Tuesday, December 8, 2015

കാലം മാറി, കഥമാറി ഈ ലോകവും..

കാലം മാറി, കഥമാറി ഈ ലോകവും.. 
കാലചക്രത്തിന്റെ ഗതിയും വിഗതിയായ്. 
കാണാത്ത കാഴ്ചകള്‍ കേള്‍ക്കാത്ത ശീലുകള്‍ 
കാര്യങ്ങളെല്ലാമേ തകിടം മറിഞ്ഞു പോയ്‌. 
കാണാത്തൊരാടിനെത്തേടുമായിടയനെ   
കണ്ടില്ലെന്നു നടിക്കുന്ന മാനവര്‍. 
കരണത്തടിയേറ്റു പുളയുന്ന വ്യക്തിയെ 
കരുണ തീണ്ടാതെയികഴ്ത്തുന്ന ലോകരും. 
എഴല്ലെഴുപതു വട്ടം ക്ഷമിച്ചിട്ടും 
എന്തിനുമേതിനും പഴികള്‍ പറയുന്നു. 
എത്രമേലുള്ളത്തില്‍ കാത്തുവച്ചീടിലും
എപ്പോഴുമെപ്പോഴും നിന്ദകള്‍ മാത്രവും. 
എന്‍റെ സിരകളിലൊഴുകുന്ന ചോരയില്‍ 
എണ്ണമില്ലാത്ത വിഷങ്ങള്‍ കലര്‍ത്തി നീ.  
എന്‍റെ നഗ്നത മറയ്ക്കുന്ന ചേലയില്‍     
എണ്ണിയാല്‍ത്തീരാത്ത ഓട്ടകളിട്ടു നീ. 
മാതൃത്വം കിനിയുന്നയെന്റെ സ്തനങ്ങളില്‍  
മാറാതെ നീയെന്നും ചുളിവുകളുണ്ടാക്കി. 
മാരിക്കാറുപോല്‍ തിങ്ങുമാ വേണിയോ      
മാറത്തുപോലുമെത്തീടാതെ പൊഴിയുന്നു.

മരണത്തിന്‍ ശംഖൊലി നാദം മുഴങ്ങുന്നു
മാറിടം കുഴിഞ്ഞയഗാധ ഗര്‍ത്തങ്ങളില്‍.  
മോഹമുണ്ടായിട്ടുമൊഴുകുവാനാവാതെ 
മരുവീടുമാമൃത കുംഭങ്ങള്‍ വറ്റുന്നു.   
വെയിലേറ്റു വാടാതെ കാത്തുരക്ഷിക്കുന്ന 
വെണ്‍കൊറ്റ കുടയും തല്ലിത്തകര്‍ത്തു നീ. 
വീശിത്തണുപ്പിക്കും രാമച്ച ഗന്ധിയാം 
വീചുകം പോലും വിഷലിപ്തമാക്കി നീ. 
വടക്കിനിക്കോലായില്‍ വീശിനിന്നീടുന്ന 
വാരിളം തെന്നലില്‍ തേങ്ങല്‍ നിറയുന്നു. 
വിങ്ങി വിതുമ്പുമീയധര ദളങ്ങളില്‍ 
വീഴ്ത്താനൊരിത്തിരി തെളിനീരു തേടുന്നു.
കാലം മാറി, കഥ മാറി പ്രപഞ്ചവും 
കലികാല വൈഭവം കാണേ നിറയുന്നു. 
കരളിലിത്തിരി കരുണ തന്നുറവയെ 
കൈമോശമാക്കാതെ വയ്ക്കുക മക്കളേ.   

കാലം തിരിഞ്ഞങ്ങു കാതങ്ങള്‍ താണ്ടുമ്പോള്‍ 
കോലം നശിക്കാതെ ഭൂവില്‍ മരുവുവാന്‍. 
കണ്ണിനും കാതിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും 
കരണീയമായൊരു പരിസ്ഥിതിയേകുവാന്‍.      

- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment