Tuesday, December 8, 2015

കാലം മാറി, കഥമാറി ഈ ലോകവും..

കാലം മാറി, കഥമാറി ഈ ലോകവും.. 
കാലചക്രത്തിന്റെ ഗതിയും വിഗതിയായ്. 
കാണാത്ത കാഴ്ചകള്‍ കേള്‍ക്കാത്ത ശീലുകള്‍ 
കാര്യങ്ങളെല്ലാമേ തകിടം മറിഞ്ഞു പോയ്‌. 
കാണാത്തൊരാടിനെത്തേടുമായിടയനെ   
കണ്ടില്ലെന്നു നടിക്കുന്ന മാനവര്‍. 
കരണത്തടിയേറ്റു പുളയുന്ന വ്യക്തിയെ 
കരുണ തീണ്ടാതെയികഴ്ത്തുന്ന ലോകരും. 
എഴല്ലെഴുപതു വട്ടം ക്ഷമിച്ചിട്ടും 
എന്തിനുമേതിനും പഴികള്‍ പറയുന്നു. 
എത്രമേലുള്ളത്തില്‍ കാത്തുവച്ചീടിലും
എപ്പോഴുമെപ്പോഴും നിന്ദകള്‍ മാത്രവും. 
എന്‍റെ സിരകളിലൊഴുകുന്ന ചോരയില്‍ 
എണ്ണമില്ലാത്ത വിഷങ്ങള്‍ കലര്‍ത്തി നീ.  
എന്‍റെ നഗ്നത മറയ്ക്കുന്ന ചേലയില്‍     
എണ്ണിയാല്‍ത്തീരാത്ത ഓട്ടകളിട്ടു നീ. 
മാതൃത്വം കിനിയുന്നയെന്റെ സ്തനങ്ങളില്‍  
മാറാതെ നീയെന്നും ചുളിവുകളുണ്ടാക്കി. 
മാരിക്കാറുപോല്‍ തിങ്ങുമാ വേണിയോ      
മാറത്തുപോലുമെത്തീടാതെ പൊഴിയുന്നു.

മരണത്തിന്‍ ശംഖൊലി നാദം മുഴങ്ങുന്നു
മാറിടം കുഴിഞ്ഞയഗാധ ഗര്‍ത്തങ്ങളില്‍.  
മോഹമുണ്ടായിട്ടുമൊഴുകുവാനാവാതെ 
മരുവീടുമാമൃത കുംഭങ്ങള്‍ വറ്റുന്നു.   
വെയിലേറ്റു വാടാതെ കാത്തുരക്ഷിക്കുന്ന 
വെണ്‍കൊറ്റ കുടയും തല്ലിത്തകര്‍ത്തു നീ. 
വീശിത്തണുപ്പിക്കും രാമച്ച ഗന്ധിയാം 
വീചുകം പോലും വിഷലിപ്തമാക്കി നീ. 
വടക്കിനിക്കോലായില്‍ വീശിനിന്നീടുന്ന 
വാരിളം തെന്നലില്‍ തേങ്ങല്‍ നിറയുന്നു. 
വിങ്ങി വിതുമ്പുമീയധര ദളങ്ങളില്‍ 
വീഴ്ത്താനൊരിത്തിരി തെളിനീരു തേടുന്നു.
കാലം മാറി, കഥ മാറി പ്രപഞ്ചവും 
കലികാല വൈഭവം കാണേ നിറയുന്നു. 
കരളിലിത്തിരി കരുണ തന്നുറവയെ 
കൈമോശമാക്കാതെ വയ്ക്കുക മക്കളേ.   

കാലം തിരിഞ്ഞങ്ങു കാതങ്ങള്‍ താണ്ടുമ്പോള്‍ 
കോലം നശിക്കാതെ ഭൂവില്‍ മരുവുവാന്‍. 
കണ്ണിനും കാതിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും 
കരണീയമായൊരു പരിസ്ഥിതിയേകുവാന്‍.      

- ജോയ് ഗുരുവായൂര്‍ 

ഓര്‍മ്മയിലെ കറുകപ്പൂക്കള്‍

"പിഷാരടിച്ചേട്ടാ.. വണ്ടിയൊന്നു കോളേജിലേക്ക് വിടൂ.. " കോഴിക്കോടു നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയില്‍ അരികന്നിയൂര്‍ എത്തിയപ്പോള്‍ കാറിലെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന പ്രൊ. നീലിമ നമ്പ്യാര്‍ ഡ്രൈവറോടു പറഞ്ഞു.
"നാളെയല്ലേ കുട്ടീ ജോയിന്‍ ചെയ്യേണ്ട ദിവസം? ഗസ്റ്റ് ഹൌസില്‍ പോയി റസ്റ്റ്‌ എടുത്തു യാത്രാക്ഷീണമൊക്കെ മാറ്റി നാളെ രാവിലെ പോയാ പോരേ?.. ഇപ്പോഴാണെങ്കില്‍ സമയം സന്ധ്യയാവാറുമായി. അവിടെയിപ്പോള്‍ കോളേജ് അല്ലാതെ അതിനകത്താരുംത്തന്നെ ഉണ്ടാവേമില്ല്യല്ലോ?"
പിഷാരടിയുടെ ചോദ്യത്തിനു അര്‍ത്ഥഗര്‍ഭമായൊരു മൌനമായിരുന്നു ഉത്തരം. അതു മനസ്സിലാക്കി അയാള്‍ വണ്ടി കുന്നിന്മുകളിലെ ആ കോളെജിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിച്ചു.
മൊട്ടക്കുന്നിനെ പൊതിഞ്ഞു നില്‍ക്കുന്ന കടപ്പാവുട്ട* മരങ്ങളെ തഴുകി വരുന്ന കാറ്റിനു പഴുത്ത കടപ്പാവുട്ടപ്പഴങ്ങളുടെ പഴയതുപോലെത്തന്നെയുള്ള അതേ നേര്‍ത്ത ദുര്‍ഗന്ധം.
നീണ്ട ഇരുപതു വര്‍ഷത്തിനു ശേഷം വീണ്ടും... ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ലാ ആദ്യമായി പിപ്പറ്റും ബ്യൂററ്റും പിടിച്ചു രാസപരീക്ഷണങ്ങള്‍ക്കു ഹരിശ്രീ കുറിച്ച ഇവിടത്തെ രസതന്ത്ര വിഭാഗത്തിന്റെ മേധാവിയായി താന്‍ തിരിച്ചെത്തുമെന്ന്.
ഓടു മേഞ്ഞ പഴയ കെമിസ്ട്രി ലാബ്‌ പൊളിച്ച് അവിടെ ഒരു ആറു നില കെട്ടിടം പണിതിരിക്കുന്നു. താഴത്തെ നില മൊത്തത്തില്‍ ലബോറട്ടറി തന്നെ.
വലത്ത് വശത്തുള്ള ഓടു മേഞ്ഞ 'നാലുകെട്ട്' ഇപ്പോഴും ഉണ്ട്.... ലേഡീസ് ഹോസ്റ്റല്‍...
കുപ്പിവളക്കിലുക്കങ്ങള്‍ക്കൊടുവില്‍ ആയിരമായിരം മധുരസ്വപ്നങ്ങള്‍ നെയ്തു പെണ്മനസ്സുകള്‍ ശാന്തമായി രാവുറങ്ങിയിരുന്ന പാര്‍പ്പിടം.
വര്‍ഷങ്ങള്‍ക്കു മുമ്പേ അത് പ്രവര്‍ത്തനരഹിതമായിരിക്കണം. ക്രീം നിറത്തിലുണ്ടായിരുന്ന ചുമരുകളെല്ലാം പൂപ്പലും പന്നലും പിടിച്ചു പച്ചയ്ച്ചു കിടക്കുന്നു.
കണ്ണട ഊരി സാരിത്തലപ്പു കൊണ്ടു ഒന്നു തുടച്ചു പ്രോ. നീലിമ നമ്പ്യാര്‍ ഒരു വിഹഗവീക്ഷണം നടത്തി.
ചുവന്ന പൂക്കള്‍ ഉണ്ടാവുന്ന ആ പൂമരം വളര്‍ന്നു ഒരു വടവൃക്ഷമായി. അതെ, ചില്ലകള്‍ക്കിടയിലൂടെ കാണുന്ന ആ ചില്ലു പൊട്ടി വിജാഗിരിയില്‍ നിന്നും വിട്ടു തൂങ്ങിക്കിടക്കുന്ന ജാലകപ്പാളിയുള്ള മുറി തന്റേതു തന്നെ.
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!...
ദൂരെയുള്ള ബോയ്സ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നും അതിരാവിലെ പ്രാക്ടീസിനായി ഗ്രൌണ്ടിലേക്കെത്തുന്ന ആണ്‍കുട്ടികളെ വീക്ഷിച്ചു കൊണ്ട് കയ്യില്‍ കടുംകാപ്പിയുമായി താനും താരയും ആ ജനലിനു പുറകില്‍ ഇപ്പോഴും നില്‍ക്കുന്നുവോ?
ഓര്‍ക്കുമ്പോഴൊരു കുളിര്..
കെമിസ്ട്രി ബ്ലോക്കിന്റെ പുറകിലുള്ള കടപ്പാവുട്ടക്കാടുകള്‍ ഇപ്പോഴും അതേപോലുണ്ട്. ഗൃഹാതുരത്വം തുളുമ്പിയ നീലിമയുടെ മനസ്സ് നീലിമയുടെ പാദങ്ങളെ അങ്ങോട്ടു നയിച്ചു.
ആരും ചെന്നെത്താത്ത ആ കടപ്പാവുട്ടച്ചുവടുകളില്‍ പച്ചപ്പരവാതാനി വിരിച്ച കറുകപ്പുല്ലുകള്‍ മനസ്സില്‍ പ്രണയം കോരി നിറയ്ക്കുന്നു. കുനിഞ്ഞു ഒരു കറുകയിതള്‍ പറിച്ചെടുത്തു. സൂക്ഷ്മമായ അതിലെ പൂക്കള്‍ അവളെ നോക്കി പരിചയഭാവത്തില്‍ പുഞ്ചിരി തൂകി.
സാബു... സാബു വര്‍ഗ്ഗീസ്.. കള്ളന്‍.... എവിടെയായിരിക്കും അവനിപ്പോള്‍?..
നീലിമയുടെ ചുണ്ടിലൊരു ഗൂഢമന്ദസ്മിതം വിരിഞ്ഞു.
മരങ്ങളെ തഴുകിയെത്തിയ കള്ളമാരുതന്‍ ചില്ലകള്‍ കുലുക്കിപ്പൊഴിപ്പിച്ച പഴുത്തു കറുത്ത കടപ്പാവുട്ടപ്പഴങ്ങളുടെ ഒരിക്കല്‍ ചിരപരിചിതമായിരുന്ന ആ ദുര്‍ഗന്ധം നീലിമയുടെ മനസ്സിനെ ഗതകാല പ്രണയപര്‍വ്വങ്ങളിലേക്കു നയിച്ചു.
- ജോയ് ഗുരുവായൂര്‍
------------------------------------------------------------------------------------------------------------------------
*കടപ്പാവുട്ട 
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസി കുടുംബത്തിലെ ഒരു ജനുസ്സാണ് പാവുട്ട. 300ൽ അധികം സ്പീഷിസുകൾ ഈ വിഭാഗത്തിലുണ്ട്. ഇവ നിത്യഹരിതമായവയും അല്ലാത്തവയും ഇവയിൽ കാണപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഉഷണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലും ഇവ വളരുന്നു. ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്ന പാവുട്ടകളെ കടപ്പാവുട്ട എന്നും മല്ലികമുട്ടി എന്നും വിളിക്കപ്പെടുന്നു

ഹിറ്റ്‌ലര്‍ ഗോവിന്ദന്‍ (മരിക്കാത്ത ഓര്‍മ്മകള്‍: ഭാഗം - 2)

"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന്‍ വരുന്നേയ്‌....."
ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴിമണ്ണില്‍ കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചു ബാലന്‍ ചകിതനായി ജീവനും കൊണ്ടോടിയൊളിക്കുന്നു...
ബാല്യത്തില്‍ എന്‍റെ കുഞ്ഞുമനസ്സിലിടം പിടിച്ചിരുന്ന ഏറ്റവും ക്രൂരനായിരുന്ന വില്ലനായിരുന്നു ചെത്തുകാരന്‍ ഗോവിന്ദേട്ടന്‍... കഷണ്ടിത്തല, ‘ക്ലീന്‍ ഷേവ്’, അരയില്‍ വരിഞ്ഞുടുത്ത കറുത്ത പാളത്തോര്‍ത്തുമുണ്ട്, അരപ്പട്ടയില്‍ തിരുകിയ നല്ല വീതിയുള്ള ചേറ്റുകത്തിയും കയറുകൊണ്ടു പിരിച്ചു വച്ചിരിക്കുന്ന മൃഗാസ്ഥിനിര്‍മ്മിതമായ (പൂച്ചയുടെ ആണെന്നു കേട്ടിട്ടുണ്ട്) കൊട്ടുവടി, കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്ത കള്ളുകുടുക്ക, പോരാതെ മുഖത്തെപ്പോഴും വിളങ്ങുന്ന ക്രൌര്യഭാവം.. ഒരു നാലുവയസ്സുകാരനെ വിഹ്വലനാക്കാന്‍ ഇവ മാത്രമായിരുന്നില്ല ഹേതു.
ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ഡ്രോയിംഗ് ബുക്കില്‍ കാര്യമായി എന്തോ ‘ഹോംവര്‍ക്ക്‌’ ചെയ്യുന്നതിനിടയില്‍ എന്‍റെ അപ്പച്ചനെ (അച്ഛന്‍ ) കാണാന്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കു വന്നു. അപ്പച്ചന്‍റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു ഗോവിന്ദേട്ടന്‍ . അമ്മ കൊടുത്ത കട്ടന്‍ ചായ രണ്ടുപേരുമിരുന്നിങ്ങനെ ഊതിയൂതി കുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരെ നോക്കി അപ്പച്ചനോടു ചോദിച്ചു.
"ജോസേ.. ഇവനെയിതേവരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അവനു നാലുവയസ്സു കഴിഞ്ഞല്ലേയുള്ളൂ.. അടുത്ത കൊല്ലം ഒന്നില്‍ ചേര്‍ക്കാമെന്നു കരുതിയിരിക്കുകയാണ് " അപ്പച്ചന്‍റെ മറുപടി കേട്ടു പുള്ളിക്കാരന്‍ എന്നെ ചൂഴ്ന്നൊരു നോട്ടം. എനിക്കതില്‍ അപാകമൊന്നും തോന്നിയുമില്ല.
അവരുടെ ശ്രദ്ധ വീണ്ടും സംസാരത്തിലേക്കായപ്പോള്‍ ഞാന്‍ പതിയേ എഴുന്നേറ്റു തിണ്ണയില്‍ ഗോവിന്ദേട്ടന്‍ അഴിച്ചു വച്ചിരുന്ന അരപ്പട്ടയില്‍ തിരുകിവച്ചിരുന്ന ചേറ്റുകത്തി എടുത്തു ചുമ്മാ പരിശോധിക്കാനൊരു ശ്രമം നടത്തി. മൂര്‍ച്ചയുള്ള കത്തി കുട്ടികള്‍ കൈകാര്യം ചെയ്യുന്നതിലെ അപകടം മണത്തറിഞ്ഞ അപ്പച്ചന്‍ എന്നെ ശകാരിച്ചുകൊണ്ടു അടുത്തേക്കു വന്നു. പിന്നെ വളരെ ഗൌരവത്തില്‍ എന്‍റെ ചെവിയില്‍ ഒരു കാര്യം മന്ത്രിച്ചു. അതെന്നില്‍ ശക്തമായൊരു ഉള്‍ക്കിടിലം സൃഷ്ടിച്ചു.
അതെന്തായിരുന്നെന്നോ?!..
ഗോവിന്ദേട്ടന്‍ ആ വലിയ കത്തി കൊണ്ടു നടക്കുന്നതു ചെറിയ കുട്ടികളുടെ ചുക്കാണി മുറിക്കാനാണെന്നും ചെറിയ കുട്ടികളെ എവിടെക്കണ്ടാലും അപ്പോള്‍ത്തന്നെ ഓടിച്ചുപിടിച്ചു 'സംഗതി' ഒപ്പിച്ചു കളയുന്നതു അയാളുടെയൊരു നേരമ്പോക്കാണെന്നും.. സാധനം കൈമോശം വരേണ്ടായെങ്കില്‍ ആ പരിസരത്തൊന്നും ചുറ്റിനില്ക്കാതെ പെട്ടെന്നുതന്നെ വീടിനകത്തേക്കു പൊക്കോളൂ എന്നുമായിരുന്നു ആ സ്വകാര്യം പറച്ചിലിന്റെ പൊരുള്‍. അപ്പച്ചന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനും മുമ്പേ ഞാന്‍ വീടിനകത്തേക്കു 'സ്കൂട്ടായി'..
യഥാര്‍ത്ഥത്തില്‍ അതേവരെ ഗോവിന്ദേട്ടനൊരു സാധാരണക്കാരനാണെന്നതിനുപരിയായി എനിക്കു പേടിസ്വപ്നമൊന്നുമായിരുന്നില്ലാ.
കള്ള് ചെത്തുന്നതിന്റെ രീതിയും കുണ്ടാമണ്ടികളുമൊന്നും ബാലനായിരുന്ന എനിക്കറിയാമായിരുന്നില്ല. പരശുരാമന്‍ മഴുവുമായി നടക്കുന്നതുപോലെ സദാ ഈ കത്തിയും അരയില്‍ത്തിരുകി എന്തിനാണിയാള്‍ നടക്കുന്നതെന്നും അറിയില്ലായിരുന്നു. അപ്പച്ചന്റെ വായില്‍ നിന്നും വീണ ഇടിത്തീ പോലുള്ള ആ വാക്കുകള്‍ നിഷ്ക്കളങ്കമായ മനസ്സില്‍ ഗോവിന്ദേട്ടന്‍റെ പ്രതിരൂപത്തെ ഒരു വില്ലന്‍റെ പരിവേഷത്തില്‍ വരച്ചിട്ടു. അപ്പോള്‍മുതല്‍ തുടങ്ങിയതായിരുന്നു ആ ഗോവിന്ദഭയം..
പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ എന്‍റെയൊരു കണ്ണ് എപ്പോഴും വീട്ടുപടിക്കലോട്ടായിരിക്കും. എപ്പോഴാണാവോ ഈ കുരിശു വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. വളരെ വീതി കുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദ്ധമായി സൈക്കിള്‍ ചവിട്ടിക്കൊണ്ടു വരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ത്തട്ടി (കഷണ്ടിത്തല) ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍ കൊള്ളിയാനുകള്‍ പോലെ വന്നു പതിച്ചിരുന്നത്‌ എന്‍റെ പിഞ്ചുഹൃദയത്തിലായിരുന്നു.. അയാളുടെ നിഴല്‍ കണ്ടമാത്രയില്‍ എത്ര താല്‍പര്യമുള്ള കളിയായാലും നിര്‍ത്തി തന്ത്രപൂര്‍വ്വം സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറിയിരിക്കും. താനെങ്ങാനും ആ ദുഷ്ടന്‍റെ കണ്ണില്‍പ്പെട്ടാലത്തെ ഗതി ഓര്‍ക്കാനേ വയ്യാ.. ചാരിത്ര്യം നഷ്ടപ്പെട്ടിട്ടു പിന്നെ ഒരു നിമിഷംപോലും ജീവിച്ചിരുന്നിട്ടെന്തു കാര്യം... മാത്രമല്ല എന്റെ മനസ്സിലെ ധാരണയെ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ ഒന്നുരണ്ടു പ്രാവശ്യം പുള്ളിക്കാരന്‍ "നിക്കടാ അവിടേ" എന്നും പറഞ്ഞു എന്നെ ഓടിപ്പിച്ചിട്ടുമുണ്ട്.
സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ പതിവായി ദൈവത്തിനു കൊടുക്കുന്ന 'പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍' അന്നൊക്കെയുള്ള സ്ഥിരം ‘ഐറ്റം’ ആയിരുന്നു "ദൈവമേ ഗോവിന്ദേട്ടന്റെ കണ്ണില്‍പ്പെടാതെ എന്നെ കാത്തുകൊള്ളേണമേ" എന്നത്.
അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയിങ്ങനെ കടന്നു പോകുമ്പോഴും എന്‍റെ മനസ്സിലെ വില്ലന്‍റെ രൂപം മായ്ക്കാന്‍ ആ മനുഷ്യനായില്ല. വല്ലാത്തൊരു അലോസരമായിത്തന്നെ അയാള്‍ എന്‍റെ മനസ്സില്‍ ജീവിച്ചു കൊണ്ടിരുന്നു.
ഞാന്‍ മൂന്നാം ക്ലാസിലേക്ക് ജയിച്ചു വന്നപ്പോഴുണ്ട് ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും അതേ ക്ലാസ്സില്‍!.. അവളുടെ അച്ഛനെ എനിക്ക് ഭയങ്കര പേടിയാണെന്ന വിവരം ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലവള്‍ പരത്തിയത് എനിക്കന്നൊക്കെയൊരു ‘പ്രെസ്ടീജ് ഇഷ്യൂ’ തന്നെ ആയിരുന്നു. അവളുടെ പറച്ചിലില്‍ കഴമ്പുള്ളതു കാരണം പ്രത്യാരോപണത്തിനോ പ്രതിരോധത്തിനോ ഉള്ള യാതൊരു വകുപ്പും എനിക്കുണ്ടായിരുന്നുമില്ല. ഭാഗ്യം.... ഒരുപക്ഷേ പറയാന്‍ നാണിച്ചിട്ടാവാം എന്‍റെ 'ഗോവിന്ദഭയത്തിന്‍റെ' മൂലകാരണം അവളാരോടും പറഞ്ഞിരുന്നില്ല. അതുകൂടി അവള്‍ വെളിവാക്കിയിരുന്നെങ്കില്‍പ്പിന്നെ സ്കൂളിലെ പഠിപ്പുതന്നെ എനിക്കു നിര്‍ത്തേണ്ടി വന്നേനെ.
കുട്ടികളെ കാണുന്നതേ കലിപ്പായ ഗോവിന്ദേട്ടന്‍ എന്തുകൊണ്ട് സമപ്രായമുള്ള അയാളുടെ മകള്‍ സൂര്യയെ ആക്രമിക്കുന്നില്ല? പലപ്പോഴും എന്‍റെ ചിന്താമണ്ഡലത്തില്‍ ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. പിന്നെയാണു അതിന്‍റെ ഗുട്ടന്‍സ് എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! സൂര്യയൊരു പെണ്‍കുട്ടിയാണ്.. ഞാനഭിമുഖീകരിക്കുന്ന ഈ ഗുരുതര പ്രശ്നം അവള്‍ക്കു 'അപ്ലിക്കബിളേയല്ലാ'.. ഒരു ആണ്‍കുട്ടിയായി ജനിച്ചത് ഇത്തരം കശ്മലന്മാരുടെ കശാപ്പുകത്തിക്കു ഇരയാവാനാണോ ദൈവമേ?.. കുഞ്ഞുമനസ്സില്‍ വേവലാതി.
ഞാന്‍ ആറാംതരത്തിലെത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലമെനിക്കു സിദ്ധിച്ചിരുന്നുവെങ്കിലും ഗോവിന്ദേട്ടന്റെ മുന്നില്‍ നേരെചെന്ന്  ചാടിക്കൊടുത്തു പണിവാങ്ങാതിരിക്കാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. 'ദേ ഗോവിന്ദേട്ടന്‍ വരുന്നു' എന്നും പറഞ്ഞു എന്നെ പെട്ടെന്നു ഭയചകിതനാക്കുകയെന്നതു മുതിര്‍ന്ന കളിക്കൂട്ടുകാരുടെ ഒരു ഹോബിയായിരുന്നു. ഞങ്ങള്‍ കളിക്കുന്ന നേരത്തു തെങ്ങു ചെത്താനായി ഗോവിന്ദേട്ടന്‍ വരുന്നതു കണ്ടാല്‍ പതുക്കെ വല്ല മരത്തിന്റെയോ മറ്റോ മറവിലേക്കു ഒതുങ്ങിക്കൊണ്ടു ഞാനയാളെ വീക്ഷിക്കും. തെങ്ങിലയാള്‍ പകുതി ദൂരം കയറിക്കഴിഞ്ഞാല്‍ ഞാന്‍ ധൈര്യം സംഭരിച്ചു പുറത്തുവന്നു കളി പുനരാരംഭിക്കും. പക്ഷെ അപ്പോഴും എന്‍റെയൊരു കണ്ണ് തെങ്ങിന്റെ മുകളിലോട്ടു തന്നെയായിരിക്കും. പുള്ളിക്കാരന്‍ തിരിച്ചു ലാന്‍ഡ്‌ ചെയ്യുമ്പോഴേക്കും അവിടേനിന്നും വലിഞ്ഞുകളയണമല്ലോ.
ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടി കടിച്ചു. അതിനു പട്ടിയെ പഴിക്കാനൊട്ടുംതന്നെയെനിക്കു തോന്നിയില്ല. തെങ്ങിന്‍ചുവട്ടില്‍ തീയിട്ടു കത്തിച്ച ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പട്ടിയുടെ പള്ളയിലേക്കായിരുന്നു ചെത്തിയിറങ്ങുന്ന വഴി പുള്ളിക്കാരന്‍ ചാടി 'ക്രാഷ് ലാന്‍ഡിംഗ്' ചെയ്തത്. ലോകത്തിലെ ഏതു പട്ടിയായാലും ആ ഭീകരാവസ്ഥയില്‍ ഇങ്ങനെയല്ലാതെയെങ്ങനെ പ്രതികരിക്കാനാ?.. പാവം മൃഗം.. നിരന്തരം എന്നെ പേടിപ്പിക്കുന്നതിനു അതിയാനു ദൈവം കൊടുത്തൊരു ശിക്ഷയായിരിക്കണം ആ കടിയെന്നും എനിക്ക് തോന്നി. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നതിലിത്തിരി സന്തോഷവും.
എന്റെ കളിക്കൂട്ടുകാരനായിരുന്ന സുരേഷാണെനിക്കു കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന്‍, ഞങ്ങള്‍ മാധവേട്ടനെന്നു വിളിക്കുന്നയാള്‍ക്കു തെങ്ങ് മുറിക്കലാണു ജോലി. ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു.
ഒരു ദിവസം അവന്‍ പറഞ്ഞു.. ഗോവിന്ദേട്ടന്‍ തെങ്ങില്‍ക്കയറി കള്ളുചെത്തിക്കൊണ്ടിരിക്കുമ്പോള്‍ താഴെ ചിതറിക്കിടക്കുന്ന ഉണക്കയിലകളില്‍ ചറപറായെന്നു ചിതറിവീണുകൊണ്ടിരിക്കുന്ന പൂക്കുലച്ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമൊപ്പം ഇറ്റുവീഴുന്ന ദ്രാവകകണങ്ങള്‍ പൂക്കുലയില്‍ നിന്നും പൊഴിയുന്ന കള്ളിന്‍തുള്ളികള്‍ ആണത്രേ! അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി ഒരു ദിവസം ഞങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ കിടന്നിരുന്ന ഒരു ഉണങ്ങിയ പ്ലാവിലയില്‍ പറ്റിയിരുന്ന 'ഡി' ദ്രാവകം വിരല്‍കൊണ്ടു തൊട്ടു നാക്കില്‍വച്ചു രുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവുമതിനില്ലായിരുന്നെന്നു മാത്രമല്ലാ ഒരു വൃത്തികെട്ട ചവര്‍പ്പും. വളരെ നാളുകള്‍ക്കു ശേഷമാണ് ആ ദ്രാവകത്തിന്റെ 'കെമിക്കല്‍ കോമ്പിനേഷന്‍' അറിഞ്ഞു ഞങ്ങള്‍ ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ല.. തെങ്ങിന്റെ മണ്ടയിലിരുന്നു ചെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടു തുപ്പുന്നതായിരുന്നു!!!...
വര്‍ഷങ്ങള്‍ക്കുശേഷം ബിരുദധാരിയായ ഞാന്‍ ബോംബെയില്‍ ഉദ്യോഗം ചെയ്യുന്നതിനിടയില്‍ അവധിക്കു നാട്ടില്‍ വന്ന സമയത്തു കവലയില്‍വച്ചു കണ്ടുമുട്ടിയ കൂട്ടുകാരനുമായി സംസാരിച്ചു നില്ക്കുകയായിരുന്നു. പുറകില്‍ നിന്നാരോ ശക്തമായി എന്‍റെ പിടലിക്ക് പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍.
"നിന്നെയിപ്പോഴാണെന്റെ കൈയില്‍ക്കിട്ടിയത്.. ഛെ.. ഞാന്‍ കത്തിയെടുക്കാനും മറന്നല്ലോ" എന്നു പറഞ്ഞുകൊണ്ടു സുസ്മേരവദനനായി പുള്ളി നില്ക്കുന്നു.
പണ്ടത്തെ ഭയാശങ്കകള്‍ നിമിഷനേരംകൊണ്ടു മനസ്സിലൂടെ മിന്നിമറഞ്ഞു. എനിക്കന്നു ഭയമായിരുന്നെങ്കിലും മനസ്സുകൊണ്ടു എന്നോടു ഞാനറിയാതെ ഒരുപാടിഷ്ടവും വാത്സല്യവും ചൊരിഞ്ഞിരുന്ന ഗോവിന്ദേട്ടന്‍ എന്നെ സ്നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്തു.
"വല്ല്യ ആളായല്ലോ നീ.. ഗോവിന്ദേട്ടനിപ്പോ ചെത്തൊക്കെ നിര്‍ത്തി.. വയസ്സായില്ലേ?.. നിന്നെയിനി കാണാന്‍ പറ്റുമെന്നു വിചാരിച്ചതേയല്ലാ.. സുഖം തന്ന്യല്ലേ നിനക്ക്?"
പ്രായവും അസുഖവും അദ്ദേഹത്തെ പരിക്ഷീണനാക്കിയിരിക്കുന്നു. പേഴ്സില്‍ നിന്നും ഏതാനും കറന്‍സികളെടുത്തു ഗോവിന്ദേട്ടന്‍റെ കുപ്പായക്കീശയില്‍ത്തിരുകുമ്പോള്‍ ആ കണ്ണുകള്‍ സ്നേഹംകൊണ്ടു നിറഞ്ഞുതുളുമ്പുന്നതു ഞാന്‍ കണ്ടു.
കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചു പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ ഹൃദയത്തില്‍ സ്നേഹവാത്സല്യങ്ങളുടെ ഊഷ്മളത പകരുന്നതായി എനിക്കു തോന്നി.
- ജോയ് ഗുരുവായൂര്‍

"ആള്‍ദൈവങ്ങള്‍"

പടഹധ്വനികളുയര്‍ത്തിയന്നിരമ്പിപ്പാഞ്ഞ-
പ്പോര്‍രഥത്തിന്‍റെയിളകിപ്പോയ ചക്രത്തില്‍-
പ്പറ്റിയ കട്ടച്ചോരയില്‍ കാര്‍ക്കിച്ചുതുപ്പി-
യതിടതു കയ്യിലെ ചൂണ്ടുവിരലാല്‍ച്ചാലിച്ചു,
നെറ്റിയില്‍ച്ചാര്‍ത്തിയതിലുന്മത്തരായി-
ട്ടിന്നട്ടഹസിക്കുന്നു കോമരങ്ങള്‍.......

അവകാശങ്ങള്‍ നേടുവതിനായന്നു സ്വയം
നെഞ്ചു കീറിയ നീറ്റലുമായുര്‍വിയെപ്പുല്‍കി,
യവനികക്കു പിറകില്‍ മറഞ്ഞ മഹാരഥര്‍
തന്‍ വീരചരിതമെഴുതിയ താളിയോലകളാല്‍,
വിശറി മെനഞ്ഞു വീശിത്തകര്‍ക്കുന്നു ധീരമാ-
മിന്നലെകള്‍തന്‍ വീര്യം പുലമ്പിക്കൊണ്ടും...

വാരിക്കുന്തവുമായ് വെടിയുണ്ടകള്‍ നേരിട്ടു
പിടഞ്ഞു വീണാ പുണ്യാത്മാക്കള്‍ തന്‍
നിണത്തില്‍ കിളിര്‍ത്തു തഴച്ചു വളര്‍ന്നൊരാ-
ച്ചെടിയില്‍ കായ്ച്ച ചുവന്ന പഴങ്ങള്‍,
ആര്‍ത്തിയോടെ വെട്ടിവിഴുങ്ങിയാര്‍ത്തു
വിളിക്കുന്നൂയിന്നിവരിങ്ക്വിലാബുകള്‍...
പ്ലാസ്റ്റിക്കിന്‍ തോരണങ്ങളണിയിച്ചിട്ടൊരു-
മഹാശയന്‍തന്‍ ചിത്രവും ചുമരില്‍ തൂക്കിയി-
ട്ടതിന്‍ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നിന്നേവം,
തേയിലക്കറ പുരളും മദ്യക്കോപ്പ നുണഞ്ഞും
ബീഡി വലിച്ചും, മൂര്‍ച്ച കൂട്ടുന്നൂ പിണങ്ങിയൊ-
രാദര്‍ശവാദിതന്‍ നെഞ്ചിലേറ്റാനുള്ള വാളുകള്‍...

ആദര്‍ശങ്ങള്‍ കമ്പോളത്തില്‍ വില്‍പ്പനക്കായ്
തൂങ്ങിയാടുമ്പോളതിന്‍ വിലപേശി വാങ്ങു-
മരാഷ്ട്രവാദികള്‍തന്‍ കൊടിക്കീഴില്‍ കഴുതപോല്‍,
തൊണ്ടകീറി മുദ്രാവാക്യം മുഴക്കിയും,
ഹര്‍ത്താലുകളാഘോഷങ്ങളാക്കി, വിശന്നു
പൊരിയും വയറുകളിലിവര്‍ തീ കോരുന്നു...

അശരീരിയായ ദൈവത്തിന്‍ പ്രതിനിധികളായ്
വിലസുമാള്‍ദൈവങ്ങള്‍ക്കിടയിലൊരു നിരീശ്വര-
വാദിയായ് മാലയും ചാര്‍ത്തി ചില്ലിന്‍ക്കൂട്ടില്‍ 
മരുവുന്നയാദര്‍ശധീരരേ അറിയാമോ,
നിങ്ങളുമിന്നു ധനികര്‍ക്കു നിത്യവും,  
മന്ന* പൊഴിച്ചീടുന്ന "ആള്‍ദൈവങ്ങള്‍..."

- ജോയ് ഗുരുവായൂര്‍

*മന്ന - തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തെക്കുള്ള അനന്തമായ യാത്രയില്‍ വിശന്നു പൊരിഞ്ഞ ഇസ്രായേല്‍ ജനത്തിന് ദൈവം ആകാശത്തു നിന്നും പൊഴിച്ചു കൊടുത്ത ഭക്ഷണ പദാര്‍ത്ഥം

ശ്യാമളേച്ചി....

മസ്ക്കറ്റ് - കൊച്ചി ഭാരത സര്‍ക്കാര്‍ വക വിമാനത്തിന്‍റെ ചക്രങ്ങള്‍ നെടുമ്പാശ്ശേരിയുടെ റണ്‍വേയെ ചുംബിക്കുമ്പോള്‍ പതിവുപോലെത്തന്നെ വൈകിയിരുന്നു. ആകാശത്തു ചെഞ്ചായം തകൃതിയായി പൂശി അസ്തമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സൂര്യന്‍. ഓരോ പ്രാവശ്യവും നാട്ടിലെത്തുമ്പോള്‍ അനിര്‍വ്വചനീയമായ വികാരങ്ങളുടെ തിരതള്ളലായിരിക്കും മനസ്സില്‍.
കാര്‍ ഹൈവേയില്‍ നിന്നും പാടശേഖരങ്ങളുടെ നടുവിലൂടെ നീളുന്ന പഞ്ചായത്തു റോഡിലേക്കു തിരിഞ്ഞപ്പോള്‍ത്തന്നെ വിളഞ്ഞ നെല്ലിന്‍റെ ഗന്ധം മൂക്കിലടിച്ചു. ഇപ്പോഴും നെല്‍കൃഷി അന്യം നിന്നിട്ടില്ലാത്ത കേരളത്തിലെത്തന്നെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണല്ലോ തന്‍റെ നാടെന്നോര്‍ത്തു സുദര്‍ശന്‍ അഭിമാനപൂരിതനായി. തോട്ടുവക്കത്തു നിന്ന പൂക്കൈതകളുടെ ഓലകള്‍ വൃശ്ചികക്കാറ്റില്‍ സുഗന്ധം പരത്തി ഇളകിയാടി തന്നെ മാടി വിളിക്കുന്നുവോ?
കോള്‍പ്പാടങ്ങളെ പിന്തള്ളിക്കൊണ്ടു വണ്ടി ടാറിട്ട റോഡില്‍ നിന്നും വീട്ടിലേക്കുള്ള ചെങ്കല്‍പ്പാതയിലേക്കു തിരിഞ്ഞു. വേലികളില്‍ പൂത്തു നില്‍ക്കുന്ന പിച്ചകവും ചെമ്പരത്തിയുമെല്ലാം ഇന്നും മനസ്സിനെ ആനന്ദിപ്പിക്കുന്ന കാഴ്ച്ചയായി പരിലസിക്കുന്നു. "സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം... " അവന്‍ അറിയാതെ മൂളിപ്പോയി.
"നിസ്സാറേ വണ്ടി നിര്‍ത്തൂ... " നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നവേലിക്കെട്ടിനകത്തൊരു പ്രേതാലയംപോലെ നിലകൊണ്ട ഓടുമേഞ്ഞ ആ പഴയ വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ സുദര്‍ശന്‍ ഡ്രൈവറോട് പറഞ്ഞു.
"എന്തിനാ സര്‍.. അവിടെയിപ്പോ കുറച്ചു വര്‍ഷത്തോളമായി ആരും താമസമില്ല. വടക്കെങ്ങാണ്ടുമുള്ള ഒരു ഗള്‍ഫുകാരന്‍ ഇതു വാങ്ങിയെന്നാ കേട്ടേ.."
"അറിയാം... "
വീടും പുരയിടവും വിറ്റു ശ്യാമളേച്ചിയും രോഗിയായ അമ്മയും ദൂരെയുള്ളയേതോ അകന്ന ബന്ധുവീട്ടിലോട്ടു താമസം മാറ്റിയെന്നു നാലഞ്ചു കൊല്ലം മുമ്പ് അമ്മ അറിയിച്ചിരുന്നു. ശ്യാമളേച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും ഗൃഹാതുതരത്വം കുത്തിനിറയ്ക്കും. തനിക്കൊരുപാടു ആതിഥ്യങ്ങളരുളിയിരുന്ന ആ ഉമ്മറത്തിണ്ണ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. മേല്‍ക്കൂര ഏതൊക്കെയോ ജീവികളുടെ ആവാസകേന്ദ്രമായിട്ടുണ്ടെന്നു മച്ചില്‍ നിന്നും ഇടയ്ക്കിടേയുയരുന്ന ശബ്ദങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഉമ്മറത്തേക്കു കയറിയ വഴി അവിടെ കിടന്നിരുന്ന രണ്ടു ചാവാലിപ്പട്ടികള്‍ പുറത്തേക്കോടി.
ശ്യാമളേച്ചി....
മരണം വരേയും മറക്കാനാവുമോ തനിക്കവരെ? ഒരുപക്ഷേ അവരുമായി അത്രമാത്രം മാനസികബന്ധമുള്ള മറ്റൊരാളും ഈ ഭൂമുഖത്തേയുണ്ടാവില്ല... പരസ്യമായി ഒരിക്കലും പ്രകടമാക്കിയിരുന്നില്ലെങ്കിലും... ശ്യാമളേച്ചിയെ മറക്കുകയെന്നാല്‍ കൗമാരകാലം മറക്കുന്നതിനു തുല്യം!
തനിക്കേകദേശം പതിമൂന്നു വയസ്സുള്ളപ്പോഴായിരുന്നു പതിനാറുകാരിയായ ശ്യാമളേച്ചിയും അച്ഛനും അമ്മയും ഈ വീടും പുരയിടവും വാങ്ങി തങ്ങളുടെ അയല്‍വാസികളാവുന്നത്. ചേച്ചിയുടെ അച്ഛന്‍റെ പെട്ടെന്നുള്ള മരണം മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പില്‍ക്കാലത്ത് അവരേറെ ബുദ്ധിമുട്ടിയിരുന്നു. നാട്ടില്‍ തസ്ക്കരഭീഷണിയുള്ള അവസരങ്ങളിലും മറ്റുചില വിശേഷ സാഹചര്യങ്ങളിലുമൊക്കെ അവര്‍ക്കു അന്തിത്തുണയായി നിയോഗിക്കപ്പെട്ടിരുന്നത് താനും.
അങ്ങനെ സുരക്ഷാദൌത്യവുമേറ്റെടുത്തു ശ്യാമളേച്ചിയുടെ വീടിന്‍റെ സന്ദര്‍ശക മുറിയില്‍ പായവിരിച്ചു കിടന്നുറങ്ങിയൊരു രാത്രിയില്‍ ഏതോ ഭീകരസ്വപ്നം കണ്ടു താന്‍ അലറിവിളിച്ചു.
"നല്ലയാളെയാ ഞങ്ങളുടെ ധൈര്യത്തിനായി കൂട്ടുകിടക്കാന്‍ വിളിച്ചിരിക്കണേ.. പേടിത്തൂറി..."
സ്വരം കേട്ടു കണ്ണുതുറന്നപ്പോള്‍ ചിമ്മിനിയും കത്തിച്ചുപിടിച്ചു വന്ന ശ്യാമളേച്ചി കുലുങ്ങിച്ചിരിച്ചുകൊണ്ട് തന്നെ പരിഹസിക്കുന്നു.
"എന്താ കുട്ട്യോളെ... അവനെന്തിനാ കരയണേ?.. " എണ്ണയുടേയും കുഴമ്പിന്റെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ചെറിയ മുറിയില്‍ നിന്നും യശോദാമ്മയുടെ ചോദ്യം.
"ഇവന്‍ ചുമ്മാ സ്വപ്നം കണ്ടു പേടിച്ചതാമ്മേ..." ചേച്ചിയുടെ ചിരി അപ്പോഴുംനിലയ്ക്കുന്നുണ്ടായിരുന്നില്ല.
"അവിടെക്കിടക്കാന്‍ പേടിയുണ്ടെങ്കില്‍ വാ.. ഇവിടെവന്നു എന്റടുത്തു കിടന്നോളൂ.. " അന്നുമുതല്‍ അന്തിക്കൂട്ടിനു പോകുമ്പോഴെല്ലാം ചേച്ചിയുടെ അരികിലേ കിടക്കൂ.
ഒരേ പുതപ്പിനുള്ളില്‍ തലമാത്രം പുറത്തേക്കു കാണുന്ന വിധത്തില്‍ പുതച്ചു കിടക്കും. ചേച്ചി പറയുന്ന കഥകള്‍ കേട്ടുകേട്ട് എപ്പോഴോ ഉറങ്ങിപ്പോകും.
"അയ്യോ ചേച്ചിക്കു പനിക്കുന്നുണ്ടല്ലോ..." പതിവില്ലാത്ത രീതിയിലുള്ള ഒരു ചൂട് ചേച്ചിയുടെ ശരീരത്തില്‍ നിന്നും തന്നിലേക്കു പ്രവഹിച്ച ഒരു രാത്രിയില്‍ താന്‍ ചോദിച്ചു.
"ങ്ങും... നീയെന്നെ കെട്ടിപ്പിടിച്ചു കിടന്നോ.. ചേച്ചിയുടെ പനിയെല്ലാം മാറട്ടേ.." അപരിചിതമായൊരു വികാരത്തള്ളലില്‍ വശംവദയായെന്ന പോലെ ചേച്ചി തന്നെ ഗാഢമായി പുണര്‍ന്നു. ആ മാറിടം ശക്തമായി മിടിക്കുന്നതിന്‍റെ കമ്പനങ്ങള്‍ തന്‍റെ ശരീരത്തിലേക്കു ചാലനം നടത്തിക്കൊണ്ടിരുന്നു. ഒരു നിമിഷം.. തന്‍റെ ചുണ്ടുകളില്‍ ചേച്ചി അമര്‍ത്തി ചുംബിച്ചു.
കൗമാരമനസ്സിലെ ഇരുണ്ട മൂലയില്‍ നനഞ്ഞുകിടന്നിരുന്ന ഉമിത്തരികളില്‍ കനലുകളിട്ടു എരിയിച്ചതു പോലെ... ഹൃദയത്തില്‍ നിശ്ചലമായിക്കിടന്നിരുന്ന ഏതൊക്കെയോ പേരറിയാസ്പന്ദനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു നൃത്തം ചെയ്യുന്നതുപോലെ...
പിന്നേയും ഒരുപാടു രാവുകള്‍...
അനുഭൂതികള്‍ തിങ്ങിപ്പാര്‍ക്കുന്ന നിമ്നോന്നതങ്ങളുടെ ഉടലളവുകളും മനസ്സിലെ ചില ബര്‍മുഡ ട്രയാങ്കിളുകളില്‍ ഗോചരമല്ലാതെ ശയിക്കുന്ന വികാരങ്ങളെ തൊട്ടുണര്‍ത്തി അവയെക്കൊണ്ടു ആനന്ദനൃത്തം ചെയ്യിപ്പിക്കുന്ന ജാലവിദ്യകളുമെല്ലാം ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണയുടെ നേര്‍ത്ത സുഗന്ധം പേറുന്ന ഇരുളിനെ സാക്ഷിനിര്‍ത്തി താന്‍ പഠിക്കുകയായിരുന്നു. ശ്യാമളേച്ചിയുടെ അടുത്തു എന്നും താനൊരു അനുസരണശീലമുള്ള വിദ്യാര്‍ത്ഥി തന്നേ.
ശ്യാമളേച്ചിയുടെ നിശ്വാസങ്ങള്‍ ശ്വസിച്ചു കിടന്ന രാവുകള്‍ക്കൊന്നിനും തന്നെ എന്നില്‍ കുറ്റബോധത്തിന്‍റെ ഒരു സ്ഫുരണം പോലും ഉണര്‍ത്താനായില്ല. പക്ഷേ, അമ്മയോടും സഹോദരിമാരോടും ഇടപഴകുമ്പോള്‍ ലഭിക്കുന്ന പോലെയുള്ളൊരു അനുഭൂതിയായിരുന്നില്ല ശ്യാമളേച്ചിയുടെ സാമീപ്യം പകര്‍ന്നു തന്നിരുന്നതെന്നുള്ള അവബോധം ഉപബോധമനസ്സിലെവിടെയോ കിടന്നു മുരടനക്കുന്നതായി ഇടയ്ക്കൊക്കെ തനിക്കു അനുഭവവേദ്യമാകാതിരുന്നിട്ടുമില്ല.
വീട്ടില്‍ പാചകം ചെയ്യുന്ന വിശേഷവിഭവങ്ങള്‍ കൊണ്ടുവന്നു തരികയും സിനിമാകൊട്ടകകളില്‍ സിനിമയ്ക്കു കൊണ്ടുപോകുകയും ധാരാളം കഥകള്‍ പറഞ്ഞു തരികയും വീട്ടുകണക്കുകള്‍ ചെയ്യാന്‍ സഹായിക്കുകയുമൊക്കെ ചെയ്തിരുന്ന ശ്യാമളേച്ചിയെ തനിക്കു ഒരുപാടിഷ്ടമായിരുന്നു.
തങ്ങള്‍ത്തമ്മിലുള്ള ആത്മബന്ധം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലായെന്നു വേണം കരുതാന്‍. അവിവിഹാഹിതയായിരുന്നെങ്കിലും ചേച്ചിയെ മുതിര്‍ന്നവരുടെ സെറ്റിലും തന്നെ ശിശുക്കളുടെ ഗണത്തിലുമായിരുന്നു എല്ലാവരും പരിഗണിച്ചിരുന്നത് എന്നതായിരിക്കാം അതിനു കാരണം. മാത്രമല്ലാ തങ്ങള്‍ത്തമ്മില്‍ സഹോദരീസഹോദരന്മാരെപ്പോലെയെന്നല്ലാതെ അസ്വാഭാവികമായ യാതൊരു പെരുമാറ്റവും മറ്റുള്ളവരുടെ മുന്നില്‍ ഉണ്ടാവാറുമില്ല.
അന്യമായ അനുഭൂതികളുടെ കയങ്ങളിലേക്കു ചുഴറ്റിയെറിയപ്പെട്ട തീവ്രവികാരങ്ങളിലുരുവാകുന്ന സുഖമുള്ള നോവുകള്‍ സമ്മാനിച്ച അനേകം വിസ്ഫോടനങ്ങള്‍ക്കു വേദിയായ ഈ വീട് ഇതാ എന്നെന്നേക്കുമായി ഇല്ലാതാവാന്‍ പോകുന്നു. ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം ആ സ്ഫോടനങ്ങളുടെ അലയടികള്‍ ഇന്നും തന്നെ രോമാഞ്ചം കൊള്ളിക്കാറുണ്ട്.
ബിരുദമെടുത്തു ജോലി ലഭിച്ചു ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ശ്യാമളേച്ചിയുടെ കത്ത് ലഭിക്കുന്നത്. ചേച്ചിയുടെ കല്യാണം ഉറപ്പിച്ച കാര്യമായിരുന്നു അതിലെ പ്രധാന വിഷയം. ഒറ്റപ്പാലത്തുള്ള ഒരു ഇടത്തരം കുടുംബത്തിലെ രണ്ടാംകെട്ടുകാരനാണ് വരന്‍. ആ വിവാഹത്തിനു വിസ്സമ്മതമൊന്നും ഉള്ളതായി ചേച്ചിയുടെ വരികളില്‍ നിന്നും തോന്നിയിരുന്നില്ല. എന്നാല്‍ കത്തിന്‍റെ അവസാന വരികള്‍ ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു.
"ഉണ്ണ്യേ... ചേച്ചിയുടെ കല്യാണം കൂടാന്‍ ദയവായി നീ വരരുത്... നിനക്കു വിഷമമാവുമെന്നു എനിക്കറിയാം.. എന്നാലും.... "
പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍വച്ചു കണ്ടപ്പോള്‍ ശ്യാമളേച്ചിയുടെ മുഖത്തു ആ പഴയ പ്രസരിപ്പു കണ്ടില്ല. മൂന്നു വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന പുഷ്പ്പിക്കാത്ത ദാമ്പത്യവല്ലരിയെ അവര്‍ സ്വയം അറുത്തുകളഞ്ഞ സമയമായിരുന്നു അത്. തന്‍റെ കൂടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടായിരിക്കണം ചേച്ചിയുടെ തന്നോടുള്ള സംഭാഷണത്തില്‍ അന്നു ഔപചാരികത നിറഞ്ഞു നിന്നിരുന്നത്.
ആ രാത്രിയില്‍ എത്ര കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. തന്നോടു പറയാന്‍ എന്തൊക്കെയോ ശ്യാമളേച്ചിയുടെ മനസ്സില്‍ തിങ്ങുന്നുണ്ടെന്നു ആ കണ്ണുകള്‍ തന്നോടു മൗനമായി സംവേദനം നടത്തിയിരുന്നു. പക്ഷേ സ്വകാര്യമായി വിശേഷങ്ങള്‍ ചോദിക്കാനുള്ള ഒരവസരവും അന്നൊത്തുവന്നില്ല.
വിവാഹമോചനം നടത്തി പിരിഞ്ഞ ഭര്‍ത്താവും ശ്യാമളേച്ചിയും വര്‍ഷങ്ങള്‍ക്കു ശേഷം ഇടയ്ക്കിടെ ഇപ്പോഴും സിറ്റിയിലെ ലോഡ്ജുകളില്‍ സംഗമിക്കാറുണ്ടെന്നു ആരൊക്കെയോ പറഞ്ഞു കേട്ടത് സുബൈര്‍ പിന്നീടൊരിക്കല്‍ പരിഹാസച്ചുവയോടെ തന്നെയറിയിച്ചതു കേട്ടു തനിക്കത്ഭുതമൊന്നും തോന്നിയില്ല. ഐശ്വര്യത്തിന്‍റെ നിറകുടവും രതിദേവതയുമായ ശ്യാമളേച്ചിയെ സ്ഥിരമായി വെറുക്കാന്‍ ആ ഹൃദയത്തിന്‍റെ സ്പന്ദനങ്ങളും ലാളനങ്ങളുമനുഭവിച്ച ഒരു പുരുഷനും സാധിക്കില്ല.
മൊബൈല്‍ ഫോണുകള്‍ എന്നല്ലാ സാധാരണ ഫോണുകള്‍വരെ അസാധാരണമായിരുന്ന അക്കാലത്തു ചേച്ചിയുടെ വിശേഷങ്ങള്‍ നേരിട്ടറിയാന്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഒരു സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒറ്റയ്ക്കു നാട്ടില്‍പ്പോയ സമയത്താണ് ശ്യാമളേച്ചിയെ നേരിട്ടു കണ്ടത്.
"അയാള്‍ക്കെപ്പോഴും എന്നെ സംശയം.. അല്ലാതെന്താ.. കുടിച്ചു വന്നു തല്ലേം തെറി പറയേമൊക്കെ ചെയ്യുമായിരുന്നെങ്കിലും മനസ്സോണ്ടു ഞാനയാളെ ഒരിക്കലും വെറുത്തിട്ടില്ലാട്ടോ. ങാ.. പോട്ടേ.. പോയി സന്തോഷത്തോടെ ജീവിക്കട്ടേ.. ഓരോരുത്തരുടെ ഓരോ കാര്യല്ലേ ഉണ്ണ്യേ.. എനിക്കു വെഷമൊന്നൂല്ലാ"
അതു പറയുമ്പോള്‍, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റുകളുടെ പരിഹാരമായി ഈ ദുരവസ്ഥയെ മനസ്സാ സ്വീകരിക്കുന്നതുപോലുള്ളൊരു ഭാവം ചേച്ചിയുടെ മുഖത്തു മിന്നിമറയുന്നതുപോലെ തോന്നി. അങ്ങനെയൊരു തോന്നല്‍ തന്നിലുണ്ടായതു എന്തുകൊണ്ടായിരുന്നെന്നു ആരും വിശദീകരിച്ചു തരേണ്ട ആവശ്യവുമില്ലല്ലോ. ഒരുപക്ഷേ അവരെക്കുറിച്ചു ഈ ലോകത്തില്‍ തനിക്കുമാത്രം ഉണ്ടായേക്കാവുന്ന തോന്നല്‍.
"ചേച്ചീ.. ഞാന്‍ ഇന്നു രാത്രി കോട്ടയത്തിനു പോയി മറ്റന്നാള്‍ തിരിച്ചു വരും.. വൈകീട്ട് വീട്ടിലേക്കു വരാംട്ടോ.... "
ഇനിയും മങ്ങാത്ത ആ പഴയ വസന്തശോഭയില്‍ വീണ്ടുമലിയാന്‍.. നിഗൂഢതകളെ പ്രസവിക്കുന്ന കാണാക്കയങ്ങളില്‍ സ്വയം നഷ്ടപ്പെടുത്തി കൌമാരത്തിലേക്കു പുനര്‍ജ്ജനിക്കുവാന്‍... വീണ്ടും മനസ്സു കൊതിക്കുന്നുവോ?
"എന്തിനാ ഉണ്ണ്യേ?.. വിശേഷങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞല്ലോ.. പ്രത്യേകിച്ചൊന്നുമിനിയെനിക്കു പറയാനുമില്ലാ.. വെറുതേ തിരക്കിനിടയില്‍ അവിടേക്കു വന്നു ഉണ്ണീടെ സമയം കളയണതെന്തിനാ.."
നിസ്സംഗത സ്ഫുരിക്കുന്ന ആ മറുപടി കേട്ടു പൊടുന്നനേ മനസ്സിലൊരു അന്യഥാബോധമുണ്ടായി. ചേച്ചിയുടെ അപ്പോഴത്തെ ഭാവം, ഉറ്റവരില്‍ നിന്നും പ്രതീക്ഷിച്ച വാത്സല്യം ലഭിക്കാത്തൊരു പിഞ്ചുകുട്ടിയിലുണ്ടാവുന്ന മനോവേദനയായിരുന്നു തനിക്കുണ്ടാക്കിയത്.
ചേച്ചിയോടു ദേഷ്യമൊന്നും തോന്നിയില്ല. സാഹചര്യങ്ങളുടെ സ്വാധീനത്താലാണെങ്കിലും ചേച്ചിയുടെ ഇന്നത്തെയവസ്ഥ സംജാതമാകാന്‍ ഇനി താനുമൊരു കാരണമായിരുന്നിരിക്കുമോയെന്നൊരു കുറ്റബോധം മനസ്സിലെ ഓസോണ്‍ പാളിയില്‍ എണ്ണമറ്റ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നതായി അനുഭവപ്പെട്ടു.
"എന്നാ ഞാന്‍ പോട്ടേടാ ഉണ്ണിക്കുട്ടാ.. " മുഖത്തൊരു പുഞ്ചിരി സൃഷ്ടിച്ചുകൊണ്ടു ചേച്ചി പോകാനൊരുങ്ങുമ്പോള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ സ്നേഹവാത്സല്യങ്ങളുടെ ചെറിയൊരു ലാഞ്ഛന ആ മുഖത്തു പ്രതിഫലിച്ചത് മനസ്സിലാക്കാന്‍ സാധിച്ചു. ആശ്വാസം..
പാവം ശ്യാമളേച്ചി...
ചിന്തകളുടെ തടവുകാരനായി മറുപടിയൊന്നും പറയാനാവാതെ താന്‍ സ്തംഭിച്ചു നില്ക്കുമ്പോള്‍ നിറയേ പൂത്തുനില്ക്കുന്ന ശീമക്കൊന്നവേലിക്കു പുറകിലേക്കു ചേച്ചിയുടെ രൂപം മറഞ്ഞുപോയി.
- ജോയ് ഗുരുവായൂര്‍.