Tuesday, December 8, 2015

സ്വത്വം പണയപ്പെടുത്തുന്ന ശലഭങ്ങള്‍

കൊടിയ തണുപ്പിലും
ഉജ്ജ്വലമായി എരിഞ്ഞു
ഊഷ്മാവ് പരത്തുന്ന 
നെരിപ്പോടിനെ,
ജീവിതമെന്ന് കരുതി 
സമീപിക്കുന്നതാണ് 
പലപ്പോഴും കുഴപ്പമാകുന്നത്.
പ്രബോധനങ്ങളും പ്രചോദനങ്ങളും
മനസ്സാക്ഷിയും മനുഷ്യത്വവും 
സാമൂഹ്യബോധവും
പുരോഗമന ചിന്തകളും
ധീരതയും ആദര്‍ശങ്ങളും
സത്യസന്ധതയും 
ഒന്നിച്ചെരിയുന്ന ദുര്‍ഗന്ധം
നാസികയില്‍ തുളച്ചു കയറി
ശ്വാസം മുട്ടിക്കുമ്പോഴായിരിക്കും
അത് ബോദ്ധ്യമാകുന്നതും.
എരിഞ്ഞടങ്ങും മുമ്പുള്ളൊരു
ആളിക്കത്തലിന്‍റെ ചൂട്,
സ്വയം നീറി നശിച്ച പിണ്ഡങ്ങള്‍
അതിഭാവുകത്വങ്ങള്‍ കുടിയിരിക്കുന്ന
വിശാലമായ അന്തരീക്ഷത്തിലേക്ക്
ഒരു താക്കീതുപോലെ അനസ്യൂതം 
ഊതി വിടുന്നുണ്ട് എങ്കിലും,
ഒരിക്കലും ചാരം മൂടാത്ത
നെരിപ്പോടുകളില്‍ എരിയുന്ന
കനലുകളൊരുക്കുന്ന ചിതയുടെ
ചുവപ്പന്‍ ആകര്‍ഷണത്തില്‍ നിന്നും
രക്ഷപ്പെടുവാന്‍, മതിഭ്രമത്തില്‍
സ്വത്വം പണയപ്പെടുത്തുന്ന ശലഭങ്ങള്‍ക്ക്
ഒരിക്കലുമാവുമെന്നു തോന്നുന്നില്ലാ.
                - ജോയ് ഗുരുവായൂര്‍

No comments:

Post a Comment