Friday, September 29, 2017

രണ്ടുംകെട്ടനേരത്ത് പാഞ്ച്പീറിലേക്കൊരു സാഹസികയാത്ര

വര്‍ഷങ്ങള്‍ക്കുമുന്‍പൊരു ആഗസ്റ്റ്‌ 23, സന്ധ്യാസമയം -
ഓഫീസില്‍നിന്നു വരുന്നവഴി ഡോംബിവ്-ലി (Near Mumbai, Maharashtra) റെയില്‍വേസ്റ്റേഷനിലിറങ്ങി പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലെ സിമന്‍റ്ബഞ്ചില്‍ ഉറ്റസുഹൃത്തായ വിനോദ് വരുന്നതുകാത്ത് ഞാനിരുന്നു. ഇന്നത്തെപോലെ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവാതിരുന്ന അക്കാലത്ത് സമയംപോക്കാന്‍ ഏറ്റവുമനുയോജ്യമായത് 'മാന്‍വാച്ചിംഗ്' അഥവാ 'വായ്നോട്ടം' തന്നേ.
വിനോദിന്‍റെ മുപ്പത്തിരണ്ടാംപിറന്നാള്‍ ആണെന്നതായിരുന്നു ആ ദിവസത്തിന്‍റെ സവിശേഷത. പുള്ളിയെ ഒന്നു സത്കരിച്ചുകളയാമെന്ന് മറ്റൊരു സുഹൃത്തായ രാജേഷുംകൂടെ തീരുമാനിക്കുകയായിരുന്നു. സ്റ്റേഷനെതിര്‍വശത്തുള്ള "ക്ഷമ" A/c ബാര്‍ & റെസ്റ്റോറന്റില്‍കൂടിയശേഷം പിരിയുകയെന്നതായിരുന്നു പ്രധാന അജണ്ട. രാജേഷ് ജോലികഴിഞ്ഞ് അന്ധേരിയില്‍നിന്നെത്തുമ്പോഴേക്കും കുറച്ചുവൈകും. അതിനാല്‍, അദ്ദേഹം പുറകേവന്ന് ജോയിന്‍ചെയ്തോളാമെന്നു പറഞ്ഞു.
അരമണിക്കൂറിനുള്ളില്‍ വിനോദെത്തി. ആഗസ്റ്റ്‌മാസത്തെ ചൂടിലും ട്രെയിനിലെ തിരക്കിലും വിയര്‍ത്തുകുളിച്ച അവസ്ഥയിലായിരുന്നു ഞങ്ങള്‍രണ്ടും റെസ്റ്റോറന്റിലേക്ക് കയറിയത്. ശരീരംതണുപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാല്‍ അതിനുള്ള ഉപാധികളിലേക്കുകടക്കുന്നതിനിടയില്‍ ഉഭയകക്ഷിചര്‍ച്ചകളും ആരംഭിച്ചു. രാത്രി ഒന്‍പതുമണിയാവാറായിട്ടും രാജേഷിനെ കാണാനില്ല. മൊബൈലില്‍ വിളിക്കുമ്പോള്‍ പരിധിക്കുപുറത്തും.. കാത്തിരിക്കുംതോറും ഞങ്ങളുടെ ശരീരങ്ങള്‍ 'ഓവര്‍കൂള്‍' ആയിക്കൊണ്ടിരുന്നത് ഞങ്ങളറിഞ്ഞില്ല. ഏകദേശം ഒരു മുക്കാല്‍മണിക്കൂര്‍കൂടികഴിഞ്ഞപ്പോള്‍ ഒരു പച്ചച്ചിരി മുഖത്ത് ഫിറ്റ്‌ചെയ്തുകൊണ്ട് നമ്മുടെ 'ബിനാപഗഡിവാല സര്‍ദ്ദാര്‍ജി ആഗയാ...'.
ട്രെയിന്‍ ബ്ലോക്കായി, മൊബൈലില്‍ ചാര്‍ജുകഴിഞ്ഞു, എന്നിങ്ങനെയുള്ള സ്വാഭാവികകാരണങ്ങള്‍ വിവരിച്ചതിനുശേഷം അദ്ദേഹവും ഞങ്ങളുടെ അന്താരാഷ്ട്രീയചര്‍ച്ചകളില്‍ ഭാഗഭാക്കായി. ഞങ്ങളുടെ യോഗങ്ങളില്‍ വിഷയദാരിദ്ര്യങ്ങളുണ്ടാവാറില്ല. എന്തുമേതും ചര്‍ച്ചകള്‍ക്ക് പാത്രീഭവിക്കാം.
അങ്ങനെ ചര്‍ച്ചകള്‍ കൊഴുക്കവേ, ശരീരങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ തണുക്കവേ, "പാഞ്ച്പീര്‍ദര്‍ഗ്ഗ" എന്നവിഷയം കടന്നുവന്നു. പാഞ്ച്പീര്‍ദര്‍ഗ്ഗ സന്ദര്‍ശിക്കാനുള്ള ചങ്കൂറ്റമുണ്ടോ നിങ്ങള്‍ക്കെന്നു രാജേഷ് വെല്ലുവിളിച്ചുതുടങ്ങിയിട്ട് കുറേനാളുകളായിരുന്നു. അദ്ദേഹം വര്‍ഷത്തില്‍, രണ്ടോമൂന്നോവട്ടമൊക്കെ അവിടം സന്ദര്‍ശിക്കാറുണ്ട്. വനത്തിലൂടെ അതിസാഹസികമായ ഒരുമലകയറ്റത്തിനുശേഷമേ പാഞ്ച്പീര്‍ദര്‍ഗ്ഗയില്‍ ചെന്നെത്താനാവൂ. ബ്രാഹ്മിണ്‍വാടി എന്ന താഴ്വാരത്തില്‍നിന്ന് ഏകദേശം മൂന്നുനാലുകിലോമീറ്ററുകളോളം മനുഷ്യപാദസഞ്ചാരങ്ങളാലുണ്ടായ ഒറ്റയടിപ്പാതകള്‍താണ്ടിവേണം മലമുകളിലെ പാഞ്ച്പീര്‍ദര്‍ഗ്ഗ സ്ഥിതിചെയ്യുന്ന മൈതാനത്തിലെത്താന്‍. സമുദ്രനിരപ്പില്‍നിന്ന് ചുരുങ്ങിയത് 1400 അടിയെങ്കിലും ഉയരത്തിലുള്ള സ്ഥലം. കല്യാണ്‍ ബസ്സ്‌സ്റ്റേഷനില്‍നിന്ന് 15 കിലോമീറ്ററോളം റോഡുമാര്‍ഗ്ഗംസഞ്ചരിച്ചാല്‍ താഴ്വാരമായ ബ്രാഹ്മിണ്‍വാടിയിലെത്താം. ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍വരുന്ന ജനങ്ങള്‍ക്കു വഴികാട്ടിക്കൊണ്ട് ഉപജീവനംനടത്തുന്ന ഒരുപാടുപേരെ അവിടെകാണാം.
മൗര്യസാമ്രാജ്യത്തിലെ നള്‍രാജയെന്ന രാജാവ്, താനെ-ജില്ല ഭരിച്ചിരുന്നകാലത്ത്, അജ്ഞാതരായ ചില പൈശാചികശക്തികള്‍ ജനങ്ങളെ ഘോരമായി ഉപദ്രവിക്കാന്‍തുടങ്ങിയപ്പോള്‍, ജനങ്ങള്‍ ദൈവത്തെവിളിച്ച് വിലപിച്ചു. ആ ദയനീയവിലാപങ്ങള്‍കേട്ട ദൈവം, ഹസ്രത്ഹാജിമലങ്ങ് എന്നുപേരുള്ള ഒരു പുണ്യബാബയെ (മുസ്ലിംസന്ന്യാസി) അഞ്ച് അനുചരന്മാരുടെയൊപ്പം അവിടേക്കയച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത് ബ്രാഹ്മിണ്‍വാടിയില്‍നിന്നായിരുന്നു. പിന്നീട് സമുദ്രനിരപ്പില്‍നിന്ന് 800 അടിയോളം ഉയരത്തില്‍ കൊടുങ്കാടിനുനടുവില്‍ സ്ഥിതിചെയ്യുന്ന മലമുകളിലെ മൈതാനത്ത് അവര്‍ ആസ്ഥാനമുറപ്പിച്ചു. ബാബയുടെ മരണശേഷം അവിടെത്തന്നേ അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കുകയും ഒരു ദര്‍ഗ്ഗ സ്ഥാപിക്കുകയുംചെയ്തു. പില്‍ക്കാലത്ത് ഹാജിമലങ്ങ് എന്നപേരിലതൊരു തീര്‍ഥാടനകേന്ദ്രമായിമാറി. ബാബയുടെ അനുചരന്മാരായിരുന്ന അഞ്ച് സുല്‍ഫിമാസ്റ്റര്‍മാരുടെ മൃതദേഹങ്ങള്‍ അടക്കംചെയ്തിരിക്കുന്നത് അവിടെനിന്ന്‍ 500 അടിയോളം ഉയരത്തില്‍സ്ഥിതിചെയ്യുന്ന "പീര്‍മാച്ചി"യെന്ന മലമുകളിലെ മൈതാനത്തിലാണ്. അവിടെയും ഒരു ദര്‍ഗ്ഗസ്ഥാപിതമായി. മേല്നോട്ടത്തിനും ദിവസേനയുള്ള പൂജകള്‍ക്കുമായി ഒരു ബാബയും (sulfi master) നിയോഗിക്കപ്പെട്ടു.
ഇങ്ങനെയൊക്കെയുള്ള ആ സ്ഥലത്തേക്കുപോകാന്‍ ധൈര്യമുണ്ടെങ്കില്‍ നാളെ, ഞായറാഴ്ചതന്നേ, അദ്ദേഹത്തിന്‍റെകൂടെ വരണമെന്നുള്ള വെല്ലുവിളി വീണ്ടും രാജേഷ് ആവര്‍ത്തിച്ചു. ശരീരം ആവശ്യത്തില്‍ക്കൂടുതല്‍ തണുത്തിരുന്ന ഊര്‍ജ്ജത്തില്‍, എന്തിനാ നാളേക്കാക്കുന്നേ.. ഇപ്പോള്‍ത്തന്നേ നമുക്ക് പോയിക്കളയാം.. എന്തേ.. ധൈര്യമുണ്ടോ? എന്നൊരു മറുവെല്ലുവിളി ധീരതയോടെ ഞാനും മുന്നോട്ടുവച്ചു. "ആഹാ അത്രയ്ക്കായോ" എന്നുപറഞ്ഞ് രാജേഷ് ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ സമയം രാത്രിപത്തരമണിയാണെന്നോര്‍ക്കണം.
"ഇന്ന് വിനോദിന്‍റെ വീട്ടില്‍കിടക്കുകയാണ്, നാളെരാവിലെയേവരൂ.." എന്ന നുണ, ഭാര്യയോട് വിളിച്ചുപറഞ്ഞു.
വീറുംവാശിയും ചോര്‍ന്നുപോകുന്നതിനുമുന്‍പുതന്നേ ഒരു ഓട്ടോറിക്ഷപിടിച്ച് ബ്രാഹ്മിണ്‍വാടിയെ ലക്ഷ്യമാക്കി കുതിച്ചു. താഴ്വാരത്തിലുള്ള സദാനന്ദ എന്നുപേരുള്ള ഒരു വഴികാട്ടിയെ രാജേഷിനുപരിചയമുണ്ടായിരുന്നു. രാത്രിപതിനൊന്നരനേരത്തുചെന്ന് അയാളുടെ വാതിലില്‍മുട്ടി. ഇതിനിടയില്‍ ഇടിവെട്ടോടെയുള്ള ശക്തമായ മഴയുംതുടങ്ങി. അസമയത്ത്, വന്യമൃഗങ്ങള്‍വിഹരിക്കുന്ന മലകയറുന്നത് ബുദ്ധിയല്ലായെന്നുള്ള, സദാനന്ദയുടെ സ്വാനുഭവപശ്ചാത്തലങ്ങളില്‍നിന്നുമുരചെയ്യപ്പെട്ട ഉപദേശങ്ങളൊന്നും അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. മലകയറുന്ന യാത്രക്കാര്‍ക്കു കൊടുക്കാനായി വെട്ടിവെച്ചിരുന്ന ഊന്നുവടികളില്‍ മൂന്നെണ്ണമെടുത്തുതന്നുകൊണ്ട് അയാള്‍പറഞ്ഞു. "ഞാനിതേവരെ
ഈ നേരത്ത് മലകയറിയിട്ടില്ലാ.. നിങ്ങള്‍ക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍തന്നേ പൊക്കോളൂ.. സുരക്ഷിതമായി തിരിച്ചെത്താന്‍ ബാബ നിങ്ങളെ അനുഗ്രഹിക്കട്ടേ". ചാരായമുണ്ടാക്കാന്‍ കലക്കിവെച്ച കോടയുടെ ദുര്‍ഗന്ധം ആ പരിസരത്ത് അലയടിക്കുന്നുണ്ടായിരുന്നു. അവിടത്തെ ലോക്കല്‍ അബ്കാരികൂടിയാണ് സദാനന്ദയെന്നു രാജേഷ്‌ പറഞ്ഞു.
അരകിലോമീറ്ററോളം വയല്‍വരമ്പുകളാണ്. കുറ്റാകൂരിരുട്ടില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ഇടിമിന്നലുകളായിരുന്നു സഹായികള്‍. ചെളിയില്‍ ഇടയ്ക്ക് തെന്നിയും വരമ്പുകാണാതെനിന്നുമൊക്കെ തോരാതെപെയ്യുന്ന മഴയില്‍ക്കുതിര്‍ന്നുകൊണ്ട് മുന്നോട്ട്..
പാടശേഖരങ്ങള്‍ അവസാനിക്കുന്നിടത്ത്, വനപ്രദേശത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പായി, ഒരു കൊച്ചരുവി ശക്തിയോടെയൊഴുകുന്നു. അതുമുറിച്ചുകടന്നുവേണം വനയാത്രതുടങ്ങാന്‍. രാജേഷിന് വഴിയറിയാമെന്ന ആശ്വാസമായിരുന്നു ആ കുറ്റാകൂരിരുട്ടത്തുള്ള പ്രയാണത്തില്‍ ആശ്വാസം പകര്‍ന്നിരുന്നത്. അരുവിയില്‍ ഇറങ്ങിയപ്പോള്‍ നെഞ്ചോളമുയരത്തില്‍ വെള്ളം. പതിയേപതിയെ അതുമുറിച്ചുകടക്കുന്നതിനിടയില്‍ രാജേഷിന്‍റെ പാദരക്ഷകളിലോരെണ്ണം കാലില്‍നിന്നു 'ബൈബൈ' പറഞ്ഞൊഴുകിപ്പോയി. കല്ലുംമുള്ളുംനിറഞ്ഞ കാനനത്തിലൂടെ നഗ്നപാദനായി നടക്കേണ്ട വിധിയായി ആ പാവത്തിന്. എന്നാല്‍, അതൊന്നും ഗൗനിക്കാതെ രാജേഷ് ഞങ്ങള്‍ക്കുമുന്‍പേ നടന്നു. ഇടയ്ക്കിടെ കാലില്‍ എന്തൊക്കെയോ കുത്തിത്തറയ്ക്കുമ്പോള്‍ മൊബൈലിന്‍റെ വെട്ടത്തില്‍ കാല്പാദമൊന്നു പരിശോധിക്കും. ചിലപ്പോള്‍ വല്ല പാമ്പോമറ്റോ ആണെങ്കിലോ? ഭാഗ്യത്തിന് വാട്ടര്‍പ്രൂഫായ ഒരു റിലയന്‍സ്മൊബൈല്‍ ആയിരുന്നു എന്‍റെ കൈയിലുണ്ടായിരുന്നത്. ഞാന്‍ ധരിച്ചിരുന്നത് ഒരു സേഫ്റ്റിഷൂവും.
സമതലപ്രദേശം തരണംചെയ്ത്, ശൈലാരോഹണത്തിനുള്ള വേദിയായി. ഒരു പൊന്തക്കാടിനെ ഊന്നുവടികൊണ്ടു വകഞ്ഞുമാറ്റി, രാജേഷ് കാടിനകത്തേക്കു പ്രവേശിച്ചു. പുറകേ ഞങ്ങളും. പിന്നേ ഒരു ചെറിയമരത്തില്‍ പിടിച്ചുവലിഞ്ഞ് ഒരു പാറയുടെമുകളിലേക്ക്.. കാലുകളെ നിലത്തുറപ്പിക്കാന്‍ സമ്മതിക്കുകയില്ലായെന്നമട്ടിലുള്ള മലവെള്ളപ്രവാഹവും. അതേപോലെ വീണ്ടുമൊരുപാടു വലിഞ്ഞുകയറ്റങ്ങളില്‍ വലഞ്ഞുപോയപ്പോള്‍ ഒരിത്തിരി വിശ്രമം. പായല്‍പിടിച്ചുകിടക്കുന്ന ചില പാറകളില്‍ വഴുക്കലും. കാലുവെച്ചാല്‍ തെന്നിപ്പോകും. തെന്നിയാല്‍ നേരേ കയറ്റംതുടങ്ങിയിടത്തേക്കുതന്നെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ എത്താം. പാറക്കൂട്ടങ്ങളില്‍ തലയടിച്ചുകൊണ്ടായിരിക്കുമെന്നുമാത്രം. കണ്ടാലത്ര വണ്ണംതോന്നില്ലെങ്കിലും 93 കിലോയോളമായിരുന്നു അന്നെന്‍റെ ശരീരഭാരം.
വിശ്രമംകഴിഞ്ഞ് വീണ്ടും മുന്നോട്ട്.. മുന്നില്‍ രാജേഷ്, അതിനുപിറകേ വിനോദ്, പിന്നെ ഞാനും.. അന്ധമാരുടെ റാലിപോലെ കൊടുങ്കാട്ടിലൂടെ ധീരതയുടെ പര്യായങ്ങളായ സാഹസികരായി ഇരുട്ടിനേയും പ്രതിബന്ധങ്ങളെയും തകര്‍ത്തുകൊണ്ട് ഞങ്ങള്‍ നീങ്ങുന്നു. കാര്‍മേഘങ്ങള്‍ മാറുമ്പോള്‍ നിലാവ് താഴേക്കരിച്ചിറങ്ങുന്നുണ്ട്. ഒരു പാറവിടവിലൂടെ മഴവെള്ളം കുതിച്ചുപാഞ്ഞ് താഴേക്കുപതിക്കുന്നു. അത് ചാടിക്കടക്കുകയേ നിവൃത്തിയുള്ളൂ. അല്പം പിന്നോട്ടാഞ്ഞ് രാജേഷ് ആദ്യമതു ചാടിക്കടന്നു. പിറകേ വിനോദും.. പക്ഷേ ഞാന്‍ ചാടിയപ്പോള്‍ എന്‍റെ പാദങ്ങള്‍ചെന്ന് ലാന്‍ഡ്ചെയ്തത് വഴുക്കലുള്ള പാറമേലായിരുന്നു. കാലുവഴുതി ഞാന്‍ ഒഴുക്കിലേക്കു നിപതിച്ചു. നിമിഷനേരംകൊണ്ട് എന്‍റെ മനസ്സില്‍ അച്ഛനമ്മമാരുടെയും സഹോദരന്മാരുടേയും കുടുംബാംഗങ്ങളുടേയും മുഖങ്ങള്‍ ഒരു അഭ്രപാളിയിലെന്നപോലെ മിന്നിമറഞ്ഞു. ജീവിതത്തിലെ അവസാനനിമിഷങ്ങളിലൂടെ കടന്നുപോകുന്ന പ്രതീതി! എന്‍റെ വീഴ്ചകണ്ട് ഇരുവരും ഭയപ്പാടോടെ തലയില്‍കൈവയ്ക്കുന്നത് ഒരു മിന്നലാട്ടത്തില്‍ ഞാന്‍ കണ്ടു.
എന്നാല്‍, എന്‍റെ സമയം അവസാനിച്ചിരുന്നില്ലാ. ഒഴുക്ക് അതിനുതാഴേക്കുപതിക്കുന്നതിനു തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു പാറയിടുക്കില്‍ "U" ആകൃതിയില്‍ ഞാന്‍ കുരുങ്ങിക്കിടന്നു. കൈയുംകാലും തലയുംമാത്രം പുറത്ത്.. വെള്ളം എന്‍റെമൂക്കിനുതാഴെക്കൂടി ഒഴുകുകയാണ്. ഞാന്‍ വിളിച്ചുകൂവുന്നുണ്ട്. പക്ഷേ ഒഴുക്കിന്‍റെ ശബ്ദത്തില്‍ അതെല്ലാമലിഞ്ഞുപോയി. ഭാഗ്യത്തിന് കൂട്ടുകാര്‍ എന്നെ കണ്ടെത്തി. വഴുക്കലുള്ള പാറയിലൂടെ നടന്നുവന്ന് എന്‍റെ കൈപിടിച്ച്, പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്നയെന്നെ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, ചിലപ്പോള്‍, മൂന്നുപേരുടെയും അന്ത്യത്തിലേക്കുള്ള വഴികാട്ടിയായിത്തീര്‍ന്നേക്കാം. എന്തുചെയ്യണമെന്നുപിടിയില്ലാതെ ഒരല്പനേരം ചിന്തിച്ചുനിന്നതിനുശേഷം റിസ്ക്‌ എടുക്കാന്‍ ഇരുവരും തയ്യാറായി. കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് അവരെന്‍റെ സമീപത്തേക്കു പതിയേ അടിവെച്ചടിവെച്ച് വന്നു. തൊട്ടടുത്തുള്ള ഒരു മരത്തില്‍ ഇരുവരും പിടിച്ചതിനുശേഷം കൈയിലുള്ള ഊന്നുവടി എന്‍റെ നേരെനീട്ടി. എന്നാല്‍ "U" ഷേപ്പിലുള്ള കിടപ്പില്‍ കാലുകള്‍രണ്ടും തറയിലല്ലായിരുന്നതിനാല്‍ വടിയില്‍പിടിച്ച്, മുന്നോട്ട് ആയാനെനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ ഒഴുക്കിനു അല്പം ശക്തികൂടുകയും എന്‍റെ വായിലും കണ്ണിലും മൂക്കിലുമെല്ലാം വെള്ളംകയറുകയുംചെയ്തു. ഒരു നിമിഷം.. ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു ആത്മബലം കൈവന്നതുപോലെ!.. മറ്റൊരുവഴിയുമില്ലായെന്നുള്ള ബോദ്ധ്യത്തില്‍, രണ്ടുംകല്പിച്ച്, അവര്‍ നീട്ടിത്തന്ന മരക്കമ്പില്‍ രണ്ടുകൈകൊണ്ടും ശക്തമായിപിടിച്ച് ദൈവമേയെന്നു വിളിച്ചുകൊണ്ട് ഒരൊറ്റകുതി. ഇടുക്കില്‍നിന്നുപുറത്തായി എങ്കിലും കാലുകള്‍ നിലത്തുറപ്പിക്കാന്‍ സാധിക്കാത്തവിധത്തിലുള്ള ശക്തമായ ഒഴുക്ക്. മരക്കമ്പില്‍പിടിച്ച് തൂങ്ങിക്കിടന്നയെന്നെ സര്‍വ്വശക്തിയുമുപയോഗിച്ച് അവര്‍ വലിച്ചെടുത്തു. പിന്നെ ഏകദേശം അരമണിക്കൂറോളം ഞങ്ങള്‍ പാറപ്പുറത്തിരുന്ന് കിതച്ചു. ശാരീരികമായും മാനസികമായും ഏറെ തളര്‍ച്ചയുണ്ടാക്കിയ സംഭവം.
യാത്രപുനരാരംഭിക്കാനുള്ള വട്ടംകൂട്ടുമ്പോഴാണ് ഞാനൊരുകാര്യം ശ്രദ്ധിച്ചത്. എന്‍റെ പാന്റിന്റെ കാലുകള്‍തമ്മില്‍ ചേരുന്നിടത്തെ തുന്നല്‍ പൂര്‍ണ്ണമായും വിട്ടുപോയിരിക്കുന്നു. അതുകണ്ടപ്പോള്‍ മറ്റുരണ്ടുപേരും ചിരിയോടുചിരി. എനിക്കുംവന്നു ചിരി. മുന്നോട്ടുനീങ്ങാനുള്ള ഒരൂര്‍ജ്ജം അത് സംഭാവനചെയ്തു.
ഒരു സ്ഥലത്തെത്തിയപ്പോള്‍, ഒരത്ഭുതപ്രതിഭാസം ഞങ്ങളെ വരവേറ്റു. ഫ്ലൂറസെന്റ്‌ പ്രകാശംപരത്തിനില്ക്കുന്ന ചെറുചെടിക്കൂട്ടങ്ങള്‍! അവയുടെ ഇലകളാണ് പ്രകാശംപൊഴിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ചെടികളെ ഉറക്കമുറിയില്‍ ബെഡ്-ലാമ്പ് ആയിവരെ നമുക്കുപയോഗിക്കാന്‍ സാധിച്ചേക്കാം. ഏതാനും ചെടികള്‍പറിച്ച് ഞാന്‍ കീശയിലിട്ടു.
നഗ്നപാദനായ രാജേഷിന്‍റെ കാല്‍പാദങ്ങള്‍പൊട്ടി ചോരകിനിയുന്നുണ്ടായിരുന്നുവെങ്കിലും, കര്‍മ്മധീരനായ ഒരു പട്ടാളക്കാരനെപോലെ അതൊന്നും ഗൗനിക്കാതെ അദ്ദേഹം ഞങ്ങളെ നയിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് ഒരുവിവരം ഞങ്ങളെ രാജേഷ് അറിയിക്കുന്നത്. ഇടയ്ക്കെവിടെയോവെച്ച് വഴിതെറ്റിയിരിക്കുന്നു. ഇപ്പോഴുള്ള പ്രയാണം ഒരേകദേശനിര്‍ണ്ണയം വെച്ചാണത്രേ.. ഹുഹുഹു.. ആ കാട്ടില്‍ എന്തുനിര്‍ണ്ണയംകിട്ടാന്‍ എല്ലായിടവും ഏകദേശം ഒരുപോലിരിക്കുന്നു. ഇരുട്ടും.. സമയം രാത്രിരണ്ടുമണി. മഴ ഇടയ്ക്കിടെ നില്ക്കുകയും പെയ്യുകയും ചെയ്തുകൊണ്ടിരുന്നു.
വേലിയില്‍ കിടന്നിരുന്ന പാമ്പിനെയെടുത്ത് പറയാന്‍പറ്റാത്തിടത്തുവെച്ചപോലെയുള്ള അവസ്ഥയില്‍ ഞങ്ങള്‍ ഇരുവരും കാടുംമേടുംതാണ്ടി രാജേഷിന്‍റെ നിണമണിഞ്ഞ കാല്പാടുകളെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. നിരപ്പായ ഒരു ചെറിയപ്രദേശം മുറിച്ചുകടക്കുമ്പോള്‍ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍നിന്നൊരു മുരള്‍ച്ച. രാജേഷ് ഒരുനിമിഷം നിന്നു. ഞങ്ങളും... പിന്നെ, ഒന്നുംമിണ്ടാതെ അദ്ദേഹം വീണ്ടും നടപ്പുതുടര്‍ന്നു. കടുവയുടെ മുരള്‍ച്ചകേട്ടാല്‍ ആര്‍ക്കാണുമനസ്സിലാവാത്തത്. കൂട്ടത്തില്‍ മുഴുപ്പ് ഏറ്റവുംപിറകേനടക്കുന്ന എനിക്കായതിനാല്‍ ആശാന്‍ ചാടിവീണാല്‍ ആദ്യം കൈകാര്യംചെയ്യുന്നത് എന്നെത്തന്നെയായിരിക്കുമെന്ന് ഞാനാലോചിച്ചു. ചാടുന്നചാട്ടത്തില്‍ ഭാഗ്യവശാല്‍ ആ കമ്പില്‍ത്തട്ടി കടുവയ്ക്ക് 'മിസ്സിംഗ്‌' ഉണ്ടായാലോ എന്നുള്ള നേരിയ സാദ്ധ്യതയെ കണക്കിലെടുത്ത്, ഞാന്‍ കൈയിലുള്ള മരക്കമ്പ് പുറകില്‍ ചുഴറ്റിക്കൊണ്ടായിരുന്നു ആ പ്രദേശം തരണംചെയ്തത്. ബല്ലാത്തൊരു ബുദ്ധിതന്നേ അല്ലേ? ചിലപ്പോള്‍ അന്നേരമുണ്ടായിരുന്ന ചാറ്റല്‍മഴയായിരിക്കാം ഹിംസ്രജീവിയെ ഒരാക്രമണത്തില്‍നിന്ന് പിന്‍തിരിപ്പിച്ചിരിക്കുക. പിന്നീടാണ് രാജേഷ് ചോദിക്കുന്നത്, കടുവയുടെ ശബ്ദം നിങ്ങള്‍ കേട്ടിരുന്നോയെന്ന്. ഞങ്ങള്‍ ഭയപ്പെടാതിരിക്കാനാണത്രേ അതപ്പോള്‍ പറയാതിരുന്നത്. ദര്‍ഗ്ഗയിലേക്കുവരുന്ന പലരേയും കടുവപിടിച്ച കഥകളായി പിന്നെ. കേള്‍ക്കുമ്പോള്‍ നല്ല 'സമാധാനം' തോന്നി.
"ഒന്നു പോടേയ്.. പൂച്ചയുടേയും പുലിയുടെയുമൊക്കെ അലര്‍ച്ച മനസ്സിലാക്കാനുള്ള വിവരമൊക്കെ ഞങ്ങള്‍ക്കുണ്ടെടോ.. താന്‍ പേടിക്കേണ്ടാ എന്നുകരുതിയാണ് ഞങ്ങളൊന്നും മിണ്ടാതിരുന്നത്" എന്ന് വിനോദും തിരിച്ചടിച്ചു.
നടന്നുനടന്നു തളര്‍ന്നു. ദേഹംനുറുങ്ങുന്ന വേദന. എവിടെയെങ്കിലും ഒരല്പനേരം കിടന്നുവിശ്രമിക്കേണമെന്ന ആവശ്യം ഞാന്‍ ടീം ക്യാപ്റ്റനോട് ഉണര്‍ത്തിച്ചു. എന്നാല്‍, അതുസമ്മതിക്കാതെ, കിടന്നാല്‍പ്പിന്നെ വീണ്ടും യാത്രതുടരാന്‍ സാധിക്കില്ല.. ക്ഷീണം കൂടുകയേയുള്ളൂവെന്ന ന്യായീകരണംനിരത്തി ആശാന്‍ നടപ്പുതുടര്‍ന്നു. ഏന്തിവലിഞ്ഞ്, അരമണിക്കൂര്‍കൂടി നടന്നപ്പോള്‍ അരണ്ടനിലാവെളിച്ചത്തില്‍ ഒരു കൂരയുടെ ചിത്രം തെളിയാന്‍തുടങ്ങി. അടുത്തെത്തിനോക്കിയപ്പോള്‍ പുല്ലുകൊണ്ടുമേഞ്ഞ ഒരു പര്‍ണ്ണശാല. ഇവിടെ കുറച്ചുനേരം വിശ്രമിച്ചിട്ടുള്ളകാര്യമേയുള്ളൂവെന്ന് വിനോദും വാശിപിടിച്ചപ്പോള്‍ നേതാവിന് അതനുസരിക്കേണ്ടിവന്നു. കൃത്യം ഒരു മണിക്കൂറിനുശേഷം നിങ്ങളെ രണ്ടിനേയും ഞാന്‍ ചവിട്ടിയെഴുന്നേല്‍പ്പിക്കുമെന്ന ഭീഷണിയോടെ....
ആദ്യം മൊബൈല്‍ തെളിയിച്ച്, അകത്തുവല്ല പുലിയോ, പൂച്ചയോ, കാട്ടുപന്നിയോ, കാട്ടുപോത്തോ മറ്റോ കിടക്കുന്നുണ്ടോയെന്നു പരിശോധിച്ചു. മഴയല്ലേ.. അകത്തുചിലപ്പോള്‍ മൃഗങ്ങള്‍ അഭയം തേടിയിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. യാഗങ്ങള്‍നടത്തുന്ന സ്ഥലമാണതെന്ന് അകത്തുണ്ടായിരുന്ന ഹോമകുണ്ഡത്തിലെ ചാരത്തിനുണ്ടായിരുന്ന ചെറുചൂടില്‍നിന്ന് മനസ്സിലായി. താഴെ കളിമണ്‍തറയാണ്‌. അതുനനഞ്ഞിട്ടുമുണ്ട്. അതില്‍കിടന്നാല്‍ ഉടുപ്പെല്ലാം ചെഞ്ചായംപൂശിയപോലെയായിത്തീരും. പുറത്തിറങ്ങിനോക്കിയപ്പോള്‍ ഒരാളേക്കാള്‍നീളത്തില്‍ ഇലകളുള്ള വാഴകള്‍ നില്ക്കുന്നതുകണ്ടു, അതില്‍നിന്നു മൂന്നിലകള്‍ പറിച്ചെടുത്ത്, തറയില്‍നിരത്തി മൂന്നുപേരും കിടന്നു. ക്ഷീണമേറെയുണ്ടായിട്ടും, നനഞ്ഞവസ്ത്രങ്ങളുമായുള്ള ആ കിടപ്പില്‍ ശരീരം തണുത്തുവിറയ്ക്കാന്‍തുടങ്ങി. കൈക്കാലുകളും താടിയെല്ലുകളും നില്ക്കാതെ വിറയ്ക്കുന്നു. പരസ്പരം ബലമായി പുണര്‍ന്നുകിടക്കുകയല്ലാതെ മറ്റൊരു രക്ഷയും ഉണ്ടായിരുന്നില്ല.
പറഞ്ഞപോലെതന്നെ, ഒരുമണിക്കൂറോളംകഴിഞ്ഞപ്പോള്‍ രാജേഷ് ഞങ്ങളെകുലുക്കിയുണര്‍ത്തി. പുറത്തപ്പോഴും ചാറ്റല്‍മഴയുണ്ടായിരുന്നു. ദേഹമാസകാലം മുറിയുന്നപോലുള്ള വേദന. ബാലസൂര്യകിരണങ്ങള്‍ ഇലകള്‍ക്കിടയിലൂടെ താഴോട്ടുപതിച്ചുതുടങ്ങിയിട്ടില്ല, പക്ഷേ, ചെറുതായൊരു വെളിച്ചം പരന്നിട്ടുണ്ട്. "രാജേഷ് പോയിവാ.. ഞങ്ങളിവിടെകിടന്നോളാം" എന്ന് ഉറക്കപ്പിച്ചില്‍ വിനോദ് പറഞ്ഞു. അതുകേട്ടവഴി സര്‍ദ്ദാര്‍ജിയുടെ മട്ടുമാറി. സാധാരണ ഒരു വാചകത്തില്‍ രണ്ടുതെറിയെങ്കിലുംകൂട്ടി സംസാരിക്കുന്ന ആ പഹയന്‍ അതു നാലുംഅഞ്ചുമാക്കിവര്‍ദ്ധിപ്പിച്ച് പ്രഭാഷണംതുടങ്ങി. "അയ്യോ ഞാന്‍ വന്നോളാമേ" എന്നുപറഞ്ഞ് വിനോദ് ചാടിയെഴുന്നേറ്റു. വടിയും (ദണ്ഡ്) കുത്തിയുള്ള യാത്രയായതിനാല്‍ ദണ്ഡിയാത്രയെന്നോ, തെണ്ടിത്തരംമൂലം ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ട് തെണ്ടിയാത്രയെന്നോ വിശേഷിപ്പെക്കേണ്ട ആ യാത്ര, എന്തിയേന്തിക്കൊണ്ട് ഞങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. കുറച്ചുനടന്ന് ശരീരംചൂടായപ്പോള്‍ പേശീവലിവിനു സമാധാനമുണ്ടായി. രാജേഷിന് അപ്പോഴേക്കും പോകേണ്ടവഴികളെക്കുറിച്ചുള്ള നല്ല നിര്‍ണ്ണയംകിട്ടിയിരുന്നു.
യാത്രതുടങ്ങിട്ട് ആറുമണിക്കൂറോളം പിന്നിട്ടിരിക്കുന്നു. കോടമഞ്ഞുമൂലം വഴികള്‍ ഇടയ്ക്കിടെ അവ്യക്തമാവുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1350 അടിയോളം ഉയരത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. ഇടയ്ക്കിടെ ശ്വാസംവലിക്കാനുള്ള ബുദ്ധിമുട്ടുപോലെയും നേരിട്ടിരുന്നു. വഴിതെറ്റിയുംമറ്റുമായി ഒരു പത്തുകിലോമീറ്റര്‍ദൂരമെങ്കിലും കാട്ടിലൂടെ തരണംചെയ്തുകാണും.
പാഞ്ച്പീര്‍ദര്‍ഗ്ഗ സ്ഥിതിചെയ്യുന്ന മലയേയും അതിനടുത്ത് ഞങ്ങളപ്പോള്‍ നിന്നിരുന്ന മലയേയും തമ്മില്‍ബന്ധിപ്പിക്കുന്ന രണ്ടുമൂന്നടിമാത്രം വീതിയും 200 മീറ്ററോളം നീളവുമുള്ള ഒരുപാതയിലൂടെയാണ് ഇനിപോകേണ്ടത്. മലയിടുക്കിലൂടെ തണുപ്പുകാറ്റ് ശക്തിയായി വീശുന്നു. പാതയ്ക്കിരുവശങ്ങളിലും അഗാധമായ കൊക്കകള്‍. താഴേക്കുനോക്കിയാല്‍ കോടമഞ്ഞിനാല്‍ ഒന്നും ഗോചരമല്ല. ഭയമുണ്ടെങ്കില്‍ നാലുകാലില്‍ ഇഴഞ്ഞുവന്നോളാന്‍ രാജേഷ് പറഞ്ഞു. അതതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലോയെന്നുകരുതി, ഞങ്ങള്‍ നടന്നുതന്നെപോകാന്‍ തീരുമാനിച്ചു. ശക്തിയായ കാറ്റുമൂലം ഇടയ്ക്കിടെ ഇരിക്കേണ്ടിവന്നു.
ഒരേസമയം ഭീകരവും മനോഹരവുമായ ഒരനുഭവമുണ്ടായത് അപ്പോഴായിരുന്നു. മലയിടുക്കിലൂടെ കുളിരുംകൊണ്ടൊഴുകിവന്നൊരു വെണ്‍മേഘം ഞങ്ങളെ തഴുകിക്കൊണ്ടു കടന്നുപോയി. ശക്തമായ കാറ്റിന്റെ അകമ്പടിയുംകൂടെ ഉണ്ടായിരുന്നതിനാല്‍, അടിതെറ്റിവീഴാതിരിക്കാന്‍ അന്നേരംഞങ്ങള്‍ തറയില്‍ ഇരുന്നു. പുകമറയ്ക്കുള്ളില്‍പ്പെട്ട് ശ്വാസംമുട്ടിപ്പോകുമോയെന്നു ഭയപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. പുകമറപോലെ അതുകടന്നുപോകുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം കാണാനാവുന്നുണ്ടായിരുന്നില്ലായെങ്കിലും എയര്‍കൂളറില്‍നിന്നുള്ള കാറ്റുപോലെ ആര്‍ദ്രമായ കാറ്റിനേയും ആവാഹിച്ചുകൊണ്ടായിരുന്നു അതിന്‍റെ വരവ്. സ്വര്‍ഗ്ഗതുല്യമായ ഒരനുഭൂതി സമ്മാനിച്ചുകൊണ്ട് അതുകടന്നുപോകുന്നതു വീക്ഷിച്ചുകൊണ്ട് ഏതാനുംമിനിറ്റുകള്‍ ഞങ്ങളവിടെയിരുന്നു. നല്ലയൊരുന്മേഷം.
വീണ്ടുമൊരു അമ്പതുമീറ്റര്‍ നടന്നപ്പോള്‍ കോടമഞ്ഞുമൂടിയ പാഞ്ച്പീര്‍മലമുകളിലെ മൈതാനത്തില്‍ ആനകളെപോലെ തോന്നിപ്പിക്കുന്ന നാലഞ്ചു കറുത്തരൂപങ്ങള്‍... രാജേഷ് സഡന്‍ബ്രേക്കിട്ടപോലെ നിന്നു.
"അരേ.. ഫസ്ഗയാ.. ഹാത്തീലോഗ് ഖടെ ഹേ" രാജേഷ് പറഞ്ഞു.
വനത്തില്‍നിന്നിറങ്ങിവന്ന ആനകള്‍ പുല്ലുമേയുകയാണെന്ന് രാജേഷ് പറഞ്ഞപ്പോള്‍ ഉള്ളംകിടുങ്ങി. എത്രയോ ആനകളുള്ള ഗുരുവായൂരിലെ സ്വദേശിയായ ഒരുവന് ഈ കൊടുങ്കാട്ടില്‍വന്ന് ആനയുടെ ചവിട്ടുകൊണ്ട് ചാവേണ്ട ഗതികേടുണ്ടാവുമോയെന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. എന്തായാലും മഞ്ഞുമാറുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാല്‍മണിക്കൂറോളം കഴിഞ്ഞപ്പോള്‍ പരിസരം ഗോചരമായി. കുറച്ചുകൂടി മുന്നോട്ടുചെന്ന രാജേഷ്, ഞങ്ങളെനോക്കി പൊട്ടിച്ചിരിച്ചു. പാഞ്ച്പീര്‍ ദര്‍ഗ്ഗയിലെ ബാബ വളര്‍ത്തുന്ന ഭീമാകാരങ്ങളായ എരുമകളായിരുന്നു അവ.
അങ്ങനെ ഞങ്ങള്‍ ആ ദര്‍ഗ്ഗയില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നു. പുല്ലുകൊണ്ടും ഷീറ്റ്കൊണ്ടും മേഞ്ഞ രണ്ടു പാര്‍പ്പിടങ്ങള്‍. ഒന്നില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യങ്ങള്‍. അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പുകളും പാത്രങ്ങളുമൊക്കെ അവിടെയുണ്ട്. ചാണകംമെഴുകിയ തറയില്‍ വൃത്തിഹീനമായ കോസടികളും തഴപ്പായകളും നിരത്തിയിട്ടിരിക്കുന്നു. മറ്റൊരു കുടിലില്‍ ബാബയും അനുചരന്മാരും താമസിക്കുന്നു. അല്പസമയത്തിനുള്ളില്‍ ഞങ്ങളെ അങ്ങോട്ടുവിളിപ്പിച്ചു.
ഒരു വെളുത്ത ഒറ്റമുണ്ടും പച്ചനിറത്തിലുള്ള ഒരു തലേക്കെട്ടുംധരിച്ച്, ഏകദേശം 45 വയസ്സുതോന്നിപ്പിക്കുന്ന താടിക്കാരന്‍ബാബ ഞങ്ങളെ നിറഞ്ഞപുഞ്ചിരിയോടെ അകത്തേക്കു സ്വാഗതംചെയ്തു. ചന്ദനത്തിരിയുടെ സുഗന്ധം മുറിയില്‍ നിറഞ്ഞുനിന്നു. മുന്നില്‍ താഴെ നിരത്തിയിട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ ഇരുന്നു. രാജേഷുമായി ബാബയ്ക്ക് മുന്‍പരിചയമുള്ളതിനാല്‍ ഞങ്ങളെ അദ്ദേഹം ബാബയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഞങ്ങള്‍ മൂവരുടെയും നെറ്റിപിടിച്ച് അയാളെന്തൊക്കെയോ ഉറുക്കുകളുരുവിട്ട് കവിളിലൊരു തട്ടുമൊക്കെ പാസ്സാക്കി. എന്നാല്‍ മൂടുപിന്നിയ പാന്റിനെക്കുറിച്ചായിരുന്നു എന്‍റെ ചിന്തകള്‍. ഔപചാരികതകളൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ രാജേഷിന്‍റെ ചെവിയില്‍ അതിനൊരു പരിഹാരമുണ്ടാക്കണമെന്നു മന്ത്രിച്ചു. ഉടനേ രാജേഷ് ബാബയുടെ പക്കല്‍നിന്ന് ഒരു സൂചിയുംനൂലും സംഘടിപ്പിച്ചുതന്നു. ബാബതന്ന മുഷിഞ്ഞ തോര്‍ത്തുമുണ്ടുമുടുത്തിരുന്ന്‍ ഞാന്‍ ഒരുവിധമതു തുന്നിപ്പിടിപ്പിച്ചു. സമാധാനം... പകല്‍വെളിച്ചത്തില്‍ തിരിച്ചുപോകേണ്ടതല്ലേ.
ബാബയുടെ ഒരു പരിചാരകന്‍ ആവിപറക്കുന്ന കട്ടന്‍കാപ്പിയുമായിവന്നു. നല്ല കടുപ്പവും മധുരവുമുള്ള ആ കാപ്പികുടിച്ചപ്പോള്‍ എല്ലാ ശക്തിയും തിരികേലഭിച്ച അനുഭൂതി.
ഹസ്രത് ഹാജിമലങ്ങ്ബാബയുടെ അഞ്ച് അനുചരന്മാരെ അടക്കിയ കുഴിമാടങ്ങളിലെ പ്രഭാതപൂജ നടത്താനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ ബാബ. ഞങ്ങളെയും അദ്ദേഹം പൂജയില്‍പങ്കെടുക്കാന്‍ ക്ഷണിച്ചു. അതുകഴിഞ്ഞാകാം പ്രഭാതഭക്ഷണമെന്നും പറഞ്ഞു. ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണത്രേ ആ സമയത്ത് പുറത്തുനിന്നാരെങ്കിലും അവിടെ എത്തുന്നത്. ബാബ അത്ഭുതപ്പെട്ടുകൊണ്ട് പറഞ്ഞു. രാത്രിയില്‍ ഇരതേടാനിറങ്ങുന്ന കടുവകളാണ് ഭീഷണിപോലും. സന്ദര്‍ശകരില്‍ചിലരെ കടുവ റാഞ്ചിക്കൊണ്ടുപോയ കഥകളൊക്കെ അദ്ദേഹവും വിസ്തരിച്ചു. ഞങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും ഭീതിപടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു. മഴപെയ്യുന്നതുകൊണ്ടായിരിക്കാം നിങ്ങളെ അതൊന്നുംചെയ്യാതിരുന്നിരിക്കുകയെന്നുള്ള അഭിപ്രായം അദ്ദേഹവും പ്രകടിപ്പിച്ചു.
ബാബയുടെയൊപ്പം ഞങ്ങള്‍ കുഴിമാടങ്ങളിലേക്ക് നീങ്ങി. ചില ദിവസങ്ങളില്‍ പൂജനടക്കുന്ന സമയത്ത് ഏതാനും കടുവകള്‍ ദൂരെമാറിനിന്ന് അതിനു സാക്ഷ്യംവഹിക്കാറുണ്ടത്രേ! അന്നേതായാലും ഒന്നിനേയും കണ്ടില്ല. പൂജകഴിഞ്ഞവഴി പ്രസാദംപോലെ എന്തോയൊന്ന് ഓരോ സ്പൂണ്‍വീതം ഓരോരുത്തരുടേയും കൈകളില്‍ കുടഞ്ഞിട്ടു. തൈരും ഉരുളന്‍കിഴങ്ങും എള്ളും കടുകുമൊക്കെയുള്ള ഒരു മിശ്രിതം. ഞാനൊന്നു രുചിച്ചുനോക്കി. മധുരവുംപുളിയുംകൂടിയ ചവര്‍പ്പ്.. ആരുംകാണാതെ ഞാനതൊരു മരത്തില്‍ തേച്ചുപിടിപ്പിച്ചു.
ഭക്ഷണം കഴിച്ചുവരാനായി നിര്‍ദ്ദേശിച്ചതനുസരിച്ച് ഞങ്ങള്‍ ആദ്യംവിവരിച്ച കൂരയിലേക്കുചെന്നു. വലിയ അലുമിനിയംകലങ്ങളില്‍ കഞ്ഞിയും പരിപ്പും (ഖിച്ചടി) തിളച്ചുമറിയുന്നു. മറ്റൊരു കലത്തില്‍ കട്ടന്‍ചായയും. വലിയ സ്റ്റീല്‍കിണ്ണങ്ങളില്‍ ആവിപറക്കുന്ന ഖിച്ചടിയും മറ്റൊരു തകരപ്പാത്രത്തില്‍ ചപ്പാത്തിയും ഒരു അലുമിനിയംമൊന്തയില്‍ ചായയും കൊണ്ടുവന്നുവെച്ചു. ഞാനൊരു ചപ്പാത്തിയെടുത്തു പരിശോധിച്ചപ്പോള്‍ അത് വടിപോലെയിരിക്കുന്നു. തലേരാത്രിയിലെ ചൂടാക്കിത്തന്നതാണെന്ന് ഊഹിച്ചു. മാത്രമല്ലാ.. ഒരു പാറ്റക്കാലും അതില്‍നിന്നു തലനീട്ടുന്നതായും കണ്ടു. അറപ്പോടെ ഞാനത് തിരികേവച്ചു. വിശപ്പിന്‍റെ കാഠിന്യത്തില്‍ ആ വലിയകിണ്ണം ഖിച്ചടിമുഴുവന്‍ ചൂടോടെ അകത്താക്കി. വിനോദും രാജേഷും അല്പംമാത്രം കഞ്ഞിയും പിന്നെ പാറ്റയെചേര്‍ത്തുകുഴച്ച ചപ്പാത്തിയുമാണ് കഴിച്ചിരുന്നത്. മറ്റുള്ളവര്‍ നോക്കിനില്ക്കുന്നതിനാല്‍ നിസ്സഹായമായി ആ കാഴ്ച കണ്ടിരിക്കാനേ സാധിച്ചുള്ളൂ. ഹാവൂ.. വയറുനിറഞ്ഞു.. ഇനിയൊന്നുകിടക്കണം. വൃത്തിയില്ലാത്ത, ചെളിമണംപൊഴിക്കുന്ന കോസടികളില്‍ മലര്‍ന്നുകിടന്ന ഞങ്ങള്‍ നിമിഷനേരംകൊണ്ട് ഉറങ്ങിപ്പോയി.
രണ്ടരമണിക്കൂറോളം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ക്ഷീണമൊക്കെയൊരുവിധം മാറി. മുഖമൊക്കെ കഴുകി, ഒരു കട്ടന്‍ചായ അകത്താക്കിയപ്പോള്‍ തിരിച്ചിറങ്ങാനുള്ള ആത്മവിശ്വാസം ലഭിച്ചു. കയറിയതിനേക്കാള്‍ കഷ്ടമാണ് ഇറക്കം. കാലിലെ പേശികള്‍ക്കെല്ലാം ഭയങ്കര കടച്ചില്‍. മരങ്ങളില്‍ വലിഞ്ഞുതൂങ്ങിത്തൂങ്ങി, കൈകളിലേയും തോളുകളിലേയും പേശികളെല്ലാം വേദനകൊണ്ടു കരയുന്നു. എന്തുചെയ്യാം.. നിവൃത്തിയില്ലാ.. തനിക്കുപകരം മറ്റൊരാള്‍ ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ. അന്നേരം അവിടെയെങ്ങാനും ഒരു ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ടായിരുന്നെങ്കില്‍ എന്തുവിലകൊടുത്തും ഞങ്ങളതില്‍ കയറിപ്പറ്റുമായിരുന്നു.
പകല്‍വെളിച്ചത്തിലായിരുന്നു തിരിച്ചിറക്കമെന്നതിനാല്‍ അധികം ദുര്‍ഘടങ്ങളില്ലാത്ത പാതകളിലൂടെത്തന്നെ ഞങ്ങള്‍ക്ക് നീങ്ങാന്‍പറ്റി. കയറാന്‍ ആറുമണിക്കൂറിലധികമെടുത്തിരുന്നുവെങ്കില്‍ ഇറങ്ങാന്‍ വെറും രണ്ടരമണിക്കൂറേ എടുത്തുള്ളൂ. പക്ഷേ കുത്തനേയുള്ള ഒറ്റയടിപ്പാതകളിലൂടെയുള്ള പ്രയാണവും ഇടയ്ക്കുള്ള ബ്രേക്ക്പിടുത്തവും പേശികളെ കൂടുതല്‍ തകരാറിലാക്കുന്നുണ്ടായിരുന്നു. ടാര്‍റോഡില്‍ എത്തിയപ്പോള്‍ കല്യാണിലേക്കുള്ള ഒരു ബസ്സ് കിട്ടി. ഉടുപ്പിലാകെ ചെളിപ്പാടുകള്‍... ആളുകളത് ശ്രദ്ധിക്കുന്നത് ഗൗനിക്കാന്‍പോയില്ല.
വീട്ടിലെത്തുമ്പോള്‍ മണി നാല്. അതിനിടെ മലമുകളില്‍വെച്ച് ഫോണിലെ ചാര്‍ജ് തീരുന്നതിനുമുന്‍പ് അവളെ വിളിച്ച് നിജസ്ഥിതികള്‍ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ സീന്‍ അധികം മോശമായില്ലാ. അവള്‍ ചൂടാക്കിത്തന്ന വെള്ളത്തില്‍ സുന്ദരമായൊരുകുളി. പിന്നെ കിടയ്ക്കയിലെക്കൊരു മറിച്ചിലും..
പിറ്റേദിവസമാണ് ഞങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്തിരുന്ന ഞെട്ടിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാനും വിനോദും ഓര്‍ക്കുന്നത്. വിനോദിന്‍റെ ജാതകത്തില്‍ ആയുസ്സ് വെറും 32 വയസ്സും അതുതരണംചെയ്‌താല്‍പ്പിന്നെ തല്ലിക്കൊന്നാലും ചാവില്ലായെന്നുമൊക്കെ എഴുതിവച്ചിരുന്നത്. ജാതകത്തിലൊന്നും ഒരു വിശ്വാസവുമില്ലെങ്കിലും ആ യാത്രക്കുമുന്‍പ് ഈ സംഗതി ഓര്‍മ്മവന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മുപ്പത്തിരണ്ടാം ജന്മദിനത്തിലുള്ള ഈ അപകടംപിടിച്ച യാത്രപോകാന്‍ ഞാന്‍ സമ്മതിക്കുമായിരുന്നില്ല.
നക്ഷത്രങ്ങള്‍ ഒറ്റയ്ക്ക് മരുവുമ്പോഴാണ് അതിനു ദോഷഫലങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍, മറ്റുനക്ഷത്രങ്ങളുടെ സാമീപ്യമുണ്ടെങ്കില്‍ ആ ദോഷങ്ങളെല്ലാം പരിഹരിക്കപ്പെടും. അതിനാല്‍ ആത്മാര്‍ത്ഥതയുള്ള ഉറ്റസുഹൃത്തുക്കളെ ധാരാളമായി സമ്പാദിക്കുക. അതായിരിക്കും നമ്മുടെയൊക്കെ ബലം.
- ജോയ് ഗുരുവായൂര്‍.

No comments:

Post a Comment