Tuesday, October 31, 2017

ഫ്ലാറ്റിലെ പ്രേതത്തെ ഒഴിപ്പിച്ച കഥ

മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്’ലി പ്രവിശ്യയിലെ താക്കുര്‍ളി എന്ന സ്ഥലം. കൂടുതലായും തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട് പ്രദേശങ്ങളില്‍നിന്നുള്ള മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിയുംവെടിപ്പുമുള്ള ഒരു കൊച്ചുപട്ടണം. താക്കുര്‍ളിയിലെ ഔദ്യോഗികഭാഷ മലയാളവും ഔദ്യോഗികവസ്ത്രം ലുങ്കിയുമാണെന്ന്‍, മലയാളികള്‍ ഫലിതരൂപേണ പറയാറുണ്ട്‌. 2000 – 2012 കാലയളവില്‍ ഞാനും എന്‍റെ കുടുംബവും ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
മുംബൈനഗരത്തെ അപേക്ഷിച്ച്, ജീവിതച്ചിലവുകളും വീട്ടുവാടകയും കുറവായതിനാല്‍ ഒരുപാട് മലയാളി ‘ബാച്ച്ലര്‍മാരും’ താക്കുര്‍ളിയെ ആവാസകേന്ദ്രമാക്കിയിരുന്നു. അവരിലൊട്ടുമിക്കവരുമായുമെനിക്ക് നല്ല സൗഹൃദവുമായിരുന്നു.
ഒരിക്കല്‍, കുറഞ്ഞവാടകയ്ക്കൊരു റൂം അന്വേഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി കണ്ണൂര്‍ക്കാരായ പ്രകാശും സൂരജും എന്നെ സമീപിച്ചു. എന്‍റെ അന്വേഷണത്തിനിടെ, ഒരു ബില്‍ഡിംഗിന്‍റെ ഗ്രൌണ്ട്ഫ്ലോറില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ടെന്നും കുറഞ്ഞവാടകയ്ക്ക് അത് ശരിയാക്കിത്തരാമെന്നും ഒരു മറാത്തിബ്രോക്കര്‍ അറിയിച്ചു. ഞങ്ങള്‍പ്പോയി അവിടം സന്ദര്‍ശിച്ചു. ഒരു ഹാളും കിച്ചനും ബാത്ത്റൂമും ഉള്‍പ്പെടുന്ന ആ ഫ്ലാറ്റ് അവര്‍രണ്ടുപേര്‍ക്കും ഇഷ്ടമായി. ഫ്ലാറ്റ് പരിരക്ഷിക്കുവാനായി ഫ്ലാറ്റുടമ ചുമതലപ്പെടുത്തിയിരുന്ന മറാത്തിക്കിളവന്‍ ഒരുവര്‍ഷത്തെ വാടക, അഡ്വാന്‍സ് ആയിത്തന്നേലഭിക്കണമെന്ന് കടുംപിടുത്തം. എന്‍റെ സമയോചിതമായ താത്കാലികസാമ്പത്തികസഹായവും കൂട്ടി, പറഞ്ഞതുക ഒപ്പിച്ചുകൊടുത്ത് അവര്‍ ഫ്ലാറ്റെടുത്തു.
ഫ്ലാറ്റിലവര്‍ താമസം തുടങ്ങിയത് ഒരു ഞായറാഴ്ച്ചയായിരുന്നു. പാലുകാച്ചലിന് എന്നെയും ക്ഷണിച്ചിരുന്നു. മുറിയുടെ ചുമരുകളില്‍ പല സ്പെസിഫിക്കേഷനിലുമുള്ള ഒരമ്പത് ദൈവങ്ങളുടെയെങ്കിലും ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നതില്‍, ഇടക്കലാശ്വാസത്തിന് തൊഴുതുപ്രാര്‍ത്ഥിക്കാനായി ഒന്നുരണ്ടു ഫോട്ടോകള്‍ മാത്രം അവശേഷിപ്പിച്ച് ബാക്കിയെല്ലാം അവര്‍ എടുത്തുകളഞ്ഞിരുന്നു. കൂടാതെ, ചാരവും ഭസ്മവും പൂജാദ്രവ്യങ്ങളുമൊക്കെ അടക്കംചെയ്ത് വാമൂടിക്കെട്ടിയ കുറേ ചെറിയ മണ്‍കുടങ്ങളും അവിടെയുണ്ടായിരുന്നു. മുറി വൃത്തിയാക്കുന്നകൂട്ടത്തില്‍ അവയില്‍ ഒന്നുരണ്ടെണ്ണം സിഗരറ്റ്ചാരം തട്ടാനുള്ള ആഷ്ട്രേ ആയി ഉപയോഗിക്കാനെടുത്തുവെച്ച് ബാക്കിവന്നവ അവര്‍ ഒന്നിനുപുറകേ മറ്റൊന്നായി പുറത്തെ പൊന്തക്കാട്ടിലുള്ള പാറക്കല്ലിലേക്ക് വലിച്ചെറിഞ്ഞുപൊട്ടിച്ച് രസിക്കുകയും ചെയ്തിരുന്നു.
പാലുകാച്ചല്‍മഹാമഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുനാല് മറ്റുസുഹൃത്തുക്കളും വന്നുചേര്‍ന്നു. പിന്നീട് രാത്രിയേറെ വൈകുന്നതുവരെ പാര്‍ട്ടിയായിരുന്നു. റെയില്‍വേ സ്റ്റേഷനടുത്തുതന്നെ താമസസൌകര്യം ലഭിച്ചതില്‍ വളരേ സന്തോഷവരായിരുന്നു അവര്‍. എന്നാല്‍, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ലാ. എറിഞ്ഞുപൊട്ടിച്ച മണ്‍കുടുക്കകളിലേതോ ഒരെണ്ണത്തില്‍നിന്നു റിലീസ് ആയ ഒരു സ്ത്രീപ്രേതം സജീവമായി അതിന്‍റെ വിക്രിയകള്‍ തുടങ്ങിയതോടെയായിരുന്നു അത്..
ആരെങ്കിലുമൊരാള്‍ മുറിയില്‍ ഒറ്റയ്ക്കുള്ള നേരത്താണ് ഏറെയും പ്രശ്നങ്ങള്‍. പ്രധാനവാതില്‍ അകത്തുനിന്നുപൂട്ടി കുളിമുറിയില്‍ കയറിയാല്‍ കുളിമുറിവാതിലില്‍ അത് കുലുങ്ങുംവിധമുള്ള ശക്തമായ മുട്ട് കേള്‍ക്കുന്നു; രാത്രി ലൈറ്റ് കെടുത്തി ഉറങ്ങാന്‍ കിടന്നാല്‍ മുഖത്തുകൂടി ഒരു സ്ത്രീയുടെ മുടിയിഴകള്‍ അങ്ങോട്ടുമിങ്ങോട്ടും ഇഴയുന്നു; ഇടയ്ക്കിടെ ദേഹത്ത് ആരോവന്ന്‍ കേറിക്കിടക്കുന്നതുപോലുള്ള ഭാരമനുഭവപ്പെടുന്നു; ചിലനേരങ്ങളില്‍ കുളിമുറിയിലാരോ വെള്ളംകോരിയൊഴിച്ച് കുളിക്കുന്നതുപോലുള്ള ശബ്ദം - ചെന്നുനോക്കുമ്പോള്‍ ശ്യൂന്യം; രാത്രിയുംപകലുമെന്ന് ഭേദമില്ലാതെ ഇടയ്ക്കിടെ പുറത്തുനിന്നോ ചിലപ്പോള്‍ അടുക്കളമുറിയില്‍നിന്നോ ഉയരുന്ന ചിലങ്കശബ്ദങ്ങള്‍. വീരശൂരപരാക്രമികളായിരുന്ന പയ്യന്‍സ് ആകെ അങ്കലാപ്പിലായെന്നല്ലേ പറയേണ്ടൂ.
ഒരു ദിവസം സന്ധ്യക്ക്‌ സൂരജ്, പുറത്തുള്ള പൊന്തക്കാടിന് സമീപം അലക്കിയ തുണികള്‍ അയയില്‍ വിരിക്കുന്നനേരത്ത് ആഭരണങ്ങളെല്ലാമണിഞ്ഞ്‌ നൃത്തവേഷഭൂഷിതയായ ഒരു സുന്ദരിയായ പെണ്‍കുട്ടി വീടിനുപുറകിലെ മതിലിടുക്കിനുമുന്നില്‍നിന്ന് തന്നെ നോക്കിമന്ദഹസിക്കുന്നതായി കണ്ടു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ മനോഹരമായി ചിരിച്ചുകൊണ്ട് ആ മതിലിടുക്കിലേക്ക് മറഞ്ഞുപോയി. ഒരു മോഹവലയത്തില്‍പ്പെട്ടെന്നതുപോലെ അവനുടനേ ഓടിച്ചെന്നുനോക്കുമ്പോള്‍ അവിടം ശ്യൂന്യം! ആ ഇടുക്കില്‍നിന്ന് പുറത്തേക്കുപോകാനുള്ള ഒരുവഴിയുമില്ലായിരുന്നു. അന്നേരമാണ് അത് പ്രേതമായിരുന്നിരിക്കാമെന്നുള്ള ചിന്തയുണ്ടായതും. ഒരിക്കല്‍ രാത്രിയില്‍ ഇരുവരും ലൈറ്റ്കെടുത്തി കിടന്നുറങ്ങവേ, പ്രകാശിന്‍റെ മുഖത്ത് മുടിയിഴകള്‍ ഇഴയാന്‍
തുടങ്ങി. പെട്ടെന്ന് കണ്ണുതുറന്നുനോക്കുമ്പോള്‍ സര്‍വ്വാംഗവിഭൂഷിതയായ ഒരു നര്‍ത്തകി ഒരു പ്രകാശവലയത്തില്‍നിന്നുകൊണ്ട് കോപാകുലയായി തന്നെ ഉറ്റുനോക്കുന്നത് കണ്ടവന്‍ അലറിവിളിച്ചു. സൂരജ് ഉടനെ എണീറ്റ്‌ ലൈറ്റ് തെളിയിച്ചെങ്കിലും ഒന്നും കാണാനായില്ല. രണ്ടുദിവസം പ്രകാശ് പനിപിടിച്ചുകിടന്നു. പിന്നീട് പകല്‍പോലും ആ റൂമില്‍ ഒറ്റയ്ക്ക് കഴിയാനുള്ള ധൈര്യം അവരില്‍നിന്നും ചോര്‍ന്നുപ്പോയി. നേരത്തേയെത്തുന്നയാള്‍ അപരന്‍ ജോലികഴിഞ്ഞുവരുന്നതുവരെ റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കും.
ഈ വാര്‍ത്തകളെല്ലാം കേട്ടപ്പോള്‍ ഒരു മോഹം. ഒരുരാത്രി അവരുടെ കൂടെക്കഴിഞ്ഞ് ആ പ്രേതസാന്നിദ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള ജിജ്ഞാസ. ഒരു ശനിയാഴ്ച രാത്രി ഞാനവിടെ ചെന്നു. അവരേക്കൂടാതെ മറ്റൊരുസുഹൃത്തുകൂടി അവിടെയുണ്ടായിരുന്നു. നേരംപോകാനായി ഞങ്ങള്‍ ചീട്ടുകളിയില്‍ മുഴുകി. രാത്രി ഏകദേശമൊരു ഒന്നരയായിക്കാണും, പുറത്തെ പൊന്തക്കാടിനഭിമുഖമായുള്ള വാതില്‍പ്പുറത്തുനിന്നും ചിലങ്കകള്‍ കിലുങ്ങുന്ന ശബ്ദം ഉയരുന്നതുകേട്ട് അത്ഭുതപരതന്ത്രരായി എല്ലാവരും പരസ്പരംനോക്കി. ലൈറ്റ്കെടുത്തി, ഞങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു. അല്പനേരത്തിനുശേഷം മുന്‍പത്തേക്കാള്‍ ശക്തമായി ചിലങ്കനാദങ്ങള്‍ ഉയരാന്‍തുടങ്ങി. ചെറിയ ഇടവേളകളില്‍ അതാവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ മൂവരുടേയും മുഖങ്ങള്‍ ഭയംകൊണ്ട് വലിഞ്ഞുമുറുകുന്നതായി ഞാന്‍കണ്ടു. മറ്റുള്ളവരെന്നെ തടയുംമുന്‍പേ ഞൊടിയിടയില്‍ ചാടിയെഴുന്നേറ്റ് ഞാന്‍ ആ വാതില്‍തുറന്നു പുറത്തിറങ്ങിനോക്കി. അയ്യോ ജോയ്ച്ചാ.. അരുതേയെന്നവര്‍ കൂവുന്നുണ്ടായിരുന്നു. എന്നാല്‍, ഞാനൊരു മണ്ണാങ്കട്ടയുമവിടെ കണ്ടില്ലാ.. പക്ഷേ, ചിലങ്കശബ്ദങ്ങള്‍ സുവ്യക്തമായി ഞാനും കേട്ടിരുന്നതാണ്. “എടോ പ്രേതവും ക്രീതവുമൊന്നുമില്ലാ.. അതൊക്കെ നിങ്ങളുടെ വെറും തോന്നലാണ്..” എന്നുള്ള എന്‍റെ ധൈര്യപ്പെടുത്തലുകളെ “ഇച്ചായന്‍റെ കഴുത്തില്‍ കൊന്തയും കുരിശുമുണ്ടായിരുന്നതുകൊണ്ടായിരിക്കും പ്രേതം അകന്നുപോയത്” എന്ന വാദഗതിയാല്‍ അവര്‍ നേരിട്ടു നിഷ്പ്രഭമാക്കി. എന്നാല്‍, ഈ കൊന്തയുംകുരിശും ഇവിടെത്തന്നെയിരിക്കട്ടേയെന്നു പറഞ്ഞ്, ഞാനത് അവര്‍ക്ക് ഊരിക്കൊടുത്തു.
അന്നത്തെ രാത്രി പിന്നെയൊരു ശല്യവും ആവര്‍ത്തിച്ചില്ലെങ്കിലും കൊന്തയേയും കുരിശിനെയുമൊന്നും മൈന്‍ഡ് ചെയ്യാതെ പിറ്റേദിവസംമുതല്‍ പൂര്‍വ്വാധികം ശക്തിയോടെ പെണ്ണുമ്പിള്ള വീണ്ടുമവര്‍ക്ക് പണികൊടുത്തുതുടങ്ങി. ആരോ പറഞ്ഞു, ഓജോബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുടെ സാന്നിദ്ധ്യവും അവരുടെ പേരും മനസ്സിലാക്കാന്‍ സാധിക്കും. ഒരു സന്ധ്യക്ക്‌ ഞങ്ങള്‍ ഒരു ഓജോബോര്‍ഡ് സംഘടിപ്പിച്ച് അതില്‍ ഒരു നാണയംവെച്ച് മെഴുകുതിരിവെട്ടത്തില്‍ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്‍ഡ്രോപ്പ് സൈലന്‍സ്. വാതിലുകളെല്ലാം അടച്ചിരുന്നു. ലൈറ്റും ഫാനും ഓഫ് ചെയ്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ മെഴുകുതിരിനാളം അസാധാരണമായരീതിയില്‍ ഉലയാന്‍തുടങ്ങി. ഞങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചുവന്നു. ഓജോബോര്‍ഡിലെ നാണയം ഇളകാന്‍തുടങ്ങുന്നുവോ.. പെട്ടെന്നാണ് അത് സംഭവിച്ചത്.. ടിംഗ് ടോംഗ്... കോളിംഗ്ബെല്‍ ശബ്ദിച്ചു. ഞെട്ടിപ്പോയി.. വാതില്‍തുറന്നുനോക്കിയപ്പോള്‍ സുഹൃത്തായ ഷിജിമോന്‍ ഇളിച്ചുകൊണ്ടുനില്ക്കുന്നു. അതോടെ ഓജോബോര്‍ഡ് നിര്‍ജ്ജീവമായി. മെഴുകുതിരിയും... പിന്നീട് കുറേതവണ ശ്രമിച്ചിട്ടും ആദ്യമുണ്ടായപോലൊരു റിസള്‍ട്ട് കിട്ടിയില്ല. ആ ഉദ്യമം അതോടെ ഉപേക്ഷിച്ചു.
അങ്ങനെയാണവര്‍ പശ്ചിമമുംബൈയിലെ വസായ് എന്ന സ്ഥലത്തുള്ള ഒരു മന്ത്രവാദിയെ കണ്‍സള്‍ട്ട് ചെയ്യുന്നത്. മന്ത്രവാദി ധ്യാനനിമഗ്നനായി അല്പനേരം ഇരുന്നതിനുശേഷം പറയാന്‍തുടങ്ങി.. പതിനെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സോളാപ്പൂര്‍ എന്ന സ്ഥലത്തുനിന്ന് ഒരു യുവാവും യുവതിയും ഒളിച്ചോടിവന്ന് ആ ഫ്ലാറ്റില്‍ താമസമാക്കിയിരുന്നു. ഒരു നര്‍ത്തകിയായിരുന്ന അവളെ പിന്നീട് അയാള്‍ പലര്‍ക്കും കാഴ്ച്ചവെച്ച് പണമുണ്ടാക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരുരാത്രി അവളെ കൊലചെയ്ത് പുറത്തുള്ള പൊന്തക്കാട്ടില്‍ ആരുമറിയാതെ മറവുചെയ്ത് അയാള്‍ രക്ഷപ്പെട്ടു. ആ ശവക്കൂനയ്ക്കുമുകളില്‍ ഒരു പുളിമരം വളര്‍ന്നുനില്ക്കുന്നുണ്ട്...
അയാള്‍ പറഞ്ഞത് ശരിയാണെന്ന് എന്നുറപ്പിക്കുംവിധം ഒരു പുളിമരം ആ പൊന്തക്കാട്ടില്‍ തലയുയര്‍ത്തിനില്ക്കുന്നത് അവരോര്‍ത്തു.
സാരമില്ലാ.. നമുക്ക് പരിഹാരമുണ്ടാക്കാം.. അവളുടെ ആത്മാവ് ഇപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. പുരുഷന്മാരെല്ലാം അവളുടെ ശത്രുക്കളാണ്. സൂക്ഷിക്കണം, പ്രതികാരദുര്‍ഗ്ഗയായ ആ ആത്മാവിനെ എത്രയുംപെട്ടെന്ന് തളച്ചില്ലെങ്കില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കാം. സ്വല്പം ചെലവുള്ള സംഗതിയാണ്. 2001 രൂപ ദക്ഷിണയായി വയ്ക്കൂ.. അവളെ ഞാന്‍ തളയ്ക്കാം. മൂന്നുദിവസംകഴിഞ്ഞുവന്നാല്‍ ഞാനൊരു മന്ത്രത്തകിട് തരും. കുളിച്ച് ദേഹശുദ്ധിവരുത്തിയശേഷം ഞാന്‍ എഴുതിത്തരുന്ന മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്, പരിപൂര്‍ണ്ണനഗ്നനായിപോയി, അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്‍പായിത്തന്നേ, ആ പുളിമരത്തില്‍ ബലമുള്ള ആണിയാല്‍ ഈ തകിട് തറച്ചുവെയ്ക്കുക. അതോടെ ആ ശല്യം തീരും....
മന്ത്രവാദി ആവശ്യപ്പെട്ടതുപോലെ രണ്ടുദിവസം കഴിഞ്ഞ് അവര്‍ചെന്ന് അയാളില്‍നിന്ന് മന്ത്രത്തകിടും ഉരുവിടാനുള്ള മന്ത്രക്കുറിപ്പും വാങ്ങിവന്നു. അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്പായി സംഗതി ഒപ്പിക്കണം. അല്ലെങ്കില്‍ വീണ്ടും 2001 മുടക്കേണ്ടിവന്നേക്കാം. മന്ത്രവാദി ഇടതടവില്ലാതെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഹോമം നടത്തിക്കൊണ്ടിരിക്കുകയായിരിക്കാം. ഹോമകുണ്ഡത്തില്‍ ഇട്ടുകത്തിക്കുന്ന നെയ്യും കര്‍പ്പൂരവും ചന്ദനവും ചിരട്ടയുമൊക്കെ ചുമ്മാ വേസ്റ്റ് ആവില്ലേ...
കഷ്ടകാലത്തിന്, അവരുടെ ഫ്ലാറ്റിന്‍റെ എതിരെയുള്ള ഫ്ലാറ്റിലെ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു അതിനുപിറ്റേന്ന് എന്നതിനാല്‍, രാത്രി പതിനൊന്നരയായിട്ടും ആളുകള്‍ മുറ്റത്ത് കസേരകളിലിരുന്ന് സൊറപറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ മുന്നില്‍ക്കൂടിവേണം പൂര്‍ണ്ണനഗ്നനായി പ്രകാശന് പുളിമരം ലക്ഷ്യമാക്കി പോകാന്‍. വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയി അവര്‍. ഈ കര്‍മ്മത്തിന് ദൃക്സാക്ഷിയാവാന്‍ അടിയനും സന്നിഹിതനായിരുന്നു. പന്ത്രണ്ടുമണിയാവാന്‍ ഏതാനും മിനിറ്റുകള്‍മാത്രം അവശേഷിക്കവേ എനിക്കൊരു സൂത്രം തോന്നി. ചുമ്മാ ഉലാത്തുന്നതുപോലെ ഞാന്‍ ബില്‍ഡിംഗിന്‍റെ ഗേറ്റുവരെ ചെന്ന്, പുറത്തെ ഓടയില്‍ എന്തോ കണ്ടപോലെ പെട്ടെന്ന് വിളിച്ചുകൂവി..
“അരേ.. ആജാവോ.. യെ ഗട്ടര്‍മെ ക്യാ ഹൈ ദേഖോ...”
മുറ്റത്തിരുന്നവരൊക്കെ ജിജ്ഞാസയോടെ പടിക്കലേക്ക്‌ ഓടിവന്നതക്കത്തില്‍ നമ്മുടെ വാനരന്‍ പിറന്നപടി തകിടുമായി ഓടിച്ചെന്ന് സംഗതി ഒപ്പിച്ചുവന്നു.
ഓടിവന്നവര്‍ അവിടെയൊന്നുംകാണാതെ എന്നോട് ക്ഷുഭിതരാവാന്‍തുടങ്ങി. ഞാന്‍ പറഞ്ഞു, മൂന്നുകൊമ്പും നിറയെ രോമങ്ങളുമുള്ള ഒരു അപൂര്‍വ്വജീവി ഈ ഗട്ടറിലൂടെ നടന്നുപോകുന്നത്‌ ഞാന്‍ കണ്ടതാ. കുറച്ച് മുന്നോട്ടുപോയി നോക്കിയാല്‍ ചിലപ്പോള്‍ കാണുമായിരിക്കാം. അതോടെ ചിലര്‍ ടോര്‍ച്ചും വടികളുമൊക്കെയായി അതിനുപുറകേപോയി. ആ തക്കത്തില്‍ ഞാന്‍ അവിടേനിന്നു വലിഞ്ഞു.
പിന്നീട് ആ മുറിയില്‍ യാതൊരുവിധ പ്രേതശല്യങ്ങളും ഉണ്ടായിട്ടില്ലായെന്ന് അവര്‍ പറയുന്നു.
ഇതില്‍നിന്ന്, നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സത്യത്തില്‍ പ്രേതം എന്നുള്ള പ്രതിഭാസം ഉണ്ടോ? മന്ത്രവാദികള്‍ക്ക് ആത്മാക്കളെ തളയ്ക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് നേരാണോ? മേല്പ്പറഞ്ഞ സംഭവങ്ങള്‍ വെറും തോന്നലുകളില്‍ നിന്നുണ്ടാവുന്ന മിഥ്യാനുഭവങ്ങള്‍ മാത്രമായിരുന്നു എന്ന് എങ്ങനെ പറയാന്‍ സാധിക്കും? ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും ആ സംഭവം ഓര്‍മ്മയില്‍ നിന്ന് മായാതെ കിടക്കുന്നു.
പ്രേതത്തെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന എനിക്ക്, ആകസ്മികമായി ഒരു ദുബായ് പ്രേതവുമായി ഉണ്ടായ 'എന്‍കൌണ്ടര്‍' ഉടന്‍ പ്രതീക്ഷിക്കുക.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment