Sunday, April 29, 2012

മാധവം

 
മാധവം 
പുലരിതന്‍ പരിലാളനയിലൊരു പെണ്‍പുഷ്പ്പം 
പാത തന്‍ പാരിജാതമെന്നപോല്‍
പാല്‍നുര തോല്‍ക്കും പൌര്‍ണ്ണമി ശോഭയില്‍
പാരിന്നഴകായവതരിച്ചു
പാറിപ്പറന്നൊരു പൊന്‍ശലഭം
പൂമണം തേടിയലഞ്ഞീടവേ
പ്രശോഭയില്‍ വിളങ്ങുമാ മലരില്‍
പ്രേമോപാസകനായ് വന്നണഞ്ഞൂ
മഞ്ഞു തോല്‍ക്കുമാ ദളനിര്‍മ്മലതയിലൊരു
മര്‍മ്മരമായ് ഒരു മധുവിധുവായാശലഭം
മഴവില്ലിന്‍ മൃദുവര്‍ണ്ണച്ചിറകാലൊരു
മാധവ നര്‍ത്തനമാടി..
മധുവഴിയുമാ അധരദളങ്ങളില്‍
മാദകനര്‍ത്തനമാടി.

പ്രിയനേ നീ പോകല്ലൊരിക്കലും
പാതയിലെന്നെ നീ ഏകയാക്കി
ആര്‍ത്തു പറന്നു മധു നുകരാനായ്
ആരവം കൂട്ടുമളികുലം വന്നെന്‍റെ
ആരണ്യശോഭ കവര്‍ന്നെടുത്താല്‍
ആരോരുമില്ലാതെ ഞാനുലയും
ഇല്ല പിരിയില്ല നിന്നെയൊരിക്കലും
ഇണ്ടല്‍ നിനക്കേവമേകിടാനായ്
ഇല്ലയെനിക്കാവില്ല മറുപുഷ്പം തേടാന്‍
ഇനിയുള്ള കാലമൊരിക്കലുമേ
മഴയെത്തി മഞ്ഞെത്തി മാനത്തിന്‍
മാറിലെയാരാമദീപത്തിന്‍ തിരിയണഞ്ഞൂ
മാറിലൊതുക്കീ ആ മാദകമുകുളത്തെ
മറ്റാരും കാണാതെയാശലഭം.

- ജോയ് ഗുരുവായൂര്‍

അമരഗീതം


അമരഗീതം


കണ്ണീര്‍ വിളഞ്ഞ പാടത്തിന്‍ നടുക്കൊരു 
കൊച്ചു കടുക് ചെടി വിറങ്ങലിച്ചു നിന്നൂ.


കുഞ്ഞു മോഹങ്ങളേ ചാഞ്ചാട്ടാം നിങ്ങളെ 
ഞാനുമെന്‍ കൊച്ചു മനസ്സിലിട്ടു ആവോളം.

ചുടുനിശ്വാസമുയര്‍ത്തും  ഊഷരഭൂവേ  
നിനക്കേകാം കുളിര്‍ ഞാനുമെന്‍  
കുഞ്ഞു ദളങ്ങള്‍  തന്‍ ഛായയാല്‍.

കര്‍ഷകര്‍ തന്‍ കണ്ണീരു കനലു കോരിയിട്ട
നിന്‍ മാറിലെ വ്രണം ഞാനെന്‍ കൊച്ചു
ചില്ലകളാല്‍ വീശിത്തണുപ്പിക്കാം .
  ‍      
നിന്‍ കാതുകള്‍ക്കന്ന്യമായ കിളിനാദങ്ങള്‍ 
തിരികെത്തരാന്‍  ഞാനെന്‍ ചില്ലകള്‍ 
ഏകാം ചെറുകിളികള്‍ക്ക് ചേക്കേറാന്‍. 

ഉണരൂ.. തിരികെ വരൂ.. നിന്നുജ്ജ്വല     
കാന്തിയെ മയക്കത്തില്‍ നിന്നുണര്‍ത്തൂ.   

കേഴുന്നൂ ഞാന്‍, നിന്‍ ധമനികളില്‍  
അവശേഷിച്ച ചുടു നിണത്തില്‍ നിന്നല്‍പ്പം  
നുകര്‍ന്ന്, അതില്‍ ഊര്‍ജ്ജിതനായ്.

നിന്‍ കര്‍ണ്ണങ്ങളില്‍ അലയടിക്കും 
മാനവരോദനമകറ്റാനര്‍പ്പിച്ചു ഞാനിതാ,
കുളിര്‍ക്കാറ്റിനും മഴമേഘങ്ങള്‍ക്കുമെന്‍    
കണ്ണീരില്‍ കുതിര്‍ത്ത കാണിക്കകള്‍.  

പീലികളില്‍ പീള കെട്ടിയ നിന്‍ കണ്‍പോളകള്‍ 
തഴുകിത്തുറന്നീടാം ഞാന്‍
ഹരിതാഭ മുറ്റും ഗതകാലത്തിലേക്കൊരു
സുവര്‍ണ്ണ വാതായനമെന്ന പോല്‍.

രചന: ജോയ് ഗുരുവായൂര്‍   
ആധാരം: കര്‍ഷക ആത്മഹത്യകള്‍

മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍


മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍  ‍  ‍
കറുകത്തുമ്പിലെ കുളിരായൊരു മഞ്ഞുകണം
അരുണകിരണലാളനയിലറ്റു വീണു.
ആര്‍ദ്രത തുളുമ്പും സര്‍വംസഹയുടെ,
ഹൃദയത്തിലൊരു ചെറുകുളിര്‍മഴയായ്‌.
ഊഴിതന്‍ നിശ്വാസധാരയിലാ കണം,
ചൂഴ്ന്നലിഞ്ഞു സ്വയമില്ലാതെയായ് .
പകലവന്‍ പകലിനോട് പലവട്ടം,
പ്രാര്‍ഥിച്ചപേക്ഷിച്ചിട്ടുമെന്തേ നീയൊരു,
ശ്യൂന്യ ബിന്ദുവിലൊരശരീരിയായ്?     
ചെറുതാണെങ്കിലും നിന്‍ ചിന്തകളും,
മോഹങ്ങളുമെനിക്കന്ന്യമായിരുന്നില്ല.
അറിഞ്ഞിട്ടും അറിഞ്ഞിട്ടുമെന്‍,
ദീപ്തിയില്‍ നീ മറയുന്നതും നോക്കി,
ജീവച്ഛവം പോല്‍ നില്‍പ്പൂ ഞാന്‍.
ആയിരമശ്വഗണം തോല്‍ക്കുമെന്‍,
വന്‍പ്രഭാവത്തിലും ഞാനറിവൂ,
ഒരിക്കലുമെന്‍ ഹൃദയത്തിന്‍ കുളിരാവാന്‍,
നീ വരില്ല.. നിനക്കാകില്ലയെന്ന്.
വെറുതേ മോഹിച്ചു മനസ്സ് തപിച്ചാലൊരുപക്ഷെ,
മറ്റൊരു മഞ്ഞുകണമായടുത്ത  പുലരിയില്‍, 
കറുകക്കയ്യിലൊരു ശോഭയായ്  നീയെത്താമെന്‍, ‍   
ക്ഷണിക‍ മോഹങ്ങള്‍ക്ക് ചിറകേകാന്‍.    
ഇല്ലാ ഞാനില്ലയിനി നിന്‍ ഹൃദയത്തിലൊരു ഗദ്ഗദമായ്‌.
പ്രകൃതിനിയമങ്ങളോടെതിരിടാന്‍,
ആവില്ലൊരിക്കലും നമുക്ക് പ്രിയേ.       
- ജോയ് ഗുരുവായൂര്‍