Monday, August 15, 2016

സ്വയം കണ്ടെത്താന്‍ പാടുപെടുന്നവര്‍

"കോനോ?.. ആപ് ബാഹര്‍ ലഡ്ക്കായാ ഹുവ ബോര്‍ഡ് ദേഖാ നഹി ക്യാ? വിസിറ്റേര്‍സ് ടൈം ഛെ ബജേ തക് ഹി ഹൈ.. പ്ലീസ്.. ആപ് കല്‍ ആയിയേഗാ.."
"ബഹന്ജീ.. മേ കേരള്‍ സെ, യാനീ ടെസ്സാമിസ്സ്‌ കി ഗാംവ് സെ ആരഹാ ഹൂം..ഉന്‍സെ ഥോടാ സരൂരി ബാത്ത് കര്‍നാ ഥാ..ബസ് സിര്‍ഫ്‌ ദോ മിനിറ്റ് ചാഹിയേ.. പ്ലീസ്.. ആപ് ഉസ്കോ സരാ ബുലായിയേഗാ"
'ഭാഗ്യം ആ സ്ത്രീ സമ്മതിച്ച മട്ടാണ്. അല്പം കൂടി വൈകിയിരുന്നെങ്കില്‍ ഇന്ന് ടെസ്സയെ കാണാന്‍ സാധിക്കുമായിരുന്നില്ല. ഹോ.. മുടിഞ്ഞ തണുപ്പ്.. വേനല്‍ക്കാലത്തെ എതിരേല്‍ക്കാന്‍ ഗ്വാളിയറിലെ പ്രകൃതിക്ക് ഇനിയും വിമുഖതയോ?'
കന്യാസ്ത്രീ മഠത്തിന്‍റെ മുന്നിലുള്ള ചെറിയ പൂന്തോട്ടത്തിലെ സിമന്‍റ് ബഞ്ചില്‍ മനോജ്‌ ഷാള്‍ പുതച്ച് ഇരുന്നു. അന്നത്തെ അലച്ചില്‍ നിറുത്തി അരികിലുള്ള മരങ്ങളില്‍ ചേക്കേറുന്ന ചെറുകിളികളുടെ കലകലാരവം.
"മനൂ.... മനുവല്ലേ?.. " തിരിഞ്ഞുനോക്കുമ്പോള്‍ തലവഴി സാരി വലിച്ചിട്ട് ഒരു സ്ത്രീ രൂപം വരാന്തയില്‍ നില്ക്കുന്നു.
"ടെസ്സാ..." അവന്‍ ആര്‍ദ്രമായി വിളിച്ചു.
"ങ്ങും... " പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പ്രതിവചിച്ചു.
"നീ പ്രതീക്ഷിച്ചിരുന്നോ എന്നെങ്കിലുമെന്നെയിവിടെ?.."
"ങ്ങും.. എന്നെങ്കിലുമൊരിക്കല്‍ നീയിവിടെ വരുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു.. നമുക്കങ്ങനെ മറക്കാനാവില്ലല്ലോ.. പക്ഷേ എന്തിനാണ് മനൂ ഇത്രയും കാലങ്ങള്‍ക്ക് ശേഷം നീയിവിടെയിപ്പോ എന്നെ കാണാന്‍ വന്നത്?.. നിന്‍റെ ജീവിതം നശിപ്പിച്ചവളല്ലേ ഞാന്‍?!"
"ടെസ്സാ.. അതൊക്കെ പോട്ടേ.. നിന്നോടെനിക്ക് യാതൊരു വിരോധവുമില്ല. മനസ്സൊരുപാട് വേദനിച്ചിരുന്നുവെന്നത് സത്യം. നിനക്ക് സുഖല്ലേ..?"
"ങ്ങും.. മനൂ.. എന്നോട് ക്ഷമിക്കണേ.. എനിക്കറിയാം മനുവെന്നോട് ക്ഷമിക്കുമെന്ന്.. ഈ ലോകത്തില്‍ എന്നെ മനസ്സിലാക്കിയ ഒരേയൊരു വ്യക്തി നീയായിരുന്നല്ലോ.. മുന്‍പോരോ തവണയും ഞാന്‍ പറഞ്ഞ ആയിരക്കണക്കിന് സോറികളൊക്കെയും സ്വീകരിച്ചിരുന്നവനല്ലേ നീ.... " ടെസ്സ കണ്ണുകള്‍ തുടച്ചു.
"ഛെ.. ടെസ്സാ.. എന്തായിത്... വല്ലോരും കാണും... മുകളില്‍നിന്നും കന്യാസ്ത്രീകള്‍ നോക്കുന്നുണ്ടായിരിക്കും "
"ഇല്ല മനൂ.. അവരൊക്കെ ഫൊറോനാപ്പള്ളിയിലേക്ക് ധ്യാനത്തിനു പോയിരിക്കുവാ.. വരാനൊരു പത്തുമണിയെങ്കിലുമാവും.. ഇവിടെയിപ്പോ അടുക്കളയിലെ ചേടത്തിമാരും വയസ്സായി കിടപ്പിലായ ഒരു സിസ്റ്ററും ഞാനും മാത്രമേയുള്ളൂ.. തല്ക്കാലത്തേക്ക് ഞാനാണ് ഇവിടത്തെ മേധാവി..."
"ഹോഹോഹോ.. നിന്‍റെ പൊങ്ങച്ചം പറച്ചിലിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലാല്ലേ?... ഹ ഹ ഹ "
"ഹ ഹ ഹ... മനൂ... എല്ലാ ദുഖങ്ങളും മറന്ന് ഞാന്‍ ചിരിച്ചിട്ടുള്ളതും, എന്‍റെ പ്രശ്നങ്ങളെല്ലാം ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതും നിന്‍റെ മുന്നിലായിരുന്നില്ലേ?.. ഒരിക്കല്‍പ്പോലും നീയതില്‍ വിരസത കാണിച്ചിരുന്നുമില്ല. എന്നോട് പൊറുക്കണേ മനൂ... വിരോധമില്ലെങ്കില്‍ നിന്റെയരികില്‍ ഞാനൊന്നിരുന്നോട്ടേ? " വീണ്ടുമവള്‍ സാരിത്തലകൊണ്ടു കണ്ണുനീര്‍ ഒപ്പി.
"ഹോ മൈ ഗോഡ്.. എന്തായിത് ടെസ്സാ?.. നിന്‍റെയീ കരച്ചില്‍ കാണുമ്പോള്‍ എനിക്ക് ഉടനേത്തന്നെ ആ പഴയ മനുവാകേണ്ടിവരുമെന്നാണ് തോന്നുന്നത്.. നിന്‍റെയോരോരോ ഭ്രാന്തുകളും ഒതുക്കാന്‍ ഞാനുപയോഗിച്ചിരുന്ന മിസൈലുകളുടെ ഭണ്ഡാരപ്പെട്ടി ഇവിടെ ഞാന്‍ തുറക്കണോ?... ഹ ഹ ഹ ":
"അയ്യോ.. വേണ്ടാ പൊന്നേ.. നോം നിറുത്തീ.. പിന്നെ മനൂ എന്താണ് വിശേഷങ്ങള്‍? വളരെനാളായി നിന്നെക്കുറിച്ചു യാതോന്നുമെനിക്ക് അറിയില്ലെങ്കിലും എന്നെക്കുറിച്ചെല്ലാം നീയറിയുന്നുണ്ടായിരിക്കുമെന്നൊരു തോന്നലെനിക്കുണ്ടായിരുന്നു. കാരണം, എന്നെ നിനക്കത്രമാത്രം പ്രിയമായിരുന്നെന്ന് എനിക്കറിയാം"
അവന്‍ എഴുന്നേറ്റ് ടെസ്സയെ പിടിച്ച് അടുത്തിരുത്തി. അവളുടെ കൈത്തണ്ടയിലെ നനുത്ത രോമരാജികള്‍ കൈത്തണ്ടയിലുരഞ്ഞപ്പോള്‍ അവന്‍ വികാരാര്‍ദ്രമായി അവളുടെ കണ്ണുകളിലേക്കു നോക്കി.
"എന്‍റെ ജീവിതത്തിലെനിക്കു സംഭവിച്ച ഏറ്റവും വലിയ ദുരന്തം ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയിരുന്ന നമ്മുടെയാ പിരിയലായിരുന്നു. നമുക്ക് രണ്ടിനും ഭ്രാന്തായിരുന്നെടാ... നല്ല മുഴുത്ത ഭ്രാന്ത്... എന്തുകാര്യത്തിനായിരുന്നു അതൊക്കെ?... രണ്ടുമാസത്തോളം ഞാന്‍ ഓഫീസില്‍ പോയില്ല. അവരെന്നെ ഡീപ്രൊമോട്ട് ചെയ്തു. ആ വാശിയില്‍ ഞാന്‍ ജോലി രാജി വച്ചു. അതിനിടയില്‍ നിന്നെയുമായുള്ള എന്റെയടുപ്പം അറിയാമായിരുന്ന ഏകവ്യക്തി, ആ ഷിനോജ് അപ്രതീക്ഷിതമായി ഒരു പാര വച്ചു. നിന്നെയുമായുള്ള എന്‍റെ ബന്ധം തകര്‍ന്നതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് അവന്‍ കാതറീനോട്‌ പറഞ്ഞു."
"അയ്യോ... എന്നിട്ട്?... ഞാന്‍ പണ്ടേ പറഞ്ഞിരുന്നതാ അവനത്ര നല്ല പാര്‍ട്ടിയൊന്നുമല്ലായെന്ന്.. എന്നിട്ട് കാതറീന്‍?..."
"അവന്‍ പറഞ്ഞതിലും കാര്യമില്ലാതില്ലല്ലോ?.. അവളെന്നോട് ഏതുസമയവും വക്കീല്‍ ചമഞ്ഞ് ക്രോസ് വിസ്താരങ്ങള്‍ തുടങ്ങി. വിവാഹേതരബന്ധത്തിലായിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തെ സമൂഹം ഏതൊക്കെ കണ്ണുകളില്‍ക്കൂടിയാണ് നോക്കുകയെന്നു നിനക്കറിയാലോ.."
"ഹും.."
"വല്ലാത്തൊരു നഷ്ടബോധത്തിന്റെ ചുഴിയിലായിരുന്ന ഞാനും അവളോട്‌ പൊട്ടിത്തെറിച്ചു. അവളുടെ ആ പഴയ കാമുകനുണ്ടല്ലോ ആ ശ്യാം ജോര്‍ജ്.. ഇപ്പോഴുമിടയ്ക്കിടെ അവനവളെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നതിനേക്കുറിച്ചും അവളുടെ ചേട്ടന്‍റെ കൂടെ ഇടയ്ക്കിടെ വീട്ടിലേക്കു വരുന്നതിനേക്കുറിച്ചുമൊക്കെ പറഞ്ഞ് ഞാനുമവളെ അസ്സലായങ്ങ് ചൊറിഞ്ഞു."
"ഹോ.. ചൊറിയാന്‍പ്പിന്നെ ഇവിടുത്തെക്കഴിഞ്ഞല്ലേ മറ്റൊരാളുള്ളൂ... എന്നിട്ട്?.. "
"നീയെന്റേന്നിപ്പോ വാങ്ങും ചുമ്മാതിരുന്നോ... ങാ.. അവസാനം അവളുടെ ചേട്ടനും തന്തയുമൊക്കെ ഇടപെട്ടു പ്രശ്നം കൂടുതല്‍ വഷളാക്കി. ഞാനിനി ഒരു ദിവസം പോലും നാട്ടില്‍ നില്ക്കാന്‍ പാടില്ലാ, ഇന്തോനേഷ്യയിലുള്ള അവളുടെ പപ്പയുടെ മരക്കമ്പനിയിനിമുതല്‍ ഞാന്‍ നോക്കിനടത്തണം പോലും. പിന്നേ... എന്‍റെ പട്ടിപോകും അവര്‍ക്കടിമപ്പണി ചെയ്യാന്‍.."
"കാതറീന്‍ അതിനെതിരെ ഒന്നും പറഞ്ഞില്ലേ?"
"ഞാന്‍ ജോലി രാജി വച്ചത് തന്നെ അവള്‍ക്കു തീരേ പിടിച്ചിരുന്നില്ല. അവളുടെ വാദങ്ങള്‍ കേട്ടാല്‍ എന്നെ എത്രയും പെട്ടെന്ന് ഇന്തോനേഷ്യയിലേക്ക് പാക്ക് ചെയ്യാന്‍ അവരേക്കാളൊക്കെ ധൃതി അവള്‍ക്കാണെന്നു തോന്നുമായിരുന്നു. സംസാരത്തിനിടയില്‍ അവളുടെ ചേട്ടനൊരിക്കല്‍ നിന്നെപ്പറ്റി വളരെ മോശമായി ചിത്രീകരിച്ചതെനിക്കു ക്ഷമിക്കാന്‍ സാധിച്ചില്ല. കൊടുത്തൂ.. മോന്തക്കുനോക്കി  നാലഞ്ചെണ്ണം. അയാളെയവര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. രണ്ടുമൂന്നു പല്ലുകള്‍ കൊഴിഞ്ഞുപോലും."
"അയ്യോ മനൂ.. എനിക്കാണ് ഭ്രാന്തെന്നു പറഞ്ഞിരുന്ന നീയും ഇങ്ങനെയൊക്കെ ചെയ്യുമ്പോഴോ ?...."
"കാതറീനെക്കൊണ്ട് അവര്‍ ഡൈവോര്‍സ് നോട്ടീസ് കൊടുപ്പിച്ചു. കൂടാതെ അവരുടെവക പോലീസ് കേസും. എന്‍റെ സുഹൃത്ത് അഡ്വക്കേറ്റ് സാംകുട്ടി തക്കസമയത്ത് എന്നെ സഹായിച്ചു സംഗതികള്‍ എല്ലാം വേണ്ടപോലെ നടത്തിത്തന്നു."
"ഹോ... സാംകുട്ടി.. അയാളുടെ പേരേ എനിക്ക് കേള്‍ക്കേണ്ടാ.. പുള്ളിയാണ് നിന്നെ നശിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പുന്നാര സുഹൃത്ത്.. കള്ളുടിയന്‍.. ഹും.. എന്നിട്ടെന്തായി"
"എന്നിട്ടെന്തുണ്ടാവാന്‍.. ഡൈവോര്‍സ് പാസ്സായി.. അവളുടെ കൂടെപ്പോകാന്‍ ഒരുകാരണവശാലും കുട്ടികള്‍ തയ്യാറായിരുന്നില്ല. അത്രയ്ക്ക് സ്നേഹവും കെയറുമായിരുന്നല്ലോ അവളവര്‍ക്ക് കൊടുത്തിരുന്നത്. ഒരമ്മയുടെ സ്നേഹം ഒരര്‍ത്ഥത്തിലും അവര്‍ക്ക് ലഭിച്ചിരുന്നില്ലാ. എന്‍റെ ടെസ്സാ, കല്യാണം കഴിഞ്ഞ് ഇത്രയും കാലത്തിനിടയില്‍ എന്തെങ്കിലുമൊരു സമാധാനം അവളെനിക്ക്‌ തന്നിട്ടുണ്ടോ? ഏതുനേരവും അവളുടെ തന്തയുടേയും ചേട്ടന്റെയും പൊങ്ങച്ചങ്ങള്‍ പറഞ്ഞ് എന്നെ പരിഹസിക്കുവാനല്ലാതെ മറ്റൊന്നും അവള്‍ക്കു കഴിയുമായിരുന്നില്ല. എന്തിനാണാവോ അവരവളെ എനിക്ക് കെട്ടിച്ചുതന്നത്. അവള്‍ക്കവരെയും കെട്ടിപ്പിടിച്ചങ്ങിരുന്നാല്‍ മതിയായിരുന്നല്ലോ.. ശവം.."
"എന്നിട്ട് കുട്ടികളിപ്പോള്‍?... "
"അവര്‍ ബാംഗളൂരിലുണ്ട്. ഒരു സുഹൃത്തുവഴി അവിടത്തെ സൈനിക സ്കൂളില്‍ അഡ്മിഷന്‍ ശരിയാക്കി.. അവിടെ ഹോസ്റ്റലിലാ. ഇടയ്ക്ക് പോയി കാണും."
"കാതറീന്‍?.."
"ടെസ്സാ.. എന്നോടുള്ള വാശി തീര്‍ക്കാനെന്നപോലെ ഒരു മാസത്തിനുള്ളില്‍ത്തന്നെ അവള്‍ അവളുടെ ചേട്ടന്‍റെ ഉറ്റ സുഹൃത്തുമായിരുന്ന ആ പഴയ കാമുകനെ കല്യാണം കഴിച്ചു. ഇപ്പോളവര്‍ ഓസ്‌ട്രേലിയയിലാണെന്നു കേട്ടു.. അവന്‍റെ കഷ്ടകാലം തുടങ്ങിയെന്നല്ലാതെയെന്തു പറയാന്‍... ഹ ഹ ഹ ഹ"
"കഷ്ടം... മനൂ.. എന്നോട് ക്ഷമിക്കെടാ.. നമ്മുടെ രണ്ടുപേരുടേയും മുന്‍ശുണ്ഠിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്‌. എന്‍റെ ചേച്ചിമാരുടെ അവസ്ഥ കണ്ട് ഒരു കുടുംബജീവിതംവരെ വേണ്ടായെന്നുവച്ചവളായിരുന്നില്ലേ ഞാന്‍? എങ്ങനെയോ കണ്ടുമുട്ടിയ നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പതിയേ എന്‍റെ സങ്കല്‍പ്പങ്ങളിലെ ഒരു ഭര്‍ത്താവായി എന്‍റെ മനസ്സില്‍ നീ വളര്‍ന്നു. സ്ത്രീകളുടെ കുഴപ്പം അതാണ്‌. പോസ്സസീവ്നസ്.. ആണ്‍പെണ്‍ഭേദമെന്യേ നിന്നെയുമായി മറ്റാരും ബന്ധപ്പെടുന്നത് സഹിക്കാനെനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടായിരുന്നു നിസ്സാരകാര്യങ്ങള്‍ക്ക് വരെ നിന്നോട് വഴക്കുകൂടാനും നിന്നെ സംശയിക്കാനും എനിക്ക് തോന്നിയിരുന്നത്. ഇപ്പോഴെനിക്ക്‌ എല്ലാം മനസ്സിലായി.. പാവം നിന്നെ ഞാന്‍ എത്രയോ പ്രാവശ്യം അനാവശ്യമായി പീഡിപ്പിച്ചു. സോറി.. സോറി.. സോറി.."
"ടെസ്സാ.. എനിക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിയും. ചിലപ്പോഴൊക്കെ എന്‍റെ മനസ്സിനും നീയൊരു ഭാര്യപോലെത്തന്നെയായിരുന്നു. ശാരീരികമായി ഉണ്ടാകുന്ന ബന്ധം മാത്രമല്ലല്ലോ വ്യക്തികളെ ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നത്. സ്നേഹം, കെയര്‍, വിശ്വാസം, ബഹുമാനം ഇതെല്ലാമാണ് പ്രധാനമായും യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരെ വാര്‍ത്തെടുക്കുന്നത്.
"ശരിയാണ് മനൂ..."
"വിവാഹിതനായ ഒരു പുരുഷന്‍ സ്വാഭാവികമായും ഭാര്യയുടേതായ സ്നേഹവാത്സല്യങ്ങളും കെയറും ബഹുമാനവും പ്രതീക്ഷിക്കും. എനിക്ക് അവയൊന്നും ഒരിറ്റുപോലും കിട്ടാതെവന്നപ്പോഴായിരിക്കും സ്വാഭാവികമായും നിന്നിലൊരു ഭാര്യയൊളിച്ചിരിക്കുന്നതായി എന്‍റെ മനസ്സ് കണ്ടെത്തിയിരിക്കുക. ഒരിക്കലുമൊരുമിച്ചൊരു ജീവിതം സാദ്ധ്യമാകില്ലായെന്നറിഞ്ഞുകൊണ്ടുതന്നേ..
"നമ്മള്‍ അതിരുകടക്കരുതായിരുന്നു മനൂ... ഛെ.. അതോണ്ടിപ്പോ എന്തോക്കെയുണ്ടായി.. കഷ്ടമായിപ്പോയി"
ഹും.. നടക്കാനുള്ളത് എന്നായാലും നടക്കും ടെസ്സാ.. അല്ലെങ്കിലും എന്നെയൊരു ഭര്‍ത്താവായി കാണാന്‍ അവള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ലാ. അതൊക്കെ പോട്ടേ... ടെസ്സാ നീയിവിടെയീ ഗ്വാളിയറിലെങ്ങനെയെത്തി?"
"മനൂ.. അപ്പച്ചന്റെ മൂത്ത ചേച്ചി ഈ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷമാണ് അമ്മായി മരണപ്പെട്ടത്. നീ ദേഷ്യപ്പെട്ട് പോയതില്‍പ്പിന്നെ എന്‍റെ മാനസികനിലയാകെ തെറ്റിയിരുന്നു. മറ്റാരും ശ്രദ്ധിക്കപ്പെടും മുമ്പ് അവരെന്നെ ഇവിടേക്ക് മാറ്റി. ആറേഴു മാസത്തോളം കന്യാസ്ത്രീകള്‍ നടത്തുന്ന ഭ്രാന്താലയത്തിലായിരുന്നു ഞാന്‍. എന്നോട് ക്ഷമിക്കെടാ.. നീ പറഞ്ഞിരുന്നത് സത്യമായിരുന്നു. സത്യമായും എനിക്ക് ഡിപ്രഷനായിരുന്നു. നിന്നെ നഷ്ടപ്പെടുമോ എന്നുള്ള ഭീതിയെന്നെ അനുനിമിഷം വേട്ടയാടിക്കൊണ്ടിരുന്നു. അതാണ്‌ കുഴപ്പങ്ങളുണ്ടാക്കിയത്"
"ടെസ്സാ... ഒന്നുനിറുത്തൂ... മതിയതൊക്കെ പറഞ്ഞത്.... വീണ്ടുമെനിക്ക് ദേഷ്യം വരുമേ... വേണോയിനിയും വഴക്ക്? "
"പ്ലീസ്.. ഒന്ന് കേള്‍ക്കൂ മനൂ.. സത്യത്തില്‍ നിന്നെപ്പോലെയൊരാളെ ഈ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ലാ. ഇപ്പോ ഞാനെല്ലാം മനസ്സിലാക്കുന്നു. എന്നോടൊന്നു ക്ഷമിക്കെടാ പ്ലീസ്... ബി.എഡ് ഉണ്ടായിരുന്നതുകൊണ്ട് സിസ്റ്ററമ്മായി എന്നെ ഈ മഠം നടത്തുന്ന സ്കൂളിലെ ടീച്ചറാക്കി നിയമിച്ചു. പിന്നേ, ഇവിടെ ബോര്‍ഡിങ്ങില്‍ സുരക്ഷിതമായി താമസിക്കുകയും ചെയ്യാമല്ലോ"
"എന്നിട്ട് നിന്‍റെ ഭ്രാന്തൊക്കെയിപ്പോ മാറിയെന്നാണോ നീ പറഞ്ഞുവരുന്നത്?!.. ദേ..യിപ്പോള്‍ത്തന്നെ ആ ധാരണ തെറ്റാണെന്ന് നിന്‍റെ സംസാരത്തില്‍ നിന്നും തെളിയുന്നു... ഹ ഹ ഹ "
"മനൂട്ടാ... ഡാ.. പോട്ടേടാ... ഇത്രയ്ക്കെങ്കിലും ഭ്രാന്തില്ലെങ്കില്‍ എന്നെ വല്ലതിനും കൊള്ളുമോടാ.. ഞാനിനിയൊരിക്കലും നിന്നോട് വഴക്കിനു വരില്ലാ... നീ സുഖമായിരുന്നാല്‍ മാത്രം മതി. നമ്മള്‍ത്തമ്മിലൊരു ജീവിതം വിധിച്ചിട്ടില്ലായെന്നു എനിക്കറിയാം. ഇനി വഴക്ക് വേണ്ടാ..  മരിക്കുവോളം നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം.."
"പിന്നേ..കോപ്പാ... നീയിതൊക്കെ അവസാനിപ്പിച്ച് എന്‍റെ കൂടെ വരണം.. എനിക്കിപ്പോള്‍ ഭോപ്പാലിലാണ് ജോലി. ഈ ജീവിതത്തില്‍ നമ്മുടെ പ്രായോഗികബുദ്ധിമോശം കൊണ്ടു രണ്ടുപേര്‍ക്കും നഷ്ടപ്പെട്ടിരുന്നതൊക്കേയും ഈ ജീവിത സായാഹ്നത്തിലെങ്കിലും നമുക്ക് നേടിയെടുക്കണം. അത് പറയാനും നിന്നെ കൊണ്ടുപോകാനുമാണ് ഞാന്‍ വന്നത്.
"വേണ്ടാ മനൂ.. ഇനിയുമൊരു ദുരന്തം താങ്ങാനെനിക്കു കഴിവില്ലാ... മനു സുഖമായി ജീവിക്കൂ.. നീ സന്തോഷമായിരിക്കുന്നത് കാണുക. അതുമാത്രമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.."
"എടീ... പുല്ലേ... നീയിനിയുമെന്നെ ദേഷ്യം പിടിപ്പിക്കേണ്ടാ... നീയില്ലെങ്കില്‍ എന്‍റെ ജീവിതത്തിലൊരിക്കലും യാതൊരു സന്തോഷമോ പൂര്‍ണ്ണതയോ ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമൊരു ഭാര്യയുടേയും ഒരമ്മയുടേയും പരിലാളനമറിയാത്ത മൂന്നു ജന്മങ്ങള്‍ക്ക് ഒരു തണലാവാന്‍ നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു."
"മനൂ.. എന്‍റെ കണ്ണാ.. എന്‍റെ ചങ്ക് പൊട്ടുന്നൂ.. ഞാനിപ്പോ അലറിക്കരയുമേ... എനിക്ക് വയ്യാ... "
"നാളെ രാവിലെ ഞാന്‍ വീണ്ടും വരും... നിന്‍റെ കൂടും കുടുക്കയുമെല്ലാമെടുത്ത് റെഡിയായിരുന്നോ.. ഇപ്പോ ഞാനിവിടെ നിന്നാല്‍ ശരിയാവില്ലാ... അപ്പൊ നാളെ കാണാം..." അവളെ ആലിംഗനം ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിച്ച്, അവളുടെ കണ്ണുകള്‍ കൈക്കൊണ്ടു തുടച്ചുകൊണ്ട് മനോജ്‌ തിരിഞ്ഞു നടന്നു.
"ആഹാ... അങ്ങനെയോ... നാളെയിങ്ങു വാ.. ഞാന്‍ ശരിയാക്കിത്തരാം... ഞാനെന്താ കടലാസ്സിന്റെ ആളോ.. ഓടിവന്ന് എന്നെയങ്ങനെ കൊണ്ടുപോകാന്‍..പിന്നേ...  മനൂ... മനൂ... നില്ക്കൂ.. ഡാ.. ഒന്നുനില്ക്കൂ... പ്ലീസ്"
തിരിഞ്ഞുനോക്കിയില്ലാ.. പിറകില്‍നിന്നും കേട്ടിരുന്ന ടെസ്സയുടെ പഴയപോലുള്ള കുറുമ്പുവാക്കുകള്‍ മനുവിന്‍റെ ഹൃദയത്തില്‍ കുളിര്‍ കോരിയിടുന്നുണ്ടായിരുന്നു.
- ജോയ് ഗുരുവായൂര്‍

1 comment:

  1. നല്ല സുന്ദരൻ കഥ.ഇനിയെങ്കിലും അവർ സുഖസമാധാനത്തോടെ ജീവിക്കാനിട വരട്ടെ!!!!

    ReplyDelete