അമരഗീതം
കണ്ണീര്‍ വിളഞ്ഞ പാടത്തിന്‍ നടുക്കൊരു
കൊച്ചു കടുക് ചെടി വിറങ്ങലിച്ചു നിന്നൂ.
കുഞ്ഞു മോഹങ്ങളേ ചാഞ്ചാട്ടാം നിങ്ങളെ
ഞാനുമെന്‍ കൊച്ചു മനസ്സിലിട്ടു ആവോളം.
ചുടുനിശ്വാസമുയര്‍ത്തും ഊഷരഭൂവേ
നിനക്കേകാം കുളിര്‍ ഞാനുമെന്‍
കുഞ്ഞു ദളങ്ങള്‍ തന്‍ ഛായയാല്‍.
കര്‍ഷകര്‍ തന്‍ കണ്ണീരു കനലു കോരിയിട്ട
നിന്‍ മാറിലെ വ്രണം ഞാനെന്‍ കൊച്ചു
ചില്ലകളാല്‍ വീശിത്തണുപ്പിക്കാം .
നിന്‍ കാതുകള്‍ക്കന്ന്യമായ കിളിനാദങ്ങള്‍
തിരികെത്തരാന്‍ ഞാനെന്‍ ചില്ലകള്‍
ഏകാം ചെറുകിളികള്‍ക്ക് ചേക്കേറാന്‍.
ഉണരൂ.. തിരികെ വരൂ.. നിന്നുജ്ജ്വല
കാന്തിയെ മയക്കത്തില്‍ നിന്നുണര്‍ത്തൂ.
കേഴുന്നൂ ഞാന്‍, നിന്‍ ധമനികളില്‍
അവശേഷിച്ച ചുടു നിണത്തില്‍ നിന്നല്‍പ്പം
നുകര്‍ന്ന്, അതില്‍ ഊര്‍ജ്ജിതനായ്.
നിന്‍ കര്‍ണ്ണങ്ങളില്‍ അലയടിക്കും
മാനവരോദനമകറ്റാനര്‍പ്പിച്ചു ഞാനിതാ,
കുളിര്‍ക്കാറ്റിനും മഴമേഘങ്ങള്‍ക്കുമെന്‍
കണ്ണീരില്‍ കുതിര്‍ത്ത കാണിക്കകള്‍.
പീലികളില്‍ പീള കെട്ടിയ നിന്‍ കണ്‍പോളകള്‍
തഴുകിത്തുറന്നീടാം ഞാന്‍
ഹരിതാഭ മുറ്റും ഗതകാലത്തിലേക്കൊരു
സുവര്‍ണ്ണ വാതായനമെന്ന പോല്‍.
രചന: ജോയ് ഗുരുവായൂര്‍
ആധാരം: കര്‍ഷക ആത്മഹത്യകള്‍
No comments:
Post a Comment