Friday, September 29, 2017

പ്രിയം എന്ന വികാരംസ്നേഹത്തെയാണോ “പ്രിയം” എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്?... എന്നുള്ള ആശയക്കുഴപ്പം മിക്കവരിലുമുണ്ട്. സ്നേഹവും പ്രണയവും സാഹോദര്യവും അല്ലാ “പ്രിയം”.
ലേഖകന്‍റെ വീക്ഷണത്തില്‍, വ്യക്തികള്‍തമ്മിലുള്ള വൈകാരികബന്ധങ്ങളെ ഉറപ്പിച്ചുനിറുത്തുന്ന ‘സിമന്‍റ്’ ആകുന്നു പ്രിയം.
ബന്ധങ്ങള്‍ക്കിടയിലെ പ്രിയം കുറഞ്ഞുപോയാല്‍ അവയുടെ ഊഷ്മളത നഷ്ടമാകുന്നു. പരസ്പരമുള്ള ബഹുമാനം, ഗൗനിക്കല്‍, പരിചരണം എന്നീ രൂപങ്ങളിലാണ് പ്രിയം വളരുന്നത്‌.
പ്രിയപ്പെട്ട.. എന്നാണ് കത്തുകളിലും പ്രസംഗങ്ങളിലും മിക്കവാറും ജനങ്ങളെ അഭിസംബോധന ചെയ്യപ്പെടുന്നത്. അതായത്, മറ്റുള്ളവരേക്കാള്‍ പ്രത്യേകമായി അടുപ്പമുള്ളവരേ.. (someone special) എന്നാണ് ധ്വനി.
നമ്മുടെ മാനസികവ്യാപാരങ്ങളോട് ഒത്തുപോകുന്ന ഗുണങ്ങള്‍ അപരരില്‍ നാം കണ്ടെത്തുമ്പോളാണ് അവരോടുള്ള പ്രിയം ജനിക്കുന്നത്.
സൗന്ദര്യമുള്ളവരോടും അല്ലാത്തവരോടും നമുക്ക് പ്രിയംതോന്നാം. പ്രിയംതോന്നുന്നവരോട് നേരിടുള്ള ഇടപഴകലിന് ചിലര്‍ ശ്രമിക്കുന്നു. തിരിച്ചും അതേപോലുള്ള പ്രതികരണം ലഭിക്കുന്നതോടെ ആ പ്രിയം സ്നേഹബന്ധങ്ങളിലോ, പ്രണയബന്ധങ്ങളിലോ, സാഹോദര്യബന്ധങ്ങളിലോ അതിനുമപ്പുറത്തുള്ള ചില ബന്ധങ്ങളിലോ പതിയേ കുടിയേറി, അവയെ ശക്തമാക്കുന്നു.
നല്ല അഭിനേതാക്കള്‍, എഴുത്തുകാര്‍, നേതാക്കള്‍ എന്നിവരോടും പ്രിയംതോന്നുക സ്വാഭാവികം. എന്നാല്‍ അവരുമായി നേരിട്ടുള്ള ഒരു ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരക്കാരുടെ പ്രവര്‍ത്തികളോടാണ് നമുക്ക് പ്രിയം തോന്നുന്നത്. വസ്തുക്കളോട് പ്രിയംതോന്നുന്നുവെന്നു പറയുന്നത് തെറ്റാണ്. അവയോടു നമുക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടമാണ് തോന്നുന്നത്. ഉദാഹരണത്തിന്; മസാലദോശ, കുടക്-കാപ്പി എന്നിവയോട്, സാധാരണദോശ, കാപ്പി എന്നിവയേക്കാള്‍ക്കൂടുതല്‍ ഇഷ്ടമാണ് പലര്‍ക്കും. ചിലര്‍ ചെമ്പരത്തിപ്പൂവിനേക്കാള്‍ റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നു.
ചിലരുടെ നമ്മളോടുള്ള ചെയ്തികള്‍ അവരോടുണ്ടായിരുന്ന പ്രിയത്തെ കുറയ്ക്കാം. അധര്‍മ്മത്തിനും അനാശാസ്യങ്ങള്‍ക്കും കൂടെനില്ക്കണമെന്നുപറഞ്ഞാല്‍ ആര്‍ക്കു സാധിക്കും? പ്രിയത്തിനിടയില്‍ സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമില്ലായെന്നു പ്രത്യേകം പറയുന്നു. പ്രിയത്തെ ഒരിക്കലും അതിനായി വളച്ചൊടിക്കാന്‍ സാധിക്കില്ലാ..
സാധാരണന്‍മാരുടെയിടയിലുള്ള ബന്ധങ്ങളില്‍ ഗൗനിക്കല്‍, ഇടമുറിയാത്ത ഇടപഴകലുകള്‍ എന്നിവയിലുണ്ടാകുന്ന കുറവ് പ്രിയക്കുറവുണ്ടാക്കുന്നു. ഒരു വ്യക്തിയോടുള്ള പ്രിയത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ആ വ്യക്തിയില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന സമീപനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സഹോദരിസഹോദരന്മാരില്‍ ചിലരോട് നമുക്ക് മറ്റുള്ളവരേക്കാള്‍ പ്രിയംതോന്നാന്‍ കാരണം നമ്മളിഷ്ടപ്പെടുന്ന രീതിയില്‍ അവര്‍ നമ്മളോട് പെരുമാറുന്നതുകൊണ്ടാണ്. അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളോടും സ്നേഹമായിരിക്കുമെങ്കിലും ചില മക്കളോട് പ്രിയം എറിയിയുമിരിക്കാം. അവര്‍ തങ്ങളെ വേണ്ടരീതിയില്‍ ഗൗനിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണത്.
ഇടയ്ക്കിടെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകൊണ്ടിരിക്കേണ്ടത് പ്രിയം നഷ്ടപ്പെടാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഒരു കാരണവുമില്ലാതെ ഒരു വ്യക്തിയോട് അവഗണന കാണിച്ചാല്‍, സ്വാഭാവികമായും ആ വ്യക്തിക്ക് നമ്മളോടുള്ള പ്രിയം കുറയും; അതിനനുസാരമായി, അവരോട് നമ്മള്‍ അനുവര്‍ത്തിച്ചുവന്നിരുന്ന ബന്ധത്തിനും ശക്തിശോഷണം സംഭവിക്കും.
ഭാര്യയെ ഒട്ടും ഗൗനിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ഭര്‍ത്താവിനോട് ഭാര്യക്കോ, തിരിച്ചോ, പ്രിയം കാണുകയില്ല. ഔപചാരികമായ ബന്ധമായിരിക്കും അവര്‍ക്കിടയില്‍ പുലര്‍ന്നുകൊണ്ടിരിക്കുക. അകാരണമായി, ലൈംഗികബന്ധങ്ങളില്‍ കാണിക്കുന്ന വിരക്തിയും പ്രിയത്തെ കുറയ്ക്കും.
പ്രിയം മൂത്ത്, ‘ഭ്രാന്താ’വുന്ന ദുരവസ്ഥയും ബന്ധങ്ങളെ തകര്‍ക്കാറുണ്ട്. ഭാര്യാഭര്‍തൃബന്ധം, പ്രണയബന്ധം, ഉറ്റസൗഹൃദം എന്നിവയിലുള്‍പ്പെട്ട ഏതെങ്കിലുമൊരു വ്യക്തിക്ക് അളവില്‍ക്കൂടുതല്‍ പ്രിയംമൂത്താല്‍, ഏകദേശം ഭ്രാന്തിനോട് സാമ്യപ്പെടുത്താവുന്ന ക്രാധപാരവശ്യം (possessiveness) എന്ന അവസ്ഥയിലേക്ക് അവരെത്തിച്ചേരുന്നു. ഏതുസമയവും തന്‍റെ പങ്കാളി തന്നെമാത്രം ഗൗനിച്ചുകൊണ്ടിരിക്കണമെന്ന തിട്ടൂരം അവരുടെ മനസ്സില്‍ ഉടലെടുക്കുന്നു. അങ്ങനെ സംഭവിക്കാതെവരുമ്പോള്‍ സംശയരോഗത്തിനവര്‍ അടിമകളാകുന്നു. പരിഭവങ്ങളില്‍ തുടങ്ങുന്ന അസുഖം, പിന്നീട് അടിക്കടിയുള്ള വഴക്കിലും പിണക്കങ്ങളിലുമൊക്കെ കലാശിക്കുന്നു.
ഏതു സമയവും ഒരാളെത്തന്നെ ഗൗനിച്ചുകൊണ്ടിരിക്കുകയെന്നത് അലോസരമുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച്, ജോലിത്തിരക്കുകളും ഏതെങ്കിലും വിധത്തില്‍ സാമൂഹ്യബന്ധങ്ങളും ഉള്ളവര്‍ക്ക്. ഓരോ വ്യക്തിക്കും, മറ്റുള്ള വൈകാരികബന്ധനങ്ങളില്‍നിന്നും മുക്തമായി, ഒരല്പസമയമെങ്കിലും തനതായ സ്വഭാവവിശേഷങ്ങളില്‍ അനുരമിച്ചുകഴിയേണ്ടത് അത്യന്താപേക്ഷിതമാണ്. ചിലപ്പോള്‍ ഒന്നും ചിന്തിക്കാതെ സ്വസ്ഥമായി കുറച്ചുനേരം കഴിയാന്‍ മനസ്സുപറഞ്ഞേക്കാം. മറ്റുചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാനോ, അല്പം പാചകം ചെയ്യുവാനോ, ചിത്രം വരയ്ക്കാനോ, മറ്റുസുഹൃത്തുക്കളുമായി സമയംചെലവഴിക്കാനോ മനോഗതംപോലെ ഓരോരുത്തര്‍ക്കും തോന്നാം. അതായത്, മറ്റുള്ളവര്‍ക്ക് തീറെഴുതിക്കൊടുത്ത സമയത്തില്‍നിന്നൊരിത്തിരി സമയം സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനും നീക്കിവെക്കാന്‍ ഒരു വ്യക്തി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വ്യക്തിത്വശോഷണത്തിനതിടവരുത്തിയേക്കാം.
തീവ്രമായ വൈകാരികബന്ധങ്ങളിലായിരിക്കുന്ന ചിലര്‍ പലപ്പോഴുമിക്കാര്യം ഗൗനിക്കാന്‍ മിനക്കെടുകയില്ല. അവരുമായി ബന്ധപ്പെടാത്ത സമയങ്ങളെല്ലാം മറ്റാര്‍ക്കോവേണ്ടി വിനിയോഗിക്കപ്പെടുകയാണ് എന്ന ചിന്തയായിരിക്കും അവരിലുണ്ടായിരിക്കുക. സംശയത്തിന്‍റെ പിന്‍ബലത്തില്‍, വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പരിഭവങ്ങളിലൂടെയും ആ ചിന്തകള്‍ കൂട്ടാളിയോട് നിരന്തരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്, കൂട്ടാളിയുടെ മനസ്സില്‍ അലോസരം സൃഷ്ടിക്കുമെന്നതില്‍ എന്താണുസംശയം? സത്യം പറഞ്ഞാല്‍ വിശ്വസിക്കാത്ത കൂട്ടാളിയെ സന്തോഷിപ്പിക്കാന്‍ അസത്യമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതോടെ, പ്രിയമെന്ന വികാരം, അകാരണമായ പഴികേള്‍ക്കുമെന്ന ഭീതിയായും അടിമത്തബോധമായും പിന്നീട് വെറുപ്പെന്ന വികാരമായും രൂപാന്തരം പ്രാപിക്കുന്നു. അതോടെ എല്ലാം നിലയ്ക്കുന്നു. പണ്ടത്തെ കാരണവവൃന്ദം പറയാറുള്ളതുപോലെ, “ബന്ധങ്ങളെ വളയ്ക്കാനേ പാടുള്ളൂ.. ഒടിക്കാന്‍ ശ്രമിക്കരുത്...”
എന്താണ് “പ്രിയം” എന്ന് വിശദീകരിക്കാനാണ് ഉദാഹരണസഹിതം ഇത്രയും എഴുതേണ്ടിവന്നത്. ചുരുങ്ങിയ വാക്കുകളില്‍ എന്താണ് പ്രിയം എന്നുപറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.
വ്യക്തികള്‍ത്തമ്മിലുള്ള ഏതുതരത്തിലുള്ള വൈകാരികബന്ധങ്ങളേയും വളര്‍ത്തുന്നതും നിലനിറുത്തുന്നതും അവര്‍ക്കിടയില്‍ രൂപപ്പെടുന്ന “പ്രിയം” എന്ന ഉദാത്തവികാരമാണ്. വ്യക്തിത്വങ്ങളെ പരസ്പരം തിരിച്ചറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമുള്ള ഇടപഴകലുകളിലൂടെയാണ് അത് വളരുന്നത്‌. വ്യക്തിത്വത്തെ വകവയ്ക്കാതുള്ള സംശയബോധമോ അധിനിവേശശ്രമങ്ങളോ പ്രിയത്തെ അല്പാല്പമായി നഷ്ടപ്പെടുത്തും. കാരണം, ഓരോ വ്യക്തിയുടേയും തനതായ വ്യക്തിത്വത്തെ മറ്റൊരാള്‍ ബഹുമാനിക്കാതിരിക്കുന്നതിനും കീഴടക്കാന്‍ ശ്രമിക്കുന്നതിനും ഒരു മനസ്സാക്ഷിയും കൂട്ടുനില്ക്കുകയില്ലാ.
വീണ്ടും വ്യക്തമാക്കാം... 
'ഇഷ്ടപ്പെട്ട' ഒരാള്‍ യാത്ര പറഞ്ഞുപോകുന്നതിനേക്കാള്‍ വിഷമമായിരിക്കും നമുക്ക് 'പ്രിയപ്പെട്ട' ഒരാള്‍ യാത്രപറഞ്ഞുപോകുമ്പോള്‍!..
സ്നേഹപൂര്‍വ്വം...
ജോയ് ഗുരുവായൂര്‍

No comments:

Post a Comment