Tuesday, October 31, 2017

ഇന്നലത്തെ സ്വപ്നം!..



നമ്മള്‍ മരിച്ചാലും ആളുകള്‍ 
കരയുമായിരിക്കുമല്ലേ..
അല്ലാ.. 
ഇന്നലെ കണ്ട സ്വപ്നത്തില്‍ 
അങ്ങനെയായിരുന്നു..
ഒരു വീട്ടുമുറ്റം... 
അതില്‍ക്കുറേയാളുകള്‍..
അടക്കം പറയുന്നവരും, 
മാറിനിന്നു ബീഡിവലിക്കുന്നവരും..
അകത്തുനിന്നൊരു രോദനം.. 
മാതാവിന്‍റെയാണതെന്നറിഞ്ഞു!
പോയിനോക്കാം..
ചന്ദനത്തിരികളുടെ ദുഷിച്ചഗന്ധം.. 
ശ്വാസംമുട്ടുന്നു..
ശവത്തിനുചുറ്റും ശവംപോലെ 
കിടക്കുന്ന ആത്മാക്കള്‍.. 
എല്ലാവരും 
കരഞ്ഞുതളര്‍ന്നവര്‍..
കരയാനെനിക്കുപക്ഷേ മനസ്സില്ലാ..
ആരുംകാണാതെ ഞാനാ, 
ശവശരീരത്തില്‍ കയറിയൊളിച്ചു!..
- ജോയ് ഗുരുവായൂര്‍

അതിജീവനം

[ഇതൊരു കഥയല്ലാ... മറിച്ച് അഞ്ഞൂറോ ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പരിണാമപ്രക്രിയയുടെ ഭാഗമായി ഈ ഭൂതലത്തില്‍ ഉപരിതലീകരിച്ചു തുടങ്ങാനിടയുള്ള ഒരു പ്രതിഭാസത്തെ കഥയുടെ മേലങ്കിയണിയിച്ചു അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം. ജനസംഖ്യാ വിസ്ഫോടനം മൂലം പ്രകൃതി വിഭവങ്ങള്‍ അതിവേഗം ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തില്‍, പരിണാമ സിദ്ധാന്തങ്ങളിലൊന്നായ അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന രൂപാന്തരപ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.]

സാറായുടെ നിരന്തരമായ ഓക്കാനം കണ്ട് മൂന്നു വയസ്സുകാരനായ മകന്‍ കീത്ത് അമ്പരപ്പോടെ അവരുടെ മുഖത്തേക്കു നോക്കി. അസ്വസ്ഥനായ ആല്‍ബെര്‍ട്ട് പൂമുഖത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

"സാറാ.. ദയവായി നീ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.. നമുക്കതങ്ങു കളയാം.. വെറുതേയെന്തിനാ പുലിവാലുകള്‍ പിടിക്കുന്നത്‌?.. "

"സോറി ആല്‍ബീ.. ഇതിലും ഭേദം എന്നെയങ്ങു കൊല്ലൂ..  ദയവു ചെയ്തിനിയൊരിക്കലുമെന്നെയിതിനുവേണ്ടി നിര്‍ബന്ധിക്കരുതേ പ്ലീസ്.. " സാറാ കരഞ്ഞു പറഞ്ഞു.

"ഇത്രയും വിദ്യാഭ്യാസമുള്ള നീ തന്നെയിങ്ങനെ വാശി പിടിച്ചാലോ.. എടീ പ്രസവിച്ചയുടനെ നിനക്കൊന്നു തൊടാന്‍ കിട്ടുന്നതിനും മുമ്പ് തന്നെ അവര്‍ വന്നു കുഞ്ഞിനെ എടുത്തു കൊണ്ടു പോകും.. നമുക്കു സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങളെല്ലാം അതോടെ നിര്‍ത്തലാക്കപ്പെടുകയും ചെയ്യും.. ഇതൊന്നുമോര്‍ക്കാതെയാണോ സാറാ നീയിമ്മാതിരി വര്‍ത്തമാനം പറയുന്നത്?" അല്‍പ്പം രോഷാകുലനായിത്തന്നെ ആല്‍ബെര്‍ട്ട് ചോദിച്ചു.

"എനിക്കൊന്നും അറിയുകയും വേണ്ടാ കേള്‍ക്കുകയും വേണ്ടാ.. എന്‍റെ കുഞ്ഞിനെയെനിക്കു  പ്രസവിക്കണം..  ദൈവം തന്ന ഈ കുഞ്ഞിനെ കൊല്ലാന്‍ എനിക്കു ജീവനുള്ളിടത്തോളം കാലം ഞാന്‍ സമ്മതിക്കില്ലാ... നിങ്ങള്‍ക്കെന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടോളൂ.. അതിനും കാണുമല്ലോ നിയമങ്ങള്‍" സാറാ ചീറി..

അല്പനേരം കൂടി ഉദ്യാനത്തില്‍ ചിന്താമഗ്നനായി ഉലാത്തിയ ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ പോര്‍ട്ടിക്കോയില്‍ കിടന്ന കാറില്‍ കയറി ആല്‍ബെര്‍ട്ട് എവിടേയ്ക്കോ ചീറിപ്പാഞ്ഞു പോയി.

ഭാര്യാഭാര്‍ത്താക്കന്മാര്‍ക്കു ഒന്നില്‍ക്കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതു വിലക്കിക്കൊണ്ട് അന്താരാഷ്‌ട്ര വ്യാപകമായി നിലവില്‍ വന്ന കടുത്ത നിയമത്തെ ശപിച്ചു മനസ്സു തളര്‍ന്ന് സാറാ തല കുമ്പിട്ടിരുന്നു.

ആല്‍ബെര്‍ട്ടിനേയും സാറായേയും കൂട്ടി അവനീശ്വര മഹര്‍ഷി, പാറക്കെട്ടുകളും നിബിഢവനങ്ങളും നിറഞ്ഞ ടിക്കോണോ ദ്വീപില്‍ ആ ചെറിയ ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍, അസ്തമയ സൂര്യന്‍ ചുവന്ന തുടുത്ത മുഖവുമായി ആകാശത്തു നിന്നും കടലിലേക്കു താഴാനായി വെമ്പല്‍ കൂട്ടുകയായിരുന്നു. സൂര്യതേരാളിയായ അരുണന്‍ തന്‍റെ കിരീടത്തില്‍ത്തട്ടി പ്രതിഫലിക്കുന്ന അരുണകിരണങ്ങളെ അയച്ച് തിരയടിച്ചു നനഞ്ഞ പാറക്കൂട്ടങ്ങള്‍ക്കു ചെഞ്ചായം പൂശി അവരെ സ്വാഗതം ചെയ്തു.

കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു യുഗാന്തേശ്വരന്‍ മുനിയുടെ ഗുഹയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നാലുമാസം പ്രായമായ തന്‍റെ ഗര്‍ഭത്തിനു ഇളക്കം തട്ടാതെ സുരക്ഷിതമാക്കി വയ്ക്കാന്‍ സാറാ ആവതു പണിപ്പെടുന്നുണ്ടായിരുന്നു.

ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ .. ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ ..
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിഃ .. വ്യശേമ ദേവഹിതം യദായുഃ ..
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ .. സ്വസ്തി നഃ പൂഷാ വിശ്വവേദാഃ ..
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ .. സ്വസ്തി നോ ബൃഹസ്പതിർദധാതു ..
ഓം ശാന്തിഃ...... ശാന്തിഃ ..............ശാന്തിഃ

പരബ്രഹ്മോപനിഷദ് മന്ത്രങ്ങള്‍ ഒഴുകിവന്നൊരു തുരങ്കകവാടം അവരെ സ്വാഗതം ചെയ്തു. തുരങ്കത്തില്‍ കാല്മുട്ടുവരെ വെള്ളം കാണും. മുന്നില്‍ നടന്ന അവനീശ്വരനെ അനുഗമിച്ചുകൊണ്ടവര്‍ തുരങ്കത്തിലേക്കു പ്രവേശിച്ചു. യുഗാന്തേശ്വരന്‍ മുനിയുടെ ഗുഹയിലെ യാഗാഗ്നിയില്‍ ചമതയും കര്‍പ്പൂരവും രാമച്ചവും എരിയുന്ന സുഗന്ധം ഒഴുകിവരുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചു മിനുട്ടോളം ഇരുളിലൂടെ നടന്നപ്പോള്‍ യാഗാഗ്നിയുടെ വെട്ടം അല്പാല്പ്പം അവര്‍ക്കു മുന്നില്‍ പരന്നുതുടങ്ങി. ഗുഹാകവാടത്തിലവരെത്തുമ്പോള്‍ അവര്‍ക്കനഭിമുഖനായി യാഗാഗ്നിയുടെ മുന്നില്‍ ധ്യാനിച്ചിരിക്കുന്ന മുനിയെ കണ്ടു. മന്ത്രോച്ഛാരണങ്ങള്‍ നിലച്ചിരിക്കുന്നു.

"അവനീശ്വരനായിരിക്കും? ......... "

ഭവ്യതയോടെയവര്‍ ഗുഹയിലേക്ക് കാലെടുത്തു വച്ചപാടേ മുനിയുടെ ഘനഘംഭീരമായ ശബ്ദം പാറയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

"അതേ... ഭവാന്‍... ഇവരെയൊന്നു സഹായിക്കണം.. അങ്ങേയ്ക്ക് മാത്രമേ അതിനു കഴിയൂ..." അവനീശ്വരന്‍ മഹര്‍ഷി പതിഞ്ഞ സ്വരത്തില്‍ മുനിയെ സംഗതികള്‍ ധരിപ്പിച്ചു.

"നോക്കാം..  ഇവിടത്തെ ചില രീതികളൊക്കെയുമായി ഇവള്‍ക്കു പൊരുത്തപ്പെടാന്‍ സാധിക്കുമെങ്കില്‍ എല്ലാം മംഗളമാവും.. അല്ലെങ്കില്‍ ജീവന്‍ പോലും കൈമോശം വന്നേക്കാം... അതേപോലെ, ഇങ്ങനെയൊരു സ്ഥലമിവിടെയുള്ള വിവരം ഇവര്‍ വഴി പുറംലോകമൊരിക്കലുമറിയാനും പാടില്ലാ.. അവനീശ്വരന്‍ മാത്രമാണ് ഇതിനുമുമ്പിവിടം സന്ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മനുഷ്യന്‍.. അറിയാമല്ലോ?" മുനിയുടെ സ്വരത്തില ല്പ്പം ഭീഷണിയുടെ ധ്വനി.

"ഇല്ലാ അങ്ങുന്നേ.. അങ്ങുന്നു പറയുന്നതെന്തും ഞാനതേപടിയനുസരിച്ചോളാം.. വിശ്വസിക്കാം... എങ്ങനെയെങ്കിലുമെന്‍റെ കുഞ്ഞിനെ അങ്ങ് രക്ഷിക്കണം.." സാറാ മുനിയോടു താണുകേണപേക്ഷിച്ചു. അതു വീക്ഷിച്ചുകൊണ്ട് കുറ്റബോധം സ്ഫുരിക്കുന്ന മുഖവുമായി ആല്‍ബെര്‍ട്ട് നിന്നു.

ആറുമാസം കഴിഞ്ഞുള്ളൊരമാവാസി നാളില്‍  ഒരാണ്‍കുഞ്ഞിന്‍റെ കരച്ചില്‍ ആ ഗുഹാഭിത്തികളില്‍ പ്രതിദ്ധ്വനിച്ചു. ഉടമ്പടിപ്രകാരം കുഞ്ഞിനു ആറുമാസമാവുന്ന ദിവസംതന്നെ യുഗാന്തേശ്വരന്‍ മഹര്‍ഷി സാറായെ നാട്ടിലേക്കയയ്ക്കാനൊരുങ്ങുമ്പോള്‍ നീല്‍ എന്നു നാമകരണം ചെയ്ത തന്‍റെ കുഞ്ഞ് സാഹചര്യം സമ്മാനിച്ച ആ സ്നേഹസ്വരൂപനായ ആ മുനിമുത്തച്ഛന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന ആത്മവിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇനി എന്നാണു തനിക്കവനെയൊന്നു കാണാന്‍ സാധിക്കുകയെന്ന ഉല്‍ക്കണ്ഠയും വിരഹതാപവും അവളെ വല്ലാതെയലട്ടി. പക്ഷേ, ഉടമ്പടി പ്രകാരം ആ തിരിച്ചു പോക്ക് തികച്ചും അനിവാര്യമായിരുന്നു.

പ്രകൃതിയുടെ ഏതു ഭാവമാറ്റങ്ങളേയും ചെറുക്കാനുള്ള ശാരീരിക, മാനസിക ശക്തികള്‍ പകര്‍ന്നു കൊടുത്തുകൊണ്ടു മുനി നീലിനെ വളര്‍ത്തി. കരയിലും വെള്ളത്തിലും ഒരേപോലെ ജീവിക്കാനുള്ള കഴിവ് അവന്‍ ഒന്നര വയസ്സിലേ ആര്‍ജ്ജിച്ചിരുന്നു. പിന്നീടങ്ങു കൂടുതല്‍ സമയവും കടലില്‍ത്തന്നെയായിരുന്നു അവന്‍റെ വാസം. കടല്‍ജീവികള്‍ അവന്‍റെ കളിക്കൂട്ടുകാരായി.. പതിയേ അവരുടെയെല്ലാം രാജാവായി അവന്‍ കടല്‍ വാണു. ഇടക്കിടെ ഗുഹയിലുള്ള മുത്തച്ഛനെ കാണാനവനെത്താറുണ്ടായിരുന്നു. അവര്‍ത്തന്നെ വികസിപ്പിച്ചെടുത്ത, അവര്‍ക്കും അവരോടിടപഴകി ജീവിക്കുന്ന ജന്തുലോകത്തിനും മാത്രം മനസ്സിലാവുന്നൊരു പ്രത്യേക ഭാഷയിലായിരുന്നു അവരുടെ ആശയവിനിമയം.

യുഗാന്തശ്വരന്‍ മുനിയുമായി ബന്ധമുണ്ടായിരുന്ന ഒരേയൊരു മനുഷ്യന്‍ അവനീശ്വരനെന്ന മുനിയാണ്. അദ്ദേഹമെങ്ങാനും കാലം ചെയ്‌താല്‍ തന്‍റെ മകനെക്കാണാന്‍ പോകാന്‍ ഒരിക്കലും സാധിക്കില്ലല്ലോ എന്ന സാറായുടെ വേവലാതികള്‍ക്കൊടുവില്‍ ആല്‍ബെര്‍ട്ട് വീണ്ടും അവനീശ്വരന്‍ തപസ്സിരിക്കുന്ന ഗ്രേറ്റ് പൈന്‍സ് കടലിടുക്കിനരികിലുള്ള മലനിരകളെ ലക്ഷ്യമാക്കി കാറോടിച്ചു.

അന്ന് സാറയെ അനുഗമിക്കാന്‍ അവനീശ്വരന്‍ ആല്‍ബെര്‍ട്ടിനെ അനുവദിച്ചില്ലാ .. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നീല്‍ ജനിക്കുന്നതിനും മുമ്പേ തന്നെക്കൊണ്ട് ദുര്‍മന്ത്രവാദം ചെയ്യിച്ചു അവനെ വധിക്കാന്‍ ശ്രമിച്ച നീചനായ പിതാവാണ് ആല്‍ബെര്‍ട്ട്. മാതാവ് സ്വമേധയാ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പക്ഷം അത്തരം ഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഒരു ദൈവസന്നിധിയിലും പൊറുക്കപ്പെടാത്ത കര്‍മ്മമാണെന്നാണ് അവനീശ്വരന്‍ മഹര്‍ഷിയുടെ മതം.

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പൊന്നുമകനെ കാണാന്‍ പോകുന്നുവല്ലോ എന്നോര്‍ത്തു ആ മാതാവിന്‍റെ ഹൃദയം ത്രസിച്ചു കൊണ്ടിരുന്നു.

"ഇത്തവണ നമുക്ക് ഗുഹ വരെ പോകേണ്ടതില്ലാ.. നമ്മളെത്തുന്ന നേരത്തു മഹാശയന്‍ പുത്രനുമായി തീരത്തേക്കു വന്നോളാമെന്നാണ് അനുമതി ചോദിക്കുവാനായി കഴിഞ്ഞ തവണ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ എന്നെ അറിയിച്ചിരുന്നത്" അവനീശ്വരന്‍ സാറായോടു പറഞ്ഞു.

"എന്‍റെ മോനേ.. എന്‍റെ പൊന്നു മോനേ.." ദൂരെ നിന്നും ടിക്കോണ ദ്വീപിന്‍റെ പച്ചത്തലപ്പുകള്‍ കണ്ടപാടേ സാറാ ആര്‍ത്തു വിളിച്ചു.

ബോട്ട് തീരത്തടുക്കുമ്പോള്‍ പ്രഭാതകിരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കറുത്ത രൂപം പോലെ പാറക്കല്ലില്‍ നിലകൊണ്ടിരുന്ന യുഗാന്തേശ്വരന്‍ മുനി അവരുടെയടുത്തേക്ക്‌ നടന്നു വന്നു. ഒരു മകളെ ആശ്ലേഷിക്കുന്ന വാത്സല്യത്തോടെ അദ്ദേഹം സാറായെ ആലിംഗനം ചെയ്തു മൂര്‍ദ്ധാവില്‍ ചുംബിച്ചു.

"നീലാ... നീലാ... " രണ്ടു കൈപ്പത്തികളും വായ്ക്കിരുവശത്തുമായി വച്ചുകൊണ്ട് യുഗാന്തേശ്വരന്‍ മുനി കടലിലേക്ക്‌ നോക്കി ഉച്ചത്തില്‍ വിളിച്ചു. സാറാ ആകാംക്ഷാഭരിതയായി നിന്നു.

അല്‍പ്പ സമയത്തിനു ശേഷം ദൂരെ കണ്ട ഒരു തിരയിളക്കം അടുത്തടുത്തു വന്നു. ആജാനുബാഹുവായ ഒരു മനുഷ്യരൂപം കടലില്‍ നിന്നും കയറി തങ്ങളുടെ അടുത്തേക്ക്‌ നടന്നു വരുന്നത് കണ്ടു സാറായും അവനീശ്വരനും അമ്പരന്നു. പൂര്‍ണ്ണനഗ്നനായിരുന്ന ആ മനുഷ്യന്‍റെ ചെവികള്‍ രൂപാന്തരപ്പെട്ട് മത്സ്യത്തിന്റെ ചെകിളകള്‍ പോലെയും കൈകാലുകളിലെ വിരലുകള്‍ക്കിടയില്‍ താറാവിന്റേതു പോലുള്ള ചര്‍മ്മങ്ങളും അവര്‍ കണ്ടു.

"സംശയിക്കേണ്ടാ.. ഇത് തന്നെ നിന്‍റെ നീലന്‍.." യുഗാന്തേശ്വരന്‍ മുനി സാറായോട് പറഞ്ഞതു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവള്‍ അന്തംവിട്ടു നിന്നു.

നീലനോട് തങ്ങളുടെ ഭാഷയില്‍ മുനി എന്തോ പറഞ്ഞപ്പോള്‍ അവന്‍ സാറായെ നോക്കി മന്ദഹസിച്ചു. പിന്നെ അടുത്തേക്ക്‌ വന്നു അവളെ ആലിംഗനം ചെയ്തു. അവന്‍റെ മുതുകില്‍ രൂപംകൊണ്ടിരുന്ന ശല്‍ക്കങ്ങള്‍ അരുണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

ആ മാതാവിന്‍റെ കണ്ണുകളില്‍ നിന്നും ഒരു സാഗരം അലയടിച്ചൊഴുകി.. അവനെ ഗാഢമായി പുണര്‍ന്നുകൊണ്ടവള്‍ അലമുറയിട്ടു കരഞ്ഞു.

- ജോയ് ഗുരുവായൂര്‍

-------------------------------------------------------------------------------------------------------------------
അഡാപ്റ്റീവ് റേഡിയേഷന്‍:
മാറുന്ന ആവാസ വ്യവസ്ഥിതികള്‍ക്കനുസാരമായി അതിജീവനം സാദ്ധ്യമാക്കാനായി ജീവികള്‍ക്ക്  അല്പാല്പ്പമായി ശാരീരികഘടനാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നതാണ് 'അഡാപ്റ്റീവ് റേഡിയേഷന്‍' എന്ന പ്രതിഭാസം കൊണ്ടു അര്‍ത്ഥമാക്കുന്നത്. ജിറാഫുകളുടെ കഴുത്തു നീണ്ടതും ഉഭയജീവികള്‍ ഉണ്ടായതും മരുഭൂമിയിലും തണുപ്പുള്ള പ്രദേശങ്ങളിലും ജീവിക്കാനുള്ള കഴിവുകള്‍ ചില ജീവികളും സസ്യങ്ങളും സ്വയം നേടിയെടുക്കുന്നതും ഒക്കെ ഇതിനുദാഹരണങ്ങള്‍ മാത്രം.

ഷാര്‍ജാ ചതുരമേശ-സമ്മേളനം

ഷാര്‍ജാ ചതുരമേശ-സമ്മേളനം
============================
തികച്ചും അപ്രതീക്ഷിതമായായിരുന്നു കെ. ആര്‍. നാരായണന്‍സര്‍ Kurumbail R. Narayanan ദുബായ് സന്ദര്‍ശനപരിപാടി ഉറപ്പിക്കുന്നതും ആ വിവരം ഞങ്ങളുടെ പഴയകൂട്ടായ്മ്മയായിരുന്ന മനസ്സിലെ കൂട്ടുകാരെ അറിയിക്കുന്നതും. നാരായണന്‍സര്‍ ദുബായില്‍ വരുന്നുണ്ടെങ്കില്‍ കണ്ടിരിക്കുമെന്ന് അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. കുറച്ചുദിവസം മുമ്പ് മനോജ്‌ജേക്കബ്സാറും Manoj Jacobദുബായില്‍ എത്തിച്ചേര്‍ന്നവിവരം എന്നെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍പ്പിന്നെ ഈ അസുലഭസന്ദര്‍ഭം വിനിയോഗിച്ച്, ഒരു സ്നേഹസംഗമംതന്നെ നടത്തിക്കളയാമെന്ന് ഉണ്ണ്യേട്ടന്‍ ടി.കെ. ഉണ്ണി, ജോസേട്ടന്‍, ജോസ് ആറുകാട്ടിസീനോചേട്ടന്‍ Zeeno John Netto, വിജു Viju Nambiar, ഷാനു Shanavas Kannanchery എന്നിവരുമായി ചര്‍ച്ചചെയ്ത് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു.
ഞാന്‍ ജോലിചെയ്യുന്ന റുവൈസ് ഓയില്‍ഫീല്‍ഡില്‍നിന്നു ദുബായിലേക്കെത്താന്‍ ഏകദേശം 435ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടേണ്ടതുണ്ട്. ഒരൊറ്റയടിക്ക്, ഇവിടെനിന്നു ദുബായിലേക്ക് ഡ്രൈവ്ചെയ്തെത്തുമ്പോഴേക്കും സമയമൊരുപാടാവും എന്നതിലുപരി ക്ഷീണവും അനുഭവപ്പെടുമെന്നതിനാല്‍ തലേദിവസംരാത്രി അബുദാബിയിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലെ വിരുന്നുകാരനാവാമെന്ന് നിശ്ചയിച്ചു. അബുദാബിയില്‍ത്തന്നെയുള്ള മനസ്സ്മെമ്പര്‍ ശ്രീ. അജിതന്‍നായരേയും Ajithan Nair Aanakkara കൂട്ടിക്കൊണ്ട് ഞങ്ങളുടെ ആ പൊതുസുഹൃത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച്ചരാത്രി അന്തിയുറങ്ങി. പിറ്റേദിവസം അതിരാവിലെതന്നെ, അബുദാബിയില്‍ കുടുംബസമേതംകഴിയുന്ന ശ്രീ. വിജുനമ്പ്യാരേയും 'പിക്അപ്' ചെയ്ത് മൂവരുംകൂടെ ദുബായിലേക്കു വിട്ടുപിടിക്കാനായിരുന്നു പ്രോഗ്രാം. പക്ഷേ, ചില അസൌകര്യങ്ങള്‍മൂലം വിജുവിന് അതിരാവിലേത്തന്നെ പുറപ്പെടാന്‍ സാധിക്കില്ലായെന്ന്‍ അറിയിക്കുകയായിരുന്നു.
ഞാനും അജിതനുംകൂടെ ഏഴുമണിയോടെ പ്രയാണമാരംഭിച്ചു. എട്ടരയോടെ ഷാര്‍ജയിലുള്ള ഉണ്ണ്യേട്ടന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന്‍, അവിടെനിന്നു ഉണ്ണ്യേട്ടനേയും കൂട്ടിക്കൊണ്ട്, നാരായണന്‍സാറിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകാനുമായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, ഏകദേശം ഉണ്ണ്യേട്ടന്‍റെ താമസസ്ഥലത്തെത്തിച്ചേരുന്നതിന് തൊട്ടടുത്തുവച്ച് ഒന്നു വഴിതെറ്റി. ഇവിടത്തെ കാര്യം പലര്‍ക്കും അറിയാമായിരിക്കും ഒരു റോഡ്‌ 'മിസ്സ്‌' ആയാല്‍ പിന്നെ തിരിച്ച്, അവിടേക്കുതന്നെ എത്തിച്ചേരാന്‍ ഒരുപാട് വണ്ടിയോടിക്കേണ്ടിവരും. പരിണിതഫലം... ഏകദേശം 50 കിലോമീറ്റര്‍ എക്സ്ട്രാഡ്രൈവും ഒരു ഓവര്‍സ്പീഡ് ക്യാമറഫ്ലാഷും (ഫൈന്‍).
വൈതരണികള്‍ തരണംചെയ്തുകൊണ്ട് ഉദ്ദേശിച്ചതിനേക്കാളും അരമണിക്കൂര്‍വൈകിയാണ് ഞങ്ങള്‍ ഉണ്ണ്യേട്ടന്‍റെ ഫ്ലാറ്റിലേക്ക് എത്തിച്ചേര്‍ന്നത്. അവിടെ ഉണ്ണ്യേട്ടനും തലേദിവസംരാത്രിമുതല്‍ സന്നിഹിതരായിരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരുമായ നാലഞ്ചുപേരും - മനു, വിനു, അനില്‍, സുനില്‍, ഹംസാക്ക എന്നിവര്‍ - ഞങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ചു. അടുക്കളയില്‍നിന്നു ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിന്റെ സുഗന്ധം സന്ദര്‍ശനമുറിയിലേക്ക് ഒഴുകിവരുന്നുണ്ടായിരുന്നു. ഉണ്ണ്യേട്ടന്‍ രണ്ടുംകല്പ്പിച്ചാണ് തന്‍റെ വസതിയില്‍വച്ച്, ഈ പരിപാടി നടത്താനായി തുനിഞ്ഞിരിക്കുന്നതെന്ന് അപ്പോഴേതോന്നി.
കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടെ മേശമേല്‍ പ്രാതല്‍ നിരന്നു. ഒന്നാംതരം ചട്ണി, സാമ്പാര്‍, കുറുമാസഹിതം തട്ടുദോശയും ചായയും. അതൊരു റിഹേര്‍സല്‍ മാത്രമാണെന്നും ഉച്ചഭക്ഷണം "വെടിയും പുകയും" തന്നെയായിരിക്കുമെന്നതിന്റെ ലക്ഷണങ്ങള്‍ പ്രാതലിനുള്ള സജ്ജീകരണങ്ങള്‍ കണ്ടതില്‍നിന്നുതന്നെ വ്യക്തമായിരുന്നു.
പത്തുമണിക്ക് നാരായണന്‍സര്‍ താമസിക്കുന്ന ദുബായിലെ ചെല്‍സിയടവറില്‍ എത്തിച്ചേരാമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സ്ഥലം കണ്ടുപിടിക്കുന്നതിലുണ്ടായ ചില ആശയക്കുഴപ്പങ്ങള്‍ക്കും തദ്വാരായുണ്ടായ അധികകറക്കങ്ങള്‍ക്കുമൊടുവില്‍ അവിടെയെത്തുമ്പോഴേക്കും ഏകദേശം പതിനൊന്നുമണികഴിഞ്ഞു.
വഴിതെറ്റിപ്പോയപ്പോള്‍ "ഉണ്ണ്യേട്ടാ... ത്രേം കാലം ഈ തുഫായിയിലും ഷാര്‍ജയിലുമൊക്കെ കയില്കുത്തിയിട്ടും ഈ ബഴികളൊന്നും ഇനീം നേരായിനിശ്ചയല്ല്യാന്നുണ്ടോ?!" എന്ന എന്‍റെ വിനീതമായ സംശയോക്തിക്ക് ഉണ്ണ്യേട്ടന്‍ തന്ന ഉത്തരം ഇതായിരുന്നു.
"തുഫായ് ഇപ്പൊ പഴേ തുഫായിയൊന്നുമല്ലാ ജോയിച്ചാ...."
നാരായണന്‍സാറും പത്നിയും പറഞ്ഞസമയത്തുതന്നെ ഒരുക്കങ്ങളെല്ലാംകഴിഞ്ഞ് റെഡിയായിരുന്നിരുന്നു. ചെല്‍സിയടവറിന്റെ കവാടത്തില്‍ത്തന്നെ വണ്ടി, പാര്‍ക്ക്ചെയ്തുകൊണ്ട് ഞങ്ങള്‍ ലോഞ്ചില്‍ വെയിറ്റ്ചെയ്തു. താമസിയാതെ അവര്‍ ലിഫ്റ്റിറങ്ങി വന്ന് സുസ്മേരവദനരായി ഞങ്ങളെ ഹസ്തദാനംചെയ്തു. ഷാര്‍ജയിലുള്ള ഒരു ബന്ധുവീട്ടില്‍നടക്കുന്ന ഒഴിച്ചുകൂടാനാവാത്ത കുടുംബസംഗമത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ വരുന്നവഴി നാരായണന്‍സാറിന്‍റെ നല്ലപകുതിയെ അവിടെ ഡ്രോപ്പ്ചെയ്യേണ്ടിവന്നു. മീറ്റ്‌കഴിഞ്ഞ്, അവിടേക്ക് വൈകീട്ട് എത്തിക്കോളാമെന്ന അവരുമായുള്ള ധാരണയില്‍ നാരായണന്‍സര്‍ ഞങ്ങളോടൊപ്പം ഉണ്ണ്യേട്ടന്‍റെ വീട്ടിലേക്കുവന്നു.
ഞങ്ങള്‍ എത്തുമ്പോള്‍ മനസ്സിന്‍റെ പ്രിയങ്കരന്‍ ഡോക്റ്റര്‍. റഹീംപൂച്ചക്കാടനും Rahim Thekkupuram ശ്രീ. ഷിജു എസ്. വിസ്മയയും വീട്ടില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്, മനോജ്‌ജേക്കബ്സാറും സീനോജോണ്‍ചേട്ടനും എത്തിച്ചേര്‍ന്നു.
യാതൊരു ഔപചാരികതകളുമില്ലാതെ സംഗമത്തിന് തുടക്കം....
ഔപചാരികമായി നടത്തപ്പെടുന്ന മീറ്റുകളുടെ രൂപഭാവങ്ങള്‍ ഇല്ലാതെയുള്ള ഒരു കൂടിച്ചേരല്‍തന്നെയായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നതും. നമ്മുടെ പ്രിയസഹയാത്രികരായ നാരായണന്‍സാറിനും മനോജ്‌സാറിനും സമ്മാനിക്കാനായി ഒരു "മറുനാടന്‍ കത്തിയടി!..."
അതിനാല്‍ത്തന്നെയതിന് ഒരു കുടുംബസംഗമത്തിന്റെ മട്ടുംഭാവവുംതന്നെയായിരുന്നു.. മനോജ്‌സാറും നാരായണന്‍സാറും അമരത്തിരുന്നുകൊണ്ട് നയിച്ച ചര്‍ച്ചകളില്‍ ഞങ്ങളെല്ലാവരും വളരെ സന്തോഷമായും സജീവമായും പങ്കെടുത്തു. നാരായണന്‍സാറിന്റെയും മനോജ്‌സാറിന്റെയും സ്വതസിദ്ധമായ ഫലിതങ്ങള്‍ ഉണ്ണ്യേട്ടന്‍റെ സന്ദര്‍ശകമുറിയുടെ ചുമരുകളെ നിലയ്ക്കാത്ത പൊട്ടിച്ചിരികളാല്‍ ആലേപനംചെയ്തു പുളകിതമാക്കി.
മാനസികമായും ശാരീരികമായും ഒരു പുത്തനുണര്‍വ്!
അതിനിടെ നല്ല ഞാലിപ്പൂവന്‍പഴവും പഴങ്ങളുടെ രാജാക്കന്മാരായ റംബൂട്ടാനും മങ്കോസ്റ്റീനും തീന്മേശയിലെ തളികകളില്‍നിരന്നു. ഈ "രാജാക്കന്മാരെ" ആദ്യമായാണ്‌ ഈയുള്ളവന്‍ കഴിക്കുന്നത്‌തന്നേ!. അതിന് ഉണ്ണ്യേട്ടനോട് കടപ്പാട്.
ചര്‍ച്ചചെയ്യപ്പെടുന്ന ഓരോ വിഷയങ്ങളിലും ഓരോരുത്തര്‍ക്കുമുള്ള ആധികാരികമായ അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടു. അങ്ങനെ, പലര്‍ക്കും പല അപൂര്‍വ്വജ്ഞാനങ്ങളും നേടിയെടുക്കാനുള്ള ഒരു വേദികൂടെയായി ഈ കൂടിച്ചേരല്‍. ശ്രീ. റഹിംപൂച്ചക്കാടന്‍ അദ്ദേഹം വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മേഖലയായ ആയുര്‍വേദചികിത്സാവിധികളേക്കുറിച്ച്, പലര്‍ക്കും അജ്ഞാതമായിരിക്കുന്നവയും എന്നാല്‍ വളരെ ലളിതമായി പ്രാവര്‍ത്തികമാക്കാവുന്നതുമായ ചില അറിവുകള്‍ പങ്കുവച്ചപ്പോള്‍ ഉണ്ണ്യേട്ടനും സീനോചേട്ടനും ആദ്യകാല UAE പ്രവാസികളുടേയും ആധുനികകാലപ്രവാസികളുടേയും പ്രയാസങ്ങള്‍ താരതമ്യാത്മകമായി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പങ്കുവച്ചു. നഗ്നപാദനായി/യായി ദിവസവും അല്പസമയം (അര മണിക്കൂറോളം) ഭൂമിയിലൂടെ (natural earth surface) നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ഒരുമാതിരിപ്പെട്ട എല്ലാ അസുഖങ്ങളും വിട്ടുമാറുമെന്നുള്ളതാണ് ശ്രീ. റഹീം പൂച്ചക്കാടന്റെ ആരോഗ്യപരിപാലനനിര്‍ദ്ദേശങ്ങളില്‍ ‍മുഖ്യമായി തോന്നിയത്.
പിന്നെ, ഭൂമിശാസ്ത്രപരമായി, കേരളത്തില്‍ നിലവിലുള്ള മലയാളഭാഷാപ്രയോഗഭേദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായി. അതൊരുപാട് തുറന്നചിരികള്‍ക്ക് വഴിവച്ചു. പ്രത്യേകിച്ച് കാസര്‍ഗോഡ്‌ സ്വദേശിയായ ഡോക്റ്റര്‍ റഹീം അദ്ദേഹത്തിന്‍റെനാട്ടില്‍ നിലവിലുള്ള, മലയാളം എന്നുപോലും വിളിക്കാനാവാത്ത "മലയാളഭാഷകളുടെ" ഉദ്ഭവത്തെക്കുറിച്ചും അതിനു യഥാര്‍ത്ഥ മലയാളവുമായുള്ള വിഭിന്നതകളെക്കുറിച്ചുമെല്ലാം ഫലിതാത്മകമായി വിവരിച്ചത് വളരെ രസകരമായി.
"തിരുവനന്തപുരത്തുനിന്നു ഒഴുകിത്തുടങ്ങിയ മലയാളം, കാസര്‍ഗോഡ്‌ എത്തിയപ്പോഴേക്കും നക്കിയെടുക്കാനുള്ളത് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ... അതുകൊണ്ടാണ് അന്നാട്ടുകാരുടെ മലയാളം, മലയാളികള്‍ക്ക് മനസ്സിലാവാത്ത ഈ വിധത്തിലായിത്തീര്‍ന്നതത്രേ.." എന്നുള്ള ശ്രീ. റഹീംപൂച്ചക്കാടന്റെ കമന്റ്കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ജീവിതാനുഭവങ്ങളില്‍നിന്നു നേടിയ അതുല്യമായ അറിവുകള്‍ ഗുരുതുല്യരായവര്‍ പങ്കുവയ്ക്കപ്പെടുന്നതെല്ലാം സംശയദുരീകരണം നടത്തി, മനസ്സിലാവാഹിച്ചുകൊണ്ട് ഷിജുവും അജിതനും ഞാനുമുള്‍പ്പെടെ ബാക്കിയുള്ളവരും അതീവജിജ്ഞാസുക്കളായി ഇരുന്നു.
ഒരു പരസ്പരംപരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പതിവിനുവിപരീതമായി, മനസ്സിന്‍റെ നടത്തിപ്പിനെക്കുറിച്ചും നിലവിലുള്ള അവസ്ഥകളേക്കുറിച്ചുമുള്ള ഒരുകാര്യവും ചര്‍ച്ചയ്ക്ക് വിധേയമായില്ലെന്നും പറയാം. മറിച്ച്, വര്‍ത്തമാനകാലജീവിതത്തില്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന പൊതുവായ ചില പ്രധാനവിഷയങ്ങളേക്കുറിച്ച് ചിരപരിചിതരായ സുഹൃത്തുക്കളേപ്പോലെ അല്ലെങ്കില്‍ വളരെയടുത്ത കുടുംബാംഗങ്ങളേപ്പോലെ, 'വാ തോരാവിധമുള്ള' ചര്‍ച്ചകളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ നടന്നത്.
തിരക്കിട്ട കാര്യക്രമങ്ങളുടെയിടയില്‍നിന്നു മനസ്സിലെ പ്രിയസൂനങ്ങളെ കാണാനോടിയെത്തിയ മനോജ്‌സാറായിരുന്നു ആദ്യം യാത്ര പറഞ്ഞത്. തീന്‍മേശയിലപ്പോള്‍ രുചികരമായ സദ്യ നിരന്നുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു. ദുഃഖവെള്ളിയാഴ്ച തലേന്ന് അര്‍ദ്ധരാത്രിമുതല്‍ ഉപവാസമെടുത്ത്‌ പള്ളിയില്‍പ്പോയി വീട്ടിലേക്ക് തിരിച്ചെത്തിയവഴി ഭക്ഷണംകഴിച്ച് വിശപ്പടക്കിയാണ് വന്നിരിക്കുന്നതെന്ന കാരണത്താല്‍ ഉച്ചഭക്ഷണം കഴിക്കുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് മനോജ്‌സര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനുമുന്‍പുതന്നേ ശ്രീ. സീനോജോണ്‍നെറ്റോ രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നാരായണന്‍സര്‍, മനോജ്‌സാറിനു സമ്മാനിച്ചു. തുടര്‍ന്ന്, ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരങ്ങളും ശ്രീ. ഷിജു എസ് വിസ്മയ രചിച്ച കവിതാസമാഹാരവും മനോജ്‌സാറിനു സമ്മാനിക്കപ്പെട്ടു. യാത്ര പറയുന്നതിനുംമുന്‍പ്, മനസ്സ് ഷാര്‍ജാ കുടുംബസംഗമ ഓര്‍മ്മകള്‍ അനശ്വരമാവാനായി മനസ്സിന്‍റെ ഒരു ചെറിയ ഉപഹാരവും ഉണ്ണ്യേട്ടന്‍ അദ്ദേഹത്തിന് കൈമാറി.
"പിന്ന്യങ്ങട് ഒന്നുമ്പറയേണ്ടാ... തൊട്ടുമുന്നില്‍വിരിച്ച വാഴയിലകളില്‍നിന്നു തങ്ങളെനോക്കി പല വര്‍ണ്ണങ്ങളില്‍ പുഞ്ചിരിച്ചുകൊണ്ടിരുന്ന രുചികരങ്ങളായ പച്ചക്കറിവിഭവങ്ങളേയും മണ്‍ചട്ടിയില്‍ തയ്യാറാക്കിയ മത്സ്യക്കറികളേയും കുത്തരിച്ചോറില്‍ കുതിര്‍ത്തിയകത്താക്കാനുള്ള ഒരു കൂട്ടയജ്ഞം!... ഉണ്ണ്യേട്ടന്‍റെ 'സ്പെഷല്‍ ടീം' തയ്യാറാക്കിയ 'ഹോംലി' വിഭവങ്ങള്‍ വളയിട്ടകൈകള്‍ തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചികളേക്കാള്‍ മികച്ചുനിന്നുവെന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ലാ. ഓരോന്നും എടുത്തെടുത്തുപറഞ്ഞ് വായനക്കാരുടെ കീബോര്‍ഡ് "നനയ്ക്കാന്‍" ഞാനുദ്ദേശിക്കുന്നില്ലാ. മറുനാട്ടില്‍ 'നാടനേക്കാള്‍' മികച്ചയൊരു സദ്യ തരമാക്കിയതിന് ഉണ്ണ്യേട്ടനേയും കൂട്ടരേയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഊണ് കഴിഞ്ഞവഴി നാരായണന്‍സര്‍ തൃശ്ശൂര്‍ഭാഷയില്‍ പറഞ്ഞു.
"ന്നാ..മ്പ്ക്ക് വീണ്ടും തൊട്ങ്ങല്ലേ?...." വീണ്ടും ചര്‍ച്ചകള്‍ വേദികീഴടക്കി.
തുടര്‍ന്ന് ശ്രീ. സീനോജോണ്‍നെറ്റോ, താന്‍ രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിത മനോഹരമായി ആലപിച്ചത് എല്ലാവരും ആസ്വദിച്ചു. അദ്ദേഹം നല്ലൊരു ഗായകനുംകൂടിയാണെന്ന് ആ ആലാപനംകേട്ട ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല. അത്രയ്ക്ക് ഹൃദ്യമായിരുന്നു അത്.
അതിനിടയില്‍ എപ്പോഴോ കൊണ്ടുവച്ച കോഴിക്കോടന്‍ ഹലുവയില്‍ ആരൊക്കെയോ പിടുത്തമിടുന്നത് എന്‍റെ കണ്ണില്‍പ്പെട്ടത് വൈകിയാണ്.
"സീനോ ചേട്ടാ, ഹലുവ കഴിക്കാണോ?.. പ്രമേഹമുണ്ടെന്നൊക്കെ നേരത്തേ പറയുന്നതുകേട്ടപോലെ നിക്ക്യ് തോന്ന്യല്ലോ?" ഞാന്‍ ചോദിച്ചു.
"അയ്യോ.. ഞാനതങ്ങ് മറന്നു... കഴിച്ചുംപോയീ.. ഇനിയിപ്പൊയേതായാലും ഒരു കഷണംകൂടിയങ്ങ് കഴിക്കുകതന്നേ.." സീനോ ചേട്ടന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. ഹലുവ കഴിക്കുന്ന കാര്യത്തില്‍ ഞാനും നാരായണന്‍സാറുമടക്കമുള്ള "സ്ഥലത്തെ പ്രധാന പഞ്ചാരക്കുട്ടന്മാരും" പുറകിലോട്ടുനിന്നില്ലായെന്നതാണ് വാസ്തവം. ഹല്ലാ... ഉണ്ണ്യേട്ടനും അതില്‍ പിടുത്തമിട്ടിരുന്നോ?... ശ്രദ്ധിച്ചില്ലാട്ടോ...
"ന്നാ..പ്പിന്നെ സ്കൂള്‍വിടാന്‍ കൂട്ടമണിയടിക്കട്ടേ ഉണ്ണ്യേട്ടാ" എന്ന് ഞാന്‍ ചോദിച്ചപ്പോഴല്ലേ ഉണ്ണ്യേട്ടന്‍ പറയുന്നത്...
"അങ്ങനെയങ്ങ് പോകാറായിട്ടില്ലാ.. ഒരു സ്പെഷല്‍ക്ലാസ് കൂടിയുണ്ട്.. അത് കഴിഞ്ഞിട്ട് പോയാ മതീട്ടാ..."
എല്ലാരും നെറ്റിചുളിച്ച്നില്ക്കുമ്പോള്‍, അതാ തീന്‍മേശ വീണ്ടും സജീവമാകുന്നു. ആവിപറക്കുന്ന ചായയും സ്വയമ്പന്‍ ഉഴുന്നുവടയും തളികകളില്‍ നിരന്നുകഴിഞ്ഞു. ചര്‍ച്ചകള്‍ക്കിടയില്‍ മിക്സി നിരന്തരം പ്രവര്‍ത്തിക്കുന്ന ശബ്ദം അടുക്കളയില്‍നിന്നു കേട്ടിരുന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ പുടികിട്ടിയത്.
"ശ്ശൊ.. ഉണ്ണ്യേട്ടാ.. ഇതൊന്നും വേണ്ടായിരുന്നൂ... " എന്നൊക്കെ ഒരു 'ഫോര്‍മാലിറ്റിക്ക്' എല്ലാരും പറഞ്ഞെങ്കിലും ഉഴുന്നുവടകള്‍ ഞൊടിയിടയില്‍ കാലിയാവാന്‍ യാതൊരു പ്രതിബന്ധവും അതുണ്ടാക്കിയില്ലാ.. അത്രയ്ക്കും രുചികരമായിരുന്നു അതും...
"ഇനി വലിച്ചാല്‍ വലിയില്ല വൈദ്യരേ... " എന്ന് പറയുന്നതുപോലെ ഇനിയും അവിടെത്തന്നെയിരിക്കാന്‍ സമയപരിമിതി ആരേയും അനുവദിക്കുന്നുണ്ടായിരുന്നില്ലാ. ശ്രീ. സീനോജോണും ഉണ്ണ്യേട്ടനും ഷിജുവിസ്മയയും താന്താങ്ങളുടെ പുസ്തകങ്ങളുടെ കോപ്പികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. ഏകദേശം അഞ്ചരമണിയോടെ പരസ്പരം ആശ്ലേഷിച്ചുകൊണ്ടും ഉണ്ണ്യേട്ടന്‍ & ടീമിനോട് നന്ദി പറഞ്ഞുകൊണ്ടും ഞങ്ങള്‍ പടിയിറങ്ങി.
പിന്നീട് നാരായണന്‍സാറിനെ തിരികേകൊണ്ടുവിടാനായി ഞാനും അജിതനും ഉണ്ണ്യേട്ടനുംകൂടെ യാത്രയായി. അതിനുശേഷം ആറരമണിയോടെ ഞാനും അജിതനും അബുദാബി ലക്ഷ്യമാക്കിയുള്ള പ്രയാണമാരംഭിച്ചു. വഴിയില്‍വച്ച് തലേദിവസം ഞങ്ങള്‍ രണ്ടും തങ്ങിയിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഞങ്ങളുടെ ആ പാവം സുഹൃത്തിനെ വിളിച്ചുപറഞ്ഞു.
"അത്താഴത്തിന് രണ്ടുപേര്‍ക്കുള്ള അരികൂടി ഇട്ടോളൂ.. " ഇങ്ങനെയൊക്കെയല്ലേ നല്ല സുഹൃത്തുക്കള്‍ക്കൊക്കെ 'ഉപകാരങ്ങള്‍' ചെയ്യാന്‍ നമ്മളേക്കൊണ്ട് പറ്റൂ...
അതിരാവിലെ എഴുന്നേറ്റ് അജിതനെ അബുദാബിയിലെ താമസസ്ഥലത്ത് കൊണ്ടുപോയിവിട്ടതിനു ശേഷം 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു യാത്രയുടെ തുടക്കത്തിനായി ഞാന്‍ ആക്സിലരേറ്ററില്‍ കാലുകൊടുത്തു.
- ജോയ് ഗുരുവായൂര്‍

ജീവിതത്തിലെ ആദ്യ ട്രെക്കിംഗ് @ നെല്ലിക്കാട് ഫോറെസ്റ്റ്‌

"നെല്ലിക്കാട് ഫോറെസ്റ്റ്‌" എന്നുപറഞ്ഞാല്‍ "ഈ ഫോറെസ്റ്റാകെ കാടാണല്ലോ!." എന്നുപറയാന്‍മാത്രമുള്ള കാടൊന്നുമില്ല. അധികം ഇടതൂരാത്ത വൃക്ഷങ്ങളും, അതില്‍ക്കൂടുതലും  നെല്ലിമരങ്ങള്‍.. പൊന്തക്കാടുകളും കുറ്റിച്ചെടികളും പിന്നെ, അല്ലറചില്ലറ അരുവികളും മൊട്ടക്കുന്നുകളും ഒക്കെയുള്ള ഒരു ബി പി എല്‍ [ബിലോ പോവെര്‍ട്ടി ലൈന്‍] കാട്. പക്ഷേ, ജീവിതത്തിലൊരിക്കലും ഒരു കാട്ടിലൂടെ നടന്നുസഞ്ചരിച്ചിട്ടില്ലാത്ത ഞങ്ങള്‍നാലഞ്ചു കൂട്ടുകാര്‍ക്ക് അതൊരു ആകാംക്ഷാഭരിതമായ സംഭവംതന്നെയായിരുന്നു.

ഞങ്ങള്‍ B.Sc Zoology  ഡിഗ്രീകോഴ്സ് കഴിഞ്ഞസമയത്താണ് ഈ സംഭവം പ്ലാന്‍ചെയ്തത്. തൃശ്ശൂര്‍, കുന്നംകുളം, പെരുമ്പിലാവിനടുത്തുള്ള കോതച്ചിറ എന്ന കുഗ്രാമത്തിലായിരുന്നു സഹപാഠിയായ ഉണ്ണികൃഷ്ണന്‍റെ വീട്. പൊതുവേ, അന്തര്‍മുഖന്‍ ആയിരുന്ന ഉണ്ണികൃഷ്ണനെ, ഈ ഉദ്യമത്തിന്റെ ക്യാപ്റ്റന്‍ ആവാന്‍ പ്രേരിപ്പിച്ചത് ഞങ്ങള്‍ ബാക്കിയുള്ളവരുടെ പ്രേരണ ഒന്നുകൊണ്ടുമാത്രം.. പിന്നെ, ഞങ്ങളെ കരാട്ടെ പഠിപ്പിച്ച ഗുരുവും ഒപ്പമുണ്ട് എന്നറിഞ്ഞപ്പോള്‍ അവനൊരു പ്രത്യേക ഉത്സാഹവും.. ആരാ ഈ കുരു?!.. ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സുഗതന്‍ എന്ന അഞ്ചടി ഉയരക്കാരന്‍.. കാലിക്കറ്റ് യൂണിവേര്‍സിറ്റി കുങ്ങ്ഫൂ ആന്‍ഡ്‌ യോഗ ചാമ്പ്യന്‍ ആയിരുന്നു പുള്ളി. പക്ഷേ വിനീതഹൃദയന്‍.. വായില്‍ കയ്യിട്ടാ കടിക്കില്ല്യാ.. അഹങ്കാരമില്ലാത്തതുകൊണ്ടോ..  ഞങ്ങളെ പേടിയുള്ളതുകൊണ്ടോ ആവാം.. ഹെഹെഹെ.

ഉണ്ണികൃഷ്ണന്‍റെ വീട്ടില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവന്‍റെ വീട്ടുകാര്‍ക്കൊക്കെ ഞങ്ങളെ സുപരിചിതംതന്നെ. എന്നെക്കണ്ടാല്‍ അവന്‍റെ അമ്മയ്ക്ക് വളരെ സന്തോഷം.. "ഡാ നീയെന്തേ ഈ വഴിയൊക്കെ മറന്നോ എന്ന് ചോദിച്ചുകൊണ്ട് അമ്മവന്നു എന്നോട് സംസാരിച്ചുകൊണ്ടേ ഇരിക്കും.. ആ നല്ല സ്ത്രീയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.. എത്രവട്ടം ഞാന്‍ അവര്‍ വച്ചുവിളമ്പിയ സ്വാദേറിയ ഭക്ഷണം കഴിച്ചിട്ടുണ്ട്.. ഇപ്പോള്‍ ഉണ്ടോ ആവോ...

1993 യില്‍ ആണ് സംഭവം.. എന്റെയൊപ്പം വിനോദും രവിയും റാഫിയും രമേഷും സുധാകരനും പിന്നെ  എന്‍റെ നാട്ടുകാരനായ ജോണ്‍ എന്ന ഞങ്ങളെക്കാള്‍ രണ്ടുവയസ്സ് പ്രായംകുറഞ്ഞ എന്‍റെനാട്ടിലെ ഒരു കൂട്ടുകാരനും.. ഞാന്‍ ഈ പരിപാടിക്ക് പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അവനും ഒരു ഇളക്കം.. ചേട്ടാഎന്നെയും കൊണ്ടുപോകുമോ എന്നുചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. അവനെ പരിചയമില്ലാത്ത എന്‍റെ കൂട്ടുകാരുടെ സ്വകാര്യത അവനുള്ളതുകൊണ്ട് നഷ്ടമാകുമോ എന്ന ചിന്തയില്‍, ആദ്യം ജോണിന്‍റെ സാന്നിദ്ധ്യം ആര്‍ക്കും അത്രയ്ക്കു പിടിച്ചിരുന്നില്ല. എന്നാല്‍, പ്രതീക്ഷകളെ അപ്പാടെ തകിടംമറിച്ചുകൊണ്ട്, പിന്നെ ആ പരിപാടിയിലെ ഹീറോയായിമാറി അവന്‍! തമാശകള്‍ പൊട്ടിച്ചുകൊണ്ടും പാട്ടുകള്‍ പാടിക്കൊണ്ടും ചേട്ടന്മാരുടെ പാദസേവ ചെയ്തുകൊണ്ടും അവന്‍ എല്ലാവര്‍ക്കും ഒരു 'ഒന്നൊന്നര' കൂട്ടുകാരനായി.

ഞങ്ങളുടെ തീരുമാനം അനുസരിച്ച്, രാവിലെ ഒരു എട്ടരയോടെത്തന്നെ ട്രക്കിംഗ് ആരംഭിക്കണം എന്നായിരുന്നു.. പക്ഷേ.. ഉണ്ണിയുടെ അമ്മയുടെ പ്രാതല്‍തീറ്റിക്കല്‍ നീണ്ടുപോയതിനാല്‍ ഒമ്പതുമണിയായി വീട്ടില്‍നിന്നു ഇറങ്ങാന്‍.. തയ്യാറാക്കിയ ഭക്ഷണമൊന്നും കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലാ.. കുഴച്ചുറെഡിയാക്കിയ ഗോതമ്പുമാവും ചപ്പാത്തിപ്പലകയും കോലും ചെറിയൊരു വറചട്ടിയും തവിയും ചെറുപയറും സ്വല്പം വെളിച്ചെണ്ണയും ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇഞ്ചിയും പച്ചമുളകും വേപ്പിലയും അഞ്ചാറു സവാളയും ഒരു മണ്ണെണ്ണനിറച്ച സ്റ്റവും തീപ്പെട്ടിയും ചെറിയൊരു അലുമിയപാത്രവും പിന്നെ, വലിയൊരു കത്തിയും മാത്രം കരുതി. എന്താ അത് പോരേ എന്നാവും.. ഇതൊക്കെ കരുതിയാലും ഞങ്ങള്‍ ആരുംതന്നെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആഹാരം പാകംചെയ്യാത്ത മഹാന്മാരായിരുന്നല്ലോ. പക്ഷേ, അന്ന് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പറഞ്ഞറിയിക്കാന്‍വയ്യാത്ത ഒരു ആത്മവിശ്വാസമായിരുന്നു. വളയിട്ട കൈകളുടെ ഇടപെടല്‍ ഇല്ലാതെ, സ്വയം ഉണ്ടാക്കിക്കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചിയറിയാനുള്ള ത്വര.. അതായിരിക്കണം അന്ന് ഞങ്ങളെ നയിച്ചിരുന്നത്!

"ഉണ്ണ്യേ.. ചപ്പാത്തി കനംകുറച്ചുപരത്തി, അങ്ങനെ.. ഇങ്ങനെ.. പിന്നെ.. ഇങ്ങനെ.. അങ്ങനെ.."  എന്നൊക്കെ ഇറങ്ങുന്നനേരത്ത് അവന്‍റെ അമ്മ ചപ്പാത്തിയുണ്ടാക്കുന്ന രീതിയെക്കുറിച്ച്,  ഉപദേശിക്കുന്നുണ്ടായിരുന്നുവെങ്കിലും  അത് ഉണ്ണിയും മറ്റാരുംതന്നെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലാ.. എത്രയും പെട്ടെന്ന് കാടുകാണുക എന്നതായിരുന്നു ഞങ്ങളോരുത്തരുടെയും മനസ്സില്‍ ത്രസിച്ചുനിന്നിരുന്ന കാര്യം..

കോതച്ചിറയില്‍നിന്നു ബസ്സ്‌പിടിച്ച് ഞങ്ങള്‍ നെല്ലിക്കാടില്‍ ഇറങ്ങി.. പിന്നെയങ്ങു നടത്തം.. ആളുകള്‍ നടന്നുപോയുണ്ടായ, നേര്‍രേഖപോലുള്ള വഴികളിലൂടെ ഞങ്ങള്‍ തമാശകള്‍ പൊട്ടിച്ചുകൊണ്ടു മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ആ പ്രദേശവാസിയായ ഉണ്ണിക്ക് കാടെല്ലാം സുപരിചിതമായിരിക്കുമെന്ന ധാരണയായിരുന്നു ഞങ്ങള്‍ക്ക്.

ആളുകള്‍ നടന്നുപോയ ഒറ്റയടിപ്പാതകള്‍ ഭൂമിയില്‍ ലയിച്ചില്ലാതായ ഒരു സ്ഥലത്തുവെച്ച് വിനോദ് ഉണ്ണിയോട് ചോദിച്ചു..

"ഡാ.. ഇനിയെങ്ങോട്ടാ?... "

"ആ.. ആര്‍ക്കറിയാം.. ഞാനുണ്ടോ ഈ വഴി മുന്നേവന്നിരിക്കുന്നൂ?.. ഇപ്പോള്‍ ഞാനും നിങ്ങളുമൊക്കെ തുല്യര്‍ തന്നെ.. എവിടേക്കാച്ചാല്‍ പോകാംട്ടോ.. " എല്ലാവരും അതുകേട്ടുഞെട്ടി പരസ്പരംനോക്കി.

സംഗതി ശരിയാണല്ലോ.. ഉണ്ണിയെന്തിനു ഈ കാട്ടില്‍ മുന്നേത്തന്നെ വന്നുപരിചയിക്കണം?.. അതും അവന്‍റെ വീട്ടില്‍നിന്നു അകലേയുള്ള ഒരു കാട്ടില്‍...

ഘോരവനം ഒന്നുമല്ലാ.. നല്ല പകല്‍വെളിച്ചം ഉണ്ട്..  പക്ഷേ, ഇടയ്ക്കിടെ കാണുന്ന അരുവികളില്‍നിന്നു വെള്ളംകുടിച്ചും നെല്ലിക്കാമരങ്ങളില്‍ വലിഞ്ഞുകയറി, നെല്ലിക്ക പറിച്ച്,  ഉപ്പുകൂട്ടി കഴിച്ചും വളിപ്പുകള്‍ അടിച്ചും ഒക്കെ ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.

രവിയാണ് അതുകാണിച്ചുതന്നത്.. ഒരു ചെറിയ കാട്ടുപ്ലാവില്‍ സുഗന്ധംപരത്തിക്കൊണ്ടുനിന്ന ആ ചക്കയെ... ഏകദേശം ഒന്നരമണിക്കൂറോളം ആയി ഈ നടത്തം. വിശപ്പ്‌ എല്ലാവരിലും ഉദയംചെയ്തിരുന്നു.

ഉണ്ണി ഒരു അണ്ണാനെപ്പോലെ പ്ലാവില്‍ വലിഞ്ഞുകയറി, അതില്‍ ആകെയുണ്ടായിരുന്ന ഒരേയൊരു ചക്ക പിരിച്ചുതാഴെയിട്ടു. അത് തറയില്‍വീഴാതെ പിടിക്കാന്‍, കൈകള്‍നീട്ടി പ്ലാവിന്‍ചുവട്ടില്‍നിന്ന ജോണിന്‍റെ നെഞ്ചത്തുതന്നെ അത് 'കൃത്യമായി' പതിച്ചു. അതിന്‍റെ മുള്ളുകള്‍ ഉണ്ടാക്കിയ ഡോട്ട്. കോമുകള്‍ [.COM] ആ നെഞ്ചില്‍ തെളിയുകയുംചെയ്തു. ചെറിയ ചക്ക ആയതിനാല്‍ സാരമായ പരിക്കുകള്‍ ഒന്നുംതന്നെ ഉണ്ടായില്ലാ.. പിന്നെ അത് മുറിച്ചുകഴിക്കല്‍ ആയിരുന്നു.. കൂടുതല്‍ ചവിണിയും കുറവ് ചുളകളും ഉണ്ടായിരുന്ന ആ ചക്കയുടെ സ്വാദ് ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത്യാവശ്യം വിശപ്പടക്കാനുള്ള ചുളകള്‍ അതില്‍ ഉണ്ടായിരുന്നു.

പിന്നെയും ലക്ഷ്യബോധമില്ലാതെയുള്ള നടപ്പുതന്നേ.. ബോട്ടണി, ഞങ്ങളുടെ ഉപവിഷയം ആയിരുന്നതിനാല്‍, കാണുന്ന ചെടികളുടെയും മരങ്ങളുടെയുമൊക്കെ ക്ലാസ്, ഫൈലം, ജീനസ് എന്നിവയെക്കുറിച്ചൊക്കെ  ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. പിന്നെ മെമ്പൊടിയായി കുറേ വളിച്ചതമാശകളും ചിരികളും പൊട്ടിച്ചിരികളുമൊക്കെയായുള്ള യാത്ര.. എങ്ങോട്ടെന്നില്ലാതെ.. കൂട്ടുകാര്‍ ഒപ്പമുണ്ടല്ലോ എന്ന ധൈര്യം..

ഉള്ളിലേക്ക് പോകുംതോറും കാട് കുറേശ്ശെ കനക്കാന്‍ തുടങ്ങി.. പേരറിയാത്ത വൃക്ഷങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.. അവയുടെ ഫൈലവും ക്ലാസും നിര്‍ണ്ണയിക്കാന്‍ ആവാതെ ഞങ്ങള്‍ കുഴങ്ങിത്തുടങ്ങി.. ജന്തുക്കളെ ഒന്നിനേയും കണ്ടിരുന്നുമില്ലാ.. ഇതെന്തൊരു കാട്..

"ഡാ.. നിന്‍റെപോലെ "ഡ്യൂബ്ലി" ആണോടേ ഈ കാടും.. ഒരു പൂച്ചയെവരെ കണ്ടില്ലാ,," വിനോദ് ഉണ്ണിയെ പരിഹസിച്ചു.. പെട്ടെന്നാണ് ഒരു കാട്ടുമുയല്‍ ഞങ്ങളുടെ കാലുകള്‍ക്കിടയിലൂടെ പാഞ്ഞുപോയത്.. എല്ലാവരും അന്തംവിട്ടുനില്ക്കേ, അതിനെ പിന്തുടര്‍ന്നുകൊണ്ട് അതാവരുന്നു വേറൊരെണ്ണവും..

ജോണ്‍ പണിപറ്റിച്ചു.. അവന്‍റെ കൈയിലുണ്ടായിരുന്ന സാധനസാമഗ്രികളടങ്ങിയ അത്യാവശ്യംഭാരമുള്ള ബാഗുകൊണ്ട് ആ മുയലിനെ ഒരേറ്. ഏറുകൊണ്ട കാട്ടുമുയല്‍  സീല്‍ക്കാരങ്ങളുണ്ടാക്കി കിടന്നുപിടഞ്ഞു.  ഇറച്ചിവെട്ടുകാരന്‍ അസനാരുടെ മകന്‍ റാഫി ഉടനെ സജീവമായി..

"കത്തി കത്തീ.."  എന്നുപറഞ്ഞ് അവന്‍ ആ മുയലിനെ കൂട്ടിപ്പിടിച്ചു.. രമേഷ് കത്തിയെടുത്തുകൊടുത്തു..

കശാപ്പ്!... നിമിഷനേരങ്ങള്‍ക്കൊണ്ട് റാഫി ആ മുയലിന്‍റെ തൊലിയുരിഞ്ഞു കഷണങ്ങളാക്കി.  എല്ലാവരും അന്തംവിട്ടുനിന്നു.

"എന്താ പരിപാടി?" ഞാന്‍ ചോദിച്ചു..

"നമ്മള്‍ ഇതിനെ ഇപ്പൊ റോസ്റ്റ് ആക്കുന്നു.. എന്താ.." റാഫി പറഞ്ഞു.. എല്ലാവരും ഞെട്ടി.. കാരണം ഒരു പരിപ്പുകറിവരെ ഉണ്ടാക്കാന്‍ അറിയാത്തവരായിരുന്നു എല്ലാവരും.. റാഫിവരെ.

"ന്‍റെ ചേട്ടന്മാരേ.. ആ ഇറച്ചിയൊന്നു കഴുകിക്കൊണ്ട് വരൂ.. പിന്നെ.. ഒരു അടുപ്പ് ഉണ്ടാക്കാനുള്ള കാര്യങ്ങളും നോക്കൂ.. ഉണങ്ങിയ വിറകും.." ജോണ്‍ പറഞ്ഞു. അവന്‍ നല്ലൊരു കുക്കാണെന്ന് അവന്‍തന്നെ പറയുന്നതുകേട്ട് ഞങ്ങള്‍ മൂക്കത്തുവിരല്‍വച്ചു.

ഇപ്പറഞ്ഞതെല്ലാം ഞങ്ങള്‍ നിമിഷനേരംകൊണ്ട് സംഘടിപ്പിച്ചു. അടുപ്പ് റെഡി.. ഉണങ്ങിയ പുല്ലുകള്‍ വിറകുകളുടെ മുകളില്‍കൂട്ടിയിട്ടു ഞങ്ങള്‍ വിജയകരമായി തീപ്പൂട്ടുകയും ചെയ്തു.  ഓരോരുത്തരും ഇഞ്ചി-പച്ചമുളക്- ഉള്ളിയരിയല്‍, ചപ്പാത്തിപരത്തല്‍ തുടങ്ങിയ ഓരോരോ  സഹായങ്ങള്‍ചെയ്ത്,  ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം റെഡിയായി..

ചപ്പാത്തികള്‍ ചുട്ടെടുത്ത്, ചൂടാറാതിരിക്കാന്‍ ഇറച്ചിക്കറിമൂടിവച്ച അടപ്പിനുമുകളില്‍ അടുക്കി.

എല്ലാവരും ജോണിന്‍റെ കൈപുണ്യം അന്നറിഞ്ഞു.. അനിര്‍വ്വചനീയമായ ആ രുചി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടതു ചിലപ്പോള്‍ ക്ഷീണവും വിശപ്പും കൊണ്ടാവാം.. ഒരേ പാത്രത്തില്‍നിന്നു വിജനമായ കാടിന്‍നടുവില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ സന്തോഷത്തോടെ കഴിച്ചു. അതൊരനുഭവം തന്നെയായിരുന്നു.  

അപ്രതീക്ഷിതമായി, ഒരു സാധുജീവിയെ കശാപ്പുചെയ്തുവല്ലോയെന്ന കുറ്റബോധമൊന്നും എന്തോ ആര്‍ക്കും തോന്നിയിരുന്നില്ല. കൂട്ടുകൂടുമ്പോളുള്ള വികാരം ഒരിക്കലും നമ്മുടേതാകില്ലല്ലോ. അതാ കൂട്ടത്തിന്‍റെ പൊതുവായതായിരിക്കും.

സമയം ഏകദേശം രണ്ടരമണി ആയിരിക്കുന്നു. ഇനി തിരിച്ചുനടന്ന് യാത്രതുടങ്ങിയിടത്ത് എത്തുമ്പോഴേക്കും ചുരുങ്ങിയത് ഏഴുമണിയെങ്കിലും ആവും.. അത് കണക്കുകൂട്ടിവേണം എപ്പോഴും കാടുകയറാന്‍.. ഉണ്ണികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ലാ, കണ്ണില്‍ക്കണ്ട വഴികളിലൂടെയാണ് ഞങ്ങള്‍ വന്നിരുന്നതും. കൃത്യമായ ദിശാബോധം എല്ലാവര്‍ക്കും നഷ്ടമായിരുന്നു.

ആര്‍ത്തുല്ലസിച്ചുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. വഴികളെക്കുറിച്ച്,  അല്ലറചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും ഒരു ഏഴരയോടെ ഞങ്ങള്‍ റോഡില്‍ എത്തി. ഇത്രയുംനേരത്തിനിടെ ആ "ഘോര" വനത്തിലെ ട്രക്കിംഗില്‍ ഞങ്ങള്‍ക്ക് കാണാനായതോ.. കുറച്ചു പക്ഷികളേയും, മലയണ്ണാനുകളെയും, മയിലുകളെയും, കാട്ടുകോഴികളെയും, കുറെ കുരങ്ങന്മാരെയും തൊട്ടടുത്തായി രണ്ടു കാട്ടുമുയലുകളെയും മാത്രം.... അതിലൊരെണ്ണത്തിനെ ഞങ്ങള്‍ കശാപ്പുചെയ്യുകയും ചെയ്തു.. പോരേ?!..  

ഈ കുറിപ്പിനും യാത്രക്കും യാതൊരു മാഹാത്മ്യവും അവകാശപ്പെടാനുണ്ടായിരിക്കില്ലായെല്ലെങ്കിലും ഇന്നും മനസ്സിലത് പച്ചപിടിച്ചുകിടക്കുന്നു.

സ്നേഹപൂര്‍വ്വം..
ജോയ് ഗുരുവായൂര്‍.

അരക്കില്ലം?!

കൊളാബയിലെ തിരക്കേറിയ ഫുട്പാത്തിലൂടെ ബോംബെ വി.ടി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്സ്‌ പിടിക്കാനായി ചാഞ്ഞുംചരിഞ്ഞുമൊക്കെ മുന്നേറുമ്പോഴാണ് കരിമ്പിന്‍ജ്യൂസ്കടയുടെ മുന്നില്‍ രണ്ടുമൂന്നു പോളീത്തീന്‍ബാഗുകളും തൂക്കിപ്പിടിച്ച് നഗരച്ചൂടില്‍ വിയര്‍ത്തൊഴുകിനില്ക്കുന്ന ആ സ്ത്രീയുടെ മുഖത്ത് കണ്ണുകള്‍ ഉടക്കിയത്.
നല്ല പരിചയം തോന്നുന്നു..
നിമിഷങ്ങള്‍ക്കുള്ളില്‍, കണ്ടാലൊരു പണ്ടത്തെ കേരളപോലീസുകാരനെപോലിരിക്കുന്ന കുടവയറനും പത്തുംപന്ത്രണ്ടും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആണ്മക്കളും, ജ്യൂസ്കടയില്‍നിന്നിറങ്ങി അവരുടെ അടുത്തേക്കുവന്നു. കുടുംബവുമായി നഗരം കറങ്ങാനിറങ്ങിയതായിരിക്കും അവര്‍.
നടത്തംനിറുത്തി, ആ സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ തൊട്ടടുത്തുതന്നേ നിലകൊണ്ടു. അവര്‍ തന്നെയൊരുവട്ടം നോക്കിയിട്ടും, ആ മുഖത്ത് യാതൊരുഭാവഭേദവും കണ്ടില്ലാ. പതിയേ ബസ്റ്റാന്റിലേക്ക് നടപ്പുതുടരുമ്പോഴും മനസ്സിലെ മാഞ്ഞുതുടങ്ങിയ മുഖങ്ങള്‍ക്കിടയില്‍ ആ പരിചിതമുഖത്തെ തിരഞ്ഞു.
"യെസ്... സുജാത... പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ സംസ്കൃതം പീരിയഡില്‍ തന്‍റെ ക്ലാസ്സിലേക്ക് മറ്റുള്ള സയന്‍സ് ഗ്രൂപ്പുകാരുടെയൊപ്പം വന്നിരുന്ന പെണ്‍കുട്ടി. അന്നേ കവിതകളും കഥകളുമൊക്കെ എഴുതി സമ്മാനങ്ങള്‍ നേടുമായിരുന്ന അവളോട്‌ തനിക്ക് തോന്നിയിരുന്നത് പ്രണയമായിരുന്നില്ലാ.. ഒരുതരം ബഹുമാനമായിരുന്നു. കൂട്ടുകാരികളുടെയൊപ്പമല്ലാതെ ഒറ്റയ്ക്ക് ഒരിക്കല്‍പ്പോലും അവളെ ക്യാമ്പസില്‍ കണ്ടിട്ടില്ല. കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുകയും, പഠനകാര്യങ്ങളെക്കുറിച്ച് കൂട്ടമായ ചര്‍ച്ചയില്‍ അത്യാവശ്യത്തിന് മാത്രം സംസാരിക്കുകയുംചെയ്യുമെന്നല്ലാതെ, യാതൊരടുപ്പവും അവളോടുണ്ടായിരുന്നുമില്ലാ. കോഴ്സ് കഴിഞ്ഞതിനുശേഷം അവളെയോരിക്കലും കണ്ടിട്ടേയില്ലെന്നുമാത്രമല്ലാ, തന്‍റെ സജീവമായ ഓര്‍മ്മകളില്‍നിന്നവള്‍ മാഞ്ഞുപോകുകയും ചെയ്തിരുന്നു.
ഞൊടിയിടയില്‍, ബസ്സില്‍ കേറാനുള്ള വരിയില്‍നിന്നിറങ്ങി, തിരിച്ച് അവിടെ ചെല്ലുമ്പോള്‍ ടാക്സി പിടിക്കാനുള്ള ശ്രമവുമായി അവര്‍ നില്ക്കുന്നതുകണ്ടു.
"ഹായ്.. ഇത് സുജാതയല്ലേ?!.."
തന്‍റെ പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഞെട്ടി, ഒന്നും മനസ്സിലാവാത്തപോലെ ഭര്‍ത്താവിന്റെയും തന്റേയും മുഖത്തേക്ക് മാറിമാറി നോക്കി. കുടവയറന്‍, ഏതോ വില്ലനെകണ്ടതുപോലെ സംശയഭാവത്തില്‍ ഉറ്റുനോക്കുന്നു.
"ഞാന്‍ നിര്‍ദോഷ്.. ഓര്‍മ്മയുണ്ടോ പ്രീഡിഗ്രിക്ലാസ്സില്‍ ഒരുമിച്ചുപഠിച്ചിരുന്നു... "
പെട്ടെന്നവള്‍ ഓര്‍മ്മകളെ തട്ടിക്കുടഞ്ഞ് തന്‍റെ പഴയമുഖം മനസ്സിലേക്കാവാഹിച്ചുകഴിഞ്ഞെന്ന് മുഖത്തുവിരിഞ്ഞയൊരു പുഞ്ചിരിയോടെ അറിയിച്ചു. ഭര്‍ത്താവിന് ഷേക്ക്‌ഹാന്‍ഡ് കൊടുത്ത് സ്വയം പരിചയപ്പെടുത്തി. അയാള്‍ ഗൗരവഭാവം വെടിഞ്ഞ് സംസാരിക്കാന്‍ തുടങ്ങി. അവളോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം അവളുടെ വായനങ്ങുന്നതിനുമുന്‍പേ അയാളാണ് മറുപടി പറഞ്ഞത്.
ഊഹം തെറ്റിയില്ലാ.. അയാളൊരു പോലീസുകാരന്‍തന്നേ.. ബിരുദം കഴിഞ്ഞവഴി, മഹാരാഷ്ട്ര പോലീസില്‍ ജോലിയുള്ള ഒരു വിദൂരബന്ധുവുമായി അവളുടെ വിവാഹം. പൂനയില്‍ താമസം. ദീപാവലി അവധിക്ക് ബോംബെനഗരം കാണാന്‍ ഇറങ്ങിയതാണ്. സുജാത ജോലിയൊന്നും ചെയ്യുന്നില്ലാ. എഴുത്തും വായനയുമൊക്കെ ഇപ്പോള്‍ ഉണ്ടോ എന്നൊന്നും ചോദിച്ചില്ലാ.. ഫോണ്‍നമ്പറോ, ഇമെയില്‍ ഐഡിയോ മറ്റോ ചോദിക്കാനുള്ള ധൈര്യവും ഉണ്ടായില്ലാ..
"വളരേനാളുകള്‍ക്കു ശേഷം കാണാന്‍സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഇതാണെന്‍റെ കാര്‍ഡ്‌" വിസിറ്റിംഗ്കാര്‍ഡ്‌ നീട്ടിയപ്പോള്‍ ഇളയചെറുക്കന്‍ അതുവാങ്ങിനോക്കി കീശയിലിട്ടു.
ബന്ധപ്പെടണമെന്ന് എപ്പോഴെങ്കിലും തോന്നിയെങ്കില്‍ അവള്‍ വിളിക്കട്ടേ..
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുജാത വിളിച്ചു. ഒരുപാട് സന്തോഷം തോന്നി.
"നിര്‍ദോഷ് സോറിട്ടോ.. അന്നധികം സംസാരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ ആറുമണിക്കുള്ള പൂനെട്രെയിന്‍ പിടിക്കാനുള്ള തിരക്കിലായിരുന്നു. പിന്നേ, ചേട്ടന് ഇതൊന്നുമത്ര പിടിക്കുന്ന സ്വഭാവമല്ല.. ഒരുപാട് സന്തോഷം തോന്നീട്ടോ.. 24 കൊല്ലങ്ങള്‍ക്കുശേഷം പെട്ടെന്നുകണ്ടപ്പോള്‍ മനസ്സിലായില്ലാ.. ഒപ്പം പഠിച്ചവരൊക്കെ വെറും സ്വപ്നങ്ങളായിക്കഴിഞ്ഞിട്ട്‌ ഇപ്പോളൊരു ഇരുപതുകൊല്ലമെങ്കിലും ആയിക്കാണും... "
"അത് സാരല്ല്യെടോ.. എനിക്ക് മനസ്സിലാവും.. പണ്ട് കുട്ടികള്‍ സ്കൂള്‍ വിട്ടുപോകുമ്പോള്‍ ഓട്ടോഗ്രാഫില്‍ എഴുതിയിരുന്നതുപോലെ 'ഭൂമി ഉരുണ്ടതാണ്.. അതിനാല്‍ എപ്പോഴെങ്കിലും എവിടെയെങ്കിലുംവെച്ച് നമ്മള്‍ കണ്ടുമുട്ടാതിരിക്കില്ലാ..' എന്നത് സംഭവിച്ചുവെന്ന് കരുതാം.. ഹഹഹ.."
"ഹോ.. താനിപ്പോഴും ആ പഴയ തമാശക്കാരന്‍തന്നെയാണല്ലേ?.. കൊള്ളാംട്ടോ.. ജീവിതത്തില്‍ സന്തോഷം നശിക്കാതിരിക്കട്ടേ.. "
"സുജാതാ.. താന്‍??...."
"ഹേയ്.. നിര്‍ദോഷ്, ഞാന്‍ ഹാപ്പിയാണ്. പുള്ളിക്കാരന്‍ ഒരു പ്രത്യേക പ്രകൃതമാണ്. എന്നെ വലിയ കാര്യവും കെയറുമൊക്കെയാണ്. വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. പണമുണ്ട്.. സമൂഹത്തില്‍ ബഹുമാനമുണ്ട്.. പക്ഷേ, മറ്റൊരാളുമായി ഞാന്‍ സംസാരിക്കുന്നതുവരെ ചേട്ടന് ഇഷ്ടമില്ലാ.. "
"ങേ.. സംശയരോഗിയാണോ?.. സോറിട്ടോ... അപ്പോള്‍ തന്‍റെ എഴുത്ത്?!... അതും നിന്നുപോയോ?.."
"ചേട്ടന് അതിലൊന്നും വലിയ താല്പര്യമില്ലാ.. എഴുത്തൊക്കെയുണ്ട്... പക്ഷേ ഒന്നും പോസ്റ്റ്‌ ചെയ്യാറില്ലാ.. എന്നോട് എപ്പോഴും പറയും.. നീ പോസ്റ്റ്‌ ചെയ്തോളൂ എന്ന്.. പക്ഷേ, പിന്നീട് അതില്‍വരുന്ന കമന്‍റുകളൊന്നും അങ്ങേര്‍ക്കു ദഹിക്കില്ലായെന്ന്‍ എനിക്കറിയാലോ.. ഹഹഹ.. അതോണ്ട് പോസ്റ്റുന്നില്ലാന്നുമാത്രം..."
"അപ്പോള്‍ നീയനുഭവിക്കുന്ന സന്തോഷം എന്നുപറയുന്നത് ഈ അടിമജീവിതമാണോ?!.. കഷ്ടം സുജാതേ?.."
"ഇല്ല നിര്‍ദോഷ്.. ഞാന്‍ ഹാപ്പിയാണ്... നല്ലൊരു വീട്, മക്കള്‍, പിന്നെ ശുദ്ധവായു ലഭിക്കുന്ന പരിസരം.. വിശക്കുമ്പോള്‍ ഭക്ഷണം.. എന്‍റെ മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇടയ്ക്കുള്ള കുത്തിക്കുറിക്കലുകളിലൂടെ ഞാന്‍ അനുഭവിക്കും.. മനസ്സിനെ തൃപ്തിപ്പെടുത്തുകയെന്നതാണല്ലോ മുഖ്യം?.. ഈ സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ ഈ ജന്മത്തില്‍, ഒരിക്കലും എനിക്ക് ഞാനാഗ്രഹിക്കുന്നതൊന്നും ലഭിക്കാന്‍പോകുന്നില്ലായെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്.. അപ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയെന്ന വിചാരത്തിനുമാത്രമേ പ്രസക്തിയുള്ളൂ നിര്‍ദോഷ്..."
"ഞാന്‍ പറയുന്നതുകേട്ട് തെറ്റിദ്ധരിക്കരുത്... സുജാതേ, നമ്മള്‍ ആധുനികയുഗത്തിലാണ് ജീവിക്കുന്നത്.. എല്ലാര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്.. കഴിവുകള്‍ പ്രകടിപ്പിക്കണം.. ഒരു 'അട്ടപ്പാടി'[*] വന്ന്.. സോറി.. പൊതുവേ വിശേഷിപ്പിച്ചതാണ്.. അതുപോലും സാധിക്കില്ലായെന്നു പറയുന്നതില്‍ എന്തര്‍ത്ഥം? ശരിക്കുമൊരു അടിമത്തത്തില്‍ തന്നെയാണ് നീ.. എന്തിനീ ജീവിതമിങ്ങനെ ഹോമിക്കണം?.. ശരിക്കും ഒരു അരക്കില്ലം പോലെത്തന്നേ.. യു കം ഔട്ട്‌ ഫ്രം ഓള്‍ ദീസ്‌.. ഇത്രയും പുരോഗമനാത്മകമായ എഴുത്തും ചിന്തകളുമുള്ളയൊരാള്‍ ഇങ്ങനെ നശിക്കുന്നത് കഷ്ടംതന്നേ... "
"നിര്‍ദോഷ്.. പലവിധ വിപ്ലവചിന്തകളുമുള്ള എത്രയോ പേര്‍ നമ്മുടെയിടയില്‍ ശാന്തരായി ജീവിക്കുന്നു.. താന്‍ പറയുന്നതില്‍ കാര്യമില്ലായെന്നല്ലാ ഞാന്‍ പറഞ്ഞുവരുന്നത്... യേശു ഒന്നേയുള്ളൂ.. ഭഗത്സിംഗ് ഒന്നേയുള്ളൂ.. മഹാത്മാഗാന്ധി ഒന്നേയുള്ളൂ... സഹജീവികള്‍ക്കുവേണ്ടി സ്വജീവന്‍ പണയംവെച്ച അങ്ങനെയുള്ള പല മഹദ്വ്യക്തികളേയും നമുക്കറിയാം.... ഈ കാലഘട്ടത്തില്‍ അതിനു പ്രസക്തിയില്ലാ.. സ്നേഹത്തിനുമുന്നില്‍ തോറ്റുകൊടുക്കുന്ന ഒരു നയം ഞാന്‍ സ്വീകരിച്ചുവെന്നുമാത്രം.. പക്ഷേ, ഞാന്‍ അതില്‍ സന്തോഷവതിയാണ്. കൂടുതല്‍ ആഗ്രഹങ്ങളില്ലാ.. ഇങ്ങനെത്തന്നേ ഈ ജീവിതം ശാന്തമായങ്ങ് പോയാല്‍മതിയെന്ന പ്രാര്‍ത്ഥന മാത്രം.."
"എങ്കിലും.. ഇതൊരു കടുത്ത തീരുമാനമായിപ്പോയില്ലേ സുജാതേ?.. ഞാനൊരിക്കലും താനിങ്ങനെയായിത്തീരുമെന്ന് സ്വപ്നേപി ചിന്തിച്ചിട്ടുപോലുമില്ലാ... പക്ഷേ, ഞാന്‍ പറയുന്നു.. ഒരു ദിവസം വരും.. നെല്ലിപ്പടികള്‍ അവസാനിക്കുന്ന നിമിഷം.. അപ്പോള്‍ ഈ നിലപാടുകളെല്ലാം സ്വയം മാറ്റിമറിക്കുന്ന ഒരു സാഹചര്യത്തിലൂടെ തനിക്ക് കടന്നുപോകേണ്ടിവരും.. അതുറപ്പാ.."
"ഹ ഹ.. നിര്‍ദോഷ്.. അപ്പോഴല്ലേ.. അപ്പോള്‍ എങ്ങനെവേണമെന്നു തീരുമാനിക്കാനുള്ള ഇച്ഛാശക്തിയുള്ള മനുഷ്യര്‍ത്തന്നെയല്ലേ നമ്മള്‍?.. തത്കാലം ഇങ്ങനെത്തന്നേയങ്ങ് പോകട്ടേ... എന്നാല്‍ ശരീട്ടോ... ഇതെന്‍റെ മൊബൈല്‍ നമ്പരാണ്... പക്ഷേ, എന്നെ വിളിക്കരുത്... സൗകര്യംപോലെ ഞാന്‍ വിളിച്ചോളാം.. കുടുംബത്തെക്കുറിച്ചൊന്നും അന്വേഷിച്ചില്ലാ.. പിന്നെയാവട്ടേ.. ഹാവ് എ നൈസ് ഡേ.."
- ജോയ് ഗുരുവായൂര്‍
[*] അട്ടപ്പാടിക്കാര്‍ ക്ഷമിക്കണം.. കൂടുതല്‍ 'വിവരമില്ലാത്തവര്‍/അഹങ്കാരികള്‍' ആയവര്‍ നടത്താറുള്ള ഒരു 'നഗരന്‍' പ്രയോഗമാണ്.. 'വെറുമൊരു അട്ടപ്പാടി' എന്നത്

വിലക്കുന്നവരുടെ മനഃശാസ്ത്രം (മിനിക്കഥ)

കുമരകത്തെ കായല്‍നിശബ്ദതയ്ക്ക് തുരങ്കങ്ങള്‍സൃഷ്ടിച്ചുകൊണ്ട് ആധുനികസൌകര്യങ്ങളുള്ള ഹൌസ്ബോട്ടിലെ ദര്‍ബാര്‍ഹാളില്‍നിന്നു അര്‍ദ്ധരാത്രിയില്‍, കര്‍ണ്ണകഠോരമായ റോക്ക്മ്യൂസിക്കും ആര്‍പ്പുവിളികളും ആക്രോശങ്ങളും റോക്കറ്റുകള്‍കണക്കേ പുറത്തേക്കു ചീറിപ്പായുന്നുണ്ടായിരുന്നു.
ഒരു മള്‍ട്ടിനാഷണല്‍കമ്പനിയുടെ ലോഞ്ച്പാര്‍ട്ടി അരങ്ങേറുകയാണ്.
ബോട്ടിന്‍റെ ലൈറ്റിനാല്‍ സ്വര്‍ണ്ണവര്‍ണ്ണംപുല്കുന്ന കുഞ്ഞോളങ്ങളെ ശ്രദ്ധിച്ചെന്നോണം തിരക്കില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി, ആ യാനത്തിന്റെ പൂമുഖത്ത് വിദ്യാധരന്‍ ഇരുന്നു.
"വിദ്യേട്ടാ... എന്തായിവിടെ ഒറ്റക്കിരുന്നു ചെയ്യുന്നേ? ദേ.. അവിടെ സാമുവല്‍സര്‍ അന്വേഷിക്കുന്നു." ബോട്ടിന്‍റെ മുകളിലെനിലയില്‍നിന്നു നിഷ ഇറങ്ങിവന്നു.
തണുത്ത നിശയിലെ നിലാവില്‍നെയ്ത പുതപ്പിനോടൊപ്പം അയാള്‍ നിഷയെ ചേര്‍ത്തുപിടിച്ചു ചുംബിക്കാന്‍ശ്രമിച്ചപ്പോള്‍ അവളുടെ അധരങ്ങളില്‍നിന്നു ബീയറിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറി.
അവള്‍ മദ്യപിച്ചിരിക്കുന്നു. അവളുടെ മുഖത്ത് ശരിക്കും മദാലസഭാവങ്ങള്‍ സ്ഫുരിച്ചുനില്ക്കുന്നു.
"ങേ.. നീ കുടിച്ചിട്ടുണ്ടോ?.." നെറ്റിചുളിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
"അതുപിന്നേ.... ഷേര്‍ളിമേഡം നിര്‍ബന്ധിച്ചപ്പോള്‍... അവര്‍ക്കൊരു കമ്പനിക്കുവേണ്ടി.... എന്‍റെ വിദ്യേട്ടാ.. അവിടെയിപ്പോള്‍ കുടിക്കാത്തോരായി ആരുമില്ലെന്നേ... "
"അപ്പോള്‍ ഈ ഞാനോ?... "
"വിദ്യേട്ടാ പ്ലീസ്... മൂരാച്ചിത്തരം കാണിക്കല്ലേ.. എല്ലാവരും അവിടെ അടിച്ചുപൊളിക്കുമ്പോള്‍ ഇവിടെയിങ്ങനെ ചുമ്മാ ഒറ്റയ്ക്കിരുന്ന്... അത് മോശമല്ലേ?.."
"നിഷേ.. ഇത്രയുംകാലം കുടിക്കുന്നതില്‍നിന്നു കര്‍ശനമായെന്നെ വിലക്കിയിരുന്ന നിന്‍റെ വായില്‍നിന്നുതന്നെ ഞാനിതു കേള്‍ക്കണം!..."
ഭാര്യയുടെ നിര്‍ബന്ധത്തിനു ഴങ്ങി ദര്‍ബാര്‍ഹാളിലേക്കുള്ള പടികള്‍കയറുമ്പോള്‍ അയാള്‍ ഓര്‍ത്തു.
'വിലക്കുകള്‍' എന്നാല്‍ അവരവരുടെ സുഖസൌകര്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ബന്ധിച്ചുനിറുത്തുവാനും സൗകര്യംപോലെ സ്വയം ഭേദിക്കുവാനുമായി കൗശലപൂര്‍വ്വം മറ്റുള്ളവരെ അണിയിക്കുന്ന വിലങ്ങുകളാണ്'.
- ജോയ് ഗുരുവായൂര്‍

നിസ്സഹായത (കഥ)

അവളുടെ മനസ്സാക്ഷിക്കോടതിയുടെ ഏകാധിപത്യസ്വഭാവത്താല്‍ അപമാനത്തിന്‍റെ കയങ്ങളില്‍ എത്രയോതവണ എറിയപ്പെട്ടിരിക്കുന്നുവെങ്കിലും അവളെ മറക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. സമുദ്രനീലിമ കൂടുകെട്ടിയ അവളുടെ കണ്ണുകള്‍ ചിമ്മിത്തുറക്കുമ്പോള്‍ പളുങ്കുകള്‍ തിളങ്ങുന്നത് കാണാം. അത് ശ്രദ്ധിച്ചിട്ട് തന്നെയായിരിക്കണം ബ്രിഗേഡിയര്‍ അമ്മാവന്‍ അവള്‍ക്കു നീലിമയെന്ന പേരിട്ടുവിളിച്ചിരിക്കുക.
പുല്ലുമേയാന്‍വന്നിരുന്ന ആട്ടിന്‍കൂട്ടത്തിലെ അവസാനത്തെ ചെമ്മരിയാടും, മൊട്ടക്കുന്നിനുതാഴേക്ക് ഇഴഞ്ഞുപോകുന്ന വീതികുറഞ്ഞ നടപ്പാതയിലൂടെ അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടും, കയറ്റംകയറിവരുന്ന അവളുടെ സ്കൂട്ടിയുടെ മുനിഞ്ഞുകത്തുന്ന ഒറ്റക്കണ്ണിനായി അയാള്‍ ആകാംക്ഷാഭരിതനായി താഴേക്കു മിഴികളെറിഞ്ഞുകൊണ്ടിരുന്നു. ദിവസംമുഴുവന്‍ വെളിച്ചംവീശി അവശനായ സൂര്യന്‍, ദൂരെ അവ്യക്തമായി കാണുന്ന വലിയ കുന്നിന്‍നെറുകയില്‍ തളര്‍ന്നുവീണുകഴിഞ്ഞാല്‍പ്പിന്നെ അവിടെ മലങ്കുറത്തിയമ്മയുടെ മുന്നിലെ കല്‍വിളക്കില്‍ എണ്ണയും മൃഗക്കൊഴുപ്പും ആവാഹിച്ചുകത്തുന്ന ഒരു തിരി മാത്രമായിരിക്കും ഇരുട്ടിനെ കീറിമുറിക്കാനായി അവശേഷിക്കുക.
"ഇത്രയും വൈകിയസ്ഥിതിക്ക് ഇനിയവള്‍ വരുന്നുണ്ടാവില്ലാ.. പക്ഷേ, മാസങ്ങള്‍ക്കു ശേഷമുള്ള ഇന്നത്തെ കണ്ടുമുട്ടല്‍ അവള്‍ക്കെങ്ങനെ അവഗണിക്കാന്‍ സാധിക്കും?!.. വരുന്നവഴി ഇനി വല്ല....." ജീന്‍സില്‍നിന്നും മൊബൈല്‍ എടുത്ത് നീലിമയെ വിളിക്കാന്‍തുനിഞ്ഞ പ്രമോദിനെ പെട്ടെന്ന് ചില ചിന്തകള്‍ വിലക്കി.
പരിപാടിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അവള്‍ വിളിച്ചുപറയേണ്ടതാണ്. അവള്‍ വിളിച്ചില്ലാ എന്നതിനര്‍ത്ഥം അവളെന്തോ ഗൌരവമായ കാര്യങ്ങളില്‍ കുടുങ്ങിക്കാണണം എന്നുതന്നേ. ആ അവസ്ഥയില്‍ തന്‍റെ ഫോണ്‍ ചെല്ലുന്നത് തികച്ചും അനുചിതമായിരിക്കും. പണ്ടാണെങ്കില്‍ കഥ ഇതല്ലായിരുന്നെങ്കിലും.. ഇന്ന് തന്‍റെ അധികാരപരിധിയില്‍നിന്നും അവളെത്രയോ അകലത്തായിരിക്കുന്നു.
മലങ്കുറത്തിയമ്മയുടെ മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്കിനുചുറ്റും ഭക്തിപരവശരായെന്നോണം അനന്തമായി ഭ്രമണംചെയ്ത മോഹാലസ്യത്തില്‍ ആത്മാഹുതിചെയ്യുന്ന പ്രാണികളുടെ നൈമിഷികങ്ങളായ ചിതകളില്‍നിന്നും നിര്‍ഗ്ഗമിക്കുന്ന കരിഞ്ഞ മാംസത്തിന്‍റെ ദുര്‍ഗന്ധം അവനിരിക്കുന്ന കല്മണ്ഡപത്തിലേക്ക് ഒഴുകിവന്നിരുന്നത് അരോചകമായി തോന്നി. എങ്കിലും അയാള്‍ക്ക്‌ ഈ മണ്ഡപത്തെ ഒരിക്കലും മറക്കാനാവില്ലാ.
ഒരിക്കലും പിരിയില്ലെന്ന് കരുതിയിരുന്ന ആ ബന്ധം തുടങ്ങിയത് പൌരാണികതയുടെ ഊന്നുവടിയും പേറി, കാഴ്ച്ചയില്‍ ഏതുനിമിഷവും നിലംപൊത്തിയേക്കാമെന്ന രീതിയില്‍ സ്ഥിതിചെയ്യുന്ന ഈ കല്മണ്ഡപത്തേയും അതിനല്പദൂരം മാറി, ചെറിയൊരു കോവിലില്‍ പ്രതിഷ്ഠിച്ച മലങ്കുറത്തിയമ്മയേയും സാക്ഷി നിര്‍ത്തിയായിരുന്നു. ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന സകല സമസ്യകള്‍ക്കും പരിഹാരമേകാന്‍, സന്ധ്യാസമയങ്ങളില്‍ മൊട്ടക്കുന്നിലെ കല്മണ്ഡപത്തെത്തഴുകുന്ന ആ കുളിര്‍ക്കാറ്റിനു സാധിച്ചിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു ദുരന്തംപോലെ കടന്നുപോയ ആ ത്രിസന്ധ്യയില്‍ കല്മണ്ഡപത്തിലിരുന്ന തങ്ങളെ തഴുകിയ കാറ്റിനുപറയാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ലാ ഏതോ ഉള്‍ത്താപത്തില്‍നിന്നുരുവായ ദീര്‍ഘനിശ്വാസംപോലെ ഉഷ്ണമായിരുന്നു അത് പേറിവന്നിരുന്നതും.
താഴ്വാരത്തില്‍ മിന്നാമിനുങ്ങിനെപ്പോലെ തിളങ്ങുന്ന ഒരു തെരുവു വിളക്ക് മാത്രം മൊട്ടക്കുന്നില്‍നിന്നും നോക്കുമ്പോള്‍ കാണാം. ഇനി കാത്തിരുന്നിട്ടു കാര്യമില്ലായെന്ന തിരിച്ചറിവില്‍ പ്രമോദ് ബൈക്കില്‍ കയറിയിരുന്നു സ്റ്റാര്‍ട്ട്‌ ബട്ടണില്‍ വിരലമര്‍ത്തി. ഒരു പന്തയത്തിന് തയ്യാറെടുത്ത കുതിരയെപ്പോലെ മോട്ടോര്‍സൈക്കിള്‍ മുരണ്ടു. വളഞ്ഞുപുളഞ്ഞു കുന്നിറങ്ങിപ്പോകുന്ന പ്രകാശത്തില്‍ പൊന്തക്കാടുകളിലെ ഇരുളില്‍ ഇരപിടിച്ചിരുന്ന കാടന്‍പൂച്ചകളുടെ കണ്ണുകള്‍ വൈരക്കല്ലുകള്‍പോലെ തിളങ്ങി.
കുഞ്ഞോളങ്ങളില്‍ താമരനൂലിളകുന്നത് പോല്‍, ആദ്യരാത്രിയില്‍, തന്‍റെ കരവലയത്തിനുള്ളില്‍ സ്വയംമറന്നവള്‍ തരളിതയാകുമ്പോള്‍ തന്‍റെ മനസ്സില്‍ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍ നീതികള്‍ നെയ്യാന്‍ശ്രമിക്കുന്ന വിപ്ലവങ്ങള്‍ നടക്കുകയായിരുന്നുവോ? അതോ എന്നെന്നേക്കുമായി തന്‍റെ പൌരുഷവും സ്വാതന്ത്ര്യങ്ങളും അതേവരെയില്ലായിരുന്ന ഒരു ലക്ഷ്മണരേഖയ്ക്കുള്ളില്‍ തളയ്ക്കപ്പെടാന്‍ അനുവദിക്കുകയായിരുന്നുവോ?
തന്നെക്കുറിച്ചുള്ള നീലിമയുടെ കൌശലപരമായ അന്വേഷണങ്ങള്‍ക്ക് കൊടുത്ത നിഷ്ക്കളങ്കമായ വിശദീകരണങ്ങള്‍ അവളില്‍ അതിശക്തമായ ഞെട്ടലുകള്‍ ഉളവാക്കിയിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അന്നേരങ്ങളില്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ലാ. പ്രമോദിനെ സംബന്ധിച്ച് അയാള്‍ ഒരു തുറന്ന പുസ്തകം ആയിരുന്നു. തന്‍റെ പ്രിയതമയോട് എന്തും ഏതും നിറഞ്ഞ മനസ്സോടെ തുറന്നുപറയാന്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതംതന്നേ പിന്നീടയാള്‍ക്ക്‌ വലിയൊരു വിനയായിമാറുകയായിരുന്നു.
നിറഞ്ഞ പുഞ്ചിരിയോടെ പ്രമോദ് പറയുന്നതൊക്കെ സ്വീകരിക്കുന്ന നീലിമ, പിന്നീട് എപ്പോഴെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ സംഭവങ്ങളും പൊക്കിപ്പിടിച്ചുകൊണ്ട് അയാള്‍ക്ക്‌ സംശയത്തില്‍പ്പൊതിഞ്ഞ ചോദ്യശരങ്ങള്‍ കൊണ്ട് ശയ്യയൊരുക്കി. തന്‍റെ ലാളനകളാകുന്ന നീരാളിക്കരങ്ങളില്‍ അകപ്പെട്ട് ശ്വാസംപോലും കഴിക്കാന്‍ ബുദ്ധിമുട്ടുന്ന അയാളെ വീക്ഷിക്കുവാന്‍ സംശയദൃഷ്ടിയല്ലാതെ അവളില്‍ മറ്റൊന്നുണ്ടായിരുന്നില്ല. പ്രമോദിന്‍റെ അനിതരസാധാരണമായ ബഹുവ്യക്തിത്വങ്ങളുടെ ഒരു ഇരയാണോ അവളും എന്ന തെറ്റായ ഉപബോധചിന്തകളുടെ നെരിപ്പോട് അവളില്‍ സദാ എരിയുന്നതായി എപ്പോഴോ അയാള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു.
പക്ഷേ എന്ത് ചെയ്യാം.. കല്മണ്ഡപത്തെ തഴുകിയൊഴുകുന്ന ഇളംകാറ്റല്ലാതെ മൂന്നാമതൊരാള്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി അവരുടെ ഇടയില്‍ നിയമിതനായിരുന്നില്ലല്ലോ. പരസ്പരം പറയുന്നത് അതേപടി വിശ്വസിക്കുക എന്നതിലുപരി സംശയദുരീകരണ സാദ്ധ്യത അസാദ്ധ്യമായ അവസ്ഥ ശരിക്കും നിസ്സഹായവും ദുരിതപൂര്‍ണ്ണവും തന്നേ. പ്രമോദിനു തന്നേക്കാള്‍ അടുപ്പമുള്ള മറ്റാരോ ആയി കൂട്ടുണ്ട് എന്നവള്‍ ആവര്‍ത്തിച്ചു ആരോപിച്ചപ്പോള്‍ ആദ്യം ഒരു തമാശയായായിരുന്നു അയാള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ഒരു ദിവസം അക്കാര്യം വീണ്ടും ആരോപിക്കുമ്പോള്‍ അവളുടെ നീലക്കണ്ണുകളില്‍ തിളങ്ങിനിന്നിരുന്ന ഉന്മാദഭാവം അയാളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
അവള്‍ക്കുവേണ്ടി തന്‍റെ ഹൃദയവും മനസ്സും തുറന്നിട്ടിട്ടും നിസ്സാരകാര്യങ്ങളില്‍ സംശയപ്പെട്ടുകൊണ്ടു തന്‍റെ വ്യക്തിത്വത്തെ അവള്‍ അപമാനിക്കുന്നുവല്ലോ എന്ന ചിന്തയില്‍ അനുദിനം അയാള്‍ ഉരുകി. മദ്യത്തിലും പുകവലിയിലും നിമഗ്നനായി മനസ്സിന്‍റെ ഭാരം കുറയ്ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവള്‍ തന്നെ ഒരു വിധത്തിലും വിശ്വസിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്താണ് മറ്റൊരു നിവൃത്തി?.
സത്യം നേരിട്ടുതുറന്നുപറയുക എന്നതല്ലാതെ മറ്റൊരുമാര്‍ഗ്ഗവും ഇല്ലാതിരിക്കെ, തന്‍റെ നിഷ്ക്കളങ്കത ആണയിട്ടുപറഞ്ഞും കത്തുകളിലൂടെ തെളിയിക്കാനും പലപ്രാവശ്യം അയാള്‍ ആവതുശ്രമിച്ചു. എല്ലാം വിഫലമാവുമ്പോള്‍ അയാളുടെ ഹൃദയം ഓരോതവണയും ഭാരപ്പെട്ടുകൊണ്ടേയിരുന്നു. താമസസ്ഥലത്തും ഓഫീസിലും അയാള്‍ അകാരണമായി പൊട്ടിത്തെറിച്ചു. ഒരു മാനസികരോഗിയെ നോക്കുന്നത് പോലെ സഹപ്രവര്‍ത്തകര്‍ അയാളെ നോക്കാന്‍ തുടങ്ങി.
അയാളുടെ അനുദിനജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുവാന്‍ ഒരു റഡാര്‍ എന്നപോലെ അവളുടെ കരാളനയനങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചു. തന്‍റേതായ ഒരുനിമിഷം പോലും അവള്‍ അയാള്‍ക്ക്‌ വിട്ടുകൊടുത്തിരുന്നില്ലാ. സംസാരിക്കുന്നതിനിടയില്‍ കീ ബോര്‍ഡില്‍ ഒന്നു ടൈപ്പ്ചെയ്യുന്നതുവരെ അവളില്‍ സംശയം ജനിപ്പിച്ചു. നിസ്സാരകാര്യങ്ങള്‍ക്കുവരെ അവള്‍ അയാളോട് മുമ്പെങ്ങും ഇല്ലാത്തവിധം ഭ്രാന്തമായി അലറി. ഒരു വളര്‍ത്തുമൃഗത്തേപോലെ തന്‍റെ ജീവിതം ചങ്ങലയില്‍ കുരുങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ അയാളുടെ പൌരുഷം ഉണര്‍ന്നു.
അവളുടെ ആരോപണങ്ങളെയെല്ലാം അതിശക്തമായി അയാള്‍ പ്രതിരോധിക്കാന്‍തുടങ്ങി. അതൊരിക്കലും അവള്‍ പ്രതീക്ഷിച്ചിരുന്നില്ലയെന്നുതോന്നുന്നു. ഏതൊരു സാധുജീവിയും നിവൃത്തിയില്ലാതെ വരുമ്പോള്‍ മനശക്തി വീണ്ടെടുത്തു ജീവന്മരണപോരാട്ടം നടത്തും എന്നുപറയാറുള്ളതുപോലെ അയാള്‍ അവളുടെ അടിസ്ഥാനമില്ലാത്ത സംശയാരോപണങ്ങള്‍ക്കെതിരെ ഒരു ഹിംസ്രജന്തുവിനെപ്പോലെ പല്ലുകടിക്കുകയും വിഷംചീറ്റുകയും ചെയ്തു.
ഒരു തെറ്റും ചെയ്യാത്ത തന്നെ ഇല്ലാത്ത ആരോപണങ്ങളാകുന്ന കുരിശില്‍ത്തറയ്ക്കാന്‍ശ്രമിക്കുന്ന അവളെ, നിരുപാധികം മാപ്പ് അപേക്ഷിച്ച് തന്‍റെ കാലില്‍വീഴുന്ന നിമിഷംവരെ അവഗണിക്കുക എന്നത് മാത്രമേ മുറിവേറ്റ ആത്മാവിനു ആശ്വാസം ലഭിക്കുവാനുള്ള ഏകമാര്‍ഗ്ഗമെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ ചാറ്റിലൂടെയും ഫോണിലൂടെയും അവള്‍ ഇല്ലാത്തത് പറഞ്ഞുകൊണ്ട് വീണ്ടുംവീണ്ടും പീഡിപ്പിച്ചുകൊണ്ടേയിരിക്കും. ഇപ്പോള്‍ മാസങ്ങളായിരിക്കുന്നു അവളുമായി ഇടപഴകിയിട്ട്. ജോലികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അയാള്‍ മനസ്സിനെ സ്വതന്ത്രമായി അലയാന്‍വിടും. അലച്ചില്‍ കഴിഞ്ഞ് തിരിച്ചു വരുന്നപാടേ അതിനെ ചുരുട്ടിക്കൂട്ടി തലച്ചോറിലേക്ക് കുത്തിത്തിരുകി അയാള്‍ കിടക്കയിലേക്ക് മറിയും.
അതിനിടയിലാണ് അത്യാവശ്യമായി ഒന്നുകാണണം എന്ന ആവശ്യം അവളിന്നു മുന്നോട്ടുവച്ചത്. അവളെ അപ്പോഴും ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് അയാളത് സമ്മതിക്കുകയുമായിരുന്നു.
"സോറി.. ഐ വാസ് ഹെല്‍ഡ് അപ്പ്‌ വിത്ത്‌ സം അണ്‍എക്സ്പ്പെകറ്റഡ് തിങ്ങ്സ്‌.. വില്‍ കോണ്ടാക്റ്റ് യു ടുമാറോ" നീലിമയുടെ മെസേജ്.
അര്‍ദ്ധമയക്കം ബാധിച്ചിരുന്ന പ്രമോദ് ഒരു ദീര്‍ഘനിശ്വാസംവിട്ട് കിടക്കയില്‍നിന്നും എഴുന്നേറ്റ് മേശവലിപ്പില്‍ സിഗരറ്റ്കൂട് തിരഞ്ഞു. കാണാതായപ്പോഴാണ് ഓര്‍ത്തത്.. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്തിയിട്ട് ഇത് നാലാമത്തെ ദിവസമാണ്.
"പ്രമോദ്... ഇറ്റ്‌ ഈസ്‌ എ സസ്പെക്റ്റഡ് സ്വെല്ലിംഗ്... ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ് ടു സേവ് യുവര്‍ ലൈഫ്.. ഇഫ്‌ യു കാന്‍ അറ്റ്‌ ലീസ്റ്റ് സ്റ്റോപ്പ്‌ ദിസ്‌ ബ്ലഡി സ്മോക്കിംഗ് ആന്‍ഡ്‌ ഡ്രിങ്കിംഗ്" പുതുവത്സരാഘോഷത്തിനിടയിലുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് ക്ലിനിക്കില്‍ പോയപ്പോള്‍ ഡോക്റ്റര്‍ മാത്യൂതരകന്‍ പറഞ്ഞത് വേദനയോടെ അയാള്‍ ഓര്‍ത്തു.
- ജോയ് ഗുരുവായൂര്‍