Wednesday, August 20, 2014

പ്രബോധനവും പ്രവൃത്തിയും


ധര്‍മ്മബോധം
സാമാന്യബോധമുള്ള ഏതൊരു വ്യക്തിയും താന്‍ സദാ സധര്‍മ്മിയാണെന്ന വിചാരത്തില്‍ തന്നെ ആയിരിക്കും ജീവിക്കുന്നുണ്ടായിരിക്കുക എന്നതിന് ഒരു തര്‍ക്കവും ഇല്ല. തന്‍റെ സര്‍വ്വ ചിന്തകളേയും ചെയ്തികളേയും, അവ സമൂഹത്തിനു മുമ്പില്‍ തെറ്റായാലും ശരിയായാലും, ന്യായീകരിക്കാനും അവയുടെ സംസ്ഥാപനത്തിനു വേണ്ടി വാദിക്കാനും, ഓരോ വ്യക്തിയുടെ മനസ്സിലും മനസ്സാക്ഷി എന്ന ശക്തനായൊരു അഭിഭാഷകന്‍ ഉണ്ട്.
മഹര്‍ഷിമാര്‍, ആത്മീയാചാര്യന്മാര്‍, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍, ഗുരുക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പ്രബോധനങ്ങള്‍ വഴി ധാര്‍മ്മികതയേയും ലോകത്തിലെ നാനാവിധ സംഗതികളെക്കുറിച്ചും വിവിധങ്ങളായ വിദ്യകളെക്കുറിച്ചും നമ്മള്‍ കേള്‍ക്കുകയോ അഥവാ അവ സ്വായത്തമാക്കുകയോ ചെയ്യുന്നു. എന്നാല്‍ സ്വാംശീകരണത്തിന്‍റെ തോത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും
പ്രബോധകരുടെ ഉദയം
വസ്തുതകളോടുള്ള സൂക്ഷ്മനിരീക്ഷണാത്മകമായ സമീപനവും അവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അല്ലെങ്കില്‍ ക്രാന്തദര്‍ശികളായ വ്യക്തികളുടെ ജീവിത രീതികളുടെ സ്വാധീനവും തലമുറകളായി കൈമാറി വരുന്ന അറിവുകളും വിശ്വാസങ്ങളും, കൂടാതെ സ്വജീവിതത്തില്‍ നിന്നും അനുദിനം ഉള്‍ക്കൊള്ളുന്ന പാഠങ്ങളും യുക്തികളും ക്രോഡീകരിച്ചു കൊണ്ട്, അവയില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ പൊതുജനത്തിന് ഫലപ്രദമായി പങ്കു വയ്ക്കാനുള്ള കഴിവ് ഒരു വ്യക്തിക്ക് സ്വായത്തമാകുന്നതോടെ ഒരു പ്രബോധകന്‍ / പ്രബോധക ഉദയം ചെയ്യുകയായി.
പ്രബോധന പരിധികള്‍
വിഷയത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണത്തില്‍ അധിഷ്ഠിതമായ ജ്ഞാനം ഒരു ജനത സഹവസിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തു വേണം അവര്‍ക്കു പങ്കു വച്ചു കൊടുക്കേണ്ടത്. ഉദാഹരണത്തിന്, ഭാരതത്തിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രബോധനം അമേരിക്കയില്‍ ഫലവത്തായിക്കൊള്ളണമേന്നില്ല. അപക്വമായ അറിവുകള്‍ പങ്കുവയ്ക്കാന്‍ ഒരിക്കലും തുനിയരുത്. സങ്കീര്‍ണ്ണമായ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും വസ്തുനിഷ്ഠമായും തത്വാധിഷ്ഠിതമായും ശരിയാണെന്ന് സ്വയം ബോദ്ധ്യപ്പെട്ട വസ്തുതകള്‍ ആയിരിക്കും ജ്ഞാനിയായ ഒരു പ്രബോധകന്‍ സമൂഹത്തിനു വിളമ്പിക്കൊടുക്കാന്‍ ശ്രമിക്കുക.
പ്രബോധകര്‍ പ്രബോധനങ്ങളുടെ സംരക്ഷകര്‍?
പ്രബോധകന്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ കാവല്‍ക്കാരനാണ്‌ അല്ലെങ്കില്‍ സംരക്ഷകനാണ് എന്നു ചിന്തിക്കുന്നത് തന്നെ തെറ്റാണ്. തന്‍റെ പഠനം കൊണ്ട് തനിക്കു ഗ്രാഹ്യമായ കാര്യങ്ങള്‍ സമൂഹത്തിനു പങ്കു വച്ച് കൊടുക്കുന്നു എന്ന കാരണം കൊണ്ട് പ്രബോധകന്‍ ആ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിന്‍റെ വക്താവായിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.
ഉദാഹരണമായി അഹിംസയെക്കുറിച്ചും ധര്‍മ്മ സംസ്ഥാപനത്തെക്കുറിച്ചും മഹദ് വ്യക്തികളുടെ ജീവിതരീതികളെക്കുറിച്ചും ഒക്കെ പ്രബോധനം നടത്തുന്ന ഒരു അദ്ധ്യാപകന്‍ അവയെല്ലാം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നു ആര്‍ക്കും ശഠിക്കാനാവില്ലല്ലോ. അദ്ദേഹം നല്ല രീതിയില്‍ തനിക്കു ഗ്രാഹ്യമായ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. സ്വീകര്‍ത്താക്കളുടെ ആ വസ്തുതകളോടുള്ള സമീപനത്തിന്‍റെ ഗാഡത അനുസരിച്ച് അവരുടെ ചിന്താമണ്ഡലത്തില്‍ ഉണ്ടാകുന്ന ചലനങ്ങള്‍, തദ്വാരാ അവരെ ആ പ്രബോധനങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രേരിതരാക്കുന്നു. ഒരു പക്ഷെ ഗുരുവിനേക്കാള്‍ നന്നായി ഗുരു പകര്‍ന്നു തന്ന ആശയത്തിന്‍റെ വക്താവായി ജീവിക്കാന്‍ ശിഷ്യര്‍ക്ക് കഴിഞ്ഞെന്നും വരാം. ക്രിക്കറ്റ് ടീമിന്‍റെ കോച്ച് അനുദിനം ടീം അംഗങ്ങള്‍ക്കു നല്‍കുന്ന പ്രബോധനം അനുസരിച്ച് അവര്‍ കളിയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നു വച്ച് ഇത്രയും ക്രാന്തദര്‍ശിയായ കോച്ചിനു തന്നെ കളിക്കളത്തില്‍ ഇറങ്ങി മികച്ച രീതിയില്‍ കളിച്ചു കൂടേ? എന്ന് ചോദിച്ചാല്‍ അത് നടക്കുന്ന കാര്യമാണോ? കളിക്കളത്തില്‍ [അനുശാസനങ്ങളുടെ കര്‍മ്മ മണ്ഡലം] ചിലപ്പോള്‍ അദ്ദേഹം വെറും വട്ടപ്പൂജ്യം ആയിരിക്കാം.
പ്രബോധകരും മനുഷ്യര്‍ത്തന്നെ.
മഹത്തായ ആശയങ്ങളും ധാര്‍മ്മിക ശാസനങ്ങളും തത്ത്വചിന്തകളും വിളമ്പുന്ന പ്രബോധകരും മനുഷ്യര്‍ തന്നെയാണ് എന്നു നമ്മള്‍ മറക്കരുത്. അവരുടെ കര്‍മ്മമണ്ഡലങ്ങളിലും മനുഷ്യസഹജമായ പാളിച്ചകള്‍ നമ്മുക്ക് കാണാന്‍ സാധിച്ചേക്കാം. എന്ന് കരുതി അവരുടെ മഹത്തായ പ്രബോധനങ്ങള്‍ക്ക്‌ ഒരിക്കലും മൂല്യച്യുതി സംഭവിക്കുന്നില്ല. പ്രബോധകന്‍ പ്രബോധനങ്ങള്‍ക്ക്‌ വശംവദനായി മാത്രമേ ജീവിക്കാവൂ, അല്ലാത്ത പക്ഷം അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ല എന്ന് ശാഠ്യം പിടിക്കുന്നതില്‍ ഒരു കഴമ്പും ഇല്ല. അങ്ങനെയെങ്കില്‍ ദൈവത്തിന്‍റെ മഹത്വം വിളമ്പുന്ന ആത്മീയാചാര്യന്മാരൊക്കെ ദൈവസമാനം ആയിത്തന്നെ ജീവിക്കേണ്ടതല്ലേ? ഗാന്ധിസവും ബുദ്ധിസവുമൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും ഒക്കെ ആ സിദ്ധാന്തങ്ങള്‍ക്ക് നൂറു ശതമാനം വശംവദരായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടേ?
അതൊന്നും അനായാസം സാധ്യമായ കാര്യമല്ല. ദൈവത്തിന്റെയും മഹത് വ്യക്തികളുടേയും തത്ത്വങ്ങളും ധര്‍മ്മങ്ങളും സമൂഹത്തിനു കാര്യക്ഷമമായി പകര്‍ന്നു കൊടുക്കുക, അവയെപ്പറ്റി അവരില്‍ അവബോധം വളര്‍ത്തുക എന്നതാണ് പ്രബോധകരുടെ പ്രധാന ദൗത്യം. അല്ലാതെ പഠിപ്പിക്കുന്ന കാര്യങ്ങളുടെ ഒരു ഉത്തമ മാതൃകയായി സമൂഹത്തില്‍ വിരാജിക്കല്‍ അല്ല. അനുശാസനങ്ങള്‍ ശ്രവിക്കുന്ന ശ്രോതാക്കള്‍ ചിലപ്പോള്‍ പ്രബോധകനെക്കാള്‍ മികച്ച രീതിയില്‍ അവയെ പിന്തുടര്‍ന്നെന്നും വരാം.
ഒരു കൊച്ചു കഥയോടെ ഈ ലേഖനം അവസാനിപ്പിക്കാം..
അഹിംസയും അക്രമരാഹിത്യവും പ്രബോധിപ്പിച്ചു വന്നിരുന്ന ഒരു മഹാനായ മഹര്‍ഷി വര്യന്‍ ഒരു ആല്‍മരത്തിനു കീഴേ ധ്യാനമഗ്നനായി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് മരത്തില്‍ നിന്നും തന്‍റെ നീണ്ട ജടയില്‍ വീണ ഒരു കട്ടുറുമ്പ് അതില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്ര ശ്രമം നടത്തുന്നത് മഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആ കുഞ്ഞു പ്രാണിയുടെ പ്രാണസങ്കടം കണ്ടു ദയാപരനായ മഹര്‍ഷിയുടെ മനസ്സലിഞ്ഞു. കൈ കൊണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ അതിന്‍റെ കുഞ്ഞു കാലുകള്‍ക്ക് ക്ഷതമേറ്റെക്കാം എന്ന ചിന്തയില്‍ അതിനെ രക്ഷപ്പെടുത്താനുള്ള ഒരു ഉപായത്തിനായി മഹര്‍ഷി ചുറ്റും തിരഞ്ഞു.
ആല്‍മരച്ചുവട്ടില്‍ത്തന്നെയുള്ള ഒരു വലിയ കട്ടുറുമ്പിന്‍ കൂട് കണ്ടപ്പോള്‍ മഹര്‍ഷിയുടെ കണ്ണുകള്‍ ഉപായം കണ്ടുപിടിച്ച സംതൃപ്തിയില്‍ തിളങ്ങി. കൂട്ടില്‍ നിന്നും കട്ടുറുമ്പുകള്‍ വരിവരിയായി മരത്തിലേക്ക് കയറിപ്പോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച.
നിമിഷനേരത്തെ ചിന്തയില്‍ എടുത്ത തീരുമാനത്തില്‍ മഹര്‍ഷി തന്‍റെ നീണ്ട ജട ഉറുമ്പിന്‍ക്കൂട്ടത്തിലേക്ക് അടുപ്പിച്ചു കൊണ്ടു പറഞ്ഞൂ..
"മകനേ.. ഇതാ നിന്‍റെ കൂട്ടുകാര്‍.. സന്തോഷത്തോടെ അവരുടെ അടുത്തേക്ക്‌ ഇറങ്ങിപ്പോയ്ക്കോളൂ.."
പിന്നെ എന്താണ് സംഭവിച്ചിരിക്കുക എന്ന് ഊഹിക്കാമല്ലോ.. നൂറുക്കണക്കിന് കട്ടുറുമ്പുകള്‍ മഹര്‍ഷിയുടെ ജടയില്‍ നിമിഷനേരം കൊണ്ട് കയറിപ്പറ്റി ഛന്നംപിന്നം കടിയങ്ങു തുടങ്ങി. വിരണ്ടുപോയ മഹര്‍ഷി മറ്റൊന്നും ചിന്തിക്കാതെ അവയെ ശപിച്ചുകൊണ്ട് രണ്ടുകൈ കൊണ്ടും ജടയെ ശക്തിയായി തിരുമ്മി നൂറുകണക്കിന് ഉറുമ്പുകളുടെ ഘാതകനായി.
ആ നിമിഷം അദ്ദേഹത്തിന്‍റെ അഹിംസാ ശാസനങ്ങള്‍ എവിടെപ്പോയി? ജ്ഞാനം ഒരു നിമിഷത്തേക്ക് നശിച്ചുവോ? ഉറുമ്പിന്‍ക്കൂട്ടിലല്ലാതെ സമീപസ്ഥലത്ത് ജട വച്ചു ഉറുമ്പിനു ഇറങ്ങിപ്പോകാനുള്ള വഴിയോരുക്കാനുള്ള വിവേകം എന്തുകൊണ്ട് അദ്ദേഹത്തിനു ഉണ്ടായില്ല?
ഇങ്ങനെയൊക്കെ ചോദിക്കുന്ന യുക്തിവാദികള്‍ ഒന്നു മനസ്സിലാക്കുന്നില്ല....ആത്യന്തികമായി എല്ലാവരും ഒരു സാധാരണ മനുഷ്യന്‍ ആണെന്ന സത്യം..
- ജോയ് ഗുരുവായൂര്‍

2 comments:

  1. പ്രവൃത്തിയും മാതൃകയാകേണ്ടതാണ് അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ദയും,പരിഹാസവും ഉണ്ടാക്കുമെന്നുള്ളതാണ് സത്യം.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടായി.. പ്രവൃത്തിയും മാതൃകയാക്കാന്‍ സാധിച്ചാല്‍ ഉത്തമം തന്നെ.. എന്നാല്‍ നമ്മള്‍ ഏറെയും കണ്ടുവരുന്നത്‌ പ്രബോധനത്തൊഴിലാളികളെ ആണ്. അല്ലെങ്കില്‍ പ്രബോധനക്കച്ചവടക്കാരെ... ഈ വായനയ്ക്കും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി

      Delete