Tuesday, October 31, 2017

അവധൂതന്‍ (കഥ)

മാനന്തവാടിബസ്സില്‍ കയറി അല്പസമയത്തിനുള്ളില്‍ത്തന്നെ രാത്രിമുഴുവനും ഉറങ്ങാതിരുന്നതിന്‍റെ ക്ഷീണം ഡെയ്സിയെ നിദ്രയിലേക്ക് വീഴ്ത്തി. നീണ്ട യാത്രയ്ക്കൊടുവില്‍ ബസ്സിറങ്ങുമ്പോള്‍ അവള്‍ തീരുമാനിച്ചു. ഒന്നു കുമ്പസാരിക്കണം. ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരംതേടി, മരണാനന്തരം സ്വര്‍ഗ്ഗരാജ്യത്തിനവകാശവാദമുന്നയിക്കാനൊന്നുമല്ല.. തിളച്ചുമറിയുന്ന മനസ്സിനൊരു സാന്ത്വനം ലഭിക്കാന്‍...
"പള്ളിയിലേക്ക് പോണം" ഓട്ടോറിക്ഷക്കാരനോട് പറഞ്ഞു.
"മേഡം.. മാര്‍ത്തോമ്മ പള്ളിയാണോ അതോ ആര്‍.സി ?.. "
"ആര്‍. സി "
ഗ്രോട്ടോയുടെമുന്നില്‍ മുട്ടുകുത്തി അല്പനേരം പ്രാര്‍ത്ഥിച്ചു. മാസാദ്യവ്യാഴാഴ്ച്ചയായതിനാല്‍ കുമ്പസാരിക്കാന്‍ ഒരുപാട് 'പാപികള്‍' എത്തിച്ചേര്‍ന്നിട്ടുണ്ട്. വരികളിലൊന്നില്‍ കയറിനിന്നു. അഞ്ചുമണികഴിഞ്ഞിരിക്കുന്നു. അധികംവൈകാതെ മരിയാഹോമിലെത്തിയില്ലെങ്കില്‍ അതിന്‍റെ ഗേറ്റ് അടയും. എങ്കിലും കുമ്പസാരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു.
"ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ.." കുമ്പസാരക്കൂടിനുമുന്നില്‍മുട്ടുകുത്തി, അവള്‍ വൈദികനെ അഭിവാദ്യംചെയ്തു.
"ങേ.. ഡെയ്സിയല്ലേയിത്?!.. കുറച്ചുനേരമവിടെ പുറത്ത് വെയിറ്റ് ചെയ്യൂ... ഞാന്‍ തോമസാ.. തൊമ്മി.. വരാം.." കുമ്പസാരക്കൂട്ടില്‍നിന്നുകേട്ട പ്രതിവചനം അവളെ അത്ഭുതപ്പെടുത്തി. തൊമ്മിയോ?!.. തന്‍റെ സഹപാഠിയും അയല്ക്കാരനുമായിരുന്ന ആ കൊത്രാംകൊള്ളിയോ?!..
"പക്ഷേ, എനിക്ക് നേരമില്ലല്ലോ.. പെട്ടെന്നുതന്നെ ഒരിടംവരെ പോണം... "
"സാരമില്ല ഡെയ്സി... അവിടെ നിക്കൂ.. ഞാനുടനേവരാം.." ഫാദര്‍ മുരണ്ടു.
തന്നെയെപ്പോഴും ഉപദ്രവിക്കലായിരുന്നു കുട്ടിക്കാലത്തെ അവന്‍റെ ഹോബി. ഒരിക്കലവന്‍ തന്‍റെ ഉടുപ്പില്‍ മഷികുടഞ്ഞ്‌ ഓടിരക്ഷപ്പെടുമ്പോള്‍ കൈയിരുന്ന മൂത്ത മൂവാണ്ടന്‍മാങ്ങകൊണ്ട്‌ എറിഞ്ഞ് അവന്‍റെ പുറംകലക്കിയവളാണ് താന്‍. തൊമ്മിയുടെ പണ്ടത്തെയോരോ കുസൃതികള്‍ ഓര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരിവിടര്‍ന്നു.
"ഹലോ.. എന്താടോ ആലോചിച്ചിരിക്കുന്നേ.. ഈവഴിക്കൊക്കെയിറങ്ങാന്‍?!... "ചിരിച്ചുകൊണ്ട് വിടര്‍ന്നകണ്ണുകളോടെ ഫാദര്‍ തോമസ്‌ ഇളവൂരാന്‍ നില്ക്കുന്നു. ആ തേജസ്സ് കണ്ട് അവളറിയാതെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി.
"ഞാന്‍.. എന്‍റെ മോള്‍.. ഇവിടെ.. മരിയാഹോമില്‍.... "
"വരൂ....." മുഴുമിപ്പിക്കുനതിനുമുന്‍പേ ഫാദര്‍ അദ്ദേഹത്തിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി നടപ്പുതുടങ്ങി. ഒന്നുംമിണ്ടാതെ അവള്‍ അനുഗമിച്ചു.
"ചാക്കോച്ചീ.. രണ്ടു കിടിലന്‍ കാപ്പി കൊണ്ടുവരൂ.. ഒന്നില്‍ പാലുവേണ്ടാ.. " കുശിനിക്കാരനോട് കാപ്പിക്കുപറയുമ്പോള്‍ ഫാദര്‍ തോമസ്‌, ഡെയ്സിയുടെ മുഖത്തുനോക്കി മന്ദഹസിച്ചു.
പാലൊഴിച്ച കാപ്പി തനിക്കിഷ്ടമില്ലായിരുന്നെന്നുവരെ ഇപ്പോഴും തൊമ്മി ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഗൃഹാതുരതയില്‍ പൊതിഞ്ഞൊരു സുരക്ഷിതബോധം... ഒരൊറ്റനോട്ടത്തില്‍ തന്നെയവന്‍ തിരിച്ചറിഞ്ഞതുതന്നെ എത്രയോ അത്ഭുതകരം!.
"എന്തോ വിഷമം തന്നെ പിടിച്ചുലയ്ക്കുന്നുണ്ടല്ലോ?.. കുമ്പസാരം ആവാം. ആദ്യം കാപ്പി കുടിയ്ക്കൂ.."
"അച്ചോ.. സത്യംപറഞ്ഞാല്‍ ഞാന്‍... "
"എടോ ഞാനൊരു പുരോഹിതനാണെങ്കിലും നീയെന്നെ തൊമ്മിയെന്നുതന്നേ വിളിച്ചോളൂ... നമ്മള്‍ത്തമ്മിലെന്തിനാ ഒരു ഔപചാരികത?..
"രണ്ടുമൂന്നുമാസങ്ങള്‍ക്കുമുന്‍പ്, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ ഒരേയൊരു മോള്‍, വീട്ടില്‍ ഒറ്റയ്ക്കായിരുന്നസമയത്ത് ക്രൂരമായി പീഡിക്കപ്പെട്ടു. രക്തത്തില്‍കുളിച്ച്, ബോധരഹിതയായി കിടന്ന ഡാലിയമോളുടെ ജീവന്‍രക്ഷിക്കാനായെങ്കിലും അവളുടെ മാനസികനില ഇപ്പോഴും തകരാറിലാണ്. പോലീസ്, വീട്ടില്‍ പണിക്കുവന്നിരുന്ന ബംഗാളിപ്പയ്യനെ അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തപ്പോള്‍ അവന്‍ കുറ്റസമ്മതം നടത്തുകയുംചെയ്തു"
"ഹോ.. കഷ്ടമായിപ്പോയല്ലോ... എന്നിട്ട് നീയെന്താ ഒറ്റയ്ക്ക്?.. നിന്‍റെ കെട്ട്യോന്‍ വന്നില്ലേ കൂടെ?"
"ഇല്ലാ.. കഴിഞ്ഞ ഒരുവര്‍ഷമായി ഒരുദിവസംപോലും മദ്യപിക്കാതിരിക്കാന്‍ ജസ്റ്റിന് സാധിച്ചിട്ടില്ല. എന്നും വഴക്കും, തല്ലും, വയ്യാവേലികളും.. പപ്പയെ കാണുന്നതുതന്നെ ഡാലിയമോള്‍ക്ക്‌ ഭയമാണ്. .
"ങ്ങും.. എന്നിട്ട്?.. "
"ഏതാനും ദിവസങ്ങള്‍ക്കുമുന്‍പുവന്ന, കേസിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയത് അവളുടെ പപ്പയുടെ നേര്‍ക്കായിരുന്നു. സ്വന്തം പിതാവുതന്നെയായിരുന്നു അവള്‍ക്ക് ഈ ദുരന്തം വരുത്തിവച്ചതെന്ന അറിവ് വല്ലാത്തൊരു ഷോക്കായിരുന്നു തന്നത്. ബംഗാളിപ്പയ്യന് പണംനല്കി കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നു. കുടിച്ചുവെളിവില്ലാത്ത സ്വന്തം പപ്പയുടെ പീഡനങ്ങളെക്കുറിച്ച് എന്നോടുപറയാന്‍ അവള്‍ ഭയന്നിരുന്നിരിക്കണം..." അവള്‍ മുഖംപൊത്തി വിതുമ്പി.
"ഡെയ്സി.. ഹേയ്.. കരയല്ലേ.. പ്ലീസ്..." ഫാദര്‍ തോമസ് അവളെ ആശ്വസിപ്പിച്ചു.
"ജാമ്യത്തിലിറങ്ങിയ ദിവസംതന്നെ ഞാനയാളെ കൊല്ലും. അയാളിനി ജീവിച്ചിരിക്കാന്‍പാടില്ലായെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനുമുന്‍പ് എന്‍റെ മോളെ അവസാനമായി ഒന്നുകാണണം. എന്നെയവള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലായെങ്കിലും.."
"ഡെയ്സി, നീ പദ്ധതിയിടുന്ന ഈ വലിയ പാതകത്തിന്, ഒരമ്മയുടെ കണ്ണില്‍, ന്യായീകരണങ്ങള്‍ ഉണ്ടാവാം. എങ്കിലും മറ്റൊരാളുടെ ജീവനെടുക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ലാ. അയാള്‍ കുറ്റംസമ്മതിച്ച സ്ഥിതിക്ക് ഇനി കോടതിയത് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളും. ഇതിന്‍റെ പേരില്‍ നിന്‍റെ ജീവിതംകൂടി നശിപ്പിച്ചാല്‍, ആ പാവംകുട്ടിയോട് നീ ചെയ്യുന്ന ഏറ്റവുംവലിയ ഒരു ക്രൂരതയായിരിക്കുമത്. ജസ്റ്റിനെ കൊന്നിട്ട് എന്താണ് നിനക്ക് ലഭിക്കുവാന്‍പോകുന്നത്? നതിംഗ്.. അമ്മയില്ലാത്ത ഒരു കുഞ്ഞിനെകൂടി സമൂഹത്തിനു സമ്മാനിക്കാനേ അതുപകരിക്കൂ... നിന്‍റെ മകള്‍ കഴിയുന്ന മരിയാഹോം ഈ ചര്‍ച്ചിന്‍റെ കീഴിലുള്ള ഒരു സ്ഥാപനമാണ്‌. വരൂ.. നമുക്കവിടെ പോകാം.."
അവധൂതന്‍റെ ജീപ്പില്‍, മരിയാഹോം ലക്ഷ്യമാക്കി യാത്രചെയ്യുമ്പോള്‍, ഏതോ ഒരു ദിവ്യശക്തിയുടെ വലയത്തിലായിരിക്കുന്നതുപോലെ അവളുടെ മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ പെയ്യാന്‍തുടങ്ങിയിരുന്നു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment