Sunday, August 14, 2016

ശ്രീ. പി.ജെ. ജഗന്നാഥന്‍ ആരായിരുന്നു?! (കഥ)

"ആദരാഞ്ജലികള്‍" എന്നൊരു പോസ്റ്റില്‍ പരിചിതമായൊരു മുഖം തെളിഞ്ഞുകണ്ടപ്പോഴാണ് ശ്രദ്ധിക്കുന്നത്.
ശ്രീ. പി.ജെ. ജഗന്നാഥന്‍ എന്ന 'പീജെ സര്‍' ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.
ആകസ്മികമായി ഫ്രണ്ട് ലിസ്റ്റില്‍ അകപ്പെട്ടതിനുശേഷം തന്‍റെ എല്ലാ പോസ്റ്റുകളിലും മുടങ്ങാതെ സ്നേഹോഷ്മളമായ കമന്‍റുകള്‍ ഇടുമായിരുന്ന പീജെ സര്‍.. എന്നിട്ടുകൂടി അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ സന്ദര്‍ശിക്കാനോ.. അദ്ദേഹം ആരെന്നറിയാനോ.. ഒരിക്കല്‍പ്പോലും താന്‍ മിനക്കെട്ടില്ലായെന്നതാണ് അത്ഭുതകരം!
പോസ്റ്റുകള്‍ വായിക്കാതെയും നോക്കാതെയുമൊക്കെ ലൈക്കുകളും കമന്‍റുകളും ഇടുന്നതില്‍ ഉന്മാദികളായ ചിലരുടെ ഗണത്തില്‍പ്പെട്ട ഒരാളായിരിക്കുമെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ആ ധാരണ തെറ്റായിരുന്നുവെന്ന് ദിനംപ്രതി പ്രൊഫൈലില്‍ ഒഴുകിയെത്തിയ അദ്ദേഹത്തിന്‍റെ വാക്കുകള്‍തന്നെ തെളിയിച്ചു. എന്നിട്ടും താന്‍...
പരിഗണിക്കുന്നവരെ അവഗണിക്കാന്‍മാത്രം അത്രയ്ക്കൊരു അഹങ്കാരിയാണോ ഞാന്‍?!.. ഹേയ് തോന്നുന്നില്ലാ.. ഇടപഴകളില്‍ ഒരിക്കലും താന്‍ വ്യക്ത്യാന്തരങ്ങള്‍ നോക്കാറില്ലാ.. സമത്വത്തിന്‍റെ സൂത്രവാക്യം മനസ്സില്‍ പണ്ടേ വേരുപിടിച്ചതാ..
ചില വ്യക്തികള്‍ അങ്ങനെയാണ്. നമ്മുടെ ഇടപഴകലുകള്‍ക്ക് പിടികൊടുക്കാതെ ചില ബര്‍മുഡാത്രികോണങ്ങളിലേക്ക് വരാലുകളെപ്പോലെ വഴുതിമാറിക്കൊണ്ടിരിക്കും .
ശ്രീ. പി. ജെ. ജഗന്നാഥന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?
"സ്നേഹം എന്ന വാക്കിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ഇന്നേവരെ നിര്‍വ്വചിക്കപ്പെട്ടിട്ടില്ലാ... ഒരുപക്ഷേ, കൊലപാതകത്തിലും ചിലര്‍ക്ക് സ്നേഹം ദര്‍ശിക്കാനായാല്‍ അതില്‍ അതിശയോക്തിയില്ലാ.."
ആ സ്റ്റാറ്റസ് മെസേജില്‍ത്തന്നെ കണ്ണുകള്‍ കുറേനേരം ഉടക്കിക്കിടന്നു.
"ഹൃദയത്തിനോടൊപ്പം മനസ്സും നന്നായാല്‍ മാത്രമേ പ്രവൃത്തികളും നന്നാവൂ... "
"കണ്ണിനോടൊപ്പം ഉള്‍ക്കണ്ണും തിമിരരഹിതമായാലേ കാഴ്ചകള്‍ക്കുള്ളിലെ യാഥാര്‍ത്ഥ്യം ദര്‍ശിക്കാനാവൂ..."
"രണ്ടു കാതുകള്‍ക്കും ഒരേപോലെ 'കേള്‍വി' ഉണ്ടെങ്കിലേ കേള്‍ക്കുന്നതൊക്കെ പൂര്‍ണ്ണമായും കേട്ടുവെന്നു കരുതാനാവൂ..."
"ദാഹാര്‍ത്തമായ ചുണ്ടുകള്‍ ഇല്ലെങ്കില്‍ കപ്പിലെ പാനീയത്തിന് എന്ത് പ്രസക്തി?"
അദ്ദേഹത്തിന്‍റെ അവസാനനാളുകളിലെ പോസ്റ്റുകള്‍.... ഒരു തത്വചിന്തകനാണെന്ന് തോന്നുന്നു. അതോ പ്രൊഫസ്സറോ?!..
കര്‍സര്‍ വീണ്ടും താഴോട്ടു പാഞ്ഞു.
"മറ്റുള്ളവര്‍ നമ്മളോട് ചെയ്യരുതെന്ന് നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നാം അവരോടും ചെയ്യരുത്"
ങേ.. ഇതൊരു ബൈബിള്‍ വാക്യം മറിച്ചിട്ടതുപോലെ ഉണ്ടല്ലോ!.. ങാ.. ചിലര്‍ക്ക് കാര്യം മനസ്സിലാകണമെങ്കില്‍ തിരിച്ചുമറിച്ചുപറഞ്ഞു കൊടുക്കേണ്ടിവരും.
"കാലത്തിനു കലിയിളകി.. ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ ജീവിതം അസാദ്ധ്യമായിത്തുടങ്ങി എന്നൊക്കെ പുലമ്പുന്നതിനുംമുമ്പ് തന്‍റെ പൂര്‍വ്വികരിലേക്കൊന്നു തിരിഞ്ഞുനോക്കുക.. ഒടുവില്‍ തന്നിലേക്കും... മനുഷ്യാ.. കലിയിളകിയിരിക്കുന്നത് കാലത്തിനല്ലാ നിനക്കാണ്.."
ഹോ... കൊള്ളാലോ!.. ഓരോന്നിലും വായനക്കാര്‍ ഒരുപാട് ഇഷ്ടങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
നിസ്വാര്‍ത്ഥമായ സ്നേഹം തേടിയലയുന്ന ഒരു സഞ്ചാരി.. അല്ലെങ്കില്‍ സ്നേഹത്തിന്‍റെ സ്വഗ്രാഹ്യമായ തലങ്ങളെ സമൂഹത്തിന് വിശദീകരിച്ചുകൊടുക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു സദ്ഗുരു.. അതുമല്ലെങ്കില്‍ സ്വാര്‍ത്ഥത വെടിയാനായി ജനങ്ങളെ ആഹ്വാനം ചെയ്യാന്‍ അത്യുന്നതങ്ങളില്‍നിന്നും അയക്കപ്പെട്ട ഒരു പ്രവാചകന്‍...
അടുത്തമാസമാണ് അവധിക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നത്. തിരക്കുപിടിച്ച ആ ദിവസങ്ങള്‍ക്കിടയിലെ രണ്ടുദിവസം ഈ മഹാനുഭാവനെക്കുറിച്ച് അറിയാനുള്ള യാത്രകള്‍ക്കുവേണ്ടി ഇപ്പോഴേ ബ്ലോക്ക് ചെയ്തിടാം.
യാത്രയുടെ തുടക്കംമുതലേയുള്ള യാത്രക്കാരനായതുകൊണ്ടും തനിക്കാ നാട് പരിചിതമല്ലെന്നു മനസ്സിലാക്കിയതുകൊണ്ടുമാവാം സ്റ്റോപ്പില്ലാത്തിടത്ത് വണ്ടി നിറുത്തിത്തരാനുള്ള മണിയടിക്കാന്‍ മനസ്സില്ലാമനസ്സോടെ ബസ്സ്‌കണ്ടക്ട്ടര്‍ തയ്യാറായത്.
എപ്പോഴും ജഗ്ഗുവേട്ടാ... എന്ന് വിളിച്ച് 'പീജെ പോസ്റ്റുകളില്‍' കമന്റ് ഇടാറുള്ള ഹാഷിം കാച്ചില്‍ക്കോടന്‍ പറഞ്ഞതാണ് ഹൈവേയിലെ പതിനെട്ടാം മൈലില്‍ ഉള്ള വലിയ ആല്‍മരത്തിന്റെ അടുത്തുനിന്നും ഇടത്തോട്ടുപോകുന്ന ഇടവഴി ചെന്നെത്തുന്നിടത്താണ് 'പീജെ"യുടെ താമസമെന്ന്. പക്ഷേ, പണ്ടെപ്പോഴോ ഒരിക്കല്‍ ചാറ്റില്‍ ഹാഷിമിനോട് ജഗന്നാഥന്‍ പറഞ്ഞിരുന്നത് അയാള്‍ ഓര്‍ത്തെടുത്തതല്ലാതെ അയാളും ആ വഴിക്ക് ഇതേവരെ പോയിട്ടില്ല. ഭാഗ്യത്തിന് സൂചനകള്‍ വച്ച് വിശദീകരിച്ചപ്പോള്‍ കണ്ടക്ട്ടര്‍ക്ക് മനസ്സിലായി.
ഒരു വമ്പന്‍ ആല്‍മരം തന്നേ! നട്ടുച്ചനേരത്തും ചില്ലകള്‍ക്കുതാഴേക്ക് ഇരുട്ടിനെ ആവാഹിച്ചുകൊണ്ടത് പടര്‍ന്നുപന്തലിച്ചുനില്ക്കുന്നു. താഴെയുള്ള ചില വേരുകള്‍ ഇരിപ്പിടസമാനം ഉയര്‍ന്നെഴുന്നുനില്ക്കുന്നു. ഹാഷിം അറിയിച്ചിരുന്നതുപോലെ ഇടത്തോട്ട് ഒരിടവഴി പുറപ്പെടുന്നുണ്ടെങ്കിലും കാടുംപടലവും പിടിച്ച് സഞ്ചാരയോഗ്യമല്ലാത്ത രീതിയിലാണത് കിടക്കുന്നത്.
പരിസരവാസികള്‍ ആരെങ്കിലും ഇതുവഴി വരാതിരിക്കില്ല.
ആല്‍മരഛായയില്‍ ഒരല്പനേരം.... .
സൈക്കിളില്‍ പനംനൊങ്ക് കയറ്റിവന്നയാളെ കൈകാണിച്ചുനിറുത്തി. കഥാനായകനെക്കുറിച്ച് അയാള്‍ക്ക്‌ യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. കൂടുതലൊന്നും കേള്‍ക്കാനോ പറയാനോ ഉള്ള സന്മനസ്സ് കാണിക്കാതെ തിടുക്കത്തില്‍ അയാള്‍ സൈക്കിള്‍ ചവിട്ടി പോയി.
"മനുഷ്യര്‍... സ്വാര്‍ത്ഥതയെന്ന ഇന്ധനമുപയോഗിച്ച് ആത്യന്തികലക്ഷ്യമായ മരണത്തെ പുല്‍കാനായി നെട്ടോട്ടമോടുന്ന ഭഗ്നാശര്‍!.." ജഗന്നാഥന്‍ പേജില്‍ കുറിച്ച വാക്കുകള്‍ ഓര്‍മ്മവന്നു.
ആല്‍മരത്തിന്‍റെ ചില്ലകളിലിരുന്ന് പലതരത്തിലുള്ള ധാരാളം പക്ഷികള്‍ കലപിലകൂട്ടുന്നുണ്ട്. ജഗന്നാഥനെ ഒരുപക്ഷേ അവയ്ക്ക് സുപരിചിതമായിരുന്നിരിക്കണം. ഈ ആല്‍മരത്തണലില്‍ ഇരുന്നായിരിക്കാം തന്‍റെ ആണ്‍ഡ്രോയ്ഡിലൂടെ അദ്ദേഹം ലോകത്തോട്‌ സംവദിച്ചിരുന്നിരിക്കുക.
പിന്നീടാരുമതുവഴി വന്നില്ല. ചെടികള്‍ വകഞ്ഞുമാറ്റിക്കൊണ്ട് ആ ഇടവഴിയിലൂടെ രണ്ടുംകല്‍പ്പിച്ച് നടന്നു.
അല്പദൂരം ചെന്നപ്പോള്‍ മെത്തവിരിച്ചപോലെ പരന്നുകിടക്കുന്ന ഒരു കരിമ്പാറ. അതിലേക്ക് തണല്‍ വീഴ്ത്തിക്കൊണ്ട്‌ പാര്‍ശ്വങ്ങളില്‍ ചില മരങ്ങള്‍ നില്ക്കുന്നു. ഇത്തിരിനേരം അതില്‍ നീണ്ടുനിവര്‍ന്നുകിടക്കാനാണ് തോന്നിയത്. കാട്ടുപൂക്കളുടേയും കശുമാങ്ങയുടേയും ഗന്ധം പേറിവരുന്ന കാറ്റിനൊരു ഉന്മാദഭാവം.. നല്ല സുഖം തോന്നി.
വീണ്ടും ഏകദേശം ഒന്നരകിലോമീറ്റര്‍ താണ്ടിയപ്പോള്‍ പാത അവസാനിക്കാന്‍ പോകുന്നതായി തോന്നി. താമസിയാതെ ലക്ഷ്യത്തിലേക്ക് എത്താന്‍ പോകുന്നു... ഹൃദയമിടിപ്പിന് വേഗം കൂടി.
പ്രതീക്ഷ തെറ്റിയില്ല. ഒരു ചെറിയ കൂര. ചാണകം മെഴുകിയ ഉമ്മറത്ത് പണ്ടെങ്ങോ അടുപ്പുകല്ലുകള്‍ കൂട്ടി വിറകെരിയിച്ചതിന്‍റെ അവശിഷ്ടങ്ങള്‍. ഞെളുങ്ങിയ ചില തകരപ്പാത്രങ്ങള്‍ അങ്ങുമിങ്ങും ചിതറിക്കിടക്കുന്നു. ഓലകൊണ്ടും പനംപട്ടകൊണ്ടും മേഞ്ഞ കുടിലിന്‍റെ മേല്ക്കൂര ദ്രവിച്ച വിടവുകളിലൂടെ സൂര്യപ്രകാശം തറയില്‍ സുവര്‍ണ്ണവൃത്തങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു.
തുരുമ്പുപിടിച്ചുതുടങ്ങിയ ഇരുമ്പുകട്ടിലിനടിയില്‍ വിശ്രമിച്ചിരുന്ന ഒരു കാട്ടുപൂച്ച പെട്ടെന്ന് ചാടിയോടിയപ്പോള്‍ ഹൃദയത്തില്‍ പരിഭ്രാന്തിയുടെ കൊള്ളിയാന്‍ മിന്നി.
ഇവിടെത്തന്നെയായിരുന്നിരിക്കുമോ ആയിരക്കണക്കിന് ആരാധകരുണ്ടായിരുന്ന ശ്രീ. പി ജെയുടെ വാസസ്ഥലം?!
മുറിയുടെയൊരു മൂലയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം, മുട്ടത്തു വര്‍ക്കിയുടെ അക്കരപ്പച്ച, എസ്.കെ.യുടെ ഒരു ദേശത്തിന്റെ കഥ, ഡോ. സാലിം അലിയുടെ ദി ഫാള്‍ ഓഫ് എ സ്പാരോ.. തുടങ്ങിയ പരിചിതങ്ങളും അപരിചിതങ്ങളുമായ കുറേ പുസ്തകങ്ങള്‍ പൊടിയില്‍ പുതഞ്ഞ് ചിതറിക്കിടക്കുന്നു.... അതേ.. ഇപ്പോഴുറപ്പിക്കാം.. താന്‍ അന്വേഷിച്ചുന്ന ആ സ്ഥലം ഇതുതന്നേ.
"എനിക്കറിയാം ഒരിക്കല്‍ നീയിവിടെ എന്നെത്തേടിയെത്തുമെന്ന്... "
ഘനഗംഭീരമായൊരു സ്വരം കാതുകളെ പ്രകമ്പനംകൊള്ളിച്ചപോലെ.
"ങേ!!!!!!!!!!!!!....... " സ്തംഭിച്ചുനിന്നുപോയി...
കളിമണ്ണ് കൊണ്ട് മെഴുകിയ ചുവന്ന ചുമരുകളില്‍ അതാ ജഗന്നാഥന്‍റെ മുഖം തെളിഞ്ഞുവരുന്നു. ഊശാന്‍താടിയും വിശാലമായ നെറ്റിയും ഉയര്‍ന്നുനില്ക്കുന്ന നാസികയും മാസ്മരികമായ ആ കണ്ണുകളും!...
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവശ്വസനീയമായ നിമിഷങ്ങള്‍ക്കടിമയായതുപോലെ അടിമയെപ്പോലെ അല്പനേരം.....
ചുണ്ടുകള്‍ അനക്കിയും പുരികങ്ങള്‍ ചുളിച്ചും ആ രൂപം എന്തൊക്കെയോ തന്നോട് സംവദിക്കുന്നുണ്ട്.. പക്ഷേ വ്യക്തമായി ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. അല്പനേരത്തിനുശേഷം അറബിക്കഥകളിലെ ജിന്നിനെപ്പോലെ ആ രൂപം ആ ചുവന്ന ചുമരില്‍ അലിഞ്ഞുചേര്‍ന്ന് മാഞ്ഞുപോയി.
അധികനേരം ഇനിയുമിവിടെ ചിലവഴിക്കാനുള്ള ത്രാണിയില്ലാ. ആ മുറ്റത്തുനിന്നും ഒരുപിടി മണ്ണ് വാരിയെടുത്തുകൊണ്ട് ഇറങ്ങിനടന്നു.
ആരായിരുന്നു പി.ജെ. ജഗന്നാഥന്‍? അദ്ദേഹത്തിന്‍റെ ജീവചരിത്രം? ജീവിതലക്‌ഷ്യം?....
പാദങ്ങള്‍ വേഗത്തില്‍ മുന്നോട്ടുചലിച്ചു.. അതിനേക്കാള്‍ അനേകമിരട്ടി വേഗത്തില്‍ ചിന്തകളും...
"തുടക്കത്തില്‍ ഓരോ മനുഷ്യജീവിയുടേയും മനസ്സിലൊരു പൊതുചിന്തയുണ്ടായിരിക്കും.. ഈ ഭൂമിയെനിക്കു സ്വന്തം.... അതിലെ സര്‍വ്വവും തനിക്കവകാശപ്പെട്ടത്‌.. പിന്നീട് സങ്കുചിതവത്ക്കരിക്കപ്പെടുന്ന ചിന്തയുടെ സ്വത്വം തേടിയുള്ള പാച്ചിലായി.. ഭൂഗോളത്തില്‍നിന്നും അനുക്രമം തന്‍റെ ഭൂഖണ്ഡത്തിലേക്കും രാജ്യത്തിലേക്കും സംസ്ഥാനത്തിലേക്കും ജില്ലയിലേക്കും പഞ്ചായത്തിലേക്കും സ്വകുടുംബത്തിലേക്കും താനായിരിക്കുന്നിടത്തേക്കും ഒടുവില്‍ താന്‍ത്തന്നിലേക്കും ഒരു ഉല്‍ക്കപോലെ അത് പാഞ്ഞുവന്നു തറക്കുന്ന നിമിഷത്തില്‍ ഒരുപിടി പൊടിയായി അവര്‍ മാറുന്നു."
ജഗന്നാഥന്‍റെ വാക്യങ്ങള്‍ അവിടെമുഴങ്ങുന്നുവോ?..
മുറിയില്‍നിന്നും പുറത്തേക്കുപാഞ്ഞുപോയിരുന്ന ആ കാട്ടുപൂച്ച വഴിയരുകിലെ കശുമാവിന്‍റെ താഴ്ന്നശിഖരത്തിലിരുന്ന് തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.
- ജോയ് ഗുരുവായൂര്‍

1 comment:

  1. സ്വപ്നം കണ്ടത്‌ പോലെ ഒരു വായന.

    ReplyDelete