Tuesday, December 8, 2015

മനസ്സിലെ മഴവില്ലുകള്‍

ബാംഗളൂര്‍ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഏകദേശം പതിനഞ്ചു മിനിട്ട് നടന്നാല്‍ അള്‍സൂര്‍ ലേക്കിന് അരികെയെത്താം.. പതിവിനു വിരുദ്ധമായി കന്റോണ്‍മെന്‍റ് സ്റ്റേഷനിലിറങ്ങുന്നതിനു പകരം ഈസ്റ്റില്‍ ഇറങ്ങി നടന്നു. 

മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ അള്‍സൂര്‍ തടാകത്തിലൂടെ രണ്ടാള്‍ക്ക്‌ മാത്രം ഇരിക്കാവുന്ന, പെഡലുകള്‍ ചവിട്ടി ഓടിക്കാവുന്ന കൊച്ചു ബോട്ടില്‍ ഉല്ലാസയാത്ര നടത്തുമ്പോള്‍ ചീര്‍ത്തു കമഴ്ന്നു കിടന്നിരുന്ന ഒരു ശവം നീലിമയായിരുന്നു തനിക്കു കാണിച്ചു തന്നത്. നേരിയ ഒരു ദുര്‍ഗന്ധം കാറ്റിലൂടെ ഒഴുകിവന്നിരുന്നത് ഇന്നും ഓര്‍ക്കുന്നു.

"രമേഷ് എനിക്ക് മനം പിരട്ടുന്നു.."

മൂക്കുപൊത്തി ഓക്കാനിക്കാന്‍ നിന്ന നീലിമയെ താന്‍ അന്നു ആശ്വാസവാക്കുകളില്‍ പൊതിഞ്ഞുകൊണ്ട് സമാധാനിപ്പിച്ചു. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി പലപ്പോഴും ആത്മഹത്യ ചെയ്തവരുടേയും കൊന്നു തള്ളിയവരുടേയുമായ അനവധി മൃതദേഹങ്ങള്‍ അള്‍സൂര്‍ ലേക്കില്‍ ഒഴുകിനടക്കുന്നത്‌ താന്‍ കണ്ടിട്ടുള്ളതാണ്. അന്നത്തെ ഹണിമൂണ്‍ ആഘോഷങ്ങളുടെ ഉദ്വേഗങ്ങള്‍ക്ക് ആ കാഴ്ച്ചയോടെ വിരാമമായി.

ബ്രിഗേഡ് റോഡിലെ നീല്‍ഗിരീസിന്റെ തൊട്ടടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നും സ്വാദിഷ്ടമായ ബര്‍ഗ്ഗര്‍ വാങ്ങിക്കഴിക്കുമ്പോള്‍ അവള്‍ ആ ശവസ്മരണ മറന്നതായി തനിക്കു തോന്നി. അവളേക്കാള്‍ കൂടുതല്‍ ഈ വക കാര്യങ്ങളില്‍ അറപ്പാണ് തനിക്കെന്നു അവള്‍ക്കറിയില്ലല്ലോ. ഒന്നോ രണ്ടോ കടിയ്ക്കപ്പുറം ബര്‍ഗ്ഗറുമായി മല്ലിടാന്‍ തനിക്കു കഴിഞ്ഞില്ല. പക്ഷേ, നാട്ടിന്‍പുറത്തുകാരിയായ അവള്‍ക്കു അതെല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു.

ഡിസംബര്‍ മാസത്തെ കുളിരില്‍ ശിവാജി നഗറിലുള്ള കൊച്ചു വീട്ടില്‍ ബ്ലാങ്കറ്റു പുതച്ചു കിടക്കുമ്പോള്‍ തന്‍റെ രോമാവൃതമായ നെഞ്ചില്‍ വിരലുകളോടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ഹ ഹ ഹ  അങ്ങനെ പറയാന്‍ പറ്റില്ലാ നീലൂ.. എല്ലാം ഓരോരുത്തരുടെ മാനസിക ശക്തിയനുസരിച്ച് ഇരിക്കും. ജീവിതത്തില്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തവര്‍ക്ക് അത്തരം അവസരങ്ങളില്‍ ആദ്യം മനസ്സില്‍ തെളിയുന്ന പരിഹാരമാര്‍ഗം ചിലപ്പോള്‍ ആത്മഹത്യയായിരിക്കും.. ഉദാഹരണമായി ഈ ഞാന്‍ തന്നെ"

"പിന്നേ.. കുത്തും ഞാന്‍ പറഞ്ഞേക്കാം.." മുഖം കോട്ടി, കൈ ചുരുട്ടിക്കൊണ്ട്  നീലിമ രമേഷിന്‍റെ നെഞ്ചില്‍ മൃദുവായി ഇടിച്ചു.

ഒരു അവധി ദിവസം സായാഹ്നത്തില്‍, പതിവുള്ള നടത്തത്തിനു ശേഷം കബണ്‍പാര്‍ക്കിലെ മഞ്ഞമുളകളുടെ ഇടയില്‍ ഇട്ടിരുന്ന, ഉണങ്ങിയ പക്ഷിക്കാഷ്ടങ്ങള്‍ ഡിസൈന്‍ തീര്‍ത്ത സിമന്‍റ് ബെഞ്ചില്‍ ഇരിക്കുമ്പോഴായിരുന്നു താന്‍ വിവേകിന്‍റെ ദുരന്തം നീലിമയോട് പറഞ്ഞത്. തന്റെയൊപ്പം എട്ടൊമ്പതു കൊല്ലം ജോലി ചെയ്തതിനു ശേഷം അമേരിക്കയിലേക്ക് ജോലി കിട്ടിപ്പോയ വിവേക്, താന്‍ വഴി നീലിമയുടെയും സുഹൃത്തായിരുന്നു.  വിവേക് - മേനക ദമ്പതികളുടെ ജീവിതത്തില്‍ പിണക്കം എന്ന വാക്കിനു സ്ഥാനമേ ഉണ്ടായിരുന്നില്ല. ഒരു അടിച്ചുപൊളി ലൈഫ്. രണ്ടാളും പരസ്പ്പരം മരിക്കാന്‍ വരെ തയ്യാര്‍. അവരുടെ ജീവിതം കണ്ട് തങ്ങള്‍ക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.

"ഒരു ബാഡ് ന്യൂസ് ഉണ്ട് നീലൂ.. നീ അപ്സെറ്റ് ആവരുത്.. നമ്മുടെ വിവേക് അമേരിക്കയില്‍ സൂയിസൈഡ് ചെയ്തു.." അത് പറയുമ്പോള്‍ തന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"ഓ മൈ ഗോഡ്.. എന്താണ് ഞാനീ കേള്‍ക്കണേ.." അവിശ്വസനീയതയോടെ ചെവികള്‍ പൊത്തിപ്പിടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

"മേനക വാസ് ഡിസീവിംഗ് ഹിം.. ഷീ ഹാഡ് എ കന്നടിയന്‍ ബോയ്‌ ഫ്രണ്ട് ബിഫോര്‍ ദെയര്‍ മാര്യേജ്.. ഹി ജസ്റ്റ്‌ കം ടു നൊ എബൌട്ട്‌ ദാറ്റ്‌ ആന്‍ഡ്‌ കമ്മിറ്റഡ് സൂയിസൈഡ്.. അവരുടെ ഒരു വിഡിയോ ക്ലിപ്പ് അവന്‍ ഏതോ സൈറ്റില്‍ ആകസ്മികമായി കണ്ടു"

"ഇത്രയും ഫ്രാങ്ക് ആയ അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഒളിഞ്ഞിരിക്കുമോ രമേഷ്?"

"ങാ എന്തറിയാം.. ഇനി നമ്മുടെ ജീവിതത്തിലും എന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോണേ?.." വേണമെന്ന് വച്ചു തന്നെ താന്‍ അവളോട്‌ മുന വച്ചു സംസാരിച്ചു.

"ദേ.. പൊക്കോണം ഇവിടന്ന്.. ഞാന്‍ പറഞ്ഞതല്ലേ രമേഷിനോട്.. എനിക്ക് അത്തരം ശാരീരികബന്ധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ... കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തനെ പ്രേമിച്ചു.. ഫിറോസ്‌ ഒരു അന്ന്യമതക്കാരനും എന്നേക്കാള്‍ ഒന്നര വയസ്സ് ഇളയതും ആയിരുന്നതിനാല്‍ പഠിപ്പ് കഴിഞ്ഞതോടെ അതൊക്കെ പാടേ മറന്നുകളഞ്ഞു എന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.. വീണ്ടും അത് തന്നെ ചോദിക്കുന്നു.. ജന്തു... " അവള്‍ പിണങ്ങി മുഖം തിരിച്ചിരുന്നു.

നീലിമ തന്നെ സ്നേഹിക്കുന്നത് പോലെ ലോകത്തില്‍ ഒരാളേയും ഒരാളും സ്നേഹിക്കുന്നുണ്ടാവില്ലാ.. താനും തിരിച്ച് അങ്ങനെത്തന്നെ.. പക്ഷെ എന്തോ.. മനസ്സറിയാതെത്തന്നെ താനിടയ്ക്കിടെ അവളെ വേദനിപ്പിക്കാന്‍ ഇതുപോലെ ഓരോന്ന് പറയും.. ശരിക്കും കുറ്റബോധം തോന്നിയ നിമിഷങ്ങള്‍... അതിനു ശേഷം ഇപ്പോള്‍ ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നും ഏതെങ്കിലും വെബ്‌സൈറ്റില്‍ ഫിറോസ്‌ എന്ന പേര് കണ്ടാല്‍ താന്‍ ആ വ്യക്തിയുടെ ജാതകം തന്നെ ചൂഴ്ന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു.. അപ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥനയേ ഉണ്ടാകുമായിരുന്നുള്ളൂ അതവനാകരുതേ.

പക്ഷേ.. ഇന്ന്.... അവള്‍ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ... രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു വരില്ലാ എന്ന് ചിന്തിച്ച അവള്‍ ശരിക്ക് പറഞ്ഞാല്‍ ഒരു വിഡ്ഢിയല്ലേ.. താന്‍ പലതവണ ചോദിച്ചിട്ടും അവള്‍ നിഷ്ക്കളങ്കമായ മുഖത്തില്‍ അവളുടെ കുറ്റബോധത്തെ തന്നില്‍ നിന്നും ഒളിപ്പിച്ചിരുന്നു. തന്‍റെ സ്നേഹം നഷ്ടപ്പെടാന്‍ ഇടയാകരുത് എന്ന് കരുതിയാവാം. പക്ഷെ, തനിക്കു വേണ്ടിയിരുന്നത് അതായിരുന്നില്ലാ.. എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ഏറെയായി താനവളെ സ്നേഹിച്ചേനേ. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ആണെങ്കിലും എന്തിന് അവള്‍ അത് തന്നില്‍നിന്നും മറച്ചു വച്ചു?.. ഇന്ന് ലോകത്തില്‍ ദൈവസമാനമായി സ്നേഹബഹുമാനങ്ങള്‍ തന്ന് തന്നെയവള്‍ സ്നേഹിക്കുന്നുണ്ടെങ്കിലും......    

"ഇക്കാലം വരെ മദ്യപാനമോ, പുകവലിയോ എന്നല്ലാ ഒരു മുറുക്കാന്‍ വരെ ചവയ്ക്കാതെ താന്‍ പവിത്രത കാത്തു സൂക്ഷിച്ചിട്ട്‌.. എന്തു നേടി?.. "

മുന്നില്‍ ഒരു പാന്‍പ്പെട്ടിക്കട..

'ഏതായാലും താന്‍ മരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.. അതിനു മുമ്പ് ഒരു സിഗരട്ടെങ്കിലും വലിച്ചില്ലെങ്കില്‍പ്പിന്നെ അപകര്‍ഷതാബോധം തന്‍റെ ആത്മാവിനെ അലോസരപ്പെടുത്തും എന്ന് തീര്‍ച്ച..' ഒരു ബെര്‍ക്കിലി സിഗരറ്റ് വാങ്ങി തടാകത്തിനഭിമുഖമായിട്ട സിമന്‍റ് ബഞ്ചില്‍ ഇരുന്നു ആഞ്ഞു വലിച്ചപ്പോള്‍ ചുമ കുത്തിക്കുത്തി വന്നു ശ്വാസം കിട്ടാത്ത പോലെ തോന്നി..

"ഛെ ഈ സാധനമാണോ ആളുകള്‍ വലിച്ചു തള്ളുന്നത്.. കഷ്ടം.. "  അരിശത്തോടെ അത് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.. അതില്‍ നിന്നും തെറിച്ച തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെ അനുസ്മരിപ്പിച്ചു.

"വേര്‍ ഡു യു ഗോ, മൈ ലവ് ലി..
 വേര്‍ ഡു യു ഗോ?
 ഐ വാണാ നോ, മൈ ലവ് ലി, ഐ വാണാ നോ.."

മൊബൈല്‍ റിംഗ് ടോണ്‍ ആയ തന്‍റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനം ഒഴുകി...

പരിചയമില്ലാത്ത ഒരു നമ്പര്‍...

വാച്ചില്‍ സമയം നോക്കി.. ഏഴേ കാല്‍..   സാധാരണ ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന സമയത്തില്‍ക്കവിഞ്ഞ് മുക്കാല്‍ മണിക്കൂറോളം ആയിരിക്കുന്നു.

കോള്‍ എടുക്കാതെ ഫോണ്‍ സൈലന്റില്‍ ആക്കി പോക്കറ്റില്‍ ഇട്ട് തൊട്ടപ്പുറത്തു നിന്നു തടാകത്തിലേക്ക് കാര്യമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ അരികിലേക്ക് ചെന്ന് വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി.

ഒരു ചെറുപ്പക്കാരിയുടേതെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ശരീരം വെള്ളത്തില്‍ കമിഴ്ന്നു പൊന്തിക്കിടക്കുന്നു..... ദുര്‍ഗന്ധമൊന്നും വമിക്കുന്നില്ലാ.. മരിച്ചിട്ട് അധികം സമയം ആയില്ലെന്ന് തോന്നുന്നു...  

"ഹോ.. പണ്ടാരമടങ്ങാന്‍...................."  ഒന്നുകൂടി അടുത്തു ചെന്ന് സൂക്ഷിച്ചു നോക്കി...

"ങേ.. ദൈവമേ.. കഴിഞ്ഞ പിറന്നാളിന് ജോബന്‍ ഗാര്‍മെന്റ്സില്‍ നിന്നും നീലിമയ്ക്ക് വാങ്ങിച്ചു സമ്മാനിച്ച മഴവില്ലിന്‍ നിറങ്ങളുള്ള അതേ ചുരിദാര്‍ ആണല്ലോ ആ ശവത്തിന്‍റെ വസ്ത്രം.." പൊടുന്നനെ നെറ്റിയിലൂടെ വിയര്‍പ്പുചാലുകള്‍ ഉത്ഭവിച്ചു കഴുത്തിലൂടെ താഴേക്കൊഴുകാന്‍ തുടങ്ങി.

പിന്നെയവിടെ നിന്നില്ല. മുന്നിലൂടെ വന്ന ഒരു ഓട്ടോ റിക്ഷയ്ക്കു കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി വീട്ടിലേക്ക്.

 "രമേഷ്.. എന്തിനാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്? പറഞ്ഞു പരിഹരിക്കപ്പെടാത്ത വല്ല പ്രശ്നങ്ങളും ഈ ലോകത്ത് ഉണ്ടോ? ശരിക്കും വിഡ്ഢികള്‍ അല്ലേ ഇതിനൊക്കെ മുതിരുക? "

"ങേ..ഓടുന്ന റിക്ഷയുടെ കാറ്റിലിളകിപ്പറന്നു കൊണ്ടിരുന്ന റഗ്സീന്‍ ഷീറ്റുകള്‍ തന്നോട് സംസാരിക്കുന്നുവോ?!!!"

"ശരിയാണ് നീലൂ... പക്ഷേ അത് പറഞ്ഞ നീ തന്നെ...... "

ജീന്‍സിന്‍റെ പോക്കറ്റിലിരുന്നു മൊബൈല്‍ ഫോണ്‍ അപ്പോഴും തുടര്‍ച്ചയായി റിംഗ് ചെയ്യുന്നുണ്ടായിരുന്നു.... അതിന്‍റെ സ്ക്രീനില്‍ 'നീലു' എന്ന് തെളിഞ്ഞു കൊണ്ടിരുന്നതു ശ്രദ്ധിച്ചില്ല...

"എന്താ രമേഷ്... അവധിയാണെന്ന് പറഞ്ഞിട്ടു ഇങ്ങനെയുമുണ്ടോ ഒരു കുംഭകര്‍ണ്ണ സേവാ.. കഷ്ടംണ്ട് ട്ടോ.. മണി ദേ പത്തരയായി.. പ്ലീസ് ഒന്ന് എണീക്കെന്റെ കണ്ണാ..." പാത്രം കഴുകിത്തുടച്ച്‌ ഈര്‍പ്പം മാറാത്ത നീലിമയുടെ കൈത്തലം നെറ്റിയില്‍ പതിച്ചപ്പോള്‍ രമേഷ് കണ്ണു തുറന്നു..

നിഷ്ക്കളങ്കമായി പുഞ്ചിരി തൂകിക്കൊണ്ട്‌ ചായക്കപ്പുമായി അരികില്‍ നില്‍ക്കുന്ന നീലിമയെ അവന്‍ ഒരു നിമിഷം അവിശ്വസനീയതയോടെ നോക്കി. തലേ രാത്രി എം. ജി. റോഡിലെ ബ്ലൂ മൂണ്‍ തിയേറ്ററില്‍ സിനിമ കണ്ടു അതിനടുത്തുള്ള ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു വളരെ വൈകിയാണ് കിടന്നിരുന്നത് പെട്ടെന്നു രമേഷ് ഓര്‍ത്തു.

ആകസ്മികമായെന്നോണം അവള്‍ ധരിച്ചിരുന്ന ആ ചുരിദാറിലെ മഴവില്‍ വര്‍ണ്ണങ്ങള്‍, തെറ്റിദ്ധാരണ മൂലം നിറം മങ്ങിപ്പോയിരുന്ന തന്‍റെ മനസ്സിലെ കൊച്ചു മഴവില്ലുകള്‍ക്ക് ഉജ്ജ്വലശോഭ എകുന്നതായി അവന്‍ അറിഞ്ഞു. ഒരു നെടുവീര്‍പ്പോടെ രമേഷ് നീലിമയെ വലിച്ചു കരവലയത്തിലൊതുക്കി അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

ടീപ്പോയില്‍ ഇരുന്ന ചായക്കപ്പിലെ ചായ തണുത്ത് ഉപരിതലത്തില്‍ പാട കെട്ടി.
- ഗുരുവായൂര്‍ 

No comments:

Post a Comment