Sunday, April 29, 2012

മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍


മഞ്ഞുതുള്ളിയെ പ്രണയിച്ച സൂര്യന്‍  ‍  ‍
കറുകത്തുമ്പിലെ കുളിരായൊരു മഞ്ഞുകണം
അരുണകിരണലാളനയിലറ്റു വീണു.
ആര്‍ദ്രത തുളുമ്പും സര്‍വംസഹയുടെ,
ഹൃദയത്തിലൊരു ചെറുകുളിര്‍മഴയായ്‌.
ഊഴിതന്‍ നിശ്വാസധാരയിലാ കണം,
ചൂഴ്ന്നലിഞ്ഞു സ്വയമില്ലാതെയായ് .
പകലവന്‍ പകലിനോട് പലവട്ടം,
പ്രാര്‍ഥിച്ചപേക്ഷിച്ചിട്ടുമെന്തേ നീയൊരു,
ശ്യൂന്യ ബിന്ദുവിലൊരശരീരിയായ്?     
ചെറുതാണെങ്കിലും നിന്‍ ചിന്തകളും,
മോഹങ്ങളുമെനിക്കന്ന്യമായിരുന്നില്ല.
അറിഞ്ഞിട്ടും അറിഞ്ഞിട്ടുമെന്‍,
ദീപ്തിയില്‍ നീ മറയുന്നതും നോക്കി,
ജീവച്ഛവം പോല്‍ നില്‍പ്പൂ ഞാന്‍.
ആയിരമശ്വഗണം തോല്‍ക്കുമെന്‍,
വന്‍പ്രഭാവത്തിലും ഞാനറിവൂ,
ഒരിക്കലുമെന്‍ ഹൃദയത്തിന്‍ കുളിരാവാന്‍,
നീ വരില്ല.. നിനക്കാകില്ലയെന്ന്.
വെറുതേ മോഹിച്ചു മനസ്സ് തപിച്ചാലൊരുപക്ഷെ,
മറ്റൊരു മഞ്ഞുകണമായടുത്ത  പുലരിയില്‍, 
കറുകക്കയ്യിലൊരു ശോഭയായ്  നീയെത്താമെന്‍, ‍   
ക്ഷണിക‍ മോഹങ്ങള്‍ക്ക് ചിറകേകാന്‍.    
ഇല്ലാ ഞാനില്ലയിനി നിന്‍ ഹൃദയത്തിലൊരു ഗദ്ഗദമായ്‌.
പ്രകൃതിനിയമങ്ങളോടെതിരിടാന്‍,
ആവില്ലൊരിക്കലും നമുക്ക് പ്രിയേ.       
- ജോയ് ഗുരുവായൂര്‍ 

1 comment:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete