Sunday, August 14, 2016

അന്ത്യാഭിലാഷങ്ങള്‍..

നല്ലൊരു കവിതയെഴുതീടേണം
എഴുതിമടുത്ത, കണ്ടുമടുത്ത,
കൊണ്ടുമടുത്ത കാര്യങ്ങളില്ലാതെ,
വ്യത്യസ്തമാം കവിത............

'മൂക്കുമുട്ടേ'യൊന്ന് ശ്വസിച്ചിടേണം 
പുകമണക്കാത്ത, വിരോധം വരുത്താത്ത,
ശ്വാസനാളങ്ങളില്‍ പറ്റിപ്പിടിക്കാത്ത,
ശുദ്ധമാം വായുവെ..............
ഒരു മനുഷ്യജീവിയെ കണ്ടിടേണം
വഞ്ചനയില്ലാത്ത,  സ്വാര്‍ത്ഥതയില്ലാത്ത,
മുഖപ്രസാദം തുളുമ്പിനിന്നീടുന്ന,
പച്ചയാം മനുഷ്യനെ............... 
മനസ്സ്  തുറന്നൊന്ന് ചിരിച്ചി
ടേണം,
ആശങ്കയില്ലാതെ, ഭയമേതുമില്ലാതെ,
കുറ്റബോധങ്ങള്‍ ലവലേശമില്ലാതെ,
ആഹ്ലാദചിത്തനായ്................
ഒരിറ്റ് വെള്ളം കുടിച്ചിടേണം,
നിറങ്ങളില്ലാത്ത കലര്‍പ്പേതുമില്ലാത്ത,  
മരുന്നുകള്‍ മനംമടുപ്പിച്ചീടാത്ത,
ശുദ്ധമാം തെളിനീര്‍..................

നടുവ് നിവര്‍ന്നൊന്ന്‍ ശയിച്ചിടേണം 
അഴുക്കുപുരളാത്ത, രസങ്ങള്‍ കലരാത്ത,
ചുടുനിണപ്പാടുകള്‍ കളങ്കങ്ങള്‍ ചാര്‍ത്താത്ത,
 
ഭൂമിതന്‍  കൈകളില്‍
..............

- ജോയ്  ഗുരുവായൂര്‍

1 comment: