ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴിമണ്ണില്‍ കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചു ബാലന്‍ ചകിതനായി ജീവനും കൊണ്ടോടിയൊളിക്കുന്നു...
ബാല്യത്തില്‍ എന്‍റെ കുഞ്ഞുമനസ്സിലിടം പിടിച്ചിരുന്ന ഏറ്റവും ക്രൂരനായിരുന്ന വില്ലനായിരുന്നു ചെത്തുകാരന്‍ ഗോവിന്ദേട്ടന്‍... കഷണ്ടിത്തല, ‘ക്ലീന്‍ ഷേവ്’, അരയില്‍ വരിഞ്ഞുടുത്ത കറുത്ത പാളത്തോര്‍ത്തുമുണ്ട്, അരപ്പട്ടയില്‍ തിരുകിയ നല്ല വീതിയുള്ള ചേറ്റുകത്തിയും കയറുകൊണ്ടു പിരിച്ചു വച്ചിരിക്കുന്ന മൃഗാസ്ഥിനിര്‍മ്മിതമായ (പൂച്ചയുടെ ആണെന്നു കേട്ടിട്ടുണ്ട്) കൊട്ടുവടി, കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്ത കള്ളുകുടുക്ക, പോരാതെ മുഖത്തെപ്പോഴും വിളങ്ങുന്ന ക്രൌര്യഭാവം.. ഒരു നാലുവയസ്സുകാരനെ വിഹ്വലനാക്കാന്‍ ഇവ മാത്രമായിരുന്നില്ല ഹേതു.
ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ഡ്രോയിംഗ് ബുക്കില്‍ കാര്യമായി എന്തോ ‘ഹോംവര്‍ക്ക്’ ചെയ്യുന്നതിനിടയില്‍ എന്‍റെ അപ്പച്ചനെ (അച്ഛന്‍ ) കാണാന്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കു വന്നു. അപ്പച്ചന്‍റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു ഗോവിന്ദേട്ടന്‍ . അമ്മ കൊടുത്ത കട്ടന്‍ ചായ രണ്ടുപേരുമിരുന്നിങ്ങനെ ഊതിയൂതി കുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരെ നോക്കി അപ്പച്ചനോടു ചോദിച്ചു.
"ജോസേ.. ഇവനെയിതേവരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അവനു നാലുവയസ്സു കഴിഞ്ഞല്ലേയുള്ളൂ.. അടുത്ത കൊല്ലം ഒന്നില്‍ ചേര്‍ക്കാമെന്നു കരുതിയിരിക്കുകയാണ് " അപ്പച്ചന്‍റെ മറുപടി കേട്ടു പുള്ളിക്കാരന്‍ എന്നെ ചൂഴ്ന്നൊരു നോട്ടം. എനിക്കതില്‍ അപാകമൊന്നും തോന്നിയുമില്ല.
അവരുടെ ശ്രദ്ധ വീണ്ടും സംസാരത്തിലേക്കായപ്പോള്‍ ഞാന്‍ പതിയേ എഴുന്നേറ്റു തിണ്ണയില്‍ ഗോവിന്ദേട്ടന്‍ അഴിച്ചു വച്ചിരുന്ന അരപ്പട്ടയില്‍ തിരുകിവച്ചിരുന്ന ചേറ്റുകത്തി എടുത്തു ചുമ്മാ പരിശോധിക്കാനൊരു ശ്രമം നടത്തി. മൂര്‍ച്ചയുള്ള കത്തി കുട്ടികള്‍ കൈകാര്യം ചെയ്യുന്നതിലെ അപകടം മണത്തറിഞ്ഞ അപ്പച്ചന്‍ എന്നെ ശകാരിച്ചുകൊണ്ടു അടുത്തേക്കു വന്നു. പിന്നെ വളരെ ഗൌരവത്തില്‍ എന്‍റെ ചെവിയില്‍ ഒരു കാര്യം മന്ത്രിച്ചു. അതെന്നില്‍ ശക്തമായൊരു ഉള്‍ക്കിടിലം സൃഷ്ടിച്ചു.
അതെന്തായിരുന്നെന്നോ?!..
ഗോവിന്ദേട്ടന്‍ ആ വലിയ കത്തി കൊണ്ടു നടക്കുന്നതു ചെറിയ കുട്ടികളുടെ ചുക്കാണി മുറിക്കാനാണെന്നും ചെറിയ കുട്ടികളെ എവിടെക്കണ്ടാലും അപ്പോള്‍ത്തന്നെ ഓടിച്ചുപിടിച്ചു 'സംഗതി' ഒപ്പിച്ചു കളയുന്നതു അയാളുടെയൊരു നേരമ്പോക്കാണെന്നും.. സാധനം കൈമോശം വരേണ്ടായെങ്കില്‍ ആ പരിസരത്തൊന്നും ചുറ്റിനില്ക്കാതെ പെട്ടെന്നുതന്നെ വീടിനകത്തേക്കു പൊക്കോളൂ എന്നുമായിരുന്നു ആ സ്വകാര്യം പറച്ചിലിന്റെ പൊരുള്‍. അപ്പച്ചന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനും മുമ്പേ ഞാന്‍ വീടിനകത്തേക്കു 'സ്കൂട്ടായി'..
യഥാര്‍ത്ഥത്തില്‍ അതേവരെ ഗോവിന്ദേട്ടനൊരു സാധാരണക്കാരനാണെന്നതിനുപരിയായി എനിക്കു പേടിസ്വപ്നമൊന്നുമായിരുന്നില്ലാ.
കള്ള് ചെത്തുന്നതിന്റെ രീതിയും കുണ്ടാമണ്ടികളുമൊന്നും ബാലനായിരുന്ന എനിക്കറിയാമായിരുന്നില്ല. പരശുരാമന്‍ മഴുവുമായി നടക്കുന്നതുപോലെ സദാ ഈ കത്തിയും അരയില്‍ത്തിരുകി എന്തിനാണിയാള്‍ നടക്കുന്നതെന്നും അറിയില്ലായിരുന്നു. അപ്പച്ചന്റെ വായില്‍ നിന്നും വീണ ഇടിത്തീ പോലുള്ള ആ വാക്കുകള്‍ നിഷ്ക്കളങ്കമായ മനസ്സില്‍ ഗോവിന്ദേട്ടന്‍റെ പ്രതിരൂപത്തെ ഒരു വില്ലന്‍റെ പരിവേഷത്തില്‍ വരച്ചിട്ടു. അപ്പോള്‍മുതല്‍ തുടങ്ങിയതായിരുന്നു ആ ഗോവിന്ദഭയം..
പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ എന്‍റെയൊരു കണ്ണ് എപ്പോഴും വീട്ടുപടിക്കലോട്ടായിരിക്കും. എപ്പോഴാണാവോ ഈ കുരിശു വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. വളരെ വീതി കുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദ്ധമായി സൈക്കിള്‍ ചവിട്ടിക്കൊണ്ടു വരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ത്തട്ടി (കഷണ്ടിത്തല) ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍ കൊള്ളിയാനുകള്‍ പോലെ വന്നു പതിച്ചിരുന്നത് എന്‍റെ പിഞ്ചുഹൃദയത്തിലായിരുന്നു.. അയാളുടെ നിഴല്‍ കണ്ടമാത്രയില്‍ എത്ര താല്‍പര്യമുള്ള കളിയായാലും നിര്‍ത്തി തന്ത്രപൂര്‍വ്വം സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറിയിരിക്കും. താനെങ്ങാനും ആ ദുഷ്ടന്‍റെ കണ്ണില്‍പ്പെട്ടാലത്തെ ഗതി ഓര്‍ക്കാനേ വയ്യാ.. ചാരിത്ര്യം നഷ്ടപ്പെട്ടിട്ടു പിന്നെ ഒരു നിമിഷംപോലും ജീവിച്ചിരുന്നിട്ടെന്തു കാര്യം... മാത്രമല്ല എന്റെ മനസ്സിലെ ധാരണയെ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ ഒന്നുരണ്ടു പ്രാവശ്യം പുള്ളിക്കാരന്‍ "നിക്കടാ അവിടേ" എന്നും പറഞ്ഞു എന്നെ ഓടിപ്പിച്ചിട്ടുമുണ്ട്.
സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ പതിവായി ദൈവത്തിനു കൊടുക്കുന്ന 'പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍' അന്നൊക്കെയുള്ള സ്ഥിരം ‘ഐറ്റം’ ആയിരുന്നു "ദൈവമേ ഗോവിന്ദേട്ടന്റെ കണ്ണില്‍പ്പെടാതെ എന്നെ കാത്തുകൊള്ളേണമേ" എന്നത്.
അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയിങ്ങനെ കടന്നു പോകുമ്പോഴും എന്‍റെ മനസ്സിലെ വില്ലന്‍റെ രൂപം മായ്ക്കാന്‍ ആ മനുഷ്യനായില്ല. വല്ലാത്തൊരു അലോസരമായിത്തന്നെ അയാള്‍ എന്‍റെ മനസ്സില്‍ ജീവിച്ചു കൊണ്ടിരുന്നു.
ഞാന്‍ മൂന്നാം ക്ലാസിലേക്ക് ജയിച്ചു വന്നപ്പോഴുണ്ട് ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും അതേ ക്ലാസ്സില്‍!.. അവളുടെ അച്ഛനെ എനിക്ക് ഭയങ്കര പേടിയാണെന്ന വിവരം ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലവള്‍ പരത്തിയത് എനിക്കന്നൊക്കെയൊരു ‘പ്രെസ്ടീജ് ഇഷ്യൂ’ തന്നെ ആയിരുന്നു. അവളുടെ പറച്ചിലില്‍ കഴമ്പുള്ളതു കാരണം പ്രത്യാരോപണത്തിനോ പ്രതിരോധത്തിനോ ഉള്ള യാതൊരു വകുപ്പും എനിക്കുണ്ടായിരുന്നുമില്ല. ഭാഗ്യം.... ഒരുപക്ഷേ പറയാന്‍ നാണിച്ചിട്ടാവാം എന്‍റെ 'ഗോവിന്ദഭയത്തിന്‍റെ' മൂലകാരണം അവളാരോടും പറഞ്ഞിരുന്നില്ല. അതുകൂടി അവള്‍ വെളിവാക്കിയിരുന്നെങ്കില്‍പ്പിന്നെ സ്കൂളിലെ പഠിപ്പുതന്നെ എനിക്കു നിര്‍ത്തേണ്ടി വന്നേനെ.
കുട്ടികളെ കാണുന്നതേ കലിപ്പായ ഗോവിന്ദേട്ടന്‍ എന്തുകൊണ്ട് സമപ്രായമുള്ള അയാളുടെ മകള്‍ സൂര്യയെ ആക്രമിക്കുന്നില്ല? പലപ്പോഴും എന്‍റെ ചിന്താമണ്ഡലത്തില്‍ ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. പിന്നെയാണു അതിന്‍റെ ഗുട്ടന്‍സ് എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! സൂര്യയൊരു പെണ്‍കുട്ടിയാണ്.. ഞാനഭിമുഖീകരിക്കുന്ന ഈ ഗുരുതര പ്രശ്നം അവള്‍ക്കു 'അപ്ലിക്കബിളേയല്ലാ'.. ഒരു ആണ്‍കുട്ടിയായി ജനിച്ചത് ഇത്തരം കശ്മലന്മാരുടെ കശാപ്പുകത്തിക്കു ഇരയാവാനാണോ ദൈവമേ?.. കുഞ്ഞുമനസ്സില്‍ വേവലാതി.
ഞാന്‍ ആറാംതരത്തിലെത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലമെനിക്കു സിദ്ധിച്ചിരുന്നുവെങ്കിലും ഗോവിന്ദേട്ടന്റെ മുന്നില്‍ നേരെചെന്ന് ചാടിക്കൊടുത്തു പണിവാങ്ങാതിരിക്കാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. 'ദേ ഗോവിന്ദേട്ടന്‍ വരുന്നു' എന്നും പറഞ്ഞു എന്നെ പെട്ടെന്നു ഭയചകിതനാക്കുകയെന്നതു മുതിര്‍ന്ന കളിക്കൂട്ടുകാരുടെ ഒരു ഹോബിയായിരുന്നു. ഞങ്ങള്‍ കളിക്കുന്ന നേരത്തു തെങ്ങു ചെത്താനായി ഗോവിന്ദേട്ടന്‍ വരുന്നതു കണ്ടാല്‍ പതുക്കെ വല്ല മരത്തിന്റെയോ മറ്റോ മറവിലേക്കു ഒതുങ്ങിക്കൊണ്ടു ഞാനയാളെ വീക്ഷിക്കും. തെങ്ങിലയാള്‍ പകുതി ദൂരം കയറിക്കഴിഞ്ഞാല്‍ ഞാന്‍ ധൈര്യം സംഭരിച്ചു പുറത്തുവന്നു കളി പുനരാരംഭിക്കും. പക്ഷെ അപ്പോഴും എന്‍റെയൊരു കണ്ണ് തെങ്ങിന്റെ മുകളിലോട്ടു തന്നെയായിരിക്കും. പുള്ളിക്കാരന്‍ തിരിച്ചു ലാന്‍ഡ് ചെയ്യുമ്പോഴേക്കും അവിടേനിന്നും വലിഞ്ഞുകളയണമല്ലോ.
ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടി കടിച്ചു. അതിനു പട്ടിയെ പഴിക്കാനൊട്ടുംതന്നെയെനിക്കു തോന്നിയില്ല. തെങ്ങിന്‍ചുവട്ടില്‍ തീയിട്ടു കത്തിച്ച ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പട്ടിയുടെ പള്ളയിലേക്കായിരുന്നു ചെത്തിയിറങ്ങുന്ന വഴി പുള്ളിക്കാരന്‍ ചാടി 'ക്രാഷ് ലാന്‍ഡിംഗ്' ചെയ്തത്. ലോകത്തിലെ ഏതു പട്ടിയായാലും ആ ഭീകരാവസ്ഥയില്‍ ഇങ്ങനെയല്ലാതെയെങ്ങനെ പ്രതികരിക്കാനാ?.. പാവം മൃഗം.. നിരന്തരം എന്നെ പേടിപ്പിക്കുന്നതിനു അതിയാനു ദൈവം കൊടുത്തൊരു ശിക്ഷയായിരിക്കണം ആ കടിയെന്നും എനിക്ക് തോന്നി. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നതിലിത്തിരി സന്തോഷവും.
എന്റെ കളിക്കൂട്ടുകാരനായിരുന്ന സുരേഷാണെനിക്കു കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന്‍, ഞങ്ങള്‍ മാധവേട്ടനെന്നു വിളിക്കുന്നയാള്‍ക്കു തെങ്ങ് മുറിക്കലാണു ജോലി. ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു.
ഒരു ദിവസം അവന്‍ പറഞ്ഞു.. ഗോവിന്ദേട്ടന്‍ തെങ്ങില്‍ക്കയറി കള്ളുചെത്തിക്കൊണ്ടിരിക്കുമ്പോള്‍ താഴെ ചിതറിക്കിടക്കുന്ന ഉണക്കയിലകളില്‍ ചറപറായെന്നു ചിതറിവീണുകൊണ്ടിരിക്കുന്ന പൂക്കുലച്ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമൊപ്പം ഇറ്റുവീഴുന്ന ദ്രാവകകണങ്ങള്‍ പൂക്കുലയില്‍ നിന്നും പൊഴിയുന്ന കള്ളിന്‍തുള്ളികള്‍ ആണത്രേ! അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി ഒരു ദിവസം ഞങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ കിടന്നിരുന്ന ഒരു ഉണങ്ങിയ പ്ലാവിലയില്‍ പറ്റിയിരുന്ന 'ഡി' ദ്രാവകം വിരല്‍കൊണ്ടു തൊട്ടു നാക്കില്‍വച്ചു രുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവുമതിനില്ലായിരുന്നെന്നു മാത്രമല്ലാ ഒരു വൃത്തികെട്ട ചവര്‍പ്പും. വളരെ നാളുകള്‍ക്കു ശേഷമാണ് ആ ദ്രാവകത്തിന്റെ 'കെമിക്കല്‍ കോമ്പിനേഷന്‍' അറിഞ്ഞു ഞങ്ങള്‍ ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ല.. തെങ്ങിന്റെ മണ്ടയിലിരുന്നു ചെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടു തുപ്പുന്നതായിരുന്നു!!!...
വര്‍ഷങ്ങള്‍ക്കുശേഷം ബിരുദധാരിയായ ഞാന്‍ ബോംബെയില്‍ ഉദ്യോഗം ചെയ്യുന്നതിനിടയില്‍ അവധിക്കു നാട്ടില്‍ വന്ന സമയത്തു കവലയില്‍വച്ചു കണ്ടുമുട്ടിയ കൂട്ടുകാരനുമായി സംസാരിച്ചു നില്ക്കുകയായിരുന്നു. പുറകില്‍ നിന്നാരോ ശക്തമായി എന്‍റെ പിടലിക്ക് പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍.
"നിന്നെയിപ്പോഴാണെന്റെ കൈയില്‍ക്കിട്ടിയത്.. ഛെ.. ഞാന്‍ കത്തിയെടുക്കാനും മറന്നല്ലോ" എന്നു പറഞ്ഞുകൊണ്ടു സുസ്മേരവദനനായി പുള്ളി നില്ക്കുന്നു.
പണ്ടത്തെ ഭയാശങ്കകള്‍ നിമിഷനേരംകൊണ്ടു മനസ്സിലൂടെ മിന്നിമറഞ്ഞു. എനിക്കന്നു ഭയമായിരുന്നെങ്കിലും മനസ്സുകൊണ്ടു എന്നോടു ഞാനറിയാതെ ഒരുപാടിഷ്ടവും വാത്സല്യവും ചൊരിഞ്ഞിരുന്ന ഗോവിന്ദേട്ടന്‍ എന്നെ സ്നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്തു.
"വല്ല്യ ആളായല്ലോ നീ.. ഗോവിന്ദേട്ടനിപ്പോ ചെത്തൊക്കെ നിര്‍ത്തി.. വയസ്സായില്ലേ?.. നിന്നെയിനി കാണാന്‍ പറ്റുമെന്നു വിചാരിച്ചതേയല്ലാ.. സുഖം തന്ന്യല്ലേ നിനക്ക്?"
പ്രായവും അസുഖവും അദ്ദേഹത്തെ പരിക്ഷീണനാക്കിയിരിക്കുന്നു. പേഴ്സില്‍ നിന്നും ഏതാനും കറന്‍സികളെടുത്തു ഗോവിന്ദേട്ടന്‍റെ കുപ്പായക്കീശയില്‍ത്തിരുകുമ്പോള്‍ ആ കണ്ണുകള്‍ സ്നേഹംകൊണ്ടു നിറഞ്ഞുതുളുമ്പുന്നതു ഞാന്‍ കണ്ടു.
കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചു പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ ഹൃദയത്തില്‍ സ്നേഹവാത്സല്യങ്ങളുടെ ഊഷ്മളത പകരുന്നതായി എനിക്കു തോന്നി.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment