഒന്നു വായിച്ചു നോക്ക്.. വല്ല അക്ഷരത്തെറ്റും ഉണ്ടോയെന്ന്... "
"അതിപ്പോ മാഷ് അടിച്ചത് മ്ബ്ല് വായിച്ചോക്കേണ്ട ആവിശ്യണ്ടോ?.. ന്നാല്വോന്നു വായിച്ചോക്കാലേ? ...."
*************** ഈ. മ. യൌ *******************
ഞങ്ങളുടെ പ്രിയ പിതാവ് ചക്കരവളപ്പില്‍ ഔത മകന്‍ കൊച്ചന്തോണി (72 വയസ്സ്) ആത്മത്തിനുവേണ്ടിയുള്ള അന്ത്യകൂദാശകളെല്ലാം കൈക്കൊണ്ട് ഇന്നലെ രാത്രി 12 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് സെന്റ്. തോമാസ് പള്ളി സെമിത്തേരിയില്‍
എന്ന്,
ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍
ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍
*************************************************
യാക്കോവ് (മകന്‍), ജസീന്ത (മരുമകള്‍)
തോമാസ് (മകന്‍), കര്‍മ്മല (മരുമകള്‍)
വെറോനിക്ക (മകള്‍), പൊറിഞ്ചു (മരുമകന്‍, ബാംഗ്ലൂര്‍)
ജാക്സന്‍ (മകന്‍, ഖത്തര്‍)
യാക്കോവ് (മകന്‍), ജസീന്ത (മരുമകള്‍)
തോമാസ് (മകന്‍), കര്‍മ്മല (മരുമകള്‍)
വെറോനിക്ക (മകള്‍), പൊറിഞ്ചു (മരുമകന്‍, ബാംഗ്ലൂര്‍)
ജാക്സന്‍ (മകന്‍, ഖത്തര്‍)
സ്ഥലം: മാങ്ങാട്ടുകര
തീയതി: 24 - ആഗസ്റ്റ് - 1997 (ഞായര്‍)
തീയതി: 24 - ആഗസ്റ്റ് - 1997 (ഞായര്‍)
(R.K.PRINTERS, MGTKRA)
"ഹും ഹും ഹും.. അടിപൊളിയായിട്ടുണ്ട് മാഷേ..
കാശപ്പച്ചന്‍ തരൂട്ടാ... ന്നാ ഞങ്ങളങ്ങ്ട്......"
കാശപ്പച്ചന്‍ തരൂട്ടാ... ന്നാ ഞങ്ങളങ്ങ്ട്......"
ഒരു സിനിമാ നോട്ടീസ് വായിക്കുന്ന ഹരത്തോടെ അവനതിന്‍റെ പ്രൂഫ് റീഡിംഗ് നടത്തുന്നത് ഞാന്‍ നോക്കിനിന്നു..
വീതികുറഞ്ഞ പാടവരമ്പിലൂടെ അവന്‍റെ പുതിയ BSA സൈക്കിള്‍ കുതിച്ചുപാഞ്ഞു. പുറകിലൂടെ എന്‍റെ പഴഞ്ചന്‍ റാലിയും. മധുക്കര കോള്‍പ്പാടത്തിനപ്പുറത്തുള്ള രണ്ടുനാലു ബന്ധുവീടുകളില്‍ ആദ്യം കുറികൊടുക്കണം. ഇടയ്ക്ക് തോടുവറ്റിച്ചു മീന്‍ പിടിക്കുന്നവരെക്കണ്ട് അവന്‍ സൈക്കിള്‍ സഡന്‍ ബ്രേക്കിട്ടു നിറുത്തി. മീന്‍പിടുത്തക്കാരുടെ കൂടയില്‍ പിടച്ചുകൊണ്ടിരുന്ന ബ്രാലുകളേയും കല്ലുത്തികളേയും മുയ്യുകളേയും മുണ്ടത്തിപ്പരലുകളേയും കണ്ട് അവന്‍റെ കണ്ണുകള്‍ വിസ്മയഭരിതമായി. അല്പനേരം ഞങ്ങള്‍ മീന്‍പിടുത്തവും നോക്കിനിന്നു .
"ഡാ.. പോണ്ടേ?.." നോം ഓര്‍മ്മപ്പെടുത്തി.
"അതേയ്... മ്മ്ടെ പറമ്പിലെ കൊട്യേംകണ്ടത്തിലും കൊറേ മീന്ണ്ട് ട്ടാ.. ഒരൂസ്സം മ്മ്ക്കതൊന്നു വറ്റിച്ചു നോക്ക്യാലാ? ചീളക്കടുവാണ് അതില് കൂടലും.. കുത്ത്യാ കടച്ചില് നിക്കില്ല്യാ.. പിന്നേ.. അതിനുള്ള മരുന്നും മ്ബ്ടെ കൈയിലുണ്ടല്ലോ.. ഹ ഹ" യാത്ര തുടരുന്നതിനിടയില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി നോം മൂളുക മാത്രം ചെയ്തു.
"ത്രേസ്യേടത്ത്യേ... അപ്പാപ്പന്‍ പോയീട്ടാ... "
ഒരു വീടിന്‍റെ വാതില്‍ തുറന്നുവന്ന സ്ത്രീക്കു മരണക്കുറി കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞതു കേട്ടു അവര്‍ ഞെട്ടിത്തരിച്ചു മൂക്കില്‍ കൈവച്ചു. അവരുടെ അന്വേഷണങ്ങള്‍ക്കും എന്‍റെ അമ്മയോടു പറഞ്ഞ അതേ മറുപടി.
"പാതരയ്ക്ക് നെഞ്ഞ് പൊരിച്ചില് വന്നൂ.. വെള്ളം കൊടുത്തപ്ലയ്ക്കും ആള് ക്ലോസായി"
ഇവനിത് മുന്‍പേ മനസ്സില്‍ ഉരുവിട്ടുപഠിച്ചിട്ടാണോ വീട്ടില്‍നിന്നും ഇറങ്ങിയതെന്നൊരു 'തംശം' നമുക്കുണ്ടാവാതിരുന്നില്ല.
ഇടയ്ക്കിടെ ചില വീടുകളില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ച് ദാഹമടക്കി, ഞങ്ങള്‍ ആ പഞ്ചായത്ത് മുഴുവന്‍ തേരാപാരാ സൈക്കിള്‍ ചവിട്ടി വീടുവീടാന്തരം കയറിക്കൊണ്ടിരുന്നു. ഏകദേശം ഒരുമണിയായപ്പോള്‍ നിശ്ചയിച്ച വീടുകളിലെല്ലാം കുറികള്‍ കൊടുത്തുതീര്‍ന്നു. അപ്പോഴേക്കും ഞങ്ങളിരുവരും ഒരുപാട് ക്ഷീണിച്ചിരുന്നു. തിരിച്ചുള്ള യാത്രക്കിടയില്‍ ഒരു നാടന്‍ ചായക്കട കണ്ടു. സെബാസ്റ്റ്യന്‍ വീണ്ടും സഡന്‍ ബ്രേക്കിട്ടു.
"ചേട്ടാ.. കഴിക്കാനെന്താള്ളേ?.. " കടക്കാരനോടവന്‍ ചോദിച്ചു..
"ചൂടോട്ക്കനെ പുട്ടും കടലേം, എറച്ചീം പൊറാട്ടേം, ഊണും... പിന്നേ പരിപ്പ് വടാ, പപ്പട വടാ, ഉണ്ടാ, ഐനാസ്... "
"മതിമതീ... ന്നാ രണ്ട് പ്ലേറ്റ് എറച്ചീം പൊറാട്ടേം ങ്ങട് പോരട്ടേ..."
'എടാ... ഇന്ന് എറച്ച്യൊന്നും കഴിക്കാന്‍ പാടില്ല്യാ' എന്നു അവനോടു പറയാന്‍ പൊന്തിയ എന്‍റെ നാവ് അടുക്കളയില്‍ നിന്നുമൊഴുകിവന്ന സ്വയമ്പന്‍ ബീഫ്കറിയുടെ സുഗന്ധത്തില്‍ കുഴഞ്ഞുപോയി.. പോത്തിറച്ചിയും പൊറാട്ടയും കഴിക്കുമ്പോള്‍ കുറ്റബോധം ഇടയ്ക്കിടെ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. എന്നാല്‍ ആ കുറ്റബോധം, ഇറച്ചിയും പൊറോട്ടയും നന്നായി ആസ്വദിച്ചുതന്നെ തട്ടിവിടുന്ന സെബാസ്റ്റ്യന്‍റെ മുഖം കണ്ടപ്പോള്‍ അല്പം കുറഞ്ഞു. മരിച്ചതിപ്പോ എന്‍റെ അപ്പാപ്പനൊന്നുമല്ലല്ലോ.. അപ്പോള്‍ എനിക്കു ഇറച്ചി കഴിക്കാം.. മനസ്സിന്റെ സാന്ത്വനം.. വിശപ്പിന്‍റെ കത്തലില്‍ തകര്‍ത്തു ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷമാണോര്‍ക്കുന്നത്, തിരക്കുപിടിച്ച് വീട്ടില്‍നിന്നും രാവിലെ ഇറങ്ങുന്നതിനിടയില്‍ പല്ലുതേച്ചിരുന്നില്ലെന്ന വിവരം. ങാ.. ഇനീപ്പോ പോട്ടേ... പല്ലൊക്കെ നാള്യേം തേക്കാലോ..
മടങ്ങിവരുന്ന വഴിയില്‍ അവന്‍ നേരെ അവന്‍റെ വീട്ടിലേക്കും നോം നമ്മുടെ വീട്ടിലേക്കും പിരിഞ്ഞു.
മൂന്നരമണിയോടെ നോം വീട്ടുകാരേയും കൂട്ടി സംസ്ക്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായി അവന്‍റെ വീട്ടിലേക്കു ചെന്നു. ഒരുപാട് ബന്ധുക്കള്‍ എത്തിയിരിക്കുന്നു. അകത്തുനിന്നും പല തരംഗദൈര്‍ഘ്യത്തിലുമുള്ള കരച്ചിലുകളും മോങ്ങലുകളും ചന്ദനത്തിരിയുടെ ഗന്ധത്തോടൊപ്പം അലയടിച്ചുവന്ന് മുറ്റത്തു കടുപ്പത്തില്‍ത്തന്നെ ശോകം നിറച്ചിരിക്കുന്നു. ചില കാരണവന്മാര്‍ തൊടിയിലേക്കു മാറിനിന്ന് കട്ടന്‍ബീഡിയും വലിച്ചു അടക്കം പറയുന്നുണ്ട്. അമ്മയും മറ്റുള്ള സ്ത്രീജനങ്ങളും ശവം കിടത്തിയിരുന്ന നടയിലകത്തേക്കു കടന്നുപോയി. നോം ആളുകളുടെയിടയില്‍ സെബാസ്റ്റ്യനെ തിരഞ്ഞു.
"മോന്‍ സെബിമോന്യാണോ നോക്കണേ?.. അവനാ ചായ്പ്പില് കെടക്കണ് ണ്ട്.. " എന്‍റെ മൌനാന്വേഷണം ശ്രദ്ധിച്ച അയല്‍വാസിയായ ഒരു വല്യപ്പന്‍ പറഞ്ഞു..
ചുമരില്‍ ശവമഞ്ചയുടെ മൂടി ചാരി വച്ചിരുന്ന ചായ്പ്പുമുറിയുടെ പൂതല്‍ പിടിച്ച വാതില്‍ തുറന്നു ഞാന്‍ അകത്തേക്കു കടന്നപ്പോള്‍ തറയില്‍ കമിഴ്ന്നുകിടക്കുന്ന സെബാസ്റ്റ്യനെ കണ്ടു. പതുക്കേ തോളില്‍ത്തട്ടി വിളിച്ചവഴി അവന്‍ മലര്‍ന്നുകിടന്നു.
അവന്‍റെ കണ്ണുകള്‍ ധാരധാരയായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ശക്തമായി ഗദ്ഗദപ്പെട്ടുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് അവനുറക്കെയുറക്കേ കരയാന്‍ തുടങ്ങി..
"മ്ബ്ടെ അപ്പാപ്പന്‍ പോയില്ല്യേടാ....."
നിയന്ത്രണം വിട്ടു കരയുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ ഞാന്‍... പതിയേ എന്‍റെ കണ്ണുകളിലും നീരുറവകള്‍ പൊടിഞ്ഞുവരുന്നത് ഞാനറിഞ്ഞു.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment