Tuesday, October 31, 2017

ഫ്ലാറ്റിലെ പ്രേതത്തെ ഒഴിപ്പിച്ച കഥ

മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്’ലി പ്രവിശ്യയിലെ താക്കുര്‍ളി എന്ന സ്ഥലം. കൂടുതലായും തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട് പ്രദേശങ്ങളില്‍നിന്നുള്ള മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിയുംവെടിപ്പുമുള്ള ഒരു കൊച്ചുപട്ടണം. താക്കുര്‍ളിയിലെ ഔദ്യോഗികഭാഷ മലയാളവും ഔദ്യോഗികവസ്ത്രം ലുങ്കിയുമാണെന്ന്‍, മലയാളികള്‍ ഫലിതരൂപേണ പറയാറുണ്ട്‌. 2000 – 2012 കാലയളവില്‍ ഞാനും എന്‍റെ കുടുംബവും ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
മുംബൈനഗരത്തെ അപേക്ഷിച്ച്, ജീവിതച്ചിലവുകളും വീട്ടുവാടകയും കുറവായതിനാല്‍ ഒരുപാട് മലയാളി ‘ബാച്ച്ലര്‍മാരും’ താക്കുര്‍ളിയെ ആവാസകേന്ദ്രമാക്കിയിരുന്നു. അവരിലൊട്ടുമിക്കവരുമായുമെനിക്ക് നല്ല സൗഹൃദവുമായിരുന്നു.
ഒരിക്കല്‍, കുറഞ്ഞവാടകയ്ക്കൊരു റൂം അന്വേഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി കണ്ണൂര്‍ക്കാരായ പ്രകാശും സൂരജും എന്നെ സമീപിച്ചു. എന്‍റെ അന്വേഷണത്തിനിടെ, ഒരു ബില്‍ഡിംഗിന്‍റെ ഗ്രൌണ്ട്ഫ്ലോറില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ടെന്നും കുറഞ്ഞവാടകയ്ക്ക് അത് ശരിയാക്കിത്തരാമെന്നും ഒരു മറാത്തിബ്രോക്കര്‍ അറിയിച്ചു. ഞങ്ങള്‍പ്പോയി അവിടം സന്ദര്‍ശിച്ചു. ഒരു ഹാളും കിച്ചനും ബാത്ത്റൂമും ഉള്‍പ്പെടുന്ന ആ ഫ്ലാറ്റ് അവര്‍രണ്ടുപേര്‍ക്കും ഇഷ്ടമായി. ഫ്ലാറ്റ് പരിരക്ഷിക്കുവാനായി ഫ്ലാറ്റുടമ ചുമതലപ്പെടുത്തിയിരുന്ന മറാത്തിക്കിളവന്‍ ഒരുവര്‍ഷത്തെ വാടക, അഡ്വാന്‍സ് ആയിത്തന്നേലഭിക്കണമെന്ന് കടുംപിടുത്തം. എന്‍റെ സമയോചിതമായ താത്കാലികസാമ്പത്തികസഹായവും കൂട്ടി, പറഞ്ഞതുക ഒപ്പിച്ചുകൊടുത്ത് അവര്‍ ഫ്ലാറ്റെടുത്തു.
ഫ്ലാറ്റിലവര്‍ താമസം തുടങ്ങിയത് ഒരു ഞായറാഴ്ച്ചയായിരുന്നു. പാലുകാച്ചലിന് എന്നെയും ക്ഷണിച്ചിരുന്നു. മുറിയുടെ ചുമരുകളില്‍ പല സ്പെസിഫിക്കേഷനിലുമുള്ള ഒരമ്പത് ദൈവങ്ങളുടെയെങ്കിലും ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നതില്‍, ഇടക്കലാശ്വാസത്തിന് തൊഴുതുപ്രാര്‍ത്ഥിക്കാനായി ഒന്നുരണ്ടു ഫോട്ടോകള്‍ മാത്രം അവശേഷിപ്പിച്ച് ബാക്കിയെല്ലാം അവര്‍ എടുത്തുകളഞ്ഞിരുന്നു. കൂടാതെ, ചാരവും ഭസ്മവും പൂജാദ്രവ്യങ്ങളുമൊക്കെ അടക്കംചെയ്ത് വാമൂടിക്കെട്ടിയ കുറേ ചെറിയ മണ്‍കുടങ്ങളും അവിടെയുണ്ടായിരുന്നു. മുറി വൃത്തിയാക്കുന്നകൂട്ടത്തില്‍ അവയില്‍ ഒന്നുരണ്ടെണ്ണം സിഗരറ്റ്ചാരം തട്ടാനുള്ള ആഷ്ട്രേ ആയി ഉപയോഗിക്കാനെടുത്തുവെച്ച് ബാക്കിവന്നവ അവര്‍ ഒന്നിനുപുറകേ മറ്റൊന്നായി പുറത്തെ പൊന്തക്കാട്ടിലുള്ള പാറക്കല്ലിലേക്ക് വലിച്ചെറിഞ്ഞുപൊട്ടിച്ച് രസിക്കുകയും ചെയ്തിരുന്നു.
പാലുകാച്ചല്‍മഹാമഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുനാല് മറ്റുസുഹൃത്തുക്കളും വന്നുചേര്‍ന്നു. പിന്നീട് രാത്രിയേറെ വൈകുന്നതുവരെ പാര്‍ട്ടിയായിരുന്നു. റെയില്‍വേ സ്റ്റേഷനടുത്തുതന്നെ താമസസൌകര്യം ലഭിച്ചതില്‍ വളരേ സന്തോഷവരായിരുന്നു അവര്‍. എന്നാല്‍, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ലാ. എറിഞ്ഞുപൊട്ടിച്ച മണ്‍കുടുക്കകളിലേതോ ഒരെണ്ണത്തില്‍നിന്നു റിലീസ് ആയ ഒരു സ്ത്രീപ്രേതം സജീവമായി അതിന്‍റെ വിക്രിയകള്‍ തുടങ്ങിയതോടെയായിരുന്നു അത്..
ആരെങ്കിലുമൊരാള്‍ മുറിയില്‍ ഒറ്റയ്ക്കുള്ള നേരത്താണ് ഏറെയും പ്രശ്നങ്ങള്‍. പ്രധാനവാതില്‍ അകത്തുനിന്നുപൂട്ടി കുളിമുറിയില്‍ കയറിയാല്‍ കുളിമുറിവാതിലില്‍ അത് കുലുങ്ങുംവിധമുള്ള ശക്തമായ മുട്ട് കേള്‍ക്കുന്നു; രാത്രി ലൈറ്റ് കെടുത്തി ഉറങ്ങാന്‍ കിടന്നാല്‍ മുഖത്തുകൂടി ഒരു സ്ത്രീയുടെ മുടിയിഴകള്‍ അങ്ങോട്ടുമിങ്ങോട്ടും ഇഴയുന്നു; ഇടയ്ക്കിടെ ദേഹത്ത് ആരോവന്ന്‍ കേറിക്കിടക്കുന്നതുപോലുള്ള ഭാരമനുഭവപ്പെടുന്നു; ചിലനേരങ്ങളില്‍ കുളിമുറിയിലാരോ വെള്ളംകോരിയൊഴിച്ച് കുളിക്കുന്നതുപോലുള്ള ശബ്ദം - ചെന്നുനോക്കുമ്പോള്‍ ശ്യൂന്യം; രാത്രിയുംപകലുമെന്ന് ഭേദമില്ലാതെ ഇടയ്ക്കിടെ പുറത്തുനിന്നോ ചിലപ്പോള്‍ അടുക്കളമുറിയില്‍നിന്നോ ഉയരുന്ന ചിലങ്കശബ്ദങ്ങള്‍. വീരശൂരപരാക്രമികളായിരുന്ന പയ്യന്‍സ് ആകെ അങ്കലാപ്പിലായെന്നല്ലേ പറയേണ്ടൂ.
ഒരു ദിവസം സന്ധ്യക്ക്‌ സൂരജ്, പുറത്തുള്ള പൊന്തക്കാടിന് സമീപം അലക്കിയ തുണികള്‍ അയയില്‍ വിരിക്കുന്നനേരത്ത് ആഭരണങ്ങളെല്ലാമണിഞ്ഞ്‌ നൃത്തവേഷഭൂഷിതയായ ഒരു സുന്ദരിയായ പെണ്‍കുട്ടി വീടിനുപുറകിലെ മതിലിടുക്കിനുമുന്നില്‍നിന്ന് തന്നെ നോക്കിമന്ദഹസിക്കുന്നതായി കണ്ടു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ മനോഹരമായി ചിരിച്ചുകൊണ്ട് ആ മതിലിടുക്കിലേക്ക് മറഞ്ഞുപോയി. ഒരു മോഹവലയത്തില്‍പ്പെട്ടെന്നതുപോലെ അവനുടനേ ഓടിച്ചെന്നുനോക്കുമ്പോള്‍ അവിടം ശ്യൂന്യം! ആ ഇടുക്കില്‍നിന്ന് പുറത്തേക്കുപോകാനുള്ള ഒരുവഴിയുമില്ലായിരുന്നു. അന്നേരമാണ് അത് പ്രേതമായിരുന്നിരിക്കാമെന്നുള്ള ചിന്തയുണ്ടായതും. ഒരിക്കല്‍ രാത്രിയില്‍ ഇരുവരും ലൈറ്റ്കെടുത്തി കിടന്നുറങ്ങവേ, പ്രകാശിന്‍റെ മുഖത്ത് മുടിയിഴകള്‍ ഇഴയാന്‍
തുടങ്ങി. പെട്ടെന്ന് കണ്ണുതുറന്നുനോക്കുമ്പോള്‍ സര്‍വ്വാംഗവിഭൂഷിതയായ ഒരു നര്‍ത്തകി ഒരു പ്രകാശവലയത്തില്‍നിന്നുകൊണ്ട് കോപാകുലയായി തന്നെ ഉറ്റുനോക്കുന്നത് കണ്ടവന്‍ അലറിവിളിച്ചു. സൂരജ് ഉടനെ എണീറ്റ്‌ ലൈറ്റ് തെളിയിച്ചെങ്കിലും ഒന്നും കാണാനായില്ല. രണ്ടുദിവസം പ്രകാശ് പനിപിടിച്ചുകിടന്നു. പിന്നീട് പകല്‍പോലും ആ റൂമില്‍ ഒറ്റയ്ക്ക് കഴിയാനുള്ള ധൈര്യം അവരില്‍നിന്നും ചോര്‍ന്നുപ്പോയി. നേരത്തേയെത്തുന്നയാള്‍ അപരന്‍ ജോലികഴിഞ്ഞുവരുന്നതുവരെ റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കും.
ഈ വാര്‍ത്തകളെല്ലാം കേട്ടപ്പോള്‍ ഒരു മോഹം. ഒരുരാത്രി അവരുടെ കൂടെക്കഴിഞ്ഞ് ആ പ്രേതസാന്നിദ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള ജിജ്ഞാസ. ഒരു ശനിയാഴ്ച രാത്രി ഞാനവിടെ ചെന്നു. അവരേക്കൂടാതെ മറ്റൊരുസുഹൃത്തുകൂടി അവിടെയുണ്ടായിരുന്നു. നേരംപോകാനായി ഞങ്ങള്‍ ചീട്ടുകളിയില്‍ മുഴുകി. രാത്രി ഏകദേശമൊരു ഒന്നരയായിക്കാണും, പുറത്തെ പൊന്തക്കാടിനഭിമുഖമായുള്ള വാതില്‍പ്പുറത്തുനിന്നും ചിലങ്കകള്‍ കിലുങ്ങുന്ന ശബ്ദം ഉയരുന്നതുകേട്ട് അത്ഭുതപരതന്ത്രരായി എല്ലാവരും പരസ്പരംനോക്കി. ലൈറ്റ്കെടുത്തി, ഞങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു. അല്പനേരത്തിനുശേഷം മുന്‍പത്തേക്കാള്‍ ശക്തമായി ചിലങ്കനാദങ്ങള്‍ ഉയരാന്‍തുടങ്ങി. ചെറിയ ഇടവേളകളില്‍ അതാവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ മൂവരുടേയും മുഖങ്ങള്‍ ഭയംകൊണ്ട് വലിഞ്ഞുമുറുകുന്നതായി ഞാന്‍കണ്ടു. മറ്റുള്ളവരെന്നെ തടയുംമുന്‍പേ ഞൊടിയിടയില്‍ ചാടിയെഴുന്നേറ്റ് ഞാന്‍ ആ വാതില്‍തുറന്നു പുറത്തിറങ്ങിനോക്കി. അയ്യോ ജോയ്ച്ചാ.. അരുതേയെന്നവര്‍ കൂവുന്നുണ്ടായിരുന്നു. എന്നാല്‍, ഞാനൊരു മണ്ണാങ്കട്ടയുമവിടെ കണ്ടില്ലാ.. പക്ഷേ, ചിലങ്കശബ്ദങ്ങള്‍ സുവ്യക്തമായി ഞാനും കേട്ടിരുന്നതാണ്. “എടോ പ്രേതവും ക്രീതവുമൊന്നുമില്ലാ.. അതൊക്കെ നിങ്ങളുടെ വെറും തോന്നലാണ്..” എന്നുള്ള എന്‍റെ ധൈര്യപ്പെടുത്തലുകളെ “ഇച്ചായന്‍റെ കഴുത്തില്‍ കൊന്തയും കുരിശുമുണ്ടായിരുന്നതുകൊണ്ടായിരിക്കും പ്രേതം അകന്നുപോയത്” എന്ന വാദഗതിയാല്‍ അവര്‍ നേരിട്ടു നിഷ്പ്രഭമാക്കി. എന്നാല്‍, ഈ കൊന്തയുംകുരിശും ഇവിടെത്തന്നെയിരിക്കട്ടേയെന്നു പറഞ്ഞ്, ഞാനത് അവര്‍ക്ക് ഊരിക്കൊടുത്തു.
അന്നത്തെ രാത്രി പിന്നെയൊരു ശല്യവും ആവര്‍ത്തിച്ചില്ലെങ്കിലും കൊന്തയേയും കുരിശിനെയുമൊന്നും മൈന്‍ഡ് ചെയ്യാതെ പിറ്റേദിവസംമുതല്‍ പൂര്‍വ്വാധികം ശക്തിയോടെ പെണ്ണുമ്പിള്ള വീണ്ടുമവര്‍ക്ക് പണികൊടുത്തുതുടങ്ങി. ആരോ പറഞ്ഞു, ഓജോബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുടെ സാന്നിദ്ധ്യവും അവരുടെ പേരും മനസ്സിലാക്കാന്‍ സാധിക്കും. ഒരു സന്ധ്യക്ക്‌ ഞങ്ങള്‍ ഒരു ഓജോബോര്‍ഡ് സംഘടിപ്പിച്ച് അതില്‍ ഒരു നാണയംവെച്ച് മെഴുകുതിരിവെട്ടത്തില്‍ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്‍ഡ്രോപ്പ് സൈലന്‍സ്. വാതിലുകളെല്ലാം അടച്ചിരുന്നു. ലൈറ്റും ഫാനും ഓഫ് ചെയ്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ മെഴുകുതിരിനാളം അസാധാരണമായരീതിയില്‍ ഉലയാന്‍തുടങ്ങി. ഞങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചുവന്നു. ഓജോബോര്‍ഡിലെ നാണയം ഇളകാന്‍തുടങ്ങുന്നുവോ.. പെട്ടെന്നാണ് അത് സംഭവിച്ചത്.. ടിംഗ് ടോംഗ്... കോളിംഗ്ബെല്‍ ശബ്ദിച്ചു. ഞെട്ടിപ്പോയി.. വാതില്‍തുറന്നുനോക്കിയപ്പോള്‍ സുഹൃത്തായ ഷിജിമോന്‍ ഇളിച്ചുകൊണ്ടുനില്ക്കുന്നു. അതോടെ ഓജോബോര്‍ഡ് നിര്‍ജ്ജീവമായി. മെഴുകുതിരിയും... പിന്നീട് കുറേതവണ ശ്രമിച്ചിട്ടും ആദ്യമുണ്ടായപോലൊരു റിസള്‍ട്ട് കിട്ടിയില്ല. ആ ഉദ്യമം അതോടെ ഉപേക്ഷിച്ചു.
അങ്ങനെയാണവര്‍ പശ്ചിമമുംബൈയിലെ വസായ് എന്ന സ്ഥലത്തുള്ള ഒരു മന്ത്രവാദിയെ കണ്‍സള്‍ട്ട് ചെയ്യുന്നത്. മന്ത്രവാദി ധ്യാനനിമഗ്നനായി അല്പനേരം ഇരുന്നതിനുശേഷം പറയാന്‍തുടങ്ങി.. പതിനെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സോളാപ്പൂര്‍ എന്ന സ്ഥലത്തുനിന്ന് ഒരു യുവാവും യുവതിയും ഒളിച്ചോടിവന്ന് ആ ഫ്ലാറ്റില്‍ താമസമാക്കിയിരുന്നു. ഒരു നര്‍ത്തകിയായിരുന്ന അവളെ പിന്നീട് അയാള്‍ പലര്‍ക്കും കാഴ്ച്ചവെച്ച് പണമുണ്ടാക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരുരാത്രി അവളെ കൊലചെയ്ത് പുറത്തുള്ള പൊന്തക്കാട്ടില്‍ ആരുമറിയാതെ മറവുചെയ്ത് അയാള്‍ രക്ഷപ്പെട്ടു. ആ ശവക്കൂനയ്ക്കുമുകളില്‍ ഒരു പുളിമരം വളര്‍ന്നുനില്ക്കുന്നുണ്ട്...
അയാള്‍ പറഞ്ഞത് ശരിയാണെന്ന് എന്നുറപ്പിക്കുംവിധം ഒരു പുളിമരം ആ പൊന്തക്കാട്ടില്‍ തലയുയര്‍ത്തിനില്ക്കുന്നത് അവരോര്‍ത്തു.
സാരമില്ലാ.. നമുക്ക് പരിഹാരമുണ്ടാക്കാം.. അവളുടെ ആത്മാവ് ഇപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. പുരുഷന്മാരെല്ലാം അവളുടെ ശത്രുക്കളാണ്. സൂക്ഷിക്കണം, പ്രതികാരദുര്‍ഗ്ഗയായ ആ ആത്മാവിനെ എത്രയുംപെട്ടെന്ന് തളച്ചില്ലെങ്കില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കാം. സ്വല്പം ചെലവുള്ള സംഗതിയാണ്. 2001 രൂപ ദക്ഷിണയായി വയ്ക്കൂ.. അവളെ ഞാന്‍ തളയ്ക്കാം. മൂന്നുദിവസംകഴിഞ്ഞുവന്നാല്‍ ഞാനൊരു മന്ത്രത്തകിട് തരും. കുളിച്ച് ദേഹശുദ്ധിവരുത്തിയശേഷം ഞാന്‍ എഴുതിത്തരുന്ന മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്, പരിപൂര്‍ണ്ണനഗ്നനായിപോയി, അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്‍പായിത്തന്നേ, ആ പുളിമരത്തില്‍ ബലമുള്ള ആണിയാല്‍ ഈ തകിട് തറച്ചുവെയ്ക്കുക. അതോടെ ആ ശല്യം തീരും....
മന്ത്രവാദി ആവശ്യപ്പെട്ടതുപോലെ രണ്ടുദിവസം കഴിഞ്ഞ് അവര്‍ചെന്ന് അയാളില്‍നിന്ന് മന്ത്രത്തകിടും ഉരുവിടാനുള്ള മന്ത്രക്കുറിപ്പും വാങ്ങിവന്നു. അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്പായി സംഗതി ഒപ്പിക്കണം. അല്ലെങ്കില്‍ വീണ്ടും 2001 മുടക്കേണ്ടിവന്നേക്കാം. മന്ത്രവാദി ഇടതടവില്ലാതെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഹോമം നടത്തിക്കൊണ്ടിരിക്കുകയായിരിക്കാം. ഹോമകുണ്ഡത്തില്‍ ഇട്ടുകത്തിക്കുന്ന നെയ്യും കര്‍പ്പൂരവും ചന്ദനവും ചിരട്ടയുമൊക്കെ ചുമ്മാ വേസ്റ്റ് ആവില്ലേ...
കഷ്ടകാലത്തിന്, അവരുടെ ഫ്ലാറ്റിന്‍റെ എതിരെയുള്ള ഫ്ലാറ്റിലെ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു അതിനുപിറ്റേന്ന് എന്നതിനാല്‍, രാത്രി പതിനൊന്നരയായിട്ടും ആളുകള്‍ മുറ്റത്ത് കസേരകളിലിരുന്ന് സൊറപറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ മുന്നില്‍ക്കൂടിവേണം പൂര്‍ണ്ണനഗ്നനായി പ്രകാശന് പുളിമരം ലക്ഷ്യമാക്കി പോകാന്‍. വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയി അവര്‍. ഈ കര്‍മ്മത്തിന് ദൃക്സാക്ഷിയാവാന്‍ അടിയനും സന്നിഹിതനായിരുന്നു. പന്ത്രണ്ടുമണിയാവാന്‍ ഏതാനും മിനിറ്റുകള്‍മാത്രം അവശേഷിക്കവേ എനിക്കൊരു സൂത്രം തോന്നി. ചുമ്മാ ഉലാത്തുന്നതുപോലെ ഞാന്‍ ബില്‍ഡിംഗിന്‍റെ ഗേറ്റുവരെ ചെന്ന്, പുറത്തെ ഓടയില്‍ എന്തോ കണ്ടപോലെ പെട്ടെന്ന് വിളിച്ചുകൂവി..
“അരേ.. ആജാവോ.. യെ ഗട്ടര്‍മെ ക്യാ ഹൈ ദേഖോ...”
മുറ്റത്തിരുന്നവരൊക്കെ ജിജ്ഞാസയോടെ പടിക്കലേക്ക്‌ ഓടിവന്നതക്കത്തില്‍ നമ്മുടെ വാനരന്‍ പിറന്നപടി തകിടുമായി ഓടിച്ചെന്ന് സംഗതി ഒപ്പിച്ചുവന്നു.
ഓടിവന്നവര്‍ അവിടെയൊന്നുംകാണാതെ എന്നോട് ക്ഷുഭിതരാവാന്‍തുടങ്ങി. ഞാന്‍ പറഞ്ഞു, മൂന്നുകൊമ്പും നിറയെ രോമങ്ങളുമുള്ള ഒരു അപൂര്‍വ്വജീവി ഈ ഗട്ടറിലൂടെ നടന്നുപോകുന്നത്‌ ഞാന്‍ കണ്ടതാ. കുറച്ച് മുന്നോട്ടുപോയി നോക്കിയാല്‍ ചിലപ്പോള്‍ കാണുമായിരിക്കാം. അതോടെ ചിലര്‍ ടോര്‍ച്ചും വടികളുമൊക്കെയായി അതിനുപുറകേപോയി. ആ തക്കത്തില്‍ ഞാന്‍ അവിടേനിന്നു വലിഞ്ഞു.
പിന്നീട് ആ മുറിയില്‍ യാതൊരുവിധ പ്രേതശല്യങ്ങളും ഉണ്ടായിട്ടില്ലായെന്ന് അവര്‍ പറയുന്നു.
ഇതില്‍നിന്ന്, നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സത്യത്തില്‍ പ്രേതം എന്നുള്ള പ്രതിഭാസം ഉണ്ടോ? മന്ത്രവാദികള്‍ക്ക് ആത്മാക്കളെ തളയ്ക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് നേരാണോ? മേല്പ്പറഞ്ഞ സംഭവങ്ങള്‍ വെറും തോന്നലുകളില്‍ നിന്നുണ്ടാവുന്ന മിഥ്യാനുഭവങ്ങള്‍ മാത്രമായിരുന്നു എന്ന് എങ്ങനെ പറയാന്‍ സാധിക്കും? ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും ആ സംഭവം ഓര്‍മ്മയില്‍ നിന്ന് മായാതെ കിടക്കുന്നു.
പ്രേതത്തെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന എനിക്ക്, ആകസ്മികമായി ഒരു ദുബായ് പ്രേതവുമായി ഉണ്ടായ 'എന്‍കൌണ്ടര്‍' ഉടന്‍ പ്രതീക്ഷിക്കുക.
- ജോയ് ഗുരുവായൂര്‍

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു.
കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു.
അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍
ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍
അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി.
കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി.
കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു.
തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി.
വിളക്കു വലംവച്ച പേരറിയാപ്രാണികള്‍ ദൌത്യം മതിയാക്കി, എവിടേക്കോ അപ്രത്യക്ഷമായി.
മന്ദമാരുതപ്രവാഹം ശക്തികുറഞ്ഞുകുറഞ്ഞ് വൃക്ഷങ്ങളിലെ ഇലകളെ സുഷുപ്തിയിലേക്കു നയിച്ചു.
ഉറക്കംതൂങ്ങിയിരുന്ന പൂശകന്‍, പുറത്തുകണ്ട ഏതോ ചലനത്തെ പിന്തുടര്‍ന്ന് പുറത്തേക്കുപാഞ്ഞു.
കരിങ്കല്മടയുടെ കിഴക്കുവശത്തിന്നഴകായിനിന്ന പാലയുടെ വെള്ളപ്പൂക്കള്‍ പരത്തിയ മാദകഗന്ധം പ്രതീക്ഷയുടെ അവസാനയാമമായെന്നു അവളോടു വിളിച്ചോതി.
അദൃശ്യനായിവന്ന പ്രിയകാമുകന്‍റെ മാറില്‍ തലചായ്ച്ച്, അവന്റെ ആര്‍ദ്രഹൃദയത്തിലലിഞ്ഞ്, അവള്‍ ‍സ്വയം മറഞ്ഞു.
- ജോയ് ഗുരുവായൂര്‍

അവധൂതന്‍ (കഥ)

മാനന്തവാടിബസ്സില്‍ കയറി അല്പസമയത്തിനുള്ളില്‍ത്തന്നെ രാത്രിമുഴുവനും ഉറങ്ങാതിരുന്നതിന്‍റെ ക്ഷീണം ഡെയ്സിയെ നിദ്രയിലേക്ക് വീഴ്ത്തി. നീണ്ട യാത്രയ്ക്കൊടുവില്‍ ബസ്സിറങ്ങുമ്പോള്‍ അവള്‍ തീരുമാനിച്ചു. ഒന്നു കുമ്പസാരിക്കണം. ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരംതേടി, മരണാനന്തരം സ്വര്‍ഗ്ഗരാജ്യത്തിനവകാശവാദമുന്നയിക്കാനൊന്നുമല്ല.. തിളച്ചുമറിയുന്ന മനസ്സിനൊരു സാന്ത്വനം ലഭിക്കാന്‍...
"പള്ളിയിലേക്ക് പോണം" ഓട്ടോറിക്ഷക്കാരനോട് പറഞ്ഞു.
"മേഡം.. മാര്‍ത്തോമ്മ പള്ളിയാണോ അതോ ആര്‍.സി ?.. "
"ആര്‍. സി "
ഗ്രോട്ടോയുടെമുന്നില്‍ മുട്ടുകുത്തി അല്പനേരം പ്രാര്‍ത്ഥിച്ചു. മാസാദ്യവ്യാഴാഴ്ച്ചയായതിനാല്‍ കുമ്പസാരിക്കാന്‍ ഒരുപാട് 'പാപികള്‍' എത്തിച്ചേര്‍ന്നിട്ടുണ്ട്. വരികളിലൊന്നില്‍ കയറിനിന്നു. അഞ്ചുമണികഴിഞ്ഞിരിക്കുന്നു. അധികംവൈകാതെ മരിയാഹോമിലെത്തിയില്ലെങ്കില്‍ അതിന്‍റെ ഗേറ്റ് അടയും. എങ്കിലും കുമ്പസാരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു.
"ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ.." കുമ്പസാരക്കൂടിനുമുന്നില്‍മുട്ടുകുത്തി, അവള്‍ വൈദികനെ അഭിവാദ്യംചെയ്തു.
"ങേ.. ഡെയ്സിയല്ലേയിത്?!.. കുറച്ചുനേരമവിടെ പുറത്ത് വെയിറ്റ് ചെയ്യൂ... ഞാന്‍ തോമസാ.. തൊമ്മി.. വരാം.." കുമ്പസാരക്കൂട്ടില്‍നിന്നുകേട്ട പ്രതിവചനം അവളെ അത്ഭുതപ്പെടുത്തി. തൊമ്മിയോ?!.. തന്‍റെ സഹപാഠിയും അയല്ക്കാരനുമായിരുന്ന ആ കൊത്രാംകൊള്ളിയോ?!..
"പക്ഷേ, എനിക്ക് നേരമില്ലല്ലോ.. പെട്ടെന്നുതന്നെ ഒരിടംവരെ പോണം... "
"സാരമില്ല ഡെയ്സി... അവിടെ നിക്കൂ.. ഞാനുടനേവരാം.." ഫാദര്‍ മുരണ്ടു.
തന്നെയെപ്പോഴും ഉപദ്രവിക്കലായിരുന്നു കുട്ടിക്കാലത്തെ അവന്‍റെ ഹോബി. ഒരിക്കലവന്‍ തന്‍റെ ഉടുപ്പില്‍ മഷികുടഞ്ഞ്‌ ഓടിരക്ഷപ്പെടുമ്പോള്‍ കൈയിരുന്ന മൂത്ത മൂവാണ്ടന്‍മാങ്ങകൊണ്ട്‌ എറിഞ്ഞ് അവന്‍റെ പുറംകലക്കിയവളാണ് താന്‍. തൊമ്മിയുടെ പണ്ടത്തെയോരോ കുസൃതികള്‍ ഓര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരിവിടര്‍ന്നു.
"ഹലോ.. എന്താടോ ആലോചിച്ചിരിക്കുന്നേ.. ഈവഴിക്കൊക്കെയിറങ്ങാന്‍?!... "ചിരിച്ചുകൊണ്ട് വിടര്‍ന്നകണ്ണുകളോടെ ഫാദര്‍ തോമസ്‌ ഇളവൂരാന്‍ നില്ക്കുന്നു. ആ തേജസ്സ് കണ്ട് അവളറിയാതെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി.
"ഞാന്‍.. എന്‍റെ മോള്‍.. ഇവിടെ.. മരിയാഹോമില്‍.... "
"വരൂ....." മുഴുമിപ്പിക്കുനതിനുമുന്‍പേ ഫാദര്‍ അദ്ദേഹത്തിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി നടപ്പുതുടങ്ങി. ഒന്നുംമിണ്ടാതെ അവള്‍ അനുഗമിച്ചു.
"ചാക്കോച്ചീ.. രണ്ടു കിടിലന്‍ കാപ്പി കൊണ്ടുവരൂ.. ഒന്നില്‍ പാലുവേണ്ടാ.. " കുശിനിക്കാരനോട് കാപ്പിക്കുപറയുമ്പോള്‍ ഫാദര്‍ തോമസ്‌, ഡെയ്സിയുടെ മുഖത്തുനോക്കി മന്ദഹസിച്ചു.
പാലൊഴിച്ച കാപ്പി തനിക്കിഷ്ടമില്ലായിരുന്നെന്നുവരെ ഇപ്പോഴും തൊമ്മി ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഗൃഹാതുരതയില്‍ പൊതിഞ്ഞൊരു സുരക്ഷിതബോധം... ഒരൊറ്റനോട്ടത്തില്‍ തന്നെയവന്‍ തിരിച്ചറിഞ്ഞതുതന്നെ എത്രയോ അത്ഭുതകരം!.
"എന്തോ വിഷമം തന്നെ പിടിച്ചുലയ്ക്കുന്നുണ്ടല്ലോ?.. കുമ്പസാരം ആവാം. ആദ്യം കാപ്പി കുടിയ്ക്കൂ.."
"അച്ചോ.. സത്യംപറഞ്ഞാല്‍ ഞാന്‍... "
"എടോ ഞാനൊരു പുരോഹിതനാണെങ്കിലും നീയെന്നെ തൊമ്മിയെന്നുതന്നേ വിളിച്ചോളൂ... നമ്മള്‍ത്തമ്മിലെന്തിനാ ഒരു ഔപചാരികത?..
"രണ്ടുമൂന്നുമാസങ്ങള്‍ക്കുമുന്‍പ്, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ ഒരേയൊരു മോള്‍, വീട്ടില്‍ ഒറ്റയ്ക്കായിരുന്നസമയത്ത് ക്രൂരമായി പീഡിക്കപ്പെട്ടു. രക്തത്തില്‍കുളിച്ച്, ബോധരഹിതയായി കിടന്ന ഡാലിയമോളുടെ ജീവന്‍രക്ഷിക്കാനായെങ്കിലും അവളുടെ മാനസികനില ഇപ്പോഴും തകരാറിലാണ്. പോലീസ്, വീട്ടില്‍ പണിക്കുവന്നിരുന്ന ബംഗാളിപ്പയ്യനെ അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തപ്പോള്‍ അവന്‍ കുറ്റസമ്മതം നടത്തുകയുംചെയ്തു"
"ഹോ.. കഷ്ടമായിപ്പോയല്ലോ... എന്നിട്ട് നീയെന്താ ഒറ്റയ്ക്ക്?.. നിന്‍റെ കെട്ട്യോന്‍ വന്നില്ലേ കൂടെ?"
"ഇല്ലാ.. കഴിഞ്ഞ ഒരുവര്‍ഷമായി ഒരുദിവസംപോലും മദ്യപിക്കാതിരിക്കാന്‍ ജസ്റ്റിന് സാധിച്ചിട്ടില്ല. എന്നും വഴക്കും, തല്ലും, വയ്യാവേലികളും.. പപ്പയെ കാണുന്നതുതന്നെ ഡാലിയമോള്‍ക്ക്‌ ഭയമാണ്. .
"ങ്ങും.. എന്നിട്ട്?.. "
"ഏതാനും ദിവസങ്ങള്‍ക്കുമുന്‍പുവന്ന, കേസിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയത് അവളുടെ പപ്പയുടെ നേര്‍ക്കായിരുന്നു. സ്വന്തം പിതാവുതന്നെയായിരുന്നു അവള്‍ക്ക് ഈ ദുരന്തം വരുത്തിവച്ചതെന്ന അറിവ് വല്ലാത്തൊരു ഷോക്കായിരുന്നു തന്നത്. ബംഗാളിപ്പയ്യന് പണംനല്കി കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നു. കുടിച്ചുവെളിവില്ലാത്ത സ്വന്തം പപ്പയുടെ പീഡനങ്ങളെക്കുറിച്ച് എന്നോടുപറയാന്‍ അവള്‍ ഭയന്നിരുന്നിരിക്കണം..." അവള്‍ മുഖംപൊത്തി വിതുമ്പി.
"ഡെയ്സി.. ഹേയ്.. കരയല്ലേ.. പ്ലീസ്..." ഫാദര്‍ തോമസ് അവളെ ആശ്വസിപ്പിച്ചു.
"ജാമ്യത്തിലിറങ്ങിയ ദിവസംതന്നെ ഞാനയാളെ കൊല്ലും. അയാളിനി ജീവിച്ചിരിക്കാന്‍പാടില്ലായെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനുമുന്‍പ് എന്‍റെ മോളെ അവസാനമായി ഒന്നുകാണണം. എന്നെയവള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലായെങ്കിലും.."
"ഡെയ്സി, നീ പദ്ധതിയിടുന്ന ഈ വലിയ പാതകത്തിന്, ഒരമ്മയുടെ കണ്ണില്‍, ന്യായീകരണങ്ങള്‍ ഉണ്ടാവാം. എങ്കിലും മറ്റൊരാളുടെ ജീവനെടുക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ലാ. അയാള്‍ കുറ്റംസമ്മതിച്ച സ്ഥിതിക്ക് ഇനി കോടതിയത് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളും. ഇതിന്‍റെ പേരില്‍ നിന്‍റെ ജീവിതംകൂടി നശിപ്പിച്ചാല്‍, ആ പാവംകുട്ടിയോട് നീ ചെയ്യുന്ന ഏറ്റവുംവലിയ ഒരു ക്രൂരതയായിരിക്കുമത്. ജസ്റ്റിനെ കൊന്നിട്ട് എന്താണ് നിനക്ക് ലഭിക്കുവാന്‍പോകുന്നത്? നതിംഗ്.. അമ്മയില്ലാത്ത ഒരു കുഞ്ഞിനെകൂടി സമൂഹത്തിനു സമ്മാനിക്കാനേ അതുപകരിക്കൂ... നിന്‍റെ മകള്‍ കഴിയുന്ന മരിയാഹോം ഈ ചര്‍ച്ചിന്‍റെ കീഴിലുള്ള ഒരു സ്ഥാപനമാണ്‌. വരൂ.. നമുക്കവിടെ പോകാം.."
അവധൂതന്‍റെ ജീപ്പില്‍, മരിയാഹോം ലക്ഷ്യമാക്കി യാത്രചെയ്യുമ്പോള്‍, ഏതോ ഒരു ദിവ്യശക്തിയുടെ വലയത്തിലായിരിക്കുന്നതുപോലെ അവളുടെ മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ പെയ്യാന്‍തുടങ്ങിയിരുന്നു.
- ജോയ് ഗുരുവായൂര്‍

അവന്‍

പിണക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരലങ്കാരംപോലെയായിരുന്നെങ്കിലും ഒരു മാത്രപോലും പരസ്പരം വെറുക്കാന്‍ സാധിച്ചിരുന്നില്ല. അവനോടോപ്പമുള്ള അനുഭൂതിദായകമായ നിമിഷങ്ങള്‍ ഒരു ജീവശ്വാസമായി തന്നിലെപ്പോഴും നിറഞ്ഞുനിന്നു.
ചെറിയ പിണക്കങ്ങള്‍ക്കൊടുക്കം കടന്നുവന്ന ആ വലിയ പിണക്കം ഒരുപക്ഷേ, താന്‍ മനസ്സുവെച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെങ്കിലും അതിന്, അനിവാര്യതയുടെ പരിവേഷമായിരുന്നല്ലോ.
ശോഭയുള്ളൊരു വാല്നക്ഷത്രംപോലെ, തികച്ചും അപ്രതീക്ഷിതമായി അവന്‍ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍, ഇരുണ്ടുകിടന്നിരുന്ന തന്‍റെ മോഹമണ്ഡലങ്ങളെല്ലാം പ്രകാശപൂരിതമാകുകയായിരുന്നു. അതേവരെയനുഭവിച്ച ദുരിതപര്‍വ്വങ്ങളില്‍നിന്നൊരു മുക്തി നേടിത്തരാനെന്നപോലെ ഒരു വരവ്....
മനസ്സില്‍ ഒരിക്കല്‍ താന്‍ താല്പര്യപൂര്‍വ്വം നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ വാടിക്കരിഞ്ഞുപോകുന്നതിനുമുന്‍പേ അവയെ പരിപാലിക്കാനെത്തിയ, വാത്സല്യവും ആത്മാര്‍ത്ഥതയുള്ള ഉദ്യാനപാലകനായിരുന്നു തനിക്കെന്നും അവന്‍.
ഉറ്റവരുടേയും ഉടയവരുടേയും ഇടയില്‍ തികച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട്, സ്വയംവെറുക്കപ്പെട്ടൊരു ജീവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷകരമായ നിരവധി സുവിശേഷങ്ങളായിരുന്നു തന്‍റെ ജീവിതത്തില്‍ അവന്‍ എഴുതിച്ചേര്‍ത്തത്.
ഹതഭാഗ്യങ്ങള്‍ നരകള്‍ തെളിയിക്കാന്‍ശ്രമിച്ചുകൊണ്ടിരുന്ന തന്‍റെ ജീവിതക്യാന്‍വാസിലെ വര്‍ണ്ണങ്ങള്‍ക്ക് പൊടുന്നനേ ഉദയസൂര്യന്‍റെ തിളക്കം കൈവരുന്നതുകണ്ട് താന്‍പോലും വിസ്മയഭരിതയായി.
അല്പസ്വല്പമുണ്ടായിരുന്ന പുകവലിയും മദ്യപാനവുമൊക്കെ കാലഘട്ടത്തിന്‍റെ അനിവാര്യതകളായി നിസ്സാരവത്കരിച്ചുതള്ളിക്കോളാന്‍ മനസ്സുപറഞ്ഞു. ആ സ്വഭാവങ്ങളൊരിക്കലുമവനെ നിയന്ത്രിച്ചിരുന്നതായിട്ട് തോന്നിയിരുന്നുമില്ല. അതിനാല്‍ കാണാത്തഭാവം നടിച്ചു.
എത്രയോ ഋതുക്കള്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.. പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായതിനാല്‍, ഏതെങ്കിലും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഇടമുറിയാത്തബന്ധംപുലര്‍ത്തുന്നവരുടെ പ്രമുഖവക്താക്കളായിരുന്നു ഞങ്ങള്‍.
മുന്‍കോപത്തില്‍, താനുമൊട്ടും പുറകിലല്ലായിരുന്നുവെങ്കിലും, ക്ഷിപ്രകോപിയായ അവനെ ഉള്‍ക്കൊണ്ടുപെരുമാറാന്‍ താന്‍പഠിച്ചു. ഇടയ്ക്കിടെ കൊച്ചുകുട്ടികളെപ്പോലെയായിരിക്കും സ്വഭാവം. ചിലപ്പോള്‍ തത്വചിന്തകനും. അവിചാരിതമായ പിണക്കങ്ങള്‍ക്കു ചിലപ്പോള്‍ ആഴ്ചകളുടെ ആയുസ്സുമുണ്ടാവാറുണ്ട്. ഇരുവരും സ്വയംപഴിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്ന രാപകലുകള്‍.
വിദൂരങ്ങളിലായിരുന്നിട്ടും, മൂന്നാമതൊരാള്‍പോലുമറിയാത്ത ആ ബന്ധത്തിന് മറ്റാര്‍ക്കും സങ്കല്പ്പിക്കാന്‍ പറ്റാത്ത മാനങ്ങളുണ്ടായിരുന്നു. സമാനതകളില്ലാത്ത ഉന്നതിയും, ആഴവും പരപ്പുമുള്ള ഒരു ത്രിമാനപ്രണയം!.. അര്‍ദ്ധനാരീശ്വര സങ്കല്പ്പത്തിന്‍റെ പുനരാവിഷ്ക്കരണം!!...
ഇച്ചിരിവലിയൊരാ പിണക്കത്തിനൊടുവില്‍ തിരിച്ചുവന്ന അവനില്‍ക്കണ്ട, അതേവരെയില്ലാത്ത ഭാവങ്ങള്‍, തന്നെ വിസ്മയിപ്പിച്ചു. മദ്യവും പുകവലിയുമില്ലാതെ നിമിഷങ്ങള്‍പ്പോലും തള്ളിനീക്കാനവനാവുമായിരുന്നില്ല. മുന്‍പ്, “നീയല്ലേ എന്‍റെ ലഹരി”യെന്നു അവനെന്നോടു പറയുമ്പോളൊക്കെ പുളകിതയാവുമായിരുന്ന ഞാന്‍, അവനെപ്രതി അനുദിനം നീറാന്‍തുടങ്ങി.
പ്രതികരിക്കാതെയിരിക്കാന്‍തോന്നിയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈക്കടത്തുന്നത് അവനൊട്ടുമിഷ്ടമില്ലായെന്നറിഞ്ഞുതന്നേ..
ആദ്യമെല്ലാം തന്‍റെ അപേക്ഷകളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നത് ആശ്വാസംപകര്‍ന്നിരുന്നു. പക്ഷേ, അവയ്ക്കെല്ലാം ദിവസങ്ങളുടെ ആയുസ്സ് മാത്രം.
മദ്യപിച്ചുകഴിഞ്ഞാല്‍ അവനില്‍നിന്നു വഴിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അലകളില്‍ ചാഞ്ചാടുന്ന ഒരു ആമ്പല്‍പ്പൂവാവാനെ, ചിലനേരങ്ങളില്‍ തനിക്കും കഴിയാറുള്ളൂ.
ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികപരാധീനതകളെ നേരിടാന്‍, കമ്പനികള്‍, നിലവിലുള്ള സ്രോതസ്സുകളെ പരമാവധി മുതലെടുക്കാന്‍തുടങ്ങിയപ്പോള്‍ ജോലിസ്ഥലങ്ങളില്‍ ഇരുവര്‍ക്കും താങ്ങാനാവാത്ത ജോലിഭാരമായി. പകല്‍സമയങ്ങളിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചുപോയി. തിളച്ചുമറിയുന്ന വിരഹക്കടല്‍ കടഞ്ഞപ്പോള്‍ അടിത്തട്ടില്‍നിന്നു പൊന്തിവന്നതോ സംശയമെന്ന കാളകൂടവും.
ജോലികള്‍നല്കുന്ന സമ്മര്‍ദ്ദത്താലാവാം അവന്‍റെ പെരുമാറ്റങ്ങളില്‍ പരുക്കന്‍ഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് തന്‍റെ സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. അടിക്കടി വഴക്കുകളുണ്ടാവാനുള്ള കാരണങ്ങളും ഏറിവന്നു.
മനസ്സിനെ ചൂഴ്ന്നുനിന്നിരുന്ന സുരക്ഷിതബോധത്തില്‍ അരക്ഷിതത്വം വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ദിവസവും മദ്യപിച്ചുലക്കുകെടുന്നയൊരുവന്റെകൂടെ ജീവിക്കുക അസാദ്ധ്യംതന്നേയെന്നുള്ള ചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മാത്രമല്ലാ, ഭ്രാന്തുപിടിച്ചപോലുള്ള അവന്‍റെ ചിലനേരങ്ങളിലെ അവന്‍റെ പെരുമാറ്റവുംകൂടിയായപ്പോള്‍ ആകെ പതറിപ്പോയി.
പിരിയുകയെന്നത് അസാദ്ധ്യമായിതോന്നിയിരുന്നുവെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അത് സംഭവിക്കുകയായിരുന്നു. മനസ്സുവിങ്ങി, കഴിഞ്ഞുകൂടിയ ഒന്നര വര്‍ഷം. അതിനിടയില്‍ ഒന്നുരണ്ടു തവണ ഫോണില്‍ ബന്ധപ്പെടാന്‍ അവന്‍ ശ്രമിച്ചിരുന്നു. മറുതലയ്ക്കല്‍ നാവുകുഴഞ്ഞുള്ള അഭിസംബോധന കേള്‍ക്കുന്നപാടേ ഫോണ്‍ വെയ്ക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് വഴി അവനയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടികൊടുക്കാന്‍ മനസ്സാക്ഷി സമ്മതിച്ചില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുടങ്ങാതെ താന്‍ കയറിനോക്കുമായിരുന്നു. അവന്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്നത് കാണാന്‍വേണ്ടി മാത്രം. അവന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലുമില്ല. അവസാനമായി ചാറ്റിലൂടെ അവന്‍ ചോദിച്ചതോര്‍ക്കുന്നു.
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... " ചങ്കുതകര്‍ന്നുപോയി...
അവന്‍ നല്ലവനായിരുന്നു. തന്നെപ്പോലെ അവനെ മനസ്സിലാക്കിയ ഒരാളും ഈ ഭൂമുഖത്തുണ്ടാവില്ല. തിരിച്ചും.. സ്നേഹിക്കാന്‍മാത്രമറിയുന്നവന്‍.. താനെന്നുവെച്ചാല്‍ സ്വജീവനേക്കാള്‍ക്കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നവന്‍... എന്നിട്ടും....
തന്‍റെ പ്രിയപ്പെട്ട ആത്മാവിനെ പേറിയിരുന്ന ഭൗതികശരീരം പൂര്‍ണ്ണമായും നക്കിത്തുടച്ച സംതൃപ്തിയോടെ, ചിതയില്‍ കനലുകള്‍ തിളങ്ങുന്നു.. ആളുകളെല്ലാം ഏകദേശം പിരിഞ്ഞുപോകാന്‍തുടങ്ങുന്നു. വീടിനകത്തുനിന്ന്, ഒരേയൊരു മകന്‍ അകാലത്തില്‍ നഷ്ടപ്പെട്ടൊരു അമ്മയുടെ ഏങ്ങലടികള്‍...
ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി.
ആളുകളില്‍നിന്നുള്ള അനാവശ്യമായ ചോദ്യശരങ്ങള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാ.. പോകാം...
സായംസന്ധ്യയുടെ കണ്‍പീലിക്കറുപ്പിലൂടെ അവളുടെ പാദങ്ങള്‍ ചരിച്ചുകൊണ്ടിരുന്നത് മനസ്സറിയാതെയായിരുന്നു. ഹൃദയം നഷ്ടമായവളെപ്പോലെ..
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... "
ഒരിടിവെട്ടുപോലെ ആ ചോദ്യം അവളുടെ കാതുകളില്‍ മുഴങ്ങി..
സപ്തനാഡികളുംതളര്‍ന്ന് അവള്‍ ആ ഇടവഴിയില്‍ ഇരുന്നുപോയി.. കണ്ണുകളില്‍ നിന്നുവമിച്ച താപമകറ്റാനെന്നപോലെ മഴ ആര്‍ത്തലച്ചുപെയ്തു.
അതും അവന്‍റെ സ്വഭാവമായിരുന്നു....
- ജോയ് ഗുരുവായൂര്‍.

പ്രിയം എന്ന വികാരം

സ്നേഹത്തെയാണോ “പ്രിയം” എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്?... എന്നുള്ള ആശയക്കുഴപ്പം മിക്കവരിലുമുണ്ട്. സ്നേഹവും പ്രണയവും സാഹോദര്യവും അല്ലാ “പ്രിയം”.
ലേഖകന്‍റെ വീക്ഷണത്തില്‍, വ്യക്തികള്‍തമ്മിലുള്ള വൈകാരികബന്ധങ്ങളെ ഉറപ്പിച്ചുനിറുത്തുന്ന ‘സിമന്‍റ്’ ആകുന്നു പ്രിയം.
ബന്ധങ്ങള്‍ക്കിടയിലെ പ്രിയം കുറഞ്ഞുപോയാല്‍ അവയുടെ ഊഷ്മളത നഷ്ടമാകുന്നു. പരസ്പരമുള്ള ബഹുമാനം, ഗൗനിക്കല്‍, പരിചരണം എന്നീ രൂപങ്ങളിലാണ് പ്രിയം വളരുന്നത്‌.
പ്രിയപ്പെട്ട.. എന്നാണ് കത്തുകളിലും പ്രസംഗങ്ങളിലും മിക്കവാറും ജനങ്ങളെ അഭിസംബോധന ചെയ്യപ്പെടുന്നത്. അതായത്, മറ്റുള്ളവരേക്കാള്‍ പ്രത്യേകമായി അടുപ്പമുള്ളവരേ.. (someone special) എന്നാണ് ധ്വനി.
നമ്മുടെ മാനസികവ്യാപാരങ്ങളോട് ഒത്തുപോകുന്ന ഗുണങ്ങള്‍ അപരരില്‍ നാം കണ്ടെത്തുമ്പോളാണ് അവരോടുള്ള പ്രിയം ജനിക്കുന്നത്.
സൗന്ദര്യമുള്ളവരോടും അല്ലാത്തവരോടും നമുക്ക് പ്രിയംതോന്നാം. പ്രിയംതോന്നുന്നവരോട് നേരിടുള്ള ഇടപഴകലിന് ചിലര്‍ ശ്രമിക്കുന്നു. തിരിച്ചും അതേപോലുള്ള പ്രതികരണം ലഭിക്കുന്നതോടെ ആ പ്രിയം സ്നേഹബന്ധങ്ങളിലോ, പ്രണയബന്ധങ്ങളിലോ, സാഹോദര്യബന്ധങ്ങളിലോ അതിനുമപ്പുറത്തുള്ള ചില ബന്ധങ്ങളിലോ പതിയേ കുടിയേറി, അവയെ ശക്തമാക്കുന്നു.
നല്ല അഭിനേതാക്കള്‍, എഴുത്തുകാര്‍, നേതാക്കള്‍ എന്നിവരോടും പ്രിയംതോന്നുക സ്വാഭാവികം. എന്നാല്‍ അവരുമായി നേരിട്ടുള്ള ഒരു ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരക്കാരുടെ പ്രവര്‍ത്തികളോടാണ് നമുക്ക് പ്രിയം തോന്നുന്നത്. വസ്തുക്കളോട് പ്രിയംതോന്നുന്നുവെന്നു പറയുന്നത് തെറ്റാണ്. അവയോടു നമുക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടമാണ് തോന്നുന്നത്. ഉദാഹരണത്തിന്; മസാലദോശ, കുടക്-കാപ്പി എന്നിവയോട്, സാധാരണദോശ, കാപ്പി എന്നിവയേക്കാള്‍ക്കൂടുതല്‍ ഇഷ്ടമാണ് പലര്‍ക്കും. ചിലര്‍ ചെമ്പരത്തിപ്പൂവിനേക്കാള്‍ റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നു.
ചിലരുടെ നമ്മളോടുള്ള ചെയ്തികള്‍ അവരോടുണ്ടായിരുന്ന പ്രിയത്തെ കുറയ്ക്കാം. അധര്‍മ്മത്തിനും അനാശാസ്യങ്ങള്‍ക്കും കൂടെനില്ക്കണമെന്നുപറഞ്ഞാല്‍ ആര്‍ക്കു സാധിക്കും? പ്രിയത്തിനിടയില്‍ സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമില്ലായെന്നു പ്രത്യേകം പറയുന്നു. പ്രിയത്തെ ഒരിക്കലും അതിനായി വളച്ചൊടിക്കാന്‍ സാധിക്കില്ലാ..
സാധാരണന്‍മാരുടെയിടയിലുള്ള ബന്ധങ്ങളില്‍ ഗൗനിക്കല്‍, ഇടമുറിയാത്ത ഇടപഴകലുകള്‍ എന്നിവയിലുണ്ടാകുന്ന കുറവ് പ്രിയക്കുറവുണ്ടാക്കുന്നു. ഒരു വ്യക്തിയോടുള്ള പ്രിയത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ആ വ്യക്തിയില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന സമീപനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സഹോദരിസഹോദരന്മാരില്‍ ചിലരോട് നമുക്ക് മറ്റുള്ളവരേക്കാള്‍ പ്രിയംതോന്നാന്‍ കാരണം നമ്മളിഷ്ടപ്പെടുന്ന രീതിയില്‍ അവര്‍ നമ്മളോട് പെരുമാറുന്നതുകൊണ്ടാണ്. അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളോടും സ്നേഹമായിരിക്കുമെങ്കിലും ചില മക്കളോട് പ്രിയം എറിയിയുമിരിക്കാം. അവര്‍ തങ്ങളെ വേണ്ടരീതിയില്‍ ഗൗനിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണത്.
ഇടയ്ക്കിടെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകൊണ്ടിരിക്കേണ്ടത് പ്രിയം നഷ്ടപ്പെടാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഒരു കാരണവുമില്ലാതെ ഒരു വ്യക്തിയോട് അവഗണന കാണിച്ചാല്‍, സ്വാഭാവികമായും ആ വ്യക്തിക്ക് നമ്മളോടുള്ള പ്രിയം കുറയും; അതിനനുസാരമായി, അവരോട് നമ്മള്‍ അനുവര്‍ത്തിച്ചുവന്നിരുന്ന ബന്ധത്തിനും ശക്തിശോഷണം സംഭവിക്കും.
ഭാര്യയെ ഒട്ടും ഗൗനിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ഭര്‍ത്താവിനോട് ഭാര്യക്കോ, തിരിച്ചോ, പ്രിയം കാണുകയില്ല. ഔപചാരികമായ ബന്ധമായിരിക്കും അവര്‍ക്കിടയില്‍ പുലര്‍ന്നുകൊണ്ടിരിക്കുക. അകാരണമായി, ലൈംഗികബന്ധങ്ങളില്‍ കാണിക്കുന്ന വിരക്തിയും പ്രിയത്തെ കുറയ്ക്കും.
പ്രിയം മൂത്ത്, ‘ഭ്രാന്താ’വുന്ന ദുരവസ്ഥയും ബന്ധങ്ങളെ തകര്‍ക്കാറുണ്ട്. ഭാര്യാഭര്‍തൃബന്ധം, പ്രണയബന്ധം, ഉറ്റസൗഹൃദം എന്നിവയിലുള്‍പ്പെട്ട ഏതെങ്കിലുമൊരു വ്യക്തിക്ക് അളവില്‍ക്കൂടുതല്‍ പ്രിയംമൂത്താല്‍, ഏകദേശം ഭ്രാന്തിനോട് സാമ്യപ്പെടുത്താവുന്ന ക്രാധപാരവശ്യം (possessiveness) എന്ന അവസ്ഥയിലേക്ക് അവരെത്തിച്ചേരുന്നു. ഏതുസമയവും തന്‍റെ പങ്കാളി തന്നെമാത്രം ഗൗനിച്ചുകൊണ്ടിരിക്കണമെന്ന തിട്ടൂരം അവരുടെ മനസ്സില്‍ ഉടലെടുക്കുന്നു. അങ്ങനെ സംഭവിക്കാതെവരുമ്പോള്‍ സംശയരോഗത്തിനവര്‍ അടിമകളാകുന്നു. പരിഭവങ്ങളില്‍ തുടങ്ങുന്ന അസുഖം, പിന്നീട് അടിക്കടിയുള്ള വഴക്കിലും പിണക്കങ്ങളിലുമൊക്കെ കലാശിക്കുന്നു.
ഏതു സമയവും ഒരാളെത്തന്നെ ഗൗനിച്ചുകൊണ്ടിരിക്കുകയെന്നത് അലോസരമുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച്, ജോലിത്തിരക്കുകളും ഏതെങ്കിലും വിധത്തില്‍ സാമൂഹ്യബന്ധങ്ങളും ഉള്ളവര്‍ക്ക്. ഓരോ വ്യക്തിക്കും, മറ്റുള്ള വൈകാരികബന്ധനങ്ങളില്‍നിന്നും മുക്തമായി, ഒരല്പസമയമെങ്കിലും തനതായ സ്വഭാവവിശേഷങ്ങളില്‍ അനുരമിച്ചുകഴിയേണ്ടത് അത്യന്താപേക്ഷിതമാണ്. ചിലപ്പോള്‍ ഒന്നും ചിന്തിക്കാതെ സ്വസ്ഥമായി കുറച്ചുനേരം കഴിയാന്‍ മനസ്സുപറഞ്ഞേക്കാം. മറ്റുചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാനോ, അല്പം പാചകം ചെയ്യുവാനോ, ചിത്രം വരയ്ക്കാനോ, മറ്റുസുഹൃത്തുക്കളുമായി സമയംചെലവഴിക്കാനോ മനോഗതംപോലെ ഓരോരുത്തര്‍ക്കും തോന്നാം. അതായത്, മറ്റുള്ളവര്‍ക്ക് തീറെഴുതിക്കൊടുത്ത സമയത്തില്‍നിന്നൊരിത്തിരി സമയം സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനും നീക്കിവെക്കാന്‍ ഒരു വ്യക്തി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വ്യക്തിത്വശോഷണത്തിനതിടവരുത്തിയേക്കാം.
തീവ്രമായ വൈകാരികബന്ധങ്ങളിലായിരിക്കുന്ന ചിലര്‍ പലപ്പോഴുമിക്കാര്യം ഗൗനിക്കാന്‍ മിനക്കെടുകയില്ല. അവരുമായി ബന്ധപ്പെടാത്ത സമയങ്ങളെല്ലാം മറ്റാര്‍ക്കോവേണ്ടി വിനിയോഗിക്കപ്പെടുകയാണ് എന്ന ചിന്തയായിരിക്കും അവരിലുണ്ടായിരിക്കുക. സംശയത്തിന്‍റെ പിന്‍ബലത്തില്‍, വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പരിഭവങ്ങളിലൂടെയും ആ ചിന്തകള്‍ കൂട്ടാളിയോട് നിരന്തരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്, കൂട്ടാളിയുടെ മനസ്സില്‍ അലോസരം സൃഷ്ടിക്കുമെന്നതില്‍ എന്താണുസംശയം? സത്യം പറഞ്ഞാല്‍ വിശ്വസിക്കാത്ത കൂട്ടാളിയെ സന്തോഷിപ്പിക്കാന്‍ അസത്യമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതോടെ, പ്രിയമെന്ന വികാരം, അകാരണമായ പഴികേള്‍ക്കുമെന്ന ഭീതിയായും അടിമത്തബോധമായും പിന്നീട് വെറുപ്പെന്ന വികാരമായും രൂപാന്തരം പ്രാപിക്കുന്നു. അതോടെ എല്ലാം നിലയ്ക്കുന്നു. പണ്ടത്തെ കാരണവവൃന്ദം പറയാറുള്ളതുപോലെ, “ബന്ധങ്ങളെ വളയ്ക്കാനേ പാടുള്ളൂ.. ഒടിക്കാന്‍ ശ്രമിക്കരുത്...”
എന്താണ് “പ്രിയം” എന്ന് വിശദീകരിക്കാനാണ് ഉദാഹരണസഹിതം ഇത്രയും എഴുതേണ്ടിവന്നത്. ചുരുങ്ങിയ വാക്കുകളില്‍ എന്താണ് പ്രിയം എന്നുപറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.
വ്യക്തികള്‍ത്തമ്മിലുള്ള ഏതുതരത്തിലുള്ള വൈകാരികബന്ധങ്ങളേയും വളര്‍ത്തുന്നതും നിലനിറുത്തുന്നതും അവര്‍ക്കിടയില്‍ രൂപപ്പെടുന്ന “പ്രിയം” എന്ന ഉദാത്തവികാരമാണ്. വ്യക്തിത്വങ്ങളെ പരസ്പരം തിരിച്ചറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമുള്ള ഇടപഴകലുകളിലൂടെയാണ് അത് വളരുന്നത്‌. വ്യക്തിത്വത്തെ വകവയ്ക്കാതുള്ള സംശയബോധമോ അധിനിവേശശ്രമങ്ങളോ പ്രിയത്തെ അല്പാല്പമായി നഷ്ടപ്പെടുത്തും. കാരണം, ഓരോ വ്യക്തിയുടേയും തനതായ വ്യക്തിത്വത്തെ മറ്റൊരാള്‍ ബഹുമാനിക്കാതിരിക്കുന്നതിനും കീഴടക്കാന്‍ ശ്രമിക്കുന്നതിനും ഒരു മനസ്സാക്ഷിയും കൂട്ടുനില്ക്കുകയില്ലാ.
വീണ്ടും വ്യക്തമാക്കാം...
'ഇഷ്ടപ്പെട്ട' ഒരാള്‍ യാത്ര പറഞ്ഞുപോകുന്നതിനേക്കാള്‍ വിഷമമായിരിക്കും നമുക്ക് 'പ്രിയപ്പെട്ട' ഒരാള്‍ യാത്രപറഞ്ഞുപോകുമ്പോള്‍!..
സ്നേഹപൂര്‍വ്വം...
ജോയ് ഗുരുവായൂര്‍

നാഗദേവി

ജീവിതാനുഭവങ്ങളിലൂടെ - 3 :
സ്കൂള്‍ സഹപാഠികളായിരുന്ന എനിക്കും ശിവനും അന്നേകദേശം ഒരിരുപതുവയസ്സുകാണും. പത്താംതരംകഴിഞ്ഞതോടെ അവന്‍ പഠിപ്പുനിറുത്തി ഒരു കടയില്‍ ജോലിക്കുപോയിത്തുടങ്ങി. സ്കൂള്‍ സഹപാഠികളില്‍വെച്ച്, അന്നും ഇന്നും അവനാണ് എന്‍റെ ഏറ്റവുംവലിയ സുഹൃത്ത്. ഒന്നുമുതല്‍ പത്തുവരെ രണ്ട് സ്കൂളുകള്‍ ഞങ്ങള്‍ മാറിയെങ്കിലും പത്താംക്ലാസ്സുവരെ ഡിവിഷന്‍പോലുംമാറാതെ, ഒരേ ബെഞ്ചിലിരുന്നു പഠിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചവര്‍!
കോളേജില്‍നിന്ന് വരുന്നവഴിയെന്നും ഞാന്‍ അവന്‍റെ കടയിലേക്കാണ് ചെല്ലുക. ഒന്നുരണ്ടുമണിക്കൂര്‍ വിശേഷങ്ങള്‍ പങ്കുവെച്ചതിനുശേഷം വീട്ടിലേക്കും. അവന്‍ നാട്ടിലെ ചൂടന്‍വിശേഷങ്ങള്‍ എന്നോടു പങ്കുവയ്ക്കുമ്പോള്‍ കോളേജിലെ രസകരമായ നിത്യസംഭവങ്ങള്‍ ഞാനുമവനോട് വിവരിക്കും. സ്വതവേ ഒരു തമാശക്കാരനായിരുന്ന ശിവന്, ഇന്നും അതേപ്രകൃതംതന്നെയാണ്.
അങ്ങനെയിരിക്കേ ഒരു സംഭവം ആ പ്രദേശത്ത് തരംഗമായി. വയലിനടുത്തുള്ള റോഡരികത്തൊരു നാഗദേവി-കല്പ്രതിമ ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ ഭയഭക്ത്യാദരങ്ങളോടെ അതിനെ നോക്കിക്കാണാന്‍തുടങ്ങി. രാത്രിവൈകി അതിനുമുന്നിലൂടെ കടന്നുപോകുന്നവര്‍ എന്തൊക്കെയോ ചമത്കാരങ്ങള്‍ കാണുന്നൂ, സൈക്കിള്‍യാത്രക്കാരും മറ്റുവാഹനങ്ങളില്‍ പോകുന്നവരും ചെറിയചെറിയ അപകടങ്ങളില്‍ പെടുന്നു, ഉമ്പായിക്കാന്‍റെ പലഹാരവണ്ടിയുടെ ടയര്‍ വെടിതീര്‍ന്നു, അങ്ങനെയങ്ങനെ ഓരോരോ കഥകള്‍ പ്രചരിച്ചുതുടങ്ങി.
ഞങ്ങളുടെ ചര്‍ച്ചയിലും ഇക്കാര്യം വളരെ കാര്യമായിത്തന്നെ സ്ഥാനംപിടിച്ചു. പുറമ്പോക്കിലൊരു ക്ഷേത്രം കെട്ടിപ്പൊക്കാനുള്ള ആരുടെയോ കുത്സിതശ്രമത്തിന്‍റെ ഭാഗമായാണ് ആ പ്രതിമ അവിടെ പ്രത്യക്ഷപ്പെട്ടതെന്നുള്ള നിഗമനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നു. ആ ശ്രമം തടയണമെന്നും ഞങ്ങള്‍ തീരുമാനിച്ചു.
അന്നു രാത്രി എട്ടുമണിക്ക്, ശിവന്‍ കടയടയ്ക്കുന്ന നേരത്ത് ഞാനവിടെ ചെന്നു. ഞങ്ങളിരുവരും ഒരു സൈക്കിളില്‍ പ്രതിമയെ ലക്ഷ്യമാക്കി, അതിരിക്കുന്ന റോഡിലൂടെ പ്രയാണമാരംഭിച്ചു. ഞാന്‍ സൈക്കിളിന്‍റെ പുറകിലെ കാരിയറിലാണ് ഇരുന്നിരുന്നത്. പ്രതിമയിരിക്കുന്ന സ്ഥലം ഒരുവിധം വിജനമാണ്. മാത്രമല്ലാ, അതിനെ പേടിച്ച്, ആളുകള്‍ രാത്രിയിലതുവഴി പോകുന്നതും ഒഴിവാക്കിയിരുന്നു.
മൂത്രമൊഴിക്കാനാണെന്ന വ്യാജേന ഞങ്ങള്‍ സൈക്കിള്‍നിറുത്തി, പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ഇരുട്ടില്‍ മറ്റേതെങ്കിലും കണ്ണുകള്‍ തിളങ്ങുന്നുണ്ടാവാമല്ലോ. ആരുമില്ലാ. ഞാന്‍ പതിയെപോയി ആ പ്രതിമയെ പൊക്കിക്കൊണ്ടുവന്നു. അതിനെ മടിയില്‍വെച്ച് ശിവന്‍റെ സൈക്കിളിന്‍റെ കാരിയറില്‍ ഞാനിരുന്നു. സൈക്കിള്‍ കല്ലുത്തിക്കുളം ലക്ഷ്യമാക്കി പായാന്‍തുടങ്ങി.
ഞങ്ങള്‍ രണ്ടുപേരുടേയും നെഞ്ചുകള്‍ പടപടാ മിടിക്കുന്നുണ്ട്‌. ആരെങ്കിലുംകണ്ടാല്‍ അതുമതിയല്ലോ വിപ്ലവങ്ങള്‍ ഉണ്ടാവാന്‍. പ്രതിമയില്‍നിന്ന് മടിയിലേക്ക്‌ ചൂട് പ്രവഹിക്കുന്നതുപോലെയുള്ള ഒരു പ്രതീതി. ഭയംകൊണ്ടായിരിക്കണം... കുണ്ടുംകുഴിയുമുള്ള വഴിയിലൂടെ പായുന്ന സൈക്കിളില്‍നിന്നു തെറിച്ചുവീഴാതിരിക്കുവാന്‍, ഒരു കൈകൊണ്ട് ഏകദേശം ആറേഴുകിലോയോളം ഭാരമുള്ള ആ പ്രതിമയെയും മറുകൈകൊണ്ട് സീറ്റിനെയും മുറുക്കെപിടിച്ചുകൊണ്ട് ഞാനിരുന്നു.
കുഴപ്പങ്ങളൊന്നുംകൂടാതെ കല്ലുത്തിക്കുളമെന്ന ലക്ഷ്യസ്ഥാനത്ത് ഞങ്ങളെത്തി. കൈതക്കാടുകള്‍ അതിരിട്ട സാമാന്യംവലിയ ആ കുളം, ഭീകരമായ മൗനംപാലിച്ചുകൊണ്ട് ഞങ്ങളെ ഉറ്റുനോക്കി. വെള്ളത്തെ മൂടിക്കിടക്കുന്ന ആഫ്രിക്കന്‍പായലുകള്‍ക്കിടയിലവിടവിടെ മത്സ്യങ്ങള്‍ കുസൃതികാണിച്ചുണ്ടാക്കിയ സുഷിരങ്ങള്‍ കുളത്തിന്‍റെ കണ്ണുകള്‍പോലെ തോന്നിപ്പിച്ചു.
ഒന്നുകൂടി പരിസരവീക്ഷണം നടത്തിയശേഷം കുളത്തിന്‍റെ ഒത്തനടുഭാഗം ലക്ഷ്യമാക്കി ഞങ്ങള്‍ ആ പ്രതിമ വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ആ വലിയശബ്ദംകേട്ട് മരങ്ങളില്‍ ചേക്കേറിയിരുന്ന കിളികള്‍ കലമ്പിപ്പറന്നു. അടുത്തുള്ള വേങ്ങമരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കാറുള്ള അസംഖ്യം വവ്വാലുകളും എങ്ങോട്ടെന്നില്ലാതെ പറന്നുകാണണം. കുളത്തിനോടുചേര്‍ന്നുള്ള വീടുകാക്കുന്ന ശ്വാവ് ഉച്ചത്തില്‍ കുരയ്ക്കാന്‍തുടങ്ങി. അതേറ്റുപിടിച്ച്, പല രാഗങ്ങളിലും പരിസരപ്രദേശത്തെ ശുനകസേനാനികള്‍ ഓരിയിടാന്‍തുടങ്ങിയ മുഹൂര്‍ത്തത്തെ സാക്ഷിയാക്കി ഞങ്ങള്‍ സൈക്കിളില്‍കയറി പറക്കാന്‍തുടങ്ങി.
വഴിവിളക്കുകളില്ലാത്ത ആ പഞ്ചായത്തുറോഡിലെ കരിങ്കല്‍ച്ചീളുകള്‍ രണ്ടുവശത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു. ഒരു വളവുകഴിഞ്ഞതോടെ പുറകില്‍നിന്നാരോ സൈക്കിളിനെ പിടിച്ചുവലിക്കുന്നതുപോലെ!.. ഞാന്‍ പരമാവധിവേഗത്തില്‍ ചവിട്ടിയിട്ടും സൈക്കിളിന്‍റെ മുന്നോട്ടുള്ള ആക്കം കുറഞ്ഞുകുറഞ്ഞുവരുന്നു. ദൈവമേ.. ദേവി പണിതന്നുവോ?..
കുറ്റാക്കൂരിരുട്ടില്‍ സൈക്കിള്‍നിന്നു. എന്നാല്‍, പുറകിലിരുന്ന ശിവന്‍ ഇറങ്ങാതെ കാരിയറില്‍തന്നെയിരുന്നു. ധൈര്യംകൊണ്ടായിരിക്കാം.. സൈക്കിളിന്‍യും അവന്‍റെയും ഭാരങ്ങള്‍ എന്‍റെ കാലുകള്‍ക്ക് താങ്ങാന്‍വയ്യാതായപ്പോള്‍ സൈക്കിളിന്, ഒരുവശത്തേക്കു ചരിഞ്ഞുവീഴുകയല്ലാതെ നിര്‍വ്വാഹമൊന്നുമുണ്ടായില്ല. ഒപ്പം അവനും. കുത്തിക്കുലുങ്ങിയുള്ള യാത്രയില്‍, സൈക്കിളിന്‍റെ ചങ്ങലതെറ്റിയതായിരുന്നു സംഭവം. ചുമ്മാ ഞങ്ങളെ പേടിപ്പിക്കാനായിട്ട്.. ഹും.. ചങ്ങല നേരെയാക്കാന്‍ ഇരുട്ടില്‍നടത്തിയ ശ്രമങ്ങളൊക്കെ വിഫലമായി. പെട്രോള്‍തീര്‍ന്ന്, വിജനമായ ഹൈവേയില്‍ പാതിരാത്രി നിന്നുപോകുന്ന വണ്ടികളിലെ യാത്രക്കാര്‍ക്കുണ്ടാവുന്ന മനോവ്യഥയായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്കും. സൈക്കിള്‍ തള്ളി, വിയര്‍ത്തുകുളിച്ച്, ഞങ്ങള്‍നടന്നു. അപ്പോഴേക്കും പ്രകൃതി ശാന്തസ്വഭാവം വീണ്ടെടുത്തിരുന്നു. "നോ മോര്‍ കുരകള്‍.." സമാധാനം.
അത്താഴംകഴിഞ്ഞ് കിടക്കാന്‍നേരം, പതിവുപ്രാര്‍ത്ഥനകള്‍ക്കുപുറമേ, ദേവീകോപമെങ്ങാനുമിനിയുണ്ടായാലോ എന്ന സന്ദേഹത്തില്‍, ഒന്നുരണ്ട് എക്സ്ട്രാ പ്രാര്‍ത്ഥനകളും ഉരുവിട്ടു. ദുരാത്മാക്കളെ പറപറപ്പിക്കുന്നജാതി പാട്രിയറ്റ് മിസൈലുകള്‍..
പിറ്റേദിവസംമുതല്‍ ദേവി അപ്രത്യക്ഷമായതായിരുന്നു ചായക്കടകളിലും ഓട്ടോറിക്ഷാസ്റ്റാന്റിലും വേറെപണിയില്ലാത്തവരിരുന്നു ബഡായിപറയുന്ന ആല്‍ത്തറകളിലേയും ഫ്ലാഷ്ന്യൂസ്. എല്ലാംകേട്ട്, ഞാനും ശിവനും പരസ്പരംനോക്കി ഗൂഢമായി ചിരിച്ചു.
പൊടിപ്പുംതൊങ്ങലുംകൂട്ടി ആളുകള്‍ ഈ സംഭവത്തെയും അതിന്‍റെ വരുംവരായ്കകളെയുംകുറിച്ചൊക്കെ കൂലംകഷമായി ചര്‍ച്ചചെയ്യുന്നതു കേള്‍ക്കുമ്പോള്‍ എന്തൊരു സുഖാനുഭൂതിയായിരുന്നെന്നോ ഞങ്ങളിരുവരും അനുഭവിച്ചിരുന്നത്‌. അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തി, സീന്‍ പരമാവധി ശക്തമാക്കാനായി ഞങ്ങളും സഹായിച്ചു. ആരുമില്ലാത്ത നേരത്ത് ഇതൊക്കെപ്പറഞ്ഞ് ചിരിച്ചുചിരിച്ച് ഞങ്ങളുടെ ഊപ്പാടുവന്നു.
രണ്ടേരണ്ടു ദിവസം.. സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു...
റിട്ടേണ്‍ ടിക്കെറ്റെടുത്ത് പോയിവന്നതുപോലെ നമ്മുടെ ദേവിയതാ, പഴയ സ്പോട്ടില്‍തന്നെ ഒരു പൂമാലയുമണിഞ്ഞ് സുസ്മേരവദനയായി ഉപവിഷ്ഠയായിരിക്കുന്നു. ഞങ്ങള്‍പോയി നോക്കി. ദേവിക്കു കുടചൂടുന്ന സര്‍പ്പം ഞങ്ങളെനോക്കി കോപത്തോടെ ഫണമിളക്കുന്നതായി ഒരു തോന്നല്‍. ദേവിയുടെ തിരിച്ചുവരവ് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളേയും ആശയക്കുഴപ്പത്തിലാക്കി. ആളുകള്‍ പതിന്മടങ്ങ്‌ ഭക്ത്യാദരങ്ങളോടെ ദേവിയെ സമീപിക്കാന്‍തുടങ്ങി. അതിനിടെ ആരോ സന്ധ്യാനേരങ്ങളില്‍ ദേവീസമക്ഷം ചെരാതും തെളിയ്ക്കാന്‍തുടങ്ങി.
ഞങ്ങളുടെ സായന്തനചര്‍ച്ചകളില്‍ വീണ്ടും നാഗദേവി നിറഞ്ഞുനിന്നു.
ഇതിങ്ങനെവിട്ടാല്‍ പറ്റില്ല. ഒടുവില്‍, വീണ്ടുമൊരു ഓപ്പറേഷനു ഞങ്ങള്‍ തയ്യാറായി. ഇപ്രാവശ്യം, ദേവീജിയെ ഏകദേശം ആറേഴുകിലോമീറ്റര്‍ ദൂരത്തുള്ള പരല്‍ക്കുളത്തില്‍ത്തന്നെ നിമജ്ജനംചെയ്യുവാന്‍ തീരുമാനിച്ചു. ആദ്യതവണ ഉണ്ടായപോലുള്ള വിഘ്നങ്ങളൊന്നും ഉണ്ടായില്ലാ. കൃത്യം നിറവേറ്റിയതിനുശേഷം അടുത്തുകണ്ട ചായക്കടയില്‍നിന്ന് ഇറച്ചിയും പൊറോട്ടയും കടുപ്പത്തിലൊരു ചായയും കഴിച്ച് ഞങ്ങള്‍മടങ്ങി.
പിന്നീടൊരിക്കലും ദേവി മടങ്ങിവന്നില്ല. മനസ്സിലെന്തോനിനച്ച്, എവിടെയോനിന്നോ ദേവിപ്രതിമകള്‍ വാങ്ങിവന്ന ആ പാവത്തിന്‍റെ സ്റ്റോക്ക് അതോടെ തീര്‍ന്നുകാണും. കാശും.. ദേവിയുടെ ശാപം ലഭിച്ചിരിക്കില്ലായെങ്കിലും, കാശുപോയ, അജ്ഞാതനായ ആ മനുഷ്യന്‍റെ പ്രാക്ക് ഉറപ്പായും ഞങ്ങള്‍ക്കു കിട്ടിയിരിക്കും.
തുടരും...
- ജോയ് ഗുരുവായൂര്‍

വ്യത്യസ്തത വേണം

വ്യത്യസ്തത വേണം...
അവന്‍ മനസ്സിലുറപ്പിച്ചു
വെള്ളക്കടലാസെടുത്തു വിരിച്ചു.
ചുമ്മാ വീട് പോലൊരെണ്ണം വരച്ച്,
അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന
പഴഞ്ചന്‍ പരിപാടി പാടില്ലാ..
വ്യത്യസ്തത വേണം..
ഒറ്റമുറിയുള്ള ഒരു ചെറിയവീട്..
അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ...
അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം.
അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ.
ഞാനും എന്‍റെ ലാപ്ടോപ്പും,
ഹോം പേജില്‍,
"ലൈക്" അടിച്ചുതകര്‍ക്കുന്ന
പ്രിയ ചങ്കുകളും.
മുറ്റത്തൊരു തുളസിത്തറ...
ഛെ.. ഛെ... ഓള്‍ഡ്‌ ഫേഷന്‍..
ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി..
കൊള്ളാം....
അയല്‍പക്കത്തിന്‍റെ
കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍
ഉയരമുള്ള മതിലുകള്‍ മസ്റ്റ്‌...
ചെറിയൊരു അടുക്കളയാവട്ടേ...
നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?..
വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി
ഒരു ലുക്കിനായിട്ട്,
പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?..
ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ.
ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍..
മതി..മതീ.. വെരി സിമ്പിള്‍....
പുത്തിവേണം പുത്തി..
ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ..
ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...
മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശോ!!..
ആയിരത്തില്‍പ്പരം ലൈക്കോ?!
ഹ ഹ എനിക്കുവയ്യാ.. പെര്‍ഫെക്റ്റ്....
അതാ പറഞ്ഞേ..
വ്യത്യസ്തമായി ചിന്തിക്കണം
അവിടെയാണ് നമ്മുടെ വിജയം.
- ജോയ് ഗുരുവായൂര്‍