Tuesday, October 31, 2017

അരക്കില്ലം?!

കൊളാബയിലെ തിരക്കേറിയ ഫുട്പാത്തിലൂടെ ബോംബെ വി.ടി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്സ്‌ പിടിക്കാനായി ചാഞ്ഞുംചരിഞ്ഞുമൊക്കെ മുന്നേറുമ്പോഴാണ് കരിമ്പിന്‍ജ്യൂസ്കടയുടെ മുന്നില്‍ രണ്ടുമൂന്നു പോളീത്തീന്‍ബാഗുകളും തൂക്കിപ്പിടിച്ച് നഗരച്ചൂടില്‍ വിയര്‍ത്തൊഴുകിനില്ക്കുന്ന ആ സ്ത്രീയുടെ മുഖത്ത് കണ്ണുകള്‍ ഉടക്കിയത്.
നല്ല പരിചയം തോന്നുന്നു..
നിമിഷങ്ങള്‍ക്കുള്ളില്‍, കണ്ടാലൊരു പണ്ടത്തെ കേരളപോലീസുകാരനെപോലിരിക്കുന്ന കുടവയറനും പത്തുംപന്ത്രണ്ടും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആണ്മക്കളും, ജ്യൂസ്കടയില്‍നിന്നിറങ്ങി അവരുടെ അടുത്തേക്കുവന്നു. കുടുംബവുമായി നഗരം കറങ്ങാനിറങ്ങിയതായിരിക്കും അവര്‍.
നടത്തംനിറുത്തി, ആ സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ തൊട്ടടുത്തുതന്നേ നിലകൊണ്ടു. അവര്‍ തന്നെയൊരുവട്ടം നോക്കിയിട്ടും, ആ മുഖത്ത് യാതൊരുഭാവഭേദവും കണ്ടില്ലാ. പതിയേ ബസ്റ്റാന്റിലേക്ക് നടപ്പുതുടരുമ്പോഴും മനസ്സിലെ മാഞ്ഞുതുടങ്ങിയ മുഖങ്ങള്‍ക്കിടയില്‍ ആ പരിചിതമുഖത്തെ തിരഞ്ഞു.
"യെസ്... സുജാത... പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ സംസ്കൃതം പീരിയഡില്‍ തന്‍റെ ക്ലാസ്സിലേക്ക് മറ്റുള്ള സയന്‍സ് ഗ്രൂപ്പുകാരുടെയൊപ്പം വന്നിരുന്ന പെണ്‍കുട്ടി. അന്നേ കവിതകളും കഥകളുമൊക്കെ എഴുതി സമ്മാനങ്ങള്‍ നേടുമായിരുന്ന അവളോട്‌ തനിക്ക് തോന്നിയിരുന്നത് പ്രണയമായിരുന്നില്ലാ.. ഒരുതരം ബഹുമാനമായിരുന്നു. കൂട്ടുകാരികളുടെയൊപ്പമല്ലാതെ ഒറ്റയ്ക്ക് ഒരിക്കല്‍പ്പോലും അവളെ ക്യാമ്പസില്‍ കണ്ടിട്ടില്ല. കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുകയും, പഠനകാര്യങ്ങളെക്കുറിച്ച് കൂട്ടമായ ചര്‍ച്ചയില്‍ അത്യാവശ്യത്തിന് മാത്രം സംസാരിക്കുകയുംചെയ്യുമെന്നല്ലാതെ, യാതൊരടുപ്പവും അവളോടുണ്ടായിരുന്നുമില്ലാ. കോഴ്സ് കഴിഞ്ഞതിനുശേഷം അവളെയോരിക്കലും കണ്ടിട്ടേയില്ലെന്നുമാത്രമല്ലാ, തന്‍റെ സജീവമായ ഓര്‍മ്മകളില്‍നിന്നവള്‍ മാഞ്ഞുപോകുകയും ചെയ്തിരുന്നു.
ഞൊടിയിടയില്‍, ബസ്സില്‍ കേറാനുള്ള വരിയില്‍നിന്നിറങ്ങി, തിരിച്ച് അവിടെ ചെല്ലുമ്പോള്‍ ടാക്സി പിടിക്കാനുള്ള ശ്രമവുമായി അവര്‍ നില്ക്കുന്നതുകണ്ടു.
"ഹായ്.. ഇത് സുജാതയല്ലേ?!.."
തന്‍റെ പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഞെട്ടി, ഒന്നും മനസ്സിലാവാത്തപോലെ ഭര്‍ത്താവിന്റെയും തന്റേയും മുഖത്തേക്ക് മാറിമാറി നോക്കി. കുടവയറന്‍, ഏതോ വില്ലനെകണ്ടതുപോലെ സംശയഭാവത്തില്‍ ഉറ്റുനോക്കുന്നു.
"ഞാന്‍ നിര്‍ദോഷ്.. ഓര്‍മ്മയുണ്ടോ പ്രീഡിഗ്രിക്ലാസ്സില്‍ ഒരുമിച്ചുപഠിച്ചിരുന്നു... "
പെട്ടെന്നവള്‍ ഓര്‍മ്മകളെ തട്ടിക്കുടഞ്ഞ് തന്‍റെ പഴയമുഖം മനസ്സിലേക്കാവാഹിച്ചുകഴിഞ്ഞെന്ന് മുഖത്തുവിരിഞ്ഞയൊരു പുഞ്ചിരിയോടെ അറിയിച്ചു. ഭര്‍ത്താവിന് ഷേക്ക്‌ഹാന്‍ഡ് കൊടുത്ത് സ്വയം പരിചയപ്പെടുത്തി. അയാള്‍ ഗൗരവഭാവം വെടിഞ്ഞ് സംസാരിക്കാന്‍ തുടങ്ങി. അവളോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം അവളുടെ വായനങ്ങുന്നതിനുമുന്‍പേ അയാളാണ് മറുപടി പറഞ്ഞത്.
ഊഹം തെറ്റിയില്ലാ.. അയാളൊരു പോലീസുകാരന്‍തന്നേ.. ബിരുദം കഴിഞ്ഞവഴി, മഹാരാഷ്ട്ര പോലീസില്‍ ജോലിയുള്ള ഒരു വിദൂരബന്ധുവുമായി അവളുടെ വിവാഹം. പൂനയില്‍ താമസം. ദീപാവലി അവധിക്ക് ബോംബെനഗരം കാണാന്‍ ഇറങ്ങിയതാണ്. സുജാത ജോലിയൊന്നും ചെയ്യുന്നില്ലാ. എഴുത്തും വായനയുമൊക്കെ ഇപ്പോള്‍ ഉണ്ടോ എന്നൊന്നും ചോദിച്ചില്ലാ.. ഫോണ്‍നമ്പറോ, ഇമെയില്‍ ഐഡിയോ മറ്റോ ചോദിക്കാനുള്ള ധൈര്യവും ഉണ്ടായില്ലാ..
"വളരേനാളുകള്‍ക്കു ശേഷം കാണാന്‍സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഇതാണെന്‍റെ കാര്‍ഡ്‌" വിസിറ്റിംഗ്കാര്‍ഡ്‌ നീട്ടിയപ്പോള്‍ ഇളയചെറുക്കന്‍ അതുവാങ്ങിനോക്കി കീശയിലിട്ടു.
ബന്ധപ്പെടണമെന്ന് എപ്പോഴെങ്കിലും തോന്നിയെങ്കില്‍ അവള്‍ വിളിക്കട്ടേ..
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുജാത വിളിച്ചു. ഒരുപാട് സന്തോഷം തോന്നി.
"നിര്‍ദോഷ് സോറിട്ടോ.. അന്നധികം സംസാരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ ആറുമണിക്കുള്ള പൂനെട്രെയിന്‍ പിടിക്കാനുള്ള തിരക്കിലായിരുന്നു. പിന്നേ, ചേട്ടന് ഇതൊന്നുമത്ര പിടിക്കുന്ന സ്വഭാവമല്ല.. ഒരുപാട് സന്തോഷം തോന്നീട്ടോ.. 24 കൊല്ലങ്ങള്‍ക്കുശേഷം പെട്ടെന്നുകണ്ടപ്പോള്‍ മനസ്സിലായില്ലാ.. ഒപ്പം പഠിച്ചവരൊക്കെ വെറും സ്വപ്നങ്ങളായിക്കഴിഞ്ഞിട്ട്‌ ഇപ്പോളൊരു ഇരുപതുകൊല്ലമെങ്കിലും ആയിക്കാണും... "
"അത് സാരല്ല്യെടോ.. എനിക്ക് മനസ്സിലാവും.. പണ്ട് കുട്ടികള്‍ സ്കൂള്‍ വിട്ടുപോകുമ്പോള്‍ ഓട്ടോഗ്രാഫില്‍ എഴുതിയിരുന്നതുപോലെ 'ഭൂമി ഉരുണ്ടതാണ്.. അതിനാല്‍ എപ്പോഴെങ്കിലും എവിടെയെങ്കിലുംവെച്ച് നമ്മള്‍ കണ്ടുമുട്ടാതിരിക്കില്ലാ..' എന്നത് സംഭവിച്ചുവെന്ന് കരുതാം.. ഹഹഹ.."
"ഹോ.. താനിപ്പോഴും ആ പഴയ തമാശക്കാരന്‍തന്നെയാണല്ലേ?.. കൊള്ളാംട്ടോ.. ജീവിതത്തില്‍ സന്തോഷം നശിക്കാതിരിക്കട്ടേ.. "
"സുജാതാ.. താന്‍??...."
"ഹേയ്.. നിര്‍ദോഷ്, ഞാന്‍ ഹാപ്പിയാണ്. പുള്ളിക്കാരന്‍ ഒരു പ്രത്യേക പ്രകൃതമാണ്. എന്നെ വലിയ കാര്യവും കെയറുമൊക്കെയാണ്. വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. പണമുണ്ട്.. സമൂഹത്തില്‍ ബഹുമാനമുണ്ട്.. പക്ഷേ, മറ്റൊരാളുമായി ഞാന്‍ സംസാരിക്കുന്നതുവരെ ചേട്ടന് ഇഷ്ടമില്ലാ.. "
"ങേ.. സംശയരോഗിയാണോ?.. സോറിട്ടോ... അപ്പോള്‍ തന്‍റെ എഴുത്ത്?!... അതും നിന്നുപോയോ?.."
"ചേട്ടന് അതിലൊന്നും വലിയ താല്പര്യമില്ലാ.. എഴുത്തൊക്കെയുണ്ട്... പക്ഷേ ഒന്നും പോസ്റ്റ്‌ ചെയ്യാറില്ലാ.. എന്നോട് എപ്പോഴും പറയും.. നീ പോസ്റ്റ്‌ ചെയ്തോളൂ എന്ന്.. പക്ഷേ, പിന്നീട് അതില്‍വരുന്ന കമന്‍റുകളൊന്നും അങ്ങേര്‍ക്കു ദഹിക്കില്ലായെന്ന്‍ എനിക്കറിയാലോ.. ഹഹഹ.. അതോണ്ട് പോസ്റ്റുന്നില്ലാന്നുമാത്രം..."
"അപ്പോള്‍ നീയനുഭവിക്കുന്ന സന്തോഷം എന്നുപറയുന്നത് ഈ അടിമജീവിതമാണോ?!.. കഷ്ടം സുജാതേ?.."
"ഇല്ല നിര്‍ദോഷ്.. ഞാന്‍ ഹാപ്പിയാണ്... നല്ലൊരു വീട്, മക്കള്‍, പിന്നെ ശുദ്ധവായു ലഭിക്കുന്ന പരിസരം.. വിശക്കുമ്പോള്‍ ഭക്ഷണം.. എന്‍റെ മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇടയ്ക്കുള്ള കുത്തിക്കുറിക്കലുകളിലൂടെ ഞാന്‍ അനുഭവിക്കും.. മനസ്സിനെ തൃപ്തിപ്പെടുത്തുകയെന്നതാണല്ലോ മുഖ്യം?.. ഈ സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ ഈ ജന്മത്തില്‍, ഒരിക്കലും എനിക്ക് ഞാനാഗ്രഹിക്കുന്നതൊന്നും ലഭിക്കാന്‍പോകുന്നില്ലായെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്.. അപ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയെന്ന വിചാരത്തിനുമാത്രമേ പ്രസക്തിയുള്ളൂ നിര്‍ദോഷ്..."
"ഞാന്‍ പറയുന്നതുകേട്ട് തെറ്റിദ്ധരിക്കരുത്... സുജാതേ, നമ്മള്‍ ആധുനികയുഗത്തിലാണ് ജീവിക്കുന്നത്.. എല്ലാര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്.. കഴിവുകള്‍ പ്രകടിപ്പിക്കണം.. ഒരു 'അട്ടപ്പാടി'[*] വന്ന്.. സോറി.. പൊതുവേ വിശേഷിപ്പിച്ചതാണ്.. അതുപോലും സാധിക്കില്ലായെന്നു പറയുന്നതില്‍ എന്തര്‍ത്ഥം? ശരിക്കുമൊരു അടിമത്തത്തില്‍ തന്നെയാണ് നീ.. എന്തിനീ ജീവിതമിങ്ങനെ ഹോമിക്കണം?.. ശരിക്കും ഒരു അരക്കില്ലം പോലെത്തന്നേ.. യു കം ഔട്ട്‌ ഫ്രം ഓള്‍ ദീസ്‌.. ഇത്രയും പുരോഗമനാത്മകമായ എഴുത്തും ചിന്തകളുമുള്ളയൊരാള്‍ ഇങ്ങനെ നശിക്കുന്നത് കഷ്ടംതന്നേ... "
"നിര്‍ദോഷ്.. പലവിധ വിപ്ലവചിന്തകളുമുള്ള എത്രയോ പേര്‍ നമ്മുടെയിടയില്‍ ശാന്തരായി ജീവിക്കുന്നു.. താന്‍ പറയുന്നതില്‍ കാര്യമില്ലായെന്നല്ലാ ഞാന്‍ പറഞ്ഞുവരുന്നത്... യേശു ഒന്നേയുള്ളൂ.. ഭഗത്സിംഗ് ഒന്നേയുള്ളൂ.. മഹാത്മാഗാന്ധി ഒന്നേയുള്ളൂ... സഹജീവികള്‍ക്കുവേണ്ടി സ്വജീവന്‍ പണയംവെച്ച അങ്ങനെയുള്ള പല മഹദ്വ്യക്തികളേയും നമുക്കറിയാം.... ഈ കാലഘട്ടത്തില്‍ അതിനു പ്രസക്തിയില്ലാ.. സ്നേഹത്തിനുമുന്നില്‍ തോറ്റുകൊടുക്കുന്ന ഒരു നയം ഞാന്‍ സ്വീകരിച്ചുവെന്നുമാത്രം.. പക്ഷേ, ഞാന്‍ അതില്‍ സന്തോഷവതിയാണ്. കൂടുതല്‍ ആഗ്രഹങ്ങളില്ലാ.. ഇങ്ങനെത്തന്നേ ഈ ജീവിതം ശാന്തമായങ്ങ് പോയാല്‍മതിയെന്ന പ്രാര്‍ത്ഥന മാത്രം.."
"എങ്കിലും.. ഇതൊരു കടുത്ത തീരുമാനമായിപ്പോയില്ലേ സുജാതേ?.. ഞാനൊരിക്കലും താനിങ്ങനെയായിത്തീരുമെന്ന് സ്വപ്നേപി ചിന്തിച്ചിട്ടുപോലുമില്ലാ... പക്ഷേ, ഞാന്‍ പറയുന്നു.. ഒരു ദിവസം വരും.. നെല്ലിപ്പടികള്‍ അവസാനിക്കുന്ന നിമിഷം.. അപ്പോള്‍ ഈ നിലപാടുകളെല്ലാം സ്വയം മാറ്റിമറിക്കുന്ന ഒരു സാഹചര്യത്തിലൂടെ തനിക്ക് കടന്നുപോകേണ്ടിവരും.. അതുറപ്പാ.."
"ഹ ഹ.. നിര്‍ദോഷ്.. അപ്പോഴല്ലേ.. അപ്പോള്‍ എങ്ങനെവേണമെന്നു തീരുമാനിക്കാനുള്ള ഇച്ഛാശക്തിയുള്ള മനുഷ്യര്‍ത്തന്നെയല്ലേ നമ്മള്‍?.. തത്കാലം ഇങ്ങനെത്തന്നേയങ്ങ് പോകട്ടേ... എന്നാല്‍ ശരീട്ടോ... ഇതെന്‍റെ മൊബൈല്‍ നമ്പരാണ്... പക്ഷേ, എന്നെ വിളിക്കരുത്... സൗകര്യംപോലെ ഞാന്‍ വിളിച്ചോളാം.. കുടുംബത്തെക്കുറിച്ചൊന്നും അന്വേഷിച്ചില്ലാ.. പിന്നെയാവട്ടേ.. ഹാവ് എ നൈസ് ഡേ.."
- ജോയ് ഗുരുവായൂര്‍
[*] അട്ടപ്പാടിക്കാര്‍ ക്ഷമിക്കണം.. കൂടുതല്‍ 'വിവരമില്ലാത്തവര്‍/അഹങ്കാരികള്‍' ആയവര്‍ നടത്താറുള്ള ഒരു 'നഗരന്‍' പ്രയോഗമാണ്.. 'വെറുമൊരു അട്ടപ്പാടി' എന്നത്

No comments:

Post a Comment