Tuesday, December 8, 2015

അവസ്ഥാന്തരങ്ങള്‍

ഗാന്ധിനഗറിലെ സ്വാമിനാരായണ്‍ അക്ഷര്‍ദ്ധാം ക്ഷേത്രപരിസരത്തുള്ള ഒരു വൃക്ഷച്ചുവട്ടിലെ കല്ത്തറയിലിരുന്നുള്ള തന്‍റെ അന്നത്തെ പ്രഭാഷണം അവസാനിപ്പിച്ച് വാസുദേവ് ആചാര്യ പതിവുപോലെ ധ്യാനനിരതനായി. അത് അദ്ദേഹത്തിന്‍റെ ദശാബ്ദങ്ങളായുള്ള ഒരു ദിനചര്യയായിരുന്നു. ധ്യാനം കഴിഞ്ഞു മിഴികള്‍ തുറക്കുമ്പോള്‍ മിക്കവാറും സന്ധ്യയെ രാത്രി വിഴുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. വിജനമായ മൈതാനത്തിലെ മരങ്ങളില്‍ ചേക്കേറുന്ന അസംഖ്യം പക്ഷികളുടെ കൂജനങ്ങള്‍ മാത്രമേ അപ്പോള്‍ ഗുരുവര്യനു ശ്രാവ്യമാകുമായിരുന്നുള്ളൂ.
പതിവിനു വിപരീതമായി ഇതാ ഒരു യുവാവ് കൈകള്‍ കൂപ്പിക്കൊണ്ട്‌ നിര്‍ന്നിമേഷനായി തന്നെത്തന്നെ നോക്കിക്കൊണ്ട്‌ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. പ്രഭാഷണത്തിനിടയില്‍ പുതുമുഖമായിരുന്ന ആ യുവാവിനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവന്റെ മനസ്സിൽ വ്യവച്ഛേദിച്ചറിയാനാവാത്ത ഒരായിരം വികാരങ്ങൾ തിരമാലകൾ പോലെ അലയടിക്കുന്നുണ്ടെന്ന് ആ കണ്ണുകളില്‍ നിന്നും ആചാര്യന്‍ ഗ്രഹിച്ചു.
"തമേ കോണ്‍ ഛഓ ?... തമ്നെ ശൂ ജരൂര്‍ ഛെ?".. ശാന്തനായി അദ്ദേഹം ആ യുവാവിനോട് കാര്യം തിരക്കി.
"ഞാന്‍ ഒരു മലയാളിയാണ്.. പേര് വരുണ്‍"
ഒരു നിമിഷം ഏതോ കാണാദൂരങ്ങളില്‍ മനസ്സ് അലയുന്നതു പോലെ കണ്ണുകളടച്ച് ആചാര്യന്‍ മൗനിയായി. പിന്നെ മുരടനക്കിക്കൊണ്ട് ചോദിച്ചു?
"എനിക്കു മലയാളം അറിയാമെന്നു വരുണിനു എങ്ങനെ മനസ്സിലായി? ആരാണ് നിന്നെ എന്‍റെ അടുക്കലേക്ക്‌ അയച്ചത്? എത്രയോ വര്‍ഷങ്ങളായി ഒരു മലയാളിയും എന്നെത്തേടി ഇവിടെ വന്നിട്ടില്ലാ.. ആര്‍ക്കും അറിയുകയുമില്ലാ ഞാനൊരു മലയാളിയാണെന്ന്"
"അങ്ങയുടെ പ്രഭാഷണം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും എന്നെങ്കിലും ഒരു സുദിനത്തില്‍ സത്യത്തിന്‍റെ മുഖം തേജസ്സുള്ള സൂര്യനെപ്പോലെ ഉദിച്ചു നില്ക്കും. ആ സുദിനത്തിന്റെ ആഗമനം ചിലപ്പോള്‍ നമ്മുടെ മനുഷ്യായുസ്സിനും അപ്പുറത്തേക്കു നീണ്ടുപോയേക്കാമെന്നാലും ആത്യന്തികമായി സത്യം അസത്യത്തിന്‍റെ മേല്‍ വിജയം നേടുകതന്നെ ചെയ്യും.. " വരുണ്‍ മറുപടിക്കായി കാത്തു.
"അതേ അതാണ്‌ പരമമായ സത്യം.. സത്യത്തെ സുസ്ഥിരമായി ബന്ധനസ്ഥമാക്കാന്‍ ആര്‍ക്കും സാധ്യമല്ലാ. ഒരിക്കല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമായി സത്യം പുരമുകളില്‍ നിന്നും പ്രഘോഷിക്കപ്പെടും.. എന്താ അതില്‍ വല്ല സംശയവും ഉണ്ടോ?.."
പണ്ടൊരിക്കല്‍ രാജസ്ഥാനില്‍ നിന്നും വന്ന ഒരു യുവസന്ന്യാസി പ്രഭാഷണത്തിനു ശേഷം ഒരു വിഷയത്തെക്കുറിച്ചു തര്‍ക്കിക്കാന്‍ വന്ന സംഭവം വാസുദേവ് ആചാര്യ ഓര്‍ത്തു.
"അങ്ങയുമായി ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കിക്കാനല്ലാ ഞാന്‍ വന്നിരിക്കുന്നത്. അങ്ങു പറഞ്ഞതു പോലെ ഞാന്‍ അന്വേഷിച്ചു നടന്നിരുന്ന ഒരു സത്യം മറനീക്കി വന്ന വിവരവും അതിനെ സംബന്ധിച്ച ചില കാര്യങ്ങള്‍ അറിയിക്കാനും കൂടിയാണ് ഞാന്‍ കാത്തുനില്ക്കുന്നത്" യുവാവ് മൊഴിഞ്ഞു.
"വരൂ.. എന്‍റെ ആശ്രമത്തിലേക്കു പോകാം.. അരുവിയില്‍ കുളിച്ചു അല്പ്പനേരം വിശ്രമിച്ചതിനു ശേഷം സംസാരിക്കാം" തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ആചാര്യനെ യുവാവ് പിന്തുടര്‍ന്നു.
***************************************************
"വരലക്ഷ്മീ നീ ശരിക്കുമൊരു സുന്ദരി തന്നേ... എന്‍റെ ഭാഗ്യമായാണ് ഭാര്യയായി ഭഗവാന്‍ നിന്നെയെനിക്കു തന്നത്" ആദ്യരാത്രിയില്‍ അയാള്‍ ഭാര്യയോട് മന്ത്രിച്ചു.
ഒരു അപ്സരസിനെപ്പോലെ അയാളുടെ ചാരത്തു കിടന്നവള്‍ പുഞ്ചിരിച്ചപ്പോഴുണ്ടായ നിര്‍വൃതിയില്‍ അയാളവളെ വാരിപ്പുണര്‍ന്നു.
പിന്നേയും എന്തൊക്കെയോ വിശേഷങ്ങള്‍... കിളിക്കൊഞ്ചലുകള്‍..
"ചേട്ടാ.. ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോ?.. പറഞ്ഞില്ലെങ്കില്‍ അതെന്‍റെ മനസ്സിലൊരു വിമ്മിട്ടമായി ഇങ്ങനെ കിടക്കും.." പെട്ടെന്നാണ് അവളതു പറഞ്ഞത്
"പറയൂ ലക്ഷ്മീ.. നീ എന്തുതന്നെ പറഞ്ഞാലും നിന്നോട് ഞാന്‍ ദേഷ്യപ്പെടുകയില്ലാ.. നിനക്ക് എന്തു വേണമെങ്കിലും ഞാന്‍ സാധിപ്പിച്ചു തരും.. എന്‍റെ ജീവന്‍ പണയം വച്ചു പോലും... അതിലൊരു വിട്ടുവീഴ്ചയും ചെയ്യുകയില്ലാ.. " ഭാര്യയുടെ ആദ്യ ആഗ്രഹത്തിന് ചെവിയോര്‍ത്തു കൊണ്ട് അവളെനോക്കി അയാള്‍ മന്ദഹസിച്ചു.
"ചേട്ടാ.. ഒരു ഭര്‍ത്താവും അത്ര പെട്ടെന്നു പൊറുക്കാന്‍ തയ്യാറാവാത്ത ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.. എന്നോട് ക്ഷമിക്കണം.. ഒരു വര്‍ഷം മുമ്പോളം എനിക്കൊരാളുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ പരസ്പ്പരമൊന്നു തൊടുക പോലും ചെയ്തിട്ടില്ല. അവനു എന്നെ വലിയ പ്രിയമായിരുന്നു. ഒരു ദിവസം എന്നെ കാണാന്‍ അവന്‍ വന്നത് അച്ഛന്‍ കണ്ടു. അതോടെ ആളുകളെ വിട്ടു തല്ലിച്ച് അവനെ ഈ നാട്ടില്‍നിന്നുതന്നേ ഓടിപ്പിച്ചു കളഞ്ഞു. പിന്നീടൊരിക്കലും അവന്‍ ഈ നാട്ടിലേക്കു വന്നിട്ടില്ല." അവള്‍ പറയുന്നത് ശ്രദ്ധിച്ച് ചിന്താമഗ്നനായി ബീഡിയും പുകച്ചു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളുടെ ഭാവം അവള്‍ ശ്രദ്ധിച്ചു.
"എന്നിട്ട്??.." തുടരാനുള്ള സമ്മതം..
"ചേട്ടാ.. ഞാനൊരിക്കലും ഒരു നശിച്ച പെണ്ണല്ലാ.. സത്യമാണ് ഞാന്‍ പറയുന്നത്.. എന്നെ വിശ്വസിക്കില്ലേ?.." അയാളുടെ മുഖത്തു നിഴലിച്ച അനിശ്ചിതത്വ ഭാവം കണ്ടു അമ്പരപ്പോടെ അവള്‍ ചോദിച്ചു.
"എങ്ങനെയാണ് നീയവനുമായി പരിചയത്തിലായത്?" ഗൌരവത്തോടെയുള്ള ചോദ്യം.
"അമ്പലത്തില്‍ വച്ചൊക്കെ കണ്ടുള്ള പരിചയമായിരുന്നു. അതുപിന്നേ...." അവള്‍ അര്‍ത്ഥഗര്‍ഭമായി നിറുത്തി.
"എനിക്കെങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും നിങ്ങള്‍ത്തമ്മില്‍ ഇപ്പോഴും യാതൊരടുപ്പവുമില്ലായെന്ന്?" ഗൌരവം വിടാതെ അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് പരസ്പ്പരം ഇഷ്ടമായിരുന്നു. അവനെ തല്ലിച്ചതച്ചതൊക്കെ ഓര്‍ക്കുമ്പോളിപ്പോഴും മനസ്സില്‍ വേദന തോന്നും. പക്ഷേ സത്യമായിട്ടും എന്‍റെ മനസ്സിലും ഹൃദയത്തിലും ഇപ്പോഴവനില്ലാ. ഉണ്ടെങ്കില്‍ ഈയൊരു വിവാഹത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നേയില്ലല്ലോ?" നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ മറുപടി പറഞ്ഞു.
"ഹ ഹ ഹ ഹ ഹ ഹ " ഗൌരവം വിട്ടു അയാള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവള്‍ അവിശ്വസനീയതയോടെ അയാളെ നോക്കി..
"ലക്ഷ്മീ.. നീ കരുതുന്നതുപോലെയുള്ള ഒരാളൊന്നുമല്ല ഈ ഞാന്‍. സ്നേഹവും പ്രേമവുമൊക്കെ യുവാക്കളായാല്‍ ഉണ്ടാവും.. എന്നാല്‍ അപകടകരമായ നിലയിലേക്കു ബന്ധങ്ങള്‍ മാറുമ്പോഴാണ് കുഴപ്പമാവുന്നത്. അയാളെ നീ പൂര്‍ണ്ണമായും നിന്‍റെ മനസ്സില്‍ നിന്നു പറിച്ചു കളഞ്ഞെന്നും അയാളുമായി യാതൊരു തരത്തിലുള്ള ശാരീരികബന്ധങ്ങളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ സ്ഥിതിക്ക്, ഞാന്‍ ആണത്തത്തോടെ പറയുന്നു. നീ വിഷമിക്കേണ്ടാ.. ഒരു ഭര്‍ത്താവും കാമുകനുമായി ഞാന്‍ നിന്‍റെയൊപ്പം മരണം വരേയും ഉണ്ടായിരിക്കും" അവളുടെ നെറുകയില്‍ ചുംബിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
വളരെ പെട്ടെന്നായിരുന്നു അവരുടെ ദാമ്പത്യജീവിതത്തിലൂടെ സന്തോഷകരമായ നാലുവര്‍ഷങ്ങള്‍ കടന്നുപോയത്. കുട്ടികളുണ്ടാവാത്ത ദുഃഖമകറ്റിക്കൊണ്ട് അവളൊരു ദിവസം ഗര്‍ഭം ധരിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതു കണ്ടു വളരെ ആഹ്ലാദവാനായായിരുന്നു അന്നയാള്‍ ജോലിക്ക് പോയിരുന്നത്. സന്തോഷാധിക്യം കൊണ്ടു ജോലിയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ ആവാതിരുന്നതു മൂലം അവധിയെടുത്തു വീട്ടിലേക്കു മടങ്ങിയെത്തി.
അസ്തപ്രജ്ഞനാക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അപ്പോള്‍ സ്വവസതിയില്‍ അയാളെ കാത്തിരുന്നിരുന്നത്. ലക്ഷ്മിയോടൊപ്പം കട്ടിലില്‍ ഒരു പുരുഷന്‍.
ഒരു നിമിഷത്തെ മരവിപ്പു മാറിയ വഴി അയാള്‍ അട്ടഹസിച്ചു ചെന്ന് അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചു കരണങ്ങളില്‍ ഭ്രാന്തമായി അടിച്ചു. പിന്നെ യാതൊന്നും ഉരിയാടാതെ ഇറങ്ങി നടന്നു. കൈകൂപ്പിക്കൊണ്ട് ലക്ഷ്മി വിലപിക്കുന്നതു ശ്രദ്ധിക്കാനൊന്നും അപ്പോളയാള്‍ക്ക് സാധിച്ചിരുന്നില്ല.
*************************************************
"അച്ഛാ.. രണ്ടു വര്‍ഷം മുമ്പാണ് മുപ്പത്തിനാലു കൊല്ലങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞത്. അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അച്ഛനെ എന്നെങ്കിലും കണ്ടാല്‍ കുത്തിക്കൊല്ലുവാനായി ഒരു കത്തി ഞാന്‍ മൂര്‍ച്ചകൂട്ടി വച്ചിട്ടുണ്ട് എന്നറിഞ്ഞ നിമിഷത്തില്‍" ബാഗില്‍ നിന്നും തിളങ്ങുന്ന ഒരു കത്തിയെടുത്തു കാണിച്ചു കൊണ്ട് യുവാവ് പറഞ്ഞു.
"ശരി.. ഇവിടെയെങ്ങും ആരുമില്ലാ.. ആ കൃത്യം കഴിച്ചു മടങ്ങിക്കോളൂ.." വാസുദേവ് ആചാര്യ കയറുകട്ടിലില്‍ നിവര്‍ന്നു കിടന്നു.
"ഇല്ലച്ഛാ.. ഈ കത്തിയുടെ മൂര്‍ച്ച അമ്മ അന്നു പറഞ്ഞ വാക്കുകളില്‍ത്തട്ടിത്തന്നേ നശിച്ചു പോയി. എങ്ങനെയെങ്കിലും അച്ഛനെയൊന്നു കാണണം എന്ന ആഗ്രഹവുമായി രാജ്യം മുഴുവന്‍ അലഞ്ഞുതിരിയുകയായിരുന്നു ഞാന്‍. ഒരു മുത്തച്ഛന്‍ കൂടിയാണ് ഇപ്പോളെന്‍റെ അച്ഛന്‍" വരുണ്‍ പറഞ്ഞതു കേട്ട് വികാരവായ്പ്പോടെ അദ്ദേഹം അവനെ നോക്കി.
"തെറ്റ് ചെയ്തത് അമ്മതന്നെയായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ക്കയറിവന്ന പഴയ കാമുകന്‍റെ അധികാരത്തോടെയുള്ള നിര്‍ബന്ധബുദ്ധിക്കു അമ്മ കീഴടങ്ങരുതായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് ആ പ്രായത്തിലുള്ള ഏതു യുവതിക്കും അത്തരം സാഹചര്യങ്ങളുടെ നൈമിഷികമായ സമ്മര്‍ദ്ദത്തിനു വശംവദരാകാതെയിരിക്കാന്‍ സാധിച്ചെന്നു വരില്ലാ.. പിന്നെ, ആരുടേയും കാലുപിടിക്കാന്‍ പോകാതെ അന്തസ്സായി അദ്ധ്വാനിച്ച്, എന്നെ പൊന്നുപോലെ പാലൂട്ടി വളര്‍ത്തിയ ആ ശരീരത്തേയും മനസ്സിനേയും മുറിപ്പെടുത്താന്‍ മനസ്സനുവദിച്ചുമില്ലാ. അന്നേദിവസം തുടങ്ങിയതാണ്‌ അച്ഛനെത്തേടിയുള്ള എന്‍റെയീ യാത്ര".. തുണിസഞ്ചിയില്‍ നിന്നും വാസുദേവന്‍ വരലക്ഷ്മി ദമ്പതിമാരുടെ വിവാഹഫോട്ടോ എടുത്തു നീട്ടിക്കൊണ്ടു വരുണ്‍ പറഞ്ഞു.
"ലക്ഷ്മീ?............" അയാള്‍ ചോദിച്ചു.
"ഞാന്‍ ഇറങ്ങിപ്പോയ വിഷമം അമ്മയെ ശാരീരികമായും മാനസികമായും തളര്‍ത്തിക്കളഞ്ഞു. വിവരമറിഞ്ഞെങ്കിലും തിരിച്ചു പോയില്ലാ. ഈ ഫോട്ടോയും പിടിച്ചു വാരണാസിയിലും പരിസരങ്ങളിലും അലയുകയായിരുന്നു അപ്പോള്‍ ഞാന്‍. പിന്നെ, വീട്ടില്‍നിന്നുമിറങ്ങുമ്പോള്‍ അച്ഛനെ കണ്ടെത്താതെ ഒരു മടക്കയാത്രയേയില്ലെന്നുള്ള ശപഥവും എടുത്തിരുന്നു. കൂടാതെ അമ്മയെ നോക്കാന്‍ തല്ക്കാലം ശോഭനയുണ്ടല്ലോയെന്ന ആശ്വാസവും. അമ്മയില്ലാതെ വളര്‍ന്ന അവള്‍ക്കു അമ്മ സ്വന്തം അമ്മയെപ്പോലെത്തന്നേ. നെന്മിനി മനയ്ക്കലെ തമ്പുരാട്ടിയുടെ ചികിത്സയില്‍ അമ്മയ്ക്കിപ്പോള്‍ പതിയേ നടക്കാന്‍ സാധിക്കുന്നുണ്ട് എന്നറിഞ്ഞു." കണ്ണില്‍ നിന്നും ഉറവയെടുത്ത കണ്ണുനീര്‍ അവന്‍ കൈകള്‍ കൊണ്ട് തുടച്ചു.
"എല്ലാം ശരിയാവും.... ആ പായവിരിച്ച് മോന്‍ അവിടെക്കിടന്നോളൂ.. നാളെ വെളുപ്പിനു പോകാം" അയാള്‍ പറഞ്ഞു.
"വേണ്ടച്ഛാ.. ഞാന്‍ ഇറങ്ങുന്നു.. പിന്നീടൊരിക്കല്‍ വീണ്ടും വരാം..."
തന്‍റെ കാല്പാദങ്ങള്‍ തൊട്ടുവന്ദിച്ചു പടിയിറങ്ങിപ്പോകുന്ന മകന്‍റെ നിഴല്‍രൂപം ഇരുളില്‍ ലയിച്ചില്ലാതാകുന്നതും നോക്കി വാതില്‍ക്കല്‍ അയാള്‍ നിന്നു. കണ്ണില്‍ നിന്നും ഉരുണ്ടുവീണ കണ്ണുനീര്‍ത്തുള്ളികള്‍ കയ്യിലിരുന്ന ആ പഴയ വിവാഹഫോട്ടോ നനച്ചു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കി മന്ദഹസിക്കുന്ന ലക്ഷ്മിയെ അയാള്‍ കണ്ടു.
- ഗുരുവായൂര്‍

മനസ്സിലെ മഴവില്ലുകള്‍

ബാംഗളൂര്‍ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഏകദേശം പതിനഞ്ചു മിനിട്ട് നടന്നാല്‍ അള്‍സൂര്‍ ലേക്കിന് അരികെയെത്താം.. പതിവിനു വിരുദ്ധമായി കന്റോണ്‍മെന്‍റ് സ്റ്റേഷനിലിറങ്ങുന്നതിനു പകരം ഈസ്റ്റില്‍ ഇറങ്ങി നടന്നു. 

മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ അള്‍സൂര്‍ തടാകത്തിലൂടെ രണ്ടാള്‍ക്ക്‌ മാത്രം ഇരിക്കാവുന്ന, പെഡലുകള്‍ ചവിട്ടി ഓടിക്കാവുന്ന കൊച്ചു ബോട്ടില്‍ ഉല്ലാസയാത്ര നടത്തുമ്പോള്‍ ചീര്‍ത്തു കമഴ്ന്നു കിടന്നിരുന്ന ഒരു ശവം നീലിമയായിരുന്നു തനിക്കു കാണിച്ചു തന്നത്. നേരിയ ഒരു ദുര്‍ഗന്ധം കാറ്റിലൂടെ ഒഴുകിവന്നിരുന്നത് ഇന്നും ഓര്‍ക്കുന്നു.

"രമേഷ് എനിക്ക് മനം പിരട്ടുന്നു.."

മൂക്കുപൊത്തി ഓക്കാനിക്കാന്‍ നിന്ന നീലിമയെ താന്‍ അന്നു ആശ്വാസവാക്കുകളില്‍ പൊതിഞ്ഞുകൊണ്ട് സമാധാനിപ്പിച്ചു. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി പലപ്പോഴും ആത്മഹത്യ ചെയ്തവരുടേയും കൊന്നു തള്ളിയവരുടേയുമായ അനവധി മൃതദേഹങ്ങള്‍ അള്‍സൂര്‍ ലേക്കില്‍ ഒഴുകിനടക്കുന്നത്‌ താന്‍ കണ്ടിട്ടുള്ളതാണ്. അന്നത്തെ ഹണിമൂണ്‍ ആഘോഷങ്ങളുടെ ഉദ്വേഗങ്ങള്‍ക്ക് ആ കാഴ്ച്ചയോടെ വിരാമമായി.

ബ്രിഗേഡ് റോഡിലെ നീല്‍ഗിരീസിന്റെ തൊട്ടടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നും സ്വാദിഷ്ടമായ ബര്‍ഗ്ഗര്‍ വാങ്ങിക്കഴിക്കുമ്പോള്‍ അവള്‍ ആ ശവസ്മരണ മറന്നതായി തനിക്കു തോന്നി. അവളേക്കാള്‍ കൂടുതല്‍ ഈ വക കാര്യങ്ങളില്‍ അറപ്പാണ് തനിക്കെന്നു അവള്‍ക്കറിയില്ലല്ലോ. ഒന്നോ രണ്ടോ കടിയ്ക്കപ്പുറം ബര്‍ഗ്ഗറുമായി മല്ലിടാന്‍ തനിക്കു കഴിഞ്ഞില്ല. പക്ഷേ, നാട്ടിന്‍പുറത്തുകാരിയായ അവള്‍ക്കു അതെല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു.

ഡിസംബര്‍ മാസത്തെ കുളിരില്‍ ശിവാജി നഗറിലുള്ള കൊച്ചു വീട്ടില്‍ ബ്ലാങ്കറ്റു പുതച്ചു കിടക്കുമ്പോള്‍ തന്‍റെ രോമാവൃതമായ നെഞ്ചില്‍ വിരലുകളോടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ഹ ഹ ഹ  അങ്ങനെ പറയാന്‍ പറ്റില്ലാ നീലൂ.. എല്ലാം ഓരോരുത്തരുടെ മാനസിക ശക്തിയനുസരിച്ച് ഇരിക്കും. ജീവിതത്തില്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തവര്‍ക്ക് അത്തരം അവസരങ്ങളില്‍ ആദ്യം മനസ്സില്‍ തെളിയുന്ന പരിഹാരമാര്‍ഗം ചിലപ്പോള്‍ ആത്മഹത്യയായിരിക്കും.. ഉദാഹരണമായി ഈ ഞാന്‍ തന്നെ"

"പിന്നേ.. കുത്തും ഞാന്‍ പറഞ്ഞേക്കാം.." മുഖം കോട്ടി, കൈ ചുരുട്ടിക്കൊണ്ട്  നീലിമ രമേഷിന്‍റെ നെഞ്ചില്‍ മൃദുവായി ഇടിച്ചു.

ഒരു അവധി ദിവസം സായാഹ്നത്തില്‍, പതിവുള്ള നടത്തത്തിനു ശേഷം കബണ്‍പാര്‍ക്കിലെ മഞ്ഞമുളകളുടെ ഇടയില്‍ ഇട്ടിരുന്ന, ഉണങ്ങിയ പക്ഷിക്കാഷ്ടങ്ങള്‍ ഡിസൈന്‍ തീര്‍ത്ത സിമന്‍റ് ബെഞ്ചില്‍ ഇരിക്കുമ്പോഴായിരുന്നു താന്‍ വിവേകിന്‍റെ ദുരന്തം നീലിമയോട് പറഞ്ഞത്. തന്റെയൊപ്പം എട്ടൊമ്പതു കൊല്ലം ജോലി ചെയ്തതിനു ശേഷം അമേരിക്കയിലേക്ക് ജോലി കിട്ടിപ്പോയ വിവേക്, താന്‍ വഴി നീലിമയുടെയും സുഹൃത്തായിരുന്നു.  വിവേക് - മേനക ദമ്പതികളുടെ ജീവിതത്തില്‍ പിണക്കം എന്ന വാക്കിനു സ്ഥാനമേ ഉണ്ടായിരുന്നില്ല. ഒരു അടിച്ചുപൊളി ലൈഫ്. രണ്ടാളും പരസ്പ്പരം മരിക്കാന്‍ വരെ തയ്യാര്‍. അവരുടെ ജീവിതം കണ്ട് തങ്ങള്‍ക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.

"ഒരു ബാഡ് ന്യൂസ് ഉണ്ട് നീലൂ.. നീ അപ്സെറ്റ് ആവരുത്.. നമ്മുടെ വിവേക് അമേരിക്കയില്‍ സൂയിസൈഡ് ചെയ്തു.." അത് പറയുമ്പോള്‍ തന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"ഓ മൈ ഗോഡ്.. എന്താണ് ഞാനീ കേള്‍ക്കണേ.." അവിശ്വസനീയതയോടെ ചെവികള്‍ പൊത്തിപ്പിടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"മേനക വാസ് ഡിസീവിംഗ് ഹിം.. ഷീ ഹാഡ് എ കന്നടിയന്‍ ബോയ്‌ ഫ്രണ്ട് ബിഫോര്‍ ദെയര്‍ മാര്യേജ്.. ഹി ജസ്റ്റ്‌ കം ടു നൊ എബൌട്ട്‌ ദാറ്റ്‌ ആന്‍ഡ്‌ കമ്മിറ്റഡ് സൂയിസൈഡ്.. അവരുടെ ഒരു വിഡിയോ ക്ലിപ്പ് അവന്‍ ഏതോ സൈറ്റില്‍ ആകസ്മികമായി കണ്ടു"

"ഇത്രയും ഫ്രാങ്ക് ആയ അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഒളിഞ്ഞിരിക്കുമോ രമേഷ്?"

"ങാ എന്തറിയാം.. ഇനി നമ്മുടെ ജീവിതത്തിലും എന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോണേ?.." വേണമെന്ന് വച്ചു തന്നെ താന്‍ അവളോട്‌ മുന വച്ചു സംസാരിച്ചു.

"ദേ.. പൊക്കോണം ഇവിടന്ന്.. ഞാന്‍ പറഞ്ഞതല്ലേ രമേഷിനോട്.. എനിക്ക് അത്തരം ശാരീരികബന്ധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ... കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തനെ പ്രേമിച്ചു.. ഫിറോസ്‌ ഒരു അന്ന്യമതക്കാരനും എന്നേക്കാള്‍ ഒന്നര വയസ്സ് ഇളയതും ആയിരുന്നതിനാല്‍ പഠിപ്പ് കഴിഞ്ഞതോടെ അതൊക്കെ പാടേ മറന്നുകളഞ്ഞു എന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.. വീണ്ടും അത് തന്നെ ചോദിക്കുന്നു.. ജന്തു... " അവള്‍ പിണങ്ങി മുഖം തിരിച്ചിരുന്നു.

നീലിമ തന്നെ സ്നേഹിക്കുന്നത് പോലെ ലോകത്തില്‍ ഒരാളേയും ഒരാളും സ്നേഹിക്കുന്നുണ്ടാവില്ലാ.. താനും തിരിച്ച് അങ്ങനെത്തന്നെ.. പക്ഷെ എന്തോ.. മനസ്സറിയാതെത്തന്നെ താനിടയ്ക്കിടെ അവളെ വേദനിപ്പിക്കാന്‍ ഇതുപോലെ ഓരോന്ന് പറയും.. ശരിക്കും കുറ്റബോധം തോന്നിയ നിമിഷങ്ങള്‍... അതിനു ശേഷം ഇപ്പോള്‍ ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നും ഏതെങ്കിലും വെബ്‌സൈറ്റില്‍ ഫിറോസ്‌ എന്ന പേര് കണ്ടാല്‍ താന്‍ ആ വ്യക്തിയുടെ ജാതകം തന്നെ ചൂഴ്ന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു.. അപ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥനയേ ഉണ്ടാകുമായിരുന്നുള്ളൂ അതവനാകരുതേ.

പക്ഷേ.. ഇന്ന്.... അവള്‍ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ... രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു വരില്ലാ എന്ന് ചിന്തിച്ച അവള്‍ ശരിക്ക് പറഞ്ഞാല്‍ ഒരു വിഡ്ഢിയല്ലേ.. താന്‍ പലതവണ ചോദിച്ചിട്ടും അവള്‍ നിഷ്ക്കളങ്കമായ മുഖത്തില്‍ അവളുടെ കുറ്റബോധത്തെ തന്നില്‍ നിന്നും ഒളിപ്പിച്ചിരുന്നു. തന്‍റെ സ്നേഹം നഷ്ടപ്പെടാന്‍ ഇടയാകരുത് എന്ന് കരുതിയാവാം. പക്ഷെ, തനിക്കു വേണ്ടിയിരുന്നത് അതായിരുന്നില്ലാ.. എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ഏറെയായി താനവളെ സ്നേഹിച്ചേനേ. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ആണെങ്കിലും എന്തിന് അവള്‍ അത് തന്നില്‍നിന്നും മറച്ചു വച്ചു?.. ഇന്ന് ലോകത്തില്‍ ദൈവസമാനമായി സ്നേഹബഹുമാനങ്ങള്‍ തന്ന് തന്നെയവള്‍ സ്നേഹിക്കുന്നുണ്ടെങ്കിലും......    

"ഇക്കാലം വരെ മദ്യപാനമോ, പുകവലിയോ എന്നല്ലാ ഒരു മുറുക്കാന്‍ വരെ ചവയ്ക്കാതെ താന്‍ പവിത്രത കാത്തു സൂക്ഷിച്ചിട്ട്‌.. എന്തു നേടി?.. "

മുന്നില്‍ ഒരു പാന്‍പ്പെട്ടിക്കട..

'ഏതായാലും താന്‍ മരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.. അതിനു മുമ്പ് ഒരു സിഗരട്ടെങ്കിലും വലിച്ചില്ലെങ്കില്‍പ്പിന്നെ അപകര്‍ഷതാബോധം തന്‍റെ ആത്മാവിനെ അലോസരപ്പെടുത്തും എന്ന് തീര്‍ച്ച..' ഒരു ബെര്‍ക്കിലി സിഗരറ്റ് വാങ്ങി തടാകത്തിനഭിമുഖമായിട്ട സിമന്‍റ് ബഞ്ചില്‍ ഇരുന്നു ആഞ്ഞു വലിച്ചപ്പോള്‍ ചുമ കുത്തിക്കുത്തി വന്നു ശ്വാസം കിട്ടാത്ത പോലെ തോന്നി..

"ഛെ ഈ സാധനമാണോ ആളുകള്‍ വലിച്ചു തള്ളുന്നത്.. കഷ്ടം.. "  അരിശത്തോടെ അത് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.. അതില്‍ നിന്നും തെറിച്ച തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെ അനുസ്മരിപ്പിച്ചു.

"വേര്‍ ഡു യു ഗോ, മൈ ലവ് ലി..
 വേര്‍ ഡു യു ഗോ?
 ഐ വാണാ നോ, മൈ ലവ് ലി, ഐ വാണാ നോ.."

മൊബൈല്‍ റിംഗ് ടോണ്‍ ആയ തന്‍റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനം ഒഴുകി...

പരിചയമില്ലാത്ത ഒരു നമ്പര്‍...

വാച്ചില്‍ സമയം നോക്കി.. ഏഴേ കാല്‍..   സാധാരണ ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന സമയത്തില്‍ക്കവിഞ്ഞ് മുക്കാല്‍ മണിക്കൂറോളം ആയിരിക്കുന്നു.

കോള്‍ എടുക്കാതെ ഫോണ്‍ സൈലന്റില്‍ ആക്കി പോക്കറ്റില്‍ ഇട്ട് തൊട്ടപ്പുറത്തു നിന്നു തടാകത്തിലേക്ക് കാര്യമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ അരികിലേക്ക് ചെന്ന് വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി.

ഒരു ചെറുപ്പക്കാരിയുടേതെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ശരീരം വെള്ളത്തില്‍ കമിഴ്ന്നു പൊന്തിക്കിടക്കുന്നു..... ദുര്‍ഗന്ധമൊന്നും വമിക്കുന്നില്ലാ.. മരിച്ചിട്ട് അധികം സമയം ആയില്ലെന്ന് തോന്നുന്നു...  

"ഹോ.. പണ്ടാരമടങ്ങാന്‍...................."  ഒന്നുകൂടി അടുത്തു ചെന്ന് സൂക്ഷിച്ചു നോക്കി...

"ങേ.. ദൈവമേ.. കഴിഞ്ഞ പിറന്നാളിന് ജോബന്‍ ഗാര്‍മെന്റ്സില്‍ നിന്നും നീലിമയ്ക്ക് വാങ്ങിച്ചു സമ്മാനിച്ച മഴവില്ലിന്‍ നിറങ്ങളുള്ള അതേ ചുരിദാര്‍ ആണല്ലോ ആ ശവത്തിന്‍റെ വസ്ത്രം.." പൊടുന്നനെ നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍ ഉത്ഭവിച്ചു കഴുത്തിലൂടെ താഴേക്കൊഴുകാന്‍ തുടങ്ങി.

പിന്നെയവിടെ നിന്നില്ല. മുന്നിലൂടെ വന്ന ഒരു ഓട്ടോ റിക്ഷയ്ക്കു കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി വീട്ടിലേക്ക്.

 "രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ങേ..ഓടുന്ന റിക്ഷയുടെ കാറ്റിലിളകിപ്പറന്നു കൊണ്ടിരുന്ന റഗ്സീന്‍ ഷീറ്റുകള്‍ തന്നോട് സംസാരിക്കുന്നുവോ?!!!"

"ശരിയാണ് നീലൂ... പക്ഷേ അത് പറഞ്ഞ നീ തന്നെ...... "

ജീന്‍സിന്‍റെ പോക്കറ്റിലിരുന്നു മൊബൈല്‍ ഫോണ്‍ അപ്പോഴും തുടര്‍ച്ചയായി റിംഗ് ചെയ്യുന്നുണ്ടായിരുന്നു.... അതിന്‍റെ സ്ക്രീനില്‍ 'നീലു' എന്ന് തെളിഞ്ഞു കൊണ്ടിരുന്നതു ശ്രദ്ധിച്ചില്ല...

"എന്താ രമേഷ്... അവധിയാണെന്ന് പറഞ്ഞിട്ടു ഇങ്ങനെയുമുണ്ടോ ഒരു കുംഭകര്‍ണ്ണ സേവാ.. കഷ്ടംണ്ട് ട്ടോ.. മണി ദേ പത്തരയായി.. പ്ലീസ് ഒന്ന് എണീക്കെന്റെ കണ്ണാ..." പാത്രം കഴുകിത്തുടച്ച്‌ ഈര്‍പ്പം മാറാത്ത നീലിമയുടെ കൈത്തലം നെറ്റിയില്‍ പതിച്ചപ്പോള്‍ രമേഷ് കണ്ണു തുറന്നു..

നിഷ്ക്കളങ്കമായി പുഞ്ചിരി തൂകിക്കൊണ്ട്‌ ചായക്കപ്പുമായി അരികില്‍ നില്‍ക്കുന്ന നീലിമയെ അവന്‍ ഒരു നിമിഷം അവിശ്വസനീയതയോടെ നോക്കി. തലേ രാത്രി എം. ജി. റോഡിലെ ബ്ലൂ മൂണ്‍ തിയേറ്ററില്‍ സിനിമ കണ്ടു അതിനടുത്തുള്ള ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു വളരെ വൈകിയാണ് കിടന്നിരുന്നത് പെട്ടെന്നു രമേഷ് ഓര്‍ത്തു.

ആകസ്മികമായെന്നോണം അവള്‍ ധരിച്ചിരുന്ന ആ ചുരിദാറിലെ മഴവില്‍ വര്‍ണ്ണങ്ങള്‍, തെറ്റിദ്ധാരണ മൂലം നിറം മങ്ങിപ്പോയിരുന്ന തന്‍റെ മനസ്സിലെ കൊച്ചു മഴവില്ലുകള്‍ക്ക് ഉജ്ജ്വലശോഭ എകുന്നതായി അവന്‍ അറിഞ്ഞു. ഒരു നെടുവീര്‍പ്പോടെ രമേഷ് നീലിമയെ വലിച്ചു കരവലയത്തിലൊതുക്കി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

ടീപ്പോയില്‍ ഇരുന്ന ചായക്കപ്പിലെ ചായ തണുത്ത് ഉപരിതലത്തില്‍ പാട കെട്ടി.
- ഗുരുവായൂര്‍ 

ഞാന്‍ താങ്കളുടെ പുറം ചൊറിയാം.. താങ്കള്‍ എന്റേയും..

വര്‍ഷങ്ങളായി ബ്ലോഗ്സ്പോട്ടുകളില്‍ സജീവമായി വര്‍ത്തിച്ച പരിചയത്തില്‍ നിന്നും മനസ്സിലായ ചില വസ്തുതകള്‍ ഇവിടെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു.
ബ്ലോഗ്‌
ബ്ലോഗ്‌ എന്നാല്‍ ഡയറിക്കുറിപ്പുകള്‍ പോലുള്ള എഴുത്തുകളോ കഥകളോ ലേഖനങ്ങളോ കവിതകളോ പ്രസിദ്ധീകരിക്കാന്‍ ഉതകുന്ന വെബ്പേജുകള്‍ ആകുന്നു. ഒരു ബ്ലോഗിന്‍റെ ഉള്ളടക്കം എതുവിധത്തിലുള്ളത് ആയിരിക്കണം എന്ന് പൊതുവായി ഒരു നിഷ്ക്കര്‍ഷയും എവിടേയും കണ്ടിട്ടില്ല. എഴുതാന്‍ ഉതകുന്ന ഏതൊരു സഭ്യമായ വിഷയവും ബ്ലോഗ്സ്പോട്ടുകളില്‍ (ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍) അംഗങ്ങളായ ആര്‍ക്കും അതാതു ബ്ലോഗ്സ്പോട്ടുകളുടെ ഭരണസമിതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വായനയ്ക്കായി സമര്‍പ്പിക്കാം. ചിലപ്പോള്‍ ഓരോ ബ്ലോഗ്സ്പോട്ടുകളുടേയും പൊതുസ്വഭാവം അല്ലെങ്കില്‍ പ്രവര്‍ത്തന അജണ്ടയനുസരിച്ച് പോസ്റ്റ്‌ ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ എഡിറ്റിംഗ് അല്ലെങ്കില്‍ നീക്കംചെയ്യലിനു വിധേയവും ആയേക്കാം. എഴുത്ത് ബ്ലോഗുകള്‍ കൂടാതെ ചിത്രങ്ങള്‍, വീഡിയോ, ശബ്ദം എന്നിവയും ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.
ബ്ലോഗ്സ്പോട്ടുകള്‍
അന്തര്‍ലീനമായ കഴിവുകള്‍ ഉണ്ടായിട്ടും രചനകള്‍ നടത്താനുള്ള ഇച്ഛാശക്തിയില്ലാതെ അന്തര്‍മുഖരായിരുന്ന ഒത്തിരിപേരെ എഴുത്തിന്‍റെ ലോകത്തേക്ക് ആനയിക്കാന്‍ ബ്ലോഗ്സ്പോട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ എത്രയോ പേര്‍ അപകര്‍ഷതാബോധത്തെ കുഴിച്ചുമൂടിക്കൊണ്ട് സാഹിത്യത്തിന്‍റെ മേഖലയിലേക്ക് പിച്ച വച്ച് വന്നിരിക്കാം. എഴുതിത്തുടങ്ങുന്ന ഒരു വ്യക്തിയുടെ രചനകള്‍ ഒരിക്കലും ലോകോത്തരമാവില്ലല്ലോ. അത്തരം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഖരമാധ്യമവും മുന്നോട്ടുവന്നെന്നും വരില്ലാ. അതുകൊണ്ട് വേറെ നിവൃത്തിയില്ലാതെ ഇത്തരം കഴിവുകളെ സ്വയം കുഴിച്ചുമൂടുക എന്ന പാതകമാണ് പലരും പണ്ട് ചെയ്തിരുന്നത്. ഇന്നത്തെ അവസ്ഥ അതല്ലാ.. ഓരോരുത്തരുടേയും രചനകള്‍ അവര്‍ അംഗമായ ബ്ലോഗ്സ്പോട്ടുകളില്‍ പോസ്റ്റ്‌ ചെയ്ത് വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് രചനകളില്‍ മികവ് കൂട്ടാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. കൂടുതല്‍ വളരാന്‍ തത്പരരായവര്‍ മറ്റുള്ളവരുടെ രചനകളില്‍ നിന്നും പഠിച്ചും തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവച്ചും എഴുത്തിന്‍റെ ലോകത്തെ വിശാലമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
ബ്ലോഗെഴുത്ത് പോലെ മറ്റൊന്നും ആധുനിക കാലഘട്ടത്തില്‍ സാഹിത്യലോകത്ത് ഒരു കുതിച്ചു ചാട്ടം ഉണ്ടാകാന്‍ സഹായിച്ചിട്ടുണ്ടാവില്ലാ എന്നാണു എന്‍റെ അഭിപ്രായം. വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് എഴുത്തുകളെ വളര്‍ത്തുന്നത് എന്നതിന് സംശയമില്ലാ.. അതേ സമയം നല്ലതിനെ നല്ലത് എന്ന് എടുത്തുപറഞ്ഞു അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്. ഇന്ന് എഴുത്തിന്‍റെ ലോകത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പല വന്മരങ്ങളും ബ്ലോഗ്സ്പോട്ട് എന്ന മണ്ണില്‍ കുരുത്തു വളര്‍ന്നവയാണ് എന്നത് തന്നെ ബ്ലോഗ്സ്പോട്ടുകളുടെ പ്രാധാന്യം വെളിവാക്കുന്നു. തങ്ങളുടെ രചനകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സധൈര്യം പോസ്റ്റ്‌ ചെയ്യുകയും അവയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളിലൂടെ രചനയെ കൂടുതല്‍ ശക്തിപ്പെടുത്തി പതിയേ അച്ചടി മാധ്യമത്തിലേക്കു കാലെടുത്തു വച്ച് പ്രശസ്തരാവാനുമുള്ള വഴികള്‍ തുറന്നിടുന്നതും വഴി കലാസാഹിത്യ വാസനകളെ പരിപോഷിക്കുവാനായി ഏറ്റവും ചെലവ് കുറവില്‍ ലഭ്യമായ ഈറ്റില്ലങ്ങള്‍ ആയി ബ്ലോഗ്സ്പോട്ടുകള്‍ വര്‍ത്തിക്കുന്നു. ഇതൊരു ചില്ലറക്കാര്യം അല്ലാ. കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തിനുള്ളില്‍ കഴിവുതെളിയിച്ച പല എഴുത്തുകാരുടെയും ഈറ്റില്ലങ്ങള്‍ ബ്ലോഗ്സ്പോട്ടുകള്‍ തന്നേ..
സഹകരണാടിസ്ഥാനത്തില്‍ പുറം ചൊറിഞ്ഞു കൊടുക്കപ്പെടും!
എഴുത്തുകാരും വായനക്കാരും ബ്ലോഗുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കാണിക്കുന്ന ശുഷ്ക്കാന്തി ആരോഗ്യകരമാണെങ്കില്‍ പ്രശംസാര്‍ഹമാണ്. എന്നാല്‍ പലയിടത്തും ഗ്രൂപ്പ് കളികളിലൂടെ ബ്ലോഗ്സ്പോട്ടുകളുടേയും ബ്ലോഗുകളുടേയും നിലവാരവും സ്ഥിരതയും കുറഞ്ഞു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ളവര്‍ ആ ഗ്രൂപ്പിലുള്ള അംഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന രചനകളില്‍ സഹകരണാടിസ്ഥാനത്തില്‍ കമന്റ് താണ്ഡവം തന്നെ നടത്തും. എന്ത് വളിപ്പ് എഴുതിവച്ചാലും അതിനെ ലോകോത്തരം എന്ന് വിളിക്കുകയും അതുവഴി എഴുതിയ ആളുടെ മുന്നോട്ടുള്ള പുരോഗമനത്തിനു മൂക്കുകയറിടുകയും ചെയ്യുന്നു. അതേപോലെ എതിര്‍ ഗ്രൂപ്പുകളിലുള്ള അംഗങ്ങളുടെ രചനകളില്‍ നെല്‍പ്പാടങ്ങളില്‍ വെട്ടുകിളി കൂട്ടമായി ഇറങ്ങുന്നതുപോലെ ഇറങ്ങിച്ചെന്നു ബ്ലോഗിന്‍റെ കൂമ്പു തന്നെ കരണ്ട് തിന്നുകയും ബ്ലോഗറുടെ എഴുതാനുള്ള മനസ്സിനെത്തന്നെ മുരടിപ്പിക്കുകയും ചെയ്യുന്ന ആഭാസത്തരവും ഈ ഗ്രൂപ്പ് കളിക്കാരുടെ കയ്യില്‍ ഉണ്ട്. ഇതേപോലുള്ള സംഭവങ്ങളില്‍ മനസ്സ് മടുത്ത എത്രയോ പേര്‍ പേന കുത്തിയൊടിച്ചു കളഞ്ഞ് ചുമ്മാ ഫേസ്ബുക്കില്‍ ലൈക്കും അടിച്ചു സമയം കളയുന്നുണ്ട് എന്നറിയാമോ?!
എം. ടിയുടേയും സക്കറിയയുടെയും മലയാറ്റൂരിന്റെയും പോലെ എഴുത്തിന്‍റെ ലോകത്ത് ഒരിക്കലും മായാത്ത വ്യക്തിമുദ്രകള്‍ പതിപ്പിച്ച അധികം പേര്‍ ബ്ലോഗ്സ്പോട്ടുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാല്‍, കറകളഞ്ഞ ചില വായനക്കാരെ നമുക്ക് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണാന്‍ സാധിച്ചേക്കാം. വായിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അവര്‍ നല്‍കുന്ന വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും തിരുത്തുകളും സ്വാംശീകരിക്കാന്‍ ഒരു രചയിതാവ് തയ്യാറാവുകയാണെങ്കില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ച ഗുണമാണ് ലഭിക്കുന്നത് എന്നതിന് തര്‍ക്കമില്ല. പക്ഷേ, അമ്പത് ശതമാനത്തില്‍ക്കൂടുതല്‍ ബ്ലോഗ്ഗെര്‍മാരും താന്‍ എഴുതിയത് വിമര്‍ശിക്കപ്പെടുമ്പോള്‍ അത് വിമര്‍ശകന്റെ വ്യക്തിവിദ്വേഷമാണ് ബ്ലോഗ്ഗില്‍ പ്രതിഫലിപ്പിക്കുന്നത് എന്ന രീതിയിലാണ് നോക്കിക്കാണുന്നത് എന്നത് പരിതാപകരമായ കാര്യമാണ്.
ഒന്നോ രണ്ടോ പത്തോ അമ്പതോ ബ്ലോഗുകള്‍ എഴുതിയത് കൊണ്ട് ആരും കറകളഞ്ഞ എഴുത്തുകാരാവുന്നില്ലാ. എഴുത്തിന്‍റെ മേഖല എത്രയോ വലുതാണ്‌. എഴുത്തുകാര്‍ എഴുതിയെഴുതി തെളിയുക തന്നെ വേണം.. തങ്ങള്‍ വളരെ വലിയ എഴുത്തുകാര്‍ ആണെന്ന അബദ്ധധാരണയും വിവരക്കേടും ഉള്ളവരാണ് വായനക്കാരുടെ സുഖിപ്പിക്കുന്ന അഭിപ്രായങ്ങളുടെ ഉപാസകരായിത്തീരുന്നത്. ഇവരൊന്നും ജന്മത്തില്‍ നല്ല എഴുത്തുകാരായി മാറുകയില്ലാ. എഴുത്ത് എന്ന സപര്യയുടെ സങ്കീര്‍ണ്ണമായ ഏതെങ്കിലും വളവുകളില്‍വച്ച് തങ്ങളുടെ യഥാര്‍ത്ഥകഴികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തില്‍ ഇത്തരക്കാരുടെ എഴുത്തുകള്‍ തമോവത്ക്കരിക്കപ്പെടും എന്നതിന് യാതൊരു സംശയവും ഇല്ലാ..
കറകളഞ്ഞ എഴുത്തുകാര്‍ ഒരിക്കലും അഭിപ്രായങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കില്ലാ. അക്ഷരങ്ങളേയും വാക്കുകളേയും എഴുത്തുകളേയും ഉപാസിക്കുന്നവര്‍ ഒരിക്കലും ക്രിയാത്മകമായ അഭിപ്രായങ്ങളെ പരിഹസിക്കുകയില്ല. അഥവാ അഭിപ്രായങ്ങളിലെ ന്യൂനതകളെ ചൂണ്ടിക്കാണിച്ച് അവ തിരുത്താനുള്ള ഉപദേശം നല്കാന്‍ മടി കാണിക്കുകയുമില്ല. വായനക്കാര്‍ ബ്ലോഗുകളില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ എല്ലാം അതേപടി സ്വാംശീകരിക്കണം എന്നൊന്നുമില്ല. അഭിപ്രായങ്ങളില്‍ പതിയിരിക്കുന്ന വിവരക്കേടും അശ്രദ്ധയും പിഴവുകളും നല്ല രീതിയില്‍ ചൂണ്ടിക്കാണിക്കാനും ബ്ലോഗ്ഗര്‍ തയ്യാറാവണം. അതിലൂടെ വായനക്കാരും വളരുകയാണ് എന്ന ബോദ്ധ്യം ബ്ലോഗ്ഗര്‍ക്കും ഉണ്ടാവണം. അത്യാവശ്യം നന്നായിത്തന്നെ എഴുതുന്നു എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്ന തന്നെ താരതമ്യേന പ്രായം കൊണ്ടും കഴിവുകള്‍ കൊണ്ടും പിറകിലായ ഒരു കീടം വിമര്‍ശിക്കുകയോ?!.. തീക്കട്ടയില്‍ ഉറുമ്പോ?!... എന്ന രീതിയില്‍ യുവാക്കളായ വായനക്കാരുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന ചില മുതിര്‍ന്ന എഴുത്തുകാരും ഉണ്ട്. തലയിലെ നരയല്ലാ എഴുത്തിന്‍റെ ഗുണം നിശ്ചയിക്കുന്നത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ വരെ പിഴവുകള്‍ വരുത്തിയേക്കാം. അത് പലരാലും ചൂണ്ടിക്കാണിക്കപ്പെട്ടെന്നും വരാം. അത് അംഗീകരിക്കാനും തിരുത്തുകള്‍ വരുത്താനുമുള്ള സഹൃദയത്വം ആണ് വേണ്ടത്.
പണ്ടൊരു രാജാവ് പള്ളിയെഴുന്നെള്ളത്തിനായി ആനപ്പുറത്ത് കയറിയിരുന്നത് എതിര്‍ദിശയില്‍ ആയിപ്പോയി. മന്ത്രി വളരെ ഭവ്യതയോടെ രാജാവിനോട് തിരിഞ്ഞിരിക്കാന്‍ അപേക്ഷിച്ചു. അബദ്ധം പിണഞ്ഞെന്നു ബോദ്ധ്യം വന്ന രാജാവ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് തെറ്റ് തിരുത്താന്‍ തയ്യാറായില്ല. "നോം ഇരുന്നത് ഇരുന്നു.. ഇനി വേണമെങ്കില്‍ ആനയെ തിരിച്ചു നിര്‍ത്തിക്കോളൂ.." എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുഴഞ്ഞു പോയില്ലേ? ഏതാണ്ട് ഇതേ ചിന്താഗതിയുള്ള ധാരാളം ബ്ലോഗ്ഗര്‍മാരെ കാണാന്‍ ഇടയായിട്ടുണ്ട്. ഇത്തരക്കാരോക്കെ സാഹിത്യസപര്യയ്ക്കു ഇറങ്ങിത്തിരിക്കുന്നത്‌ എന്തിനാണ് എന്ന് മനസ്സിലാവുന്നില്ലാ.
ചില എഴുത്തുകാരായ വായനക്കാര്‍ മറ്റുള്ളവരുടെ കൃതികളെ നിശിതമായി വിമര്‍ശിക്കുകയും സ്വന്തം കൃതികളില്‍ അതേ പിഴവുകള്‍ത്തന്നെ യാതൊരു ഉളുപ്പും കൂടാതെ ചെയ്യുന്നതും കാണാറുണ്ട്‌. ചുരുങ്ങിയ പക്ഷം നാം വിമര്‍ശനവിധേയമാക്കുന്ന പിഴവുകളെങ്കിലും തങ്ങളുടെ രചനയില്‍ ഒഴിവാക്കാന്‍ ഇവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? വിമര്‍ശനം അഴിച്ചു വിടുന്നവര്‍ തിരിച്ചും വിമര്‍ശനങ്ങള്‍ സമചിത്തതയോടെ ഏറ്റുവാങ്ങാന്‍ തയ്യാറുള്ളവര്‍ ആയിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പ്രതിവിമര്‍ശനങ്ങള്‍ നല്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കണം. അല്ലാത്തവര്‍ ഈ പണിക്കു നില്ക്കാതിരിക്കുകയാവും നന്നാവുക.
വ്യക്തിഹത്യ
തങ്ങളുടെ ബ്ലോഗില്‍ വിമര്‍ശനം അഴിച്ചു വിട്ട വ്യക്തികളുടെ തൂലിക ചലിക്കുന്നതും നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചില ബ്ലോഗു ജീവികളേയും ബ്ലോഗുലോകത്ത് ധാരാളമായി കാണാം. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്ന രീതിയിലേക്ക് വിമര്‍ശനങ്ങളുടെ ഗതി മാറപ്പെടുമ്പോള്‍ ഒടിയുന്നത്‌ എഴുത്താണിയുടെ മുനയാണ്. അതേസമയം ചിലര്‍ക്ക് (ഇവരെ ചൊറിച്ചിലുകാര്‍ എന്നുതന്നെ വിളിക്കട്ടേ) ഇത്തരം വിമര്‍ശനക്കഷായങ്ങള്‍ അത്യാവശ്യം തന്നെയാണ് താനും. എന്തും ഏതും വിമര്‍ശിക്കുക, അതുവഴി തങ്ങള്‍ എഴുതിയ ആളിനേക്കാള്‍ ബുദ്ധിയും വിവരവും ഉള്‍ക്കാഴ്ച്ചയും ഉള്ളവരാണ് എന്ന് പൊതുജനമദ്ധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെയൊക്കെ വിമര്‍ശനങ്ങള്‍ക്ക് പിറകിലെന്ന് ആര്‍ക്കും മനസ്സിലാവും. എഴുത്തിലൂടെ ആത്മാര്‍ത്ഥമായി കടന്നുപോയി എന്താണ് എഴുത്തുകാര്‍ ഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത് എന്നത് മനസ്സിലാക്കുക എന്നതും, ടൈപ്പിംഗ്‌ പിഴവുകള്‍ കൊണ്ടോ അജ്ഞത കൊണ്ടോ എഴുത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള പിഴവുകള്‍ പരിഹാസദ്യുതിയില്ലാതെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ വിമര്‍ശകരായ വായനക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ എഴുതുന്നയാളുടെ മേല്‍ കരിവാരിത്തേയ്ക്കുകയും അവരെക്കാള്‍ വലിയവരാണ് തങ്ങള്‍ എന്ന് സ്ഥാപിക്കുകയും ചെയ്യലല്ലാ വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിച്ചേക്കാം എന്നാല്‍ അതേപോലെ ഒന്നു എഴുതണമെന്ന് വിചാരിച്ചാല്‍ നടക്കാത്തവരായിരിക്കും ഇത്തരക്കാരില്‍ ഭൂരിപക്ഷവും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വച്ചാല്‍, എഴുത്തിലെ നല്ല വശങ്ങള്‍ ചൂണ്ടിക്കാണിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഒരിക്കലും ഇവര്‍ മുതിരാറില്ല എന്നതാണ്. ഒരുതരം ശത്രുതാ മനോഭാവത്തോടെ അല്ലെങ്കില്‍ അസൂയാത്മകമായ ഭാവത്തോടെ ബ്ലോഗ്സ്പോട്ടുകളില്‍ ഭീകരത സൃഷ്ടിക്കുവാനായിരിക്കും ഇവര്‍ എപ്പോഴും ശ്രമിക്കുക.
പുകഴ്ത്തല്‍
പുകഴ്ത്തലും എഴുത്തിന്‍റെ കൂമ്പ് നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. എഴുത്തില്‍ പിഴവുകള്‍ ഉണ്ടെന്നു നല്ല ബോദ്ധ്യം ഉണ്ടായിട്ടുകൂടി അത് ചൂണ്ടിക്കാണിക്കാതെ എഴുത്തുകാരുടെ സ്നേഹവും പ്രീതിയും ബഹുമാനവും അടുപ്പവും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എന്തും ഏതും കൊള്ളാം, അടിപൊളി, നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു സുഖിപ്പിക്കുന്ന ഏര്‍പ്പാട് എത്രയോ അപലപനീയമാണ്. ഇത്തരക്കാരെ കാണുബോള്‍ സഹതാപമാണ് തോന്നാറ്. അതേ പോലെത്തന്നെ, മിക്കസമയവും ഇന്റര്‍നെറ്റ്‌ എന്ന മായികവലയത്തിന്റെ ഏതോ മൂലയില്‍ മറ്റുള്ളവര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത രീതിയില്‍ മറഞ്ഞിരിക്കുകയും ബ്ലോഗ്സ്പോട്ടില്‍ "കിളിച്ചില്ലകള്‍" അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നമാത്രയില്‍ തന്നെ പറന്നുവന്നു മുഖം കാണിക്കുകയും ' ഓ.. സൊ സ്വീറ്റ്... ഫന്റാസ്റ്റിക്.. അതിമനോഹരം.. എന്നുമാത്രമല്ലാ കിലോമീറ്ററുകളോളം നീണ്ട മധുരം കിനിയുന്ന അഭിപ്രായങ്ങളും പഠിപ്പിക്കലുകളും ഉപദേശങ്ങളും നടത്തി എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായ തരളഹൃദയരായ വായനക്കാരും ഉണ്ട്. ഹാ കഷ്ടം എന്നേ ഇത്തരക്കാരോട് പറയാനുള്ളൂ.. ഇത്തരക്കാരില്‍ പ്രായഭേദവും ഇല്ലാ എന്നതാണ് അത്ഭുതകരം! സ്ത്രീജനങ്ങളുടെ ബ്ലോഗുകളില്‍ മാത്രം പറന്നിറങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഇത്തരക്കാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സ്വയം പരിഹാസ്യരാവുന്നത് അറിയുന്നില്ലാ എന്നതാണ് അതിലും ഖേദകരം. പുരുഷപ്രജ എഴുതുന്ന ബ്ലോഗുകള്‍ ഒന്നും ഇത്തരക്കാര്‍ക്ക് കണ്ണില്‍ പിടിക്കില്ല.
കൊടുത്താല്‍ കൊല്ലത്തും കിട്ടും
ചില എഴുത്തുകാരായ വായനക്കാരുടെ നയം രസകരമാണ്. തങ്ങളുടെ ബ്ലോഗില്‍ അഭിപ്രായം പറയുന്നവരുടെ ബ്ലോഗ്ഗില്‍ മാത്രം അഭിപ്രായം രേഖപ്പെടുത്തും. മാത്രമല്ലാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവരുടെ അതൃപ്തി നേടേണ്ടി വരുമോ എന്ന ഭയത്തില്‍ വിമര്‍ശനാത്മകമായി ഒരക്ഷരം എഴുതുകയുമില്ലാ. സ്വാഭാവികമായും ഇവരുടെ ബ്ലോഗുകളില്‍ അതേ നാണയത്തിലുള്ള അഭിപ്രായങ്ങള്‍ തിരിച്ചും രേഖപ്പെടുത്തപ്പെടുന്നതായി കാണപ്പെടുന്നു. എഴുതിയത് ആരുതന്നെയായാലും വിമര്‍ശിക്കുന്നത് ആരുതന്നെയായാലും അതിലെ സത്ത ഉള്‍ക്കൊണ്ടുള്ള പ്രതികരണം ഇത്തരക്കാര്‍ക്ക് ഒരിക്കലും സാധ്യമാവുകയില്ല.
ഞാന്‍ എഴുതും.. നിങ്ങള്‍ വായിക്കണം
വര്‍ത്തമാനപത്രമില്ലിലെ യന്ത്രങ്ങള്‍ പത്രങ്ങള്‍ നിരന്തരം അച്ചടിച്ചു തള്ളുന്നത് പോലെ അല്ലെങ്കില്‍ ആട് കാഷ്ഠിക്കുന്നത് പോലെ ഒന്നിനുപിറകെ ഒന്നായി ബ്ലോഗുകള്‍ ചര്‍ദ്ദിച്ചിടുകയും ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ സമയം കാണാത്തവരുമായ ധാര്‍ഷ്ട്യം കൈമുതലായ ചില ബ്ലോഗ്ഗര്‍മാരെ മിക്കവരും ശ്രദ്ധിച്ചിരിക്കും. ഇവരെയൊക്കെ വച്ച് പൊറുപ്പിക്കുന്ന ബ്ലോഗ്സ്പോട്ടുകളെ ശരിക്കും ആദരിക്കണം. ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം പറയാനോ സ്വന്തം ബ്ലോഗില്‍ വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാനോ സമയമില്ലാ എന്ന് പറയുന്ന ഇക്കൂട്ടര്‍ക്ക് ബ്ലോഗുകള്‍ എഴുതാനും പോസ്റ്റ്‌ ചെയ്യാനും സമയമുണ്ട് എന്നതാണ് അത്ഭുതകരം. വായനാസുഖം തരുന്ന ബ്ലോഗുകള്‍ ആണ് പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എങ്കില്‍ ഇത്തരക്കാരുടെ ഈ നടപടിയെ അല്പ്പമെങ്കിലും ന്യായീകരിക്കാം. എന്നാല്‍ ചവറുകള്‍ മാത്രം നിരന്തരം പോസ്റ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ വായനക്കാര്‍ക്ക് ബ്ലോഗ്ഗറോട് വിരക്തിയാണ് ഉണ്ടാവുക എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുക.
ബ്ലോഗ്ഗര്‍ക്ക് ഉപകാരപ്പെടാത്ത അഭിപ്രായങ്ങള്‍
ചിലര്‍ ബ്ലോഗുകള്‍ വായിച്ചു ഇടുന്ന കമന്റുകള്‍ ബ്ലോഗിന് ആധാരമായ വിഷയത്തെക്കുറിച്ചുള്ള അവരുടെ അറിവ് നിരത്തല്‍ ആയിരിക്കും. അതേസമയം ബ്ലോഗിനെ വിലയിരുത്താന്‍ അവര്‍ തുനിയുകയില്ലാ. ബ്ലോഗ്‌ എഴുതിയത് നല്ല രീതിയില്‍ ആണോ,എന്തൊക്കെയാണ് എഴുത്തിന്‍റെ അപാകതകള്‍ എന്നൊക്കെ അറിയാന്‍ ഉത്സുകരായിരിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് വളരാനുള്ള സംഭാവനകള്‍ ഇത്തരം കമന്റുകളില്‍ ഇല്ലാ എന്നതാണ് ശോചനീയം. വെറുതെ കൊള്ളാം, നന്നായിട്ടുണ്ട് എന്നിവയും ഈ ഗണത്തില്‍പ്പെടും. ഒന്നുകൂടി നന്നാക്കാമായിരുന്നു... എന്ന് പറഞ്ഞു പോകുന്നവരും ഉണ്ട്. എന്നാല്‍ ഏതു രീതിയില്‍ അല്ലെങ്കില്‍ ഏതു മേഖലയില്‍ ആണ് ന്യൂനതകള്‍ എന്ന് ചൂണ്ടിക്കാണിച്ചാലല്ലേ എഴുത്തുകാര്‍ക്ക് അവ പരിഹരിക്കാനാവുകയുള്ളൂ?.. ബ്ലോഗുകള്‍ വായിക്കാതെ തന്‍റെ സാന്നിദ്ധ്യം മാത്രം അറിയിക്കുന്ന ലൈക്കുകള്‍ അടിച്ചു പറന്നുപോകുന്ന വായനക്കാരും ഉണ്ട്. നിമിഷങ്ങള്‍ക്കകം പത്തോ പതിനഞ്ചോ ബ്ലോഗുകളില്‍ ഇത്തരക്കാര്‍ ലൈക്‌ അടിക്കും.. അതില്‍നിന്നു തന്നെ മനസ്സിലാക്കാം ബ്ലോഗുകള്‍ വായിക്കാതെയാണ് ലൈക്കുകള്‍ അടിക്കപ്പെടുന്നത് എന്ന്.
അപ്പോള്‍ 'ആകെ മൊത്തം ടോട്ടല്‍' എനിക്ക് പറയാനുള്ളത് ഇതാണ്... ബ്ലോഗുകള്‍ പോസ്റ്റ്‌ ചെയ്യപ്പെടുമ്പോഴും അവ വായിച്ച് അഭിപ്രായം പറയപ്പെടുമ്പോഴും അവ എഴുത്തിന്റേയും വായനയുടെയും പുരോഗമനം മാത്രം ലക്ഷ്യമാക്കിയുള്ളത് ആവണം എന്ന് തന്നെയാണ്. ആദ്യമായി എഴുതിത്തുടങ്ങുന്നവരുടെ ബ്ലോഗുകളെ ചവറുകള്‍ എന്ന് അധിക്ഷേപിച്ചു തള്ളാതെ അതിലെ ന്യൂന്യതകള്‍ സഹിഷ്ണുതയോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക, വ്യക്തി വൈരാഗ്യങ്ങളും ഈഗോയും എഴുത്തിന്‍റെ മേഖലയില്‍ പ്രതിഫലിപ്പിക്കാതെയിരിക്കുക, തങ്ങള്‍ കാലാകാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന അറിവുകളാണ് ആത്യന്തികമെന്നു ബ്ലോഗ്ഗറെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുക, ഓരോരുത്തരുടേയും ശൈലിയില്‍ത്തന്നെ രചന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക, അടുപ്പവും സ്നേഹവും എല്ലാം കണക്കില്‍ എടുത്തു അഭിപ്രായങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതാതിരിക്കുക, ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക ഇത്യാദി ചെറിയ വലിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചാല്‍ ബ്ലോഗ്സ്പോട്ടുകള്‍ വിജയക്കൊടി പാറിക്കും എന്നതിന് സംശയമുണ്ടോ? എഴുത്തിന്റേയും വായനയുടെയും കലകളുടെയും വികാസം മാത്രമല്ലാ അവകളിലൂടെയുള്ള സൌഹൃദവും ഇത്തരം കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നുണ്ട് എന്ന സുപ്രധാന കാര്യവും നമ്മള്‍ വിസ്മരിക്കരുത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടെ മനസ്സിലൂടെയും എപ്പോഴെങ്കിലും കടന്നുപോയിരിക്കാവുന്നവയായിരിക്കാം.. എല്ലാം കൂടി ഞാനൊന്നു സൂചിപ്പിച്ചു എന്ന് മാത്രം.. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു..

സ്വത്വം പണയപ്പെടുത്തുന്ന ശലഭങ്ങള്‍

കൊടിയ തണുപ്പിലും
ഉജ്ജ്വലമായി എരിഞ്ഞു
ഊഷ്മാവ് പരത്തുന്ന 
നെരിപ്പോടിനെ,
ജീവിതമെന്ന് കരുതി 
സമീപിക്കുന്നതാണ് 
പലപ്പോഴും കുഴപ്പമാകുന്നത്.
പ്രബോധനങ്ങളും പ്രചോദനങ്ങളും
മനസ്സാക്ഷിയും മനുഷ്യത്വവും 
സാമൂഹ്യബോധവും
പുരോഗമന ചിന്തകളും
ധീരതയും ആദര്‍ശങ്ങളും
സത്യസന്ധതയും 
ഒന്നിച്ചെരിയുന്ന ദുര്‍ഗന്ധം
നാസികയില്‍ തുളച്ചു കയറി
ശ്വാസം മുട്ടിക്കുമ്പോഴായിരിക്കും
അത് ബോദ്ധ്യമാകുന്നതും.
എരിഞ്ഞടങ്ങും മുമ്പുള്ളൊരു
ആളിക്കത്തലിന്‍റെ ചൂട്,
സ്വയം നീറി നശിച്ച പിണ്ഡങ്ങള്‍
അതിഭാവുകത്വങ്ങള്‍ കുടിയിരിക്കുന്ന
വിശാലമായ അന്തരീക്ഷത്തിലേക്ക്
ഒരു താക്കീതുപോലെ അനസ്യൂതം 
ഊതി വിടുന്നുണ്ട് എങ്കിലും,
ഒരിക്കലും ചാരം മൂടാത്ത
നെരിപ്പോടുകളില്‍ എരിയുന്ന
കനലുകളൊരുക്കുന്ന ചിതയുടെ
ചുവപ്പന്‍ ആകര്‍ഷണത്തില്‍ നിന്നും
രക്ഷപ്പെടുവാന്‍, മതിഭ്രമത്തില്‍
സ്വത്വം പണയപ്പെടുത്തുന്ന ശലഭങ്ങള്‍ക്ക്
ഒരിക്കലുമാവുമെന്നു തോന്നുന്നില്ലാ.
                - ജോയ് ഗുരുവായൂര്‍