Tuesday, October 31, 2017

ഷാര്‍ജാ ചതുരമേശ-സമ്മേളനം

ഷാര്‍ജാ ചതുരമേശ-സമ്മേളനം
============================
തികച്ചും അപ്രതീക്ഷിതമായായിരുന്നു കെ. ആര്‍. നാരായണന്‍സര്‍ Kurumbail R. Narayanan ദുബായ് സന്ദര്‍ശനപരിപാടി ഉറപ്പിക്കുന്നതും ആ വിവരം ഞങ്ങളുടെ പഴയകൂട്ടായ്മ്മയായിരുന്ന മനസ്സിലെ കൂട്ടുകാരെ അറിയിക്കുന്നതും. നാരായണന്‍സര്‍ ദുബായില്‍ വരുന്നുണ്ടെങ്കില്‍ കണ്ടിരിക്കുമെന്ന് അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. കുറച്ചുദിവസം മുമ്പ് മനോജ്‌ജേക്കബ്സാറും Manoj Jacobദുബായില്‍ എത്തിച്ചേര്‍ന്നവിവരം എന്നെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍പ്പിന്നെ ഈ അസുലഭസന്ദര്‍ഭം വിനിയോഗിച്ച്, ഒരു സ്നേഹസംഗമംതന്നെ നടത്തിക്കളയാമെന്ന് ഉണ്ണ്യേട്ടന്‍ ടി.കെ. ഉണ്ണി, ജോസേട്ടന്‍, ജോസ് ആറുകാട്ടിസീനോചേട്ടന്‍ Zeeno John Netto, വിജു Viju Nambiar, ഷാനു Shanavas Kannanchery എന്നിവരുമായി ചര്‍ച്ചചെയ്ത് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു.
ഞാന്‍ ജോലിചെയ്യുന്ന റുവൈസ് ഓയില്‍ഫീല്‍ഡില്‍നിന്നു ദുബായിലേക്കെത്താന്‍ ഏകദേശം 435ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടേണ്ടതുണ്ട്. ഒരൊറ്റയടിക്ക്, ഇവിടെനിന്നു ദുബായിലേക്ക് ഡ്രൈവ്ചെയ്തെത്തുമ്പോഴേക്കും സമയമൊരുപാടാവും എന്നതിലുപരി ക്ഷീണവും അനുഭവപ്പെടുമെന്നതിനാല്‍ തലേദിവസംരാത്രി അബുദാബിയിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലെ വിരുന്നുകാരനാവാമെന്ന് നിശ്ചയിച്ചു. അബുദാബിയില്‍ത്തന്നെയുള്ള മനസ്സ്മെമ്പര്‍ ശ്രീ. അജിതന്‍നായരേയും Ajithan Nair Aanakkara കൂട്ടിക്കൊണ്ട് ഞങ്ങളുടെ ആ പൊതുസുഹൃത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച്ചരാത്രി അന്തിയുറങ്ങി. പിറ്റേദിവസം അതിരാവിലെതന്നെ, അബുദാബിയില്‍ കുടുംബസമേതംകഴിയുന്ന ശ്രീ. വിജുനമ്പ്യാരേയും 'പിക്അപ്' ചെയ്ത് മൂവരുംകൂടെ ദുബായിലേക്കു വിട്ടുപിടിക്കാനായിരുന്നു പ്രോഗ്രാം. പക്ഷേ, ചില അസൌകര്യങ്ങള്‍മൂലം വിജുവിന് അതിരാവിലേത്തന്നെ പുറപ്പെടാന്‍ സാധിക്കില്ലായെന്ന്‍ അറിയിക്കുകയായിരുന്നു.
ഞാനും അജിതനുംകൂടെ ഏഴുമണിയോടെ പ്രയാണമാരംഭിച്ചു. എട്ടരയോടെ ഷാര്‍ജയിലുള്ള ഉണ്ണ്യേട്ടന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന്‍, അവിടെനിന്നു ഉണ്ണ്യേട്ടനേയും കൂട്ടിക്കൊണ്ട്, നാരായണന്‍സാറിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകാനുമായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, ഏകദേശം ഉണ്ണ്യേട്ടന്‍റെ താമസസ്ഥലത്തെത്തിച്ചേരുന്നതിന് തൊട്ടടുത്തുവച്ച് ഒന്നു വഴിതെറ്റി. ഇവിടത്തെ കാര്യം പലര്‍ക്കും അറിയാമായിരിക്കും ഒരു റോഡ്‌ 'മിസ്സ്‌' ആയാല്‍ പിന്നെ തിരിച്ച്, അവിടേക്കുതന്നെ എത്തിച്ചേരാന്‍ ഒരുപാട് വണ്ടിയോടിക്കേണ്ടിവരും. പരിണിതഫലം... ഏകദേശം 50 കിലോമീറ്റര്‍ എക്സ്ട്രാഡ്രൈവും ഒരു ഓവര്‍സ്പീഡ് ക്യാമറഫ്ലാഷും (ഫൈന്‍).
വൈതരണികള്‍ തരണംചെയ്തുകൊണ്ട് ഉദ്ദേശിച്ചതിനേക്കാളും അരമണിക്കൂര്‍വൈകിയാണ് ഞങ്ങള്‍ ഉണ്ണ്യേട്ടന്‍റെ ഫ്ലാറ്റിലേക്ക് എത്തിച്ചേര്‍ന്നത്. അവിടെ ഉണ്ണ്യേട്ടനും തലേദിവസംരാത്രിമുതല്‍ സന്നിഹിതരായിരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരുമായ നാലഞ്ചുപേരും - മനു, വിനു, അനില്‍, സുനില്‍, ഹംസാക്ക എന്നിവര്‍ - ഞങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ചു. അടുക്കളയില്‍നിന്നു ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിന്റെ സുഗന്ധം സന്ദര്‍ശനമുറിയിലേക്ക് ഒഴുകിവരുന്നുണ്ടായിരുന്നു. ഉണ്ണ്യേട്ടന്‍ രണ്ടുംകല്പ്പിച്ചാണ് തന്‍റെ വസതിയില്‍വച്ച്, ഈ പരിപാടി നടത്താനായി തുനിഞ്ഞിരിക്കുന്നതെന്ന് അപ്പോഴേതോന്നി.
കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടെ മേശമേല്‍ പ്രാതല്‍ നിരന്നു. ഒന്നാംതരം ചട്ണി, സാമ്പാര്‍, കുറുമാസഹിതം തട്ടുദോശയും ചായയും. അതൊരു റിഹേര്‍സല്‍ മാത്രമാണെന്നും ഉച്ചഭക്ഷണം "വെടിയും പുകയും" തന്നെയായിരിക്കുമെന്നതിന്റെ ലക്ഷണങ്ങള്‍ പ്രാതലിനുള്ള സജ്ജീകരണങ്ങള്‍ കണ്ടതില്‍നിന്നുതന്നെ വ്യക്തമായിരുന്നു.
പത്തുമണിക്ക് നാരായണന്‍സര്‍ താമസിക്കുന്ന ദുബായിലെ ചെല്‍സിയടവറില്‍ എത്തിച്ചേരാമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സ്ഥലം കണ്ടുപിടിക്കുന്നതിലുണ്ടായ ചില ആശയക്കുഴപ്പങ്ങള്‍ക്കും തദ്വാരായുണ്ടായ അധികകറക്കങ്ങള്‍ക്കുമൊടുവില്‍ അവിടെയെത്തുമ്പോഴേക്കും ഏകദേശം പതിനൊന്നുമണികഴിഞ്ഞു.
വഴിതെറ്റിപ്പോയപ്പോള്‍ "ഉണ്ണ്യേട്ടാ... ത്രേം കാലം ഈ തുഫായിയിലും ഷാര്‍ജയിലുമൊക്കെ കയില്കുത്തിയിട്ടും ഈ ബഴികളൊന്നും ഇനീം നേരായിനിശ്ചയല്ല്യാന്നുണ്ടോ?!" എന്ന എന്‍റെ വിനീതമായ സംശയോക്തിക്ക് ഉണ്ണ്യേട്ടന്‍ തന്ന ഉത്തരം ഇതായിരുന്നു.
"തുഫായ് ഇപ്പൊ പഴേ തുഫായിയൊന്നുമല്ലാ ജോയിച്ചാ...."
നാരായണന്‍സാറും പത്നിയും പറഞ്ഞസമയത്തുതന്നെ ഒരുക്കങ്ങളെല്ലാംകഴിഞ്ഞ് റെഡിയായിരുന്നിരുന്നു. ചെല്‍സിയടവറിന്റെ കവാടത്തില്‍ത്തന്നെ വണ്ടി, പാര്‍ക്ക്ചെയ്തുകൊണ്ട് ഞങ്ങള്‍ ലോഞ്ചില്‍ വെയിറ്റ്ചെയ്തു. താമസിയാതെ അവര്‍ ലിഫ്റ്റിറങ്ങി വന്ന് സുസ്മേരവദനരായി ഞങ്ങളെ ഹസ്തദാനംചെയ്തു. ഷാര്‍ജയിലുള്ള ഒരു ബന്ധുവീട്ടില്‍നടക്കുന്ന ഒഴിച്ചുകൂടാനാവാത്ത കുടുംബസംഗമത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ വരുന്നവഴി നാരായണന്‍സാറിന്‍റെ നല്ലപകുതിയെ അവിടെ ഡ്രോപ്പ്ചെയ്യേണ്ടിവന്നു. മീറ്റ്‌കഴിഞ്ഞ്, അവിടേക്ക് വൈകീട്ട് എത്തിക്കോളാമെന്ന അവരുമായുള്ള ധാരണയില്‍ നാരായണന്‍സര്‍ ഞങ്ങളോടൊപ്പം ഉണ്ണ്യേട്ടന്‍റെ വീട്ടിലേക്കുവന്നു.
ഞങ്ങള്‍ എത്തുമ്പോള്‍ മനസ്സിന്‍റെ പ്രിയങ്കരന്‍ ഡോക്റ്റര്‍. റഹീംപൂച്ചക്കാടനും Rahim Thekkupuram ശ്രീ. ഷിജു എസ്. വിസ്മയയും വീട്ടില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്, മനോജ്‌ജേക്കബ്സാറും സീനോജോണ്‍ചേട്ടനും എത്തിച്ചേര്‍ന്നു.
യാതൊരു ഔപചാരികതകളുമില്ലാതെ സംഗമത്തിന് തുടക്കം....
ഔപചാരികമായി നടത്തപ്പെടുന്ന മീറ്റുകളുടെ രൂപഭാവങ്ങള്‍ ഇല്ലാതെയുള്ള ഒരു കൂടിച്ചേരല്‍തന്നെയായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നതും. നമ്മുടെ പ്രിയസഹയാത്രികരായ നാരായണന്‍സാറിനും മനോജ്‌സാറിനും സമ്മാനിക്കാനായി ഒരു "മറുനാടന്‍ കത്തിയടി!..."
അതിനാല്‍ത്തന്നെയതിന് ഒരു കുടുംബസംഗമത്തിന്റെ മട്ടുംഭാവവുംതന്നെയായിരുന്നു.. മനോജ്‌സാറും നാരായണന്‍സാറും അമരത്തിരുന്നുകൊണ്ട് നയിച്ച ചര്‍ച്ചകളില്‍ ഞങ്ങളെല്ലാവരും വളരെ സന്തോഷമായും സജീവമായും പങ്കെടുത്തു. നാരായണന്‍സാറിന്റെയും മനോജ്‌സാറിന്റെയും സ്വതസിദ്ധമായ ഫലിതങ്ങള്‍ ഉണ്ണ്യേട്ടന്‍റെ സന്ദര്‍ശകമുറിയുടെ ചുമരുകളെ നിലയ്ക്കാത്ത പൊട്ടിച്ചിരികളാല്‍ ആലേപനംചെയ്തു പുളകിതമാക്കി.
മാനസികമായും ശാരീരികമായും ഒരു പുത്തനുണര്‍വ്!
അതിനിടെ നല്ല ഞാലിപ്പൂവന്‍പഴവും പഴങ്ങളുടെ രാജാക്കന്മാരായ റംബൂട്ടാനും മങ്കോസ്റ്റീനും തീന്മേശയിലെ തളികകളില്‍നിരന്നു. ഈ "രാജാക്കന്മാരെ" ആദ്യമായാണ്‌ ഈയുള്ളവന്‍ കഴിക്കുന്നത്‌തന്നേ!. അതിന് ഉണ്ണ്യേട്ടനോട് കടപ്പാട്.
ചര്‍ച്ചചെയ്യപ്പെടുന്ന ഓരോ വിഷയങ്ങളിലും ഓരോരുത്തര്‍ക്കുമുള്ള ആധികാരികമായ അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടു. അങ്ങനെ, പലര്‍ക്കും പല അപൂര്‍വ്വജ്ഞാനങ്ങളും നേടിയെടുക്കാനുള്ള ഒരു വേദികൂടെയായി ഈ കൂടിച്ചേരല്‍. ശ്രീ. റഹിംപൂച്ചക്കാടന്‍ അദ്ദേഹം വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മേഖലയായ ആയുര്‍വേദചികിത്സാവിധികളേക്കുറിച്ച്, പലര്‍ക്കും അജ്ഞാതമായിരിക്കുന്നവയും എന്നാല്‍ വളരെ ലളിതമായി പ്രാവര്‍ത്തികമാക്കാവുന്നതുമായ ചില അറിവുകള്‍ പങ്കുവച്ചപ്പോള്‍ ഉണ്ണ്യേട്ടനും സീനോചേട്ടനും ആദ്യകാല UAE പ്രവാസികളുടേയും ആധുനികകാലപ്രവാസികളുടേയും പ്രയാസങ്ങള്‍ താരതമ്യാത്മകമായി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പങ്കുവച്ചു. നഗ്നപാദനായി/യായി ദിവസവും അല്പസമയം (അര മണിക്കൂറോളം) ഭൂമിയിലൂടെ (natural earth surface) നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ഒരുമാതിരിപ്പെട്ട എല്ലാ അസുഖങ്ങളും വിട്ടുമാറുമെന്നുള്ളതാണ് ശ്രീ. റഹീം പൂച്ചക്കാടന്റെ ആരോഗ്യപരിപാലനനിര്‍ദ്ദേശങ്ങളില്‍ ‍മുഖ്യമായി തോന്നിയത്.
പിന്നെ, ഭൂമിശാസ്ത്രപരമായി, കേരളത്തില്‍ നിലവിലുള്ള മലയാളഭാഷാപ്രയോഗഭേദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായി. അതൊരുപാട് തുറന്നചിരികള്‍ക്ക് വഴിവച്ചു. പ്രത്യേകിച്ച് കാസര്‍ഗോഡ്‌ സ്വദേശിയായ ഡോക്റ്റര്‍ റഹീം അദ്ദേഹത്തിന്‍റെനാട്ടില്‍ നിലവിലുള്ള, മലയാളം എന്നുപോലും വിളിക്കാനാവാത്ത "മലയാളഭാഷകളുടെ" ഉദ്ഭവത്തെക്കുറിച്ചും അതിനു യഥാര്‍ത്ഥ മലയാളവുമായുള്ള വിഭിന്നതകളെക്കുറിച്ചുമെല്ലാം ഫലിതാത്മകമായി വിവരിച്ചത് വളരെ രസകരമായി.
"തിരുവനന്തപുരത്തുനിന്നു ഒഴുകിത്തുടങ്ങിയ മലയാളം, കാസര്‍ഗോഡ്‌ എത്തിയപ്പോഴേക്കും നക്കിയെടുക്കാനുള്ളത് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ... അതുകൊണ്ടാണ് അന്നാട്ടുകാരുടെ മലയാളം, മലയാളികള്‍ക്ക് മനസ്സിലാവാത്ത ഈ വിധത്തിലായിത്തീര്‍ന്നതത്രേ.." എന്നുള്ള ശ്രീ. റഹീംപൂച്ചക്കാടന്റെ കമന്റ്കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ജീവിതാനുഭവങ്ങളില്‍നിന്നു നേടിയ അതുല്യമായ അറിവുകള്‍ ഗുരുതുല്യരായവര്‍ പങ്കുവയ്ക്കപ്പെടുന്നതെല്ലാം സംശയദുരീകരണം നടത്തി, മനസ്സിലാവാഹിച്ചുകൊണ്ട് ഷിജുവും അജിതനും ഞാനുമുള്‍പ്പെടെ ബാക്കിയുള്ളവരും അതീവജിജ്ഞാസുക്കളായി ഇരുന്നു.
ഒരു പരസ്പരംപരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പതിവിനുവിപരീതമായി, മനസ്സിന്‍റെ നടത്തിപ്പിനെക്കുറിച്ചും നിലവിലുള്ള അവസ്ഥകളേക്കുറിച്ചുമുള്ള ഒരുകാര്യവും ചര്‍ച്ചയ്ക്ക് വിധേയമായില്ലെന്നും പറയാം. മറിച്ച്, വര്‍ത്തമാനകാലജീവിതത്തില്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന പൊതുവായ ചില പ്രധാനവിഷയങ്ങളേക്കുറിച്ച് ചിരപരിചിതരായ സുഹൃത്തുക്കളേപ്പോലെ അല്ലെങ്കില്‍ വളരെയടുത്ത കുടുംബാംഗങ്ങളേപ്പോലെ, 'വാ തോരാവിധമുള്ള' ചര്‍ച്ചകളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ നടന്നത്.
തിരക്കിട്ട കാര്യക്രമങ്ങളുടെയിടയില്‍നിന്നു മനസ്സിലെ പ്രിയസൂനങ്ങളെ കാണാനോടിയെത്തിയ മനോജ്‌സാറായിരുന്നു ആദ്യം യാത്ര പറഞ്ഞത്. തീന്‍മേശയിലപ്പോള്‍ രുചികരമായ സദ്യ നിരന്നുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു. ദുഃഖവെള്ളിയാഴ്ച തലേന്ന് അര്‍ദ്ധരാത്രിമുതല്‍ ഉപവാസമെടുത്ത്‌ പള്ളിയില്‍പ്പോയി വീട്ടിലേക്ക് തിരിച്ചെത്തിയവഴി ഭക്ഷണംകഴിച്ച് വിശപ്പടക്കിയാണ് വന്നിരിക്കുന്നതെന്ന കാരണത്താല്‍ ഉച്ചഭക്ഷണം കഴിക്കുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് മനോജ്‌സര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനുമുന്‍പുതന്നേ ശ്രീ. സീനോജോണ്‍നെറ്റോ രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നാരായണന്‍സര്‍, മനോജ്‌സാറിനു സമ്മാനിച്ചു. തുടര്‍ന്ന്, ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരങ്ങളും ശ്രീ. ഷിജു എസ് വിസ്മയ രചിച്ച കവിതാസമാഹാരവും മനോജ്‌സാറിനു സമ്മാനിക്കപ്പെട്ടു. യാത്ര പറയുന്നതിനുംമുന്‍പ്, മനസ്സ് ഷാര്‍ജാ കുടുംബസംഗമ ഓര്‍മ്മകള്‍ അനശ്വരമാവാനായി മനസ്സിന്‍റെ ഒരു ചെറിയ ഉപഹാരവും ഉണ്ണ്യേട്ടന്‍ അദ്ദേഹത്തിന് കൈമാറി.
"പിന്ന്യങ്ങട് ഒന്നുമ്പറയേണ്ടാ... തൊട്ടുമുന്നില്‍വിരിച്ച വാഴയിലകളില്‍നിന്നു തങ്ങളെനോക്കി പല വര്‍ണ്ണങ്ങളില്‍ പുഞ്ചിരിച്ചുകൊണ്ടിരുന്ന രുചികരങ്ങളായ പച്ചക്കറിവിഭവങ്ങളേയും മണ്‍ചട്ടിയില്‍ തയ്യാറാക്കിയ മത്സ്യക്കറികളേയും കുത്തരിച്ചോറില്‍ കുതിര്‍ത്തിയകത്താക്കാനുള്ള ഒരു കൂട്ടയജ്ഞം!... ഉണ്ണ്യേട്ടന്‍റെ 'സ്പെഷല്‍ ടീം' തയ്യാറാക്കിയ 'ഹോംലി' വിഭവങ്ങള്‍ വളയിട്ടകൈകള്‍ തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചികളേക്കാള്‍ മികച്ചുനിന്നുവെന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ലാ. ഓരോന്നും എടുത്തെടുത്തുപറഞ്ഞ് വായനക്കാരുടെ കീബോര്‍ഡ് "നനയ്ക്കാന്‍" ഞാനുദ്ദേശിക്കുന്നില്ലാ. മറുനാട്ടില്‍ 'നാടനേക്കാള്‍' മികച്ചയൊരു സദ്യ തരമാക്കിയതിന് ഉണ്ണ്യേട്ടനേയും കൂട്ടരേയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഊണ് കഴിഞ്ഞവഴി നാരായണന്‍സര്‍ തൃശ്ശൂര്‍ഭാഷയില്‍ പറഞ്ഞു.
"ന്നാ..മ്പ്ക്ക് വീണ്ടും തൊട്ങ്ങല്ലേ?...." വീണ്ടും ചര്‍ച്ചകള്‍ വേദികീഴടക്കി.
തുടര്‍ന്ന് ശ്രീ. സീനോജോണ്‍നെറ്റോ, താന്‍ രചിച്ച "വെയില്‍ പൂക്കുന്ന മരങ്ങള്‍" എന്ന കവിത മനോഹരമായി ആലപിച്ചത് എല്ലാവരും ആസ്വദിച്ചു. അദ്ദേഹം നല്ലൊരു ഗായകനുംകൂടിയാണെന്ന് ആ ആലാപനംകേട്ട ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല. അത്രയ്ക്ക് ഹൃദ്യമായിരുന്നു അത്.
അതിനിടയില്‍ എപ്പോഴോ കൊണ്ടുവച്ച കോഴിക്കോടന്‍ ഹലുവയില്‍ ആരൊക്കെയോ പിടുത്തമിടുന്നത് എന്‍റെ കണ്ണില്‍പ്പെട്ടത് വൈകിയാണ്.
"സീനോ ചേട്ടാ, ഹലുവ കഴിക്കാണോ?.. പ്രമേഹമുണ്ടെന്നൊക്കെ നേരത്തേ പറയുന്നതുകേട്ടപോലെ നിക്ക്യ് തോന്ന്യല്ലോ?" ഞാന്‍ ചോദിച്ചു.
"അയ്യോ.. ഞാനതങ്ങ് മറന്നു... കഴിച്ചുംപോയീ.. ഇനിയിപ്പൊയേതായാലും ഒരു കഷണംകൂടിയങ്ങ് കഴിക്കുകതന്നേ.." സീനോ ചേട്ടന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. ഹലുവ കഴിക്കുന്ന കാര്യത്തില്‍ ഞാനും നാരായണന്‍സാറുമടക്കമുള്ള "സ്ഥലത്തെ പ്രധാന പഞ്ചാരക്കുട്ടന്മാരും" പുറകിലോട്ടുനിന്നില്ലായെന്നതാണ് വാസ്തവം. ഹല്ലാ... ഉണ്ണ്യേട്ടനും അതില്‍ പിടുത്തമിട്ടിരുന്നോ?... ശ്രദ്ധിച്ചില്ലാട്ടോ...
"ന്നാ..പ്പിന്നെ സ്കൂള്‍വിടാന്‍ കൂട്ടമണിയടിക്കട്ടേ ഉണ്ണ്യേട്ടാ" എന്ന് ഞാന്‍ ചോദിച്ചപ്പോഴല്ലേ ഉണ്ണ്യേട്ടന്‍ പറയുന്നത്...
"അങ്ങനെയങ്ങ് പോകാറായിട്ടില്ലാ.. ഒരു സ്പെഷല്‍ക്ലാസ് കൂടിയുണ്ട്.. അത് കഴിഞ്ഞിട്ട് പോയാ മതീട്ടാ..."
എല്ലാരും നെറ്റിചുളിച്ച്നില്ക്കുമ്പോള്‍, അതാ തീന്‍മേശ വീണ്ടും സജീവമാകുന്നു. ആവിപറക്കുന്ന ചായയും സ്വയമ്പന്‍ ഉഴുന്നുവടയും തളികകളില്‍ നിരന്നുകഴിഞ്ഞു. ചര്‍ച്ചകള്‍ക്കിടയില്‍ മിക്സി നിരന്തരം പ്രവര്‍ത്തിക്കുന്ന ശബ്ദം അടുക്കളയില്‍നിന്നു കേട്ടിരുന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ പുടികിട്ടിയത്.
"ശ്ശൊ.. ഉണ്ണ്യേട്ടാ.. ഇതൊന്നും വേണ്ടായിരുന്നൂ... " എന്നൊക്കെ ഒരു 'ഫോര്‍മാലിറ്റിക്ക്' എല്ലാരും പറഞ്ഞെങ്കിലും ഉഴുന്നുവടകള്‍ ഞൊടിയിടയില്‍ കാലിയാവാന്‍ യാതൊരു പ്രതിബന്ധവും അതുണ്ടാക്കിയില്ലാ.. അത്രയ്ക്കും രുചികരമായിരുന്നു അതും...
"ഇനി വലിച്ചാല്‍ വലിയില്ല വൈദ്യരേ... " എന്ന് പറയുന്നതുപോലെ ഇനിയും അവിടെത്തന്നെയിരിക്കാന്‍ സമയപരിമിതി ആരേയും അനുവദിക്കുന്നുണ്ടായിരുന്നില്ലാ. ശ്രീ. സീനോജോണും ഉണ്ണ്യേട്ടനും ഷിജുവിസ്മയയും താന്താങ്ങളുടെ പുസ്തകങ്ങളുടെ കോപ്പികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. ഏകദേശം അഞ്ചരമണിയോടെ പരസ്പരം ആശ്ലേഷിച്ചുകൊണ്ടും ഉണ്ണ്യേട്ടന്‍ & ടീമിനോട് നന്ദി പറഞ്ഞുകൊണ്ടും ഞങ്ങള്‍ പടിയിറങ്ങി.
പിന്നീട് നാരായണന്‍സാറിനെ തിരികേകൊണ്ടുവിടാനായി ഞാനും അജിതനും ഉണ്ണ്യേട്ടനുംകൂടെ യാത്രയായി. അതിനുശേഷം ആറരമണിയോടെ ഞാനും അജിതനും അബുദാബി ലക്ഷ്യമാക്കിയുള്ള പ്രയാണമാരംഭിച്ചു. വഴിയില്‍വച്ച് തലേദിവസം ഞങ്ങള്‍ രണ്ടും തങ്ങിയിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഞങ്ങളുടെ ആ പാവം സുഹൃത്തിനെ വിളിച്ചുപറഞ്ഞു.
"അത്താഴത്തിന് രണ്ടുപേര്‍ക്കുള്ള അരികൂടി ഇട്ടോളൂ.. " ഇങ്ങനെയൊക്കെയല്ലേ നല്ല സുഹൃത്തുക്കള്‍ക്കൊക്കെ 'ഉപകാരങ്ങള്‍' ചെയ്യാന്‍ നമ്മളേക്കൊണ്ട് പറ്റൂ...
അതിരാവിലെ എഴുന്നേറ്റ് അജിതനെ അബുദാബിയിലെ താമസസ്ഥലത്ത് കൊണ്ടുപോയിവിട്ടതിനു ശേഷം 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു യാത്രയുടെ തുടക്കത്തിനായി ഞാന്‍ ആക്സിലരേറ്ററില്‍ കാലുകൊടുത്തു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment