Tuesday, December 8, 2015

നിശബ്ദരോദനം

"കാര്‍ത്ത്വോ.. രാമങ്കരീല്ല്യേ പെരേല്?.."
“ഹല്ലാ ആരിത് പണിക്കരമ്പ്രാളോ!.. ഉണ്ടങ്ങുന്നേ ഇപ്പ വിളിച്ചോണ്ട് വരാ..”
രാവിലെ മുറ്റത്തു വിറകു ചീവിക്കൊണ്ടിരുന്ന രാമങ്കരിയുടെ ഭാര്യ കാര്‍ത്തു ഉള്ളന്നൂര്‍ മനയിലെ കാര്യസ്ഥനായ കേശവപ്പണിക്കരെക്കണ്ടു ഭര്‍ത്താവിനെ വിളിക്കാനായി ധൃതിയില്‍ അകത്തേക്കോടി.
“ങാ രാമാ.. മനയ്ക്കല് ചെന്നു മുഖം കാണിക്കാന്‍ തമ്പ്രാന്‍ പറഞ്ഞിരിക്കുന്നൂ. കരിപ്പാവണ നേരത്ത് ഒന്നങ്ങട് ചെന്നോളൂ..”
“ഉവ്വ്..... എന്താണാവോ കാര്യം?...”
“അതൊക്കെ അവിടുന്ന് കല്പ്പിച്ചോളും”
ഗൗരവത്തോടെ പണിക്കര്‍ പടിയിറങ്ങിപ്പോയി.
എന്തു പുലിവാലിനാണാവോ തമ്പ്രാന്‍ വിളിപ്പിക്കുന്നതെന്ന വേവലാതിയോടെ രാമങ്കരി സന്ധ്യാനേരത്ത് മനയ്ക്കലേക്കു ചെന്നു.
“ദാ അങ്ങട് മാറി നിന്നോളൂ.. തമ്പ്രാനിപ്പോ വരും...” പൂമുഖത്തിരുന്ന തമ്പുരാട്ടി മൊഴിഞ്ഞു.
“അടിയന്‍..”
“രാമാ.. നിന്‍റെ അച്ഛനച്ഛന്മാരും മുതുമുത്തച്ഛന്മാരുമൊക്കെ ഈ മനയ്ക്കലെ ഉപ്പും ചോറുമുണ്ടാണ് കഴിഞ്ഞതെന്നു നിനക്കറിയ്വോ?..” ഗൌരവഭാവത്തില്‍ തമ്പുരാന്‍.
“ഉവ്വങ്ങുന്നേ.. അടിയനെന്താണ് ചെയ്യേണ്ടേന്ന് കല്പ്പിച്ചാലും..”
“തങ്കം അകത്തേക്കു പൊക്കോളാ.....” പൂമുഖത്തിരുന്ന അന്തര്‍ജ്ജനത്തോടു അകത്തേക്കു പോകാന്‍ കല്പ്പിച്ചതിനു ശേഷം തമ്പ്രാന്‍ രാമങ്കരിയെ തന്‍റെ തൊട്ടടുത്തേക്കു ആംഗ്യം കാണിച്ചു വിളിച്ചു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“പണിക്കരൊക്കെ പറഞ്ഞുകാണുംല്ലേ...  സംഗതിത്തിരി കടുംകൈയാണ്.. രാമനെന്നെ സഹായിച്ചേ തീരൂ..”
രാമങ്കരി ഒന്നും മനസ്സിലാകാതെ തമ്പ്രാന്‍ പറയുന്നതിനു കാതോര്‍ത്തു.
“അവളെയൊന്നു ഇവിടെന്നൊന്നൊഴിവാക്കിത്തരണം... ശവം... ഇതു ഞാന്‍ കുറച്ചു നേരത്ത്യന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷേ ഇനി വൈകിക്കിണില്ല്യാ..”
"ങേ... എന്താ മ്പ്രാ... എന്താ പ്രശ്നം?"
പണ്ടത്തെ കാരണവന്മാരുടെ വഴിയില്‍ത്തന്നെയാണോ പുതിയ തലമുറയിലെ ഈ ഇളംതമ്പുരാനും.. സംബന്ധവും പിഴപ്പിക്കലും കൊന്നുതള്ളലും നാടുകടത്തലുമൊക്കെ ഇപ്പോഴുമുണ്ടെന്നോ!.. ന്‍റെ തേവരേ.. തന്നെക്കൊണ്ടിനി എന്തു കടുംകൈ ആണാവോ ഇയാള്‍ ചെയ്യിക്കാന്‍ പോകുന്നത്. പണ്ടത്തെ കാലമൊന്നുമല്ല.. അന്നൊക്കെ ഇരുചെവിയറിയാതെ കഥകഴിച്ചു കാട്ടിലെറിഞ്ഞാല്‍ ഒരു കുഞ്ഞുപോലും അറിഞ്ഞിരുന്നില്ലാ എന്നുവച്ച് ഇന്നതേപോലെയൊക്കെ ചെയ്‌താല്‍ ചെയ്തവനല്ലേ തൂങ്ങുക... രാമങ്കരിയുടെ ചിന്തകള്‍ കാടുകയറി.. ഒരു വിറയല്‍ നെഞ്ചിലും കൂടുകൂട്ടി.
“കാശ് എത്ര്യാച്ചാല്‍ നോം തരാം.. പക്ഷേ ഒരീച്ച പോലും അറിയരുത്.... ഇതോണ്ട് നാളെ നമുക്കൊരു മാനക്കേട്‌ ഉണ്ടാവരുതെന്നര്‍ത്ഥം.. നമ്മുടെ കാര്യങ്ങള്‍ക്കു വേണ്ടി ഇത്രേം കാലം അവളെ ഉപയോഗിച്ചെന്നു വച്ച് അവളത്രയ്ക്കങ്ങട് കോലംകെട്ടിട്ടൊന്നൂല്ല്യാ... വേണേല്‍ രാമനും കുറച്ചുകാലമവളെ പൊറുപ്പിച്ചോ.. നമുക്കശേഷം വിരോധല്ല്യാ.. മനയ്ക്കലെ സൌകര്യങ്ങളൊക്കെ ആവോളം അനുഭവിച്ചു വളര്‍ന്നോളല്ലേ വല്ലാണ്ട് മോശാവാന്‍ വഴീല്ലല്ലോ. പക്ഷേ, അവളുടെ മനയ്ക്കലെ ബന്ധം ഒരു കുഞ്ഞുമറിയരുത്.. അറിഞ്ഞാലെന്താണ്ടാവാന്നു അറിയാലോ?...”
തമ്പുരാന്‍റെ സ്വരത്തില്‍ ഭീഷണിയുടെ ലാഞ്ചന.
“ഉവ്വങ്ങുന്നേ... പക്ഷേങ്കില്.. അതൊക്കെ നടക്ക്വോ.. മനയ്ക്കല് വളര്‍ന്നവള്‍ ഏന്റെയടുത്തെങ്ങന്യാമ്പ്രാ... പിന്നേ ഇവളേം കൊണ്ട്വെന്നാല്‍ കാര്‍ത്തു എന്താ പറയാന്ന്.......” രാമങ്കരി നിന്നു വിയര്‍ത്തു.
“ഒരു കൊഴപ്പോല്ല്യാ... ഇപ്പൊ നോം പറഞ്ഞതങ്ങടു കേക്കാ.. അത്രന്നേ.. നിനക്കിന്യവളെ വേണ്ടാച്ചാല്‍ ആരും കാണാതെയങ്ങു കഥകഴിച്ചു രായ്ക്കു രാമാനം വല്ല കാട്ടിലും കുഴിച്ചിട്ടോ.. .ആ അസത്തിനെ ഇനിയെന്റെ കണ്‍വെട്ടത്തു കാണരുത്... എങ്ങടും കൊണ്ടുവാണ്ട് ഇവിട്യന്നെ ഒക്കെ ചെയ്യാന്‍ അറിയാണ്ടല്ലാ.. പണ്ടത്തെ കാലല്ലല്ലോ സംഗതി ചോര്‍ന്നാല്‍ വല്ല്യ മെനക്കേടാവുംന്നു നിരീച്ചാ.... ന്നാങ്ക്ട് വര്യാ....”
ആശയക്കുഴപ്പത്തില്‍ ചൂളി നിന്ന രാമങ്കരി നാലുകെട്ടിന്‍റെ പിറകുവശത്തേക്കു നടക്കുന്ന തമ്പ്രാനെ അനുഗമിച്ചു.
“മനുഷ്യന്മാര്‍ക്ക് ഇത്രയും ക്രൂരതയാവാമോ?.. ഒരു പാവത്തിന്‍റെ ചോരയും നീരും ഊറ്റിയെടുത്തു അവശയാക്കി ഇപ്പോഴിതാ തന്‍റെ മേല്‍ കെട്ടിവയ്ക്കുന്നു. താനെന്തിനു ഇതൊക്കെ ഏറ്റെടുക്കണം?.. അതൊക്കെ പണ്ട്.. ഇനിയവള്‍ക്കു വല്ല ഗര്‍ഭമോ മറ്റോ ഉണ്ടോ ആവോ.. എന്നാല്‍ വീണ്ടും കുഴപ്പമാവും.. കാരണവന്മാര്‍ ഉണ്ടാക്കിവച്ചോരോ കീഴ്വഴക്കങ്ങളേ.... അതിന്‍റെ ബലിയാടായിതായിപ്പോള്‍ താനും.. ഈ അടിയാന്‍-കുടിയാന്‍ സമ്പ്രദായമൊക്കെ എന്നേ നിര്‍ത്തലാക്കേണ്ട കാര്യങ്ങളാ.. നിര്‍ത്തലാക്കിയെന്നുള്ള പറച്ചില്‍ മാത്രമേയുള്ളൂ.. പണ്ടത്തെയെല്ലാ നടപ്പുകളും അതേപോലെത്തന്നെ ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു..കഷ്ടം” പ്രവര്‍ത്തനരഹിതമായിക്കിടന്നിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തകളുടെ ഗ്രന്ഥികള്‍ സടകുടഞ്ഞെഴുന്നേറ്റു രാമങ്കരിയുടെ രക്തത്തിലേക്കു സ്രവങ്ങള്‍ ചുരത്തി. പക്ഷേ മനസ്സിലുയര്‍ന്ന ആ ഇങ്ക്വിലാബ് വിളികള്‍ക്കു അയാളുടെ വായിലൂടെ പുറത്തേക്കു കടക്കാനുള്ള തരംഗദൈര്‍ഘ്യമില്ലായിരുന്നു.
പീള കെട്ടിയ കണ്ണുകളുംഒലിക്കുന്ന മൂക്കും ഉണങ്ങിയൊട്ടിയ മുലകളും ക്ഷീണിച്ചു എല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ശരീരവുമായി വീടിന്‍റെ പുറകുവശത്തുള്ള തൊഴുത്തില്‍ നിന്നിരുന്ന ഗോമാതാവ് നന്ദിനി രാമങ്കരിയെ ദയനീയമായി നോക്കി.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment